Skip to content

പുനർജ്ജനി – Part 9

aksharathalukal pranaya novel

കിതച്ചു കൊണ്ട് പതറാത്ത ശബ്ദത്തിൽ അന്ന പറഞ്ഞു.

“ശരിയാണ്. അന്ന സെൽഫിഷാണ്, പണക്കൊഴുപ്പിൽ അഹങ്കരിച്ചു നടക്കുന്നവളാണ്. തന്നിഷ്ടക്കാരിയാണ്. പക്ഷേ കാമദാഹം തീർക്കാൻ വേണ്ടി രുദ്രദേവിന്റെ പുറകെ നടക്കാൻ മാത്രം അന്ന അത്രയ്ക്കു തരം താണിട്ടില്ല. നിങ്ങളെ ആദ്യം കണ്ടപ്പോൾ തന്നെ എന്റെ ആരോ ആണെന്ന് തോന്നി പോയി.മനസ്സറിയാതെ ഇഷ്ട്ടം തോന്നി പോയി. എന്നെങ്കിലും എന്റെ സ്നേഹം മനസിലാക്കുമെന്ന് കരുതിപ്പോയി. നിങ്ങൾ എന്നെ കാണുന്നത് ഇങ്ങിനെ ആണെന്ന് കരുതിയില്ല. ഇനി രുദ്രന്റെ പിറകെ അന്ന വരില്ല…. ഒരിക്കലും.. ”

വാതിൽ തുറന്നു പുറത്തേക്ക് നടക്കുമ്പോൾ അന്നയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മനസ്സിൽ നിറഞ്ഞു നിന്ന സ്നേഹത്തിൽ വെറുപ്പിന്റെ രേണുക്കൾ കലരുന്നതവളറിയുന്നുണ്ടായിരുന്നു.

ആരെയും നോക്കാതെ അന്ന പുറത്തേക്ക് നടക്കുമ്പോഴാണ് ദേവൻ പുറകിൽ നിന്ന് വിളിച്ചത് .

“അന്ന ഒന്ന് നിൽക്കൂ… ”

അന്ന തിരിഞ്ഞു നോക്കിയപ്പോൾ ദേവൻ അവളുടെ അരികിൽ എത്തി.

“ഞാൻ പറയാൻ പോവുന്ന കാര്യം മോൾക്ക്‌ വിഷമമുണ്ടാക്കുന്നതാണ്. പക്ഷേ പറയാതിരിക്കാനും ആവില്ല, മോളിനി ഇവിടേക്ക് വരരുത്…. ”

ദേവന്റെ ശബ്ദത്തിൽ വേദന ആയിരുന്നെങ്കിലും ആ വാക്കുകൾ ദൃഢമായിരുന്നു. മുഖത്തടിയേറ്റപോലെ നിന്നു പോയി ഒരു നിമിഷം അന്ന.

“ഇല്ല അങ്കിൾ, അന്ന ഇനി ഒരിക്കലും സൂര്യമംഗലത്തേക്ക് വരത്തില്ല . ..”

മുറ്റത്തെത്തിയപ്പോഴേക്കും അന്നയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പിയിരുന്നു .അവളറിയാതെ സൂര്യമംഗലത്തെ മണൽത്തരികളതേറ്റു വാങ്ങി. പടിപ്പുര കടക്കുമ്പോൾ അവളെയൊന്നു തഴുകി തലോടി പോയ ഇളംകാറ്റിൽ പാറിയ മുടിയിഴകളെ ഒരു കൈ കൊണ്ടൊതുക്കി അന്ന വേഗത്തിൽ നടന്നു.

അന്ന പടിപ്പുര കടന്നു പോകുന്നത് നോക്കി നിന്ന ദേവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ദേവന്റെ പിറകിലായി എത്തിയ രുദ്രന്റെ വാക്കുകൾ കേട്ടാണയാൾ തിരിഞ്ഞു നോക്കിയത്.

“അച്ഛൻ പേടിക്കണ്ട, അവളിനി ഒരിക്കലും ഇങ്ങോട്ട് വരില്ല. ഒരു പക്ഷേ അവളിപ്പോൾ ഏറ്റവും വെറുക്കുന്നത് എന്നെയാവും.. ”

രുദ്രന്റെ വാക്കുകളിൽ നിന്ന് ദേവനും ഏറെ നാളായി തോന്നി തുടങ്ങിയ സംശയം ബലപ്പെടുകയായിരുന്നു. രുദ്രന്റെ മനസ്സിൽ അന്ന ഉണ്ടായിരുന്നുവോ?

ആർക്കൊക്കെയോ പറ്റി പോയ തെറ്റുകൾക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് ഈ കുഞ്ഞുങ്ങൾ ആണല്ലോ ദേവി..

ദേവൻ രുദ്രന്റെ മുഖത്തേക്ക് നോക്കിയപ്പോഴേക്കും രുദ്രൻ തിരിഞ്ഞു അകത്തേക്ക് നടന്നിരുന്നു.

എല്ലാം കണ്ടിട്ടും ഒന്നും മനസിലാവാതെ നിൽക്കുന്ന ആദിലക്ഷ്മിയെ നോക്കാതെ അവൻ ഗോവണി പടികൾ കയറി പോയി.

അന്ന വീട്ടിലെത്തിയതും ആരെയും ശ്രദ്ധിക്കാതെ മുറിയിൽ കയറി വാതിലടച്ചു. എങ്ങിനെയാണ് വീട് വരെ എത്തിയത് എന്ന് അവൾക്കു തന്നെ അറിയില്ലായിരുന്നു. ബാത്‌റൂമിൽ കയറി ഷവർ ഓൺ ചെയ്തു പൊട്ടിക്കരഞ്ഞു.

ഒരിക്കലും രുദ്രൻ ഇങ്ങനെ ചെയ്യുമെന്നോ പറയുമെന്നോ കരുതിയില്ല.അവന്റെ വാക്കുകൾ ആണ് അവളെ കൂടുതൽ വേദനിപ്പിച്ചത്. ഇത്രമേൽ സ്നേഹിച്ചിട്ടും തന്നെ ഇങ്ങനെയൊരു പെണ്ണായിട്ടാണ് അവൻ മനസ്സിലാക്കിയത് എന്നത് അവൾക്കു സഹിക്കാനാവുന്നുണ്ടായിരുന്നില്ല. ജീവിതത്തിൽ ആദ്യമായി സ്നേഹിച്ചതും പുറകെ നടന്നതും എല്ലാം രുദ്രന്റെ പിന്നാലെ മാത്രമായിരുന്നു എന്നിട്ടും…

അന്ന വന്നതും റൂമിൽ കയറി പോയതുമെല്ലാം ത്രേസ്യാമ്മ കണ്ടിരുന്നു. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവരിൽ ആധി കയറ്റി. കുറച്ചു ദിവസങ്ങളായി അന്നയുടെ പെരുമാറ്റത്തിൽ എന്തെല്ലാമോ ഒരു പന്തികേട് അവർക്ക് തോന്നിതുടങ്ങിയിരുന്നു. ഇച്ചായനോട് പറഞ്ഞു ആ കല്യാണാലോചനയുടെ കാര്യം മുൻപോട്ട് നീക്കാൻ പറയണം. ത്രേസ്യാമ്മ മനസ്സിലുറപ്പിച്ചു.

ത്രേസ്യാമ്മ എത്ര നിർബന്ധിച്ചിട്ടും ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ തലവേദന ആണെന്ന് പറഞ്ഞു അന്ന മൂടിപ്പുതച്ചു കിടന്നു. മാത്തുക്കുട്ടി വന്നു നോക്കിയപ്പോൾ അന്ന കണ്ണുകളടച്ചു കിടക്കുകയായിരുന്നു. അവളെ ശല്യപ്പെടുത്താതെ അയാൾ വാതിൽ ചാരി പുറത്തേക്കിറങ്ങി.

ദേവൻ കാര്യങ്ങൾ ഒക്കെ അയാളെ വിളിച്ചു പറഞ്ഞിരുന്നു. അന്നയ്ക്ക് രുദ്രനോടുള്ള പ്രണയം മാത്തുക്കുട്ടി പറഞ്ഞു ദേവനറിയാമായിരുന്നു. പക്ഷേ സൂര്യമംഗലത്ത് വെച്ച് അന്നയ്ക്കും രുദ്രനുമിടയിൽ സംഭവിച്ചതെന്താണെന്ന് മാത്രം അവർക്കറിയില്ലായിരുന്നു. അന്നയെ ഒഴിവാക്കാൻ രുദ്രൻ എന്തോ പറഞ്ഞെന്ന് മാത്രമേ അവർ കരുതിയുള്ളൂ.

മക്കളിൽ ഏറ്റവും സ്നേഹിച്ചത് അന്നയെയാണ്. അവളുടെ കണ്ണൊന്നു നിറയുന്നത് സഹിക്കാനാവില്ല തനിക്കും ത്രേസ്യാമ്മയ്ക്കും. പലപ്പോഴും അവളെ വഴക്ക് പറഞ്ഞതിന്റെ പേരിൽ വിഷമിച്ചിരുന്നിരുന്ന ത്രേസ്യാകൊച്ചിനെ താനേ കണ്ടിട്ടുള്ളൂ. എന്നിട്ടിപ്പോൾ താനായിട്ട് തന്നെ തന്റെ കൊച്ചിനെ വേദനിപ്പിക്കേണ്ടി വന്നു.

രുദ്രൻ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കുറച്ചു കഴിഞ്ഞു അവൻ എഴുന്നേറ്റു ടേബിൾ ലാമ്പ് ഓൺ ചെയ്തു. മേശപ്പുറത്തിരിക്കുന്ന ഡയറിയെടുത്തു, പതിയെ പേജുകൾ മറിച്ചു. അന്നയെ ആദ്യം കണ്ടത് മുതലുള്ള അവളുടെ ഓരോ കുറുമ്പുകളും അക്ഷരങ്ങളായി ആ താളുകളിൽ പതിഞ്ഞിരുന്നു. ഒരുപാട് ഇഷ്ടമാണ് ആ ചട്ടമ്പി പെണ്ണിനെ. അവളുടെ കുറുമ്പുകളെ.. അമൃതയോടൊപ്പം നടക്കുന്നത് കാണുമ്പോൾ പെണ്ണിന്റെ കണ്ണുകളിൽ തെളിയുന്ന അസൂയയും കുശുമ്പും താനും ആസ്വദിക്കുകയായിരുന്നു പലപ്പോഴും.. രുദ്രൻ അറിയാതൊന്നു പുഞ്ചിരിച്ചു.

കുറച്ചു വേലത്തരം കൂടുതലാണ്, ഇച്ചിരി അഹങ്കാരവും.. കാന്താരിയുടെ എരിവൊന്ന് കുറയട്ടെയെന്ന് കരുതിയാണ് മൈൻഡ് ചെയ്യാതെ നടന്നത്. അന്ന് കാർ ഇടിച്ചു കയറ്റിയപ്പോഴേ പെണ്ണ് മനസിലേക്ക് ഇടിച്ചു കയറിയിരുന്നു. പക്ഷേ ആദിയെ വണ്ടി തട്ടിച്ചുവെന്നൊക്കെ പറഞ്ഞു അമൃത എരിവ് കയറ്റി വിളിച്ചു വരുത്തിയപ്പോൾ അറിഞ്ഞിരുന്നില്ല ഈ കാന്താരി ആണ് അതെന്ന്. അമൃതയുടെ വാക്കുകൾ കേട്ടാണ് അന്നവളെ അടിച്ചത്. അമൃതയും അവളും തമ്മിലുള്ള പ്രശ്നങ്ങളൊക്കെ ആദി പറഞ്ഞിട്ടാണ് അറിഞ്ഞത്.

അന്ന് ആദ്യമായി ഇവിടെ തന്റെ മുറിയിൽ അവളെ കണ്ടപ്പോൾ മനസ്സ് തുടിക്കുകയായിരുന്നു പ്രണയം പറയാൻ. അവൾ റൂമിൽ കയറിയതിന്റെ തൊട്ട് പിറകെ താനും എത്തിയിരുന്നു. അവളുടെ ഓരോ ഭാവങ്ങളും കണ്ടു ആസ്വദിച്ചു ചിരിയടക്കി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. പെണ്ണിന്റെ കൈ ഡയറിയിലേക്ക് എത്തിയതും മുൻപിൽ വരാതെ രക്ഷയില്ലെന്നായി. ഇതിൽ അവളെ പറ്റി എഴുതിവെച്ചിരിക്കുന്നത് കണ്ടാൽ പെണ്ണ് തന്റെ നെഞ്ചത്ത് ബാൻഡ് മേളം നടത്തും, അതാണ് മൊതല്. അന്ന് ഒരു ശ്വാസത്തിനകലെ, ചുമരോട് ചേർന്നു കണ്ണുകൾ ഇറുകെ അടച്ചു നിൽക്കുന്ന അവളുടെ അധരങ്ങൾ സ്വന്തമാക്കാൻ തോന്നിയതാണ്. പണിപ്പെട്ടാണ് മനസ്സിനെ അടക്കി നിർത്തിയത്. പിന്നെ ആ നിൽപ്പ് കണ്ടപ്പോൾ ചിരിയാണ് വന്നത്.

അടുത്ത നിമിഷം അന്നയുടെ കണ്ണിൽ നിന്നൊഴുകിയ കണ്ണീരിന് കാരണമായ ആ രംഗം മനസ്സിലെത്തിയതും രുദ്രന്റെ ചുണ്ടിലെ ചിരി മാഞ്ഞു. അതല്ലാതെ അന്ന തന്നെ വെറുക്കാൻ, സ്വയം അകന്നു പോകാൻ മറ്റൊരു വഴിയും കണ്ടില്ല.

ഒരിക്കൽ നെഞ്ചോടു ചേർത്തു നിർത്തി പറയണമെന്ന് കരുതിയതാണ് നീയെൻ ജീവനാണെന്ന്…. പക്ഷേ…

ആദ്യം അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഒന്നും ഉൾക്കൊള്ളാനായില്ല. വിശ്വസിച്ചില്ലെന്ന് തന്നെ പറയാം. പക്ഷേ പിറകെ വന്ന ആ ഫോൺ കാളും തുടർന്നുണ്ടായ മാത്തൻ അങ്കിളുമായുള്ള കൂടിക്കാഴ്ചയുമൊക്കെ മനസ്സ് തകർക്കുന്നതായിരുന്നു.

അന്നയുമായി അടുക്കാൻ പാടില്ലെന്ന് അവർ പറയുമ്പോഴേക്കും ആരുമറിയാതെ, മറക്കാൻ കഴിയാത്ത വിധം, അവൾ നെഞ്ചിൽ ചേക്കേറി കഴിഞ്ഞിരുന്നു . പക്ഷേ അവാൾക്ക് വേണ്ടി, താനേറേ ബഹുമാനിക്കുന്നവർക്ക് വേണ്ടി, സ്നേഹിക്കുന്നവർക്ക് വേണ്ടി, മനസ്സിലെ സ്നേഹത്തിനെ ഇനി ഒരിക്കലും പുറത്തു വരാതെ തടഞ്ഞു നിർത്തണമെന്ന് തീരുമാനിക്കേണ്ടി വന്നു. ഇഷ്ടത്തെ ബലി കഴിക്കേണ്ടി വന്നു…

രുദ്രൻ കസേരയിൽ തല ചായ്ച്ചു കണ്ണുകളടച്ചു കിടന്നു.

അന്ന പിറ്റേന്ന് കോളേജിൽ പോയില്ല. അന്നും മാത്തുക്കുട്ടി റൂമിൽ വന്നപ്പോൾ അവൾക്കൊഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. അയാളെ കെട്ടിപിടിച്ചു അന്ന കരഞ്ഞു. രുദ്രൻ തന്നെ വല്ലാതെ തെറ്റിദ്ധരിച്ചു എന്ന് മാത്രമേ അവൾ പറഞ്ഞുള്ളൂ. തന്റെ നെഞ്ചിൽ വീണു കരയുന്ന അവളുടെ കണ്ണീർ കണ്ടപ്പോൾ കുറ്റബോധം കൊണ്ടു മാത്തുക്കുട്ടിയുടെ മനസ്സ് പിടയുകയായിരുന്നു

“അപ്പച്ചൻ ഒരു കാര്യം പറയട്ടെ അന്നത്തെ ആ പ്രൊപോസൽ നമുക്കൊന്ന് നോക്കിയാലോ അന്നക്കൊച്ചേ? ആ പയ്യന് നിന്നെ മുൻപേ അറിയാവുന്നതാണ്. അവരൊന്നു വന്നു ചുമ്മാ കണ്ടു പൊയ്ക്കോട്ടേന്നേ. അഥവാ മോൾക്കിഷ്ടമായാലും പെട്ടെന്നൊന്നും നടത്തണ്ടന്നെ. ഉറപ്പിച്ചു വെക്കാലോ ”

“അപ്പച്ചാ ……. ”

ദയനീയമായി വിളിച്ചു കൊണ്ടാണ് അന്ന നിഷേധാർഥത്തിൽ തലയാട്ടിയത്.

“എനിക്കാവില്ല അപ്പച്ചാ… സാറിനെ പെട്ടെന്നൊന്നും മറക്കാൻ എനിക്കാവില്ല. പക്ഷേ ഇനി ഞാൻ പുറകെ നടക്കില്ല. ഇപ്പോൾ മറ്റൊന്നിനും അപ്പച്ചൻ എന്നെ നിർബന്ധിക്കരുത്….. പ്ലീസ്… ”

കൈകൾ കൊണ്ടു മുഖം മറച്ചു അന്ന പൊട്ടിക്കരഞ്ഞു.

വല്ലായ്മയോടെ പുറത്തിറങ്ങിയ മാത്തുക്കുട്ടി വാതിൽക്കൽ നിൽക്കുന്ന ത്രേസ്യാമ്മയെ കണ്ടു ഞെട്ടി. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

മാത്തുക്കുട്ടി വാതിൽ ചാരി ഇറങ്ങുമ്പോൾ അന്ന മനസ്സിൽ പറയുകയായിരുന്നു.

“ഈ ജന്മം രുദ്രദേവിനെ മറക്കാൻ എനിക്കാവില്ല. ഈ ചുണ്ടുകളിലെ നീറ്റൽ മരണം വരെ എന്റെ മനസ്സിലുണ്ടാവും.എന്റെ ആദ്യപ്രണയം.. പക്ഷേ പുറകെ വരില്ല ഞാൻ. ഇനി ഒരിക്കലും…. ”

“എന്നതൊക്കെയാ ഇച്ചായാ ഞാനീ കേട്ടത് ”

മുറിയിൽ എത്തിയപാടെ മാത്തുക്കുട്ടിയുടെ ഷിർട്ടിൽ മുറുകെ പിടിച്ചാണ് ത്രേസ്യാമ്മ ചോദിച്ചത്.

ഒരു നിമിഷം കഴിഞ്ഞാണ് മാത്തുക്കുട്ടി മറുപടി പറഞ്ഞത്.

“സത്യമാണ് ത്രേസ്യാകൊച്ചേ നീ കേട്ടതെല്ലാം. അവൾ രുദ്രനെ സ്നേഹിക്കുന്നു. ഞാനാണ്… ഞാനാണ് ദേവനോട് പറഞ്ഞത് അവരെ തമ്മിൽ അകറ്റണമെന്ന്.രുദ്രനോടും ഞാൻ പറഞ്ഞു. രുദ്രന് അവളെയും ഇഷ്ടമാണ്. അതവന്റെ കണ്ണുകളിൽ ഞാൻ
കണ്ടതാണ്. ”

ഒന്ന് നിർത്തി ഇടറുന്ന സ്വരത്തിൽ അയാൾ തുടർന്നു.

“അവൾ അവന്റെ പെണ്ണാണ്. അവളുടെ സ്നേഹം അർഹിക്കുന്നവനാണെന്ന് അറിയാഞ്ഞിട്ടല്ല. അവനെക്കാൾ നല്ലൊരുത്തനെ നമ്മുടെ മോൾക്ക്‌ കിട്ടില്ലെന്നും അറിയാം. പക്ഷേ…
അന്ന സത്യങ്ങളൊക്കെ അറിയുമ്പോൾ…മറ്റുള്ളവരുടെ ജീവിതം കൂടി തകരാൻ അവൾ കാരണമായി കൂടാ. ഇതിലും വേദനയോടെ അവൾ കരയുന്നത് കാണാതിരിക്കാനാണ് ഞാൻ…. ”

പറയാൻ വന്നത് മുഴുമിപ്പിക്കാതെ മാത്തുക്കുട്ടി നിന്നു…

വൈകുന്നേരം ഫ്രഷ്‌ ആയി റൂമിൽ നിന്ന് പുറത്തേക്കിറങ്ങി വന്ന അന്ന അവളുടെ സംസാരവും കളികളും കൊണ്ട് എല്ലാവരെയും അത്ഭുതപെടുത്തി. അവരുടെ പഴയ ആ അന്നക്കൊച്ചിനെ തിരിച്ചു കിട്ടിയ സന്തോഷം മാത്തുക്കുട്ടിയൊഴികെ എല്ലാരുടെയും മുഖത്തുണ്ടായിരുന്നു.

പിറ്റേന്ന് അന്ന നേരത്തെ തന്നെ കോളേജിൽ എത്തി. പതിവ് പോലെ തന്നെ ച്യൂയിങ് ഗം ചവച്ചു വണ്ടിയിൽ നിന്നിറങ്ങി കീ ചൂണ്ടു വിരലിലിട്ട് കറക്കി ക്ലാസ്സിലേക്ക് നടന്നു പോവുന്ന അന്നയെ തെല്ലൊരമ്പരപ്പോടെയാണ് അമൃത നോക്കിയത്. അമൃതയെ നോക്കി പുച്ഛത്തിൽ ഒന്ന് ചിരിച്ചു അന്ന നേരേ ക്ലാസ്സിലേക്ക് വെച്ചടിച്ചു.

കാന്റീൻലെ സംഭവത്തോടെ ഇവളൊന്ന് ഒതുങ്ങി എന്നായിരുന്നല്ലോ കരുതിയിരുന്നത്. ഇതെന്താ ഇപ്പോൾ ഇങ്ങനെ? വല്ലാത്തൊരു ജന്മമാണല്ലോ.

മനസ്സിൽ പറഞ്ഞു കൊണ്ട്, അന്ന പോവുന്നത് തെല്ലൊരസൂയയോടെയാണ് അമൃത നോക്കിയത്.

പഴയതിനേക്കാളും ഉഷാറായും സ്മാർട്ട്‌ ആയും അന്ന തിരിച്ചെത്തിയെന്നത് അവളുടെ ഫ്രണ്ട്‌സ് സന്തോഷത്തോടെയാണ് സ്വീകരിച്ചത്. പക്ഷേ ചിരിയോടെ ആണെങ്കിലും അവളെ നോക്കിയ വിദ്യയുടെ കണ്ണുകളിൽ മാത്രം സംശയത്തിന്റെ നിഴലുകൾ ഉണ്ടായിരുന്നു. ഉണങ്ങിയതെങ്കിലും അന്നയുടെ ചുണ്ടിലെ നേർത്തൊരു മുറിവും അവളുടെ ശ്രദ്ധയിൽ പെട്ടിരുന്നു.

സെക്കന്റ്‌ അവർ രുദ്രൻ ആയിരുന്നു ക്ലാസ്സെടുക്കേണ്ടതെങ്കിലും അവൻ ക്ലാസ്സിൽ എത്തിയില്ല. രാവിലെ രുദ്രനും ആദിലക്ഷ്മിയും വണ്ടിയിൽ വന്നിറങ്ങിയത് അന്ന കണ്ടിരുന്നു.

ലൈബ്രറിയിൽ ബുക്ക്‌ റിട്ടേൺ ചെയ്തു തിരിച്ചിറങ്ങുമ്പോഴാണ് സ്റ്റെപ് കയറി തൊട്ട് മുൻപിൽ എത്തിയ രുദ്രനെ അന്ന കണ്ടത്. അവളെ നോക്കിയ അവന്റെ കണ്ണുകൾ ആ ചുണ്ടുകളിൽ ഒരു മാത്ര തങ്ങി നിന്നിട്ടാണ് അവളുടെ മിഴികളിൽ എത്തിയത്. പതറാതെ അവനെ ഒന്ന് നോക്കിയിട്ട് അന്ന കുറച്ചകലെയായി വാക മരച്ചോട്ടിൽ തന്നെക്കാത്ത് നിൽക്കുന്ന ഫ്രണ്ട്‌സിനരികിലേക്ക് നടന്നു.

പ്രാക്ടിക്കൽസ് കഴിഞ്ഞു നേരത്തെ ലാബിൽ നിന്നിറങ്ങിയ അന്നയുടെ കൂടെ വിദ്യയുമുണ്ടായിരുന്നു. മറ്റുള്ളവരെ കാത്തു പുറത്തെ സിമെന്റ് ബെഞ്ചിൽ ഇരിക്കുമ്പോഴാണ് വിദ്യ ചോദിച്ചത്.

“ഇനി പറ എന്താ നിങ്ങൾ തമ്മിലുള്ള
പ്രശ്നം? ”

ഒന്നുമറിയാത്ത ഭാവത്തിൽ തന്നെ നോക്കിയ അന്നയോടായി വിദ്യ പറഞ്ഞു.

“ഇതെല്ലാം നിന്റെ അഭിനയം ആണെന്ന് എനിക്ക് നന്നായി അറിയാം അന്ന ‘

പിന്നെ അന്ന ഒന്നും ഒളിച്ചില്ല. എല്ലാം പറഞ്ഞു തീർന്നപ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നനഞ്ഞു.

കേട്ടതൊന്നും വിശ്വസിക്കാനാവാതെ വിദ്യ പറഞ്ഞു.

“നീ പറഞ്ഞതൊന്നും വിശ്വസിക്കാൻ ആവുന്നില്ല അന്ന. രുദ്രൻ സാറിനു നിന്നോടൊരിഷ്ടം ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. നിന്നെ ആശിപ്പിക്കണ്ട എന്ന് കരുതി പറയാതിരുന്നതാണ് ഞാൻ. ഒരു കാര്യം ചോദിക്കട്ടെ ഞാൻ, ഇനി നീ പുറകെ നടക്കാതിരിക്കാൻ വേണ്ടി ആയിരിക്കുമോ സർ ഇങ്ങനെയൊക്കെ ചെയ്തത്? ”

“അതിനു ഇങ്ങനെയൊക്കെ ചെയ്യണോ വിദ്യ? . ആണെങ്കിൽ തന്നെ എന്തിനു? ”

“നിന്റെ ചോദ്യങ്ങൾക്കൊന്നുമുള്ള ഉത്തരം എന്റെ കൈയിലില്ല അന്ന. എന്റെ ഒരു തോന്നൽ ഞാൻ പറഞ്ഞുവെന്നേയുള്ളൂ ”

പതിവില്ലാതെ, തന്നോട് മുട്ടാൻ മടിച്ചിരുന്ന പൂവൻ ചേട്ടൻമാർക്കൊക്കെ അവൾ തീറ്റ വാരി വിതറി, ഒരു തരം വാശിയോടെ… അവൾ എങ്ങനെയാവും പ്രതികരിക്കുക എന്ന പേടിയോടെ അവളോട് അടുക്കാൻ മടിച്ചിരുന്ന കോഴികളൊക്കെ അന്തം വിട്ടു നിന്നു.

രുദ്രൻ എല്ലാം കാണുന്നുണ്ടായിരുന്നു. തന്നെ കാണിക്കാനാണ് അവൾ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അറിയാമെങ്കിലും അവളുടെ പ്രവൃത്തികൾ കണ്ടു അവൻ ദേഷ്യം കൊണ്ട് നീറി പുകഞ്ഞു.

ആ പിള്ളേരുടെ ഇടയിൽ നിന്ന് കൊഞ്ചികുഴയുന്ന അവളെ കാണുമ്പോൾ വലിച്ചു നിർത്തി കവിളിൽ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നുന്നത്.

ദേഷ്യം കടിച്ചമർത്തി ക്ലാസ്സിലേക്ക് നടക്കുമ്പോൾ രുദ്രൻ മനസ്സിൽ പറഞ്ഞു.

ലഞ്ച് കഴിഞ്ഞു ലേഡീസ് ബ്ലോക്കിലേക്ക് നടക്കുന്നതിനിടെ ലാബിനടുത്തെത്തിയപ്പോഴാണ് തനിക്കെതിരെ വരുന്ന ആദിയെ അവൾ കണ്ടത്.

“അന്നകൊച്ചേ എന്തേ ഇന്നലെ വരാതിരുന്നത്? ഞാൻ നോക്കി വന്നിരുന്നു ”

തന്റെ കൈയിൽ പിടിച്ച ആദിയുടെ കൈ പതിയെ എടുത്തു മാറ്റി അന്ന പറഞ്ഞു.

“ആദി നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ അന്ന എല്ലാം ഉപേക്ഷിച്ചു കൊച്ചേ, കൂടെ നിന്നോടുള്ള സൗഹൃദവും… ”

പകച്ചു നിൽക്കുന്ന ആദിയെ നോക്കാതെ മുൻപോട്ട് നടക്കുമ്പോൾ അന്ന കണ്ടു ലാബിൽ നിന്ന് പുറത്തേക്കിറങ്ങവേ എല്ലാം കണ്ടും കേട്ടും നിൽക്കുന്ന രുദ്രനെ. അവനിരികിലൂടെ രുദ്രനെ നോക്കാതെ അന്ന കടന്നു പോയി.

ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ പീരിയഡീൽ ആണ് രുദ്രൻ ക്ലാസ്സിൽ എത്തിയത്. ഒട്ടും കൂസലില്ലാതെ അല്പം ഗൗരവത്തോടെ തന്നെ അവനെ നോക്കുന്ന അന്നയെ കണ്ടു രുദ്രന് അത്ഭുതമൊന്നും തോന്നിയില്ല. അവനത് പ്രതീക്ഷിച്ചിരുന്നു. നോട്സ് എഴുതുന്നതിനിടെ ഇടക്കൊന്നു തലയുയർത്തിയ അന്ന കണ്ടത് തന്നെ നോക്കുന്ന രുദ്രനെയാണ്. അവളുടെ നോട്ടത്തിൽ അല്പമൊന്നു പതറിയെങ്കിലും അത് പുറത്തു കാട്ടാതെ അവൻ തുടർന്നു.

സെമിനാറിന്റെ റഫറൻസിനായി വാങ്ങിയ ബുക്ക്‌ മിനി മിസ്സിനെ തിരിച്ചേൽപ്പിക്കാനാണ് അന്ന ഡിപ്പാർട്മെന്റിൽ എത്തിയത്. ബുക്കുമെടുത്ത് ക്ലാസ്സിലേക്ക് പോവാൻ തുടങ്ങുന്ന രുദ്രനെ മാത്രമേ അന്ന അവിടെ കണ്ടുള്ളു. അവളെ കടന്നു പോകവേ അന്നയെ നോക്കാതെയാണ് രുദ്രൻ പറഞ്ഞത്.

“അഭിനയം ആവാം പക്ഷേ ഒരുപാട് ഓവർ ആവരുത് ”

രുദ്രൻ സർ ഒന്ന് നിന്നെ.. ”

പിറകിൽ നിന്ന് അന്നയുടെ ശബ്ദം കേട്ടാണ് രുദ്രൻ തിരിഞ്ഞത്…

(തുടരും )

 

Click Here to read full parts of the novel

3.5/5 - (22 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!