രുദ്രൻ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് പോയതും ഡെയ്സിയും അനുവുമെല്ലാം ഓടി അന്നയ്ക് അരികിലെത്തി.
“ഈ മാരണത്തെ ഇങ്ങോട്ട് കെട്ടിയെടുത്ത കാര്യം ആർക്കെങ്കിലും എന്നോടൊന്ന് പറയത്തില്ലായിരുന്നോ…..”
അന്നയുടെ ദയനീയമായ ചോദ്യത്തിന് നാലു പേരും രൂക്ഷമായി അവളെ നോക്കി. വിദ്യ പറഞ്ഞു.
“മിണ്ടരുത് കുരിപ്പേ, ഇന്നലെ രാവിലെ ആ മൊതലിനെ ഇവിടെ കണ്ടപ്പോൾ തൊട്ട് നിന്നെ ഒന്ന് അറിയിക്കാൻ ശ്രെമിച്ചോണ്ടിരുന്നതാണ് ഞങ്ങൾ. മൊബൈൽ സ്വിച്ചഡ് ഓഫ്. ലാൻഡ് ഫോണേലോട്ട് മാഡത്തിനെ വിളിക്കാനും പാടില്ല. വന്നപ്പോൾ പറയാൻ തുടങ്ങിയതല്ലേ, അപ്പോഴേക്കും അവളുടെ ഒരു വീരവാദവും. ”
അടുത്ത സീൻ ക്യാന്റീനിൽ ആയിരുന്നു.ഇന്ന് ക്ലാസുകൾ ബഹിഷ്കരിക്കാൻ തീരുമാനമായി.
“അന്നമ്മോ നിന്റെ സമയം തീരെ ശരിയല്ലെന്നാണ് തോന്നുന്നേ. അല്ലേൽ ഈ സമയത്ത്, ആ കരുണൻ സാർ പോവാനും ഈ കോന്തനെ തന്നെ ഇങ്ങോട്ട് കെട്ടിയെടുക്കാനും ഒക്കെ കാരണം എന്താ ”
ഡെയ്സി പറയുന്നത് കേട്ടു ചിത്ര ചാടിക്കേറി പറഞ്ഞു.
“അങ്ങേരെ കോന്തൻ എന്നൊന്നും പറയാതെടി. എന്തൊരു ഫിഗർ ആണ്. ഓഹ്… കണ്ണെടുക്കാതെ അങ്ങ് നോക്കിയിരുന്നു പോവും ”
ഒരു പുഞ്ചിരിയോടെ, ആരാധനയോടെ രുദ്രനെ മനസ്സിൽ ഓർത്ത ചിത്ര ഒരു നിമിഷം കഴിഞ്ഞാണ് അവളെത്തന്നെ നോക്കുന്ന നാല് ജോഡി കണ്ണുകളെ കണ്ടത്.
“ഈ പിടക്കോഴിയും കൂവിത്തുടങ്ങി മോളെ ”
അനു പറഞ്ഞത് കേട്ടു അന്ന ചിത്രയെ നോക്കി
“എന്നാൽ ഈ പിടക്കോഴിയെ ഞാൻ ചട്ടിയിൽ ആക്കും ”
“എന്നാ പിന്നെ നിനക്കിവിടെ കോഴിക്കറി വെക്കാനേ നേരം കാണൂ ”
“കോമഡിക്കാതെ അയാളുടെ ഡീറ്റെയിൽസ് പറയെടി ”
അന്ന പറഞ്ഞത് കേട്ടു അനു തുടങ്ങി.
“ഏതോ കോലോത്തെ തമ്പുരാൻ ആണെന്നാണ് കേട്ടത്. പേര് രുദ്രദേവ്. ഒരേയൊരു അനിയത്തി ആദിലക്ഷ്മി. നമ്മുടെ അമൃതകൊച്ചമ്മയുടെ ‘ക്ലോസ്’ ഫാമിലി ഫ്രണ്ട് ആണ്. രുദ്രൻ സർ ഒക്കെ ബാംഗ്ലൂർ ആയിരുന്നത്രേ. ആദി ലക്ഷ്മി ഇവിടെ ഹോസ്റ്റലിൽ നിന്നാണ് ഇത് വരെ പഠിച്ചത്.. ”
“അങ്ങേര് കെട്ടിയതാണോ ”
അന്ന അനുവിനെ നോക്കി
“അങ്ങേരു കെട്ടിയതൊന്നുമല്ല. പക്ഷേ അമൃത അങ്ങേർക്ക് വേണ്ടി നല്ലൊരു ഷുഗർ ഫാക്ടറി ആൾറെഡി ഉണ്ടാക്കി വെച്ചിട്ടുണ്ട്ന്നാണ് കേട്ടത് ”
അനു പറഞ്ഞു നിർത്തി. അനുവിന്റെ കസിൻ അമൃതയുടെ ക്ലാസ്സിൽ ആണ്. അവിടെ നിന്നാണ് ഞങ്ങൾ അമൃതയ്ക്ക് പാര വെക്കാൻ വേണ്ടിയുള്ള ഡീറ്റെയിൽസ് ഒക്കെ ചൂണ്ടാറുള്ളത്.
“അങ്ങേർക്ക് തിരിച്ചെങ്ങിനെയാ.. ”
അന്ന ചോദിച്ചു
“അതിനെ പറ്റി വല്യ ഐഡിയ ഇല്ല്യാ. പക്ഷേ അമൃതയുമായി നല്ല ഫ്രണ്ട്ലി ആണെന്നാണ് കേട്ടത് ”
അനുവിന്റെ മറുപടി കേട്ടതും അന്ന പറഞ്ഞു.
“അവളുടെ ഷുഗർ ഫാക്ടറി ഞാൻ അടിയോടെ മറിച്ചിടും ഞാൻ നിങ്ങൾ നോക്കിക്കോ ”
“എന്താ നിന്റെ പ്ലാൻ? അയാളുടെ അടുത്ത് അധികം കളിക്കാൻ നിൽക്കണ്ടാട്ടൊ. അന്ന് കണ്ടതല്ലേ. ദേഷ്യം വന്നാൽ അയാൾ നിന്നെ ചുരുട്ടി കൂട്ടും. ”
വിദ്യ പറഞ്ഞു.
“ഞാൻ രുദ്രദേവനെ പ്രേമിക്കാൻ പോവുന്നു ”
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം പൊട്ടിച്ചിരി ഉയർന്നു. അന്നയുടെ രൂക്ഷമായ നോട്ടത്തിൽ എല്ലാവരും ചിരി നിർത്തി.
“എന്റെ പൊന്നോ നീയിങ്ങനെ കോമഡി പറഞ്ഞിട്ടല്ലേ ഞങ്ങൾ ചിരിച്ചത്. നീ അങ്ങേരെ പ്രേമിച്ചിട്ട് എന്നാത്തിനാ അന്നക്കൊച്ചേ. അങ്ങേര് നിന്നെ ഈ ജന്മം തിരിച്ചു പ്രേമിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.ഒന്നാമതേ അങ്ങേർക്ക് നിന്നെ കാണുമ്പോൾ കലിയാണ്.അതിന്റെ കൂടെ ആ അമൃത എന്തായാലും നിനക്കിട്ടു പാരയും പണിയും. അങ്ങേര് നിന്നെ തിരിഞ്ഞു നോക്കാൻ പോണില്ല ”
ഡെയ്സിയുടെ പറച്ചിൽ അന്നയിൽ വാശി കൂട്ടിയതേയുള്ളു. അവൾ പറഞ്ഞു.
“ഈ അന്ന ഒന്ന് തീരുമാനിച്ചാൽ അത് നടത്തിയിരിക്കും.. ”
“നീ എന്താ ഉദ്ദേശിക്കുന്നത്. ഇനി അഥവാ അയാൾ നിന്നെ പ്രേമിച്ചുന്നു തന്നെ ഇരിക്കട്ടെ. എന്നിട്ട് നീ അയാളെ കെട്ടുമോ? ”
അനുവാണ്.
“കെട്ടും. എന്റെ മുഖത്ത് അടിച്ച ആ കൈ കൊണ്ടു തന്നെ അയാൾ എന്റെ കഴുത്തിൽ മിന്നു കെട്ടിയിരിക്കും ”
അന്നയുടെ സ്വരം ദൃഢമായിരുന്നു.
ആരും ഒന്നും മിണ്ടിയില്ല. പിന്നെ വിദ്യയാണ് ചോദിച്ചത്. അന്നയുടെ എടുത്തു ചാട്ടങ്ങളെ ഒരു പരിധി വരെ അവളാണ് നിയന്ത്രിക്കാറുള്ളത് എപ്പോഴും.
“നീ എന്തൊക്കെയാണ് പറയുന്നതെന്ന് നിനക്കറിയാമോ അന്ന. നിന്റെ പേരന്റ്സ്… അവരെക്കുറിച്ചു നീ ഓർത്തോ ”
അന്ന ആദ്യം ഒന്നും മിണ്ടിയില്ല പിന്നെ പതിയെ പറഞ്ഞു.
“അയാളെ എനിക്ക് ഈ ജന്മം മറക്കാൻ പറ്റത്തില്ല. എനിക്കയാളോട് പ്രേമം ഒന്നുമില്ല. പക്ഷേ അയാൾ എന്റെതായില്ലെങ്കിൽ ഇതൊരു കരടായി എന്റെ ഉള്ളിൽ എന്നുമുണ്ടാവും. മറ്റൊന്നും ഞാൻ ഇപ്പോൾ ആലോചിക്കുന്നില്ല ”
ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ടു ആരും ഒന്നും മിണ്ടിയില്ല. ചില കാര്യങ്ങളിൽ അന്ന ഇങ്ങനെയാണ്. അവളുടെ അനാവശ്യമായ വാശികളെകുറിച്ചും കടും പിടുത്തങ്ങളെ കുറിച്ചും അവർക്ക് നന്നായി അറിയാം.
“അതേടി, നിന്റെ പ്രേമ ഭാജനം വരുന്നു ”
ചിത്ര പറഞ്ഞത് കേട്ടാണ് എല്ലാവരും നോക്കിയത്. രുദ്രനും ആദിലക്ഷ്മിയും, കൂടെ അമൃതയും എന്തൊക്കെയോ പറഞ്ഞു കൊണ്ടു ക്യാന്റീനിലേക്ക് കയറി വരുന്നു. അന്നയുടെ നേരെ നോക്കി അമൃത എന്തോ പറഞ്ഞത് കേട്ടു രുദ്രൻ ചിരിച്ചു. അന്നയുടെ മുഖം മുറുകി.
“എന്റെ അന്ന കൊച്ചേ നീ ആ വാശി ഒക്കെ കളഞ്ഞു അങ്ങോട്ട് നോക്കിയേ. അങ്ങേരുടെ ആ ഹൈറ്റിനും ലുക്കിനും ഒക്കെ അമൃത തന്നെയാണ് മാച്ച്. നിനക്ക് നല്ല ചുള്ളൻ അച്ചായനെ വേറെ കിട്ടാഞ്ഞിട്ടാണോ ”
അമൃതയെയും രുദ്രനെയും തന്നെ നോക്കിയിരിക്കുകയായിരുന്നു അന്ന. ഡെയ്സിയുടെ വാക്കുകൾ കേട്ടു അന്നയുടെ മുഖം മാറി. അവൾ എന്തോ പറയാൻ തുടങ്ങുന്നതിനിടയിലാണ് അമൃത രുദ്രനോട് എന്തോ പറഞ്ഞു അന്നയുടെ അടുത്തെത്തിയത്.
“ഓഹ് രാജകുമാരി എഴുന്നള്ളിയായിരുന്നോ. ഞാൻ വിചാരിച്ചു ഇനി ഇങ്ങോട്ടില്ലന്നു. പിന്നെ നാണം എന്ന് പറയുന്നത് നിന്റെ അടുത്ത് കൂടി പോയിട്ടില്ലല്ലോ. പറഞ്ഞിട്ട് കാര്യമില്ല.”
അന്ന ഒന്നും മിണ്ടിയില്ല.
“എന്താടി, നിന്റെ നാവ് ഇറങ്ങി പോയോ. രാജകുമാരിയുടെ വീട്ടിൽ നിന്ന് ആരും വന്നില്ലേ മകളെ തല്ലിയത് ചോദിക്കാൻ? നീ നിന്റെ തന്ത ആ കിളവൻ മാത്തച്ചനെയും കൊണ്ടു വരുമെന്നാണ് ഞാൻ കരുതിയത്. അയാൾ വന്നില്ലേ? ”
അമൃത ചോദിച്ചതും അവളുടെ മുഖത്തൊരു പടക്കം പൊട്ടി. ശബ്ദം കേട്ടു എല്ലാവരും നോക്കിയപ്പോൾ കണ്ടത് കവിളും പൊത്തി നിൽക്കുന്ന അമൃതയെ ആയിരുന്നു. രുദ്രനും ആദിയും വന്നു അമൃതയെ പുറത്തേക്ക് കൂട്ടി കൊണ്ടു പോയി. രുദ്രൻ തീ പാറുന്ന ഒരു നോട്ടം അന്നയ്ക്ക് നേരെ വിട്ടെങ്കിലും അന്ന ഒട്ടും പതറിയില്ല.
ആരും ഒന്നും സംസാരിച്ചില്ല. വിചാരിച്ചത് പോലെ തന്നെ കുറച്ചു കഴിഞ്ഞപ്പോൾ അന്നയുടെ ഫോണിലേക്ക് ഒരു കാൾ വന്നു. കാൾ കട്ട് ചെയ്തു അവൾ പറഞ്ഞു.
“സൂസൻ മാഡത്തിന്റെ വിളി വന്നു ഞാൻ ചെന്നു പാരിതോഷികം വാങ്ങിയേച്ചുo
വരാം ”
അവൾ പ്രിൻസിയുടെ റൂമിലേക്ക് നടന്നു. കൂടെ ചെന്ന അവരെ അവൾ തിരിച്ചയച്ചു.
റൂമിന്റെ മുൻപിൽ എത്തിയതും അവൾ സംസാരം കേട്ടിരുന്നു. അവളെ കണ്ടതും പ്രിൻസി ഫയറിങ് തുടങ്ങി. അന്നയുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. അമൃതയുടെ അടുത്തായി നിൽക്കുന്ന രുദ്രനെ അവൾ നോക്കിയതേയില്ല.
“അമൃതയ്ക്ക് പരാതി ഒന്നുമില്ല. തല്ക്കാലം ആൻ അമൃതയോടൊരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളു. ”
സൂസൻ മാഡം പറഞ്ഞ ഉടനെ തന്നെ അന്ന പറഞ്ഞു.
“ഇല്ല മാം ഞാൻ സോറി പറയത്തില്ല. എന്റെ അപ്പന് പറഞ്ഞിട്ടാണ് ഞാൻ അവളെ അടിച്ചത്. എന്റെ അപ്പനെ പറഞ്ഞാൽ ഞാൻ കേട്ടു നിൽക്കത്തില്ല. അതാരായാലും. ”
രുദ്രനെ ഒന്ന് നോക്കിയാണ് അവളത് പറഞ്ഞത്. അവൾ പറഞ്ഞത് കേട്ടു പ്രിൻസിയുടെ മുഖം ഒന്ന് വിളറിയെങ്കിലും പെട്ടെന്നു തന്നെ അവർ ഗൗരവം വീണ്ടെടുത്തു പറഞ്ഞു.
“എന്നാലും മുഖത്ത് അടിക്കുക എന്നൊക്കെ പറഞ്ഞാൽ തെറ്റ് തന്നെയാണ് ആൻ ”
“ഇല്ല മാം, ഞാൻ സോറി പറയത്തില്ല. മാം ഇതിന്റെ പേരിൽ എന്ത് ആക്ഷൻ വേണമെങ്കിലും എടുത്തോളൂ ”
പറഞ്ഞിട്ട് അന്ന പുറത്തേക്ക് നടന്നു.
“അന്നാ…. ”
സൂസൻ മാഡത്തിന്റെ വിളി കേട്ടെങ്കിലും അവൾ നിന്നില്ല.
ഒരു നിമിഷം അവൾ പോയത് നോക്കി നിന്നിട്ട് സൂസൻ രുദ്രനോട് പറഞ്ഞു.
“ആക്ഷൻ എടുക്കുകയാണെങ്കിൽ രണ്ടു പേർക്കുമെതിരെ എടുക്കണം. എന്തു ചെയ്യണം? ”
“ഇട്സ് ഓക്കേ മാഡം. അമൃതയ്ക്ക് പരാതിയൊന്നുമില്ല ”
രുദ്രൻ പ്രിൻസിയോടായി പറഞ്ഞിട്ട് അമൃതയെ നോക്കി
“അമൃത ക്ലാസ്സിൽ പൊയ്ക്കോളൂ.. ”
രുദ്രനെ ഒന്ന് നോക്കിയിട്ട് അമൃത പുറത്തേക്ക് പോയി. അവളുടെ മുഖത്തെ ദേഷ്യം രുദ്രൻ കണ്ടിരുന്നു.
അമൃത പോയതും സൂസൻ രുദ്രനോട് പറഞ്ഞു.
“രുദ്രാ ഐ ആം….. ”
സൂസനെ പൂർത്തിയാക്കാൻ
അനുവദിക്കാതെ രുദ്രൻ പറഞ്ഞു
“സാരമില്ല ആന്റി എനിക്ക് മനസിലാവും.. ”
“അവൾ…അവര് തമ്മിൽ ഇനിയും ഇതിന്റെ പേരിൽ പ്രശ്നം ഉണ്ടാവും. എപ്പോഴും അമൃതയാണ് അവളെ പ്രകോപിപ്പിക്കുന്നത്. അന്നയെ ഞാൻ ന്യായീകരിക്കുകയല്ല.പക്ഷേ… ‘
“എനിക്കറിയാം ആന്റി. ഞാൻ നോക്കിക്കോളാം. ”
“ദേവേട്ടൻ….? ”
“അച്ഛൻ സുഖമായിട്ടിരിക്കുന്നു. വിശ്രമജീവിതം ആസ്വദിക്കുന്നു ”
“ഞാൻ അന്വേഷിച്ചതായി പറയണം. സീത വിളിച്ചിരുന്നു എന്നെ ”
“അപ്പച്ചിയും ചെറിയച്ഛനും എല്ലാം വരുന്നുണ്ട് അമ്മയുടെ ആണ്ടിന് ഈ തവണ ”
സൂസന്റെ ഭാവവ്യത്യാസം രുദ്രൻ കണ്ടില്ല.
സംസാരം കഴിഞ്ഞു രുദ്രൻ പുറത്തേക്ക് പോയപ്പോഴും സൂസൻ തോമസ് ആലോചനയിൽ തന്നെ ആയിരുന്നു.
അന്ന എല്ലാവരുടെയും കൂടെ ഇരുന്നെങ്കിലും നിശബ്ദയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു എഴുന്നേറ്റു നടന്നു.
വണ്ടിയുടെ അടുത്തേക്ക് നടക്കുന്നതിനിടയിലാണ് എതിരെ വരുന്ന ആദിലക്ഷ്മിയെ അന്ന കണ്ടത്. അന്നയെ നോക്കിയ ആ മുഖത്തെ പരിഭ്രമവും പേടിയും കണ്ടിട്ട് അന്നയ്ക് ചിരിയാണ് വന്നത്.തന്നെ നോക്കി ചിരിക്കുന്ന അന്നയെ കണ്ട് ആദ്യമൊന്ന് അന്താളിച്ചെങ്കിലും പതിയെ ആദിലക്ഷ്മിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. അവളെ നോക്കി ഒന്ന് കണ്ണിറുക്കി അന്ന വണ്ടിയെടുത്തു വിട്ടു.എന്തോ ആദിയുടെ മുഖം കാണുമ്പോൾ അറിയാതെ ഒരടുപ്പം തോന്നുന്നു.
പതിവ് കുരുത്തക്കേടുകൾ ഒന്നും പുറത്തെടുക്കാതെ ഹാളിൽ ടീവി ചാനലുകൾ മാറ്റി കൊണ്ടിരുന്ന അന്നയെ ത്രേസ്യാമ്മ എടുത്തു കുടഞ്ഞെങ്കിലും അവൾ ഒന്നും വിട്ടു പറഞ്ഞില്ല. കോളേജിലെ കാര്യങ്ങൾ ഒക്കെ വൈകാതെ അമ്മച്ചിയുടെ ചെവിയിൽ എത്തുമെന്ന് അവൾക്കു ഉറപ്പായിരുന്നു.
അന്ന് രാത്രിയും അവൾക്കു ഉറക്കം വന്നില്ല. രുദ്രൻ തന്നെ കാരണം. പ്രേമമൊന്നുമില്ല എന്ന് അവരോടൊക്കെ പറഞ്ഞെങ്കിലും, അത് അവൾ സ്വന്തം മനസിനോട് പറഞ്ഞ കള്ളം ആണെന്ന് അവൾക്കറിയാമായിരുന്നു. ആദ്യമായി ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ തന്നെ, ഉള്ളിലെവിടെയോ ഇതു വരെ ആരോടും തോന്നാതിരുന്ന, പേരറിയാത്ത ഒരു ഫീലിംഗ് അവൾ തിരിച്ചറിഞ്ഞതാണ്. അയാളെ ഇഷ്ടപ്പെടാൻ ഒരു കാരണം പോലും ഇല്ല. പക്ഷേ എന്തോ ഒന്ന് അയാളെ മനസ്സിൽ തന്നെ തടഞ്ഞു നിർത്തുന്നു. ഡെയ്സി പറഞ്ഞത് ശരിയാണ് താൻ ഒരു തരത്തിലും അയാൾക്ക് മാച്ച് അല്ല. അയാൾ ഒരിക്കലും തന്നെ സ്നേഹിക്കാനും പോവുന്നില്ല. പക്ഷേ……
പിറ്റേന്ന് കോളേജ് ലീവ് ആയത് കൊണ്ടു താമസിച്ചാണ് എഴുന്നേറ്റത്. ഫ്രഷ് ആയി കിച്ചണിലോട്ട് നടക്കുമ്പോൾ ഓർത്തു ഇന്ന് ത്രേസ്യാകൊച്ചിന്റെ ബാൻഡ് മേളം ഉണ്ടായിരുന്നില്ലല്ലോ .കിച്ചണിൽ ഉണ്ടായിരുന്ന നിമ്മിയെ പിറകിലൂടെ ചെന്നു കെട്ടിപിടിച്ചപ്പോൾ അവൾ പറഞ്ഞു.
“രാവിലെ തന്നെ പതപ്പിക്കല്ലേ കൊച്ചേ, ചായ വേണേൽ അതാ എടുത്തു കുടിക്ക് ”
ഒരു ഇളിഞ്ഞ ചിരിയോടെ ചായ കപ്പിലേക്ക് ഒഴിക്കുമ്പോൾ അന്ന പറഞ്ഞു.
“ചീറ്റിപോയല്ലേ…. ”
അവളെ നോക്കി നിമ്മി ഒന്ന് ചിരിച്ചു.
“എവിടെ പോയി പട്ടാളം ത്രേസ്യാമ്മ. രാവിലെ കണി കാണിക്കാൻ വന്നില്ലായിരുന്നു ”
“അമ്മച്ചി കേക്കണ്ട കൊച്ചേ, നിന്റെ പരിപ്പെടുക്കും. ആന്റി വന്നിട്ടുണ്ട്. അവിടെ ഹാളിൽ നിന്റെ കേസ് വിസ്താരമാണ് ”
“എന്റീശോയെ…… ”
നിമ്മി പറഞ്ഞത് കേട്ടു അന്ന ചായ കപ്പ് അവിടെ തന്നെ വെച്ച് പുറത്തേക്ക് ഓടി. ഹാളിൽ ഇരിക്കുന്നവരുടെ കണ്ണിൽ പെടാതെ മറഞ്ഞു നിന്നു. അവിടതാ മാത്തുക്കുട്ടിയുടെയും ത്രേസ്യാമ്മയുടെയും എതിരെയുള്ള സോഫയിൽ സൂസൻ തോമസ്. അന്നയുടെ കോളേജ് പ്രിൻസിപ്പൽ, മാത്തുക്കുട്ടിയുടെ ഇളയ സഹോദരി. അവർ കാണാതെ വാതിലിന്റെ മറവിലേക്ക് നീങ്ങി നിൽക്കുന്നതിനിടയിലാണ് ആ വാക്കുകൾ അന്നയുടെ ചെവിയിൽ വീണത്.
“രുദ്രന് അറിയോ അന്ന ഇവിടുത്തെയാണെന്ന് ”
ത്രേസ്യാമ്മയാണ്.
“എനിക്ക് പറയേണ്ടി വന്നു. പിന്നെ ശ്രീദേവി ചേച്ചിയുടെ ആണ്ടിന് അവരെല്ലാം വരുന്നുണ്ട്. സീതയും ”
ത്രേസ്യാമ്മയുടെ മുഖം മാറിയത് അന്ന കണ്ടു. അമ്മച്ചിയെ ഇത്ര നിസ്സഹായയായി അന്ന കണ്ടിട്ടേയില്ല.
“നീ എന്നാത്തിനാ ത്രേസ്യാക്കൊച്ചേ ഇങ്ങനെ വിഷമിക്കുന്നത്…? ”
മാത്തുക്കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി ത്രേസ്യാമ്മ പറഞ്ഞു.
“ഇച്ചായന് എന്റെ ദെണ്ണം മനസിലാവുകേലാ. അന്നേ ഞാൻ പറഞ്ഞതാണ് കൊച്ചിനെ നല്ലൊരുത്തന്റെ കൂടെ കെട്ടിച്ചയക്കാൻ.. ”
“അതിന് അവളുടെ ഇഷ്ടം കൂടി നോക്കണ്ടായോ. എന്റെ കൊച്ചിന് ഇഷ്ടമില്ലാത്തതിനൊന്നും ഞാൻ കൂട്ടു നിൽക്കുകേല ”
സൂസൻ എന്തോ പറയാൻ തുടങ്ങിയതും നിമ്മി ചായയുമായി എത്തി.
“അങ്കിൾ എവിടെ ആന്റി..? ”
നിമ്മിയുടെ ചോദ്യം കേട്ടു സൂസൻ അവളെ നോക്കി പറഞ്ഞു.
“ഇച്ചായൻ എന്നെ ഇവിടെ വിട്ടിട്ടാണ് പോയേക്കുന്നത്. നമ്മുടെ സണ്ണിച്ചായന്റെ മോളുടെ കല്യാണം അല്ല്യോ. അവിടെ ഒന്ന് കയറിയേച്ചും വരാമെന്ന് പറഞ്ഞു. ”
അവരുടെ ചർച്ചകളുടെ ഇടയിലേക്ക് അന്ന കയറി ചെന്നെങ്കിലും കോളേജിലെ കാര്യങ്ങളെ പറ്റി ആരും ഒന്നും അവളോട് ചോദിച്ചില്ല. ത്രേസ്യാമ്മ പതിവില്ലാതെ നിശബ്ദയായത് അവൾ ശ്രെദ്ധിച്ചു.
സൂസൻ ആന്റിയും ജോൺ അങ്കിളും വൈകുന്നേരം ആണ് തിരിച്ചു പോയത്. അവരെ യാത്രയാക്കി റൂമിലേക്ക് നടക്കുമ്പോഴാണ് ആൽബി ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ടത്. അവൾ അരികിലേക്ക് വരുന്നത് കണ്ടതും ഒരു പരുങ്ങലോടെ അവൻ ഫോൺ വെച്ചു.
“എന്താണ് ആൽബി മോനെ ഒരു ചുറ്റിക്കളിയുടെ മണമടിക്കുന്നുണ്ടല്ലോ. ചേച്ചിയുടെ ഹെൽപ് വല്ലതും വേണോ?. പക്ഷേ സർവീസ് ചാർജ് നിർബന്ധമാണ്. ”
അന്നയുടെ ചോദ്യം കേട്ടു അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി എഴുന്നേറ്റു കൊണ്ടു അവൻ പറഞ്ഞു.
“അവളുടെ ഒരു സർവീസ്. എന്റെ വണ്ടീടെ പെയിന്റ് പോക്കിയത് ഞാൻ മറന്നിട്ടില്ല കേട്ടോടീ ”
അവന്റെ പോക്ക് കണ്ടു അന്ന മനസ്സിൽ പറഞ്ഞു.
“എന്തോ കള്ളത്തരം ഉണ്ടല്ലോടാ ഇച്ചായാ. സാരമില്ല ഞാൻ പിടിച്ചോളാന്നേ ”
ആൽബി ഒരു കാര്യവും അവളോട് മറച്ചു വെക്കാറില്ല. നല്ല ഫ്രണ്ട്സ് കൂടിയാണവർ.
അപ്പോഴാണ് അവൾ രാവിലെ കേട്ട കാര്യങ്ങളെ കുറിച്ച് ഓർത്തത്. ഇവർക്കൊക്കെ എങ്ങിനെയാണ് രുദ്രനെ പരിചയം. എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട്. കണ്ടു പിടിക്കണം .
പിറ്റേന്ന് അന്ന നല്ല കുട്ടിയായി, പതിവിലും നേരത്തെ കോളേജിൽ എത്തി. ഫസ്റ്റ് അവർ രുദ്രനായിരുന്നു ക്ലാസ്സിലേക്ക് വന്നത്.
(തുടരും)
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission