Skip to content

പുനർജ്ജനി – Part 7

aksharathalukal pranaya novel

അന്ന വീട്ടിലെത്തി, ഹാളിലേക്ക് കയറിയതും കേട്ടത് പിശുക്കൻ കറിയാച്ചന്റെ സൗണ്ട് ആണ്.

“ഇനി എന്നാ ആലോചിക്കാനാണെന്റെ ത്രേസ്യായെ നീ മാത്തുക്കുട്ടിയോട് പറഞ്ഞേച്ച് അതങ്ങ് സമ്മതിപ്പിക്കാൻ നോക്ക്. നല്ല കുടുംബക്കാരാണ് അവര്. ഇനി ആരെങ്കിലുമൊക്കെ കാര്യങ്ങൾ അറിയുന്നേന് മുൻപേ എത്രേം പെട്ടെന്ന് കല്യാണം അങ്ങ് നടത്തിയെടുക്കാൻ നോക്ക്. ”

“എന്നാ കാര്യം ആണ് ചേട്ടായി ഇങ്ങിനെ ഇടയ്ക്കിടെ പറയുന്നത്? ”

ത്രേസ്യാമ്മയുടെ ചോദ്യം അൽപ്പം രൂക്ഷമായിരുന്നു. കറിയാച്ചൻ പരുങ്ങി കളിക്കുന്നതിനിടയിലേക്കാണ് അന്ന കയറി ചെന്നത്. അന്നയെ കണ്ടതും ത്രേസ്യാമ്മ വല്ലാതായി.

“ആരിത് കറിയാച്ചൻ അങ്കിളോ മേരിയമ്മച്ചി വന്നില്ലേ? ”

ഉള്ളിൽ പ്രാകി കൊണ്ട് അന്ന ഒരു ചിരി ചുണ്ടിലൊട്ടിച്ചു ചോദിച്ചു.

“ങ്ങാ വന്നിട്ടുണ്ട്, അവള് അടുക്കളേലെങ്ങാനും കാണും”

ത്രേസ്യാമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അന്ന കിച്ചണിലേക്ക് വെച്ചു പിടിച്ചു. നിമ്മിയും മേരിയമ്മയും എന്തോ സംസാരിക്കുകയായിരുന്നു.

“എന്നതാ നിമ്മിക്കൊച്ചേ അമ്മായിഅമ്മയുടെ കുറ്റം
പറയുകയാണോ ”

അന്നയുടെ ചോദ്യം കേട്ട് നിമ്മി അവളെ നോക്കി കണ്ണുരുട്ടി.

“ഈ കൊച്ചിന് നാക്കിനെല്ലില്ലല്ലോ എന്റെ കർത്താവെ. അമ്മച്ചിയെ പറ്റി ഞാൻ എന്ന കുറ്റം പറയാനാ കൊച്ചേ ”

“ഓഹ് ഈ സോപ്പിൽ ഒന്നും പുള്ളിക്കാരി പതയത്തില്ലെന്നേ. ഒന്നുമില്ലേലും എന്റെയല്ലേ അമ്മച്ചി ആ ഒരു ഗുണം
കാണാതിരിക്കുമോ ”

“ഈ പെണ്ണിന്റെ ഒരു കാര്യം… ”

അവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് നിമ്മി ചായ കപ്പിലേക്ക് പകർന്നു.

അന്ന മേരിയമ്മയോടായി ചോദിച്ചു.

“അതേയ് മേരിയമ്മച്ചീടെ കല്യാണം അടുത്ത് തന്നെ ഉണ്ടാവുമോ? ”

“കല്യാണമോ, ആരുടെ..? ”

നിമ്മിയാണ് ചോദിച്ചത്

“അല്ല മേരിയമ്മച്ചിടെ കല്യാണം എത്രേം പെട്ടെന്ന് നടത്തണമെന്ന് പിശുക്കൻ കറിയാച്ചൻ അവിടെ പറയണത് കേട്ടായിരുന്നു. അല്ലേൽ മേരിയമ്മച്ചി വഴി തെറ്റി പോവുമെന്ന് അങ്കിൾ പറയണത് കേട്ട്, നേരാണോ മേരിയമ്മച്ചി ”

നിഷ്കളങ്കമായുള്ള അവളുടെ ചോദ്യം കേട്ട് നിമ്മിക്ക് ചിരി വന്നു.

“എന്റെ അപ്പനെ പറയുന്നോടി..? ”

ചിരിച്ചു കൊണ്ടു നിമ്മി അന്നയ്ക്ക് നേരെ കൈയോങ്ങി. അന്ന തെന്നി മാറി പുറത്തേക്കോടി. അവൾ പോവുന്നത് നോക്കി നിന്ന മേരിയമ്മ വാത്സല്യത്തോടെ പറഞ്ഞു.

“പാവം കൊച്ച്…. ”

സൂര്യമംഗലത്ത് പോയപ്പോഴുള്ള ഓരോ കാര്യങ്ങളും ആലോചിച്ചാണ് അന്ന കിടന്നത്. രുദ്രനുമായുള്ള കൂടിക്കാഴ്ച്ച ഓർത്തതും അന്നയുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു.
മോനെ രുദ്രദേവാ അങ്ങിനേം ഇങ്ങിനേം ഒന്നും ഈ അന്ന പിന്മാറത്തില്ല . നിങ്ങളേം കൊണ്ടേ ഞാൻ പോവത്തുള്ളൂ

ആലോചനക്കിടയിലാണ് രുദ്രന്റെ മുറിയിൽ കണ്ട ഡയറിയെ പറ്റി അന്ന ഓർത്തത്. ഛെ ആ കാലമാടൻ കുറച്ചൂടെ കഴിഞ്ഞായിരുന്നു വന്നിരുന്നേൽ അതൊന്ന് വായിക്കാമായിരുന്നു. ആഹ് സാരമില്ല ആദിയെ സോപ്പിട്ടു ഒന്നൂടെ അവിടെ കയറിപറ്റണം.

പിറ്റേന്ന് രുദ്രനെ കോളേജിൽ അന്ന കണ്ടിരുന്നെങ്കിലും അവർക്ക് ക്ലാസ്സെടുക്കാൻ വന്നില്ല.ബ്രേക്കിന് എല്ലാവരും കൂടെ കാന്റീലേക്ക് പോവാൻ ഒരുങ്ങുമ്പോൾ അന്ന ലൈബ്രറിയിൽ ബുക്ക്‌ റിട്ടേൺ ചെയ്തിട്ട് കാന്റീനിലേക്ക് എത്താമെന്ന് പറഞ്ഞു നടന്നു.

സ്റ്റെയർകേസിനടുത്തു എത്തിയപ്പോഴാണ് എതിരെ വരുന്ന ആദിയെ അന്ന കണ്ടത്. ആദി ചിരിച്ചു. അന്ന ചോദിച്ചു

“നിന്റെ ഫോൺ എന്തിയെടി കൊച്ചേ ഞാൻ എത്ര വിളിച്ചു.. ”

“ഫോൺ കംപ്ലയിന്റ് ആയി പോയി അന്നക്കൊച്ചേ, അവസാനം ഏട്ടനെ സോപ്പിട്ടു. നാളെ പുറത്തു പോവുമ്പോൾ പുതിയത് വാങ്ങിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. ”

“ഞാൻ പോന്നേനു ശേഷം രുദ്രദേവൻ അവിടെ താണ്ഡവം ആടിയായിരുന്നോ ”

“അത് പിന്നെ പറയാനുണ്ടോ. എനിക്ക് നല്ല പോലെ കിട്ടി, പിന്നെ അച്ഛൻ ഇടപെട്ടാണ് തണുപ്പിച്ചത്. ഇനി മേലാൽ അന്നക്കൊച്ചിനോട് കൂട്ടുകൂടരുത് എന്നാണ് കല്പന ”

ആദി പറഞ്ഞത് കേട്ട് ഉള്ളൊന്ന് വേദനിച്ചെങ്കിലും പെട്ടെന്ന് മുഖഭാവം മാറ്റി അന്ന ചിരിച്ചു.

“നീ നോക്കിക്കോടി എന്റെ കൈയേലോട്ട് കിട്ടുമ്പോൾ ഇതിനൊക്കെ ഞാൻ പ്രതികാരം ചെയ്യും അങ്ങേരോട്. ”

“എപ്പോഴാണോ ഏട്ടനെ കൈയിൽ എടുക്കണത്?. എന്തോ ഡാൻസ് കളിപ്പിക്കണ കാര്യം ഒക്കെ പറഞ്ഞായിരുന്നു ഏടത്തിയമ്മ ”

“എടി വന്നു വന്നു നീയും എനിക്കിട്ടു താങ്ങാൻ തുടങ്ങിയോ. ഡോണ്ട് ഡൂ ഡോണ്ട് ഡൂ ”

ഒന്ന് നിർത്തി അന്ന പറഞ്ഞു.

“അങ്ങേര് ഒരു കണക്കിനും വളയുന്നില്ലല്ലോ കൊച്ചേ. ആഹ് സാരമില്ല പ്ലാൻ ഏ നടന്നില്ലേൽ പ്ലാൻ ബി. അതേയ് നീ ഒരു കാര്യം ചെയ്യാവോ. നിങ്ങൾ നാളെ പുറത്തു പോവുമ്പോൾ ആ സ്ഥലവും സമയവും എന്നെയൊന്നു അറിയിക്കുവോ? ”

“എന്താ പരിപാടി. പണിയാവോ ”

ആദിയെ നോക്കി അന്ന കണ്ണടച്ച് കാണിച്ചു.

“ഹേയ് എന്നാ ആവാനാ കൊച്ചേ.കൂടി വന്നാൽ അങ്ങേരെനിക്കിട്ട് ഒന്ന് പൊട്ടിക്കും. ഇതിപ്പോൾ ഒരു തവണ കിട്ടിയതോണ്ട് അതിന്റെ എഫക്ട് അങ്ങ് പോയി. പിന്നെ ഇതൊക്കെ ഭാവിയിലേക്ക് ഒരു പ്രാക്ടീസ് അല്ലേ ”

ആദി വായ തുറന്നു വെച്ചത് കണ്ടു അന്ന ചിരിച്ചു. അന്ന വീണ്ടും പറഞ്ഞു.

“ഒരു കാര്യം ചോദിക്കട്ടെ കൊച്ചേ, ഇച്ചിരി സെന്റി ആണെന്ന് കൂട്ടിക്കോ. എന്നാലും. നിനക്കെന്നെ ഇഷ്ടമാണോ, നമ്മൾ ആദ്യം കണ്ട സാഹചര്യം അങ്ങിനെ ആയിരുന്നല്ലോ ”

ആദി അന്നയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“ഇഷ്ടമായില്ലെങ്കിൽ ഞാൻ ഇതിനൊക്കെ കൂട്ടു നിൽക്കുമോ. പിന്നെ അന്നത്തെ സംഭവം, അത് മനപ്പൂർവം എന്നെ അപകടപെടുത്തിയതല്ല എന്നെനിക്കറിയാം. എന്റെ ഏട്ടനൊപ്പം കട്ടയ്ക് നിൽക്കാൻ അന്നക്കൊച്ചിനെ കൊണ്ടേ പറ്റത്തുള്ളൂ. അങ്ങേരുടെ സ്വഭാവം വെച്ച് ഒരു പാവം പെൺകൊച്ച് ഒന്നും ശരിയാവില്ല. പിന്നെ മനസിലുള്ളത് വെട്ടി തുറന്നു പറയാനുള്ള ധൈര്യവും ഉണ്ടല്ലോ. പിന്നെ…. ”

ആദി അർധോക്തിയിൽ നിർത്തിയതും അന്ന പറഞ്ഞു.

“മതി മതി ഇനി തള്ളിയാൽ ഞാൻ മലർന്നടിച്ചു വീണു പോകും. ഇതിപ്പോൾ നീ എന്നേക്കാൾ വലിയ സോപ്പാണല്ലോടി ”

“ആദി നിന്നോട് രുദ്രേട്ടൻ പറഞ്ഞിട്ടില്ലേ ഇവളുടെ കൂടെ നടക്കരുതെന്ന്? ”

അമൃതയുടെ ശബ്ദം കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്.

“അതെന്നാടി എനിക്ക് പകർച്ചവ്യാധി വല്ലതും ഉണ്ടോ, അതൊന്ന് അറിയണമല്ലോ ”

“അത് നിന്റെ സ്വഭാവഗുണം കൊണ്ടാവും ”

“ദേ അമൃതകൊച്ചമ്മേ വല്ലാണ്ടങ്ങു ചൊറിയാൻ വന്നാൽ ഞാൻ കയറി മാന്തും. പിന്നെ കണ്ണീരൊലിപ്പിച്ചു നടക്കേണ്ടി വരും ”

അമൃതയെ അടിമുടി ഒന്ന് നോക്കിയിട്ട് അന്ന പറഞ്ഞു.

“പിന്നെ ഒരു കാര്യം രുദ്രദേവിനെ ഞാനങ്ങു ദത്തെടുത്തു.ഇനി മേലാൽ നീ അങ്ങേരെ നോക്കി വെള്ളമിറക്കണ്ട. മൊത്തമായിട്ടും ചില്ലറയായിട്ടുമൊക്കെ അങ്ങേര് അന്നയുടെതാ. അങ്ങേരുടെ പിന്നാലെ ഇനി ഒലിപ്പിച്ചു നടന്നാൽ… ”

അന്ന പൂർത്തിയാക്കുന്നതിന് മുൻപേ തന്നെ കേട്ടു ആ ശബ്ദം.

“ആദി നീ എന്താ ഇവിടെ? ”

ആ ഭാവം കണ്ടപ്പോൾ താൻ പറഞ്ഞതൊക്കെ രുദ്രൻ കേട്ടുവെന്ന് അന്നയ്ക്ക് മനസ്സിലായി.

“ഏട്ടാ ഞാൻ ലൈബ്രറിയിൽ നിന്ന് വരുന്ന വഴിയാണ് ”

“ശരി നീ ക്ലാസ്സിലേക്ക് പൊയ്ക്കോ ”

കനത്തിൽ പറഞ്ഞിട്ട് രുദ്രൻ സ്റ്റെപ്സ് കയറാൻ തുടങ്ങി. അന്നയെ ഒന്ന് നോക്കി രുദ്രേട്ടാ എന്ന് വിളിച്ചു അമൃത പുറകെ പോയി. രുദ്രന്റെ കൂടെ ലൈബ്രറിയിലേക്ക് പോകുന്നതിനിടെ അമൃത അന്നയെ നോക്കി ഒരു പുച്ഛചിരി ചിരിച്ചു രുദ്രനോട് ചേർന്നു നടന്നു. എന്തൊക്കെയോ സംസാരിച്ചു കൊണ്ടു പോവുന്ന അവരെ നോക്കി നിൽക്കുന്ന അന്നയോടായി ആദി പറഞ്ഞു.

“അന്നക്കൊച്ച് പേടിക്കണ്ട അവര് നല്ല ഫ്രണ്ട്‌സ് ആണ്. അമൃത കുറച്ചു കാലം ബാംഗ്ലൂർ ഉണ്ടായിരുന്നല്ലോ.”

ആദിയെ നോക്കി ഒന്ന് ചിരിച്ചെങ്കിലും അത് അങ്ങിനെയാണെന്ന് അന്നയ്ക് തോന്നിയില്ല.

“അത് തന്നെയാണ് എന്റെ പേടിയും അമൃത എനിക്കിട്ട് നല്ല പാര പണിയുമെന്ന് ഉറപ്പല്ലേ ”

അന്ന് ക്ലാസ്സില്ലാത്തത് കൊണ്ടു രാവിലെ തന്നെ മാത്തുകുട്ടിച്ചായനെ സോപ്പിട്ടു കുറച്ചു പോക്കറ്റ് മണിയും സംഘടിപ്പിച്ചാണ് അന്ന ഇറങ്ങിയത്. ചിത്രയും വിദ്യയും അവിടെക്ക് എത്താമെന്ന് പറഞ്ഞിട്ടുണ്ട്. സ്കൂട്ടി പിന്നെയും പണി മുടക്കിയത് കൊണ്ടു ആൽബിയെ മണിയടിച്ചു മാളിൽ എത്തി. അവിടെ എത്തി കുറച്ചു സമയം പോസ്റ്റായിട്ടും അവരെ കാണാത്തത് കൊണ്ടാണ് അന്ന ട്രെൻഡ്‌സിലേക്ക് കയറിയത്. ഡ്രസ്സ്‌ നോക്കി നോക്കി തൊട്ടടുത്തു എത്തിയപ്പോഴാണ് അന്ന ആദിയെ കണ്ടത്.

“ഹായ് ആദി ”

“ഏട്ടന്റെ ചെലവാണ്, ഫോൺ വാങ്ങി തന്നു, പിന്നെ ചെറിയൊരു ഷോപ്പിങ്ങും ഫുഡും. ”

“ആന്നോ എന്നിട്ട് ഏട്ടൻ എവിടെ? ”

“ഏട്ടൻ അതാ ആ ബുക്ക്‌ സ്റ്റാളിൽ ഉണ്ട്. അതാണ് ഏട്ടന്റെ ഫേവറിറ്റ് പ്ലേസ് ”

“എന്റെ ഈശോയെ… ”

“എന്തു പറ്റി?. ”

“ഒന്നുമില്ല കൊച്ചേ നീ വാ നമുക്ക് ഡ്രസ്സ്‌ നോക്കാം ”

“നിന്റെ ഏട്ടന്റെ ഫേവറിറ്റ് കളർ ഏതാ? ”

അന്ന ചോദിച്ചു.

“ബ്ലൂ. എന്തിനാ ഷർട്ട് എടുക്കാനാണോ ”

“അതൊക്കെയുണ്ട് ”

ഡ്രസ്സ്‌ നോക്കുന്നതിനിടയിൽ ചിത്രയുടെ കാൾ വന്നു. വിദ്യയ്ക് എന്തോ അത്യാവശ്യം വന്നത് കൊണ്ടു അവർ വരുന്നില്ലെന്ന്.
അവർ ഡ്രസ്സ്‌ ഒക്കെ സെലക്ട്‌ ചെയ്തു കഴിഞ്ഞപ്പോളാണ് രുദ്രൻ എത്തിയത്. കൈയിൽ രണ്ടു ബുക്സ് അന്ന കണ്ടു. അന്നയെ കണ്ടു രുദ്രന്റെ മുഖം ചുളിഞ്ഞു.

“നോക്കണ്ട പ്ലാനിങ് ഒന്നുമില്ല ഇവിടെ വെച്ച് യാദൃശ്ചികമായി കണ്ടതാണ് സർ ”

രുദ്രനോട് ചേർന്നു നിന്ന് അന്ന പതിയെ പറഞ്ഞു. ആദി ഒരു ചിരിയോടെ തിരിഞ്ഞു നിന്ന് ഒരു ടോപ് എടുത്തു നോക്കി.

“തന്നോട് ഞാൻ എന്തെങ്കിലും ചോദിച്ചോ ”

പതുക്കെയാണ് ചോദിച്ചതെങ്കിലും കലിപ്പ് മോഡിലാണെന്ന് അന്നയ്ക് മനസ്സിലായി.

“ഒന്നും ചോദിക്കാറില്ല അത് തന്നെയാണ് പ്രശ്നവും ”

രുദ്രൻ ദേഷ്യത്തോടെ ആദിയുടെ കൈയ്യിൽ നിന്ന് സെലക്ട്‌ ചെയ്തു വെച്ച് ഡ്രെസ്സുകളും പിടിച്ചു വാങ്ങി ബില്ലിങ്ങിലേക്ക് നടന്നു. ആദിയോട് ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് അന്നയും രുദ്രന് പിറകെ നടന്നു. അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നത് കൊണ്ടു ബില്ല് പേ ചെയ്യാൻ രുദ്രന് പിറകിലായാണ് അന്ന നിന്നത്. രുദ്രൻ അവളെ മൈൻഡ് ചെയ്തില്ല.

ആഹാ കണ്ടിട്ട് പിന്നിലൂടെ ഒന്ന് കെട്ടി പിടിക്കാനൊക്കെ തോന്നുന്നുണ്ട്. പക്ഷേ അതിന്റെ പ്രത്യാഘാതം താങ്ങാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.

രുദ്രൻ ക്യാഷ് കൊടുത്തു കഴിഞ്ഞു അന്നയെ മൈൻഡ് ചെയ്യാതെ തിരിഞ്ഞു നടന്നു. അന്ന ബില്ലൊക്കെ പേ ചെയ്തു വന്നപ്പോഴേക്കും അവർ പോയി കഴിഞ്ഞിരുന്നു. എന്നാലും ഒന്ന് പറഞ്ഞില്ലല്ലോ…

പുറത്തിറങ്ങിയപ്പോഴാണ് എന്തെങ്കിലും കഴിച്ചാലോ എന്ന തോന്നൽ. എന്നാ ചെയ്യാനാ ഫുഡ്‌ ഒരു വീക്നെസ്സ് ആയിപോയി. ഫുഡ്‌ കോർട്ടിൽ ചെന്നു ഇരുന്നപ്പോഴാണ് കുറച്ചപ്പുറത്തെ സീറ്റിലായി ഇരിക്കുന്ന രുദ്രനെയും ആദിയെയും അന്ന കണ്ടത്. എന്തോ അവൾക്കപ്പോൾ അങ്ങോട്ട്‌ പോവാൻ തോന്നിയില്ല.
കഴിക്കുന്നതിനിടയിലും അവൾ അവരെ നോക്കിയിരുന്നു.ഇടയിലെപ്പോഴോ രുദ്രൻ അവളെ കണ്ടു. കഴിച്ചു കഴിയാറായപ്പോളാണ് ആദി അവൾക്കരികിൽ എത്തിയത്.

“എന്തേ ഞങ്ങളുടെ അടുത്തേക്ക് വരാതിരുന്നത്? ”

“ഓഹ് വേണ്ട ഇനി ഞാൻ വന്നിട്ട് നിന്റെ ഏട്ടന് ഫുഡ്‌ ഇറങ്ങാതിരിക്കണ്ടാന്നു കരുതി ”

“അതേയ് ഏട്ടൻ തന്നെയാണ് അന്നക്കൊച്ചിനെ കാണിച്ചത്.. ”

അന്ന ആശ്ചര്യത്തോടെ ആദിയെ നോക്കി.

“പിന്നെ ഒരു ഓഫർ കൂടി ഉണ്ട്. അന്നക്കൊച്ചിനു ലിഫ്റ്റ് തരാമെന്ന് ഏട്ടൻ സമ്മതിച്ചു ”

“എന്റെ കൊച്ചേ നീയിങ്ങനെ ഒന്നായിട്ട് പറഞ്ഞാൽ എനിക്ക് വല്ല ഹാർട്ട്‌ അറ്റാക്കും വരും ”

“പെട്ടെന്ന് വാ താമസിച്ചാൽ അങ്ങേര് നമ്മളെ രണ്ടാളേം കളഞ്ഞിട്ട് പോവും ”

“ദാ വന്നു ”

വാഷ് റൂമിലേക്ക് ഓടുന്നതിനിടെ അന്ന പറഞ്ഞു. പെട്ടെന്ന് തന്നെ തിരിച്ചു വന്ന അന്നയോട് ആദി ചോദിച്ചു.

“കൈ ശരിക്കും വാഷ് ചെയ്തല്ലോ അല്ലേ? ”

ചോദ്യഭാവത്തിൽ നോക്കിയ അന്നയോടായി ചിരിയോടെ ആദി പറഞ്ഞു.

“അതേയ് അന്നക്കൊച്ചിന്റെ കാമുകൻ വെജിറ്റേറിയനാണ്. ഏട്ടൻ മാത്രമല്ല ഞങ്ങളെല്ലാവരും ”

വേവലാതിയോടെയാണ് അന്ന പറഞ്ഞത്

“കർത്താവെ എന്റെ ബീഫും പൊറോട്ടയും… നല്ല ചുള്ളൻ അച്ചായൻ ചെറുക്കന്മാര് ഇഷ്ടം പോലെ ഉണ്ടായിട്ടും എനിക്ക് പ്രേമം തോന്നിയ മൊതലിതായിപോയല്ലോ എന്റെ
കർത്താവെ ”

അന്ന പറഞ്ഞു തീരുമ്പോഴേക്കും രുദ്രൻ അവരുടെ അടുത്തെത്തിയിരുന്നു.

“എത്ര സമയമായെന്നറിയുമോ ഞാൻ വെയിറ്റ് ചെയ്യുന്നു. ആദി നീ വരുന്നുണ്ടോ ”

ഉത്തരത്തിന് കാക്കാതെ രുദ്രൻ നടന്നു. പിറകെ അന്നയെയും പിടിച്ചു വലിച്ചു ആദിയും.

“ഇതാണോ ഇങ്ങേരുടെ സ്ഥായിഭാവം ”

അന്നയുടെ പിറുപിറുപ്പ് കേട്ട് രുദ്രൻ ഒന്ന് തിരിഞ്ഞു നോക്കി. ആദി അന്നയുടെ കൈ പിടിച്ചമർത്തി വേഗം നടന്നു.

പാർക്കിങ്ങിൽ എത്തി രുദ്രനൊപ്പം ഫ്രണ്ട് സീറ്റിലേക്ക് കയറുമ്പോൾ ആദി അന്നയെ നോക്കിയൊന്നു കണ്ണടച്ച് കാണിച്ചു. ആരും ഒന്നും സംസാരിച്ചില്ല. അന്ന ഇടയ്ക്കിടെ റിയർവ്യൂ മിററിലൂടെ രുദ്രനെ നോക്കി. കണ്ണുകളിടയുമ്പോൾ രുദ്രൻ നോട്ടം മാറ്റും. അന്ന ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു.

അന്നയുടെ വീടിന്റെ മുൻപിലായി വണ്ടി നിർത്തിയപ്പോൾ അന്ന തെല്ലൊരു അത്ഭുതത്തോടെ രുദ്രനെ നോക്കിയാണ് ഡോർ തുറന്നത്. ആദി കൗതുകത്തോടെ എത്തി നോക്കുന്നത് അന്ന കണ്ടു.

“വീട്ടിൽ ഒന്ന് കയറിയിട്ട് പോവാം ”

“വേണ്ട, എനിക്ക് കുറച്ചു തിരക്കുണ്ട് ”

മറുപടി ഗൗരവത്തിൽ തന്നെയാണ്.

കാർ തിരിച്ചു പോവുമ്പോൾ ആദി അന്നയെ നോക്കി കൈ വീശി. അന്ന രുദ്രനെ നോക്കിയെങ്കിലും അവൻ ശ്രെദ്ധിച്ചില്ല.

“ഇങ്ങേരെ ഞാൻ എങ്ങിനെ മെരുക്കിയെടുക്കും. എന്നതേലും ഒരു വഴി കാണിക്കണേ എന്റെ കർത്താവെ ”

ഉള്ളിൽ എത്തിയപ്പോഴാണ് കിച്ചണിൽ നിന്ന് സംസാരം കേട്ടത്. ജെസ്സിച്ചേച്ചിയും ഡയാന ചേച്ചിയുമാണ്. ഡേവിഡ് അങ്കിളിന്റെ മകളും മരുമോളും. ജെസ്സി അന്നയെ കണ്ടപാടെ പറഞ്ഞു.

“എന്നാലും എന്റെ അന്നക്കൊച്ചേ നീ അവിടെ വരെ വന്നിട്ട് വീട്ടിലോട്ട്
വന്നില്ലല്ലോടി ”

അന്ന ഒന്ന് പരുങ്ങി. എന്തോ പറയാനൊരുങ്ങി. പക്ഷേ അപ്പോഴേക്കും ത്രേസ്യാമ്മ ചോദിച്ചു കഴിഞ്ഞിരുന്നു.

“എവിടെ വന്നിട്ട്? ”

“ഇവളാ സൂര്യമംഗലത്ത് വന്നിരുന്നെന്നെ. അവിടുത്തെ കൊച്ചിന്റെ കൂടെ. വരുന്നത് ഞാൻ കണ്ടിരുന്നു. വീട്ടിലോട്ട് വരുമെന്നാണ് ഞാൻ കരുതിയത് പക്ഷേ… ”

ജെസ്സി പറഞ്ഞുതീരും മുൻപേ ത്രേസ്യാമ്മ അവളുടെ മുൻപിൽ എത്തിയിരുന്നു.

“സത്യമാണോടി ഞാൻ കേട്ടത്. നീ അവിടെ പോയാരുന്നോ? ”

“അമ്മച്ചി അത് ഞാൻ… ”

“പോയാരുന്നോ ഇല്ലയോ ”

ത്രേസ്യാമ്മ വിറയ്ക്കുകയായിരുന്നു.

“പോയിരുന്നു…. ”

തലങ്ങും വിലങ്ങും അടി വീണു. ജെസ്സി ത്രേസ്യാമ്മയെ പിടിച്ചു മാറ്റി. ത്രേസ്യാമ്മ കിതയ്ക്കുന്നുണ്ടായിരുന്നു.

“പറഞ്ഞതല്ലേ ഞാൻ അവിടെ പോകരുതെന്ന് നിന്നോട് ”

അന്നയ്ക് ദേഷ്യവും വാശിയും സങ്കടവും തോന്നി.

“ഞാൻ പോകും, ഇനിയും പോകും.. അവിടെ പോവാതിരിക്കാൻ എനിക്കാവത്തില്ല കാരണം… കാരണം… ”

കരഞ്ഞു കൊണ്ടു അന്ന ഓടി മുറിയിൽ കയറി വാതിലടച്ചു.

ആര് വിളിച്ചിട്ടും അവൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ പോകാൻ നേരം ജെസ്സി ഒരിക്കൽ കൂടി വിളിച്ചപ്പോൾ അന്ന വാതിൽ തുറന്നു. ജെസ്സി അകത്തേക്ക് കയറി. കുറച്ചു സമയം ജെസ്സി അന്നയുടെ അടുത്തിരുന്നു. അന്നയുടെ തലയിൽ തലോടി ജെസ്സി പറഞ്ഞു.

“സൂര്യമംഗലത്തുകാരും നമ്മളും ഒരു കാലത്ത് ഒരു കുടുംബം പോലെ കഴിഞ്ഞവരായിരുന്നു. പിന്നെ എന്തോ ഒരു പ്രശ്നത്തിന്റെ പേരിൽ രണ്ടു കുടുംബങ്ങളും തമ്മിൽ അകന്നു. എന്താണ് കാരണം എന്ന് ഇന്നും വ്യക്തമായി അറിയില്ലെങ്കിലും പ്രശ്നം വലുതായിരുന്നു. നമ്മുടെ ഐസക് അങ്കിളിന്റെയും സൂര്യമംഗലത്തെ ശിവദത്തന്റെയും ആര്യലക്ഷ്മിയുടെയും മരണത്തോടനുബന്ധിച്ചാണെന്നറിയാം. ”

ഞെട്ടലോടെ അന്ന ചോദിച്ചു.

“അവർ എങ്ങിനെയാണ് മരിച്ചത്? ”

“അത്… അത് എന്തോ ആക്‌സിഡന്റ് ആണെന്നായിരുന്നു കേട്ടത്. ഞങ്ങളൊക്കെ അന്ന് ചെറുതല്ലേ. ആരും അതിനെക്കുറിച്ചൊന്നും പറയില്ല ”

“അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ ജെസ്സി ചേച്ചി.. അതിനിപ്പോൾ…. ”

“എന്തെങ്കിലും കാരണം ഉണ്ടാവും മോളെ ”

അവളെ ആശ്വസിപ്പിച്ച് ജെസ്സി തിരിച്ചു പോയിട്ടും അവളുടെ ടെൻഷൻ തീർന്നില്ല.
ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ രുദ്രനോടുള്ള ഇഷ്ടം അമ്മച്ചി അറിഞ്ഞാൽ…
അപ്പച്ചൻ എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല…

മാത്തുക്കുട്ടി വണ്ടി നിർത്തി ഇറങ്ങിയതും ദേവൻ അടുത്തെത്തി.

“എന്താ കാണണമെന്ന് പറഞ്ഞത് അതും രാത്രിയിൽ ”

“അത് തന്നെ. പിന്നെയും എല്ലാം ആവർത്തിക്കാൻ തുടങ്ങുന്നു ”

ദേവൻ ഞെട്ടലോടെ മാത്തുക്കുട്ടിയെ നോക്കി.മാത്തുക്കുട്ടി പറഞ്ഞു തുടങ്ങി.
ദേവൻ വിയർക്കുന്നുണ്ടായിരുന്നു.

“ദേവൻ രുദ്രനോട് സംസാരിക്കണം. അന്നയുമായി അടുക്കരുതെന്ന് പറയണം. അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. അറിയാലോ അന്ന…
ഇതൊക്കെ അറിഞ്ഞാൽ അവൾക്കു താങ്ങാനാവില്ല. ഞാനും ത്രേസ്യയും കണ്ണിലെ കൃഷ്ണമണി പോലെയാണ് അവളെ വളർത്തി കൊണ്ടു വന്നത്. എല്ലാം എല്ലാരും അറിഞ്ഞാൽ ഇല്ലാതാവുന്നത് പലരുടെയും ജീവിതങ്ങളാണ്. ത്രേസ്യ പറഞ്ഞത് പോലെ എത്രയും പെട്ടെന്ന് അവളുടെ കല്യാണം നടത്തിയാൽ മതിയായിരുന്നു ”

മാത്തുക്കുട്ടിയുടെ കണ്ണു നിറഞ്ഞത് കണ്ടു ദേവൻ അയാളുടെ തോളിൽ കൈ വെച്ചു വിളിച്ചു.

“മാത്തച്ചാ… ”

വർഷങ്ങളുടെ അകലം നിമിഷങ്ങൾ കൊണ്ട് ഇല്ലാതാവുകയായിരുന്നു.

അന്ന പിറ്റേന്ന് കോളേജിൽ പോയില്ല. മാത്തുക്കുട്ടി പറഞ്ഞത് കേട്ടിട്ട് അന്ന ത്രേസ്യാമ്മയുടെ അരികിൽ എത്തി. ത്രേസ്യാമ്മ കിടക്കുകയായിരുന്നു. അന്നയുടെ ഒരു കെട്ടിപിടുത്തത്തിലും അമ്മച്ചി എന്ന വിളിയിലും ത്രേസ്യമ്മ പിണക്കം മറന്നു അവളെ ചേർത്ത് പിടിച്ചു ആർക്കും വിട്ടു കൊടുക്കില്ല എന്നത് പോലെ…

വൈകുന്നേരം ആയതോടെ ബോറടി സഹിക്കാൻ വയ്യാതായപ്പോഴാണ് അവൾ ആൽബിയുടെ റൂമിൽ എത്തിയത്.ആൾ മൊബൈലും കൈയിൽ പിടിച്ചു ആലോചനയിലാണ്. ഇത് പതിവില്ലാത്തതാണല്ലോ എന്നാ പറ്റിയോ ആവോ.

“എന്നാ പറ്റി ഇച്ചായോ വല്ല കിളിയും കൂട്ടിൽ കയറിയോ? ”

“നീയും അമ്മച്ചിയും ഇന്നലെ എന്നതായിരുന്നു? ”

“വിഷയം മാറ്റാതെ ഇച്ചായ എന്നതാ പ്രശ്നം ”

“കുറച്ചു പ്രശ്നമാകാൻ ചാൻസ് ഉണ്ട് കൊച്ചേ ”

“സീൻ ആവുമോ ചെറുക്കാ? ”

“അവളുടെ വീട്ടിൽ പ്രശ്നമാകും. നീ കട്ടക്ക് കൂടെ നിൽക്കുവോ ഞാൻ അവളെ വിളിച്ചോണ്ട് വന്നാൽ? ”

“എന്റെ കർത്താവെ എന്നതൊക്കെയാ ഈ പറയുന്നേ. ആട്ടെ ഏതാ പെണ്ണ്? ”

“അതൊക്കെ പറയാടി സമയമാവട്ടെ ”

“എന്തായാലും ഇതോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും. ഇച്ചായൻ പേടിക്കണ്ട ഞാൻ കട്ട സപ്പോർട്ട്. ”

ആരാവും ഇച്ചായന്റെ മനസ്സിൽ എന്നാലോചിച്ചാണ് അന്ന ഉറങ്ങി പോയത്.

പിറ്റേന്നും രുദ്രൻ അന്നയുടെ ക്ലാസ്സിൽ വന്നില്ല. രുദ്രനെ തിരഞ്ഞു നടന്നു അന്ന അവസാനമാണ് ക്യാന്റീനിൽ എത്തിയത്. അവിടെ അമൃതയുടെ അടുത്തിരുന്നു ചിരിയും കളിയുമായി ഭക്ഷണം കഴിക്കുന്ന രുദ്രനെ കണ്ടതും അവൾക്കു കലിയിളകി. അവൾ അവരുടെ അടുത്തേക്ക് നടന്നു.

(തുടരും)

 

Click Here to read full parts of the novel

4.5/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!