Skip to content

മിലൻ – Part 11

milan aksharathalukal novel

അവരുടെ നോട്ടങ്ങൾ ഞങ്ങളിലേക്ക് തറഞ്ഞുകേറുകയായിരുന്നു,.. അതിൽ അസ്വസ്ഥത തോന്നിയത്കൊണ്ടാകും സാർ പെട്ടന്ന് അകത്തേക്ക് പോയി,..

ഞാനും സാറിനെപ്പോലെ അവരെ അവഗണിച്ചു അകത്തേക്ക് കയറിപ്പോയാൽ അവരുടെ സംശയങ്ങളെല്ലാം ശരി വെച്ച് കൊടുക്കുന്നത്പോലെയാകും… ഞാനെന്തോ വലിയ തെറ്റ് ചെയ്തെന്ന് തന്നെയാണ് എല്ലാവരുടെയും മുഖഭാവം,. ഒരേ വീട്ടിൽ താമസിക്കുന്ന ഒരാളെ സ്കൂട്ടിയിൽ കയറ്റിക്കൊണ്ടു വന്നു,. അതിലിപ്പോൾ എന്താണിത്ര തെറ്റ്,.. ആ വ്യക്തി സ്ത്രീയായാലും പുരുഷനായാലും,…

ഞാനവർക്ക് നേരെ സൗമ്യമായി പുഞ്ചിരിച്ചു,…

“ഇന്ന് നേരത്തെയാണല്ലോ? ”

“ആം !” അവരുടെ മുഖത്ത് ഗൗരവം,…

“എന്നാൽ പിന്നെ എല്ലാവരും വാ.. ഒരു ചായ കുടിച്ചിട്ട് പോവാം, !”

“ഹേയ് അതൊന്നും വേണ്ട മോളേ,.. അൽപ്പം തിരക്കുണ്ട്,… ഞങ്ങള് പോട്ടേ, ”

അവർ കൂട്ടത്തോടെ നടന്നകന്നു,…

“ആ പെങ്കൊച്ചിന്റെ ഒരു ധൈര്യം കണ്ടില്ലേ,.. അവനൊപ്പം ഒരുമിച്ച് വന്നിറങ്ങിയേക്കുന്നു,.. നമ്മളെ കണ്ടിട്ടും വല്ല കൂസലുമുണ്ടോ? ”

“എങ്ങനെ കൂസലുണ്ടാവാനാ,.. ബോംബെയിൽ അല്ലായിരുന്നോ? അവിടെ ഇതൊക്കെ സാധാരണമല്ലേ,.. ഈ കല്യാണം കഴിക്കാതെയുള്ള ഒരുമിച്ച് താമസിക്കലൊക്കെ !”

അപ്പോൾ ഞാൻ ഊഹിച്ചതെല്ലാം ശരിയാണ്,.. ഞാനും സാറും ലിവിങ് ടുഗെതർ ആണെന്നൊക്കെയാണ് ഇവർ ധരിച്ചു വെച്ചിരിക്കുന്നത്,…

“ഒന്ന് പതുക്കെ പറയാവോ ആ കൊച്ച് കേൾക്കും !” മേരിചേച്ചി ഒന്ന് തിരിഞ്ഞു നോക്കി,.. ഞാൻ അവിടെത്തന്നെ അവരെ നോക്കി നിൽക്കുന്നുണ്ടെന്ന് കണ്ടതും അവർ നടത്തത്തിന്റെ വേഗത കൂട്ടി,..

ആ അവർ എന്തെങ്കിലുമൊക്കെ ധരിക്കട്ടെ,.. എനിവെയ്‌സ് ഐ ആം നോട്ട് ബോതേർഡ് എബൌട്ട്‌ ദാറ്റ്‌,….

“ചേച്ചി !” ഞാൻ ഉറക്കെ വിളിച്ചു,.. യാമിനിചേച്ചി പുറത്തേക്കിറങ്ങി വന്നു,..

“മിലൻ സാറിന് ഇതെന്ത് പറ്റി?. ആകെ ദേഷ്യത്തിലാണല്ലോ !”

അപ്പോൾ സാറിനത് നന്നായി കൊണ്ടു എന്ന കാര്യം ഉറപ്പായി,.. ഞാൻ ഉണ്ടായ കാര്യങ്ങൾ ചേച്ചിയുടെ അടുത്ത് പറഞ്ഞു,..

“അവരെയും തെറ്റ് പറയാൻ പറ്റില്ല മോളേ,.. ഇവിടെ ഇങ്ങനുള്ള കാഴ്ചകൾ ഒക്കെ അപൂർവമല്ലേ? ”

“അപ്പോൾ ഞാൻ ചെയ്തത് തെറ്റാണെന്നാണോ ചേച്ചി പറയുന്നത്? ”

“അങ്ങനല്ല കുട്ടി,.. ഞാൻ,.. ”

“ഇറ്റ് ‘സ് ഓക്കേ ചേച്ചി,… ” ഞാൻ അകത്തേക്ക് നടന്നു,..

സബാഷ്,… ഈ സാഹചര്യത്തിൽ പോയി കഥയുടെ ബാക്കി ചോദിച്ചാൽ അങ്ങേരുടെ വായിലിരിക്കുന്നത് മൊത്തം ഞാൻ കേൾക്കേണ്ടി വരും,.. എങ്കിലും ഇതിപ്പോൾ എന്റെ ആവശ്യമായിപ്പോയില്ലേ?

ഞാൻ സാറിന്റെ റൂമിനടുത്തേക്ക് ചെന്നു,.. പുള്ളി അസ്വസ്ഥനായി റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു,.. ഇതിലിത്ര ടെൻഷൻ അടിക്കാൻ മാത്രം എന്താ ഉള്ളത്,…

“സാർ !” ഞാൻ വാതിലിൽ മുട്ടി,…

“തന്നോട് ഞാൻ പറഞ്ഞതല്ലേടോ,.. ഞാൻ നടന്നു വന്നോളാമെന്ന് !ഇപ്പോൾ കണ്ടില്ലേ? ”

“അതിന് ഇവിടിപ്പോൾ എന്താ ഉണ്ടായേ? ”

“താൻ കണ്ടില്ലേ അവരൊക്കെ നമ്മളെക്കുറിച്ച് എന്തൊക്കെയാ പറയണേന്ന്? ”

“അതിനിപ്പോൾ എന്താ? ”

“തനിക്കതിന് ഒന്നൂല്ലേ? ”

“എന്ത്,.. അവര് പറഞ്ഞോട്ടെ,.. ഞാൻ ഇതിലും വലുത് പലതും കേട്ടിട്ടുണ്ട്,.. അതുകൊണ്ട് തന്നെ എനിക്കീ ഗോസിപ്പ്,.. റൂമേഴ്‌സ് തുടങ്ങിയ കാര്യങ്ങളിൽ യാതൊരു പേടിയും ഇല്ല,.. സാറിന്റെ കാര്യം എങ്ങനെയാണെന്നറിയില്ല,… ”

“എടോ എനിക്ക് എന്റെ കാര്യത്തിൽ യാതൊരു ടെൻഷനും ഇല്ല,.. ഞാൻ കാരണം തനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവരുത് !”

“ഓഹോ അങ്ങനെയാണോ? ”

“മ്മ്മ് !”

“എങ്കിൽ എനിക്ക് നല്ല ബുദ്ധിമുട്ടുണ്ട്,.. ബാക്കി സ്റ്റോറി കേൾക്കാഞ്ഞിട്ട്,.. സാറ് വേഗം ഫ്രഷ് ആയി വാ,… എന്നിട്ട് ബാക്കി കഥ പറ,.. അയാം വെയ്റ്റിംഗ് യാർ,.!”

സാർ ധർമ്മസങ്കടത്തിൽ എന്നെ നോക്കി,…

“ജൽദി ആവോ നാ,.. മേം ആപ്കി ഇന്തസാർ കരൂംഗി,.. !”

**********

“ഡോ തനിക്ക് പ്രശ്നമൊന്നുമില്ലേ? ”

“സാറിപ്പോഴും അത് തന്നെ ചിന്തിച്ചോണ്ടിരിക്കുവാണോ? ”

“അതല്ല,.. എന്നാലും !”

“സാർ നമ്മുടെ ഭാഗം ക്‌ളീൻ ആണെങ്കിൽ,.. ആരെന്ത് പറഞ്ഞാലും എന്താ,… സോ ബീ പോസിറ്റീവ് !”

ഹോ ഞാൻ തന്നെയാണോ ഇതൊക്കെപ്പറയുന്നത്? അന്നത്തെ ആ ബുക്ക് ഇഷ്യൂവിൽ മനസ്സ് തകർന്നു തരിപ്പണമായപ്പോൾ ഈ ലോജിക് ഒന്നും എന്താണാവോ എനിക്ക് ഓർമ വരാഞ്ഞത്,…

“ഓക്കേ,.. ലെറ്റ്‌സ് കന്റിന്യൂ !”

“നമ്മൾ എവിടെയാ നിർത്തിയേ? ”

“സിബി മിസ്സും സാറും ബെസ്റ്റീസ് ആയത് വരെ !”

“ഗുഡ് !”

“ഭയങ്കര മെമ്മറി പവറാ ! അപ്പോൾ തുടങ്ങിക്കോ,… ”

ദിവസങ്ങൾ കഴിഞ്ഞുപോയി,.. ഓരോ ദിവസവും ചെല്ലുംതോറും സിബി എനിക്ക് കൂടുതൽ പ്രിയപ്പെട്ടവളായി മാറി,…

“സാറിന്റെ സൈൻ ഇന്ന് ഞാൻ ചെയ്യട്ടെ? ”

“അത് വേണോ സിബി? ”

“നോക്കി നോക്കാന്നെ ജേക്കബ് സാർ പിടിക്കുവോ എന്ന് !”

ഞാൻ സമ്മതം മൂളി,.. അന്ന് തൊട്ട് രെജിസ്റ്ററിൽ എന്റെ സൈൻ സിബിയും സിബിയുടെ സൈൻ ഞാനും ഇട്ടു,.. ഞങ്ങൾ മാത്രമുള്ള എല്ലാ വെള്ളിയാഴ്ചകളിലെയും ഫ്രീ പിരീഡുകളിൽ കഥകൾ പറഞ്ഞും, പരസ്പരം തമാശകൾ പറഞ്ഞും ഞങ്ങൾ കഴിച്ചുകൂട്ടി,…

അങ്ങനെയിരിക്കെ ഓണാഘോഷം വന്നെത്തി,… തൊട്ടപ്പുറത്തുള്ള കോപ്പറേറ്റീവ് കോളേജിൽ ഓണാഘോഷങ്ങളിലെ പൂക്കളമത്സരത്തിലെ ജഡ്ജസ് ഞങ്ങളുടെ ഐ ടി സിയിലെ ടീച്ചേഴ്സ് ആയിരുന്നു,.. സിബി ആയിരുന്നു അതിൽ പ്രധാനി,…

” ഇത്തവണ ആരാ സിബിക്കൊപ്പം പെയർ ആയിപ്പോകുന്നത്? ” ജേക്കബ് സാർ ഞങ്ങളോടായി ചോദിച്ചു,…

“എന്താ സംശയം ഞാൻ തന്നെ പോവാം !” പ്രകാശ് ആവേശത്തിൽ എഴുന്നേറ്റു,…

“സാർ അതിന് കഴിഞ്ഞ പ്രാവശ്യം പോയതല്ലേ,.. ഇത്തവണ ഒരു ചേഞ്ച്‌ ആവട്ടെ,..” മറ്റുള്ളവർ അതിന് ഇടം കോലിട്ടു,… പ്രകാശിന്റെ മുഖം മങ്ങി,…

“തർക്കം വേണ്ട സിബി തന്നെ സെലക്ട്‌ ചെയ്യട്ടെ !”

സിബി ഒരു നിമിഷം ആലോചിച്ചു,… ആലോചിച്ചതോ അതോ അങ്ങനെ അഭിനയിച്ചതോ,.. എന്തായാലും സിബി ഇങ്ങനെ പറഞ്ഞു,..

“മിലൻ സാറല്ലേ ഇവിടെ പുതിയത് അപ്പോൾ സാറിനെ കൂടെ കൊണ്ടോവാം അല്ലേ? ”

പ്രകാശിന് അത് അടിയേറ്റതുപോലെയായി,… സിബി പ്രതീക്ഷയോടെ എന്നെ നോക്കി,.. അങ്ങനൊരു തീരുമാനം ഞാനും പ്രതീക്ഷിച്ചില്ല,..

“സാറിന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ? ”

“ഹേയ് എന്ത് ബുദ്ധിമുട്ട് വരാം !”

“പിന്നെ മിലൻ സാറേ അവിടെച്ചെന്ന് പിള്ളേരുമായി അടിയൊന്നും ഉണ്ടാക്കല്ലേ,.. ” തമാശയായിട്ടാണ് ജേക്കബ് സാർ അത് പറഞ്ഞതെങ്കിലും എനിക്കത് നന്നായിക്കൊണ്ടു,… എങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല,..

********

സിബി ഒരു സെറ്റ് സാരിയായിരുന്നു ധരിച്ചിരുന്നത്,.. ഞാനവളെ കണ്ണെടുക്കാതെ നോക്കി നിന്നു,..

“മിലൻ സാറെ,.. കൂയ്,.. എന്താ എന്നെ ഇങ്ങനെ നോക്കണത്? ”

“ഹേയ് ഒന്നൂല്ല !”

സിബി കാര്യം മനസിലായത്പോലെ ചിരിച്ചു,.. ആകെ നാണക്കേടായി സിബി എന്ത് കരുതിക്കാണും,…

“എന്നെക്കാണാൻ എങ്ങനുണ്ട്?” സിബി തന്നെയാണോ ചോദിക്കുന്നത്,.. നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ ഞാൻ സിബിയെയെങ്ങാനും വായി നോക്കി നിന്നതാണെന്ന് കരുതുമോ? ”

“സാധാരണ എങ്ങനെയാണോ അങ്ങനെത്തന്നെയുണ്ട്,.. എന്തേ? .”

സിബിയുടെ മുഖം മങ്ങി,.. അവൾ എന്നിൽ നിന്നും കൂടുതൽ എന്തോ പ്രതീക്ഷിച്ചിരുന്നുവെന്ന് മുഖത്തെ ആ തിളക്കമില്ലായ്‌മ തെളിയിച്ചു …

“ഞാൻ ചുമ്മാ പറഞ്ഞതാ സിബി,.. ഈ സെറ്റ് സാരി സിബിക്ക് നന്നായി ചേരുന്നുണ്ട് !”

“വേണ്ട സാറെ,.. എന്നെ വെറുതെ കളിപ്പിക്കണ്ട !”

“കളിപ്പിച്ചതല്ലടോ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ,… ” സിബിയുടെ മുഖത്ത് ആദ്യമായി ഒരു ചമ്മലും നാണവുമെല്ലാം പ്രത്യക്ഷമായി,…

“എന്നാൽ പോവാം അല്ലേ? ”

അവൾ തലയാട്ടി,..

എനിക്കും സിബിയ്ക്കും അവിടെ വലിയ സ്വീകരണം തന്നെയായിരുന്നു, ജഡ്ജസ് ആയതുകൊണ്ട് തന്നെ ഞങ്ങളെ നന്നായി ഇമ്പ്രെസ്സ് ചെയ്യാൻ കുട്ടികൾ ശ്രമം നടത്തുന്നുണ്ട്,…

“നോക്ക്,.. എല്ലാ പെൺപിള്ളേരുടെയും കണ്ണുകൾ സാറിന്റെ മുഖത്താട്ടോ !”

“അസൂയപ്പെട്ടിട്ട് കാര്യമില്ല സിബി,… ”

“അസൂയയോ? ആർക്ക് എനിക്കോ? എനിക്കെന്തിനാ അതിൽ അസൂയ തോന്നണത്? ”

“ഹേയ് ഒന്നൂല്ല,.. ഞാൻ ചുമ്മാ പറഞ്ഞതാ !”

അങ്ങനെ പൂക്കളമത്സരത്തിന്റെ മാർക്ക്‌ ഇടാനായി ഞങ്ങൾ ഓരോ ക്ലാസ്സുകളിലായി കയറിയിറങ്ങി.. പലതും മനോഹരമായ പൂക്കളങ്ങൾ,..

“ഹായ് സർ !” ഒരു ക്ലാസ്സിൽ കയറിയതും ഒരു പെൺകുട്ടി എന്റെ അരികിലേക്ക് വന്നു,…

“ഹലോ,… ”

“സർ എന്റെ പേര് ഐശ്വര്യ !”

അവളെന്നോട് കുറച്ചു നേരം സംസാരിച്ചു നിന്നു,. സിബി ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,… ഏറ്റവും ഒടുവിലായി അവൾ പറഞ്ഞു,…

“സാർ പ്ലീസ് ഞങ്ങടെ പൂക്കളത്തിന് തന്നെ ഫസ്റ്റ് തരണേ !” അപ്പോൾ ഈ ചിരിയും പാസ്സാക്കി അടുത്ത് കൂടിയത് ഇതിന് വേണ്ടിയാണ്,.. മണിയടിക്കാൻ,…

“എന്തായിരുന്നു അവിടെ? ”

“എവിടെ? ”

“ആ പെങ്കൊച്ചിന്റെ അടുത്ത് !”

“ഏത്? ”

“ആ പച്ച ധാവണിയുടുത്ത പെങ്കൊച്ചിന്റെ അടുത്ത് !”

“ഓ ഐശ്വര്യ,.. അതോ,… ”

സിബിയുടെ മുഖം കൂടുതൽ ഗൗരവമുള്ളതായി,…

“അത് പിന്നെ അവർക്കു ഫസ്റ്റ് കൊടുക്കാൻ !”

“കൊള്ളാം എന്തായാലും,.. ആരെങ്കിലും ചിരിച്ചു കാണിച്ചാൽ അപ്പോൾ അതിൽ വീഴാൻ പൊക്കോണം സാർ! ”

“സിബി അങ്ങനല്ല !”ഞാൻ ഒരു വിശദീകരണത്തിനു ശ്രമിച്ചെങ്കിലും സിബി കേൾക്കാനായി നിന്നു തന്നില്ല,… ഞാൻ ഏത് പെങ്കൊച്ചിന്റെ പുറകെ പോയിട്ടാണോ സിബി ഇങ്ങനൊക്കെ പറഞ്ഞത്,..

ആ പിണക്കം രണ്ടു ദിവസത്തോളം നീണ്ടു,.. പിന്നെ സിബി തന്നെ യുദ്ധം നിർത്തൽ പ്രഖ്യാപിച്ചു,..
.
എന്തായാലും ഫസ്റ്റ് അവർക്കു തന്നെ കൊടുത്തത് കൊണ്ട് അവൾ എന്നെ മണിയടിച്ചു നേടിയ പ്രൈസ് ആണെന്ന് അവിടത്തെ കുട്ടികൾ പറയാൻ തുടങ്ങി,…

ദിവസങ്ങളും മാസങ്ങളും ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരുന്നു,… ഇതിനിടയിൽ ഇണക്കങ്ങളും പിണക്കങ്ങളുമായി ഞാനും സിബിയും തമ്മിലുള്ള ബന്ധം വളർന്നുകൊണ്ടിരുന്നു,… ഇതിൽ ഏറ്റവുമധികം അസൂയ പൂണ്ടത് പ്രകാശ് ആയിരുന്നു,..

അങ്ങനെ ക്രിസ്മസ് വന്നെത്തി,..

“സിബി ക്രിസ്മസ് ആയിട്ട് കേക്ക് ഒന്നുമില്ലേ? ”

“ആഹാ,.. എല്ലാ ക്രിസ്മസിനും ഞാനല്ലേ കൊണ്ടുവരുന്നത്, നിങ്ങളിലും ക്രിസ്ത്യൻസ് ഇല്ലേ,. ഇത്തവണ നിങ്ങളാരെങ്കിലും കൊണ്ട് വാ !”

“ശോ,.. നീയങ്ങനെ പറയല്ലേ സിബി,.. കൊണ്ടു വാന്നെ !”

“കൊണ്ട് വരില്ല !” സിബി വാശി പിടിച്ചിരുന്നു,.. ഞാൻ ഇതിലൊന്നും ശ്രദ്ധിക്കാതെ നമ്മൾ ഇവിടെയെങ്ങും ഇല്ലേ എന്ന ഭാവത്തിലും,…

“കേക്ക് ഞാൻ കൊണ്ട് വരാം,.. പക്ഷേ മിലൻ സാർ പറയണം !”

പെട്ടന്ന് സിബി പറഞ്ഞു,. അവിടെയുണ്ടായിരുന്ന ഞാനടക്കമുള്ള എല്ലാവരും അമ്പരപ്പോടെ സിബിയെ നോക്കി,….

“സാറ് പറ ഞാൻ കൊണ്ട് വരണോ? ”

“അത് പിന്നെ,.. ” ഞാൻ ചുറ്റും നോക്കി,.. എല്ലാവരുടെയും കണ്ണുകൾ എന്റെ മുഖത്താണ്,…

“സിബിയുടെ ഇഷ്ടം !”

എല്ലാവരും നിരാശയിൽ എന്നെനോക്കി,.. പലരും കൊണ്ടുവരാൻ പറയ് സാറെ എന്ന അർത്ഥത്തിലും,…

“സിബി കൊണ്ടുവാ നോക്കട്ടെ !”

അങ്ങനെ കരോൾഗാനവും,.. പുൽക്കൂടൊരുക്കളുമെല്ലാമായി ക്രിസ്മസ് ആഘോഷങ്ങൾ പുരോഗമിച്ചു,…

കുറച്ചു സമയം കഴിഞ്ഞപ്പോൾ,.. സേവ്യർ ഒരു വലിയ പൊതിയിൽ കേക്കുമായി വന്നു,.. സിബി കൊടുത്തുവിട്ടതാകും,..

“ഇതെവിടന്നാ സാറെ കേക്ക്? ”

“സിബി ടീച്ചർ സ്പോൺസർ ചെയ്തതാടാ !”

“ഓ അങ്ങനാണോ? ”

“അവര് സ്പോൺസർ ചെയ്തതാണ് എങ്കിൽ ഈ കേക്ക് ഈ ക്ലാസ്സിൽ മുറിക്കില്ല !” കുട്ടികൾ ഒന്നടങ്കം പറഞ്ഞു,…

“അതെന്താ? ”

“ഈ കാര്യത്തിൽ സാറ് ഞങ്ങളെ നിർബന്ധിക്കരുത്,.. സാറ് വേണെങ്കിൽ ഇത് സ്റ്റാഫ്‌ റൂമിൽ കൊണ്ട്പോയി മുറിച്ചോളു,.. ബട്ട്‌ ഈ ക്ലാസ്സിൽ ഇത് മുറിക്കണ്ട,… ”

കുട്ടികൾ ഒറ്റക്കെട്ടായി എതിർത്തു നിന്നതോട് കൂടി, കേക്ക് തിരികെ സേവ്യറിന്റെ കൈയ്യിൽ കൊടുത്തു വിടേണ്ടി വന്നു എനിക്ക്,…

കാരണം സിബിയെക്കാളും ആത്മബന്ധം എനിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ആ കുട്ടികളോടെനിക്കുണ്ടായിരുന്നു,…

“അതെന്താ സിബി ടീച്ചർ തന്ന കേക്ക് ഇവിടെ മുറിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്? ” ഞാൻ സൗമ്യമായി കുട്ടികളോട് അന്വേഷിച്ചു,…

“ഇവിടെ കഴിഞ്ഞ ഗാന്ധി ജയന്തിക്ക് പായസം വെച്ചിട്ട് സിബി മിസ്സ്‌ കുടിച്ചോ? ഇവിടെയുള്ള ഏതെങ്കിലും ടീച്ചേഴ്സ് കുടിച്ചോ സാർ അല്ലാതെ,. അവരതിന് ആരെയും അനുവദിച്ചില്ല,.. ”

“സാറിനൊന്നും അറിയില്ല,… അതോണ്ടാ അവരെയിങ്ങനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നത് !”

“ഞങ്ങളുണ്ടാക്കിയ പായസം കുടിക്കാത്ത, ഞങ്ങളെ അപമാനിച്ച മിസ്സിന്റെ കേക്ക് ഞങ്ങൾക്കും വേണ്ട !”

ശരിയാണ് ഗാന്ധി ജയന്തിക്ക് വെച്ച പായസം സ്റ്റാഫ്‌ റൂമിൽ ടീച്ചേഴ്സ് എല്ലാം ബോയ്കോട്ട് ചെയ്തിരുന്നു,.. എന്നോടും സിബി കുടിക്കേണ്ട എന്ന് തന്നെയാണ് പറഞ്ഞതും,..

പക്ഷേ അതിനും മാത്രം ശത്രുത വരാൻ ഇവർക്കിടയിൽ എന്തായിരിക്കും ഉണ്ടായിട്ടുണ്ടാവുക എന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടുത്തവും കിട്ടിയില്ല,…

ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് ചെന്നപ്പോൾ അതുവരെ കണ്ടിട്ടില്ലാത്ത സിബിയുടെ പുതിയൊരു മുഖമായിരുന്നു കണ്ടത്,.. കോപാകുലയായ സിബി,…

എന്നെക്കണ്ടതും ടേബിളിൽ ഇരുന്ന ഡസ്റ്റർ ദേഷ്യത്തോടെ അവൾ എനിക്ക് നേരെ വലിച്ചെറിഞ്ഞു,…

(തുടരും )

Click Here to read full parts of the novel

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!