Skip to content

പുനർജ്ജനി – Part 4

aksharathalukal pranaya novel

പിറ്റേന്ന് അന്ന നല്ല കുട്ടിയായി, പതിവിലും നേരത്തെ കോളേജിൽ എത്തി. ഫസ്റ്റ് അവർ രുദ്രനായിരുന്നു ക്ലാസ്സിലേക്ക് വന്നത്.

അന്ന അയാളെ തന്നെ നോക്കിയിരുന്നു.രുദ്രൻ അവളെ ശ്രെദ്ധിക്കാതെ ക്ലാസ്സെടുത്തു തുടങ്ങി. ഇടയ്ക്കെപ്പോഴോ അയാളുടെ നോട്ടം അവളുടെ നേരെ പാറി വീണു. അന്ന നോക്കി നോക്കി ഇരുന്ന അവസരം. മടിക്കാതെ അന്ന ആ നിമിഷം തന്നെ അയാളെ നോക്കി ഒരു കണ്ണിറുക്കി. ആ മുഖം ഒന്ന് ചുവന്നത് അന്ന കണ്ടു. ശബ്ദം മുറുകിയെങ്കിലും അന്ന പ്രതീക്ഷിച്ച പോലൊരു റിയാക്ഷൻ രുദ്രന്റെ ഭാഗത്തു നിന്നുണ്ടായില്ല.

പിന്നെ രുദ്രന്റെ നോട്ടം അറിയാതെ പോലും അന്നയുടെ നേർക്കെത്തിയില്ല. പക്ഷേ അവൾക്കുള്ള പണി വരുന്നേയുണ്ടായിരുന്നുള്ളൂ. അയാളെ തന്നെ നോക്കിയിരുന്ന ഏതോ നിമിഷത്തിലാണ് ആ ചോദ്യം അവൾ കേട്ടത്

“അന്ന, വാട്ട് ഈസ്‌ യുനിമോളിക്യുലാർ റിയാക്ഷൻ തിയറി..? ”

അന്നയുടെ സ്റ്റേഷൻ പോയ നിൽപ്പ് കണ്ടപ്പോഴേ ആരൊക്കെയോ ചിരിക്കാൻ തുടങ്ങി. പിന്നെ പൂരം തുടങ്ങുകയായി. രുദ്രതാണ്ഡവം നടന്നതൊന്നും അന്ന അറിഞ്ഞില്ല, അവൾ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

“അന്ന…. ”

ആ അലർച്ചയാണ് അവളെ മടക്കി കൊണ്ടു വന്നത്.

“എന്തിനാടോ താനൊക്കെ കെട്ടിയൊരുങ്ങി ഇങ്ങോട്ട് വരുന്നത്. ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്‌ ”

അത് മാത്രമേ അവൾ കേട്ടുള്ളൂ.

ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ആരും കാണാതെ അയാളെ നോക്കി ചുണ്ട് കൊണ്ടു ഉമ്മ എന്ന് ആക്ഷൻ കാണിച്ചു അന്ന പുറത്തേക്ക് നടന്നു. വാതിക്കൽ എത്തി ഒന്ന് തല ചെരിച്ചപ്പോൾ കണ്ടു ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന അവസ്ഥയിൽ നിൽക്കുന്ന രുദ്രൻ സാറിനെ.

ചെയ്തതിനൊക്കെ എന്തെങ്കിലും പ്രത്യാഘാതം പ്രതീക്ഷിച്ചു നിന്ന അന്നയ്ക് ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ, തന്നെ നോക്കാതെ, അടുത്ത് കൂടി പോയ രുദ്രനെ കണ്ടു നിരാശയാണ് തോന്നിയത്.

പിറകിൽ നിന്ന് സാർ, സാർ എന്ന വിളികേട്ട് തിരിഞ്ഞു നിന്ന രുദ്രൻ കണ്ടത് തന്റെ അടുത്തേക്ക് ഓടി കിതച്ചു വരുന്ന അന്നയെ ആയിരുന്നു.

“ഐ ലവ് യു, ഐ റിയലി ലവ് യൂ സാർ… ”

കിതച്ചുകൊണ്ടുള്ള അന്നയുടെ വാക്കുകൾ കേട്ടു ഒന്ന് പതറിയെങ്കിലും രുദ്രന്റെ മുഖത്ത് ഭാവമാറ്റം ഒന്നും ഉണ്ടായില്ല.

“നിന്റെ വിളച്ചിൽ ഒന്നും എന്റടുത്തു വേണ്ട കേട്ടോടി. നിനക്കെന്നെ അറിയില്ല ”

പല്ല് ഞെരിക്കുന്ന ശബ്ദം കേട്ടെങ്കിലും ഒരു കൈയകലത്തിന്റെ ധൈര്യത്തിൽ അന്ന വീണ്ടും പറഞ്ഞു.

“അറിയണം… ”

ഒരു പുഞ്ചിരിയോടെ കണ്ണിറുക്കി പറഞ്ഞു കൊണ്ടു അന്ന തിരിഞ്ഞു നടന്നു. പിറകിൽ നിന്നൊരു കൊടുംകാറ്റ് ഏതു നിമിഷവും അന്ന പ്രതീക്ഷിച്ചിരുന്നു. മാത്തുക്കുട്ടിച്ചായൻ പെട്ടിയ്ക്ക് ഓർഡർ കൊടുക്കേണ്ടി വരുമോ ആവോ.

കുറച്ചു നടന്നിട്ട് തിരിഞ്ഞു നോക്കിയ അന്ന കണ്ടത് ഡിപ്പാർട്മെന്റിലേക്ക് കയറി പോവുന്ന രുദ്രനെയാണ്. ചുമ്മാ മുകളിലൊട്ടൊന്നു നോക്കിയപ്പോഴാണ് ഫസ്റ്റ് ഫ്ലോറിന്റെ വരാന്തയിൽ അവളെ നോക്കി നിൽക്കുന്ന അമൃതയെ അന്ന കണ്ടത്. നാണത്തിൽ കുതിർത്ത ഒരു ചിരിയും ചുണ്ടിലൊട്ടിച്ചു അന്ന ക്ലാസ്സിലേക്ക് നടന്നു.

നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടും ആദ്യം ഒന്നും ആരും വിശ്വസിച്ചില്ല.

“കാര്യം എന്തൊക്കെയാലും അങ്ങേരോട് കേറി ഐ ലവ് യു പറയാൻ മാത്രം ധൈര്യം നിനക്ക് ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല അന്നമ്മോ ”

ഡെയ്സി പറഞ്ഞു.

“എന്തും വരട്ടെയെന്ന ധൈര്യത്തിലാണ് പറഞ്ഞതെങ്കിലും ചുറ്റും പിള്ളേരുണ്ടെന്നൊരു ആശ്വാസമുണ്ടായിരുന്നു ”

അന്ന പറഞ്ഞത് കേട്ടു ചിത്ര പറഞ്ഞു

“എന്നിട്ടാണല്ലോ അന്ന് നിന്റെ കവിളത്തു അങ്ങേര് പടക്കം പൊട്ടിച്ചത് ”

“നീ നോക്കിക്കോടി ഈ കവിളത്തു തന്നെ അങ്ങേരെ കൊണ്ടു ഞാൻ തഴുകിക്കും ”

“നിന്റെ സമയം അടുത്തൂന്നാണ് മോളെ എനിക്ക് തോന്നുന്നത്. അങ്ങേര് നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കും ”

ചിത്ര പറഞ്ഞു.

ക്ലാസ്സിൽ ഇരിക്കുമ്പോഴും അന്നയുടെ കണ്ണുകൾ ജനലഴികൾക്കിടയിലൂടെ പുറത്തേക്കായിരുന്നു. അവരുടെ ക്ലാസ്സിന്റെ നേരെ എതിർവശത്തായാണ് കെമിസ്ട്രി ഡിപ്പാർട്മെന്റ്.രുദ്രൻ പുറത്തേക്കിറങ്ങുന്നതും ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു വരുന്നതുമെല്ലാം അവൾ നോക്കികൊണ്ടിരുന്നു.

ടെസ്സി മിസ്സിന്റെ അസൈൻമെന്റ് സബ്മിറ്റ് ചെയ്യാനായാണ് അന്ന ഡിപ്പാർട്മെന്റിൽ ചെന്നത്. അകത്തേക്ക് കയറിയപ്പോഴേ അന്ന കണ്ടു അവളെ കണ്ടിട്ടും കാണാത്ത പോലെ പുസ്തകത്തിലേക്ക് തല താഴ്ത്തിയിരിക്കുന്ന രുദ്രനെ.

അന്നയുടെ കൈയിൽ നിന്ന് അസൈൻമെന്റ് വാങ്ങി വെച്ചു കൊണ്ടു ടെസ്സി മിസ്സ്‌ രുദ്രനെ നോക്കി പറഞ്ഞു.

“എന്തൊക്കെ കുരുത്തക്കേടുകൾ കാണിച്ചാലും അക്കാഡമിക് കാര്യങ്ങളിൽ അന്ന പെർഫെക്ട് ആണ് കേട്ടോ ”

മറുപടിയായി, രുദ്രൻ മിസ്സിനെ നോക്കി ഒന്ന് ചിരിച്ചെങ്കിലും, അന്നയ്ക്ക് കിട്ടിയത് കത്തുന്ന ഒരു നോട്ടമായിരുന്നു..

തിരികെ ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിലാണ് എതിരെ വരുന്ന ആദിലക്ഷ്മിയെ അന്ന കണ്ടത്. നേർത്ത ഒരു പുഞ്ചിരിയോടെ ആദിലക്ഷ്മി അന്നയെ കടന്നു പോകവേ അന്ന അവളെ വിളിച്ചു.

“ആദിലക്ഷ്മി ഒന്ന് നിന്നേ… ”

എന്താണെന്ന ഭാവത്തിൽ അന്നയെ നോക്കിയ ആദിയോടായി അവൾ പറഞ്ഞു.

“ഇയാളുടെ ചേട്ടനെ എനിക്ക് തന്നേക്കാവോ ”

പകച്ചു നിൽക്കുന്ന ആദിയെ നോക്കി ഒന്ന് ചിരിച്ചിട്ട് അന്ന നടന്നകന്നു. അന്നയെ തന്നെ നോക്കി നിന്ന ആദിലക്ഷ്മിയിലും പതിയെ ഒരു പുഞ്ചിരി വിടർന്നു.

ഉച്ചയ്ക്ക് ശേഷം ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല അവർക്ക്. ചിത്ര ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ ഒരു ചേട്ടനു വേണ്ടി വല വിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഡെയ്സിയെയും പിടിച്ചു വലിച്ചു അവനെ വായ്‌നോക്കാൻ പോയിരിക്കുകയാണ് ചിത്ര.
അന്നയും വിദ്യയും കൂടി കാന്റീനിലേക്ക് നടന്നു.

ഉള്ളിലേക്ക് കയറിയപ്പോഴേ അന്ന കണ്ടു ഒരു കോർണറിലായി ഇരിക്കുന്ന രുദ്രനെ. വിദ്യ തടഞ്ഞിട്ടും നിൽക്കാതെ അവൾ രുദ്രനരികിലേക്ക് നടന്നു.
മൊബൈലിൽ നോക്കി കൊണ്ടിരുന്ന രുദ്രൻ തല ഉയർത്തിയപ്പോഴാണ് അടുത്തിരുന്ന ആളെ കണ്ടത്. ഭാവം മാറിയെങ്കിലും ഒന്നും മിണ്ടാതെ ടേബിളിൽ ഇരിക്കുന്ന ജ്യൂസ്‌ എടുത്തു ഒന്ന് സിപ്പ് ചെയ്തു താഴെ വെച്ച് രുദ്രൻ വീണ്ടും മൊബൈലിലേക്ക് തന്നെ നോക്കിയിരുന്നു. അവൻ എന്തെങ്കിലും പറയുമെന്ന് കരുതിയ അന്നയ്ക് ക്ഷമ കെട്ടു. പിന്നെ ഒന്നും നോക്കിയില്ല ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന ജ്യൂസ് എടുത്തു അവൾ ഒറ്റ വലിയ്ക്കങ്ങു കുടിച്ചു.

ആ നീക്കം ഒട്ടും പ്രതീക്ഷിക്കാതെയിരുന്ന രുദ്രൻ ഒന്ന് ഞെട്ടി. പണി കിട്ടും എന്ന് അന്നയ്ക്ക് ഉറപ്പായ നിമിഷത്തിലാണ് അമൃത അവരുടെ അരികിലേക്ക് വന്നത്. അവിടെ നടന്നതെല്ലാം കണ്ടതിന്റെ ഞെട്ടൽ അവളുടെ മുഖത്തും ഉണ്ടായിരുന്നു. അന്നയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി രുദ്രൻ എണീറ്റ് പോയി. ഫ്യൂസ് ആയി നിൽക്കുന്ന അമൃതയെ നോക്കി കണ്ണിറുക്കി ചിരിച്ചു അന്ന വിദ്യയുടെ അടുത്തെത്തി.

കണ്ടതെല്ലാം വിശ്വസിക്കാനാവാതെ നിൽക്കുന്ന വിദ്യയുടെ അടുത്തെത്തി അന്ന പറഞ്ഞു.

“വായ അടച്ചു വെക്കെടി, ഈച്ച കയറും ”

“അന്നാ നീയിതെന്തു ഭാവിച്ചാ. നീ എന്താ ഒന്നും ആലോചിക്കാതെ അയാളുടെ പിറകെ ഇങ്ങനെ? നീ ഇങ്ങനെ
ഒന്നുമായിരുന്നില്ലല്ലോ ”

വിദ്യയുടെ ചോദ്യത്തിന് മറുപടിയായി അന്ന ആദ്യം ഒന്ന് പുഞ്ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു.

“അറിയില്ല വിദ്യ,നീ പറഞ്ഞത് സത്യമാണ്, എന്റെ ഈ മാറ്റങ്ങൾ എനിക്കും ഒട്ടും ഇഷ്ടപ്പെടാത്തത് തന്നെയാണ്. പക്ഷേ അയാളെ കാണുമ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനാവുന്നില്ല. ഒന്നുറപ്പാണ് അന്നയ്ക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് രുദ്രദേവിന് ഒപ്പമായിരിക്കും”

“അന്ന നീ അയാളെ കണ്ടിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ ”

“പക്ഷേ അയാൾ ജന്മാന്തരങ്ങളായി എന്റെ കൂടെ ഉണ്ടായിരുന്നു… ”

ഒരു കുസൃതിച്ചിരിയോടെ അന്ന തുടർന്നു.

“ഇനി അയാളായിരുന്നിരിക്കുമോ കഴിഞ്ഞ ജന്മത്തിൽ എന്റെ കെട്ട്യോൻ. പാവത്തിന് ഈ ജന്മത്തിലും കുരിശ് ചുമക്കാനാണ്
വിധി. ”

അവളെ ദേഷ്യത്തോടെ നോക്കി, മുഖം വീർപ്പിച്ചു നടക്കുന്ന വിദ്യയ്ക്ക് പിന്നാലെ നടക്കുമ്പോൾ എന്തു കൊണ്ടോ അന്നയുടെ കണ്ണുകൾ നനഞ്ഞിരുന്നു.

ലാസ്റ്റ് അവർ ലൈബ്രറിയിൽ ആയിരുന്നു അവരെല്ലാം. ബെല്ലടിച്ചപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോഴാണ് സ്റ്റെപ് കയറി വരുന്ന രുദ്രനെ അന്ന കണ്ടത്. ഒരു കുസൃതി ചിരിയോടെ രുദ്രനടുത്തു കൂടി പോയ അന്നയെ അയാൾ മുന്നിലേക്ക് വലിച്ചു നിർത്തി.

“എന്താടി നിന്റെ ഉദ്ദേശം, എന്തിനാ നീ എന്റെ പുറകെ കൂടിയിരിക്കുന്നത്, പ്രതികാരം ചെയ്യാനോ ”

ദേഷ്യം മാത്രം തെളിഞ്ഞു നിൽക്കുന്ന ആ കണ്ണുകളിലേക്ക് നോക്കിയാണ് അന്ന പറഞ്ഞത്.

“ഇഷ്ടം കൊണ്ടാണെങ്കിലോ ”

ഒരു പുച്ഛചിരി രുദ്രന്റെ മുഖത്ത് തെളിഞ്ഞു.

“ഇഷ്ടം.. അത് നീ പറഞ്ഞല്ലോ. ഇനി അതിനുള്ള ഉത്തരം ഞാൻ പറയാം. നീ എന്തൊക്കെ ചെയ്താലും നിന്നെ ഈ ജന്മം ഞാൻ ഇഷ്ടപ്പെടാൻ പോവുന്നില്ല. നിന്നെ പോലൊരു പെണ്ണിനെ എനിക്ക് എന്റേതായി സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഞാനിഷ്ടപ്പെടുന്ന യാതൊന്നും നിന്റെ രൂപത്തിലോ സ്വഭാവത്തിലോ ഇല്ല. ഇനി മേലാൽ ഇഷ്ടവും പറഞ്ഞു എന്റെ പിറകെ വരരുത്. വന്നാൽ… ”

രുദ്രൻ പറഞ്ഞത് പൂർത്തിയാക്കാതെ ലൈബ്രറിയിലേക്ക് കയറി പോയി.ആ വാക്കുകൾ അന്നയുടെ മനസ്സിലേക്ക് തറച്ചു കയറി കണ്ണുനീർത്തുള്ളികളായി പുറത്തേക്ക് വന്നു. നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു കൊണ്ടു അന്ന താഴേക്കിറങ്ങി.

വീട്ടിൽ എത്തിയപ്പോഴും അന്ന മൂഡ് ഓഫ്‌ ആയിരുന്നു.റൂമിലേക്ക് കയറുമ്പോൾ ആൽബി ബാൽക്കണിയിൽ ഫോണുമായി നിൽക്കുന്നത് കണ്ടെങ്കിലും അന്ന അവന്റെ അടുത്തേക്ക് പോയില്ല. മിന്നു മോളുടെ ബർത്ഡേ പാർട്ടിയ്ക്ക് പോവാൻ ത്രേസ്യാമ്മ വിളിച്ചിട്ടും അന്ന ഡ്രസ്സ്‌ ഒന്നും മാറ്റാതെ ഇരുന്നതേയുള്ളു.

മാത്തുകുട്ടിയുടെ ചേട്ടനാണ് ഡേവിഡ്. തറവാട്ടിൽ ആണ് താമസം. ഡേവിഡിന്റെ മകന്റെ മകളാണ് മിന്നു മോൾ.

രണ്ടാം വട്ടം ത്രേസ്യാമ്മ കണ്ണുരുട്ടിയപ്പോൾ വേറെ വഴിയില്ലെന്ന് കണ്ടു അന്ന ഡ്രസ്സ്‌ മാറാൻ പോയി. തലവേദനയുടെ സ്റ്റോക്ക് ഒക്കെ തീർന്നതാണ്. ഇനി അത് പറയാൻ പറ്റില്ല. മനസില്ലാ മനസ്സോടെ ജീൻസും ടോപ്പും കൈയിൽ എടുത്തു നിൽക്കുമ്പോഴാണ് ത്രേസ്യാമ്മ അവളെ വിളിക്കാൻ വന്നത്.

“എന്നതാ കൊച്ചേ നീ ഈ എടുത്തു പിടിച്ചേക്കണത്. ഈ കോലത്തിൽ നീ വരണ്ടാ.വല്ല ചുരിദാറും ഇട്ടോണ്ട് വാ കൊച്ചേ. ചുമ്മാ മനുഷ്യേനെ പറയിപ്പിക്കാനായിട്ട് ”

പിറുപിറുത്തു കൊണ്ടു ത്രേസ്യാമ്മ പുറത്തേക്ക് പോയതും അന്ന ഡോർ വലിച്ചടച്ചു.

“ചുമ്മാതല്ലപ്പോ പ്രദർശിപ്പിക്കാനാണ്…”

ദേഷ്യത്തോടെ സ്വയം പറഞ്ഞു കൊണ്ടു അന്ന ഡ്രസ്സ്‌ മാറാൻ തുടങ്ങി.

ആൽബിയായിരുന്നു ഡ്രൈവ് ചെയ്തത്. പുറകിലത്തെ സീറ്റിൽ ത്രേസ്യാമ്മയുടെ അടുത്ത് പുറത്തെ കാഴ്ചകളിൽ കണ്ണു നട്ടു അന്ന ഇരുന്നു. ഡേവിഡ് അങ്കിളിന്റെ വീടിനടുത്തായുള്ള, വലിയ പടിപ്പുരയുള്ള തറവാട്ടു വീട്ടിലേക്ക് അന്ന അന്നും കൗതുകത്തോടെ നോക്കി. അവിടെ ആരും താമസമില്ലന്നു ഡേവിഡ് അങ്കിളിന്റെ മകൾ ജെസ്സി ചേച്ചി പറഞ്ഞിട്ടുണ്ടെങ്കിലും ഒരു തവണയെങ്കിലും അവിടെയൊന്നു പോവണമെന്ന് അന്ന എപ്പോഴും ആഗ്രഹിക്കാറുള്ളതാണ്.

അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായുള്ള പാർട്ടി ആണ്. അത് കൊണ്ടു ഒരുപാട് ആളുകൾ ഒന്നുമില്ലായിരുന്നു.

തന്നെ അടിമുടി വീക്ഷിക്കുന്ന അമ്മച്ചിമാരുടെയും ആന്റിമാരുടെയും നിരീക്ഷണവലയത്തിൽ നിന്ന് പുറത്തു കടന്നപ്പോഴാണ് അന്ന കണ്ടത്. ആൾ അവൾക്കു പുറം തിരിഞ്ഞാണ് നിന്നിരുന്നെങ്കിലും അന്നയ്ക്ക് ഉറപ്പായിരുന്നു.

മെല്ലെ അടുത്തേക്ക് ചെന്നപ്പോൾ അവൾ കേട്ടു പതിഞ്ഞ ശബ്ദത്തിലുള്ള ആ ചിരി.

രുദ്രൻ…..

(തുടരും)

 

Click Here to read full parts of the novel

3.9/5 - (18 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!