Skip to content

മിലൻ – Part 4

milan aksharathalukal novel

“എനിക്കൊന്നും കേൾക്കണ്ട !” അത് പറഞ്ഞപ്പോൾ എന്തോ എന്റെ മിഴികൾ നിറഞ്ഞു,….

“ശരി,.. താൻ റസ്റ്റ്‌ എടുക്ക്,.. ഞാൻ പിന്നെ വരാം,!” അയാൾ എന്നിൽ നിന്നും നടന്നകന്നു,…

“സാർ,… ” ഒരു പിൻവിളിയെന്നവണ്ണം എന്റെ ശബ്ദമുയർന്നു,.. അയാൾ തിരിഞ്ഞു നോക്കി,.. ഇപ്പോഴും ആ കണ്ണുകളിൽ കോപമില്ല,.. മറിച്ച് എന്നോടുള്ള അലിവ് മാത്രം,…

“അയാം സോറി,.. ദേഷ്യം വന്നപ്പോൾ ഞാനെന്തൊക്കെയോ പറഞ്ഞു,… ”

അയാൾ പുഞ്ചിരിച്ചു,…

“തനിക്ക് ഞാനൊരു കാപ്പി ഇട്ടു തരട്ടെ !”

ഇത്രയും കാലം കണ്ട ചൂടനും കണ്ണിൽച്ചോരയില്ലാത്തവനെന്ന് ഞാൻ മുദ്ര കുത്തിയ മിലൻ സാറ് തന്നെയാണോ ഈ പറയുന്നത്? ഇനി ചിലപ്പോൾ ഞാൻ യുദ്ധം നിർത്തൽ പ്രഖ്യാപിച്ചതിന്റെ പ്രതിഫലമായിട്ടാണോ? …

“മിലൻ സ്പെഷ്യൽ !”

അത്ഭുതം അടക്കാനാവാതെ ഞാൻ തലയാട്ടി,…

ഗ്ലാസ്സിലേക്ക് ചൂട് കാപ്പി പകർത്തി സാർ എനിക്ക് നേരെ നീട്ടി,… ഏലക്കയുടെ മണം നാസികത്തുമ്പിലേക്ക് അടിച്ചപ്പോൾ തന്നെ മനസ്സ് നിറഞ്ഞു,…

“എഴുത്തുകളിലൂടെ ഞാൻ വായിച്ചറിഞ്ഞ അനുപമയും, മറ്റുള്ളവർ പറഞ്ഞറിഞ്ഞ അനുപമയും, ഞാൻ കണ്ടറിഞ്ഞ യഥാർത്ഥ അനുപമയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് !”

അപ്പോൾ സാറും എന്നെ തെറ്റിദ്ധരിച്ചിട്ടാവും അന്ന് പരിചയമുണ്ടായിരുന്നിട്ടും അപരിചിതത്വം കാണിച്ചത്,…

“രാവും പകലും തമ്മിലുള്ള വ്യത്യാസം,.. ശരിക്കും പെട്ടു പോയതാലേ? ”

ഞാൻ വിരസമായി പുഞ്ചിരിച്ചുകൊണ്ട് കോഫികപ്പ് ചുണ്ടോട് ചേർത്തു,..

“അനുപമയെക്കുറിച്ച് കേട്ട വാർത്തകൾ ഞെട്ടിക്കുന്നതായിരുന്നു,. കാരണം എന്റെ സങ്കൽപ്പത്തിലെ അനുപമ അങ്ങനെയല്ലായിരുന്നു,.. !”

“എനി വേ നൈസ് കോഫീ !”

“കോഫിക്ക് പറഞ്ഞ ഈ കോംപ്ലിമെൻറ് എന്നെ ഒഴിവാക്കിയതാണെന്നറിയാം !”

“സാറിനെ മാത്രമല്ല,.. ഞാനും അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ്,.. ”

“മ്മ്മ് !” സാർ എന്നെത്തന്നെ വീക്ഷിച്ചു,..

“കോഫീ നല്ലതാണെന്ന് കാര്യമായിട്ട് പറഞ്ഞതാ !”

“ആയിക്കോട്ടെ !”

“താങ്ക് യു !”

“അതും സ്വീകരിച്ചിരിക്കുന്നു !”

“അല്ല സാറിന് എന്നോടെന്തോ പറയണമെന്ന് പറഞ്ഞിരുന്നല്ലോ,… ”

“പറഞ്ഞിരുന്നു,.. ബട്ട്‌ ഞാൻ ക്ലോസ് അല്ലാത്തവരോട് ഒന്നും ഷെയർ ചെയ്യാറില്ല,.. !”

അതും പറഞ്ഞ് സാർ റൂമിലേക്ക് നടന്നു,.. ഞാൻ ഡൈനിങ്ങ് ഹാളിലെ ചെയറിൽ അതേ ഇരിപ്പിരുന്നു,…

“മോളെ !”

“മ് പറ ചേച്ചി !”

“മിലൻ സാറ് പാവമാണ്,.. ചില സമയങ്ങളിൽ ആള് വല്ലാതെ ചൂടാവും അത്ര മാത്രം,… അന്ന് ടി. വി കണ്ടുകൊണ്ടിരുന്നപ്പോൾ കണ്ടില്ലേ? അതേ പോലെ ”

“മ്മ്മ് !”

മിലൻ സാർ എന്റെ മുന്നിൽ ഒരടഞ്ഞ പുസ്തകമായിത്തന്നെ തുടർന്നു,.. സ്വയം തുറന്നു കാണിക്കാൻ തീരുമാനമെടുത്തപ്പോഴും അതില്ലാതാക്കിയത് താനൊരാൾ മാത്രമാണ്,.

***—***

“നല്ലൊരു ചാൻസ് അല്ലേ മൊയന്തേ നീ മിസ്സ്‌ ആക്കിയത്,.. അയാൾ തന്റെ മനസ്സ് തുറന്നിരുന്നെങ്കിൽ നിനക്ക് അടുത്ത കഥയ്ക്കുള്ള സ്കോപ്പ് ആയേനെ !”

“അങ്ങനെ വേണ്ട ഐഷു,.. അയാളുടെ ലൈഫ് വെച്ച്,.. എന്റെ എത്തിക്സ് അതിനെന്നെ അനുവദിക്കുന്നില്ല !”

“ആ,.. നീ വല്ല്യ എത്തിക്‌സും ആയി നടന്നിട്ട് എന്തെങ്കിലും ഉപകാരമുണ്ടായോ,.. ചീത്തപ്പേരും കുറേ പൈസനഷ്ടവും വേദനകളും അല്ലാതെ !”

“ശരിയാ, പക്ഷേ സാറിനെക്കുറിച്ച് സാർ അറിയാതെ ഞാനെന്തെങ്കിലും പകർത്തിയെഴുതിയാൽ,.. അതെനിക്കൊട്ടും മനസമാധാനം തരില്ല!”

“ശരി നിന്റെ ഇഷ്ടം !”

“ഞാനെന്നാൽ വെക്കട്ടെ ഐഷു,… ”

“ഇപ്പോഴെയോ? ”

“എനിക്കൊരു മൂഡില്ല ഐഷു,.. ഞാൻ പിന്നെ വിളിക്കാം !”

മനസ്സിന്റെ ഭാരം ഇരട്ടിച്ചിരുന്നു,.. സാറിനോട് ഞാൻ കാണിച്ചത് അഹങ്കാരമായിപ്പോയോ? തുറന്നു പറയാമായിരുന്നില്ലേ എനിക്കെല്ലാം,..

ഗാലറിയിൽ ഇഷാനുമൊന്നിച്ചെടുത്ത ഫോട്ടോസിലൂടെ എന്റെ വിരലുകൾ പരതിയപ്പോൾ എനിക്ക് നഷ്ടപ്പെട്ടുപോയ എന്നെത്തന്നെ തിരയുകയായിരുന്നു ഞാൻ,..

നമ്മൾ ഇങ്ങനൊന്നുമല്ലായിരുന്നു ഇഷാൻ,.. നീയെനിക്കും ഞാൻ നിനക്കും പ്രിയപ്പെട്ടവർ തന്നെയായിരുന്നു,… പിന്നെ നമുക്കിടയിൽ എങ്ങനെയാണ് ഇഷാൻ ഇത്ര വിള്ളലുകൾ ഉണ്ടായത്? നിന്നെ കേൾക്കാൻ പോലും എന്റെ മനസൊന്ന് തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണ്?

*****

“ഇഷാൻ,.. ക്യാ ബാത്ത് കർ രഹാ ഹേ തൂ? ഐസേ ബഹു നഹി ചാഹിയെ ഹാമാരെ ഗർ കോ ” (ഇഷാൻ നീയെന്താണീ പറയുന്നത്? ഇങ്ങനൊരു മരുമകൾ വേണ്ട നമ്മുടെ വീടിന് ! “)

“ദാദി പ്ലീസ്,.. സമച് നേ കി കോശിഷ് കരോ, സബ് മേരി ഗൽതി ഹേ,.. അനു ബേക്കസൂർ ഹേ !” ( മുത്തശ്ശി ഒന്ന് മനസിലാക്കാൻ ശ്രമിക്കൂ, എല്ലാം എന്റെ തെറ്റാണ്, അനു നിരപരാധിയാണ് !”

“മുജേ തുമാരി ബാത് ന സുൻനി,.. മേ നേ പഹ്‌ലെ ഭി കഹാ ധാ തുമേ,. വോ ഹാമാരെ ലിയേ ബിൽകുൽ സ്യൂട് ന ലഗ്തി,. ക്യൂം കി വോ കേരളാ സെ ഹേ, ഉൻകി ഓർ ഹാമാരെ സംസ്‌കാർ അലഗ് ഹേ,.. ”
(എനിക്കൊന്നും കേൾക്കണ്ട, ഞാൻ നിന്നോട് ആദ്യമേ പറഞ്ഞിട്ടുണ്ട് അവൾ നമുക്ക് തീരെ ചേരില്ലെന്ന്,.. അവൾ കേരളത്തിൽ നിന്നാണ് അവരുടെ സംസ്കാരവും നമ്മുടെ സംസ്കാരവും ഒരുപാട് വ്യത്യാസമുണ്ട് !”)

“മാ ഐസാ നഹി ഹേ !” (അമ്മാ അങ്ങനല്ല )

” തൂ ഭി ദേഖാ ധാ നാ മേരേ ബച്ചാ,.. കിതനി കൾച്ചർലെസ്സ് ലോഗ് ഹേ,.. ക്യാ കഹാ ഹേ വോ തും സെ,. തൂ എക് ചീറ്റർ ഹേ,. തോ യഹാം ഖതം കരോ ഹാമാരെ റിലേഷൻഷിപ്,. ഔർ ക്യാ ക്യാ ബതായാ ധാ ഉസ്‌നേ?,… സബ് ഇൻസാം തുമേ ലഗ്‌വായാ ! ” (നീയും കണ്ടതല്ലേ മോനെ, എത്ര സംസ്കാരശ്യൂന്യരാണ് അവർ,. എന്താണവൾ പറഞ്ഞത്,. നീയൊരു വഞ്ചകനാണ്, ഈ ബന്ധം നമുക്ക് ഇവിടെ വെച്ച് നിർത്താം, വേറെന്തൊക്കെയാ അവൾ പറഞ്ഞത്,..? എല്ലാ കുറ്റവും നിന്റെ തലയിൽ കെട്ടിവെച്ചു,. )

” ബതായാ ധാ നാ മേ ആപ് ലോഗോം കോ,. ഉൻ സബ്കി റെസ്പോൺസിബിലിറ്റി സിർഫ് മേ ഹൂ,. സബ് ഗൽതി മേരി ഹേ ” (ഞാൻ പറഞ്ഞില്ലേ നിങ്ങളോടെല്ലാം,. എല്ലാത്തിനും ഉത്തരവാദി ഞാനാണ്,. എല്ലാ തെറ്റും എന്റേതാണ് !”

“തും പ്യാർ മേ അന്ധേ ഹോ ഗയി ഹോ ക്യാ,.. തുമരാ കോയി റെസ്പോൺസിബിലിറ്റി നഹി ഹേ, തുമേം ഐസി മഹാൻ ബൻ നേ കി കോയി സരൂരത് നഹി ! ജൂട്ടി ഹേ വോ ലഡ്കി ” ( നീ പ്രണയത്തിൽ അന്ധനായിപ്പോയോ? നിനക്കൊരു ഉത്തരവാദിത്തവുമില്ല,.. നീയിങ്ങനെ മഹാനാവേണ്ടതിന്റെ യാതൊരാവശ്യകതയുമില്ല, കള്ളിയാണ് ആ പെൺകുട്ടി !)

മുന്നിൽ എന്നെ കണ്ട അവനൊന്ന് അമ്പരന്നു,.. ഇതിനപ്പുറം കേട്ടുനിൽക്കാനുള്ള ത്രാണി എനിക്കും ഇല്ലായിരുന്നു,.. ഞാൻ വേഗത്തിൽ തിരികെ നടന്നു,.

“അനൂ !” അവൻ വിളിച്ചു,…

എന്റെ മനസ്സത് കേട്ടില്ല.. ഉരുകുകയായിരുന്നു ഞാൻ,…

“ബസ് കരോ സബ് ലോഗ്,.. അനൂ,.. ഐ ആം സോറി,.. രുക് ജാവോ നാ പ്ലീസ് !” ( എല്ലാവരും ഒന്ന് നിർത്താമോ? അനൂ നീയെന്നോട് ക്ഷമിക്കണം,.. പ്ലീസ് ഒന്ന് നിൽക്കൂ )

അവൻ എന്നെ കൈ പിടിച്ചു നിർത്തി,… അമർഷത്തോടെ ഞാനാ കൈകൾ തട്ടി മാറ്റി,…

“ഇനഫ് ഇഷാൻ,.. അയാം വെരി ഹാപ്പി,.. ഐസേ ഹ്യൂമിലേറ്റ് കർനേ കി ക്യാ സരൂരത് ധി? ഹാ മേ ഹൂ കൾച്ചർലെസ്സ്,.. ഉൻ കി, ബേട്ടാ പെർഫെക്ട് ഹേ,. മിസ്റ്റർ പെർഫെക്ട്,.. എനിവേ താങ്ക് യൂ സോ മച്ച് ഫോർ എവെരിതിങ് ! ചൽതി ഹൂ, ഗുഡ് ബൈ ! ” ( മതി ഇഷാൻ, ഞാൻ ഒരുപാട് സന്തോഷവതിയാണ്,. ഇങ്ങനെ നാണം കെടുത്തേണ്ട ആവശ്യമെന്തായിരുന്നു? ഞാനാണ് സംസ്കാരശൂന്യ,. അവരുടെ മകൻ പെർഫെക്ട് ആണ്,.. മിസ്റ്റർ പെർഫെക്ട്,.. എല്ലാത്തിനും ഒരുപാട് നന്നിയുണ്ട് ! പോകുകയാണ്,. ഗുഡ് ബൈ )

“അനൂ ! തും മുജേ ഐസേ ഛോഡ്‌ക്കെ ജാ നഹി സക്താ !”( നിനക്കെന്നെ ഇങ്ങനെ വിട്ടിട്ട് പോവാനാവില്ല അനു !”)

” ക്യൂ നഹി ഇഷാൻ?,.. തും പെർഫെക്ട് ബനോ,. സബ് മേരാ ഫോൾട്ട് ധാ,. ചീറ്റിംഗ് ഭി മേ നേ കി,. രഹനെ ദോ ഇഷാൻ,.. ഔർ ബതാവോ ലോഗോം സെ,. വോ ലഡ്കി എക് ദോക്കേബാസ് ഹേ.. പൈസേ കേ ലിയേ വോ കുച്ച് ഭീ കരംഗേ !” ( എന്ത് കൊണ്ടില്ല ഇഷാൻ?,.. നീ പെർഫെക്ട് ആയിക്കോളൂ,.. എല്ലാം എന്റെ തെറ്റാണ്,.. ചതിച്ചതും ഞാനാണ്, വിട്ടേക്ക് ഇഷാൻ,. പിന്നെ പറഞ്ഞോളൂ എല്ലാവരോടും, ഞാൻ വേദന മാത്രം തരുന്നവൾ ആണെന്ന്, പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുമെന്ന് )

ഇങ്ങനെ വിളിച്ചു വരുത്തി ഒരപമാനത്തിന്റെ ആവശ്യമുണ്ടായിരുന്നോ? മുറിവുകൾക്ക് മേൽ വീണ്ടും വീണ്ടും മുറിവുണ്ടാക്കുന്നു .. ഇഷാനോ ഞാനോ എത്ര പറഞ്ഞാലും അവന്റെ വീട്ടുകാർ വിശ്വസിക്കാൻ തയ്യാറല്ലായിരുന്നു,.. ഐഷു നിർബന്ധിച്ചത് കൊണ്ട് പോയി, ഒരു കോംപ്രമൈസ് ടോക്ക് എന്ന പോലെ, അവന് ഒരവസരം കൊടുത്തില്ലെന്ന കുറ്റബോധം തോന്നരുതല്ലോ,.. അന്നവിടെ ഇതൊക്കെയാണ് സംഭവിച്ചതെന്ന് ഇപ്പോഴും അവൾക്കറിയില്ല…

ഇഷാൻ എന്നെ വീണ്ടും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു,. പക്ഷേ എല്ലായിടത്തും ഞാനവനെ ബ്ലോക്ക്‌ ചെയ്തു,…

ഞാൻ പറഞ്ഞു നിർത്തി സാർ എന്നെത്തന്നെ നോക്കിയിരിക്കുകയാണ്,.. ശാന്തമായി എല്ലാം കേട്ടിരിക്കുന്നു,….

“സാർ ഇതാണ് ഇഷാൻ? ”

ഞാൻ ഇഷാന്റെ ഫോട്ടോ സാറിന് കാണിച്ചു കൊടുത്തു,…

“ഗുഡ് ലൂക്കിങ് ആണല്ലോ !”

“ഗുഡ് ലൂക്കിങ് ഒക്കെയാണ് !”

“മിസ്സ്‌ ചെയ്യുന്നുണ്ടോ ഇഷാനെ? ”

” അറിയില്ല സാർ,.. ”

“എനിക്ക് തന്റെ മുഖത്ത്ന്ന് വായിച്ചെടുക്കാം താൻ എത്രത്തോളം ഇഷാനെ സ്നേഹിച്ചിരുന്നു എന്ന്,.. അങ്ങനൊക്കെ സംഭവിച്ചിട്ടും തനയാളോട് ക്ഷമിക്കാൻ തീരുമാനിച്ചത് അതുകൊണ്ടാണ് ശരിയല്ലേ? ”

“എനിക്കറിയില്ല സാർ,. ഇഷാൻ എന്തുദ്ദേശത്തിലാ അങ്ങനെ ചെയ്തതെന്ന് പോലും,. അവൻ നല്ലതാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അതിന്റെ ഔട്ട്പുട്ട് ബാഡ് ആയിരുന്നില്ലേ? ”

“അത് ശരിയാണ് !”

“അവന്റെ പാരന്റ്സിനു ആദ്യമേ ഞങ്ങളുടെ കാര്യത്തിൽ എതിർപ്പുണ്ടായിരുന്നു,. ഇങ്ങനൊരു ഇഷ്യൂ കൂടെ വന്നപ്പോൾ !”

“മ്മ്മ് എനിക്കും അത് മനസിലായി,. ഒടുവിൽ താനാ പ്രണയത്തെ സാക്രിഫൈസ് ചെയ്തു,… ശരിയല്ലേ? ”

“യെസ്,.. ”

“എനിവേ ഗുഡ് അറ്റംപ്റ്റ് !

“സാർ ഐ ലോസ്റ്റ്‌ മൈ കരിയർ ! മൈ ലൈഫ് ”

“നഷ്ടപ്പെട്ടെന്നോ, നഷ്ടപ്പെടുത്തിയെന്നോ? ”

“അത് സാർ, ബട്ട്‌ ഹീ,.. ”

“ഞാൻ പറയട്ടെ,. തനിക്ക് തന്റേതായ കുറേ ആർഗ്യുമെൻറ്സ് ഉണ്ടാവും,.. ഐ നോ, തന്റെ ഭാഗത്ത് നിന്നു നോക്കുമ്പോൾ അത് 100% ശരിയായിരിക്കും,. ബട്ട്‌ അനുപമ,.. തന്റെ കരീയർ തനിക്ക് നഷ്ടപ്പെട്ടു, തന്റെ ലൈഫ് തനിക്ക് നഷ്ടപ്പെട്ടു എന്ന് തോന്നുന്നുണ്ടെങ്കിൽ താൻ മാത്രമാണ് അതിന് കാരണം !”

“നോ സാർ, ഹൗ ഈസ്‌ ഇറ്റ്,.. !”

“യെസ്, അനുപമ,.. തന്റെ ലൈഫിന്റെ, തന്റെ ഹാപ്പിനെസ്സിന്റെ കീ താൻ മറ്റൊരാൾക്ക് കൊടുത്തു,.. എന്നിട്ട് ഹീ ഈസ്‌ റെസ്പോൺസിബിൾ എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ”

“സാർ,. ഞാനവനെ പ്രണയിച്ചതാണ്,.. ഞാനവനെ വിശ്വസിച്ചതാണ് !”

“അത് തന്റെ തെറ്റ് !”

“ഞാൻ സാറിന്റെ അടുത്ത് തർക്കിക്കാൻ ഇല്ല, എന്നെ സംബന്ധിച്ചിടത്തോളം ഒരു റിലേഷൻഷിപ് എന്ന് പറഞ്ഞാൽ അതിന് അതിന്റെതായ ഇമ്പോർട്ടൻസ് ഉണ്ട്,.. സാറിന് ചിലപ്പോൾ അത് മനസിലാവണമെന്നില്ല,. അതിന് ആരെയെങ്കിലും ഒന്ന് പ്രണയിച്ചു നോക്കണം ,.. അങ്ങനെ പ്രണയിച്ചിരുന്നെങ്കിൽ സാർ ഇത്ര ചൂടാനാവുമായിരുന്നില്ല !”

സാർ ഒന്ന് നിശബ്ദനായി,.. ഞാൻ പറഞ്ഞതിത്തിരി അധികമായിപ്പോയോ?

“അത് തനിക്കറിയാത്തത് കൊണ്ടാ അനുപമ,.. പ്രണയം ചിലപ്പോൾ ചൂടനെ തണുപ്പനാക്കും, അതോടൊപ്പം തന്നെ തണുപ്പനെ ചൂടനും ആക്കും,.. അത് പ്രണയത്തിന്റെ ഒരു മാജിക് ആണ്,.. പക്ഷേ ഞാൻ ആദ്യമേ ഇങ്ങനൊക്കെ തന്നെ ആയിരുന്നു,.. അന്നത്തെ ചൂടിന് അൽപ്പം കുറവ് വന്നിട്ടുണ്ടെങ്കിൽ അത് ഇപ്പോഴാണ് !”

ചൂടിനോ കുറവോ.. ഇന്നിപ്പോൾ എന്ത് പറ്റിയെന്നറിയില്ല,. അല്ലാതെ,…

“അപ്പോൾ സാറും പ്രണയിച്ചിട്ടുണ്ടോ? ”

“പ്രണയിക്കാത്തവരായി ആരുണ്ട് അനുപമ? ലവ്, റിജെക്ഷൻ & റിഗ്രെറ്റ് എഴുതിയ എഴുത്തുകാരിക്ക് ഞാനത് പറഞ്ഞുതരേണ്ടതുണ്ടോ? ”

അപ്പോൾ സാറും പ്രണയിച്ചിട്ടുണ്ട്,….

“താനിപ്പോൾ എന്താ ആലോചിക്കുന്നതെന്ന് ഞാൻ പറയട്ടെ? ”

“മ്മ്മ് !”

“ഈ കടുവയെ ആര് പ്രണയിക്കാനെന്നല്ലേ? ”

“എക്സാക്റ്റിലി സാർ !”

“ബട്ട്‌ ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി മാഡം !”

“റിയലി? ”

“മ്മ്മ്,. വേണേൽ താനൊരു കഥയെഴുതിക്കോ,.. നഷ്ടപ്പെട്ടു എന്ന് കരുതിയ അനുപമ മേനോന്റെ കരിയറിലെ ഒരു തിരിച്ചു വരവായാലോ !”

എന്നാലും എന്റെ ഐഷു നീ പറഞ്ഞത് അച്ചിട്ടായല്ലോ, മിലൻ സാറിന്റെ സ്റ്റോറി,. അതും സാറിന്റെ സമ്മതത്തോടെ,….

“എന്താ ആലോചിക്കുന്നേ? ”

“ഒന്നൂല്ല സാർ !”

“എഴുതാൻ പറ്റില്ലെന്നാണോ? ”

“പറ്റുമോ എന്ന് ചോദിച്ചാൽ കുറച്ചായി എഴുതിയിട്ട്,.. എന്റെ മെയിൻ പ്രോബ്ലം,.. എഴുതാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നതാണ് സാർ,… ”

“അത് കൊള്ളാം,… എന്തായാലും നമ്മൾ വിചാരിച്ചാൽ സാധിക്കാത്തത് എന്തുണ്ടെടോ ഈ ലോകത്ത്?.. മറ്റുള്ളവർ തന്നോട് എഴുതു എഴുതു എന്നാ പറയുന്നേ,. പക്ഷേ ഞാൻ പറയുന്നത് തന്നെ എഴുത്തിലേക്ക് തിരികെ കൊണ്ടോരാമെന്നാ,.. എന്തേ, ചാലഞ്ച് അക്‌സെപ്റ്റ് ചെയ്യുന്നോ? ”

എന്തുപറയും ഞാൻ,. അക്സെപ്റ്റ് ചെയ്യണോ,. ഒരു പരീക്ഷണമാണ് ശ്രമിച്ചു നോക്കാം,…

“ശ്രമിക്കാം സാർ !”

“അങ്ങനെയല്ല,. ചലഞ്ച് അക്‌സെപ്റ്റഡ് ഓർ നോട്ട്? ”

ഞാൻ സാറിനെ നോക്കി,.. എന്നേക്കാൾ ആത്മവിശ്വാസം സാറിന്റെ മുഖത്തുണ്ട്,…

“യെസ് സാർ !”

“വെരി ഗുഡ് ! അപ്പോൾ തുടങ്ങാം അല്ലേ? ”

“മ്മ്മ് !”

“ആദ്യം ഞാനാരാണെന്ന് തനിക്കൊരു ഇൻട്രൊഡക്ഷൻ തരാം എന്തേ? ”

“മ്മ്മ് !”

സാർ പറഞ്ഞു തുടങ്ങി,… ഞാൻ കേൾക്കാൻ തയ്യാറെടുത്തു,….

“എറണാകുളത്തെ പേരുകേട്ടൊരു മുസ്ലിം തറവാട്ടിലാണ് ഞാൻ ജനിച്ചത്,.. ഉമ്മ നബീസാ ബീവി,. ഉപ്പ അബ്ദുൾ ഹക്കീം !”

“സാർ, സാർ, സാർ,.. ഒരു മിനിറ്റ് !”

“എന്തേ? ”

“സാറപ്പോൾ മുസ്ലിം ആയിരുന്നോ? ”

“മ്മ്മ് ! എന്തേ മുസ്ലിം ആയതോണ്ട് കഥ കേൾക്കില്ല, ഇവിടെ താമസിക്കാൻ പാടില്ല എന്നൊക്കെയുണ്ടോ? ”

“അയ്യോ,. അങ്ങനൊന്നുമില്ല സാർ,. നമുക്കെന്ത് ജാതി,.. എന്ത് മതം,.. ആ കാര്യത്തിൽ ഞാൻ ശ്രീനാരായണ ഗുരുവിന്റെ ഫോള്ളോവർ ആണ് !”

“പിന്നെന്തിനാ ചോദിച്ചേ? ”

“സാറിവിടെ വന്നിട്ട് നിസ്കരിക്കുന്നതോ പള്ളിയിൽ പോവുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല,. പക്ഷേ ചിലപ്പോഴൊക്കെ സാറിന്റെ നെറ്റിയിൽ ചന്ദനക്കുറിയും കാണാറുണ്ട്,.. അതോണ്ട് ചോദിച്ചു എന്നേ ഉള്ളൂ !”

സാർ ഒന്ന് ചിരിച്ചു, പിന്നെ പറഞ്ഞു,.

“ഈ മതമുണ്ടാക്കിയത് മനുഷ്യർ തന്നെയല്ലേ,. സോ ഞാൻ പള്ളിയിലും പോവും അമ്പലത്തിലും പോവും,.. ദൈവത്തിന് എവിടെ ജാതിയും മതവും,. മൂപ്പർക്ക് ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്നൊന്നുമില്ലടോ,. അവിടെ ഭക്തനും ദൈവവും മാത്രം !”

” വൗ, അതെനിക്ക് ഇഷ്ടപ്പെട്ടു,… ദെൻ കണ്ടിന്യൂ,… ”

“എവിടെയാ നിർത്തിയേ? ആ ഫ്ലോ അങ്ങ് പോയി ”

“സോറി സോറി, ഇനി ഇടയ്ക്ക് കേറില്ലാട്ടോ,.. നിർത്തിയത് ഉമ്മാന്റേം ബാപ്പാന്റേം !”

“ഓക്കേ,.. ഞാനും എന്റെ വീട്ടുകാരും അത്ര ക്ലോസ് ഒന്നും അല്ലായിരുന്നു,.. ബാപ്പാനെ സംബന്ധിടത്തോളം മുടിയനായ പുത്രൻ,… ഗവണ്മെന്റ് മോഡൽ എഞ്ചിനീറിയറിങ് കോളേജിൽ നിന്ന് ഇലെക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് കഴിഞ്ഞു,. അതിന് ശേഷം,. ബാപ്പാന്റെ പൈസ കൊണ്ട് ഒന്ന് രണ്ടു ബിസിനസ്‌ ഒക്കെ നടത്തി,. അതൊക്കെ പൊട്ടിപ്പാളീസായി വീട്ടിൽ ഇരുപ്പായി,… ”

************

“എന്താ മിലു അന്റെ ഉദ്ദേശം,. നന്നാവണമെന്ന് ബല്ല ബിചാരോം ഉണ്ടോ അനക്ക്? ”

“ഇങ്ങള് ഓനെ ഇങ്ങനെ വഴക്ക് പറയല്ലേ,. ആ ഹമീദ് പറഞ്ഞ ബിസിനസ് കൂടെയൊന്ന് നോക്കിയാലോ മിലൂന് വേണ്ടി !”

“നബീസാ,. ഇജ്ജ് ഒരാളാണ് ഓനെ ഇങ്ങനെ ഒഴപ്പനാക്കണത്,.. ഒന്നൂല്ലേലും എൻജിനീയറിങ് വരെ പഠിച്ചതല്ലേ ഓൻ,. സ്വന്തം തീറ്റ തേടി തിന്നാൻ പ്രായമായി,. ഇനീം ഓനെ ചിറകിലൊളിപ്പിച്ചു വായിലേക്ക് തീറ്റ കൊണ്ടോയി തള്ളി കൊടുക്കണ്ട കാര്യമൊന്നുമില്ല,. ഇവൻ മാത്രമല്ല എനിക്ക് മക്കളായുള്ളത്,. എന്നെക്കൊണ്ട് ഇനി പറ്റൂല്ല !”

ബാപ്പാന്റെ വഴക്കും കേട്ട് നാണം കെട്ടവിടെ കിടക്കാൻ എനിക്കും മനസ്സില്ലായിരുന്നു,.

അങ്ങനെയിരിക്കെയാണ് പത്രത്തിൽ അധ്യാപകനെ ആവശ്യമുണ്ടെന്ന ഒരു പരസ്യം കണ്ടത്,. തൃശ്ശൂര് സെന്റ്. തെരേസ ഐ ടി സിയിൽ,. ഞാൻ അപ്ലൈ ചെയ്തു,.. ഇന്റർവ്യൂ കാർഡും വന്നു,..

എങ്ങനെ പോകും? വണ്ടിക്കൂലിക്ക് പോലും പത്തുപൈസ കയ്യിലെടുക്കാൻ ഇല്ല,.. ബാപ്പാന്റെ മുന്നിൽ കൈ നീട്ടാനും എന്റെ ദുരഭിമാനം എന്നെ അനുവദിച്ചുമില്ല,..

“മിലു !”

“ഉമ്മാ !”

“അനക്ക്,. നാളെയെങ്ങാണ്ടല്ലേ തൃശ്ശൂര് ഇന്റർവ്യൂ? ”

“ആ ഉമ്മാ !”

“അന്റെ കയ്യില് എന്തേലും ഇരുപ്പുണ്ടോ വണ്ടിക്കൂലിക്ക് !”

“ഇല്ലുമ്മാ !”

ഉമ്മ തന്റെ മടിക്കെട്ടിൽ നിന്നും മല്ലിയുടെയും,. മുളകിന്റെയുമെല്ലാം മണമുള്ള കുറച്ചു നിറം മങ്ങിയ നോട്ടുകളും,. ചില്ലറകളും എനിക്ക് നേരെ നീട്ടി,..

“ഇതൊന്നും വേണ്ടുമ്മാ !”

എന്റെ മിഴികൾ നിറഞ്ഞു,..

“ഇജ്ജ് ഇന്റർവ്യൂന് പോ,.. പഴയ പത്രവും പാട്ടയുമൊക്കെ വിറ്റു കിട്ടിയതിൽ നിന്നുമെടുത്തു വെച്ച ചില്ലറകളാ,.. അധികമൊന്നും കാണൂല്ല,.. എങ്കിലും വണ്ടിക്കൂലിക്ക് ഇതൊക്കെ മതിയാവും,.. എവിടേലും പോയി നീ രക്ഷപ്പെടൂ മിലു !”

“ഉമ്മാ !” ഉമ്മാന്റെ മാറിൽ വീണ് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാൻ പൊട്ടിക്കരഞ്ഞു,..

“ഉമ്മാന്റെ അനുഗ്രഹം എന്നുമുണ്ടാകും,.. പടച്ചവൻ നല്ലത് വരുത്തട്ടെ !”

രാവിലെ 10 മണിക്കായിരുന്നു ഇന്റർവ്യൂ,.. എല്ലായിടത്തുമെന്നപോലെ പത്തു മിനിറ്റ് ക്ലാസ്സ്‌ എടുത്ത് കൊടുക്കണമായിരുന്നു,. ബുക്ക് തുറന്നു വെച്ചാൽ പോലും രണ്ട് വാക്ക് പറയാൻ പറ്റാത്ത ഞാനെങ്ങനെയാണ് 10 മിനിറ്റ് ക്ലാസ്സ്‌ എടുക്കുക,..

ട്രെയിനിൽ എനിക്ക് കിട്ടിയ ഒന്നൊന്നര മണിക്കൂർ കൊണ്ട് ഞാൻ ക്ലാസ്സ്‌ എടുക്കാനുള്ള ടോപ്പിക്ക് തറമാക്കി,.. അതോടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള കോൺഫിഡൻസ് ലഭിച്ചു,.. പക്ഷേ നിർഭാഗ്യം വീണ്ടും എന്നെ പിന്തുടരുന്നുണ്ടായിരുന്നു,… 10 മണിയുടെ ഇന്റർവ്യൂവിന് ബസ് ഒക്കെ കിട്ടി ഐ ടി സിയിൽ എത്തിയതും സമയം പത്തര,…

ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദി ബെസ്റ്റ് ഇമ്പ്രെഷൻ ആണെന്നാണല്ലോ പറയാ,.. അത് ആദ്യമേ പോയി,…

“അല്ല സാറെ ഇനി എന്താ ചെയ്യാ, എനിക്ക് ഒരവസരം കൂടെ,….”

“ലേറ്റ് അല്ലേ,. ഇന്റർവ്യൂന് കയറ്റണ്ട,.. താനിനി നിൽക്കണമെന്നില്ല,.. യൂ ക്യാൻ ഗോ,. ”

“സാർ പ്ലീസ്,.. ട്രെയിൻ ലേറ്റ് ആയിരുന്നു !”

“ഡോ താൻ പിള്ളേരെക്കാളും കഷ്ടമാണല്ലോ,. തന്നെ ഒക്കെ ഇവിടെ അപ്പോയിന്റ് ചെയ്താലുള്ള ഒരവസ്ഥയേ,.. ”

“സാർ,.. ”

“എന്താ സേവ്യറെ പ്രശ്നം? ”

സൗമ്യതയുള്ള ഒരു ശബ്ദം,.. ഞാനും ഓഫീസ് സ്റ്റാഫ്‌ സേവ്യറും ഒരുമിച്ച് തിരിഞ്ഞു,….

(തുടരും )

Click Here to read full parts of the novel

3.3/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിലൻ – Part 4”

Leave a Reply

Don`t copy text!