“ഇഷാൻ !”
അവൻ എന്റെ അരികിലേക്ക് നടന്നടുക്കുംതോറും എന്റെ ഉള്ളിൽ അസാധാരണമായ ഒരു ഭയം നിറഞ്ഞു, ഇഷാനെ ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,.. സാറ് തന്നെയാവുമെന്നാണ് കരുതിയത് പക്ഷേ,..
“അനു !” അവൻ പ്രതീക്ഷയോടെ വിളിച്ചു,..
ഉള്ളിലെ ആ ഭയം പിന്നീട് അവനോടുള്ള ദേഷ്യമായി പരിണാമം ചെയ്തു,..
“ഓ ഡെയിലി ടൈംസിന്റെ റിപ്പോർട്ടർ ആയി വന്നതാവുംലെ? ”
“അനു പ്ലീസ് !” അവന്റെ മുഖത്തിപ്പോഴും അന്ന് കണ്ട കുറ്റബോധത്തിന്റെ നിഴലുകൾ ബാക്കിയുണ്ടായിരുന്നു,..
“ക്യാമറയും മൈക്കുമൊക്കെ കൊണ്ടുവന്നിട്ടുണ്ടോ? അതോ പേപ്പറും പേനയുമാണോ? എനി വേ,.. എന്തായാലും എനിക്ക് കുഴപ്പമില്ല,…. ”
ഇഷാൻ ദയനീയമായി എന്നെയും നവീനെയും മാറിമാറി നോക്കി,… നവീൻ തൽക്കാലത്തേക്ക് അവനോട് ക്ഷമിച്ചുനിൽക്കാൻ കണ്ണുകൊണ്ട് നിർദേശം നൽകി,.
എനിക്ക് ദേഷ്യമടങ്ങുന്നുണ്ടായിരുന്നില്ല,…
“ക്യാപ്ഷൻ എന്തിടും ഇഷാൻ? എഴുത്തുകാരി അനുപമ മേനോൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു,.. ശോ അതൊരു ഗുമ്മില്ല,.. അല്ലേൽ ഇങ്ങനെമതി, വ്യഭിചാരത്തിനിടയ്ക്ക് പിടിക്കപ്പെട്ട എഴുത്തുകാരി അനുപമ മേനോൻ നാണക്കേട് ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചു,.. വൗ, അതാവുമ്പോൾ എഫക്റ്റീവ് ആയിരിക്കും !”
ഇഷാന്റെ ക്ഷമ മൊത്തം നഷ്ടപ്പെട്ടെന്ന് തോന്നി എനിക്ക്,.. എന്നെയൊന്ന് കടുപ്പിച്ച് നോക്കിയിട്ട് അവൻ നിരാശയോടെ പുറത്തേക്കിറങ്ങിപ്പോയി,…
നവീൻ എന്നെത്തന്നെ നോക്കിനിന്നു,..
“എന്താ? ”
“അല്ല ഇപ്പോൾ ദേഷ്യമെല്ലാം അടങ്ങിയോ? ”
“നവീനോടാരാ ഇഷാനെ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞത്? എനിക്കവനെ കാണുന്നത് പോലും ഇഷ്ടമല്ലെന്നറിഞ്ഞൂടെ? ”
“ഇത്രയധികം വെറുപ്പുണ്ടോ തനിക്കവനോട്? ”
“ആ ഉണ്ട്… അവനോട് ഞാൻ ക്ഷമിക്കുമെന്ന് ആരും കരുതണ്ട !”
“ശരി ക്ഷമിക്കണ്ട,.. എന്തായാലും പാവം ഇഷാൻ, നിനക്കൊരു ആക്‌സിഡന്റ് പറ്റി എന്നറിഞ്ഞപ്പോൾ തേടിപ്പിടിച്ചു വന്നതാ അവൻ,.. സാരല്ല്യ പോട്ടേ, .. താൻ റസ്റ്റ് എടുത്തോളൂ,…. ”
“ഓ അമൂൽ ബേബിക്ക് ധൈര്യമൊക്കെ വെച്ചോ? ”
“വെച്ചുകാണും,.. എന്തായാലും ഞാനൊന്ന് സമാധാനിപ്പിച്ചിട്ട് വരാം !”
നവീൻ പുറത്തേക്കിറങ്ങി,.. അല്ലെങ്കിലും ഇഷാനെ വേദനിപ്പിക്കണം എന്നാഗ്രഹിച്ചു പറഞ്ഞതല്ല ഒന്നും പക്ഷേ ഞാനനുഭവിക്കുന്ന വേദനകളുടെയെല്ലാം കാരണം അവൻ മാത്രമാണെന്ന് ആലോചിക്കുമ്പോൾ ദേഷ്യവും വെറുപ്പുമല്ലാതെ മറ്റൊന്നും തോന്നണില്ല അവനോട്.
മരുന്നിന്റെ ഡോസേജിന്റെ ക്ഷീണം കൊണ്ടാകും അന്നും ഞാൻ വല്ലാതെ ഉറങ്ങി,… എപ്പോഴൊക്കെ ഉറങ്ങി എഴുന്നേറ്റാലും കണ്ണുമാത്രം തുറക്കാൻ തോന്നില്ലായിരുന്നു എനിക്ക്,..
“ഹലോ മാഡം ഒന്ന് കണ്ണു തുറന്നേ !”
“വയ്യ നവീൻ !”
“ഒരു കാര്യം പറയട്ടെടോ,… ”
“പറഞ്ഞോന്നെ !”
“ആദ്യമൊന്ന് കണ്ണ് തുറക്കെന്നേ,.. ”
ഞാൻ മടിയോടെ കണ്ണുകൾ തുറന്നു,.. ആദ്യം അവ്യക്തമെങ്കിലും പിന്നീട് വ്യക്തമായി നവീന്റെ രൂപം തെളിഞ്ഞു, ബാഗ് ഒക്കെയെടുത്ത് പോകാനായി ഒരുങ്ങി നിൽക്കുന്ന നവീൻ
“അയ്യോ നവീൻ പോവാണോ? ”
“യെസ്, ഐ ഹാവ് ടു ഗോ യാർ, ക്ലിനിക്കിൽ നിന്ന് വിളി വന്നുതുടങ്ങി !”
“ഒരു ടു ഡേയ്‌സ് കൂടി .. ”
“നടക്കില്ല മോളേ,.. റിയലി ബിസി !”
“ഓ,… ”
“എന്നാൽ പിന്നെ ഞാനിറങ്ങട്ടെ,.. 5 മണിക്കാ ഫ്ലൈറ്റ്,.. ഇവിടന്ന് രണ്ടു രണ്ടര മണിക്കൂർ ട്രാവൽ ഇല്ലേ എയർപോർട്ടിലേക്ക്? ”
“യാ ഐ തിങ്ക് സോ,.. എനിക്ക് കറക്റ്റ് അറിയില്ല!”
“പിന്നെ നിന്റെ മെഡിസിൻ ബോക്സ് ഞാൻ യാമിനി ചേച്ചിയുടെ അടുത്തേൽപ്പിച്ചിട്ടുണ്ട്,.. ചേച്ചി തന്നോളും കറക്റ്റ് ഡോസിൽ,. വെറുതെ നീയെടുത്ത് കഴിച്ച് ഇവർക്കാർക്കും പണിയാക്കണ്ട !”
“നവീൻ !”
“അയാം സീരിയസ് ബ്രോ,.. എന്നാൽ പിന്നെ പോട്ടേഡോ,.. ടേക് കെയർ,… ”
നവീൻ ഞങ്ങളോട് യാത്രപറഞ്ഞിറങ്ങി,.
*********
“അനു,.. ദാ ഇത്തിരി കൂടി !”
“മതി ഐഷു,… ”
“അതൊന്നും പറഞ്ഞാൽ പറ്റില്ലേ,.. മര്യാദയ്ക്ക് കഴിച്ചോ,… ”
“ഇവളുടെ ഒരു കാര്യം,… ” മനസില്ലാമനസോടെ അവൾ കോരിത്തന്ന ചൂടുകഞ്ഞി ഞാൻ കുടിച്ചിറക്കി,..
അപ്പോഴും അമ്മയും അച്ഛനും വിലക്കപ്പെട്ടവരെപ്പോലെ റൂമിന് വെളിയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു,…
“എന്തിനാ അനു നീ ആന്റിയെയും അങ്കിളിനെയും ഇങ്ങനെ അവോയ്ഡ് ചെയ്യണത്? ”
“ഞാനാണോ അവോയ്ഡ് ചെയ്യണത്? ഇത്ര ദിവസമായിട്ടും അകന്ന് മാറി നിന്ന് ഞാനുറങ്ങുമ്പോൾ കരഞ്ഞും തലോടിയും ഇരുന്നിട്ടെന്താ കാര്യം? ”
അമ്മ മുഖം കുനിച്ചു,…
“ഞാനെന്തായാലും അവരെ ഇങ്ങോട്ട് വിളിക്കാൻ പോവാ,.. ഈ കോൾഡ് വാർ ഞാൻ അനുവദിച്ചു തരില്ല,.. ”
ഐഷു അച്ഛന്റെയും അമ്മയുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടു വന്നു,..
“ശ്ശേ,. രണ്ട് പേരും ഇങ്ങനെ പിണങ്ങി നിന്നാലെങ്ങനെയാ,.. ഈ സൈലൻസ് ഒന്ന് ബ്രേക്ക് ചെയ്യാൻ ഞാനിപ്പോൾ എന്താ ചെയ്യാ? !” ഐഷു തലയിൽ കൈ വെച്ചു,..
“അയാം സോറി,…. ” എന്റെ നാവുകൾ ചലിച്ചു,.. ആ ഒരു വാക്കുകൊണ്ട് തന്നെ ഞങ്ങൾക്കിടയിലെ മൗനത്തിന്റെയും പിണക്കത്തിന്റെയും മതിലുകൾ തകർന്നു വീണു,…
“എന്തിനാ എന്റെ കുട്ടി അങ്ങനൊരബദ്ധം കാണിച്ചത്?”
അച്ഛനെന്റെ നെറുകിൽ വാത്സല്യത്തോടെ തലോടി . അമ്മ അപ്പോഴും കരയുകയായിരുന്നു,.
“ഞാൻ അങ്ങനൊന്നും,…. ”
“ഡി കുരിപ്പേ ഇനി ചാവണം എന്ന് തോന്നുമ്പോൾ വല്ല കുരുടാനൊക്കെ എടുത്തങ്ങടിച്ചോണം, അതാവുമ്പോൾ പിന്നെ ഇത്ര താമസമൊന്നും എടുക്കൂല്ല,… ”
“ഐഷു ഞാൻ അതിന് ആത്മഹത്യ ചെയ്യണെന്നൊന്നും കരുതിയിട്ടില്ല,… ”
“അതൊക്കെ വിട് മോളെ,.. അനുമോളുടെ മനസ്സിന് സന്തോഷം കൊടുക്കുന്ന വല്ല കാര്യവും പറയ് !”
യാമിനി ചേച്ചിയാണത് പറഞ്ഞത്,.. അല്ലേലും ചേച്ചി മുത്താണ്,.. ഇത്രപേരുണ്ടായിട്ടും എന്നെയൊന്ന് സപ്പോർട്ട് ചെയ്തു പറഞ്ഞത് യാമിനി ചേച്ചി മാത്രമാണ്… അത് സാറിന്റെ കാര്യത്തിലാണെങ്കിലും,.
“ഡി,.. ഞാൻ നാളെ പോകുവാ !” ഐഷു ചാടിക്കേറി പറഞ്ഞു,…
ഐഷു പണ്ട് തൊട്ടേ ഇങ്ങനെത്തന്നെയാ എന്ത് പറയുന്നോ അതിന് നേരെ ഓപ്പോസിറ്റ് ആയി മാത്രമേ കാര്യങ്ങൾ ചെയ്യൂ,… അബദ്ധം പറ്റിയത് പോലെ അവൾ ഞങ്ങളെ നോക്കി,…
“ഇല്ലൈഷു കറക്റ്റാ,.. അയാം സോ ഗ്ലാഡ് ടു ഹിയർ ദാറ്റ്,… ”
“പോടീ **** അന്നെ മിക്കവാറും ഞാൻ തന്നെ കൊല്ലും !”
എല്ലാവരും ഉറക്കെ ചിരിച്ചു,.. അപ്പോഴാണ് അച്ഛനും അമ്മയും അടുത്തുണ്ടെന്ന കാര്യം അവൾക്ക് ഓർമ വന്നത്,…
“പോയി ഐഷു,… എല്ലാം കയ്യിൽ നിന്നും പോയി മുത്തേ … ”
ഐഷുവിന്റെ കുറേ പൊട്ടത്തരങ്ങളും തമാശകളും ഒക്കെയായി ഹോസ്പിറ്റൽ വാസം കടന്ന് പോയി, ഐഷു എനിക്ക് വേണ്ടി കുറച്ചു ദിവസങ്ങൾ കൂടി ലീവ് എക്സ്റ്റെന്റ് ചെയ്തിരുന്നു,…
എങ്കിലും നിശ്ശബ്ദതകളിലെല്ലാം തന്നെ,. ഇഷാന്റെയും, മിലൻസറിന്റെയും ഇതുവരെ കണ്ടിട്ടില്ലാത്ത സിബി മിസ്സിന്റെയുമൊക്കെ രൂപം മനസ്സിൽ കടന്നു വരുമായിരുന്നു,…
എന്റെ ചിന്തകൾ ഡൈവേർട്ട് ചെയ്ത് പോകുന്നുണ്ടെന്ന് മനസിലാവുമ്പോഴേക്കും ഐഷു പുതിയ ടോപ്പിക്ക് ഇട്ട് എന്റെ അലഞ്ഞുതിരിയുന്ന മനസ്സിനെ പിടിച്ച പിടിയിൽ നിർത്തും,…
പിന്നെ അവളറിയാതെ എനിക്കവരെ ഓർക്കണമെന്ന് തോന്നുമ്പോൾ ഞാൻ കണ്ടെത്താറുള്ള മാർഗമായിരുന്നു ഉറക്കം,
ഇഷാൻ ഒരുപാട് വേദനിച്ചിട്ടുണ്ടാവില്ലേ എന്റെ ഈ അവഗണനയിൽ? അല്ലെങ്കിലും അവനിത്തിരി വേദനിച്ചോട്ടെ,.. ഞാൻ അപമാനിതയായതിന്റെ ഏഴയലത്ത് പോലും എത്തിക്കാണില്ല അവനോട് ഞാൻ പറഞ്ഞ വാക്കുകൾ,…
എനിക്കിത്ര വലിയൊരപകടം പറ്റിയിട്ടും സാർ ഒന്ന് വിളിക്കുകകൂടി ചെയ്തില്ലല്ലോ,.. സാർ അതിന് മൊബൈൽ യൂസ് ചെയ്ത് ഞാൻ കണ്ടിട്ടേയില്ല.. അത്കൊണ്ട്തന്നെ സാറൊരു പക്ഷേ അറിഞ്ഞുകാണില്ല,… അറിഞ്ഞിരുന്നെങ്കിൽ അന്ന് സിബി മിസ്സിനെ കാണാൻ പോയതുപോലെ എന്തെങ്കിലും കാരണം കണ്ടെത്തി എന്നെയും കാണാൻ വന്നേനെ,..
അങ്ങനെ നാല് ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം ഞാൻ വീട്ടിലേക്ക് തിരികെ വന്നു,..
നടുവണ്ണൂരേക്ക് തിരിച്ചു പോകാമെന്ന് അമ്മ നിർബന്ധിച്ചെങ്കിലും ഒന്നും പകുതിവഴിയിലുപേക്ഷിച്ച് ഒളിച്ചോടാൻ എന്റെ മനസ്സനുവദിച്ചില്ല എന്നതായിരുന്നു സത്യം,.
**********
വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ തുളച്ചുകേറുന്ന പല നോട്ടങ്ങളും ഉണ്ടായി എങ്കിലും,.. ഐഷുവും അച്ഛനും എന്നെ ചേർത്തു പിടിച്ചു,…
“ആരെന്ത് പറഞ്ഞാലും അച്ഛന് മോളെ വിശ്വാസവാ,.. തളർന്നു പോകാതെ തലയുയർത്തി നേരിടണം,.. ”
ഈ വിശ്വാസം അച്ഛൻ അന്നു പ്രകടിപ്പിച്ചിരുന്നേൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു,.. മിലൻസാറും ഈ വീട്ടിൽ തന്നെ കാണുമായിരുന്നു,..
പിന്നെ വീട്ടിൽ സന്ദർശകരുടെ തിരക്കായിരുന്നു,.. റീജിയണൽ ചാനെൽസ് വരെ തേടിയെത്തി ഇന്റർവ്യൂന് വേണ്ടി,.. പക്ഷേ സാർ മാത്രം വന്നില്ല,..
ചാവാനായിക്കിടന്നപ്പോഴാണ് ഇങ്ങനൊരു ഒരെഴുത്തുകാരി നാട്ടിൽ എത്തിയിട്ടുണ്ടെന്ന് പോലും ഇവിടുള്ളവർ അറിഞ്ഞുതുടങ്ങിയത്,..
തലവേദന ആയപ്പോൾ അച്ഛൻ തന്നെ പലരെയും എന്റെ ആരോഗ്യസ്ഥിതി പറഞ്ഞു ബോധ്യപ്പെടുത്താൻ തുടങ്ങി,…
കുറേ ആളുകൾ അതിനെ പോസിറ്റീവ് ആയി എടുത്തു,.. ചിലരതിനെ നെഗറ്റീവായും,… പക്ഷേ നെഗറ്റീവ് ആയിവന്ന ന്യൂസുകൾ ഒന്നുംതന്നെ എന്റെ മനസ്സിനെ വേദനിപ്പിച്ചിരുന്നില്ല എന്നതായിരുന്നു സത്യം,.. എല്ലാവരും ചുറ്റും നിൽക്കുമ്പോൾ ഒരു ധൈര്യമാണ്,..
“ഐഷു ഞാനൊരാഗ്രഹം പറഞ്ഞാൽ നീയെനിക്ക് സാധിച്ചു തരുമോ? ”
“എന്താണാവോ? ”
“ഡി എനിക്ക് സാറിനെ ഒന്ന് കാണണം,… ”
“ആരെ മിലൻസാറിനെയോ? ”
ഞാൻ ഐഷുവിന്റെ വാ പൊത്തി,…
“ഡി ഒന്ന് പതുക്കെ പറയ്,.. അച്ഛനോ അമ്മയോ കേട്ടാൽ,… ”
“എന്നാൽ പിന്നെ സാറിനെയൊന്ന് വിളിച്ചു നോക്ക് !”
“ഫോണില്ല !”
“അതിന് നിന്റെ ഫോണല്ലെ ആ ടേബിളിൽ ഇരിക്കണേ? ”
“എനിക്കല്ല,.. സാറിന് !”
“ഹേ,.. ഇങ്ങേര് ഈ നൂറ്റാണ്ടിൽ തന്നെയാണോ ജീവിക്കണത്? ”
“അതൊക്കെ വിട്,.. നീ എന്തെങ്കിലും ഒരു വഴി പറയ്,… ”
“അങ്ങേരെ എവിടെ ചെന്നാൽ കാണാൻ പറ്റും? ”
“അങ്ങനെ ചോദിച്ചാൽ,… കോളേജ്,.. ”
“ഏത് കോളേജ് ”
“തലപ്പുഴ എഞ്ചിനീയറിംഗ് കോളേജ്,… ”
“എന്നാൽ പോവാം !”
“പക്ഷേ എങ്ങനെ? അമ്മ വിടൂല്ല !”
“അതിനൊക്കെ നമുക്ക് വഴിയുണ്ടാക്കാം,… നീ നാളെ രാവിലെ റെഡിയാവ് !”
“ഐഷു,… ”
“ഡി ഞാനേറ്റന്നെ !”
********
ഐഷുവിന്റെ വാക്കും കേട്ട് ഞാൻ രാവിലെതന്നെ റെഡിയായി,..
“അല്ല മോളിതെങ്ങോട്ടാ? പുറത്ത് പോവാനാണോ? ”
“അത് അമ്മേ ഞാൻ !”
“ഡോക്ടർ റസ്റ്റ് പറഞ്ഞതല്ലേ,.. എന്നിട്ട്,… ”
“എത്ര ദിവസാന്ന് കരുതിയാ ആന്റി ഇവിടെ ചടഞ്ഞുകൂടിയിരിക്കുക,… അവളൊന്ന് ശുദ്ധവായു ശ്വസിക്കട്ടെന്നേ,… ”
” അവര് പോയിട്ട് വരട്ടേന്നെ !” അച്ഛനുംകൂടെ സപ്പോർട്ട് പറഞ്ഞതോടെ എനിക്കൽപ്പമൊക്കെ ധൈര്യം വന്നു,.. .
എങ്കിലും, വീട്ടുകാരെ പറ്റിച്ച് ചെയ്തു കൂട്ടാൻ പോണത് അവർക്കൊട്ടും ഇഷ്ടമില്ലാത്ത കാര്യമാണല്ലോ എന്നോർത്തപ്പോൾ എനിക്കൊരു കുറ്റബോധം തോന്നി,..
അത് മനസിലായ ഐഷു അവർക്ക് പിടികൊടുക്കാതിരിക്കാൻ അച്ഛനും അമ്മയ്ക്കും താങ്ക്സ് പറഞ്ഞ് എന്റെ കൈയ്യും പിടിച്ചു ധൃതിയിൽ പുറത്തേക്ക് നടന്നു,…
“ബൈ അങ്കിൾ,… ”
“പോയിട്ട് വരട്ടെ !”
“അധികം വൈകാനൊന്നും നിൽക്കണ്ടാട്ടൊ !”
അമ്മ ഓർമപ്പെടുത്തി,.. അമ്മ ഇപ്പോൾ ഇങ്ങനാണ് ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് എന്നെ പരിപാലിക്കുന്നത്,…
******
“ഡി കുരിപ്പേ,.. നീയെല്ലാം കൂടെയിപ്പോൾ നശിപ്പിച്ചേനെ? “,
“അതെന്താ ഐഷു,… ”
“അവളുടെ ഒരു കുറ്റബോധം,. ഇത്രയ്ക്കും കുറ്റബോധമുള്ള ആളാണെങ്കിൽ ഇങ്ങനൊരു കാര്യത്തിന് ഇറങ്ങിത്തിരിക്കില്ലായിരുന്നു,…”
ഞാനൊന്നും മിണ്ടിയില്ല,…
“ഡി ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം !”
“എന്താടി? ”
“നിനക്ക് സാറിനോട് എന്തെങ്കിലും,…, ”
“എന്റെ പൊന്ന് ഐഷു അങ്ങനൊന്നുമില്ല !”
“പിന്നെ നിനക്കീ സാറിനെ കാണാതെ ഇരിക്കാൻ പറ്റാത്തതിന്റെ റീസൺ എന്താ? ”
“അതെനിക്ക് സ്റ്റോറീന്റെ, ബാക്കി കേൾക്കണം,.. സിബി മിസ്സിനെന്ത് പറ്റീന്നറിയണം,.. മിസ്സ് സാറിനോട് ഇഷ്ടം തുറന്നു പറഞ്ഞോന്നറിയണം,… അതിന് സാർ അല്ലാതെ എന്റെ മുന്നിൽ വേറൊരോപ്ഷൻ ഇല്ല !”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി,…
“യാ അല്ലാഹ്,.. ഇതിന് വേണ്ടിയാണോ നീ ഇത്രേം കഷ്ടപ്പെടണത് !”
“നോക്ക് ഐഷു,.. എന്നിലെ എഴുത്തുകാരിയെ എനിക്ക് തിരിച്ചു തന്നത്,.. മിലൻ സാറാ,.. അവരുടെ ബാക്കി സ്റ്റോറി അറിയാതിരിക്കുന്നിടത്തോളം കാലം എനിക്കിനി ഒരു വരിപോലും എഴുതാൻ കഴിയില്ല,.. അത് മാത്രമല്ല അതേപോലൊരു ട്വിസ്റ്റ് ഇട്ടാ സാറ് സ്റ്റോറി നിർത്തിയത്,.. ബാക്കി അറിയാതെ എനിക്കൊരു സമാധാനവും കിട്ടില്ല ഐഷു,…. ”
സദാ ചീവിടായിരുന്ന ഐഷുവിന്റെ വാ പോലും എന്റെ മറുപടി കേട്ട് അടഞ്ഞുപോയി,…
അങ്ങനെ വീണ്ടും ഒരിക്കൽ കൂടെ തലപ്പുഴ എൻജിനീയറിങ് കോളേജിലേക്ക്,… സാറിനോട് വഴക്കിട്ടായിരുന്നു എന്റെ ആദ്യ എൻട്രി,..
ഐഷു പാർക്കിംഗ് ഏരിയയിൽ വണ്ടിയൊതുക്കി,..
“നീ പോയി കണ്ടിട്ട് വാ,.. ”
എനിക്കെന്തോ ധൈര്യമെല്ലാം ചോർന്നുപോകുന്നത് പോലെ തോന്നി,…
“എനിക്കെന്തോ ആകെ ചടയ്ക്കുന്നു ഐഷു,…. ”
“ശേ,.. ഇവളുടെ ഒരു കാര്യം,.. വാ ഇങ്ങോട്ട്,… ”
അവൾ എന്റെ കൈ പിടിച്ചു നടന്നു,… ആദ്യം കണ്ട ആളോട് തന്നെ അവൾ കാര്യമന്വേഷിച്ചു,…
“ചേട്ടാ ഈ മിലൻ സാർ !”
“മിലൻ സാറോ? ഏത് മിലൻസാർ? ”
ദൈവമേ ഇയാൾക്ക് അറിയില്ലേ,…
“ഡി,.. സാറേത് ഡിപ്പാർട്മെന്റ് ആണെന്നാ പറഞ്ഞേ? ”
“ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് !”
“എനിക്ക് കറക്റ്റ് അറിയില്ലാട്ടോ,.. നിങ്ങൾ ഓഫീസിൽ പോയി ഒന്ന് അന്വേഷിച്ച് നോക്കു,… ”
“താങ്ക്സ് ചേട്ടാ, നീ വാ !”
ഐഷു എന്റെ കൈ പിടിച്ച് ഓഫീസിലേക്ക് നടന്നു,…
“എന്തായിരുന്നു? ”
ഒരുദ്യോഗസ്ഥൻ ഞങ്ങളോടന്വേഷിച്ചു,…
“അതേ,.. ഈ മിലൻ സാർ? ”
“മിലൻ സാറോ? സാർ ട്രാൻസ്ഫർ ആയിപ്പോയല്ലോ !”
എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു,.. എന്നാലും ഒരു വാക്കുപോലും പറയാതെ സാർ,… ഞാൻ കരച്ചിലടക്കി നിന്നു,… ഐഷു എന്നെ ചേർത്തു പിടിച്ചു,…
“എന്ന്? ”
“ഒരാഴ്ചയായി, എന്തായിരുന്നു? ” ഞങ്ങൾ വൈകിപ്പോയിരുന്നു,..
“അത് പിന്നെ,.. ഇവൾ സാറിന്റെ ഫ്രണ്ടാ,.. ഇവളുടെ മാര്യേജ് ആണ് അതിന് ക്ഷണിക്കാൻ വേണ്ടി വന്നതാ,.. ”
എന്റെ മാര്യേജ്? ഈ ഐഷു എന്തൊക്കെയാ ഈ വിളിച്ചു പറയണത്?
“ഓ,.. അങ്ങനാണോ,… ”
“യെസ്,.. സാറിന്റെ നമ്പർ ഉണ്ടാകുമോ,.. ഞങ്ങടെ കയ്യിൽ നിന്നും മിസ്സ് ആയിപ്പോയി,.. ”
“നമ്പർ,.. സാർ അതിന് മൊബൈൽ ഫോൺ യൂസ് ചെയ്യാറില്ല,… പിന്നെ സാറ് വാടകയ്ക്ക് നിന്ന വീട്ടിലെ ലാൻഡ് ലൈൻ നമ്പർ ഉണ്ട്,.. അവരോട് ചോദിച്ചാൽ ചിലപ്പോൾ ! ”
സാറ് വാടകയ്ക്ക് നിന്ന വീടിന്റെ ഉടമസ്ഥയാണ് ഞാനെന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നു,… പക്ഷേ ഐഷുവിനാണ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മിടുക്ക്, ഞാൻ മിണ്ടാതിരിക്കുന്നതാണ് ബുദ്ധി,…
“അല്ല സാറ് ഏത് കോളേജിലേക്കാ ട്രാൻസ്ഫർ ആയതെന്നറിയുവോ? ”
” ഒരു മിനിറ്റ് ഡീറ്റെയ്ൽസ് നോക്കിയിട്ട് പറഞ്ഞുതരാം !”
“താങ്ക് യൂ സോ മച്ച് !”
ഞങ്ങൾ വെയിറ്റ് ചെയ്തു,.. ഡീറ്റെയ്ൽസ് നോക്കിയപ്പോൾ എറണാകുളം മോഡൽ എഞ്ചിനീയറിംഗ് കോളേജിലേക്കാണ് സ്ഥലം മാറ്റം കിട്ടിയതെന്നറിഞ്ഞു,… അതോടൊപ്പം തന്നെ സാറിന്റെ വീട്ടിലെ അഡ്രസ്സും,….
“അല്ലൈഷു എന്തോർത്തിട്ടാ നീ പറഞ്ഞത് എന്റെ മാര്യേജ് ആണെന്ന് !” അവിടെ നിന്നുറങ്ങുമ്പോൾ ഞാൻ അവളോട് ചോദിച്ചു,..
“അതിനെന്താ കുഴപ്പം? എന്തേലും പറയണ്ടേ? എന്തായാലും ഇവിടാർക്കും നിന്നെ അറിയാത്തത് കൊണ്ട് രക്ഷപെട്ടു!”
“വേറെന്തൊക്കെ റീസൺ ഉണ്ട്? നിനക്ക് ഇത് മാത്രേ പറയാൻ കിട്ടിയോളു? ”
” ആ അത് വിട്,. അപ്പോൾ എങ്ങനാ പോവല്ലേ? ”
“എങ്ങോട്ട്? ”
“ടു കൊച്ചി!”
“കൊച്ചിക്കോ? ”
“അല്ലാതെന്ത് പറയാനാ? നിനക്ക് കഥയുടെ ബാക്കിയറിയണ്ടേ? ”
“പക്ഷേ വീട്ടിൽ എന്ത് പറയും? ”
“എന്ത് പറയാൻ,.. നമ്മുടെ ഏതെങ്കിലും ഒരു കോമൺ ഫ്രണ്ടിന്റെ മാര്യേജ് ആണെന്ന് പറയുക,… ഇപ്പോൾ നിന്റെ മാര്യേജ് ആണെന്ന് പറഞ്ഞതുപോലെ,… ”
“ഐഷു !”
“നമുക്ക് റെഡിയാക്കാം മുത്തേ,.. ഒരു കാര്യം മാത്രം തീരുമാനിച്ചാൽ മതി,.. മിലൻസാറിന്റെ വീട്ടിലേക്ക് പോണോ,.. അതോ കോളേജിലേക്കോ?”
“സാറും സെയിം കോളേജിൽ തന്നെയാ പഠിച്ചതെന്നാ തോന്നണത് !”
“വീട്ടിൽ നിന്നാണോ പഠിച്ചത്? ”
“അറിയില്ല!”
“എന്തായാലും വീട്ടിലേക്ക് വിടാം ഓക്കേ,… ഡീറ്റെയ്ൽ ആയി സംസാരിക്കാൻ അതാ സൗകര്യം ! അപ്പോൾ സെറ്റ് ”
***—-***
ഐഷു തന്നെയാണ് ഈ കാര്യവും വീട്ടിൽ അവതരിപ്പിച്ചത്,..
“കോമൺ ഫ്രണ്ട് എന്ന് പറയുമ്പോൾ? ”
“ജിൻസി,.. ഞങ്ങളുടെ തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ആണ് വാടകയ്ക്ക് താമസിച്ചത്,… ”
“അല്ല മോളെ ഇത്രയും ദൂരമെന്നൊക്കെ പറയുമ്പോൾ,…ഇവൾക്ക് വയ്യാത്തതല്ലേ? ”
“ഫ്ലൈറ്റ് ടിക്കറ്റ് ഉണ്ടോന്ന് ഒന്ന് നോക്കി നോക്കാം ആന്റി,.. അങ്കിളെന്താ ഒന്നും പറയാത്തത് ? !”
“അല്ല ഞാനാലോചിക്കുവായിരുന്നു,.. എത്ര ബുദ്ധിമുട്ടിയാണെന്റെ കുട്ടികൾ കള്ളം പറയാനുള്ള കഥകൾ മെനഞ്ഞെടുക്കുന്നതെന്ന് !”
ഞാനും ഐഷുവും ഞെട്ടലിൽ പരസ്പരം നോക്കി,…
“ആ സാറിനെകാണാനുള്ള പോക്കല്ലേ ഇത് ? ”
എല്ലാം കയ്യിൽ നിന്നും പോയെന്ന് ഞങ്ങൾക്ക് തോന്നി,… അമ്മയുടെ മുഖം മാറി വന്നു,…
“സത്യം പറഞ്ഞാൽ വിടില്ലെന്ന് തോന്നിയോ എന്റെ കുട്ടിക്ക്,… ”
“അച്ഛാ ഞാൻ !”
“എനിക്ക് വിശ്വാസവാ എന്റെ മോളെ,.. ധൈര്യമായി പോയിട്ട് വാ !”
ഞാനാ മടിയിൽ വീണു കരഞ്ഞുപോയി,…
****—****
അങ്ങനെ ഐഷുവിനൊപ്പം ഞാൻ കൊച്ചിക്ക് യാത്രയായി,.. ഞങ്ങൾ ഒരുമിച്ചിങ്ങനൊരു ദൂരയാത്ര പോയിട്ട് കുറേ കാലങ്ങൾ ആയിരുന്നു,…
അങ്ങനെ കൊച്ചിയെത്തി, ടൗണിൽ ചെന്ന് മിലൻസാറിന്റെ വീട്ടിലേക്കൊരു ഓട്ടോ വിളിച്ചു,…
“ഐഷു,.. നീ വേണേൽ ആ മഹറെടുത്ത് പുറത്തേക്കിട്ടോ,.. അല്ലെങ്കിൽ സാറിനുള്ള പുതുമണവാട്ടിയായിട്ടെങ്ങാനും അവർ നിന്നെ തെറ്റിദ്ധരിച്ചാലോ !”
“അങ്ങനെ സംഭവിച്ചാൽ എന്റെ കെട്ടിയോൻ രക്ഷപെട്ടു,.. നിന്റെ മിലൻസാർ പെട്ടു !”
” എന്താ മോളേ നിന്റെയൊരു മനസിലിരുപ്പ്,…!”
“എന്തേ നല്ലതല്ലേ? അല്ല മോളിപ്പോൾ നല്ല എനെർജറ്റിക് ആണല്ലോ,.. എന്താ സാറിനെ കാണാനുള്ള എക്സൈറ്റ്മെന്റിലാണോ? ”
“അങ്ങനേം പറയാം !”
“ചേച്ചി,.. ഇതാ നിങ്ങൾ പറഞ്ഞ വീട് !”
ഞങ്ങൾ അപ്പോഴാണ് അത് ശ്രദ്ധിച്ചത് മുറ്റം നിറയെ ആള് കൂടിയിട്ടുണ്ട്,.. പലരും ദൂരെ മാറി നിന്ന് ഒതുക്കത്തിൽ സംസാരിക്കുന്നു,…
എന്റെ ഉള്ളിലെന്തോ ഒരു ഭയം ഏറി വന്നു,.
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission