Skip to content

ഹൃദയസഖി – Part 8

ആദി ആരുഷി - ഹൃദയസഖി

ആരുഷിക്ക് പകരം ആരതി,.. ആദിയ്ക്ക് അത് താങ്ങാവുന്നതിലും ഏറെയായിരുന്നു,. ആദി അപ്‌സ്റ്റെയറിലേക്ക് നോക്കി,.. ആരുഷിയെ കണ്ടതും അവൻ തകർന്നുപോയി,. ആരുഷിയുടെ കണ്ണുകളിൽ ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അവൻ തല കുനിച്ചു,.. തിരികെ റൂമിലേക്ക്‌ നടക്കുമ്പോൾ തന്റെ ലോകം ഇവിടെ അവസാനിച്ചെങ്കിലെന്ന് ആത്മാർത്ഥമായി അവൾ ആഗ്രഹിച്ചു !

ഇവിടെ നടക്കുന്നതെന്തെന്ന് ആദിക്ക് ഒരു രൂപവും കിട്ടിയില്ല,. അമ്മയ്ക്കും അച്ഛനും അവളെ നന്നായി ബോധിച്ചുവെന്ന് അവരുടെ മുഖം കണ്ടപ്പോൾ തന്നെ അവന് മനസിലായി,. മാധവന്റെയും രാധികയുടെയും മുഖത്തും തികഞ്ഞ സംതൃപ്തി ഉണ്ട്‌,.

ആരുഷി പൊട്ടിക്കരഞ്ഞു,.. താൻ തളർന്നുപോകുന്നത് അവൾ അറിഞ്ഞു,. ആദിയിൽ നിന്ന് ഇത്രയും വലിയൊരു ചതി പ്രതീക്ഷിച്ചിരുന്നില്ല,. ഇതിന് വേണ്ടിയാണോ അവനിത്രയും കള്ളം പറഞ്ഞത്,. ഇത്ര അടുപ്പം കാണിച്ചത്,. തന്നെ ഈ കോമാളി വേഷം കെട്ടിച്ചത്,. ആരുഷിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി,… അത്, ആദിക്ക് മുൻപിൽ തോറ്റുപോയതുകൊണ്ടല്ല തോൽക്കാനായ് താൻ നിന്നു കൊടുത്തല്ലോ എന്നോർത്തിട്ട്,..

ആരുഷി പറഞ്ഞതാണ് ആരതിയുടെ കാര്യം,. താനതിന്നലെ വെറും നിസാരമായി തള്ളിക്കളഞ്ഞു,. ഇതെല്ലാം ഇങ്ങനൊരു നിസഹായാവസ്ഥയിൽ തന്നെക്കൊണ്ടെത്തിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല,…

“ആദി,.. നീ സ്വപ്നം കണ്ടിരിക്കുവാണോ ? എത്ര നേരമായി ആ കുട്ടി ചായയുമായി നിൽക്കുന്നു, വാങ്ങിക്ക് !” ദേവനാരായണൻ ഓർമപ്പെടുത്തി,.. ആദിക്ക് മുഖമുയർത്താൻ പോലും ഭയം തോന്നി,..

“ഇവനെന്താ ഇത്ര നാണം,. രണ്ടു പേരും എന്നും കാണാറും സംസാരിക്കാറുമെല്ലാം ഉള്ളതല്ലേ ?” പ്രമീള തമാശയായി പറഞ്ഞു,..

“എത്രയൊക്കെ ധൈര്യമുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല,. ദേ ഈ നിമിഷം എല്ലാം കയ്യിൽ നിന്നു പോകും,.. നിന്നെ ഞാൻ കാണാൻ വന്നപ്പോഴും ഇതേ അവസ്ഥ ആയിരുന്നു !” ദേവനാരായണൻ പ്രമീളയെ നോക്കി പറഞ്ഞു,. അതിലെ നർമം ഉൾക്കൊണ്ടുകൊണ്ട് എല്ലാവരും ചിരിച്ചു,..

ആദി അവളെ ഒന്നേ നോക്കിയുള്ളൂ,. ആരതിയുടെ മുഖത്തെ നാണവും സന്തോഷവും അവനെ പരിഭ്രാന്തനാക്കി,…

********

മെറിൻ കതകിൽ മുട്ടി,.

“ആരുഷി പ്ലീസ് കതക് തുറക്ക്,.. ” മെറിന്റെ മുഖത്ത് ടെൻഷൻ ഉണ്ടായിരുന്നു, .

ആരുഷി കതക് തുറന്ന് ഇറങ്ങി വന്നു, സാരി മാറ്റി ജീൻസും ടോപ്പും ധരിച്ചിരിക്കുന്നു,. മേക്കപ്പ് എല്ലാം കഴുകിക്കളഞ്ഞവൾ പഴയ ആരുഷിയിലേക്ക് മടങ്ങിപ്പോയിരിക്കുന്നു,.. മെറിൻ അവളെ ഹഗ് ചെയ്തു,..

“ഓ താങ്ക് ഗോഡ്,.. നീയെന്റെ പ്രാർത്ഥന കേട്ടല്ലോ !”

“ഞാൻ ആത്മഹത്യ ചെയ്യുമെന്ന് കരുതിയോ ?”

“ഇല്ല ആരുഷി,. എങ്കിലും ഒന്ന് പേടിച്ചു,. നീ കുറെയൊക്കെ മാറിയിരുന്നല്ലോ അത്കൊണ്ട് !” ആരുഷി ഒന്നും മിണ്ടിയില്ല,..

“എങ്കിലും ആദിയിൽ നിന്നും ഇങ്ങനൊന്ന് !” മെറിന്റെ ശബ്ദത്തിലും അമർഷം ഉണ്ടായിരുന്നു,..

“ആദിയെന്താ വിചാരിച്ചത്,.. ഇങ്ങനൊക്കെ ചെയ്താൽ ആരുഷിയെ അങ്ങ് ഇല്ലാതാക്കാമെന്നോ ? അവന്റെ അഭിനയത്തിൽ ആരുഷി അറിയാതെ ഒന്ന് സ്ലിപ് ആയി എന്നത് ശരിയാ,. പക്ഷേ,.. അവന് മുന്നിൽ ഞാൻ തോറ്റു കൊടുക്കില്ല !” ആരുഷിയുടെ ശബ്ദമൊന്നിടറി,…
അവൾക്ക് നല്ല നിരാശയുണ്ടെന്ന് അതിൽ നിന്നും മെറിന് മനസിലായി…

“ഓക്കേ ,. ആരുഷി,. എല്ലാം ആദിയുടെ പ്ലാൻ ആണെങ്കിൽ പോലും,. എനിക്കെന്തോ,.. ഇതിൽ, വല്ല മിസ്സ്‌അണ്ടർസ്റ്റാൻഡിങും സംഭവിച്ചിട്ടുണ്ടോ എന്നൊരു ഡൌട്ട് ! ” മനസിലാവാത്തത് പോലെ ആരുഷി അവളെ നോക്കി,..

“ഐ മീൻ… ആദി നിന്നെക്കുറിച്ചാണ് പരന്റ്സിന്റെ അടുത്ത് പറഞ്ഞതെങ്കിലോ ? ആരതി ആണെന്ന് അവർ തെറ്റിദ്ധരിച്ചതാണെങ്കിലോ ? അതിനും ചാൻസ് ഇല്ലേ ?”

ആരുഷി ഒന്നും മിണ്ടിയില്ല,..

*****

ആദിയ്ക്ക് സംഭവങ്ങളുടെ ഗതി ഏകദേശം പിടികിട്ടി,. മാധവനങ്കിളിന്റെ മോളെന്ന് പറഞ്ഞപ്പോൾ ആരുഷിക്ക് പകരം ആരതിയെന്ന് തെറ്റിദ്ധരിച്ചതാണ്,.

“സത്യം പറ ആദി,.. മാധവന്റെ മോളുമായി നിനക്കെന്തോ ചുറ്റിക്കളിയൊക്കെ ഉണ്ടെന്ന് കേട്ടല്ലോ എന്താ സത്യാവസ്ഥ !”

അച്ഛൻ അതിനെ ചോദിച്ചപ്പോൾ,. ആരുഷിയെ ആവുമെന്ന് കരുതിയാണ് സമ്മതിച്ചു കൊടുത്തത്. . അവളെ തനിക്ക് ജീവനാണെന്ന് ഏറ്റു പറഞ്ഞത്,.. എന്നാൽ അവർ ആരതിയെയും ഉദ്ദേശിച്ചേക്കാമെന്ന ബോധം തനിക്കപ്പോൾ പോയില്ല,..

ആരുഷിയുടെ സ്ഥാനത്ത് ആരതിയെ കാണാൻ ഒരിക്കലും തനിക്ക് കഴിയില്ല സത്യമറിയുമ്പോൾ ഇവിടൊരു പൊട്ടിത്തെറിയുണ്ടാകുമെന്നത് നൂറു ശതമാനം ഉറപ്പാണ്,. പക്ഷേ ഇനിയും താൻ മിണ്ടാതിരുന്നാൽ അത് ആരുഷിയോട് ചെയ്യുന്ന എറ്റവും വലിയ ചതിയാകും,.. ആരതിയോട് ചെയ്യുന്ന ദ്രോഹവും,..

“നമ്മളിരിക്കുന്ന കൊണ്ടാവും പിള്ളേർക്കിത്ര ചമ്മലും നാണവുമൊക്കെ,. നമുക്ക് കുറച്ചു നേരത്തേക്ക് മാറിക്കൊടുക്കാം,. എന്തേ ? കീഴ്വഴക്കങ്ങൾ ഒന്നും തെറ്റിക്കണ്ടല്ലോ !” മാധവൻ എഴുന്നേറ്റു,…

“ആരും എങ്ങോട്ടും മാറണ്ട,. എനിക്ക് സംസാരിക്കേണ്ടത് ആരതിയോടല്ല ആരുഷിയോടാ !” ആദിയുടെ വാക്കുകൾ അവിടെ കൊടുങ്കാറ്റ് കണക്കെ ആഞ്ഞടിച്ചു,..

ആരുഷി ഞെട്ടിപ്പോയി,.. മെറിൻ അവളുടെ ചുമലിൽ കൈ വെച്ചു…

“ഞാൻ പറഞ്ഞില്ലേ ആരുഷി, എന്തെങ്കിലും മിസ്സ്‌അണ്ടർസ്റ്റാന്റിംഗ് ആകുമെന്ന്,.. കണ്ടില്ലേ ?”
ആരുഷിയുടെ ചങ്കിടിപ്പ് കൂടി വന്നു,..

“അഥവാ അങ്ങനാണേൽ കൂടി ആദി അതിവിടെ വിളിച്ചു പറയരുതായിരുന്നു മെറിൻ,.. ”

“എന്താ നീ പറഞ്ഞേ ?” ദേവനാരായണൻ മകനെ നോക്കി,… ആദി രണ്ടും കൽപ്പിച്ചു പറഞ്ഞു,..

“ഞാൻ സ്നേഹിച്ചതും വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും മാധവനങ്കിളിന്റെ മൂത്ത മകൾ ആരതിയെ അല്ല,.. ദേ ആ നിൽക്കുന്ന ആരുഷിയെയാ !” അവൻ ആരുഷിക്ക് നേരെ കൈ ചൂണ്ടി,..

ആരതി കരഞ്ഞുകൊണ്ട് രാധികയുടെ നെഞ്ചിലേക്ക് വീണു,…

“ആദി !” പ്രമീള ശാസനയിൽ വിളിച്ചു,..

“സത്യമാണ് അമ്മേ,. ഞാൻ ആരുഷിയെക്കുറിച്ചാ നിങ്ങളുടെ അടുത്ത് പറഞ്ഞത് അല്ലാതെ ആരതിയെക്കുറിച്ചല്ല !”

മാധവൻ തളർന്നു സെറ്റിയിൽ ഇരുന്നു,.. ആരുഷി സ്റ്റെയർ ഇറങ്ങാൻ തുടങ്ങിയതും മെറിൻ തടഞ്ഞു,..

“വേണ്ട ആരുഷി,. നീയിപ്പോൾ അങ്ങോട്ടേക്ക് പോണ്ട,.. ” ആരുഷി അവളുടെ കൈ വിടീച്ചു താഴേക്കിറങ്ങി ചെന്നു.

ആരുഷിയെ കണ്ടതും ആദിയുടെ ധൈര്യം ഇരട്ടിച്ചു,.

“ഞാൻ ആരതിയെ സ്വന്തം അനിയത്തിയെ പോലെയാ കണ്ടത് !” ആദി പറഞ്ഞു ! ആരതി പൊട്ടിക്കരഞ്ഞു,… മാധവൻ തളർന്ന് സെറ്റിയിൽ ഇരുന്നു,..

“ഇനഫ് ആദി,.. ” ആരുഷിയുടെ ശബ്ദമുയർന്നു,.. എല്ലാവരും ഞെട്ടലിൽ അവളെ നോക്കി,…

“ഞാൻ പറഞ്ഞോ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ? എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ ?” ആരുഷിയിൽ നിന്നും ഇങ്ങനൊരു പ്രതികരണം അവൻ പ്രതീക്ഷിച്ചിരുന്നില്ല..

“ഇല്ലല്ലോ,.. പിന്നെ ഇവിടെ ഇത്രേം ഡ്രാമ കളിക്കണ്ട എന്താവശ്യമാ ഉള്ളത് ?” ആദിയ്ക്ക് ഉത്തരമില്ലായിരുന്നു,…

“മോളെ,. വേണ്ട !” മാധവൻ തടഞ്ഞു,…

“ഇല്ല പപ്പ,.. ആരതിക്ക് ആദിയെ ഇഷ്ടാണെന്നുള്ള കാര്യം ആദിക്കും അറിയാമായിരുന്നു,. എന്നിട്ടും എന്തിനാ ? ”

“ആരുഷി,.. നിനക്കെല്ലാം അറിയാവുന്നതല്ലേ ? ഐ ലവ് യൂ ആരുഷി,.. ” ആദി അവളുടെ കൈ പിടിച്ചു,… ഒരു നിമിഷത്തേക്ക് ആരുഷി പതറിപ്പോയി,.

“ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും !” രാധിക മുന്നോട്ടേക്ക് വന്നു,…

“ഇവിടിപ്പോ ആരാ നാടകം കളിക്കുന്നതെന്നൊക്കെ ശരിക്കും മനസ്സിലാവുന്നുണ്ട്,.. ”

“അമ്മേ ഞാൻ,.. ” ആരുഷി വിശദീകരിക്കാൻ ഒരു ശ്രമം നടത്തി,…

“നീയിനി ഒരക്ഷരം മിണ്ടരുത്… നിനക്കെല്ലാം അറിയാമായിരുന്നെങ്കിൽ എന്ത് കൊണ്ട് തുറന്നു പറഞ്ഞില്ല,.. എന്തിനാ എന്റെ കുഞ്ഞിന് വെറുതെ പ്രതീക്ഷകൾ കൊടുത്തത് ? എന്ത് തെറ്റാ ഞങ്ങൾ നിന്നോട് ചെയ്തത് ?” ആരുഷിയുടെ മിഴികൾ നിറഞ്ഞു,…

“രാധികേ വേണ്ട,.. തെറ്റ് നമ്മുടെ ഭാഗത്താണ്,. നമ്മളും അന്വേഷിക്കണമായിരുന്നില്ലേ ? ആദിക്ക് ആരെ ആണിഷ്ടമെന്ന് !” മാധവൻ ഇടപെട്ടു,.

“എന്ത് തെറ്റാ മാധവേട്ടാ ഉള്ളത് ? അവനിഷ്ടം നമ്മുടെ മോളെയാണെന്ന് പറഞ്ഞു,.. അത് ആരതിയല്ലേ ? പിന്നെന്ത് തെറ്റിദ്ധാരണ ഉണ്ടാവാനാണ് ??”

വലിയൊരു നിശബ്ദത അവിടെ രൂപം കൊണ്ടു,.. മാധവൻ ഭയപ്പാടോടെ ഭാര്യയെ നോക്കി,..

“അമ്മ എന്താ പറഞ്ഞേ ? ” ആരുഷി രാധികയുടെ കൈകളിൽ പിടിച്ചു,.. അവർ ജീവച്ഛവം പോലെ നിന്നതേ ഉള്ളൂ,.

“അമ്മ എന്താ പറഞ്ഞേന്ന് ?” രാധികയുടെ മിഴികളിൽ നിന്നും രണ്ടിറ്റ് കണ്ണുനീർ അവളുടെ കൈകളിലേക്ക് വീണു,.. പൊള്ളലേറ്റത് പോലെ ആരുഷി കൈകൾ പിൻവലിച്ചു,…

“രാധികേ,… ” മാധവൻ അപേക്ഷാസ്വരത്തിൽ വിളിച്ചു,…

“എനിക്കിനിയും ഇതൊന്നും മൂടി വെച്ചു നടക്കാൻ പറ്റില്ല മാധവേട്ടാ,. എല്ലാം എല്ലാരുമറിയട്ടെ,.. ആരുഷിയെ ഞാൻ പ്രസവിച്ചതല്ല,.. അവൾ ഞങ്ങളുടെ മകളുമല്ല,… ”
എടുത്തടിച്ചപോലെ രാധിക പറഞ്ഞു,.

ആരുഷി പുറകോട്ടൊന്നു വേച്ചു,. മാധവൻ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നിസഹായനായി ഇരുന്നു,.

ആരുഷി വിറയ്ക്കുന്ന കാൽവെയ്പ്പുകളോടെ അയൽക്കരികിലേക്ക് ചെന്നു മുട്ടുകുത്തിയിരുന്നു,..

“പപ്പാ,. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല,.. എനിക്ക് ആദിയെ വേണ്ട പപ്പാ,. ഞാൻ പറഞ്ഞാൽ ആദി കേൾക്കും, അവൻ ആരതിയെ സ്വീകരിച്ചോളും പപ്പാ,.. അമ്മയോട് ഇങ്ങനൊന്നും കള്ളം പറയരുതെന്ന് പറയ് പപ്പാ… പ്ലീസ്,… ” ആരുഷി പൊട്ടിക്കരഞ്ഞു,… രാധിക കരഞ്ഞുകൊണ്ട് റൂമിലേക്ക്‌ പോയി,. അമ്മയ്ക്ക് പുറകെ ആരതിയും,..

“ഞാൻ നിങ്ങളുടെ മോളല്ല എന്ന് മാത്രം പറയല്ലേ പപ്പാ,… ” അവൾ മാധവന്റെ കൈകൾ മുറുകെ പിടിച്ചു,.. ആരുഷി ഒരു ഭ്രാന്തിയെ പോലെ കേണു,. അയാൾ അവളുടെ കൈ അയച്ചു,.. തനിക്കിതൊന്നും താങ്ങാനാവില്ലെന്ന തോന്നലിൽ എഴുന്നേറ്റു പോയി,…

ആദിയ്ക്ക് ചങ്ക് പറിച്ചെടുക്കുന്ന വേദന തോന്നി,. ആരുഷിയെ ചേർത്ത് പിടിക്കണമെന്നവനുണ്ടായിരുന്നു,.. പക്ഷേ, പ്രമീള അവന്റെ കൈകളിൽ മുറുകെ പിടിച്ചു,…

“മതി,.. വാ ഇറങ്ങാം !”

“അമ്മേ ഞാൻ,.. ”

“നിന്നോടല്ലേ ആദി പറഞ്ഞത്,.. വരാൻ !” ആദി അനുസരണയുള്ള മകനെപ്പോലെ പ്രമീളയ്‌ക്ക് പുറകെ നടന്നു,.

“ആരുഷി !” മെറിൻ അവൾക്കരികിലേക്ക് ചെല്ലാൻ തുനിഞ്ഞതും ആരുഷി വിലക്കി…

“വേണ്ട മെറിൻ, എനിക്കൊന്ന് തനിച്ചിരിക്കണം,.. ”

ആ വലിയ വീട്ടിലെ ഹാളിൽ ആരുഷി ഒറ്റയ്ക്കിരുന്നു,.. ഒരു മരണവീട്ടിലെന്ന പോലെ മൂഖത അവിടെങ്ങും തളം കെട്ടി നിന്നിരുന്നു,…
********

“ഓ നന്നായി അവിടെന്നെങ്ങും ബന്ധം സ്ഥാപിക്കാതിരുന്നത്,.. ഞാൻ അന്നേ പറഞ്ഞില്ലേ ദേവേട്ടാ,. ആ കുട്ടികളെ കണ്ടാൽ ട്വിൻസിനെ പോലൊന്നും ഇല്ലെന്ന്,.. നിങ്ങളാരും സമ്മതിച്ചില്ലല്ലോ, എന്തൊക്കെയാ പറഞ്ഞത്, രൂപം പോലെ തന്നെ രണ്ടും രണ്ടു സ്വഭാവമാണെന്നൊക്കെ,.
ഇപ്പോ എന്തായി,?”

“എന്റെ പ്രമീ,. നീയൊന്ന് മിണ്ടാതിരിക്ക്,.. ആദി കേൾക്കും,.. ”

“കേൾക്കട്ടെ അവൻ,.. അവനും കൂടെ കേൾക്കാനാ പറയുന്നത്,. ഇത്രേം അഹങ്കാരിയായ ഒരുത്തിയെ ആണോ ഇവനീ വീടിന്റെ മരുമകളാക്കാൻ ആഗ്രഹിച്ചത് ? അതും അച്ഛനും അമ്മയും പോലും ആരെന്നറിയാത്ത ഒരനാഥ പെണ്ണിനെ !”

“അമ്മ ഒന്ന് നിർത്തുന്നുണ്ടോ ? ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ആരുഷിയോട് ഉള്ള ഇഷ്ടം ഒട്ടും കുറയാൻ പോകുന്നില്ല,.. അമ്മ വിളിച്ചപ്പോൾ കൂടെ ഞാൻ ഇറങ്ങി വന്നത് അവളെ മറന്നത് കൊണ്ടല്ല,.. എനിക്കപ്പോൾ എന്ത് ചെയ്യണമെന്ന് ഒരെത്തും പിടീം കിട്ടിയില്ല, അതോണ്ടാ !” പ്രമീളയ്‌ക്ക് ഉത്തരം മുട്ടിപ്പോയി,..

“ആരൊക്കെ എതിർത്താലും ആരുഷിക്ക് സമ്മതമാണെങ്കിൽ ആദി അവളുടെ കഴുത്തിൽ താലി കെട്ടിയിരിക്കും !” ആദി റൂമിലേക്ക്‌ പോയി,…

“നോക്ക് ദേവേട്ടാ അവൻ പറേണത് ?? ” പ്രമീള ഭയത്തോടെ ഭർത്താവിനെ നോക്കി,..

“നിന്നോട് ഞാൻ പറഞ്ഞതല്ലേ പ്രമീ,. മിണ്ടാതിരിക്കാൻ,. അവനെക്കൊണ്ട് ഇത്രയും പറയിപ്പിച്ചത് നീ തന്നെയാ !” ദേവൻ പത്രം മടക്കി എഴുന്നേറ്റു,…

“താലി കെട്ടി ഇങ്ങ് വരട്ടെ,. ഞാൻ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാം തമ്പുരാട്ടിയെ !” പ്രമീള കോപം കൊണ്ട് വിറച്ചു,…

******

താൻ ചെയ്തത് തെറ്റായിപ്പോയി,.. ആരുഷിയെ ഒറ്റയ്ക്കാക്കി പോന്നത് ശരിയായില്ല,.. തകർന്നു പോയിക്കാണും അവൾ,.. എല്ലാവരുമുണ്ടായിട്ടും ആ ഒറ്റ നിമിഷം കൊണ്ട് അനാഥയായി തീർന്നവളാണവൾ,.. അവളെയാണ് താൻ ഉപേക്ഷിച്ചു പോന്നത്,. ഇല്ല ഒരിക്കലും ആരുഷിക്ക് തന്നോട് ക്ഷമിക്കാനാവില്ല !

ആദിയുടെ ഫോൺ റിങ് ചെയ്തു,.. സ്‌ക്രീനിൽ ആരതിയുടെ മുഖം കണ്ടതും ദേഷ്യമടക്കാനാവാതെ അവൻ കട്ട്‌ ചെയ്തു,.. ഒരിക്കൽ കൂടെ അവന്റെ ഫോൺ റിങ് ചെയ്തു,.

“എന്താ ?” ആദി വെറുപ്പോടെ ചോദിച്ചു,..

മറുതലക്കൽ നിന്നും ആരതിയുടെ കരച്ചിൽ കേട്ടു,.

“കരയാതെ കാര്യമെന്തെന്ന് പറയുന്നുണ്ടോ ?”

“ആരുഷി മിസ്സിംഗ്‌ ആണ് ആദിയേട്ടാ !”

ആദി ഞെട്ടിപ്പോയി,…

“എന്ത് ?”

” ഞങ്ങൾ ഇവിടെ എല്ലായിടത്തും നോക്കി,. വിളിച്ചിട്ട് എടുക്കുന്നുമില്ല,. ഫോൺ സ്വിച്ചഡ് ഓഫ്‌ ആണ്,. പോവാൻ സാധ്യത ഉള്ള എല്ലായിടത്തേക്കും വിളിച്ചു നോക്കി, എവിടേം ചെന്നിട്ടില്ലെന്നാ പറയണത്,.. എന്താ ചെയ്യാ എന്നറിയില്ല !” കരഞ്ഞുകൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു,..

ആദിയുടെ കയ്യിൽ നിന്നും ഫോൺ നിലത്തു വീണു,..

“ആരുഷി,… ” അവൻ അറിയാതെ വിളിച്ചു,..
ആദിയുടെ മനസ്സിൽ അപൂർവമായ ഒരു ഭയം രൂപം കൊണ്ട് വന്നു,..

(തുടരും )

 

Full Parts Here

3.8/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!