അഭിരാമി വിനയ് യെ നോക്കി ..
” മഴ നനയും … കുഞ്ഞും നീയും … ” അവൻ ശബ്ദം താഴ്ത്തി പറഞ്ഞു ..
ലക്ഷ്മിയുടെ കുടക്കീഴിൽ , നിരഞ്ജന ആദിയെയും കൊണ്ട് അവർക്കടുത്തേക്ക് വന്നു …
ആദി രണ്ടും കൈയ്യും വിടർത്തി അഭിരാമിയിലേക്ക് അണയാൻ വെമ്പി ..
അഭിരാമിക്കു പിന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല ..
ഓടിച്ചെന്ന് ആദിയെ രണ്ട് കൈ കൊണ്ടും വാരിയെടുത്ത് തന്റെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു ..
അഭിരാമിയിലേക്കെത്തിയതും ആദിയുടെ കരച്ചിൽ പിടിച്ചു കെട്ടിയത് പോലെ നിന്നു ..
അഭിരാമി ആദിയെ ഉമ്മകൾ കൊണ്ട് മൂടി .. അവൻ അവളുടെ കഴുത്തിലേക്ക് മുഖമർപ്പിച്ച് , ഒട്ടിക്കിടന്നു ..
ആ കാഴ്ച നിരഞ്ജനയെ വല്ലാതെ നോവിച്ചു .. ജന്മം നൽകിയ തന്നിലില്ലാത്ത എന്താണ് ഈ അമ്മയിൽ നിന്ന് അവൻ കണ്ടെടുത്തത് ..
ആദി നിരഞ്ജനയെ ഒന്ന് നോക്കുക പോലും ചെയ്തില്ല ..
കണ്ണീർ പാടകൾക്കിടയിലൂടെ അഭിരാമി നിരഞ്ജനയെ നോക്കി .. നന്ദിയോടെ ..
നിരഞ്ജന കുറച്ചു കൂടി അടുത്തേക്ക് വന്നു നിന്നു …
” തിരിച്ചേൽപ്പിക്കുകയാണ് ഞാൻ .. അവന്റെ മനസിൽ നിന്ന് ഈ അമ്മയെ ഇറക്കിവിടാൻ ഞാനെന്നല്ല സാക്ഷാൽ ഈശ്വരനു പോലും കഴിയില്ല .. വരില്ല .. ഇനിയൊരിക്കലും .. അവന്റെ യാത്രയിൽ തണലായി ഈ അമ്മ മാത്രം മതി …..” നിരഞ്ജന ഗദ്ഗദത്തോടെ പറഞ്ഞു …
അഭിരാമി ആദിയെ ഒന്നു കൂടി മുറുക്കി പിടിച്ചു ..
” എന്നെങ്കിലുമൊരിക്കൽ എന്നെ കാണണമെന്ന് അവനാഗ്രഹം പറഞ്ഞാൽ , ഈയമ്മക്ക് സമ്മതമാണെങ്കിൽ മാത്രം ഒന്നയക്കുക .. ” നിരഞ്ജന ഒന്ന് മൗനമായി …
പിന്നെ അവർക്കരികിലേക്ക് വന്ന് അഭിരാമിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന ആദിയെ പിടിച്ച് ഒരുമ്മ കൂടി കൊടുത്തു …
വിനയ് അഭിരാമിയുടെ കൈയിൽ പിടിച്ചു ..
” വാ …. പോകാം .. ”
അവർ തിരിഞ്ഞതും നിരഞ്ജന പിന്നിൽ നിന്ന് വിളിച്ചു ..
” ഒരു മിനിറ്റ് …..”
അഭിരാമി നിന്നു … പിന്നെ തിരിഞ്ഞു നോക്കി … വിനയ് യും ഒപ്പം തിരിഞ്ഞു ..
” ഞാൻ അവനു വേണ്ടി വാങ്ങിയ കുറച്ച് ടോയിസും ഡ്രസുമുണ്ട് … വിരോധമില്ലെങ്കിൽ അത് സ്വീകരിക്കണം .. ഇനി ഒരിക്കലും ഒരു സമ്മാനവുമായും ഞാൻ വരില്ല ……..” നിരഞ്ജന കേഴും പോലെ ചോദിച്ചു ..
” അതൊന്നും വേണ്ട .. ഇവിടെ ആവശ്യമുള്ളതുണ്ട് …..” വിനയ് പുച്ഛത്തോടെ പറഞ്ഞു ..
നിരഞ്ജന മുഖം കുനിച്ചു ..
അഭിരാമി വിനയ് യെ ഒന്ന് ഇരുത്തി നോക്കി ..
” തന്നോളു … ” അവൾ നിരഞ്ജനയോട് പറഞ്ഞു ..
നിരഞ്ജന വിനയ് യെ നോക്കി ..
” ഇങ്ങ് തന്നോളു … ” അഭിരാമി വീണ്ടും പറഞ്ഞു …
വിനയ് പിന്നെ ഒന്നും മിണ്ടിയില്ല ..
” കുറച്ചധികം ഉണ്ട് .. അങ്ങോട്ട് എടുപ്പിക്കാം ….” നിരഞ്ജന അഭിരാമിയോട് പറഞ്ഞു ..
അഭിരാമി തലയാട്ടി ..
വിനയ് യും അഭിരാമിയും ആദിയെയും കൊണ്ട് വീട്ടിലേക്ക് നടന്നു …
” മോന് പനിയുണ്ട് …..” അഭിരാമി നടക്കുന്നതിനിടയിൽ ആവലാതിപ്പെട്ടു ..
അവർ സിറ്റൗട്ടിലേക്ക് കയറി , ഗേറ്റിലേക്ക് നോക്കി നിന്നു ..
വലിയ നാലഞ്ചു കിറ്റുകൾ ലക്ഷ്മിയും നിരഞ്ജനയും കൂടി ചേർന്ന് കാറിൽ നിന്നെടുത്ത് മഴയിലൂടെ കൊണ്ട് വന്നു …
” എവിടെ വക്കണം മാഡം … ” ലക്ഷ്മി അഭിരാമിയെ നോക്കി ചോദിച്ചു ..
” ഇങ്ങോട്ട് വച്ചോളു ……” അഭിരാമി സിറ്റൗട്ടിന്റെ കോണിലേക്ക് ചൂണ്ടി പറഞ്ഞു ..
ലക്ഷ്മി തന്നെ പടികയറി വന്ന് കൈയിലിരുന്ന കിറ്റുകൾ അങ്ങോട്ടു വച്ചു ..
പിന്നെ നിരഞ്ജനയുടെ കൈയിലിരുന്നതും വാങ്ങി വച്ചു …
നിരഞ്ജന ആ പടികൾ കയറിയില്ല .. ഒരിക്കൽ ഇറങ്ങിപ്പോയതാണ് .. എങ്കിലും ഉള്ളിന്റെയുള്ളിലെവിടെയോ ഒരു ചാപല്ല്യം തോന്നി .. മൂന്നു വർഷത്തോളം ജീവിച്ച വീട്…
നിരഞ്ജന വിനയ് യെ ഒന്നു നോക്കി …
” വിനയ് .. ഒന്ന് വരുവോ കാറിനടുത്തേക്ക് .. ഒരു കാര്യം പറയാനുണ്ട് ….”
” നിങ്ങൾ കൊടുത്ത കേസ് കോർട്ടിൽ നിലനിൽക്കുന്നുണ്ട് .. ഓർമയുണ്ടോ ?” വിനയ് നിരഞ്ജനയോട് തിരിച്ചു ചോദിച്ചു ..
നിങ്ങൾ ….. ആ പ്രയോഗം നിരഞ്ജനയെ വല്ലാതെ ഉലച്ചു .. അവന്റെ മനസിലെവിടെയും സ്ഥാനമില്ലാത്ത ഒരു പ്രയോഗം ..
” അറിയാം … അത് ഞാൻ നാളെ പിൻവലിക്കും …… ” അവൾ പറഞ്ഞു …
അഭിരാമി ആദിയുടെ മുഖത്തേക്ക് നോക്കി .. കരഞ്ഞ് കരഞ്ഞ് അവൻ വാടി തളർന്നിരുന്നു …
” വിനയ് … ഒന്ന് വരൂ .. പ്ലീസ് .. ഒരു ഇമ്പോർട്ടന്റ് മാറ്റർ പറയാനാ .. ” നിരഞ്ജന വീണ്ടും വിളിച്ചു ..
” ഇവിടെ വച്ച് പറയാൻ പറ്റുമെങ്കിൽ പറഞ്ഞോളു …. ” വിനയ് താത്പര്യമില്ലാതെ പറഞ്ഞു …
അഭിരാമി പെട്ടന്ന് ആദിയെയും കൊണ്ട് അകത്തേക്ക് കയറിപ്പോയി …
അവളൊരു നല്ല പെൺകുട്ടിയാണെന്ന് നിരഞ്ജന മനസിലോർത്തു ..
വിനയ് യുടെ അഹങ്കാരത്തിന് പറയാതെ പോകാം എന്നാണ് അവൾ ആദ്യം കരുതിയത് ..
പിന്നെ അഭിരാമിയെ ഓർത്തപ്പോൾ അവൾക്കത് പറയാതെ പോകാൻ തോന്നിയില്ല .. ശബരി എന്ന കാട്ടാളന്റെ കൈയിൽ താനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത് .. അവനെന്തും ചെയ്യും …
” ശബരിയെ അറിയാമല്ലോ .. അയാളിന്ന് എന്റെ വീട്ടിൽ വന്നിരുന്നു .. കുറച്ച് പ്രശ്നങ്ങളുണ്ടായി .. അയാൾക്ക് വിനയ് യുടെ വൈഫിനോട് എന്തോ റിവഞ്ചുണ്ട് .. ശരിക്കും ഞാനീ കേസിന് പോകാൻ പോലും കാരണം അയാളാ .. അയാളെന്നെ കരുവാക്കിയതാ .. കേസിന്റെ പേരിൽ വിനയ് യുടെ ശ്രദ്ധ തിരിക്കാൻ .. അതിനിടയിൽ അയാൾ എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട് .. രണ്ട് ദിവസം കൂടിയെയുള്ളു അയാൾക്ക് ജയിക്കാൻ എന്നൊക്കെ പറയുന്നുണ്ടായിരുന്നു .. അഭിരാമിയോട് ഒന്ന് ശ്രദ്ധിക്കാൻ പറയൂ .. എന്തും ചെയ്യാൻ മടിയില്ലാത്ത മൃഗമാണയാൾ ……” നിരഞ്ജന കഴിഞ്ഞു പോയ സംഭവങ്ങളുടെ ഓർമയിൽ ഒരു വിറയലോടെ പറഞ്ഞു …
വിനയ് അവളെയൊന്ന് നോക്കി …
” ഇതും നിങ്ങളും അവനും ചേർന്നുള്ള പ്ലാനാണോ … കുഞ്ഞിനെ തിരിച്ചേൽപ്പിക്കലും , കേസ് പിൻവലിക്കൽ വാഗ്ദാനവും എല്ലാം .. ചില സിനിമയുടെ ക്ലെമാക്സ് പോലെയുണ്ട് …..” അവൻ പരിഹാസത്തോടെ പറഞ്ഞു ..
മുഖത്തടി കിട്ടിയത് പോലെ നിരഞ്ജനയുടെ മുഖം ചുവന്നു ..
” ഞാൻ പറയാനുള്ളത് പറഞ്ഞു .. ഇനിയൊക്കെ നിങ്ങടെ ഇഷ്ടം …..” അവൾ അപമാനിക്കപ്പെട്ടതിന്റെ നീരസത്തിൽ പറഞ്ഞു ..,
” വാ .. ലക്ഷ്മി …..” അവൾ പിന്നെ അവിടെ നിന്നില്ല ….
മഴയിലൂടെ അവർ കാറിനടുത്തേക്ക് നടന്നു .. കാറിൽ കയറാൻ നേരം അവൾ ഒരിക്കൽ കൂടി ഗേറ്റിന് നേർക്ക് നോക്കി ..
അഭിരാമിയും കുഞ്ഞും അവിടെയെങ്ങും ഇല്ലായിരുന്നു ..
അവൾ കാറിലേക്ക് കയറി .. കാർ തിരിച്ചു , അവൾ മഴയിലൂടെ ഓടിച്ചു പോയി …
അവർ പോയിക്കഴിഞ്ഞപ്പോൾ വിനയ് പോയി ഗേറ്റടച്ചു ..
അവന്റെ മനസ് നിരഞ്ജന പറഞ്ഞ കാര്യത്തിൽ ഉടക്കി കിടന്നു ..
അവൾ പറഞ്ഞത് വിശ്വസിക്കണോ … അതോ ഇതും അവളും അവനും തമ്മിലുള്ള പ്ലാനോ .. ഇനിയൊരു കണ്ണ് നിരഞ്ജനയിലും വേണമെന്ന് അവൻ മനസിലോർത്തു..
തന്റെ പെണ്ണിനോ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണക്കാരായവർ അരായാലും അവർ പിന്നെയീ ഭൂമുഖത്ത് ഉണ്ടാവില്ലെന്ന് അവൻ മനസിലുറപ്പിച്ചു ..
അവൻ ഹാളിലേക്ക് കയറി വന്നപ്പോൾ അഭിരാമി ആദിയെ മടിയിലിരുത്തി പനി നോക്കുകയായിരുന്നു …
” പനിയുണ്ട് വിനയേട്ടാ … ” അവൾ ആദിയുടെ കക്ഷത്ത് നിന്നെടുത്ത തെർമോമീറ്ററിൽ നോക്കിക്കൊണ്ട് പറഞ്ഞു …
വിനയ് ചെന്ന് അവർക്കരികിലിരുന്നു .. ആദിയുടെ ദേഹത്ത് തൊട്ടു നോക്കി .. പിന്നെയവൻ ആദിയെ എടുത്ത് മടിയിൽ വച്ച് ഉമ്മവച്ചു ….
” ഞാൻ മോന് ഫുഡ് എടുക്കാം വിനയേട്ടാ ….”
” ങും ….. എന്നിട്ട് മെഡിസിൻ കൊടുത്ത് , കിടത്തിയുറക്കാം .. ” വിനയ് പറഞ്ഞു …
” പാവം … എന്റെ പൊന്നിന്റെ തൊണ്ടയൊക്കെ അടച്ചു പോയി … ” അഭിരാമിക്ക് സങ്കടം വന്നു …
വിനയ് അവന്റെ തലയിൽ തഴുകി …
അവൻ കളി ചിരികളില്ലാതെ , പപ്പയുടെ നെഞ്ചിലേക്ക് ചാരിക്കിടന്നു …
അവന്റെ ഇളം മനസ് ഒരുപാട് വേദനിച്ചിട്ടുണ്ടെന്ന് വിനയ്ക്ക് അറിയാമായിരുന്നു ..
അവനത്രകണ്ട് അഭിരാമിയെ സ്നേഹിക്കുന്നുണ്ട് .. അവന്റെ അനാഥത്വത്തിലേക്ക് മാതൃത്വത്തിന്റെ മധുരം നിറച്ച അമ്മയാണവൾ ..
അവന്റെ ലോകത്ത് , അവൾക്കുള്ളത്ര സ്ഥാനം തനിക്കു പോലും ഇല്ലെന്ന് വിനയ് ഓർത്തു .. അവനത് പല വട്ടം തെളിയിച്ചിട്ടുണ്ട് ..
” വിനയേട്ടൻ മോനെ നോക്കിക്കോ .. ഞാൻ പാലും ബിസ്ക്കറ്റും എടുത്തിട്ട് വരാം …. ” അഭിരാമി എഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു ..
അവൾ പോയപ്പോൾ ആദി തലയുയർത്തി അവൾ പോയ വഴിയെ നോക്കി .. പിന്നെ പഴയതുപോലെ വിനയ് യുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു ..
അവനറിയാം … ഇനി മമ്മ തന്നെ തനിച്ചാക്കില്ലെന്ന് .. ആ രഹസ്യം അവനോട് പറഞ്ഞത് അവൾ നൽകിയ ഉമ്മകളും , തലോടലുകളും ..അവളുടെ മാറിടത്തിന്റെ ചൂടുമാണ് ..
* * * * * * * * * * * * * * * * * * * *
നിരഞ്ജന കാർ സൈഡൊതുക്കി നിർത്തി …
പിന്നെ ഫോണെടുത്ത് ജിതേഷിനെ വിളിച്ചു …
നാലാമത്തെ റിങിൽ തന്നെ അവൻ കോളെടുത്തു ..
” ജിത്തു ഉറങ്ങിയില്ലായിരുന്നോ … ” നിരഞ്ജന ചോദിച്ചു …
” ഇല്ല . ….. ”
” ഞാൻ ആദിയെ കൊണ്ടുവിട്ടു ……” അവൾ പറഞ്ഞു …
” ഈ രാത്രിയിലോ … ” അവൻ വിശ്വാസം വരാതെ ചോദിച്ചു …
” ങും ……….”
” ഞാനങ്ങനെ പറഞ്ഞത് കൊണ്ടാണോ ….?.”
” ജിത്തു എന്റെ കണ്ണ് തുറപ്പിച്ചു ….” അവൾ പറഞ്ഞു ..
അവൻ നിശബ്ദനായി …
” ഇന്ന് കൊണ്ടു വിടണ്ടായിരുന്നു .. ഈ രാത്രിയെങ്കിലും തനിക്ക് തന്റെ കുഞ്ഞിനെ ചേർത്തണച്ച് കിടക്കമായിരുന്നില്ലെ …..”
” എന്തിനാ ജിത്തു .. അവനെ സങ്കടപ്പെടുത്തി ഞാൻ സന്തോഷിച്ചിട്ട് എന്ത് കാര്യം .. ഒന്നും കഴിക്കാതെ ഉറങ്ങാതെ അവൻ നേരം വെളുപ്പിക്കും .. അവൻ പൊക്കോട്ടേ ജിത്തു .. എന്നെക്കാൾ ഒരുപാട് ഒരുപാട് നല്ലൊരമ്മയെയാ അവന് കിട്ടിയത് .. അവന്റെ ലോകം ആ പെൺകുട്ടിയാണ് .. അതെനിക്കിന്ന് മനസിലായി ….” അവളുടെ തൊണ്ടയിടറി …
ജിതേഷ് കേട്ടിരുന്നു …
” ജിത്തു കിടന്നാരുന്നോ …..?” അവൾ ചോദിച്ചു ..
” ഇല്ലടാ .. ചെറിയൊരു പാക്കിംഗ് ……”
” എവിടെ പോകുന്നു … ഇന്നിങ്ങോട്ട് വന്നതല്ലേയുള്ളു .. ” അവൾ ചോദിച്ചു ..
” കോഴിക്കോടിന് .. എന്റെ വീട്ടിലേക്ക് .. അമ്മയെയും അച്ഛനെയും കാണാൻ .. നമ്മുടെ കാര്യം സംസാരിക്കാൻ .. അതിനി ഒട്ടും വൈകിപ്പിക്കണ്ട .. ” ജിതേഷ് പറഞ്ഞു ..
നിരഞ്ജനയുടെ മനസ് നിറഞ്ഞു ..
” ജിത്തൂ … നീയൊന്ന് വീട്ടിലേക്ക് വാ … പ്ലീസ് …” അവൾ വിളിച്ചു ..
” എന്തു പറ്റി .. രണ്ടാഴ്ച കാണാതിരുന്നത് കൊണ്ട് കൊതി മാറിയില്ലെ … ” അവൻ ചിരിച്ചു ..
” അതല്ല … എനിക്ക് പേടിയാകുന്നു വീട്ടിൽ പോകാൻ ……. ”
” പേടിയോ ……. എന്ത് പറ്റിയെടോ തനിക്ക് ..” അവൻ അത്ഭുതപ്പെട്ടു .
” വന്നിട്ട് പറയാം …. ഞാനിവിടെ പാർക്കിനടുത്തുണ്ട് … നിന്റെ കാർ എന്നെ ഫോളോ ചെയ്ത് തുടങ്ങിയിട്ടേ ഞാനിനി മുന്നോട്ടുള്ളു … ” അവൾ പറഞ്ഞു ..
” ശരി … ഞാൻ വരാം … ” അവൻ പറഞ്ഞിട്ട് കാൾ കട്ട് ചെയ്തു…
ഫോൺ വച്ചിട്ട് നിരഞ്ജന സീറ്റിലേക്ക് ചാരിക്കിടന്നു ..
ഒരു ഭയം അവളെ വേട്ടയാടി തുടങ്ങിയിരുന്നു ..
* * * * * * * * * * * * * * * * * * * * * * * *
രാത്രി രണ്ടര മണിയോടെ അമലാ കാന്തി കണ്ണ് തുറന്നു .. അവൾ കൈകാലിട്ടനക്കുന്നത് കണ്ടപ്പോൾ ഷംന സിസ്റ്റർ എഴുന്നേറ്റ് അവളുടെയരികിൽ ചെന്നു …
അവൾ കൈയുയർത്തി വിരലുകൾ ചലിപ്പിക്കുന്നുണ്ടായിരുന്നു ..
” എന്താ അമലാ …..” ഷംന സിസ്റ്റർ അലിവോടെ ചോദിച്ചു …
” പെൻ … പെൻ …. പെൻഡ്….” അവൾ എന്തോ പറയാൻ ശ്രമിച്ചു …
” പേന വേണോ ……” ഷംന സിസ്റ്റർ ചോദിച്ചു ..
അവൾ അല്ല എന്ന് തല ചലിപ്പിച്ചു …
ഷംന സിസ്റ്ററിന് ഒരു ബുദ്ധി തോന്നി ..
സിസ്റ്റർ പോയി , ഒരു പേനയും പേപ്പറും എടുത്തു കൊണ്ട് വന്നു …
ശേഷം പേന അവളുടെ വലം കൈയ്യുടെ വിരലുകൾക്കിടയിൽ പിടിപ്പിച്ചിട്ട് , അടിയിൽ പേപ്പർ വച്ച് കൊടുത്തു ..
” അമലക്ക് പറയാനുള്ളത് ഒന്നെഴുതാൻ ശ്രമിച്ചേ ……” സിസ്റ്റർ അവളുടെ തലയിൽ തഴുകി , സമാധാനത്തിൽ പറഞ്ഞു …
” സാവധാനം ഒന്ന് ശ്രമിച്ചാൽ മതി കേട്ടോ …. ” ഒരു സപ്പോർട്ടിന് സിസ്റ്റർ അവളുടെ ഇടം കൈ തന്റെ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു …
അമലാ കാന്തിയുടെ വിരലുകൾക്കിടയിലിരുന്ന് പേന അങ്ങോട്ടുമിങ്ങോട്ടുമാടി …
സിസ്റ്റർ അത് നേരെ പിടിച്ച് വച്ച് കൊടുത്തു ..
ഒന്ന് കൂടി അറച്ചെങ്കിലും , പേന അവളുടെ വിരലുകൾക്കിടയിൽ ഉറപ്പിച്ചു …
അടുത്ത നിമിഷം , ഐസിയുവിന്റെ ഡോർ തുറന്ന് , ഇടം കൈയിൽ തോൾ ഭാഗത്ത് ഒരു കെട്ടുമായി ഡോ .ശബരി കയറി വന്നു …
അയാളുടെ നോട്ടം ചെന്ന് പതിച്ചത് അമലാകാന്തിയുടെ ബെഡിന് നേർക്കാണ് …
അവൻ അവർക്കരികിലേക്ക് നടന്നു വന്നു …
ഷംന സിസ്റ്റർ തലയുയർത്തി നോക്കി …
ഡോ . ശബരി ….!
ഷംന സിസ്റ്റർ പെട്ടന്ന് അമലാകാന്തിയുടെ കൈയിൽ നിന്ന് പേന പിടിച്ചു വാങ്ങി …
പക്ഷെ അത് ശബരി കണ്ടിരുന്നു …..
” എന്താ സിസ്റ്റർ …………” ശബരി ചോദിച്ചു ..
” ഏയ് … ഞാൻ വെറുതെ അമലക്ക് എന്തെങ്കിലും എഴുതാനോ മറ്റോ കഴിയുമോ എന്ന് നോക്കിയതാ … പക്ഷെ കഴിയില്ല .. പേന പിടിക്കാൻ പോലും കഴിയുന്നില്ല …. ”
” ഓഹോ … ആ പേനയൊന്ന് കൊടുത്തേ …. ഞാനൊന്നു നോക്കട്ടെ …… ”
” പറ്റില്ല സർ … വെറുതെ സ്റ്റ്റൈൻ ചെയ്യിക്കണ്ടല്ലോ …..” ഷംന സിസ്റ്റർ പിന്മാറാൻ നോക്കി …..
” ഞാനല്ലേ പറയുന്നേ .. സിസ്റ്റർ കൊടുക്കു …. ”
അമലാകാന്തി ശബരിയെ കണ്ടതും കാലും കൈയുമിട്ടിളക്കി … തലയങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു ….
ഷംന സിസ്റ്റർ അത് ശ്രദ്ധിച്ചു .. ഇതിന് മുൻപ് പല വട്ടം സിസ്റ്റർ അത് ശ്രദ്ധിച്ചിരുന്നു .. പക്ഷെ അപ്പോഴൊക്കെ മറ്റ് പലരും കൂടെയുണ്ടായിരുന്നു ..
ഇപ്പോൾ സിസ്റ്റർക്ക് ഉറപ്പായി … അവൾ അസ്വസ്ഥയാകുന്നത് ഡോ . ശബരിയുടെ സാമിപ്യത്തിലാണ് ..
ഷംന സിസ്റ്റർ പേന അമലാകാന്തിയുടെ കൈയുടെ അടുത്തേക്ക് ഇട്ട് കൊടുത്തു …
അവളതിൽ തൊട്ടതു പോലുമില്ല …
” അതൊന്നെടുത്ത് പിടിപ്പിച്ചു കൊടുക്ക് സിസ്റ്ററെ … ” ശബരി കുറുക്കനെപ്പോലെ പറഞ്ഞു ……
ഷംന സിസ്റ്റർ പേന അവളുടെ വിരലുകൾക്കിടയിൽ വച്ച് കൊടുത്തു …
സിസ്റ്റർ പേന കൈവിട്ട മാത്രയിൽ ,അത് ബെഡിലേക്ക് വീണു … സിസ്റ്റർ അത് പ്രതീക്ഷിച്ചിരുന്നു …..
” സർനല്ലല്ലോ ഇന്ന് നൈറ്റ് ഡ്യൂട്ടി ………?.” ഷംന സിസ്റ്റർ ചോദിച്ചു ..
” എന്റെ പേഷ്യൻസ് ഇവിടെ കിടപ്പുണ്ട് … വരാൻ പാടില്ല എന്ന് റൂളൊന്നുമില്ലല്ലോ …
” സോറി സർ … ഡ്യൂട്ടി ചാർട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് ചോദിച്ചതാ …….” ഷംന സിസ്റ്റർ അറിയിച്ചു ..
“ജോലിയിൽ ആത്മാർത്ഥത കൂടുമ്പോൾ നമ്മളെല്ലാവരും ചില പ്രത്യേക താത്പര്യങ്ങളൊക്കെ കാണിക്കാറില്ലേ … സിസ്റ്റർ ഡോ . വിനയ് യുടെ പേഷ്യന്റ്സിനോട് കാണിക്കുന്ന പ്രത്യേ……….. ക താത്പര്യം പോലെ …..” അവനൊന്ന് നീട്ടി പറഞ്ഞു …
ആ ചോദ്യത്തിലെ അശ്ലീലം ഷംന സിസ്റ്റർക്ക് മനസിലായി ….
സിസ്റ്റർ ശബരിയെ തുറിച്ചു നോക്കി ….
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission