Skip to content

പുനർജ്ജനി – Part 14

aksharathalukal pranaya novel

കണ്ണുകൾ തുറന്നപ്പോൾ അന്നയ്ക്ക് നല്ല തലവേദന തോന്നി. വലം കൈ കൊണ്ടു നെറ്റിയിൽ അമർത്തുമ്പോഴാണ് അന്നയുടെ നോട്ടം ആ മോതിരത്തിൽ എത്തിയത്. രുദ്രൻ സർ. ചുണ്ടോളം എത്തിയ പുഞ്ചിരി പൊടുന്നനെ ഇല്ലാതെയായി. അവളൊന്ന് വിറച്ചു. കണ്ണുകൾ ചുറ്റും പരതിയപ്പോഴാണ് ഉത്കണ്ഠ നിറഞ്ഞ മുഖങ്ങൾ കണ്ടത്. അപ്പച്ചനും അമ്മച്ചിയും അരികിൽ തന്നെയുണ്ട്…

അന്ന ഒരു ഞെട്ടലോടെ എണീറ്റിരുന്നതും ത്രേസ്യാമ്മ അവളെ കെട്ടിപിടിച്ചു.

“മോളെ…. ”

അവരുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കഴിഞ്ഞു പോയതെല്ലാം സത്യമാണെന്നു അന്നയെ ഓർമിപ്പിക്കുകയായിരുന്നു.

“ഞാൻ… ഞാൻ നിങ്ങളുടെ മകൾ അല്ലെങ്കിൽ പിന്നെ ആരാ? ”

മാത്തുക്കുട്ടിയുടെ ചങ്കിലാണ് ആ ചോദ്യം ചെന്നു തറച്ചത്.

“എന്തൊക്കെയാ കൊച്ചേ നീ ഈ പറയുന്നത് ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞെന്ന് വെച്ച് നീ ഞങ്ങളുടെ മോളെല്ലാതാവുമോ ”

അന്ന ഒന്നും മിണ്ടാതെ കുറച്ചു സമയം കണ്ണടച്ചിരുന്നു. പിന്നെ പതിയെ ചോദിച്ചു.

“എവിടെന്നാ നിങ്ങൾക്ക് എന്നെ കിട്ടിയത്? ”

എഴുന്നേറ്റു പോകാൻ ശ്രമിച്ച ത്രേസ്യാമ്മയുടെ കൈയിൽ പിടിച്ചാണ് അന്ന ചോദിച്ചത്.

ആരും ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞു മാത്തുക്കുട്ടി ആണ് പറഞ്ഞത്.

“എല്ലാം പറയാം.. കുറച്ചു കഴിഞ്ഞിട്ട് ”

“ഇല്ല അപ്പച്ചാ എനിക്ക് അറിയണം. ഇത്രയും കാലം ഞാൻ ഇവിടെ ഒരു വിഡ്ഢി വേഷം കെട്ടുകയായിരുന്നു. ഇനി വയ്യ.ഒരു നിമിഷം പോലും ”

“കൊച്ചേ ഇങ്ങനെയൊന്നും പറയാതെ ”

ഇനി ഒന്നും ഒളിച്ചു വെച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി മാത്തുക്കുട്ടി പറഞ്ഞു.

“സാമിനെ പ്രസവിച്ചു രണ്ടു വർഷം കഴിഞ്ഞു, ത്രേസ്യ വീണ്ടും ഗർഭിണിയായപ്പോൾ, ഒരു പെങ്കൊച്ചിനെ തരണമെന്നായിരുന്നു ഞങ്ങൾ കർത്താവിനോട് പ്രാർഥിച്ചത്. പക്ഷേ ആ കൊച്ചു ജീവനോടെ ഭൂമിയിൽ എത്തിയില്ല. അപ്പോഴാണ് നിന്നെ ഞങ്ങൾക്ക് കിട്ടുന്നത്. പള്ളിമുറ്റത്ത്‌ ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തിയ നിന്നെ ഫാദർ ആണ് ഞങ്ങളുടെ അരികിൽ എത്തിച്ചത്. കർത്താവ് നിന്നെയാണ് ഞങ്ങൾക്ക് മോളായി തന്നെതെന്ന് കരുതിയാണ് സ്വീകരിച്ചതും. എല്ലാവരേക്കാളും ഞങ്ങൾ സ്നേഹിച്ചതും നിന്നെയാണ് കൊച്ചേ ”

എല്ലാം കേട്ടു കഴിഞ്ഞിട്ടും അന്നയിൽ ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല. പക്ഷേ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ശാന്തമായി തന്നെയാണ് അന്ന പറഞ്ഞത്.

“എനിക്കൊന്ന് തനിച്ചിരിക്കണം ”

ത്രേസ്യാമ്മ വേദനയോടെ മാത്തുക്കുട്ടിയെ നോക്കുന്നത് കണ്ടിട്ടാണ് അന്ന പറഞ്ഞത്.

“എന്റെ മനസ്സിൽ എന്നും നിങ്ങൾ തന്നെയായിരിക്കും എന്റെ അപ്പച്ചനും അമ്മച്ചിയും. നിങ്ങൾ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങളെ ഞാൻ ഒരിക്കലും വിഷമിപ്പിക്കത്തില്ല ”

ഒന്ന് നിർത്തി അന്ന തുടർന്നു.

“എനിക്കൊന്ന് ഒറ്റക്കിരിക്കണം… ”

ത്രേസ്യാമ്മയെ നോക്കി നേർത്ത ചിരിയോടെ അന്ന പറഞ്ഞു.

“അമ്മച്ചി പേടിക്കണ്ട ഞാൻ ബുദ്ധിമോശം ഒന്നും കാണിക്കത്തില്ല. ഒന്നുമില്ലേലും അമ്മച്ചിയല്ലേ എന്നെ വളർത്തിയത് ആ ചങ്കൊറപ്പ് ഞാൻ കാണിക്കണ്ടേ”

ത്രേസ്യാമ്മ അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

“നീ എന്റെ മോളാ, ഞാൻ പ്രസവിച്ചത് തന്നെയാ ”

അന്ന ഒന്നും പറഞ്ഞില്ല.

മാത്തുക്കുട്ടി ത്രേസ്യാമ്മയെ ചേർത്ത് പിടിച്ചു പുറത്തേക്കിറങ്ങുമ്പോഴാണ് അന്ന ചോദിച്ചത്.

“രുദ്രൻ സാറിന് .. രുദ്രൻ സാറിന് എല്ലാം അറിയാമായിരുന്നോ? ”

ഒരു നിമിഷം മിണ്ടാതെ നിന്നിട്ടാണ് മാത്തുക്കുട്ടി പറഞ്ഞത്.

“അറിയാമായിരുന്നു. എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവൻ നിന്നെ സ്നേഹിച്ചത് ”

അവർ പുറത്തേക്കിറങ്ങിയപ്പോഴാണ്
അന്ന സ്വയമെന്നോണം പറഞ്ഞത്.

“എല്ലാം അറിഞ്ഞതിനു ശേഷം… ഒരനാഥപെണ്ണിനോടുള്ള സഹതാപം… ദയ”

അവളുടെ ചുണ്ടുകളിൽ ആത്മനിന്ദയോടെയുള്ള ചിരി തെളിഞ്ഞു. കണ്ണുനീർ തുള്ളികൾ ചിതറി തെറിച്ചത് രുദ്രൻ അണിയിച്ച മോതിരത്തിലേക്കായിരുന്നു.

മൊബൈൽ റിംഗ് ചെയ്‌തെങ്കിലും അന്ന ശ്രെദ്ധിച്ചില്ല.മൂന്നാം തവണ റിംഗ് ചെയ്തപ്പോഴാണ് അവളത് കൈയിൽ എടുത്തത്. രുദ്രൻ സർ.

കാൾ കട്ട്‌ ചെയ്തു അന്ന മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു.

രുദ്രന്റെ പിറകെ നടന്നപ്പോൾ ആദി പറഞ്ഞത് അവൾക്കു ഓർമ വന്നു.

“ഏട്ടനോട് ഞാൻ നേരിട്ട് തന്നെ ചോദിച്ചു അന്ന കൊച്ചിനെ ഇഷ്ടമാണോയെന്ന്. അപ്പോൾ പറഞ്ഞത് അവൾ എന്റെ സ്റ്റുഡന്റ് മാത്രമാണെന്നാണ്. സ്റ്റുഡന്റിനെ എനിക്കൊരിക്കലും മറ്റൊരു രീതിയിൽ കാണാനാവില്ല എന്നൊക്കെ പറഞ്ഞു
ഏട്ടൻ . ”

അങ്ങനെയൊക്കെ പറഞ്ഞ ആൾക്ക് പിന്നീട് എപ്പോഴാണാവോ ഈ സ്റ്റുഡന്റിനോട്‌ പ്രണയം തോന്നിത്തുടങ്ങിയത്. അന്ന് അതെപറ്റിയൊന്നും ചിന്തിച്ചില്ലെന്നതാണ് സത്യം…

ആ അദ്ധ്യായം അടഞ്ഞു കഴിഞ്ഞു. അന്നയ്ക്ക് ആരുടേയും സഹതാപം ആവശ്യമില്ല…

കുട്ടിക്കാലം മുതൽക്കേ ഉള്ള ഓരോരോ നിമിഷങ്ങളും അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. എന്താഗ്രഹിച്ചാലും സാധിച്ചു തരുമായിരുന്നു അപ്പച്ചനും അമ്മച്ചിയും. ഇച്ചായൻമാരും അതെ. എല്ലാവരുടെയും രാജകുമാരിയായിരുന്നു താൻ ഇത് വരെ. അല്ല അങ്ങിനെ താൻ കരുതിയിരുന്നു. ചെറുതല്ലാത്ത അഹങ്കാരവും ഉണ്ടായിരുന്നു. പക്ഷേ…
നിയന്ത്രണമില്ലാതെ വരുന്ന കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റി അന്ന മനസ്സിനെ അടക്കിപിടിച്ചു കിടന്നു. രുദ്രനെ പറ്റിയോ അവന്റെ സ്നേഹത്തെ പറ്റിയോ അന്ന ഓർക്കാൻ ശ്രെമിച്ചതേയില്ല. അവളുടെ ഉള്ളിൽ തകർന്നു പോയ ചീട്ടുകൊട്ടാരം പോലെ കിടക്കുന്ന തന്റെ ലോകം മാത്രമായിരുന്നു.

അത്താഴം കഴിക്കാൻ ത്രേസ്യാമ്മ വന്നു വിളിച്ചിട്ട് അന്ന ഡൈനിങ്ങ് ടേബിളിനരികിൽ എത്തിയപ്പോൾ പതിവ് പോലെ എല്ലാവരും അവിടെ ഉണ്ടായിരുന്നു. എല്ലാവരുടെയും നോട്ടം അവളിൽ ആയിരുന്നെങ്കിലും ആരും ഒന്നും പറഞ്ഞില്ല. അന്നയുടെ ശാന്തമായ മുഖഭാവം പക്ഷേ എല്ലാവരെയും ഭയപ്പെടുത്തുകയാണ് ഉണ്ടായത്. ചുറ്റും പരന്ന നിശബ്ദതത ശ്വാസം മുട്ടിക്കുമെന്ന് തോന്നിയപ്പോഴാണ് അന്ന പറഞ്ഞത്.

“ഇതെന്നാന്നേ എല്ലാരുമിങ്ങനെ അവാർഡ് പടം പോലെയിരിക്കുന്നേ ”

ചിരിയോടെ ആണ് പറഞ്ഞതെങ്കിലും തൊട്ടടുത്ത നിമിഷം ചങ്കിൽ എത്തിയ കരച്ചിൽ പുറത്തേക്ക് വരുമോയെന്ന പേടിയിലാണ് കഴിച്ചു കഴിയാതെ പ്ലേറ്റുമെടുത്തു അവൾ കിച്ചണിലേക്ക് നടന്നത്.

പാത്രം കഴുകി വെച്ചു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചപ്പോഴാണ് നിമ്മി വന്നു കെട്ടിപിടിച്ചത്.

“മോളെ, ഞാൻ കാരണം അല്ലേ, എന്റെ അപ്പച്ചൻ കാരണം അല്ലേ ”

നിമ്മിയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടാണ് അന്ന പറഞ്ഞത്.

“ഏടത്തി വിഷമിക്കേണ്ട. കറിയാച്ചൻ അങ്കിളിനോട് എനിക്കിപ്പോൾ ഒരു ദേഷ്യവും ഇല്ല. തന്നെയുമല്ല നന്ദിയുമുണ്ട്. അങ്കിൾ കാരണമല്ലേ എന്റെ വിഡ്ഢിവേഷം ഞാൻ തിരിച്ചറിഞ്ഞത്. എനിക്കിപ്പോൾ എല്ലാവരോടും സ്നേഹവും നന്ദിയും മാത്രമേയുള്ളു, ആരുമല്ല എന്നറിഞ്ഞിട്ടും ഇങ്ങനെ കൈ വെള്ളയിൽ കൊണ്ടു നടക്കുന്നതിന്…

പറഞ്ഞിട്ട് പുറത്തേക്ക് നടക്കുമ്പോഴാണ് വാതിൽക്കൽ എല്ലാം കേട്ടു നിൽക്കുന്ന ത്രേസ്യാമ്മയെ അന്ന കണ്ടത്. അവരെ നോക്കാതെ അന്ന മുറിയിലെത്തി വാതിൽ അടച്ചു അതിൽ ചാരി നിന്നു പൊട്ടിക്കരഞ്ഞു. താഴേയ്ക്കൂർന്നിരിക്കവേ മരണം എന്ന രക്ഷപെടലിനെക്കുറിച്ചവൾ ഓർത്തു പോയി. പിന്നെ തോന്നി അതൊരു ഒളിച്ചോട്ടമാണ്. ഇത് വരെ വളർത്തി വലുതാക്കിയവരെ തോൽപ്പിക്കലാണ്.

വാതിലിൽ തട്ടുന്നത് അമ്മച്ചിയാണെന്ന് കരുതിയാണ് തുറന്നത്. ആദിലക്ഷ്മി. അവളോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല. ആ കണ്ണുകളിലെ സ്നേഹം അപ്പോൾ അസ്വസ്ഥതയുണ്ടാക്കി.

ആദി കൈയിലെ ഫോൺ അന്നയ്ക്ക് നേരേ നീട്ടിയിട്ട് പറഞ്ഞു.

“ഏട്ടൻ.. ”

വെപ്രാളമൊന്നുമില്ലാതെ ശാന്തമായ സ്വരത്തിലാണ് അന്ന പറഞ്ഞത്.

“ആദി നിന്റെ ഏട്ടനോട് പറയാൻ എനിക്കിനിയൊന്നും ബാക്കിയില്ല ”

ആദിയെ നോക്കി അന്ന തുടർന്നു

“എനിക്കൊന്നും സംസാരിക്കാനില്ല ”

താൻ പറയുന്നതൊക്കെ രുദ്രൻ കേൾക്കുന്നുണ്ടെന്ന് അന്നയ്ക്ക് അറിയാമായിരുന്നു. ആദിയുടെ മുഖം കണ്ടപ്പോൾ കാൾ കട്ട്‌ ആയെന്ന് അന്നയ്ക്ക് മനസ്സിലായി.തിരിഞ്ഞു നിന്ന് അന്നയെ ഒന്ന് നോക്കി ആദി പറഞ്ഞു.

“ഈ കാര്യം ഏട്ടനോട് നേരിട്ട് പറയാനുള്ള ധൈര്യം അന്നക്കൊച്ച് കാണിക്കുമെന്നായിരുന്നു ഞാൻ
കരുതിയത്. ”

“പറയണം. പറയാൻ മാത്രമല്ല, ചിലത് അറിയാനും ഉണ്ട് ആദി, ഫോണിലൂടെയല്ല, നേരിട്ട് ”

ആദിയുടെ സങ്കടം അന്ന കണ്ടില്ലെന്ന് നടിച്ചു.

ഒറ്റ നിമിഷം കൊണ്ടു ആരുമല്ലാതായി പോകുന്നവരെ ആർക്കെങ്കിലും മനസ്സിലാവുമോ. കണ്ണിൽ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കളഞ്ഞിട്ട് അന്ന കണ്ണടച്ച് കിടന്നു. തന്നെ തേടി വരില്ലെന്നുറപ്പുള്ള നിദ്രാദേവിയെയും കാത്ത്.

“അവൾ നമ്മുടെ ആരുമല്ലെന്ന് പറയേണ്ടി വന്നില്ലേടി നമ്മടെ കൊച്ചിനോട്. ചങ്കിപ്പോഴും പെടയ്ക്കുന്നുണ്ടെന്റെ ”

മാത്തുക്കുട്ടി പറഞ്ഞത് കേട്ട് ത്രേസ്യാമ്മ നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി പറഞ്ഞു.

“അലച്ചു തല്ലി കരഞ്ഞില്ലേലും എന്റെ കൊച്ചിന്റെ ചങ്കു പൊടിയുന്നതെനിക്കറിയാം ഇച്ചായാ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ മോളല്ലേ അവൾ ”

മാത്തുക്കുട്ടി ത്രേസ്യാമ്മയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

“അവൾ ഒരിക്കലും നമ്മളെ തള്ളിപറയത്തില്ലെടി കൊച്ചേ, അതെനിക്കറിയാം. എന്റെ പേടി മറ്റൊന്നാണ്. രുദ്രൻ. അവന് എല്ലാം അറിയാമായിരുന്നു എന്നത് അവളെ കൂടുതൽ വേദനിപ്പിച്ചിട്ടുണ്ട്.സത്യം അതാണെങ്കിലും, അനാഥയാണെന്ന് മനസ്സിലാക്കിയാണ് അവൻ അവളെ സ്നേഹിച്ചതെന്ന് അവൾ വിചാരിച്ചു കഴിഞ്ഞാൽ പിന്നെ അവൾ ഈ കല്യാണത്തിന് സമ്മതിക്കത്തില്ല.രുദ്രൻ വിളിച്ചിട്ട് അവൾ സംസാരിക്കാൻ കൂട്ടാക്കുന്നില്ല ”

“കൊച്ചിന്റെ മനസ്സൊന്നു തണുത്തോട്ടെ ഇച്ചായാ ”

“രുദ്രന് മാത്രമേ അവളെ മനസ്സിലാക്കാനും സ്നേഹിക്കാനുമൊക്കെ പറ്റത്തുള്ളൂ. ഇനിയിപ്പോൾ അവൾ സമ്മതിച്ചില്ലെങ്കിലും എങ്ങിനെയെങ്കിലും ഞാൻ ഈ കല്യാണം നടത്തും. നമ്മുടെ കൊച്ചിനെ പഴയത് പോലെയാക്കാൻ അവനെ കഴിയത്തുള്ളടി ”

ഉറച്ച ശബ്ദത്തിൽ മാത്തുക്കുട്ടി പറഞ്ഞു.

സൂര്യമംഗലത്ത് രുദ്രനും ഉറക്കം വരാതെ ഇരിക്കുകയായിരുന്നു. ദേവനെ അവൻ ഒന്നും അറിയിച്ചിരുന്നില്ല. ബാൽക്കണിയിലെ കസേരയിൽ ചാരി കണ്ണടച്ചു കിടന്നു രുദ്രൻ അന്നയെ ആദ്യം കണ്ടത് ഓർക്കുകയായിരുന്നു.

അന്ന് ബാംഗ്ലൂരിൽ നിന്ന് വരുന്ന വഴിയായിരുന്നു. ദേവു വിളിച്ചു കുറേ സങ്കടം പറഞ്ഞു.എത്ര പറഞ്ഞാലും ആ പെണ്ണിന് മനസ്സിലാവില്ല. അമ്മ പോയത് മുതൽ ഒറ്റപെട്ടു പോയത് പോലെയായിരുന്നു. ആദിയോട് പോലും വെറുപ്പായിരുന്നു. വളർന്നിട്ടും, ചുറ്റും ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നിട്ടും ആരെയെങ്കിലും മനസ്സ് കൊടുത്തു സ്നേഹിക്കാൻ പേടിയായിരുന്നു. അമ്മയെ പോലെ അവരും തന്നെ വിട്ടുപോകുമോ എന്ന പേടി.

ആകെ ദേഷ്യത്തിലാണ് കാറോടിച്ചു വന്നത്. അവളുടെ കാർ വന്നു തട്ടിയപ്പോൾ കലിയിളകി. ആ ദേഷ്യത്തിൽ ആണ് അവളുടെ കാറിനടുത്തേക്ക് ചെന്നത്. പെണ്ണ് ഗ്ലാസ്സ് താഴ്ത്തിയപ്പോൾ പരിഭ്രമം നിറഞ്ഞ ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ പറയാൻ വന്നതെല്ലാം മറന്നു പോയി. വഴക്കിട്ടു പെണ്ണ് തിരിച്ചു പോവുമ്പോളും തന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. കാന്താരി…

അമൃത പറഞ്ഞതൊക്കെ കേട്ടിട്ടാണ് അന്നവളെ തല്ലിയത്. ആദി കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ചെറിയൊരു വിഷമം തോന്നിയെങ്കിലും കോളേജിൽ എത്തി അവളുടെ പ്രകടനങ്ങൾ കണ്ടപ്പോൾ കൊടുത്തത് നന്നായെന്നേ തോന്നിയുള്ളൂ. അഹങ്കാരി…

തന്റെ സ്റ്റുഡന്റ് ആണെന്നറിഞ്ഞപ്പോൾ ഉള്ളിലെവിടെയോ തോന്നിയ ആ ഇഷ്ടം കുഴിച്ചു മൂടിയതാണ്. പിന്നെയറിഞ്ഞു ആ അഹങ്കാരി പെണ്ണിന്റെ മുഖം മൂടി മാത്രമേയുള്ളൂവെന്ന്.

അച്ഛനും മാത്തനങ്കിളും അവളുമായി അടുക്കരുതെന്ന് വിലക്കിയെങ്കിലും തനിക്ക് അവകാശപെട്ട പെണ്ണാണെന്നറിഞ്ഞപ്പോൾ മനസ്സിനെ പിടിച്ചു നിർത്താനായില്ല. ഒരിക്കലും അതവളോട് തുറന്നു പറയാനാവില്ലെങ്കിലും.

അവളുടെ മനസ്സിൽ ഇപ്പോൾ എന്തായിരിക്കുമെന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ രുദ്രനിൽ നിന്ന് വേറിട്ടൊരു ജീവിതം അന്നയ്ക്കുണ്ടാവില്ല…

കുറച്ചു ദിവസങ്ങൾ കഴിഞ്ഞേ ക്ലാസ്സിൽ പോവുന്നുള്ളൂ എന്ന് അന്ന പറഞ്ഞപ്പോൾ ആരും അവളെ നിർബന്ധിച്ചില്ല.

എല്ലാവരുമായി സംസാരിച്ചു ഇല്ലാത്ത ചിരിയും കളിയും അഭിനയിച്ചു അന്ന നടന്നെങ്കിലും അവളെ അറിയാവുന്ന അവർക്ക് അത് നെഞ്ചു പിടയുന്ന വേദന തന്നെയായിരുന്നു.

അത് വരെ ഉണ്ടായിട്ടില്ലാത്ത പക്വത വന്നിരുന്നു അന്നയുടെ സംസാരത്തിലും പ്രവൃത്തിയിലുമെല്ലാം. എല്ലാവരോടും പഴയത് പോലെ തന്നെ അടുത്ത് പെരുമാറിയെങ്കിലും അവളുടെ മനസ്സ് ഒരുപാട് അകലെയാണെന്ന് എല്ലാവർക്കും തോന്നി തുടങ്ങിയിരുന്നു.

ആദി എത്രയൊക്കെ പറഞ്ഞിട്ടും രുദ്രനോട് സംസാരിക്കാൻ അന്ന കൂട്ടാക്കിയില്ല. അന്നയെ ചോദിച്ച അവളുടെ ഫ്രണ്ട്‌സിനോടൊക്കെ അവൾക്കു പനിയാണെന്നും മൊബൈൽ കംപ്ലയിന്റ് ആണെന്നും ഒക്കെ പറഞ്ഞു ത്രേസ്യാമ്മ മടുത്തു.

വെറുതെ സംസാരിച്ചിരിക്കാനല്ലാതെ കിച്ചണിലോട്ട് അടുക്കാതിരുന്ന അന്ന അടുക്കള ജോലികളിൽ ഒക്കെ പങ്കാളിയാവാൻ വരുന്നത് ത്രേസ്യാമ്മയിൽ വിഷമം ആണ് ഉണ്ടാക്കിയത്.

ഒരു പണിയും ചെയ്യാനറിയത്തില്ല എന്ന് പറഞ്ഞു ത്രേസ്യാമ്മ വഴക്ക് പറയുമ്പോളൊക്കെ, നല്ല അടിപൊളി ഫുഡ്‌ ഒക്കെ ഉണ്ടാക്കാനറിയാവുന്ന ചെറുക്കനേയെ അന്ന കെട്ടത്തുള്ളൂ അമ്മച്ചി എന്ന് പറഞ്ഞു നടന്നവളാണ്.

അവളുടെ കുറുമ്പുകളും ബഹളങ്ങളുമൊന്നും ഇല്ലാതെ വീടുറങ്ങി പോയി. ഇച്ചായന്മാർ മാറി മാറി അടുത്തിരുന്നിട്ടിട്ടും അന്നയിൽ മാറ്റമൊന്നും വന്നില്ല.എല്ലാവരോടും സംസാരിക്കാറുണ്ടെങ്കിലും അന്ന പതിയെ പതിയെ മറ്റൊരാളായി മാറുന്നത് എല്ലാവരും അറിയുന്നുണ്ടായിരുന്നു.

ഓർക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും പലപ്പോഴും ക്ഷണിക്കാത്തൊരു അതിഥിയായി രുദ്രന്റെ ഓർമ്മകൾ അവളെ തേടി വന്നു. അവനണിയിച്ച മോതിരം ഊരി മാറ്റണമെന്ന് കരുതിയെങ്കിലും അവൾക്കു അതിന് മനസ്സ് വന്നില്ല. രുദ്രൻ അപ്പോഴും അവളുടെ മനസ്സിൽ ഉണ്ടായിരുന്നു…

അന്ന് ഉച്ചയ്ക്ക് ശേഷം വന്നു കിടന്നപ്പോൾ എന്തോ രുദ്രനെ കാണണമെന്ന് തോന്നി അന്നയ്ക്ക്. വെറുതെ ഒന്ന് കാണാൻ.

തലയിണയിൽ നിന്ന് മുഖമുയർത്തി തിരിയവേ ആണ് കണ്ടത് കട്ടിലിന്റെ ഓരത്തായി തന്നെ നോക്കിയിരിക്കുന്ന ആളെ. സ്വപ്നം ആണോ എന്ന് തോന്നി , ഒരു നിമിഷം അന്നയും നോക്കി നിന്നു. കൊതി തീരാതെ.

പെട്ടെന്നൊരോർമ്മയിൽ കണ്ണുതുടച്ച് എഴുന്നേറ്റു അവൾ ചോദിച്ചു.

“നിങ്ങൾ…നിങ്ങൾ എന്താ ഇവിടെ? ”

അവളുടെ തൊട്ടരികിൽ എത്തി രുദ്രൻ പറഞ്ഞു.

“എന്റെ പെണ്ണിന്റെ അടുത്ത് വരാൻ എനിക്ക് ആരുടേയും അനുവാദം വേണ്ട. നിന്റെ പോലും ”

വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു അവന്റെ ശബ്ദത്തിന്.

ആ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ മാറോട് ചേർത്തണയ്ക്കാൻ തോന്നിയെങ്കിലും പിന്നെ പെണ്ണ് ആ പ്രദേശത്തൊന്നും നിർത്തില്ല എന്നറിയാവുന്നത് കൊണ്ടു അവനതിന് മുതിർന്നില്ല.

അവളുടെ മുഖം പിടിച്ചുയർത്തി രുദ്രൻ പറഞ്ഞു.

“”ആരുടെ മുൻപിലും നീ അഭിനയിച്ചോ. എന്റെ മുന്നിൽ വേണ്ട. എന്റെ സ്നേഹം പിടിച്ചു വാങ്ങിയതാണ് നീ. ഒഴിഞ്ഞു മാറി നടന്നിട്ടും പിടി വിടാതെ പിന്നാലെ നടന്നതാണ് നീ. ഇനി എനിക്ക് ആ സ്നേഹം തിരിച്ചു വേണം. നിന്നെ എനിക്ക് വേണം.. ”

“എനിക്ക് ഒരു കാര്യമേ അറിയേണ്ടതുള്ളൂ, നിങ്ങൾ എന്ന സ്നേഹിച്ചത് ഞാൻ ഒരനാഥ ആണെന്ന് അറിഞ്ഞിട്ടാണോ? ”

നേർത്ത സ്വരത്തിലുള്ള അന്നയുടെ ചോദ്യത്തിന് ഒരു നിമിഷം കഴിഞ്ഞാണ് രുദ്രൻ മറുപടി പറഞ്ഞത്.

“നിന്നെ ആദ്യമായി കണ്ടപ്പോഴേ എനിക്ക് ഒരിഷ്ടം തോന്നിയിരുന്നു അന്ന. നിന്നെക്കുറിച്ചു കൂടുതൽ അറിഞ്ഞപ്പോൾ സ്നേഹം കൂടിയിട്ടേയുള്ളൂ. അത് പക്ഷേ നീ അനാഥ ആണെന്ന് അറിഞ്ഞത് കൊണ്ടൊന്നുമല്ല. എന്നെങ്കിലും ഒരിക്കൽ ഞാനത് നിന്നോട് പറയും ”

അന്ന ഒന്നും മിണ്ടിയില്ല. അവളെ നോക്കി രുദ്രൻ പറഞ്ഞു.

“ഒന്ന് ഞാൻ പറയാം. നിന്റെ എക്സാം കഴിഞ്ഞുള്ള ദിവസങ്ങളിലൊന്നിൽ എന്റെ താലി ഈ കഴുത്തിൽ വീണിരിക്കും ”

“എങ്കിൽ അതെന്റെ ശവത്തിൽ ആയിരിക്കും ”

അവനെ നോക്കാതെയാണ് അന്ന പറഞ്ഞത്.

രുദ്രന്റെ മുഖം മുറുകി.ആ കണ്ണുകളിലെ ദേഷ്യം അന്നയ്ക്ക് കാണാമായിരുന്നു.

“അങ്ങനെയെങ്കിൽ അങ്ങനെ. എന്നിട്ട് ഞാനും നിന്നരികിൽ എത്താം. മരിച്ചാലും ജീവിച്ചാലും അന്ന രുദ്രന്റെ പെണ്ണാണ് ”

പറഞ്ഞിട്ട് അവൻ പുറത്തേക്ക് പോവുന്നതും നോക്കി അന്ന നിന്നു.

എല്ലാവരും എന്നെ തോൽപ്പിക്കുന്നു. … ഇല്ല…

(തുടരും )

 

Click Here to read full parts of the novel

4/5 - (22 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!