Skip to content

നന്ദ്യാർവട്ടം – ഭാഗം 31

നന്ദ്യാർവട്ടം

മുഖം മറച്ചൊരാൾ അവന്റെ നെഞ്ചിലൂടെ കത്തി കുത്തിയിറക്കി …

കത്തി വലിച്ചൂരി പിന്നിൽ കിടന്ന ജീപ്പിലേക്ക് അവൻ ഓടിക്കയറി ….

നാട്ടുകാർ ആ കാഴ്ച കണ്ട് അങ്ങോട്ടേക്ക് ഓടിക്കൂടും മുന്നേ ജീപ്പ് പൊടിപറത്തി പാഞ്ഞു പോയി …

ഒന്നു രണ്ടാളുകൾ ബൈക്കിലും മറ്റുമായി ജീപ്പിനു പിന്നാലെ പാഞ്ഞു ….

ദിവ്യ ചലനമറ്റ് നിന്നു ….

ഓടിക്കൂടിയ ജനങ്ങൾ അവനെയെടുത്തു ചിറ്റേടത്ത് ദന്തൽ ക്ലിനിക്കിനോട് ചേർന്നുള്ള ചിറ്റേടത്ത് മെഡിക്കയറിലേക്ക് പാഞ്ഞു ….

ദിവ്യ കൺമുന്നിൽ കണ്ടത് വിശ്വസിക്കാൻ പോലുമാകാതെ തളർന്ന് ക്ലിനിക്കിന് മുന്നിലുള്ള ചെയറിലേക്കിരുന്നു …

കാലിൽ പടർന്നു കയറിയ വിറയൽ ഒട്ടൊന്നടങ്ങിയപ്പോൾ അവൾ എഴുന്നേറ്റ് , ചിറ്റേടത്ത് മെഡികെയറിലേക്ക് ഓടി …

അവിടെ ക്യാഷ്വാൽറ്റിയിൽ നിന്ന് അടിയന്തിര സർജറിക്ക് വേണ്ടി അവനെ ഒപ്പറേഷൻ തീയറ്ററിലേക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടർമാർ …

ജീപ്പിനു പിന്നാലെ പോയവർ അപ്പോഴേക്കും മടങ്ങിയെത്തി … കുറേ ദൂരം ഫോളോ ചെയ്തെങ്കിലും കണ്ണ് വെട്ടിച്ചു കടന്നു കളഞ്ഞെന്ന് അവർ പരസ്പരം പറഞ്ഞു … ആരോ കരുതിക്കൂട്ടി ചെയ്തതാണെന്ന് കൂട്ടത്തിൽ ഒരു യുവാവ് പറഞ്ഞു .. കാരണം ജീപ്പിന് നമ്പർ പ്ലേറ്റില്ലായിരുന്നു .. വർക്‌ഷോപ്പിൽ നിന്നിറക്കിയതു പോലെ പെയിൻറിളകിയ ജീപ്പ് .. പക്ഷെ നല്ല കണ്ടീഷനിലുള്ള വണ്ടിയായതിനാലാണ് ഇത്രയും വേഗതയിൽ , ഓടിച്ചു പോകാൻ കഴിഞ്ഞതെന്നും അതിനാൽ തന്നെ അതിനു പിന്നിൽ ഒരു കൊലയാളിയുടെ ബുദ്ധിയാണെന്നും അവൻ പറഞ്ഞു ..

പോലീസ് അന്വേഷിച്ചിറങ്ങിയിട്ടുണ്ടെന്ന് മറ്റൊരാൾ പറഞ്ഞു … അപ്പോഴേക്കും കുറച്ച് കാക്കി ധാരികൾ ക്യാഷ്വാൽറ്റിയിലേക്കും കടന്നു വന്നു ..

ആദ്യം ഡോക്ടറുമായി സംസാരിക്കുകയും , പിന്നീട് ദിവ്യയോടും മറ്റ് ചിലരോടും പേരും വിലാസവും ഫോൺ നമ്പറുമൊക്കെ വാങ്ങിയെടുക്കുകയും ചെയ്തു …

ചിലരെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി സംസാരിച്ചു …

ആരൊക്കെയോ വിളിച്ചറിയിച്ചാണ് ശങ്കര വാര്യർ കാര്യമറിഞ്ഞത് …

എല്ലാം തകർന്നവനെപ്പോലെ അയാൾ ക്യാഷ്വാൽറ്റിയിലേക്ക് കയറി വന്നു …

ജിതേഷിനെ ഒരു നോക്ക് കണ്ട ശേഷം , ഒരു പ്രേതം കണക്കെ അവിടെ നിലയുറപ്പിച്ച ദിവ്യക്കരികിലേക്ക് അയാൾ വന്നു … പിന്നെ അവളെ ചേർത്തു പിടിച്ചു .. ഒരു പൊട്ടിക്കരച്ചിലോടെ അവൾ അയാളുടെ നെഞ്ചിലേക്ക് വീണു …

* * * * * * * * * * * * * * * * * * * * * * * * * * *

അഭിരാമി ആദിയെയും കൊണ്ട് വെറുതെ മുറ്റത്ത് നടന്നു …

പിന്നെ ഇരുവരും ചേർന്ന് ,അവരുടെ കുഞ്ഞു നന്ദ്യാർവട്ടത്തിന് വെള്ളമൊഴിച്ചു ..

അഭിരാമിയുടെ മനസിലൊരു സങ്കടം ബാക്കി നിന്നു….

നാളെ മുതൽ മൂന്ന് ദിവസം ആദിയെയും വിനയേട്ടനെയും പിരിഞ്ഞു നിൽക്കണമല്ലോ എന്നോർത്തപ്പോൾ അവൾക്ക് വിഷമമായി..

അന്നാ പ്രോഗ്രാമിന് എസ്കോർട്ടിംഗ് ചുമതല ഏറ്റെടുക്കാൻ തോന്നിയ നിമിഷത്തെ അവൾ ശപിച്ചു …

തൃസന്ധ്യയായിരുന്നു ….

അവൾ ആദിയെയും കൊണ്ട് പൂജാമുറിയിൽ കയറി വിളക്ക് വച്ചു .. ആദിയുടെ കുഞ്ഞു കൈകൾ കൂപ്പി വച്ച് അവനെ തൊഴാൻ പഠിപ്പിച്ചു ..

പിന്നെ അവനെയും കൂട്ടി ഹാളിൽ വന്നിരുന്നു …

ഫോണെടുത്ത് വിനയ് യെ കോൾ ചെയ്തു ..

” എപ്പോ വരും വിനയേട്ടാ …..” അവൾ ചോദിച്ചു ..

” നേരത്തെ ഇറങ്ങാം … അറിയാല്ലോ ഇവിടെ ഒരു ശ്രദ്ധയില്ലാതെ പറ്റില്ല … ”

” ങും …. പിന്നെ .. വരുമ്പോ കുറച്ച് മുല്ലപ്പൂ വാങ്ങണെ …..” അവൾ പറഞ്ഞു ..

” എന്തിനാ മുല്ലപ്പൂ… ” അവൻ ചോദിച്ചു ..

” എനിക്ക് തിന്നാൻ .. ഒന്ന് പോ വിനയേട്ടാ …” അവൾ ചുണ്ട് കൂർപ്പിച്ചു പിണങ്ങി …

അത് കണ്ടപ്പോൾ അവളുടെ മടിയിൽ എഴുന്നേറ്റ് ആടിയാടി നിന്ന ആദി കക്കടം പൊട്ടി ചിരിച്ചു …

” നീയെന്തിനാടാ കളളാ ചിരിക്കുന്നേ … ” അവളാദിയോടും പരിഭവിച്ചു ..

ഫോണിൽ കൂടി വിനയ് യുടെ ചിരി കേട്ടു …

” ഇപ്പോ മനസിലായി .. എന്തേ ഇന്ന് ഇങ്ങനെയൊക്കെ തോന്നാൻ … ” അവൻ ചോദിച്ചു ..

” ഒന്നൂല്ല …. ” അവൾ പിണക്കം വിട്ടില്ല ..

” ഞാൻ വാങ്ങാടോ .. മുല്ലപ്പൂവും കൊണ്ടേ ഞാൻ വരൂ ….” അവൻ വാക്കു പറഞ്ഞു …

അവൾ ഊറി ചിരിച്ചു ..

” വയ്ക്കട്ടെ … റൗണ്ട്സ് കഴിഞ്ഞിട്ട് ഇറങ്ങാം … ”

” ങും……….” അവൾ ഫോൺ കട്ട് ചെയ്തിട്ട് ആദിയെ നോക്കി …

അവൻ അവളുടെ മടിയിൽ എഴുന്നേറ്റ് നിന്ന് ഓരോരോ കുറുമ്പുകൾ കാട്ടുകയാണ് ..

അവളവന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി …

വിനയ് യുടെ അതേ കണ്ണും മൂക്കുമാണ് അവന് കിട്ടിയിരിക്കുന്നത് ..

അവൾ ആദിയുടെ മൂക്കിലൊരുമ്മ കൊടുത്തു ..

അവൻ തിരിച്ച് അവളുടെ മൂക്കിൽ കടിച്ചു … സ്റ്റഡിന് മേലേക്കൂടി കടിക്കുമ്പോൾ അവൾക്ക് ചെറുതായി വേദനിക്കും .. അവൾക്കതിഷ്ടമാണ് ..

” ഇന്നെന്റെ ആദിക്കുട്ടൻ നേരത്തെ ഉറങ്ങണേട്ടോ …..” അവൾ അവന്റെ മൂക്കിൽ മൂക്കുരസിക്കൊണ്ട് രഹസ്യം പോലെ പറഞ്ഞു ..

അവൻ ചിരിച്ചു കൊണ്ട് നിന്നു …

എടീ കള്ളി മമ്മേ .. ആദിക്കുട്ടൻ ശരിയാക്കി തരാട്ടോ എന്നൊരു ഭാവം അവന്റെ മുഖത്തില്ലേ എന്നവൾ സൂക്ഷിച്ചു നോക്കി ..

അവൻ അവളുടെ കവിളിൽ ഒരു കടി വച്ച് കൊടുത്തു …

” കുറുമ്പൻ … ” അവൾ ചുണ്ടുകൂർപ്പിച്ചു കൊണ്ട് അവന്റെ വയറ്റിൽ ഇക്കിളിയിട്ടു …

അവനവളുടെ മടിയിൽ നിന്ന് വയറിൽ ചവിട്ടി മുകളിലേക്ക് കയറാൻ തുടങ്ങി ..

” കുറുമ്പൻ ……” അവളവനെ പൊക്കിയെടുത്തു കൊണ്ട് എഴുന്നേറ്റു …

മുൻ വശത്തെ ഡോർ ലോക്ക് ചെയ്തിട്ട് അവളവനെയും കൊണ്ട് മുകളിലേക്ക് വന്നു …

അവനെ ബെഡിലിരുത്തി , ഒന്ന് രണ്ട് ടോയിസും വച്ച് കൊടുത്തിട്ട് അവൾ ഒരു ട്രാവൽ ബാഗെടുത്ത് ബെഡിൽ വച്ചു …

പിന്നെ കബോർഡ് തുറന്നു വച്ചു … അവൾക്കിഷ്ടമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് ബാഗിലേക്ക് അടുക്കി വയ്ക്കാൻ തുടങ്ങി ..

മൂന്നു ദിവസത്തേക്കുള്ളത് , അവൾ വേണ്ടതൊക്കെ ഓർത്തെടുത്ത് വച്ചു ..

ആദിയുടൻ തന്റെ ടോയിസ് വിട്ട് ,എഴുന്നേറ്റ് ബാഗിനടുത്ത് വന്നു .. പിന്നെ അവൾ അടുക്കി വച്ച ഒന്നുരണ്ടുടുപ്പുകൾ വലിച്ച് പുറത്തിട്ടു ..

അഭിരാമി ബ്രഷും സോപ്പുമെടുത്തു കൊണ്ട് വന്നപ്പോൾ ആദി അവളടുക്കി വച്ചിരുന്നതോരോന്നായി പെറുക്കി പുറത്തിടുന്ന തിരക്കിലാണ് ..

അവൾ എളിയിലേക്ക് രണ്ട് കൈയ്യും കുത്തി , അവന്റെ കുറുമ്പ് നോക്കി നിന്നു ..

പിന്നെ നെടുവീർപ്പിട്ടു കൊണ്ട് വന്ന് അവനെയെടുത്തു പൊക്കി താഴെ നിർത്തി ..

” വികൃതി……. ” അവൾ അവനെ നോക്കി കപട ദേഷ്യത്തിൽ പറഞ്ഞു ..

അവൻ അവളെ നോക്കി ചിരിച്ചു ..

അവൾ പിന്നെ അവൻ പെറുക്കി പുറത്തിട്ടതൊക്കെ തിരികെ എടുത്ത് അടുക്കി വച്ചു ..

അപ്പോഴേക്കും അവൻ തത്തി തത്തിപ്പോയി , അവന്റെ കുഞ്ഞുടുപ്പുകൾ ഇടാറുളള നെറ്റ് ബാഗിൽ കൈയിട്ട് കൈയിൽ കിട്ടിയതുമായി വന്നു .. വരും വഴി ബെഡിന് താഴെ വച്ചിരുന്ന അവന്റെ കുഞ്ഞിച്ചെരുപ്പിൽ ഒരെണ്ണം കൂടി എടുത്തു ..

ഹനുമാൻ ഒരു കൈയിൽ മരുത്വാമലയും മറുകൈയിൽ ഗദയുമായി വരുന്നതു പോലെ , അവൻ അതു രണ്ടും കൈയിൽ ഉയർത്തിപ്പിടിച്ചു കൊണ്ട് നടന്ന് അവളുടെയരികിൽ വന്നു .. പിന്നെ ഏന്തി വലിഞ്ഞ് അത് രണ്ടും കൂടി ബാഗിലേക്കിട്ടു ..

” ശ്ശൊ ….. ഈ കുറുമ്പൻ ….” അഭിരാമി അത് കണ്ട് തലയിൽ കൈവച്ചു ..

” എടാ ചക്കരെ … നീയും മമ്മേടെ കൂടെ വരുന്നുണ്ടോ …” അവളവന്റെയരികിൽ മുട്ടുകുത്തിയിരുന്ന് അവനെ തന്റെ ഉടലോട് ചേർത്ത് പിടിച്ച് , കുരുന്നു മുഖത്ത് അമർത്തി ചുംബിച്ചു കൊണ്ട് ചോദിച്ചു ..

അവൻ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് നിന്നു ..

അവൾ നിലത്തേക്കിരുന്നിട്ട് ആദിയെ മടിയിലെടുത്തു വച്ചു …

” മമ്മ പോയി വരുന്ന വരെ കരയാണ്ട് നിക്കണട്ടോ …. ” അവളവന്റെ ശിരസിൽ തലോടി ..

” അച്ഛമ്മയേയും അച്ഛച്ഛനേയും പ്രീതാമ്മയെയും ശ്രീയേച്ചിയേയും പപ്പയേയും ഒന്നും ആദിക്കുട്ടൻ സങ്കടപ്പെടുത്തരുത് ട്ടോ ….. മമ്മ പപ്പേടെ ഫോണിൽക്കൂടി ആദിക്കുട്ടനെ നോക്കി രാരാരോ പാടിതരാട്ടോ…..” അവൾ അവനെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു കൊടുത്തു …

അവൻ അവളുടെ മടിയിലിരുന്ന് കുഞ്ഞിക്കൈയിളക്കി കളിച്ചു കൊണ്ടിരുന്നു …

വിനയ് വരും മുന്നേ തന്നെ അവൾ ബാഗ് പാക്ക് ചെയ്ത് മാറ്റി വച്ചു …

പിന്നെ ആദിയെയുമെടുത്ത് താഴെ വന്ന് വിനയ്ക്കായി കാത്തിരുന്നു ..

എട്ടു മണിയായപ്പോൾ ഗേറ്റിൽ കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം വീണു .. അവൾ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ചെന്ന് ഡോർ തുറന്നു .. മുറ്റത്തിറങ്ങിച്ചെന്ന് ഗേറ്റ് തുറന്നു വച്ചു കൊടുത്തു ..

അവൻ കാറകത്ത് കയറ്റിയപ്പോൾ , അവൾ ഗേറ്റടച്ചു തിരികെ വന്നു …

* * * * * * * * * * * * * * * * * * * *

ആദിക്ക് അവൾ ഫുഡു കൊടുത്തു … ഉണ്ണി വയർ നിറഞ്ഞപ്പോൾ അവൻ കുഞ്ഞിവാ തുറന്ന് കോട്ടുവായിട്ടു ..

അവളവനെയെടുത്തു കൊണ്ട് ബാൽക്കണിയിൽ പോയി നിന്നു ..

ആകാശത്ത് അമ്പിളി മാമനും നക്ഷത്രക്കുഞ്ഞുങ്ങളും ആദിക്കു വേണ്ടി കാത്തു നിൽക്കുകയായിരുന്നെന്ന് അവൾ പറഞ്ഞു …

അവൻ കുഞ്ഞിക്കണ്ണ് മിഴിച്ച് ആകാശത്തേക്ക് നോക്കി .. പിന്നെ അവളുടെ തോളിലേക്ക് തല ചായ്ച്ചു കിടന്നു …

അവളേതോ താരാട്ടിന്റെ വരികൾ മൂളിക്കൊണ്ട് അവനെയും കൊണ്ട് നടന്നു ..

അവനുറങ്ങിക്കഴിഞ്ഞപ്പോൾ അവളവനെ കൊണ്ടുപോയി ബെഡിൽ കിടത്തി ..

വിനയ് കൊണ്ടുവന്ന മുല്ലപ്പൂവിന്റെ അഭൗമഗന്ധം മുറിക്കുള്ളിൽ നിറഞ്ഞു നിന്നു …

വിനയ് താഴെയിരുന്ന് ലാപ്പിൽ എന്തോ ചെയ്യുകയായിരുന്നു ..

അവൾ വസ്ത്രങ്ങളെടുത്ത് ബാത്ത് റൂമിലേക്ക് കയറിപ്പോയി …

* * * * * * * * * * * * * * * * * * * * * * *

വിനയ് ബെഡ് റൂമിലേക്ക് വരുമ്പോൾ , അഭിരാമി ഡ്രെസിംഗ് ടേബിളിന് മുന്നിലെ മിററിൽ നോക്കി നിൽക്കുകയായിരുന്നു ..

പുളിയിലക്കര കസവ് പുടവ ചുറ്റി , മുടിയിൽ അവൻ കൊണ്ട് വന്ന മുല്ലപ്പൂവ് ചൂടി അവൾ നിൽപ്പുണ്ടായിരുന്നു ..

അവളുടെയാ പിൻ കാഴ്ചക്ക് ഒരു പ്രത്യേക ഭംഗിയായിരുന്നു ..

അവൻ വാതിൽക്കൽ, രണ്ട് കൈയും കെട്ടി അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിന്നു …

അവൾ , അവനെ വിളിക്കാനായി പിന്തിരിഞ്ഞതും , വാതിൽക്കൽ തന്നെ നോക്കി നിൽക്കുന്ന വിനയ് യെ കണ്ടു …

ഒരു മാത്ര രണ്ടു പേരുടെയും കണ്ണുകളിടഞ്ഞു .. അവളിൽ നാണം സ്ഫുരിച്ചു … കവിളുകൾ തുടുത്തു ..

അവൻ അവൾക്കരികിലേക്ക് നടന്നു വന്നു .. അവൾക്ക് മുന്നിലായി നിന്നു …

അവന്റെ നിശ്വാസത്തിന്റെ ചൂട് അവളിലേക്ക് പടർന്നു ..

അവൾ പൂത്തുലഞ്ഞു …

വിനയ് അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു … എവിടെ തുടങ്ങണമെന്ന് ഒരുവേള അവൻ ശങ്കിച്ചു…

ഈ കരിനീല കണ്ണുകളിൽ നിന്നോ ? അതോ ഈ നേർത്ത അധരങ്ങളിൽ നിന്നോ ..? അതോ ചന്ദനം തോൽക്കുന്ന നെറ്റിത്തടത്തിൽ നിന്നോ ..? എവിടെ തുടങ്ങണം പെണ്ണേ നിന്നിൽ ഞാൻ … എവിടെ തുടങ്ങിയാലും ഒടുവിൽ ഞാൻ പൂർണനാണ് .. അവനവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്വയം പറഞ്ഞു …

” നമുക്ക് ബാൽക്കണിയിലേക്ക് പോകാം വിനയേട്ടാ .. ” അവൾ പ്രണയ വിവശയായി ..

” അത് വേണോ ….. ” അവൻ ബെഡിലേക്ക് നോക്കി .. പിന്നെ അവളെ നോക്കി കണ്ണിറുക്കി ..

” വേണം … ” അവൾ ചുണ്ടു കൂർപ്പിച്ചു ..

അവനാ ചുണ്ടിലൊരുമ്മ കൊടുത്തു …

അവനവളെയും കൂട്ടി ബാൽക്കണിയിലേക്ക് പോയി .. ബാൽക്കണിയിലെ അരഭിത്തിയിൽ പിടിച്ച് അവൾ ആകാശത്തേക്ക് മുഖമുയർത്തി …

അവൻ പിന്നിലൂടെ വന്ന് ,അവളുടെയരക്കെട്ടിൽ ചുറ്റിപിടിച്ചു … അൽപം കുനിഞ്ഞ് അവളുടെ കവിളോട് കവിളുരുമ്മി നിന്നു ..

അൽപ നേരം അവരങ്ങനെ നിന്നു .. ഒന്നും പറയാതെ തന്നെ അവർ കൈമാറുന്ന പ്രണയരഹസ്യങ്ങൾ ആ നിൽപ്പിലുണ്ടായിരുന്നു …

അവളുടെ ദേഹത്ത് സ്വതവേയുള്ള താഴമ്പൂ ഗന്ധവും , മുടിയിൽ നിന്നുതിർന്ന മുല്ലപ്പൂവാസരവും അവനെ ഉന്മാദിയാക്കി …

അവന്റെ വിരലുകളുടെ വികൃതി കൂടിയപ്പോൾ അവൾ തിരിഞ്ഞ് അവനഭിമുഖം നിന്നു …

” ഇന്നെന്തേ ഇങ്ങനെയൊക്കെ തോന്നാൻ … ” അവൻ ചോദിച്ചു ..

” ഇനി മൂന്നു ദിവസം കഴിഞ്ഞിട്ടല്ലേ നമ്മൾ കാണു .. അത് വരെ എനിക്ക് വിനയേട്ടനെ ഒട്ടും മിസ് ചെയ്യരുത് … ഇന്ന് ഞാനുറങ്ങില്ല .. വിനയേട്ടനുറങ്ങിക്കഴിഞ്ഞും , പുലരുവോളം ഞാൻ വിനയേട്ടനെ ഉമ്മ വയ്ക്കും .. ഈ മുഖത്ത് , നെഞ്ചില് ഒക്കെ … ” അവന്റെ ടീഷർട്ടിന്റെ ബട്ടൻസ് വിടർത്തിക്കൊണ്ട് അവൾ പറഞ്ഞു ..

അവളുടെയാ നിഷ്കളങ്കമായ ആഗ്രഹം അവനോടുള്ള അവളുടെ സ്നേഹത്തിന്റെയാഴം വിളിച്ചോതി ..

ഒരു നേർത്ത കാറ്റ് വന്ന് അവളുടെ മുടിയിഴകളെ തഴുകി തലോടി കടന്നു പോയി ..

ബാൽക്കണിയിലുണ്ടായിരുന്ന സോഫയിലേക്ക് അവൾ ചെന്നിരുന്നു ..

അവൻ അവൾക്കരികിൽ വന്നിരുന്നു .. പിന്നെ അവളുടെ മടിയിലേക്ക് തല വച്ച് കിടന്നു ..

അവളവന്റെ മുടിയിലൂടെ വിരൽ കടത്തി ..

വിനയ് അവളുടെ സാരിയൊരൽപ്പം സ്ഥാനം മാറ്റി ആ വെളുത്ത വയറിലേക്ക് മുഖം ചേർത്തു വച്ചു കിടന്നു ..

” ഇന്നെന്നെ ഒത്തിരി വേദനിപ്പിക്കണം ട്ടോ …” അവൾ മുഖം താഴ്ത്തി , അവന്റെ കാതിൽ മന്ത്രിച്ചു ..

” എന്തേ …..”

” പിന്നെ വേദനിക്കുമ്പോ എനിക്കോർക്കാല്ലോ …..” അവളുടെ കവിളിൽ നുണക്കുഴി വിരിഞ്ഞു ..

” എന്നെ അത്രക്കിഷ്ടാണോ ആമി ….” അവളുടെ കണ്ണിലേക്ക് പ്രേമത്തോടെ നോക്കിയവൻ ചോദിച്ചു ..

” എനിക്ക് മതിയാവുന്നില്ല വിനയേട്ടാ .. വിനയേട്ടനെ കണ്ട് മതിയാവുന്നില്ല , തൊട്ട് മതിയാവുന്നില്ല .. ചുംബിച്ചു മതിയാവുന്നില്ല .. ഒന്നും ഒന്നുമെനിക്ക് മതിയാവണില്ല വിനയേട്ടാ .. കൊതിയാണെനിക്ക് … അടങ്ങാത്ത കൊതി ….” അവൾ കുനിഞ്ഞ് തലയവന്റെ തോളത്തേക്ക് വച്ച് പറഞ്ഞു ..

” ഇപ്പഴൊന്നും ഞാൻ മരിച്ചു പോകല്ലേന്നാ ന്റെ പ്രാർത്ഥന …..” അവളുടെ ശബ്ദം നേർത്തു ..

അവൻ കൈയുയർത്തി അവളുടെ ശിരസിൽ തൊട്ടു …

” എന്താ മോളെ … നീയെന്നും എന്റെ കൂടെയുണ്ടാവും .. എന്നും .. ”

അവളൽപ നേരം മിണ്ടാതെ കിടന്നു ..

” എന്റെ ഒരേയൊരാഗ്രഹം എന്താന്ന് വിനയേട്ടനറിയോ … ?” അവൾ മുഖം അവന്റെ മുഖത്തിന് നേരെ തിരിച്ച് ചോദിച്ചു ..

” പറയ് ….” അവൻ പറഞ്ഞു ..

” എനിക്ക് വിനയേട്ടന്റെ മടിയിൽ കിടന്ന് മരിച്ചാൽ മതി … ”

അവന്റെ നെഞ്ചൊന്ന് പിടഞ്ഞു ..

” നീയെന്തിനാ ആമി മരണത്തെക്കുറിച്ച് പറയുന്നേ … ഇതിനാണോ എന്നെക്കൊണ്ട് മുല്ല പൂവും വാങ്ങിപ്പിച്ച്, ഇത്രേം എന്റെ കണ്ടട്രോൾ കളഞ്ഞത് ….. ” അവൻ വഴക്കിട്ടു ..

അവൾ ചിരിച്ചു പോയി …

അവൻ മുഖം തിരിച്ചു കളഞ്ഞു ..

” പിണങ്ങിയോ ….?” അവൾ ചോദിച്ചു …

അവൻ മിണ്ടിയില്ല ..

” പിണങ്ങല്ലേ വിനയേട്ടാ … പ്ലീസ് …” അവൾ കുട്ടികളെ പോലെ കൊഞ്ചി ..

” എന്നാ വാ ……”

” എങ്ങോട്ട് ……” അവൾ ചോദിച്ചു ..

” ബെഡ്റൂമിലേക്ക് …..” അവൻ കുസൃതിയോടെ പറഞ്ഞു ..

അവൾ പുഞ്ചിരിച്ചു ..

അവനെഴുന്നേറ്റിരുന്നു … പിന്നെ അവളെ റൂമിലേക്കാനയിച്ചു ..

അവളെ പുണർന്ന് ചുംബിക്കവേ അവനവളുടെ കാതോട് ചുണ്ട് ചേർത്തു വച്ചു … പിന്നെ പറഞ്ഞു ..

” ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്നെ ഞാനാർക്കും വിട്ടു കൊടുക്കില്ല .. മരണത്തിനു പോലും …..”

അവൾ തിരിച്ചെന്തെങ്കിലും പറയും മുൻപേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പുണർന്നു കഴിഞ്ഞിരുന്നു …

* * * * * * * * * * * * * * * * * * * * *
പിറ്റേന്ന് ഉച്ച കഴിഞ്ഞതോടെ അഭിരാമി പോകാൻ റെഡിയായി … വൈകുന്നേരമാണ് കോളേജിൽ നിന്ന് തിരിക്കുന്നത് ..

അവളെ യാത്രയാക്കാൻ സരളയും ജനാർദ്ദനനും കൂടി അങ്ങോട്ടു വന്നു …

വിനയ് അഭിരാമിയുടെ ബാഗ് കാറിന്റെ ഡിക്കിയിലേക്ക് കൊണ്ട് വച്ചു …

അവൾ ആദിയെ നെഞ്ചിലണച്ചു ഉമ്മ വച്ചു … അവനെ സരളയെ ഏൽപ്പിക്കാൻ തുടങ്ങിയതും അവൻ ചിണുങ്ങാൻ തുടങ്ങി ..

സരള പിന്നെയവനെ അവളിൽ നിന്ന് വലിച്ചെടുത്തു …

അവൻ കരച്ചിലായി …

അവന്റെ കരച്ചിൽ അഭിരാമിയെ പൊള്ളിച്ചു …

സരളയവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് കിച്ചണിലേക്ക് കൊണ്ട് പോയി …

അഭിരാമി ചെന്ന് കാറിൽ കയറി …

ജനാർദ്ദനനോട് യാത്ര പറഞ്ഞ് അവർ ഇറങ്ങി…..

അവൾക്ക് അവരെ വിട്ട് പോകാൻ ഒട്ടും മനസില്ലായിരുന്നു …

അവളെ പറഞ്ഞു വിടാൻ വിനയ്ക്കും ….

പക്ഷെ നിവർത്തിയില്ല ..

കോളേജിന് മുന്നിൽ അവൻ കാർ നിർത്തി ..

അവളിറങ്ങി … അവൻ പോയി ഡിക്കിയിൽ നിന്ന് ബാഗ് എടുത്തു കൊണ്ട് വന്ന് കൊടുത്തു …

” ഞാൻ നിക്കണോ … ? ” അവൻ ചോദിച്ചു ..

” വേണ്ട .. വിനയേട്ടൻ പൊക്കോ … ഞാൻ പോകുമ്പോ വിനയേട്ടനിവിടെ നോക്കി നിൽക്കുന്ന കണ്ടാൽ നിക്ക് കരച്ചിൽ വരും … ” അവൾ കുട്ടികളെ പോലെ പറഞ്ഞു ..

അവൻ പുഞ്ചിരിച്ചു .. ഉള്ളിലൊരു വല്ലാത്ത സങ്കടം അവനെ വലയം ചെയ്തു ..

” പോട്ടെ …..” അവൻ ചോദിച്ചു ..

” ങും…… ” അവൾ തലയാട്ടി ..

അവൻ കറിലേക്ക് കയറിയപ്പോൾ അവൾ ഗ്ലാസിൽ വിരൽ തൊട്ട് നിന്നു ..

ഇരുവരും ഒരിക്കൽ കൂടി കണ്ണു കൊണ്ട് യാത്ര പുറഞ്ഞു ..

മനസുകൊണ്ട് അവർ വാരിപ്പുണരുകയായിരുന്നു …

അവന്റെ കാർ അകന്ന് പോയപ്പോൾ ,അവൾ ട്രാവൽ ബാഗ് വലിച്ചുകൊണ്ട് കോളേജിനുള്ളിലേക്ക് നടന്നു ….

( തുടരും )

 

Click Here to read full parts of the novel

4/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!