Skip to content

മിലൻ – Part 3

milan aksharathalukal novel

എന്റെ നല്ല ജീവൻ പോയി,.. തൊണ്ടയിലെ വെള്ളം വറ്റി, ജനാർദ്ദനൻ അങ്കിൾ പറഞ്ഞ നല്ലവനായ ആ മാഷ്,.. അത് ഈ കടുവയായിരുന്നോ ? ഇയാളെ ആണല്ലോ ഈശ്വരാ ഇവിടെ താമസിപ്പിക്കുന്നതിൽ വിരോധമില്ലെന്ന് ഞാൻ പറഞ്ഞത്,.

“ആ,.. ഉച്ച കഴിഞ്ഞ് ലീവ് എടുത്തു,.. ” അടുത്തേക്ക് വന്ന ജനാർദ്ദനൻ അങ്കിളിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു,..

അപ്പോൾ ഇയാൾക്ക് ചിരിക്കാനും അറിയാം,..

“വീട്ടിലെല്ലാരും? ”

“സുഖമായി ഇരിക്കുന്നു,… ”

“ഇതാണ് വീട് വാങ്ങിച്ച !” ജനാർദ്ദനൻ അങ്കിൾ എന്നെ പരിചയപ്പെടുത്തുവാനായി തുടങ്ങിയതും അയാൾ ഇടയ്ക്ക് കയറി,…

“അറിയാം,.. പരിചയമുണ്ട്,… ” അതിൽ അൽപ്പം കനം ഇല്ലേ?

അപ്പോഴാണ് ഞാൻ കയ്യിലെടുത്ത ബുക്കിനെക്കുറിച്ച് എനിക്കോർമ്മ വന്നത്,.. ഈശ്വരാ ബുക്ക് കൈയ്യിൽ ഉണ്ടെന്ന കാര്യം വരെ ഞാൻ ടെൻഷനിൽ മറന്നു പോയല്ലോ,.. ഇനി ഇതിന്റെ പേരിൽ,..

അതേപടി ബുക്ക് തിരികെ വെച്ച് ഞാൻ പുറത്തേക്കിറങ്ങി,… അയാളുടെ അർത്ഥം വെച്ചുള്ള നോട്ടത്തിൽ ഞാനൊന്ന് ചൂളിപ്പോയി,…

അപ്പോൾ എന്റെ ധാരണകൾ എല്ലാം തെറ്റായിരുന്നു, ഇയാൾക്കറിയാമായിരുന്നു ഞാൻ അനുപമയാണെന്ന്.. എങ്കിലും ഇയാൾ അപരിചിതത്വം കാണിച്ചത് എന്തിനാണ്,… ദൈവമേ ചീത്തപ്പേരിന് പിന്നാലെ ചീത്തപ്പേര് കൂടുവാണല്ലോ,.. കണ്ടകശനിയാണെന്നാ തോന്നണേ,…

“സാറെന്തെലും കഴിച്ചാരുന്നോ? ”

“ഇല്ല ജനാർദ്ദനൻ ചേട്ടാ !”

“യാമിനിയുടെയും അനുക്കൊച്ചിന്റെയും നേതൃത്വത്തിൽ അസ്സൽ ഊണ് തയ്യാറായിട്ടുണ്ട്,.. കൈ കഴുകി ഇരുന്നോളു,… ”

അമ്പടാ ഇയാൾക്ക് വെച്ചുണ്ടാക്കാനാണോ ദൈവമേ മുബൈയിലെ ഉണ്ടായിരുന്ന നല്ലൊരു ജോലിയും കളഞ്ഞ് ഞാനിങ്ങോട്ടേക്ക് വന്നത്,….

“ആഹാ, നല്ല വിശപ്പുണ്ട്, ഞാനൊന്ന് ഡ്രസ്സ്‌ മാറിയിട്ട് വരാം !”

“ശരി,.. പോയിട്ട് വരൂ ! ” അപ്പോഴാണ് ജനാർദ്ദനൻ അങ്കിൾ നിശബ്ദയായി നിൽക്കുന്ന എന്നെ ശ്രദ്ധിച്ചത്,..

” അല്ല മോൾക്ക് എന്താ പറ്റിയെ? ഊണ് കഴിക്കാൻ വരുന്നില്ലേ? ”

“വരാം അങ്കിളേ, നിങ്ങള് കഴിച്ചോ എനിക്കൊന്ന് ഫ്രഷ് ആവണം .. ” അയാളെ തിരിഞ്ഞ് ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ റൂമിലേക്ക് വച്ചുപിടിച്ചു,…

ഈശ്വരാ ഇയാൾക്കൊപ്പം ഞാൻ എങ്ങനെ കഴിഞ്ഞുകൂടാനാണ്? വല്ലാത്ത ഒരു പെടലായി പെട്ടത്,..

എന്റെ ഒരവസ്ഥ,.. നട്ടുച്ചക്ക് വെള്ളം മേത്തുവീണപ്പോഴും ഞാൻ തണുത്തുവിറച്ചു,.. ഐസുപോലെ,… ഇത്രേം തണുപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, അല്ലെങ്കിൽ യാമിനി ചേച്ചിയോടിത്തിരി വെള്ളം ചൂടാക്കാൻ പറഞ്ഞാൽ മതിയാരുന്നു,…

തലയും തുവർത്തി ഡ്രെസ്സും മാറി ഞാൻ കട്ടിലിൽ വന്നിരുന്നു,.. കടുവയുടെ തീറ്റ കഴിഞ്ഞിട്ടുണ്ടാവില്ല,.. വെയിറ്റ് ചെയ്യാം,.. അയാളുടെ മുഖം കാണുമ്പോൾ തന്നെ ഒരു വെറുപ്പ് ഉള്ളിൽ ഇരച്ചു കേറും,. അയാൾക്കൊപ്പമിരുന്ന് ആസ്വദിച്ചു കഴിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല,.. സോ ഇറ്റ് ഈസ്‌ ബെറ്റർ ടു വെയിറ്റ് !”

വിശന്നിട്ടു വയറു കത്തുന്നു,.. ഇയാൾക്ക് പെട്ടന്ന് കഴിച്ചിട്ട് എണീറ്റാൽ എന്താ കുഴപ്പം,.. ഇത് എന്നോടുള്ള വാശി തന്നെയാണ്,.. പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തംകൊളുത്തിപ്പട എന്ന അവസ്ഥയായല്ലോ ഈശ്വരാ എന്റേത്,..

“മോളെ,.. ” യാമിനി ചേച്ചിയാണ്,.. ഊണ് കഴിക്കാൻ വിളിക്കാൻ വന്നതാവും,.. അയാൾ എണീറ്റുകാണും,. ഞാൻ വാതിൽ തുറന്നു,..

“എന്ത് കുളി ആയിരുന്നു ഇത്? കഴിക്കണ്ടേ? ”

“ആ വരുവാ ചേച്ചി !”

“ഭക്ഷണമൊക്കെ തണുത്താൽ രുചി കിട്ടില്ല,… ”

“മ്മ്മ്,. അല്ല മാഷും അങ്കിളുമൊക്കെ കഴിച്ചു കഴിഞ്ഞോ? ” ഞാൻ നൈസ് ആയിട്ട് ചോദിച്ചു,..

“ഓ, അവരൊക്കെ എപ്പോഴേ കഴിഞ്ഞു,.. ഞാൻ മോളെ നോക്കി ഇരിക്കുവായിരുന്നു !”

ശ്ശേ,.. ഞാൻ കാരണം ചേച്ചി കൂടെ പട്ടിണി ഇരിക്കേണ്ടി വന്നു,…

അയാളാ പരിസരത്തെങ്ങുമില്ല,.. ഉച്ചമയക്കത്തിലാവും,.. അയാൾക്ക് മയങ്ങാലോ, സമാധാനം പോയത് എന്റെയാണല്ലോ… ഡിപ്രെഷന്റെ ആഴം കൂടുകയല്ലാതെ കുറയാൻ യാതൊരു ചാൻസും കാണുന്നില്ല,…

യാമിനി ചേച്ചിയുടെ അടിപൊളി ഊണ് താൽക്കാലത്തെ എന്റെ വിഷമങ്ങളെ എല്ലാം മാറ്റി നിർത്തി,…

“ചേച്ചി, ഇതിന്റെയൊക്കെ ടിപ്സ് എനിക്ക് കൂടെ ഒന്ന് പറഞ്ഞു തരണേ,… !”

“ഓ അതിനെന്താ !”

ഭക്ഷണം കഴിച്ചതിന്റെ ആധിക്യം കൂടിയത്കൊണ്ടോ, യാത്രാക്ഷീണം കൊണ്ടോ,.. എനിക്ക് നേരിയ ക്ഷീണം അനുഭവപ്പെട്ടു,..

“ഞാനൊന്ന് കിടക്കട്ടെ ചേച്ചി !”

“ശരി !”

റൂമിൽ ചെന്നപ്പോഴാണ് ഫോണിന്റെ കാര്യം ഓർമ വന്നത്,.. അയ്യോ സ്വിച്ച് ഓഫ്‌ ആയിരുന്നല്ലോ,.. അച്ഛൻ വിളിച്ചുകാണും കുറേ,…

എന്റെ ഊഹം ശരിയായിരുന്നു, അച്ഛനും അമ്മയും മാറിമാറി വിളിച്ചിരിക്കുന്നു,… ഞാൻ അച്ഛന്റെ നമ്പറിലേക്ക് തിരികെ വിളിച്ചു,…

എന്റെ കോൾ പ്രതീക്ഷിച്ചിരുന്നത്കൊണ്ടോ എന്തോ പെട്ടന്നച്ഛൻ ഫോൺ എടുത്തു,…

“ആ അച്ഛാ !”

“എന്ത് പണിയാ മോളെ നീ കാണിച്ചത്? ”

“അത് അച്ഛാ ഞാൻ,… ”

” നിനക്ക് പറയാമായിരുന്നില്ലേ വയനാട്ടിലേക്ക് പോണമെന്നു,.. എങ്കിൽ കൊണ്ട് വിടുമായിരുന്നല്ലോ ഞാൻ,… ”

“സോറി അച്ഛാ,.. വീട്ടിൽ പറഞ്ഞാൽ അമ്മ വിടില്ലാന്നു തോന്നി അതാ പറയാഞ്ഞത്,.. ”

“എന്നാൽ ഫോൺ എങ്കിലും ഒന്നെടുത്തുകൂടെ,. അമ്മ വിളിച്ചപ്പോൾ നീ കട്ട്‌ ചെയ്തു,.. ഞാൻ വിളിച്ചപ്പോൾ ആകട്ടെ സ്വിച്ച് ഓഫ്,.. പേടിച്ചു പോവില്ലേ ഞങ്ങൾ,.. ”

“റിലാക്സ് അച്ഛാ,.. എന്റെ ഫോൺ ചാർജ് തീർന്നു ഓഫ് ആയതാ അതാ പറ്റീത്! ”

“എന്താണേലും, ജഗന്ധൻ വിളിച്ചപ്പോ ആണ് നീ അവിടെ എത്തിയ കാര്യം അറിയണത്, ”

“ഹേ അപ്പോൾ നിങ്ങളാരും എന്റെ ലെറ്റർ വായിച്ചില്ലേ? ”

“എന്ത് ലെറ്റർ? ”

“ടേബിളിൽ ഞാൻ ലെറ്റർ എഴുതി വെച്ചിട്ടുണ്ടായിരുന്നു ഞാൻ വയനാട്ടിലേക്ക് പോവാണ് എന്നും പറഞ്ഞ് !”

“ആ ഞാനെങ്ങും കണ്ടില്ല !”

അപ്പോൾ ആദ്യമേ ഞാൻ 3ജി,.. ഇപ്പോൾ വീണ്ടും വീണ്ടും 3ജി ആവുന്നതിൽ അത്ഭുതമൊന്നും പറയാനില്ല,..

“എങ്ങനുണ്ട് സൗകര്യങ്ങൾ ഒക്കെ? ”

“കൊള്ളാം അച്ഛാ, എനിക്കിഷ്ടപ്പെട്ടു, അറ്റ്മോസ്ഫിയർ ഒക്കെ ,.. !”

“എന്തായാലും ഞാനും കൂടെ അങ്ങോട്ടേക്ക് വരാം,… ”

അയ്യോ,.. അച്ഛൻ വന്നാൽ കാര്യങ്ങൾ എല്ലാം കൈയ്യിൽ നിന്നും പോകും,.

“അതിന്റെ ആവശ്യമില്ല അച്ഛാ,.. ഇവിടെ ജഗന്ധനങ്കിളിന്റെ അമ്മാവൻ ഒരു ജനാർദ്ദനൻ അങ്കിൾ ഉണ്ട്,.. മൂപ്പരാണ് എല്ലാം സെറ്റ് ആക്കി തന്നത്,.. പിന്നെ ഇവിടെ എന്റെ കൂടെ നിൽക്കാൻ ഒരു ചേച്ചി കൂടെയുണ്ട്,.. സോ ഇവിടെ കുഴപ്പമൊന്നുമില്ല !”

മാഷിന്റെ കാര്യം മനപ്പൂർവം മറച്ചു വെച്ചു, അറിഞ്ഞിട്ടുണ്ടെൽ അമ്മ പിന്നെ എന്നെ ഇവിടെ ഒറ്റയ്ക്ക് നിർത്തില്ല,..

“അച്ഛാ ഞാനെന്നാൽ പിന്നെ വിളിക്കാവേ,.. ”

“അല്ല മോളെ അമ്മ !”

ഞാൻ കട്ട് ചെയ്തു,.. അമ്മയ്ക്ക് സംസാരിക്കാൻ ഉണ്ടെന്നാവും അച്ഛൻ പറയാൻ വന്നത്,.. എന്തുകൊണ്ടാണാവോ ഞാൻ അമ്മയിൽ നിന്നുമിങ്ങനെ ഒഴിഞ്ഞു മാറുന്നത്,…

തിരിഞ്ഞതും അയാൾ വാതിലിന് മുൻപിൽ എന്നെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു,….

“പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ മുറിയുടെ വാതിൽക്കൽ ഇങ്ങനെ വായിനോക്കി നിൽക്കുന്നത് തെറ്റാണെന്ന് മിലൻ സാറിന് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ !”

അരിശത്തോടെ അയാൾക്ക് മുൻപിൽ വാതിൽ കൊട്ടിയടച്ചപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി,…
1-1 ഇപ്പോൾ സമനിലയായി,…

ഫോണെടുത്ത് ഞാൻ ഐഷുവിനെ വിളിച്ചു,…. ഒരു വട്ടം മൊത്തം ബെല്ലടിച്ചു തീർന്നിട്ടും അവൾ കോൾ എടുത്തില്ല,… അയാളെ മലർത്തിയടിച്ച സന്തോഷവാർത്ത പറഞ്ഞേ പറ്റൂ,.. ഒന്ന് കൂടെ വിളിച്ചു,….

“ഐഷുമ്മാ !”

“എന്താ മുത്തേ? ”

“എവിടെപ്പോയി കിടക്കുവാരുന്നു ഞാനെത്ര വിളി വിളിച്ചു,… ”

“ബാത്‌റൂമിൽ ആയിരുന്നു,.. പിന്നെ അത്ര വിളിയൊന്നും വിളിച്ചില്ല,.. ഒരു മിസ്സ്ഡ് കോളേ ഉണ്ടായിരുന്നുള്ളൂ !”

“ആ ആയിക്കോട്ടെ,.. ” വെറുതെ തള്ളിയിട്ട് കാര്യമൊന്നും ഇല്ല എന്നെനിക്ക് അവൾ ഒരിക്കൽ കൂടെ മനസിലാക്കിത്തന്നു…

“എന്തോ കാര്യായിട്ട് പറയാനുണ്ടല്ലോ, അതാണ് പതിവില്ലാത്ത ഈ വിളി !”

“നിനക്കിന്നു ഡ്യൂട്ടി ഇല്ലേ പെണ്ണേ? ”

“ഇത് ചോയിക്കാനാ വിളിച്ചത്? എനിക്ക് നൈറ്റ് അല്ലാരുന്നോ മൊയന്തേ,.. ”

“ഓ !” വീണ്ടും 3ജി,..

“എങ്ങനുണ്ട് നിന്റെ വയനാടൻ ജീവിതം,.. അവിടെയും ആരുടെയെങ്കിലും ഒക്കെ ഉടക്ക് സമ്പാദിച്ചോ? ”

അതാണ് ഐഷു, പറഞ്ഞില്ലേലും എത്ര കൃത്യമായിട്ടാണവൾ ഓരോരോ കാര്യങ്ങൾ മനസിലാക്കിയെടുക്കുന്നത്,….

ഒറ്റ ശ്വാസത്തിൽ മിലൻ സാറിനെ കണ്ടത് തൊട്ട് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു,…

“ആഹാ നിന്റെ സാറ് കൊള്ളാലോ !”

“എന്റെ സാറൊന്നുമല്ലേ? ”

“ഓ സമ്മതിച്ചു,.. ആളെങ്ങനെ കാണാൻ ഗ്ലാമർ ആണോ? ”

“ആ അതൊന്നും ഞാൻ നോക്കിയില്ല,… ”

“എന്തായാലും മൂപ്പരുടെ എൻട്രി ഇല്ലേ അതങ്ങ് പൊളിച്ചു !”

“നീയത് കൂടുതൽ ഹീറോയിക്ക് ആക്കണ്ട.. വില്ലനാ അയാൾ വില്ലൻ !”

” ഹീറോ ആയാലും, വില്ലനായാലും എനിക്കിഷ്ടപ്പെട്ടു !”

“ആ എന്നാൽ നീയങ്ങ് കെട്ടിക്കോ !”

“എന്റെ കെട്ടിയോൻ സമ്മതിക്കൂല്ല, അല്ലേൽ നോക്കാമായിരുന്നു,… ”

“ഓ അവളുടെ ഒടുക്കത്തെ തമാശ, ”

“എന്റെ അനുക്കുട്ടി നീ ചൂടാവല്ലേ,.. ബി കൂൾ എന്തായാലും നമുക്ക് പരിഹാരമുണ്ടാക്കാം !”

“എങ്ങനെ,.. ഞാനാകെ പെട്ടില്ലേ? ”

“ഈ ഒരു മാസം നീ എങ്ങനേലും ഒന്ന് അഡ്ജസ്റ്റ് ചെയ്യ്,.. അത് കഴിഞ്ഞ് അയാൾ വേറെ വീടന്വേഷിക്കട്ടെ,… ”

“ആ,.. ഇനി ഇപ്പോൾ എന്തായാലും നിർത്താമെന്നു പറഞ്ഞു പോയില്ലേ,.. വേറെ വഴിയില്ലല്ലോ !”

“അല്ല അനുമോളെ,.. എനിക്കൊരു സംശയം,… ”

“എന്താടി? ”

“അങ്ങേർക്ക് നിന്നെ മനസിലായിരുന്നുവെങ്കിൽ പിന്നെന്തിനാ ബസിൽ വെച്ച് അയാൾ അത്രയ്ക്ക് ഷോ കാണിച്ചത്? ”

“ആ, എനിക്കും ആ സംശയം തോന്നാതിരുന്നില്ല,… ”

“അപ്പോൾ അതിലെന്തോ നിഗൂഢത ഒളിഞ്ഞു കിടപ്പുണ്ട് !”

“എന്ത്‌ നിഗൂഢത? ”

“അമ്പട,.. അതൂടെ ഞാൻ പറഞ്ഞു തരണോ ? നീ വല്ല്യ എഴുത്തുകാരിയൊക്കെ അല്ലേ, വേണേൽ സ്വന്തം കണ്ട് പിടിക്ക്,.. ദേ പിന്നെ എന്റെ കെട്ടിയോൻ വിളിക്കുന്നു,.. ഞാൻ നിന്നെ പിന്നെ വിളിക്കാം,… ”

“എടി വെക്കല്ലേ !”

“പ്ലീസ് മുത്തേ !”

അവളുടെ കെട്ടിയോന് വിളിക്കാൻ കണ്ട ഒരു സമയം,… ആ വിളിക്കട്ടെ,.. ദുഫായിൽ കിടക്കുന്ന അവളുടെ കെട്ടിയോൻ ഫൈസിക്കക്ക്,. ഇങ്ങനൊക്കെ അല്ലേ അവളോട്‌ സല്ലപിക്കാൻ പറ്റൂ,. അതിനിടയിൽ ഞാൻ കട്ടുറുമ്പായാൽ ശപിച്ചു ശപിച്ചൊരു വഴിയാക്കും,.. ഇനി പണ്ടെങ്ങാനും പണി കൊടുത്തതിന്റെയാണോ ഈശ്വരാ ഇപ്പോൾ അനുഭവിക്കുന്നത്,… ആവോ,..

അത് പോട്ടേ, അപ്പോൾ ഈ മിലൻ എന്ന വ്യക്തിയിൽ എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്നാണ് ഐഷു പറയുന്നത്,… കണ്ടു പിടിക്കാം,…

ദിവസങ്ങൾ കടന്നുപോയി,.. അപ്പോഴെല്ലാം ഉത്തരം കിട്ടാത്ത ചോദ്യമായി മിലൻ സാർ എന്റെ മുന്നിൽ സധൈര്യം വിഹരിച്ചുകൊണ്ടിരുന്നു… കാണുമ്പോഴെല്ലാം അയാളോട് ഉള്ളിലെ വെറുപ്പ് കൂടിക്കൂടി വന്നു,..

പകൽസമയങ്ങളിൽ അയാൾ കോളേജിൽ പോകുമ്പോൾ,. ഞാൻ പണിക്കാർക്കൊപ്പം തേയില തോട്ടങ്ങളിൽ ചിലവഴിച്ചു,.. രാത്രി കാലങ്ങളിൽ അയാൾ ഉള്ളത് കൊണ്ട് തന്നെ എനിക്ക് വലിയ വീർപ്പുമുട്ടലായിരുന്നു അനുഭവപ്പെടാറുണ്ടായിരുന്നത്,…

അയാളുടെ ലൈബ്രറിയുടെ വാതിൽക്കലേക്ക് നോക്കുമ്പോൾ തന്നെ പുസ്തകങ്ങളെ ഞാൻ പേടിച്ചു തുടങ്ങിയിരുന്നു,…

അന്ന് രാത്രിയിൽ പതിവില്ലാതെ ഞാൻ യാമിനിചേച്ചിക്കൊപ്പം സീരിയൽ കാണാനായി ഇരുന്നു,. എന്തെങ്കിലും വേണ്ടേ ഒരു നേരം പോക്ക്,.. ഇതിലും ഭേതം മുംബൈ ആയിരുന്നു,.. പുറത്തിറങ്ങിയെല്ലെങ്കിലും ഐഷു ഉണ്ടായിരുന്നല്ലോ, അവളുണ്ടേൽ സമയം പോണതെ അറിയില്ല,..

പെട്ടന്നാണ് പുകഞ്ഞു അഗ്നിപർവതം കണക്കെ അയാൾ ഉറഞ്ഞുതുള്ളി ഹാളിലേക്ക് വന്നത്,…

“മനുഷ്യനെ സമാധാനമായി ഒന്ന് വായിക്കാൻ കൂടി സമ്മതിക്കില്ലേ? ”

എന്റെ ഈശ്വരാ,. ഈ വീട്ടിലിപ്പോൾ അയാളാണോ അതോ ഞാനാണോ മുതലാളി.. അയാളുടെ അഹങ്കാരം കണ്ടാൽ മുതലാളി അയാളും, വാടകക്കാരി ഞാനുമാണെന്ന് തോന്നും,.

റിമോട്ട് എടുത്തു ടി.വിയും ഓഫ്‌ ആക്കി അയാൾ മുറിയിലേക്ക് കേറി പോയി,…

ബെസ്റ്റ്, ഇയാളെയാണ് ഞങ്ങൾക്ക് സെക്യൂരിറ്റി ആവുമെന്നും തണലാവുമെന്നൊക്കെ ഞാൻ വിശേഷിപ്പിച്ചത്,. ഇങ്ങനെ പോയാൽ ഇയാൾ കൊല്ലാനും മടിക്കില്ലല്ലോ,.. മിക്കവാറും ഞെട്ടി ഞെട്ടി എന്റെ ഹാർട്ട് അടിച്ചുപോകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്,…

എന്നാലും ഇത്രേം ദിവസം യാമിനി ചേച്ചി സീരിയൽ കണ്ടപ്പോൾ ഇല്ലാത്ത ദേഷ്യം എന്താണ് ഞാൻ കൂടെ കാണാനിരുന്നപ്പോൾ,..

കടുവേ,.. കൂടുതൽ കളിക്കാൻ നിൽക്കല്ലേ,.. കളി പഠിപ്പിക്കും ഞാൻ,… മനുഷ്യൻ ക്ഷമിച്ചു നിൽക്കുമ്പോൾ അയാളെന്റെ തോളിൽ കേറിയിരുന്നു മുടി വെട്ടുന്നു,… അയാളോട് ഞാനെന്തോ കൊടും പാതകം ചെയതത് പോലെയായിരുന്നു എന്നോടുള്ള അയാളുടെ പെരുമാറ്റം,…

അന്ന് മുതൽ ഞാനും മിലൻ സാറും തമ്മിലുള്ള ശീതയുദ്ധം മുറുകുകയായിരുന്നു,…

*********

“ചേച്ചി !”

മുറ്റത്തൂടെ ഞാൻ ഉലാത്തുമ്പോഴായിരുന്നു, അടുത്ത വീട്ടിലെ അഞ്ചു വയസുകാരൻ ആൽഫ്രെഡ് വിളിച്ചത്,…

“ആ കേറി വാ !”

“കേറാനൊന്നും സമയമില്ല,.. ദാ ഈ ബുക്ക് അപ്പുറത്തെ വീട്ടിലെ അല്ലിച്ചേച്ചി തന്നതാ സാറിന് കൊടുക്കാൻ !”

“എനിക്കൊന്നും വയ്യ നീ വേണേൽ കൊടുക്ക് !”

“എനിക്ക് കളിക്കാൻ പോണന്നേ !”

ആഹാ എന്താ ഉത്തരവാദിത്തം… കളിക്കാൻ പോവാൻ,…

“കൊടുക്ക് ചേച്ചി പ്ലീസ് !”

“കൊടുത്താൽ നീയെന്ത് തരും !”

“രമേശേട്ടന്റെ കടേന്നു പുളിമുട്ടായി വാങ്ങിത്തരാം !”

“ഉറപ്പാണോ? ”

“ആ !” അങ്ങനെ രമേശേട്ടന്റെ കടയിലെ പുളിമിട്ടായിക്ക് ബദലായി, കടുവയ്ക്ക് പുസ്തകം കൊടുക്കുന്ന ജോലി ഞാൻ ഏറ്റെടുത്തു,.. വേറൊന്നുംകൊണ്ടല്ല,. ആൽഫ്രഡിന്റെ കളിക്കളത്തിലെ ചാൻസ് മിസ്സ്‌ ആക്കണ്ട എന്നൊരു മനസ്ഥിതി വെച്ചുകൊണ്ട് മാത്രം,….

കൊള്ളാം റോമിയോ & ജൂലിയറ്റ്,… അപ്പോൾ അപ്പുറത്തെ വീട്ടിലെ അല്ലിച്ചേച്ചിക്ക് ദൂദുമായി വന്നതാണ് ആൽഫ്രെഡ്,… സാറിന്റെ ലൈൻ ആവുമോ അല്ലിച്ചേച്ചി? ആ എന്തേലുമാവട്ടെ,.. ഇനി ഇതും കൊണ്ട് ഞാനെങ്ങനെ ആ കടിച്ചു കീറിത്തിന്നാൻ വരുന്ന കാണ്ടാമൃഗത്തിന്റെ അടുത്തേക്ക് പോകും?

അനു യൂ ഹാവ് ടു ഡൂ ദിസ്‌,… തിരിഞ്ഞതും പുറകിൽ കടുവ,.. അതേ ഗൗരവം,… ഒരു നിമിഷത്തേക്ക് ഞാൻ പതറിപ്പോയി,…

“അത് !”

അയാൾ അടുത്തേക്ക് വന്നു,…

“ഇനി ഇതെങ്ങാനും അടിച്ചു മാറ്റി പബ്ലിഷ് ചെയ്യാൻ വല്ല ഉദ്ദേശവും ഉണ്ടോ? ഉണ്ടെങ്കിൽ പറയണം ! കോപ്പി റൈറ്റ് ഒക്കെ വാങ്ങേണ്ടി വരും,.. ഓ ഞാനത് വിട്ടു, മാഡത്തിന് കോപ്പി റൈറ്റ് ഒരു പ്രശ്നമേ അല്ലല്ലോ ! ” അയാളുടെ മുഖത്ത് പരിഹാസം

ഞാനാകെ തകർന്നുപോയി,.. എന്റെ നിസ്സഹായ അവസ്ഥയെ അയാൾ വിനിയോഗിക്കുന്നു,.. അപ്പോൾ ഇയാളുടെ ഉള്ളിലും എനിക്ക് നല്ല ഇമേജ് ആണ്,.. വഞ്ചകിയുടെ, അതാണ് എന്നോടുള്ള ഈ മുറുമുറുപ്പിന്റെ കാരണം..

ഇനിയും എല്ലാം കേട്ട് മിണ്ടാതിരിക്കാൻ വയ്യ,.. ഇത്രയും കാലം എല്ലാം ക്ഷമിച്ചതും സഹിച്ചതും ഇയാളെ പേടിയായിട്ടല്ല,. സമാധാനപ്രിയ ആയത്കൊണ്ട് തന്നെയാ,… ഇനി വയ്യ,.. ഇപ്പോൾ അയാൾ ചോദ്യം ചെയ്തിരിക്കുന്നത് എന്റെ ഇന്റഗ്രിറ്റിയെയാണ്,….

“താനെന്താടോ എന്നെക്കുറിച്ച് വിചാരിച്ചത്,.. എനിക്ക് ആരുടേം കോപ്പിയടിച്ചിട്ട് വേണ്ട കഞ്ഞി കുടിക്കാൻ,.. കുറേ നാളായല്ലോ കേറിയങ്ങ് ഭരിക്കാൻ തുടങ്ങീട്ട്,.. വായിൽ തോന്നിയത് എന്തും വിളിച്ചു പറയാമെന്നാണോ? സംഭവിച്ചതെല്ലാം എന്റെ ഗതികേട്,.. എന്ന് കരുതി വെറുതെ കേറി ചൊറിയാൻ വന്നാലുണ്ടല്ലോ, മിണ്ടാതിരിക്കാൻ അനുപമ മദർ തെരേസയോന്നുമല്ല,.. മൈൻഡ് ഇറ്റ് !”

പുസ്തകം അയാളുടെ കൈയ്യിൽ വെച്ചു കൊടുത്ത് മുറിയിലേക്ക് നടക്കുമ്പോൾ, ഉള്ളിൽ ഒരു മഹാസാഗരം തിളച്ചുമറിയുകയായിരുന്നു,.. ഇപ്പോൾ ഒരു പേരുകൂടി ആയി,.. കള്ളിയെന്ന്,… വിമർശനങ്ങൾ തനിക്കൊരു പുത്തരിയേ അല്ല,…

ഒരു കണക്കിന് അയാളെയും കുറ്റം പറയാൻ പറ്റില്ല, അയാൾക്ക് എന്നെക്കുറിച്ച് എന്തും ചിന്തിക്കാം അതിന് തക്കവണ്ണമുള്ള കാര്യങ്ങൾ മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടല്ലോ,.. നാട്ടുകാർക്കും വീട്ടുകാർക്കും മുൻപിലെല്ലാം വില നഷ്ടപ്പെട്ട സ്ഥിതിക്ക്,. ഇട്ട് കുത്തട്ടെ എല്ലാവരും കൂടെ,.. അതിനായിട്ടാണല്ലോ എന്റെ ഈ ജീവൻ ബാക്കി നിർത്തിയത്,…

********

കരഞ്ഞു തളർന്ന് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയിരുന്നു,.. വാതിൽക്കൽ മുട്ട് കേട്ടപ്പോൾ യാമിനിചേച്ചി ആയിരിക്കുമെന്നാണ് കരുതിയത്,…

മിലൻ സാർ,.. കണ്ണുകളിൽ മുൻപത്തെ ദേഷ്യമില്ല,.. പകരം സഹതാപം അലിവ്,…

എനിക്ക് അമർഷമാണ് തോന്നിയത്,.. ഒന്നൂല്ലെങ്കിലും അയാൾ അപമാനിച്ചതാണ് എന്നെ,… വാതിലടക്കാൻ തുനിഞ്ഞ എന്നെ തടഞ്ഞു നിർത്തി അയാൾ പറഞ്ഞു,…

“എനിക്ക് തന്നോട് സംസാരിക്കാനുണ്ട് അനുപമ !”

“എനിക്ക് കേൾക്കണ്ടെങ്കിലോ? ”

“നീ കേട്ടെ പറ്റുള്ളൂ !”

(തുടരും )

Click Here to read full parts of the novel

3.7/5 - (20 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിലൻ – Part 3”

Leave a Reply

Don`t copy text!