Skip to content

മിലൻ – Part 2

milan aksharathalukal novel

“ചേട്ടാ അതെന്റെ സീറ്റ്‌ ആണെന്ന് !”

അയാളുടെ നോട്ടത്തിന് കടുപ്പമേറി ,. ഇയാളെന്താ പെൺകുട്ടികളെ കണ്ടിട്ടില്ലേ? അതോ ഇനി ഇയാൾക്കെങ്ങാനും എന്നെ മനസ്സിലയിക്കാണുമോ?

ഞാനയാളുടെ കയ്യിലിരുന്ന ബുക്കിലേക്ക് നോക്കി,… എന്തോ ഇലക്ട്രിക് കെമിസ്ട്രിയോ, എഞ്ചിനീയറിംഗ് കെമിസ്ട്രിയോ അങ്ങനെന്തോ ആണ്,.. കക്ഷി അപ്പോൾ ഇരുമ്പിനെ,.. ഓ സോറി സോറി,.. കറന്റ്നെ പ്രണയിച്ചവനാണ്,…

“എന്താ ഇവിടെ എഴുതി വെച്ചിട്ടുണ്ടോ നിങ്ങടെ സീറ്റ്‌ ആണെന്ന്? ”

കൊള്ളാലോ,.. ആളൊരു ഒന്നാന്തരം ചൂടനാണ്,.. വഴക്കുണ്ടാക്കണോ അതോ? പക്ഷേ ഞാൻ ബുക്ക് ചെയ്ത സീറ്റ്‌, അതെന്റെ അവകാശമാണ് !”

“ഞാനിത് ബുക്ക് ചെയ്ത സീറ്റ്‌ ആണ് !”

അയാളുടെ കണ്ണുകളിലെ ദേഷ്യം പതിയെ പുച്ഛത്തിലേക്കും പിന്നെ പരിഹാസത്തിലേക്കും വഴി മാറി,…

“എന്താ മോളെ പ്രശ്നം? ”

“അത്,.. ”

യാത്രക്കാർ ഇടപെടാൻ തുടങ്ങിയപ്പോൾ അയാൾ ബാഗുമെടുത്ത് എഴുന്നേറ്റു,…

“ഓരോന്ന് കുറ്റിയും പറിച്ചു വന്നു കേറിക്കോളും മനുഷ്യന്റെ സമാധാനം കളയാൻ,… മാറി നിൽക്കങ്ങോട്ട് !” അയാളുടെ ശബ്ദം ഉയർന്നു,….

ഇയാളെന്തിനാ എന്റെ അടുത്ത് ചൂടാവണത്, ബുക്ക് ചെയ്ത സീറ്റ്‌ ചോദിക്കണത് ഇത്ര വലിയ തെറ്റാണോ? ഞാൻ മാറിനിന്നു കൊടുത്തു,. അയാൾ അപ്പുറത്തെ സീറ്റിൽ പോയിരുന്നു,…

വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടേക്ക് എടുത്തതും ബാലൻസ് പോയ ഞാൻ സീറ്റിലേക്ക് വീണു,..

ഔ,.. കൈ മുട്ട് ബസിന്റെ കമ്പിയിൽ നന്നായി ഇടിച്ചു,….

“എന്തെങ്കിലും പറ്റിയോ മോളെ? ” അപ്പുറത്ത് അയാൾക്കൊപ്പമിരുന്നു യാത്ര ചെയ്യുന്ന മധ്യവയസ്‌കൻ ചോദിച്ചു,..

“ഹേയ് ഒന്നും പറ്റീല്ല !”

എന്റെ കണ്ണുകൾ നീണ്ടത് അയാളുടെ മുഖത്തേക്കായിരുന്നു,.. അയാൾ അതേ ഗൗരവം തുടരുകയായിരുന്നു,.. എന്തൊരു മനുഷ്യനാണോ എന്തോ,…

ഞാൻ ഇയർഫോൺ എടുത്ത് ചെവിയിൽ വെച്ചു,…

“ആപ് കി നസരോനെ സംജാ പ്യാര് കെ കാബിൽ മുജേ,… ”

ലതാ മങ്കേഷ്‌കർ എത്ര മനോഹരമായാണ് ഇത് പാടിയത്,…

“ദിൽ കി യേ ധഡ്കൻ ടെഹര് ജാ മിൽ ഗയി മൻസിൽ മുജേ,…. ”

പാട്ടിൽ ലയിച്ചിരുന്ന എന്റെ മനസിലേക്ക് ഇഷാൻ കടന്ന് വന്നത് വളരെ പെട്ടന്നായിരുന്നു,…

എനിക്ക് നിന്നോട് വെറുപ്പാണ് ഇഷാൻ,.. നീയൊരു ചതിയനാണ്,…

കവിൾതടത്തെ നനച്ച നീർതുള്ളികൾ ആരും കാണാതെ ഞാൻ ഒപ്പിയെടുത്തു,.. വയ്യ പാട്ട് കേൾക്കാനുള്ള മൂഡ് വരെ നഷ്ടപ്പെട്ടിരിക്കുന്നു,..

ഇഷാനെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്കെന്നെത്തന്നെ വിരസമായി തോന്നാറുണ്ട്,.. ഓർക്കരുതെന്ന് എത്രയൊക്കെ പറഞ്ഞു വിലക്കിയിട്ടും,.. മനസ്സിനെ കുത്തി നോവിക്കാനായി അവൻ ഇടയ്ക്കിടെ കടന്നുവരാറുണ്ട്,…

ഫോൺ റിംഗ് ചെയ്തു,.. അമ്മയാണ്,.. എന്നെക്കാണാതെ വിളിക്കുകയാവും,..എടുക്കാൻ തോന്നിയില്ല ഞാനത് കട്ട് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്തു,…

അമ്മ അച്ഛനോട് എന്റെ പേരും പറഞ്ഞു വഴക്കിടുകയാവും ഇപ്പോൾ,.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നന്നാവണമെങ്കിൽ ഞാൻ വിചാരിച്ചാലല്ലേ പറ്റുള്ളൂ,…

ഞാൻ ഷട്ടർ ഉയർത്തി വെച്ചു,.. വയനാടൻ ചുരത്തിൽ വീശിയടിച്ച ഇളം തണുപ്പേറിയ കാറ്റ് എന്റെ ചൂടേറിയ മനസ്സിനെ തണുപ്പിച്ചു,…

പുലരിയുടെ വിരിമാറിൽ കോടമഞ്ഞു പുതച്ചു കിടക്കുന്ന നിന്നെക്കാൾ സുന്ദരി വേറെ ആരുണ്ടെന്റെ വായനാടേ,…

ചുരത്തിലെ കാഴ്ചകൾ ക്യാമറയിൽ പകർത്തിയെടുക്കുമ്പോൾ മരക്കൊമ്പിലിരുന്നും,. മൈൽകുറ്റികളിൽ ഇരുന്നുമെല്ലാം കുരങ്ങച്ചന്മാർ കളിയാക്കിചിരിക്കുന്നുണ്ടായിരുന്നു,…

9 വളവുകൾ,.. ഓരോന്നും ഓരോരോ അനുഭവങ്ങൾ,..ഈ വഴി കണ്ടു പിടിച്ച കരിന്തണ്ടനെ നമിക്കാതെ വയ്യ,…

മൂന്ന് മണിക്കൂർ നീണ്ട യാത്ര മാനന്തവാടി ബസ് സ്റ്റാൻഡിൽ അവസാനിച്ചു,… കുറേ ബസ് നിർത്തിയിട്ടിരിക്കുന്നു,.. ഞാനതിൽ തലപ്പുഴ ബോർഡ് നോക്കി,.. ദാ ഒരെണ്ണമുണ്ട്,.. ഞാൻ ബസിന്റെ അരികിലേക്ക് നടന്നു,…

“ചേട്ടാ ഇതെപ്പോഴാ എടുക്കുവാ? ”

“ഇത് പോവില്ല കൊച്ചേ? ”

“അതെന്താ? ”

“അറിഞ്ഞില്ലേ,.. ഇന്ന് പ്രൈവറ്റ് ബസ് പണിമുടക്കാ !”

“അയ്യോ ഇനി എന്താ ചെയ്യാ? ”

“ദേ സ്റ്റാൻഡിന് പുറത്തേക്കിറങ്ങിയാൽ ഇഷ്ടം പോലെ ഓട്ടോ കിട്ടും !”

“താങ്ക് യൂ ചേട്ടാ !”

തിരിഞ്ഞതും മുന്നിൽ അയാൾ,.. അയാളും തലപ്പുഴയ്ക്കായിരുന്നോ? ആവോ,.. ഞാൻ മൈൻഡ് ചെയ്യാതെ മുന്നോട്ടേക്ക് നടന്നു,.. അയാളും എന്റെ പുറകെ തന്നെയുണ്ട്,….

ഇയാളിനി എന്തുദ്ദേശത്തിലാണോ എന്റെ പുറകെ വരുന്നത്? ” ചോദിച്ചാലോ,.. ഇല്ലേൽ വേണ്ട,…

ദൈവമേ ഒരൊറ്റ ഓട്ടോയില്ല,.. ഇനി ഓട്ടോക്കാരും സമരത്തിലാണോ,.. ദാ ഒരെണ്ണം വരുന്നുണ്ട്,.. ഞാനതിന് കൈ നീട്ടി,… ഭാഗ്യം നിർത്തി,…

ഞാൻ ഓട്ടോയ്ക്കരികിലേക്ക് ചെന്നതും എന്നെ മറി കടന്ന് അയാൾ ഓട്ടോയിൽ കേറിയിരുന്നു,.

ഈശ്വരാ ഇതെന്തൊരു കഷ്ടവാ,. ബസിലും ഓട്ടോയിലും ഒന്നും ഇയാളെനിക്ക് യാതൊരു സമാധാനവും തരില്ലേ?

“അതേ ഇറങ്ങിക്കേ,.. ഞാനാ ആദ്യം കൈ കാണിച്ചത് !”

“നിങ്ങളെക്കൊണ്ട് വല്ല്യ ശല്യമായല്ലോ,.. ബസിൽ സീറ്റ്‌ ബുക്ക് ചെയ്തെന്ന് പറഞ്ഞു അതിൽ,.. ദാ ഇപ്പോൾ ഓട്ടോയിൽ,… ”

“നിങ്ങളല്ലേ എന്റെ സീറ്റിൽ കേറിയിരുന്നത്, എന്നിട്ട് എനിക്കായോ കുറ്റം? ”

“മാറി നിൽക്കുന്നുണ്ടോ എനിക്ക് സമയം പോവുന്നു,.. ”

“എനിക്കുമുണ്ട് മാഷേ സമയത്തിന് വിലയൊക്കെ,.. നിങ്ങളങ്ങ് ഇറങ്ങിക്കേ ഞാനാ ആദ്യം കൈ കാണിച്ചത്,.. കേറിയിരുന്നതും പോരാ എന്നെ സമയത്തിന്റെ വില പഠിപ്പിക്കാൻ വന്നേക്കുന്നു !”

“വേറെ ഓട്ടോ വിളിച്ചു പോടീ !”

“എടീന്നൊ? നിങ്ങടെ കെട്ടിയവളെ പോയി വിളിക്ക് എടീന്നും പോടീന്നുമൊക്കെ,..”

“എന്റെ പൊന്ന് സാറെ,.. നിങ്ങളിങ്ങനെ തർക്കിച്ചു കൊണ്ടിരുന്നാൽ എന്റെ കുടുംബവാ പട്ടിണിയാവാൻ പോണത്,.. ”

“ചേട്ടാ പറ ഞാനല്ലേ ആദ്യം കൈ കാണിച്ചത്? ”

“കൊച്ചിന് എവിടെയാ പോണ്ടത്? ”

“തലപ്പുഴ !”

“സാറിനോ? ”

“തലപ്പുഴ !”

“എന്നാൽ പിന്നെ എന്തിനാ തർക്കം രണ്ടാളും ഒരേ സ്ഥലത്തേക്കല്ലേ? കൊച്ചും കൂടെ കേറിക്കോ? ”

ഇയാളുടെ കൂടെ പോവുന്നതിലും ഭേതം ട്രെയിനിന് തല വെയ്ക്കുന്നതാ ! ഇയാള് പോവാണേൽ പോട്ടേ, വേറെ ഓട്ടോ നോക്കാം !

“ചേട്ടൻ പൊയ്ക്കോ,.. ഞാൻ വേറെ ഓട്ടോ വിളിച്ചോളാം !”

കണ്ണീച്ചോരയില്ലാത്തവൻ, ദുഷ്ടൻ,.. ഇരിക്കണത് കണ്ടില്ലേ ഒറ്റ കുത്ത് വെച്ച് കൊടുക്കാൻ തോന്നും,..

“മോളെ,. ഓട്ടോ നോക്കി നിൽക്കാനാണേൽ ഇവിടെ നിൽക്കുകയേ ഉള്ളൂ,. ഇന്ന് പകുതി ഓട്ടോക്കാരും സമരത്തിലാ !”

എന്റെ ഒരവസ്ഥ,.. ഓട്ടോക്കാരും സമരത്തിലാണെന്നോ? എന്തായാലും നല്ല ഐശ്വര്യമുണ്ട്, മാനാഭിമാനം നോക്കി നിൽക്കാനാണെങ്കിൽ ഇവിടെ നിൽക്കുകയേ ഉള്ളൂ,.. വേറെ വഴിയില്ല,.. മനസില്ലാ മനസോടെ അയാൾക്കൊപ്പം ഞാൻ ഓട്ടോയിൽ കയറി,…

“ബസുകാരും ഓട്ടോക്കാരും എല്ലാം സമരത്തിൽ ആണല്ലോ,.. എന്താ കാര്യം? ”

“കൂലി കൂട്ടാൻ വേണ്ടീട്ടാ മോളെ,…”

“ഓ,.. അങ്ങനാല്ലേ? പിന്നെ,,, ”

“ഒന്ന് മിണ്ടാതിരിക്കാൻ വല്ലതും തരണോ? ”

ഇയാൾ ഇതെന്തു മനുഷ്യനാ എന്റെ ഈശ്വരാ,… മനുഷ്യനെ ഒന്ന് മിണ്ടാൻ പോലും സമ്മതിക്കാതെ,.. വല്ലാത്ത കഷ്ടമാണ്,…

“ചേട്ടാ,.. എഞ്ചിനീയറിംഗ് കോളേജ്,… ”

സ്റ്റുഡന്റ് ആണോ? എന്നിട്ടാണോ ഇത്ര അഹങ്കാരം,.. അയാളുടെ മുഖം നല്ല പ്രായം പറയുന്നുണ്ട്,.. സപ്പ്ളി അടിച്ചെങ്ങാനും കിടക്കണതാവും അതിന്റെ ഫ്രസ്ട്രേഷൻ എന്നോടാണോ കാണിക്കേണ്ടത്?”

ഈശ്വരാ ഈ കുന്നിന്റെ മുകളിലാണോ കോളേജ്,…

“ചേട്ടാ എനിക്ക് അങ്ങോട്ടേക്കൊന്നും പോകാൻ പറ്റില്ല,. ഇയാളോട് ഇവിടെ ഇറങ്ങിക്കോളാൻ പറയ്,.. ”

“അധികം ദൂരമൊന്നും ഇല്ല കൊച്ചേ !”

“ചേട്ടാ തർക്കിച്ച് നിൽക്കാൻ സമയമില്ല,.. ഫസ്റ്റ് അവർ എക്സാം ഉള്ളതാ !” അയാളും പറഞ്ഞു,..

പഠിച്ചിട്ട് പോരണമായിരുന്നു,.. അല്ലാതെ,…

ഓട്ടോ എൻജിനീയറിങ് കോളേജിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ചു,…

കഷ്ടമുണ്ട് ഇയാളെയും കൊണ്ട് ഞാൻ ആകെ പെട്ടല്ലോ,.
.

വൗ,.. തേയില തോട്ടത്തിന്റെ ഒത്ത നടുവിൽ ഗവണ്മെന്റ് എഞ്ചിനീറിംഗ് കോളേജ്,.. റിയലി ബ്യൂട്ടിഫുൾ,…

“ഒന്നിറങ്ങി തരാവോ,.. ”

ഹേ ഇയാൾക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയോ?
ആ ഇറങ്ങിപ്പോട്ടെ ശല്ല്യം,.. ഞാൻ പുറത്തേക്കിറങ്ങി നിന്നു,…

“എത്രയായി ചേട്ടാ,…”

“65”

അയാൾ പോക്കറ്റിൽ നിന്നും പണമെടുത്ത് കൊടുത്തു,…

“എന്റെ ഞാൻ കൊടുത്തിട്ടുണ്ട്,.. ബാക്കി നിങ്ങളു കൊടുത്തോളു !”

“അല്ലേലും എനിക്കെങ്ങും വേണ്ട നിങ്ങളുടെ ഔദാര്യം ! പോവാം ചേട്ടാ !” പിന്നല്ല അയാളുടെ ഒരഹങ്കാരം,.. ഇത്രേം നേരം സഹിച്ചു,.. ഇനി പറ്റൂല്ല,…

അയാൾ യാതൊരു കൂസലുമില്ലാതെ കോളേജിലേക്ക് കേറിപ്പോയി,…

ഇയാൾക്ക് ദേഷ്യം എന്നൊരു ഇമോഷൻ ഒഴിച്ചാൽ ബാക്കിയൊന്നും വർക്ക്‌ ആവില്ല എന്ന് തോന്നണു,…

**********

“ഇതാണ് മോള് പറഞ്ഞ വീട് !”

വൗ,… ചുറ്റും തേയില തോട്ടം,.. ആ പച്ചപ്പിനിടയിൽ ശ്രീനിലയം എന്ന് പേരിട്ട ആ വലിയ വീട് തലയുയർത്തിപിടിച്ചു തന്നെ നിൽക്കുന്നു,…

“താങ്ക് യൂ ചേട്ടാ… എത്രയായി? ”

“100 രൂപ !”

പേഴ്സിൽ നിന്നും നൂറിന്റെ നോട്ടെടുത്ത് അയാൾക്ക് കൊടുത്തു,…

“ശരി എന്നാൽ,.. ” ഓട്ടോക്കാരൻ പോകാനുള്ള അനുവാദത്തിനായി എന്നെ നോക്കി,…

“ആ, ചേട്ടാ ഒരു മിനിറ്റ്,.. ചേട്ടന്റെ നമ്പർ കൂടെ ഒന്ന് പറയാവോ,.. എന്തെങ്കിലും ഓട്ടം പോവാനുണ്ടെങ്കിൽ ഒക്കെ വിളിക്കാലോ,.. എനിക്കാണെങ്കിൽ ഇവിടെ നല്ല പരിചയമില്ല !”

“അതിനെന്താ, നമ്പർ ഫീഡ് ചെയ്‌തോ !”

അയാൾ പറഞ്ഞു തന്ന നമ്പർ ഞാൻ ഫോണിൽ ഡയൽ ചെയ്തു…

“ചേട്ടന്റെ പേര് കൂടെ പറയുവോ? ”

“രാഘവൻ !”

“ഓക്കേ,.. എന്നാൽ ശരി ചേട്ടാ വിളിക്കാം !”

വീട് കണ്ടപ്പോൾ തന്നെ എന്റെ ഉള്ളിലെ പകുതി ടെൻഷനും പടിയിറങ്ങിപ്പോയി, വല്ലാത്തൊരു പോസിറ്റീവ് എനർജിയുള്ള സ്ഥലം,…

ഞാൻ ശ്രീനിലയത്തിന്റെ ഗേറ്റ് പതിയെ തുറന്നു,…

“ആരാ? ”

ഒരു വൃദ്ധനാണ്,.. രൂപം വെച്ച് ഇവിടത്തെ കാര്യസ്ഥനാവാനാണ് സാധ്യത,…

“എന്റെ പേര് അനുപമ,.. ഞാൻ ജഗന്ധൻ അങ്കിളിനെ വിളിച്ചിരുന്നു,.. ”

“ഓ അനുപമ,.. ഈ വീട് വാങ്ങിച്ച കുട്ടിയാണോ? ”

“വീട് വാങ്ങിച്ചത് ഞാനല്ല, എന്റെ അച്ഛനാ !”

“ഓ വല്ല്യ തമാശക്കാരിയാലെ? ”

“അല്ല അങ്കിൾ സീരിയസ് ആയിട്ട് പറഞ്ഞതാ,.. എന്റച്ഛൻ ആണ് വീട് വാങ്ങിയത് !”

“ആയിക്കോട്ടെ,.. ഒറ്റ മോളല്ലേ,.. അതോണ്ടാണ് ഈ കിളവൻ അങ്ങനെ പറഞ്ഞത് !”

“അത് പോട്ടേ, അങ്കിളിന്റെ പേരെന്താ? ”

“ഞാൻ ജനാർദ്ദനൻ, ജഗന്ധന്റെ അമ്മാവനാ,.. ഇവിടത്തെ കാര്യങ്ങൾ ഒക്കെ നോക്കി നടത്താൻ അവൻ എന്നെ ഏൽപ്പിച്ചതാ !”

“അങ്കിളിന്റെ വീട് ഇവിടെ അടുത്താണോ? ”

“ഇല്ല,.. കുറച്ചപ്പുറത്താ,.. ഇത് തറവാടാണ്,.. ഭാഗം വെച്ചപ്പോൾ ജഗന്ധനായിരുന്നു അവകാശി,. ഞങ്ങൾക്കാർക്കും വിൽക്കാനൊന്നും ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല പാരമ്പര്യ സ്വത്തല്ലേ? പിന്നെ അവനും കുടുംബവും അമേരിക്കയിലും,. എന്റെ കാലം കഴിഞ്ഞാൽ പിന്നെ ആര് നോക്കി നടത്താനാ? ഇതൊക്കെ നശിക്കണതിലും ഭേതം അതാണ് !”

“ഞങ്ങളതിന് ഇത് പൊളിക്കാനൊന്നും പോണില്ല,.. എനിക്ക് താമസിക്കാൻ വേണ്ടി വാങ്ങിച്ചതാ,… ”

“അങ്ങനെയെങ്കിൽ നല്ലത്,.. ഞങ്ങളൊക്കെ കളിച്ചു വളർന്ന സ്ഥലവാന്നെ !”

“അതെന്തിനാ അങ്കിള് വിഷമിക്കണേ,.. അങ്കിളിന് നൊസ്റ്റു അടിക്കുമ്പോൾ ഇങ്ങോടിപ്പോരേ,.. ”

ജനാർദ്ദനൻ അങ്കിളിന്റെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ ഈ വീടുമായുള്ള അദ്ദേഹത്തിന്റെ ബോണ്ട്‌ എത്രയെന്ന് എനിക്ക് മനസിലായി….

“പിന്നെയേ ഇവിടമൊക്കെ എനിക്കൊന്ന് പരിചയപ്പെടുത്തി താ !”

എത്ര ആവേശത്തോടെയാണ് അദ്ദേഹം ഓരോന്നും എനിക്ക് പരിചയപ്പെടുത്തിയത്,.. പ്രായത്തിനു പോലും ആ ദൃഢതയെ തളർത്താൻ കഴിഞ്ഞിട്ടില്ല,…

“പിന്നെ അങ്കിളേ,.. ജഗന്ധൻ അങ്കിൾ,.. ഇവിടെ സഹായത്തിന് ഒരു ചേച്ചിയെ നിർത്താമെന്നു പറഞ്ഞിരുന്നു,… ”

“ആ യാമിനി ഉച്ചക്കത്തേക്ക് വരും,.. മോളെന്തേലും കഴിച്ചിരുന്നോ? ”

“ഇല്ല രാവിലെ പോന്നതല്ലേ… ”

“ഇവിടെ ഇപ്പൊ ഒന്നും വെച്ചുണ്ടാക്കീട്ടില്ലല്ലോ,.. പിന്നെ തോട്ടത്തിലെ പണിക്കാർക്ക് വേണ്ടി കൊണ്ട് വന്ന കപ്പയും കാന്താരിയുമുണ്ട്,… കഴിക്കുന്നോ? ”

“അതെന്താ അങ്കിളേ കഴിക്കുന്നോ എന്ന് ചോദിച്ചത്? ”

“അല്ല മോളെപ്പോലെ ഉള്ളവർ പണിക്കാരുടെ കൂടെ,.. അല്ലെങ്കിൽ വേണ്ട,.. ഒരു കിലോമീറ്റർ നടന്നാൽ എന്റെ വീടുണ്ട്,… ”

“ഞാൻ പണിക്കാരുടെ കൂടെ കഴിച്ചാൽ കപ്പ ദഹിക്കില്ലെന്നൊന്നും ഇല്ലല്ലോ,.. ഉണ്ടോ,?.. !”

“ഈ കുട്ടിയുടെ ഒരു കാര്യം,… ”

ജനാർദ്ദനൻ അങ്കിളാണ് വാഴയിലയിൽ കപ്പയും ചമ്മന്തിയും എടുത്തു തന്നത്,…

“സൂപ്പറാ അങ്കിളേ,.. നല്ല ടേസ്റ്റ് !”

പണിക്കാർ ഓരോരുത്തരായി ചായ കുടിക്കാനായി കയറി വന്നുകൊണ്ടിരുന്നു,…

“ആരാ ജനാർദ്ദനൻ ചേട്ടാ പുതിയൊരു അതിഥി? ”

“അതിഥിയല്ല മേരി,.. വീട്ടുകാരിയാണ്,.. ഈ മോളാ,..” ജനാർദ്ദനൻ അങ്കിൾ അബദ്ധം പറ്റിയെന്ന പോലെഎന്നെയൊന്നു നോക്കി,..

” അല്ല മോളുടെ അച്ഛനാ ഈ വീട് വാങ്ങിച്ചത്,…” അപ്പോൾ അങ്കിളും കട്ടയ്ക്കാണ്,…

“അല്ല മോൾടെ നാടെവിടെയാ? ”

“കോഴിക്കോടാ മേരിചേച്ചി,.. വെള്ളിമാട്കുന്ന് !”

“തന്നെയാണോ വന്നത്? ”

“അതേ !”

“പഠിത്തമൊക്കെ കഴിഞ്ഞതാണോ? ”

“അതേ !”

“അപ്പോൾ ജോലി ചെയ്യുവായിരിക്കും അല്ലേ? ”

“ജോലി ചെയ്യുകയായിരുന്നു,.. മുംബൈയിലെ ഒരു പത്രത്തിൽ,.. ടൈംസ് ഡെയിലി എന്ന് പറയും ! ”

“ഇംഗ്ലീഷോ ഹിന്ദിയോ? ”

“ഇംഗ്ലീഷ് !”

“ആഹാ !”

“ഇപ്പോൾ രാജി വെച്ചു,… ”

എല്ലാവരുടെയും മുഖത്ത് അത്ഭുതം,…

“അയ്യോ,.. അതെന്ത് പറ്റി കൊച്ചേ? ”

“പ്രേത്യേകിച്ചൊന്നുമില്ല ചേച്ചി,.. വെറുതെ !”

“ഇവിടൊക്കെ ഒരു ജോലി കിട്ടാൻ കിടന്നു കഷ്ടപ്പെടുവാ,.. അപ്പോഴാണോ കൊച്ച് രാജി വെച്ചത്? ”

ജോലി രാജി വെച്ചതിന്റെ കാര്യമൊക്കെ പറയാനാണേൽ ഒരുപാടുണ്ട്,.. അതൊന്നും ഇവരോട് വിശദീകരിക്കാൻ പറ്റില്ല,…

“അതേ കൊച്ചിനെത്ര വയസായി? ”

“22 കഴിഞ്ഞു !”

ഇനി ചോദിക്കാൻ പോണത് വിവാഹത്തെക്കുറിച്ചാവും,.. കല്യാണം നോക്കുന്നില്ലേ? ജാതിയേതാ, ചെക്കൻ എങ്ങനെ വേണം എന്നൊക്കെ,…

ചോദ്യങ്ങൾ ഒന്നൊന്നായി പുരോഗമിച്ചുകൊണ്ടിരുന്നു,…

“അല്ല കൊച്ചേ,.. ഇവിടിരുന്നുള്ള പന്തിഭോജനം നാളെതൊട്ട് നിർത്തേണ്ടി വരുവോ? ഇഷ്ടാവോ കൊച്ചിന് അതൊക്കെ? ”

“എന്ത് ഇഷ്ടക്കുറവാ മേരിചേച്ചി,.. നിങ്ങളെല്ലാം ഉണ്ടെങ്കിൽ എനിക്കും ഒരു നേരം പോക്കാവും,… ‘

“എന്നാ ശരി മോളെ,.. പണിക്കിറങ്ങാൻ ടൈം ആയി,… ”

“ശരി എന്നാൽ,… ”

അവർ തേയിലത്തോട്ടത്തിലേക്ക് പോയി,.. ഞാൻ ഉള്ളിലേക്കും,…

“കൊച്ചിന് ഈ മുറി മതിയോ? ”

ജനാർദ്ദനൻ അങ്കിൾ ഒരു മുറിയുടെ വാതിൽ തുറന്നു തന്നുകൊണ്ട് ചോദിച്ചു,…

” വൗ,.. റിയലി നൈസ്,… ഇത് മതി അങ്കിളേ,.. ജനല് തുറന്നാൽ വ്യൂ നേരെ തേയിലത്തോട്ടത്തിലേക്കാ,.. ഫുൾ പച്ചപ്പ്,.. എനിക്കിഷ്ടപ്പെട്ടു,.. ”

“യാമിനി രണ്ടു ദിവസം കൂടുമ്പോൾ വന്നു അടിച്ചുതുടച്ചിടാറുള്ളതാ !”

മുറിയ്ക്ക് നല്ല അടുക്കും ചിട്ടയും ഉണ്ടായിരുന്നു,…

“ഓക്കേ,.. താങ്ക് യൂ അങ്കിൾ,.. യാമിനി ചേച്ചി രാത്രി കൂടെ നിൽക്കില്ലേ? ”

“നിൽക്കുമെന്നാണ് പറഞ്ഞത്, മോള് കൂടെ ഒന്ന് ചോദിച്ചോളൂ വരുമ്പോൾ,.. !”

“ഓക്കേ അങ്കിൾ,… ”

“അല്ല മോളെ ഒരു പ്രശ്നമുണ്ട്? ”

“എന്താ അങ്കിൾ… ”

“മോളിത്ര പെട്ടന്ന് വരുമെന്ന് അറിഞ്ഞില്ലല്ലോ,.. അത്കൊണ്ട്? ”

“ഞാൻ ബുദ്ധിമുട്ടിച്ചോ? ”

“അങ്ങനല്ല മോളെ,.. ഇവിടെ ഒരു മാഷ് വാടകയ്ക്ക് താമസിക്കുന്നുണ്ടേ,.. അത് കൊണ്ട് ”

“അത് കൊണ്ട്? ”

“അല്ല,.. മാഷിനോട് പെട്ടന്ന് മാറാൻ പറഞ്ഞാൽ,.. ഈ മാസത്തെ വാടക തന്നതാണെ !”

“ഓ അതിന് കുഴപ്പമില്ല,.. അയാള് താമസിച്ചോട്ടെ,… ”

“അല്ല മോളെ, നിങ്ങൾ രണ്ട് സ്ത്രീകൾ ഒറ്റയ്ക്കിവിടെ, കഴിയുമ്പോൾ !”

“ആഹാ,.. അപ്പോൾ നല്ലതല്ലേ,.. ഞങ്ങളുടെ സെക്യൂരിറ്റിക്ക് ആളായല്ലോ !”

“അതല്ല മോളെ, നാട്ടുകാർ !”

“നാട്ടുകാരെ പേടിച്ചാൽ ജീവിക്കാൻ പറ്റുവോ അങ്കിളേ,.. അയാൾ കുഴപ്പക്കാരനല്ലല്ലോ? ”

“ഹേയ് !”

“അപ്പോൾ പിന്നെ എനിക്ക് കുഴപ്പമില്ല,. അയാൾക്ക് കുഴപ്പമാണെങ്കിൽ അയാൾ തീരുമാനിച്ചോട്ടെ,..”

“ജനാർദ്ദനൻ ചേട്ടാ !”

ഒരു നാല്പത്തിനടുത്ത് പ്രായമുള്ള സ്ത്രീ,…

“മോളെ ഇതാണ് യാമിനി !”

“ആഹാ,.. നൈസ് ടു മീറ്റ് യൂ യാമിനിചേച്ചി !”

ഞാനവരുടെ കൈ പിടിച്ചു,…

“അയ്യോ കുഞ്ഞേ,.. ആകെ വിയർപ്പാ,.. പണിയെടുത്ത് മുഷിഞ്ഞിരിക്കുവാ !”

“ഞാനും ആകെ മുഷിഞ്ഞിരിക്കുവാ,.. യാത്ര ചെയ്തിട്ടേ,… പിന്നെ ചേച്ചി വരാൻ വൈകിയത് കൊണ്ട് ബ്രേക്ക്‌ഫാസ്റ്റ് ഞാൻ മേരിചേച്ചിയുടെ കൂടെ കഴിച്ചൂട്ടോ,.. ”

“എന്നാൽ ഞാൻ വേഗം ഊണ് റെഡി ആക്കാം !”

“ഞാനും ഹെല്പ് ചെയ്യാം,.. പച്ചക്കറിയൊക്കെ അരിഞ്ഞ്,.. ”

“അതൊന്നും വേണ്ട കുഞ്ഞേ !”

“അതിനിപ്പോൾ എന്താന്നെ,.. പെട്ടന്ന് ഊണ് റെഡിയാക്കണ്ടേ?അപ്പോൾ അടുക്കളയിലേക്ക് പോവാലെ? അല്ലേ അങ്കിളേ? ”

“ആ ചെല്ല് ചെല്ല്,.. ഞാനെന്നാൽ തോട്ടത്തിലേക്ക് പോട്ടേ ”

“ശരി അങ്കിളേ !”

***********

“ദാ ചേച്ചി,.. പച്ചക്കറിയും തേങ്ങയും ഒക്കെ റെഡി,… ”

“ഇത്ര പെട്ടന്നോ? ”

“ഞാൻ ഭയങ്കര ഫാസ്റ്റ് ആന്നേ !”

“എന്നാൽ കുഞ്ഞ് പോയി കുളിച്ചിട്ട് വന്നോളൂ,.. അപ്പോഴേക്കും ഞാൻ ഊണ് തയ്യാറാക്കാം !”

“ഓക്കേ !”

ഞാൻ മുറിയിലേക്ക് നടക്കവേ,.. ഹോളിന് സമീപത്തെ ചെറിയ മുറിയുടെ വാതിൽ ചെറുതായി തുറന്നിട്ടിരിക്കുന്നത് കണ്ടു,…

ഉള്ളിലിനി ആരെങ്കിലും ഉണ്ടോ? ഇല്ലെങ്കിൽ അടച്ചിട്ടേക്കാം എന്ന് കരുതിയാണ് അവിടേക്ക് ചെന്നത്,.. .

സ്റ്റഡി റൂം ആണെന്ന് തോന്നുന്നു,..ഉള്ളിലെങ്ങും ആരുമില്ല,.. ഒരു ഷെൽഫ് നിറയെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു,.. അപ്പോൾ ഒരു കൊച്ചു ലൈബ്രറിയാണ്,.. പുസ്തകങ്ങൾ എന്നും എന്റെ വീക്ക്നെസ് ആയതുകൊണ്ടും,. അവഗണിച്ചു പോരാൻ തോന്നാത്തതുകൊണ്ടും ഞാൻ മുറിയിലേക്ക് കയറി,….

അത്യാവശ്യം നല്ല കളക്ഷൻ ഉണ്ട്,.. മാഷിന്റെ ആവും,..

“ഒരാളുടെ മുറിയിൽ അനുവാദം ചോദിക്കാതെ കയറുന്നത് തെറ്റാണെന്ന് എഴുത്തുകാരിയായ അനുപമ മേനോന് ഈ ഞാൻ പഠിപ്പിച്ചു തരേണ്ടതില്ലല്ലോ? ”

പരിചയമുള്ള ശബ്ദം,.. ഞാൻ തിരിഞ്ഞു നോക്കി,.. അതേ മുഖം,.. അതേ ഡ്രസ്സ്‌,.. ഈശ്വരാ ഈ കടുവയാണോ ജനാർദ്ദനൻ അങ്കിൾ പറഞ്ഞ മാഷ്,..

“ആ മിലൻ സാറ് വന്നോ? ”

(തുടരും )

Click Here to read full parts of the novel

4.3/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!