Skip to content

നന്ദ്യാർവട്ടം – ഭാഗം 14

നന്ദ്യാർവട്ടം

നിലത്തു വീണ കുഞ്ഞ് ,ഞെട്ടിയുണർന്നു …

അവന്റെ മൂക്കും മുഖവും നിലത്ത് പതിഞ്ഞിരുന്നു ..

അവൻ ചുണ്ടു പിളർത്തി കരയാൻ തുടങ്ങി …

ശബരി വേഗം റൂമിൽ നിന്ന് പുറത്തിറങ്ങി കോണിപ്പടി ചാടിയിറങ്ങി താഴെ വന്നു …..

വിൻഡോ ഗ്ലാസിലൂടെ നോക്കിയപ്പോൾ വിനയ് ബാഗുമായി സിറ്റൗട്ടിലേക്ക് കയറുകയായിരുന്നു ..

ശബരി തന്റെ മുറിയിലേക്ക് കയറി കതക് അടച്ചു ….

വിനയ് വന്ന് കോളിംഗ് ബെൽ അടിച്ചു …

മുകളിൽ ആദിയുടെ കരച്ചിൽ ഉച്ചത്തിലായി ..

വിനയ് ഡോർ ഹാന്റിൽ തിരിച്ചു നോക്കി .. ഡോർ തുറക്കപ്പെട്ടു ..

അതേ സമയം , ഗസ്റ്റ് റൂമിന്റെ വാതിൽ വലിച്ചു തുറന്ന് ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് ശബരി ഇറങ്ങി വന്നു…

അവൻ ആശങ്കയോടെ മുകളിലേക്ക് നോക്കി …

വിനയ് യും അപ്പോഴാണ് അത് ശ്രദ്ധിച്ചത് .. മുകളിൽ കുഞ്ഞ് കരയുന്നു ..

” എന്താടാ … കുഞ്ഞ് കരയുന്നേ … ” ശബരി ചോദിച്ചു ..

” നോക്കട്ടെ .. ആമി കാണും മുകളിൽ …..” പറഞ്ഞു കൊണ്ട് വിനയ് മുകളിലേക്ക് കയറി ….

ശബരി നഖം കടിച്ചു …

വിനയ് വന്ന് നോക്കുമ്പോൾ , നിലത്ത് കമിഴ്ന്ന് കിടന്ന് കരയുകയാണ് ആദി .. അവൻ തല ഉയർത്തി വച്ചിട്ടുണ്ട് .. മുറിയിൽ ആരുമില്ല ..

വിനയ് ബാഗ് നിലത്തേക്ക് വച്ച് ഓടിച്ചെന്ന് മകനെയെടുത്തു ….

അവന്റെ മൂക്കും മുഖവും എല്ലാം ചുവന്നിരിക്കുന്നു ….

വിനയ്‌ എടുത്തതും അവന്റെ കരച്ചിലിന്റെ ശക്തി കൂടി ..

” ആമീ……… ” വിനയ് ഉറക്കെ വിളിച്ചു …

വിനയ് കുഞ്ഞിനെയും കൊണ്ട് റൂമിന് പുറത്തേക്കിറങ്ങി… ശബരി സ്റ്റെപ്പ് കയറി വന്നു …

” എന്താടാ …….”

” അവളെവിടെ … ഇങ്ങനെയാണോ ഇവൾ കുഞ്ഞിനെ നോക്കുന്നേ .. ഞാൻ നോക്കുമ്പോ നിലത്ത് മുഖമടച്ച് വീണ് കിടക്കുവാ ….” പറഞ്ഞിട്ട് അവൻ മോനേ നല്ല വെളിച്ചമുള്ളിടത്തേക്ക് പിടിച്ച് മൂക്കിനകം പരിശോധിച്ചു …

ശബരിയും കൂടെ ചെന്നു …

” നീ ടെൻഷനാകണ്ട … കുറച്ച് നേരത്തേ ആമി ആരോടോ ഫോണിൽ സംസാരിച്ച് നിൽപ്പുണ്ടായിരുന്നു പുറത്ത് … ശ്രദ്ധിച്ചു കാണില്ല … ” അവൻ ഒന്ന് കൊളുത്തിയിട്ട് ,കുഞ്ഞിന്റെ നെറ്റിയുടെ ഇരുഭാഗത്തും വിരൽ വച്ച് പരിശോധിച്ചു ..

അവന്റെ കരച്ചിൽ കൂടി കൂടി വന്നു ..

” ഹോസ്പിറ്റലിൽ കൊണ്ട് പോയി സ്കാൻ ചെയ്ത് നോക്കാം ….. മുഖമടച്ച് വീണതല്ലേ .. പേടിക്കണ്ട .. ബെഡിന്റെ ഉയരത്തിൽ നിന്നല്ലേ വീണത് .. എന്നാലും നമ്മുടെ സമാധാനത്തിന് നോക്കിയേക്കാം … ” ശബരി പറഞ്ഞു …

വിനയ് യുടെ കൈയിൽ ഇരുന്നിട്ടും ആദിയുടെ കരച്ചിൽ അടങ്ങിയില്ല ..

മുകളിൽ തുണി വിരിച്ചു കഴിഞ്ഞ് താഴെക്കുള്ള സ്റ്റെപ്പ് ഇറങ്ങിയപ്പോഴാണ് അഭിരാമി കുഞ്ഞിന്റെ കരച്ചിൽ കേട്ടത് ..

അവൾ ഓടിയിറങ്ങി വന്നു ..

അതിനിടക്ക് ആദിയുണർന്നോ … താനിപ്പോ ഉറക്കി കിടത്തിയതല്ലേയുള്ളു ..

അവൾ വരുമ്പോൾ കുഞ്ഞിനെ എടുത്ത് , മുതുകത്ത് തട്ടി ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് വിനയ് …

” യ്യോ … മോനെന്തിനാ കരയുന്നേ .. എന്താ വിനയേട്ടാ ……” അവൾ കുഞ്ഞിന്റെ നേരെ ഓടിച്ചെന്നു ….

വിനയ്ക്ക് അവളുടെ വരവ് കണ്ടതും ദേഷ്യം ഇരട്ടിച്ചു …

അഭിരാമിയുടെ ശബ്ദം കേട്ടതും , ആദി വിനയ് യുടെ തോളിൽ നിന്ന് തലയുയർത്തി. അവളെ കണ്ടതും അവന്റെ സങ്കടം വർദ്ധിച്ചു .. അവൻ രണ്ടു കൈയും എടുത്ത് പിടിച്ച് അവളുടെ നേർക്ക് നീട്ടി കരഞ്ഞു …

വിനയ് പോക്കറ്റിൽ നിന്ന് കാറിന്റെ കീയെടുത്ത് ശബരിയുടെ നേർക്ക് നീട്ടി ..

” നീ വണ്ടിയിറക്കിയേ …..”

ശബരി കീ വാങ്ങി ..

” വിനയേട്ടാ … മോനെന്തിനാ കരയണെ… ” അവൾ ആശങ്കയോടെ , കുഞ്ഞിനെ എടുക്കാനായി അവന്റെ കൈയിൽ പിടിച്ചു ..

” മാറി നിക്കടീ…….” വിനയ് യുടെ ഒച്ചയുയർന്നു …

അഭിരാമി പേടിച്ച് പോയി …

” വിനയേട്ടാ ……” അവളവനെ മിഴിച്ചു നോക്കി .. അവളുടെ ശബ്ദം നേർത്തുപോയിരുന്നു ..

” എന്താ വിനയേട്ടാ … ഞാനുറക്കി കിടത്തിയതാ മോനേ … അതിനിടക്ക് എന്താ പറ്റിയേ ….”

” ഉറക്കി കിടത്തി … അതാണോടി കുഞ്ഞ് മുഖമിടിച്ച് നിലത്ത് കിടന്ന് കരഞ്ഞത് ….” അവന് ദേഷ്യം വന്നു ..

അഭിരാമി നെഞ്ചിൽ കൈവച്ചു . ..

ആദിയപ്പോഴും അവളുടെ നേരെ കൈ നീട്ടിപ്പിടിച്ച് കരയുകയാണ് ..

” ആദി … ഇങ്ങ് താ വിനയേട്ടാ .. ” അവൾ വീണ്ടും കുഞ്ഞിനെ എടുക്കാൻ ചെന്നു ..

” തൊട്ട് പോകരുത് നീയെന്റെ മോനേ …..” പറഞ്ഞിട്ട് വിനയ് കുഞ്ഞിനെയും കൊണ്ട് സ്റ്റെപിന് നേർക്ക് നടന്നു …

” നിനക്ക് വണ്ടിയിറക്കാൻ പറ്റുമോ …” വിനയ് തിരിഞ്ഞ് ശബരിയോട് തട്ടിക്കയറി ..

” ദാ വരുന്നു … ” അവനും വിനയ്ക്കൊപ്പം നടന്നു …

അഭിരാമിയുടെ കണ്ണ് നിറഞ്ഞൊഴുകി ..

അഭിരാമി തന്നെ എടുക്കുന്നില്ലെന്ന് കണ്ടതും ആദി വിനയ് യുടെ കൈയിൽ കിടന്ന് കുതറി …

അലറിക്കരഞ്ഞ് കൊണ്ട് അവളുടെ നേർക്ക്
അവൻ കൈ നീട്ടി ..

അഭിരാമിയുടെ ഹൃദയം പൊട്ടിപ്പോയി …

ഈശ്വരാ …. എന്റെ കുഞ്ഞ് ..!

വിനയ് അവനെ സമാധാനിപ്പിച്ച് തോളിലേക്ക് കിടത്താൻ ശ്രമിച്ചത് വിഫലമായി …

അവൻ വിനയ് യുടെ വയറ്റിൽ കാൽ കൊണ്ട് തൊഴിച്ചു … കൈയിൽ നിന്ന് ഊർന്നിറങ്ങാൻ ശ്രമിച്ചു …..

” മംമാ …………………………….. മംമാ ………….”

ആ വേദനകൾക്കിടയിൽ അവനാദ്യമായി അഭിരാമിയെ അമ്മയെന്ന് വിളിച്ചു ..

അഭിരാമി കോരിത്തരിച്ചു പോയി .. ആദ്യമായി അവന്റെ നാവ് മമ്മയെന്ന് വിളിച്ചിരിക്കുന്നു …

അവൾ താലിയിൽ മുറുകെ പിടിച്ചു ..

” മോനേ ……. ” സങ്കടവും സന്തോഷവും എല്ലാം അവളെ ഒരുമിച്ച് വിഴുങ്ങിക്കളഞ്ഞു ..

അവൾ ഓടിച്ചെന്ന് വിനയ് യുടെ കൈയിൽ നിന്ന് കുഞ്ഞിനെ പിടിച്ചു വാങ്ങി … തന്റെ മാറോട് ചേർത്തണച്ചു….

ആദി തന്റെ കൈയിൽ നിൽക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ വിനയ് പിന്നെ തടുത്തില്ല …

അവളവന്റെ മുഖത്തും നെറ്റിയിലും കൈയിലുമെല്ലാം തുരുതുരെ ഉമ്മവച്ചു ..

അവൻ അവളുടെ നെഞ്ചിലേക്ക് പറ്റിക്കിടന്ന് ഏങ്ങലടിച്ചു ..

” നിന്ന് നാടകം കളിക്കാതെ ഇറങ്ങി വാടി കുഞ്ഞിനേം കൊണ്ട് … ” വിനയ് യുടെ ശബ്ദമുയർന്നു ..

വിനയേട്ടൻ എന്തൊക്കെയാ വിളിച്ചു പറയുന്നേ എന്നോർത്തിട്ട് അഭിരാമിയുടെ നെഞ്ച് പൊള്ളിപ്പോയി ..

അവൾ കുഞ്ഞിനെ ചേർത്തു പിടിച്ചു കൊണ്ട് കൂടെയിറങ്ങി ചെന്നു ..

ശബരിയുടൻ കാറിന്റെ കീ വിനയ്ക്ക് നീട്ടി …

” അഭിരാമി വരുന്നുണ്ടല്ലോ .. അപ്പോ പിന്നെ നീ ഡ്രൈവ് ചെയ്യില്ലെ … ഞാൻ പാക്ക് ചെയ്തു വച്ചിരിക്കുവാ .. എന്തായാലും ഞാനിന്ന് തന്നെ അങ്ങോട്ട് മാറാം .. നിനക്കറിയുന്ന വീടല്ലേ .. നീ നല്ലതെന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി എനിക്ക് പ്രത്യേകിച്ച് ഒരു കാണലിന്റെ ആവശ്യമില്ല .. ” ശബരി അവസരത്തിനൊത്ത് ഉയർന്നു …

” നീയിപ്പോ മാറണ്ട .. തത്ക്കാലം എന്റെ കൂടെ വാ …. നീ തന്നെ ഡ്രൈവ് ചെയ്താൽ മതി .. ” അഭിരാമിയോടുള്ള ദേഷ്യത്തിന് അവൻ പറഞ്ഞു ..

ശബരിയുടെ ചുണ്ടിൽ ഒരു വിജയ സ്മിതം പടർന്നു …

ശബരി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി .. കോഡ്രൈവർ സീറ്റിൽ വിനയ് യും ..

അഭിരാമി ആദിയെയും കൊണ്ട് പിൻസീറ്റിലും …

അവൾ കുഞ്ഞിനെ തന്നിലേക്കണച്ചു പിടിച്ചു ..

അവന്റെ കരച്ചിൽ തെല്ലൊന്നടങ്ങി .. എങ്കിലും അവൻ ഏങ്ങലടിക്കുന്നുണ്ടായിരുന്നു …

കാറിലിരിക്കുമ്പോൾ അഭിരാമിയോർത്തത് കുഞ്ഞ് എങ്ങനെ നിലത്ത് വീണെന്നാണ് …

മോനെ ഉറക്കി കിടത്തിയിട്ട് താൻ തുണി വിരിക്കാൻ ടെറസിലേക്ക് പോയിട്ട് , കൂടി വന്നാൽ പത്ത് മിനിറ്റ് ..

അതിനുളളിൽ എന്തായാലും ആദി താനെ ഉണരില്ല .. ഉരുണ്ടു വീഴാതിരിക്കാൻ താൻ പില്ലോ വച്ചതുമാണ് ..

എന്തോ തിരിമറി നടന്നിട്ടുണ്ട് …

ആദിയെ കാണിക്കുന്ന പീഡിയാട്രീഷന്റെ അടുത്തേക്കാണ് അവർ പോയത് ..

കുഴപ്പമൊന്നുമില്ലെങ്കിലും സ്കാൻ ചെയ്തു നോക്കാമെന്ന് വിനയ് യുടെ സുഹൃത്ത് കൂടിയായ ഡോ . ജെറി പറഞ്ഞു ..

ശബരി ആ സമയം ആലോചനയിലായിരുന്നു ..

കൂടിമറിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം നീട്ടി കിട്ടും .. ഇനിയുള്ള ഓരോ സെക്കന്റും നിർണായകമാണ് …. അവൻ മനസിൽ കണക്കു കൂട്ടി …

ആദ്യം നിരഞ്ജനയെ കാണണം … പിന്നെ ബാക്കി കരുക്കൾ നീക്കണം ..

സ്കാനിംഗ് റിപ്പോർട്ട് കിട്ടാൻ വൈകും എന്നുള്ളത് കൊണ്ട് , അവർക്ക് ഒരു റൂം ജെറിയുടെ നേതൃത്വത്തിൽ തന്നെ കിട്ടി ..

ആദിക്ക് ചെറുതായി പനിക്കുന്നുണ്ടായിരുന്നു ..

വീണതിന്റെയും കരഞ്ഞതിന്റെയും ഒക്കെയാണ് ..

അഭിരാമി കുഞ്ഞിനെയും കൊണ്ട് ബെഡിലിരുന്നു …

വിനയ് പുറത്താരോടോ സംസാരിച്ച് നിന്നിട്ട് അകത്തേക്ക് കയറി വന്നു ..

അഭിരാമിയുടെ കൈയിലിരുന്ന ആദിയുടെ മുഖം പിടിച്ച് നോക്കിയിട്ട് , അവൻ ചെയർ വലിച്ചിട്ട് ഇരുന്നു ..

ആമിയെ അവൻ മൈൻഡ് ചെയ്തില്ല ..

” വിനയേട്ടാ … ഞാൻ മോനെ ഉറക്കി കിടത്തിയിട്ട് ടെറസിൽ തുണി വിരിക്കാൻ പോയപ്പോ …”

” തുണി വിരിക്കാനോ ഫോണിൽ സംസാരിക്കാനോ ….” അവൻ പുച്ഛത്തോടെ ചോദിച്ചു ..

അഭിരാമി വായ പൂട്ടി വച്ചു …

അവൾക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം ധാരണ കിട്ടി …

ടെറസിൽ തുണി വിരിക്കാൻ പോയ താൻ ഫോണിൽ സംസാരിക്കാൻ പോയി എന്ന് വിനയേട്ടൻ പറയണമെങ്കിൽ , അതിനിടയിൽ മറ്റൊരു നാവ് പ്രവർത്തിച്ചിട്ടുണ്ട് ..

പിന്നെ അവളും മിണ്ടാതിരുന്നു ..

ഇപ്പോ വിനയേട്ടനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല .. തന്റെ അശ്രദ്ധയാണെന്ന് കരുതി ദേഷ്യപ്പെട്ടിരിക്കുകയാണ് …സാവധാനം പറയാം ..

ശബരിയെ കൊല്ലാൻ തോന്നി അവൾക്ക് ..

എന്തിനു വേണ്ടിയാണെങ്കിലും പാവം കുഞ്ഞിനോട് ഈ ക്രൂരത ചെയ്യാൻ അവനെങ്ങനെ തോന്നി ..

നീ കാത്തിരുന്നോ ശബരി … എന്റെ ജീവൻ കളഞ്ഞിട്ടായാലും നീ ഈ ചെയ്തതിന് അഭിരാമി നിന്നോട് പകരം വീട്ടിയിരിക്കും .. അവൾ മനസിൽ കണക്ക് കൂട്ടി …

സ്കാൻ ചെയ്തു നോക്കിയപ്പോഴും കുഴപ്പമൊന്നുമില്ലായിരുന്നു .. പനി മാറിക്കൊള്ളുമെന്ന് ജെറി പറഞ്ഞു ..

തിരികെ വരാൻ കാറിലേക്ക് കയറാൻ നേരം , ഹോസ്പിറ്റൽ സ്കാൻ റിപ്പോർട്ടുകളും ഒ പി ടിക്കറ്റുമെല്ലാം ശബരി വാങ്ങി കാറിന്റെ ബാക്കിൽ വച്ചു ..

തിരിച്ച് വീടിന്റെ ഗേറ്റിലെത്തിയതും , ശബരി ചോദിച്ചു ..

” നിനക്കിപ്പോ കാറ് വേണോ ….?”

” ഇപ്പോ വേണ്ട … ഇനിയിപ്പോ ഞാൻ ഹോസ്പിറ്റലിലേക്കില്ല .. എന്താ ..”

” എനിക്കൊന്നു പുറത്ത് പോകണമായിരുന്നു .. പെട്ടന്ന് വരാം .. ”

” നീ കൊണ്ട് പൊയ്ക്കോ . . എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ അച്ഛന്റെ വണ്ടിയെടുത്തോളാം . . ” വിനയ് പറഞ്ഞു ..

അഭിരാമി അപ്പോഴേക്കും ആദിയെയും കൊണ്ട് ഗേറ്റ് തുറന്ന് അകത്ത് കയറി…

വിനയ് ഇറങ്ങിയിട്ട് ഡോർ അടച്ചു ..

ശബരി റോഡിലിട്ട് തന്നെ കാർ തിരിച്ചു ഓടിച്ചു പോയി ..

അപ്പോഴേക്കും സരളയും ജനാർദ്ധനനും ശ്രിയയും കൂടി അങ്ങോട്ട് വന്നു ..

അഭിരാമി തന്നെയാണ് അവരെ വിവരമറിയിച്ചത് …..

” ആദിയേയ് …….” നീട്ടി വിളിച്ചു കൊണ്ട് ജനാർദ്ധനൻ കയറി വന്നു ..

* * * * * * * * * * * * * * *

ശബരി പോകും വഴി നിരഞ്ജനയെ ഫോണിൽ വിളിച്ചു കാണണമെന്ന് പറഞ്ഞു ..

അവളൊരു കോഫി ഷോപ്പിന്റെ പേര് പറഞ്ഞിട്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ..

അവൻ കാർ ആ ഭാഗത്തേക്ക് വിട്ടു …

* * * * * * * * * * * * * *

ശബരി വരുമ്പോൾ നിരഞ്ജന കോഫി ഷോപ്പിൽ വെയിറ്റിംഗ് ആയിരുന്നു ..

ഒരു ടേബിളിൽ അവൾ തനിച്ചിരിക്കുന്നത് അവൻ കണ്ടു ..

വെളുപ്പിൽ ഇളം റോസ് പൂക്കളുള്ള സാരിയും ഇളം റോസ് സ്ലീവ് ലെസ് ബ്ലൗസുമായിരുന്നു അവളുടെ വേഷം…

” ഹോസ്പിറ്റലിൽ നിന്ന് നേരെ ഇങ്ങോട്ട് വന്നതാണോ …? ” ശബരി ചോദിച്ചു കൊണ്ട് അവൾക്കെതിരെയുള്ള ചെയറിൽ ഇരുന്നു ..

” അതേ .. എന്താ അത്യാവശ്യമാണെന്ന് പറഞ്ഞത് …” നിരഞ്ജന ചോദിച്ചു ..

” എനിക്കിനി അധിക ദിവസം ആ വീട്ടിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല .. ” ശബരി തുടങ്ങി വച്ചു ..

” അതെന്തു പറ്റി ….” അവൾ നെറ്റി ചുളിച്ചു ..

” ഇന്ന് അവൻ തന്നെ എനിക്കൊരു വീട് കണ്ട് വച്ച് അഡ്രസ് തന്നു .. ചിലപ്പോ അവൾ അവനെ നിർബന്ധിച്ചിട്ടുണ്ടാകും ….” ശബരി സംശയം പറഞ്ഞു…

” നിങ്ങളുടെ ബാംഗ്ലൂർ കണക്ഷൻ വിനയ്ക്ക് അറിയോ ..?”

” ഇല്ല .. അതവൾ ഇതുവരെ പറഞ്ഞിട്ടില്ലെന്നുറപ്പാ .. പറഞ്ഞാൽ എന്റെ സ്ഥാനം എവിടെയാകുമെന്ന് നിനക്ക് ഊഹിക്കാമല്ലോ …” ശബരി പറഞ്ഞു .

” എന്ത് കൊണ്ടാ അവൾ അത് പറയാത്തത് .. വിനയ് ക്ക് അവളോട് വെറുപ്പ് തോന്നാൻ മാത്രം കാര്യങ്ങളൊന്നും ഇല്ലല്ലോ .. മാത്രമല്ല നിന്നെ ഒഴിവാക്കാനും കഴിയും … ”

” എനിക്ക് തോന്നുന്നത് അവർ തമ്മിൽ അത് സംസാരിക്കുവാനുള്ള സാവകാശം കിട്ടിക്കാണില്ല എന്നാണ് .. മാരേജ് ന് മുൻപ് അവൻ അവളുമായി വല്ല്യ കണക്ഷൻ ഒന്നും ഇല്ലായിരുന്നു .. അവന് താത്പര്യമില്ലായിരുന്നു … കല്യാണത്തിന് ശേഷം ആദിയോടുള്ള അവളുടെ സമീപനമാണ് വിനയ് യെ അവളോട് കുറച്ചെങ്കിലും അടുപ്പിച്ചത് …”

” അങ്ങനെയെങ്കിൽ ഏത് നിമിഷവും വിനയ് എല്ലാമറിയുമല്ലോ ….”

” അതേ …. എന്തായാലും ഇന്ന് പേടിക്കണ്ട .. അതിനുള്ള ഒരു ചെറിയ പണി ഞാൻ തൊടുത്തു വച്ചിട്ടുണ്ട് … നമുക്ക് മുന്നിൽ അധികം സമയമില്ല .. നിനക്ക് വിനയ്ക്ക് മുന്നിൽ ജയിക്കാനുള്ള വഴിയും തെളിയുകയാണ് … ” ശബരി അവളുടെ കണ്ണിലേക്ക് നോക്കി ..

അവളുടെ മുഖം വിടർന്നു ….

” എന്താണത് …”

” വിനയ് യെ ഉലയ്ക്കണമെങ്കിൽ , അവന്റെ ഏറ്റവും വലിയ ദൗർബല്ല്യത്തിൽ തന്നെ തൊടണം …… ” ശബരി കുറുക്കനെ പോലെ അവളെ നോക്കി ..

നിരഞ്ജന കാതോർത്തു …

” ആദി …. നിന്റെ മകൻ … നീ പ്രസവിച്ച മകൻ … ”

നിരഞ്ജന നെറ്റി ചുളിച്ചു …

” ആദിയെ എന്ത് ചെയ്യണമെന്നാ ….”

” ഒന്നും ചെയ്യണ്ട … നീ കോടതിയിൽ പോകണം … ആദിയെ നിനക്ക് വിട്ട് കിട്ടാൻ ….”

നിരഞ്ജന മിഴിച്ചിരുന്നു ..

” അത് … അത് … നടക്കില്ല ശബരി … ഞാൻ തന്നെയാണ് അന്ന് കോടതിയിൽ ആദിയെ എനിക്കൊപ്പം വേണ്ട എന്ന് പറഞ്ഞത് .. ”

” അത് കൊണ്ടെന്താ … ഇപ്പോൾ നിനക്ക് വേണം … ”

നിരഞ്ജന നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു ..

” വിനയ് കോർട്ടിൽ ആദിക്കു വേണ്ടി യുദ്ധം ചെയ്യും .. അന്ന് ഞാൻ എതിർക്കാതിരുന്നിട്ട് കൂടി , ആദിയെ വിനയ്ക്ക് കിട്ടാനുള്ള 100 % സാത്യതയും ഉറപ്പിക്കാൻ വേണ്ടി , ഗർഭിണിയായിരിക്കേ ഞാൻ അബോർഷനു വേണ്ടി ശ്രമിച്ച ഹോസ്പിറ്റൽ എവിഡൻസ് അടക്കം വിനയ് കോർട്ടിൽ വച്ചതാണ് … ഇങ്ങനെയൊരു ഫൈറ്റിന് ഞാനിറങ്ങിയാൽ ഞാൻ വീണ്ടും തോൽക്കും .. അല്ലെങ്കിലും ആദിയെ കൊണ്ട് വരാൻ എനിക്ക് താത്പര്യമില്ല .. ”

” അന്നത്തെ സാഹചര്യമല്ലല്ലോ ഇപ്പോൾ .. വിനയ് ഇപ്പോൾ വിവാഹിതനാണ് .. മറ്റൊരു സ്ത്രീയാണ് ആദിയെ വളർത്തുന്നത് .. ആദിയുടെ കാര്യത്തിൽ നിനക്ക് ആശങ്കയുണ്ട് .. ”

” അതിനെന്തെങ്കിലും കാരണം വേണ്ടേ ശബരി …… തെളിവുകൾ വേണം .. കോടതിക്ക് തെളിവാണ് ആവശ്യം … ”

” തെളിവ് ഉണ്ടെങ്കിലോ … തെളിവ് മാത്രമല്ല സാക്ഷിയുമുണ്ടെങ്കിലോ …? ” ശബരി ചോദിച്ചു ..

” എന്ത് തെളിവ് .. ?”

ശബരി ഒരു ഫയൽ ടേബിളിലേക്ക് വച്ചു …

അതിൽ നിന്ന് ഇന്ന് ആദിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയതിന്റെയും സ്കാനിംഗ് റിപ്പോർട്ടുകളുടെയുമടക്കമുള്ള ഫോട്ടോ കോപ്പികളായിരുന്നു ..

” ആദിയവിടെ സുരക്ഷിതനല്ല എന്ന് നിനക്ക് കോർട്ടിൽ വാദിക്കാൻ വേണ്ട ചില തെളിവുകൾ ഇതിലുണ്ട് … നിനക്ക് ആദിയെ വേണ്ടെങ്കിലും നീ കോർട്ടിൽ പോകണം … കേസ് ഫയൽ ചെയ്യണം … ആദിയെ വിനയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യം വന്നാൽ പിന്നെ അവൻ തലയുയർത്തില്ല നിന്റെ മുന്നിൽ … അതിന് കാരണക്കാരിയായവളെ അവൻ പൂർണമായി വെറുക്കുകയും ചെയ്യും … ഈ ഒരു കളി കൊണ്ട് എനിക്കും നിനക്കും ഗുണമുണ്ടാകും ….” ശബരിയുടെ കുറുക്കൻ കണ്ണുകളിൽ ക്രൗര്യം നിറഞ്ഞു ..

അതു ശരിയാണെന്ന് നിരഞ്ജനക്കും തോന്നി ..

ശബരി മെഡിക്കൽ റെക്കോർഡ്സിന്റെ കോപ്പികൾ അടങ്ങിയ ഫയൽ അവളുടെ മുന്നിലേക്ക് നീക്കി വച്ചു ..

( തുടരും )

 

Click Here to read full parts of the novel

4.1/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!