“അച്ചൻകുഞ്ഞ് ” വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാൻ അവനെത്തന്നെ നോക്കി നിന്നു,..
“സർപ്രൈസ് !”
അവൻ പുഞ്ചിരിയോടെ അടുത്തേക്ക് വന്നു,.. ആ ഭീകരന്റെ ലുക്ക് ഒക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു,.. ഒന്നു നന്നായതിന്റെ എല്ലാ വിധ ലക്ഷണങ്ങളും ഉണ്ട്,..
“സാറ് പോവാണെന്ന് കേട്ടു,”
“മ്മ് !” ഞാൻ മൂളി,… യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടിട്ടും ഒന്നും വിശ്വസിക്കാൻ തയ്യാറാവാത്തത് പോലെ കുട്ടികളുടെയെല്ലാം മുഖത്ത് വീണ്ടും നിരാശ വിരിഞ്ഞു,…
“തനിക്ക് സുഖമല്ലേ? ”
“മ്മ്മ് !”
“ഇപ്പോൾ ജീവിതമൊക്കെ? ”
“നന്നായിപ്പോണൂ സാർ,.. അടിപൊളി !”
ഞാനവന്റെ ചുമലിൽ തട്ടി,..
“എന്നോട് ഇത്രയും കരുതൽ കാണിച്ച ഒരധ്യാപകനുണ്ടെങ്കിൽ അത് സാറ് മാത്രവാ,… ”
ഇവനും സെന്റിയടിച്ച് എന്നെ കരയിക്കാനാണ് ഉദ്ദേശമെന്ന് തോന്നുന്നു,…
” സാറിന്റെ ആഗ്രഹം ഞാൻ വീണ്ടും പഠിക്കാൻ വരണമെന്നായിരുന്നു, പക്ഷേ എന്നെക്കൊണ്ടത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല,.. അപ്പോൾ സാറ് പോകുമ്പോഴെങ്കിലും വന്നു കണ്ടില്ലെങ്കിൽ അത് നന്ദികേടായിപ്പോവും,.. ”
ഇവന്റെ മനസ്സിൽ എനിക്കിത്രയും സ്ഥാനമുണ്ടാകുമെന്ന് കരുതിയില്ല,.. ഇവിടെ ഇത്രയും കാലം വർക്ക് ചെയ്തിട്ടും ചങ്ക് പറിച്ചുതരുന്ന ഒരുപാട് കുട്ടികളെ കിട്ടി,.. അതാണ് എന്റെ ഏക നേട്ടവും,..
” സാറന്ന് ഒരുപാട് ആഗ്രഹിച്ചു എന്നറിയാം എന്റെ തിരിച്ചുവരവ്,.. ഇങ്ങനെങ്കിലും ആ ആഗ്രഹം ഞാൻ സാധിച്ചു തരണ്ടേ? ”
സന്തോഷത്താൽ ഞാനവനെ ആലിംഗനം ചെയ്തു,…
“കെട്ടിപ്പിടുത്തവും ഉമ്മവെയ്ക്കലും ഒക്കെ കഴിഞ്ഞെങ്കിൽ ഒന്ന് വരാവോ, ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ !” ഉണ്ണികൃഷ്ണൻ ഫോട്ടോഗ്രാഫറെയും കൂട്ടി വന്നു
ഉള്ള് വേദനയാൽ കൊത്തിപ്പറിക്കുമ്പോഴും, കുട്ടികളുടെ ആഗ്രഹങ്ങളെ എതിർക്കാൻ തോന്നിയില്ല,… കുറച്ചു നല്ല നിമിഷങ്ങൾ. എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ,… ഒരു ഗ്രാന്റ് സെന്റ് ഓഫ് തന്നെ ആക്കിത്തന്നു,…
മറ്റുള്ള അധ്യാപകരും ഞങ്ങൾക്കൊപ്പം കൂടി, സിബിയുടെ അസാന്നിധ്യം ഞാൻ ശരിക്കുമനുഭവിച്ചു,..
“ഇവിടെ നിന്ന് കണ്ണീരോടെയല്ലാതെ ഒരധ്യാപകനും ഇറങ്ങിപ്പോയിട്ടില്ല,.. ”
ഉണ്ണികൃഷ്ണൻ പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ ഞാൻ വന്നത് മുതലുള്ള കാര്യങ്ങൾ വീണ്ടും ഓട്ടപ്രദക്ഷിണം നടത്തി,…
“സാറിന്റെ അവസ്ഥയും മറിച്ചല്ലെന്നറിയാം, എങ്കിലും ഒരു വ്യത്യാസം മാത്രം !”
ഞാൻ അവനെത്തന്നെ നോക്കിയിരുന്നു,..
“അവർക്കാർക്കും ഞങ്ങൾ ഞങ്ങളുടെ സ്നേഹം കൊടുത്തിട്ടില്ല, മനസ്സും,.. പക്ഷേ സാറിന്ന് ഇവിടന്ന് ഇറങ്ങിപ്പോവുന്നത് ഞങ്ങളുടെ സ്നേഹം കൊണ്ടാണ് !”
എല്ലാവരും ആവേശത്തിൽ കയ്യടിച്ചു,..
“സാറിന്റെ ചങ്ക് പൊളിയുകയാണെന്നറിയാം,. എങ്കിലും ഞങ്ങൾക്കൊപ്പം ഈ കോമാളിത്തരങ്ങൾക്കൊക്കെ നിന്നു തന്നു,.. ഞങ്ങൾ സന്തോഷിച്ചോട്ടെ എന്ന് കരുതി,.. അല്ലേ? ”
അവരെങ്ങനെ എന്റെ മനസിത്ര കൃത്യമായി വായിക്കുന്നുവെന്നോർത്തെനിക്ക് അത്ഭുതം തോന്നി,…
“ഞങ്ങളും ഇതൊക്കെ ചെയ്തു കൂട്ടിയത് ചങ്ക് തകരുന്ന വേദനയോടെയാ,.. പിന്നെ ആഗ്രഹമുണ്ടായിരുന്നു,.. ആർക്കെങ്കിലും ഇതേപോലൊരു ഗ്രാന്റ് സെന്റ് ഓഫ് നൽകി വിടണമെന്ന്,.. അതിന് ഈ പോയ അധ്യാപകരൊന്നും യോഗ്യരായിരുന്നില്ല,.. പിന്നെ ഇവിടുള്ള അധ്യാപകരും ”
ജേക്കബ് സാറടക്കം മുൻപന്തിയിൽ ഇരുന്ന എല്ലാ അധ്യാപകരും തല താഴ്ത്തി,….
“വീ വിൽ മിസ്സ് യൂ സാർ !”
അതും പറഞ്ഞവൻ സ്റ്റേജിൽ നിന്നുമിറങ്ങി,.. പലരും എന്നെക്കുറിച്ച് നല്ലത് വാഴ്ത്തിപ്പാടി, അതിൽ എന്നെ കുറ്റം പറഞ്ഞവരും പാര വെച്ചവരുമായ അധ്യാപകരും ഉണ്ടായിരുന്നുവെന്ന വൈരുധ്യം എന്നിൽ വിരസമായൊരു ചിരി പടർത്തി,…
പിന്നെ സ്റ്റേജിലേക്ക് കയറിയ ആളെ കണ്ട് ഞാനൊന്ന് ഞെട്ടി,…
പ്രകാശ്,… കുട്ടികൾക്കേറ്റവും ദേഷ്യം അയാളോടായത് കൊണ്ട് തന്നെ അയാൾ സംസാരിച്ചു തുടങ്ങിയതും കൂവലിന്റെ പെരുമഴതന്നെയായിരുന്നു,…
അയാൾ നിശബ്ദനായി എല്ലാം കേട്ടു നിന്നു,… പ്രകാശിന്റെ കണ്ണുകളിൽ കുറ്റബോധമുണ്ടായിരുന്നു,… ഇനിയും അയാളെ അപമാനിക്കുന്നത് ശരിയല്ലെന്നത് കൊണ്ട് തന്നെ ഞാൻ കുട്ടികളോട് നിശ്ശബ്ദരായിരിക്കാൻ അപേക്ഷിച്ചു,…
അയാൾ പരസ്യമായി ആ വേദിയിൽ എന്നോട് മാപ്പപേക്ഷിച്ചു,.. ചെയ്ത തെറ്റുകൾ ഉറക്കെ വിളിച്ചു പറഞ്ഞു,.. കുട്ടികൾ പലരും പ്രകോപിതരായെങ്കിലും എന്നെയോർത്തവർ അടങ്ങി,….
മറുപടി പ്രസംഗത്തിൽ ഞാനും വികാരാധീനനായിരുന്നു,.. എല്ലാവർക്കും സ്നേഹവും നന്ദിയും അറിയിച്ചു,.. തിടുക്കപ്പെട്ട് കാര്യങ്ങൾ പറഞ്ഞത് സിബിയെ കാണാനുള്ള വീർപ്പുമുട്ടലിൽ ആയിരുന്നു,.. അതെല്ലാവർക്കും മനസ്സിലാവുകയും ചെയ്തു,..
പ്രകാശ് എനിക്കരികിലേക്ക് വന്നു,…
‘അയാം റിയലി സോറി മിലൻ ‘
‘അതൊന്നും സാരമില്ലടോ ‘ ഞാനയാളുടെ ചുമലിൽ തട്ടി,…
“തനിക്കെന്നോട് ദേഷ്യം കാണുമെന്നറിയാം !”
“ഉണ്ടായിരുന്നു പക്ഷേ ഇപ്പോഴില്ല !” ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു,…
സ്റ്റാഫ് റൂമിലേക്ക് കേറാൻ നേരം എന്റെ കാലുകൾ വിറച്ചു,. സിബി കാത്തിരിപ്പുണ്ടാകുമോ എന്ന് അപ്പോഴും എനിക്കറിയുമായിരുന്നില്ല,…
രണ്ടും കൽപ്പിച്ചു ഞാനകത്തേക്ക് കയറി,.. തന്റെ സീറ്റിൽ നിശബ്ദയായി സിബി ഇരിപ്പുണ്ടായിരുന്നു,.. എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ ഒരു പ്രതിമ കണക്കെ അവൾ അതേ ഇരുപ്പിരുന്നു,…
ഉള്ളിലെ ദുഃഖങ്ങളെല്ലാം മുഖത്ത് വ്യക്തമായി പ്രതിഫലിച്ചിരുന്നു,.. ഞാൻ ക്ലോക്കിലേക്ക് നോക്കി,.. സമയം രണ്ടേമുക്കാലായിരിക്കുന്നു,.. അപ്പോൾ അവൾ ഇത്ര നേരവും എനിക്കായി കാത്തിരിക്കുകയായിരുന്നു,…
ഒന്നും ചോദിക്കാൻ നാവുയർന്നില്ല,.. നിശബ്ദനായി ഞാനും സീറ്റിൽ പോയിരുന്നു,… സമയം കടന്നു പോയിക്കൊണ്ടേയിരുന്നു,.. ഒരക്ഷരം മിണ്ടാതെ ഞാനും സിബിയും ഒറ്റയ്ക്ക് സ്റ്റാഫ് റൂമിൽ ഒരു ബെഞ്ചിന്റെ ഇരുവശത്തുമായിരുന്നു,.. ക്ലോക്കിലെ ഓരോ സൂചിയും അനങ്ങുന്നത് എനിക്ക് വ്യക്തമായിക്കേൽക്കാമായിരുന്നു,…
ബെല്ലടിക്കാൻ ഇനി കുറച്ചു നിമിഷങ്ങൾ മാത്രം ബാക്കി,.. ഇനിയും വയ്യ,.. ഞാനവൾക്കരികിലേക്ക് നീങ്ങിയിരുന്നു,…
“സിബി,… ” വികാരധീനനായി ഞാൻ വിളിച്ചു,..
അവളുടെ കണ്ണിൽ നിന്നും രണ്ടിറ്റ് കണ്ണുനീർ ഡെസ്കിലേക്ക് വീണു,…
ഞാനവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു,.. സിബി എതിർത്തില്ല അനങ്ങാതെയിരുന്നു,…
“ഞാൻ,.. ഞാൻ പോവാ സിബി !”
ഒരുവിധം പറഞ്ഞൊപ്പിച്ചു,… അടുത്ത നിമിഷം അവളെന്റെ നെഞ്ചിലേക്ക് ചേർന്നു പൊട്ടിക്കരഞ്ഞു,… ഞാനവളെ ചേർത്ത് പിടിച്ചു,.. ഒരു പേമാരികണക്കെ ഇത്രയും കാലം അവൾ ഉള്ളിൽ ഒതുക്കിപ്പിടിച്ച പ്രണയം എന്നിൽ പെയ്തിറങ്ങി,…
“സാറെന്നോട് ക്ഷമിക്കണം !”
“എന്താ സിബി ഇത് !”
“എനിക്കും മിലന്റെ പെണ്ണായി ജീവിക്കാനായിരുന്നു ഇഷ്ടം പക്ഷേ വിധി,.. എന്നെ ഇങ്ങനൊക്കെയാക്കിത്തീർത്തു !”
ഞാൻ മറുപടി നൽകിയില്ല,..
“എനിക്കാരെയും വിഷമിപ്പിക്കാൻ പറ്റില്ല സാർ,. എന്റെ പപ്പയെയും അമ്മയെയും ഒന്നും,.. അവരോടുള്ള കടപ്പാടിന് മുൻപിൽ എന്റെ പ്രണയം ചെറുതായിപ്പോയി,..”
അവൾ തുടർന്നു,…
“അവർക്കേറ്റവും വലുത് ആത്മാഭിമാനമാണ്, മകൾ ഒരന്യമതക്കാരനൊപ്പം ഇറങ്ങിപ്പോയി എന്ന നാണക്കേട് ഉണ്ടാവാതിരിക്കാൻ വേണ്ടി,.. പോയ്സൺ കാണിച്ചു കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് പപ്പ പറഞ്ഞപ്പോൾ ഞാനൊരു മകൾ മാത്രമായി മാറി,… നഷ്ടപ്പെടുത്താൻ വയ്യായിരുന്നു എനിക്കാരെയും, അവരുടെ ശവമഞ്ചത്തിന് മേൽ എനിക്ക് ഫസ്റ്റ് നൈറ്റ് ആഘോഷിക്കുന്നതിലും നല്ലത് എന്റെ ഇഷ്ടങ്ങളെ കുഴിച്ചുമൂടലാണെന്ന് തോന്നി, അതാണ് ശരിയെന്നും ”
അവൾ കരഞ്ഞുകൊണ്ടേയിരുന്നു,..
“ഞാൻ മോഹിപ്പിച്ചിട്ടുണ്ടാകും അറിയില്ല,.. പക്ഷേ,.. ആ മോഹങ്ങളൊന്നും സാധിച്ചുതരാൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല, കഴിയുകയുമില്ല”
“അറിയാം സിബി !” ഞാനവളുടെ മുടിയിഴകളിൽ തലോടി,.. പുറത്തു മുഴുവൻ ബെൽറ്റ് കൊണ്ടടിച്ച പാടുകൾ തെളിഞ്ഞു കാണാമായിരുന്നു,…
” സാറെന്നെ വെറുത്തോളു,.. അത് തന്നെയാ നല്ലത് !”
“എനിക്ക് നിന്നെ വെറുക്കാനാവില്ല സിബി ഒരിക്കലും,.. !” എന്റെ വാക്കുകൾ ഇടറി,..
നീണ്ട ലോങ്ങ് ബെൽ മുഴങ്ങി,.. സിബി ഞെട്ടലിൽ എന്നിൽ നിന്നടർന്നു മാറി,..
“ഞാൻ പോട്ടെ,.. ” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,..
“സിബി,… ”
“പ്ലീസ്, എന്നെ തടയരുത് സാർ,.. ” അവൾ എഴുന്നേറ്റു,
“സിബി,.. ” അമ്മയെ വിട്ടുപോകാൻ മടിക്കുന്ന ഒരു കൊച്ചുകുട്ടിയെന്ന പോലെ ഞാനവളുടെ കയ്യിൽ മുറുക്കി പിടിച്ചു,…
“എല്ലാം സഹിക്കാനുള്ള ശക്തി ദൈവം തരട്ടെ സാർ,. സാറ് ജീവനോടെ ഇരിക്കുന്നെന്ന് മാത്രം ആരെങ്കിലും പറഞ്ഞു കേട്ടാൽ മതി എനിക്ക് !” അവളെന്റെ കൈ വിടുവിച്ച് ഹാൻഡ് ബാഗുമെടുത്ത് നടന്നു,..
എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കണ്ണുനീർ അണപൊട്ടിയത് പോലെ പുറത്തേക്കൊഴുകി,… ഒരു പിൻവിളികേട്ടെന്ന പോലെ സിബി ഒന്ന് നിന്നു,.. എന്തോ ആലോചിച്ചവിടെ നിന്നു,.. പിന്നെ എന്റെ അരികിലേക്ക് തിരികെ വന്നു,..
ആ നിമിഷം എനിക്കൊരു പ്രതീക്ഷ നൽകി,..
അവളെന്റെ കൈകളിൽ ചുംബിച്ചു,.. പിന്നെ കവിളുകളിലും,. അവളുടെ ആദ്യചുംബനത്തിന്റെ തീവ്രതയിൽ ഞാൻ തരിച്ചു നിന്നു,..
മിഴിനീർ തുടച്ച് പോകാനൊരുങ്ങിയ അവളെ ഞാൻ എന്നിലേക്ക് പിടിച്ചടുപ്പിച്ച് അവളുടെ ചുവന്ന അധരങ്ങളിൽ അമർത്തി ചുംബിച്ചു,.. അവൾ എതിർത്തില്ല,.. എന്റെ കണ്ണുനീർ തുള്ളികളെ അവളുടെ കവിൾത്തടങ്ങൾ ഏറ്റു വാങ്ങി,.. പെട്ടന്ന് തെറ്റെന്തോ ചെയ്തത് പോലെ അവളെന്നിൽ നിന്നുമടർന്നു മാറി,… അവളുടെ ഉടലിനെ ചുറ്റിപ്പിടിച്ച എന്റെ കൈകൾ അടർത്തി മാറ്റി തിടുക്കത്തിൽ അവൾ പുറത്തേക്ക് നടന്നു,..
ഒന്ന് ശബ്ദിക്കാൻ പോലുമാവാതെ ഞാൻ ഇരുന്നു, സിബിയെ നോക്കി അവൾ കണ്ണിൽ നിന്നും മറയും വരെ,.. പതിയെ അവൾ എന്നിൽ നിന്നും അപ്രത്യക്ഷയായി,.. എല്ലാവരുടെയും മുഖത്ത് സഹതാപതരംഗം ആഞ്ഞടിക്കുന്നുണ്ടായിരുന്നു, എങ്കിലും അവരാരുമെന്റെ സമീപത്തേക്ക് വരാതിരുന്നത് ആ പ്രൈവസി എനിക്കാവശ്യമാണെന്ന് തോന്നിയത്കൊണ്ടാവണം,…
സിബിയോടെനിക്ക് ദേഷ്യമോ വൈരാഗ്യമോ, പരിഭവമോ ഒന്നും തോന്നിയില്ല,. കാരണം ഞങ്ങളുടെ സ്നേഹം അത് പരിശുദ്ധമായിരുന്നു,. കളങ്കമില്ലാത്തതായിരുന്നു,… എന്നെ ജീവനയിക്കരുതുന്ന പെണ്ണിനെ ഞാൻ മനസിലാക്കിയില്ലെങ്കിൽ പിന്നെ ആര് മനസ്സിലാക്കാനാണ്,…
പുസ്തകങ്ങൾ എടുത്തു വേസ്റ്റ് ബാസ്കറ്റിൽ ഇട്ട് ആരോടും ഒരക്ഷരം പോലും ഉരിയാടാതെ, ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഞാൻ സെന്റ് മേരീസ് ഐ ടി സി യുടെ പടികളിറങ്ങി,.. മഴ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു,.. റോഡിലൂടെ വന്ന ഒരു ഓട്ടോയ്ക്ക് ഞാൻ കൈ നീട്ടി,…
“എങ്ങോട്ടാ സാറെ? ”
“ബസ് സ്റ്റാൻഡ് !”
കാലുകളിലൂടെ തണുപ്പരിച്ച് കേറുമ്പോഴും അവളുടെ ആദ്യ ചുംബനത്തിന്റെ ചൂട് ഒട്ടുംതന്നെ ആറിയിരുന്നില്ല !
*****–*****
വായിച്ചു തീർന്നതും ഒരു നിമിഷത്തേക്ക് ഞാൻ സ്തബ്ധയായി ഇരുന്നു,.. അറിയാതെ കണ്ണ് നിറഞ്ഞു,…ചങ്ക് പിടയുന്നൊരു വേദന,.. കണ്ണുനീർ തുള്ളികൾ വാക്കുകൾക്ക് മേൽ ഇറ്റ് വീണ് മഷി പടർത്തി,…
മിലൻ സാർ എത്ര മാത്രം മാനസിക സംഘർഷങ്ങൾ അനുഭവിച്ചു കാണണം ആ നിമിഷത്തിൽ, പലതും എഴുതി ഫലിപ്പിക്കാൻ ആകുന്നതിനും അപ്പുറമായിരിക്കും,…
12 വർഷങ്ങൾ, ഈ 12 വർഷങ്ങളും മിലൻ സാർ മിസ്സിനെ തന്നെ ഓർത്തിരിക്കണമെങ്കിൽ എത്ര തീവ്രമായിരിക്കും ആ പ്രണയത്തിന്റെ ശക്തി,.. എന്നിട്ടും ഒരുമിക്കാൻ അവർക്ക് വിധിയില്ലാതെ പോയല്ലോ,..
എന്റെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ കേട്ടാണ് ഐഷു ഉറക്കമുണർന്നത് …. അവൾ അമ്പരപ്പോടെ കണ്ണും തിരുമ്മി എന്നെ നോക്കി,..
“എന്താ അനു?… ”
ഞാൻ ഒന്നും മിണ്ടിയില്ല,.. അവൾ പുതപ്പ് മാറ്റി എഴുന്നേറ്റ് വന്നു,.
“നീയിന്നലെ രാത്രി ഉറങ്ങിയില്ലേ? ”
അവളെന്റെ ചുമലിൽ കൈ വെച്ചു, ഞാനവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു,…
“എന്തോന്നാ അനു ഇത്? ”
ഞാൻ മിഴികൾ തുടച്ച് ഡയറി അവൾക്ക് നേരെ നീട്ടിപ്പിടിച്ചു,..
“അപ്പോൾ ഇതാണ് കാര്യം,,, എന്താണ് ക്ലൈമാക്സ് ട്രാജഡി ആണോ? ”
ഞാൻ തലയാട്ടി,..
“ഞാൻ ഊഹിച്ചു. ബിക്വാസ് മിലൻ സാർ ഇപ്പോഴും സിംഗിൾ ആണല്ലോ, അവർ ഒരുമിച്ചിരുന്നെങ്കിൽ ഈ സിബി മിസ്സ് ഇപ്പോൾ സാറിനൊപ്പം കാണുമായിരുന്നു,.. ശരിയല്ലേ? ”
“മ്മ് !”
“നിനക്കും അതറിയാലോ, പിന്നെ ഇത്രയൊക്കെ റിസ്ക് എടുത്ത് ഇവിടെ സാറിനെ തേടി വരണമായിരുന്നോ? അല്ല സിബി മിസ്സിന് എന്താ പറ്റീത്? ”
ഞാൻ ഒറ്റ ശ്വാസത്തിൽ ഐഷുവിനോട് കാര്യങ്ങൾ ചുരുക്കത്തിൽ അവതരിപ്പിച്ചു,..
“ഓ, ഇത്രയുമല്ലേ സംഭവിച്ചോളു,.. ഞാൻ വിചാരിച്ചു മിസ്സിന് വല്ല !”
“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ ഐഷു”
“പിന്നെ നിന്റെ മോങ്ങല് കണ്ടാൽ പിന്നെ വേറെന്താ തോന്നുക !”
“ഇറ്റ്സ് റിയലി ടച്ചിങ് !”
“അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ ! ഡിപ്രെഷനും അടിച്ചിരിക്കുന്ന നിന്നേം കൊണ്ട് ഇറങ്ങിത്തിരിച്ച എന്നെ പറഞ്ഞാൽ മതി,”
“ഐഷു ഞാൻ,.. ”
“ഡി, നിന്നെ സംബന്ധിച്ചിടത്തോളം മിലൻ സാർ നിന്റെ സുഹൃത്താണ്,.. എന്ന് കരുതി ഇത്രമാത്രം സെന്റിമെന്റൽ ആവേണ്ട കാര്യമുണ്ടോ? ”
“അറിയില്ല ഐഷു,.. പക്ഷേ ഇതെന്റെ ഹൃദയത്തെ വല്ലാതെ കൊത്തി വലിക്കുന്നുണ്ട് ! എന്തൊക്കെയോ ഒരു മിസ്സിംഗ് പോലെ? ”
ഐഷു എനിക്കരികിൽ ഇരുന്നു,…
“മിസ്സിംഗ് എന്നൊക്കെ പറയുമ്പോൾ? ”
“അറിയില്ല ഐഷു,.. എന്തൊക്കെയോ,.. എങ്ങനെയാ പറയാ എന്നെനിക്ക് അറിയില്ല !”
“ആവോ, എന്തായാലും നിന്റെ മിലൻസാറിനെ സമ്മതിക്കണം,. ഇന്നത്തെ കാലത്ത് ചെക്കന്മാർ പ്രണയം സ്വന്തമാക്കാൻ എന്തും ചെയ്യും, ചിലപ്പോൾ കൊല്ലാനും മടിക്കില്ല,.. ബട്ട് യുവർ മിലൻ സാർ,.. ഹി ഈസ് സോ ഡിഫറെന്റ്,.. ഐ റിയലി ലൈക്ക് ഹിസ് കാരക്ടർ !”
“നമ്മൾ സ്നേഹിക്കുന്നവരെ നമുക്ക് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെയാർക്കാ ഐഷു മനസിലാവുക !”
“അടിപൊളി ഡയലോഗ്,.. പക്ഷേ ഇത് നിന്റെ കഥയിൽ മാത്രേ ഉള്ളു അനു ജീവിതത്തിൽ ഇല്ല !”
“അതെന്താ ഐഷു? !”
“നിന്നെ ഞാൻ കുറ്റപ്പെടുത്തിയതല്ല,.. പക്ഷേ ഇഷാനെ മനസിലാക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ടോ അനു? ”
എനിക്ക് ദേഷ്യം ഇരച്ചു കയറി വന്നു,…
“ഇഷാനെക്കുറിച്ച് ഇവിടെ പറയണ്ട കാര്യമെന്താ? ”
“ഒന്നൂല്ല എന്റെ പൊന്നോ,.. എന്നിട്ടെന്താ പ്ലാൻ എന്നാ സ്റ്റോറി എഴുതിതുടങ്ങുന്നത്? ”
അവൾ മനപ്പൂർവ്വം വിഷയം മാറ്റി,.. എന്നെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതിതന്നെയാവും,.. പക്ഷേ ഇഷാന്റെയും എന്റെയും സിറ്റുവേഷൻ ഇവിടെ ഡിഫറെന്റ് ആണ്, മിലൻ സാറിന്റെയും സിബി മിസ്സിന്റെയും കാര്യം പോലെയല്ല, ..
“നീയെന്താ അനു ആലോചിക്കുന്നത്? ”
ഞാൻ ഞെട്ടലിൽ അവളെ നോക്കി,..
“നീയെന്താ ചോയിച്ചേ? ”
“ആ ബെസ്റ്റ്,.. സ്റ്റോറി എന്നാ എഴുതിത്തുടങ്ങുന്നതെന്ന്? ”
“ദാ, ഇപ്പോൾ ഈ നിമിഷം !”
“അടിപൊളി,.. അപ്പോൾ വായനാട്ടിലേക്കൊന്നും പോണില്ലേ? ”
“പോകാം, പക്ഷേ എനിക്കിത് ഉടനേ പബ്ലിഷ് ചെയ്യണം ഐഷു,.. ”
“ഹേ,.. അതെന്താ ഇത്ര തിരക്ക്? ”
“കാര്യമുണ്ട് ഐഷു !”
“അപ്പോൾ ഇന്നത്തെ ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസൽ? ”
“ഉം,.. ”
“ഞാനപ്പോൾ എന്താ ചെയ്യാ? ”
“കിടന്നുറങ്ങ് ഐഷു,.. അല്ലേൽ നിന്റെ വല്ല ഫേസ് ബുക്ക് സുഹൃത്തുക്കളേം വിളിച്ചു,.. കൊച്ചി മൊത്തം കറങ്ങീട്ട് വാ !”
“നിനക്ക് ഞാൻ സമാധാനത്തോടെ ജീവിക്കണത് പിടിക്കണിലല്ലേ? എന്റെ കെട്ടിയോൻ എന്നെ ”
“എന്താ കുഴപ്പം,.. ഞാൻ ഫ്രണ്ട്ഷിപ്പിന്റെ കാര്യമാണേ ഉദ്ദേശിച്ചേ,.. അല്ലാതെ !”
“പോടീ പട്ടി,.. നീ എഴുത് ഞാനെന്തേലും ചെയ്‌തോളാം,.. മുംബൈയിൽ ആണെങ്കിലും നീ എഴുതാനിരിക്കുമ്പോൾ ഞാൻ പോസ്റ്റ് ആണല്ലോ !”
“ആ അതാണ് ഐഷു,… ”
അവളെന്നെ തല്ലാൻ കയ്യോങ്ങി,..
“പോയിക്കിടന്നുറങ്ങ് തള്ളേ,.. മുജേ ഡിസ്റ്റർബ് മത് കരോ,… ”
“കിളവീ,.. ഉറങ്ങിക്കിടന്ന മനുഷ്യനെ വിളിച്ചെണീപ്പിച്ചതും പോരാ, എന്നിട്ട് ഡിസ്റ്റർബ് മത് കരോന്ന്,.. ”
“നിന്നെ ഞാൻ വിളിച്ചില്ലല്ലോ !”
“കിടന്ന് മോങ്ങിയതും പോരാ,.. എന്നിട്ടാണ് !”
ഐഷുവിന്റെ അവസ്ഥ കണ്ട് എനിക്ക് ചിരി വന്നു,..
“ജാവോ ബേട്ടി, തൂ ജാകെ സോ ജാ,.. ”
“ഗുഡ് നൈറ്റ് !”
ഐഷു പുതപ്പിനുള്ളിലേക്ക് വലിഞ്ഞു,.. ഒരാഴ്ചകൊണ്ട് കഥ ഞാൻ പൂർത്തിയാക്കി,.. ഈ അവസരങ്ങളിൽ ഐഷു എന്തൊക്കെയാണ് ചെയ്തതെന്ന് പോലും ഞാൻ അറിഞ്ഞില്ല,…
*********
“കംപ്ലീറ്റ്,.. ”
ഫയൽ ചെയ്തു വെച്ച കോപ്പി കാണിച്ചു ഞാൻ പറഞ്ഞു,..
“ദെൻ? ” ഐഷു ചോദിച്ചു,…
“ബാക്ക് ടു കാലിക്കറ്റ് ”
“എന്നിട്ട്? ”
“ഏതെങ്കിലും പബ്ലിഷേഴ്സിനെ മീറ്റ് ചെയ്യണം !”
“പിന്നെ?”
“ബുക്ക് ലോഞ്ച് ചെയ്യണം,.. ആസ് യൂഷ്വൽ, ബട്ട് ഇവിടെ ചെറിയ വ്യത്യാസമുണ്ട്,.. ലോഞ്ചിങ്ങ് സെന്റ് മേരീസ് ഐ ടി സി യിൽ വെച്ചായിരിക്കുമെന്ന വ്യത്യാസം ”
അവൾ അമ്പരപ്പോടെ എന്നെ നോക്കി,…
“എന്താ ഐഷു? ”
“നിനക്കെന്താ വട്ടുണ്ടോ അനു? അവിടെ വെച്ച് ലോഞ്ച് ചെയ്യേണ്ട എന്ത് കാര്യമാ ഉള്ളത്? ”
“കാര്യമുണ്ട്,..”
“എന്ത് കാര്യം? ”
“അതാണ് നീ ചോദിച്ചതിനുള്ള ഉത്തരം,.. എന്ത് കൊണ്ട് തിരക്ക് പിടിച്ച് എഴുതുന്നു എന്നതിന്റെ? ”
“ഐ ഡോണ്ട് അണ്ടർസ്റ്റാൻഡ് !”
“നീയിത് കണ്ടോ? ”
ഡയറിയിൽ നിന്നെടുത്ത ഒന്ന് രണ്ടു ഫോട്ടോസ് ഞാൻ അവൾക്ക് കാണിച്ചു കൊടുത്തു,..
“മിലൻ സാറിന്റെ സെന്റ് ഓഫ് ഡേക്ക് എടുത്ത പിക്സ് ആണിത്”
“അതിന്? ”
“വെക്കേഷനാ വരാൻ പോണത്, ഇതിൽ ആരെയെങ്കിലും ഒരാളെ കണ്ടു പിടിച്ചാൽ, ഒരു ഗെറ്റ് ടുഗെതർ അറേഞ്ച് ചെയ്യിക്കാം, ടീച്ചേഴ്സിനെയും, ഈ ബാച്ചിനെയും വെച്ച്,.. എന്നിട്ട് ബുക്ക് അവിടെ വെച്ച് ലോഞ്ച് ചെയ്യാം !”
“പക്ഷേ എന്തിന്? അവരെ വീണ്ടും കണ്ടുമുട്ടിക്കാൻ ആണോ നിന്റെ ഉദ്ദേശം? ഒരു 96 മോഡൽ? ”
“ഏറെക്കുറെ ”
“എന്തിനാടി വെറുതെ,.. സിബി ടീച്ചറുടെ കല്യാണമൊക്കെ കഴിഞ്ഞ് കാണും,.. പിന്നെ അതൊരു വേദനയായി സാറിന്റെ ഉള്ളിൽ കിടക്കും, വേണ്ട അനു”
“ഒരു ബോഡിഗാർഡ് ടൈപ്പ് ആണ് ക്ലൈമാക്സ് എങ്കിലോ? എന്തെങ്കിലും അത്ഭുതം സംഭവിച്ച് മിസ്സ് സാറിന് വേണ്ടി കാത്തിരിക്കുകയാണെങ്കിൽ? ”
“സിനിമ അല്ല അനു ജീവിതം,.. നിന്റെ കഥയുമല്ല,.. നിന്റെ ഇഷ്ടത്തിന് മാറ്റിയെഴുതാൻ”
“അങ്ങനെ സംഭവിച്ചു കൂടെന്നില്ലല്ലോ ഐഷു? ”
“ശരി സമ്മതിച്ചു,.. പക്ഷേ സിബി ടീച്ചർ വന്നാലല്ലേ ഇതൊക്കെ നടക്കൂ !”
“വരും എന്നെന്റെ മനസ്സ് പറയുന്നു !”
“നിന്റെ മനസ്സ് പറയുന്നതും കേട്ട് ഇത്രയും വലിയൊരു റിസ്ക് എടുത്ത്, അവസാനം സാറിനെ തകർത്തു കളയരുത്,.. ആ ഒരു റിക്വസ്റ്റ് മാത്രേ നിന്നോടുളളു !”
അവളുടെ വാക്കുകൾ എന്റെ ഹൃദയത്തിലാണ് കൊണ്ടത്,..
“പ്രണയം തമാശയല്ല അനു,.. മറ്റുള്ളവരെ എന്റർടൈൻ ചെയ്യിക്കാൻ,.. നിനക്കത് മനസിലാവുമോ എന്നെനിക്കറിയില്ല? അതിന് നീ ആരെയെങ്കിലും ആത്മാർഥമായി പ്രണയിക്കണം !”
അതും പറഞ്ഞ് ഐഷു പുറത്തേക്കിറങ്ങി,… ഞാൻ ഇടിവെട്ടേറ്റത് കണക്കെ നിന്നു,…
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission