Skip to content

പുനർജ്ജനി – Part 15

aksharathalukal pranaya novel

“ഒന്ന് ഞാൻ പറയാം. നിന്റെ എക്സാം കഴിഞ്ഞുള്ള ദിവസങ്ങളിലൊന്നിൽ എന്റെ താലി ഈ കഴുത്തിൽ വീണിരിക്കും ”

“എങ്കിൽ അതെന്റെ ശവത്തിൽ ആയിരിക്കും ”

അവനെ നോക്കാതെയാണ് അന്ന പറഞ്ഞത്.

രുദ്രന്റെ മുഖം മുറുകി.ആ കണ്ണുകളിലെ ദേഷ്യം അന്നയ്ക്ക് കാണാമായിരുന്നു.

“അങ്ങനെയെങ്കിൽ അങ്ങനെ. എന്നിട്ട് ഞാനും നിന്നരികിൽ എത്താം. മരിച്ചാലും ജീവിച്ചാലും അന്ന രുദ്രന്റെ പെണ്ണാണ് ”

പറഞ്ഞിട്ട് അവൻ പുറത്തേക്ക് പോവുന്നതും നോക്കി അന്ന നിന്നു.

എല്ലാവരും എന്നെ തോൽപ്പിക്കുന്നു. … ഇല്ല…

ഒട്ടും ഇഷ്ടം ഇല്ലാതിരുന്നിട്ടും പിറ്റേന്ന് കോളേജിൽ പോവാൻ അന്ന റെഡി ആയി. ആദിയെയും അന്നയെയും ആൽബിയാണ് കോളേജിൽ വിട്ടത്. കൂടുതൽ ഒന്നും സംസാരിക്കാറില്ലെങ്കിലും ആദിയുടെ കൂട്ട് അന്നയ്ക്ക് ഒരാശ്വാസം ആയിരുന്നു. കല്യാണം കഴിഞ്ഞു ആദി കോളേജിൽ വന്നു തുടങ്ങിയിട്ട് രണ്ടു മൂന്ന് ദിവസം ആയതേയുള്ളൂ. രുദ്രൻ സാറിന്റെ പെങ്ങൾ പ്രേമിച്ചു ഒളിച്ചോടിയെന്ന ന്യൂസ്‌ കോളേജിൽ എത്തിയിരുന്നെങ്കിലും അത് അന്നയുടെ സഹോദരൻ ആണെന്ന് അധികം ആർക്കും അറിയില്ലായിരുന്നു.

കോളേജിൽ വണ്ടി നിർത്തിയപ്പോൾ അന്നയാണ് ആദ്യം ഇറങ്ങിയത്. തങ്ങൾക്കരികിലേക്ക് വരുന്ന രുദ്രനെ അവൾ കണ്ടിരുന്നു. അവൾക്കരികിലൂടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആൽബിയുടെ അടുത്തേക്ക് നടക്കുമ്പോൾ രുദ്രൻ അവളെ നോക്കിയെങ്കിലും അന്ന നോക്കിയില്ല. രുദ്രനടുത്ത് നിൽക്കുന്ന ആദിയെ ഒന്ന് നോക്കി അന്ന ക്ലാസ്സിലേക്ക് നടന്നു.
ആൽബി യാത്ര പറഞ്ഞു പോയപ്പോൾ ആദി രുദ്രനെ നോക്കി പറഞ്ഞു.

“ഏട്ടാ, ഏട്ടത്തിയമ്മ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ലല്ലോ ”

ഒരു വട്ടം പോലും തിരിഞ്ഞൊന്നു നോക്കാതെ നടക്കുന്ന അന്നയെ നോക്കിയാണ് രുദ്രൻ പറഞ്ഞത്.

“അവളെന്റെ പിന്നാലെ നടന്നതല്ലേ കുറച്ചു കാലം, ഇനിയിപ്പോൾ ഞാൻ അവളുടെ പിന്നാലെ നടക്കണമെന്നാവും.ആഹ്.. സാരമില്ല എന്റെ പെണ്ണല്ലേ ”

ചിരിച്ചിട്ട് രുദ്രൻ മുൻപോട്ട് നടന്നപ്പോൾ ആദി വായ തുറന്നു നിന്നു പോയി. ഏട്ടൻ ഇങ്ങനെയൊന്നും സംസാരിക്കുന്നത് കേട്ടിട്ടേയില്ല. അന്നക്കൊച്ചു കൊള്ളാമല്ലോ..

ഒപ്പം ആദിയെ കാണാതിരുന്നത് കൊണ്ടു രുദ്രൻ തിരിഞ്ഞു നോക്കി. ആദി വേഗം രുദ്രനടുത്തേക്ക് നടന്നെത്തി.

“ഏട്ടാ അച്ഛനും അപ്പച്ചിയുമൊക്കെ..? ”

മടിച്ചു മടിച്ചാണ് ആദി ചോദിച്ചത്. അവളെ ഒന്ന് നോക്കിയാണ് രുദ്രൻ പറഞ്ഞത്.

“ആദി നീ ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷേ നിന്നെ അത്രയേറെ സ്നേഹിക്കുന്നത് കൊണ്ടു എല്ലാവരും നിന്നോട് ക്ഷമിച്ചതാണ്.”

“ഏട്ടാ ഞാൻ… എനിക്ക് അപ്പോൾ അങ്ങനെയാണ് ചെയ്യാൻ തോന്നിയത്, വേറെ ഒന്നും ഞാൻ ചിന്തിച്ചില്ല ”

“സാരമില്ല അതൊക്കെ കഴിഞ്ഞില്ലേ. സീതമ്മയ്ക്കു മാത്രമേ ഇപ്പോഴും നിന്നോട് പരിഭവം ഉളളൂ ”

“സീതമ്മ…? ”

“അത് പിന്നെ നിനക്കറിയാലോ പുത്തൻ പുരക്കലുകാരോട് സീതമ്മയ്ക്കുള്ള ദേഷ്യം.അവിടെ ആകെ മിണ്ടുന്നതു സൂസമ്മ ആന്റിയോട് മാത്രമാണ്. അവർ കളിക്കൂട്ടുകാർ ആയിരുന്നല്ലോ. എന്റെയും അന്നയുടെയും കാര്യം അച്ഛനും വലിയച്ഛനും സീതമ്മയോട് പറഞ്ഞിട്ടില്ലായിരുന്നു . പക്ഷേ അച്ഛനും വലിയച്ഛനും പറയുന്നത് ദേവ കേട്ടു. അവൾ കരച്ചിലും ആത്മഹത്യാ ഭീഷണിയുമൊക്കെ ആയിരുന്നു. സഹികെട്ട് വിനയൻ അങ്കിൾ ഒന്ന് പൊട്ടിച്ചു. അതോടെയാണ് അവൾ ഒന്നടങ്ങിയത് . പക്ഷേ സീതമ്മ പിണക്കത്തിലാണ്. ഇത് വരെ മറ്റൊരു കാര്യത്തിനും സീതമ്മ ഇങ്ങനെ പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല. ”

“ഏട്ടാ, അന്നക്കൊച്ച്… അതൊരു പാവമാണ്, ആ ചാട്ടവും ബഹളവുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ ശരിക്കും സങ്കടം വരും. അവിടെ ആർക്കും ഒരു സമാധാനവും ഇല്ല ”

“എനിക്കറിയാം മോളെ, എല്ലാം ശരിയാവും. ഒരുപാട് വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇനി ആർക്കും വിട്ടു കൊടുക്കില്ല, തനിച്ചാക്കില്ല ഒരിക്കലും… ”

അന്നയുടെ മാറ്റം ക്ലാസ്സിലും കോളേജിലുമൊക്കെ എല്ലാവരും തിരിച്ചറിയുകയായിരുന്നു. ഫ്രണ്ട്‌സ് എല്ലാവരും മാറി മാറി ചോദിച്ചെങ്കിലും അന്ന ആരോടും ഒന്നും പറഞ്ഞില്ല. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തു കൊണ്ടിരുന്ന അന്നയിൽ നേർത്തൊരു പുഞ്ചിരി മാത്രമേ പലപ്പോഴും ഉണ്ടായിരുന്നുള്ളൂ. രുദ്രൻ ക്ലാസ്സിൽ വന്നപ്പോൾ അന്ന അവനെ നോക്കാൻ തയ്യാറായില്ല. അന്നയുടെ മാറ്റത്തിനു കാരണം രുദ്രനാണെന്ന് കരുതി പല കണ്ണുകളും അവരെ വലയം ചെയ്യുന്നുണ്ടായിരുന്നു.

പഴയ പോലെ ക്യാന്റീനിലോ ഫ്രണ്ട്‌സിനൊപ്പം കറങ്ങാനോ അന്ന പോയില്ല. ക്ലാസ്സില്ലാത്ത സമയമൊക്കെ അവൾ ലൈബ്രറിയിൽ തന്നെ ആയിരുന്നു.

ലൈബ്രറിയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് പുറകിൽ നിന്ന് വിളി കേട്ടത്. തിരിഞ്ഞു നോക്കണമെന്നില്ലായിരുന്നു അന്നയ്ക്ക് ആ ശബ്ദം അറിയാൻ. രുദ്രൻ അടുത്തെത്തും വരെ അന്ന കാത്തു നിന്നു. അരികിലെത്തിയതും അവനെന്തെങ്കിലും പറയാൻ തുടങ്ങും മുൻപേ തന്നെ അന്ന പറഞ്ഞു.

“എന്നോട് ഇനിയൊന്നും പറയരുത്. എനിക്ക് ഒരു തെറ്റ് പറ്റി പോയി. സാർ എന്റെ അദ്ധ്യാപകൻ ആണെന്ന് പോലും ഓർക്കാതെയാണ് ഞാൻ അങ്ങിനെയൊക്കെ പെരുമാറിയത്. എന്റെ പ്രായത്തിന്റെ പക്വതക്കുറവായി കണ്ടു ക്ഷമിക്കണം. ഇനിയൊരിക്കലും സാറിനെ ഞാൻ ശല്യം ചെയ്യില്ല. എന്നെ സാറിന്റെ സ്റ്റുഡന്റ് ആയി മാത്രമേ കാണാവൂ പ്ലീസ്.. ”

രുദ്രന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി വരുന്നത് അന്ന തെല്ലു ഭയത്തോടെ ആണ് നോക്കിയത്.

“നിർത്തെടി,കോളേജ് ആയി പോയി അല്ലേൽ കൈ വീശി ഒന്ന് പൊട്ടിച്ചേനെ ഞാൻ. എന്റെ പിന്നാലെ നടന്നു എന്റെ സ്നേഹം പിടിച്ചു വാങ്ങിയിട്ട് ഇപ്പോൾ നിനക്കത് വേണ്ട അല്ലേ. പ്രേമിച്ച പെണ്ണിനെ സ്റ്റുഡന്റ് ആയിട്ടും പെങ്ങളായിട്ടുമൊന്നും കാണാനുള്ള മഹാമനസ്കതയൊന്നും എനിക്കില്ല.നീ എന്തൊക്കെ അഭ്യാസം കാണിച്ചാലും രുദ്രൻ നിന്നെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അധികം വൈകാതെ എന്റെ ഭാര്യയായി നീ സൂര്യമംഗലത്തുണ്ടാവും. ”

തല താഴ്ത്തി നിൽക്കുന്ന അന്നയുടെ നേരേ മുഖമടുപ്പിച്ചാണ് അവൻ പറഞ്ഞത്.

“മുഖത്തോട്ട് നോക്കെടി, എന്റെ മുഖത്ത് നോക്കി പറ ഞാൻ നിനക്ക് വെറുമൊരു അദ്ധ്യാപകൻ മാത്രമാണെന്ന്… ”

അന്ന ഒഴിഞ്ഞു മാറി മുൻപോട്ടു നടക്കാൻ തുടങ്ങുമ്പോഴാണ് തങ്ങളെ നോക്കി നിൽക്കുന്ന അമൃതയെ അവൾ കണ്ടത്. അമൃതയെ കടന്നു പോവുമ്പോൾ ഒരു പരിഹാസചിരിയോടെ അമൃത രുദ്രനോട് ചോദിക്കുന്നത് അന്ന കേട്ടിരുന്നു.

“എന്താ സാറേ, ഇവൾ സാറിനെ തേച്ചോ ഞാൻ അന്നേ പറഞ്ഞതല്ലേ ”

രുദ്രന്റെ മറുപടി കേൾക്കണമെന്നുണ്ടായിരുന്നെങ്കിലും അവിടെ നിൽക്കാൻ കഴിയാത്തത് കൊണ്ടു അന്ന താഴേക്കിറങ്ങി. നിറയെ പൂത്തു നിൽക്കുന്ന വാക മരച്ചോട്ടിലെ സിമന്റ് ബെഞ്ചിൽ തന്നെ കാത്തിരിക്കുന്ന വിദ്യയ്ക്കരികിൽ ഇരിക്കുമ്പോൾ ലൈബ്രറിയിലെ സ്റ്റെപ്പ്സ് ഇറങ്ങി വരുന്ന അമൃതയെ അവൾ കണ്ടു. അവളുടെ വീർപ്പിച്ചു കെട്ടിയ മുഖം കണ്ടാൽ അറിയാം രുദ്രൻ സാറിന്റെ അടുത്ത് നിന്ന് കണക്കിന് കിട്ടിയിട്ടുണ്ട്.

ചുറ്റും വീണു കിടക്കുന്ന വേനൽപ്പൂക്കളുടെ ചുവപ്പിൽ കണ്ണും നട്ടിരിക്കുമ്പോഴാണ് വിദ്യ പതിയെ ചോദിച്ചത്.

“വീട്ടിൽ എന്താണ് പ്രശ്നം? ആദിയുടെ പ്രശ്നമാണോ? ”

വിദ്യയെ ഒന്ന് നോക്കി അല്പം നേരം മിണ്ടാതിരുന്നു അന്ന പറഞ്ഞു തുടങ്ങി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കരച്ചിൽ വന്നു വിങ്ങിയെങ്കിലും ഒരു തുള്ളി കണ്ണുനീർ പോലും അവളുടെ കണ്ണിൽ എത്തിയില്ല.

അവളുടെ കൈയിൽ പിടിച്ചാണ് വിദ്യ പറഞ്ഞത്.

“എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല അന്ന. ഇതൊക്കെ ഒരു കഥ പോലെ തോന്നുന്നു എനിക്ക്. അവരുടെ കാര്യം രുദ്രൻ സാറിനോട് പറഞ്ഞൂടെ നിനക്ക്? സാറിന് നിന്നെ മനസ്സിലാക്കാൻ സാധിക്കും ”

“ഇല്ല വിദ്യ, ഇനിയും ഞാൻ കാരണം ആരും വിഷമിക്കുന്നതും വേദനിക്കുന്നതുമൊന്നും എനിക്ക് കാണാൻ വയ്യ, സ്വയം വേദനിച്ചോളാം ഞാൻ. ”

വിദ്യ സങ്കടത്തോടെയാണ് അന്നയെ നോക്കിയത്. അന്നയുടെ കണ്ണുകൾ അപ്പോഴും താഴെ വീണു കിടക്കുന്ന ഗുൽമോഹർ പൂക്കളിലായിരുന്നു.

കാവിനുള്ളിലെ ചെമ്പകം നിറയെ പൂത്തിരുന്നു. വർഷങ്ങളായി തിരി തെളിയാത്ത നാഗത്താൻ തറയിൽ, കരിയിലക്കിടയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കരിനാഗങ്ങൾക്കു ചുറ്റും ചെമ്പകപ്പൂക്കൾ ചിതറി കിടന്നിരുന്നു. സീതാലക്ഷ്മി ഭയപ്പാടോടെ നോക്കിയത് ജീവനറ്റ ആര്യലക്ഷ്മിയുടെ ശരീരത്തിലേക്കാണ്. ആ കണ്ണുകളിൽ നിന്നാളുന്ന തീയുടെ ചൂടിൽ താൻ ദഹിക്കുന്നതായി സീതാലക്ഷ്മിക്ക് തോന്നി.

“മോളെ…. ആരൂട്ടി… ”

തൊണ്ടയിൽ തടഞ്ഞ നിലവിളി സീതാലക്ഷ്മിയെ ഉണർത്തി. അവരാകെ വിയർത്തു കുളിച്ചിരുന്നു. കുറച്ചു സമയം എണീറ്റിരുന്നിട്ട്, അടുത്ത് ഒന്നുമറിയാതെ ഉറങ്ങുന്ന വിനയനെ ഉണർത്താൻ ശ്രമിക്കാതെ, സീതാലക്ഷ്മി എണീറ്റു തുറന്നിട്ട ജനാലയ്ക്കരികിലേക്ക് നടന്നു.
നിലാവ് കുളത്തിൽ വീണു തിളങ്ങുന്നുണ്ടായിരുന്നു. കാവിലെ മരങ്ങൾക്കിടയിൽ നിഴലുകൾ ചുറ്റി പിണയുന്നതായി സീതാലക്ഷ്മിയ്ക്ക് തോന്നി. ചെമ്പകത്തിന്റെ മണം മുറിയിലോളം എത്തുന്നുണ്ടായിരുന്നു. ചതഞ്ഞരഞ്ഞ ചെമ്പകപ്പൂക്കൾ കണ്മുൻപിൽ തെളിഞ്ഞതും സീതാലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ജനലഴികളിൽ പിടിച്ചു അവർ പുറത്തേയ്ക്ക് നോക്കി നിന്നു.

അന്നും ഫ്രീ പിരീഡീൽ ഫ്രണ്ട്‌സ് എല്ലാം ക്യാന്റീനിലേക്ക് ഇറങ്ങിയപ്പോൾ അന്ന നേരേ ലൈബ്രറിയിൽ എത്തി. വിദ്യ അന്നയുടെ കൂടെ കൂടിയെങ്കിലും അന്ന നിർബന്ധിച്ചു അവളെ തിരിച്ചയച്ചു. പൂർത്തിയാക്കാനുള്ള നോട്സ് എഴുതിക്കൊണ്ടിരിക്കെ പെട്ടെന്നൊരു തോന്നലിലാണ് അന്ന മുഖമുയർത്തിയത്.

തൊട്ടപ്പുറത്തെ പുസ്തകങ്ങളുടെ ഷെൽഫിനടുത്തായി രുദ്രൻ. രുദ്രൻ തിരിഞ്ഞു നോക്കിയപ്പോൾ അന്ന പുസ്തകത്തിലേക്ക് തല താഴ്ത്തി. അവൾക്കരികിലൂടെ പോവുമ്പോൾ അന്നയെ നോക്കാതെ അവൻ പറഞ്ഞു.

“ഇങ്ങനെ ഒളിച്ചു കളിച്ചു എത്ര കാലം നീ എന്റെ മുന്നിൽ പിടിച്ചു നിൽക്കും അന്ന? ”

അന്ന ഒന്നും മിണ്ടിയില്ല. മുഖമുയർത്തിയതുമില്ല. രുദ്രൻ അടുത്തില്ലാത്തപ്പോഴും ഓരോ നിമിഷവും അവന്റെയാ പതിഞ്ഞ ശബ്ദം കാതിൽ മുഴങ്ങുന്നത് പോലെ അന്നയ്ക്ക് തോന്നി
“നീ എന്റേതാണ് ”

ഒരൊറ്റ ഒഴിവു ദിവസം പോലും വീട്ടിൽ ഇരിക്കാൻ കൂട്ടാക്കാതിരുന്ന അന്ന അന്നത്തെ പ്രശ്നങ്ങൾക്കു ശേഷം കോളേജിലേക്ക് അല്ലാതെ വീട്ടിൽ നിന്ന് പുറത്തിങ്ങിയിട്ടില്ല. ത്രേസ്യാമ്മ എത്ര വിളിച്ചിട്ടും പള്ളിയിൽ പോലും പോവാൻ അവൾ കൂട്ടാക്കിയിട്ടില്ല.
ആദി പുറത്ത് പോവാൻ വിളിച്ചിട്ടും അന്ന വരുന്നില്ലെന്നാണ് പറഞ്ഞത്. അവസാനം ത്രേസ്യാമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അന്ന ആദിയുടെ കൂടെ ഇറങ്ങിയത്. ആദിയ്ക്ക് ചെറിയൊരു ഷോപ്പിംഗ് ഉണ്ടെന്ന് പറഞ്ഞാണ് അവൾ അന്നയെ കൂടെക്കൂട്ടിയത്. ആൽബി എതോ മീറ്റിംഗിൽ ആണ് അത് കഴിഞ്ഞു അവരെ പിക്ക് ചെയ്യാമെന്ന് പറഞ്ഞത് കൊണ്ട് ഓട്ടോയിൽ ആണ് അവർ പോയത്. ഷോപ്പിംഗ് കോംപ്ലക്സിൽ വെച്ച് രുദ്രനെ കണ്ടു മുട്ടിയതും അന്നയ്ക്ക് കാര്യം മനസ്സിലായി.വേറെ വഴിയില്ലാതെ അവർക്കൊപ്പം നടക്കുമ്പോഴും അന്ന രുദ്രനെ നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.

ആദി ഡ്രെസ്സ് സെലക്ട്‌ ചെയ്യുമ്പോൾ അന്നയുടെ തൊട്ടരികെ രുദ്രൻ ഉണ്ടായിരുന്നു. അവന്റെ ശബ്ദം അന്നയുടെ ചെവിയിലെത്തി.

“ഓർമ്മയുണ്ടോ മുൻപൊരിക്കൽ ഇതു പോലൊരു സിറ്റുവേഷൻ നീ ക്രിയേറ്റ് ചെയ്തത്. അന്നേ എനിക്ക് അറിയാമായിരുന്നു അത് നിന്റെ പ്ലാൻ ആണെന്ന്. പകരത്തിനു പകരം എന്ന് തന്നെ കരുതിക്കോ നീ ”

ആദി ട്രയൽ റൂമിൽ കയറിയപ്പോൾ രുദ്രൻ അന്നയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു. അന്ന കൈ വലിക്കാൻ ശ്രമിച്ചെങ്കിലും അവൾക്കതിനായില്ല.

“എന്താ നിങ്ങൾ കാണിക്കുന്നേ, ആദി അവിടെ…. ”

അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ രുദ്രൻ പറഞ്ഞു.

“ആദിയ്ക്ക് നിന്നെക്കാൾ വകതിരിവുണ്ട് ”

ഒരു പുച്ഛചിരിയോടെ അന്ന പറഞ്ഞു

“ശരിയാണ്. അന്നയ്ക്ക് ഒന്നുമില്ല, ഒന്നും, ആരും.. ”

അവളെ ചേർത്ത് പിടിക്കാൻ മനസ്സ് കൊതിച്ചെങ്കിലും രുദ്രൻ പറഞ്ഞു.

“ദേ പെണ്ണേ കൂടുതൽ ഷോ കാണിച്ചാൽ പെറുക്കിയെടുത്തു കാറിൽ ഇട്ടു ഇപ്പോൾ തന്നെ സൂര്യമംഗലത്തോട്ട് കൊണ്ടു പോവും ഞാൻ ”

അന്ന മിണ്ടിയില്ല. രുദ്രൻ അവളെ പല തരത്തിലും പ്രകോപിപ്പിക്കാൻ നോക്കിയെങ്കിലും അന്ന പ്രതികരിച്ചില്ല.കുറേ കവറുകളുമായി എത്തിയ ആദി രുദ്രന്റെ ക്രെഡിറ്റ്‌ കാർഡ് തിരിച്ചു കൊടുത്തപ്പോൾ ഒരു ചിരിയോടെ അവൻ പറഞ്ഞു.

“ഇനിയും നീ ഇങ്ങനെ എന്നെയിങ്ങനെ പിഴിയാതെ നിന്റെ കെട്ട്യോനെ പിഴിയാൻ നോക്കെടി ”

ആദി രുദ്രനെ ഒന്നിളിച്ചു കാണിച്ചു. ആദി ഫുഡ്‌ കഴിക്കണമെന്നു പറഞ്ഞപ്പോൾ രുദ്രൻ അവരെ നേരേ റെസ്റ്റോറന്റിലേക്ക് കൂട്ടി കൊണ്ടു പോയി. അന്നയാണ് ആദ്യം ഇരുന്നത്.ആദിയെ നോക്കാതെ രുദ്രൻ അന്നയുടെ അരികെ ഇരുന്നു. ഉടനെ വരാമെന്ന് പറഞ്ഞ ആൽബിയെ കാണാതെ ആദി അവനെ ഫോൺ ചെയ്യുകയായിരുന്നു. ആദിയുടെ ശ്രദ്ധ ഫോണിലേക്ക് ആണെന്ന് കണ്ട നിമിഷമാണ് അന്ന പതിയെ രുദ്രനോട് പറഞ്ഞത്.

“അതേയ് ആ കൈയും കാലും ഒക്കെ ഒന്ന് ഒതുക്കി വെച്ചിരുന്നെങ്കിൽ എനിക്ക് ഒന്ന് നേരെയിരിക്കാമായിരുന്നു ”

അവൾ പറഞ്ഞ അതെ ടോണിൽ തന്നെയായിരുന്നു മറുപടിയും.

“അതേയ് ഞാൻ അപ്പുറത്തെ സീറ്റിലെ പെണ്ണിനൊപ്പമല്ല ഇരിക്കുന്നത്. എന്റെ പെണ്ണിനൊപ്പമാണ്. എന്റെ കൈ ഒന്ന് തട്ടിയെന്ന് വെച്ച് നീ ഉരുകി പോവത്തൊന്നുമില്ല. ഇനി പോയാലും ഞാനങ്ങു സഹിച്ചു ”

“ഈ കാട്ടുപോ… ”

ദേഷ്യത്തോടെ പറഞ്ഞു തുടങ്ങിയെങ്കിലും അന്ന നിർത്തിക്കളഞ്ഞു.

“അതെടി നിന്റെ നാടകം എവിടം വരെ പോകുമെന്നാണ് ഞാനും നോക്കുന്നത് ”

അന്ന രുദ്രനെ കൂർപ്പിച്ചു നോക്കുന്നത് കണ്ടു ആദി ചിരിയടക്കി.

ആൽബി പത്തു പതിനഞ്ചു മിനിറ്റുകൊണ്ട് എത്തുമെന്ന് പറഞ്ഞത് കൊണ്ടു അവർ ഫുഡ്‌ കഴിച്ചു പുറത്ത് അവനെ കാത്തു നിന്നു.

ഇടയ്ക്ക് മൊബൈലിൽ നിന്ന് കണ്ണെടുത്തപ്പോഴാണ് തങ്ങൾക്ക് നേരേ നടന്നു വരുന്ന ആളുകളെ രുദ്രൻ കണ്ടത്. സീതാലക്ഷ്മിയും വിനയനും മക്കളും. ആദി സീതമ്മ എന്ന് വിളിച്ചു അരികിൽ ചെന്നപ്പോൾ അവളെയൊന്നു ചേർത്തണച്ചു തലയിൽ തലോടിയതല്ലാതെ സീതാലക്ഷ്മി ഒന്നും പറഞ്ഞില്ല. വിനയൻ ഒഴികെ അവരാരും അന്നയെ ശ്രദ്ധിക്കുക പോലും ചെയ്യാതിരുന്നപ്പോഴാണ് രുദ്രൻ അവളുടെ കൈ പിടിച്ചത്. സീതയുടെ കണ്ണുകൾ അവരുടെ കോർത്തു പിടിച്ച കൈകളിൽ ഒരു മാത്ര തങ്ങി നിന്നു.

അവർ ഉള്ളിലേക്ക് കയറി പോയി കഴിഞ്ഞപ്പോഴാണ് ആൽബി വന്നത്. അപ്പോഴും ആ അമ്മയുടെയും മക്കളുടെയും കണ്ണുകളിൽ കണ്ട, അവളോടുള്ള ദേഷ്യവും വെറുപ്പും തന്നെയായിരുന്നു അന്നയുടെ മനസ്സിൽ. രുദ്രന്റെ കണ്ണുകൾ അവളിൽ എത്തുന്നുണ്ടായിരുന്നു .

വണ്ടിയിൽ കയറാൻ പാർക്കിങ്ങിൽ എത്തിയപ്പോഴാണ് രുദ്രൻ ആൽബിയോട് പറഞ്ഞത്.

“അന്ന എന്റെ കൂടെ വരും. നിങ്ങളുടെ വണ്ടിയുടെ പിന്നിൽ തന്നെ ഉണ്ടാകും ഞങ്ങളും ”

അന്നയ്ക്ക് എന്തെങ്കിലും പറയാൻ ആവുന്നതിനു മുൻപേ തന്നെ ആൽബി അവളെ ഒന്ന് നോക്കിയിട്ട് പറഞ്ഞു.

“ശരി അളിയാ… ”

രുദ്രന്റെ കൂടെ കാറിൽ ഇരിക്കുമ്പോൾ അന്നയുടെ മുഖം ഇരുണ്ടു തന്നെയിരുന്നു. ഒന്നും സംസാരിക്കാതെ പകുതിയോളം ദൂരം ആൽബിയുടെ കാറിനു പിന്നാലെ പോയപ്പോഴാണ് രുദ്രൻ പെട്ടെന്ന് വണ്ടി സൈഡ് ആക്കിയത്. അവനെ നോക്കിയ അന്നയോട് ഗൗരവത്തിൽ ആണ് രുദ്രൻ ചോദിച്ചത്.

“ഇനി പറയ് സീതമ്മ എന്താണ് ഫോണിൽ നിന്നോട് പറഞ്ഞത്?

അന്ന ഞെട്ടലോടെ രുദ്രനെ നോക്കി…

(തുടരും )

 

Click Here to read full parts of the novel

4.4/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!