ലേഡീസ് ബ്ലോക്കിലേക്ക് നടക്കുമ്പോഴാണ് ലാബിൽ നിന്നു പുറത്തേക്കിറങ്ങുന്ന രുദ്രനെ അന്ന കണ്ടത്. മനസ്സ് പിടയുന്നുണ്ടായിരുന്നെങ്കിലും മുഖത്ത് ഭാവഭേദമൊന്നുമില്ലാതെ അവനെ കടന്നു പോവുമ്പോഴാണ് പിന്നിൽ നിന്നൊരു കൈ അവളുടെ കൈയിൽ പിടിച്ചു പിറകോട്ടു വലിച്ചു നിർത്തിയത്.
“രുദ്രന്റെ പെണ്ണാവണമെങ്കിൽ അവളുടെ കണ്ണുകളിലും ഞാൻ മാത്രമേ ഉണ്ടാകാവൂ… ”
കിളി പോയി നിൽക്കുന്ന അന്നയെ ഒന്ന് നോക്കി ചിരിച്ചു കൊണ്ടു രുദ്രൻ നടന്നു പോയി
“ഇതിപ്പോൾ എന്നതൊക്കെയാ ഈ പറഞ്ഞിട്ട് പോയത് എന്റെ കർത്താവെ. ഇങ്ങേർക്ക് മനുഷ്യന്മാരെ കൂട്ട് സംസാരിക്കാൻ അറിയത്തില്ലേ. ഒരു ഐ ലവ് യൂ പറഞ്ഞാൽ തീരണ കേസേയുള്ളൂ, അയ്നാണ്..
മുൻപോട്ടു നടക്കുമ്പോൾ അന്നയുടെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു..
ദിവസങ്ങൾ കടന്നു പോയിട്ടും കോളേജിൽ വെച്ച് അത്യപൂർവ്വമായി ഉണ്ടാകുന്ന ചില നോട്ടങ്ങൾ മാത്രമേ രുദ്രനിൽ നിന്ന്, പ്രണയാർദ്ര ഭാവങ്ങളുമായി കാത്തിരുന്ന അന്നയ്ക്ക് കിട്ടിയുള്ളൂ.
നേരത്തെ കോളേജിൽ എത്തി പതിവ് പോലെ പാർക്കിങ്ങിലേക്കു നോക്കി വായും തുറന്നു ഇരിക്കുന്നതിനിടയിലാണ് ഗേറ്റ് കടന്നു വരുന്ന ഒരു ബുള്ളറ്റ് ശ്രദ്ധയിൽ പെട്ടത്,ആള് ഹെൽമെറ്റ് വെച്ചത് കൊണ്ട് മുഖം കണ്ടില്ല, പക്ഷേ…. കർത്താവെ രുദ്രൻ സർ ആണല്ലോ അത്, പക്ഷെ ഇങ്ങേരെന്താ ജീനും ടീഷർട്ടുമൊക്കെയിട്ട്, ആദിയേം കാണാനില്ലല്ലോ.
അന്ന കണ്ണിമ വെട്ടാതെ രുദ്രനെ തന്നെ നോക്കി നിന്നു .അങ്ങേരു വണ്ടിയിൽ നിന്നിറങ്ങി ഹെൽമെറ്റ് ഊരി മുടിയൊക്കെ ശരിയാക്കി തിരിഞ്ഞപ്പോൾ,
എന്റെമ്മച്ചിയെ എന്നാ ഒരു ലുക്കാ ഈ ചെക്കന്, അന്ന നെഞ്ചിൽ കൈ വെച്ചു, ഇതിപ്പോൾ ഇടിച്ചിടിച്ചു പൊട്ടുമോ ആവോ. വെറുതെ ഒന്ന് കണ്ണോടിച്ചപ്പോൾ കണ്ടു അവിടെയുള്ള ഒരു മാതിരിപ്പെട്ട പിടക്കോഴികളുടെയൊക്കെ നോട്ടം രുദ്രനിലാണ്.. ഹും..
ഫസ്റ്റ് അവർ രുദ്രൻ ക്ലാസ്സിൽ വന്നില്ല. പകരം മിനി മിസ്സ് ആണ് വന്നത്. രുദ്രൻ സാർ ലീവ് ആണെന്ന് പറഞ്ഞു
പക്ഷേ അങ്ങേര് ഡിപ്പാർട്മെന്റിൽ ഉണ്ടല്ലോ. അങ്ങോട്ട് കയറി പോവുന്നത് അന്ന കണ്ടിരുന്നു. അന്ന പുറത്തേയ്ക്ക് എത്തി നോക്കി ബുള്ളറ്റ് അവിടെ തന്നെയുണ്ട്. അവൾക്കു ക്ലാസ്സിൽ ഇരിപ്പുറച്ചില്ല. മിനി മിസ്സ് ഇറങ്ങിയതും അന്ന ബാഗുമെടുത്ത് പുറത്തേക്കോടി.ബാഗിൽ നിന്ന് മൊബൈൽ എടുത്തു രുദ്രന്റെ നമ്പർ ഡയൽ ചെയ്തു.
ഒരു തവണ ഫുൾ റിംഗ് ചെയ്തു കട്ട് ആയി. അന്ന പിന്നെയും വിളിച്ചു, രണ്ടാമത്തെ റിങ്ങിലാണ് ഫോൺ എടുത്തത്.
“എന്താടി നിനക്ക് ക്ലാസ്സില്ലേ? ”
“ഞാൻ പുറത്താണ് ഉള്ളത്, ഇന്നെന്താ ക്ലാസ്സിൽ വരാഞ്ഞത്? ”
“സാധാരണ ടീച്ചേർസ് ക്ലാസ്സിൽ വന്നില്ലെങ്കിൽ നീ ഇങ്ങനെ വിളിച്ചു ചോദിക്കാറുണ്ടോ? ”
“എല്ലാവരുടെയും കാര്യം എനിക്കറിയണ്ട, നിങ്ങളുടെ കാര്യം മാത്രം അറിഞ്ഞാൽ മതി ”
“ഓഹോ അതെന്താ അങ്ങിനെ? ”
“കുന്തം, പറയുന്നുണ്ടോ ഇല്ലയോ, ആദി എന്താ വരാഞ്ഞത് ”
“പറയാൻ മനസ്സില്ല നീ കൊണ്ട് പോയി കേസ് കൊടുക്കെടി ”
അന്നയ്ക്ക് കലി കയറി.
“കാട്ടുപോത്തിന്റെ സ്വഭാവമാ”
പിറുപിറുത്തു കൊണ്ട് അന്ന കാൾ കട്ട് ചെയ്തു.
അടുത്ത നിമിഷം അന്നയുടെ ഫോൺ റിംഗ് ചെയ്തു. രുദ്രൻ സർ
“ഒടുക്കത്തെ ജാഡ കാണിച്ചിട്ട് പിന്നെ എന്നാത്തിനാ വിളിച്ചത്? ”
“കാൾ കട്ട് ചെയ്യുന്നെന്ന് മുൻപേ പൊന്നുമോൾ എന്തോ മൊഴിഞ്ഞായിരുന്നല്ലോ? ”
“ഞാൻ ഒന്നും പറഞ്ഞില്ല ”
“ദേ പെണ്ണേ നിന്റെയീ വിളച്ചിൽ ഒക്കെ നിന്റെ അപ്പച്ഛന്റേം ആങ്ങളമാരുടെയും അടുത്ത് എടുത്താൽ മതി, എന്റടുത്തു കാണിച്ചാൽ.. ”
അന്നയ്ക് ദേഷ്യം വന്നു തുടങ്ങി
“കാണിച്ചാൽ ഇയാൾ എന്തോ ചെയ്യും എന്നെ പിടിച്ചങ്ങു വിഴുങ്ങോ? ”
“അന്ന് കിട്ടിയത് എന്റെ മോൾക്ക് ഓർമയുണ്ടല്ലോ അത് കുറച്ചു റൊമാന്റിക് ആയിട്ട് ഡബിൾ സ്ട്രോങ്ങ്‌ൽ അങ്ങ് തരും, അന്നക്കൊച്ചു താങ്ങില്ല ”
അപ്രതീക്ഷിതമായിരുന്നത് കൊണ്ടും ആ ഏരിയയിൽ വിവരവും വിദ്യാഭ്യാസവും കുറവായിരുന്നത് കൊണ്ടും എല്ലാത്തിലുമുപരി എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്തത് കൊണ്ടും അന്ന ഒന്നും മിണ്ടിയില്ല.
“എന്താടി നിന്റെ ഗ്യാസ് തീർന്നോ? ”
അന്നയുടെ പ്രതികരണം ഒന്നുമില്ലാത്തത് കൊണ്ട് അവൻ പറഞ്ഞു.
“നിന്നെ ഞാൻ തന്നെ പിടിച്ചു കെട്ടിയില്ലേൽ നീ വല്ലവന്റെയും ജീവിതം കുട്ടിച്ചോറാക്കും മോളെ, നിന്നെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് എനിക്ക് നന്നായി അറിയാം അന്നക്കൊച്ചേ ”
“അങ്ങനെ എന്നെയിപ്പോ ആരും കഷ്ടപ്പെട്ട് കെട്ടണ്ട ”
“പ്ലീസ് അങ്ങനെ പറയരുത് എനിക്ക് കെട്ടിയെ പറ്റൂ ”
കാലമാടൻ ആക്കിയതാണ്. അന്ന മിണ്ടാതെ നിന്നു. ഒരു നിമിഷം കഴിഞ്ഞു കാണും
“ആദി ഇന്ന് ലീവ് ആണ്, ഞാനും. ഇവിടെ കുറച്ചു കാര്യങ്ങൾ ഏല്പിക്കാനുണ്ട്, ഇപ്പോൾ ഇറങ്ങും ”
“എന്തിനാ ലീവ്? ”
“അതേയ് ചേട്ടന്റെ മോൾ ഇപ്പോൾ ഭാരിച്ച കാര്യങ്ങൾ ഒന്നും അന്വേഷിക്കണ്ട, അതൊക്കെ കെട്ടു കഴിഞ്ഞിട്ട്.. നിന്ന് കിണുങ്ങാതെ ക്ലാസ്സിൽ പോവാൻ നോക്കെടി”
കാൾ കട്ട് ആയി
അന്നയ്ക്ക് ഫോൺ വലിച്ചൊരു ഏറു കൊടുക്കാനാണ് തോന്നിയത്. കാട്ടുപോത്ത്.
നോട്ടം എത്തി നിന്നത് ബുള്ളറ്റിലേക്കാണ്. അന്നയുടെ തലയിൽ ഒരു ബൾബ് മിന്നി.
വീട്ടിലോട്ട് പോവുകയാണെന്ന് പറഞ്ഞു ഡെയ്സിക്ക് മെസ്സേജ് അയച്ചു അവൾ സ്കൂട്ടി എടുത്തു വിട്ടു. ബസ്‌സ്റ്റോപ് കഴിഞ്ഞു കുറച്ചു ദൂരം കൂടി കഴിഞ്ഞു ആൾത്തിരക്കില്ലത്ത സ്ഥലത്താണു നിർത്തിയത്. ഇനി വരാതിരിക്കുമോ, ഏയ് ഇല്ല പോവുകയാണന്നല്ലേ പറഞ്ഞത്, വന്നാലും എന്നെ അതിൽ കയറ്റാനൊന്നും പോണില്ല, പിന്നെ ചുമ്മാ ഒരു പരീക്ഷണം.
കാത്തു നിന്ന് മുഷിഞ്ഞു തുടങ്ങിയപ്പോഴാണ് ആള് വരുന്നത് കണ്ടത്. ഹെൽമെറ്റ് ഒന്നുമില്ല, ഗ്ലാസ്സ് വെച്ചിട്ടുണ്ട് . അന്ന മുൻപിലേക്ക് ഇറങ്ങി നിന്ന് കൈ കാണിച്ചു. അവളുടെ കുറച്ചു അകലെയായാണ് രുദ്രൻ വണ്ടി നിർത്തിയത്.
“നീയെന്താ ഇവിടെ? ”
“അത് ഞാൻ.. എനിക്ക് വയറു വേദന. വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു, വണ്ടി ഓഫ് ആയി പോയി. ”
“നീ കുറച്ചു മുൻപേ എന്നെ വിളിച്ചപ്പോൾ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ? ”
“അതിന് ശേഷമാണ് വേദന അധികമായത് ”
“കള്ളം പറയാൻ ആരും പഠിപ്പിക്കണ്ടല്ലോ ”
പിറുപിറുത്തു കൊണ്ട് രുദ്രൻ വണ്ടി ഒതുക്കി നിർത്തി അന്നയുടെ അടുത്തെത്തി.
“താക്കോൽ താ ഞാനൊന്ന് നോക്കട്ടെ ”
ഈശോയെ അന്ന അറിയാതെ വിളിച്ചു പോയി
“വേണ്ട അത് ഞാൻ.. ”
“ഇങ്ങോട്ട് താടി, പുതിയ ഓരോ നമ്പറുമായി ഇറങ്ങിയിരിക്കയാ കാന്താരി ”
പറഞ്ഞതും രുദ്രൻ അന്നയുടെ കൈയിലെ താക്കോൽ തട്ടിപ്പറിച്ചു വണ്ടി സ്റ്റാർട്ട് ചെയ്തു. പിന്നെ കൈ കെട്ടിയിരുന്നു അവളെ നോക്കി ചോദിച്ചു.
“ഇനി പറ എന്താ നിന്റെ പ്രശ്നം? ”
അന്ന ഒന്നും മിണ്ടിയില്ല അവന്റെ മുഖത്തേക്ക് നോക്കിയുമില്ല
“മുഖത്തേക്ക് നോക്കെടി… ”
“എനിക്ക് ഒരു പ്രശ്നവുമില്ല ”
അന്നയ്ക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു.
രുദ്രൻ വണ്ടിയിൽ നിന്നിറങ്ങി ക്കൊണ്ട് പറഞ്ഞു
“എന്നാ മോൾ നേരേ വിട്ടോ കോളേജിലോട്ട് ”
അവനെ നോക്കാതെ അന്ന വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയതും രുദ്രൻ കീ വലിച്ചെടുത്തു നടന്നു.
“വേണേൽ വന്നു കയറെടി ”
“മോനെ രുദ്രാ ഈ കാണിക്കുന്ന ജാഡയ്ക്കൊക്കെ ഇരട്ടിക്കിരട്ടി പണി ഞാൻ തരും ”
മനസ്സിൽ പറഞ്ഞിട്ടാണ് അവൾ അവന്റെ അടുത്തേക്ക് ചെന്നത്. ആള് വണ്ടിയിൽ ഇരുന്നിരുന്നു. അന്ന ടു സൈഡ് ആയിട്ടാണ് ഇരുന്നത്. ബാഗ് അവൾ നടുക്ക് വെച്ചു. രുദ്രനെ തൊടാതിരിക്കാൻ കുറച്ചു വിട്ടിട്ടാണ് ഇരുന്നത്. മിററിലൂടെ രുദ്രൻ അവളെ നോക്കിയത് അന്ന ശ്രദ്ധിച്ചില്ലായിരുന്നു. ഒരു കുസൃതി ചിരിയോടെ രുദ്രൻ സ്പീഡ് കൂടിയതും അന്ന ഒന്ന് മുന്നോട്ടാഞ്ഞു, അവളുടെ കൈകൾ അറിയാതെ അവന്റെ ഷോൾഡറിൽ പിടിത്തമിട്ടു.രണ്ടുപേരും ഒന്നും സംസാരിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ അന്ന അവന്റെ പുറകിലായി മുഖം ചേർത്തിരുന്നു. രുദ്രന്റെ ചുണ്ടിൽ വിടർന്ന പുഞ്ചിരിയിൽ അവളോടുള്ള സ്നേഹം നിറഞ്ഞിരുന്നു.വാക്കുകൾ ഇല്ലാതെ തന്നെ പരസ്പരം അറിയുകയായിരുന്നു അവർ…
പെട്ടെന്നാണ് അവൻ ചോദിച്ചത്.
“നിനക്ക് കുളിയും നനയുമൊന്നുമില്ലെടി… നാറുന്നു ”
പ്ലിംഗ്…ഒന്ന് റൊമാന്റിക് ആയി വന്നതായിരുന്നു അപ്പോഴേക്കും അങ്ങേര് ആ പരട്ട സ്വഭാവം പുറത്തെടുത്തു.
“ഞാൻ രണ്ടു നേരം കുളിക്കാറുണ്ട്, മണക്കുന്നത് നിങ്ങളെ തന്നെ ആയിരിക്കും ഹും ”
“ആകെയുള്ള അരച്ചാൺ വലിപ്പത്തിനകത്ത് ഇത്രേം വല്യ നാക്ക് നിനക്ക് എങ്ങനെ കിട്ടിയെടി ”
അന്നയുടെ വീക് പോയിന്റ് ആണ് അവളുടെ ഹൈറ്റ്. വീട്ടിൽ അവൾക്കൊഴികെ എല്ലാവർക്കും നല്ല പൊക്കമുണ്ട്. അതുകൊണ്ട് അവളുടെ ഏക കോംപ്ലക്സും അതായിരുന്നു. പിന്നെ താമസിച്ചില്ല മുതുകിനിട്ടൊരു കുത്തങ്ങു കൊടുത്തു.
“ഊഫ്…ദേ പെണ്ണേ മേല് നൊന്താൽ ഞാൻ പിന്നെ ഒന്നും നോക്കില്ല റോട്ടീന്നു വടിച്ചെടുക്കേണ്ടി വരും നിന്നെ ”
അന്ന മിണ്ടിയില്ല. പെട്ടെന്നൊരാവേശത്തിൽ ചെയ്തു പോയതാണ്. പ്രതീക്ഷിച്ച പ്രതികരണം ഇല്ലാതിരുന്നപ്പോൾ രുദ്രൻ പറഞ്ഞു.
“ആ തലമുടി ഒതുക്കി വെക്കെടി മുഴുവനും മനുഷ്യന്റെ മുഖത്തോട്ടാ ”
അന്നയ്ക്ക് എല്ലാം കൊണ്ടും തൃപ്തിയായിരുന്നു. അവൾ നേരെയിരുന്നു.
“മതി, ഇവിടെ നിർത്ത്, ഞാൻ ഇവിടെ ഇറങ്ങിക്കോളാം ”
“പിന്നെ നീ പറയുന്നിടത്ത് നിർത്താനിരിക്കുവല്ലേ ഞാൻ. ആരും പിടിച്ചു കയറ്റിയതൊന്നുമല്ലല്ലോ എന്റെ പുറകിൽ. മിണ്ടാതെ അവിടെ ഇരുന്നോണം ”
കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷമാണ് രുദ്രൻ ചോദിച്ചത്.
“ഹലോ മാഡം എന്റെ കൂടെ ഇപ്പോൾ തന്നെ വരാനാണോ ഉദ്ദേശം സൂര്യമംഗലത്തോട്ട്? ”
അപ്പോഴാണ് അന്ന ചുറ്റും നോക്കിയത്. രണ്ടു സ്റ്റോപ്പ് കൂടി കഴിഞ്ഞാൽ വീടെത്തി. അന്ന പറഞ്ഞു.
“ദേ എന്നെ ആ ഓട്ടോ സ്റ്റാൻഡിൽ വിട്ടേച്ചാൽ മതി. വീട്ടിലേക്ക് പോയിട്ട് ത്രേസ്യാകൊച്ചെങ്ങാനും കണ്ടാൽ
സീനാകും ”
രുദ്രൻ വണ്ടി സൈഡാക്കി, അന്ന ഇറങ്ങി.
” നിനക്ക് പേടിയൊക്കെ ഉണ്ടോ, ഇത്രേം നേരം എന്നെ കെട്ടിപിടിച്ചിരുന്നപ്പോൾ ഈ പേടിയൊന്നും കണ്ടില്ലായിരുന്നല്ലോ ”
“ഞാൻ അങ്ങനെയൊന്നും ചെയ്തില്ല ”
തല കുനിച്ചു നിൽക്കുന്ന അന്നയുടെ നേരേ നോക്കിയാണ് രുദ്രൻ ചോദിച്ചത്
“എങ്ങനെ…? മുഖത്തോട്ട് നോക്കി സംസാരിക്കെടി ”
അന്നയുടെ മുഖം ചുവന്നു.
“ഞാൻ പോവാണ് ”
ചിരിക്കുന്ന രുദ്രനെ നോക്കാതെ പറഞ്ഞു കൊണ്ട് അന്ന ഓട്ടോയ്ക്കരികിലേക്ക് നടന്നു. കയറുന്നതിനു മുൻപ് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ രുദ്രൻ ഒന്ന് കണ്ണടച്ച് കാണിച്ചു പുഞ്ചിരിച്ചു. അന്നയുടെ മനസ്സ് നിറഞ്ഞു.
സൂര്യമംഗലത്ത് എല്ലാരും എത്തിച്ചേർന്നിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാണ് ശ്രീദേവിയുടെ ആണ്ട് . ആദിലക്ഷ്മിയുടെയും ദേവന്റെ മൂത്ത സഹോദരി ഗൗരിയുടെ മകനായ പ്രയാഗും തമ്മിലുള്ള വിവാഹം ഉറപ്പിക്കാനും കൂടി വേണ്ടിയാണ് എല്ലാവരും നേരത്തെ എത്തിച്ചേർന്നത്. തിരക്കുകൾക്കിടയിലാണ് രുദ്രൻ മാത്തുക്കുട്ടിയെ വിളിച്ചത്. വൈകുന്നേരം ക്ലബ്ബിൽ വെച്ചു കാണാമെന്നു മാത്തുക്കുട്ടി പറഞ്ഞപ്പോൾ അയാളോട് പറയേണ്ട കാര്യങ്ങൾ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു രുദ്രൻ.
“രുദ്രാ നീ പറഞ്ഞ കാര്യങ്ങൾ ഒക്കെ എനിക്ക് മനസ്സിലായി. നിങ്ങളെ തമ്മിൽ പിരിക്കുന്നതിനേക്കാൾ ചേർത്ത് വെയ്ക്കാൻ തന്നെയാണ് എനിക്കും ആഗ്രഹം. എന്റെ ദേവന്റെ മകനല്ലേ നീ, എന്റെ മക്കളോളം തന്നെ എനിക്ക് പ്രിയപ്പെട്ടവൻ. അന്ന നിനക്ക് അവകാശപ്പെട്ടവൾ തന്നെയാണ്, പക്ഷേ നീ പറയുന്ന കാര്യങ്ങളെ പറ്റി ശരിക്കും ആലോചിച്ചിട്ടുണ്ടോ, എവിടെയെങ്കിലും ഒരു പിഴവ് വന്നാൽ. എന്റെ കുഞ്ഞു വേദനിക്കുന്നത് എനിക്ക് സഹിക്കില്ല ”
“ഒന്നുമുണ്ടാവില്ല അങ്കിൾ എല്ലാം ഞാൻ നോക്കിക്കോളാം. മറ്റാരേക്കാളും അങ്കിളിന് അറിയാമല്ലോ അന്നയുടെ സ്വഭാവം. ഞാൻ പിന്തിരിഞ്ഞാലും അന്ന മറ്റൊരു ജീവിതത്തിലേക്ക് പോവില്ല. ”
“അത് എനിക്കറിയാം മോനെ. പക്ഷേ അവൾ എപ്പോഴെങ്കിലും എല്ലാ അറിയുമ്പോൾ, നിനക്കും എല്ലാം അറിയാമായിരുന്നെന്ന് മനസ്സിലാക്കുമ്പോൾ, നിന്റെ സ്നേഹത്തേ പോലും അവൾ സംശയിച്ചേക്കും. അതാണ് എന്റെ പേടി”
രുദ്രൻ മാത്തുക്കുട്ടിയുടെ കൈകളിൽ പിടിച്ചു.
“അങ്കിൾ, അന്നയുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും, കൂടെ അവൾക്കു താങ്ങായി ഞാനുണ്ടാകും,തളർന്നു പോവാതെ ചേർത്ത് നിർത്തിക്കോളാം ഞാൻ. ഇത് രുദ്രന്റെ വാക്കാണ്. എന്നെ വിശ്വസിക്കണം ”
മാത്തുക്കുട്ടി രുദ്രന്റെ കൈകൾ ചേർത്തു പിടിച്ചു.
രാത്രി കിടക്കുന്നതിനു മുൻപേ അന്ന ഫോൺ എടുത്തു നോക്കി. ഓഹ് അങ്ങേര് ഓൺലൈനിൽ ഉണ്ടല്ലോ എന്താണോ പരിപാടി. വിളിക്കാമെന്ന് വെച്ചാൽ ചിലപ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയും . കുറച്ചു സമയം ആ ഡിപി നോക്കിയങ്ങിരുന്നു. പിന്നെയൊരു ഗുഡ് നൈറ്റ് വിട്ടു. രണ്ടു മിനിറ്റ് കഴിഞ്ഞില്ല വിളി വന്നു.
“ഹലോ.. ”
“ഏതു നേരവും ഫോണിൽ തന്നെയാണല്ലോടി നിനക്ക് പഠിക്കാൻ ഒന്നുമില്ലേ? ”
“ഞാൻ പഠിച്ചോക്കെ കഴിഞ്ഞു , ഉറങ്ങാൻ പോവുമ്പോൾ ഒന്ന് ഗുഡ് നൈറ്റ് പറഞ്ഞതാ ഇഷ്ടപെട്ടില്ലെങ്കിൽ അതിങ്ങു തിരിച്ചെടുത്തു പോരെ ”
ഈ കാട്ടുപോത്തിനു ഗുഡ് നൈറ്റ് പറയാൻ പോയ എന്നെ പറഞ്ഞാൽ പോരെ
ആത്മഗതിച്ചത് കൃത്യമായി അങ്ങേരുടെ ചെവിയിലെത്തി മറുപടിയും ഉടനെ കിട്ടി.
“കാട്ടുപോത്ത് നിന്റെ തന്തപ്പടി മാത്തുക്കുട്ടി ”
“ദേ എന്റെ അപ്പച്ചനെ പറഞ്ഞാലുണ്ടല്ലോ ”
“പറഞ്ഞാൽ നീ എന്തു ചെയ്യും? ”
“ദോ നിങ്ങളുടെ ലവളുണ്ടല്ലോ ആരാധിക അമൃത, അവൾക്കു കൊടുത്തത് പോലൊന്നങ്ങു തരും ”
“ഡീ… ”
“നീ പോടാ കാട്ടു പോത്തേ ”
പറഞ്ഞതും അന്ന കട്ട് ചെയ്തു. പിന്നെ വിളിയൊന്നും വന്നില്ല പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു.
“ഡീ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് നാളെ കോളേജിലോട്ട് വാ ”
“മറക്കാതെ തരണം ട്ടോ ”
“ഡീ ”
“💕😘”
പിന്നെ മെസ്സേജ് ഒന്നും വന്നില്ല, ഫോണും കൈയിൽ പിടിച്ചു അന്ന ഉറങ്ങിപ്പോയി.
പിറ്റേന്ന് സെക്കന്റ് അവർ ആയിരുന്നു രുദ്രൻ ക്ലാസ്സിൽ എത്തിയത്. ആള് ഗൗരവത്തിലാണ്
വന്ന പാടെ പഠിപ്പിക്കൽ തുടങ്ങി. അന്ന ഒന്നും ശ്രദ്ധിച്ചില്ല. പെട്ടെന്നാണ് രുദ്രൻ ചോദ്യം ചോദിക്കാൻ തുടങ്ങിയത്. പണി കിട്ടിയെന്ന് അന്നയ്ക്ക് മനസ്സിലായപ്പോഴേക്കും അടുത്ത ചോദ്യം അവളോടായിരുന്നു.
ചോദ്യം തന്നെ മനസ്സിലായില്ല പിന്നെയല്ലേ ഉത്തരം. അന്ന വടി പോലങ്ങു നിന്നു. പിന്നെ തൃശൂർ പൂരത്തിന്റെ മേളമങ്ങു തുടങ്ങി ലാസ്റ്റ് പറഞ്ഞതേ അന്ന വ്യക്തമായി കേട്ടുള്ളൂ.
“അന്ന നാളെ വരുമ്പോൾ ഇത് ഹൻഡ്രെഡ് ടൈംസ് എഴുതിയിട്ട് എന്നെ കാണിക്കണം ”
കാലമാടൻ, എനിക്കിട്ട് മനപ്പൂർവം പണിതതാ, രാത്രി മുഴുവൻ ഇരിക്കേണ്ടി വരും തീരണേൽ…
രുദ്രൻ അന്നയെ മൈൻഡ് ചെയ്യാതെ ക്ലാസ്സ് എടുത്തിട്ട് പോയി. എക്സാം അടുത്തതിനാൽ എല്ലാവർക്കും തിരക്കായിരുന്നു. രുദ്രനും.
പാതിരാത്രി ആയപ്പോഴാണ് അന്ന എഴുതി തീർന്നത്. പതിവില്ലാതെ ഇന്ന് കാട്ടുപോത്ത് മെസ്സേജ് അയച്ചിരുന്നു പതിനൊന്നു മണിക്ക്
ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്. അന്ന ഒന്നും തിരിച്ചയച്ചില്ല. ഇമ്പോസിഷൻ ഫുൾ എഴുതി കഴിഞ്ഞപ്പോൾ അന്ന വേറൊരു പേപ്പർ എടുത്തു എഴുതാൻ തുടങ്ങി.
ഐ ലവ് യൂ രുദ്രൻ സർ…
അതും നൂറെണ്ണം തികച്ചിട്ടാണ് അവൾ ഉറങ്ങിയത്. അല്ല പിന്നെ നമ്മളോടാ കളി.
പിറ്റേന്ന് രുദ്രൻ ക്ലാസ്സിൽ വന്നപ്പോഴേ അന്ന എണീറ്റ് നിന്നു.
“സർ എഴുതാൻ പറഞ്ഞത്.. ”
“യെസ് തന്നോളൂ ”
അവനരികിൽ എത്തി പേപ്പർ നീട്ടുമ്പോൾ അന്നയുടെ കണ്ണുകളിലെ തിളക്കം രുദ്രൻ കണ്ടിരുന്നു.
“ഇതും കൂടി ഉണ്ട് സർ ”
ആ പേപ്പർ വാങ്ങിയതും രുദ്രൻ ഒന്ന് ഞെട്ടിയത് അന്ന കണ്ടു. അവളെ ഒന്ന് രൂക്ഷമായി നോക്കി അവൻ പേപ്പർ മടക്കി വെച്ചു. ക്ലാസൊക്കെ കഴിഞ്ഞു പോവാൻ തുടങ്ങുമ്പോഴാണ് രുദ്രൻ പറഞ്ഞത്.
“എക്സാമിന് വേണ്ട കുറച്ചു ഇമ്പോർടന്റ് നോട്സ് ഞാൻ പ്രിപ്പയർ ചെയ്തു വെച്ചിട്ടുണ്ട്, അടുത്ത പീരിയഡ് നിങ്ങൾക്ക് ക്ലാസ്സില്ലല്ലോ, അന്നാ താൻ അത് വന്നു കലക്ട് ചെയ്യൂ ”
ഡിപ്പാർട്മെന്റിൽ ചെന്നപ്പോൾ രുദ്രൻ മാത്രമേയുള്ളൂ. അങ്ങേര് ആണേൽ ഒരു മൈൻഡ്മില്ലാതെ കൊണ്ടുപിടിച്ച എഴുത്താണ്. ഗതിയില്ലാതെ അന്ന വിളിച്ചു.
“സർ നോട്സ് ”
മുഖം കൊണ്ട് മുന്നിലെ കസേരയിൽ ഇരിക്കാൻ കാണിച്ചിട്ട് രുദ്രൻ എഴുതിയത് പൂർത്തിയാക്കി. അന്ന കൊടുത്ത പേപ്പർ വിടർത്തി കാണിച്ചാണ് ചോദിച്ചത്.
“എന്താടി ഈ എഴുതി വെച്ചിരിക്കുന്നത്? ”
“അത് സാറിന് കാണാൻ മേലേ? ”
“ഇതാണോ ഞാൻ നിന്നോട് എഴുതാൻ പറഞ്ഞത്? ”
“അതും ഞാൻ എഴുതിയല്ലോ? ”
“ശരി അത് വിട് ”
പറഞ്ഞതും ആൾ എണീറ്റ് അന്നക്കരികിൽ എത്തിയിരുന്നു. അന്ന എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴേക്കും രുദ്രൻ കസേരയുടെ രണ്ടു സൈഡിലും കൈ വെച്ചു
“നീ എന്തൊക്കെയോ അന്ന് രാത്രിയിൽ എന്നെ വിളിച്ചല്ലോ? ”
“അത് ഞാൻ..
അവന്റെ നിശ്വാസം മുഖത്തടിച്ചപ്പോൾ പറയാൻ വന്നത് അന്ന മറന്നു.
പതിയെ ആണ് ചോദിച്ചത്.
“ഇനി അങ്ങനെ വിളിക്കുമോ? ”
അന്നയ്ക്കു മിണ്ടാൻ കഴിഞ്ഞില്ല.
“ഇനി വിളിക്കോടി? ”
“ഇല്ല… ഞാൻ ”
തൊട്ടരികെ ആ കണ്ണുകൾ.അന്ന മിഴികൾ അടച്ചു. ആ പതിഞ്ഞ ശബ്ദത്തിലുള്ള ചിരിയാണ് ആദ്യം കേട്ടത്. പിന്നെ ആ വാക്കുകളും.
“എണീറ്റ് ക്ലാസ്സിൽ പോടീ, ഇത് സ്റ്റാഫ് റൂം ആണ് ”
ചിരിയോടെ രുദ്രനെ തള്ളിമാറ്റി അന്ന പുറത്തേക്കോടി.
എതിരെ നടന്നു വരുന്ന ആളെ കണ്ടപ്പോൾ അവളൊന്ന് പകച്ചു. സൂസമ്മ ആന്റി, പ്രിൻസിപ്പൽ. അന്ന മുഖത്ത് നോക്കാതെ വിഷ് ചെയ്തു വേഗം നടന്നു. അന്നയുടെ ചുവന്ന കവിളുകളും പരിഭ്രമിച്ച മുഖവും സൂസൻ ശ്രദ്ധിച്ചിരുന്നു.
പിറ്റേന്ന് ക്ലാസ്സില്ലാത്തത് കൊണ്ട് നിമ്മിയോട് അടുക്കളയിലിരുന്നു കത്തി വെക്കുമ്പോഴാണ് ഉമ്മറത്തു നിന്നു ത്രേസ്യാമ്മ ഉച്ചത്തിൽ മാത്തുക്കുട്ടിയെ വിളിക്കുന്നത് കേട്ടത്. ഓടി ചെന്ന അന്ന കണ്ടത് മുറ്റത്ത്, കാറിൽ വന്നിറങ്ങിയ ആൽബിയെയും ആദിലക്ഷ്മിയെയും ആയിരുന്നു. രണ്ടു പേരുടെയും കൈയിൽ പൂമാല ഉണ്ടായിരുന്നു. ആദിയുടെ കഴുത്തിൽ ആൽബി ചാർത്തിയ താലിയും…
(തുടരും )
ആദിയെ ആൽബിക്ക് തന്നെ കൊടുത്തു, ഇനി ആരും ചോദിച്ചു വരില്ലല്ലോ 😜😜😜💕
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission