Skip to content

നന്ദ്യാർവട്ടം – ഭാഗം 38

നന്ദ്യാർവട്ടം

നെഞ്ചിലിരുന്ന് തിളങ്ങുന്ന പിസ്റ്റളിലേക്ക് അവനൊന്ന് നോക്കി …

ആദ്യം ആ കണ്ണുകൾ ഒന്ന് ഭയന്നു .. പിന്നെ അവൻ നിസംഗനായി കിടന്നു …

മാധുരി അവനെ തന്നെ നോക്കി … പിന്നെ ചുണ്ട് കോട്ടി ചിരിച്ചു ..

” നിനക്ക് ഭയമില്ല അല്ലേ ശബരി ….”

അവൻ ഒന്നും മിണ്ടിയില്ല ..

” എനിക്കറിയാം … ഇന്നലെ വരെ മരണത്തെക്കുറിച്ച് നീ ഓർത്തിട്ടു കൂടിയില്ല .. പക്ഷെ ഇന്നലെ , നീ ഈ അവസ്ഥയിൽ ആകുന്ന നിമിഷം നീ മരണത്തെ ഭയന്നു ….. ഇപ്പോ .. ജീവഛവമായി കിടക്കുന്ന നീ മരണത്തെ പ്രണയിച്ചു തുടങ്ങിയെന്ന് എനിക്കറിയാം … ” അവളുടെ ശബ്ദം മരവിച്ച് വീണു ..

” പക്ഷെ ശബരീ .. മരണം നിന്നെ ഇപ്പോഴൊന്നും പ്രണയിച്ചു തുടങ്ങില്ല .. നിന്നെ കൊതിപ്പിച്ചു കടന്നു കളയും .. നിന്റെ കൈകളാൽ ചതിക്കപ്പെട്ട മുഴുവൻ മനുഷ്യരും ഒഴുക്കിയ അത്രയും കണ്ണുനീർ നിന്റെ കണ്ണിൽ നിന്നടർന്നു തീരുന്നൊരു കാലം മരണം നിന്നെ തേടിയെത്തും .. ”

അവൾ പിന്നെയും മൗനമായി …

” പക്ഷെ എനിക്ക് നിന്നോട് പ്രണയമാണ് ശബരി .. നിന്നെ ഞാൻ പ്രണയിക്കും .. വയ്യ ശബരി .. എനിക്ക് കാണാൻ വയ്യ .. നീയിവിടെ കിടന്ന് പുഴുവരിക്കുന്നത് .. പറഞ്ഞില്ലേ , ഈ ഒറ്റക്കാലും വച്ച് നിന്നെ എത്രകാലം ഞാൻ ശിശ്രൂഷിക്കും … ” അവളവന്റെ നെഞ്ചിലിരുന്ന തോക്കിൽ മെല്ലെ തൊട്ടു ..

” മരിക്കാൻ എനിക്ക് ഭയമില്ല മധൂ … ”

അവൾ മുഖമുയർത്തി …

” എന്താ വിളിച്ചത് …”

” മധൂ … ” അവൻ ഭാവവ്യത്യാസമില്ലാതെ പറഞ്ഞു ..

” നിന്റെ ഓർമകളിൽ നിന്ന് ആ വിളിയൊക്കെ എങ്ങോ പോയി മറഞ്ഞു കാണുമെന്നാ ഞാൻ കരുതിയത് …”

അവൻ നിസംഗനായി കിടന്നു ..

” നമ്മുടെ കുഞ്ഞ് .. അവൾക്കാരെങ്കിലും വേണ്ടെ .. എന്നെ കൊന്നാൽ നീ ജയിലിൽ പോകേണ്ടി വരും മധൂ ….” അവൻ ഓർമിപ്പിക്കും പോലെ പറഞ്ഞു ..

അവൾ വെറുതേ ഒന്ന് ചിരിച്ചു ..

” നിന്റെ അമ്മയും അച്ഛനും നോക്കില്ലേ … നോക്കും … നോക്കുമെന്ന് എനിക്കറിയാം … അവർക്ക് മകനായി നീ മാത്രമല്ലേയുള്ളു ….. ” മാധുരി തണുപ്പൻ മട്ടിൽ പറഞ്ഞു ..

അവൻ മിണ്ടാതെ കിടന്നു ..

” ഒന്ന് ചോദിച്ചോട്ടെ ശബരി .. ?” അവൾ അവനെ നോക്കി ..

” ങും … ” അവൻ മൂളി ..

” നിന്നെയാരാ ഈ പരുവത്തിലാക്കിയത് …” അവൾ അവന്റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി ..

അവനൊന്നും മിണ്ടിയില്ല …

” എന്താ മിണ്ടാത്തെ … ” അവൾ ചോദിച്ചു ..

” അറിയില്ല .. ആരോ .. ആ മുരുകന്റെയാളുകളാവും …… ” ശബരി ഒഴുക്കൻ മട്ടിൽ പറഞ്ഞു ..

മാധുരിയൊന്ന് ചിരിച്ചു …

” നീ വീണ്ടും എന്നോട് നുണ പറയുന്നു .. ”

” ഇനി ഞാനെന്തിന് നുണ പറയണം ..?” അവൻ ചോദിച്ചു ..

” പറയും .. ഇപ്പോഴത്തെ ശബരി നുണ പറയും .. സ്വയം രക്ഷപ്പെടാനല്ല .. മറ്റുള്ളവർക്ക് വേണ്ടി .. ”

അവന്റെ കണ്ണൊന്നു പിടഞ്ഞു..

” എനിക്കറിയാം ശബരി .. നിന്നെ നോവിച്ചത് നിന്റെ ഗുണ്ടാ ഗ്യാങ്ങല്ല .. അവർക്ക് നിന്നോട് പകയില്ല .. അവരുടെ സ്വയരക്ഷ മാത്രം നോക്കിയാൽ മതി .. നിന്നോട് പകയുള്ള ആരോ ആണ് ഇത് ചെയ്തത് .. ”

ശബരി മിണ്ടാതെ കിടന്നു …

” നിന്നെ ഈ അവസ്ഥയിൽ ജീവിക്കാൻ അയാൾ വിടണമെങ്കിൽ , അയാളെ നീ അത്രകണ്ട് ദ്രോഹിച്ചിട്ടുണ്ടാവും … ചിലപ്പോ അയാളുടെ ഭാര്യയുടെ മാനത്തിന് നീ വിലപറഞ്ഞു കാണും.. അയാളുടെ കുഞ്ഞിനെ ദ്രോഹിച്ചിട്ടുണ്ടാവും .. അല്ലേ … ”

ശബരിയുടെ കണ്ണുകൾ ഇടം വലം വെട്ടി ..

” എനിക്കറിയാം ശബരി .. ഇത് ചെയ്ത ആളെ .. നട്ടെല്ലുള്ള പുരുഷൻ .. ”

” നീയിതാരോടെങ്കിലും പറഞ്ഞോ …? ” അവൻ ചോദിച്ചു ..

” ഇല്ല …. ഞാൻ പറയില്ല ശബരി .. നീ പറഞ്ഞാലും ഞാൻ പറയില്ല … ശിക്ഷയനുഭവിക്കേണ്ടവനല്ല അയാൾ .. ”

ശബരിയൊന്ന് നെടുവീർപ്പിട്ടു ..

” അപ്പോ നമുക്ക് പോകാം ശബരി .. ” അവൾ വല്ലാത്തൊരു ശബ്ദത്തിൽ ചോദിച്ചു ..

” എങ്ങോട്ട് ….”

” മറന്നോ …? ” അവൾ അവന്റെ നെഞ്ചിൽ മറച്ചു വച്ചിരുന്ന പിസ്റ്റളിൽ തൊട്ടു ..

ശബരി നിശബ്ദനായി കിടന്നു …

” പേടിക്കണ്ട…നിന്നെ ഞാനൊറ്റക്ക് വിടില്ല ശബരീ .. കൂടെ ഞാനും വരും … ”

ശബരി ഞെട്ടിത്തെറിച്ചു …

“‘ വേണ്ട മധൂ .. നീ … നീ ജീവിക്കണം … ”

മാധുരി ചിറി കോട്ടി ..

” നീയില്ലാത്ത ലോകത്ത് ഞാനുമില്ല ശബരീ … മറ്റേതെങ്കിലുമൊരു ലോകത്ത് നമുക്ക് ഒരുമിച്ചു ജീവിക്കാം ….”

ശബരിയുടെ തൊണ്ടക്കുഴിയിൽ സങ്കടം വന്ന് തികട്ടി ..

മരണം … അത് തന്റെ കൺമുന്നിൽ വന്ന് നിൽക്കുന്നു . ..

” അവസാനമായി ഞാൻ നിന്നെയൊന്ന് ചുംബിച്ചോട്ടെ ശബരി …..” അവൾ ഇടർച്ചയോടെ ചോദിച്ചു ..

അവന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി ..

” സങ്കടം വേണ്ട ശബരീ .. ഞാൻ നിനക്ക് തരുന്നത് മോക്ഷമാണ് .. നിന്റെ ചെയ്തികളറിയാവുന്ന ഈ ലോകം മുഴുവൻ നീ പുഴുത്ത് പുഴുവരിച്ച് കാണാനാ ആഗ്രഹിക്കുന്നത് .. പക്ഷെ എനിക്കതിന് കഴിയില്ല ശബരി … കാരണം നിന്റെയീ കൈകളല്ലേ എന്നെ ആദ്യമായി തഴുകിയത് .. ” അവളവന്റെ തളർന്ന കൈയിൽ മെല്ല തഴുകി ..

” ഈ ചുണ്ടുകളല്ലേ എന്നെ ആദ്യമായി ചുംബിച്ചത് .. ഈ കൈകൾ കൊണ്ടല്ലേ ആദ്യമായി നീയെന്റെ മെയ് പുണർന്നത് .. നിന്റെ കണ്ണുകളിൽ നിന്നല്ലേ ഞാനാദ്യമായി പ്രണയമെന്തെന്നറിഞ്ഞത് .. ആ എനിക്ക് നിന്റെ ശരീരം പുഴുക്കുന്നത് കാണാൻ കഴിയുമോ ശബരി ….”

അവൾ കൈകൂത്തി കുറച്ചു കൂടി അവനോട് ചേർന്നിരുന്നു .. പിന്നെ ആ കവിളിൽ തൊട്ടു … അൽപ സമയം അവന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു .. പിന്നെ കുനിഞ്ഞ് ആ നെറ്റിയിലും കണ്ണിലും ഉമ്മവച്ചു ..

പിന്നെ അവന്റെ മുഖത്തോട് മുഖം ചേർത്ത് , പരിസരം മറന്നവർ കിടന്നു ..

അവന്റെ നെഞ്ചിലിരുന്ന അവളുടെ കൈ മെല്ലെ താഴ്ന്നു …

ഒരു തണുപ്പ് ചെവിക്കും നെറ്റിക്കുമിടയിലായി ശബരിയറിഞ്ഞു ..

മരിക്കാൻ തയാറെടുത്തിട്ടും എന്തുകൊണ്ടോ അവൻ ഭയന്നു ..

ആ ഭയം അവനെ കീഴ്പ്പെടുത്തുന്നതിനും ഒരു വേള മുന്നേ , ആ കർമ്മം അവൾ നിർവഹിച്ചു …

ഉച്ചത്തിലുള്ള ശബ്ദത്തിൽ ആ വാർഡ് നടുങ്ങി വിറച്ച ആ നിമിഷാർധത്തിൽ ഒന്നു കൂടി അതേ ശബ്ദം …

പുറത്ത് കാവൽ നിന്ന പോലീസും , മറ്റുള്ളവരും ഓടിക്കൂടുമ്പോഴേക്കും അവളുടെ നെറ്റിയിൽ നിന്നൊഴുകിയ ചോര അവന്റെ ചോരയുമായി ചേർന്ന് ഒരുമിച്ചൊഴുകാൻ തുടങ്ങിയിരുന്നു …

കെട്ടിടത്തിനു മുകളിലിരുന്ന കാക്കകൾ ചിറകടിച്ച് മേൽപ്പോട്ട് പറന്നുയർന്നു …..

****************************

മല്ലിക രാവിലെ ഹോസ്പിറ്റലിൽ നിന്ന് തന്റെ വീട്ടിലേക്ക് പോന്നു .. വരുന്ന വഴിയിലാണ് മാധുരി വന്നതും ശബരിയെ വെടി വച്ച് കൊന്നിട്ട് സ്വയം വെടിവച്ച് മരിച്ചതും അറിഞ്ഞത് ..

മല്ലികക്ക് അതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല .. ഒക്കെ കഥകളിലും സിനിമയിലും കണ്ടിട്ടുണ്ടെന്നല്ലാതെ ..

ശബരി മരിച്ചത് നന്നായെന്ന് മല്ലിക മനസിലോർത്തു … പക്ഷെ മാധുരി … സുഖമില്ലാത്ത ആ കുഞ്ഞിനെ ഓർക്കാതെ അവളാ കടുംകൈ ചെയ്യേണ്ടിയിരുന്നില്ലെന്ന് അവർ സ്വയം പറഞ്ഞു ..

ടൗണിൽ ബസിറങ്ങി , വീട്ടിലേക്ക് നടക്കുമ്പോഴും എല്ലായിടത്തും ചർച്ച അത് തന്നെയാണെന്ന് അവർക്ക് മനസിലായി …

അപ്പോഴേക്കും എതിരെ നാട്ടിലെ ” ആകാശവാണി .. ” എന്നറിയപ്പെടുന്ന സാറാമ്മ സഞ്ചിയും തൂക്കി വന്നു …

” മല്ലികേ … ദേ നിന്റെ മോളെ തട്ടിക്കൊണ്ട് പോയ ആ ചെക്കനെ , നമ്മുടെ ശേഖരന്റെ മോള് വെടി വച്ച് കൊന്നു .. നിന്റെ മോൾടെ കൂട്ടുകാരിപ്പെണ്ണ് .. ”

മല്ലികക്ക് ചൊറിഞ്ഞു വന്നു …

” എന്റെ മോളെയാരും തട്ടിക്കൊണ്ടു പോയതൊന്നുമില്ല .. ” മല്ലിക അനിഷ്ടത്തോടെ പറഞ്ഞു ..

” ആ കോളേജിന്ന് കൊണ്ടുപോയില്ലേ .. അത് .. ” സാറാമ്മ തിരുത്തിക്കൊടുത്തു ..

” ഞാനറിഞ്ഞു സാറാമ്മേ .. ഞാനും ഈ ലോകത്തല്ലേ ജീവിക്കുന്നത് .. ”

സാറാമ്മ മുഖം വീർപ്പിച്ചു ..

” ആ കൊച്ചിന് എങ്ങനെയൊണ്ട് .. ഈ ചത്തവൻ കൊല്ലാൻ നോക്കിയ കൊച്ച് .. ”

” കുഴപ്പമില്ല .. ഭേദമായി വരുന്നു .. ”

” എന്നാലും മല്ലീ .. നീയൊരു രണ്ടാം കെട്ട് കാരനെ കൊണ്ട് നിന്റെ മോളെ എന്തിനാ കെട്ടിച്ചത് .. അതും ഒരു കൊച്ചുള്ളവനെ .. ഇപ്പോ ഈ സംഭവങ്ങളൊക്കെയറിഞ്ഞപ്പോ നാട്ടുകാര് പറേണത് ഈ ചത്ത ചെക്കൻ മറ്റേ പെണ്ണിനെ മാത്രമല്ല , ബംഗ്ലൂരിൽ നിന്റെ മോളേം വച്ചോണ്ടിരുന്നെന്നാ … ആ കേട് ഉള്ളത് കൊണ്ടാ ഒരു രണ്ടാം കെട്ട് കാരനെ കൊണ്ട് കെട്ടിച്ചതെന്ന് ..” സാറാമ്മ ഒന്ന് താങ്ങി പറഞ്ഞു ..

” ദേ സാറമ്മേ .. ഞാൻ കൈ നൂത്ത് ഒന്ന് വിട്ട് തരും .. ഇതൊക്കെ നാട്ടുകാര് പറയുന്നതാണോ ,സാറാമ്മ നാട്ടുകാരോട് പറഞ്ഞു നടക്കുന്നതാണോ എന്നൊക്കെ എനിക്കറിയാം .. സാറാമ്മ ആളെ വിട് … ” പറഞ്ഞിട്ട് മല്ലിക , ദേഷ്യത്തിൽ നടന്നു പോയി …

വീട്ടിലെത്തിയിട്ടും സാറാമ്മ ചോദിച്ച ആ ചോദ്യം മല്ലികയുടെ മനസിൽ ബാക്കി കിടന്നു .. എന്തിനാണ് ഒരു കുഞ്ഞുള്ളവന് മകളെ കെട്ടിച്ചു കൊടുത്തതെന്ന് ..

ആ ചോദ്യം ഒരു പാട് പേർ തന്നോട് ചോദിച്ചതാണ് .. ചിലരൊക്കെ അത് ശബരി എന്ന ഭീഷണി മൂലമാണെന്ന് വിശ്വസിച്ചു ..

മല്ലിക നേരെ മുറിയിലേക്ക് പോയി .. പിന്നെ ബാലചന്ദ്രന്റെ മാറ്റി വച്ചിരുന്ന പഴയ തടപ്പെട്ടി തുറന്ന് ഒരു കവർ പുറത്തെടുത്തു …

അതുമായി ബാലചന്ദ്രന്റെ ചില്ലിട്ട ഫോട്ടോക്കരികിൽ വന്നു നിന്നു …

കുറേ നേരം ആ ഫോട്ടോയിലേക്ക് നോക്കി മൗനമായി അവർ നിന്നു …

” ബാലേട്ടാ …. ഞാൻ ചെയ്തത് തെറ്റാണോ ബാലേട്ടാ .. ” അവർ ചോദിച്ചു ..

” എട്ട് വർഷം കുഞ്ഞുങ്ങളില്ലാതിരുന്നതിന്റെ ദുഃഖം നമ്മളനുഭവിച്ചതല്ലേ ബാലേട്ടാ .. അതൊരു ഭീകരാവസ്ഥയാണ് .. ഒരു കുഞ്ഞിനെ നെഞ്ചിൽ ചേർക്കാനും ഉമ്മ വയ്ക്കാനും മുലയൂട്ടാനും ഒക്കെ അതിയായി മോഹിച്ചു പോകും .. അതു മാത്രമോ …പലരുടെയും കുത്തു വാക്കുകൾ .. അങ്ങനെ എന്തെല്ലാം സഹിച്ചു … കുഴപ്പം എനിക്കായിരുന്നില്ലേ .. ” മല്ലിക കണ്ണ് തുടച്ചു …

” എട്ട് വർഷങ്ങൾക്ക് ശേഷം ഈശ്വരൻ നമ്മുടെ വിളി കേട്ടു .. അല്ലേ ബാലേട്ടാ …” അവർ ആ ഫോട്ടോയിലേക്ക് നോക്കി വിതുമ്പി…

” ആമിക്ക് അന്ന് ആക്സിഡന്റ് പറ്റി , ചികിത്സ നടക്കുന്ന സമയത്താ ഔചാരിതമായി ആ സത്യം ഞാനറിഞ്ഞത് .. അവളൊരു അമ്മയാകാൻ 20 % സാത്യതയേയുള്ളു എന്ന് .. കല്ല്യാണത്തിന് മുൻപ് പ്രത്യേകിച്ച് ചികിത്സകളൊന്നും ചെയ്യാനുമില്ല .. ഞാനന്നത് ആമിയോട് പോലും പറഞ്ഞില്ല ബാലേട്ടാ .. വിവാഹത്തിന്റെ സമയമായപ്പോൾ ശബരി തന്നെ എന്റെ കുഞ്ഞിന്റെ കല്യാണങ്ങളെല്ലാം മുടക്കി .. കൂട്ടത്തിൽ ഇത് കൂടിയായാലോ .. പിന്നെ അവൾ വിവാഹമേ വേണ്ടന്ന് വച്ചു നടക്കുവല്ലായിരുന്നോ .. അപ്പഴാ ‘ വിനയ് ‘ ടെ വീട്ടുകാർ നേരിട്ട് ആലോചിച്ചത് .. എന്തുകൊണ്ടോ ഇടഞ്ഞ് നിന്ന ആമി , ഈ കല്ല്യാണത്തിന് സമ്മതിച്ചു .. അതിന്റെ കാരണം ഞാനിന്നുവരെ അവളോട് ചോദിച്ചിട്ടില്ല ബാലേട്ടാ … അവൾ താത്പര്യമാണെന്ന് പറഞ്ഞപ്പോ , ഞാനും എതിർത്തില്ല … നമ്മുടെ വീട്ടുകാരൊക്കെ ഒരു പാട് കുറ്റപ്പെടുത്തി .. അപ്പഴും എന്റെ മനസിൽ ആദിയായിരുന്നു .. ഒരു പക്ഷെ ആ 20% ഭാഗ്യം എന്റെ മോൾക്ക് കിട്ടിയില്ലെങ്കിലും നമ്മളനുഭവിച്ച അത്രയും ദുഃഖം അവൾക്കുണ്ടാവില്ല .. ആ മോന്റെ അമ്മയായി എന്റെ മോൾ ജീവിക്കുമല്ലോ .. അതിലെനിക്ക് തെറ്റിയിട്ടില്ല ബാലേട്ടാ .. ഞാൻ കണ്ടതാ അവരുടെ സ്നേഹം … ”

മല്ലിക ഒന്ന് നിർത്തി ..

” പക്ഷെ അവരോടും , ആമിയോടും ഞാൻ ചെയ്ത ചതിയാണോ ബാലേട്ടാ ഇത് .. ശബരിയുടെ കാര്യം പറഞ്ഞിട്ടും ഈ കാര്യം മാത്രം ഞാൻ പറഞ്ഞില്ല .. ഞാൻ സ്വാർത്ഥയായിപ്പോയി ബാലേട്ടാ … വിനയ് ക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ , ഈ വിവാഹവും മുടങ്ങിപ്പോകും എന്ന് പേടിച്ചു .. അവളെ പഠിപ്പിച്ചു , ജോലിയുണ്ട് .. പക്ഷെ ഞാനെത്ര കാലം ബാലേട്ടാ .. ബാലേട്ടൻ പോലുമില്ലാതെ .. അവൾക്കാരെങ്കിലും ഒരു തുണ വേണ്ടേ …. അത് കൊണ്ടാ ഞാൻ ….” കൈയിലിരുന്ന കടലാസ് ചുരുട്ടി പിടിച്ച് മല്ലിക കരഞ്ഞു …

” അവളും ഇതറിഞ്ഞാൽ എന്നെ പഴിക്കില്ലേ ബാലേട്ടാ .. ഞാനെന്താ വേണ്ടേ .. ” മല്ലിക പൊട്ടിക്കരഞ്ഞു…

കുറേ നേരം അവർ ആ മേശപ്പുറത്ത് തല വച്ച് കിടന്നു .. പിന്നെ ദൃഢനിശ്ചയത്തോടെ അവരെഴുന്നേറ്റു ..

” നമുക്കൊന്നുമറിയില്ലായിരുന്നു .. അല്ലേ ബാലേട്ടാ .. അങ്ങനെ മതി .. എന്റെ മോൾ സമാധാനമായി ജീവിക്കട്ടെ .. ഒന്നെനിക്കുറപ്പുണ്ട് .. എട്ട് വർഷം നമ്മളനുഭവിച്ച ദുഃഖം നമ്മുടെ മോൾ അനുഭവിക്കില്ല … ” പറഞ്ഞിട്ട് കുറേ നേരം അവരാ ഫോട്ടോയിൽ നോക്കി നിന്നു ..

പിന്നെ കൈയിലിരുന്ന റിപ്പോർട്ടുമായി അടുക്കളയിലേക്ക് പോയി .. തീപ്പെട്ടിയെടുത്ത് ഉരച്ച് അതിന്റെയറ്റത്ത് തീ പിടിപ്പിച്ച് അടുപ്പിലേക്കിട്ടു …

* * * * * * * * * * * * * * * * * * * * * * * *

ജിതേഷ് കിടന്ന ബെഡിനരികിൽ തന്നെ നിരഞ്ജന നിന്നു ..

മുന്നിൽ ദിവ്യ നിൽപ്പുണ്ടായിരുന്നു … അവളുടെ കണ്ണ് നിറഞ്ഞൊഴുകി …

ഇത്ര കാലം മനസിൽ കൊണ്ട് നടന്നിരുന്നവൻ … എല്ലാ അർത്ഥത്തിലും അയാളുടേത് മാത്രമാകുമെന്ന് കരുതി താൻ ജീവിച്ചിട്ടും …

എവിടെയായിരുന്നു ഉണ്യേട്ടൻ തന്നെ മറന്നു പോയത് ..

ഇന്ന് ഇങ്ങോട്ടു വരും വരെ വിശ്വാസമുണ്ടായിരുന്നു ഉണ്യേട്ടൻ തന്നെ കൈവിടില്ലെന്ന് .. പക്ഷെ മിണ്ടാട്ടമില്ലാതെ കിടന്നിട്ടും , അനക്കാൻ കഴിയുന്ന വലം കൈ കൊണ്ട് മറ്റൊരു പെണ്ണിനെ ചേർത്ത് പിടിച്ച് , തന്റെ മനസ് തുറന്ന് കാട്ടിയ ഉണ്യേട്ടന് മുന്നിൽ താനിന്ന് തോറ്റു പോയി ..

അവൾ പൊട്ടിക്കരഞ്ഞു ..

ജിതേഷിന്റെ മനസിലും എവിടെയോ ഒരു വേദന പടർന്നു ..

സോറി ദിവ്യ …

അവൻ മനസുകൊണ്ട് മാപ്പ് പറഞ്ഞു ..

നിരഞ്ജന മിണ്ടാതെ നിന്നു …

രാഘവ വാര്യർ ദിവ്യയുടെ ഒരു വാക്കിനായി കാത്തു നിൽക്കുകയായിരുന്നു ജിതേഷിനെക്കൊണ്ട് അവളുടെ കഴുത്തിൽ താലി കെട്ടിക്കാൻ ..

വയലറ്റ് പട്ടുസാരിയുടുത്ത് ആ ആശുപത്രി മുറിയിലേക്ക് അവൾ വന്നത് , അവന്റെ താലി ഏറ്റുവാങ്ങാനായിരുന്നു ..

പക്ഷെ … ഉണ്യേട്ടൻ അതിന് കഴിയില്ല എന്ന് തെളിയിച്ചു ..

ഇനി .. ഇനിയെന്തിന് ..

” രാഘവമ്മാമേ …….. ” അവൾ വിളിച്ചു ..

” എന്നോട് ഇഷ്ടോണ്ടെങ്കിൽ ഞാൻ പറേണത് രാഘവമ്മാമ അനുസരിക്കണം … ” അവൾ പറഞ്ഞു ..

” മോള് പറ…. ”

” ഉണ്യേട്ടന്റെ വിവാഹം നടക്കണം .. ഞാനുമായിട്ടല്ല .. ഈ നിൽക്കുന്ന ഉണ്യേട്ടന്റെ പെണ്ണുമായിട്ട് … ”

രാഘവ വാര്യരുടെ മുഖം ചുവന്നു ..

” അത് നടക്കില്ല .. നീയുമായിട്ടുള്ള ഉണ്ണിയുടെ വിവാഹമാ നടക്കാൻ പോണേ .. ” അയാൾ ഒച്ചയെടുത്തു ..

ഭാഗ്യലക്ഷ്മിയും വേണുവും മറ്റ് ചിലരും അവിടെയുണ്ടായിരുന്നു .. ദിവ്യ പറഞ്ഞത് കേട്ട് അവരും സ്തംഭിച്ചു …

” എന്തിനാ രാഘവമ്മാമേ .. ന്നെ കെട്ടിയിട്ട് , ഉണ്യേട്ടനിനിയും ഇവര്ടടുത്ത് പോകില്ലേ .. ഇത്രയും കാലം ഇവര് അങ്ങനായിരുന്നില്ലേ .. ഇവിടെ ഉണ്യേട്ടനെ കാത്ത് ഞാനുണ്ടെന്നറിഞ്ഞിട്ടും .. നിക്ക് വേണ്ട രാഘവമ്മാമേ .. അവര് ജീവിച്ചോട്ടേ .. നിക്ക് ഇനി ഉണ്യേട്ടനെ വേണ്ട …. ” അവൾ തീർത്തു പറഞ്ഞു ..

പിന്നെ ഭാഗ്യലക്ഷ്മിയുടെ അടുത്ത് ചെന്ന് അവരുടെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു ..

നിരഞ്ജനക്കും അവളോട് സഹതാപം തോന്നി

* * * * * * * * * * * * * * * * * * * * * *

തങ്ങളുടെ ജിപ്സിക്ക് അടുത്ത് നിന്ന് ആസാദ് ഷഫീഖ് സിഗററ്റ് കത്തിച്ചു …

നവീനും സത്യയും അയാൾക്കടുത്തേക്ക് വന്നു …

” ഇനിയിവിടെ നിന്ന് ഒന്നും കിട്ടാനില്ലല്ലോ സർ … നമുക്ക് തിരിച്ച് പോകാം … ” നവീൻ പറഞ്ഞു …

ആസാദ് ഒരു പുക വിട്ടിട്ട് ദൂരേക്ക് നോക്കി ..

” ശബരിക്ക് മുരുകനുമായിട്ടായിരുന്നു കണക്ഷൻ .. അവനെ ചോദ്യം ചെയ്തിരുന്നെങ്കിലും മുരുകന്റെ പേരേ കിട്ടു .. ”

നവീനും സത്യയുമടക്കം എല്ലാവരും നിരാശയിലായിരുന്നു …

ആസാദ് ഷഫീഖ് നവീന്റെ തോളിൽ ഇടിച്ചു …

” നിരാശ വേണ്ടടോ .. നമ്മളിത്തവണ ഇവിടെ വരെ എത്തിയില്ലേ .. അവന്മാരുടെ ഒരറ്റംപ്റ്റ് പൊളിക്കാൻ കഴിഞ്ഞില്ലേ .. കഴിഞ്ഞ തവണത്തേക്കാൾ ഇംപ്രൂവ്മെന്റ് ഇല്ലേടോ … ”

” എന്നാലും സർ .. നമുക്കവന്മാരിലേക്കെത്താൻ കഴിയില്ല സർ … ”

” കഴിയുമെടോ … ബോസ് എന്ന് പറഞ്ഞു മുരുകനോട് സംസാരിക്കുന്നവന്റെ ലൊക്കേഷൻ കൽക്കട്ടയായിരുന്നു .. അവന്മാരൊക്കെ വെറും ഏജന്റാണ് .. നമുക്കിവരെയല്ല ആവശ്യം … ഇതിനു മുകളിൽ കളിക്കുന്ന റാക്കറ്റിനെയാണ് .. അടുത്ത തവണ നമ്മൾ ലക്ഷ്യത്തിലെത്തിയിരിക്കും .. ” ആസാദ് സമാധാനിപ്പിച്ചു ..

” സർ , ഇവന്മാരുടെ ഇവിടുത്തെ കോടതി നടപടി നാളെ കഴിയും .. നമുക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടും എന്നുറപ്പാ …”

” ങും … ” ആസാദ് തല കുലുക്കി ..

” ഒക്കെ .. ഗയ്സ് .. ആർക്കും നിരാശ വേണ്ട .. നമ്മൾ ഇറങ്ങിത്തിരിച്ച ലക്ഷ്യം നമ്മൾ പൂർത്തീകരിച്ചിരിക്കും .. ഒന്നുറപ്പാ .. ഇനിയവന്മാർ നമ്മുടെ മൂക്കിൻ തുമ്പിലൂടെ ഒരു പെണ്ണിനെയും കടത്തില്ല .. മുംബൈയിൽ കിടന്ന നമ്മൾ അന്വേഷിച്ച് ഇവിടെ വന്ന് ഇത്രയും ചെയ്തില്ലേ .. അവന്മാരുടെ കൗണ്ട് ഡൗൺ തുടങ്ങി എന്നർത്ഥം ….”

അവർ ആറു പേരും കൈകൾ ചേർത്തടിച്ചു …

അപ്പോ നാളത്തെ നമ്മുടെ പ്രോഗ്രാംസ് കഴിഞ്ഞാൽ നമ്മൾ തിരിച്ചു പോകുന്നു ..

ദെൻ ഗുഡ് ബൈ കേരള …..

* * * * * * * * * * * * * * * * * * * *

ആദിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റി …

അഭിരാമി അവന്റെയരികിൽ തന്നെയിരുന്നു …

അവളുടെ ഫോൺ ശബ്ദിച്ചപ്പോൾ , അവൾ കൈനീട്ടി ഫോണെടുത്തു കാതോടു ചേർത്തു …

” ഹലോ .. അഭിരാമി .. ”

” യെസ് … മാം … അഭിരാമിയാണ് … ”

ഡിപ്പാർട്ട്മെന്റ് ഹെഡ് സ്നേഹലതയായിരുന്നു മറുവശത്ത് ..

” അഭിരാമിയുടെ റിസൈൻ ലെറ്റർ കിട്ടിയിരുന്നു .. ഇതു വരെ ഫയലിൽ സ്വീകരിച്ചിട്ടില്ല ഞാൻ .. പെട്ടന്നുള്ള ഷോക്കിൽ ചെയ്തതാണെങ്കിൽ ഞാൻ വെയ്റ്റ് ചെയ്യാം . .. താൻ നന്നായി ആലോചിച്ച് തീരുമാനിച്ചാൽ മതി ….”

” ഷോക്കിലായിരുന്നു മാം ഞാൻ .. അത് കൊണ്ട് തന്നെയാ ഞാൻ റിസൈൻ ലെറ്റർ തന്നത് …”

” ദെൻ .. ഞാനിത് റിജക്ട് ചെയ്യട്ടെ … ”

അഭിരാമിയൊന്ന് നിർത്തി …

പിന്നെ ബെഡിൽ അവളെ നോക്കിക്കിടക്കുന്ന ആദിയെ നോക്കി …

( തുടരും )

 

Click Here to read full parts of the novel

3.9/5 - (18 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!