Skip to content

മിലൻ – Part 13

milan aksharathalukal novel

“സിബി നിൽക്ക്,… ഞാനൊന്ന് പറയട്ടെ !”

ഞാൻ സിബിയുടെ പുറകെ പുറത്തേക്കിറങ്ങിയതും പ്രകാശ് എനിക്കെതിരെ ഒരു തടസമായി വന്നു നിന്നു,….

“എന്താ? ” അയാളുടെ ശബ്ദം കനത്തിരുന്നു,.. ഞാൻ സിബി എവിടെയെന്നു നോക്കി,.. അവൾ ഏറെ അകലത്തിലെത്തിയിരുന്നു,… ഇവനെക്കൊണ്ട്‌ ഞാൻ,…

അയാളുടെ കണ്ണുകളും സിബിക്ക് പിന്നാലെ പാഞ്ഞു,… അയാളുടെ കണ്ണുകളിലെ സംശയം എന്നോടുള്ള വെറുപ്പായി രൂപാന്തരം പ്രാപിച്ചിരുന്നു,..

“എന്താ സാറിന്റെ ഉദ്ദേശം? ”

“എന്തുദ്ദേശം? ”

“ഞാൻ സാറിനോട് പറഞ്ഞതല്ലേ,.. സിബിയുമായി ഒന്നും വേണ്ടെന്ന്, വിട്ടേക്കാൻ !”

“എനിക്ക് മനസില്ലടോ !” എന്റെ കൺട്രോൾ മൊത്തം വിട്ടിരുന്നു,..

സിബി ആ ലെറ്റർ വായിച്ചു കഴിയുമ്പോൾ എന്തായിരിക്കും സിബിയുടെ മെന്റാലിറ്റി എന്നോർത്ത് എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, ആനക്കാര്യത്തിനിടയ്ക്കാ അവന്റെയൊരു ചേനക്കാര്യം,.. ഞാൻ അയാളുടെ കൈ തട്ടിമാറ്റി മുന്നോട്ടേക്ക് നടന്നു,..

നേരെ ഓഫീസിൽ ജേക്കബ് സാറിന് മുൻപിൽ നിൽക്കുമ്പോൾ എങ്ങനെയും ഒരു ലീവ് ഒപ്പിച്ചെടുക്കണം എന്ന് തന്നെയായിരുന്നു മനസ്സിൽ,… സിബിയെ ഫേസ് ചെയ്യാൻ വയ്യ,…. ലെറ്ററിന്റെ കാര്യം രാവിലെ പറയേണ്ടിയിരുന്നില്ല,.. ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ,…

“സാർ !”

“എന്താ മിലൻ? !” അയാൾ കമ്പ്യൂട്ടറിൽ നിന്നും മുഖമുയർത്താതെ ചോദിച്ചു,…

“എനിക്കിന്ന് ഉച്ച കഴിഞ്ഞ് ലീവ് വേണം !”

“എന്തേ എവിടെയെങ്കിലും പോകാനുണ്ടോ? ”

“അത് എനിക്ക് നല്ല സുഖമില്ല സാർ,… തലവേദന !”

അയാൾ കണ്ണട ഉയർത്തിവെച്ച് എന്നെ സൂക്ഷ്മമായി വീക്ഷിച്ചു,… ഇയാളെന്താ കണ്ണുകൊണ്ട് അളന്ന് തിട്ടപ്പെടുത്തുകയാണോ എത്ര തലവേദനയുണ്ടെന്ന്,.. മനുഷ്യനിവിടെ എല്ലാ കണ്ട്രോളും പോയി നിൽക്കാണ്,..

“എന്നാൽ പോയി റസ്റ്റ്‌ എടുത്തോളൂ !”

സമാധാനമായി,.. സ്റ്റാഫ്‌ റൂമിലേക്ക് പോലും കേറാതെ ഞാൻ റൂമിലേക്ക് നടന്നു,….

റൂമിലേക്ക് കയറിയതും എനിക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു,… എങ്ങനെയും ഇവിടന്നൊന്ന് മാറണമെന്നുണ്ടായിരുന്നു,.. ആ പ്രകാശിന്റെ കൂടെ റൂം ഷെയർ ചെയ്തു ഞാൻ മടുത്തിരുന്നു,… ഇനിയിപ്പോൾ റിസൈൻ ചെയ്ത് പോകാം,.. സിബിയെ ഇനി നേരിടാൻ വയ്യ,… ഞാൻ നേരെ കട്ടിലിലേക്ക് വീണു കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു,.. മനസ്സിൽ സിബിയുടെ മുഖം മാത്രം,….

ശ്ശേ,.. ഒന്നും വേണ്ടായിരുന്നു,.. സിബി എന്നെക്കുറിച്ച് എന്ത് വിചാരിച്ചു കാണുമോ എന്തോ?

ആരോ കതകിൽ മുട്ടി,.. പ്രകാശ് ആയിരിക്കുമോ? അയാളെ കാണുന്നത് തന്നെ വിമ്മിഷ്ടമാണ്,.. ആ എന്തായാലും നോക്കി നോക്കാം …

ഞാൻ വാതിൽ തുറന്നു,.. ഭാഗ്യം റൂം ബോയ് പളനിയാണ് ..

“മിലൻ സാർ ഉങ്കൾക്ക് ഒരു കോൾ !”

ദൈവമേ ഇനി ആരാണാവോ അടുത്ത കുരിശ് എന്നും മനസിലോർത്ത് ഞാൻ റിസപ്ഷനിലേക്ക് നടന്നു,…

“ഹലോ !”

“സാറെ ഞാൻ ഉണ്ണിക്കൃഷ്ണനാ !”

എരിഞ്ഞുപുകയുന്ന മനസ്സിൽ ഒരു തണുത്ത കാറ്റ് വീശും പോലെ ഉണ്ണികൃഷ്ണന്റെ ശബ്ദം എന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി,…

“ആ പറയൂ ഉണ്ണികൃഷ്ണൻ,… ”

“സാർ ഇതെവിടെയാ? !”

“ഞാൻ റൂമിൽ !”

“അതാ നോക്കീട്ട് കാണാഞ്ഞത്,… സാറെന്താ പെട്ടന്ന് റൂമിലേക്ക് പോയത്? ”

“അത് പിന്നെ എനിക്കൊരു തലവേദന പോലെ !”

“ആണോ എന്നിട്ട് കുറവുണ്ടോ? ”

“മ്മ്മ് !”

“പിന്നെ,. ഞാൻ വിളിച്ചത്,… ”

“പറയ് !”

“സാറ് പറഞ്ഞിരുന്നില്ലേ താമസിക്കാൻ ഒരു വീട് വേണന്ന്,.. അത് റെഡി ആയിട്ടുണ്ട്,.. സാറിന് പറ്റുമെങ്കിൽ ഇന്ന് തന്നെ മാറാം !”

ആ ഇനിയിപ്പോൾ തിരിച്ചു പോകാൻ തീരുമാനിച്ച സ്ഥിതിക്ക് വീടിന്റെ ആവശ്യമുണ്ടോ? ..

“ഞാൻ ഒന്ന് നോക്കട്ടെ ഉണ്ണികൃഷ്ണൻ !”

“ശരി ആയിക്കോട്ടെ സാർ,.. ”

“ഞാൻ വിളിക്കാം !”

വീട് മാറണോ അതോ സ്ഥലമേ മാറണോ എന്നറിയാതെയാണ് ഞാൻ ബാഗിൽ വസ്ത്രങ്ങൾ അടുക്കിവെച്ചത്,..

ഇനിയിവിടെ നിൽക്കാൻ വയ്യ, സിബിയിൽ നിന്നും ഒരു മറുപടിയും കിട്ടാതെ ഞാനെങ്ങനെ തിരിച്ചു പോകും? ഇനി അവൾക്ക് അഥവാ എന്നെ ഇഷ്ടമാണെങ്കിൽ ഈ ഒളിച്ചോട്ടം യാതൊരു നേട്ടവും ഉണ്ടാക്കില്ല,.. ഇത്രയും കാലത്തെ പെരുമാറ്റത്തിൽ ഇഷ്ടക്കൂടുതൽ അല്ലാതെ കുറവൊന്നും ഫീൽ ചെയ്തിട്ടില്ല,.. ഇനി അങ്ങനെയൊന്നും അല്ലെങ്കിൽ,.. സിബി എന്നെയൊരു നല്ല സുഹൃത്തായി മാത്രമാണ് കാണുന്നതെങ്കിലോ? എന്തായാലും ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് സിബിയുടെ മനസ്സ് കൂടെ അറിഞ്ഞിട്ടേ ഞാനിവിടന്ന് മടങ്ങുന്നുള്ളൂ,…

പ്രകാശ് വരാനൊന്നും ഞാൻ കാത്തുനിന്നില്ല, വൈകുന്നേരം തന്നെ ഉണ്ണികൃഷ്ണൻ പറഞ്ഞ പുതിയ വീട്ടിലേക്ക് മാറി,..

എന്ത് കൊണ്ടും ശാന്തമായ അന്തരീക്ഷം,… സ്ട്രെസ് പാതി കുറഞ്ഞത് പോലെ,.. ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്,…

സഹായങ്ങളെല്ലാം ചെയ്തു തന്നത് കുട്ടികളായിരുന്നു,….

“സാർ എന്താവശ്യമുണ്ടേലും വിളിച്ചാൽ മതി ഞങ്ങളിങ്ങ് ഓടിയെത്തിക്കോളാം,…. ”

വളരെക്കുറഞ്ഞകാലം കൊണ്ട് തന്നെ അവർ എനിക്കൊരു ദൗർബല്യമായി മാറിയിരുന്നു,.. അധ്യാപക-വിദ്യാർത്ഥി ബന്ധത്തേക്കാളേറെ ആഴത്തിലുള്ള ഒരു സൗഹൃദബന്ധം ഞങ്ങൾക്കിടയിൽ മുന്നിട്ട്നിന്നിരുന്നു,…. എന്റെ ഭാഗ്യം തന്നെയായിരുന്നു ഈ കുട്ടികൾ,.. ഒറ്റയ്ക്ക് നിന്ന് പൊരുതാൻ നേരം താങ്ങായി ഒപ്പം നിന്നവർ,.. മിലൻ സാറിന്റെ സ്റ്റുഡന്റസ്,..

********

പിറ്റേന്ന് സിബിയെ നേരിടാൻ വേണ്ടി ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തിയെടുത്തിരുന്നു..

സിബിയുടെ മറുപടി യെസ് ആണെങ്കിലും നോ ആണെങ്കിലും അത് ഞാൻ അക്‌സെപ്റ്റ് ചെയ്യാൻ തയ്യാറായിരുന്നു,. പ്രകാശ് പറഞ്ഞത് പോലെ ലെറ്റർ വായിച്ചവൾ എന്റെ മോന്തക്കിട്ടൊരെണ്ണം പൊട്ടിച്ചാലും നിന്ന് കൊള്ളാൻപോലും ഞാൻ തയ്യാറായിരുന്നു,..

പക്ഷേ അന്ന് രാവിലെ സിബിയെ കാണാൻ എനിക്ക് കഴിഞ്ഞില്ല,.. നിരാശ തോന്നിയെങ്കിലും ഞാൻ നേരെ ക്ലാസ്സിലേക്ക് നടന്നു,…

എന്നിലുണ്ടായ ഭാവവ്യത്യാസങ്ങളുടെ കാരണങ്ങൾ കുട്ടികൾ ആവർത്തിച്ചാവർത്തിച്ച് ചോദിച്ചിട്ടും അവർക്കുള്ള മറുപടി ഞാനൊരു പുഞ്ചിരിയിൽ ഒതുക്കി,.. അവരതിൽ തൃപ്തരായിരിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും,..

സ്റ്റാഫ്‌ റൂമിൽ ചെന്നപ്പോഴും സിബി ഉണ്ടായിരുന്നില്ല പക്ഷേ സിബിയുടെ ബാഗ് അവിടെ ഉണ്ടായിരുന്നു,.. അപ്പോൾ കക്ഷി വന്നിട്ടുണ്ട്,.. അന്നത്തെപ്പോലെ വല്ല പ്രാർത്ഥനയും ആയിരുന്നിരിക്കാം വീട്ടിൽ, അതാകും വരാൻ വൈകിയത്,…

പരസ്പരം സൊറപറഞ്ഞിരിക്കുന്ന അധ്യാപകർക്കിടയിലൂടെ നിശബ്ദനായി ഞാൻ സീറ്റിൽ പോയിരുന്നു,… ബെല്ലടിച്ചതും എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി,.. ഓരോ നിമിഷവും ചങ്കിടിപ്പിന്റെ ആഴം കൂടിക്കൂടി വന്നു,… ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ആർട്ടിഫിഷ്യൽ ധൈര്യമെല്ലാം ഒറ്റയടിക്ക് ചോർന്നു പോയി,….

എന്നെ ആകെ മൊത്തം വിയർത്തു,.. സിബി എങ്ങനെ പ്രതികരിക്കുമെന്നറിയില്ല,.. ഒരുപക്ഷെ ഇത്രയും പേരുടെ മുൻപിൽ ഞാനൊരു പരിഹാസപാത്രമായി മാറാനും സാധ്യതയുണ്ട്,…

ഒന്നും നോക്കിയില്ല,.. ടേബിളിൽ നിന്നും ഒരു ബുക്ക് വലിച്ചെടുത്തു,.. വളരെ തിരക്കിട്ടു പേജുകൾ മറിച്ച് അതിൽ കണ്ണൂന്നിയിരുന്നു,.. നേരെയാണോ എന്തോ പിടിച്ചേക്കുന്നത്? കണ്ണുകളിൽ ഇരുട്ട് കയറിയതിനാൽ അക്ഷരങ്ങളൊന്നും കാണുന്നേയില്ല,.. എന്റെ കൈയിലിരുന്നു ബുക്ക് വിറയ്ക്കുകയാണ്,….

“ആ സിബി വന്നല്ലോ !” പ്രവീണയാണ് പറഞ്ഞത്,.. തലയുയർത്തി നോക്കാൻ പോലും ധൈര്യം വന്നില്ല,.. എങ്കിലും സിബിയുടെ കണ്ണുകൾ എന്നിൽ തന്നെയാണെന്ന് എനിക്ക് തോന്നി,…

“ആരും തല താഴ്ത്തിയൊന്നും ഇരിക്കണ്ട,.. എല്ലാവരും l തല ഉയർത്തിപ്പിടിച്ച് തന്നെയിരുന്നോളു !”

എല്ലാവരും ആരോടാണെന്നറിയാൻ പരസ്പരം നോക്കി,.. പിന്നെ എന്നും അവൾ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കി വരുന്നതിനാൽ ഇതൊന്നും വല്ല്യ കാര്യമായി ആരും എടുത്തില്ല,.. എങ്കിലും സിബി ആരോടാകും അത് പറഞ്ഞതെന്നറിയാനുള്ള ആകാംഷ എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു,..

എന്റെ കള്ളി വെളിച്ചത്താകുമെന്ന് തോന്നിയ നിമിഷം ഞാൻ ഒന്നുമറിഞ്ഞിട്ടില്ലേ എന്ന ഭാവത്തിൽ ബുക്കുമെടുത്ത് ഞാൻ പതിയെ എഴുന്നേറ്റു,…

“ആരോടാ സിബി തല ഉയർത്തിയിരിക്കാൻ പറഞ്ഞത്? ” പിള്ള സാർ ആരാഞ്ഞു,…

“അതൊരാളോട്,.. മനസിലാകേണ്ടവർക്ക് മനസ്സിലായിട്ടുണ്ട്,… ”

ശരിയാ,.. എനിക്ക് മാത്രം മനസിലായി സിബി പറഞ്ഞതിനർത്ഥം,..
ബാക്കിയെല്ലാവരും പൊട്ടൻ ആട്ടം കാണുന്നത്പോലെ വായും പൊളിച്ചിരുന്നു,…

സിബിയുടെ ചുണ്ടിലൊരു ചിരിയൂറി,… എന്റെ മനസ്സ് അവളിൽ തന്നെ തടഞ്ഞിരുന്നു,… എനിക്കവളെ നോക്കാൻ പോലും ഭയം തോന്നി,…

“മിലൻ സാറിന് ഈ അവർ ക്ലാസ്സ്‌ ഇല്ലല്ലോ !”

മനോജ്‌ സാറാണ് ഓർമിപ്പിച്ചത്,.. ശോ,.. ആകെ ഒരു കിളി പോയ അവസ്ഥയായിരുന്നു എന്റേത്,…

“ആ ശരിയാ,.. ബട്ട്‌ എനിക്ക് അവരോടു കുറച്ചു കാര്യങ്ങൾ പറയാനുണ്ടായിരുന്നു,… ”

” ഈ അവർ ഞാനാ,… കാര്യങ്ങളൊക്കെ പിന്നെ പറയാം !” മിനി ടീച്ചർ ബുക്കുമെടുത്ത് ഇറങ്ങിപ്പോയി,.. ബെല്ലടിച്ചതും പുറകെ ഓരോരുത്തരായി ക്ലാസുകളിലേക്ക് പോയി.. ഇപ്പോൾ സ്റ്റാഫ്‌ റൂമിൽ ഞാനും സിബിയും മാത്രം,…

രണ്ടും കൽപ്പിച്ചു ഞാൻ ചോദിച്ചു,…

“സിബിക്ക് ക്ലാസ്സ്‌ ഇല്ലേ? ”

“ഉണ്ട്,.. പക്ഷേ ഈ അവർ കേറുന്നില്ല,… ”

ആകെ പെട്ടല്ലോ ദൈവമേ,…. എന്തും വരട്ടെ എന്ന ഭാവത്തിൽ ഞാൻ തിരികെ സീറ്റിൽ പോയിരുന്നു,..

“സാറിന് ഇതെന്ത് പറ്റി? ആകെ വല്ലാതിരിക്കുന്നല്ലോ !”

“സിബിക്കൊന്നും അറിയില്ലേ? ” നഷ്ടപ്പെട്ട ധൈര്യം വീണ്ടെടുത്ത് ഞാൻ ചോദിച്ചു,..

“എന്ത്? ”

“ഒന്നും?”

അവൾ പുഞ്ചിരിയോടെ ബുക്കെടുത്ത് എഴുന്നേറ്റു,…

“സിബി ക്ലാസ്സിൽ പോണില്ലാന്ന് പറഞ്ഞിട്ട്? ”

“ഇപ്പോഴാ ഓർത്തത്,.. എക്സാംസ് വരാൻ പോവല്ലേ,.. പോർഷൻസ് കുറേ പെന്റിങ് ഉണ്ട് !”

“എനിക്കുള്ള മറുപടി തന്നിട്ട് പോയാൽ മതി,… ”

ഞാൻ എഴുന്നേറ്റു സിബിക്ക് വട്ടം നിന്നു,.. അവളുടെ നോട്ടം എന്റെ കണ്ണുകളിൽ തറഞ്ഞു നിന്നു അല്ലെങ്കിലും എനിക്കെന്ത് അധികാരം അവളെ തടഞ്ഞു നിർത്താൻ,…

“അയാം സോറി ! സിബി പൊയ്ക്കോളൂ,… ”

സിബി പുറത്തേക്കിറങ്ങിയതും ഞാൻ വിളിച്ചു,…

“സിബി,.. ”

“എന്താ സാർ,… ”

“ആ ലെറ്റർ സിബിക്ക് തരണമെന്ന് കരുതി എഴുതിയതല്ല,.. പക്ഷേ സിബിക്കത് കിട്ടിയ സ്ഥിതിക്ക് എനിക്കതിന്റെ മറുപടി,.. അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അറിയാൻ അവകാശമുണ്ട്,… ഞാൻ കാത്തിരിക്കാം,.. ആലോചിച്ചു പറഞ്ഞാൽ മതി !”

“ഞാൻ പോട്ടേ,.. ക്ലാസ്സിൽ കേറണം !”

അവളുടെ മനസ്സിൽ എന്തെന്നറിയാതെ ഞാൻ നിന്നു,… പിന്നീട് ഞാനവളെ കണ്ടപ്പോഴെല്ലാം ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അവൾ എന്നിൽ നിന്നും തെന്നിമാറി നടന്നു,… മൂന്ന് നാലു ദിവസമായി,.. ഇനിയും അവൾക്കെന്നെ പൊട്ടൻ കളിപ്പിച്ചു മതിയായില്ലേ,.. ഇന്നെനിക്ക് എന്തായാലും തീരുമാനം അറിഞ്ഞേ പറ്റൂ,..

“സിബി,… ”

ഞാൻ രണ്ടും കല്പ്പിച്ചു വിളിച്ചു !

“എന്താ സാർ? ”

“സിബി എനിക്കിത് വരെയൊരു മറുപടി തന്നില്ല !”

അവൾ ഉത്തരമില്ലാതെ നിന്നു,..

“നോക്ക് സിബിയുടെ ഒരു മറുപടിക്ക് വേണ്ടി മാത്രമാ ഞാൻ വെയിറ്റ് ചെയ്യുന്നത്,.. ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ലെന്ന് പറഞ്ഞൂടെ? അത് കിട്ടിയാൽ ആ നിമിഷം ഞാനിവിടെ നിന്ന് പൊയ്ക്കോളാം, … പക്ഷേ സിബി ഇന്നെങ്കിലും ഒരു മറുപടി തന്നേ പറ്റൂ,… ”

“സാർ ഞാൻ പൊയ്ക്കോട്ടേ,.. എനിക്കിന്ന് വീട്ടിൽ നേരത്തെ ചെല്ലണം, . കുറച്ചു ഗസ്റ്റ്സ് ഉണ്ടെന്ന് പറഞ്ഞു മമ്മി വിളിച്ചിരുന്നു,… ”

എന്ത് കൊണ്ടാണ് സിബി എന്നിൽ നിന്നുമിങ്ങനെ ഒഴിഞ്ഞുമാറുന്നത് എന്നതിനുള്ള ഉത്തരം സിബിയോളം തന്നെ അകലത്തിൽ എന്നെ ചുറ്റി തിരിഞ്ഞു,….

ഇതൊരു കാരണമായിരുന്നോ എന്നറിയില്ല, എന്തായാലും പിറ്റേന്ന് സിബി വന്നില്ല,… ദിവസങ്ങളോളം ഞാൻ സിബിക്കായി കാത്തിരുന്നു,… സിബി എവിടെയെന്നോ,.. എന്ത്‌കൊണ്ടാണ് സിബി വരാത്തതെന്നോ ചോദിക്കാനുള്ള അടുപ്പം ആരോടും എനിക്കുണ്ടായിരുന്നില്ല,.. എന്നാൽ അടുപ്പമുള്ളവരാകട്ടെ ആരും ഒന്നും പറഞ്ഞതുമില്ല,…

രണ്ടു ദിവസങ്ങൾ കൂടെ കഴിഞ്ഞു,.. പിന്നീട് ആരോ പറഞ്ഞ് ഞാനറിഞ്ഞു സിബിക്ക് മഞ്ഞപ്പിത്തമാണെന്ന്,….

(തുടരും )

Click Here to read full parts of the novel

3/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!