Skip to content

നന്ദ്യാർവട്ടം – ഭാഗം 28

നന്ദ്യാർവട്ടം

നിരഞ്ജന അങ്ങോട്ടു നോക്കി …

ശബരി ……!

അവളൊന്ന് നടുങ്ങി .. ഇവനെന്തിന് ഈ രാത്രി വന്നു ……

മഴയുടെ ശക്തി കൂടിയതിനാൽ അവൾ വേഗം സിറ്റൗട്ടിലേക്ക് കയറി നിന്നു .. അവൾക്ക് പിന്നാലെ ശബരിയും നടന്ന് വന്നു …

ദേഹത്ത് വീണ മഴവെള്ളം കുടഞ്ഞ് തെറുപ്പിച്ചു കൊണ്ട് അവൻ സിറ്റൗട്ടിലേക്ക് കയറി …

” ആരാടി അവൻ .. ” ശബരി മുരളും പോലെ ചോദിച്ചു …

നിരഞ്ജനക്ക് ദേഷ്യം വന്നു .. അവന്റെ അധികാരത്തോടെയുള്ള ചോദ്യം അവൾക്കിഷ്ടപ്പെടില്ല ..

” താനെന്തിനാ രാത്രി ഇങ്ങോട്ട് വന്നത് ….?” നിരഞ്ജന അനിഷ്ടത്തോടെ ചോദിച്ചു ..

” ഞാൻ വന്നതുകൊണ്ടാണല്ലോ നിന്റെ ഒളിസേവകനെ കണ്ടത് …” ശബരി വഷളൻ ചുവയോടെ പറഞ്ഞു ..

” സൂക്ഷിച്ചു സംസാരിക്കണം .. ഞങ്ങൾ കമിറ്റഡ് ആണ് .. ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചവരാണ് … ” നിരഞ്ജന ശബരിക്ക് നേരെ വിരൽ ചൂണ്ടി ..

ശബരി പുച്ഛിച്ച് തള്ളി ..

” നീയവനെ കെട്ടുവോ ജീവിക്കുവോ എന്ത് വേണോ ചെയ്തോ … പക്ഷെ ഇന്നത്തെ ദിവസത്തിന്റെ സന്തോഷം നമ്മൾ ഒരുമിച്ച് ആഘോഷിക്കും … ” ശബരിയുടെ കണ്ണുകൾ , ഇളം മഞ്ഞ ഗൗണിനുള്ളിലൂടെ തെളിഞ്ഞു കാണുന്ന അവളുടെ ഉന്തിയ മാറിടങ്ങളിലേക്ക് വീണു…

നിരഞ്ജനക്ക് അവന്റെ നോട്ടം അരോചകമായി തോന്നി ..

” എന്ത് സന്തോഷം .. ശബരിക്കെന്താ ലോട്ടറിയടിച്ചോ ..? ” അവൾ പരിഹസിച്ചു ..

അവൾ കളിയാക്കിയതാണെന്ന് അവന് മനസിലായി ..

” നീയൊരുപാടങ്ങ് നെഗളിക്കല്ലേ .. ഇന്ന് കോടതി നിന്റെ മകനെ വിട്ടു തന്നതൊക്കെ ഞാനറിഞ്ഞു …. ”

” ഓ അതാണോ .. അത് വെറും അഞ്ച് ദിവസത്തേക്കാ … ” അവൾ മുഖത്തേക്ക് വീണ മുടി മാടിയൊതുക്കിക്കൊണ്ട് പറഞ്ഞു …

” ആയിക്കോട്ടേ … വിനയ് ക്ക് അതൊരു തോൽവി തന്നെയല്ലേ .. നിന്റെ ആഗ്രഹത്തിന്റെ ആദ്യപടി വിജയകരമായി പൂർത്തിയായല്ലോ … ”

നിരഞ്ജന ഒന്നും മിണ്ടിയില്ല …

” അതിന്റെ ഉപകാരസ്മരണ നീ കാണിക്കണം .. ” ശബരി കൗശലത്തോടെ പറഞ്ഞു …

” ഉപകാരസ്മരണയോ .. എന്തിന് … ?”

” അന്ന് ഈ വീട്ടിൽ വച്ച് നമ്മൾ പ്ലാൻ ചെയ്തപ്പോൾ ഞാനൊരു കാര്യം പറഞ്ഞിരുന്നു … ചെയ്യുന്ന ഉപകാരങ്ങൾക്ക് തിരിച്ച് ഒരു പാലം ഇങ്ങോട്ടും വേണമെന്ന് … ”

” അതിന് ശബരി എന്തുപകാരം ചെയ്തുവെന്നാ ….. ?” നിരഞ്ജനക്ക് ദേഷ്യം വന്നു ..

” ഇപ്പോ അങ്ങനെയായോ … എനിക്കറിയാമെടി .. നീയൊക്കെ കാര്യം കണ്ട് കഴിയുമ്പോൾ കാല് മാറുമെന്ന് … നന്ദിയില്ലാത്ത വർഗങ്ങൾ …. ”

” താൻ കുറേ നേരമായല്ലോ വന്ന് നിന്ന് എങ്ങും തൊടാതെ ഓരോന്ന് വിളിച്ചു പറയുന്നു .. തനിക്കെന്താ വേണ്ടത് .. പറഞ്ഞിട്ട് സ്ഥലം കാലിയാക്ക് .. എനിക്കൊരു യാത്രയുണ്ട് ….” അവൾ അവനോട് കയർത്തു …

” എനിക്ക് വേണ്ടത് നിന്നെയാ .. ഈ രാത്രി ,ഈ മഴയുടെ തണുപ്പിൽ എനിക്ക് പുതയ്ക്കാൻ നിന്നെ വേണം നിരഞ്ജന … ” ശബരിയുടെ മുഖഭാവം മാറി .. ഒരുതരം ഉന്മാദത്തോടെ അവൻ അവളുടെയടുത്തേക്ക് മുഖം നീട്ടി ..

” യൂ … ബ്ലഡി … ” പല്ലിറുമിക്കൊണ്ട് അവൾ അവന്റെ നേരെ കൈയുയർത്തി …

അവളുടെ കരം അവന്റെ കരണത്ത് പതിക്കും മുൻപേ ആ കൈയിൽ അവന്റെ പിടി വീണു….

” ഫാ…. ആണുങ്ങടെ നേരെ കൈയുയർത്തുന്നോടി *#@*… ” ഒരു കണ്ണുപൊട്ടുന്ന തെറി അവൻ വിളിച്ചു ..

” വീട്ടിൽ കേറി വന്ന് തോന്നിവാസം പറയുന്ന നിന്നെ തല്ലുകയല്ല കൊല്ലുകയാ വേണ്ടത് …” അവൾ അവന്റെ നേരെ ചീറി ..

” എന്നാ കൊല്ലെടി … പെണ്ണാണെങ്കിൽ നീയെന്നെ കൊല്ലടീ …..” അലറിക്കൊണ്ട് അവൾക്ക് നേരെ പാഞ്ഞടുത്ത ശബരി അവളെ പിന്നിലേക്ക് തള്ളി ..

പെട്ടന്നുള്ള ആക്രമണത്തിൽ ബാലൻസ് തെറ്റിയ നിരഞ്ജന തറയിലേക്ക് മലർന്നു വീണു…

അവൾ തറയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ , അവനവളുടെ കൈയിൽ തൂക്കിയെടുത്ത് തുറന്നു കിടന്ന ഡോറിലൂടെ ഹാളിനകത്തേക്ക് തള്ളി …

പുറത്ത് മഴ കനത്ത് പെയ്തു …

കരയുന്ന ആദിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ലക്ഷ്മി കണ്ടത് , എടുത്തെറിഞ്ഞത് പോലെ അകത്തേക്ക് വന്നു വീണ നിരഞ്ജനയെയാണ് …

അവൾ നിലവിളിച്ചു പോയി ….

തൊട്ടുപിന്നാലെ ഹിംസ്ര മൃഗത്തെപ്പോലെ ശബരി കടന്നു വന്നു … അവൻ ഡോർ പിടിച്ചടച്ചു ..

” ആരാ .. എന്തായീ കാണിക്കണെ .. അയ്യോ ആരെങ്കിലും ഓടി വരണേ …..” നിരഞ്ജനയുടെ അടുത്തേക്ക് ഓടി വന്ന ലക്ഷ്മി , നിലവിളിച്ചു …

ശബരിയുടെ നോട്ടം ലക്ഷ്മിയിലും , പിന്നെ അവളുടെ കൈയിലിരുന്ന് കരയുന്ന ആദിയിലും വീണു …

” ലക്ഷ്മി… കുഞ്ഞിനെയും കൊണ്ട് അകത്ത് പോ …..” തറയിൽ നിന്ന് കൈകുത്തി എഴുന്നേൽക്കുന്നതിനിടയിൽ നിരഞ്ജന വിളിച്ചു പറഞ്ഞു .. അവൻ ആദിയെയും ആക്രമിച്ചേക്കുമെന്ന് നിരഞ്ജന ഭയന്നു …

ശബരി ആദിയെ ഒന്ന് നോക്കി മീശ തടവി ..

” എടീ …. ഈ ചെക്കനിപ്പോ നിന്റെ കൈയിലിരിക്കുന്നതേ ശബരിയുടെ കഴിവാ …”

” നീയെന്ത് ചെയ്തിട്ടാടാ പട്ടി … ഇതേ എന്റെ കുഞ്ഞാ .. ഞാൻ പ്രസവിച്ച കുഞ്ഞ് .. ഞാനവകാശം പറഞ്ഞാൽ , ഈശ്വരന്റെ കോടതിക്ക് പോലും എന്നെ നിഷേധിക്കാൻ കഴിയില്ല .. ” നിരഞ്ജന അവന് നേരെ പൊരുതാൻ തന്നെ തീരുമാനിച്ചു ..

ആ ഒച്ചയും കോലാഹലങ്ങളും കൂടിയായപ്പോൾ ആദിയുടെ കരച്ചിൽ പിന്നെയും കൂടി .. അവന്റെ അടഞ്ഞ തൊണ്ടയിൽ നിന്ന് ശബ്ദം തെന്നിത്തെറിച്ച് പുറത്തേക്ക് വന്നു ..

” മംമാ ………………” അവൻ എങ്ങോ നോക്കി വിതുമ്പിക്കരഞ്ഞു ..

” നിനക്കറിയില്ല അല്ലേടീ … ഈ ചെക്കൻ വീണതിന്റെ തെളിവും കൊണ്ടല്ലേടി നീ കോടതിയിൽ പോയത് … അത് നിനക്കാരാടി കൊണ്ട് വന്ന് തന്നത് … പറയെടീ … ” ശബരി ക്രൂരതയോടെ നിരഞ്ജനയെ നോക്കി ..

” വെറുതെയൊന്നുമല്ലല്ലോ .. ആ അഭിരാമിയെ ദ്രോഹിക്കാൻ നിനക്കെന്തോ പ്ലാനില്ലേ … വിനയ് യുടെ ശ്രദ്ധ തിരിക്കാനല്ലേ നീയെന്നെ കരുവാക്കിയത് …”

” അതേടി… അതിന് വേണ്ടി തന്നെയാ .. അതിനു വേണ്ടതെല്ലാം ഞാൻ റെഡിയാക്കിയിട്ടുണ്ട് .. ഇനി വെറും രണ്ട് ദിവസം മാത്രം .. ശബരി ജയിക്കാൻ പോവുകയാ .. അതിന് മുൻപ് ഒരാശ ബാക്കിയുണ്ട് അതാണ് നീ .. അതിന് വേണ്ടിയാ ഈ ചെക്കനെ തള്ളിയിട്ട് തെളിവുണ്ടാക്കി , നിന്റെയീ കാൽക്കൽ കൊണ്ട് വന്ന് ഞാൻ വച്ചത് .. നിനക്ക് വിനയ് യുടെ മുന്നിൽ ജയിക്കാൻ വേണ്ടി .. എന്നിട്ടും .. എന്നിട്ടും നീയെന്നെ …. തള്ളിപ്പറയുവാണോ നിരഞ്ജനാ..” ശബരി തല ചരിച്ച് ഉന്മാദിയെ പോലെ നോക്കിക്കൊണ്ട് ചോദിച്ചു ..

” നീയെന്താ പറഞ്ഞെ .. എന്റെ കുഞ്ഞിനെ തള്ളിയിട്ട് തെളിവുണ്ടാക്കിയെന്നോ ….. ” നിരഞ്ജനയുടെ ശബ്ദം ചിതറിപ്പോയി ..

” യൂ … ബ്ലഡി .. ബാസ്റ്റഡ് ………” അടുത്ത സെക്കന്റിൽ അവൾ അവന്റെ കരണത്ത് ആഞ്ഞടിച്ചു ..

ആ അടിയിൽ അവനൊന്ന് അടിപതറി ..

” എടീ … ” അവൻ അവളുടെ നേർക്ക് പാഞ്ഞടുക്കാൻ ശ്രമിച്ചതും ടീപ്പോയിലിരുന്ന ഫ്ലവർ വെയ്സ് എടുത്ത് അവളവന്റെ മുഖത്തേക്കെറിഞ്ഞു ..

” ഹൊ …..” അവൻ മുഖം പൊത്തിക്കൊണ്ട് ഒന്ന് കുനിഞ്ഞു ..

” ലക്ഷ്മീ.. കയറിപ്പോടി അകത്തെ റൂമിലേക്ക് …” പകച്ച് നിന്ന ലക്ഷ്മിക്ക് നേരെ നിരഞ്ജന അലറി ..

ലക്ഷ്മി വേഗം ആദിയെയും കൊണ്ട് ഒരു റൂമിന് നേർക്ക് ഓടി … റൂമിൽ കയറി വാതിൽ കുറ്റിയിട്ടു ..

ശബരിയുടെ മുഖം പൊട്ടി ചോര വന്നു ..

അവൻ അടുത്ത പ്രഹരത്തിന് തയ്യാറെടുക്കുന്നതിന് മുന്നേ നിരഞ്ജന കിച്ചണിലേക്കോടി ….

ഇറച്ചി കൊത്താനുപയോഗിക്കുന്ന വാക്കത്തി അവൾ റാക്കിൽ നിന്ന് വലിച്ചെടുത്തു …

അവൻ വന്നാൽ കൊല്ലാനും തയ്യാറായി അവൾ നിന്നു .. അവളുടെ ശ്വാസം ഉയർന്നു താഴ്ന്നു ..

ശബരിയുടെ നിഴൽ കിച്ചൺ വാതിൽക്കലേക്ക് വീഴുന്നത് നിരഞ്ജന കണ്ടു ..

അവൻ ശ്രദ്ധയോടെ ചുവടുകൾ വയ്ക്കുകയാണെന്ന് അവൾക്ക് മനസിലായി ..

തന്റെ നിഴൽ അവന്റെ മുന്നിലേക്ക് വീഴാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് അവൾ മാറി നിന്നു …

ശബരി മെല്ലെ കിച്ചണിലേക്ക് കടന്നതും , നിരഞ്ജന വാക്കത്തി ആഞ്ഞു വീശി അവന്റെ കഴുത്ത് ലക്ഷ്യമാക്കി ..

എങ്ങനെയോ അവൻ ചാടി ഒഴിഞ്ഞു മാറിയതിനാൽ ആ വെട്ട് അവന്റെ തോളിലേക്കാണ് കൊണ്ടത് ..

അവന്റെ ഇളം നീല ചെക്ക് ഷർട്ടിന്റെ കൈയിലേക്ക് ചോര പടർന്നു തുടങ്ങി ..

അവൾ വെട്ടുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചതല്ല …

അവൻ തോൾ പൊത്തിപ്പിടിച്ചു കൊണ്ട് പിന്നിലേക്ക് മാറി ..

സംഹാരരുദ്രയെപ്പോലെ കണ്ണ് തുറിച്ച് , നിരഞ്ജന അവനെ നോക്കി കലിതുള്ളി ..

” വാടാ … വന്നഴിക്കെടാ എന്റെ വസ്ത്രം … ” നിരഞ്ജന ഭ്രാന്ത് പിടിച്ചത് പോലെ അവനെ നോക്കി അലറി ..

” നിരഞ്ജന .. വേണ്ട … ” ശബരി പിന്നിലേക്ക് മാറി ..

” നിന്റെ ഹൃദയത്തിലേക്ക് ഞാനിത് കുത്തിയിറക്കും .. ഇന്ന് നിന്റെ മരണമാണ് ശബരി …….” നിരഞ്ജന അവനെ നോക്കി നേർത്തൊരു ചിരി ചിരിച്ചു … അവന്റെ ജീവനെടുക്കാൻ പോന്ന ചിരി ..

കളി കൈവിട്ടെന്ന് ശബരിക്ക് മനസിലായി .. ചോര കണ്ട് അറപ്പ് മാറിയവളാണ് .. മനുഷ്യ ശരീരത്തിന്റെ അനാട്ടമി മുഴുവൻ പഠിച്ചവളാണ് .. ഒത്ത് കിട്ടുന്ന സെക്കന്റുകൾ മാത്രം മതി അവൾക്ക് തന്നെ തീർക്കാൻ …

” നിരഞ്ജന പ്ലീസ് … നിന്നെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താനൊന്നും എനിക്കുദ്ദേശമില്ലായിരുന്നു .. നീ വെറുതെ എന്നെ പ്രകോപിപ്പിച്ചത് കൊണ്ടാ .. ” ശബരി അടവ് മാറ്റി …

അവൾ അതൊന്നും കേൾക്കുന്നില്ലെന്ന് ശബരിക്ക് മനസിലായി .. അവളുടെ ശ്രദ്ധ തന്റെയോരോ ചലനത്തിലുമാണ് .. അവൾ തന്റെ ജീവനെടുക്കാനുള്ള കണക്ക് കൂട്ടലുകൾ നടത്തുകയാണെന്ന് അവന് തോന്നി …

” നിരഞ്ജന ഞാൻ പോവുകയാ … പ്ലീസ് … പ്ലീസ്….. ”

” എന്നാ പോ …..” അവൾ മുരണ്ടു ..

അവൻ ഭിത്തിയിലൂടെ ഉരഞ്ഞ് കിച്ചണിൽ നിന്ന് പുറത്ത് ചാടാൻ നോക്കി ..

അവൻ ചലിക്കുന്നതിനനുസരിച്ച് അവൾ തന്റെ പൊസിഷനും മാറ്റി …

ശബരി കിച്ചണിൽ നിന്ന് ഹാളിലേക്ക് കടന്നു .. ഒരു നിശ്ചിത അകലമിട്ട് നിരഞ്ജനയും അവനൊപ്പം നീങ്ങി ..

അവൻ പിന്നിലേക്ക് നടന്നു ഡോറിൽ ചെന്നിടിച്ച് നിന്നു ..

പിന്നെ തിരിഞ്ഞ് ബോൾട്ടിളക്കി വേഗം പുറത്ത് ചാടി …

പുറത്ത് മഴ ഇരമ്പിയാർത്ത് പെയ്യുന്നുണ്ടായിരുന്നു ..

ചോര വാർന്നൊഴുകുന്ന തോൾ പൊത്തിപ്പിടിച്ച് അവൻ മഴയിലൂടെ ഗേറ്റിന് നേർക്കോടി ..

അവൻ ഗേറ്റ് കടന്നു പോകുന്നത് നിരഞ്ജന കണ്ടു ..

അവൾ വേഗം അകത്ത് വന്ന് , ടീപ്പോയിലിരുന്ന റിമോട്ടെടുത്ത് ഗേറ്റടച്ചു ..

അവൾ തളർച്ചയോടെ സോഫയിലേക്ക് വീണു ..

പിന്നെ മുഖം പൊത്തി പൊട്ടിക്കരഞ്ഞു …

കുറച്ച് സമയം അങ്ങനെ ഇരുന്നിട്ട് അവൾ ലക്ഷ്മിയും ആദിയും കയറിയ റൂമിൽ ചെന്ന് മുട്ടി വിളിച്ചു ..

” ഞാനാ ലക്ഷ്മി .. ഡോർ തുറക്ക് .. ”

സെക്കന്റുകൾ കഴിഞ്ഞപ്പോൾ ലക്ഷ്മി ഡോർ തുറന്നു ..

അവൾ ഭയപ്പാടോടെ ഹാളിലേക്ക് നോക്കി …

” അയാൾ പോയി ……….”

” അന്നിവിടെ വന്നയാളല്ലേ .. അയാളെന്തിനാ മാഡം ഇങ്ങനെയൊക്കെ …..” ലക്ഷ്മി ചോദിച്ചു ..

അതിന് നിരഞ്ജന മറുപടി പറഞ്ഞില്ല …

അവൾ ലക്ഷ്മിയുടെ കൈയിലിരുന്ന് ഏങ്ങലടിക്കുന്ന ആദിയെ നോക്കി ..

” മംമാ………” അവൻ ലക്ഷ്യമില്ലാതെ എങ്ങോ വിരൽ ചൂണ്ടി പറഞ്ഞു ..

നിരഞ്ജന ആദിയെ കൈയിൽ വാങ്ങി .. പിന്നെ അവനെ ഉമ്മകൾ കൊണ്ട് മൂടി ..

അവന്റെ നെറ്റിയിലും കവിളിലും കണ്ണിലുമെല്ലാം അവൾ ഉമ്മ വച്ചു .. പിന്നെ തിരികെ ലക്ഷ്മിയുടെ കൈയിലേക്ക് കൊടുത്തു ..

” മമ്മയുടെ അടുത്തേക്ക് ഇപ്പോ കൊണ്ട് പോവാട്ടോ … ” അവളവന്റെ കൈയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു ..

” ലക്ഷ്മി മോനെ ഒരുക്ക് ……….. ”

” കൊണ്ട് പോവാണോ മാഡം .. ഇരുട്ടിയില്ലെ .. മഴയല്ലെ … ”

” നീ കണ്ടില്ലേ ലക്ഷ്മി … അവനിന്ന് ഉറങ്ങില്ല .. എന്തിനാ പാവത്തിനെ .. കൂട്ടിലടക്കപ്പെട്ട കുഞ്ഞികിളിയെപ്പോലെ , അമ്മയെ തേടുന്നത് നീ കാണുന്നില്ലേ … ” നിരഞ്ജന പൊട്ടിക്കരഞ്ഞു പോയി ..

” ശരിയാ മാഡം … തിരിച്ചു കൊടുക്കണം .. അതാ നല്ലത് ………”

” നമ്മൾ വാങ്ങിയ ടോയിസും ഡ്രൈസും കൂടി എടുത്തോ …..”

ലക്ഷ്മി തലയാട്ടി ..

പോകാൻ തുനിഞ്ഞിട്ട് നിരഞ്ജന ഒന്ന് നിന്നു ..

പിന്നെ തിരിഞ്ഞ് ആദിയുടെ കുഞ്ഞിക്കാലുകൾ കൈയിലെടുത്ത് അതിലേക്ക് മുഖമർപ്പിച്ചു ..

” മാപ്പ് …………….. മാപ്പ് ……..” പറഞ്ഞിട്ട് അവൾ വാ പൊത്തിക്കരഞ്ഞുകൊണ്ട് സ്റ്റെയർകേസ് കയറിയോടി …

ലക്ഷ്മി ആദിയെ ഉടുപ്പിടിയിച്ച് ഒരുക്കി .. പിന്നെ അവന് വേണ്ടി വാങ്ങിയ മുഴുവൻ സാധനങ്ങളും സിറ്റൗട്ടിലേക്ക് കൊണ്ട് വച്ചു ..

അപ്പോഴേക്കും നിരഞ്ജന സാരിയുടുത്തു കൊണ്ട് ഇറങ്ങി വന്നു …

ഡോർ ലോക്ക് ചെയ്ത് , അവൾ കുടയുമായി മഴയിലേക്കിറങ്ങി .. കാറിറക്കാൻ …

* * * * * * * * * * * * * * * * * * * * *

അലറി പെയ്യുന്ന പേമാരിയിലേക്ക് നോക്കി , അഭിരാമി ബാൽക്കണിയിൽ ഇരുന്നു ..

അവൾ കരച്ചിലടക്കാൻ പാട് പെടുന്നുണ്ടായിരുന്നു ..

വിനയ് അവൾക്കരികിൽ വന്ന് നിന്നു ..

പിന്നെ ആ മുഖം കൈക്കുമ്പിളിലെടുത്തു അലിവോടെ നോക്കി ..

” എഴുന്നേറ്റ് വാ മോളെ … നമുക്ക് പോയി കിടക്കാം … ”

” വിനയേട്ടൻ പോയ് കിടന്നോ .. ഞാൻ കുറച്ച് കൂടി ഇവിടെ ഇരുന്നോട്ടെ .. എനിക്കുറക്കം വരുന്നില്ല …. ”

” അത് പറ്റില്ല … നോക്ക് മഴയാണ് .. തണുപ്പ് തട്ടി പനി വരും .. നിനക്ക് മറ്റന്നാൾ പോകേണ്ടതല്ലേ ……” അവൻ വാത്സല്യത്തോടെ വിളിച്ചു ..

” എന്റെ മോനെന്നെ വിളിക്കുന്നുണ്ട് വിനയേട്ടാ .. എനിക്ക് കേൾക്കാം അത് .. ഇവിടെ മുഴുവൻ എന്റെ കുഞ്ഞിന്റെ കരച്ചിലാ … അവൻ കരയുമ്പോ ഞാനെങ്ങനെ ഉറങ്ങും വിനയേട്ടാ .. ” അവൾ പൊട്ടിക്കരഞ്ഞു …

വിനയ് അവളുടെ മുഖം തന്റെ വയറിലേക്ക് ചേർത്തു പിടിച്ച് നിന്നു ..

” വിനയേട്ടാ .. നമുക്കൊന്ന് നിരഞ്ജനയുടെ വീട്ടിൽ പോകാം .. അവളുടെ കാല് പിടിച്ചിട്ടായാലും എന്റെ മോനെ ഒന്ന് കണ്ടിട്ട് വരാം വിനയേട്ടാ … പ്ലീസ് ……..” അവൾ കെഞ്ചി ..

അവനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു …

അപ്പോഴേക്കും ഗേറ്റിലേക്ക് കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം വന്നു വീണു …

വിനയ് ബാൽക്കണിയിൽ നിന്ന് റോഡിലേക്ക് ശ്രദ്ധിച്ചു ..

ഒരു ഇന്നോവ കാർ മഴയിലൂടെ ഒഴുകി വന്ന് ഗേറ്റിൽ നിൽക്കുന്നത് , അവിടെ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ വെളിച്ചത്തിൽ അവൻ കണ്ടു ..

നിരഞ്ജനയുടെ കാർ …

അവന് വിശ്വസിക്കാനായില്ല …

” ആമി….. നിരഞ്ജനയാണെന്ന് തോന്നുന്നു …..”

” എവിടെ ….. ” അവൾ ചാടിയെഴുന്നേറ്റു … അവളുടെ ഹൃദയം തുടിച്ചു ..

അപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു കുട നിവർത്തി ആരോ മഴയിലേക്കിറങ്ങി …..

അഭിരാമിയും വിനയ് യും തിടുക്കത്തിൽ താഴേക്കിറങ്ങാനായി ഓടി ..

ആ സമയം ഗേറ്റിൽ സ്ഥാപിച്ചിട്ടുള്ള കോളിംഗ് ബെല്ലിൽ നിരഞ്ജനയുടെ വിരലമർന്നു ..

അപ്പോഴേക്കും വീടിന്റെ മുൻവാതിൽ തുറക്കപ്പെട്ടു കഴിഞ്ഞിരുന്നു …

ഒരു കുടക്കീഴിൽ വിനയ് യും ആമിയും ഗേറ്റിന് നേർക്ക് ഓടി ചെന്നു …

വിനയ് ഗേറ്റ് തുറന്നു …

വിനയ് യുടെ കുടക്കീഴിൽ നിന്ന് അഭിരാമിയും, മറ്റൊരു കുടക്കീഴിൽ നിന്ന് നിരഞ്ജനയും മുഖാമുഖം നോക്കി …

അഭിരാമിയുടെ നോട്ടം വ്യതിചലിച്ച് നിരഞ്ജനയുടെ പിന്നിലേക്കും കാറിനുള്ളിലേക്കും പോയി ..

ആദിയെ തിരയുകയാണെന്ന് അവൾക്ക് മനസിലായി ..

” കൊണ്ട് വന്നിട്ടുണ്ട് .. തിരിച്ചേൽപ്പിക്കാൻ ….” നിരഞ്ജന തോൽവി സമ്മതിച്ചവളെപ്പോലെ പറഞ്ഞു …

പറഞ്ഞിട്ട് അവൾ കാറിന്റെ മറു സൈഡിലേക്ക് പോയി ..

നിലാവുദിച്ചതു പോലെ അഭിരമി വിനയ് യെ നോക്കി പുഞ്ചിരിച്ചു .. അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ..

” സ്വപ്നാണോ വിനയേട്ടാ …” അവൾ നിറമിഴിയോടെ ചോദിച്ചു …

നിരഞ്ജന ഡോർ തുറന്നു കൊടുത്തു … ലക്ഷ്മി ആദിയെയും കൊണ്ട് പുറത്തിറങ്ങി …

ഡോറടച്ചിട്ട് നിരഞ്ജന കുട ലക്ഷ്മിയുടെ കൈയിലേക്ക് കൊടുത്തിട്ട് ആദിയെ കൈയിലേക്ക് വാങ്ങി ..

അവൻ കാറിലിരുന്നേ അഭിരാമിയെയും വിനയ് യെയും കണ്ടിരുന്നു ..

” മംമാ…………. ” അവൻ അഭിരാമിയുടെ നേർക്ക് കൈനീട്ടിക്കൊണ്ട് , നിരഞ്ജനയുടെ കൈയിൽ കിടന്ന് കുതറിപ്പിടഞ്ഞു … നിരഞ്ജന അവനെ അടക്കിപ്പിടിക്കാൻ പാടുപെടുന്നുണ്ടായിരുന്നു ..

അഭിരാമി കുഞ്ഞിനടുത്തേക്ക് ഓടിയണയാൻ മുന്നോട്ടാഞ്ഞതും , വിനയ് യുടെ പിടി അവളുടെ കൈയിൽ വീണു ..

(തുടരും )

 

Click Here to read full parts of the novel

4.1/5 - (18 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!