Skip to content

നന്ദ്യാർവട്ടം – ഭാഗം 24

നന്ദ്യാർവട്ടം

അമലാകാന്തിയുടെ കണ്ണുകൾ ദ്രുതം ചലിച്ചു കൊണ്ടിരുന്നു …

വിനയ് അവളുടെ നേർക്ക് തിരിഞ്ഞു ..

” അമലാ ……” അവൻ വിളിച്ചു ..

” മി .. സ് …… മി …. സ് ….” അവൾ പറഞ്ഞു ..

” പറയൂ അമലാ … മിസ് …? ”

” മി …. സ് ……” പിന്നെയവൾ ഇരു വശത്തേക്കും തല ചലിപ്പിച്ചു …

” മിസ് ….. നെ കാണണോ ………” അവൻ ചോദിച്ചു …

അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു ..

” ആ ……”

” കാണണോ …? ” അവൻ വീണ്ടും ചോദിച്ചു …

” ആ …..”

അവളുടെ കണ്ണിൽ നീർ തിളങ്ങി … അവൾ നിസഹയയായി വിനയ് യെ നോക്കി …

” മിസ് വരും കാണാൻ … കേട്ടോ … ” അവൻ അവളുടെ കൈപിടിച്ച് തന്റെ കൈയ്യിൽ വച്ച് മെല്ലെ തട്ടി …

അവളോട് യാത്ര പറഞ്ഞ് അവൻ ഡ്യൂട്ടി റൂമിലേക്ക് വന്നു എങ്കിലും അവന്റെ മനസ് കലുഷിതമായിരുന്നു ..

അമലാ കാന്തിക്ക് എന്തോ പറയുവാനുണ്ട് … അതിന് ആമിയുമായും ചാന്ദ്നിയുമായും എന്തോ ബന്ധമുണ്ട് ….

* * * * * * * * * * * * * * * * *

അഭിരാമിയുടെ മനസ് ആകെ പ്രക്ഷുബ്ധമായിരുന്നു ….

ആദിയെ ഉറക്കി കിടത്തിയിട്ട് അവളവന്റെയരികിൽ കിടന്നു .. ആ മുഖത്ത് തഴുകിയും തലോടിയും ഉമ്മ വച്ചും അവൾ ഉറങ്ങാതെ കിടന്നു ….

വിനയ് ആ സമയം എന്തൊക്കെയോ റഫർ ചെയ്യുകയായിരുന്നു ..

കണ്ണിൽ ഉറക്കം വന്നു ചാമരം വീശിയപ്പോൾ ,അവൻ ബുക്ക്സ് അടച്ചു വച്ച് ,ലാപും അടച്ചു വച്ച് എഴുന്നേറ്റ് വന്നു …

അഭിരാമിയുടെ അടുത്തേക്ക് കയറിക്കിടന്ന് അവളുടെ വയറിലൂടെ കൈ ചുറ്റി …

അവൾ പ്രതികരിച്ചില്ല ….

” തനിക്ക് ചാന്ദ്നി എന്നൊരു കുട്ടിയെ അറിയുമോ …….?” വിനയ് ചോദിച്ചു ..

” ആ … എനിക്കറിയില്ല …..” അവൾ അലസമായി പറഞ്ഞു …

” തന്റെ കോളേജിലെ കുട്ടിയാണ് … അന്ന് തന്നെ കണ്ടപ്പോൾ റസ്പോണ്ട് ചെയ്ത പോലെ അമല ആ കുട്ടിയെ കണ്ടപ്പോഴും റെസ്പോണ്ട് ചെയ്തു ….” അവൻ പറഞ്ഞു ..

” അമല … അമല … അമല … വിനയേട്ടന് ഒന്ന് മിണ്ടാതിരിക്കാൻ പറ്റ്വോ … നമ്മുടെ മോനെ കുറിച്ചെന്താ വിനയേട്ടൻ പറയാത്തത് .. എപ്പഴും ഹോസ്പിറ്റലിലെ കാര്യം … അത് മാത്രം ചിന്തിച്ചാൽ മതി … ” അവൾ അവന്റെ നേരെ കയർത്തു ..

വിനയ് ക്ക് അത് കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത് .. പിന്നെ അവളോട് സഹതാപവും ….

അവളുടെ മനസ് തനിക്ക് മനസിലാകും … താൻ മനസിലാക്കിയില്ലെങ്കിൽ പിന്നെ മറ്റാര് മനസിലാക്കാനാണ് ..

അവൻ അവളെ പിടിച്ച് തനിക്കഭിമുഖം കിടത്തി … അവന്റെ കൈയിൽ തല വച്ച് അവൾ കിടന്നു …

അവന്റെ ചുംബനങ്ങൾ അവളുടെ കണ്ണുനീരിൽ ആണ്ടു പോയി ….

* * * * * * * * * * * * * * * *

പിറ്റേന്ന് വിനയ് ഹോസ്പിറ്റലിലേക്ക് പോയിക്കഴിഞ്ഞ് അഭിരാമി ആദിയെ സരളയെ ഏൽപ്പിച്ച ശേഷം കോളേജിലേക്ക് പോയി …

അവളുടെ മനസ് ഒന്നിലും ഉറക്കുന്നില്ലായിരുന്നു …

ഫസ്റ്റ് പിരീഡ് ക്ലാസ് കഴിഞ്ഞ് അവൾ ഫാക്വൽറ്റിയിൽ ഇരിക്കുമ്പോൾ ചന്ദ്രൻ സർ കയറി വന്നു …

” മിസേ … ദാ ഇതാണ് പതിനെട്ടാം തീയതി , പോകുന്നവരുടെ ലിസ്റ്റ് …. പ്രോഗ്രാം ചാർട്ട് പിന്നെ തരാം ….”

അഭിരാമി അത് വാങ്ങി , പുസ്തകത്തിൽ വച്ചു ….

” ഒരു ലിസ്റ്റ് മിസിന്റെ കൈയിൽ വേണം .. നമ്മൾ കമ്പം മേട്ടിലെ റിസോർട്ടിൽ ഇറങ്ങി ഫ്രഷായിട്ടേ പ്രോഗ്രാം നടക്കുന്നിടത്തേക്ക് പോകു .. കമ്പം മേടു വരെ ഞാൻ ബസിലുണ്ടാവും .. നിങ്ങൾ റിസോർട്ടിലിറങ്ങി ഫുഡ് കഴിച്ച് , എല്ലാവരും ഫ്രഷാകുമ്പോഴേക്കും ഞാൻ ഒരു ടാക്സിയിൽ തേനിയിലെ കോളേജിലേക്ക് പോകും .. പ്രധാന വേദിയിൽ ,നമ്മുടെ കുട്ടികളുടെ ലിസ്റ്റ് കൊടുത്ത് മുന്നേ റിപ്പോർട്ട് ചെയ്യണം … അവരുടെ ചെസ് നമ്പർ വാങ്ങണം ….. മിസും കുട്ടികളും കൂടി പിന്നാലെ ബസിൽ വന്നാൽ മതി …..” ചന്ദ്രൻ സർ പറഞ്ഞു …

അഭിരാമി മിണ്ടാതിരുന്നു … അവൾ ഈ ലോകത്തൊന്നുമല്ല എന്ന് ചന്ദ്രൻ സറിന് തോന്നി …

” മിസേ … ഞാൻ പറഞ്ഞത് വല്ലോം കേട്ടോ …..”

അയാൾ അവളെ തട്ടി വിളിച്ചു …

” എന്താണ് സർ ….” അവൾ മുഷിച്ചിലോടെ ചോദിച്ചു …

” ആ ബെസ്റ്റ് .. അപ്പോ ഞാനാരോടാ ഇത്രേം നേരം സംസാരിച്ചത് …….”

” എന്റെ സാറെ .. എന്നെ ഇതീന്ന് ഒന്ന് ഒഴിവാക്കി തരോ ….” അവൾ കെഞ്ചി …

” മിസ് എന്താ ഈ പറയുന്നേ …. ഇനിയാകെ കുറച്ച് ദിവസമേയുള്ളു .. എല്ലാം അറേഞ്ച് ചെയ്തു .. എസ്കോർട്ടിന് ആരും ഇല്ലെങ്കിൽ പ്രിൻസിപ്പൽ പ്രോഗ്രാം ക്യാൻസൽ ചെയ്യും .. ”

” മറ്റാരെയെങ്കിലും നോക്കു സർ ….”

” ഇനിയതൊന്നും നടക്കില്ല .. മിസിന് അറിയാല്ലോ .. എല്ലാവർക്കും കുടുംബോം കുട്ടികളും ഒക്കെ ള്ളത് കൊണ്ട് അവർക്കാർക്കും വയ്യ.. മിസ് കൂടി പിന്മാറിയാൽ പ്രോഗ്രാം ക്യാൻസലാകും .. ” അയാൾ പറഞ്ഞു ..

” എനിക്കും ഉണ്ട് സർ കുടുംബോം കുട്ടിയുമൊക്കെ ….”

” മിസ് അന്ന് ഇതല്ലല്ലോ പറഞ്ഞത് ….” ചന്ദ്രൻ പരിഹാസത്തിൽ പറഞ്ഞു ..

” അന്ന് ഞാൻ സിംഗിളായിരുന്നു .. ഇപ്പോ അല്ല .. സാറിന് അറിയുന്ന കാര്യം തന്നെയല്ലേ …..” അഭിരാമിക്ക് അയാളുടെ പരിഹാസത്തിന്റെ ധ്വനി മനസിലായി …

” മിസേ .. എനിക്ക് മനസിലാകും …. പക്ഷെ പാവം ആ കുട്ടികൾ എന്ത് പ്രതീക്ഷയിലാ .. ഇത്രേം ക്യാഷ് ചിലവാക്കി , ആളെ വച്ച് റിഹേർസൽ നടത്തിയതൊക്കെ വെറുതേയാവില്ലെ … മാനേജ്മെന്റും പിറ്റിഎ യും കൂടിയാ ഫണ്ട് ഇട്ടത് .. ഇതെല്ലാം പാഴായി എന്നറിഞ്ഞാൽ ഇനിയൊരാവശ്യത്തിന് ഫണ്ട് കിട്ടുമോ .. ആ കുട്ടികളുടെ മനോവീര്യവും കെട്ടു പോകില്ലേ … അവരൊക്കെ വലിയ ത്രില്ലിലാ …..” ചന്ദ്രൻ സർ വിടാൻ ഭാവമില്ലായിരുന്നു …

അഭിരാമിക്ക് തല പൊട്ടുന്നത് പോലെ തോന്നി …..

” ഞാൻ വരാം സർ …. ” അവൾ മടുപ്പോടെ പറഞ്ഞു ..

ഒന്ന് പോയി തരുമോ എന്നൊരു ധ്വനി ആ വാക്കുകളിലുണ്ടായിരുന്നു …

ചന്ദ്രൻ സർ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി … വാതിൽ കടന്നിട്ട് അയാൾ അവളെയൊന്ന് തിരിഞ്ഞു നോക്കി ….

അയാൾ പോയി കഴിഞ്ഞ് അഭിരാമി കുറച്ച് സമയം കൂടി അങ്ങനെ ഇരുന്നു ..

പിന്നെ എഴുന്നേറ്റ് എച്ച്ഒഡിയുടെ ക്യാബിനിലേക്ക് നടന്നു .. ലീവ് എഴുതി കൊടുത്ത ശേഷം അവൾ ബാഗുമെടുത്ത് ഇറങ്ങി ….

* * * * * * * * * * *

ഉച്ചക്ക് വിനയ് യുടെ ഫോണിലേക്ക് ഒരു കാൾ വന്നു …

സേവ് ചെയ്തിട്ടില്ലാത്ത നമ്പർ ..

ട്രൂ കോളറിൽ Dr . നിരഞ്ജന എന്ന് കാണിച്ചു ..

വിനയ് ക്ക് അത്ഭുതം തോന്നി … ഇവളെന്തിനാണ് തന്നെ വിളിക്കുന്നത് ….

അന്ന് പിരിഞ്ഞതിൽ പിന്നെ ഒരിക്കൽ പോലും അവൾ വിളിച്ചിട്ടില്ല .. കുഞ്ഞിനെ കുറിച്ച് അന്വേഷിക്കാൻ പോലും ….

വിനയ് ഒന്ന് ആലോചിച്ചിട്ട് കോൾ അറ്റൻഡ് ചെയ്തു …

” നിരഞ്ജനയാണ് …… ” മറുവശത്ത് നിന്ന് സ്ത്രീ സ്വരം വന്നു …

” പറഞ്ഞോളു …….” അവൻ വിരസമായി പറഞ്ഞു …

” ഭാര്യയെ പറഞ്ഞു വിട്ട് കോംപ്രമൈസിന് ശ്രമിക്കാൻ നാണമില്ലെ … ഞാനറിയുന്ന Dr . വിനയ് ഒരിടത്തും തലകുനിക്കില്ലായിരുന്നല്ലോ . .. തോൽക്കാതിരിക്കാൻ താൻ ഏതറ്റം വരെയും പോകും … അല്ലേ …. ? ” അവൾ പരിഹസിച്ചു …

” മൈൻഡ് യുവർ വേർഡ്സ് …. ഞാനാരെയും പറഞ്ഞു വിട്ടിട്ടില്ല … കോടതിയിലെ കാര്യം കോടതിയിൽ .. അതും പറഞ്ഞ് എന്നെ വിളിക്കണ്ട ….”

” എനിക്കും അത് തന്നെയാ പറയാനുള്ളത് .. വിധി എന്താണെങ്കിലും ആണുങ്ങളെ പോലെ ഫെയ്സ് ചെയ്യണം .. അല്ലാതെ ചീപ്പ് ഈഗോ കാണിച്ച് മുഖം രക്ഷിക്കാൻ വേണ്ടി കളിക്കരുത് … ഇനിയും ഭാര്യയെ പറഞ്ഞ് വിടണമെന്നില്ല … വെയ്ക്കട്ടെ …. Dr . വിനയ് ജനാർദ്ധനൻ ……” അവളൊന്ന് അമർത്തി പറഞ്ഞിട്ട് കാൾ കട്ട് ചെയ്തു കളഞ്ഞു …

വിനയ് യുടെ മുഖം ചുവന്നു .. അഭിരാമി ഇവളെ കാണാൻ പോയോ ….

അവൻ ഫോണെടുത്ത് അഭിരാമിയെ വിളിച്ചു ….

റിങ് കഴിയാറായപ്പോൾ അവൾ ഫോണെടുത്തു …

” നീയെവിടെയാ…. ” അവൻ ഒട്ടും മയമില്ലാതെ ചോദിച്ചു …

” വീട്ടിൽ ………. കോളേജിൽ നിന്ന് ലീവെടുത്തു ..” അവൾ പറഞ്ഞു

അവൻ പല്ല് കടിച്ചു പിടിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തു ..

ഛെ ……

അവൻ അപ്പോൾ തന്നെ ബാഗും കാറിന്റെ കീയുമെടുത്ത് ഇറങ്ങി …

വിനയ് ഒന്നും പറയാതെ കോൾ കട്ട് ചെയ്തത് കൊണ്ട് അവൾ തിരിച്ചു വിളിച്ചു നോക്കി ….

റിങ് ചെയ്തെങ്കിലും അവൻ കോൾ അറ്റൻഡ് ചെയ്തില്ല ..

* * * * * * * * * * * * * * * *

വിനയ് വരുമ്പോൾ അഭിരാമി റൂമിലിരുന്ന് , ആദിയുടെ കുഞ്ഞുടുപ്പുകൾ മടക്കി വയ്ക്കുകയായിരുന്നു …

ആദി ബെഡിൽ കിടന്ന് ഉറങ്ങുന്നുണ്ട് ..

” താഴെ ഡോർ തുറന്നിട്ടിട്ടാണോ നീയിവിടെയിരിക്കുന്നത് .. പിന്നെയെങ്ങനെ ബെഡ് റൂമിൽ ആരെങ്കിലുമൊക്കെ കയറിയിരിക്കാതിരിക്കും …..” അവൻ ദേഷ്യത്തോടെ ബാഗ് മേശയിലേക്കിട്ടു കൊണ്ട് പറഞ്ഞു ….

” എന്താ വിനയേട്ടാ .. വിനയേട്ടനല്ലേ ആയാളെയൊക്കെ ഇവിടെ കയറ്റി താമസിപ്പിച്ചത് ….” അവൾക്കും ദേഷ്യം വന്നു ..

” നീയിന്നെവിടെയാ പോയത് .. ” അവൻ അവളുടെ മുഖത്തേക്ക് ചൂഴ്ന്ന് നോക്കി …

അവളൊന്നും മിണ്ടാതെ നിന്നു …

” ചോദിച്ചത് കേട്ടില്ലേ …..” അവൻ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് തന്റെ മുന്നിലേക്ക് നിർത്തി ..

” പതുക്കെ…. കുഞ്ഞ് ഉണരും ….” വീഴാൻ പോയ അവൾ , ബാലൻസ് ചെയ്ത് നിന്നു കൊണ്ട് അവനോട് ചൂടായി …

” നിന്നോട് ചോദിച്ചതിന് ഉത്തരം പറയെടീ … ”

” നിരഞ്ജനയെ കാണാൻ പോയി …..” വിനയ് വീണ്ടും എന്തോ പറയാൻ തുടങ്ങിയതിനെ മറികടന്ന് അവൾ പറഞ്ഞു ….

രണ്ട് പേരും പരസ്പരം മൂന്നാല് നിമിഷം നോക്കി നിന്നു …

അവൻ അവളുടെ കൈയിലെ പിടി വിട്ടു …

” എന്തിന് …. ”

” ആദിക്കു വേണ്ടി …. ഒരു വാശിക്ക് വേണ്ടിയാണെങ്കിൽ അവന്റെ കുഞ്ഞു മനസിനെ വേദനിപ്പിക്കാതെ ഇതൊഴിവാക്കാൻ …..” അഭിരാമി പറഞ്ഞു ..

” നിന്നോടാരാ പോകാൻ പറഞ്ഞത് ….” വിനയ് ക്ക് ദേഷ്യം വന്നു ..

” ആരും പറഞ്ഞില്ല .. വിനയേട്ടനോട് പറഞ്ഞാൽ സമ്മതിക്കില്ലാന്നും അറിയാമായിരുന്നു .. അത് കൊണ്ടാ പറയാതെ പോയത് …..” അവൾ പറഞ്ഞു ..

” നിനക്കെന്നെ നാണം കെടുത്തിയപ്പോൾ എന്ത് കിട്ടി …….” അവൻ കോപം കൊണ്ട് വിറച്ചു ..

” ശബ്ദം കുറക്ക് വിനയേട്ടാ .. കുഞ്ഞുണരും .. ഈ റൂമിനകത്ത് കേട്ടാൽ പോരെ ….. ഞാനാരെയും നാണം കെടുത്താനല്ല പോയത് .. ഞാൻ പോയത് എനിക്ക് വേണ്ടീട്ടാ .. ആ കിടക്കുന്ന കുഞ്ഞിനെ എനിക്ക് വേണം .. അത് കൊണ്ട് … എന്റെ കുഞ്ഞിനെക്കാൾ വലുതല്ല എനിക്ക് ഈഗോ …” അവൾ കൊള്ളിച്ച് പറഞ്ഞു …

” അതേടി… എനിക്ക് ഈഗോയാണ് … പ്രശ്നങ്ങളുണ്ടാകുമ്പോ നിനക്കും അവൾക്കുമൊക്കെ ഒരേ സ്വരം തന്നെയാ … ” വിനയ് പല്ല് കടിച്ചു ..

” വിനയേട്ടനോട് മത്സരിക്കാനോ തർക്കിക്കാനോ ഞാനില്ല .. ഇത്രയും കാലം ആദിയെ ആവശ്യപ്പെടാതിരുന്ന നിരഞ്ജന , ഇപ്പോൾ ആദിയെ ആവശ്യപ്പെട്ടെങ്കിൽ അതിനൊരു കാരണം ഉണ്ടാകുമെന്ന് എനിക്ക് ആദ്യമേ തോന്നി .. ഇന്നലെ കോർട്ടിൽ വച്ച് , അവർ കഴിഞ്ഞയാഴ്ച ആദി വീണപ്പോൾ ആശുപത്രിയിലാക്കിയതിന്റെ ഫോട്ടോ കോപ്പിയടക്കം കോർട്ടിൽ വച്ചു .. അതെങ്ങനെ അവർക്ക് കിട്ടി എന്ന് വിനയേട്ടൻ ചിന്തിച്ചിട്ടുണ്ടോ … ?”

” ഹോസ്പിറ്റലിൽ നിന്ന് കിട്ടിക്കാണും .. നമ്മൾ പോയത് പ്രൈവറ്റ് ഹോസ്പിറ്റലിലല്ലേ ..അവിടെ അവൾക്കും പരിചയക്കാരുണ്ടാവും ….”

” അവളോട് ആര് പറഞ്ഞു ആദി വീണു എന്ന് ….? ” അഭിരാമി ചോദിച്ചു …

” അതൊന്നും എനിക്കറിയില്ല .. ”

” എന്നാൽ എനിക്കറിയാം … അന്ന് ആ സംഭവത്തിന് സാക്ഷിയായത് നമ്മൾ മൂന്ന് പേരാണ് .. ഞാനും വിനയേട്ടനും പിന്നെ വിനയേട്ടൻ ഇവിടെ കയറ്റി താമസിപ്പിച്ച ശബരിയും … അതിൽ ഞാനും വിനയേട്ടനുമല്ല നിരഞ്ജനയോട് ഒന്നും പറഞ്ഞത് … പിന്നെയുള്ളത് ആരാ …ശബരി ….ഈ ശബരിക്ക് നിരഞ്ജനയെ പരിചയമുണ്ടെന്ന് വിനയേട്ടൻ തന്നെയല്ലെ പറഞ്ഞത് …..?”

വിനയ് ഒന്നും മിണ്ടിയില്ല ..

” അന്ന് ഇവിടെ നടന്നത് തന്നെ ഒരു പ്ലാൻഡ് ഡ്രാമയായിരുന്നു .. ഞാനാദിയെ ഉറക്കി കിടത്തി, പില്ലോയും വച്ചിട്ട് മുകളിൽ തുണി വിരിക്കാൻ പോയിട്ട് വന്നതിനിടയിൽ സംഭവിച്ചതാണ് വിനയേട്ടനിവിടെ കണ്ടതെല്ലാം .. എന്നിട്ട് എനിക്ക് പറയാനുള്ളത് എന്താ എന്ന് പോലും കേട്ടില്ലല്ലോ വിനയേട്ടൻ .. പോട്ടെ അതപ്പോഴത്തെ ടെൻഷനിൽ സംഭവിച്ചു പോയി എന്ന് വയ്ക്കാം . … അന്ന് രാത്രിയോ … ഞാൻ എന്റെ ഭാഗം പറയാൻ വന്നിട്ട് പോലും വിനയേട്ടൻ കേട്ടില്ലല്ലോ …”

” ഇവിടെ അതല്ല വിഷയം … നീയവളെ കാണാൻ പോയതാണ് ……” വിനയ് അവൾക്കു നേരെ ദേഷ്യപ്പെട്ടു …

” അത് തന്നെയാ ഞാൻ പറഞ്ഞോണ്ടു വരുന്നേ … നിരഞ്ജനയെ ആരോ ഇളക്കി വിട്ടതാണ് …. അത് മറ്റാരുമല്ല .. ആ ശബരി ….” അഭിരാമി വെറുപ്പോടെ പറഞ്ഞു ..

” ആയിക്കോട്ടെ .. അവൻ പറഞ്ഞിട്ടായിക്കോട്ടെ അവൾ കോടതിയിൽ പോയത് … നീയെന്തിന് അവളുടെ കാല് പിടിച്ച് എന്നെ നാണം കെടുത്താൻ പോയി …….”

” പറഞ്ഞല്ലോ .. കാല് പിടിക്കാനോ നാണം കെടുത്താനോ അല്ല .. നിങ്ങൾക്കൊക്കെ അതങ്ങനെ തോന്നിയാലും എനിക്കൊന്നുമില്ല … ഞാൻ പോയത് , നിരഞ്ജനക്ക് പിന്മാറാൻ തോന്നുന്നെങ്കിൽ തോന്നട്ടെ എന്ന് കരുതിയിട്ടാണ് .. ഞാനും ഇന്നലെ നിരഞ്ജനയെ കണ്ടതാണല്ലോ … എന്തോ .. കുഞ്ഞിന് വേണ്ടി നീറുന്ന ഒരു മനസാണ് നിരഞ്ജനയെ കോർട്ടിലെത്തിച്ചത് എന്നെനിക്ക് തോന്നിയില്ല .. എന്തോ ഒരു വാശി .. ഒരു പക്ഷെ മനസ് തുറന്ന് സംസാരിച്ചാൽ , അവളുടെ മുന്നിൽ ഒരൽപം തോറ്റു കൊടുത്താൽ ആ വാശി അവൾ ഉപേക്ഷിച്ചെങ്കിലോ എന്നെനിക്ക് തോന്നി …..” അഭിരാമിയുടെ തൊണ്ടയിടറി ..

” ഓ എന്നിട്ടവളതങ്ങ് കേട്ടല്ലോ … ഒരു കാര്യം ഞാൻ പറയാം …എന്തിന് വേണ്ടിയാണെങ്കിലും ഒരുത്തിയുടെയും മുന്നിൽ പോയി , ചവിട്ടി താഴ്ത്താൻ നിന്നു കൊടുക്കണ്ട .. ”

” വിനയേട്ടന് അപ്പോഴും അഭിമാനമാണ് പ്രശ്നം .. അല്ലാതെ നമ്മുടെ കുഞ്ഞല്ല …. അല്ലേ .. ”

” കഴിഞ്ഞ ഒരു വർഷവും രണ്ട് മാസവും , എന്റെ കുഞ്ഞിനെ വളർത്തിയത് ഞാനാ … പ്രസവിച്ചാൽ മാത്രം ഒരുത്തിയും അമ്മയാവില്ല … അതിനെ പോറ്റി വളർത്തണം … ഞാൻ വളർത്തിയ എന്റെ കുഞ്ഞിന് വേണ്ടി , ഞാൻ ഇവളുടെയൊക്കെ കാല് പിടിക്കണോ …. ”

” പിടിക്കേണ്ടി വരും വിനയേട്ടാ … കാരണം നിരഞ്ജന ആദിയുടെ പെറ്റമ്മയാ …” അഭിരാമി പറഞ്ഞു ..

” പെറ്റമ്മ ….. ആ വാക്ക് ഉച്ചരിക്കാൻ പോലും അവൾക്ക് യോഗ്യതയില്ല … ” വിനയ് അമർഷം പൂണ്ടു ..

” എന്തുകൊണ്ടാ ഇല്ലാത്തത് … അവള് പ്രസവിച്ച കുഞ്ഞല്ലേ … കുഞ്ഞിനെ നോക്കേണ്ടത് അമ്മയുടെ മാത്രം കടമയൊന്നുമല്ല .. .”

വിനയ് അഭിരാമിയെ ഒന്ന് നോക്കി …

” അല്ല … അച്ഛന്റെ കൂടി കടമയാണ് .. പക്ഷെ അമ്മ ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട് .. അതെങ്കിലും ചെയ്യണം … ”

” വിനയേട്ടനിത്രയും പറഞ്ഞത് കൊണ്ട് ഞാൻ ചിലത് ചോദിക്കട്ടെ … വിനയേട്ടൻ തന്നെ പലപ്പോഴായി എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് … ആദിയെ ഗർഭിണിയാകുമ്പോൾ നിരഞ്ജന മാനസികമായി ഒരമ്മയാകാൻ തയ്യാറായിരുന്നോ ……?”

വിനയ് മിണ്ടിയില്ല ..

” അല്ല എന്നാണ് വിനയേട്ടൻ പറഞ്ഞതിൽ നിന്ന് ഞാൻ മനസിലാക്കുന്നത് .. വിവാഹം കഴിഞ്ഞ് മൂന്നാം വർഷം നിരഞ്ജന പ്രഗ്നന്റായി … അഞ്ച് വർഷം കഴിഞ്ഞ് മതി ഒരു കുഞ്ഞ് എന്നായിരുന്നു അവളുടെ ആഗ്രഹം .. കാരണം അവൾ ഹയർ സ്റ്റഡീസിന് തയ്യാറെടുക്കുകയായിരുന്നു .. പക്ഷെ പ്രഗ്നന്റായി പോയി… ആദ്യമേ തന്നെ അവളത് ഒഴിവാക്കാൻ നോക്കി .. പക്ഷെ വിനയേട്ടൻ സമ്മതിച്ചില്ല .. അവസാനം മൂന്നാം മാസത്തിൽ , വിനയേട്ടൻ ഏതോ ക്യാമ്പിന് പോയപ്പോ അവളത് അബോർട്ട് ചെയ്യാൻ ശ്രമിച്ചു .. അത് വിനയേട്ടൻ അറിഞ്ഞു .. തടഞ്ഞു ….. അവിടം മുതൽ പ്രശ്നം തുടങ്ങി .. വിനയേട്ടൻ ജോലി രാജി വച്ച് , അവൾക്കൊപ്പം യുകെ യിൽ കൂടെ ചെല്ലണം എന്നവൾ പറഞ്ഞു .. അപ്പോ അവൾക്ക് പഠിക്കാം .. പക്ഷെ വിനയേട്ടൻ അതിന് തയ്യാറല്ല .. വിനയേട്ടന്റെ ജോലി കളയാൻ വയ്യ …. അവളോട് യുകെ യിലെ പഠനം ഉപേക്ഷിക്കാൻ പറഞ്ഞു .. അല്ലെങ്കിൽ ഡെലിവറി കഴിഞ്ഞ് , ആദി കുറച്ച് വലുതായിട്ട് ചെയ്യാമെന്ന് പറഞ്ഞു … നിരഞ്ജനക്ക് അത് പറ്റില്ല .. വിനയേട്ടന്റെ ജോലി പോയാലും നിരഞ്ജനയുടെ അങ്കിളിന്റെ ഹോസ്പിറ്റലിൽ അവർ വിനയേട്ടന് നല്ലൊരു പോസ്റ്റ് വച്ച് നീട്ടിക്കൊണ്ടാ വിളിച്ചത് .. വിനയേട്ടൻ ഒരു തരത്തിലും വഴങ്ങിയില്ല .. അവൾ പിണങ്ങി പോയി .. വിനയേട്ടൻ കോംപ്രമൈസിന് ശ്രമിച്ചു ..പക്ഷെ അവൾ വഴങ്ങിയില്ല .. യുകെ യിലെ ഹയർ സ്റ്റഡീസ് ഒഴിവാക്കാൻ അവൾ തയ്യാറല്ലായിരുന്നു .. അവസാനം ഡിവോർസിൽ അവസാനിച്ചു ..എന്നിട്ടോ …? ആദിയെ വിനയേട്ടനാണോ നോക്കിയെ… അവന് വേണ്ടി വിനയേട്ടൻ ഒരു ദിവസമെങ്കിലും ജോലി കളഞ്ഞിട്ടുണ്ടോ …? വിനയേട്ടനെ കാത്തിരുന്ന് കരഞ്ഞ് കരഞ്ഞ് ആദി ഉറങ്ങിയ എത്രയോ രാത്രികളുണ്ടായിട്ടുണ്ട് …. വിനയേട്ടൻ അവനെ ഒന്നെടുക്കാത്ത എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് … വിനയേട്ടന്റെ കൈകൊണ്ട് അവന് ഭക്ഷണം കൊടുക്കാത്ത എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് … വിനയേട്ടന്റെ അമ്മയല്ലേ ആദിയെ നോക്കിയത് ……?” അഭിരാമി ചോദിച്ചു ..

വിനയ് അവളെ ആദ്യമായി കാണുന്നത് പോലെ നോക്കി നിന്നു ….

( തുടരും )

 

Click Here to read full parts of the novel

4.2/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!