Skip to content

മിലൻ – Part 14

milan aksharathalukal novel

സ്റ്റാഫ്‌ റൂമിൽ ഞാനൊഴിച്ച് എല്ലാവരും സിബിയുടെ അസുഖവിവരം നേരത്തെ അറിഞ്ഞിരുന്നുവെന്നും അവരെല്ലാം അവളെ പോയി കണ്ടിരുന്നുവെന്നും പിന്നീടാണ് ഞാൻ അറിഞ്ഞത്,…

ഒഴിഞ്ഞു കിടക്കുന്ന സിബിയുടെ സീറ്റിലേക്ക് നോക്കുമ്പോൾ എനിക്കുണ്ടാവാറുള്ള വീർപ്പുമുട്ടൽ ദിവസങ്ങൾ കഴിയുംതോറും വർദ്ധിച്ചു വന്നു,. പലപ്പോഴും സിബിയുടെ അരികിലേക്ക് ഓടിക്കയറി ചെല്ലണമെന്ന് തോന്നും,.. പക്ഷേ എന്തും പറഞ്ഞ് ഞാനെന്നെ പരിചയപ്പെടുത്തും? സഹപ്രവർത്തകൻ ആയി മാത്രം സിബിയെ കാണാൻ എനിക്കെന്തോ മനസ്സ് വന്നില്ല,. അതിനപ്പുറം ഒരു ബന്ധം സിബിക്ക് എന്നോട് ഉണ്ടോ എന്നത് ഇപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി നില നിൽക്കുകയാണ്,..

അപ്പോഴാണ് ഒരു ദൈവദൂതനെപ്പോലെ പിള്ളസാർ കടന്നു വന്നത്,…

“നിങ്ങളെല്ലാം സിബിയെ കാണാൻ പോയിരുന്നോ? ”

“ആ പോയിരുന്നല്ലോ,.. എന്താ സാറെ !”

“എന്നെകൂടെ ഒന്ന് വിളിക്കാമായിരുന്നില്ലേ? ”

അവരാരും ആ വിഷയത്തിൽ വല്ല്യ താല്പര്യം കാണിക്കുന്നതായി എനിക്കും തോന്നിയില്ല,. അപ്പോൾ ഞാൻ മാത്രമല്ല പിള്ളസാറും ഇവരുടെ കൂട്ടത്തിൽ ഒറ്റയാൻ ആണ്,…

എന്നോട് ചോദിക്കാനുള്ള വിമൂഖത കൊണ്ടോ എന്തോ പിള്ളസാർ എന്നെ മറികടന്ന് സേവ്യറിന് നേരെ തിരിഞ്ഞു,..

“ഡോ താൻ പോയിരുന്നോ സിബി ടീച്ചറുടെ വീട്ടിൽ? ”

“ആ ഞാൻ രാവിലെ പോയിട്ടാ സാറെ വന്നത് !” സേവ്യറും അയാളെ കൈ ഒഴിഞ്ഞു,.. അവസാന അവസരമാണ്,.. പിള്ളസാറിന്റെ നോട്ടം ഇപ്പോൾ എത്തി നിൽക്കുന്നത് എന്നിലാണ്,. ഇതും പാഴാക്കിയാൽ ഒരു പക്ഷേ,…

“ഞാൻ വരാം സാറെ !” ഞാനത് പറഞ്ഞപ്പോൾ എല്ലാവരും പന്തം കണ്ട പെരുച്ചാഴി കണക്കെ എന്നെ നോക്കി,.. എന്താണോ എന്തോ?

അങ്ങനെ അവസാനം പിള്ളസാറിനൊപ്പം സ്കൂട്ടറിൽ ഞാൻ സിബിയുടെ വീട്ടിലേക്ക് പുറപ്പെട്ടു,..

സിബിയുടെ ആ പടുകൂറ്റൻ ബംഗ്ലാവ് കണ്ടപ്പോൾ തന്നെ സിബി എന്നോടൊന്നും ഈ ജന്മത്തിൽ യെസ് പറയാനേ പോവില്ല എന്ന്തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു,…

ഗേറ്റ് കടന്ന് സ്കൂട്ടി ഉള്ളിലേക്ക് കയറിയപ്പോൾ നെഞ്ച് പടപടാ ഇടിച്ചു തുടങ്ങി,…

“എന്ത് പറ്റി മിലൻ? സുഖമില്ലേ? ” എന്റെ മുഖത്തെ പരിഭ്രമം കണ്ട് പിള്ളസാർ ചോദിച്ചു,…

“ഹേയ് ഒന്നൂല്ല സാർ,.. ”

പിള്ളസാറാണ്‌ കോളിംഗ് ബെൽ അമർത്തിയത്,.. അൻപതോടടുത്ത് പ്രായമുള്ള സ്ത്രീ വന്നു വാതിൽ തുറന്നു,. അത് സിബിയുടെ അമ്മയാണെന്ന് ഞാൻ ഊഹിച്ചു,…

“ആ പിള്ളസാറോ,.. വരു കയറിയിരിക്കൂ !”

ആഥിത്യമര്യാദയോടെ അവർ ഞങ്ങളെ അകത്തേക്ക് വിളിച്ചു,..

“സിബിക്കെങ്ങനെയുണ്ട്? ” പിള്ളസാർ തന്നെയാണ് ചോദിച്ചത്,…

“കുഴപ്പമില്ല,.. നല്ല കുറവുണ്ട്,.. ആദ്യം ഞങ്ങളൊക്കെ വല്ലാതെ പേടിച്ചു,.. പനി അങ്ങ് കൂടിപ്പോയില്ലേ,.. ഇനി പേടിക്കാനില്ല, ഒരു മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ കുളിക്കാം,… ”

“അമ്മച്ചി ആരാ അത്? ” ഒരു പെൺകുട്ടി പുറത്തേക്കിറങ്ങി വന്നു,.. അത് സിബിയുടെ അനിയത്തി സോണി ആയിരുന്നു,…

“സിബിയുടെ കൂടെ വർക്ക്‌ ചെയ്യുന്നവരാ മോളേ,… പിള്ളസാറിനെ നിനക്ക് അറിയില്ലേ? പിന്നെ ഇത്,… ” ഇരുവരും അപരിചിതത്വത്തോടെ എന്നെ നോക്കി,…

“ഞാൻ മിലൻ !” അൽപ്പം ചടപ്പോടെ ഞാൻ പറഞ്ഞു,..

“ഹോ ഇതാണോ ആള്? !”

അവരുടെ ചുണ്ടുകളിൽ ചിരി,.. ഹേ,.. സിബി ഇനി എന്താണാവോ എന്നെക്കുറിച്ച് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്?

” ഇച്ചേച്ചിക്ക്എപ്പോഴും സാറിന്റെ കാര്യം മാത്രേ പറയാനുള്ളൂ,.. മിലൻ മിലൻ എന്നല്ലാതെ വേറൊന്നും വായിൽ നിന്നും വീഴില്ല !”

പിള്ളസാറിന്റെ ഉള്ളിൽ അത് സംശയത്തിന്റെ കരിനിഴൽ വീഴ്ത്തിയോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല,…

“ആ പറയാൻ മാത്രം ആളുണ്ട് താനും,.. ” അമ്മച്ചിയും സോണിക്കൊപ്പം ചേർന്നു..

“സോണി,… ”

സിബി, എത്ര കാലം കൂടിയാണ് സിബിയുടെ ശബ്ദമൊന്ന് കേൾക്കുന്നത്,.. സിബിയെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു,…

“ഇച്ചേച്ചി വിളിക്കുന്നു,.. ഞാൻ ഇപ്പോൾ വരാം !”

റൂമിനുള്ളിൽ നിന്നും അടക്കിപ്പിടിച്ച സംസാരം കേൾക്കാമായിരുന്നു,.. ഒരുപക്ഷേ സോണിയെ ശാസിക്കുകയാവും സത്യമെല്ലാം വിളിച്ചു പറഞ്ഞതിൽ,…

“ശോ നിങ്ങളോട് സംസാരിച്ചിരുന്ന് ഞാനത് മറന്നു,.. കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം !”

അമ്മച്ചി അടുക്കളയിലേക്ക് പോയി,.. എന്റെ മനസ്സ് സിബിയെ ഒരുനോക്ക് കാണാനായി വെമ്പൽ കൊള്ളുകയായിരുന്നു,. എങ്കിലും ഞാനെന്റെ മനസ്സിനെ സ്വയമടക്കി,…

“നാരങ്ങാ വെള്ളം കുടിക്കുമല്ലോലെ? ”

“ഓ അതിനെന്താ? ”

“ഞാൻ കഴിക്കാനുള്ളത് കൂടെ എടുത്തിട്ട് വരാം !”

“അയ്യോ അതൊന്നും വേണ്ട അമ്മച്ചി,.. ”

“കുഴപ്പമില്ലന്നെ ഞാനിപ്പോൾ വരാം,.. ”

സിബിയുടെ അമ്മച്ചി വീണ്ടും അടുക്കളയിലേക്ക് പോയതും പിള്ളസാർ കയ്യിലെ നാരങ്ങാവെള്ളം ജനലിലൂടെ പുറത്തേക്ക് കളഞ്ഞു,…

“സാറെന്താ ഈ കാണിക്കണേ? ”

“മഞ്ഞപ്പിത്തമാണ്,.. വെള്ളമൊന്നും കുടിക്കേണ്ട കളഞ്ഞേക്ക് !”

അതെന്നെ നന്നായി രോക്ഷാകുലനാക്കിയിരുന്നു,… വാശിയിൽ ഞാൻ മൊത്തം വെള്ളവും കുടിച്ചു,..

“എടോ താൻ? ”

“ഇത്രയും പേടി ആയിരുന്നെങ്കിൽ സാറെന്തിനാ പിന്നെ വന്നത്? ”

“അത് !” അയാൾ തലതാഴ്ത്തി,…

സിബിയുടെ അമ്മച്ചി കടന്നു വന്നത്കൊണ്ട് ഞാനും പിള്ളസാറും തമ്മിലുള്ള സംഭാഷണം അവിടെ വെച്ച് നിർത്തി,…

“സിബി? ”

“റൂമിലുണ്ട്,.. ”

“ഒന്ന് കാണാൻ !”

“മഞ്ഞപിത്തമല്ലേ സാറെ… ”

“എനിക്ക് പേടിയൊന്നുമില്ല !” അല്പം കനത്തിലാണ് ഞാനത് പറഞ്ഞത്,… പിള്ളസാറിന് നന്നായി അതേറ്റുവെന്ന് തോന്നി,…

സിബിയുടെ റൂമിലേക്ക് കടന്നപ്പോൾ ആദ്യമെന്നെ വരവേറ്റത് ഫ്രെയിം ചെയ്തു വെച്ച ഞാൻ വരച്ചുകൊടുത്ത അവളുടെ ഡ്രോയിങ് ആയിരുന്നു,.. ആ കാര്യം ഞാൻ പറയാൻ വിട്ടുപോയതാണ്,.. ഒരിക്കൽ ചുമ്മാ ഞാൻ കുത്തിവരച്ചിരുന്നപ്പോഴാണ് സിബി എന്നോട് അവളുടെ ചിത്രം വരച്ചുകൊടുക്കാൻ ആവശ്യപ്പെട്ടത്,.. അന്ന് വരച്ചുകൊടുത്തതാണ് ഇത്,..

പിന്നെ പലപ്പോഴായി ഞാൻ എഴുതിക്കൊടുത്ത കവിതാശകലങ്ങൾ,.. എല്ലാമവൾ പിൻ ചെയ്തു വെച്ചിരിക്കുന്നു,… എന്നെക്കണ്ടതും സിബിയുടെ മുഖത്ത് ഒരു തുടിപ്പും ചുവപ്പുമുണ്ടായി,.. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു …

“വേണ്ട സിബി ഏണീക്കണ്ട കിടന്നോളു !”

ഞങ്ങൾക്കിടയിൽ വീണ്ടും മൗനം തളംകെട്ടി നിന്നു,.. കണ്ണെടുക്കാതെ പരസ്പരം നോക്കി നിന്നപ്പോൾ ഒരവാർഡ്‌ പടത്തിലെ പ്രണയരംഗം പോലെ അത് തോന്നിച്ചു,…

******

സിബി തിരിച്ചു വരും വരെ കാത്തിരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു,.. മൂന്ന് നാലു ദിവസത്തിന് ശേഷം സിബി വന്നപ്പോൾ അവളിൽ ചില മാറ്റങ്ങൾ ഞാൻ കണ്ടുതുടങ്ങിയിരുന്നു,.. പാറിക്കിടക്കുന്ന മുടിയിഴകളെ എണ്ണവെച്ചൊതുക്കിയിരുന്നു,… എന്തോ പഴയത് പോലെ സിബിയോട് സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു… എനിക്ക് മാത്രമല്ല സിബിയിലും അങ്ങനൊരു ചടപ്പ് നിലനിൽക്കുന്നത് പോലെ എനിക്ക് തോന്നി,..

അന്നൊരു പതിനൊന്നു മണി ആയപ്പോഴാണ് പോസ്റ്റ്മാൻ എനിക്കൊരു ലെറ്റർ കൊണ്ടുവന്നു തന്നത്,..

To മിലൻ അബ്ദുൾ ഹക്കീം

സെന്റ് തെരേസ ഐ ടി സി, തൃശ്ശൂർ,…

ഫ്രം അഡ്രെസ്സ് ഉണ്ടായിരുന്നില്ല,…. ഞാൻ കവർ പൊട്ടിച്ചു വായിച്ചു,…. കയ്യക്ഷരം കണ്ടപ്പോഴേ അത് സിബിയുടേതാണെന്ന് എനിക്ക് തോന്നി,.. പക്ഷേ ഇതയച്ചിരിക്കുന്നത് കുറേ ദിവസങ്ങൾ മുൻപാണ്,.. അതായത് സിബിയ്ക്ക് അസുഖം പിടിപെടും മുൻപ്,.. പക്ഷേ എത്തിയതോ,.. ആ പറഞ്ഞിട്ട് കാര്യമില്ല,… ഞാൻ വായിച്ചു തുടങ്ങി,…

“ഈ ലോകത്ത് ഏറ്റവും മഹത്വമുള്ള ബന്ധം സഹോദരബന്ധമല്ലേ,.. എനിക്ക് ഇഷ്ടമാണ് ഒരുപാട് ഒരു സഹോദരനോടെന്നപോലെ,.. ഒരായിരം വട്ടം എനിക്ക് ഇഷ്ടമാണ്,… പിന്നെ മുഴുവൻ ഇഷ്ടമാണ് എന്നൊരു വാക്ക് മാത്രം,…

കണ്ണിലെനിക്ക് ഇരുട്ട് കയറിയതുപോലെ തോന്നി,… ചങ്കുപൊട്ടുന്നത് പോലെ,.. ഒരു സഹോദരനെന്ന പോലെ,.. ആ വിശേഷണമാണ് എനിക്ക് സഹിക്കാൻ കഴിയാതിരുന്നത്,…

അന്ന് സിബിയെ ഞാൻ അവോയ്ഡ് ചെയ്തു,.. അവളെ കാണുമ്പോഴൊക്കെ ഞാൻ സ്വയമുരുകിക്കൊണ്ടിരുന്നു,… അതവളിൽ വിഷമമുണ്ടാക്കിയെന്ന് മുഖം കണ്ടതേ എനിക്ക് മനസിലായി,…

വീട്ടിൽ ചെന്ന് പല ആവർത്തി ഞാനത് വായിച്ചു നോക്കി,.. അതിലെ വാക്കുകളെല്ലാം മറ്റാർക്കോ വേണ്ടി എഴുതിയത് പോലെയാണ് എനിക്ക് തോന്നിയത്,…

ഈ ലോകത്ത് ഏത് സഹോദരിയാണ് ഒരു സഹോദരനെ ഇത്രയധികം സ്നേഹിക്കുന്നത്? നൂറു വട്ടം, ആയിരം വട്ടം ഒരു പേജ് നിറയെ ഇത്രയധികം സ്നേഹം കുറിച്ച് വെച്ചിരിക്കുന്നു,. വെറും സഹോദരസ്നേഹം മാത്രമാണ് ഇതെന്ന് വിശ്വസിക്കാൻ എന്തോ എനിക്ക് മനസ്സുവന്നില്ല,… സിബിയുടെ മനസ്സിൽ ഇതല്ല ഉള്ളതെന്ന് എന്റെ ഹൃദയം എന്നോട് ആവർത്തിച്ചു പറഞ്ഞു,… അതുമല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം,…

ഞാൻ ഒരു പേനയും പേപ്പറുമെടുത്തു അതിൽ ഒരു ചിത്രം വരച്ചു,.. നിറയെ ശിഖരങ്ങളുള്ള ഒരു മരം,… അതിൽ ഒരു ചില്ലയിൽ രണ്ട് കിളികൾ,.. അതിന് താഴെ ഞാൻ ഇങ്ങനെയെഴുതി,….

ഈ കിളികളെ നമുക്ക് ആൺകിളിയെന്നും പെൺകിളിയെന്നും വിളിക്കാം,.. അതുമല്ലെങ്കിൽ ഇണക്കിളി,… അല്ലാതെ സഹോദരക്കിളിയെന്നൊന്നും ആരും വിളിക്കാറില്ല,.. എന്റെ മനസിൽ സിബിക്കുള്ള സ്ഥാനവും ഒരു ഇണക്കിളിയുടേതാണ് അല്ലാതെ എനിക്ക് സിബിയെ സഹോദരിയായൊന്നും കാണാൻ പറ്റില്ല,.. ചിലപ്പോൾ അതെന്റെ മാത്രം തെറ്റാവാം,.. പക്ഷേ ആദ്യം മുതൽ സിബി എന്നോട് കാണിച്ച അടുപ്പം സിബിയോടെന്റെയുള്ളിൽ അത്തരത്തിൽ ഒരു വികാരം വളർത്തിയെടുത്തു,… സിബി എന്നോട് ഇഷ്ടമാണെന്നോ അല്ലെന്നോ ഒന്നും പറയണ്ട,.. പക്ഷേ സിബിയുടെ മനസ്സ് അതെനിക്ക് അറിഞ്ഞേ തീരു,.. അതറിഞ്ഞാൽ ഞാനിവിടെ നിന്ന് പൊയ്ക്കോളാം,.. ഇന്ന് തന്നെ റെസിഗ്നേഷൻ ലെറ്റർ കൊടുത്തോളം പക്ഷേ സിബി,.. നിന്റെ മനസ്സ് അതെനിക്കറിയണം,…
എന്നെ ഇഷ്ടമാണെങ്കിൽ ഈ വരുന്ന തിങ്കളാഴ്ച ദിവസം സിബി സെറ്റുസാരിയുടുത്ത് വരണം അല്ലെങ്കിൽ ഈ ലെറ്റർ ചുരുട്ടി കുപ്പയിൽ എറിഞ്ഞോളുക,…

എന്ന് മിലൻ,…

രാവിലെ സിബി എത്തിയിരുന്നില്ല,.. വൈകിട്ട് സിബിക്ക് ഞാനാ ലെറ്റർ കൊടുത്തു,…

“ഇനി കാത്തിരിക്കാൻ വയ്യ സിബി,… ഇതിൽ എന്താണോ ഞാൻ എഴുതിയിരിക്കുന്നത് അത് പോലെ തന്നെ സംഭവിക്കും,.. ഞാൻ റെസിഗ്നേഷൻ ലെറ്റർ കൊടുത്തിരിക്കും,… ”

സിബിയുടെ മറുപടിക്ക് കാക്കാതെ ഞാൻ തിരിഞ്ഞു നടന്നു,.. ധൈര്യം എനിക്ക് വന്നു തുടങ്ങിയിരുന്നു,.. രണ്ട് ദിവസം ലീവ് കിട്ടിയിട്ടും ഞാൻ വീട്ടിൽ പോയില്ല,.. തിങ്കളാഴ്ചയാവാൻ ഞാൻ അക്ഷമനായി കാത്തിരുന്നു,… ഒന്നില്ലെങ്കിൽ സിബിയുടെ സ്നേഹം അതുമല്ലെങ്കിൽ ഒരു വേർപിരിയൽ,.. എന്നെന്നേക്കുമായി,…

***********

സിബിക്ക് ഇനിയുമെന്നോട് കള്ളം പറയാനാവില്ല,.. എന്നെയവൾക്ക് പിരിയാനാകില്ല,.. ഇന്ന് സിബി സെറ്റ് സാരി ഉടുത്ത് തന്നെ വരും,…

തിങ്കളാഴ്ച രാവിലെ ഞാൻ കണ്ണാടിക്ക് മുൻപിൽ ഏറെസമയം ചിലവഴിച്ചു,.. പലപല ഷർട്ടുകൾ മാറ്റിയിട്ടു,. പലതരം സ്റ്റൈലിൽ തലമുടി ചീകി,. എന്നിട്ടും ഒരു തൃപ്തി കിട്ടിയില്ല,.. ഒടുവിൽ ഒരുങ്ങി വന്നപ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു,…

ഞാൻ ധൃതിയിൽ ഐ ടി സിയിലേക്ക് നടന്നു,… വഴിയരികിൽ കണ്ട അമ്പലത്തിൽ കയറി മനമുരുകി പ്രാർത്ഥിച്ചു,.. സിബിയുടെ മറുപടി പോസിറ്റീവ് ആയിരിക്കണേ എന്ന്,… ചന്ദനം നെറുകിൽ ചാർത്തിയപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിര് അനുഭവപ്പെട്ടു,…. കൃഷ്ണാ ചതിക്കല്ലേ ഭഗവാനേ,…

ഞാൻ എത്തിയപ്പോഴേക്കും സിബി ക്ലാസ്സിലേക്ക് പോയിരുന്നു,.. എല്ലാവരും എന്നെ അത്ഭുതത്തിൽ നോക്കുകയാണ്,…

“മിലൻ സാറെന്താ ചന്ദനമൊക്കെതൊട്ട്? ”

“എന്താ എനിക്ക് തൊടാൻ പാടില്ലേ? ”

“അല്ല സാറ് മുസ്ലിം അല്ലേ? ”

“മുസ്ലിം ആണെന്ന് കരുതി ചന്ദനം തൊടാനും അമ്പലത്തിലും ചർച്ചിലും ഒന്നും പോകാൻ പാടില്ലെന്നും ഒക്കെയുണ്ടോ? ”

ആരും മിണ്ടിയില്ല,…

“ഈ ജാതിയും മതവുമൊക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ? എനിക്കെല്ലാ ദൈവങ്ങളും ഒരേപോലെയാ !”

ഞാൻ ബുക്ക് എടുത്ത് ക്ലാസ്സിലേക്ക് നടന്നു,.. പതിവിന് വിപരീതമായി ഞാൻ റൂട്ട് ഒന്ന് മാറ്റിപ്പിടിച്ച് ഇത്തവണ ഞാൻ സിബിയുടെ ക്ലാസ്സിന് മുൻപിലൂടെയാണ് പോയത്,…

ദൂരെ നിന്നേ സിബി ക്ലാസ്സ്‌ എടുക്കുന്ന ശബ്ദം കേൾക്കാം,.. അടുത്തേക്ക് ചെല്ലുംതോറും എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നതിനോടൊപ്പം നടത്തത്തിന്റെ വേഗതയും കുറഞ്ഞു കുറഞ്ഞു വന്നു,.. അന്ന് ഓണത്തിന് സെറ്റ് സാരിയുടുത്ത സിബിയുടെ രൂപം മനസ്സിൽ നിന്നും മായുന്നില്ല,… സിബി സെറ്റ് സാരി ഉടുത്തു തന്നെയാവും വന്നത്,അല്ലേ,..

യാ അല്ലാഹ്,.. കൃഷ്ണാ,.. ഈശോയെ,… നിങ്ങളെന്നെ കൈ വിടല്ലേ,…..

പെട്ടന്നാണ് കോളിംഗ് ബെൽ അമർന്നത്,… സാറൊന്ന് നിർത്തി,… ഞാൻ ആകാംഷയോടെ കേട്ടിരിക്കുകയായിരുന്നു,…

“സാർ എന്നിട്ട്,…. ” നിർത്താതെ ആരോ ബെല്ലടിക്കുന്നു,…

“ആരോ വിളിക്കുന്നുണ്ട്,.. ”

ശോ,.. ആരാണോ ഈ സമയത്ത്,.. സിബി ടീച്ചർ സാരിയുടുക്കുമോ ഇല്ലയോ എന്നറിയാതെ നിൽക്കുമ്പോഴാ ട്വിസ്റ്റ്‌ ഇടാൻ ഓരോരുത്തര് കേറി വന്നേക്കുന്നത്,…

“യാമിനി ചേച്ചി,…. ”

“ആ മോളേ,… ”

“ആരാണെന്ന് ഒന്ന് നോക്കുവോ? ”

“ശരി മോളേ !”

“അത് ചേച്ചി നോക്കിക്കോളും ഇനി ബാക്കി പറ,.”

“പിന്നെ പറയാം അനു,.. അവർ തന്നെക്കാണാൻ വന്നതാണെങ്കിലോ !”

“ഈശ്വരാ ഇതെന്തൊരു കഷ്ടവാ ഇത്,.. ആരാണാവോ ഈ സമയത്ത്?”

തിരിഞ്ഞതും മുന്നിലെ രൂപം കണ്ടു ഞാനൊന്ന് ഞെട്ടി,…

(തുടരും )

Click Here to read full parts of the novel

4.4/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!