Skip to content

നന്ദ്യാർവട്ടം – ഭാഗം 36

നന്ദ്യാർവട്ടം

ഒപ്പറേഷൻ തിയറ്ററിന്റെ മെയ്ൻ എൻട്രൻസിലേക്ക് വിനയ് കടന്നു പോകുന്നത് നോക്കി അഭിരാമി നിന്നു …

* * * * * * * * * * * * * * * * * * *

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശബരിയെ മെഡിക്കൽ കോളേജിലേക്ക് തന്നെ കൊണ്ടുവന്നു ..

അയാളെ വാർഡിലാക്കി , പോലീസ് കാവൽ നിന്നു …

ആസാദ് ഷഫീഖ് ഫോണിൽ സംസാരിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു ..

കോൺസ്റ്റബിൾ ശങ്കർ അയാൾക്കടുത്തേക്ക് വന്നു … ആസാദ് ഫോൺ കട്ട് ചെയ്തിട്ട് അയാളെ നോക്കി ..

” സാർ .. അവന് ഞരങ്ങിയും നിരങ്ങിയും ഒക്കെ സംസാരിക്കാൻ പറ്റും .. അവൻ എഴുന്നേറ്റ് വരും എന്ന് പ്രതീക്ഷിച്ച് നമ്മളിവിടെ നിൽക്കണ്ടല്ലോ .. നമുക്കിപ്പോ തന്നെ ചോദിച്ചറിഞ്ഞാലോ .. എന്നിട്ട് നമുക്ക് പണി തീർത്ത് തിരിച്ചു പോകാം … ”

” എന്ത് കാര്യമുണ്ടടോ .. ആ മുരുകനെ നവീനും സത്യയും കൂടി വേണ്ടത് പോലെയൊക്കെ ചോദിച്ചിട്ട് അറിയാൻ കഴിഞ്ഞത് ഒരു ‘ ബോസിനെ ‘ കുറിച്ചാണ് .. അവന്റെ പേര് പോലും അവനറിയില്ല .. നമ്പർ കിട്ടിയിട്ടുണ്ട് .. പക്ഷെ ആ നമ്പറിപ്പോ നിലവിലില്ല .. ആ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത് അങ്ങ് യുപിയിലാ.. ഏതോ ഒരു സ്ത്രീയുടെ പേരില് .. അതൊക്കെ ഫേക്കാടോ .. നമ്മളന്വേഷിച്ച് എത്തുന്നത് ഏതെങ്കിലും ഒരു ഏജന്റിൽ മാത്രമായിരിക്കും .. പക്ഷെ ഇതിന്റെയൊക്കെ അങ്ങ് തലപ്പത്തിരിക്കുന്നവനൊക്കെ സ്വന്തം പേരിൽ ഒരു ഫോൺ നമ്പർ പോലും ഉണ്ടാകില്ല .. എന്തിന് ഒരു ഫോൺ പോലും അവനൊന്നും ഉപയോഗിക്കുന്നുണ്ടാവില്ല .. ” ആസാദ് ഷഫീഖ് അമർഷത്തോടെ പറഞ്ഞു ..

” പിന്നെന്ത് ചെയ്യും സർ …? ”

” എന്ത് ചെയ്യാൻ ..? എല്ലാ തവണയും ചെയ്യുന്നത് തന്നെ .. പിടി കിട്ടിയ മൂന്നാലെണ്ണത്തിനെ കൊണ്ടിട്ട് അഴി എണ്ണിക്കാം .. അത്ര തന്നെ .. മുരുകനും അവന്റെ ശിങ്കിടി കാളിയനും സത്താറും പിന്നെയാ അറ്റൻഡർ ചെക്കനും മാത്രം കൈയിലുണ്ട് .. അതിൽ അറ്റൻഡറെ കിട്ടിയിട്ട് ഒന്നും ചെയ്യാനില്ല .. അവന് ഒന്നുമറിയില്ല .. അവനെയും ചതിച്ചതാ .. ഫോറൻസിക് ലാബിൽ നിന്ന് ബോഡി കടത്താൻ .. അത് വേറെ കേസെടുത്തിട്ടുണ്ട് .. അവന്റെ ജോലിയും തെറിപ്പിച്ചു .. പിന്നെ ശബരി .. ഇവനെയിനി എന്ത് ചെയ്യാനാ .. ഡോക്ടർ പറഞ്ഞത് കേട്ടില്ലേ … ഇനിയൊരിക്കലും അവൻ എഴുന്നേൽക്കില്ല .. ജീവിതാവസാനം വരെ കിടന്ന കിടപ്പിൽ ഒന്നും രണ്ടും സാധിക്കാൻ പോകുന്ന ഇവനെയിനി ജയിലിലും ഇടാൻ പറ്റില്ലല്ലോ … ഇവിടെയെങ്ങാനും കിടന്ന് പുഴുത്ത് ചാവും .. ” ആസാദ് ഷഫീഖ് മടുപ്പോടെ പറഞ്ഞു …

” അപ്പോ നമ്മളിനി പോവുകയാണോ സർ ….?.”

” അല്ലാതെ പിന്നെ … എന്തായാലും അവന്റെ മൊഴിയെട് .. അതിനിനി പ്രത്യേക സമയമൊന്നും നോക്കണ്ട .. ഇന്നോ നാളെയോ എപ്പഴാന്ന് വച്ചാ എടുത്തേക്കണം .. ”

” സർ .. ഇവിടുത്തെ പോലീസിന് സംശയമുണ്ട് .. ഇവന്റെ ഗ്യാങ്ങിൽ പെട്ടവന്മാര് ഇവനെ തീർക്കാൻ ചെയ്തതാണെന്ന് നമ്മൾ പറഞ്ഞതിനോട് അവർക്കത്ര വിശ്വാസം പോരാ… അവന്മാരെ പോലുള്ള ഇൻറർനാഷണൽ ഫ്രോഡുകൾ ഇതു പോലെ കൂലിത്തല്ലിന് ആളെ വയ്ക്കില്ല .. ഒറ്റയടിക്ക് തീർക്കുന്നതാണ് അവരുടെ രീതി എന്ന് ആ SI പറയുന്നുണ്ടായിരുന്നു …. ആ ചന്ദ്രനെ തീർത്തത് പോലെ …”

” ബ്രില്യന്റ് … അയാൾ പറഞ്ഞത് സത്യമാണ് … ”

” അന്വേഷിച്ചാൽ ആ ഡോക്ടർ പയ്യൻ കുടുങ്ങും …..”

” എവിടെ .. നമ്മൾ കൊടുക്കുന്ന റിപ്പോർട്ടിൽ അങ്ങനെയൊന്നില്ല .. അയാളാണ് ചെയ്തത് എന്നതിന് വലിയ തെളിവൊന്നും കിട്ടില്ല .. പിന്നെ പറയാൻ സാത്യത ഇവനാണ് .. ശബരി .. പക്ഷെ അതിന് അത്ര പ്രാധാന്യമേ കിട്ടൂ .. ആ ഡോക്ടറോട് ഇവനുള്ള വൈരാഗ്യം കേരളം മുഴുവൻ ഇപ്പോ അറിയാമല്ലോ .. കേസ് വന്നാലും , അത്യാവശ്യം തലച്ചോറുള്ള ഒരു വക്കീൽ വിചാരിച്ചാൽ തീർക്കാവുന്ന കാര്യമേയുള്ളു …. ” ആസാദ് ഷഫീഖ് നിസാരമായി പറഞ്ഞു ..

” ഒക്കെ സർ …….”

കോൺസ്റ്റബിൾ വാർഡിലേക്ക് പോയി കഴിഞ്ഞും ആസാദ് ഷഫീഖ് വരാന്തയിൽ തന്നെ നിന്നു …

അയാൾക്ക് നിരാശ തോന്നി .. ഇത്തവണയും കൈയിൽ നിന്ന് വഴുതിപ്പോയിരിക്കുന്നു ….

കാണാ മറയത്തെങ്ങോ ഇരുന്ന് അട്ടഹസിച്ച് ചിരിക്കുന്ന ഒരു എതിരാളിയുടെ രൂപം ആസാദ് ഷഫീഖിന്റെ മനസിലേക്ക്‌ ഇരച്ചെത്തി .. അയാളുടെ മുഷ്ടി മുറുകി .. ചെന്നിയിലെ ഞരമ്പുകൾ പിടഞ്ഞു ..

അയാൾ ചുമരിലേക്ക് ആഞ്ഞിടിച്ചു …

” റാസ്കൽ….. നീയും ഞാനുമൊക്കെ ജീവിക്കുന്നത് ഒരേയാകാശത്തിനും ഒരേ സൂര്യനും കീഴിലാണെങ്കിൽ ഒരിക്കൽ നീയെന്റെ കൈയിൽ വന്ന് വീഴും .. അന്ന് നീ കിടന്ന ഗർഭപാത്രത്തിൽ നിന്ന് വരെ ചോരയൊഴുകും ……. ഒഴുക്കും ഞാൻ …പറയുന്നത് ഈ ആസാദ് ഷഫീഖാണ് .. നീ പിച്ചിചീന്തിയ ഓരോ പെണ്ണിനും വേണ്ടി .. നീ കാരണം മടിക്കുത്തഴിച്ച ഓരോ പെണ്ണിനും വേണ്ടി .. ഈ രാജ്യത്തിന്റെ പ്രതീക്ഷയായി വളർന്നു വരുന്ന ഓരോ പെൺകുഞ്ഞിനും അവരുടെ മാതാപിതാക്കൾക്കും വേണ്ടി .. നീ വിരലിലെണ്ണി കാത്തിരുന്നോ .. നീ കെട്ടിയ കോട്ട പൊളിച്ച് ഞാൻ വരുന്ന ദിവസം വിദൂരമല്ല …. ” ആ ഹോസ്പിറ്റലിന്റെ വിചനമായ വരാന്തയുടെ ചുവരുകളിൽ തട്ടി ആ ശബ്ദം പ്രതിധ്വനിച്ചു .. ആ രാത്രിയുടെ മടിയിലേക്ക് ആ വാക്കുകൾ വീണു മയങ്ങി .. തന്റേതായൊരു പുലരിയും കാത്ത് …

* * * * * * * * * * * * * * * * * * *

” മോളെ .. നീ വന്ന് എന്തെങ്കിലും കഴിക്ക് .. സർജറി കഴിയാൻ ഇനിയും സമയമെടുക്കും … ” വെറും നിലത്ത് , ഒതുങ്ങിക്കൂടിയിരുന്ന അഭിരാമിയുടെ അരികിൽ വന്ന് മല്ലിക പറഞ്ഞു …

” എനിക്കൊന്നും വേണ്ടമ്മേ …” അവൾ നിസംഗയായി പറഞ്ഞു …

” നീ ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ ആമി … ഇങ്ങനെയിരുന്നാൽ ….”

” അമ്മക്ക് ഞാനനുഭവിക്കുന്ന വേദനയെത്രയാന്ന് അറിയോ .. ഞാനില്ലാത്ത രാത്രികൾ കരഞ്ഞു തീർക്കുന്ന എന്റെ കുഞ്ഞ് ഇപ്പോ അകത്ത് തനിച്ച് … ” അവളുടെ തൊണ്ടയിടറി …

” അവനൊന്ന് ഓടി വീണാൽ എന്റെ നെഞ്ച് പൊള്ളും… അങ്ങനെയുള്ളപ്പോ , സർജിക്കൽ ഇൻസ്ട്രുമെന്റ്സിന്റെ മുനമ്പിൽ കിടക്കുന്ന എന്റെ കുഞ്ഞിനെ കുറിച്ച് എനിക്ക് ഓർക്കാൻ കൂടി കഴിയുന്നില്ലമ്മേ .. അവന്റെ പപ്പ കൂടെയുണ്ടെന്നുള്ള ഒരേയൊരു ധൈര്യത്തിലാ ഞാനിവിടെയിരിക്കുന്നേ …അമ്മക്കറിയോ ഒരമ്മ പ്രസവിക്കാൻ കിടക്കുമ്പോൾ അനുഭവിക്കുന്ന അതേ വേദന ഞാനിപ്പോൾ അനുഭവിക്കുന്നുണ്ട് .. ഈ വേദനയ്ക്കപ്പുറം എനിക്കെന്റെ കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖം കാണാൻ കഴിയും എന്ന പ്രതീക്ഷ മാത്രമാ എന്നെ ജീവിപ്പിക്കുന്നത് .. ” അവളിത്തിരി നേരം മൗനമായി ..

” അവൻ ചിരിക്കും .. മമ്മയെന്ന് വിളിച്ച് എന്റെ കൈകളിലണയും .. അല്ലേമ്മേ ….” അവൾ വിതുമ്പിക്കരഞ്ഞു ..

മല്ലികയുടെ കണ്ണും നിറഞ്ഞു പോയി ..

ഒന്നും പറയാതെ അവർ അവൾക്കരികിൽ നിന്നെഴുന്നേറ്റു ..

* * * * * * * * * * * * * * * * * * * * * * *

” ഞാനിത്ര ദൂരം വന്ന് , ഈ രാത്രി തന്നെ ഇങ്ങോട്ട് കയറി വന്നെങ്കിൽ , ജിതേഷിനെ ഞാൻ കണ്ടിരിക്കും … ” നിരഞ്ജന പോരാളിയെ പോലെ രാഘവ വാര്യരുടെ മുന്നിൽ നിന്നു …

” നടക്കില്ല്യ…. എന്റെ മകനെ നീയിനി കാണില്ല്യ… മര്യാദക്ക് ഇവിടുന്നിറങ്ങി പൊയ്ക്കോ … ഇല്ലെങ്കിൽ പുഴുത്ത പട്ടിയെപ്പോലെ നിന്നെയിവിടുന്ന് ആട്ടിയിറക്കും ….” ചിറ്റേടത്ത് മെഡികെയറിന്റെ 306-ാം നമ്പർ റൂമിന്റെ അടഞ്ഞ വാതിലിനു മുന്നിൽ ഉരുക്കു പോലെ നിന്നു കൊണ്ട് രാഘവ വാര്യർ പറഞ്ഞു .. തൊട്ടടുത്ത് പഞ്ചായത്ത് പ്രസിഡന്റ് വേണുവും ഉണ്ടായിരുന്നു ..

” എനിക്ക് കണ്ടേ പറ്റൂ … ” നിരഞ്ജന ശബ്ദമുയർത്തി ..

അവിടുത്തെ ഒച്ച കേട്ട് മറ്റ് റൂമുകളിലുള്ളവർ പുറത്തേക്കിറങ്ങി നോക്കി ..

വേണു രാഘവവാര്യരുടെ കൈ പിടിച്ചു ..

” രാഘവേട്ടാ .. ആളുകൾ ശ്രദ്ധിക്കുന്നു .. അവൾ കയറി കണ്ടിട്ട് പോകട്ടെ .. ഈ അവസ്ഥയിൽ ഉണ്ണിയെ അവൾക്ക് കൊണ്ടുപോകാനൊന്നും കഴിയില്ലല്ലോ .. ” വേണു അയാളുടെ കാതിൽ പറഞ്ഞു ..

രാഘവ വാര്യർ ഒന്നയഞ്ഞു … പിന്നെ മാറി നിന്നു ..

വേണു അവൾക്ക് വാതിൽ തുറന്ന് കൊടുത്തു ..

അവൾ ബാഗുമായി അകത്തേക്ക് കയറി .. ബെഡിൽ നെഞ്ചിന് കുറുകെ വരിഞ്ഞു കെട്ടി , മൃതപ്രാണനായി ജിതേഷ് കിടപ്പുണ്ടായിരുന്നു .. ഭാഗ്യലക്ഷ്മി അവളെ കണ്ട് മുഖം തിരിച്ചു കളഞ്ഞു …

” ജിത്തൂ …..” നിരഞ്ജന ബെഡിനരികിലേക്ക് ഓടിച്ചെന്നു … ബെഡിലേക്കിരുന്ന് അവന്റെ കുറ്റി രോമങ്ങൾ വളർന്ന കവിളിൽ തഴുകി .. അവന്റെ കൺതടങ്ങൾ കരിവാളിച്ചിട്ടുണ്ടായിരുന്നു ..

അവൻ മെല്ലെ കണ്ണ് തുറന്നു ..

അവളെ കണ്ടപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു …

അവന് ഒന്നും സംസാരിക്കാൻ കഴിയില്ലായിരുന്നു .. വെട്ടിയിട്ട തടി പോലുള്ള ആ കിടപ്പ് നിരഞ്ജനക്ക് സഹിക്കാൻ കഴിഞ്ഞില്ല …

” നിന്നെ വിട്ട് ഞാനെങ്ങോട്ടും പോകില്ല ജിത്തു .. നീയേതവസ്ഥയിലായാലും നിന്നെ ഞാൻ നോക്കും ..” അവളുടെ കണ്ണിൽ നിന്ന് നീരൊഴുകി ..

അവൻ നിസഹായനായി അവളെ നോക്കിക്കിടന്നു ..

* * * * * * * * * * * * * * * * * * * * * *

മണിക്കൂറുകൾക്ക് ശേഷം ഒപ്പറേഷൻ തീയറ്ററിന്റെ മെയ്ൻ എൻട്രൻസ് തുറന്നു വിനയ് പുറത്ത് വന്നു .. നീല OT ഡ്രസിലായിരുന്നു അവൻ …

അവനെ കണ്ടതും അഭിരാമി തറയിൽ നിന്നെഴുന്നേറ്റ് ഓടിച്ചെന്നു …

അവൻ അഭിരാമിയുടെ മുഖത്തേക്ക് നോക്കി ..

” വിനയേട്ടാ … നമ്മുടെ മോൻ … ” അവളവന്റെ കണ്ണുകളിലേക്ക് നോക്കി ..

അടുത്ത നിമിഷം അവൻ അവളെ കെട്ടിപ്പിടിച്ചു .. അവളുടെ തോളിലേക്ക് മുഖമർപ്പിച്ച് അവൻ നിന്നു .. അവന്റെ കണ്ണുകൾ പെയ്യുകയായിരുന്നു ….

അഭിരാമി പെട്ടന്ന് അവനിൽ നിന്ന് അടർന്നു മാറി …

” വിനയേട്ടാ ……” അവൾ ഭയത്തോടെ വിളിച്ചു …

” ഈ കണ്ണീർ സന്തോഷം കൊണ്ടോ അതോ ……” അവളുടെ ശബ്ദം കല്ലിച്ചതായിരുന്നു …

അവനൊന്നു കൂടി അവളെ നോക്കി .. പിന്നെ ആ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി …

അപ്പോഴേക്കും ന്യൂറോ OT തുറന്ന് , ഒരു സ്ട്രെച്ചർ ആ ഇടനാഴിയുടെ അരണ്ട വെളിച്ചത്തിലേക്ക് വന്നു ..

അതിൽ പച്ച വിരികൾക്കിടയിൽ , തലയിലൊരു കുഞ്ഞിക്കെട്ടുമായ് ആദി കിടപ്പുണ്ടായിരുന്നു ..

വിനയ് യുടെ കൈവിട്ട് അഭിരാമി സ്ട്രെച്ചറിനടുത്തേക്ക് ഓടി…

അറ്റൻഡർ അവൾക്ക് മുന്നിൽ സ്ട്രെച്ചർ നിർത്തിക്കൊടുത്തു ..

തലയിലൊരു കെട്ടൊഴിച്ചാൽ , മറ്റൊരു പോറലുമില്ലാതെ ആദി കിടപ്പുണ്ടായിരുന്നു .. കണ്ണടച്ച് ഉറക്കമായിരുന്നു അവൻ .. ഇടത്തേ കൈവിരൽ മെല്ലെ ചലിപ്പിക്കുന്നുണ്ടായിരുന്നു ..

അഭിരാമിയുടെ കണ്ണുകൾ പെയ്തു പോയി .. അടിവയറിൽ നിന്നൊരു തരിപ്പ് മുകളിലേക്കുയർന്നു വന്ന് , അവളുടെ മാറിടങ്ങളിലൊതുങ്ങി .. .

അവൾ കുനിഞ്ഞ് ആ കുരുന്നു മുഖത്ത് ഉമ്മവച്ചു …

” ഞാനൊന്നെടുത്തോട്ടെ ….” ആദിയുടെ കൈയ്യിലേക്ക് കണക്ട് ചെയ്തിരുന്ന ഡ്രിപ്പ് പിടിച്ചു നിന്ന സിസ്റ്ററോട് അഭിരാമി ചോദിച്ചു ..

” സർജറി കഴിഞ്ഞതല്ലേയുള്ളു മേഡം .. കുഞ്ഞ് സെഡേഷനിലാണ് .. ” പറഞ്ഞിട്ട് സിസ്റ്റർ അവൾക്ക് പിന്നിൽ നിന്ന വിനയ് യെ നോക്കി …

” പിന്നെയെടുക്കാം ആമി ..പോസ്റ്റ് ഒപ്പറേറ്റിവ് ഐസിയുവിലേക്ക് കൊണ്ട് പോവുകയാണ് അവനെ .. ”

” ങും …..” അവൾ ആനന്ദാശ്രുക്കളോടെ മൂളി ..

സ്ട്രെച്ചർ മുന്നോട്ടുരുണ്ടപ്പോൾ അഭിരാമി ഒന്നുകൂടി കൈനീട്ടി ആദിയെ തൊട്ടു .. അപ്പോഴും അവളുടെ നെഞ്ചിൽ ഒരു ഭാരമുണ്ടായിരുന്നു .. അവനെ മാറോടണക്കാൻ കഴിയാതെ ആ ഹൃദയം വിങ്ങി ..

ഉരുണ്ട് നീങ്ങുന്ന സ്ട്രെച്ചറിൽ കിടന്ന് ആദിയൊന്ന് പുഞ്ചിരിച്ചു .. ചിലപ്പോഴൊക്കെ ഉറക്കത്തിൽ സ്വപ്നം കണ്ട് ചിരിക്കുന്ന അതേ ചിരി ..

” ഞാൻ കൂടി കൂടെ ചെന്നിരുന്നോട്ടെ വിനയേട്ടാ .. ” അഭിരാമി വിനയ് യെ നോക്കി കെഞ്ചി ..

” എന്താടോയിത് .. അതിനുള്ളിൽ ആരെയും ഇരുത്തില്ല .. തനിക്ക് ഇടക്ക് കയറി കാണാം .. ഞാൻ കാണിക്കാം … അവന്റെ സെഡേഷൻ വിട്ട് , ഉണർന്നു കഴിഞ്ഞാൽ താൻ കൂടെയിരിക്കേണ്ടി വരും മിക്കവാറും .. ” അവൻ അവളെ ആശ്വസിപ്പിച്ചു ..

അവൾ പെട്ടന്ന് അവന്റെ നെഞ്ചിലേക്ക് വീണു .. അവൻ അവളുടെ മുതുകിൽ തട്ടിയാശ്വസിപ്പിച്ചു ..

അപ്പോഴേക്കും വിനയ് ധരിച്ചിരുന്ന അതേ വേഷത്തിൽ ഫസൽ നാസറും സിറിലും അങ്ങോട്ടു വന്നു ..

വിനയ് അവളെ നെഞ്ചിൽ നിന്ന് അടർത്തിമാറ്റി ..

” ഞാൻ കൂടെ ഉണ്ടായിരുന്നു എന്നേയുള്ളു .. മെയിനായിട്ട് അവരാ നിന്നത് .. എനിക്ക് വിട്ട് തരാൻ അവർക്ക് പേടിയായിരുന്നു .. അവരുടെ നിഗമനം ശരിയായിരുന്നു .. ഉറച്ച വിശ്വാസത്തോടെ കയറിയെങ്കിലും .. സമയമായപ്പോൾ എന്റെ മനസ് പതറി .. ഞാനവന്റെ അച്ഛനല്ലേടോ …” വിനയ് പെട്ടന്ന് സ്പെക്സ് കണ്ണിൽ നിന്ന് എടുത്തു ..കണ്ണിനു മേൽ അമർത്തിയൊന്ന് പിടിച്ചു …

അഭിരാമി ഫസലിനെയും സിറിലിനെയും നോക്കി കൈകൂപ്പി …..

” താങ്ക്സ് …….” അവളുടെ കണ്ണിലപ്പോഴും ആനന്ദക്കണ്ണീരുണ്ടായിരുന്നു ..

ഫസൽ നാസർ അവളുടെ തോളിൽ തട്ടി ..

* * * * * * * * * * * * * * * * * *

പിറ്റേന്ന് വെളുപ്പിന് നാലു മണിക്ക് ആദി കണ്ണ് തുറന്നു …

ആദ്യത്തെ അമ്പരപ്പിന് ശേഷം , അവൻ ചുണ്ടുപിളർത്തി കരയാൻ തുടങ്ങി ..

അപ്പോൾ തന്നെ , ഡ്യൂട്ടി റൂമിൽ റസ്റ്റ് ചെയ്യുകയായിരുന്ന വിനയ് യെ സിസ്റ്റർ വിളിച്ചു വരുത്തി …

വിനയ് യെ കണ്ടപ്പോൾ , ആദിയുടെ കരച്ചിൽ ഒന്നടങ്ങി …

” മംമ …………” അവൻ പപ്പയെ നോക്കി ചെറുതായി വിതുമ്പി … പിന്നെ അവന് നേരെ കൈ രണ്ടും നീട്ടിപ്പിടിച്ചു .. അപ്പോൾ ട്രിപ്പ് വലിഞ്ഞു… വിനയ് വേഗം അത് യഥാ സ്ഥാനത്ത് പിടിച്ചു വച്ചു ..

പിന്നെ സിസ്റ്ററിനോട് അഭിരാമിയെ വിളിക്കാൻ പറഞ്ഞു …

കുറച്ച് കഴിഞ്ഞപ്പോൾ അഭിരാമി അകത്തേക്ക് കയറി വന്നു … ധരിച്ചിരുന്ന ഡ്രസിന് പുറമേ , അണിയാൻ സിസ്റ്റർ കൊടുത്ത ഏപ്രൺ ധരിച്ചു കൊണ്ടാണ് അവൾ വന്നത് …

അവളെ കണ്ടതും അവൻ ചിരിച്ചു കൊണ്ട് കൈയും കാലുമിളക്കാൻ ശ്രമിച്ചു .. വിനയ് അത് ശ്രദ്ധയോടെ പിടിച്ചു വച്ചു ..

അഭിരാമിക്കിരിക്കാൻ ഒരു സ്റ്റൂൾ കൊടുത്തു ….

അവളിരുന്നപ്പോൾ , ബെഡിന്റെ ആ വശത്തുള്ള റെയ്ൽ വിനയ് താഴ്ത്തി വച്ചു കൊടുത്തു …

” മംമാ………” അവൻ വിളിച്ചു …

അഭിരാമിയുടെ നെഞ്ച് തുടിച്ചു ..

” എന്താടാ പൊന്നേ ……” അവൾ കുനിഞ്ഞ് അവന്റെ മുഖത്ത് ഉമ്മ വച്ചു ..

” ഞാൻ അവന് പാല് മേടിച്ചിട്ട് വരാം .. ” വിനയ് പറഞ്ഞു ..

” എല്ലാരും മോനെ കാണണമെന്ന് പറയുന്നുണ്ട് വിനയേട്ടാ …. ” അവൾ പറഞ്ഞു …

” ങും ……… ” അവൻ മൂളി .. പിന്നെ ആദിയെ ഒന്നുകൂടി തലോടിയിട്ട് , ആമിയെ അവിടെയിരുത്തി അവൻ ഐസിയുവിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ..

അഭിരാമി ആദിയെ നോക്കി … ഒരു മഞ്ഞുതുള്ളി വീഴും പോലെയൊരു കുളിർ അവളുടെ നെഞ്ചിലേക്ക് അലിഞ്ഞിറങ്ങി ..

അവൻ ഒരു കൈ കൊണ്ട് അവളെ തൊട്ട് കൊണ്ട് കിടന്നു …

അവർക്കിടയിൽ അദൃശ്യമായൊരു താരാട്ട് ഒഴുകി ….

* * * * * * * * * * * * * * * * * * * * *

വാർഡിലെങ്ങ് നിന്നോ മൂത്രത്തിന്റെ ഗന്ധം ശബരിയുടെ മൂക്കിലടിച്ചു …

കഴുത്തിന് താഴെ തനിക്കൊരു ശരീരമുണ്ടെന്ന് പോലും അവനറിയാൻ കഴിഞ്ഞില്ല …

അവൻ മുകളിലേക്ക് നോക്കി കിടന്നു …

കഴിഞ്ഞകാലത്തിന്റെ ഓർമകൾ ഓരോന്നായി അവന്റെ ഓർമയിലേക്ക് കടന്നു വന്നു …

മെഡിക്കൽ എൻട്രൻസിന് റാങ്ക് നേടി , അച്ഛനുമമ്മക്കുമൊപ്പം ആദ്യമായി ഈ മെഡിക്കൽ കോളേജിലേക്ക് വന്നത് ..

ഒന്നാം വർഷം അനാട്ടമിയും ഫിസിയോളജിയും കഡാവറിൽ പഠിച്ചത് …

രണ്ടാം വർഷം , ആദ്യമായി ഹോസ്പിറ്റൽ പോസ്റ്റിംഗിന് വന്നത് …

അവിടുന്നിങ്ങോട്ട് ഈ മെഡിക്കൽ കോളേജ് സമ്മാനിച്ച ഒരുപാടോർമകൾ .. ഈ വാർഡിൽ കയറിയിട്ടുള്ളപ്പോഴൊക്കെ കഴുത്തിൽ ഒരു സ്റ്റെത്തുണ്ടായിരുന്നു.. രോഗികൾ ഡോക്ടറെന്ന് വിളിച്ചിരുന്നു ..

ഒരു ഡോക്ടറായി ഈ പടിയിറങ്ങുമ്പോൾ അഭിമാനിച്ചിരുന്നു .. താനും .. അച്ഛനും അമ്മയും ഒക്കെ ..

ഇന്ന് … ഇന്നിപ്പോൾ താൻ എവിടെ എത്തി ..

കുറേ മുൻപ് എപ്പോഴോ അച്ഛനും അമ്മയും വന്നത് അവനോർത്തു … അവരുടെ കണ്ണ് നിറഞ്ഞിരുന്നു .. ഒരിക്കൽ അഭിമാനം കൊണ്ടാണെങ്കിൽ ഇന്ന് അപമാനം കൊണ്ട് ..

പുറത്തെവിടെയോ രണ്ട് ജീവഛവങ്ങളായി അവർ നിൽപ്പുണ്ടാവും ..

അവന്റെയോർമകൾക്കു മീതെ വാതിൽക്കൽ ഒരു ശബ്ദം കേട്ടു .. അവൻ കഴുത്ത് അങ്ങോട്ട് തിരിക്കാൻ ശ്രമിച്ചു .. പൂർണമായി കഴിഞ്ഞില്ലെങ്കിലും , വാതിൽക്കലേക്ക് രണ്ട് ക്രച്ചസ് പ്രത്യക്ഷപ്പെട്ടത് അവൻ കണ്ടു …

(തുടരും )

 

Click Here to read full parts of the novel

3.3/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!