Skip to content

നന്ദ്യാർവട്ടം – ഭാഗം 30

നന്ദ്യാർവട്ടം

ഷംന സിസ്റ്റർ ശബരിയെ തറപ്പിച്ചൊന്നു നോക്കി …

കണ്ണെടുക്കാതെയുള്ള സിസ്റ്ററിന്റെ തുറിച്ച നോട്ടത്തിൽ ശബരിയൊന്ന് പതറി …

അയാൾ നോട്ടം പിൻവലിച്ചു കളഞ്ഞു …

സിസ്റ്റർ പോയി സ്റ്റാഫിന് അനുവദിച്ചിട്ടുള്ള സീറ്റിൽ ഇരുന്നു ..

അവിടെ മറ്റു രണ്ട് ജൂനിയർ നർസുമാർ കൂടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ..

ശബരി അമലാകാന്തിയുടെ അടുത്ത് തന്നെ ചുറ്റിത്തിരിഞ്ഞു ..

സ്റ്റാഫ് കോർണറിൽ ആയിരുന്നെങ്കിലും ഷംന സിസ്റ്ററിന്റെ കണ്ണുകൾ അമലാകാന്തിയുടെ ബെഡിലേക്ക് തന്നെയായിരുന്നു ..

ശബരിയുടെ പ്രസൻസ് അവളെ അസ്വസ്ഥയാക്കിക്കൊണ്ടേയിരുന്നു …

ശബരി നേരെ ഇൻജക്ഷൻ റൂമിലേക്ക് നടന്നു …

അൽപം കഴിഞ്ഞപ്പോൾ അയാളൊരു മെഡിസിൻ ലോഡ് ചെയ്തു കൊണ്ട് അമലാകാന്തിക്കരികിൽ വന്നു ..

അയാൾ അവളുടെ കാനുലയിട്ട കൈ പിടിക്കുന്നത് കണ്ടതും ,ഷംന സിസ്റ്റർ സീറ്റിൽ നിന്ന് എഴുന്നേറ്റ് , അമലാകാന്തിക്കരികിലേക്ക് ഓടി വന്നു ..

” സർ …. എന്തായിത് …..”

ശബരി വെട്ടിത്തിരിഞ്ഞ് സിസ്റ്ററിനെ നോക്കി ..

” പേഷ്യന്റിന് ഉറക്കമില്ല .. ഇത് ഉറങ്ങാനുള്ള ഡ്രഗാണ് .. ” ശബരി പറഞ്ഞു ..

” എന്തിനുള്ള ഡ്രഗാണെങ്കിലും കേസ് ഷീറ്റിലെഴുതാതെ ഇൻജക്ട് ചെയ്യാൻ പറ്റില്ല …. ” ഷംന സിസ്റ്റർ ശബരിയെ തടഞ്ഞു ..

” ഓ കേസ് ഷീറ്റിലൊക്കെ ഞാനെഴുതിക്കോളാം …….” അവൻ അലസമായി പറഞ്ഞു ..

” കേസ് ഷീറ്റിൽ എഴുതിയാൽ മാത്രം പോരാ .. ആ മെഡിസിൻ ഞങ്ങൾ കാൺകെ ലോഡ് ചെയ്യണം … ” ഷംന സിസ്റ്റർ വിട്ടില്ല …

ശബരിക്ക് തന്റെ അഭിമാനം വൃണപ്പെട്ടു …

” നീയിരാടി എന്നെ ചോദ്യം ചെയ്യാൻ .. നർസ്‌ നർസിന്റെ സ്ഥാനത്ത് നിന്നാൽ മതി .. ഡോക്ടർമാരെ ചോദ്യം ചെയ്യണ്ട … ”

” എടീ പോടീന്നൊക്കെ സർ വീട്ടിൽ പോയി വിളിച്ചാൽ മതി .. ഇത് ഹോസ്പിറ്റലാണ് .. ഗവൺമെന്റ് മെഡിക്കൽ കോളേജ് .. സാറല്ല എനിക്ക് സാലറി തരുന്നത് .. റൂൾസ് ആൻഡ് റെഗുലേഷൻസ് ഒക്കെ പഠിച്ചിട്ടു തന്നെയാ ഞങ്ങളും ഇവിടെ വന്നിരിക്കുന്നത് .. കേസ് ഷീറ്റിലെഴുതാതെ മെഡിസിൻ അഡ്മിനിസ്ട്രേറ്റ് ചെയ്യാൻ പാടില്ല എന്ന് സാറിന് അറിയില്ലേ ..” ഷംന സിസ്റ്റർ വീറോടെ ചോദിച്ചു ..

അത്രയുമായപ്പോഴേക്കും മറ്റു രണ്ട് ജൂനിയർ നർസുമാരും ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് B നർസുമാരും അങ്ങോട്ട് വന്നു …

” നീയെവിടുത്തെ നർസാ .. എമർജെൻസി സിറ്റ്വോഷനിൽ കേസ് ഷീറ്റിൽ എഴുതുന്നതിന് മുന്നേ മെഡിസിൻ അഡ്മിനിസ്ട്രേറ്റ് ചെയ്യാറുണ്ട് … ”

” അത് എമർജെൻസി സിറ്റ്വേഷനിൽ .. ഇവിടെ എന്താണ് സർ എമർജെൻസി .. പേഷ്യന്റ് ഉറങ്ങാത്തതോ … ഇനി എമർജെൻസി ഉണ്ടെങ്കിൽ തന്നെ , തൊട്ടപ്പുറത്തെ ഡ്യൂട്ടി റൂമിൽ ഡ്യൂട്ടി ഡോക്ടേർസ് ഉണ്ട് .. അവർ വരട്ടെ .. ഡ്യൂട്ടിയിലില്ലാത്ത സർ ഇടപെടണ്ട .. അമലാകാന്തിക്ക് എന്ത് മെഡിസിൻ കൊടുക്കുന്നുണ്ടെങ്കിലും അത് ഡോ. വിനയ് യുടെ സമ്മതത്തോടെ വേണം .. അതാണ് ഞങ്ങൾക്ക് ഡിപ്പാർട്ട്മെന്റ് ഹെഡിൽ നിന്ന് കിട്ടിയിട്ടുള്ള ഓർഡർ .. ”

അപ്പോഴേക്കും ഡ്യൂട്ടി റൂമിലുണ്ടായിരുന്ന പിജി ഡോക്ടർ ശരതും ഡോ . വിപിനും കൂടി അങ്ങോട്ടു വന്നു ..

രംഗം പന്തികേടാണെന്ന് ശബരിക്ക് മനസിലായി ..

” എന്താ സിസ്റ്റർ … ” Dr .ശരത്‌ ചോദിച്ചു കൊണ്ട് ഓടി വന്നു …

” കേസ് ഷീറ്റിൽ എഴുതാതെ ഡോക്ടർ ഏതോ മെഡിസിൻ അമലാകാന്തിക്ക് അഡ്മിനിസ്റ്റ്റേറ്റ് ചെയ്യാൻ ശ്രമിക്കുകയാണ് .. അമല ഉറങ്ങാത്തതാണ് സർ എമർജെൻസി സിറ്റ്വേഷൻ എന്ന് പറയുന്നത് .. ഈ ഡോക്ടറോട് ഒന്ന് പുറത്തേക്കിറങ്ങി നിൽക്കാൻ പറയൂ സർ … അമല ഉറങ്ങുന്നത് ഞാൻ കാണിച്ചു തരാം … ” ഷംന സിസ്റ്റർ പറഞ്ഞു ..

ശബരി അടിയേറ്റത് പോലെ ഷംന സിസ്റ്ററിനെ നോക്കി .. അവന്റെ മുഖം ചുവന്നു ….

Dr . ശരതും Dr . വിപിനും സംശയ ദൃഷ്ടിയോടെ ശബരിയെ നോക്കി ..

കാരണം വിനയ് യും , Dr . ഫസൽ നാസറും അയാളെ കുറിച്ച് ചില സൂചനകൾ അവർക്കും നൽകിയിട്ടുണ്ടായിരുന്നു ..

” ഇതേത് മെഡിസിനാ ഡോക്ടർ … ” ഡോക്ടർ വിപിൻ മുന്നോട്ടു വന്നു ..

ശബരി പെട്ടന്ന് അത് പോക്കറ്റിലേക്കിട്ടു … പിന്നെ അവർക്കു മറുപടി കൊടുക്കാതെ മുന്നോട്ടു നടന്നു …

പോകുന്ന പേക്കിൽ ഷംന സിസ്റ്ററെ നോക്കി അവൻ പല്ലിറുമി ..

ഷംന സിസ്റ്റർ അവനെ തന്നെ തുറിച്ചു നോക്കി …

* * * * * * * * * * * * * * * * * * * * * * *

പിറ്റേന്ന് വെളുപ്പിന് ജിതേഷിനെ , നിരഞ്ജന തന്നെ റെയിൽവേ സ്‌റ്റേഷനിൽ കൊണ്ട് വിട്ടു ….

കോഴിക്കോട് നിന്ന് ബസിൽ അവൻ കവലയിലിറങ്ങി …

ഒരു വർഷത്തോളമായി അവൻ നാട്ടിലേക്ക് വന്നിട്ട് .. വരാതിരുന്നത് മനപ്പൂർവ്വമാണ് ..

അവൻ ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു …

ദൂരെ നിന്നേ കാണാം തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന പഴയിടത്തു തറവാടിന്റെ പ്രൗഡി ….

കാറ് കയറിപ്പോകാനുള്ള വഴിയുണ്ടെങ്കിലും അവൻ കുത്തനെയുള്ള പടിക്കെട്ട് കയറി .. പടിപ്പുരയിലൂടെ മുറ്റത്തേക്ക് പ്രവേശിക്കുന്നത് ഇന്നും ഒളിമങ്ങാത്ത ഏതോ ഓർമകളുടെ ശേഷിപ്പുകളാണ് …

അവൻ കയറി ചെല്ലുമ്പോൾ , രാഘവ വാര്യർ എങ്ങോട്ടോ പോകാൻ തയ്യാറായി ഉമ്മറത്തേക്കിറങ്ങി വരികയായിരുന്നു ..

പിന്നിൽ ഭാഗ്യലക്ഷ്മിയുണ്ട് … ഇരുവരും മകനെ കണ്ടു ….

ആ മുഖങ്ങൾ തെളിഞ്ഞു ..

” മോനേ ……..” ഭാഗ്യലക്ഷ്മി ഓടിയിറങ്ങി വന്നു …

സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറഞ്ഞു ….

” വരുന്ന കാര്യമൊന്നും നീ പറഞ്ഞില്ലല്ലോ ഉണ്ണീ … ” അവർ പരിഭവം പറഞ്ഞു ..

” അമ്മക്ക് സർപ്രൈസാകട്ടെ എന്ന് കരുതി …..”

രാഘവ വാര്യർ ഉമ്മറത്ത് തന്നെ നിന്നതേയുള്ളു …

” മോൻ വാ ……..”

ജിതേഷ് ട്രാവൽ ബാഗ് വലിച്ച് കൊണ്ട് ഉമ്മറത്തേക്ക് കയറി …

രാഘവ വാര്യരുടെ മുന്നിൽ അവൻ നിന്നു ..

” ഇങ്ങ്ട് വന്നിട്ട് എത്ര നാളായീന്ന് നിശ്ചയിണ്ടോ ….” രാഘവ വാര്യർ ഗാംഭീര്യത്തോടെ ചോദിച്ചു ….

” ഉവ്വ് …….. ”

” എത്രയായി ……….?..”

” ഒര് വർഷം ……..”

” ങും ………..” അയാൾ നീട്ടിയൊന്ന് മൂളി …

“തിരക്കാണച്ഛേ .. ”

” അറിയണുണ്ട്…. ചിലതൊക്കെ … പറേലെ ഔസേപ്പിന്റെ കൊച്ചു മോള് അന്ന നിന്റെ ഹോസ്പിറ്റലിൽ നർസായിട്ട് കയറിയ വിവരം അറിഞ്ഞുവോ …..”

ജിതേഷ് ഒന്ന് ഞെട്ടി …

” ഇല്ല …………”

” ങും ………. ”

” നിങ്ങളൊന്ന് മിണ്ടാണ്ടിരിക്ക് .. അവനിങ്ങോട്ട് വന്നതല്ലേള്ളു…… ” ഭാഗ്യലക്ഷ്മി മകനെ പിന്തുണച്ചു …

” ങും .. ഞാനിറങ്ങാ … ഉച്ചയൂണിന് ഞാനുണ്ടാവും .. ” പറഞ്ഞിട്ട് രാഘവ വാര്യർ പടിയിറങ്ങി പോയി ……

” എങ്ങോട്ടു പോയതാമ്മേ പേരക്കമ്പ് ……” ജിതേഷ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചു ..

” ഡാ ….” അവരവനെ അടിക്കാൻ കയ്യോങ്ങി .. അവൻ തെന്നി മാറിക്കളഞ്ഞു ..

” ഇപ്പോ വാർഡ് മെംബറല്ലേ .. ഡെയ്ലി ഓരോരോ കാര്യങ്ങൾക്ക് അങ്ങ് പോകും …. ”
ഭാഗ്യലക്ഷ്മി പറഞ്ഞു …..

” ങും …. എന്തായാലും രാഘവ വാര്യർ ആള് പുലിയാ … പാലക്കാട്ന്ന് അഞ്ച് സെന്റ് ഓണം കേറാ മൂല വിറ്റ കാശും, ഒരു സ്കൂളിലെ അദ്ധ്യാപക ജോലിക്കുള്ള പോസ്റ്റിങ് ഓർഡറും കൂടെ ഞാനും അമ്മയുമായിട്ട് ഈ നാട്ടിൽ വന്നയാളല്ലേ രാഘവ വാര്യർ .. അവിടന്ന് ഇത്രടം വരെയൊക്കെ എത്തീലെ .പുള്ളി പുലിയല്ല പുള്ളിപ്പുലിയാ …….” അവൻ തമാശയായി പറഞ്ഞു ..

തമാശയായിരുന്നെങ്കിലും അത് കേട്ടപ്പോൾ ഭാഗ്യലക്ഷ്മിയുടെ കണ്ണൊന്ന് നിറഞ്ഞു …

അകത്ത് തന്റെ മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ ജിതേഷിന്റെ മനസിൽ ഒരു പിടച്ചിലുണ്ടായിരുന്നു .. താനിനി പറയാൻ പോകുന്ന കാര്യങ്ങൾ ഈ തറവാടിനെ പിടിച്ച് കുലുക്കുമെന്ന് അവന് അറിയാമായിരുന്നു …

* * * * * * * * * * * * * * * * * * * .

ദൂരെ ക്ഷേത്രത്തിൽ അത്താഴ പൂജക്കുള്ള മണി മുഴങ്ങി …

പുറത്ത് സന്ധ്യ ഇരുട്ടിന് വഴിമാറിക്കൊടുത്തു കഴിഞ്ഞിരുന്നു ..

വാതിലിനപ്പുറം അമ്മയുടെ കാലൊച്ച കേട്ടപ്പോൾ അവൻ ബെഡിൽ എഴുന്നേറ്റിരുന്നു …

” ഉണ്ണീ …….” ഭാഗ്യലക്ഷ്മി വിളിച്ചു …

” കയറിവാമ്മേ … ഞാനിവിടെണ്ട് …..” അവൻ പറഞ്ഞു ..

” നീങ്ട് വാ …. അച്ഛ വിളിക്ക്ണ്ട് ….”

ജിതേഷ് ഒന്നു മൗനമായി ..

പിന്നെ അവൻ എഴുന്നേറ്റ് മരപ്പടിയിറങ്ങി താഴേക്ക് ചെന്നു …

ഉമ്മറത്ത് ചാരുകസേരയിൽ രാഘവവാര്യരർ ചാരിക്കിടപ്പുണ്ടായിരുന്നു…

ജിതേഷ് അച്ഛന് പിന്നിൽ വന്ന് മുരടനക്കി …

രാഘവ വാര്യർ തല ചരിച്ച് അവനെയൊന്ന് നോക്കി ..

” വന്നിരിക്ക് …….” അയാൾ ആജ്ഞാപിച്ചു …

അവൻ വന്ന് ചാരുപടിയിലിരുന്നു …

” ത്ര ദീസണ്ടാവും ഈടെ……”

” നാളെ വൈകിട്ട് പോകും ….” അവൻ വിനയത്തോടെ പറഞ്ഞു ..

” മാമ്പുരക്കൽ ഞാനിന്ന് പോയിരുന്നു … ശങ്കരൻ കിടപ്പിലായിട്ട് വർഷം നാലാവ്ണൂന്നറിയാലോ … പ്പോ തീരെ സുഖല്ല്യ .. ന്നോ നാളെയോ ന്ന് പറഞ്ഞ് കിടപ്പാ ……” വെറ്റിലയിൽ നൂറുതേച്ച് പിടിപ്പിച്ച് , അത് കടവായിലേക്ക് വച്ച് കൊണ്ട് രാഘവൻ പറഞ്ഞു ..

ജിതേഷ് മിണ്ടാതിരുന്നു …. അവൻ പ്രതീക്ഷിച്ച കാര്യത്തിലേക്കാണ് അച്ഛൻ വരുന്നതെന്ന് അവന് മനസിലായി ..

രാഘവൻ അവനെയൊന്ന് നോക്കി …

” കേൾക്കണ് ണ്ടോ ….?” അയാൾ ചോദിച്ചു ..

” ഉവ്വ് …….” അവൻ പറഞ്ഞു …

” ദിവ്യ ചിറ്റേടത്ത് ദന്തൽ ക്ലിനിക്കിൽ പ്രാക്ടീസ് തുടങ്ങിയിട്ട് ആറ് മാസം കഴിഞ്ഞു .. അതും അറിയാല്ലോ ല്ലേ … ” രാഘവൻ ചോദിച്ചു ..

” ഉവ്വ് …….”

” അപ്പോ ഞി അതങ്ട് വൈകിക്കണ്ടാന്നാ ഞങ്ങടെ തീരുമാനം .. ഈ വരുന്ന വ്യാഴാഴ്ച മാമ്പുരക്കൽ വച്ച് നിന്റെ വിവാഹ നിശ്ചയാണ് … ചെറിയൊരു ചടങ്ങ് .. വിവാഹം ഏറ്റവും അടുത്ത മുഹുർത്തത്തിൽ ദിവ്യേടെ കുടുംബക്ഷേത്രത്തിൽ വച്ച് ……”

ജിതേഷ് ഞെട്ടിപ്പോയി …

” അച്ഛനെന്താ പറേണെ ..എന്നോടാലോചിക്കാതെയാണോ എന്റെ വിവാഹം തീരുമാനിക്കണെ .. വ്യാഴാഴ്ച മറ്റന്നാളല്ലേ… ഞാൻ നാളെ വൈകിട്ട് തിരിച്ച് പോകും .. ”

” ഇയ്യ് പോകില്ല്യ….. ഞ്ഞി തിരോന്തോരത്തേക്ക് ന്റെ മോൻ പോകണില്ല്യ…. അവിടന്ന് റിസൈഗ്ന് ചെയ്തേക്കണം .. ചിറ്റേടത്ത് മെഡികെയറിൽ നിനക്ക് ജോലി ശരിയാക്കിട്ട്ണ്ട് ….. ഇനി നീ ബടെണ്ടാവണം …” രാഘവൻ പ്രഖ്യാപിച്ചു ..

ജിതേഷ് ചാരുപടിയിൽ നിന്നെഴുന്നേറ്റു ..

” അച്ഛൻ ക്ഷമിക്കണം .. ദിവ്യയെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറല്ല …. അത് പറയാൻ കൂടിയാ ഞാനിങ്ങോട്ട് വന്നത് … എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ് ….. ”

രാഘവൻ ചാരുകസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു …. പിന്നെ ചാരുപടിക്കരികിലേക്ക് വന്ന് വായിൽ കിടന്ന മുറുക്കാൻ മുറ്റത്തിന്റെ ഓരത്തേക്ക് ആഞ്ഞു തുപ്പി …

” അവന്റെയൊരു പെൺകുട്ടി …… എനിക്കറിയാം നിന്റെ നാറിയ കഥകൾ .. പണ്ടൊരുത്തനെ കല്യാണം കഴിച്ച് അവന്റെ കൊച്ചിനെയും പ്രസവിച്ചിട്ട് , അവരെ രണ്ടിനേം ഉപേക്ഷിച്ച് അഴിഞ്ഞാടി നടക്കുന്ന ഒരുവളാ അവന്റെ പെൺകുട്ടി .. രാത്രീല് പലപ്പോഴും അവൾക്ക് അന്തിക്കൂട്ട് കിടക്കുന്നത് എന്റെ മോനാ … നീ വർക്ക് ചെയ്യുന്ന ആശുപത്രീടെ MD ടെ അനന്തിരവൾ … കേട്ടാലറയ്ക്കണ കഥകളൊക്കെ അവിടെ പാട്ടാ … ഔസേപ്പ് എന്നെ വിളിച്ച് ഇതൊക്കെ പറഞ്ഞപ്പോ തൊലിയുരിഞ്ഞു പോയി എന്റെ …..” രാഘവൻ അറപ്പോടെ പറഞ്ഞു …

ഭാഗ്യലക്ഷ്മി വാ പൊത്തി കരഞ്ഞു …

” നിരഞ്ജനയുടെ പാസ്റ്റ് എനിക്ക് പ്രശ്നമല്ല .. അതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാ ഞാനവളെ സ്നേഹിച്ചത് …”

” പക്ഷെ എനിക്ക് പ്രശ്നമാണ് .. അങ്ങനെയൊരു രണ്ടാം കെട്ടുകാരിയെ ഈ തറവാട്ടിലേക്ക് കയറ്റാൻ ഞാൻ സമ്മതിക്കില്ല്യ…. ഇവിടെ ഞാൻ തീരുമാനിക്കുന്നതേ നടക്കൂ ……” രാഘവന്റെ ശബ്ദമുയർന്നു ..

” അറിയാമച്ഛാ… അത് പറയാൻ തന്നെയാ ഞാൻ വന്നത് .. നിരഞ്ജനയെ വിവാഹം ചെയ്തു കൊണ്ട് ഞാനിങ്ങോട്ട് വരില്ല .. യാത്ര പറയാൻ തന്നെയാ ഞാൻ വന്നത് ….”

രാഘവൻ ഞെട്ടലോടെ മകനെ നോക്കി …

” ഉണ്ണീ …….” ഭാഗ്യലക്ഷ്മി തകർന്നു പോയി …

” എന്താ നീ പറേണെ … ഞങ്ങളെ ധിക്കരിച്ച് പോവാണെന്നോ ……. ” ഭാഗ്യലക്ഷ്മി അവന്റെ ടീഷർട്ടിൽ കുത്തിപ്പിടിച്ച് ഉലച്ചു ..

” ദിവ്യയുമായുള്ള നിന്റെ വിവാഹം ഞാനും ശങ്കരനും വർഷങ്ങൾക്ക് മുൻപേ തീരുമാനിച്ചതാ .. ശങ്കരനോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാ … അറിയാല്ലോ … ഇത്തിരി ഭൂമി വിറ്റ പണവും കൊണ്ട് ഈ നാട്ടിൽ വന്നപ്പോ ,വാടക പോലും വാങ്ങാതെ മാമ്പുരക്കൽ തറവാടിന്റെ ഒരു ഭാഗം നമുക്ക് വിട്ട് തന്നവനാ ശങ്കരൻ .. അവിടെ കഴിഞ്ഞോണ്ടാ , അദ്ധ്യാപക ജോലിക്ക് പുറമേ ശങ്കരന്റെ പറമ്പിൽ കൃഷി ചെയ്ത് ഈ വീട് ഞാൻ സ്വന്തമാക്കിയത് .. പാട്ടക്കാശ് പോലും അവൻ വാങ്ങിട്ടില്ല്യ…. നീ പഠിച്ച് വലിയ ഡോക്ടറായത് അവൻ ചെയ്ത ആ വലിയ കാരുണ്യത്തിന്റെ ബാക്കിയായിട്ടാ … അവനോട് നന്ദികേട് കാണിക്കാൻ എനിക്കാവില്ല്യ….” രാഘവൻ തീർത്തു പറഞ്ഞു …

” കടവും കടപ്പാടും നന്ദിയും നന്ദികേടും .. എന്നുമുണ്ടല്ലോ അച്ഛാ ഈ കഥയൊക്കെ .. ഇത് പഴയ കാലമൊന്നുമല്ല .. ഞാൻ ഡോക്ടറായെങ്കിൽ ഞാൻ കഷ്ടപ്പെട്ട് പഠിച്ചത് കൊണ്ടാ .. അച്ഛന്റെ കൈയിൽ പണമുണ്ടായത് കൊണ്ട് മാത്രം ഞാൻ ഡോക്ടറാവോ… നിങ്ങൾ കടവും കടപ്പാടും പറഞ്ഞു പണ്ടെങ്ങോ കല്യാണം പറഞ്ഞു വച്ചത് എന്റെ കുറ്റമാണോ .. അച്ഛാ ഞങ്ങൾക്കുമില്ലേ സ്വപ്നങ്ങൾ .. നിങ്ങളുടെ സ്വാർത്ഥതക്ക് വേണ്ടി ഞങ്ങളുടെ ജീവിതമെന്തിനാ തല്ലിതകർക്കുന്നത് ….?” അവൻ രോഷത്തോടെ ചോദിച്ചു ..

” ഉണ്ണീ നീയാരോടാ കയർത്തു സംസാരിക്കുന്നേ എന്നറിയോ …” ഭാഗ്യലക്ഷ്മി മകനെ ശകാരിച്ചു ..

” അവൻ പറയട്ടെ ഭാഗ്യം … നീ കേൾക്കണില്ലേ അവൻ പറഞ്ഞത് .. എന്റെ സ്വാർത്ഥതക്ക് വേണ്ടി എന്ന് …….” രാഘവൻ അവനെ നോക്കി പറഞ്ഞു ..

” നീയും ആ പെൺകുട്ടിക്ക് കുറച്ച് മോഹങ്ങളൊക്കെ കൊടുത്തിട്ടില്ലേടാ … ഞാനും നിന്റമ്മേം പലതിനും സാക്ഷിയാണ് .. നീയതൊക്കെ മറന്നോ ….” രാഘവന്റെ ഒച്ചയുയർന്നു …

ജിതേഷ് ഒന്ന് പതറി …

” അ … അതൊക്കെ പണ്ട് … ആ പ്രായത്തിൽ .. അത്തരം മോഹങ്ങളൊക്കെ .. നിങ്ങളോരോന്ന് ഞങ്ങളുടെ മനസിൽ പാകി വച്ചിട്ട് … ” അവൻ വാക്കുകൾക്കായി പതറി ..

” അന്ന് പാകിയതൊക്കെ ഇപ്പോ വാടിക്കരിഞ്ഞു പോയോ എന്റെ മകന്റെ മനസീന്ന് … പക്ഷെ ആ പെൺകുട്ടിയുടെ മനസിന്ന് പോയിട്ടില്ല ഒന്നും .. അവൾ കാത്തിരിക്ക്യാ നിനക്ക് വേണ്ടി .. നിന്നെ മാത്രമേ വിവാഹം ചെയ്യൂ എന്ന് പറഞ്ഞ് … ” രാഘവൻ ജിതേഷിന്റെ കണ്ണിലേക്ക് ശൂലം തറക്കുമാറ് കൂർപ്പിച്ച് നോക്കി …

അവൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു …

” ഞാൻ തീരുമാനിച്ചു കഴിഞ്ഞു എല്ലാം .. എന്റെ തീരുമാനത്തിനപ്പുറം നിനക്കൊരു തീരുമാനമെടുക്കാനുണ്ടെങ്കിൽ അതെന്റെ ശവത്തിൽ ചവിട്ടി നിന്ന് വേണം ….” രാഘവന്റെ ശബ്ദം പഴയിടത്ത് തറവാട്ടിൽ മുഴങ്ങി കേട്ടു ………..

” അച്ഛന്റെ മാത്രല്ല .. ഈ അമ്മേടെം … എന്റെ മോൻ ആ രണ്ടു കർമവും ചെയ്തിട്ട് വേണം നിന്റെ ഇഷ്ടം നടത്താൻ ..

ജിതേഷ് നിസഹായനായി അച്ഛനമ്മമാരെ നോക്കി …

* * * * * * * * * * * * * * * * * * * * * * * *

ആ രാത്രി അവനുറങ്ങാനായില്ല … പഴയത് പലതും അവന്റെ മനസിലേക്ക് ഓടിയെത്തി …

താൻ എംബിബിഎസിന് നാലാം വർഷം പഠിക്കുന്ന കാലം …

എന്തോ അവധിക്ക് നാട്ടിൽ വന്നപ്പോൾ പൂരക്കാലമായിരുന്നു ..

ദിവ്യയന്ന് പ്ലസ് ടു വിന് ..

കാണാതിരുന്ന് കാണുമ്പോൾ പ്രണയത്തിന് മാധുര്യമേറുമായിരുന്നു ..

അമ്പലത്തിലെ വിളക്കിനിടയിൽ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അവളെയും കൂട്ടി തറവാട്ടിലേക്ക് വന്നു ..

തറവാട്ടിലെ കുളത്തിന്റെ പടവിൽ , ആരും കാണാതെ അവളെയും ചേർത്തു പിടിച്ചിരുന്നു …

ആകാശത്തെ ചന്ദ്രബിംബം കുളത്തിന്റെയോളങ്ങൾക്കു മീതെ , ഓട്ടുപാത്രം പോലെ തിളങ്ങി കിടന്നു …

ഒരു കൊച്ച് കല്ലെടുത്ത് അതിലേക്കെറിഞ്ഞിട്ട് അവൾ പൊട്ടിച്ചിരിച്ചു …

” ഉണ്യേട്ടാ അത് നോക്ക് …….” ഓളത്തിനു മീതെ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന ചന്ദ്രബിംബത്തിലേക്ക് വെളുവെളുത്ത വിരൽ ചൂണ്ടി അവൾ പിന്നെയും ചിരിച്ചു ..

പക്ഷെ അവന്റെ നോട്ടം അവളുടെ മുഖത്തായിരുന്നു ..

” നല്ല ഭംഗീണ്ടല്ലേ … ” അവൾ ചോദിച്ചു ..

” ഉവ്വ് ….” അവൻ അവളുടെ കരിമഷിയിട്ട വിടർന്ന കണ്ണിലും ചുവന്ന അധരങ്ങളിലും നോക്കി പറഞ്ഞു …

ജലാശയത്തിൽ വീണ പൗർണമി തിങ്കളിനെ വെല്ലുന്ന പാൽ വെള്ള നിറം അവളുടെ ദേഹത്തിനായിരുന്നു …

വയലറ്റ് പട്ട് പാവാടക്കുള്ളിൽ അവളുടെ നിറം പതിന്മടങ്ങായി തിളങ്ങി …

അവളുടെ അധരങ്ങൾക്ക് മീതെ വിയർപ്പ് മണി പൊടിഞ്ഞിരുന്നു ….

ചുണ്ടിന് മേലുള്ള നേർത്ത രോമരാചി അവനിലെ പുരുഷനെ ഉണർത്താൻ പോന്നതായിരുന്നു …

കുളത്തിലേക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്ന അവളുടെ ചുണ്ടിലേക്ക് , ഒരൊറ്റ നിമിഷത്തിന്റെ ചാപല്ല്യത്തിൽ അവന്റെ ചുണ്ടുകൾ ചേർന്നു …

” ഉണ്യേട്ടാ …… വിട് …. എന്തായിത് ..”

അവളുടെ വാർമുടിയിലുടക്കിക്കിടന്ന മുല്ലപ്പൂവിന്റെ ഗന്ധം അവനെ മത്ത് പിടിപ്പിച്ചു …

അവളുടെ എതിർപ്പിനെ വക വയ്ക്കാതെ അവൻ അവളുടെ മുഖത്തും നെറ്റിയിലും കഴുത്തിലും ചുംബിച്ചു ..

ആദ്യത്തെ എതിർപ്പിനപ്പുറം അവന്റെ പൊടിമീശ അവളുടെ മൃദുല മേനിയിലെ ഓരോ രോമകൂപങ്ങൾക്കിടയിലും ഒളിച്ചിരുന്ന വികാരങ്ങളെ തൊട്ടുണർത്തി ..

അവന്റെ നെഞ്ചിൽ തട്ടി നിന്ന അവളുടെ മാറിടങ്ങളിലേക്ക് , അവന്റെ ചുടുനിശ്വാസം ആഴ്ന്നിറങ്ങി …

അവളിൽ നിന്നുയർന്ന സീൽക്കാരങ്ങൾ അവനുള്ള പച്ചക്കൊടിയായിരുന്നു …

നക്ഷത്രങ്ങൾ വിരിഞ്ഞ ആകാശത്തിനു താഴെ കുളപ്പടവിൽ അവളുടെ കഴുത്തിൽ നിന്ന് വിയർപ്പു മണിയിറ്റു വീണു ..

തൊട്ടരികെ ജലാശയത്തിൽ വീണു കിടന്ന അമ്പിളി തെല്ലിന്റെ സ്ഥാനം ആമ്പലിനു മീതെയായി …

പ്രണയം പൂത്തുലഞ്ഞ വാസരം എങ്ങും പടർന്നു …

അതൊരു തുടക്കമായിരുന്നു .. പിന്നീടും പലവട്ടം … എൻട്രൻസ് കിട്ടി അവൾ BDS നും താൻ ഹൗസ് സർജൻസി കഴിഞ്ഞ് പിജിക്കു വേണ്ടി പോകുന്നതു വരേയും പലപ്പോഴും സംഗമിച്ചിട്ടുണ്ട് ..

പക്ഷെ പിന്നീടെപ്പോഴോ ആ സമാഗമങ്ങളില്ലാതെയായി …

ഇപ്പോൾ … ഇപ്പോൾ തനിക്ക് അവളോട് ആ പ്രണയമില്ല .. ഇഷ്ടമില്ല … അതിന്റെ കാരണം മാത്രം അജ്ഞാതമാണ് …

നിരഞ്ജന … അവളെ തനിക്ക് മറക്കാൻ വയ്യ …….

അവന്റെ കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞൊഴുകി …

* * * * * * * * * * * * * * * * * * * * *

പിറ്റേന്ന് രാവിലെ ജിതേഷ് ചിറ്റേടത്ത് ഡെന്റൽ ക്ലിനിക്കിന് മുന്നിലെത്തി …

പറയണം ദിവ്യയോട് എല്ലാം ..

അവൾ തന്നെ ശപിക്കുകയോ ….. പൊറുക്കുകയോ എന്തു വേണോ ചെയ്യട്ടേ …

എന്നാലും നിരഞ്ജനയെ കൈ വിടാൻ വയ്യ …

അൽപം കഴിഞ്ഞപ്പോൾ നിറ പുഞ്ചിരിയുമായി ദിവ്യ പുറത്തേക്കിറങ്ങി വന്നു …

സ്വർണനൂൽ പാകിയ ആകാശനീല ചുരിദാറായിരുന്നു വേഷം …

പാൽ പോലെ വെളുത്ത അവളുടെ ശരീരത്തിന് അത് നല്ല ചേർച്ചയായിരുന്നു ..

പുഞ്ചിരിച്ചു കൊണ്ട് വന്ന അവളുടെ മുഖം അടുത്ത നിമിഷം മങ്ങി…

” ഉണ്യേട്ടാ ………….” അവൾ അലറി വിളിച്ചു ….

ചോര ചിതറിച്ച് കൊണ്ട് ഇടനെഞ്ച് പൊത്തിപ്പിടിച്ച് അവൻ തറയിലേക്ക് വീണു ..

(തുടരും)

 

Click Here to read full parts of the novel

3.8/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!