അഭിരാമി ചുറ്റും നോക്കി … താൻ ചതിക്കപ്പെട്ടു കഴിഞ്ഞു എന്നവൾക്ക് ഉറപ്പായി ..
ഒരു വിറയലോടെ അവൾ വാതിലിനു നേർക്ക് കൈനീട്ടി … എന്തും വരട്ടെ എന്ന് കരുതി അവൾ ലോക്കെടുത്തു …
അവൾ വാതിൽ തുറന്നതും വിനയ് കതക് തള്ളിത്തുറന്ന് അകത്ത് കയറി ..
സാരി കൊണ്ട് ശരീരം പുതച്ച നിലയിൽ അഭിരാമി നിന്നു .. അവൾക്ക് പിന്നിലായി പരുങ്ങലഭിനയിച്ച് ശബരിയും ..
അകത്തേക്ക് കയറിയതും വിനയ് കൈയിൽ കരുതിയിരുന്ന തടികൊണ്ട് അവന്റെ കഴുത്തിന് താഴെയായി പ്രഹരമേൽപ്പിച്ചു ..
അപ്രതീക്ഷിതമായ ആ അടിയിൽ ശബരി തറയിലേക്ക് മലർന്നു വീണു …
” എന്നെയൊന്നും ചെയ്യരുത് .. അഭിരാമി വിളിച്ചിട്ടാ ഞാൻ ……” അവൻ അത് പറഞ്ഞു തീരും മുൻപേ വിനയ് യുടെ ഷൂവണിഞ്ഞ കാൽ അവന്റെ മുക്കും വായും പൊത്തി ചവിട്ടി ഞെരിച്ചു …
ശബരിക്ക് ശ്വാസം മുട്ടി … അവന്റെ കണ്ണ് തുറിച്ചു വന്നു ….
അവൻ കൈയ്യും കാലുമിട്ടടിച്ചു …
അഭിരാമി പേടിച്ചു മുഖം പൊത്തി കരഞ്ഞു .. ശബരിയിപ്പോൾ വിനയേട്ടന്റെ കൈ കൊണ്ട് മരിക്കും എന്ന് തന്നെ അവൾ കരുതി …
വിനയ് കാൽ വലിച്ചെടുത്തു ..
ശബരി തറയിൽ നിന്ന് ഉയർന്ന് എഴുന്നേറ്റു , കുനിഞ്ഞിരുന്നു ചുമച്ചു ..
” എഴുന്നേറ്റ് പോടാ …. എന്റെ സമനില തെറ്റിയാൽ നിന്റെ ശവമേ ഇവിടുന്ന് പുറത്ത് പോകു …….” വിനയ് അലറി …
ശബരി തറയിൽ നിന്ന് എഴുന്നേറ്റു … അവൻ വില്ല് പോലെ വളഞ്ഞു പോയി …
വേച്ച് വേച്ച് അവൻ മുറിക്ക് പുറത്തേക്കിറങ്ങിപ്പോയി ….
വിനയ് ബെഡിലേക്കിരുന്നു … അഭിരാമി ശില പോലെ ചുമർ ചാരി നിന്നു ..
വിനയ് ബാഗ് വലിച്ചെടുത്ത് , അതിൽ നിന്ന് ഒരു പോസ്റ്റ് കവർ വലിച്ചെടുത്തു ..
” നിനക്കിവനെ വിവാഹത്തിന് മുൻപ് അറിയാമായിരുന്നോ …?” വിനയ് സൗമ്യനായി ചോദിച്ചു ..
” ഉവ്വ് ……. ” അവൾ വിതുമ്പിപ്പോയി ..
” അറിയാമായിരുന്നിട്ടും എന്റെ മുന്നിൽ നിങ്ങൾ അപരിചിതരായി അഭിനയിച്ചു അല്ലേ ……?”
” വിനയേട്ടാ .. അത് ….”
” ങും …….. വേണ്ട ….” അവൻ കൈയെടുത്തു തടഞ്ഞു …
” ഞാൻ ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാൽ മതി .. പരസ്പരം അറിയാമായിരുന്നിട്ടും എന്റെ മുന്നിൽ അഭിനയിച്ചു അല്ലെ …. ”
അതെ എന്നവൾ തലയാട്ടി …… പിന്നെ പൊട്ടിക്കരഞ്ഞു ….
വിനയ് കവറിൽ നിന്ന് ഫോട്ടോസ് എടുത്ത് ബെഡിലേക്കിട്ടിട്ട് താഴേക്കിറങ്ങിപ്പോയി ….
സമയം ഇഴഞ്ഞു നീങ്ങി … അഭിരാമി താഴേക്കിറങ്ങി വന്നില്ല .. വിനയ് മുകളിലേക്കും പോയില്ല …
മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഗേറ്റിൽ ഒരു ഹോൺ കേട്ടു ..
ആരെന്നു നോക്കുവാൻ വിനയ് എഴുന്നേറ്റതും , മുകളിൽ നിന്ന് അഭിരാമി പടിയിറങ്ങി വന്നു ..
ഹാന്റ് ബാഗും , മറ്റൊരു ചെറിയ ബാഗും അവളുടെ കൈയിലുണ്ടായിരുന്നു ..
” ഞാൻ വിളിച്ച ടാക്സിയാ വന്നത് … . വിനയേട്ടനെന്നെ ഇറക്കി വിടുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല … അതു കൊണ്ട് ഞാനായിട്ട് തന്നെ പോകുവാ .. വിനയേട്ടൻ കെട്ടിയ താലിയും , കല്ല്യാണപ്പുടവയും പിന്നെ ആദി ഇട്ടിരുന്ന ഡ്രസും ഒരു ടോയിയും ഞാനെടുത്തു … അതെനിക്ക് വേണം വിനയേട്ടാ … ഇത് മാത്രം തിരികെ ചോദിക്കരുതെ … ഇനിയുള്ള കാലം ജീവിക്കാൻ എനിക്കിതേയുള്ളു …ആദിയെ കണ്ടിട്ട് പോകാൻ കഴിയില്ല എനിക്ക് .. അവൻ കരയും .. ഞാനും .. അതാ ഇപ്പോ തന്നെ പോകാം ന്ന് വച്ചത് …..” അത്രയും പറഞ്ഞിട്ട് അവൾ മുറ്റത്തേക്കിറങ്ങി ഗേറ്റിന് നേർക്ക് നടന്നു പോയി …
വിനയ് സോഫയിലേക്കിരുന്നു … അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു …
* * * * * * * * * * * * * * * * *
തൊട്ടരികിൽ ആദിയുടെ കരച്ചിൽ കേട്ടാണ് വിനയ് കണ്ണുതുറന്നത് …
തലക്കു മുകളിൽ കറങ്ങുന്ന ഫാൻ ….
അവൻ കണ്ണു തിരുമ്മി എഴുന്നേറ്റു …
ജനാർദ്ധനനും തൊട്ടു പിന്നാലെ ആദിയെ എടുത്തു കൊണ്ട് സരളയും ഹാളിലേക്ക് കയറി വന്നു …
” എടാ … മോനേ … എന്താടാ ഉണ്ടായത് .. ആമി മോളുടെ അമ്മ വിളിച്ചപ്പോഴാ ഞങ്ങൾ വിവരം അറിയുന്നത് .. നിനക്ക് അപ്പോ എന്നെയൊന്ന് വിളിക്കാമായിരുന്നില്ലേ … ഇവിടെ വന്ന് താമസിച്ചത് ആ തെണ്ടിയാണെന്ന് ഞാനറിഞ്ഞില്ല ….. ഛെ ….” ജനാർദ്ധനൻ അരിശത്തോടെ പറഞ്ഞു ..
വിനയ് അച്ഛനെ നോക്കി …
” മംമാ ………… മംമാ ………” സരളയുടെ കൈയ്യിലിരുന്ന് നാലു ചുറ്റും നോക്കി ആദി വിതുമ്പിക്കരഞ്ഞു …
രണ്ടു കൈയ്യും അവൻ നീട്ടി പിടിച്ചിട്ടുണ്ട് .. അവന്റെ മമ്മ വന്ന് അവനെ എടുക്കുമെന്ന് കരുതി …
” നീ കാര്യമറിയാതെ ആമി മോളെ ഇറക്കി വിടരുതായിരുന്നു … എന്താ ഉണ്ടായതെന്ന് ഒരു വാക്ക് ചേദിക്കാമായിരുന്നു അവളോട് …. ” സരള കുറ്റപ്പെടുത്തി …
” ഞാനാരെയും ഇറക്കി വിട്ടിട്ടില്ലമ്മേ … അവൾ തന്നെയിറങ്ങി പോയതാ .. . ”
” നീയവളെ സംശയിച്ചിട്ടാണ് … ഞാൻ നിന്നോട് കല്യാണത്തിന് മുന്നേ പറഞ്ഞതല്ലേ അവളുമായി തനിച്ചൊന്ന് സംസാരിക്കാൻ … അപ്പോ നീ കേട്ടില്ല … ” സരള പറഞ്ഞു …
” നീയറിയാതെ പോയ കുറേ കാര്യങ്ങളുണ്ട് മോനെ … ആമിമോൾക്കൊരു കൂട്ടുകാരിയുണ്ട് .. മാധുരി … ആ കുട്ടിയുടെ ഭർത്താവാ നിന്റെ കൂട്ടുകാരൻ ശബരി .. ആ കുട്ടിയെ ഗർഭിണിയാക്കി കടന്നു കളയാൻ പോയ ഇവനെ പോലീസിനെക്കൊണ്ട് പിടിപ്പിച്ച് അതിനെ തന്നെ കല്ല്യാണം കഴിപ്പിച്ചത് ആമിയാ … അതിന്റെ പകയവന് ആമിയോടാണ് .. അവൾക്ക് വന്ന കല്ല്യാണാലോചന മുഴുവൻ അവൻ മുടക്കി … അവന് ആമിയെ കെട്ടണം … കല്ല്യാണമേ വേണ്ട എന്ന് പറഞ്ഞ് നിന്നതാ ആമിമോൾ .. അപ്പോഴാ നമ്മുടെ ആലോചന ചെന്നത് .. ഇതിന് എന്തുകൊണ്ടോ ആമി സമ്മതം മൂളി .. കല്യാണം ആകാറായപ്പോ , ആമിയുടെ കോളേജിലെ സാറാന്നും പറഞ്ഞു ഇവന്റെയൊരു ശിങ്കിടി മുടക്കാൻ വന്നതാ .. അവൻ ചെന്നത് വിമലിന്റെയടുത്തും … അവൻ നല്ല പെട കൊടുത്തു വിട്ടു ……” ജനാർദ്ധനൻ പറഞ്ഞു ..
” ഇതൊന്നും എന്നോട് ആരും പറഞ്ഞില്ലല്ലോ ….” വിനയ് ചോദിച്ചു ..
” അതിനല്ലേ നിന്നോട് ആമിയെ പോയി കാണാൻ പറഞ്ഞത് .. ഞങ്ങൾ പറയാം എന്ന് പറഞ്ഞപ്പോൾ ആമി പറഞ്ഞു അവൾക്ക് നേരിട്ട് പറയണമെന്ന് .. അതാ നല്ലതെന്ന് ഞങ്ങൾക്കും തോന്നി ….” ജനാർദ്ധനൻ പറഞ്ഞു ..
” ഇവനെ കണ്ടപ്പോഴെ പ്രീത പറഞ്ഞതാ എവിടെയോ കണ്ട് പരിചയം തോന്നുന്നു എന്ന് .. അന്നാ ഫോട്ടോയിൽ കണ്ടതാ .. പക്ഷെ അതിലിത്ര വണ്ണമില്ലായിരുന്നല്ലോ .. അത് കൊണ്ട് മനസിലായതുമില്ല .. ” സരള പറഞ്ഞു …
” ഏത് ഫോട്ടോ ……..?.” വിനയ് സരളയെ നോക്കി ..
” മാധുരിയുടെ കല്യാണ ഫോട്ടോ … ഞങ്ങൾ രണ്ടാമത് ആമിയെ കാണാൻ പോയപ്പോ , ആ കൊച്ചും ബാംഗ്ലൂരിൽ നിന്ന് വന്നിരുന്നു .. നമ്മളവര് പറഞ്ഞാൽ വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതിയാവും … ആ കൊച്ച് കല്യാണ ഫോട്ടോയും , മാരേജ് സർട്ടിഫിക്കറ്റും വരെ ഞങ്ങളെ കൊണ്ട് വന്ന് കാണിച്ചു .. പാവം ആ പെങ്കൊച്ചിന്റെ വലതുകാൽ എടുത്ത് കളഞ്ഞില്ലേ ആ കുരുത്തം കെട്ടവൻ .. അവന് ഞാനെന്റെ കൈ കൊണ്ട് ചോറും വിളമ്പിക്കൊടുത്തല്ലോയെന്റെ കുന്നത്തൂരപ്പാ … ” സരള നെഞ്ചിൽ കൈവച്ച് പഴി പറഞ്ഞു….
” കല്യാണം കഴിഞ്ഞ് ഇതുവരെ അവളിത് എന്നോട് പറഞ്ഞിട്ടില്ല …. ” വിനയ് പറഞ്ഞു ..
” അവൾക്ക് പറയാൻ പറ്റിയില്ലാന്നും പറഞ്ഞ് സങ്കടപ്പെട്ട് നടക്കുന്നു എന്ന് പ്രീത പറയുന്നുണ്ടായിരുന്നു .. ” കരയുന്ന ആദിയുടെ മുതുകത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് സരള പറഞ്ഞു .
ശരിയാണ് … കുറച്ചധികം സംസാരിക്കാനുണ്ടെന്ന് അവൾ പലവട്ടം പറഞ്ഞതാണ് … പല കാരണങ്ങൾ കൊണ്ട് അത് കഴിയാതെ പോയി ..
” നീയവളെ ചെന്ന് കൂട്ടിക്കൊണ്ട് വാ മോനേ …. ” ജനാർദ്ധനൻ പറഞ്ഞു ..
” ഞാനല്ലല്ലോ ഇറക്കി വിട്ടത് .. എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും നിൽക്കാതെ അവളല്ലേ ഇറങ്ങിപ്പോയത് …… ” വിനയ് നിരാശയോടെ പറഞ്ഞു ..
” സ്വന്തം ഭാര്യയെ അങ്ങനെയൊരു സിറ്റ്വോഷനിൽ കണ്ടാൽ , ഭർത്താവ് എങ്ങനെ പ്രതികരിക്കുമെന്നറിയാമല്ലോ .. അതുകൊണ്ടാവും അവൾ മുന്നേ ഇറങ്ങിയത് … നീയവളോട് യാതൊന്നും ചോദിച്ചുമില്ലല്ലോ ……. അവളെയവൻ കരുതിക്കൂട്ടി ചതിച്ചതാ .. അവൾ നിന്നോട് വീട്ടിലേക്ക് വരുന്ന കാര്യം വിളിച്ചു പറഞ്ഞിരുന്നല്ലോ .. അത് നീ ശബരിയോട് പറഞ്ഞോ …..” ജനാർദ്ധനൻ ചോദിച്ചു ..
” എന്നെയവൾ വിളിച്ചതൊന്നുമില്ല … ”
” വിളിച്ചൂന്നാ ആമി മോൾ പറഞ്ഞത് .. എന്നോടും പറഞ്ഞിട്ടാ അവൾ കോളേജിൽ നിന്ന് വന്നത് … നീ തിരക്കിലായത് കൊണ്ട് ഏതോ അറ്റന്റർനെ കൊണ്ടല്ലേ നീ ഫോണെടുപ്പിച്ചത് …..” സരള ചോദിച്ചു
” ഞാനാരെക്കൊണ്ടും ഫോണെടുപ്പിച്ചില്ല .. കോൾ ലിസ്റ്റിൽ അവൾ വിളിച്ച കോളുമില്ല … ” അവൻ പറഞ്ഞു ..
” എന്തോ ഒരു ചതി നടന്നു മോനേ .. ആമി മോൾ പറഞ്ഞത് , നീ വന്ന് ഡോറിൽ മുട്ടിയപ്പോൾ ബെഡിനടിയിൽ നിന്ന് അവൻ ഉരുണ്ട് ഇറങ്ങി വന്നൂന്നാ … നീയാ സമയത്ത് തന്നെ അവിടെയെത്തി അവളെയങ്ങനെ കണ്ടപ്പോ ……” സരള പറഞ്ഞു തീരും മുൻപേ വിനയ് ചാടിയെഴുന്നേറ്റു …
” അമ്മയെന്താ പറഞ്ഞു വരുന്നേ .. ഞാനവളുടെ അവിഹിതം കണ്ടു പിടിക്കാനൊന്നുമല്ല അവിടുന്ന് ചാടി പുറപ്പെട്ടത് … അവളെന്തോ അപകടത്തിലാണെന്ന് തോന്നിയത് കൊണ്ടാ …. ഒരുമിനിറ്റ് ..” പറഞ്ഞിട്ട് അവൻ മുകളിലേക്ക് കയറിപ്പോയി ..
തിരിച്ചിറങ്ങി വന്നത് ഒരു കവറുമായിട്ടാണ് ..
അവനത് ടീപ്പോയിലേക്ക് കുടഞ്ഞിട്ടു ..
അഭിരാമിയുടെയും ശബരിയുടെയും ഫോട്ടോസായിരുന്നു അത് ..
” ഇതിന്ന് രാവിലെ എനിക്കാരോ ഹോസ്പിറ്റലിലേക്ക് അയച്ചതാ .. ഇതയച്ചവരുടെ ഉദ്ദേശം സത് ഉദ്ദേശമല്ലെന്ന് എനിക്കറിയാമായിരുന്നു .. ഞാൻ വീട്ടിലേക്ക് വരാൻ വേണ്ടി ബാഗെടുക്കാൻ ഡ്രസിംഗ് റൂമിൽ കയറിയപ്പോഴാ ദാ ഇതെന്റെ കൈയിൽ കിട്ടിയത് .. ” അവൻ പോക്കറ്റിൽ നിന്നൊരു ചെറിയ കക്ഷണം പേപ്പർ എടുത്തു ..
” ഇത് സ്പീഡ് പോസ്റ്റിൽ അയച്ചതിന്റെ റെസീറ്റാണ് .. ദാ ഈ പോസ്റ്റ് കവറിലെയും ഈ റെസീറ്റിലേയും നമ്പർ ഒന്നാണ് .. അഡ്രസും … അതായത് ഹോസ്പിറ്റലിൽ എന്റെയൊപ്പം ഉള്ള ആരോ അയച്ചതാണ് ഈ ഫോട്ടോസ് .. അതിനു തൊട്ടു മുൻപ് അറ്റന്റർ അരുൺ എന്നെ ചൂണ്ടയിൽ കൊളുത്താനെന്ന പോലെ ആമിയെയും ശബരിയെയും ഒരുമിച്ച് കണ്ടു എന്ന് പറഞ്ഞു .. എനിക്ക് ഒരു പന്തികേട് തോന്നിയത് കൊണ്ടാ , ഞനാദ്യം ആമിയെ വിളിക്കാൻ ഫോണെടുത്തിട്ട് അതുപേക്ഷിച്ചത് .. അവളെന്തെങ്കിലും അപകടത്തിലാണെങ്കിൽ ഒരു പക്ഷെ എന്റെ ഫോൺ കോൾ പോലും അവളെ കൂടുതൽ അപകടപ്പെടുത്തിയേക്കും .. അതു കൊണ്ട് എസ്എംഎസ് അയച്ച് ചോദിക്കാം എന്ന് കരുതി മേസേജ് ബോക്സ് തുറന്നപ്പോൾ കോൾ സമ്മറി വന്ന് കിടപ്പുണ്ടായിരുന്നു .. ആമിയെ ആരോ എന്റെ ഫോണിൽ നിന്ന് വിളിച്ചിരിക്കുന്നു .. 57 സെക്കന്റ് സംസാരിച്ചിട്ടുണ്ട് .. കോൾ ലിസ്റ്റ് നോക്കിയപ്പോൾ കോൾ കാണാനില്ല .. വിളിച്ച കോൾ ഡിലീറ്റാക്കിയവർക്ക് കാൾ സമ്മറി എനിക്ക് എസ്എംഎസ് വരും എന്നറിയില്ലായിരുന്നു .. ” വിനയ് പറഞ്ഞു ..
” അതാരാ നിന്റെ ഫോണെടുത്ത് വിളിച്ചത് .. അതും നീ പോലും അറിയാതെ … ” ജനാർദ്ധനൻ ചോദിച്ചു ..
” അരുൺ ആവാനാണ് ചാൻസ് .. ചാൻസല്ല ആണ് .. ഞാൻ ഐ സി യു വിൽ ഒരു എമർജൻസി കേസുമായി നിക്കുവാരുന്നു .. ഫോൺ ഡ്യൂട്ടി റൂമിലും .. അവിടെയുണ്ടായിരുന്ന നർസിംഗ് സ്റ്റുഡൻസിനോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ആ സമയത്ത് ,ശബരിയും അരുണുമാണ് ഡ്യൂട്ടി റൂമിൽ ഉണ്ടായിരുന്നതെന്നാ .. അരുണിന് പാസ് വേർഡ് അറിയാം .. തീയറ്ററിൽ നിൽക്കുമ്പോൾ അവരെ കൊണ്ടാ ഫോൺ എടുപ്പിക്കാറ് .. ” വിനയ് പറഞ്ഞു ..
” നീ പോയ് ആമിയെ കൂട്ടീട്ട് വാ മോനേ .. പാവം ആ കുട്ടി ഒരു പാട് സങ്കടപ്പെടുന്നുണ്ടാവും .. ” സരള പറഞ്ഞു ..
“എനിക്ക് പറ്റില്ല .. ഞാൻ പറഞ്ഞോ അവളോട് ഇറങ്ങിപ്പോകാൻ .. രണ്ട് ദിവസം കഴിയുമ്പോ അവള് പോയ പോലെ തിരിച്ചു വരും ….” വിനയ് പറഞ്ഞു ..
ആദിയപ്പോഴും സരളയുടെ തോളിൽ ചാഞ്ഞ് കിടന്ന് ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു ..
ജനാർദ്ധനൻ ടീപ്പോയിൽ നിന്ന് ഒന്ന് രണ്ട് ഫോട്ടോസ് എടുത്ത് നോക്കി …
” ഇതൊക്കെ വല്ല മോർഫിംഗും ആയിരിക്കും മോനേ …. ”
” അതേ അച്ഛാ … ഫോട്ടോയുടെ ക്വാളിറ്റി കണ്ടാലറിഞ്ഞുകൂടെ … ഇതൊന്നും നാലഞ്ച് വർഷം മുൻപുള്ള ഫോട്ടോസല്ല .. പഴയ സ്റ്റിൽസ് പുതിയ ടെക്നിക്കിലൂടെ ഡെവലപ്പ് ചെയ്തതാണ് .. ”
” അവനിനിയും ആമി മോളെ ഉപദ്രവിക്കും മോനെ …. ” സരള പേടിയോടെ പറഞ്ഞു ..
വിനയ് ഇല്ലെന്ന് തലയാട്ടി ..
” ഞാൻ ജീവിച്ചിരിക്കുമ്പോ അവനവളെ ഒന്നും ചെയ്യില്ല … പക്ഷെ എനിക്ക് തോന്നുന്നത് ആമിയൊരു മറ മാത്രമാണെന്നാ .. അവന്റെ ലക്ഷ്യം മറ്റാരോ ആണ് … ”
” ആര് ………. ?” ജനാർദ്ധനൻ ചോദിച്ചു ..
” ഒന്നും പറയാറായിട്ടില്ലച്ഛാ.. എനിക്ക് കോമയിൽ നിന്ന് റിക്കവർ ആയി വരുന്ന ഒരു പേഷ്യന്റുണ്ട്.. ആ കുട്ടി ചില സമയങ്ങളിലൊക്കെ വല്ലാതെ റിയാക്ട് ചെയ്യുന്നു .. ആ സമയങ്ങളിലൊക്കെ അവിടെ ശബരിയുടെ പ്രസൻസ് ഉണ്ടായിട്ടുണ്ട് .. അത് ഞാനും ശ്രദ്ധിച്ചു .. അമലാകാന്തിയെ കെയർ ചെയ്യാൻ ഞാനേൽപിച്ച ജിൻസി സിസ്റ്ററും ശ്രദ്ധിച്ചു .. ”
” അതെന്താ മോനേ അങ്ങനെ ….”
” കണ്ടു പിടിക്കണം .. അതിന് ഒന്നുകിൽ ആ കുട്ടി സംസാരിക്കണം .. അല്ലെങ്കിൽ ഈ വീട്ടിലെവിടെയോ ഒരു പെൻഡ്രൈവ് ഉണ്ട് ..അത് കണ്ടെത്തണം ….” വിനയ് ആലോചനയോടെ പറഞ്ഞു ..
” നീ ആദിക്ക് എന്തെങ്കിലും കൊടുക്ക് സരളേ … വൈകിട്ട് മുതൽ ഒന്നും കുടിച്ചിട്ടില്ല .. ” ജനാർദ്ധനൻ പറഞ്ഞു ..
” ഞാൻ കൊടുക്കാഞ്ഞിട്ടാണോ ചേട്ടാ .. അവൻ കുടിക്കണ്ടെ .. വൈകുന്നേരം മുതൽ ആമിയെ പ്രതീക്ഷിച്ച് ഗേറ്റിലേക്ക് നോക്കിയിരുപ്പായിരുന്നു .. കാണാതായപ്പോ കരച്ചിൽ തുടങ്ങി .. ”
ആമി എന്ന് കേട്ടപ്പോൾ , സരളയുടെ തോളിൽ തല ചായ്ച്ച് കിടന്ന ആദി ഉടൻ തല പൊക്കി നോക്കി …
പിന്നെ ഒറ്റവായിൽ കരച്ചിൽ തുടങ്ങി ….
സരള ആദിയുടെ നെറ്റിയിൽ തൊട്ടു നോക്കി ..
” യ്യോ മോനേ … ആദിക്ക് വീണ്ടും പനി തുടങ്ങിയിട്ടുണ്ട് … വീണതിന്റെ പനി പോലും നേരെ കുറഞ്ഞിട്ടില്ലായിരുന്നു .. അപ്പോ ദാ ഇന്നും കരഞ്ഞു പനി കൂട്ടി … ” സരള ആതിയോടെ പറഞ്ഞു ..
വിനയ് വന്ന് തൊട്ടു നോക്കി .. പനിയുണ്ട് ..
അവൻ പോയി തെർമോ മീറ്റർ എടുത്തു കൊണ്ട് വന്ന് ടെംപറേച്ചർ നോക്കി .. പനിയൊരൽപം കൂടിയിട്ടുണ്ട് ..
വിനയ് അവനെ എടുത്തു തോളിൽ ചായ്ച്ചു കിടത്തി … ഇത്തിരി നേരം കരച്ചിലടക്കി പപ്പയുടെ തോളിൽ തല ചായ്ച് കിടന്നിട്ട് അവൻ പിന്നെയും തലപൊക്കി കരച്ചിൽ തുടങ്ങി ..
” രാ രാ …….രാ രാ…..” അവൻ കരച്ചിലിനിടയിൽ പറയുന്നുണ്ടായിരുന്നു …
ആമി വന്ന് പാട്ട് പാടി കൊടുക്കാനാണ് ..
” അമ്മ പോയി പാലെടുത്തിട്ട് വന്നെ … കൊടുത്തു നോക്കട്ടെ .. ” പറഞ്ഞിട്ട് വിനയ് ആദിയെയും കൊണ്ട് മുറ്റത്തിറങ്ങി നടന്നു ..
ഇത്തിരി നേരം കരച്ചിലടക്കിയിരിക്കുമെങ്കിലും ആമിയെ ഒർക്കുമ്പോൾ അവൻ പിന്നേം കരയും …
സരള പാലുമായി വന്നു .. വിനയ് അത് വാങ്ങി കുടിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു …
” നീ പോയി ആമിയെ കൂട്ടീട്ട് വാ മോനേ .. അവളെ കാണാഞ്ഞിട്ടാ ഈ കരച്ചിൽ .. അതിന് വയ്യാതിരിക്കുവല്ലേ .. ഇങ്ങനെ കരയിപ്പിച്ചാ പറ്റുവോ .. ”
വിനയ് ആദിയെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞ് കാറിനടുത്തേക്ക് നടന്നു ..
നിനക്ക് വല്ല നേർച്ചയും ഉണ്ടോടാ ദുഷ്ടാ .. അവളുടെ മുന്നിൽ എന്നെയിങ്ങനെ സ്ഥിരമായിട്ട് തോൽപ്പിച്ചോളാംന്ന് … ഒന്നുമല്ലെങ്കിലും ഞാൻ നിന്റെ തന്തയല്ലേടാ..
വിനയ് കാറെടുത്ത് പോകുന്നത് നോക്കി സരളയും ആദിയും മുറ്റത്ത് നിന്നു ..
* * * * * * * * * * * * * * * * *
സിറ്റിയിൽ നിന്ന് മാറി ഒരു മണിക്കൂർ യാത്രയുണ്ട് ആമിയുടെ വീട്ടിലേക്ക് .. വിനയ് എത്തുമ്പോൾ ഗ്രാമം രാത്രിയുടെ ചിറകിലേക്ക് ഒതുങ്ങിക്കഴിഞ്ഞിരുന്നു ..
അങ്ങിങ്ങ് ഒന്നു രണ്ട് പെട്ടിക്കടകൾ തുറന്നിരിക്കുന്നത് ഒഴിച്ചാൽ തെരുവ് നിശബ്ദമായിരുന്നു …
അവൻ കാർ വേഗത കുറച്ച് വിട്ടു .. അഭിരാമിയുടെ വീടിന് മുന്നിൽ കാർ നിർത്തി ..
ചുറ്റിനുമുള്ള വീടുകളിലെല്ലാം വെളിച്ചമുണ്ടായിരുന്നു .. എന്നാൽ ആ വീട് മാത്രം ഇരുൾ മൂടി കിടന്നു ..
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission