Skip to content

നന്ദ്യാർവട്ടം – ഭാഗം 10

നന്ദ്യാർവട്ടം

അന്ന് ഒരു ഞായറാഴ്ചയായിരുന്നു …

പിജി ജനറൽ സർജറി രണ്ടാം വർഷം നടന്നുകൊണ്ടിരിക്കുന്നു …

ഞായറാഴ്ചകളിൽ മിക്കവാറും എല്ലാ ഡിപ്പാർട്ട്മെന്റും തന്നെ പിജീസിന്റെ മേൽനോട്ടത്തിലാണ് …

അന്ന് ക്യാഷ്വാൽറ്റി ഡ്യൂട്ടിയിലായിരുന്നു താൻ .. പെട്ടന്നാണ് മൂന്നാല് പേർ ഒരു എമർജൻസി കേസുമായി കയറി വന്നത് …

ആക്സിഡന്റിൽ പരിക്കേറ്റ ഒരു പെൺകുട്ടി … അവളുടെ മുറിവുകൾ അൽപം ആഴത്തിലാണ് .. കൂടെ പേടിച്ചരണ്ട മറ്റൊരു പെൺകുട്ടി …. അവളുടെ മുറിവുകൾ അത്ര സാരമുള്ളതായിരുന്നില്ല …

അവരെ കൊണ്ടു വന്നവർ ക്യാഷ്വാൽറ്റിയിൽ വിട്ടിട്ട് അപ്പഴേ മുങ്ങി …

സംസാരിച്ചപ്പോൾ രണ്ടു പേരും മലയാളികളാണെന്ന് മനസിലായി ..

ഒരാൾ അഭിരാമി ….. അവളുടെ പരിക്കുകൾ അൽപം ഭയപ്പെടേണ്ടതായിരുന്നു … കൂടെ പേടിച്ചരണ്ടു നിൽക്കുന്നത് മാധുരി … അവൾക്ക് എന്ത് വേണമെന്നറിയില്ലായിരുന്നു ..

വിവരങ്ങൾ അന്വേഷിച്ചപ്പോൾ രണ്ടു പേരും കേരളത്തിൽ , ഒരേ നാട്ടിൽ നിന്ന് പിജി പഠനത്തിനായി ബാംഗ്ലൂരിൽ എത്തിയവർ .. മാധുരിയുടെ ബന്ധുവിന്റെ വീട്ടിൽ രണ്ടു പേരും പേയിംഗ് ഗസ്റ്റുകളാണ് … അവർ ആറു മാസത്തേക്ക് ഗൾഫിലുള്ള മകന്റെയടുത്തേക്ക് പോയിരിക്കുന്നു … ഞായറാഴ്ചയായതിനാൽ കോളേജ് അവധിയാണ് … ചുരുക്കി പറഞ്ഞാൽ വേണ്ടപ്പെട്ടവരായി കൂടെ നിൽക്കാൻ ആ സമയത്ത് ആരുമില്ല …

അഭിരാമിയുടെ മുറിവുകൾ സ്റ്റിച്ച് ചെയ്യണം , സ്ക്യാൻ ചെയ്യണം , മരുന്നുകൾ വാങ്ങണം ..

കൈയിൽ വേണ്ടത്ര പണമോ , ധൈര്യമോ ഒന്നുമില്ല മാധുരിക്ക് .. അവൾ ഒരു ഭാഗത്ത് നിന്ന് കരയാൻ തുടങ്ങി ..

ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന താൻ ഒരു ദൈവദൂതനെപ്പോലെ അവൾക്ക് മുൻപിൽ അവതരിച്ചു …

അഭിരാമിയുടെ ചികിത്സക്ക് വേണ്ട സഹായങ്ങളൊക്കെ താൻ ചെയ്ത് കൊടുത്തു …

അവളെ ഐസിയുവിലേക്ക് മാറ്റി …

തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും താൻ മാധുരിക്ക് കൂട്ടിരുന്നു … അവളെ കൂട്ടി ക്യാന്റീനിൽ പോയി ഫുഡ് വാങ്ങിക്കൊടുത്തു ….

മൂന്നാം ദിവസമാണ് അഭിരാമിയുടെ അമ്മ ബാംഗ്ലൂരിൽ എത്തിയത് …. അവർ വരുമ്പോഴേക്കും അഭിരാമിയെ വാർഡിലേക്ക് മാറ്റിയിരുന്നു …

ആ രണ്ട് ദിവസങ്ങൾ കൊണ്ട് മാധുരി എന്ന വെള്ളിക്കണ്ണുകളുള്ള സുന്ദരിക്കുട്ടിയുമായി താൻ നല്ലൊരടുപ്പം ഉണ്ടാക്കി കഴിഞ്ഞിരുന്നു …

അഭിരാമിയെ അവളുടെ അമ്മയെ ഏൽപ്പിച്ചു …

രണ്ട് ദിവസമായി ഹോസ്പിറ്റലിൽ നിന്ന് ഉറക്കമൊഴിയുന്ന മാധുരിയെ താനാണ് വീട്ടിലെത്തിച്ചത് …

അതൊരു തുടക്കമായിരുന്നു …

അഭിരാമിയെ ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് കൊണ്ട് പോയി ..

ആ വീട്ടിൽ മാധുരി തനിച്ചായി .. ഫോൺ വിളികളും ചാറ്റിംഗും പ്രണയത്തിലേക്ക് വഴി മാറാൻ അധിക സമയം വേണ്ടി വന്നില്ല …

മുറിവുകൾ ഭേദമായി അഭിരാമി തിരിച്ചു വരുമ്പോൾ , മാധുരിയുടെ ലോകം ഞാനായിരുന്നു … എനിക്ക് വേണ്ടി അവൾ ക്ലാസുകൾ കട്ട് ചെയ്തു …

അഭിരാമി ഞങ്ങൾക്ക് നല്ലൊരു സുഹൃത്തായിരുന്നു … ഞങ്ങളുടെ പ്രണയത്തിന് അവൾ സപ്പോർട്ടായിരുന്നു .. പലപ്പോഴും ലാൽബാഗിലും മറ്റും അഭിരാമിയും നമുക്കൊപ്പം വരും .. നമ്മളെ വിട്ട് അവൾ മുന്നിലായി നടക്കും .. ഫോട്ടോകൾ എടുക്കും ….

പക്ഷെ അഭിരാമി പോലും അറിയാതെ ഞങ്ങൾ സന്ധിച്ചിരുന്നത് അവരുടെ ആ വീട്ടിലായിരുന്നു … ഒരിക്കൽ മാധുരി ക്ലാസ് കട്ട് ചെയ്ത് എനിക്കൊപ്പം വന്നതിന് പിന്നാലെ , സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വന്ന അഭിരാമി ഞങ്ങളെ അവിടെ ഒരുമിച്ച് കാണുകയുണ്ടായി ..

അന്ന് അവൾ തന്നോട് ആവശ്യപ്പെട്ടത് മാധുരിയെ വിവാഹം ചെയ്യണം എന്നാണ് ..

ഉടനെ പറ്റില്ലെന്നും പഠനം കഴിഞ്ഞാൽ വിവാഹം ചെയ്യാമെന്നും പറഞ്ഞ് താനന്ന് ഒഴിഞ്ഞുമാറി …

പക്ഷെ അഭിരാമി മാധുരിയെ വാർൺ ചെയ്തു … ആ വീട്ടിൽ വച്ചും , മറ്റെവിടെ വച്ചും തനിച്ചുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കണമെന്ന് അഭിരാമി ആവശ്യപ്പെട്ടു ..

പക്ഷെ മാധുരിക്ക് തന്നെ വിശ്വാസമായിരുന്നു …. അവൾ അഭിരാമി പോലുമറിയാതെ എന്റെയരികിൽ വന്നു ….

ഒരു ദിവസം ഡ്യൂട്ടിയിലിരിക്കുമ്പോൾ മാധുരിയുടെ ഫോണിൽ നിന്ന് എനിക്ക് കോൾ വന്നു …

” ഹലോ … മധൂ .. ഞാൻ ഡ്യൂട്ടിയിലാണ് … ” കോളെടുത്ത് ശബരി പറഞ്ഞു ..

” മധുവല്ല … ഞാൻ അഭിരാമിയാണ് …. ”

” എന്താ ആമി … ”

” ഡോക്ടർ ഒന്ന് മേരി മാതാ ക്ലിനിക് വരെ വരണം … ”

” എന്താ കാര്യം … ”

” അത്യാവശ്യമാണ് … വന്നേ പറ്റൂ ….”

താൻ അവിടെ എത്തുമ്പോൾ വീണ്ടും കോൾ വന്നു …

” യെസ് … ഞാനെത്തി ….”

” എന്നാൽ റൂം നമ്പർ ഇരുപത്തിരണ്ടിലേക്ക് വരൂ …. ”

ഞാൻ ഇരുപത്തിരണ്ടിലെത്തും മുൻപ് തന്നെ ഒന്നു രണ്ട് പേപ്പറുകളുമായി അഭിരാമി എനിക്കെതിരെ വന്നു ..

” വരൂ .. നമുക്ക് ഡോക്ടറെ കാണണം ….”

” ആദ്യം കാര്യം പറയൂ …..” അവന് ദേഷ്യം വന്നു ..

” മധുവിന് നല്ല സുഖമില്ല … ഇതിനെ കുറിച്ചൊക്കെ അറിയുന്ന ആരെങ്കിലും കൂടെയുണ്ടെങ്കിലേ പറ്റൂ … ” അഭിരാമി പറഞ്ഞു …

” അവൾക്കെന്താ അസുഖം … ”

” അതൊക്കെ പറയാം … ”

അത്രയുമായപ്പോഴേക്കും ഞങ്ങൾ Dr . ലക്ഷ്മി പ്രസാദി എന്ന് ബോർഡ് വച്ച കൺസൾട്ടിംഗ് റൂമിന് മുന്നിലെത്തിയിരുന്നു ..

Dr ലക്ഷ്മി പ്രസാദി MBBS , DGO

എനിക്ക് അപകടം മണത്തു ..

പോകാനായി തിരിഞ്ഞതും …

” നിൽക്ക് ……….” അഭിരാമിയുടെ മൂർച്ചയുള്ള സ്വരം വന്നു …

സ്വിച്ചിട്ടത് പോലെ ശബരി നിന്നു …

” ഇവിടുന്ന് മുങ്ങാനാ പ്ലാനെങ്കിൽ , ഞാൻ ബഹളം വച്ച് ആളെ കൂട്ടും .. നിങ്ങൾ നാറും … അതു കൊണ്ട് വാ എന്റെ കൂടെ … ” അവൾ കടുപ്പിച്ച് പറഞ്ഞു ..

വേണമെങ്കിൽ ഇറങ്ങി പോരാമായിരുന്നു .. പക്ഷെ അതൊരു ഹോസ്പിറ്റലാണ് .. തന്റെ പരിചയക്കാരാരെങ്കിലും ഉണ്ടെങ്കിൽ നാണക്കേടാകും ..

അഭിരാമിക്കൊപ്പം താനും കയറി …

മാധുരിയുടെ ഫിയാൻസെയായാണ് അവളെന്നെ ഡോക്ടർക്ക് പരിചയപ്പെടുത്തിയത് ..

മധുരി പ്രഗ്നന്റാണ് … രണ്ട് മാസം .. അവൾ അനീമിക് ആണ് … അന്നൊരു ദിവസം അവിടെ കിടത്തണമെന്ന് പറഞ്ഞു .. ഒപ്പം ബെഡ് റെസ്റ്റും ….

തിരിച്ച് അഭിരാമിക്കൊപ്പം റൂമിൽ ചെന്നു മാധുരിയെ കണ്ടു ..

ശബരിയെ കണ്ടപ്പോൾ മാധുരിയുടെ മുഖം തെളിഞ്ഞു …

” ഞാൻ പറഞ്ഞില്ലെടി ശബരി വരുംന്ന് … ഇവൾ പറയുവാ ശബരി വരില്ലാന്ന് .. നീയെന്നെ ചതിക്കുമത്രേ …… ആണോ ശബരി … ” അവളവന്റെ മുഖം പിടിച്ച് തനിക്കഭിമുഖം വച്ച് ചോദിച്ചു …

അവനൊരു വിളറിയ ചിരി ചിരിച്ചു ….

അഭിരാമി നിശബ്ദയായി നോക്കി നിന്നു …

” ആമി… എനിക്കൊരു ചായ മേടിച്ചിട്ട് വരോ …” മാധുരി ചോദിച്ചു …

തന്നെ അവിടുന്ന് ഒഴിവാക്കാനാണ് അതെന്ന് അവൾക്ക് മനസിലായി .. എങ്കിലും ഒന്നും പറയാതെ പേർസുമെടുത്ത് അവൾ ക്യാന്റീനിലേക്ക് നടന്നു ..

അവൾ പുറത്തേക്കിറങ്ങിയതും , മാധുരി അവനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു … പിന്നെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു ..

അവന്റെ കൈ പിടിച്ച് അവളുടെ വയറ്റത്ത് വച്ചു ..

” ശബരീ … എന്റെ വയറ്റിലൊരു ഉമ്മ താടാ……. ” അവൾ അവന്റെ നെഞ്ചിൽ കുറുകിയിരുന്ന് പറഞ്ഞു ….

അഭിരാമി ക്യാന്റീനിൽ പോയി ഒരു ടീ വാങ്ങി കുടിച്ചു , ഒരു ബജിയും കഴിച്ചു … അത് കഴിഞ്ഞാണ് അവൾ മാധുരിക്കു ടീയും വാങ്ങി വന്നത് …

തിരിച്ച് റൂമിൽ വരുമ്പോൾ കാണുന്നത് ബെഡിൽ കാൽമുട്ടിലേക്ക് തല വച്ച് പൊട്ടിക്കരയുന്ന മാധുരിയെയാണ് .. അടുത്തിരുന്ന് ശബരി എന്തൊക്കെയോ പറയുന്നുണ്ട് …

അവളെ കണ്ടതും മാധുരി , ബെഡിൽ നിന്ന് ഊർന്ന് ഇറങ്ങി ആമിക്കരികിലേക്ക് വന്നു …

അവൾ കരയുകയായിരുന്നു …

” ആമി…. ആമി … ഇവൻ പറയുന്ന കേട്ടോ ആമി .. എന്റെ കുഞ്ഞിനെ കളയണമെന്ന് .. ഒന്ന് പറ ആമി … എനിക്കെന്റെ കുഞ്ഞിനെ വേണം …. ” അവൾ കൊച്ചു കുട്ടികളെ പോലെ കരഞ്ഞു …

അഭിരമിക്ക് ഞെട്ടലൊന്നും തോന്നിയില്ല .. കാരണം അവളത് പ്രതീക്ഷിച്ചിരുന്നു …

ഈ വഞ്ചകന്റെ കുഞ്ഞിനെ പ്രസവിക്കണ്ട എന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക് .. പക്ഷെ മാധുരിയുടെ മുഖത്ത് നോക്കി അങ്ങനെ പറയാൻ അവൾക്ക് കഴിഞ്ഞില്ല ….

” ശബരീ ….. താനിങ്ങനെ ഇവളെ കൈയൊഴിയരുത് … തന്നെ വിശ്വസിച്ച പെണ്ണല്ലേ അവൾ …. ” അഭിരാമി അനുനയത്തിൽ ചോദിച്ചു …

” ആരു കൈയൊഴിഞ്ഞു .. ഇപ്പോ ഈ കുഞ്ഞിനെ പ്രസവിച്ചാൽ എന്ത് ചെയ്യും … ആളുകളോട് എന്ത് പറയും …? ”

” നിങ്ങൾ വിവാഹം ചെയ്യണം …..” അഭിരാമി പറഞ്ഞു ..

” നോ ആമി … ഇപ്പോ അത് സാധ്യമല്ല .. എന്റെ ഫാമിലിയെ കൺവീൻസ് ചെയ്യണം … മാത്രമല്ല ഞാൻ പിജി ചെയ്യുന്ന ആളാണ് .. ഒരു വർഷം കൂടിയുണ്ട് കംപ്ലീറ്റ് ആകാൻ ….” ശബരി നിഷേധിച്ചു ..

” മെഡിക്കൽ പിജി ചെയ്യുന്നവർ വിവാഹം കഴിച്ച് ഞാൻ കണ്ടിട്ടുണ്ടല്ലോ .. നിങ്ങൾക്ക് അത്ര മോശമല്ലാത്ത സ്റ്റൈഫന്റ് കിട്ടുമെന്ന് എനിക്കറിയാം … ”

” അത് കൊണ്ട് ഒരു ഫാമിലി നോക്കാനൊന്നും തികയില്ല .. എന്റെ മാത്രം സാലറിയല്ലേ ഉണ്ടാകു .. അല്ലെങ്കിൽ തന്നെ ഫാമിലിയിൽ ഇപ്പോ ഇതവതരിപ്പിക്കാൻ കഴിയില്ല .. സാവധാനം പറഞ്ഞു സമ്മതിപ്പിക്കണം … അതിന് എനിക്ക് ടൈം വേണം …..”

” ഏഴെട്ട് മാസം സമയമുണ്ടല്ലോ .. അതിനുള്ളിൽ മതി ….. പക്ഷെ അതിനുള്ളിൽ തന്നെ വേണം … ”

” നടക്കില്ല ആമി …..”

” ശബരി … പിന്നെ തനെന്തിനാ ഈ പാവത്തിനെ വഞ്ചിച്ചത് …. ”

” ഞാൻ പറഞ്ഞല്ലോ .. ഞാനാരെയും വഞ്ചിച്ചിട്ടില്ല … ഈ കുഞ്ഞ് വേണ്ട എന്നല്ലേ പറഞ്ഞുള്ളു … വിവാഹം ചെയ്യില്ല എന്ന് പറഞ്ഞില്ലല്ലോ ….”

” ഇവളുടെ അച്ഛനും അമ്മയും എത്ര കഷ്ടപ്പെട്ടിട്ടാ ഇങ്ങോട്ടയച്ചതെന്നറിയോ .. കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരാ .. കുറേ കടമൊക്കെ വാങ്ങിയ ഇങ്ങോട്ട് പഠിക്കാനയച്ചത് … ഇവിടെ നല്ല മാർക്കിൽ പാസായാൽ ഈ ക്യാമ്പസിൽ തന്നെ ജോലി കിട്ടും … ആ പ്രതീക്ഷയിലിരിക്കുന്ന സാധുക്കളാ അവർ … ഇതൊക്കെ അറിഞ്ഞാ .. ആ പാവങ്ങൾ തകർന്നു പോകും ….” അഭിരാമി സങ്കടത്തോടെ പറഞ്ഞു ..

” അവരെയൊന്നും അറിയിക്കണ്ട .. ഇതത്ര വലിയ കാര്യമൊന്നുമല്ല … ഒരു ദിവസത്തെ കാര്യമേയുള്ളു .. ഇവിടെ വേണ്ട … ഞങ്ങടെ ഹോസ്പിറ്റലിൽ ചെയ്യാം … ” ശബരി പറഞ്ഞു ..

അഭിരാമി മാധുരിയെ നോക്കി …

” ഇല്ല ആമി …. ഞാൻ സമ്മതിക്കില്ല … എന്റെ കുഞ്ഞിനെ ഞാൻ കളയില്ല…. ” മാധുരി വാശി പിടിച്ചു …

” മധൂ … നിനക്കെന്താ പറഞ്ഞാൽ മനസിലാകില്ലെ … ” ശബരിയുടെ ഒച്ചയുയർന്നു ….

അതുകൂടിയായപ്പോൾ മാധുരിയുടെ കരച്ചിലിന്റെ ശക്തി കൂടി …..

” ശബരീ … അറ്റ്ലീസ്റ്റ് നിനക്കിവളെ രജിസ്റ്റർ മരേജ് ചെയ്തു കൂടെ ……” ആമി ചോദിച്ചു ..

അവന്റെ കണ്ണുകളൊന്നു പിടഞ്ഞു ..

” ഇപ്പോ … അതിന്റെ ആവശ്യമെന്താ … ഒരു വർഷം കൂടിയുണ്ട് എന്റെ പിജി കഴിയാൻ .. നിങ്ങൾക്കും ഒന്നൊന്നര വർഷമല്ലേ ഉള്ളൂ .. അത് കഴിഞ്ഞ് എല്ലാവരുടെയും സമതത്തോടെ നടത്തിയാൽ പോരെ …..” അവൻ ചോദിച്ചു …

” അത് പറ്റില്ല ശബരീ …. അബോർഷൻ ചെയ്താലും ഇല്ലെങ്കിലും ഇത്രയുമായ സ്ഥിതിക്ക് നീയവളെ രജിസ്റ്റർ മാരേജ് എങ്കിലും ചെയ്യണം … ” ആമി തറപ്പിച്ച് പറഞ്ഞു ..

അവൻ അൽപനേരം നോക്കിയിരുന്നു ..

” താനൊന്ന് പുറത്തേക്ക് വന്നേ …. ” ശബരി ആമിയെ വിളിച്ചു … എന്നിട്ട് റൂമിന് പുറത്തേക്കിറങ്ങി

അവൾ മാധുരിയെ ഒന്നു നോക്കി … പിന്നെ സമാധാനമായിട്ട് ഇരിക്ക് എന്ന് കണ്ണടച്ച് കാണിച്ചിട്ട് ശബരിയുടെ പിന്നാലെ ചെന്നു ..

ആളൊഴിഞ്ഞ കോറിഡോറിന്റെ അറ്റത്തേക്കാണ് അവനവളെ കൂട്ടിക്കൊണ്ട് പോയത് …

ശബരിയും അഭിരാമിയും അഭിമുഖം നിന്നു …

” ആമി…. ഞാനിത്ര സമയം ഇവിടെ നിന്നത് എന്റെ മര്യാദ … അല്ലാതെ അവളെ കണ്ടിട്ടോ , അവളുടെ ഗർഭം കണ്ട് പേടിച്ചിട്ടോ ഒന്നുമല്ല …. ”

അഭിരാമി അമ്പരപ്പോടെ അവനെ നോക്കി ..

” ഞാനിതൊക്കെ ഒരു പാട് കണ്ടതാ .. എല്ലാവർക്കും സൊല്യൂഷനും ഉണ്ടാക്കി കൊടുത്തിട്ടുണ്ട് .. ഞാൻ കൊടുക്കുന്ന കംഫർട്ട് ആഗ്രഹിച്ച് ഒരു പാട് പെണ്ണ്ങ്ങൾ എന്റെ പിന്നിലുണ്ട് .. നീ കൂട്ടുകാരിയോട് പറഞ്ഞേക്ക് ഇപ്പോഴാണെങ്കിൽ ഇത് ചോരയായിട്ട് ഒഴുക്കി കളയാം … വൈകിയാൽ അറുത്ത് മാറ്റാൻ പറ്റാത്ത ട്യൂമറാകും … ”

” യു ബ്ലഡി ചീറ്റ്….. ” അഭിരാമിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു …

” ഞാനാരെയും ചീറ്റ് ചെയ്തിട്ടില്ല .. ഞാനവളെ ഫോർസു ചെയ്തിട്ടുമില്ല .. ഞാനൊന്നു തൊടും മുന്നേ വീഴാൻ നിന്ന മരമായിരുന്നു അവൾ … പ്രിക്വോഷൻ ഞാനെടുക്കാമെന്ന് പറഞ്ഞപ്പോൾ അവളാ പറഞ്ഞത് , അവൾക്ക് എന്നെ ഒരു ബാരിയറുമില്ലാതെ വേണമെന്ന് .. അവൾ പിൽസ് എടുത്തോളാമെന്ന് പറഞ്ഞു … എന്നിട്ടെന്താ അവളത് എടുത്തില്ലേ .. നീ തന്നെ നിന്റെ ഫ്രണ്ടിനോട് ചോദിക്ക് സത്യമല്ലേന്ന് ….” അവൻ വഷളൻ സ്വരത്തിൽ പറഞ്ഞു ..

” ഛെ ……..” അഭിരാമിക്ക് അറപ്പ് തോന്നി ..

അവൻ കൗശലത്തോടെ ചിരിച്ചു …

” എനിക്കറിയാമായിരുന്നു താനവളെ വഞ്ചിക്കുമെന്ന് … ഞാനവളെ വാർൺ ചെയ്തതാ … എന്നിട്ടും … ” അഭിരാമി നിരാശയോടെ പറഞ്ഞു ..

” യെസ് … എനിക്കറിയാം നീ ബുദ്ധിയുള്ളവളാണ് .. മിടുക്കിയുമാണ് …. മാധുരിയെക്കാൾ സുന്ദരിയുമാണ് …. ” ശബരി അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു ..

” നീ പറഞ്ഞ പോലെ വിവാഹത്തിന് ഞാൻ സമ്മതിക്കാം .. ഇപ്പോ ഈ നിമിഷം വേണമെങ്കിലും .. എന്റെ പാരന്റ്‌സിനെയും വിളിക്കാം …..”

അഭിരാമി പ്രതീക്ഷയോടെ അവനെ നോക്കി …

” പക്ഷെ വധു അവളല്ല ആമി .. നീ .. നീയാണെങ്കിൽ ഞാൻ സമ്മതിക്കാം .. നിന്നെയെനിക്ക് അത്ര ഇഷ്ടമാണ് ആമി .. അന്നെനിക്ക് അബദ്ധമാണ് പറ്റിയത് .. ചോര പുരണ്ട് കിടന്ന നിന്നെ ഞാൻ ശ്രദ്ധിച്ചില്ല .. ശ്രദ്ധിച്ചിരുന്നെങ്കിൽ നീയായിരുന്നേനെ എന്റെ പെണ്ണ്… വെറും കാമുകിയല്ല … ഞാൻ താലികെട്ടുന്ന പെണ്ണ് … സ്റ്റിൽ ആമി നിനക്ക് സമ്മതമാണെങ്കിൽ …..”

അവൻ പറഞ്ഞു തീരും മുന്നേ പടക്കം പൊട്ടും പോലെ അഭിരാമിയുടെ കൈ അവന്റെ കവിളത്ത് പതിഞ്ഞു …

” എടീ …. ” അവൻ അലറി …

അടുത്ത നിമിഷം ഒരടി കൂടി അവന്റെ കവിളത്ത് വീണു ….

പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ എന്ത് വേണമെന്നറിയാതെ അവനും പതറി…

” നിന്നെ ഞങ്ങൾ വെറുതേ വിടില്ല …. ഇറങ്ങിപ്പോടാ ചെറ്റേ…………..” അഭിരാമി അലറി ..

അപ്പോഴേക്കും ആരൊക്കെയോ അവർക്കു ചുറ്റും കൂടിയിരുന്നു … അവൻ തല താഴ്ത്തി അവർക്കിടയിലൂടെ ഇറങ്ങി പോയി …

പിന്നീട് മാധുരി പല വട്ടം വിളിച്ചിട്ടും അവനെ കിട്ടിയില്ല .. മൂന്നാല് ദിവസങ്ങൾ കടന്ന് പോയി …

ഒരു ദിവസം രാത്രി ഉണർന്നപ്പോൾ അഭിരാമി കണ്ടത് കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച മാധുരിയെയാണ് …

തക്ക സമയത്ത് കണ്ടത് കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയി രക്ഷപ്പെടുത്തി ..

ആത്മഹത്യാ ശ്രമമായത് കൊണ്ട് ഹോസ്പിറ്റൽ അധികൃതർ പോലീസിനെ അറിയിച്ചു ..

പോലീസ് വന്നപ്പോൾ അഭിരാമി എല്ലാ സത്യവും പറഞ്ഞു … മാധുരിയോട് എല്ലാം പോലീസിനോട് തുറന്ന് പറയണമെന്ന് അവൾ ശട്ടം കെട്ടി ..

തുടർന്ന് അഭിരാമി മാധുരിയെ കൊണ്ട് പോലീസിൽ ഒരു പരാതി നൽകിച്ചു ….

രണ്ട് ദിവസങ്ങൾ കൂടി കടന്നു പോയി …

മൂന്നാം ദിവസം ബാംഗ്ലൂർ മെഡിക്കൽ കോളേജിന് മുന്നിൽ കർണാടക പോലീസ് ജീപ്പ് ബ്രേക്കിട്ടു ..

സർജറി ഡിപ്പാർട്ട്മെന്റിലേക്ക് നടന്നു വരുന്ന കാക്കി ധാരികൾക്കൊപ്പം അഭിരാമിയും വരുന്നത് , റൗണ്ട്സിന് പോകാനിറങ്ങിയ ശബരി കണ്ടു …

അവനെങ്ങോട്ടെങ്കിലും മാറും മുന്നേ , അഭിരാമി അവനെ പോലീസിന് കാട്ടിക്കൊടുത്തു …

* * * * * * * * * *

ആത്മഹത്യക്ക് പ്രേരിപ്പിച്ചതും സ്ത്രീ പീഡനവും ഉൾപ്പെടെ പല കേസുകൾ അവന് മേൽ ചാർത്തപ്പെടും എന്ന് പോലീസ് പറഞ്ഞു …

അത് വേണ്ടെങ്കിൽ മാധുരിയെ വിവാഹം ചെയ്യണം ….

കേസിൽ നിന്ന് രക്ഷപ്പെടാൻ മറ്റ് മാർഗങ്ങളൊന്നുമില്ല …

ഒടുവിൽ കർണാടക പോലീസിന്റെ സാനിധ്യത്തിൽ ശബരി മാധുരിയെ വിവാഹം ചെയ്തു …. ഇരുവീടുകളിലും അറിയിക്കാനുള്ള ഏർപ്പാടുകൾ പോലീസ് തന്നെ ചെയ്തു ..

അവരുടെ തന്നെ ഏർപ്പാടിൽ ഒരു വീടും ശരിയാക്കി കൊടുത്തു ..

മാധുരി ശബരിക്കൊപ്പം അങ്ങോട്ട് താമസമായി … വീട്ടിൽ തനിച്ചായ അഭിരാമി കോളേജ് ഹോസ്റ്റലിലേക്ക് മാറി .. മാധുരി എല്ലാ വിശേഷങ്ങളും അഭിരാമിയെ അറിയിക്കുമായിരുന്നു ..

ശബരിയുടെ അച്ഛനും അമ്മയും വന്ന് വഴക്കിട്ട് പിണങ്ങി പോയെന്നും തന്റെ അച്ഛനും അമ്മയും വന്നു ,കുറേ കരഞ്ഞു .. തന്നെ വീട്ടിലേക്ക് വിളിച്ചെങ്കിലും ശബരി വരാൻ കൂട്ടാക്കത്തത് കൊണ്ട് കൂടെ പോയില്ലെന്നും അവൾ അഭിരാമിയെ അറിയിച്ചു ..

ദിവസങ്ങൾ പിന്നെയും കടന്നു പോയി …

മറ്റൊരു പ്രഭാതത്തിൽ അഭിരാമി ഉണർന്നത് മറ്റൊരു ദുരന്തം കേട്ടുകൊണ്ടാണ് ..

(തുടരും )

 

Click Here to read full parts of the novel

4.4/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!