Skip to content

നന്ദ്യാർവട്ടം – ഭാഗം 35

നന്ദ്യാർവട്ടം

ശബരി ക്രൂരമായ ചിരിയോടെ നോക്കി ..

” തകർത്തത് നീയാ .. എന്നെ തകർത്തത് നീയാ … അവളിനി സന്തോഷിക്കണ്ട .. അവൻ സന്തോഷിക്കണ്ട .. ആരും .. ആരും സന്തോഷിക്കണ്ട ….”

അതൊരു പിഞ്ച് കുഞ്ഞാണെന്നു പോലും മറന്ന് അയാൾ ഉന്മാദത്തോടെ പറഞ്ഞു .. മയക്കുമരുന്നിന്റെ ലഹരി അയാളിലെ മൃഗത്തെ , പത്ത് മടങ്ങാക്കി …

ആദിയുടെ മുഖത്ത് നീല നിറം പടർന്നു .

” അരാടോ ഇത് . …. ഈശ്വരാ കുഞ്ഞ് …..”

ജിൻസി സിസ്റ്റർ അകത്തേക്ക് കുതിച്ചു വന്നു .. ഓടി വന്ന് ആദിയുടെ മുഖത്ത് നിന്ന് മാസ്ക് വലിച്ചൂരി എറിഞ്ഞു …

” എടീ ……..” ആക്രോശിച്ചു കൊണ്ട് അടുത്തേക്ക് വന്നതും കൈയിലിരുന്ന ഹാന്റ് ബാഗ്‌ കൊണ്ട് അവൾ അയാളെ പ്രഹരിച്ചു …

അവനെ വീഴ്ത്താൻ പോന്നതായിരുന്നില്ല അതൊന്നും …

സിസ്റ്റർ അലറി വിളിച്ചു …

നിലവിളി കേട്ട് ആരൊക്കെയോ റൂമിലേക്ക് ഓടിക്കൂടി …

” കുഞ്ഞിനെ രക്ഷിക്ക് … ഡോക്ടറെ വിളിക്ക് …..”

ഓടി വന്ന സിസ്റ്റർമാരോട് ജിൻസി സിസ്റ്റർ വിളിച്ചു പറഞ്ഞു ..

എന്താണ് സംഭവിച്ചതെന്ന് അവർക്കും മനസിലായില്ല … Dr . വിനയ് കുഞ്ഞിനെ അവരെ ഏൽപ്പിച്ച് , വൈഫ് ഉടൻ എത്തും എന്ന് പറഞ്ഞ് പോയിട്ട് അഞ്ച് മിനിറ്റ് ആവുകയേയുള്ളു ….

ആളുകൾ കൂടിയതും ശബരിയിൽ ഒരു ചലനമുണ്ടായി …

അവന്റെ മുഖം ശ്രദ്ധിച്ച ജിൻസി സിസ്റ്റർ ഞെട്ടിപ്പോയി …

” ഇയാളെ വിടരുത് … പോലീസ് അന്വേഷിക്കുന്ന ശബരിയാണ് ഇയാൾ ….” ജിൻസി സിസ്റ്റർ ആൾക്കൂട്ടത്തോട് വിളിച്ചു പറഞ്ഞു ….

അടുത്ത നിമിഷം ശബരി എല്ലാവരെയും തള്ളിമറിച്ച് ഇറങ്ങിയോടി … ആരൊക്കെയോ അയാളുടെ പിന്നാലെയും ….

ഓടിയെത്തിയ പിജി ഡോക്ടർ , ആദിയെ എടുത്ത് നോക്കി …

അടുത്ത നിമിഷം അയാൾ കുഞ്ഞിനെയും നെഞ്ചോട് ചേർത്ത് പുറത്തേക്കിറങ്ങിയോടി …

” ആ കേസ് ഷീറ്റ് ന്യൂറോയിലേക്ക് വിട് സിസ്റ്ററെ ….” വിളിച്ചു പറഞ്ഞു കൊണ്ട് അയാൾ ഓടി ..

” എന്താ .. എന്താ സംഭവിച്ചത് … ” ആരൊക്കെയോ ജിൻസി സിസ്റ്ററോട് ചോദിച്ചു …

” കുഞ്ഞ് തനിച്ചേയുള്ളു .. ഒരു പത്ത് മിനിറ്റ് സിസ്റ്റർ ഇവിടെ വന്ന് നിൽക്കാവോ വൈഫ് വരുന്നവരെ എന്ന് വിനയ് ഡോക്ടർ താഴെ വച്ച് എന്നെ കണ്ടപ്പോ ചോദിച്ചു .. ഞാൻ വരുമ്പോ ഇയാൾ കുഞ്ഞിനെ കൊല്ലാൻ നോക്കുവാ ……” ജിൻസി സിസ്റ്റർ അപ്പോഴും ആ ഷോക്കിൽ നിന്ന് മുക്തമായില്ല ….

പെട്ടന്ന് അഭിരാമി റൂമിലേക്ക് കടന്ന് വന്നു .. അവൾ പകച്ച് ചുറ്റും നോക്കി …

” എന്താ …. ആദിയെവിടെ …? ” അവൾ അമ്പരപ്പോടെ ചോദിച്ചു ..

അത് അഭിരാമിയാണെന്ന് അവിടെ നിന്നവർക്ക് മനസിലായി …

എന്ത് പറയണമെന്ന് ആർക്കും ഒരൂഹവും കിട്ടിയില്ല …

” ആദിയുടെ അമ്മയല്ലേ … ” ജിൻസി സിസ്റ്റർ ചോദിച്ചു …

” അതേ .. എന്റെ കുഞ്ഞെവിടെ .. എന്താ പ്രശ്നം … ” അവളുടെ ഒച്ചയുയർന്നു …

” മേഡം വാ …..” ജിൻസി സിസ്റ്റർ അവളുടെ കൈ പിടിച്ചു …

* * * * * * * * * * * * * * * * * * * * *

ശബരി കേരള പോലീസിന് വൻ തലവേദന സൃഷ്ടിച്ചു .. കളിയിക്കാവിളയിൽ നിന്ന് മുരുകനെ വരെ കിട്ടിയിട്ടും ശബരിയെ കണ്ടെത്താനാകാതെ പോയതിൽ പോലീസ് സമ്മർദ്ദത്തിലായിരുന്നു …

അപ്പോഴാണ് രാവിലെ അറ്റൻഡറുടെ വേഷത്തിൽ , വേഷം മാറി ഹോസ്പിറ്റലിൽ കടന്ന് കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചത് …

ഈ സംഭവം കൂടിയായതോടെ തിരുവനന്തപുരത്തെ , വെള്ളവിരിയിട്ട കസേരകൾ ഉലഞ്ഞു …

നിയമസഭ മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള അനന്തപുരിയുടെ പാത പതിവ് തെറ്റിക്കാതെ രക്തച്ചൊരിച്ചിലുകൾക്കും പോലീസ് ലാത്തിചാർജിനും ജലപീരങ്കിക്കും സാക്ഷ്യം വഹിച്ചു ..

തെരുവിൽ മെഡിക്കൽ വിദ്യാർത്ഥികളടക്കം പ്രതിഷേധത്തിനിറങ്ങി .. ശബരിയെ പോലെയൊരാളെ ഇനിയും സർക്കാർ ഡോക്ടറായി വച്ചു കൊണ്ടിരിക്കുന്നത് മെഡിക്കൽ പ്രഫഷന് തന്നെ തീരാക്കളങ്കമാണെന്ന് അവർ വാദിച്ചു …മാധ്യമ പ്രവർത്തകർ അടങ്ങിയിരുന്നില്ല , സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധിക്കുന്ന വീഥിയുടെ കണ്ണാടിയായ് അവർ ഉരുക്കു പോലെ നിന്നു ..

* * * * * * * * * * * * * * * * * * * * *

ആദിക്ക് ഒരു അടിയന്തിര സർജറി വേണമെന്നത് ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെയാണ് അഭിരാമി കേട്ടത് …

അഭിരാമിയുടെ അമ്മ മല്ലികയടക്കം എല്ലാവരും അവൾക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു …

വിനയ് അകത്തായിരുന്നു .. പീഡിയാട്രിഷന്റെയും ന്യൂറോ സർജൻസിന്റെയുമടക്കം വിശദമായ പരിശോധനകൾ ആദിക്ക് വേണ്ടി വന്നു ..

സർജറിക്ക് വിനയ് കയറണ്ട എന്ന് മറ്റുള്ളവർ പറഞ്ഞെങ്കിലും ,അവൻ സമ്മതിച്ചില്ല …

എന്റെ കുഞ്ഞിനൊപ്പം ഞാൻ വേണമെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു …

സർജറിക്കുള്ള ഒരുക്കങ്ങൾ കഴിയുമ്പോൾ ഞാനെത്തുമെന്ന് വാക്ക് പറഞ്ഞിട്ട് , അവൻ അഭിരാമി പോലുമറിയാതെ ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങി …

വണ്ടിയെടുത്ത് അവൻ റോഡിലേക്കിറങ്ങി …

* * * * * * * * * * * * * * * * * * * *

സിറ്റൗട്ടിലിരുന്ന ചെടിച്ചട്ടി ചവിട്ടിമെതിച്ചിട്ട് വിനയ് ചാടി അകത്തേക്ക് കയറിച്ചെന്നു …

നിരഞ്ജന സാരിയുടുത്ത് എവിടെയോ പോകാൻ റെഡിയായി നിൽക്കുകയായിരുന്നു … അവളുടെ മുഖം കരഞ്ഞ് വീങ്ങിയിട്ടുണ്ടായിരുന്നു ..

വിനയ് യെ കണ്ട് അവൾ അമ്പരന്നു ..

വിനയ് പെട്ടന്ന് ഫ്രണ്ട് ഡോർ അടച്ചു .. അവന്റെ കണ്ണുകൾ ചുവന്നിരുന്നു ..

” എന്താ വിനയ്….” അവൾ തളർന്ന ശബ്ദത്തിൽ ചോദിച്ചു …

അവൻ അവൾക്കടുത്തേക്ക് വന്നു .. അടുത്ത നിമിഷം പടക്കം പൊട്ടും പോലെ അവളുടെ കരണത്ത് അടി വീണു ..

അവൾ കവിൾ പൊത്തിപ്പിടിച്ചു ..

” എവിടേടി അവൻ … നീയല്ലേ അവനെ ഒളിപ്പിച്ചു വച്ചിരിക്കുന്നേ …..” വിനയ് അവളെ കൊല്ലും പോലെ നോക്കി …

” ആരെ…. ഞാനാരെയും ഒളിപ്പിച്ചിട്ടില്ല .. വീട്ടിൽ കേറി വന്ന് തോന്നിവാസം കാണിക്കരുത് .. ” അവൾ അവന്റെ നേരെ വിരൽ ചൂണ്ടി …

വിനയ് അവളുടെ മുടിക്ക് കുത്തി പിടിച്ചു ..

” അഭിനയിക്കരുത് എന്റെ മുന്നിൽ .. കുറേ കണ്ടിട്ടുള്ളവനാ ഞാൻ .. നീയല്ലാതെ ആരാടി ഇവിടെയവനെ സംരക്ഷിക്കുന്നത് .. സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത പിശാചേ … ” അവൻ അലറി…

അവളവന്റെ കൈയിൽ കിടന്ന് പിടഞ്ഞു…

” കാര്യമറിയാതെ സംസാരിക്കരുത് .. നിങ്ങളുടെ വികാരം എനിക്ക് മനസിലാകും … പക്ഷെ അതെന്നെ ക്രൂശിക്കാനുള്ള ലൈസൻസല്ല .. ” അവൾ വിനയ് യെ കിട്ടിയ തക്കത്തിന് പിന്നിലേക്ക് ആഞ്ഞ് തളളി …

” നിങ്ങളുടെ മാത്രം കുഞ്ഞല്ല ആദി .. എന്റെയും കൂടിയാ… നിങ്ങളോട് അന്ന് രാത്രി ഞാനെല്ലാം പറഞ്ഞതാ .. ആദിയെ കോടതിയിൽ നിന്ന് നേടിയെടുക്കാൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളു .. അതിന്റെ പിന്നിൽ അവൻ കാണിച്ച നെറികേടൊന്നും ഞാനറിഞ്ഞിട്ടല്ല .. എല്ലാം മനസിലായ ആ രാത്രി , എന്റെ കുഞ്ഞിനെ അവനിഷ്ടപ്പെടുന്ന അവന്റെ അമ്മയെ ഞാൻ ഏൽപ്പിച്ചു … നിങ്ങൾക്ക് ഞാൻ സൂചന തന്നു .. രണ്ട് ദിവസത്തിനുള്ളിൽ അവൻ ജയിക്കുമെന്ന് എന്നോട് വിളിച്ചു പറഞ്ഞ് അട്ടഹസിച്ചത് ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ വിനയ് .. എന്നിട്ട് നിങ്ങൾ ശ്രദ്ധിച്ചോ .. നിങ്ങൾ എന്നെ വിശ്വസിച്ചില്ല .. എന്നിട്ടിപ്പോ എന്തായി …..?” നിരഞ്ജന അവന് നേരെ ശബ്ദമുയർത്തി ചോദിച്ചു ..

വിനയ് ഒരു നിമിഷം നിശംബ്ദനായി …

ശരിയാണ് .. അവളന്ന് പറഞ്ഞിരുന്നു .. പക്ഷെ പറഞ്ഞത് ഇവളായത് കൊണ്ട് മാത്രം താൻ അവഗണിച്ചു ..

” ഞാനെല്ലാം തകർന്നാ നിൽക്കുന്നേ .. കോഴിക്കോട്ന് ഒരു യാത്രക്ക് ഒരുങ്ങി നിൽക്കാ ഞാൻ .. ഹോസ്പിറ്റലിൽ വന്ന് എന്റെ കുഞ്ഞിനെ കാണണമെന്നുണ്ട് .. പക്ഷെ ഇനിയൊരിക്കലും വരില്ല എന്ന് ഞാനൊരു വാക്ക് കൊടുത്തിട്ടുണ്ട് .. ”

വിനയ് ഒന്നും മിണ്ടാതെ തിരിഞ്ഞു .. വാതിൽ തുറന്നിട്ട് തിരിഞ്ഞ് അവളെയൊന്ന് നോക്കി ..

” നീയൊരമ്മയാണോടി … അമ്മയെന്താണ് എന്നറിയണമെങ്കിൽ നീ ഹോസ്പിറ്റലിൽ ചെന്ന് നോക്ക് … അവനെ പ്രസവിച്ചിട്ടില്ലെങ്കിൽ പോലും എന്റെ മോന് വേണ്ടി പ്രാർത്ഥിച്ചിരിക്കുന്ന ഒരമ്മയെ കാണാം നിനക്ക് …..” പറഞ്ഞിട്ട് അവൻ നടന്നു ..

” ഒന്ന് നിന്നേ ….. ” നിരഞ്ജന പിന്നിൽ നിന്ന് കടുപ്പിച്ച് വിളിച്ചു …

” നിങ്ങളുടെ ഭാര്യ നല്ലൊരു അമ്മയാണ് എന്ന് കരുതി ലോകത്തിലെ മറ്റ് സ്ത്രീകളെല്ലാം മോശക്കാരാണെന്ന് ധരിക്കരുത് .. നിങ്ങളുടെ കാഴ്ചപ്പാടിന് ഇണങ്ങി ജീവിക്കുന്ന സ്ത്രീ മാത്രമാണ് അഭിരാമി .. മറ്റൊരു വിശേഷണത്തിന്റെയും ആവശ്യം അവൾക്കില്ല .. പിന്നെ എന്റെ കുഞ്ഞ് .. അവനിന്ന് ഏറ്റവും സന്തോഷം അവളുടെ കൂടെയാ .. അവനെ ഞാൻ തിരികെ വിട്ടില്ലായിരുന്നു എങ്കിൽ , എന്റെ കൂടെ നിർത്തിയിരുന്നു എങ്കിൽ ഇന്നവൻ എന്നോടും ഇണങ്ങിയേനേ .. പക്ഷെ അവന്റെ മനസിനെ വേദനിപ്പിക്കണ്ട ,ഇനിയൊരിക്കലും എന്ന് കരുതിയാ ഞാനവനെ തിരികെ വിട്ടത് .. നാളെ നിങ്ങളുടെ ഭാര്യക്ക് അവൻ അധികപറ്റായാലും ഞാൻ അവനെ സ്വീകരിക്കും .. കാരണം ഞാനവന്റെ പെറ്റമ്മയാ ….. അത് മറക്കണ്ട … ”

വിനയ് അവളെ നോക്കി പുച്ഛിച്ച് ചിരിച്ചിട്ട് പുറത്തേക്കിറങ്ങി …

” ഒരു കാര്യം കൂടി …. ” അവൾ സിറ്റൗട്ടിലേക്കിറങ്ങി വന്നു …

” എനിക്ക് ഉറപ്പൊന്നുമില്ല .. എങ്കിലും ഒരിക്കലയാൾ അവിടെയുണ്ടായിരുന്നത് എനിക്കറിയാം … തൃക്കണ്ണാപുരത്ത് ഒരു പഴയ ഗോഡൗൺ ഉണ്ട് .. പഴയ കാറോ മറ്റോ ഒക്കെ കിടപ്പുണ്ട് അവിടെ .. അവിടെയുണ്ടാവും .. ഒരു പണി നടക്കുന്ന ഫ്ലാറ്റുണ്ട് .. അതിന്റെ പിന്നിലൂടെയാ പോകുന്നേ .. ഒരു ദിവസം ഞാനയാളെ അവിടെ ഡ്രോപ്പ് ചെയ്തിട്ടുണ്ട് .. ”

വിനയ് അവളുടെ കണ്ണിലേക്ക് നോക്കി ..

” ആൾ താമസമൊന്നും അധികമില്ലാത്ത സ്ഥലമാണ് … അവിടുന്ന് മൂന്നാല് കിലോമീറ്റർ താഴെ ഒരു കോളനി മാത്രമാണ് ഉള്ളത് .. ”

* * * * * * * * * * * * * * * * * * *

ഒരാൾ പൊക്കത്തിന് വളർന്നു നിൽക്കുന്ന പുല്ല് ആരോ വകഞ്ഞു മാറ്റിയിട്ടുണ്ട് .. വിനയ് അത് നോക്കി ..

വിനയ് അതിനിടയിലൂടെ നടന്നു .. കുറച്ച് മുന്നിലേക്ക് കയറിയപ്പോൾ , ഒരു പാദത്തിന്റെ വിധിയിൽ പുല്ലുകൾക്കിടയിലൂടെ ഒരു ചെറിയ വഴി …

ആ വഴി ചെന്ന് നിന്നത് , തകരം കൊണ്ട് കെട്ടി മറച്ച ഗോഡൗണിലേക്കാണ് .. മുറ്റത്ത് മഴ പെയ്ത് ചതുപ്പ് ആയിരുന്നു .. അതിന് മീതെ ആരുടെയോ കാൽപ്പാടുകൾ വിനയ് കണ്ടു ..

അവൻ ശബ്ദമുണ്ടാക്കാതെ നടന്നു .. ഫോൺ കൈയിലെടുത്ത് സൈലന്റ് മോഡിലാക്കി …

അവൻ ഗോഡൗണിന് ചുറ്റും നടന്നു .. അകത്ത് കയറാൻ ഒരു പഴുത് നോക്കി ..

കറുത്ത ചെളിമണ്ണിന് മീതെ ഇന്നോ ഇന്നലെയോ വലിച്ചെറിഞ്ഞത് പോലെ , എന്തോ കറി പുരണ്ട കവർ കിടപ്പുണ്ടായിരുന്നു …

അവന്റെ ഓരോ ചുവടും ശ്രദ്ധയോടെയായിരുന്നു …

തകരം കൊണ്ട് വാതിൽ പോലെ കെട്ടിവച്ചതിന് മുന്നിൽ അവൻ ഒന്ന് നിന്നു ..

ഒറ്റയടിക്ക് ഇടിച്ച് കയറണോ .. !

വേണ്ട …

മറ്റ് വഴികൾ നോക്കാം …

അകത്ത് ഫാൻ കറങ്ങും പോലൊരു ഒച്ച കേൾക്കാമായിരുന്നു ..

വിനയ് ആ കതക് ശബ്ദമുണ്ടാക്കാതെ തുറക്കാൻ ശ്രമിച്ചു .. പരാജയപ്പെട്ടു ..

ആ തകരം കതക് പോലെ ഉറപ്പിച്ചിരിക്കുന്നത് കയർ കൊണ്ടാണെന്ന് വിനയ് കണ്ടു ..

അവൻ കൈയിൽ കരുതിയിരുന്ന സർജിക്കൽ ബ്ലെയ്ഡ് എടുത്ത് , സാവധാനത്തിൽ ആ കയർ മുറിച്ചു ..

രണ്ട് കേട്ട് മുറിഞ്ഞതും കതക് മറിഞ്ഞ് അവന് നേരെ വരാൻ തുടങ്ങി .. അതിന്റെ ഒച്ചയും മുഴങ്ങി…

പിന്നെ ഒരു നിമിഷം വൈകാതെ , മുറിഞ്ഞ ഭാഗത്ത് കൂടി അവൻ അകത്തേക്ക് ചാടിക്കടന്ന് , ഞൊടിയിടയിൽ അടുക്കി വച്ചിരുന്ന കാനിന്റെ മറവിലേക്ക് മാറി ..

മറ്റാരുടേയോ കാലൊച്ച അവൻ കേട്ടു .. ആ ശബ്ദം ശ്രദ്ധിച്ച് , മനസിൽ കണക്ക് കൂട്ടലുകൾ നടത്തി അവൻ സ്വന്തം സ്ഥാനം വ്യതിചലിപ്പിച്ചു …

അവൻ പകുതി അറുത്ത കതകിനരികിൽ ഒരു നിഴലാട്ടം …

മുന്നിൽ ഉയർന്നു നിന്ന നീല കാനുകളുടെ വിടവിലൂടെ അവൻ കണ്ടു ….

ശബരി …!

വിനയ് യുടെ മുഖം മുറുകി .. കൈയിലിരുന്ന സർജിക്കൽ ബ്ലെയ്ഡിലേക്ക് അവൻ നോക്കി .. പിന്നെ ആ ചെറിയ വിടവിലൂടെ അവന്റെ കഴുത്തിലെ ഞരമ്പിനെ ലക്ഷ്യം വച്ചു ..

അറുത്ത് മാറ്റിയ കതക് ..ശബരിക്ക് അപകടം മണത്തു…

അവൻ പിന്നോക്കം നടന്നു … പിന്നെ വെട്ടിത്തിരിഞ്ഞു … അവന്റെ കണ്ണുകൾ ചടുലം സഞ്ചരിച്ചു …

പെട്ടന്ന് ശബരി , വാതിൽക്കൽ നിന്ന് മാറി .. ഗോഡൗണിന്റെ ഒരു മൂലയിലെ ഇരുളിലേക്ക് അവൻ മറഞ്ഞു നിന്നു ..

വിനയ് യുടെ കണ്ണിൽ നിന്ന് അവൻ മറഞ്ഞു…

വിനയ് ശബ്ദമുണ്ടാക്കാതെ , കാനുകൾക്കിടയിലുടെ ശ്രദ്ധിച്ചു നടന്നു ..

അടുക്കി വച്ച കാനുകൾ തീരുന്നിടത്ത് പഴയ തുരുമ്പിച്ച കാറുകളും സ്പെയർ പാർട്സും കിടപ്പുണ്ടായിരുന്നു ..

അതിനുമപ്പുറം പിന്നെയും അടുക്കി വച്ച കാനുകളും പെട്ടികളും ..

വിനയ് പതിയെ ചുവടുവച്ചു … അടുത്ത നിമിഷം വിനയ് യുടെ ദേഹത്തേക്ക് മല പോലെ എന്തോ വന്നു വീണു ..

അവൻ തെറിച്ചു ദൂരേ ചെറിയ തടിപ്പെട്ടികൾക്കിടയിലേക്ക് കമിഴ്ന്നു വീണു …

തറയിൽ കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അവൻ കണ്ടു , തന്റെ പിന്നിലായി നിഴലനക്കം ..

അടുത്ത നിമിഷം വിനയ് യുടെ മുതുകത്തേക്ക് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടി വീണു ..

” ആ ……….” അവൻ വിളിച്ചു പോയി …

ശബരിയവനെ കാല് കൊണ്ട് മറിച്ചിട്ടു …

” ഹ ഹ ഹ …… എന്നെ തീർക്കാൻ നീ മതിയാവില്ല വിനയ് … ഇത് ശബരിയാ … ആയിരം വിനയ് അര ശബരിക്ക് തുല്യം … ” ശബരി അവന്റെ നെഞ്ചിലേക്ക് കാലമർത്തി …

വിനയ് അവന്റെ കാലിൽ പിടിച്ച് എടുത്തു മാറ്റാൻ ശ്രമിച്ചു …

പക്ഷെ അവൻ കൂടുതൽ അമർത്താൻ തുടങ്ങി ..

വിനയ് യുടെ നിയന്ത്രണം വിട്ട് പോയിരുന്നു ..

അവൻ സ്വയം മനസിനെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചു …

തോൽക്കാൻ പാടില്ല … ഹോസ്പിറ്റലിൽ ജീവനോട് മല്ലിട്ടു കിടക്കുന്ന തന്റെ ചോര …

ആദിയുടെ കുരുന്നു മുഖം അവന്റെ മനസിലേക്ക് മിന്നി മാഞ്ഞു …

അടുത്ത നിമിഷം വിനയ് കാലുയർത്തി , ശബരിയുടെ രണ്ട് കാലുകൾക്കുമിടയിൽ കൃത്യ സ്ഥാനത്ത് ആഞ്ഞ് ചവിട്ടി …

ആ ചവിട്ടിൽ ശബരി പിന്നോക്കം മറിഞ്ഞു .. അവൻ കൈകൊണ്ട് കാലുകൾക്കിടയിൽ പൊത്തിപ്പിടിച്ചു …

ഒരു ഫീനിക്സ് പക്ഷിയെപ്പോലെ വിനയ് തറയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു …

അടുത്ത നിമിഷം ശബരിയുടെ നെഞ്ചിലേക്കവൻ പറന്നു വീണു ..

” ആ ……” ശബരി വായുവിലൂടെ തെന്നി , പഴയ തുരുമ്പിച്ച കാറിന് മുകളിലേക്ക് വീണു ..

വിനയ് അവന് പിന്നാലെ കുതിച്ച് ഇറങ്ങി , അവന്റെ നെഞ്ചത്തേക്ക് ..

കൈയിൽ കിട്ടിയ എൻജിന്റെ പാർട്ട്സ് എടുത്ത് മുഖമടച്ച് ആദ്യത്തെയടി…

ഒരു കവിൾ കൊഴുത്ത ചോര ശബരിയുടെ വായിൽ നിന്ന് ചീറ്റിത്തെറിച്ചു ..

വിനയ് അവനെ കാറിനു മുകളിൽ നിന്ന് ചവിട്ടി താഴേക്കെറിഞ്ഞു .. ഒപ്പം അവനും ചാടി …

ശബരിയുടൻ അവനെ തൊഴിക്കാനായി കാലുയർത്തിയെങ്കിലും , വിനയ് ആ കാലിൽ കടന്നു പിടിച്ചു .. ഒപ്പം ശബരിയുടെ മറ്റേ കാൽ അവൻ കാല് കൊണ്ട് ചവിട്ടിപ്പിടിച്ച് , ഉയർത്തി പിടിച്ച കാൽ എതിർ ദിശയിൽ പിടിച്ച് മലർത്തി …

ശബരി അലറി വിളിച്ചു …

വയറിന്റെ അടിഭാഗം മുതൽ മുകളിലേക്ക് രണ്ടായി പിളരുന്നത് പോലെ തോന്നി ശബരിക്ക് …

അവൻ എങ്ങനെയൊക്കെയോ വിനയ് യിൽ നിന്ന് പിടി വിടുവിച്ചു ..

എഴുന്നേൽക്കാൻ ശ്രമിച്ചതും , എഞ്ചിന്റെ പാർട്സ് കൊണ്ട് അവന്റെ നെഞ്ചിന് മീതെ വിനയ് ഇടിച്ചു …

ശബരിയുടെ കണ്ണ് തുറിച്ച് പോയി ..

” വേ … ണ്ട ….. വേ ………..” അവൻ പറയാൻ ശ്രമിച്ചു …

വിനയ് മുഖം കടുത്തു … വേട്ട നായയെപ്പോലെ അവൻ ശബരിയെ നോക്കി ..

അടുത്ത നിമിഷം ഇരുമ്പ് ദണ്ഡ് വിനയ് വലിച്ചെടുത്തു …

പിന്നെ അത് കൈയിൽ വച്ച് അവനെ നോക്കി ഒന്ന് ചുഴറ്റി …..

” നിന്നെ ഞാൻ ഒറ്റയടിക്ക് കൊല്ലില്ല …. ” പറഞ്ഞു തീർന്നതും അവന്റെ വലത് മുട്ടിന് കുറുകേ വിനയ് യുടെ ആദ്യത്തെ അടിവീണു …

” ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലും….” ഒപ്പം രണ്ടാമത്തെ അടിയും അതേ മുട്ടിന് മീതെ വീണു ..

മരക്കഷ്ണം ഒടിയുന്നത് പോലെ അസ്ഥികൾ നുറുങ്ങുന്ന ശബ്ദം വിനയ് കേട്ടു ..

” നീയാദ്യം എന്റെ കുഞ്ഞിനെ തള്ളിയിട്ട് , ദ്രോഹിച്ചു ….” അടുത്ത അടി ഇടത് മുട്ടിന് മേലെയായിരുന്നു ….

” പിന്നെ എന്റെ ഭാര്യയുടെ മാനത്തിന് വിലയിട്ടു …..” അടുത്ത പ്രഹരം ഇടതേ മുട്ടും ഒടിക്കാൻ പോന്നതായിരുന്നു ..

എല്ലുകൾ നുറുങ്ങുന്ന വേദനയിൽ ശബരി നിലവിളിച്ചു ..

” വേണ്ട …. വിനയ് … നിരഞ്ജന പറഞ്ഞിട്ടാ അന്ന് ആദിയെ .. ” അവൻ പറയാൻ തുടങ്ങിയതിനെ വിനയ് നേരിട്ടത് അടുത്ത അടി കൊണ്ടാണ് …

നെഞ്ചിന് കുറുകെ ഇരുമ്പ് ദണ്ഡ് കൊണ്ട് ആഞ്ഞടിച്ചു വിനയ് ..

പിന്നെ അവിടെ നടന്നത് തീപാറുന്ന അടിയായിരുന്നു … കാലും കൈയും നെഞ്ചും അടിച്ച് ചതച്ച് ഒടിച്ചു .. അവനെ കമഴ്ത്തിയിട്ട് ദണ്ഡ് ചുഴറ്റി നടുവിന് ആഞ്ഞടിച്ചു ..

ശബരിയുടെ നട്ടെല്ലിലൂടെ സൂചി കുത്തിക്കയറും പോലെ എന്തോ ഒന്ന് പാഞ്ഞ് പോയി …

പക്ഷെ അവന് ശബ്ദിക്കാൻ കഴിഞ്ഞില്ല .. അനങ്ങാൻ കഴിഞ്ഞില്ല .. സ്വന്തം ശരീരം ഒരു മാംസ പിണ്ഡം പോലെ കഴുത്തിന് താഴെ തൂങ്ങിക്കിടന്നു …

വിനയ് യുടെ ചെന്നിയിലൂടെ വിയർപ്പ് ഒലിച്ചുകൊണ്ടിരുന്നു ..

അടുത്ത നിമിഷം ആരൊക്കെയോ ഗോഡൗണിലേക്ക് ഇടിച്ചു കയറി വന്നു …

വിനയ് ശബരിയുടെ തോളെല്ലിനു മീതെ വീണ്ടും അടിച്ചു …

ശബരിയിൽ നിന്ന് ഒരു ഞരക്കം മാത്രം കേട്ടു …

തൊട്ടടുത്ത നിമിഷം DySP ആസാദ് ഷഫീഖും പോലീസ് കാരും അങ്ങോട്ടിടിച്ച് കയറി വന്നു ..

” ഡോ . വിനയ് … അയാളെ വിടൂ ….” ആസാദ് ഷഫീഖ് അലർച്ചയോടെ മുന്നോട്ട് കുതിച്ചു വന്നു …

വിനയ് ദണ്ഡ് ചുഴറ്റി അടുത്ത അടിയും അടിച്ചു…

” Dr . വിനയ് … പ്ലീസ് സ്റ്റോപ്പ് ദിസ്….. ”

ആസാദ് മുന്നിലേക്ക് വരാൻ തുനിഞ്ഞതും വിനയ് തടഞ്ഞു ..

” വേണ്ട …… നിങ്ങളിതിലിടപെടരുത് .. ഇവനെ എനിക്ക് വേണം …..”

” ഡോ .വിനയ് … നിയമം കൈയിലെടുക്കരുത് … പറയുന്നതനുസരിക്കു …”

” ഒന്ന് പോ സാറെ … നിയമം ! തുഫ് … ” അവൻ ശബരിയുടെ മേലെക്ക് ആഞ്ഞു തുപ്പി ..

” കൊച്ച് കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്ത ഇവനെപ്പോലെയുള്ളവരെ നിങ്ങളുടെ നിയമം എന്താണ് സർ ചെയ്യുന്നത് .. രക്ഷപ്പെടുത്തി വിടും .. തെളിവില്ല .. തേങ്ങയില്ല … എന്ന് പറഞ്ഞ് .. അല്ലേ .. അതിനല്ലേ സാറേ ….. ”

” ഡോ . വിനയ് … ഞങ്ങൾക്ക് ഇയാളെ വിട്ട് തരണം .. ആ സെക്സ് റാക്കറ്റിനെ വലയിലാക്കാൻ ഇയാളെ ഞങ്ങൾക്ക് കിട്ടിയേ പറ്റൂ … ” ആസാദ് വിനയ് യെ തടഞ്ഞു ..

” അതിന് നിങ്ങൾക്ക് ആ മുരുകനില്ലേ സാറെ … പക്ഷെ ഇവൻ … ഇവനെന്റെ പെണ്ണിനും കുഞ്ഞിനും വരെ വിലയിട്ടവനാ .. ഇവനെ ഞാനിനി ജീവിക്കാൻ വിടണോ …”

” വിനയ് … അയാളെ ഞങ്ങൾക്ക് അറസ്റ്റ് ചെയ്യാനാണ് … ”

” എന്നിട്ടെന്തിനാ .. ജയിലിൽ കൊണ്ടിട്ട് ബിരിയാണി വിളമ്പാനോ …..” പറയുന്നതിനിടയിൽ ശബരിയെ ഒരടി കൂടി വിനയ് അടിച്ചു …

” ഡോ . വിനയ് .. നിങ്ങളെ ഞങ്ങൾ അറസ്റ്റ് ചെയ്യാൻ പോകുകയാണ് … ”

” ചെയ്തോ സാറെ … ഇവനെ ഞാനങ്ങ് തീർത്തിട്ട് ചെയ്തോ .. നിങ്ങടെ ജയിൽ ഇവനെ പോലെയുള്ള ക്രിമിനൽസിന് കിടക്കാനുള്ള റിസോർട്ടല്ല .. ഇനിയത് ഞങ്ങളെപ്പോലെയുള്ള ജനങ്ങൾക്കുള്ളതാ .. ഇവനെ പോലെയുള്ള പുഴുത്ത നാറികളെ തെരുവിലിട്ട് പേപ്പട്ടിയെ പോലെ കൊന്നിട്ട് , ഞങ്ങൾക്ക് ജീവിച്ചു തീർക്കാനുള്ളയിടം ….” പറഞ്ഞു തീർന്നതും ശബരിയുടെ നടുവിന് അടുത്ത അടിയും വീണു ..

” ഡോ .വിനയ് … നിങ്ങളുടെ വികാരമൊക്കെ ഞങ്ങൾക്ക് മനസിലാകും .. ബേംബെയിലെ വമ്പൻ സെക്‌സ് റാക്കറ്റിന്റെ കൈയിലെ ഇങ്ങേയറ്റത്തെ ഒരു കണ്ണി മാത്രമാണിവനൊക്കെ .. ആ വൻ തോക്കുകളിലേക്ക് കടന്നു ചെല്ലണമെങ്കിൽ ഇവനെയൊക്കെ ഞങ്ങൾക്ക് കിട്ടിയേ പറ്റൂ .. ആ ചന്ദ്രനെ അവന്മാർ തന്നെ തീർത്തത് കണ്ടില്ലേ .. മുരുകനെയും കൊല്ലുമായിരുന്നു .. ഇയാളെയും .. നിങ്ങൾ ദയവു ചെയ്ത് മണ്ടത്തരം കാണിക്കരുത് .. ഇവനെയൊക്കെ ഞങ്ങൾക്ക് വിട്ട് തരണം .. നിങ്ങൾ തന്നെ നേരത്തെ പുച്ഛിച്ച് തള്ളിയില്ലേ നിയമം തെളിവില്ലാ എന്ന് പറഞ്ഞ് വിടുമെന്ന് ..ഇതൊക്കെ തന്നെയാണ് കാരണം .. തെളിയിക്കാൻ പോന്നതൊക്കെ നിങ്ങൾ ജനങ്ങളുൾപ്പെടെ വികാര വിക്ഷോപത്തിൽ നശിപ്പിക്കും പല രീതിയിൽ .. ഡോ . വിനയ് നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്യൂ .. ഇത് ഞങ്ങൾക്ക് വിട്….. ” ആസാദ് ഷഫീഖ് ഉച്ചത്തിൽ പറഞ്ഞു …

” നിങ്ങളാണ് ഇത് ചെയ്തതെന്ന് ഒരു റെക്കോർഡിലും വരില്ല .. നിങ്ങൾ തിരിച്ചു പോകു .. ഞങ്ങൾ നിങ്ങളെയന്വേഷിച്ച് ഹോസ്പിറ്റലിൽ പോയിരുന്നു .. അവിടുന്നാ ഇവിടെയെത്തിയത് .. നിങ്ങളുടെ കുഞ്ഞിനെയും കൊണ്ട് ആ ഹോസ്പിറ്റൽ കാത്ത് നിൽക്കുകയാണ് നിങ്ങൾക്ക് വേണ്ടി .. സ്വന്തം ഡ്യൂട്ടി മറന്നിട്ടല്ല മറ്റുള്ളത് ഏറ്റെടുക്കേണ്ടത് .. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് രണ്ട് കടമകളാണ് … ഒന്ന് ഒരു ഡോക്ടറുടെ ഉത്തരവാദിത്തം … മറ്റൊന്ന് ഒരച്ഛന്റെ കടമ ……” ആസാദ് ഷഫീഖ് വിനയ് യുടെ ദൗർബല്യത്തിൽ തൊട്ടു ..

വിനയ് യുടെ കണ്ണൊന്നു പിടഞ്ഞു…

തന്റെ കുഞ്ഞ് …!

അവൻ ഇരുമ്പ് ദണ്ഡ് ശബരിയുടെ ദേഹത്തേക്ക് തന്നെ എറിഞ്ഞു ..

അവൻ ഒന്നും പറയാതെ പുറത്തേക്കിറങ്ങി നടന്നു …

പുറത്ത് മഴയാർത്തു പെയ്യുകയായിരുന്നു …. അവനാ മഴയിലേക്കിറങ്ങി നടന്നു …

” എന്തിനാടോ വിലങ്ങ് .. ഇവനെയിനി ഒന്നിനും കൊള്ളില്ല .. അറസ്റ്റ് രേഖപ്പെടുത്തിയിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയി തള്ളാം .. ആവശ്യമുള്ളതൊക്കെ സാവധാനം ചോദിച്ചറിയാം .. ഇവനെ ആരും തട്ടാതെ നോക്കിയാൽ മതി .. വലിച്ച് തൂക്കിയെട് .. ഒന്നും അടർന്ന് താഴെ വീഴരുത് .. ” വിലങ്ങ് കൈയിലെടുത്ത കോൺസ്റ്റബിളിനെ നോക്കി ആസാദ് ഷഫീഖ് ആക്രോശിച്ചു …

* * * * * * * * * * * * * *

വിനയ് നനഞ്ഞൊലിച്ച് , അഞ്ചാം നിലയിൽ വന്നിറങ്ങി .. ഡോ . സിറിലും ഫസൽ നാസറും അവനൊപ്പമുണ്ടായിരുന്നു …

അവനെ കണ്ടതും അഭിരാമി ഓടിച്ചെന്നു ..

” എവിടെ പോയതാ വിനയേട്ടാ …. ” അവൾ കരഞ്ഞു …

അവൻ ഒന്നും മിണ്ടിയില്ല …

” ഇത് എന്ത് കോലാ … നമ്മുടെ മോൻ അകത്ത് കിടക്കാ .. ഒന്നും ആലോചിക്കാതെ എങ്ങോട്ടാ പോയെ …? ” അവൾ അവന് നേരെ ചീറി ..

” ഞാൻ വന്നില്ലേ … ” അവൻ ശബ്ദം താഴ്ത്തി പറഞ്ഞു ..

അഭിരാമി അവന്റെ കോളറിൽ പിടിച്ചു ..

” എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ച് തരണം .. വിനയേട്ടന്റെ കൈ കൊണ്ട് .. അവനെ എനിക്ക് തരണം .. എന്റെ ഉദരത്തിലേക്ക് അവനെ വച്ച് തരാൻ വിനയേട്ടന് കഴിയില്ല .. എന്റെ കൈയിൽ വച്ച് തരണം .. പുതു ജീവനിട്ട് ….”

അവളുടെ ശബ്ദം അവന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നാഴ്ന്നിറങ്ങി … അവളുടെയുള്ളിലെ മാത്യത്വം തന്നേക്കാൾ എത്രയോ മുകളിലാണെന്ന സത്യം അവൻ തിരിച്ചറിയുകയായിരുന്നു ..

(തുടരും )

 

Click Here to read full parts of the novel

4.5/5 - (21 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!