വിനയ് കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി … പിന്നെ നേരെ സിറ്റൗട്ടിലേക്ക് കയറിച്ചെന്ന് കാളിംഗ് ബെൽ അമർത്തി ..
രണ്ട് മിനിട്ട് കാത്ത് നിന്നു … അപ്പോഴേക്കും അകത്തെവിടെയോ ഒരു വെളിച്ചം വീണു …
പിന്നെ സിറ്റൗട്ടിലും വെളിച്ചം വീണു ..
വാതിൽ തുറന്നത് മല്ലികയായിരുന്നു ….
പുറത്ത് വിനയ് യെ കണ്ടപ്പോൾ ആ മുഖത്ത് ഒരു തെളിച്ചം വന്നു ..
” കയറി വാ മോനേ …….” മല്ലിക മരുമകനെ അകത്തേക്ക് ക്ഷണിച്ചു ..
അവൻ അകത്തേക്ക് കയറിച്ചെന്നു …
” ലൈറ്റൊന്നും കാണാതിരുന്നപ്പോ ഞാനൊന്നു പേടിച്ചു .. ”
” ഞങ്ങൾ കിടന്നു .. ഉറങ്ങാനല്ല … ആമി വലിയ സങ്കടത്തിലാ .. ഓരോന്നു പറഞ്ഞും കരഞ്ഞും ഇങ്ങനെ ….” അത്രയും പറഞ്ഞപ്പോഴേക്കും അവർ കരഞ്ഞുപോയി …
വിനയ്ക്ക് ഉള്ളിലൊരു നീറ്റൽ പടർന്നു ..
മല്ലിക കണ്ണ് തുടച്ചു ..
” എന്റെ മോള് ഒരു തെറ്റും ചെയ്തിട്ടില്ല മോനേ .. എങ്ങനെയോ ചതിച്ചതാ അവൻ .. ” മല്ലിക പറഞ്ഞു ..
” ഞാനവളെ സംശയിച്ചിട്ടൊന്നുമില്ലമ്മേ .. എന്നോട് ഒന്നും പറയാതെയാ അവളവിടുന്ന് ഇറങ്ങി വന്നത് .. ” വിനയ് പറഞ്ഞു ..
മല്ലികക്ക് ആശ്വാസം തോന്നി ..
” ആമിയെവിടെ …..?”
” റൂമിലുണ്ട് …. മോൻ ചെല്ല് ….”
അവൻ അകത്തേക്ക് കയറിച്ചെന്നു .. ഹാളിന് ഇടത് വശത്തുള്ള മുറി അവളുടേതാണ് .. അവൻ അങ്ങോട്ടു കയറിച്ചെന്നു …
വാതിലിനിപ്പുറം ചുമർ ചാരി ആമി നിൽപ്പുണ്ടായിരുന്നു .. അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു …
തന്റെ വരവ് അവൾ അറിഞ്ഞു എന്ന് ആ നിൽപ് കണ്ടപ്പോൾ വിനയ്ക്ക് മനസിലായി ..
അവന് പാവം തോന്നി …
അവൻ ഡോറടച്ചു….
” വന്ന് വിളിക്കേണ്ട ആവശ്യമൊന്നുമില്ലായിരുന്നു .. ഞാൻ പറഞ്ഞിട്ടല്ലല്ലോ ഇറങ്ങി വന്നത് ….” വിനയ് ആരോടെന്നില്ലാതെ പറഞ്ഞു ..
” വിനയേട്ടാ … വിനയേട്ടനങ്ങനെയൊക്കെ ചോദിച്ചപ്പോ ….”
” എങ്ങനെ ചോദിച്ചപ്പോ …” അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൻ ഇടക്കു കയറി ചോദിച്ചു …
” കല്ല്യാണത്തിന് മുൻപ് ശബരിയെ പരിചയമുണ്ടായിരുന്നോ .. വിനയേട്ടന്റെ മുന്നിലഭിനയിച്ചതാണോന്നൊക്കെ ചോദിച്ചപ്പോ ….. ഞാൻ കരുതി വിനയേട്ടനെന്നെ തെറ്റിദ്ധരിച്ചൂന്ന് … ” ആമി ഇടർച്ചയോടെ പറഞ്ഞു ..
” ഞാൻ ചോദിച്ചതിലെന്താ തെറ്റ് … നിങ്ങൾ തമ്മിൽ പരിചയമുണ്ടായിരുന്നു എന്നും എന്റെ മുന്നിൽ അഭിനയിച്ചതാണെന്നും നീ തന്നെ സമ്മതിച്ചല്ലോ ….”
” പക്ഷെ വിനയേട്ടാ .. അതൊന്നും മനപ്പൂർവ്വം ആയിരുന്നില്ലല്ലോ ….. ” ആമി അവന്റെ മുഖത്തേക്ക് നോക്കി ..
” ആയിക്കോട്ടേ … ഇനിയിപ്പോ ഞാൻ തെറ്റിദ്ധരിച്ചു എന്ന് തന്നെയിരിക്കട്ടെ … അപ്പഴും നീ ആരോടും ഒന്നും പറയാതെ വീടു വിട്ടിറങ്ങി വരുന്നതായിരുന്നോ പോംവഴി .. അതോ എന്റെ തെറ്റിദ്ധാരണ മാറ്റാൻ ഒരു ശ്രമമെങ്കിലും നടത്തണമായിരുന്നോ …..? ”
ആമി മുഖം കുനിച്ചു ..
” ആ സംഭവത്തിനു ശേഷം , ഏകദേശം മുക്കാൽ മണിക്കൂറിൽ കൂടുതൽ നമ്മൾ ഒരുമിച്ച് ആ വീട്ടിലുണ്ടായിരുന്നല്ലോ .. നീയെന്നോട് എന്തെങ്കിലും പറഞ്ഞോ .. എന്റെ അച്ഛനും അമ്മക്കും ഏട്ടനും എട്ടത്തിക്കും ഒക്കെ നിന്റെ മുഴുവൻ കാര്യങ്ങളും അറിയാമായിരുന്നല്ലോ .. അവരെ കൂടി വിളിച്ച് ഈ വിഷയം രമ്യമായി പരിഹരിക്കാം എന്ന് നിനക്ക് തോന്നിയോ .. ?”
അഭിരാമി കണ്ണ് നിറച്ച് മിണ്ടാതെ നിന്നു ..
” നീയെന്തു കൊണ്ടാ ഇതൊന്നും ചെയ്യാതെ ഇറങ്ങി വന്നതെന്ന് നിനക്കറിയോ ആമി .. നീയിപ്പോഴും അഭിനയിക്കുന്നത് കൊണ്ടാ ….” വിനയ് കടുപ്പിച്ച് പറഞ്ഞു ..
” വിനയേട്ടാ ….. ” അവളുടെ നെഞ്ച് നീറി …
” അതേ ആമി … നിനക്ക് ഞാനോ , ആദിയോ എന്റെ വീട്ടുകാരോ ആ വീടോ ഒന്നും നിന്റെ സ്വന്തമാണെന്ന് ഇപ്പോഴും നീ അംഗീകരിച്ചിട്ടില്ല .. അംഗീകരിച്ചിരുന്നെങ്കിൽ നിന്റെ കുടുംബം ശിഥിലമാവാതിരിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ നീ ചെയ്തേനെ .. ഒരന്യയെപ്പോലെ ആ വീട്ടിൽ നിന്ന് നീയിറങ്ങി വരില്ലായിരുന്നു …. ” പറഞ്ഞിട്ട് അവൻ അഭിരാമിയുടെ മുഖത്ത് തന്നെ നോക്കി നിന്നു ..
അവൻ പറഞ്ഞത് അവൾക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല .. എന്നാൽ തള്ളിക്കളയാനും കഴിഞ്ഞില്ല ..
ആദിയും വിനയേട്ടനും അച്ഛനും അമ്മയും ഏട്ടനും ഏടത്തിയും ഒക്കെ തനിക്ക് തന്നേക്കാൾ ജീവനാണ് .. എന്നിട്ടും താനാ വീട്ടിൽ നിന്ന് ഒരന്യയെപ്പോലെയാണ് ഇറങ്ങി വന്നതെന്ന് വിനയ് പറഞ്ഞപ്പോൾ മാത്രമാണ് അവൾ ഓർത്തത് … വിനയേട്ടനും ആദിയുമടങ്ങുന്ന തന്റെ കൊച്ച് ലോകം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി താനൊന്നും ചെയ്തില്ല …
” വിനയേട്ടാ … അപ്പോ എനിക്കതിനൊന്നും കഴിഞ്ഞില്ല .. ഞാനാകെ തകർന്നു പോയി .. ” അവൾ സങ്കടത്തോടെ പറഞ്ഞു ..
” അതു കൊണ്ടല്ല ആമി … നീ പറഞ്ഞാൽ ഞാൻ വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതി .. അതല്ലേ സത്യം …… ”
അതും അവൾക്ക് നിഷേധിക്കാൻ കഴിയുമായിരുന്നില്ല ..
” പക്ഷെ ആമി ഹോസ്പിറ്റലിൽ നിന്ന് ഞാൻ നമ്മുടെ വീട്ടിലെത്തുന്നത് വരെയും , അത് കഴിഞ്ഞ് നിന്നെ ഞാനാ റൂമിൽ അങ്ങനെ കണ്ടിട്ടും എനിക്ക് നിന്നെ ഒരു സംശയവുമില്ലായിരുന്നു .. അതെന്തുകൊണ്ടാന്നറിയോ .. ഞാൻ നിന്നെയറിഞ്ഞത് എന്റെ ഹൃദയം കൊണ്ടാ .. ”
അഭിരാമിക്ക് അത് കേട്ട് നിൽക്കാനുള്ള ശക്തിയില്ലായിരുന്നു ..
വിനയേട്ടന്റെ മുന്നിൽ താനൊരുപാട് ചെറുതായപോലെ…
” എത്രയൊക്കെ സ്നേഹിച്ചാലും പരസ്പരം വിശ്വസമില്ലെങ്കിൽ ചെറിയൊരു സ്പാർക്ക് മതി ആ ദാമ്പത്യം പരാജയപ്പെടാൻ … … പുറത്ത് നിന്ന് ആർക്കും അത് തകർത്തെറിയാൻ പറ്റും .. .. ” വിനയ് പറഞ്ഞു ..
അഭിരാമിക്കു കുറ്റബോധം തോന്നി .. തനിക്കു കുറച്ചു കൂടി പക്വത കാണിക്കാമായിരുന്നു ..
” ഇപ്പോ ഞാൻ വന്നത് , എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റാഞ്ഞിട്ടല്ല .. ആദി വലിയ വാശിയിലാ .. തന്നെ കാണാഞ്ഞിട്ട് ..കരച്ചിലാണ് .. കരഞ്ഞു കരഞ്ഞു പനി കൂടി … പാവം അവൻ കുഞ്ഞല്ലേ .. അവനറിയില്ലല്ലോ അവൻ സ്നേഹിക്കുന്നതിന്റെ നാലിലൊന്നു പോലും തനിക്കങ്ങോട്ടില്ലെന്ന് …. ”
” വിനയേട്ടാ …… വിനയേട്ടനിതുവരെ പറഞ്ഞതൊക്കെ ഞാൻ സമ്മതിച്ചു .. എവിടെയൊക്കെയോ എനിക്കും തെറ്റ് പറ്റി .. അത് കൊണ്ടാ .. പക്ഷെ ഇത് ഞാൻ സമ്മതിക്കില്ല .. ആദിയോട് എനിക്ക് സ്നേഹമില്ലെന്ന് മാത്രം വിനയേട്ടൻ പറയരുത് .. വിനയേട്ടൻ അമ്മയോട് ചോദിച്ചു നോക്ക് … ഞാനിത്ര നേരം കരഞ്ഞത് പോലും എന്റെ കുഞ്ഞിനെ ഓർത്തിട്ടാ .. എന്നെ കാണാതെ അവൻ കരയുന്നുണ്ടാവുന്ന് എനിക്കറിയായിരുന്നു .. കണ്ണടച്ചാൽ കണ്മുന്നിലെന്റെ ആദിയാ …” അവളുടെ ഹൃദയം വിങ്ങി …
” ഓ … അത്രേം സ്നേഹമുള്ളത് കൊണ്ടാണല്ലോ അവനെ കളഞ്ഞിട്ട് ഇറങ്ങി വന്നത് …” വിനയ് പരിഹസിച്ചു ..
” വിനയേട്ടന് എന്നോട് വന്ന് ഒരു വാക്ക് ചോദിക്കാരുന്നല്ലോ .. ആ ഒരു സിറ്റ്വോഷനിൽ ഏതൊരു പെണ്ണും തകർന്ന് തരിപ്പണമായിപ്പോകുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു .. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു പോകും .. ഞാനതും ചിന്തിച്ചതാ ആ സമയത്ത് .. ഇത്രയൊക്കെ കാര്യക്ഷമതയുള്ള ആളല്ലേ .അപ്പോ വിനയേട്ടന് എന്നോടൊന്ന് ചോദിക്കായിരുന്നില്ലേ .. ആമി . .നിനക്ക് ഈ കാര്യത്തിൽ എന്തെങ്കിലും പറയാനുണ്ടോ .. എന്നെങ്കിലും .. അത് വിനയേട്ടൻ ചോദിച്ചില്ലല്ലോ .. അതെന്ത് കൊണ്ടാ … ” അവൾ തിരിച്ചു ചോദിച്ചു ..
അവൻ ഒന്നും മിണ്ടിയില്ല ..
” വിനയേട്ടൻ എന്റെ മുന്നിൽ ചെറുതായിപ്പോകും എന്നോർത്തിട്ട് … അല്ലേ …. ” അവൾ ചോദിച്ചു ..
വിനയ് അവളെയൊന്ന് പാളി നോക്കി ..
അവള് പ്രതികരിച്ചു തുടങ്ങി .. ഇനിയിപ്പോ ഇത് തന്റെ തലയിലാകുന്നതിന് മുന്നേ ,ഉപദേശം മതിയാക്കി ഇവളെയും വിളിച്ചു കൊണ്ട് പോകുന്നതാണ് നല്ലതെന്ന് അവന് തോന്നി ..
” ആദി വലിയ കരച്ചിലാണ് .. പനി കൂടിയിട്ടുണ്ട് .. തനിക്ക് വരാൻ കഴിയുമോ .. ” അവൻ ഗൗരവത്തിൽ ചോദിച്ചു ..
” ഞാൻ വരുവാ … ” അവൾ പറഞ്ഞു ..
” എന്നാൽ പെട്ടന്നിറങ്ങ് .. ഒരു മണിക്കൂർ ഡ്രൈവുള്ളതാ …..” അവൻ വാച്ചിൽ നോക്കിയിട്ട് ഡോർ തുറന്ന് റൂമിനു പുറത്തേക്ക് നടന്നു ..
* * * * * * * * * * * * * * * * * * * * * * * *
ആമിയും വിനയ് യും വരുമ്പോഴും വീട് പ്രകാശ പൂരിതമായിരുന്നു ..
ആമി കാറിൽ നിന്നിറങ്ങി ഡോർ അടച്ചു .. പിന്നാലെ വിനയ് യും….
മുൻ വാതിൽ തുറന്ന് കിടപ്പുണ്ടായിരുന്നു ..
അകത്ത് നിന്ന് വിമൽ ഇറങ്ങി വന്നു ..
വിമലേട്ടനും പ്രീതേടത്തിയും കൂടി വന്നിട്ടുണ്ടെന്ന് അവൾക്ക് മനസിലായി ..
അവൾ സിറ്റൗട്ടിലേക്ക് കയറിയപ്പോൾ തന്നെ അകത്ത് ആദിയുടെ ചിണുങ്ങലും വാശിയും കേട്ടു …
അവൾ വേഗം അകത്തേക്ക് കയറിച്ചെന്നു ..
ലിവിംഗ് റൂമിൽ സരളയും പ്രീതയും ശ്രിയയും ആദിയെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ..
അവൾ വേഗം ചെന്നു ..
” ആ എത്തിയോ …. എപ്പോഴേ ആദി നോക്കിയിരിക്കുവാ …” പ്രീത ചോദിച്ചു ..
അവളെ കണ്ടതും സരളയുടെ ഒക്കത്തിരുന്ന് ആദി കൈയ്യും കാലുമിട്ടിളക്കി … രണ്ടു കൈയും നീട്ടി പിടിച്ച് അവളുടെ നേർക്ക് അവൻ കമിഴ്ന്നു ..
അവളോടിച്ചെന്ന് അവനെ വാരിയെടുത്തു ..
” ആദീ ……..” അവളവനെ തുരു തുരെ ചുംബിച്ചു ….
” മംമ ……. മം …. ” അവൻ അവന്റെ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..
അവനവളുടെ കഴുത്തിൽ കൈ ചുറ്റി , തോളിൽ തല ചായ്ച്ച് കിടന്നു ….
ആമി അവന്റെ മുതുകിൽ മെല്ലെ തട്ടി .. അവന്റെ കരച്ചിലടങ്ങി ..
സരളയും പ്രീതയും അത് നോക്കി നിന്നു ..
വിമലും വിനയ് യും ജനാർദ്ധനനും ഹാളിലേക്ക് വന്നു …
” എന്നാലും ആമി … നിനക്ക് ഞങ്ങളോടെങ്കിലും ഒരു വാക്ക് പറഞ്ഞൂടായിരുന്നോ .. ഇവനാണ് നിന്നെ ഉപദ്രവിക്കാൻ നടക്കുന്ന തെണ്ടിയെന്ന് ..” വിമൽ ചോദിച്ചു ..
” എനിക്കപ്പോ അങ്ങനെയൊന്നും തോന്നിയില്ല ഏട്ടാ .. ഒന്നാമതെ വിനയേട്ടന്റെ ആത്മാർത്ഥ സുഹൃത്ത് .. വിനയേട്ടനോട് എല്ലാം പറഞ്ഞിട്ട് പറയാന്ന് കരുതി .. എന്റെ തെറ്റാ .. അമ്മയും എന്നെ കുറ്റപ്പെടുത്തി .. അമ്മയോടു പോലും പറയാതിരുന്നത് എന്താന്ന് …” അവൾ സങ്കടത്തോടെ പറഞ്ഞു ..
” പോട്ടെ … സാരമില്ല .. കഴിഞ്ഞത് കഴിഞ്ഞു .. ഇനി അത് പറഞ്ഞ് അവളെ വിഷമിപ്പിക്കണ്ട … ” പ്രീത ഇടക്ക് കയറി പറഞ്ഞു ..
സരളയും ആത് അനുകൂലിച്ചു ..
” പക്ഷെ .. ഇതങ്ങനെ വിടാൻ പറ്റില്ലല്ലോ .. അവനിനിയും അവളെ ദ്രോഹിക്കില്ലായെന്ന് എന്താ ഉറപ്പ് .. ഒരു വഴിയുണ്ടാക്കിയേ പറ്റൂ ….” വിമൽ പറഞ്ഞു ..
” നമുക്ക് പോലീസിൽ കംപ്ലയിന്റ് ചെയ്താലോ …? ” ജനാർദ്ദനൻ ചോദിച്ചു ..
” എന്താ വേണ്ടതെന്ന് നിങ്ങളാണുങ്ങൾ കൂടിയാലോചിച്ചിട്ട് പറയ് .. തത്ക്കാലം അവൾ കുഞ്ഞിനെ ഉറക്കി റസ്റ്റ് എടുക്കട്ടെ …. ” പ്രീത പറഞ്ഞു ..
ആമിക്ക് ആശ്വാസം തോന്നി ..
പ്രിതേടത്തി എപ്പോഴും അങ്ങനെയാണ് .. പക്വതയോടെ സാഹചര്യം ഹാന്റിൽ ചെയ്യും ..
ആമി ആദിയെയും കൊണ്ട് സ്റ്റെപ് കയറാൻ തുടങ്ങിയിട്ട് , പെട്ടന്ന് നിന്നു …
” വിനയേട്ടാ .. വിനയേട്ടനയാൾക്ക് സ്പെയർ കീ വല്ലതും കൊടുത്തിരുന്നോ …? ” അവൾ ചോദിച്ചു ..
” ഇല്ല …..”
” പിന്നെങ്ങനെയാ അയാൾ ഇതിനകത്ത് കയറിയേ … ”
അപ്പോഴാണ് എല്ലാവരും അതിനെ കുറിച്ച് ഓർത്തത് ..
” നീ വന്നിട്ട് ഡോർ തുറന്നിട്ടിട്ട് എങ്ങോട്ടെങ്കിലും പോയോ …. ” വിനയ് ചോദിച്ചു ..
” ഇല്ല ….. ഞാൻ ലോക്ക് തുറന്ന് അകത്ത് കയറി , ലോക്ക് ചെയ്തു … എന്നിട്ടാ റൂമിൽ പോയത് … പിന്നെ ഞാൻ റൂമിൽ തന്നെ ഉണ്ടായിരുന്നു …. ” അവൾ ഉറപ്പിച്ച് പറഞ്ഞു ..
” ഒരു കീ എന്റെ കൈയിലാണ് .. ഒന്ന് നിന്റടുത്തും ….” വിനയ് പറഞ്ഞു..
” കിച്ചൺ അടച്ചില്ലായിരുന്നോ ആമി നീ … ?” സരള ചോദിച്ചു ….
” അടച്ചതാ അമ്മേ .. ഞാനതൊക്കെ നോക്കിയിട്ടാ പോയേ ….” അവൾ പറഞ്ഞു ..
” എനിക്ക് തോന്നുന്നത് അവൻ സ്പെയർ കീ ഉണ്ടാക്കിയിട്ടുണ്ടെന്നാ … ഈ വീട്ടിലല്ലായിരുന്നോ താമസം…. ഒരു കീയുണ്ടാക്കാനാണോ പാട്….. ” വിമൽ പറഞ്ഞു ..
” അതപകടമാണ് മക്കളെ .. അവന്റെ കൈയിൽ നമ്മുടെ വീടിന്റെ കീയുണ്ടായിരിക്കുക എന്ന് പറഞ്ഞാൽ … ” ജനാർദ്ദനൻ സങ്കോചപ്പെട്ടു ..
വിനയ്ക്കും വിമലിനും അപകടം മണത്തു .. കാര്യങ്ങൾ തങ്ങളുടെ കൈപ്പിടിക്കുമപ്പുറമാണെന്ന് അവർ തിരിച്ചറിഞ്ഞു …
* * * * * * * * * * * *
ന്യൂറോളജി വാർഡിൽ നൈറ്റ് ഡ്യൂട്ടിയിൽ അനീറ്റ സിസ്റ്ററും നെസി സിസ്റ്ററും ഉണ്ടായിരുന്നു ..
വാർഡിന്റെ ഇടനാഴി ഏറെക്കുറേ വചനമായി തുടങ്ങി ..
പതിനൊന്നര കഴിഞ്ഞപ്പോൾ , നാലാം നിലയിലെ ന്യൂറോളജി വിഭാഗത്തിലേക്ക് , ലിഫ്റ്റ് വഴി ഒരാൾ വന്നിറങ്ങി …
അയാളുടെ വെളുത്ത വരയൻ ഷർട്ടിനു മുകളിൽ ഒരു പാമ്പ് കണക്കെ സ്‌റ്റെതസ്കോപ്പ് ചുറ്റിക്കിടന്നു..
അയാൾ തന്റെ പാന്റിന്റെ പോക്കറ്റിൽ ചെറുതായി തൊട്ടു .. എന്തോ ഒന്ന് അവിടെയുണ്ടെന്ന് അയാൾ ഉറപ്പ് വരുത്തി …
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission