ദിവസങ്ങൾ കടന്നു പോയി.പരീക്ഷയുടെ ചൂടിൽ ആയിരുന്നു അന്ന. സ്റ്റഡി ലീവിൽ പഠിക്കണമെന്ന് പറഞ്ഞു രുദ്രൻ ഫോൺ വിളികൾ കുറച്ചു. വല്ലപ്പോഴും രുദ്രനുമായുണ്ടാവുന്ന ഫോൺ കാളുകൾ തന്നെ മിക്കപ്പോഴും അടിയിൽ ആണ് അവസാനിക്കാറുള്ളത്. രണ്ടു പേരും വിട്ടുകൊടുക്കില്ല.
പരീക്ഷ കഴിഞ്ഞുള്ള ദിവസങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ അന്നയുടെ മനസ്സ് പിടഞ്ഞു കൊണ്ടേയിരുന്നു. അവളെ ടെൻഷൻ അടിപ്പിക്കേണ്ട എന്ന് കരുതി രുദ്രൻ വിവാഹക്കാര്യം ഒന്നും പറഞ്ഞില്ലെങ്കിലും അവൻ കാര്യങ്ങളൊക്കെ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെന്ന് അന്നയ്ക്ക് അറിയാമായിരുന്നു. ഒരു തവണ മാത്തുക്കുട്ടിയോട് ഇത്ര പെട്ടെന്ന് കല്യാണം വേണ്ട എന്ന് അന്ന പറഞ്ഞു നോക്കിയെങ്കിലും അതിനുള്ള മറുപടി കേട്ടപ്പോൾ അന്നയ്ക്ക് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി.
അന്നയുടെ തലയിൽ തഴുകിക്കൊണ്ടാണ് മാത്തുക്കുട്ടി പറഞ്ഞത്.
“ഇന്ന് വരെ മോളോട് അപ്പച്ചൻ ഒന്നും ആവശ്യപെട്ടിട്ടില്ല. ഇത് അപ്പച്ചന്റെ ആഗ്രഹമാണ്. ഒന്നും നീ പുറമെ കാണിച്ചില്ലെങ്കിലും നിന്റെ മനസ്സിലെ തീ അപ്പച്ചൻ കാണുന്നുണ്ട്.രുദ്രന് നിന്നെ മനസ്സിലാക്കാനാവും. അവനെപ്പോലെ നിന്നെ സ്നേഹിക്കാനും മറ്റാർക്കും കഴിയില്ല. അതുകൊണ്ട് കൊച്ച് ഇനി തടസ്സങ്ങൾ ഒന്നും പറയരുത് ”
“ഓഹോ ഭാവി മരുമകൻ അമ്മായിയപ്പനെ ഇപ്പോഴേ കുപ്പിലാക്കിയെന്നു തോന്നുന്നല്ലോ ”
ഒരു ചിരിയോടെയാണ് പറഞ്ഞതെങ്കിലും അന്നയുടെ ടെൻഷൻ കൂടിയതേയുള്ളൂ.
സൂര്യമംഗലം ഓർമ വരുമ്പോഴൊക്ക സീതാലക്ഷ്മിയുടെ മുഖമാണ് മനസ്സിൽ വരുന്നത്. രുദ്രന്റെയും ആദിയുടെയും വാക്കുകളിൽ കേട്ട സീതമ്മ ഇങ്ങനെയല്ല. എന്തുകൊണ്ടോ രുദ്രനെയും ആദിയെയുമൊക്കെ സ്നേഹിക്കുന്നത് പോലെ അവർ തന്നെയും ഇഷ്ടപ്പെട്ടെങ്കിൽ എന്ന് മനസ്സ് കൊതിച്ചുപോവുന്നു. അവരുടെ വെറുപ്പ് ഒരു നോവായി അന്നയുടെ ഉള്ളിൽ ഉണ്ടായിരുന്നു.
പരീക്ഷയുടെ രണ്ടു ദിവസം മുൻപ് അന്ന ഉറങ്ങാനായി കിടന്നപ്പോഴാണ് രുദ്രൻ വിളിച്ചത്. കാണാനും വിളിക്കാനുമൊക്കെ ആഗ്രഹം ഉണ്ടെങ്കിലും അന്ന അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. അങ്ങോട്ട് ചെല്ലുമ്പോൾ ആൾക്ക് വല്യ ഡിമാൻഡ് ആയിരുക്കുമെന്നേ….
കാളെടുത്തപാടെ അന്ന ചോദിച്ചു.
“ഓഹ് സാർ കെമിസ്ട്രി ഡൌട്ട് തീർത്തു തരാൻ വിളിച്ചതാവും ല്ലേ? ”
മറുപടിയിൽ ഒരു കുസൃതിച്ചിരി ഒളിപ്പിച്ചിരുന്നത് അന്ന അറിഞ്ഞു.
“അതിനൊക്കെ ഇനിയും ദിവസമില്ലേ കൊച്ചേ… എന്റെ കൈയിൽ ഒന്ന് കിട്ടിക്കോട്ടെ, എല്ലാ ഡൌട്ടും ഞാൻ തീർത്തു തരാം ട്ടോ ”
വാക്കുകൾക്കിടയിലെ അർത്ഥം മനസ്സിലാക്കിയതുകൊണ്ട് അന്ന മിണ്ടിയില്ല
“എന്താടി നിന്റെ മിണ്ടാട്ടം മുട്ടിയോ?. എപ്പോഴെങ്കിലും വിളിച്ചാൽ അവളുടെ ഓരോരോ കൊനഷ്ട് ചോദ്യങ്ങളാണ് ”
ഈ ട്രാക്കിൽ തനിക്ക് സംസാരശേഷി കുറവാണെന്നറിയാവുന്നത് കൊണ്ടു അന്ന വേഗം ട്രാക്ക് മാറ്റി.
“രുദ്രൻ സർ എക്സാമിന്റെ അന്ന് കോളേജിൽ ഉണ്ടാവില്ലേ? ”
അവൾ വഴുതി മാറിയത് മനസ്സിലായത് കൊണ്ട് ഒരു ചിരിയോടെ ആണ് രുദ്രൻ ചോദിച്ചത്.
“എന്തേ അന്നക്കൊച്ചിനു എന്നെ കാണാൻ തിടുക്കമായോ? ”
ദേ പിന്നേം.. ഇങ്ങേരെ ഇന്ന് ഞാൻ..
മനസ്സിൽ പറഞ്ഞു കൊണ്ടാണ് അതിനുള്ള മറുപടി അന്ന ആലോചിച്ചത്.
“അയ്യേ അതൊന്നുമല്ല മനസ്സമാധാനത്തോടെ പരീക്ഷ എഴുതാമല്ലോ അതാണ് ”
“അതേടി, ഒരു രണ്ടുമൂന്നാഴ്ച കൂടിയൊന്നു കഴിയട്ടെ, പിന്നെ നീ സ്ഥിരമായിട്ട് എന്നെ കണ്ടുകൊണ്ടാണല്ലോ ജീവിക്കാൻ പോണത്. ഇതിനെല്ലാം നീ കണക്ക് വെച്ച് കാത്തിരുന്നോ ”
അന്ന ഒന്നും മിണ്ടിയില്ല അപ്പോൾ കേട്ടു.
“വെച്ചിട്ട് പോടീ.. ”
കാൾ കട്ട് ആയി.ആരോടെങ്കിലും പറയാൻ പറ്റുമോ. അല്ലെങ്കിലേ ആദിയും അവളുമാരുമൊക്കെ കളിയാക്കലാണ് പഠിപ്പിക്കുന്ന സാറിനെ പ്രേമിച്ചാൽ ഇങ്ങനെയാണെന്ന്… ഏതു നേരത്താണോ എന്തോ…
കുറച്ചു കഴിഞ്ഞപ്പോൾ അന്ന ഒരു ഗുഡ് നൈറ്റ് മെസ്സേജ് അയച്ചെങ്കിലും കൊറേ കഴിഞ്ഞാണ് റിപ്ലൈ കിട്ടിയത്…
എക്സാം തുടങ്ങുന്ന അന്ന് അന്ന പോവാൻ റെഡിയായി വന്നപ്പോൾ രുദ്രൻ അവളെ കൂട്ടാൻ വന്നിട്ടുണ്ടായിരുന്നു. കാറിൽ കയറിയിരുന്നിട്ടും അന്ന മിണ്ടാൻ പോയില്ല.
“എന്നാ ഒരു ജാഡയാ, അവിടെ ഇരിക്കത്തേയുള്ളൂ.. ”
മനസ്സിൽ പറഞ്ഞു കൊണ്ടു അന്ന പുറത്തേക്ക് നോക്കിയിരുന്നു.രുദ്രൻ അവളുടെ കളികൾ കണ്ടു ചിരിയമർത്തി പിടിച്ചിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചോദിച്ചു.
“നീ വല്ലതും പഠിച്ചിട്ടുണ്ടോടീ, അതോ ആൻസർ പേപ്പറിൽ എന്റെ പടം വരച്ചു വെയ്‌ക്കോ ”
അന്ന വായും തുറന്നിരിക്കുന്നത് കണ്ടു രുദ്രൻ ചിരിച്ചു പോയി.
“അല്ല.. അങ്ങനെയാണല്ലോ പ്രണയം തലയ്ക്കു പിടിക്കുമ്പോൾ…നമ്മൾ സിനിമയിൽ ഒക്കെ കാണാറില്ലേ ”
“ഹും… ”
ഇപ്പോൾ വായിൽ വരുന്നതൊക്കെ അങ്ങേരോട് പറയാൻ കൊള്ളത്തില്ല. ആരാണെന്നാ വിചാരം.. ഒരു കാമദേവൻ…
അന്ന രുദ്രനെ നോക്കിയതേയില്ല,പുറത്തേക്കും നോക്കിയിരുന്നു. കോളേജ് ഗേറ്റ് എത്തുന്നതിനു മുൻപേ രുദ്രന്റെ കൈ തന്റെ കൈയിൽ ചേരുന്നതറിഞ്ഞാണവൾ ആ മുഖത്തേക്ക് നോക്കിയത്. അവളോടുള്ള പ്രണയം മാത്രമായിരുന്നു അപ്പോൾ ആ കണ്ണുകളിൽ…
“ഓൾ ദി ബെസ്റ്റ് അന്നക്കൊച്ചേ… ”
ആ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അതു മതിയായിരുന്നു അന്നയുടെ മനസ്സ് നിറയാൻ. എത്ര ദേഷ്യം പിടിച്ചാലും, മിണ്ടരുതെന്ന് കരുതിയാലും, എന്തൊക്കെ ചെയ്താലും, ആ ചിരിയും കണ്ണുകളിലെ സ്നേഹവും മതി തന്റെ ഹൃദയമിടിപ്പ് കൂട്ടാൻ, തോൽവി സമ്മതിക്കാൻ..
രുദ്രൻ അവളെ നോക്കി കണ്ണുകൾ ചിമ്മിയപ്പോൾ അവളിലും ഒരു പുഞ്ചിരി തെളിഞ്ഞു..
എക്സാം അത്രയ്ക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നു.രുദ്രന് വർക്ക് ഉള്ളത് കൊണ്ടു സാം ആയിരുന്നു അവളെ കൂട്ടാൻ വന്നത്.പിന്നെയുള്ള പരീക്ഷകൾക്കൊന്നും രുദ്രൻ കൂട്ടാൻ വന്നില്ല.ഇടയ്ക്കു വല്ലപ്പോഴും ഒന്ന് വിളിച്ചു രണ്ടു വാക്ക് പറഞ്ഞു അടികൂടി കാൾ കട്ട് ചെയ്യുന്നതല്ലാതെ കാര്യമായൊരു സംസാരവും അവർക്കിടയിൽ ഉണ്ടായില്ല.കോളേജിൽ വെച്ചു കാണുമ്പോളും രുദ്രൻ വലിയ സംസാരത്തിനൊന്നും നിന്നില്ല. ചെറിയ വിഷമമൊക്കെ തോന്നിയെങ്കിലും അന്ന അങ്ങോട്ട് ചെന്നു മിണ്ടാൻ ശ്രമിച്ചില്ല.
ഇനി രണ്ടു പരീക്ഷകൾ കൂടിയേ ബാക്കിയുള്ളൂ. അതും ഓർത്താണ് അന്ന് അന്ന വീട്ടിൽ ചെന്നു കയറിയത്. പ്രതീക്ഷിക്കാത്ത അതിഥികൾ അവിടെയുണ്ടായിരുന്നു. രുദ്രന്റെ അച്ഛനും വല്യച്ഛനും….
പരീക്ഷയെക്കുറിച്ചൊക്കെ അവർ ചോദിച്ചതിന് മറുപടി കൊടുത്തെങ്കിലും അന്നയുടെ ഉള്ളിൽ ടെൻഷൻ നിറയുകയായിരുന്നു. എന്തിനാണോ ഈ ഒരു വരവ് എന്നോർത്തു കൊണ്ടാണ് അടുക്കളയിലേക്ക് വെച്ച് പിടിച്ചത്. പ്രതീക്ഷിച്ചത് പോലെ ത്രേസ്യാക്കൊച്ച് അടുക്കളയിൽ ഉണ്ടായിരുന്നു. ആദിയും നിമ്മിയും അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവൾ ഒന്നും ചോദിക്കാതെ നിൽക്കുന്നത് കണ്ടു ചിരിയോടെയാണ് ത്രേസ്യാമ്മ പറഞ്ഞത്.
“നിങ്ങളുടെ കല്യാണത്തിന്റെ ഡേറ്റ് ഉറപ്പിക്കാനാണ് കൊച്ചേ ആദീടച്ഛനൊക്കെ വന്നേക്കുന്നത് ”
അവളെ നോക്കി കണ്ണിറുക്കി ആദി പറഞ്ഞു.
“രണ്ടാഴ്ച കൂടിയേയുള്ളൂ അന്നക്കൊച്ചേ ആ മഹാസംഭവത്തിന്.. ”
പ്രതീക്ഷിച്ചതായിരുന്നെങ്കിലും അന്നയിൽ ഒരു ഞെട്ടൽ ഉണ്ടായി.
“രണ്ടാഴ്ച… ”
“വായും തുറന്നു നിൽക്കാതെ ഇത് അമ്മായിയപ്പന് കൊണ്ടു പോയി കൊടുക്ക് കൊച്ചേ ”
ട്രേ അന്നയുടെ കൈയിൽ കൊടുത്തു കൊണ്ടു നിമ്മി പറഞ്ഞു.
അന്ന ചെല്ലുമ്പോൾ ദേവനും ചാരുദത്തനും മാത്രമേ ഹാളിൽ ഉണ്ടായിരുന്നുള്ളൂ. ചായ കൊടുത്തു തിരിയുമ്പോളാണ് ദേവൻ വിളിച്ചത്.
“മോളെ… ”
അന്ന ദേവന്റെ മുഖത്തേക്ക് നോക്കി. അയാൾ പറഞ്ഞു.
“ദേഷ്യമുണ്ടോ എന്നോട് ഇപ്പോഴും…? അന്ന് അങ്ങിനെയൊക്കെ പറഞ്ഞതിൽ ? അന്നത്തെ സാഹചര്യം അങ്ങിനെ ആയിരുന്നു അതുകൊണ്ടാണ്. മോളതൊന്നും മനസ്സിൽ വെക്കരുത്.ഇപ്പോൾ മനസ്സിൽ രുദ്രന്റെ പെണ്ണായി നീ മാത്രമേയുള്ളൂ ”
“ഇല്ല അങ്കിൾ, എനിക്ക് മനസ്സിലാവും. ഞാനതൊക്കെ എപ്പോഴേ മറന്നു. ”
“അതേയ് കൊച്ചേ ഇനി അങ്കിൾ വിളിയൊക്കെ മാറ്റിക്കോ”
അന്നയുടെ അടുത്തെത്തിയ മാത്തുക്കുട്ടിയായിരുന്നു പറഞ്ഞത്. പിറകെ ത്രേസ്യാമ്മയും ഉണ്ടായിരുന്നു. അന്ന റൂമിൽ പോയി ഫ്രഷ് ആയി വന്നു. അന്ന് ഊണ് കഴിക്കാൻ ഇച്ചായന്മാരൊക്കെ ഉണ്ടായിരുന്നു. ഹാളിൽ എല്ലാവരും ഊർജിതമായ ചർച്ചയിൽ ആയിരുന്നു. അന്ന സ്റ്റെയർകേസിന്റെ സൈഡിൽ ചാരി എല്ലാം കേട്ടു നിന്നു. പള്ളിയിൽ വെച്ചൊരു മിന്നുകെട്ട്. അതു രുദ്രന്റെ ഐഡിയ ആണെന്ന് ദേവൻ പറഞ്ഞില്ലെങ്കിലും അന്നയ്ക്ക് അറിയാമായിരുന്നു. അമ്മച്ചിയുടെയും ഇച്ചായൻമാരുടെയും സന്തോഷം അവൾ കണ്ടു. പിന്നെ സൂര്യമംഗലത്തെ കുടുംബക്ഷേത്രത്തിൽ വെച്ചൊരു താലി കെട്ട്. അടുത്ത കുടുംബക്കാർ മാത്രം പങ്കെടുക്കുന്ന ചടങ്ങുകൾ. അന്നയോട് അഭിപ്രായം ചോദിച്ചെങ്കിലും അവൾക്കൊന്നും പറയാനില്ലായിരുന്നു. എല്ലാം തീരുമാനിച്ചു ഉറപ്പിച്ചിട്ടാണ് അവർ പോയത്. ആദിയുടെയും നിമ്മിയുടെയും കളിവാക്കുകളിൽ നിന്ന് രക്ഷപെടാനെന്നോണം അന്ന മുറിയിൽ കയറി വാതിലടച്ചു. എന്തിനെന്നറിയാതെ അവൾക്കു കരച്ചിൽ വരുന്നുണ്ടായിരുന്നു. രുദ്രനെ വിളിച്ചു വെറുതെ ഒന്ന് സംസാരിക്കാൻ തോന്നിയെങ്കിലും അന്നയുടെ മനസ്സനുവദിച്ചില്ല.
അന്ന് കൂടുതൽ സംസാരം ഒന്നുമില്ലാതെ അവൾ ഒതുങ്ങിയത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഭക്ഷണമൊക്കെ കഴിഞ്ഞു റൂമിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ മാത്തുക്കുട്ടിയും പിറകെ ത്രേസ്യാമ്മയും അവളുടെ റൂമിലെത്തിയപ്പോൾ അന്നയ്ക്ക് അത്ഭുതം ഒന്നും തോന്നിയില്ല.
“എന്ത് പറ്റി എന്റെ കൊച്ചിന്..? ”
അവളെ ചേർത്ത് പിടിച്ചു മാത്തുക്കുട്ടി ചോദിച്ചു.
“അപ്പച്ചാ ഞാൻ.. ഞാൻ സാറിനെ സ്നേഹിച്ചത് കൊണ്ടല്ലേ
ഇങ്ങിനെയൊക്കെ? ”
“മോള് പറഞ്ഞത് ശരിയാണ്. നിന്റെ കല്യാണം നാടൊട്ടുക്കും വിളിച്ചു ആഘോഷമായി നടത്തണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം… പക്ഷേ നിന്റെ സന്തോഷവും ജീവിതവും തന്നെയാണ് കൊച്ചേ ഞങ്ങൾക്ക് വലുത്. രുദ്രന്റെ കൈയിൽ നിന്നെ ഏൽപ്പിച്ചാൽ പിന്നെ അപ്പച്ചന് ഒരു ടെൻഷനും ഇല്ല ”
മാത്തുക്കുട്ടി പറഞ്ഞു നിർത്തിയതും ത്രേസ്യാമ്മ അന്നയുടെ കവിളിൽ തലോടി പറഞ്ഞു.
“അവൻ നിന്നെ പൊന്നു പോലെ നോക്കും കൊച്ചേ ”
രണ്ടു പേരുടെയും വാക്കുകൾ കേട്ട് മനസ്സ് നിറഞ്ഞാണ് അന്ന കിടന്നത്. ചിന്തകളിൽ നിറയെ രുദ്രനായിരുന്നത് കൊണ്ടു ഫോൺ റിംഗ് ചെയ്തപ്പോൾ ആരാണെന്ന് അന്നയ്ക്ക് അറിയാമായിരുന്നു. എപ്പോഴും തന്റെ മനസ്സറിഞ്ഞത് പോലെയാണ് പെരുമാറാറുള്ളത്….
“ഹലോ.. ”
“ആ കഴുത്തിൽ കുടുക്കിടാനുള്ള ഡേറ്റു ഫിക്സ് ചെയ്തത് അറിഞ്ഞല്ലോ അല്ലേ? ”
പതിവ് പോലെ തർക്കുത്തരം പറയാൻ അന്നയ്ക്ക് തോന്നിയില്ല.
“അച്ഛൻ വന്നിരുന്നു… ”
“ആര്..? ”
ഒന്ന് നാവ് കടിച്ചാണ് അന്ന പറഞ്ഞത്.
“അത് ദേവൻ അങ്കിൾ.. ”
“അങ്ങിനെ അല്ലാലോ ആദ്യം പറഞ്ഞത്? ”
“അത് അമ്മച്ചി പറഞ്ഞു അങ്ങിനെ വിളിക്കാൻ.. അതാ ഞാൻ ”
രുദ്രന്റെ ചിരി അവൾ കേട്ടു.
“എന്തിനാടോ താനിത്ര ടെൻഷൻ അടിക്കുന്നത്. എന്റെ അടുത്തേക്കല്ലേ താൻ വരുന്നത്. എന്റെ കൂടെയല്ലേ… നമ്മൾ ഒരുപാട് ആഗ്രഹിച്ചതല്ലേ ”
“അത്.. ഞാൻ ”
“പറഞ്ഞല്ലോ ഞാൻ തനിക്ക് എത്ര സമയം വേണേലും എടുക്കാം, ഭർത്താവിന്റെ അധികാരം കാണിക്കാൻ വരില്ല ഞാൻ.. നഷ്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ടാണ് ഞാൻ തിരക്ക് കൂട്ടുന്നത്. ”
അന്ന ഒന്നും പറഞ്ഞില്ല വീണ്ടും ആ ശബ്ദം അന്നയുടെ കാതിൽ പതിഞ്ഞു.
“അതേയ് ഈ പെണ്ണിങ്ങനെ ടെൻഷൻ അടിച്ചിരുന്നാൽ കല്യാണം ആവുമ്പോഴേക്കും കാണാൻ ഒരു ഭംഗിയുമുണ്ടാവില്ല ട്ടോ. ചുമ്മാ ആളുകൾ പറയും പെണ്ണ് ചെറുക്കന്റെ അത്ര ഭംഗിയില്ലെന്ന്.. ”
“അയ്യടാ.. ”
“ഇന്ന് ആ പുസ്തകം തൊട്ട് നോക്കിയിട്ടുണ്ടാവില്ല എന്നറിയാം. രാവിലെ നേരത്തെ എഴുന്നേറ്റു പഠിച്ചോണം കേട്ടല്ലോ ”
“കേട്ടു രാജാവേ ”
കുറുമ്പോടെയുള്ള മറുപടി കേട്ട് ചിരിച്ചു കൊണ്ടാണ് രുദ്രൻ പറഞ്ഞത്.
“ഇനി ഫോണിൽ എന്റെ ഫോട്ടോയും നോക്കിയിരിക്കാതെ പോയി ഉറങ്ങിക്കേ…. ഗുഡ് നൈറ്റ്.. സ്വീറ്റ് ഡ്രീംസ് ”
“ഗുഡ് നൈറ്റ്…. സ്വീറ്റ് ഡ്രീംസ് ”
കാൾ കട്ട് ചെയ്യുമ്പോൾ അന്ന ഓർത്തു. ഒരു കള്ളത്തരവും ആ കാട്ടുപോത്തിന്റെ അടുക്കൽ ചിലവാവില്ലല്ലോ എന്റെ കർത്താവേ.
അന്ന് സൂര്യമംഗലത്ത് വർഷങ്ങൾക്ക് ശേഷം കാവിൽ തിരി തെളിഞ്ഞു. സീതാലക്ഷ്മിയും വിനയനും ഒഴികെ എല്ലാവരും അവിടെ ഉണ്ടായിരുന്നു. തൊഴുകൈയ്യുമായി നിൽക്കുമ്പോഴും അച്ഛന്റെയും വല്യച്ചന്റെയും അപ്പച്ചിയുടേയുമൊക്കെ മനസ്സിൽ അവരുടെ കുഞ്ഞനിയത്തി ആര്യലക്ഷ്മിയാണ് നിറഞ്ഞു നിൽക്കുന്നതെന്ന് രുദ്രന് മനസ്സിലാവുന്നുണ്ടായിരുന്നു. അപ്പോഴും അവിടെ ചെമ്പകപ്പൂക്കളുടെ സുഗന്ധം നിറയുന്നുണ്ടായിരുന്നു.
അകത്തെ മുറിയിൽ ജനലരികിൽ നിന്ന് പുറത്തേക്ക് നോക്കുന്ന സീതയെ ശ്രദ്ധിച്ചുകൊണ്ടു കട്ടിലിൽ ഇരിക്കുകയായിരുന്നു വിനയൻ. കാവും കുളവും പരിസരവുമൊക്കെ വൃത്തിയാക്കാൻ പണിക്കാർ വന്നപ്പോൾ തുടങ്ങിയതാണ് സീതയുടെ അസ്വസ്ഥത. എന്തെങ്കിലും ചോദിച്ചാൽ ഉത്തരം പറയും. മിക്കവാറും റൂമിൽ ജനലരികിൽ തന്നെ കാവിലേക്ക് നോക്കി നിൽക്കുന്നത് കാണാം. കാവിലെ പൂജയും കാര്യങ്ങളുമൊക്ക മരങ്ങളുടെ ഇടയിലൂടെ നോക്കി നിൽക്കുമ്പോൾ സീതയുടെ തൊട്ടരികെ വിനയനും ഉണ്ടായിരുന്നു……
അവസാന പരീക്ഷ കഴിഞ്ഞു ഒരുമിച്ചു പോവാമെന്നും ഡിപ്പാർട്മെന്റിലേക്ക് ചെല്ലണമെന്നും രുദ്രൻ പറഞ്ഞതനുസരിച്ചാണ് അന്ന അവിടെ എത്തിയത്. മിനി മിസ്സും ശശാങ്കൻ സാറും അകത്തേക്ക് വിളിച്ചപ്പോൾ തെല്ലൊരു സങ്കോചം തോന്നിയെങ്കിലും മടിക്കാതെ ഉള്ളിൽ കയറി. തന്നെ നോക്കിയ ആളുടെ മുഖത്തെ കള്ളച്ചിരി കണ്ടെങ്കിലും അവിടെ ഉണ്ടായിരുന്നവരൊക്കെ ആശംസകൾ അറിയിച്ചു തുടങ്ങിയതോടെ അന്നയുടെ സംശയം തീർന്നു.
വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ അവളെയും, ചേർന്നു നടക്കുന്ന രുദ്രനെയും ചുറ്റുമുള്ള കണ്ണുകൾ വലയം ചെയ്യുന്നതവരറിയുന്നുണ്ടായിരുന്നു….
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission