പിറ്റേന്ന് ക്ലാസ്സില്ലാത്തത് കൊണ്ട് നിമ്മിയോട് അടുക്കളയിലിരുന്നു കത്തി വെക്കുമ്പോഴാണ് ഉമ്മറത്തു നിന്നു ത്രേസ്യാമ്മ ഉച്ചത്തിൽ മാത്തുക്കുട്ടിയെ വിളിക്കുന്നത് കേട്ടത്. ഓടി ചെന്ന അന്ന കണ്ടത് മുറ്റത്ത്, കാറിൽ വന്നിറങ്ങിയ ആൽബിയെയും ആദിലക്ഷ്മിയെയും ആയിരുന്നു. രണ്ടു പേരുടെയും കൈയിൽ പൂമാല ഉണ്ടായിരുന്നു. ആദിയുടെ കഴുത്തിൽ ആൽബി ചാർത്തിയ താലിയും…
ആൽബിയുടെ ഒപ്പം തല താഴ്ത്തി നിൽക്കുന്ന ആദിയെ കണ്ടപ്പോൾ അന്നയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി.
എന്നാലും എന്റെ ആദി കൊച്ചേ ഇത് ഒരു മാതിരി ചെയ്‌ത്ത് ആയിപോയി. തല കുത്തി നിന്നിട്ടാണ് അങ്ങേരെ ഒന്ന് വളച്ചെടുത്തത്. ഇനിയിപ്പോൾ പ്രണയം എന്ന് പറഞ്ഞങ്ങു ചെന്നാൽ അങ്ങേരെന്നെ ജീവനോടെ കുഴിച്ചു മൂടും…
അന്നയുടെ മനസ്സിൽ തേരോട്ടം നടക്കുമ്പോഴാണ് മാത്തുക്കുട്ടി പുറത്തേക്ക് വന്നത്. പുറത്തു നിൽക്കുന്ന.വധൂവരന്മാരെ കണ്ടു അയാൾ ഒന്ന് പകച്ചു, നോട്ടം ആദിലക്ഷ്മിയിൽ എത്തിയപ്പോഴാണ് ആ ഞെട്ടൽ പൂർത്തിയായത്.
ആരും ഒന്നും മിണ്ടിയില്ല. കുറച്ചു നേരം കഴിഞ്ഞാണ് മാത്തുക്കുട്ടി പറഞ്ഞത്.
“കെട്ടിയ പെണ്ണിനേം കൊണ്ട് മുറ്റത്ത് നിൽക്കാനാണോടാ നീ വന്നേക്കുന്നത് . അവളേം വിളിച്ചോണ്ട് അകത്തോട്ടു കയറി വാടാ ”
ത്രേസ്യാമ്മയുടെ നോട്ടത്തെ വകവെക്കാതെയാണ് മാത്തുക്കുട്ടി പറഞ്ഞത്. പിന്നെ താമസിച്ചില്ല ആൽബി ആദിയുടെ കൈ പിടിച്ചു അകത്തോട്ടു കയറി.
അകത്തെത്തിയതും ത്രേസ്യാമ്മ മാത്തുക്കുട്ടിക്ക് നേരേ തിരിഞ്ഞു.
“എന്നാലും ഇച്ചായാ… ”
ത്രേസ്യാമ്മയെ പൂർത്തിയാക്കാൻ സമ്മതിക്കാതെ മാത്തുക്കുട്ടി പറഞ്ഞു.
“ഇവർ രണ്ടു പേരും ചെയ്തത് തെറ്റ് തന്നെയാണ്
ഞാനിവരെ ഒരിക്കലും ന്യായീകരിക്കില്ല. പക്ഷേ ത്രേസ്യാകൊച്ചേ, നമ്മുടെ മോനെ വിശ്വസിച്ചു ഇറങ്ങി വന്നവളാണിവൾ. അവളെ വേദനിപ്പിക്കാൻ നമുക്ക് അവകാശമില്ല. പക്ഷേ ഇവൻ… ”
ആൽബിക്ക് നേരേ തിരിഞ്ഞു മാത്തുക്കുട്ടി പറഞ്ഞു.
“കെട്ടിക്കൊണ്ടു വന്ന പെണ്ണിന്റെ മുൻപിൽ ഇട്ടു തല്ലണ്ടെന്നു കരുതിയാണ്. നിനക്കുമില്ലേ ഒരു പെങ്ങൾ, അവൾ ഇങ്ങനെ ചെയ്താൽ നീ സഹിക്കുമോ? ”
കേട്ടു നിന്ന അന്നയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി.
“എന്റെ ഈശോയെ ”
അന്ന മനസ്സിൽ പറഞ്ഞു. അവൾ ആദിയെ നോക്കി, എല്ലാം ഒപ്പിച്ചു വെച്ചിട്ടു തലയും താഴ്ത്തി നിൽക്കുകയാണ് കുരിപ്പ്.
അത് വരെ മിണ്ടാതിരുന്ന ആൽബി പറഞ്ഞു.
“അപ്പച്ചനും അമ്മച്ചിയും എന്നോട് ക്ഷമിക്കണം. എനിക്ക് വേറെ വഴിയില്ലായിരുന്നു. വാക്ക് കൊടുത്ത പെണ്ണിനെ ഉപേക്ഷിക്കാൻ എനിക്കാവത്തില്ല, നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ ഇവളെയും കൊണ്ട് ഇവിടെ നിന്ന് പോയേക്കാം . ”
ഒന്ന് നിർത്തി ത്രേസ്യാമ്മയെ നോക്കി അവൻ തുടർന്നു.
“ആദിയും ഞാനും രണ്ടു മൂന്നു വർഷമായി പ്രണയത്തിലാണ്. ആരെന്നോ ഏതെന്നോ അറിയാതെയാണ് ഞങ്ങൾ സ്നേഹിച്ചു തുടങ്ങിയത്. ഈ ബന്ധം ആദിയുടെ വീട്ടിൽ അറിഞ്ഞു.എത്ര നിർബന്ധിച്ചിട്ടും ആൾ ഞാനാണെന്ന് ഇവൾ പറഞ്ഞില്ല. അവസാനം ഇവളുടെ സമ്മതമില്ലാതെ കല്യാണം തീരുമാനിച്ചപ്പോൾ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു ”
ഇതെല്ലാം കേട്ട് നിന്ന അന്നയുടെ തലയിലെ പരുന്ത് മുതൽ കുരുവി വരെയുള്ള കിളികളെല്ലാം കൂടൊഴിഞ്ഞു പോയി.
“കർത്താവെ ഇതെല്ലാം എപ്പോ, രണ്ടു മൂന്ന് വർഷം??? ”
അവൾ ആദ്യം കാണുന്നത് പോലെ ആൽബിയെയും ആദിയെയും മാറി മാറി നോക്കി.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മാത്തുക്കുട്ടി ത്രേസ്യാമ്മയെ ഒന്ന് നോക്കി, അന്നയോടായി പറഞ്ഞു.
“നീയീ കൊച്ചിനെ വിളിച്ചു അകത്തോട്ടു കൊണ്ടു പോയെ ”
അന്ന ആൽബിയെ കനപ്പിച്ചൊന്ന് നോക്കി ആദിയുടെ കൈയിൽ പിടിച്ചു അവളുടെ റൂമിലേക്ക് നടന്നു. ആദിയുടെ തല താഴ്ന്ന് തന്നെയിരുന്നു.
റൂമിൽ എത്തി വാതിൽ ലോക്ക് ചെയ്തിട്ട് അന്ന ആദിയ്ക്ക് നേരേ തിരിഞ്ഞു. അന്നയെ ഞെട്ടിച്ചു കൊണ്ട് ഒരു പൊട്ടിക്കരച്ചിലോടെ ആദിലക്ഷ്മി അന്നയെ കെട്ടിപിടിച്ചു. അന്ന ഒന്നും പറയാനാവാതെ അവളെ ചേർത്ത് പിടിച്ചു നിന്നതേയുള്ളൂ. ഏങ്ങലടികൾക്കിടയിൽ നേർത്ത ശബ്ദത്തിൽ ആദി പറഞ്ഞു.
“ഞാൻ… എനിക്ക്.. എന്നെ വെറുക്കരുത് ”
അന്നയ്ക്ക് എന്താണ് അവളോട് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. തന്നെ പറ്റിച്ചു എന്നൊരു തോന്നൽ അന്നയ്ക്ക് ഉണ്ടായിരുന്നെങ്കിലും ആദിയുടെ ദയനീയമായ കരച്ചിൽ അവളുടെ നീരസം അലിയിച്ചു കളഞ്ഞു.
അന്ന ആദിയെ കട്ടിലിലേക്ക് ഇരുത്തി, അവളുടെ അടുത്തിരുന്നു. ആദി അന്നയുടെ കൈ പിടിച്ചു പറഞ്ഞു.
“എന്നോട് ദേഷ്യമുണ്ടാവും അന്നക്കൊച്ചിന്, പറ്റിച്ചതല്ല ഞാൻ. പലവട്ടം പിരിയാൻ ശ്രമിച്ചതാണ് ഞങ്ങൾ. മനസ്സിൽ ആൽബിച്ചായനെ വെച്ചിട്ട് വേറൊരാളോടൊപ്പം ജീവിക്കാൻ ആവില്ല എന്നുറപ്പായപ്പോൾ ജീവിതം അവസാനിപ്പി ക്കാൻ തീരുമാനിച്ചതാണ് ഞാൻ. പക്ഷേ ഇച്ചായൻ സമ്മതിച്ചില്ല ”
അന്നയെ ഒന്ന് നോക്കി ആദി പറഞ്ഞു.
“ഞാൻ പ്ലസ് ടു വിനു പഠിക്കുമ്പോഴാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ആൽബിച്ചായന്റെ ബൈക്ക് തട്ടി പരിക്കേറ്റ എന്നെ ഇച്ചായനാണ് ക്ലിനിക്കിൽ എത്തിച്ചത്. പിന്നെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. ആൽബിച്ചായൻ ഇഷ്ടം പറഞ്ഞപ്പോളും എനിക്ക് പേടിയായിരുന്നു. അച്ഛനും ഏട്ടനും മാത്രമായിരുന്നു എന്റെ ലോകം. പക്ഷേ പിന്നീടെപ്പോഴോ എനിക്കും സമ്മതിക്കേണ്ടി വന്നു എന്റെ ഇഷ്ടം. കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളെ പറ്റിയും, ഈ ബന്ധത്തിന് ആരും സമ്മതിക്കില്ല എന്ന കാര്യവുമൊക്കെ ശ്രദ്ധയിൽ വന്നപ്പോഴേക്കും അകലാനാവാത്ത വിധം അടുത്ത് പോയിരുന്നു ഞങ്ങൾ. എങ്കിലും ഒരുപാട് തവണ എല്ലാം പറഞ്ഞു അവസാനിപ്പിച്ചതാണ് ഞങ്ങൾ.പക്ഷേ… ”
ആദി അന്നയെ ദയനീയമായി ഒന്ന് നോക്കി. അന്ന പറഞ്ഞു.
“ചുമ്മാതല്ല ആദിക്കൊച്ചെന്നെ നാത്തൂനേന്നു വിളിച്ചു പതപ്പിച്ചത് അല്ലേ? ”
“അങ്ങനെയേ വിചാരിക്കുള്ളൂന്നെനിക്കറിയാം. പക്ഷേ നിങ്ങളുടെ കാര്യമൊന്നും ആൽബിച്ചായനോട് ഞാൻ പറഞ്ഞിട്ടില്ല. ഞങ്ങളുടെ ബന്ധം കൊണ്ടല്ല ഞാൻ അടുപ്പം കാണിച്ചത്. ഇഷ്ടം കൊണ്ടാണ്, എന്റെ ഏട്ടന്റെ പെണ്ണായി തോന്നിയത് കൊണ്ടു
തന്നെയാണ് ”
“ഇത്രേം പാവം പിടിച്ച നീ എങ്ങനാ കൊച്ചേ ഇറങ്ങി വന്നത്? ”
“അത് എനിക്കറിയില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ കൈയും കാലും വിറയ്ക്കുന്നു.”
“നിന്റെ അച്ഛനും ഏട്ടനുമൊക്കെ? ”
“രജിസ്റ്റർ മാരിയേജ് കഴിഞ്ഞ ഉടനെ ആൽബിച്ചായൻ അച്ഛനെ വിളിച്ചു സംസാരിച്ചു. ഏട്ടൻ ദേഷ്യത്തിലാണ്. സംസാരിക്കാൻ കൂട്ടാക്കിയില്ല. എന്നോട് ഒരുപാട് തവണ ചോദിച്ചതാണ് ആള് ആരാണെന്ന്. പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഏട്ടൻ കൂടെ നിന്നേനെ. എനിക്ക് പേടിയായിരുന്നു….. ഇതിന്റെ പേരിൽ നിങ്ങളുടെ ബന്ധം ”
ഉള്ളിൽ ഒരാന്തൽ ഉയർന്നെങ്കിലും ഒന്നും പുറമെ കാണിക്കാതെ അന്ന പറഞ്ഞു.
“ഹാ അത് വിട്.. നാത്തൂൻ എണീറ്റു ഈ ഡ്രെസ്സ് ഒക്കെ മാറ്റാൻ നോക്ക് ”
അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ട് അന്ന ചെന്നു തുറന്നു. ത്രേസ്യാമ്മ.
“നീ ആ കൊച്ചിനേം കൊണ്ടവിടെ എന്തോ എടുക്കുവാണെടി. അതിന് മാറ്റിയുടുക്കാൻ ഡ്രെസ്സ് ഒന്നും കൊടുത്തില്ല്യോ , നിന്റെ പാന്റും കളസവുമൊന്നുമല്ലാത്ത വല്ലതും കൊടുത്തേക്ക് ”
“ഓഹ് ഇപ്പോൾ നമ്മൾ ഔട്ട് ”
പറഞ്ഞതും അന്ന മുഖം വീർപ്പിച്ചു ഷെൽഫിനടുത്തേക്ക് നടന്നു, ഒരു ചുരിദാർ എടുത്തു ആദിയ്ക്ക് കൊടുത്തു.
പുറത്തു പോയ ജോയിയും നിമ്മിയും തിരിച്ചെത്തി അമ്പരന്ന് നിൽപ്പാണ്. ഇത്ര പെട്ടെന്ന് എല്ലാവരും കാര്യങ്ങൾ അക്‌സെപ്റ്റ് ചെയ്യുമെന്ന് അന്ന കരുതിയില്ല. അല്ലെങ്കിലും മാത്തുക്കുട്ടിച്ചായനും ത്രേസ്യാകൊച്ചും മാസ്സാണ്..
അപ്പച്ചൻ ആരെയോ ഫോണിൽ വിളിച്ചു സംസാരിക്കുന്നുണ്ട്. ഇടയ്ക്ക് സംസാരം ഉച്ചത്തിലാണ്. ദേവൻ അങ്കിൾ ആണെന്ന് തോന്നുന്നു. അവിടെയൊന്നും ഇരിപ്പുറയ്ക്കാതെയാണ് അന്ന റൂമിലെത്തി വാതിലടച്ചത്.
ഫോൺ കൈയിലെടുത്ത് ചെറിയൊരു പേടിയോടെയാണ് രുദ്രന്റെ നമ്പർ ഡയല് ചെയ്തത്. കുറേ തവണ റിംഗ് ചെയ്തിട്ടും ഫോൺ എടുക്കുന്നില്ല. അവസാനം പ്ലീസ് കാൾ മി എന്നൊരു മെസ്സേജ് അയച്ചു. മെസ്സേജ് കണ്ടെന്നു മനസ്സിലായെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഒന്ന് കൂടി വിളിച്ചു നോക്കാമെന്നു കരുതി ഡയല് ചെയ്തപ്പോൾ ഫോൺ സ്വിച്ചഡ് ഓഫ്..
പണി കിട്ടീന്ന് മനസ്സിലായി.
അങ്ങേരുടെ പെങ്ങൾ ചാടി പോന്നേനു ഞാനിപ്പോൾ എന്തു ചെയ്യാനാ, പിന്നെ വന്നത് എന്റെ ഇച്ചായന്റെ കൂടെ ആയത് എന്റെ തെറ്റാണോ?
ഇനിയിപ്പോ ചാടി പോന്നത് എന്റെ ഇൻസ്പിറേഷനിൽ ആണെന്ന് വല്ലോം പറഞ്ഞേക്കുമോ അങ്ങേര്. പറയാൻ പറ്റൂല എന്റെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ നോൽമ്പ് എടുത്തു നടക്കുന്ന മനുഷ്യനാ..
എല്ലാവരുടെ മുൻപിലും മറച്ചു വെച്ചു ചിരിച്ചു കളിച്ചെങ്കിലും അന്നയുടെ മനസ്സിൽ തീയെരിയുന്നുണ്ടായിരുന്നു.
ത്രേസ്യാമ്മ ആദ്യം ഇച്ചിരി ഗൗരവം കാണിച്ചെങ്കിലും ആദിയോട് സ്നേഹത്തോടെ തന്നെയാണ് പെരുമാറിയത്. നിമ്മിയും ആദിയുമായി കൂട്ടായി. പക്ഷേ ആദിയുടെ വേദന അന്നയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.
ആൽബിയെ അന്ന മൈൻഡ് ചെയ്തതേ ഇല്ല. അവസാനം ആൽബി അവളുടെ അടുത്ത് വന്നു സാഷ്ടാംഗം പറഞ്ഞപ്പോളാണ് അന്ന ഒന്നയഞ്ഞത്.
ത്രേസ്യാമ്മ പറഞ്ഞതനുസരിച്ചു ആദിയുടെ കൈയിൽ ഒരു ഗ്ലാസ്സ് പാലും കൊടുത്തു ആൽബിയുടെ റൂമിലേക്ക് തള്ളി വിട്ടാണ് അന്ന അവളുടെ റൂമിലെത്തിയത്. വാതിൽ ലോക്ക് ചെയ്തു അവൾ പിന്നെയും മൊബൈൽ എടുത്തു രുദ്രനെ വിളിച്ചു.
രണ്ടാമത്തെ റിങ്ങിൽ കാൾ കട്ട് ചെയ്തു. മൂന്നു തവണ അങ്ങിനെ ചെയ്തപ്പോൾ വാശി കയറി അന്ന പിന്നെയും വിളിച്ചു.ഇത്തവണ ആദ്യ റിങ്ങിൽ തന്നെ കാൾ എടുത്തു.
“എന്താടി നിനക്കിനിയും വേണ്ടത്..? ”
“എന്തിനാ എന്നോടിങ്ങനെ ദേഷ്യം, ഞാൻ എന്തു ചെയ്തിട്ടാ? ”
“നിനക്ക് ഒന്നും അറിയില്ല അല്ലേ, മറ്റെന്തും ഞാൻ സഹിക്കും, പക്ഷേ എന്നെ ചതിക്കുന്നത് എനിക്ക് പൊറുക്കാനാവില്ല, അതും നീ ”
“പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ എനിക്കൊന്നും അറിയത്തില്ല ”
“ഇനി അതും ഞാൻ വിശ്വസിക്കണം അല്ലേടി ”
“ഞാൻ പറയുന്നത്… ”
“എനിക്കൊന്നും കേൾക്കണ്ട ”
അന്നയ്ക്ക് കലി കയറി.
“നിങ്ങളുടെ പെങ്ങൾ ചാടി പോയതിനു ഞാൻ എന്തു ചെയ്തു? ഞാൻ അല്ല അവളെ വിളിച്ചിറക്കിയത്, എനിക്കൊന്നും അറിയത്തുമില്ല. എത്ര പറഞ്ഞിട്ടും നിങ്ങൾക്കെന്താ മനസ്സിലാവാത്തേ? ”
പല്ല് ഞെരിക്കുന്ന ശബ്ദത്തോടെ കാൾ കട്ട് ആയി. കലിപ്പന്റെ കലിപ്പ് മാറാതെ സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ലെന്ന് അന്നയ്ക്ക് മനസ്സിലായി. ഇനി നാളെ നോക്കാം…
പിറ്റേന്ന് ആദിയുടെ കരഞ്ഞു വീർത്ത കണ്ണുകൾ കണ്ടപ്പോഴേ അന്നയ്ക്ക് മനസിലായി അവൾ ഉറങ്ങിയിട്ടേയില്ലെന്ന്.
“എന്താടി കൊച്ചേ നിന്റെ ഇച്ചായൻ ഇന്നലെ നിന്നെ ഉറക്കിയില്ലേ, കണ്ണൊക്കെ ചെമന്നിരിക്കുന്നല്ലോ? ”
“എനിക്ക് അച്ഛനെയും ഏട്ടനേയും കാണാൻ തോന്നുന്നു ”
അന്ന വായും പൊളിച്ചു ആദിയെ നോക്കി നിന്നു.
“നീ തന്നെയാണോടീ ഒളിച്ചോടി വന്നത്? ”
“ഏട്ടൻ വിളിച്ചിരുന്നോ? ”
“കൊച്ചേ, നിന്റെ ഏട്ടൻ എന്നെ അങ്ങനെ പതിവായി വിളിക്കാറൊന്നുമില്ല. പിന്നെ ഇന്നലെ ഞാൻ വിളിച്ചപ്പോൾ അങ്ങേര് കത്തി ജ്വലിച്ചോണ്ടിരിക്കയായിരുന്നു, ചൂടും പുകയും കാരണം എനിക്കങ്ങോട്ട് അടുക്കാൻ പറ്റിയിട്ടില്ല. ”
ആദി ഇപ്പോൾ വിങ്ങി പൊട്ടും എന്നായപ്പോൾ അന്ന പറഞ്ഞു
“എന്റെ കൊച്ചേ നീയിങ്ങനെ കണ്ണു നിറയ്ക്കല്ലേ, എനിക്കല്പം സമയം താ, എല്ലാം നമുക്ക് ശരിയാക്കാന്നേ ”
അപ്പോഴാണ് ആൽബി ആ വഴി വന്നത്.
“ഓ കെട്ട്യോളെ കാണാണ്ട് ഇരിപ്പൊറയ്ക്കണില്ല കള്ളകാമുകന് ”
ഒന്നു നിർത്തി ഒരു കുസൃതി ചിരിയോടെ ആദിയെ നോക്കി അന്ന തുടർന്നു.
“ഇത് പോലെ എട്ടും പൊട്ടും തിരിയാത്ത പെങ്കൊച്ചിനെ അടിച്ചു മാറ്റികൊണ്ടോരേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ എന്റെ ഇച്ചായാ ”
ഒരു ചിരിയോടെ ആൽബി ആദിയെ ചേർത്തു നിർത്തിയപ്പോൾ അവന്റെ പ്രണയത്തിന്റെ ചൂടിൽ അവളുടെ സങ്കടങ്ങൾ പാതിയും അലിഞ്ഞില്ലാതാവുന്നത് ചിരിയോടെ അന്ന നോക്കി നിന്നു.
ഇതാണ് പ്രണയം. ഏതു പെണ്ണും ആഗ്രഹിക്കുന്ന പ്രണയം.അല്ലാതെ ആ കാട്ടുമാക്കാനെ പോലെ എപ്പോ കണ്ടാലും കടിച്ചു കീറാൻ വരുന്നതല്ല എന്ന് ആരെങ്കിലും ആ മൊതലിനെ ഒന്ന് പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ…
അന്ന കാത്തിരുന്നെങ്കിലും രുദ്രൻ അന്ന് കോളേജിൽ വന്നില്ല. വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ താടിയ്ക്ക് കൈയും കൊടുത്തിരിക്കുന്ന ത്രേസ്യാകൊച്ചിനെ കണ്ടപ്പോളാണ് അന്ന കാര്യം തിരക്കിയത് .
“ആ കൊച്ചു ഒരു വക കഴിക്കുന്നില്ലന്നെ, ഏത് നേരവും കരച്ചിൽ തന്നെ കരച്ചിൽ.എന്നാ ചെയ്യണമെന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടണില്ലല്ലോ എന്റെ കർത്താവെ ”
അന്നയെ കണ്ടതും ആദി ഓടിയെത്തി, അവൾ ചോദിക്കും മുൻപേ ത്രേസ്യാമ്മ കേൾക്കാതെ അന്ന പറഞ്ഞു.
“ഇന്ന് ലീവ് ആണ്.. ”
ആദി ഒന്നും പറഞ്ഞില്ല. ഉറങ്ങാൻ നേരം ഫോൺ കൈയിൽ എടുത്തെങ്കിലും അന്നയ്ക്ക് രുദ്രനെ വിളിക്കാൻ തോന്നിയില്ല. ആള് ഓൺലൈനിൽ ഉണ്ട്. അന്ന ഫോൺ തിരികെ വെച്ചു ഉറങ്ങാൻ കിടന്നു….
പിറ്റേന്ന് കോളേജിൽ സെക്കന്റ് പീരിയഡ് രുദ്രന്റെ ക്ലാസ്സ് ആയിരുന്നു. ബെല്ലടിക്കുന്നതിന് തൊട്ട് മുൻപേ ആണ് ആൾ കോളേജിൽ എത്തിയത്. ക്ലാസ്സിൽ രുദ്രൻ നല്ല ഗൗരവത്തിൽ തന്നെയായിരുന്നു, അന്നയെ ശ്രദ്ധിച്ചതേയില്ല.ഫോൺ വിളിച്ചിട്ട് എടുക്കാതെ അന്നയ്ക്ക് മുഖം കൊടുക്കാതെ നടക്കുകയായിരുന്നു രുദ്രൻ.വേറൊരു വഴിയും ഇല്ലാഞ്ഞിട്ടാണ് അന്ന വേറെ ആരും ഇല്ലാത്ത സമയം നോക്കി ഡിപ്പാർട്മെന്റിൽ എത്തിയത്. അവളെ കണ്ടിട്ടും കാണാത്ത പോലെ പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആളെ കണ്ടപ്പോൾ അന്നയുടെ ദേഷ്യം ഇരട്ടിച്ചു.
“അതേയ്, ഞാൻ നിങ്ങളുടെ അടുക്കൽ കൊഞ്ചാനും കുഴയാനുമൊന്നും വന്നതല്ല. നിങ്ങളുടെ പെങ്ങള് കൊച്ചു ജലപാനമില്ലാതെ വീട്ടിലിരിപ്പുണ്ട്, അച്ഛനെയും ആങ്ങളയെയും കാണണമെന്ന് പറഞ്ഞിട്ട്. ആ കൊച്ചിന്റെ കണ്ണീർ കണ്ടിട്ട്, അത് പറയാനാണ് ഞാൻ നിങ്ങളുടെ പിറകെ നടന്നത്. ”
അത്രയും പറഞ്ഞിട്ട് അന്ന തിരിഞ്ഞു നടന്നു.
“കാമദേവന്റെ രൂപവും കാലമാടന്റെ സ്വഭാവവും.. ഇങ്ങേരെയൊക്കെ പ്രേമിക്കാൻ നടക്കുന്നവളുമാരെ ചാട്ടവാറു കൊണ്ടടിക്കണം ”
അടുത്ത പീരിയഡ് ക്ലാസ്സിൽ ഇരിക്കുമ്പോൾ ചുമ്മാ ജനലഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ രുദ്രൻ തിരക്കിട്ടു വണ്ടിയിൽ കയറി പോവുന്നത് കണ്ടു. ആരുടെ പിടലിയ്ക്ക് കയറാനാണോ എന്തോ.
ആകെക്കൂടി മൂഡ് ഓഫ് ആയാണ് വീട്ടിൽ എത്തിയത്. മുറ്റത്ത് കണ്ട രുദ്രന്റെ കാർ ആദ്യം അവളിൽ ഞെട്ടലാണ് ഉണ്ടാക്കിയത്. സിറ്റൗട്ടിൽ കയറിയപ്പോഴേ അകത്തു നിന്ന് സംസാരം കേട്ടു. ഹാളിൽ മാത്തുക്കുട്ടിയുടെ അടുത്തുള്ള സോഫയിൽ ദേവനും വേറൊരാളും. അന്നയെ കണ്ടതും ദേവന്റെ മുഖം വിളറി. അടുത്തിരിക്കുന്ന ആൾ അന്നയെത്തന്നെ നോക്കുന്നുണ്ടായിരുന്നു. മാത്തുക്കുട്ടി അവളെ നോക്കി പറഞ്ഞു.
“മകളാണ് അന്ന. അന്ന, ദേവനെ നിനക്കറിയാലോ. ഇത് ദേവന്റെ ഏട്ടൻ ചാരുദത്തൻ ”
അവരോട് ഒന്ന് ചിരിച്ചു കാണിച്ചു അന്ന അകത്തേക്ക് നടന്നു. പോകുന്ന വഴി നിമ്മിയെ കണ്ടു ചോദിച്ചപ്പോളാണ് ആദി മുകളിലെ റൂമിലാണെന്ന് പറഞ്ഞത്.
ഇവരൊക്കെ വന്നിട്ട് ഈ കൊച്ചെന്താ റൂമിൽ കയറിയിരിക്കുന്നെ എന്ന ആലോചനയോടെയാണ് അന്ന ആൽബിയുടെ റൂമിനു മുൻപിൽ എത്തിയത്. ചാരിയിട്ട വാതിൽ തുറന്ന അന്ന കണ്ടത് ആദിയെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുന്ന രുദ്രനെയാണ്. അവളെ കണ്ടു അവരും ഒന്ന് പകച്ചു.
ഓഹ് ഇവിടെ ആങ്ങളയുടെയും പെങ്ങളുടെയും വികാരപ്രകടനം ആയിരുന്നോ.
മനസ്സിൽ പറഞ്ഞിട്ട് അന്ന അവരെ നോക്കി, സോറി പറഞ്ഞു കൊണ്ടു വാതിൽ ചാരി അവളുടെ റൂമിലേക്ക് നടന്നു. ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു അന്ന രണ്ടു കൈയും എളിയിൽ കുത്തി നിന്നു ചുറ്റുമൊന്നും നോക്കി. എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തോ ഒരു ശബ്ദം കേട്ടിട്ടാണ് അന്ന തിരിഞ്ഞു നോക്കിയത്. അന്ന കണ്ണുകൾ തുടച്ചെങ്കിലും ആ മിഴികളിലെ നീർത്തിളക്കം രുദ്രൻ കണ്ടിരുന്നു.ഒരു ചെറു ചിരിയോടെ ആണ് അവൻ ചോദിച്ചത്.
“നീ ഇതിനുള്ളിൽ എങ്ങിനെ ജീവിക്കുന്നെടി?, നിനക്ക് ശ്വാസം കിട്ടുമോ ഇതിനകത്ത് ? ”
ദേഷ്യത്തിൽ അവനടുത്തെത്തിയാണ് അന്ന ചോദിച്ചത്.
“ഇതിനാണോ ഇപ്പോൾ നിങ്ങളെ ഇങ്ങോട്ട് കെട്ടിയെടുത്തത്?. ഓഹ് അല്ലെങ്കിലും എന്റെ കുറ്റവും കുറവും കണ്ടെത്തുകയാണല്ലോ നിങ്ങളുടെ ഹോബി ”
“അതേലോ, പക്ഷേ എന്റെ പെണ്ണിന്റെ കുറ്റങ്ങളും കുറവുകളുമെല്ലാം ഞാൻ മാത്രം പറയുന്നതും അറിയുന്നതുമാണെനിക്കിഷ്ടം . ”
ചിരിയോടെ ആണ് അവൻ പറഞ്ഞത്. തന്റെ നേരേ വരുന്ന മിഴികളെ നേരിടാനാവാതെ, അവന്റെ മുഖത്ത് നോക്കാതെ ആണ് അന്ന പറഞ്ഞത്.
“നിങ്ങളോട് ആരാ എന്റെ റൂമിൽ കയറി വരാൻ പറഞ്ഞത്? ”
“ആഹാ കൊള്ളാലോ എന്റെ റൂമിൽ അനുവാദം ഇല്ലാതെ രണ്ടു തവണ കയറി വന്നവളാ ”
“അവിടെന്ന് ഇറക്കി വിട്ടതും ഞാൻ
മറന്നിട്ടില്ല ”
“ഓ അതിന് എന്റെ അന്നക്കൊച്ചിനു പ്രതികാരം ചെയ്യണോ, ഞാൻ റെഡി ”
“ഇത് ഒരു നടയ്ക്ക് പോവൂല ”
പിറുപിറുത്തു കൊണ്ടു അവനെ കടന്നു പോവാൻ ശ്രമിച്ച അന്നയെ രുദ്രൻ വലിച്ചു തന്നോട് ചേർത്തു നിർത്തി. എന്തോ പറയാൻ തുടങ്ങുമ്പോഴാണ് ആദി വരുന്നത് കണ്ടത്. രണ്ടുപേർ അകന്നു മാറി നിന്നു.
“എല്ലാർക്കും അടുത്ത ഞെട്ടലിനു ഇത്തിരി കൂടി സമയം കൊടുത്തൂടെ ”
ചിരിയോടെ അവരെ നോക്കിയിട്ട് ആദി തുടർന്നു.
“ആൽബിച്ചായൻ വന്നിട്ടുണ്ട് താഴെ. ”
താഴേക്കിറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണുകൾ രുദ്രനിലും അന്നയിലുമായിരുന്നു. പോവുന്നതിനു മുൻപ് രുദ്രൻ ത്രേസ്യാമ്മയുടെ കൈ പിടിച്ചു എന്തോ സംസാരിക്കുന്നത് അന്ന കണ്ടിരുന്നു. കാറിൽ കയറുമ്പോൾ രുദ്രന്റെ കണ്ണുകൾ തന്നെ തിരയുന്നത് ആദിയുടെ പിറകിൽ നിന്ന അന്ന കണ്ടിരുന്നു.
ആദിയുടെ മുഖം തെളിഞ്ഞെങ്കിലും വീട്ടിൽ എല്ലാവരുടെയും ഇടയിൽ എന്തോ കിടന്നു വീർപ്പുമുട്ടുന്നുണ്ടെന്ന് അന്നയ്ക്ക് തോന്നി. അതുകൊണ്ടാണ് അവൾ മാത്തുകുട്ടിയെ തിരഞ്ഞു റൂമിലെത്തിയത്. ചാരിയ വാതിലിൽ മുട്ടാൻ തുടങ്ങുമ്പോഴാണ് മാത്തുക്കുട്ടിയുടെ വാക്കുകൾ അന്നയുടെ ചെവിയിലെത്തിയത്.
“ഇനിയും നമ്മൾ തടഞ്ഞു നിർത്താൻ ശ്രമിച്ചാൽ വീണ്ടും ദുരന്തങ്ങൾ ആവർത്തിച്ചേക്കും. ഈ വയസ്സുകാലത്ത് ഇനിയൊന്നും താങ്ങാൻ ആവത്തില്ല ത്രേസ്യാക്കൊച്ചേ. ദേവനും ഏട്ടനും പറഞ്ഞത് തന്നെയാണ് ശരി.കെട്ട് കഴിഞ്ഞാൽ ഉടൻ രുദ്രൻ അവളെയും കൊണ്ടു ലണ്ടനിലോട്ട് പോവും. പിന്നെ ഒരു കുഴപ്പവുമുണ്ടാവില്ല ”
“എന്നാലും ഇച്ചായാ എല്ലാരും അറിയുമ്പോൾ… ”
“ത്രേസ്യാക്കൊച്ചേ മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കാൾ നമുക്ക് വലുത് നമ്മുടെ മോളുടെ ജീവിതം അല്യോ, അവൾ സന്തോഷമായിരിക്കുന്നത് കാണാനല്യോ നമ്മൾ ആഗ്രഹിക്കുന്നത് ”
പിന്നെ കേട്ട് നിൽക്കാൻ അന്നയ്ക്ക് ആയില്ല. കതകിൽ ഒന്ന് തട്ടി അകത്തേക്ക് കയറിയതും അന്ന ചോദിച്ചു.
“ഇവിടെ എന്നതൊക്കേയാ നടക്കുന്നെന്ന് ആരെങ്കിലും എന്നോടൊന്ന് പറയോ ”
ആദ്യം രണ്ടു പേരും ഒന്നും മിണ്ടിയില്ല. പിന്നെ മാത്തുക്കുട്ടി പറഞ്ഞു.
“അത് കൊച്ചേ നിന്നെ രുദ്രന് കൊടുത്തേക്കാവോന്നു ചോദിക്കാൻ കൂടിയാണ് അവർ വന്നത്…. ”
ശ്വാസം അടക്കിപിടിച്ചാണ് അന്ന് ചോദിച്ചത്
“എന്നിട്ട്….? ”
“എന്നിട്ടെന്താ ഞാൻ അവർക്ക് വാക്ക് കൊടുത്തു.നിന്റെ എക്സാം കഴിഞ്ഞ ഉടനെ കല്യാണം. ഒന്നര മാസത്തിനുള്ളിൽ രുദ്രന് ലണ്ടനിൽ ജോലിയ്ക്കു ജോയിൻ ചെയ്യണം.
നിന്നെയും അവൻ കൂടെ കൊണ്ടു പോകും”
“എന്നോടൊരു വാക്ക് പോലും പറയാതെ ”
“നീ തന്നെയല്ലേ കൊച്ചേ രുദ്രനെ മറക്കാൻ പറ്റത്തില്ലെന്നും വേറെ ഒരു വിവാഹത്തിന് സമ്മതമല്ലെന്നുമൊക്കെ പറഞ്ഞത്. രുദ്രൻ തന്നെയാണ് പറഞ്ഞത് അവന്റെ നിന്നോട് സംസാരിച്ചോളാന്ന് ”
അന്തം വിട്ടു നിൽക്കുന്ന അന്നയെ നോക്കി ത്രേസ്യാമ്മ പറഞ്ഞു.
“പാതിരാത്രിയ്ക്ക് ചുമ്മാ മനസമാധാനക്കേടുണ്ടാക്കാതെ പോയി കിടന്നുറങ്ങാൻ നോക്കെന്റെ കൊച്ചേ ”
അന്ന ഓടിച്ചെന്ന് ത്രേസ്യാമ്മയെ കെട്ടിപിടിച്ചു. ത്രേസ്യാമ്മ അവളെ ചേർത്തു പിടിച്ചു നെറുകയിൽ ചുംബിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഉറക്കം വരാതെ കിടന്നപ്പോഴാണ് ഫോൺ എടുത്തു നോക്കിയത്. രുദ്രന്റെ മെസ്സേജ്..
“ഐ ആം സോറി അന്ന…വേദനിപ്പിച്ചതിനെല്ലാം… ”
“നാളെ എനിയ്ക്കൊന്നു കാണണം. 10 മണിയ്ക്ക് ബീച്ചിൽ. ഞാൻ വിളിക്കാം ”
“ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ് ”
അന്ന ഗുഡ് നൈറ്റ് എന്ന് മാത്രമേ അയച്ചുള്ളൂ. ആൾ ഓൺലൈൻൽ ഉണ്ട്.
“അന്നക്കൊച്ചിന്റെ പിണക്കം തീർന്നില്ല
അല്ലേ ”
അന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്തു കിടന്നു.
അല്ല പിന്നെ എല്ലാം അങ്ങേര് അങ്ങ് തീരുമാനിക്കും ബാക്കിയുള്ളവർ അനുസരിക്കണം. ഹും.
രാവിലെ പള്ളിയിൽ പോയി വന്നു കഴിഞ്ഞപ്പോൾ അനുവിന്റെ അടുത്ത് പോവുകയാണെന്ന് പറഞ്ഞാണ് അന്ന ഇറങ്ങിയത്. ത്രേസ്യാമ്മയുടെ പതിവ് ഉടക്കുകളൊന്നും ഉണ്ടായില്ല.
രുദ്രൻ ഫോണിൽ പറഞ്ഞതനുസരിച്ച് എത്തിയപ്പോൾ കണ്ടു വണ്ടിയിൽ ചാരി കടലിലേക്ക് നോക്കി നിൽക്കുന്ന ആളെ. ഒന്നും മിണ്ടാതെ അന്ന രുദ്രനടുത്തെത്തി കാറിൽ ചാരി നിന്നു. ഒന്ന് രണ്ടു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളെ നോക്കാതെ ചിരിയോടെ ആണ് ചോദിച്ചത്.
“മാഡത്തിന്റെ പിണക്കം തീർന്നില്ല ല്ലേ ”
അന്ന ഒന്നും മിണ്ടിയില്ല. രുദ്രൻ അവളെ ഒന്ന് നോക്കിയിട്ട് പറഞ്ഞു.
“അന്ന, താനും ആദിയും തമ്മിൽ പെട്ടെന്ന് ഉണ്ടായ അടുപ്പം എന്നെ തെറ്റിദ്ധരിപ്പിച്ചു. തനിക്കും കാര്യങ്ങൾ ഒക്കെ അറിയാമെന്നു കരുതി പോയി. താൻ കൂടി എന്നെ ചതിച്ചു എന്നോർത്തപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോയി, സോറി ”
അന്ന മിണ്ടാതെ നിന്നപ്പോൾ അവൻ തുടർന്നു.
“എന്റെ സ്വഭാവം ഇങ്ങനെയൊക്കെയാണ്.ആദിയെ പ്രസവിച്ചപ്പോൾ അമ്മ പോയി. അമ്മയുടെ മരണം താങ്ങാനാവാതെ നിൽക്കുമ്പോൾ ബോർഡിങ്ങിൽ എത്തി പെട്ടു. അവിടെ എനിക്ക് ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയില്ല. പതിയെ പതിയെ ഈ ദേഷ്യവും വാശിയുമെല്ലാം എന്റെ സ്വഭാവം തന്നെ ആയി മാറി. എനിക്ക് തന്റെ പുറകെ പ്രേമിച്ചു നടക്കാനൊന്നും അറിയില്ല. എന്റെയീ മുൻകോപവും വാശിയുമെല്ലാം തനിക്ക് താങ്ങാനാവുമെങ്കിൽ, എന്നെ മനസ്സിലാക്കാൻ പറ്റുമെങ്കിൽ എന്റെ ജീവിതത്തിലേക്ക് വരുമോ… എന്റേത് മാത്രമായി? ”
ഒന്ന് നിർത്തി അവളുടെ കണ്ണിലേക്കു നോക്കിയാണ് അവന്റെ ചോദിച്ചത്.
“അന്ന, ഐ ലവ് യൂ, വിൽ യൂ മാരി മി? ”
അന്നയ്ക്ക് മിണ്ടാൻ കഴിഞ്ഞില്ല
“യെസ് ”
അറിയാതെ പുറത്തേക്ക് വന്ന വാക്കിനൊപ്പം അന്നയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
രുദ്രൻ അവളുടെ കൈ പിടിച്ചു മോതിരവിരൽ നിവർത്തിയപ്പോഴാണ് അവന്റെ കൈയിലുള്ള റിംഗ് അവൾ കണ്ടത്. ആർ എന്നെഴുതി ഡയമണ്ട് പതിച്ച മോതിരം. അത് അവളുടെ വിരലിൽ അണിയിക്കുമ്പോൾ രുദ്രന്റെ കണ്ണുകൾ അന്നയിൽ തന്നെ ആയിരുന്നു. മോതിരം അണിഞ്ഞ അവളുടെ കൈ അവൻ ചുണ്ടോട് ചേർത്തപ്പോൾ അന്ന മിഴികൾ താഴ്ത്തി.
ഒന്നും സംസാരിക്കാതെ കൈ കോർത്തു പിടിച്ചു ഏറെ സമയം തിരകളിലേക്ക് നോക്കിയവർ നിന്നു.
“ഇനി എന്റെ മോള് ഇവിടൊന്നും ചുറ്റി കറങ്ങാതെ നേരേ വീട്ടിലോട്ട് വിട്ടോ.അല്ലേൽ ഭാവി അമ്മായി അപ്പൻ എന്നെ തെറ്റിദ്ധരിക്കും ”
അന്ന നോക്കിയപ്പോൾ രുദ്രൻ പറഞ്ഞു.
“ഞാൻ പറഞ്ഞിരുന്നു മാത്തൻ അങ്കിളിനോട് ”
അന്ന പോയി കഴിഞ്ഞാണ് രുദ്രൻ കാറിൽ കയറിയത്. വീട്ടിലേക്കുള്ള യാത്രയിൽ അന്നയുടെ കണ്ണുകൾ ഇടയ്ക്കിടെ മോതിരവിരലിലേക്ക് എത്തിക്കൊണ്ടിരുന്നു.
വീട്ടിൽ എത്തിയപ്പോൾ കറിയാച്ചൻ അങ്കിളിന്റെ വണ്ടി കണ്ടപ്പോൾ പതിവായി തോന്നാറുള്ള ദേഷ്യം അന്നയ്ക്ക് തോന്നിയില്ല ചിരിയോടെ അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അന്ന ജോയിയുടെ ശബ്ദം കേട്ടത്.
“കല്യാണം കഴിഞ്ഞാൽ അവൻ കൊച്ചിനേം കൊണ്ടങ്ങു പോവത്തില്യോ. പിന്നെ കുഴപ്പമൊന്നും ഉണ്ടാവത്തില്ലെന്നേ. രുദ്രന് അവളുടെ കാര്യങ്ങൾ ഒക്കെ അറിയാവുന്നതല്ലേ ”
അന്ന സംശയിച്ചു നിൽക്കുമ്പോൾ കേട്ടു മാത്തുക്കുട്ടി പറയുന്നത്.
“എന്റെ കൊച്ചിന്റെ കാര്യങ്ങൾ ഒക്കെ അറിഞ്ഞോണ്ടു തന്നെയാ രുദ്രൻ അവളെ സ്നേഹിച്ചത്. അവൻ അവളെ പൊന്നു പോലെ നോക്കും ”
“എന്റെ മാത്തച്ചാ അനാഥ ആണെന്നുള്ള സഹതാപം കൊണ്ടാവും അവൻ അവളെ കെട്ടാമെന്ന് പറഞ്ഞത്. ഇനിയിപ്പോ ജാതിയും മതവും ഒന്നും നോക്കണ്ടാന്നെ.അല്ലെങ്കിൽ തന്നെ ഇത് എവിടെ ആർക്ക് ഉണ്ടായതാണെന്ന് ആർക്കറിയാം. ഒന്നുമില്ലേലും ഒരനാഥപെണ്ണിനെ ഇങ്ങനെ വളർത്തിയില്ലേ നിങ്ങൾ ”
“കറിയാച്ചാ… ”
അലറി വിളിച്ചെണീറ്റ മാത്തുക്കുട്ടിയ്ക്കൊപ്പം എണീറ്റ സാമും ആൽബിയുമാണ് വാതിൽക്കൽ പ്രതിമ പോലെ നിൽക്കുന്ന അന്നയെ കണ്ടത്.
തന്നെ നോക്കിയ പ്രിയപ്പെട്ട മുഖങ്ങളിലെല്ലാം പരിഹാസം നിറഞ്ഞത് പോലെ അന്നയ്ക്ക് തോന്നി. വിഡ്ഢിയായിരുന്നു താൻ, ഒരു കോമാളി. കണ്ണുകൾ അടയുമ്പോഴും ഒരു ജോക്കറുടെ മുഖം അന്നയുടെ മനസ്സിൽ തെളിഞ്ഞു നിന്നു.
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission