Skip to content

മിലൻ – Part 6

milan aksharathalukal novel

അടുത്തുള്ള രാഘവേട്ടന്റെ ചായക്കടയിൽ, ഒരു കാലിച്ചായ കുടിക്കാൻ പോയതായിരുന്നു പ്രിൻസിപ്പാൾ ജേക്കബ് സാർ,.. ഐ ടി സിയുടെ ഭാഗത്തേക്ക്‌ ആളുകൾ ഓടിക്കൂടുന്നത് കണ്ട അയാൾ ഒന്നമ്പരന്നു,…

“എന്താ പ്രശ്നം? നിങ്ങളൊക്കെ എങ്ങോട്ടേക്കാ ഓടണത്? ”

“സാറിവിടെ ചായയും വടയും തിന്നിരുന്നോളുട്ടാ,.. കോളേജിൽ വമ്പൻ അടി നടക്കാണ് !”

ജേക്കബ് സാറിന്റെ കൈയ്യിൽ നിന്നും വട താഴെ വീണു,.. ചായഗ്ലാസ്സ് അതേപടി മേശയിൽ വെച്ചിട്ട് സാർ പുറത്തേക്കിറങ്ങി,..

“അതേ,.. പൈസ പിന്നെ തരാട്ടോ രാഘവേട്ടാ !”

പിന്നെ വാണം വിട്ടത് പോലെ ഒരു ഓട്ടമായിരുന്നു,….

*****

സിബി അവനെ തല്ലുന്നത് കണ്മുന്നിൽ കണ്ടിട്ടും എന്റെ ദേഷ്യമടങ്ങിയില്ല,…

എന്നെ പിടിച്ചവരുടെ കൈകൾ തട്ടിയെറിഞ്ഞുകൊണ്ട് ഞാൻ നിലത്തേക്കിറങ്ങി,…

“ഡാ !”

ഇനിയും അവനെ തല്ലാനാണ് എന്റെ ഉദ്ദേശമെന്ന് മനസിലാക്കിയ സിബി എന്നെ വട്ടം പിടിച്ചു,.. തീർത്തും അപ്രതീക്ഷിതമായ നീക്കം,.. എന്റെ കണ്ണുകൾ സിബിയുടെ കണ്ണുകളുമായി ഇടഞ്ഞു,..

“സാറ് ഇനിയവനെ തല്ലില്ല,.. കൊടുക്കാനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്,.. ”

അവളുടെ കണ്ണുകളിലെ തീക്ഷ്ണതയെ നേരിടാനാവാതെ ഞാനെന്റെ നോട്ടം പിൻവലിച്ചു,…

“സാർ ഇങ്ങ് വാ !” അവളെന്റെ കൈകളിൽ അവകാശത്തോടെ പിടിച്ചു,…

ആദ്യമായിട്ടാണ് ഒരു പെണ്ണ് എന്റെ മേൽ ഇത്രയും സ്വാതന്ത്ര്യത്തോടെ,…

എല്ലാവരുടെയും മുൻപിൽ അപമാനിതനായ അച്ചൻകുഞ്ഞ്, ദേഷ്യത്തിൽ ബൈക്കുമെടുത്ത് ചീറിപ്പാഞ്ഞുപോയി,…

സിബി എന്നെ സ്റ്റാഫ്‌ റൂമിലേക്ക് തള്ളി,…

“ദാ ഇവിടെ ഇരുന്നോണം !”

എല്ലാവരുടെയും മുഖത്ത് ഒരാളൽ ഞാൻ കണ്ടു,. അവരൊന്നും വിചാരിച്ച ഒരു വ്യക്തിയേ അല്ല ഞാൻ എന്ന തിരിച്ചറിവിന്റേതാകാം മുഖത്ത് കണ്ട ആ ഭയം,…

“സാറ് ഇങ്ങനെ പിള്ളേരെക്കാളും കഷ്ടമായാൽ എങ്ങനെയാ,.. ഇങ്ങനാണോ ഒരാളെ തല്ലുന്നത്? ”

“സിബി ഇത് കണ്ടില്ലേ? ”

ഞാനെന്റെ കീറിപ്പറിഞ്ഞ ഷർട്ട് കാണിച്ചു കൊടുത്തു,…

“ശരി,.. സമ്മതിച്ചു,. പക്ഷേ സാറല്ലേ, ആദ്യം അടി തുടങ്ങിയത്? ”

“അവനെന്നെ എന്തൊക്കെയാ വിളിച്ചതെന്നറിയോ? ”

“അവരുടെ വായിൽ നിന്ന് എന്തൊക്കെ വീഴുമെന്ന് പറയാൻ പറ്റില്ല,.. അവനൊക്കെ എന്തേലും കാണിക്കട്ടെ എന്ന് കരുതണമായിരുന്നു !” പ്രകാശ് ഇടയ്ക്ക് കയറി,…

“എന്നെ കേറി എടോ പോടോ, എന്നൊക്കെ വിളിച്ചാൽ മിണ്ടാതിരിക്കാൻ ഞാൻ നിങ്ങളെപ്പോലെ അല്ല പ്രകാശ്, എനിക്കൊറ്റ തന്തയേ ഉള്ളൂ,.. ”

പ്രകാശിന്റെ നാവിറങ്ങിപ്പോയി,…

“നിങ്ങളൊക്കെക്കൂടി വിട്ട് വിട്ടാണല്ലോ,.. കുട്ടികൾ എല്ലാവരും ഇത്രയും സംസ്കാരസമ്പന്നരായത് ! എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ട !”

“മിലൻ സാറെ !”

സേവ്യർ ആണ്…

“പ്രിൻസി വിളിക്കുന്നു !”

അപ്പോൾ എന്റെ ഇവിടത്തെ ജീവിതത്തിനു തിരശ്ശീലയിടാൻ സമയമായി,… ഞാൻ സിബിയെ നോക്കി,. അവൾ നിർവികാരയായി എന്നെത്തന്നെ നോക്കി നിൽക്കുകയാണ്,..

*******

“തന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേടോ? ” ജേക്കബ് സാർ ദേഷ്യം കൊണ്ട് വിറച്ചു,…

“ഇനി എന്തൊക്കെയാണോ ഉണ്ടാവാൻ പോകുന്നത്? തനിക്ക് അവനെക്കുറിച്ച് അറിയാവോ? അവന്റെ ഫാമിലിയേ കുറിച്ചറിയാവോ? ഇത് ഈ കോളേജിനുള്ളിൽ ഒന്നും തീരാൻ പോണില്ല !”

“അയാം സോറി സാർ !”

“ആ തനിക്കൊരു സോറി പറഞ്ഞാൽ മതീലോ,. താനിവിടെ ഗുണ്ടായിസം പഠിപ്പിക്കാനാണോ വന്നത് അതോ? ”

“സാർ അവനെന്നെ !”

“എന്റെ പൊന്ന് മിലൻ സാറെ,. സത്യം പറഞ്ഞാൽ നിങ്ങളെക്കൊണ്ട് വല്ലാത്ത തലവേദനയാണ്‌ട്ടോ,. വന്നിട്ട് രണ്ടു ദിവസം പോലും ആയില്ലല്ലോ !”

“ഇനി ആവർത്തിക്കില്ല സാർ !”

“ആവർത്തിച്ചില്ലേൽ തനിക്ക് കൊള്ളാം,. ഇപ്പോൾ വാണിങ് തന്നു വിടുവാ,.. ഇനിയെങ്കിലും,… ഒന്ന് !”

“സാർ !”

“സൂക്ഷിച്ചും കണ്ടും നടന്നോളു,.. അല്ലെങ്കിൽ !”

“ഞാൻ ശ്രദ്ധിച്ചോളാം സാർ,… ”

**********

തിരികെ സ്റ്റാഫ്‌ റൂമിലെത്തിയപ്പോൾ സിബി ക്ലാസ്സിലേക്ക് പോയിരുന്നു,. പ്രകാശ് സാർ അടക്കമുള്ള ചിലർ ഒരു മൂലയിലിരുന്നു അടക്കിപ്പിടിച്ച് എന്തൊക്കെയോ സംസാരിക്കുന്നു,.. എന്നെക്കുറിച്ച് തന്നെയാണ്,.

ഞാൻ ഡെസ്കിൽ തല വെച്ചു കിടന്നു,.. എന്റെ മനസാകെ കലങ്ങി മറഞ്ഞിരുന്നു,… സിബി വന്നു തട്ടി വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്,.

“സാറെന്താ ഇവിടെതന്നെയിരിക്കാനാണോ ഉദ്ദേശം,.. വീട്ടിലൊന്നും പോണില്ലേ? ”

ഞാൻ ക്ലോക്കിലേക്ക് നോക്കി,. സമയം നാലരയാവുന്നു,. എല്ലാവരും പോയിട്ടുണ്ടായിരുന്നു,..

ഞാൻ വാഷ് ബേസനരികിലേക്ക് നടന്നു,.. കണ്ണാടിയിൽ മുഖം നോക്കി,.. നെറ്റിയൊക്കെ മുഴച്ചിട്ടുണ്ട്,.. പലയിടത്തും പോറലുകൾ,.. വെള്ളം പതിച്ചപ്പോൾ മുറിവുകളിൽ നീറ്റലുണ്ടായി,..

“നന്നായി ഉറങ്ങി അല്ലേ? ”

“മ്മ്മ് !”

“നല്ല പരിക്കുണ്ടല്ലോ,.. ഞാൻ മരുന്ന് വെച്ച് തരാം !”

“അതൊന്നും വേണ്ടാ !”

“അതെന്താ ഞാൻ സിവിൽ എൻജിനീയർ ആയതോണ്ട് ആണോ വിശ്വാസമില്ലാത്തത്? ”

“അങ്ങനൊന്നുമല്ല സിബി !”

“എന്നാൽ പിന്നെ ഇവിടെ അടങ്ങിയൊതുങ്ങി ഇരിക്ക് !”

അവൾ ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തു,.. എന്റെ മുറിവുകൾ ക്‌ളീൻ ചെയ്തു,.. മരുന്നു വെച്ചു,.. ഞാൻ അനങ്ങാതെ ഇരുന്നതേയുള്ളൂ,.

“സാർ പെട്ടന്ന് ദേഷ്യം വരുന്ന ടൈപ്പ് ആണല്ലേ? ”

ഞാൻ തലയാട്ടി,..

“കഴിഞ്ഞു,.. എന്നാൽ പോകാം !”

ഞാൻ ബാഗ് എടുത്തു സിബിക്കൊപ്പം നടന്നു,..

“ഞാൻ ഇസ്ലാം ആയത് കൊണ്ടാണോ സിബി നിങ്ങളുടെയൊക്കെ ഈ അവഗണന? ”

സിബിയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ എനിക്ക് ചോദിക്കാനുണ്ടായിരുന്നത് അത് മാത്രമായിരുന്നു, ഒരു നിമിഷത്തെ മൗനത്തിന് ശേഷം സിബി പറഞ്ഞു,..

“ഞാനന്ന് സാറിനെ വല്ലാതെ കളിയാക്കി,.. സാറെന്നോട് ക്ഷമിക്കണം !”

എന്റെ മറുപടിക്ക് കാക്കാതെ സിബി നടന്നകന്നു,. ആ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു,. സിബി അടക്കമുള്ളവരുടെ അകൽച്ചയ്ക്ക് കാരണം എന്റെ മതമാണെന്നും, സംഭവിച്ചതിലൊക്കെ സിബിയ്ക്ക് ഖേദമുണ്ടെന്നും …

ഇത്രയും പേരുടെ അവഗണനയ്ക്കിടയിലും സിബി എന്നോട് കാണിക്കുന്ന കരുതൽ എനിക്ക് വല്ലാത്തൊരു ആശ്വാസമായിരുന്നു,. പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുള്ള ആത്മവിശ്വാസമായിരുന്നു,.

എനിക്കെങ്ങനെയും ഇവിടെ പിടിച്ചു നിന്നേ കഴിയൂ,. അത് കയ്യാങ്കളി കൊണ്ടല്ല,. മറിച്ച് അവരുടെ ചിന്താഗതിയെ മാറ്റിമറിച്ചുകൊണ്ട്,…

*********

“ഗുഡ് മോർണിംഗ് സാർ !”

സിബിയാണ്,.. ഞങ്ങൾക്കിരുവർക്കും 2ണ്ട് ഇയേഴ്‌സിനാണ് ക്ലാസ്സ്‌,. അത് കൊണ്ട് തന്നെ നേരത്തേയെത്തണമായിരുന്നു …

“ഗുഡ് മോർണിംഗ് !”

“സാറിന്റെ ദേഷ്യമൊക്കെ പോയോ?!”

ഞാൻ മന്ദഹസിച്ചു,…

“അപ്പോൾ പോയീന്നു കരുതാം അല്ലേ? ”

“മ്മ്മ് !”

“ഞാനെന്നാൽ പോയി ബെല്ലടിക്കട്ടെ !”

അവൾ പോയി ബെല്ലടിച്ചു,..

“സിബിയാണോ അതിന് ഡെയിലി ബെല്ലടിക്കണേ? ” ഞാൻ അത്ഭുതത്തോടെ ചോദിച്ചു,.

“മ്മ്മ്, സേവ്യർ ചേട്ടൻ എത്താൻ ചിലപ്പോൾ താമസിക്കും,. അതോണ്ട് ഫസ്റ്റ് ബെൽ ഞാനടിക്കും,.. ആര് കാണാനാ,.. വേണേൽ നാളെത്തൊട്ട് സാറും ഒരു കമ്പനിക്ക് കൂടിക്കോളൂ കേട്ടോ, ബെല്ലടിക്കാൻ !”

“ഓ,.. പിന്നെന്താ! ”

“എന്നാൽ പിന്നെ ഞാൻ ക്ലാസ്സിലേക്ക് ചെല്ലട്ടെ,.. ടൈം ആയി !”

“ശരി !”

സിബി ക്ലാസ്സിലേക്ക് നടന്നു,.. ഞാൻ പ്രാക്ടിക്കൽ ഹോളിലേക്കും, ഞാൻ ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ടായിരുന്നു,..

അച്ചൻകുഞ്ഞ് ഒഴിച്ച് ബാക്കിയുള്ളവർ എല്ലാം ക്ലാസ്സിൽ പ്രെസെന്റ്,.. എന്നെതല്ലിയതിനു പ്രിൻസിപ്പാൾ അവനെ മൂന്ന് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു,.. അപ്പോൾ എല്ലാവർക്കും എന്നെ പേടിയുണ്ട്,…

“ഗുഡ് മോർണിംഗ് !”

“ഗുഡ് മോർണിംഗ് സാർ !”

“ഇരിക്കെല്ലാവരും !”

എന്തൊരു അനുസരണ,. ഇത്രയും അനുസരണയുള്ള കുട്ടികളെ ഞാനെന്റെ ലൈഫിൽ വേറെ കണ്ടിട്ടില്ല,…

“എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്,… ”

എല്ലാവരും ശ്രദ്ധയോടെ എന്നെ ശ്രവിക്കാൻ തയ്യാറെടുത്തു,…

“ഞാനീ പടി കയറിയപ്പോൾ ഈ ജന്മം മൊത്തം ഇവിടെ ജോലി ചെയ്യുമെന്നൊന്നും ശപഥമെടുത്തിട്ടില്ല,. പിന്നെ ഞാൻ ഈ സീറ്റിൽ ഇരിക്കുന്നത് അത് ഒരു ദിവസമാണെങ്കിൽ പോലും,. എനിക്കൊരു അധ്യാപകനായിത്തന്നെയിരിക്കണം,..”

ആരും ഒന്നും മിണ്ടുന്നില്ല,.. അവരുടെ മുഖത്ത് കുറ്റബോധമുണ്ട്, അതിൽ എത്രമാത്രം സത്യസന്ധതയുണ്ടെന്നത് അപ്പോഴും ഒരു ചോദ്യചിഹ്നമായിരുന്നു,.. ഞാൻ തുടർന്നു,..

“ഈ ഗുണ്ടായിസമൊക്കെ കാണിച്ചു എന്നെ പേടിപ്പിക്കാമെന്ന് ആരും കരുതണ്ട,.. കാരണം ഇതിലും വലിയ ഗുണ്ടകൾക്കിടയിൽ കിടന്ന് തന്നെയാ ഞാനും എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്,.. അതും ഒരു രൂപ മാത്രം ഫീസ് കൊടുത്ത് ഗവണ്മെന്റ് കോളേജിൽ,.. സോ ഇവിടെ ലക്ഷക്കണക്കിന് നോട്ടെണ്ണിക്കൊടുത്ത് ഗുണ്ടായിസം കളിക്കാനായി വരുന്ന ഒറ്റയൊരുത്തനെയും എനിക്ക് പേടിയൊന്നുമില്ല, അത് ഇന്നലെത്തന്നെ എല്ലാവർക്കും മനസ്സിലായിക്കാണുമല്ലോ,.. നിങ്ങളെയൊന്നും നന്നാക്കാൻ എന്നെക്കൊണ്ട് പറ്റില്ല,. എന്നാൽ നിന്നെയൊക്കെ പഠിക്കാനായി ഇവിടെ പറഞ്ഞു വിടുന്ന ചിലരുണ്ട്,.. നിനക്കൊക്കെ വേണ്ടി സ്വന്തം ഇഷ്ടങ്ങൾ പോലും വേണ്ടെന്ന് വെച്ച് ചോര നീരാക്കുന്നവർ,.. നിന്റെയൊക്കെ മാതാപിതാക്കൾ,.. എപ്പോഴേലും നീയൊക്കെ അവരുടെ കഷ്ടപ്പാടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ,.. ഈ തോന്നിവാസമൊന്നും കാണിച്ചു നടക്കില്ലാരുന്നു ഇതിലെ! ആരോട് പറയാനാ,. പോത്തുകളോട് വേദമോദിയിട്ട് കാര്യമൊന്നുമില്ലല്ലോ !”

ഞാൻ നിർത്തിയപ്പോഴേക്കും ക്ലാസ്സ്‌ പൂർണ്ണ നിശ്ശബ്ദതയിലായി,.. ഒരു മൊട്ടു സൂചി വീണാൽ പോലും കേൾക്കാനാവുന്ന നിശബ്ദത,…

ഒരു കുട്ടി പതിയെ എഴുന്നേറ്റു,…

“സാർ !”

തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരു ഇളമുറ തമ്പുരാൻ,..പേര് ഉണ്ണികൃഷ്ണ വർമ,…

“സാറ് പറഞ്ഞതെല്ലാം ശരിയാ,.. ഞങ്ങള് ഗുണ്ടായിസം കളിക്കുന്നൊരാ,.. മാതാപിതാക്കളെ വിഷമിപ്പിക്കുന്നോരാ !പക്ഷേ ആദ്യമായി ഈ പടി കടന്നു വന്നപ്പോൾ ഞങ്ങൾ ഓരോരുത്തരും നിഷ്കളങ്കർ തന്നെയായിരുന്നു, ഞങ്ങൾക്കും സ്വപ്നങ്ങളൊക്കെ ഉണ്ടായിരുന്നു,.. പക്ഷേ ഞങ്ങളെ ഇങ്ങനൊക്കെ ആക്കിത്തീർത്തത് ഇവിടത്തെ അധ്യാപകർ തന്നെയാ,.. ഞങ്ങളിലെ ദുശീലങ്ങളെ സപ്പോർട്ട് ചെയ്തു,. ഞങ്ങളെ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഉപയോഗിച്ചു,. മദ്യപിച്ച് അവർക്കൊപ്പം തോളിൽ കയ്യിട്ട് നടന്നപ്പോൾ അവരൊന്നും ഞങ്ങളെക്കുറിച്ച് ചിന്തിച്ചില്ല,.. എന്തിന് ഞങ്ങളെപ്പോലും ഞങ്ങളെക്കുറിച്ച് ചിന്തിക്കാൻ അനുവദിച്ചില്ല,.. !”

ആ ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും ശബ്ദമായി അവൻ മാറി,.. പിന്നീട് ഓരോരുത്തരായി എഴുന്നേറ്റ് നിന്ന് അവരുടെ സങ്കടങ്ങളും ആശങ്കകളും പങ്കുവെയ്ക്കാനായി തുടങ്ങി,..

” മൂന്ന് മാസങ്ങൾ കൂടെ കഴിഞ്ഞാൽ ഞങ്ങൾക്ക് എക്‌സാമാ,.. സാറിനറിയാവോ ഇവിടെ ഈ വർഷം സാറിന് മുൻപ് ഇവിടെ വന്ന അഞ്ചു ടീച്ചേഴ്‌സിനെയും ഞങ്ങൾ ഓടിച്ചത് ഇവരൊക്കെ പറഞ്ഞത് കൊണ്ടാ,.. ഇവിടത്തെ ടീച്ചേഴ്സ്,.. സാറിനെയും ഓടിക്കാൻ തന്നെയാ ഞങ്ങൾക്ക് കിട്ടിയ കൊട്ടേഷൻ,.. ”

ഞാനും അത് പ്രതീക്ഷിച്ചിരുന്നു,. എന്റെ ഊഹങ്ങളെല്ലാം ശരിയായിവരികയാണ്,..

” ആദ്യമായിട്ടൊരാള് വന്ന് ഈ സീറ്റിൽ അധ്യാപകനായി ഇരിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് സാറ് മാത്രവാ,.. ഇവിടെ നിന്ന് ഇറങ്ങിപ്പോയവരെല്ലാം കണ്ണ് നിറഞ്ഞുകൊണ്ട് ശപിച്ചവരാണെങ്കിൽ,.. കണ്ണ് നിറഞ്ഞുകൊണ്ട് വഴക്ക് പറഞ്ഞത് സാറ് മാത്രവാ ”

“ഞങ്ങൾക്ക് അറിയില്ല സാർ എന്താ ചെയ്യണ്ടതെന്ന്, പഠിക്കണമെന്ന് ആഗ്രഹമുണ്ട്,. പോർഷൻ ഏതാണെന്നു പോലും അറിയില്ല,.. ”

ഒരധ്യാപകൻ എങ്ങനെയാവരുത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇവിടത്തെ ടീച്ചേഴ്സ് എന്നതിന്റെ തെളിവായിരുന്നു,.. ഇലെക്ട്രിക്കൽ 2ന്റ് ഇയർ ബാച്ചിലെ കുട്ടികൾ,… എല്ലാവരും കൂടെ അവർക്ക് നഷ്ടപ്പെടുത്തിയത് ഈ കുട്ടികളുടെ ഭാവിയാണ്,…

“എക്‌സാമിന് ഇനി മൂന്ന് മാസം കൂടെയില്ലേ? ”

“പക്ഷേ എന്താ സാർ കാര്യം? ”

“ഞാൻ നിങ്ങളെ ഹെല്പ് ചെയ്യാം ! പോരെ? ”

അവർക്കെന്തോ വിശ്വാസമായില്ലെന്ന് തോന്നി,…

“എന്തേ? ”

“ഞങ്ങൾക്കെന്തോ ഒരു കോൺഫിഡൻസ് ഇല്ല സാർ !”

“ഒരവസരം തന്നൂടെ എനിക്ക്? ”

“ഇനി എന്തിനും ഞങ്ങൾ സാറിന്റെ കൂടെയുണ്ടാവും !”

“എനിക്കിത് മാത്രം മതി,.. നിങ്ങളെന്റെ കൂടെയുണ്ടായാൽ മതി !”

“പക്ഷേ ഞങ്ങൾക്കൊരു റിക്വസ്റ്റ് ഉണ്ട് സാർ? ”

“എന്ത് റിക്വസ്റ്റ്? ”

“അച്ചൻകുഞ്ഞ്,. ശരിക്കും അവനൊരു പാവവാ സാറെ,.. അവനെ തിരിച്ചെടുക്കണം !”

എന്നെ തല്ലിയവനാണ്,… ഇവരൊക്കെ ഇത്ര കാര്യമായിപറയുമ്പോൾ അച്ചൻകുഞ്ഞിലും എന്തെങ്കിലും നന്മയുണ്ടാകുമെന്ന് എനിക്കും തോന്നി,..

“ഞങ്ങക്കറിയാം സാറെ,. സാറിനെ അവൻ തല്ലാൻ പാടില്ലായിരുന്നു,. പക്ഷേ അവന് ഒരവസരം കൂടെ കൊടുക്കണം,… ”

“ശരി ഞാനൊന്ന് പ്രിൻസിപ്പാളിനോട് സംസാരിച്ചു നോക്കാം !”

“താങ്ക് യൂ സോ മച്ച് സാർ !”

*******

“തനിക്ക് പരാതിയില്ലെങ്കിൽ പിന്നെ എനിക്കെന്താടോ കുഴപ്പം,.. സസ്പെൻഷൻ പിൻവലിക്കാം !”

“താങ്ക് യൂ സാർ !”

********

“സാറെ,.. എന്തായി !”

എന്റെ മുഖത്തെ ഗൗരവം കണ്ട് ആകാംഷ അടക്കാനാവാതെ അവർ ചോദിച്ചു,…

“എവിടെയാ അച്ചൻകുഞ്ഞിന്റെ വീട്? ”

“എന്തിനാ സാറെ? ”

“പറയ് !”

“മാന്നാർ !”

“എന്നാ ഉച്ച കഴിഞ്ഞ് നമുക്കൊന്നവിടെ വരെ പോകാം !”

“അതെന്തിനാ സാറെ? ”

“അവനെ കൂട്ടിക്കൊണ്ട് വരാൻ !”

അവർക്ക് വിശ്വസിക്കാനായില്ല,…

“അപ്പോൾ സസ്‌പെൻഷൻ? ”

“പിൻവലിച്ചോ? ” ഞാൻ തലയാട്ടി,… അടുത്ത നിമിഷം എല്ലാവരും കൂടെയെന്നെ പൊക്കിയെടുത്തു,….

“സാറ് ഞങ്ങടെ മുത്താണ് !”

പിന്നൊരു ഘോഷയാത്രയായിരുന്നു,. എന്നെയും തോളിലേറ്റി ഐ ടി സിക്ക് ചുറ്റും,..

കണ്ടു നിന്ന പല അധ്യാപകരുടെയും മുഖത്ത് അസൂയ നിറയുന്നത് ഞാൻ കണ്ടു,…

“കണ്ടോ പ്രകാശ് സാറെ,.. ഇന്നലെ വരെ പിള്ളേർക്ക് കണ്ണെടുത്താൽ കണ്ടൂടാത്തവനായിരുന്നു,.. ഇപ്പോൾ നോക്ക് നിലത്ത് വെക്കാതെയാ കൊണ്ട് നടക്കുന്നത്,..” മനോജ്‌ എന്നെ നോക്കി അസൂയയോടെ പറഞ്ഞു,…

“അവൻ സന്തോഷിക്കട്ടെ,.. ഈ വിജയച്ചിരി അധികകാലം ഇവന്റെ മുഖത്ത് ഉണ്ടാവില്ല !”

പ്രകാശ് പല്ലിറുമ്മി,..

*******—*******

കുട്ടികൾക്കൊപ്പം മോട്ടോർ സൈക്കിളിൽ മാന്നാർ വരെ,.. ആ യാത്രയിൽ ഞങ്ങൾ പരസ്പരം കൂടുതൽ ആഴത്തിൽ മനസിലാക്കി,…

ഇത്രയും പാവവും കമ്പനിയുമായ സാറിനെ വേദനിപ്പിച്ചതിൽ പലരും ക്ഷമ പറഞ്ഞു,…

“സാറെ,.. വണ്ടി ഇവിടെ നിർത്താം എന്നിട്ടങ്ങോട്ടേക്ക് നടന്നു പോകാം, നമ്മളെ കണ്ടാൽ ചിലപ്പോൾ അവൻ സ്ഥലം വിടാനും ചാൻസ് ഉണ്ട്, ഇതാവുമ്പോൾ അവൻ അറിയാതെ കേറാം !”

“ഓ അതിനെന്താ!”

ഞങ്ങൾ കടൽക്കാറ്റേറ്റ് മണൽത്തരികളിലൂടെ നടന്നു,.. പലയിടത്തും മീനുകൾ ഉണക്കാനായി ഇട്ടിരിക്കുന്നു,.. പൂഴിമണലിലൂടെ പൊരിവെയിലത്ത് കുട്ടികൾ കളിച്ചു തിമിർക്കുന്നു,…

“സാറെ,. അതാ അവന്റെ വീട് !”

ആ കാഴ്ച്ച കണ്ടപ്പോഴേ എനിക്ക് വല്ലാത്ത വേദന തോന്നി,.. ഒരു ചെറു കുടിൽ,.. എന്റെ മുഖം മാറിയത് കണ്ടാവണം ഉണ്ണികൃഷ്ണൻ പറഞ്ഞു,…

“എന്റെ സാറെ വീട് കണ്ടു സാറ് സെന്റിയാവണ്ട,. അവൻ ബിസിനസ്‌ ഒക്കെ ചെയ്തു നല്ല പണമുണ്ടാക്കുന്നുണ്ട്,.. ”

“അല്ല എന്നാലും !”

എന്നെ കാണുമ്പോൾ അവനെങ്ങനെ പ്രതികരിക്കുമെന്ന ചെറിയൊരു പേടി എന്റെ മനസ്സിൽ ഉണ്ടായിരുന്നു,…

“അമ്മച്ചീ !”

“ആരാണ്? ”

“ഞങ്ങളാ അമ്മച്ചി,.. ”

ഒരു മധ്യവയസ്കയായ സ്ത്രീ പുറത്തേക്കിറങ്ങി വന്നു,…

“ആ നിങ്ങളാണോ? കേറി വാ ”

“അച്ചൻകുഞ്ഞെന്തിയേ അമ്മച്ചി? ”

“അവൻ രാവിലെ പോയതാടാ,.. എനിക്കറിയാൻ പാടില്ല എങ്ങോട്ടേക്കാ പോയതെന്ന്,.. ഇറങ്ങിപ്പോവുമ്പോൾ പറയാറൊന്നുമില്ലല്ലോ,.. ”

ഒരു ഭീമാകാരനായ മനുഷ്യൻ വേലി കടന്ന് കേറി വന്നു,..

“എടി തങ്കമ്മേ,.. ഈ മീനങ്ങോട്ട് വെച്ചേക്ക് !”

അച്ചൻകുഞ്ഞിന്റെ ഛായയാണ്,.. മിക്കവാറും ഇതായിരിക്കും അപ്പച്ചൻ,…

“ആഹാ,. അവന്റെ കൂട്ടുകാര് വന്നിട്ട് നീയവരെ പുറത്ത് നിർത്തിയേക്കുവാണോ,.. കേറിയിരിക്ക് പിള്ളാരെ അങ്ങോട്ട് !”

ഉള്ള സൗകര്യങ്ങളിൽ ഞങ്ങളെല്ലാവരും ഇരുന്നു,…

“ഞാൻ ചായയെടുക്കാം !”

അമ്മച്ചി അകത്തേക്ക് പോയി,..

“അപ്പച്ചാ പിന്നെ ഇത് ഞങ്ങടെ സാറാട്ടോ !”

അയാൾ എന്നെ സൂക്ഷിച്ചു നോക്കി,…

“ഹേ സാറോ,.. ഇതോ? ” അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് തോന്നി,..

“സത്യായിട്ടും,. ”

“ഒന്ന് പോടാ അവിടന്ന്,.. എന്നിട്ട് സാറ് നിങ്ങളെക്കാൾ ചെറുപ്പമാണല്ലോ? ”

എല്ലാവരും ചിരിച്ചു,.. തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ചെറിയൊരു യാഥാർഥ്യമായിരുന്നു അത്,. കാരണം കുട്ടികൾക്കെല്ലാം എന്നേക്കാൾ വലിപ്പമുണ്ടായിരുന്നു,….

“ഈ സാറുമായിട്ടാ അച്ചൻകുഞ്ഞ് വഴക്കുണ്ടാക്കീത് !”

അയാളുടെ ചിരിച്ച മുഖം മങ്ങി,.. പറഞ്ഞത് അബദ്ധമായെന്ന് കരുതി ഉണ്ണികൃഷ്ണൻ എന്നെനോക്കി,. കണ്ടാൽ തന്നെ അറിയാം മകനെക്കാൾ ഭീകരനാണ് അച്ഛനെന്ന്,…

ദൂരെ നിന്നേ അച്ഛൻ കുഞ്ഞിന്റെ ബുള്ളറ്റ് വരുന്ന ശബ്ദം കേട്ടു,.. അവൻ വണ്ടി മുറ്റത്തേക്ക് കയറ്റി നിർത്തി,.. എന്നെ കണ്ടതും അവന്റെ കണ്ണുകൾ കോപത്താൽ ആളിക്കത്തി,..

ഒരു നിമിഷത്തേക്ക് അച്ചൻകുഞ്ഞിനെ വീട്ടിൽ പോയി കാണാനെടുത്ത തീരുമാനം അബദ്ധമായോ എന്ന് പോലും എനിക്ക് തോന്നി,..

തീ പാറുന്ന കണ്ണുകളുമായി അവൻ എനിക്ക് നേരെ നടന്നടുത്തു,.

(തുടരും )

Click Here to read full parts of the novel

3.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിലൻ – Part 6”

Leave a Reply

Don`t copy text!