Skip to content

നന്ദ്യാർവട്ടം – ഭാഗം 26

നന്ദ്യാർവട്ടം

കോടതി വളപ്പിൽ കാർ പാർക്ക് ചെയ്‌തു … അഭിരാമി വിനയ് യെ വിങ്ങലോടെ നോക്കി ..

അവൻ അവളുടെ തോളത്ത് തട്ടിയാശ്വസിപ്പിച്ചു ….

അഭിരാമി ഡോർ തുറന്ന് , ആദിയെയും കൊണ്ടിറങ്ങി .. . പിന്നാലെ വിനയ് യും ….

അവർ നേരെ കോടതി വരാന്തയിലേക്ക് നടന്നു .. അവിടെ ഒഴിഞ്ഞു കിടന്ന ബെഞ്ചിൽ അഭിരാമി ആദിയേയും ചേർത്തു പിടിച്ചിരുന്നു .. അവൾക്കരികിലായി വിനയ് യും .. ആദി അവളുടെ മടിയിലിരുന്ന് കൈയും കാലുമിട്ടിളക്കി കളിച്ചു .. പിന്നെ ഊർന്ന് നിലത്തിറങ്ങി .. അവളുടെ മടിയിൽ പിടിച്ചു നിന്നു .. അവൻ കൈവിട്ട് ഓടാൻ ശ്രമിക്കുമ്പോൾ അവൾ കൂടുതൽ ചേർത്തു പിടിക്കും …

കുറച്ച് കഴിഞ്ഞപ്പോൾ നിരഞ്ജനയുടെ ഇന്നോവ കാർ ഒഴുകി വന്നു നിന്നു .. ഡോർ തുറന്ന് നിരഞ്ജനയിറങ്ങി … ആഡംബരങ്ങളില്ലാത്ത ബ്ലാക്ക് സിൽക്ക് സാരിയായിരുന്നു അവളുടെ വേഷം … അവൾക്കൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു ..

നിരഞ്ജനയുടെ നോട്ടം അഭിരാമിയുടെ കൈയിൽ പിടിച്ചു നിന്ന് കളിക്കുന്ന ആദിയിൽ വീണു …

മൂന്നര മാസം പ്രായമുള്ളപ്പോൾ വിനയ് യുടെ കൈയിലേക്ക് വിട്ട് കൊടുത്തപ്പോൾ കണ്ടതാണ് അവസാനമായി .. അന്നവനെ ടവ്വലിൽ പൊതിഞ്ഞ് , വിനയ് യ്ക്ക് കൈമാറിയത് അവളോർത്തു ..

ഇന്നവൻ , നിലത്ത് ചവിട്ടി നിന്ന് കളിക്കുന്നു .. ഓടാൻ ശ്രമിക്കുന്നു .. അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു … ഹൃദയത്തിലെവിടെയോ ആണ്ട് കിടന്ന മാതൃത്വം ഒരു വേള അവളുടെ ഹൃദയ കവാടങ്ങളിൽ മുട്ടി വിളിച്ചു .. താൻ ജന്മം നൽകിയ കുഞ്ഞിനെ ഒന്നെടുത്ത് നെഞ്ചോട് ചേർക്കാൻ …

എന്തു കൊണ്ടാണ് താനിത്രകാലം ആദിയെ തേടി പോകാതിരുന്നത് ..?

ഒടുവിലായി ആ കുഞ്ഞിനെ വിനയ് ക്ക് കൈമാറുമ്പോൾ തന്റെയുള്ളിൽ വെറുപ്പായിരുന്നു …

തന്റെ സ്വപ്നങ്ങളെ നിഷ്കരുണം ചവിട്ടി മെതിച്ച് , ആണഹങ്കാരത്തിന്റെ കൊടുമുടിയേറി നിന്ന ഒരുവന്റെ കുഞ്ഞിന് ജന്മം നൽകിയതിനോട് വെറുപ്പ് …

ഏഴെട്ട് വർഷക്കാലം താൻ മനസിൽ കൊണ്ടു നടന്നവൻ ഒരിക്കലും തന്റെ സ്വപ്നങ്ങൾക്കിണങ്ങിയ ഭർത്താവായിരുന്നില്ല എന്ന തിരിച്ചറിവിൽ തുടങ്ങിയ വെറുപ്പ് ..

തന്റെ ഏറ്റവും വലിയ സ്വപ്നത്തിന് മുകളിൽ കരിനിഴൽ വീഴ്ത്തി കൊണ്ട് തന്റെ ഉദരത്തിൽ ജമമെടുത്ത മാംസപിണ്ഡത്തോടുള്ള വെറുപ്പ് ….

ഒടുവിൽ തന്റേതെന്നു കരുതി ജീവിതത്തോട് ചേർത്തു വച്ചവൻ തന്നെ തനിച്ചാക്കി എന്നെന്നേക്കുമായി തന്നിൽ നിന്നകന്നു പോകാൻ കാരണമായ ആ കുഞ്ഞു ജീവനോടുള്ള വെറുപ്പ് ….

എന്നിട്ടും … എന്നിട്ടുമിന്ന് ആ കുരുന്നിനെ കാണുമ്പോൾ , തന്റെ ഹൃദയം എന്തിനോ വേണ്ടി തുടിക്കുന്നു …

ഇന്ന് ഈ നിമിഷം വരെ വിനയ് എന്ന തന്റെ ഏറ്റവും വലിയ ശത്രുവിനെ തോൽപ്പിക്കാനായിരുന്നു തനിക്ക് ആദി എന്ന വജ്രായുധം … എന്നാലിപ്പോൾ ഈ കോടതിയുടെ കാരുണ്യം തേടുന്നത് തന്റെയുളളിലെവിടെയോ ഉറങ്ങിക്കിടന്ന മാതൃത്വമാണോ …?

അവൾ സ്വയം ചോദിച്ചു ..

” കൂടെയുള്ളതാരാ വിനയേട്ടാ ……..” കോടതി വരാന്തയുടെ അങ്ങേയറ്റത്ത് നിൽക്കുന്ന നിരഞ്ജനയെ കടക്കണ്ണാലെ നോക്കി അഭിരാമി ചോദിച്ചു …

” സെർവന്റായിരിക്കും ……… ” അവൻ പറഞ്ഞു ..

” നിരഞ്ജനയുടെ അച്ഛനും അമ്മയും …. ?”

” മുംബൈയിലാ … അവളും സെക്കന്ററി സ്കൂൾ വരെ മുംബൈയിൽ ആയിരുന്നു .. എംബിബിഎസ് തൊട്ടാ കേരളത്തിൽ … ”

അഭിരാമി മൂളി …

അഡ്വ . അശ്വിൻ അവർക്കടുത്തേക്ക് വന്നു …

വിനയ് എഴുന്നേറ്റ് , അശ്വിന് ഹസ്ഥ ദാനം നൽകി …

അഭിരാമിയും എഴുന്നേറ്റു , ആദിയെ എടുത്ത് ഒക്കത്ത് വച്ചു …

” ഇന്നും വാദം തുടരും .. ഒരു മൂന്നാല് സിറ്റിംഗ് കൂടി കഴിഞ്ഞേ , അന്തിമ വിധിയുണ്ടാകു ……” അശ്വിൻ പറഞ്ഞു ..

വിനയ് തലയാട്ടി ..

” കുഞ്ഞിനെ ചിലപ്പോ നിരഞ്ജനക്ക് വിട്ട് കൊടുക്കേണ്ടി വരും കുറച്ച് ദിവസത്തേക്ക് … ”

അഭിരാമിയുടെ മനസിടിഞ്ഞു …

വിനയ് ക്കും അത് ഉൾക്കൊള്ളാൻ കഴിയില്ലായിരുന്നു …

” അതൊഴിവാക്കാൻ കഴിയില്ലെ …. ?”

” ഇല്ല .. കേസിൽ നമ്മൾ വിജയിച്ചാലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം , അല്ലെങ്കിൽ മാസത്തിൽ ഒരാഴ്ച ഒക്കെ കുഞ്ഞിനെ നിരഞ്ജനക്ക് വേണം എന്ന് അവൾ കോടതിയിൽ ആവശ്യപ്പെട്ടാൽ കോടതി അതനുവദിക്കും .. അതൊന്നും നമുക്ക് നിഷേധിക്കാൻ കഴിയില്ല .. അത് കൊണ്ടാണ് അന്ന് തന്നെ ഞാൻ നിങ്ങളോടിത് പറഞ്ഞത് .. നിങ്ങൾ മാനിസകമായി തയ്യാറെടുക്കാൻ …..” അശ്വിൻ വിനയ് യെ ഓർമപ്പെടുത്തി ..

” ഞാൻ അകത്തേക്ക് കയറട്ടെ , രണ്ടാമതാണ് നമ്മുടെ കേസ് .. ” പറഞ്ഞിട്ട് അശ്വിൻ അകത്തേക്ക് കയറിപ്പോയി ….

കോടതി നടപടികൾ ആരംഭിച്ചു ….

രണ്ടാമത്തെ കേസ് വിളിച്ചു …

ആദ്യം വിനയ് യുടെയും നിരഞ്ജനയുടെയും അഭിഭാഷകർ തന്നെയാണ് അകത്ത് സംസാരിച്ചത് ….

പിന്നീട് കക്ഷികളെ അകത്തേക്ക് വിളിച്ചു …

ആദിയെ കുറച്ച് ദിവസത്തേക്ക് വിട്ടു കിട്ടണമെന്ന നിരഞ്ജനയുടെ ആവശ്യത്തെ അശ്വിൻ ശക്തിയുക്തം എതിർത്തു ..

ഒന്നര വയസായ കുഞ്ഞിന് തന്റെ പെറ്റമ്മയുടെ സാമീപ്യം തികച്ചും അഞ്ജാതമായിരിക്കുന്നത് വിചിത്രമായ സംഭവമാണെന്ന് അശ്വിൻ വാദിച്ചു ..

ജനിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞുങ്ങൾ തന്റെ അമ്മയുടെ ഗന്ധവും ശബ്ദവും തിരിച്ചറിയുമെന്നും .. എന്നാൽ ആദിക്ക് നിരഞ്ജന അന്യ സ്ത്രീയെപ്പോലെയാണെന്നും .. സംശയമുണ്ടെങ്കിൽ കോടതിയുടെ സാനിധ്യത്തിൽ തന്നെ അത് തെളിയിക്കാമെന്നും അശ്വിൻ പറഞ്ഞു ..

കോടതി അതിന് അനുമതി നൽകി ..

അഭിരാമിയുടെ കൈയിൽ നിന്ന് ആദിയെ വാങ്ങി ഒന്ന് താലോലിക്കാൻ ബഹുമാനപ്പെട്ട കോടതി തന്നെ നിരഞ്ജനയോട് ആവശ്യപ്പെടണമെന്ന് അശ്വിൻ പറഞ്ഞു ..

ജഡ്ജ് തന്നെ നിരഞ്ജനയോട് അതാവശ്യപ്പെട്ടു …

അഭിരാമിയും നിരഞ്ജനയും കോടതിയിൽ നേർക്കുനേർ നിന്നു …

ആദി അഭിരാമിയുടെ കൈയിലിരുന്ന് നിരഞ്ജനയെ സൂക്ഷിച്ച് നോക്കി ..

നിരഞ്ജന പുഞ്ചിരിച്ചു കൊണ്ട് അവന് നേരെ കൈനീട്ടി …

അവൻ അവളെയൊന്ന് നോക്കിയിട്ട് , മുഖം തിരിച്ചു കളഞ്ഞു …

നിരഞ്ജന ആദിയുടെ കൈയിൽ പിടിച്ചതും , ആദി ചിണുങ്ങിക്കൊണ്ട് അഭിരാമിയുടെ തോളിലേക്ക് ചാഞ്ഞു കിടന്നു …

ഒടുവിൽ നിരഞ്ജന ആദിയെ അഭിരാമിയിൽ നിന്ന് വലിച്ചെടുത്തു ..

ആ നിമിഷം അവൻ ഉച്ചത്തിൽ കരയാൻ തുടങ്ങി …

അഭിരാമിയുടെ നെഞ്ച് പൊള്ളിപ്പോയി ..

തന്റെയൊരു മാറിടം പിഴുതെടുത്തത് പോലെയാണ് അഭിരാമിക്ക് തോന്നിയത് …

ആദിയുടെ കരച്ചിൽ കോടതി മുറിയിൽ മുഴങ്ങി .. അവൻ നിരഞ്ജനയുടെ കൈയിലിരുന്ന് പിടച്ചു .. അഭിരാമിയെ നോക്കി കൈനീട്ടി കരഞ്ഞു ….

” മംമാ……..” കരച്ചിലിനിടയിൽ ആദി വിളിക്കുന്നുണ്ടായിരുന്നു …

കുഞ്ഞിനെ തിരികെ അഭിരാമിക്കു തന്നെ നൽകാൻ കോടതി ആവശ്യപ്പെട്ടു …

അഭിരാമിയുടെ കൈയിൽ തിരികെ എത്തിയതും അവൻ കരച്ചിലടക്കി , അവളുടെ തോളിലേക്ക് ചാഞ്ഞു കിടന്നു .. അവൻ ഏങ്ങലടിച്ചു ..

അഭിരാമി അവനെ സാന്ത്വനിപ്പിച്ചു … അവളുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു ….

അശ്വിൻ നിരഞ്ജനയെ നോക്കി ക്രൂരമായി ചിരിച്ചു ….

നിരഞ്ജന അപമാനിതയായി …

പിന്നാലെ നിരഞ്ജനയുടെ നെഞ്ചിലേക്ക് തറച്ചു കയറിയത് അശ്വിന്റെ ക്രൂരമായ വാക്കുകൾ കൊണ്ടുള്ള കൂരമ്പുകളായിരുന്നു ….

ഒരമ്മ എങ്ങനെയാകരുത് എന്നതിന് നിരഞ്ജനയും ഒരമ്മ എങ്ങനെയാകണം എന്നതിന് അഭിരാമിയും ഉദാഹരണങ്ങളാണെന്ന് അശ്വിൻ വാദിച്ചു . ..

നിരഞ്ജനയിലെ മാതൃത്വത്തെ കോടതി മുറിയിൽ അശ്വിൻ വലിച്ചു കീറി …

അതിൽ പലതും നിരഞ്ജനയുടെ ഹൃദയത്തിൽ മുള്ളുകളായി തറച്ചു …

എന്നാൽ നിരഞ്ജനയുടെ അഭിഭാഷകയായ ആയിഷ ബീഗവും അടങ്ങിയിരുന്നില്ല ..

നിരഞ്ജനയെ ആദി തിരിച്ചറിയാത്തതിന് കാരണക്കാരൻ വിനയ് ആണെന്ന് അവർ കോടതിയിൽ വാദിച്ചു …

എന്നാൽ അശ്വിൻ തന്റെ ആവനാഴിയിലെ അമ്പുകളുപയോഗിച്ചു അതിനെയും പ്രതിരോധിച്ചു …

ഡിവോർസ് കേസിന്റെ വിധി പകർപ്പ് ജഡ്ജിന് നൽകിക്കൊണ്ട് അയാൾ അതിന്റെ ഉള്ളടക്കം വിസ്തരിച്ചു ..

അതിൽ നിരഞ്ജന സ്വമനസ്സാലെ ആദിയെ വിനയ് ക്ക് വിട്ടു കൊടുക്കുന്നു എന്ന ഭാഗം അവൻ അടിവരയിട്ട് പറഞ്ഞു ..

നിരഞ്ജന ഇരുന്ന് വിയർത്തു ..

അശ്വിൻ ….. അയാൾ കറുത്ത കോട്ടിനുള്ളിലെ കുറുക്കനാണെന്ന് നിരഞ്ജനക്ക് അറിയാമായിരുന്നു .. ഡിവോർസ് കേസിലും , വിനയ് ക്ക് വേണ്ടി അയാൾ കോടതിയിൽ വന്നിട്ടുണ്ട് ..

ആദിയെ വിധി വരുന്നത് വരെ ആദിയെ തനിക്ക് വിട്ട് കിട്ടണമെന്ന് നിരഞ്ജന വീണ്ടും കോടതിയിൽ അപേക്ഷിച്ചു …

കോടതിയത് വിധി പറയാൻ മാറ്റി വച്ചു …

കോടതി മുറിക്കുള്ളിൽ നിന്ന് അവർ പുറത്തിറങ്ങി …

വീണ്ടും ആ ബഞ്ചിൽ കാത്തിരിപ്പ് …

ആദിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു .. അഭിരാമി കൈയ്യിൽ കരുതിയിരുന്ന പാൽ ആദിയെ കുടിപ്പിച്ചു ..

പിന്നെ അവനെ മാറോട് ചേർത്തണച്ചു പിടിച്ചു ..

അവളുടെ നെഞ്ചിന്റെ ചൂട് പറ്റി അവൻ കുഞ്ഞിക്കണ്ണുകൾ പൂട്ടിയുറങ്ങി…

സമയം ഇഴഞ്ഞു നീങ്ങി …..

ഉച്ചകഴിഞ്ഞപ്പോൾ വീണ്ടും അവരെ അകത്തേക്ക് വിളിപ്പിച്ചു …

വിധി വരും വരെ ആദിയെ തനിക്ക് വിട്ടുകിട്ടണമെന്ന നിരഞ്ജനയുടെ ആവശ്യം കോടതി പൂർണമായി അംഗീകരിച്ചില്ല …

ആദി വളർച്ചയുടെ ഘട്ടത്തിലാണെന്നും , ഇത്തരം കടുംപിടുത്തങ്ങൾ അവന്റെ കുഞ്ഞു മനസിനെ ദോഷമായി ബാധിക്കുമെന്ന അശ്വിന്റെ അവകാശ വാദം കോടതി ശരിവച്ചു ..

നിരഞ്ജനയോട് യാതൊരു പരിചയവുമില്ലാതെ , പിഞ്ചു കുഞ്ഞിനെ കൂടെ വിടുന്നതിൽ കോടതിക്കും ആശങ്കയുണ്ടെന്ന് കോടതി വ്യക്തമാക്കി …

എന്നാൽ നിരഞ്ജനയിലെ പെറ്റമ്മയെ കണ്ടില്ല എന്നു നടിക്കാനും കോടതിക്കാവില്ല .. ആദിയെ പ്രസവിച്ച അമ്മ എന്ന അവകാശം നിരഞ്ജനയിൽ എന്നും നിഷിപ്തമാണെന്നും , ആ കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും കോടതി വിലയിരുത്തി ..

ആയതിനാൽ നിരഞ്ജനയുടെ അപേക്ഷ മാനിച്ച് , ചില ഉപാധികളോടെ മാത്രം ഇന്ന് മുതൽ വെറും അഞ്ച് ദിവസത്തേക്ക് നിരഞ്ജനക്ക് തന്റെ മകനായ ആദിദേവ് എന്ന ആദിയെ വിട്ടു നൽകുന്നതായി കോടതി പ്രഖ്യാപിച്ചു ..

എന്നാൽ ഈ അഞ്ച് ദിവസവും , കുഞ്ഞിന്റെ അച്ഛനായ Dr വിനയ് ക്കോ , അമ്മയായ അഭിരാമിക്കോ, രണ്ടു പേർക്കും കൂടിയോ ഒരു മണിക്കൂർ നേരം കുഞ്ഞിനെ കാണാമെന്നും , അതിന് അനുവദിക്കാതിരിക്കുന്ന പക്ഷം , അവർക്ക് കോടതിയെ സമീപിച്ച് ഈ വിധി റദ്ദ് ചെയ്യിക്കാമെന്നും ഒന്നാമത്തെ ഉപാധിയായി പറഞ്ഞു ..

രണ്ടാമതായി കുഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുകയോ , ആരോഗ്യ നിലയിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താൽ, അത് കോടതിയിൽ അറിയിക്കുന്ന പക്ഷം കുഞ്ഞിന്റെ ആരോഗ്യത്തെക്കരുതി ഈ വിധി റദ്ദ് ചെയ്യുമെന്നും കോടതി പറഞ്ഞു ..

പ്രധാന കേസിൽ വിധി വരുന്നതിനുള്ളിൽ നിരഞ്ജനക്ക് കുഞ്ഞുമായി ഇടപഴകാൻ തരുന്ന അവസരങ്ങളാണിതെന്നും കോടതി അസഗ്ദിത്തമായി പറഞ്ഞു ..

അവസാനമായി അഭിരാമിയിലെ അമ്മയെ ഹൃദയം തുറന്ന് അഭിനന്ദിക്കാനും കോടതി മറന്നില്ല …

കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കോടതി മുറിയിൽ നിന്നിറങ്ങുമ്പോൾ അഭിരാമി പൊട്ടിക്കരഞ്ഞു പോയി .. അവൾക്ക് കാലുകൾ തളരുന്നത് പോലെ തോന്നി …

അഞ്ച് ദിവസം …

വിനയ് അവൾക്കടുത്തേക്ക് വന്നു …

ആദി അപ്പോഴും നല്ല ഉറക്കമായിരുന്നു ..

വിനയ് അവനെ ഉണർത്താൻ ശ്രമിച്ചു …

” വേണ്ട വിനയേട്ട … ഉണർത്തണ്ട .. എന്റെ പൊന്ന് മോൻ കരയും … അവനെന്നെ വിട്ടിട്ട് പോകില്ല .. എനിക്ക് വിട്ടുകൊടുക്കാൻ കഴിയില്ല വിനയേട്ടാ ………..” അവൾ വാവിട്ടു കരഞ്ഞു …

വിനയ് അവനെ ഉണർത്താതെ കൈയ്യിൽ വാങ്ങി .. പിന്നെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു …

തിരിച്ച് ആദിയെ അഭിരാമി തന്നെ കൈയിൽ വാങ്ങി … അവളും അവനെ ഉമ്മകൾ കൊണ്ട് മൂടി …

പിന്നിൽ കാൽപ്പെരുമാറ്റം കേട്ടു …

വിനയ് തിരിഞ്ഞു നോക്കി …

നിരഞ്ജനയാണ് .. ഒപ്പം ആയിഷ ബീഗവും ആ സ്ത്രീയുമുണ്ട് … അശ്വിനും അങ്ങോട്ട് വന്നു …

നിരഞ്ജന ആദിക്കായി കൈ നീട്ടി ….

അഭിരാമിയുടെ ഹൃദയം പിളർന്നു പോയി ..

” ഞ് .. ഞാൻ .. കാറിനടുത്തേക്ക് കൊണ്ട് വരാം പ്ലീസ് ……….” അഭിരാമി പൊട്ടിക്കരഞ്ഞു ..

വിനയ് പെട്ടെന്ന് ആമിയെ ചേർത്ത് പിടിച്ചു ..

ആദിക്ക് വേണ്ടി നിരഞ്ജനയുടെ കാല് പിടിക്കാനും അവൾ മടിക്കില്ലെന്ന് വിനയ് ക്ക് അറിയാമായിരുന്നു …

നിരഞ്ജനയുടെ മുഖം കടുത്തു എങ്കിലും അവൾ പടിയിറങ്ങി തന്റെ കാറിനടുത്തേക്ക് നടന്നു ..

അഭിരാമി പിന്നാലെ ആദിയെയും കൊണ്ടിറങ്ങി …

നിരഞ്ജന ചെന്ന് ഡോറിനടുത്ത് കാത്ത് നിന്നു .. അഭിരാമി കുഞ്ഞിനെയും കൊണ്ട് ചെന്നു ..

” ലക്ഷ്മീ … കുഞ്ഞിനെ മേടിച്ചോ ……” പറഞ്ഞിട്ട് നിരഞ്ജന കാറിന് മുന്നിലൂടെ കോ ഡ്രൈവർ സീറ്റിനടുത്തേക്ക് ചെന്ന് ഡോർ തുറന്നു പിടിച്ചു …

ലക്ഷ്മി കൈ നീട്ടി …..

അഭിരാമി ആദിയെ അവളുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു .. അവളുടെ നെഞ്ച് പൊട്ടിപ്പോയി .. കൈകൾ വിറച്ചു …

അവളിൽ നിന്ന് അടർന്നു മാറിയ നിമിഷം , ആദിയൊന്ന് ഞെട്ടി .. കണ്ണ് ഒരൽപം തുറന്നു ….

പക്ഷെ ഉറക്കത്തിന്റെ ആലസ്യത്തിൽ അവൻ വീണ്ടും മയങ്ങിപ്പോയി ..

ലക്ഷ്മി കുഞ്ഞിനെയും കൊണ്ട് ഡോറിനടുത്തേക്ക് നടന്നതും അഭിരാമി പൊട്ടിക്കരഞ്ഞു ….വിനയ് അവളെ ചേർത്തു പിടിച്ചു …

അവന്റെ കണ്ണും നിറഞ്ഞിരുന്നു ..

ലക്ഷ്മി കയറിക്കഴിഞ്ഞ് , ഡോറടച്ച ശേഷം , ആയിഷാ ബീഗത്തോട് യാത്ര പറഞ്ഞ് അവൾ വന്ന് കാറിൽ കയറി ..

കാർ സ്റ്റാർട്ട് ചെയ്ത് വളക്കാനാഞ്ഞതും അഭിരാമി ചെന്ന് ഗ്ലാസിൽ തട്ടി ….

ഒന്നാലോചിച്ച ശേഷം അവൾ ഗ്ലാസ് താഴ്ത്തി ….

നിരഞ്ജന കൈയിലിരുന്ന മരുന്ന് കുപ്പി അവൾക്ക് നേരെ നീട്ടി ..

” രാത്രീല് ചിലപ്പോ ചുമക്കും .. എങ്കിലിത് കൊടുക്കണം .. ”

നിരഞ്ജന അതിലൊന്നു നോക്കി .. പിന്നെ ഒന്നും പറയാതെ വാങ്ങി കാറിലേക്കിട്ടു ..

” രാത്രീല് ഒന്നും കഴിച്ചില്ലെങ്കിൽ , ഇത്തിരി ഓറഞ്ച് പിഴിഞ്ഞ് ജ്യൂസാക്കി കൊടുക്കണം .. കുടിച്ചോളും അവൻ .. ”

നിരഞ്ജന മിണ്ടാതിരുന്നു ..

” രാത്രി ചിലപ്പോ ഉറങ്ങാണ്ട് ശാഠ്യം പിടിക്കും … ഒത്തിരി കരയിച്ചേക്കല്ലേ .. എന്നെയൊന്ന് വിളിച്ചാൽ മതി .. ഞാൻ വന്നെടുത്ത് ഉറക്കി തരാം .. കൂടെ കൊണ്ട് വരില്ല ….. ഇതാ എൻറ നമ്പർ ..” അത് പറഞ്ഞപ്പോൾ അവൾ വിതുമ്പിക്കരഞ്ഞു .. ഒപ്പം കൈയിൽ ചുരുട്ടി പിടിച്ചിരുന്ന കുഞ്ഞു കടലാസിലെഴുതിയ ഫോൺ നമ്പർ അവൾ നിരഞ്ജനയുടെ മടിയിലേക്കിട്ടു ..

അത്രയുമായപ്പോഴേക്കും വിനയ് വന്ന് അഭിരാമിയെ പിടിച്ചു …

” വാ ..ആമി ….” അവൻ അവളെ ചേർത്ത് പിടിച്ച് കാറിനടുത്ത് നിന്ന് മാറ്റി …

നിരഞ്ജന ഗ്ലാസ് ഉയർത്തി … കാർ മെല്ലെ നീങ്ങി …

അഭിരാമി വിനയ് യെ മുറുക്കി പിടിച്ചു ..

കാർ കോടതി വളപ്പിലൂടെ റോഡ് ലക്ഷ്യമാക്കി അകന്നകന്ന് പോയി . ..

അഭിരാമി വാവിട്ടു കരഞ്ഞുകൊണ്ട് വിനയ് യുടെ നെഞ്ചിലേക്ക് വീണു ….

( തുടരും )

 

Click Here to read full parts of the novel

3.9/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!