Skip to content

നന്ദ്യാർവട്ടം – ഭാഗം 33

നന്ദ്യാർവട്ടം

ആദിയെ ഉറക്കിക്കൊണ്ട് വന്ന് ബെഡിൽ കിടത്തിയിട്ട് വിനയ് പോയി ടേബിളിലിരുന്നു …

ബുക്ക്സ് എടുത്ത് റെഫർ ചെയ്യുന്നതിനിടയിലാണ് അവൻ വീണ്ടും പെൻഡ്രൈവിന്റെ കാര്യം ഓർത്തത് …

അവനപ്പോൾ തന്നെ ലാപ്പ് എടുത്തു വച്ച് ,പെൻഡ്രൈവ് കണക്ട് ചെയ്തു …

കൺമുന്നിലേക്ക് തെളിഞ്ഞത് ഒരു ക്ലാസ് റൂമാണ് .. അതിനുള്ളിൽ ശബരിയും മറ്റൊരാളും …

” എടോ താനൊന്നും അറിയണ്ട .. എല്ലാം മുരുകൻ ഭായ് പറഞ്ഞില്ലേ അത് പോലെ നടക്കും .. ബോഡിയൊക്കെ നമുക്ക് പുറത്തെടുക്കാം .. ”

” അതല്ല ഡോക്ടറെ … ഈ അഭിരാമിയെ തന്നെ എങ്ങനെ കൊണ്ടുവരും … എന്നോട് ആദ്യം അങ്ങനെയല്ല പറഞ്ഞത് .. ഏത് ടീച്ചറായാലും അവരും പയ്യൻമാരും ബസിൽ ബേംബ് ബ്ലാസ്റ്റിൽ മരിക്കും എന്നാണ് ….”

” ഇതെന്റെ ആവശ്യമാണ് .. മുരുകൻ ഭായ് പറഞ്ഞില്ലേ തന്നോട് ..അത് പോലെയങ്ങ് ചെയ്താൽ മതി .. എന്തായാലും പതിനെട്ടാം തീയതി പിള്ളേർക്കൊപ്പം ബസിൽ അഭിരാമി ഉണ്ടായിരിക്കണം ………”

അടുത്തു കിടന്ന ബെഞ്ചിൽ ശബരിയുടെ ലഗേജ് ഉണ്ടായിരുന്നു ..

വിനയ് അവരുടെ സംഭാഷണം മുഴുവൻ പ്ലേ ചെയ്തു കേട്ടു … അവന്റെ മുഖത്ത് ഭയം നിറഞ്ഞു ..

ഈശ്വരാ എന്റെ ആമി … !

വിനയ് ഉടൻ തന്നെ എഴുന്നേറ്റ് വസ്ത്രം മാറി .. അതിനിടയിൽ ഒന്ന് രണ്ട് വട്ടം ആമിയെ വിളിച്ചു എങ്കിലും കിട്ടിയില്ല …

അവളെ ഫോണിൽ കിട്ടാൻ സത്യതയില്ലെന്ന് അവനുറപ്പായി .. അവന്മാർ എന്തോ പണി ഒപ്പിച്ചിട്ടുണ്ട് ……..

ജനാർദ്ദനനെ ഫോണിൽ വിളിച്ച് എത്രയും പെട്ടന്ന് അമ്മയെയും കൂട്ടി വീട്ടിലെത്താൻ ആവശ്യപ്പെട്ടു …

അവർ വരുന്ന സമയം കൊണ്ട് അവൻ പെൻഡ്രൈവിലുള്ളത് ലാപ്പിലാക്കി , പല ഫോൾഡറുകളിൽ കോപ്പി ചെയ്തു ..

തുടർന്ന് ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു …

ആസാദ് ഷഫീക്ക് …….. !

മൂന്നാമത്തെ ബെല്ലിൽ മറു വശത്ത് കാൾ അറ്റൻഡ് ചെയ്തു …

” സർ … എനിക്ക് അത്യാവശ്യമായി സറിനെ കാണണം .. എന്റെ വൈഫ് അപകടത്തിലാണ് .. ഒപ്പം കുറച്ച് സ്റ്റുഡൻസ് ഉണ്ട് …..” വിനയ് തിടുക്കപ്പെട്ടു പറഞ്ഞു ..

” ഡോക്ടർ ഞാൻ ഒരു യാത്രയിലാണ് .. നിങ്ങളുടെ ഹോസ്പിറ്റലിലെ ഡോക്ടർ ശബരിയെ രണ്ട് ദിവസമായി ഞങ്ങൾ ഫോളോ ചെയ്യുകയായിരുന്നു .. അന്നത്തെ എന്റെ സംശയം ശരിയാണ് ഡോക്ടർ .. ഞങ്ങളന്വേഷിക്കുന്ന ഗ്യാങ്ങുമായി Dr .ശബരിക്ക് എന്തോ ഇടപാടുണ്ട് .. അയാളെ ഫോളോ ചെയ്തിരുന്ന ഞങ്ങളുടെ സഹപ്രവർത്തകൻ കണ്ടത് വൈകിട്ട് , അയാൾ ലഗേജുമായി ഇറങ്ങുന്നതാണ് .. ഒരു കാർ അയാളുടെ കൈവശം ഉണ്ട് .. അത് ചാലയിലുള്ള ഒരു മനോഹരന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാറാണ് .. ഈ യാത്രയുടെ ഉദ്ദേശം എന്താണെന്നറിയില്ല .. എങ്കിലും എല്ലാ പഴുതിലൂടെയും ഞങ്ങൾ അന്വേഷിക്കണമല്ലോ .. ”

” സർ .. അത് തന്നെയാണ് സർ ഞാൻ പറയാൻ പോകുന്നത് .. ഞാനൊരു വീഡിയോ വാട്സപ് ചെയ്യാം .. ശബരിയുടെ കാർ നിങ്ങളുടെ കണ്മുന്നിലുണ്ടോ സർ … ”

” ഇല്ല …. പക്ഷെ അയാൾ പോകുന്ന റൂട്ട് സ്കെച്ച് ചെയ്തിട്ടുണ്ട് .. ഞങ്ങളും അങ്ങോട്ടാണ് … ”

അപ്പോഴേക്കും താഴെ കോളിംഗ് ബെൽ മുഴങ്ങി ..

” നിങ്ങൾ അയാളെ എത്രയും പെട്ടന്ന് ക്യാച് ചെയ്യണം സർ … അയാൾക്ക് മുന്നിലോ പിന്നിലോ ആയി ഒരു എയർ ബസുണ്ട് .. അതിനുളളിലുള്ളവരെയും രക്ഷിക്കണം … ”

” എന്താ ഡോക്ടർ നിങ്ങൾ പറയുന്നത് .. വ്യക്തമായി പറയൂ …”

സംസാരിക്കുന്നതിനിടയിൽ തന്നെ വിനയ് ആ വീഡിയോ ആസാദ് ഷഫീക്കിന് വാട്സപ്
ചെയ്തു ..

” സർ ആ വീഡിയോ കാണു .. അതിലെല്ലാമുണ്ട് … ഞാനും ഇപ്പോ ഇറങ്ങും .. ഞാൻ സാറിനെ കോൺടാക്ട് ചെയ്തോളാം … ” പറഞ്ഞിട്ട് അവൻ കാറിന്റെ കീയുമെടുത്ത് താഴേക്ക് ഓടി ..

ഡോർ തുറന്നപ്പോൾ വാതിൽക്കൽ ജനാർദ്ദനനും സരളയുമുണ്ട് ..

” എന്താ മോനേ .. ആദി വഴക്കാണോ ….”

” അതല്ലച്ഛാ … ഒരത്യാവശ്യമുണ്ട് .. ഞാനിറങ്ങുവാ .. ആദിയെ നോക്കിക്കോണം .. ”

” എന്താടാ .. . ഹോസ്പിറ്റലിലേക്കാണോ …” ജനാർദ്ദനൻ ചോദിച്ചു ..

” ഹോസ്പിറ്റലിന്ന് വിളിച്ചു കാണും … ” സരള പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി ..

” അല്ല .. മുകളിൽ എന്റെ ലാപ് ഉണ്ട് .. അതിൽ ഞാനെടുത്തു വച്ചിരിക്കുന്ന വീഡിയോസ് അച്ഛൻ കണ്ടു നോക്കു … ഏട്ടനെയും വിളിച്ച് പറയണം .. എന്ത് കാര്യത്തിനും റെഡിയായി ഇരിക്കണം .. ഞാൻ കോൺടാക്ട് ചെയ്തോളാം … അമ്മയറിയണ്ട .. ” അവൻ ജനാർദ്ദനനോട് പറഞ്ഞിട്ട് കാറിനടുത്തേക്ക് ഓടി …

* * * * * * * * * * * * * * * * * * * * * * *

ഡ്രൈവ് ചെയ്യുന്നതിനിടയിൽ വിനയ് ഡോ. ഫസൽ നാസറിനെ വിളിച്ച് ,അമലാകാന്തിയുടെ കാര്യത്തിൽ ഫുൾ ശ്രദ്ധ വേണമെന്ന് പറഞ്ഞു ..

ഒപ്പം ഹോസ്പിറ്റലിൽ എല്ലാവരിലും ഒരു കണ്ണ് വേണമെന്നും ..

അറിഞ്ഞ സംഭവങ്ങൾ അവൻ ചുരുക്കത്തിൽ ഫസൽ നാസറിനോട് വിവരിക്കുകയും ചെയ്തു ..

ജീവിതത്തിലേക്ക് തിരികെ വരുന്ന അമലാകാന്തി ഏത് നിമിഷവും കൊല്ലപ്പെടുമെന്ന് വിനയ് ഉറപ്പിച്ചു പറഞ്ഞു ..

ഫസൽ നാസറിന് അതിന്റെ ഗൗരവം മനസിലായി …

അയാൾ ഡ്യൂട്ടി റൂമിൽ നിന്ന് എഴുന്നേറ്റ് ഐസിയു വിലേക്ക് നടന്നു … സിസ്റ്റർമാർക്കൊപ്പം ഡോ .ഫസൽ നാസറും ഐസിയുവിൽ ഇരുന്നു … ഒപ്പം കേസ് ഷീറ്റുകൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി …

* * * * * * * * * * * * * * * * * * * * *

വിനയ് കാർ പറപ്പിക്കുകയായിരുന്നു …

അവന്റെ ഫോണിലേക്ക് അസാദ് ഷഫീക്ക് IPS ന്റെ കോൾ ഇരച്ചെത്തി …

വിനയ് സ്പീഡ് കുറച്ച് , ഫോൺ അറ്റൻഡ് ചെയ്തു …

” ഡോക്ടർ നിങ്ങളുടെ ഭാര്യയുടേയോ , ബസിലുള്ള മറ്റാരുടെയെങ്കിലുമോ ഫോൺ നമ്പർ തരൂ … അവരെവിടെയെന്ന് ലൊക്കേറ്റ് ചെയ്യണം … ”

വിനയ് നമ്പർ പറഞ്ഞു കൊടുത്തു ..

” സർ .. നമ്പർ വച്ച് ലൊക്കേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല സർ .. അവരുടെ ഫോൺ സ്വിച്ച്ഡ് ഓഫെന്ന അറിയിപ്പാണ് ലഭിക്കുന്നത് .. ഏതെങ്കിലും തരത്തിൽ അവർ സിഗ്നൽ ബ്ലോക്ക് ചെയ്തിട്ടുണ്ടാകും … ”

” അവർ യാത്ര ചെയ്യുന്ന ബസിന്റെ ഡീറ്റെയിൽസ് എന്തെങ്കിലുമറിയോ .. നമ്പർ വല്ലതും നോട്ട് ചെയ്തിട്ടുണ്ടോ … അറ്റ്ലീസ്റ്റ് പേരെങ്കിലും ..”

” ഇല്ല സർ .. ” വിനയ് നിരാശയോടെ പറഞ്ഞു ..

” ഇതൊക്കെ അറേഞ്ച് ചെയ്തത് ആരാ എന്നറിയോ …”

” അതൊരു ചന്ദ്രൻ ആണ് .. ആ കോളേജിലെ തന്നെ അദ്ധ്യാപകൻ .. ആ വീഡിയോയിൽ ഉള്ളത് അയാളാണ് എന്ന് തോന്നുന്നു സർ .. അയാൾ പക്ഷെ ആ ബസിനകത്താണ് … ”

” ഓ….ഷിറ്റ് … സാരമില്ല .. ഞാൻ നോക്കിക്കോളാം … ” പറഞ്ഞിട്ട് ആസാദ് ഷഫീക്ക് ഫോൺ കട്ട് ചെയ്തു ..

ശേഷം അയാൾ ആ വീഡിയോസ് , പോലീസ് കണ്ടട്രോൾ റൂമിലേക്കയച്ചു ..

ഒപ്പം അവരെ കോൺടാക്ട് ചെയ്ത് , താൻ മുംബൈ ക്രൈം ബ്രാഞ്ചിൽ നിന്ന് , ഒരു സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷിച്ച് എത്തിയ DySP ആസാദ് ഷെഫീക്ക് IPS ആണ് എന്നറിയിച്ചു ..

എത്രയും പെട്ടന്ന് ആ കോളേജിലെ പ്രിൻസിപ്പലിനെ തപ്പിയെടുത്ത് , ആ വണ്ടിയുടെ ഡീറ്റെയിൽസ് എടുപ്പിക്കണം എന്ന് നിർദ്ദേശിച്ചു ..

ബസിൽ മൊബൈൽ ജാമർ ഉപയോഗിച്ചിരിക്കാം എന്ന സംശയവും പറഞ്ഞു .. അതിനാൽ ആ ബസിൽ ഉള്ളവരെ കോൺടാക്ട് ചെയ്യാനോ , യാത്ര ചെയ്യുന്ന ബസിന്റെ ഒരു നിശ്ചിത പരിധിവരെ ഉള്ളവരെപ്പോലും കോൺടാക്ട് ചെയ്യാൻ സാധിക്കില്ല എന്നും അതിനാൽ ഡീറ്റെയിൽസ് എടുത്ത് , കമ്പംമേട് പോലീസിന് കൈമാറി , അവിടെ ക്യാച്ച് ചെയ്യുന്നതാവും ഉചിതമെന്നും അറിയിച്ചു ..

എന്നാൽ ബസ് കമ്പം മേട് വരെ എത്തുന്നുണ്ടോ എന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും , ആ ബസ് ആരുടെയെങ്കിലും ശ്രദ്ധയിലാണെങ്കിൽ , അവർക്ക് സംശയം തോന്നിയാൽ റൂട്ട് മാറ്റുമെന്നും ആസാദ് സൂചിപ്പിച്ചു ..

കൺട്രോൾ റൂമിൽ അപ്പോൾ തന്നെ നടപടികൾ ആരംഭിച്ചു …

* * * * * * * * * * * * * * * * * * * * * *

ബസിനുള്ളിൽ എല്ലാവരും ഉറക്കം പിടിച്ചിരുന്നു …

ചെക്ക് പോസ്റ്റ് എത്താറായതും ചന്ദ്രൻ ബാഗിലിരുന്ന മൊബൈൽ ജാമർ പ്രവർത്തന രഹിതമാക്കി ..

ചെക്ക്‌പോസ്റ്റിൽ ഒരു കാരണവശാലും ജാമർ പ്രവർത്തിപ്പിക്കരുത് എന്ന് അയാൾക്ക് നിർദ്ദേശമുണ്ടായിരുന്നു .. വയർലസ് സിഗ്നലുകൾ ജാമായാൽ അവർക്ക് സംശയം തോന്നുമെന്നതാണ് കാരണം ..

എല്ലാവരും ഉറക്കത്തിലായിരുന്നതിനാൽ ഫോണിൽ സിഗ്നൽ വന്നത് ആരും അറിഞ്ഞില്ല …

തൊട്ടടുത്ത നിമിഷം , ഒരുപാട് മൊബൈലുകൾ ഒരുമിച്ച് ശബ്ദിക്കാൻ തുടങ്ങി …

പല കുട്ടികളുടെയും വീടുകളിൽ നിന്നായിരുന്നു കാൾ .. അവർ തിടുക്കപ്പെട്ടു കാൾ എടുത്തു …

ബസിനുള്ളിലെ ശബ്ദമാണ് അഭിരാമിയെ ഉണർത്തിയത് …

ആദ്യം അവൾക്ക് കാര്യം മനസിലായില്ല ..അവൾ ചുറ്റും നോക്കി ..

പിന്നീടാണ് ഫോണിൽ സിഗ്നൽ കിട്ടി എന്ന് മനസിലായത് …

അവളപ്പോൾ തന്നെ ഫോണെടുത്ത് വിനയ് യെ വിളിച്ചു ..

* * * * * * * * * * * * * * * * * * * * * * *

” സർ … അഭിരാമിയുടെ ഫോൺ ഓണായിട്ടുണ്ടെന്ന് സൈബർ സെല്ലിൽ നിന്ന് ഇൻഫർമേഷനുണ്ട് … ” കോൺസ്റ്റബിൾ പറഞ്ഞു ..

” ദെൻ കാൾ ഹെർ …..” ആസാദ് ഷഫീക്ക് പറഞ്ഞു …

” സർ കോൾ വെയിറ്റിംഗ് ആണ് …” കോൺസ്റബിൾ പറഞ്ഞു ..

” സ്ഥലം ലൊക്കേറ്റ് ചെയ്യാൻ പറയൂ സൈബർ വിങ്ങിൽ … ” ആസാദ് തിടുക്കപ്പെട്ടു …

” സർ ഡോക്ടർ ശബരി ചെക് പോസ്റ്റിൽ എത്താറായിട്ടുണ്ട് … ഇത് വരെ പോലീസിന് അയാളെ ക്യാച്ച് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു … ”

ആസാദ് ഷഫീക്കിന്റെ കണ്ണൊന്ന് കുറുകി …

അയാൾ ഉടൻ ഫോണെടുത്ത് ചെക് പോസ്റ്റിലേക്ക് വിളിച്ചു …

* * * * * * * * * * * * * * * * * * * * * *

” ഹലോ ആമി …. ഹലോ …. ഹലോ ..”

അപ്പോഴേക്കും സിഗ്നൽ പോയിരുന്നു ..

വിനയ് ഫോൺ സീറ്റിലേക്കെറിഞ്ഞു .. മുഷ്ടി ചുരുട്ടി സ്റ്റിയറിംഗിലിടിച്ചു ..

പിന്നെ ഫോണെടുത്ത് ആസാദ് ഷെഫീഖിനെ വിളിച്ചു …

” സർ … അഭിരാമി എന്നെ വിളിച്ചിരുന്നു … അവർ യാത്ര ചെയ്യുന്ന വണ്ടിയുടെ പേര്
” ബോസ്കോ ” എന്നാണ് .. ഞാനവളോട് ട്രാപ്പിലാണെന്ന് പറഞ്ഞിട്ടുണ്ട് .. ബഹളം വയ്ക്കരുതെന്നും … ആ ചന്ദ്രന് സംശയം തോന്നാത്ത തരത്തിൽ എന്തെങ്കിലും ഐഡിയ ഉപയോഗിച്ച് യാത വൈകിപ്പിക്കാനും പറഞ്ഞിട്ടുണ്ട്‌ … ”

” വെരി ഗുഡ് .. വിനയ്…. അവർ എവിടെ എത്തി ചെക് പോസ്റ്റിലാണോ …”

” സർ അവിടെ കഴിഞ്ഞു എന്നാ തോന്നുന്നേ .. ചെക് പോസ്റ്റിൽ വച്ചാ എന്നെ വിളിച്ചത് … സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കാൾ കട്ടായി .. മേ ബി ദേ ആർ ട്രാവലിംഗ് …”

” ഒക്കെ … വിനയ് ……. ”

ആസാദ് കാൾ കട്ട് ചെയ്തു …

” ഇനി പേടിക്കണ്ട ..ഈ ബോസ്കോ എന്ന ടൂറിസ്റ്റ് ബസിന്റെ ഓണറെ കോൺടാക്ട് ചെയ്യണം .. ഗൂഗിളിൽ നോക്കിയാൽ കോൺടാക്ട് ടീറ്റെയിൽസ് കിട്ടും .. ചിലപ്പോ ഫെയ്സ്ബുക്കിൽ പേജോ ഗ്രൂപ്പോ ഒക്കെ കാണും… അവരുടെ ഏത് ബസാണ് തേനിയിലേക്ക് പോയിരിക്കുന്നത് എന്നറിഞ്ഞാൽ മതി .. അല്ലാതെ തന്നെ പേര് വച്ച് ഒരു ഇൻഫർമേഷൻ കൺട്രോൾ റൂമിലേക്കും , തമിഴ് നാട് പോലീസിനും കൊടുത്തേക്കു… ഫാസ്റ്റ് .. ”

” സർ .. പ്രിൻസിപ്പൽ കോളേജിലേക്ക് പോയിട്ടുണ്ട് .. ഡീറ്റെയിൽസ് എടുക്കാൻ .. അപ്പോ ഇനി ഓണറെ വിളിക്കണോ …”

” വേണം … കോളേജിൽ ചിലപ്പോൾ നമ്പർ തെറ്റിച്ച് കൊടുക്കാൻ ചാൻസുണ്ട്… ചിലപ്പോൾ നമ്പർ പ്ലേറ്റ് മാറ്റിയിട്ടുമുണ്ടാകാം .. കോളേജിലെ ഡീറ്റെയിൽസിൽ ഉള്ള നമ്പറും , ബസിലെ നമ്പർ പ്ലേറ്റിലെ നമ്പറും ഒർജിനൽ നമ്പറും എല്ലാം ഒന്നാകും എന്ന് ഉറപ്പൊന്നുമില്ല …..” ആസാദ് ഷെഫീഖ് സംശയത്തോടെ പറഞ്ഞു ..

* * * * * * * * * * * * * * * * * * * * * *

തന്റെ കാറിനു പിന്നാലെ ഒരു പോലീസ് ജീപ്പ് ഫോളോ ചെയ്യുന്നത് ശബരി റിയർവ്യൂ മിററിലൂടെ കണ്ടു …

അവന്റെ കണ്ണുകൾ ചടുലം സഞ്ചരിച്ചു …

അടുത്ത നിമിഷം മുരുകന്റെ കാൾ അവന്റെ ഫോണിലേക്ക് പാഞ്ഞു വന്നു …

അവൻ കാർ നിർത്താതെ തന്നെ കോളെടുത്തു …

” ഹലോ ഭായ് …”

” എടോ താൻ വണ്ടി എവിടെയെങ്കിലും ഇടിച്ചു നിർത്തിയിട്ട് രെക്ഷപ്പെടടോ .. തന്റെ പിന്നിലുള്ള പോലീസ് തന്നെ പിടിക്കാനാണ് വരുന്നത് .. താനിനി മുന്നോട്ട് പോകരുത് … ചെക് പോസ്റ്റിൽ വണ്ടികൾ എല്ലാം ബ്ലോക്ക് ചെയ്ത് പരിശോധിച്ചു വരികയാണ് .. താനാണ് ടാർഗറ്റ് .. ”

ശബരിയൊന്ന് വിറച്ചു …

” ഭായ് ……” അവൻ വിളിച്ചു ..

” സംസാരിച്ചു സമയം കളയാതെ വണ്ടി എവിടെയെങ്കിലും ഇടിച്ചു നിർത്തടോ … എന്നിട്ട് രക്ഷപ്പെടു … ഒരു കാരണവശാലും പോലീസിന്റെ കൈയിൽ താൻ പെടരുത് … താൻ ഗ്ലൗസ് ഇട്ടിട്ടുണ്ടല്ലോ അല്ലേ … ”

” ഉണ്ട് ഭായ് …”

” ആരോ ചതിച്ചു .. ആ അറ്റൻഡർ ചെക്കനാണ്ടോടോ … എവിടെയാ നമുക്ക് പിഴച്ചത് …”

” അറിയില്ല ഭായ് … ” ശബരി തല കുടഞ്ഞു …

” ങും .. പിന്നെ താനാണ് ആ വണ്ടി ഡ്രൈവ് ചെയ്തത് എന്ന് അവർക്ക് ഒരു തെളിവും കിട്ടരുത് … ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കോളാം .. താൻ എങ്ങനെയെങ്കിലും തിരിച്ച് ഹോസ്പിറ്റലിൽ എത്തണം .. എന്നിട്ട് ആ പെണ്ണിനെ തീർക്കണം .. മനസിലായല്ലോ .. ”

” ഒക്കെ ..പക്ഷെ ബസ് പോലീസ് പിടിച്ചാൽ .. ” ശബരി ചോദിച്ചു ..

” താൻ പറഞ്ഞത് ചെയ്യടോ .. പിന്നെ ഈ നമ്പറിലേക്ക് താനിനി വിളിക്കണ്ട .. ഇതിനി നിലവിലുണ്ടാകില്ല .. ആവശ്യം വന്നാൽ ഞാൻ തന്നെ വിളിച്ചോളാം …” മുരുകൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു ..

മുരുകൻ കളിയിക്കാവിളയിലെ തന്റെ താവളത്തിൽ വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു …

അയാളുടെ മറ്റൊരു ഫോണിലേക്ക് ഒരു കാൾ പാഞ്ഞെത്തി …

‘ ബോസ് കാളിംഗ് ….”

മുരുകന്റെ വലം കൈയായ കാളിയൻ എന്ന ഗുണ്ട ഫോണെടുത്ത് മുരുകന് നേരെ നീട്ടി …

അയാൾ ഭ്രാന്തനെപ്പോലെ തല ചൊറിഞ്ഞു .. പിന്നെ കാൾ അറ്റൻഡ് ചെയ്തു …

കാളിയൻ മുരുകൻ സംസാരിക്കുന്നത് ശ്രദ്ധിച്ചു നിന്നു ..

” ബോസ് … എന്താ സംഭവിച്ചതെന്ന് അറിയില്ല .. നമ്മളെല്ലാം കണ്ണിംഗ് ആയിരുന്നു .. ”

മുരുകന്റെ കണ്ണുകൾ ഭയം കൊണ്ട് വിറയ്ക്കുന്നത് കാളിയൻ കണ്ടു ..

” ആ അറ്റൻഡർ അരുൺ ആണോ എന്ന് സംശയം … ”

” ശരി ബോസ് ….”

” ഫോളോ ചെയ്യുന്നുണ്ട് ….”

” ങും …….” മുരുകൻ അമർത്തിയൊന്ന് മൂളി ..

” ഒക്കെ ..ബോസ് …”

മുരുകൻ തിടുക്കത്തിൽ കാൾ കട്ട് ചെയ്തു ….

പിന്നെ മറ്റൊരു നമ്പറിലേക്ക് വിളിച്ചു ..

ഷൂട്ടർ ജോഷി …

* * * * * * * * * * * * * * * * * * * *

ശബരി കാർ ഒരു മതിലിൽ ഇടിപ്പിച്ചു നിർത്തി … പിന്നെ മതിലിനപ്പുറത്തേക്ക് ചാടി കടന്ന് ഇരുളിലേക്ക് മറഞ്ഞു ….

പോലീസ് ഇരുളിൻ അവനെ തേടി പിന്നാലെ പാഞ്ഞു …

കുറച്ച് പേർ ഇടിച്ച കാറിനരികിൽ തന്നെ നിന്നു പരിശോധനകൾ നടത്തി …

* * * * * * * * * * * * * * * * * * * *

” ഒന്ന് വണ്ടി നിർത്താൻ പറയൂ .. എനിക്ക് വൊമിറ്റ് ചെയ്യണം … ” അഭിരാമി ബസിലിരുന്ന് വിളിച്ച് പറഞ്ഞു .. അവൾ വായ പൊത്തിപിടിച്ചിട്ടുണ്ടായിരുന്നു ..

” ആരുടെയെങ്കിലും കൈയിൽ കിറ്റുണ്ടെങ്കിൽ കൊടുക്കു …വേഗം … അല്ലെങ്കിൽ ഗ്ലാസിന് പുറത്തേക്ക് തലയിട്ട് വൊമിറ്റ് ചെയ്യ് മിസേ ……” ചന്ദ്രൻ അവൾക്കടുത്തേക്ക് വന്ന് പറഞ്ഞു ..

അവൾ കൈ കൊണ്ട് പറ്റില്ല എന്ന് ആംഗ്യം കാട്ടി ..

” ഒന്ന് നിർത്താൻ പറയൂ .. എനിക്ക് പുറത്തിറങ്ങണം … ”

അപ്പോഴേക്കും പിന്നിൽ നിന്ന് അദ്വൈത് എന്ന വിദ്യാർത്ഥി മുന്നിലേക്ക് വന്നു ..

” ചേട്ടാ ബസ് നിർത്തിയേ … മിസിന് സുഖമില്ല … ” അവൻ ചന്ദ്രൻ സാറിനെ ഗൗനിക്കാതെ ഡ്രൈവറോട് ചെന്ന് പറഞ്ഞു ..

ചന്ദ്രൻ ഒന്നും മിണ്ടിയില്ല … അദ്വൈത് യൂണിയനിൽ ഉള്ളതാണ് .. സെക്കന്റ് ഇയർ എക്കണോമിക്സ് വിദ്യാർത്ഥി .. അഭിരാമി പഠിപ്പിക്കുന്ന സ്റ്റുഡന്റ് കൂടിയാണ് അവൻ .. പല കാര്യങ്ങൾക്കും പലപ്പോഴായി അവൻ ചന്ദ്രൻ സാറുമായി ഉടക്കിയിട്ടുണ്ട് …

അവനുമായി ഉടക്കാൻ നിന്നാൽ ശരിയാകില്ല എന്ന് ചന്ദ്രന് അറിയാമായിരുന്നു .. ഒരു പ്രശ്നവുമില്ലാതെ കമ്പംമേട്ടിൽ എത്തണം ….

ഡ്രൈവർ ബസ് ഒതുക്കി നിർത്തി …

ഡോർ തുറന്നതും അഭിരാമി പുറത്തേക്ക് ചാടി ഇറങ്ങി …

അവൾക്കൊപ്പം അദ്വൈതും കൂടെ ഇറങ്ങി ..

” ആരെങ്കിലും കുറച്ച് വെള്ളമെടുക്ക് …” അവൻ ബസിനുള്ളിലേക്ക് വിളിച്ചു പറഞ്ഞു ..

” ഒരാൾ ഇറങ്ങിയാൽ മതി … ” ചന്ദ്രൻ ഉടൻ ആഞ്ജാപിച്ചു ….

അദ്വൈത് അയാളെയൊന്ന് ചെറഞ്ഞ് നോക്കി … പിന്നെ ബസിനുള്ളിൽ നിന്ന് ആരോ നീട്ടിയ ബോട്ടിൽ വെള്ളം വാങ്ങി …

അഭിരാമി അൽപം ഇരുട്ടിലേക്ക് മാറി നിന്നു ..

അദ്വൈത് വെള്ളവുമായി അവൾക്കടുത്തേക്ക് വന്നു ..

അവൾ മുഖം കുനിച്ച് നിൽക്കുന്നുണ്ടായിരുന്നു എങ്കിലും വൊമിറ്റ് ചെയ്യുന്നില്ലായിരുന്നു ..

അവൻ തൊട്ടരികിൽ എത്തിയതും , അഭിരാമി ശബ്ദം താഴ്ത്തി പറഞ്ഞു …

” അദ്വൈത് … നമ്മൾ എന്തോ ട്രാപ്പിലാണ് … യാത്ര വൈകിപ്പിച്ചേ പറ്റൂ .. അതിനാ ഞാൻ ഇവിടെ ഇറങ്ങിയത് …”

” എന്താ മിസ് …..”

” ഭയം വേണ്ട … പോലീസ് എത്തുമെന്ന് തോന്നുന്നു .. നമ്മുടെ ഫോണിന് സിഗ്നൽ ഇല്ലാത്തതൊന്നും യാദൃശ്ചികമല്ല … ആരൊക്കെയോ കരുതിക്കൂട്ടിയുള്ള പ്ലാനാണ് ….”

” എങ്കിൽ എനിക്ക് സംശയമുണ്ട് മിസ് .. ആ ചന്ദ്രൻ സാറിന്റെ ബാഗിൽ എന്തോ ഒരു എക്യുപ്മെന്റ് ഉണ്ട് … അയാൾ അത് ചെക് പോസ്റ്റിൽ വച്ച് എടുത്തിരുന്നു .. അപ്പോഴാണ് നമുക്ക് സിഗ്നൽ കിട്ടിയത് .. ചെക് പോസ്റ്റ് കടന്നതും , സാർ വീണ്ടും അത് കൈയിൽ എടുത്തു .. അപ്പോൾ സിഗ്നൽ പോയി … ” അവൻ സംശയത്തോടെ പറഞ്ഞു ..

അഭിരാമി അറിയാതെ ബസിന് നേർക്ക് പാളി നോക്കി ..

ആ സമയം അവർ സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിൽ നിന്ന് , ബീക്കൺ ലൈറ്റ് തെളിച്ച് പോലീസ് ജീപ്പ് ഇരമ്പി വന്നു …

അതേ സമയം , മറ്റൊരു വശത്ത് .. ബസിനെ ഫോക്കസ് ചെയ്ത് ഒരു സ്കോർപിയോ കിടപ്പുണ്ടായിരുന്നു …

അതിനുള്ളിലിരുന്നയാൾ ഒന്ന് നിവർന്നിരുന്നു …

ഷാർപ്പ് ഷൂട്ടർ ജോഷി ….!

അവന്റെ കൈയിലിരുന്ന പിസ്റ്റളിന്റെ ട്രിഗറിൽ അവൻ വിരൽ കൊണ്ട് തൊട്ട് കൊണ്ടിരുന്നു …

( തുടരും )

 

Click Here to read full parts of the novel

4.4/5 - (19 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!