Skip to content

ഹൃദയസഖി – Part 7

ആദി ആരുഷി - ഹൃദയസഖി

ആരുഷി ആദിയെ തള്ളി മാറ്റി,.. ആദി അവളെ വിടാൻ കൂട്ടാക്കിയില്ല,..

“വിട് ആദി,.. പ്ലീസ് ”

“ഇല്ല ആരുഷി,.. നീയെന്റെയാ !”

“കൈയെടുക്ക് ആദി,.. കയ്യെടുക്കാൻ !” ആരുഷിയുടെ ശബ്ദം അൽപ്പം ഉയർന്നു,.. ആളുകളുടെ ശ്രദ്ധ അവരിലേക്കായി,. ഒന്നുരണ്ടാളുകൾ അവർക്കരികിലേക്ക് വന്നു. പ്രശ്നം വഷളാകുമെന്നുറപ്പായപ്പോൾ ആദി അവളുടെ മേലുള്ള പിടി അയച്ചു,..

“എന്താ പെങ്ങളേ പ്രശ്നം ?”

“ഒന്നൂല്ല,.. ” ആദി പറഞ്ഞു,..

“അത് നീയല്ല, ഇവൾ പറയട്ടെ,.. ” ആദിയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു,
പ്രശ്നം കൈവിട്ടുപോകുമെന്ന് അവൾക്കുറപ്പായി,.

ആദിക്ക് അവന്റെ കണ്ട്രോൾ നഷ്ടപ്പെടുമെന്ന് ആരുഷിക്ക് തോന്നിപ്പോയ നിമിഷം അവളവന്റെ കൈകൾ മുറുകെ പിടിച്ചു,.. എന്നിട്ട് ചുറ്റും കൂടിയവരോടായിപ്പറഞ്ഞു,.

“സോറി,.. ആദി എന്റെ ബോയ്ഫ്രണ്ട് ആണ്,. ചെറിയൊരു വാക്കുതർക്കം ഉണ്ടായി അത്രേ ഉള്ളൂ,. വേറെ പ്രശ്നം ഒന്നുമില്ല !” ആദിക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല,..

“ഇതോണ്ടൊക്കെയാ ആരും പ്രതികരിക്കാത്തത്,. ചോദിച്ചു ചെല്ലുമ്പോഴാവും പറയുക ഹസ്ബൻഡ് ആണ്,. ലവർ ആണ്, ബ്രദർ ആണ് എന്നൊക്കെ ,. എന്തിനാ വെറുതെ നമ്മൾ നാണം കെടും !” അതും പറഞ്ഞവർ നടന്നകന്നു !

അയാൾ പറഞ്ഞതെത്ര ശരിയാണ്,. താനെന്തോ തെറ്റ് ചെയ്തെന്നവൾക്ക് തോന്നി,. പ്രതികരിക്കുന്നവരെയും,. രക്ഷകരായി എത്തുന്നവരെയും അപമാനിക്കുമ്പോൾ,. വീണ്ടും അതുപോലൊരു സന്ദർഭം വരുമ്പോൾ ശബ്ദമുയർത്താൻ ധൈര്യപ്പെടില്ല,.. ആരതിക്ക് വേണ്ടി പ്രതികരിച്ചതവൾ ഓർത്തുപോയി,. ഇന്ന് ആദി തന്റെ മുൻപിൽ വന്ന് ഇത്ര ധൈര്യത്തിൽ നിൽക്കാൻ പോലും കാരണം അതാണ്,.

ആദിയും തെറ്റാണ് ചെയ്തത്,. എന്തവകാശത്തിന്റെ പേരിലാണ് അവൻ തന്നെ സ്പർശിച്ചത്, തന്നെ കിസ്സ് ചെയ്തത്. അവനെ ഒന്നെതിർക്കാൻ പോലും തനിക്കാവാതെ പോയത് എന്ത്‌കൊണ്ടാണ്,. ആദിയ്ക്ക് മുൻപിൽ താനിങ്ങനെ ദുർബലയായി പോകുന്നത് എന്ത് കൊണ്ടാണ്,… ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉയർന്നു,.

“ആരുഷി,… ഡൂ യൂ ലവ് മി ?” ആദി വീണ്ടും ചോദിച്ചു,…

“ഇല്ല ആദി,… ” അവളുടെ വാക്കുകൾ ഇടറി,..

“നിനക്ക് കള്ളം പറയാൻ ഒട്ടും അറിയില്ല ആരുഷി,… ”

“ശരിയാ എനിക്കറിയില്ല . പക്ഷേ നിനക്ക് നന്നായി അഭിനയിക്കാനും കള്ളം പറയാനുമെല്ലാം അറിയാലോ !” ആരുഷി പൊട്ടിത്തെറിച്ചു,..

“എന്താ ആരുഷി നീയീ പറേണത് ?”

“നിനക്കൊന്നും അറിയില്ലേ ആദി?”

അവൻ നിസഹായനായി അവളെ നോക്കി “നമ്മൾ തമ്മിലുള്ള പ്രശ്നത്തിലേക്ക് എന്തിനാ ആരതിയെക്കൂടി വലിച്ചിഴക്കുന്നത് ? ”

“എനിക്കൊന്നും മനസിലാവുന്നില്ല !”

“നിനക്കൊന്നും മനസിലാവില്ല,. പ്രായം കൊണ്ട് അവളെന്റെ മൂത്തതാ,. പക്ഷേ അവൾക്ക് നിന്റെ കള്ളത്തരങ്ങളൊന്നും മനസിലാവില്ല ആദി,.. ”

“എന്താ ആരുഷി നീയീ പറയണേ ??”

“നീയെന്തിനാ ആരതിയോട് അടുപ്പം കാട്ടണത് ? ”

ആദി ചിരിച്ചു,..

“ഓ അതാണോ പ്രശ്നം ? സത്യം പറഞ്ഞാൽ നിനക്കത് ഇഷ്ടപ്പെടുന്നില്ല അല്ലേ ?”

“ഐ ആം സീരിയസ്,. ”

“ഓക്കേ,. എന്നാൽ ഞാനും സീരിയസ്, പറഞ്ഞോ,.. ” ആദി ഗൗരവം നടിച്ചു നിന്നു,.. ആരുഷിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു,..

“വെറുതെ അവൾക്കെന്തിനാ പ്രതീക്ഷകൾ കൊടുക്കുന്നത് ?” ആദി മനസിലാവാത്തത് പോലെ അവളെ നോക്കി,..

“നീയെന്താ പറഞ്ഞേ ?? ആരതിക്ക് ഞാൻ പ്രതീക്ഷകൾ കൊടുത്തെന്നോ ? എന്നവൾ നിന്നോട് പറഞ്ഞോ ?!”

“ഇല്ല,.. ബട്ട്‌ ഐ കാൻ അണ്ടർസ്റ്റാൻഡ്,. അവളുടെ മുഖം ഒന്ന് മാറിയാൽ എനിക്കത് മനസിലാവും !”

“ആരുഷി,. ബട്ട്‌ നിന്റെ ഈ ധാരണ മാത്രം തെറ്റിപ്പോയി,. അവളെ ഞാനെന്റെ സ്വന്തം സഹോദരിയുടെ സ്ഥാനത്താ കണ്ടത്,. അവളെ അന്ന് വീട്ടിൽ കൊണ്ട് വിട്ടത് പോലും ആ അടുപ്പം വെച്ചിട്ടാ,. അവൾ നിന്റെ സിസ്റ്റർ ആയത്കൊണ്ടാ,. അന്നും ഇന്നും എന്റെ മനസ്സിൽ നീ മാത്രേ ഉള്ളൂ ആരുഷി,.. ”

ആദിയെ തന്നിൽ നിന്നും അകറ്റേണ്ടത് ഇപ്പോൾ തന്റെ മാത്രം ആവശ്യമാണ്, വേറെ വഴിയില്ല,.

“നിനക്കെന്നെ ഇപ്പോഴും വിശ്വാസം ഇല്ലല്ലേ ?എല്ലാം നിന്റെ തെറ്റിദ്ധാരണയാ,. അവളോടെന്നല് നിന്നോടല്ലാതെ മറ്റൊരു പെണ്ണിനോടും എന്റെ മനസ്സിൽ ഇന്നേവരെ പ്രണയം തോന്നിയിട്ടില്ല !”

ആദിയുടെ കണ്ണുകളിൽ കാണുന്ന പ്രണയം സത്യമാണ്,. എന്നാൽ ആരതി,.. അവളും ആദിയെ സ്നേഹിക്കുന്നുണ്ട്,. അവളെ വേദനിപ്പിച്ചുകൊണ്ട് തനിക്ക് ആദിയെ സ്വീകരിക്കാനാവില്ല,..

“നീയെന്താ ആലോചിക്കണത് ? ”

“എനിക്ക് നിന്നെ സ്വീകരിക്കാൻ ആവില്ല ആദി,. എനിക്ക് വേറെ അഫെയർ ഉണ്ട്‌ !”

“ഇതാ ആരുഷി നിനക്ക് കള്ളം പറയാനറിയില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞത് ? ശരി നിനക്ക് വേറെ റിലേഷൻഷിപ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കാം,. പക്ഷേ ആൾ ആരാണെന്ന് ഇപ്പോൾ പറയണം !”

അവസാനത്തെ ആയുധമാണ് വേറെ രക്ഷയില്ല,…

“അത് അനൂപ് !” ആദിയുടെ മുഖം മങ്ങി,. ആരുഷിക്ക് അൽപ്പം സമാധാനമായി,. ഏറ്റു,.

“ഡൂ യൂ ലവ് ഹിം ??”

“ഹാ,.. ”

“ഇത് അവനറിയാമോ ?”

ആരുഷി ഒന്നും മിണ്ടിയില്ല

“പറയ് അറിയാമോ ?”

“അത് പിന്നെ,… ” ആദിയുടെ മുഖം പതിയെ പ്രകാശപൂരിതമായി,. ആരുഷിക്ക് എവിടെയോ പാളിയിട്ടുണ്ടെന്ന് ഉറപ്പായി,. ആദി ഇത്ര കൂൾ ആയി നിൽക്കണമെങ്കിൽ,.

“സ്ക്രിപ്റ്റ് ഒക്കെ ഓക്കേ ആയിരുന്നു മോളെ, ബട്ട്‌ ചെറിയൊരു അശ്രദ്ധ,.. ” ആരുഷി മനസിലാവാത്തത് പോലെ അവനെ നോക്കി,..

“നിനക്ക് ഓർമശക്തി തീരെ കുറവാട്ടോ ! ഇന്നലെ നിന്നോട് പൊയ്ക്കോളാൻ പറഞ്ഞിട്ട് അനൂപ് എന്റടുത്തു സംസാരിച്ചത് ഓർമ്മയുണ്ടോ ?”

ഇതിലും വല്ല്യ അബദ്ധമൊന്നും തനിക്കിനി വരാനില്ല,. ടെൻഷൻ കാരണം അതും മറന്നു പോയി,. അനൂപ് എന്താവും ആദിയോട് പറഞ്ഞിട്ടുണ്ടാവുക ?

“പൊതുവേ പുരുഷന്മാരോട് വെറുപ്പുള്ള ആരുഷി മാധവിന്റെ ഏക ആൺസുഹൃത്ത്,. എൽ. കെ. ജി തൊട്ട് ഒരുമിച്ച് പഠിച്ചു,. ആ സൗഹൃദം ഇപ്പോഴും തുടർന്നു പോകുന്നു, സൗഹൃദത്തിന്റെ യഥാർത്ഥ ആഴം എന്തെന്നറിയാൻ അനൂപിന് നിന്നോടുള്ള സ്നേഹം നോക്കിയാൽ മതി,. അടുത്ത സുഹൃത്തിനോട് പോലും പ്രണയത്തിലായിപോകുമോ എന്ന് പേടിയുള്ള ഇന്നത്തെ കാലത്ത് പ്രണയത്തിനപ്പുറം ഒരാണിനും പെണ്ണിനും അടുത്ത സുഹൃത്തുക്കൾ മാത്രമായി ഇരിക്കാൻ കഴിയുമെന്ന് തെളിയിച്ച അനൂപിനോടുള്ള ഫ്രണ്ട്ഷിപ്പിനെ പ്രണയമെന്നു പറഞ്ഞു നീ വിലകുറച്ചുകാണരുത്.. . അവൻ എല്ലാം എന്നോട് പറഞ്ഞതാ,. അവൻ പോലും ആഗ്രഹിക്കുന്നത് നമ്മൾ ഒന്നാവണമെന്നാ,. നിനക്കെന്നെ സ്വീകരിക്കാൻ പറ്റില്ലെങ്കിൽ അത് പറയുക അല്ലാതെ,.. ”

ആരുഷിയുടെ മിഴികൾ നിറഞ്ഞൊഴുകി,. ആദി അവളുടെ ചുമലിൽ കൈ വെച്ചു,..

“നിന്റെ കണ്ണീര് കാണാൻ പറഞ്ഞതല്ല ആരുഷി,. നിന്നിൽ നിന്നും സ്നേഹം പിടിച്ചു വാങ്ങണമെന്നും ഇല്ല,. പക്ഷേ ആരുഷി നിന്റെ കാര്യത്തിൽ ഞാൻ വല്ലാതെ സ്വാർത്ഥനായി പോകുന്നു,. നീ ഇഷ്ടാണെന്നോ അല്ലെന്നോ ഒന്നും പറയണ്ട,. ഞാൻ എല്ലാം വീട്ടിൽ തുറന്നു പറഞ്ഞു,. ഇനിയുള്ള കാര്യങ്ങൾ വീട്ടുകാർ തീരുമാനിച്ചോട്ടെ,.. ”

ആരുഷി ഞെട്ടിപ്പോയി,. ആദി കാണിച്ചത് എടുത്തുചാട്ടമായിപ്പോയി,. ഒരുപക്ഷേ തനിക്ക് ആദിയെ കിട്ടിയേക്കും എന്നാൽ ആരതി,..

“ഓക്കേ,. ഇനി വെച്ചുതാമസിപ്പിക്കുന്നില്ല,. നാളെ ഞാനെന്റെ അച്ഛനെയും അമ്മയെയും കൂട്ടി നിന്റെ വീട്ടിലേക്ക് വരും,. യെസ് ആണെങ്കിലും നോ ആണെങ്കിലും നീ അവിടെ പറഞ്ഞാൽ മതി,.”

ഒരു യാത്ര പോലും പറയാതെ ആദി ഇറങ്ങി നടന്നു,. എന്ത് ചെയ്യണമെന്നറിയാതെ സിമെന്റ് ബെഞ്ചിൽ ആരുഷി ഇരുന്നു,. ആൾക്കൂട്ടത്തിൽ തനിയെ !
******

“ഞാനെന്താ ചെയ്യാ അനൂപ് ? എനിക്കൊന്നും അറിയില്ല !”

“ആരതിക്ക് ആദിയെ ഇഷ്ടാണെന്നുള്ള കാര്യത്തിൽ എന്തുറപ്പാ ഉള്ളത് ? നിന്റെ ഒരൂഹം മാത്രമാകും അത് ! ”

“ഊഹമല്ല അനൂപ്,. എനിക്കുറപ്പാ,. ഞാൻ കണ്ടതാ എല്ലാം,. ”

“എന്ത് കണ്ടൂന്നാ ?”

അന്ന് രാത്രി,. ആദിയുടെ ഗിറ്റാറിനെച്ചൊല്ലി വഴക്കുണ്ടായ ശേഷം,..

“ആദി എന്നെ വെറുത്തിട്ടും,. ആട്ടിപ്പായിച്ചിട്ടും ഞാൻ നിന്റെ പേര് പറഞ്ഞില്ലല്ലോ,. പിന്നെ നിനക്കെന്താ കുഴപ്പം ?

ജിൻസന്റെ ചോദ്യത്തിന് മുൻപിൽ ആരതി ദേഷ്യം കൊണ്ട് വിറച്ചു,.

“എന്തിനാ ഇത്ര റിസ്ക് എടുത്ത് നിന്നെക്കൊണ്ട് ഞാനീ കാര്യം ചെയ്യിപ്പിച്ചത് ? അവരെ തമ്മിൽ അകറ്റാനല്ലേ ? ആദിയേട്ടന് അവളോട്‌ വെറുപ്പ് തോന്നാൻ അല്ലേ ? എന്നിട്ട് എന്താ ഉണ്ടായേ ? കൂടുതൽ അടുത്തതല്ലാതെ അകന്നോ,… നീയെല്ലാം നശിപ്പിച്ചില്ലേ ?” അവൻ മറുപടി ഇല്ലതെ നിന്നു,.

“ജിൻസണെ കൊണ്ട് ആദിയുടെ ഗിറ്റാർ നശിപ്പിച്ചത് ആരതിയാണെന്നുള്ള സത്യം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു, എന്നാൽ ഞാനാണ് അതിന് കരണമെന്നറിഞ്ഞപ്പോൾ അനൂപ്,.. ഞാനെങ്ങനെയാ ആദിയുടെ സ്നേഹം സ്വീകരിക്കുക ?”

ഏറെ നേരത്തെ മൗനത്തിന് ശേഷം അനൂപ് ചോദിച്ചു,.

“പ്രേമിച്ച പുരുഷനെ സ്വന്തമാക്കാൻ നിന്നെപ്പോലും നശിപ്പിക്കാൻ ശ്രമിക്കുന്ന നിന്റെ സഹോദരിക്ക് വേണ്ടിയാണോ നീ ആദിയെ വിട്ടുകൊടുക്കാൻ തയ്യാറാകുന്നത് ?”
ആരുഷിയുടെ മിഴികൾ നിറഞ്ഞു,.

“ആദിയെ എനിക്ക് കുറച്ചു കാലത്തെ പരിചയം മാത്രേ ഉള്ളൂ അനൂപ്,. കുറച്ചു കാലം കാണാതിരുന്നാൽ അവസാനിക്കുന്ന ബന്ധം,. പക്ഷേ ആരതി എനിക്ക് അങ്ങനെയല്ല,. അവളെന്റെ ചോരയല്ലേ ?”

“ശരി,. അങ്ങനെ അവസാനിക്കുന്ന ബന്ധമാണെങ്കിൽ, നീ വീണ്ടും അവനെ കാണില്ലെന്ന് ഉറപ്പുണ്ടോ ?”

“ഞാനൊരിക്കലും അവരുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലില്ല ! ” ആരുഷിയുടെ ശബ്ദം കടുത്തതായിരുന്നു,.

“ഇതെല്ലാം ഓക്കേ, നീ വിട്ടു കൊടുത്താലും അവൻ അവളെ സ്വീകരിക്കുമെന്ന് എന്തുറപ്പാ ഉള്ളത്,നിന്നോടവൻ പറഞ്ഞതല്ലേ അവളെ പെങ്ങളെപ്പോലെയാ കാണുന്നതെന്ന്,. ?”

ആരുഷി ധർമ്മസങ്കടത്തിൽ അനൂപിനെ നോക്കി,.

“നീ കുറച്ചു കൂടെ പ്രാക്ടിക്കൽ ആയി ചിന്തിക്കണം ആരുഷി,. നിന്നെ മറന്നു ആരതിയെ ആദി സ്വീകരിക്കണമെന്നില്ല,. അഥവാ സ്വീകരിച്ചാലും സന്തോഷകരമായ ഒരു ജീവിതം അവൾക്ക് കിട്ടുമെന്ന് ഉറപ്പുണ്ടോ ? നിന്നെ നഷ്ടപ്പെട്ടതിന്റെ ദേഷ്യമെല്ലാം അവനവളോട് കാട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട,.. അങ്ങനെ നിന്റെ ഓർമ്മകൾ അവരുടെ ജീവിതത്തിൽ വില്ലൻ ആവില്ലാന്നുണ്ടോ ?നീ ആലോചിച്ചു തീരുമാനിക്ക്,.. ” ആരുഷി നിസ്സഹായയായി നിന്നു,..

*********

ആരുഷി ക്ലോക്കിലേക്ക് നോക്കി,. ആദിയും കുടുംബവും എത്താനുള്ള സമയം ആയി,.

അനൂപ് പറഞ്ഞതെല്ലാം ശരിയാണ്,. താൻ വിട്ട് കൊടുത്താലും ആരതിയെ ആദി സ്വീകരിക്കില്ല എന്നത് നൂറു ശതമാനം ഉറപ്പാണ്,. താനെന്ത് ചെയ്യും,..

ഈ തീരുമാനം ശരിയാണോ എന്നറിയില്ല ഒരു പക്ഷേ ആരതി വേദനിക്കുമായിരിക്കും,. തന്നെ വെറുക്കുമായിരിക്കും എന്നാൽ ദുഃഖത്തിന്റെ പടുകുഴിയിലേക്ക് അവളെ തള്ളിയിടാൻ വയ്യ,. ഇങ്ങനൊരവസ്ഥയിൽ എല്ലാം തരണം ചെയ്തേ പറ്റുള്ളൂ,.

“എന്നാലും മോളെ നീ ആദിയേട്ടന് പിടി കൊടുക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല !”

ആരുഷി പുഞ്ചിരിക്കാൻ ശ്രമിച്ചു, .

“അവരിങ്ങ് എത്താനായി ട്ടോ,. വേഗം ഒരുങ്ങിക്കേ,. ആന്റി ചോദിച്ചതേ ഉള്ളൂ,. നീയിതുവരെ ഒരുങ്ങിക്കഴിഞ്ഞില്ലേ എന്ന് ?” മെറിന്റെ സഹായത്തോടെ ആരുഷി സാരി ഉടുത്തു…

“എന്ത് ഭംഗിയാടി നിന്നെ കാണാൻ, ചുമ്മാതല്ല ആദിയേട്ടൻ വീണുപോയത് !” കണ്ണാടിയിൽ നോക്കി മെറിൻ പറഞ്ഞു,. അന്ന് ആദി തന്നെ ചേർത്ത് പിടിച്ചു തന്റെ സൗന്ദര്യത്തെക്കുറിച്ചു വർണിച്ച നിമിഷം അവൾക്കോർമ്മ വന്നു,.

ആദിയുടെ കാർ മുറ്റത്ത് വന്നു നിന്ന ശബ്ദം കേട്ടു,..

“ആരുഷി,.. അവരിങ്ങ് എത്തീട്ടൊ !”

ആരുഷിയുടെ ചങ്കിടിപ്പിന്റെ ആഴം കൂടി,. മെറിന് മുൻപിൽ ചിരിക്കാൻ ശ്രമിച്ചപ്പോഴും,. അശാന്തിയുടെ തിരമാലകൾ അവളിൽ അടിച്ചുയർന്നു,..

‘ഐ ആം സോറി ആരതി,.. നീയെന്നോട് ക്ഷമിക്ക്,.. ആദിയുടെ കാര്യത്തിലല്ല,. നിന്റെ കാര്യത്തിലാ ഞാൻ സ്വാർത്ഥയാവുന്നത്,. ‘

“എന്താടി ഒരു സന്തോഷം ഇല്ലാത്തത്,. എണീറ്റ് വാ !” ആരുഷി പതിയെ എഴുന്നേറ്റു !

*******

“വാ കയറി ഇരിക്ക്,.. ഇന്നലെ നിങ്ങൾ വരുന്ന കാര്യം വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങളങ്ങ് ഞെട്ടിപ്പോയി,… ” മാധവൻ പറഞ്ഞു,..

“പിള്ളേരല്ലേലും നമ്മളെ ഞെട്ടിച്ചോണ്ടിരിക്കുവല്ലേ ?” ദേവനാരായണനും പ്രമീളയും ചിരിച്ചു. ആദി ചമ്മലിൽ തല താഴ്ത്തി,..

“അപ്പോൾ എങ്ങനെയാ കാര്യങ്ങളൊക്കെ ?” മാധവൻ ദേവനെ നോക്കി,..

“രണ്ടാളും പഠിച്ചോണ്ടിരിക്കുവല്ലേ ? ഇപ്പോൾ എൻഗേജ്മെന്റ് അങ്ങ് നടത്തിവെക്കാം,. കല്യാണം ജോലി ഒക്കെ ആയിട്ട് എന്തേ ??””

” അത് തന്നെയാ നല്ലത് !” മാധവനും സമ്മതിച്ചു,.. ആദിയുടെ കണ്ണുകൾ ആരുഷിയിൽ പതിഞ്ഞു നിന്നു,.. ആരുഷിയിൽ ഒരുൾക്കിടിലമുണ്ടായി,. അവൾ തൂണിന് പിന്നിലേക്ക് മറഞ്ഞു,…

ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,.. തനിക്ക് ഇതെന്താണ് സംഭവിക്കുന്നത് ? മെറിൻ അവളെ നോക്കി അർത്ഥം വെച്ചു ചിരിച്ചു,…

“നിനക്കും ഇങ്ങനുള്ള വികാരങ്ങളൊക്കെ ഉണ്ടല്ലേ ? സത്യം പറയാലോ ആരുഷി,. നീയിങ്ങനെ ഒരു പുരുഷന് മുൻപിൽ പെണ്ണുകാണാൻ തല കുനിച്ചു നിൽക്കുമെന്നൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല !”

ആരുഷി ചമ്മലിൽ ആദിയെ നോക്കി,. എത്രയോ വട്ടം താനീ പെണ്ണുകാണൽ കച്ചവടത്തെ എതിർത്തിട്ടുണ്ട്,. ഒരുങ്ങിക്കെട്ടി മുന്നിൽ പോയി നിൽക്കുന്ന ഈ ഏർപ്പാടിനോട് പണ്ടേ യോജിപ്പില്ല,. ഇപ്പോൾ തനിക്കും ഒരവസരം വന്നപ്പോഴാണ് കെട്ടാൻ പോണ ചെക്കനെ,. ഇങ്ങനെ മറഞ്ഞു നിന്നു നോക്കിക്കാണുന്നതിന്റെ സുഖം മനസിലാവുന്നത് ! ആദി കാരണം തന്നിൽ വന്ന മാറ്റങ്ങളെ ഓർത്തവൾ അത്ഭുതപ്പെട്ടു,…

“എന്നാൽ മോളേ വിളിക്കാലെ ?”

“അതിനെന്താ !” പ്രമീള സമ്മതമറിയിച്ചു ! ആരുഷിയുടെയും ആദിയുടെയും നെഞ്ചിടിപ്പ് ഒരേപോലെ കൂടി,. മെറിൻ അവളുടെ കൈ പിടിച്ചു,…

“വാ നടക്ക്,…” ആരുഷിയുടെ മുഖത്തെ ടെൻഷൻ കണ്ട് മെറിന് ചിരി പൊട്ടി,..

“ചിരിക്കണ്ട ഇതേ അവസ്ഥ നിനക്കും വരുമ്പോഴേ ഇതിന്റെ ഒക്കെ ടെൻഷൻ എന്താണെന്ന് മനസിലാവൂ !”

“രാധികേ,… മോളെ വിളിക്ക്,… ” മാധവൻ രാധികയോട് വിളിച്ചു പറഞ്ഞു,..

ആദി ടെൻഷനിൽ തലയും താഴ്ത്തി ഇരുന്നു,…

തന്റെ കണ്മുന്നിൽ നടക്കുന്ന കാഴ്ച്ച കണ്ട് ആരുഷി ഒന്ന് ഞെട്ടി,.. കയ്യിൽ ചായയുമായി പെണ്ണിന്റെ സ്ഥാനത്ത് ആരതി ! ആരുഷിയുടെ കാലുകൾ ചലിച്ചില്ല,.. കണ്ണുനീർ പുറത്തേക്കൊഴുകാൻ മടിച്ചതുപോലെ അവളുടെ കൺപീലിയിൽ തടഞ്ഞു നിന്നു,…

“ആരുഷി !” മെറിൻ അവളുടെ ചുമലിൽ കൈ വെച്ചു,..

ആരുഷിക്ക് തന്റെ കണ്ണിൽ ഇരുട്ട് കയറുന്നത്പോലെ തോന്നി,.. വീണുപോവാതെ മെറിൻ അവളെ ചേർത്ത് പിടിച്ചു !

(തുടരും )

 

Full Parts Here

3.9/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!