Skip to content

മിലൻ – Part 15

milan aksharathalukal novel

“അമ്മ !”

തീരെ അപ്രതീക്ഷിതമായുള്ള ആ കണ്ടുമുട്ടലിൽ ഞാനൊന്ന് പതറിപ്പോയി,.. എങ്കിലും ആ പതർച്ച മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് തന്നെ ഞാൻ അമ്മയ്ക്കരികിലേക്ക് ചെന്നു,..

“അമ്മയെന്താ പെട്ടന്ന്,.. ഒന്ന് വിളിക്കുക കൂടെ ചെയ്യാതെ !”

അടുത്ത നിമിഷം എന്റെ കരണം പുകഞ്ഞു,. എന്നെക്കാളേറെ അത് ഞെട്ടലുണ്ടാക്കിയത് സാറിലായിരുന്നു,. അമ്മ കോപത്താൽ ഉറഞ്ഞു തുള്ളി,.

“വിളിച്ചിട്ട് വന്നിരുന്നെങ്കിൽ നിന്റെ ഈ ലീലാവിലാസങ്ങൾ എനിക്കിത് പോലെ നേരിട്ട് കാണാൻ പറ്റില്ലാരുന്നല്ലോ !”

അമ്മ തീർച്ചയായും എന്നെ
തെറ്റിദ്ധരിച്ചെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു,.. അമ്മയുടെ തല്ലിനേക്കാൾ എന്നെ വേദനിപ്പിച്ചത് അമ്മയിൽ നിന്നും വന്ന വാക്കുകളായായിരുന്നു,..

“അമ്മാ പ്ലീസ് ! ”

“ഇതിന് വേണ്ടിയാണോ, നീ ആരോടും പറയാതെ പാതിരാത്രി വീട്ടിൽ നിന്നിറങ്ങി പോന്നത് !”

ഇനിയും കേട്ടു നിൽക്കാനുള്ള ക്ഷമ എനിക്ക് നഷ്ടപ്പെട്ടിരുന്നു,..

“അമ്മാ, എന്തൊക്കെയാ ഈ വിളിച്ച് പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ? ”

“ഉണ്ടെടി നല്ല ബോധ്യമുണ്ട്…. എന്നാലും ഈ ചീത്തപ്പേര് കൂടെ കേൾക്കാനേ ബാക്കിയുണ്ടായിരുന്നുള്ളു,… ഇപ്പോൾ അതും ആയി ”

“ശ്ശേ,… ” ഞാൻ സാറിനെ നോക്കി സാറും അപമാനിതനായി തല കുനിച്ചു നിൽക്കുന്നു,…

“ആടി,.. എപ്പോഴും ഓരോന്ന് പറഞ്ഞ് എന്റെ വായടപ്പിച്ചോ,.. പക്ഷേ,..”

ബഹളം കേട്ട് അച്ഛനും പുറകെ ഓടിയെത്തി,..

“കണ്ടില്ലേ,.. നിങ്ങളെന്നും ഇവൾക്ക് സപ്പോർട്ട് നിന്നതല്ലേ,.. എന്നിട്ടിപ്പോൾ കാണിച്ചു കൂട്ടിയത് കാണുന്നില്ലേ? ”

“അച്ഛാ ഞാൻ ആക്ച്വലി,… ”

അച്ഛൻ എന്നെയും സാറിനെയും മാറിമാറി നോക്കി,..

“അച്ഛാ ഞാൻ !” ആശ്രയമെന്നപോലെ അച്ഛന് നേരെ ഞാൻ നീങ്ങി പക്ഷേ, ആദ്യമായി അച്ഛനും എന്നിൽ നിന്നും മുഖം തിരിച്ചു,..

എന്റെ ഹൃദയത്തിൽ ആയിരം ആണികൾ ഒരുമിച്ചടിക്കുന്ന ഒരു വേദനയുണ്ടായി അപ്പോൾ,..

മകളുടെ മുറിയിൽ രാത്രി ഒരന്യപുരുഷനെ കാണേണ്ടി വന്ന ഏതൊരച്ഛനെപ്പോലെയും എന്റെ അച്ഛനും തളർച്ചയിൽ നിന്നു,..

സാർ ഒന്നും മിണ്ടാതെ തല കുനിച്ചു പുറത്തേക്കിറങ്ങി,… പക്ഷേ എന്ത് തെറ്റ് ചെയ്തെന്നപോലെ,..

“അവരൊക്കെ പറഞ്ഞപ്പോൾ നിങ്ങൾ വിശ്വസിച്ചില്ലല്ലോ,.. ഇപ്പോൾ നേരിൽ കണ്ടപ്പോൾ വിശ്വാസമായോ? , !”

അച്ഛൻ ഒരക്ഷരം പോലും മിണ്ടാതെ നിൽക്കുകയാണ്,…

“എനിക്കിനി ആത്മഹത്യ ചെയ്താൽ മതി,.. ഇങ്ങനൊരു മകളെ പ്രസവിച്ചിട്ട് ദുഃഖവും നാണക്കേടുമില്ലാതെ മറ്റൊന്നും നീയെനിക്ക് തന്നില്ലല്ലോ ദൈവമേ !” അമ്മ അലമുറയിടാൻ തുടങ്ങി,..

“അമ്മ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്? അങ്ങനൊന്നുമല്ല കാര്യങ്ങൾ,.. ”

“മിണ്ടരുത് നീ,.. വാ തുറക്കരുത്,… ഇപ്പോൾ ഇറങ്ങണം ഇവിടന്ന്,… എടുക്കാനുള്ളത് എന്താച്ചാൽ എടുത്തോ,… ” അമ്മ തന്നെ കണ്ണുതുടക്കച്ചെഴുന്നേറ്റ് എന്റെ ബാഗ് ഒക്കെ വലിച്ചെടുത്ത് അതിൽ സാധനങ്ങൾ കുത്തി നിറയ്ക്കാനായിത്തുടങ്ങി,..

ഞാൻ അച്ഛനെ പ്രതീക്ഷയിൽ നോക്കി,.. അച്ഛനും എന്നെ കൈവിട്ട് പുറത്തേക്കിറങ്ങിപ്പോയി,..

“അമ്മാ ഇനഫ്,.. അമ്മ നാട്ടുകാർ പറയണത് മാത്രേ കേൾക്കു എന്നുണ്ടോ? ”

“പറയിപ്പിച്ചതാരാ നീ തന്നെയല്ലേ? ”

“ആരോ എന്തോ പറഞ്ഞു,.. എന്നാൽ യാഥാർഥ്യം എന്താണെന്ന് അന്വേഷിച്ചോ? സ്വന്തം മകളുടെ ഭാഗം എന്താണെന്ന് പോലും ചോദിച്ചോ? ഇതൊന്നുമില്ലാതെ പെട്ടന്നൊരു ദിവസം കേറി വന്ന് നീയിവിടെ നിന്ന് ഇറങ്ങണം എന്ന് പറഞ്ഞാൽ അനുസരിക്കാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ട്,…. ”

അതമ്മയെ കൂടുതൽ ചൊടിപ്പിച്ചു,…

“എന്നും എന്നോട് തർക്കുത്തരം തന്നെ പറയണം നീ !”

. അമ്മയോടിനി ഒരു ആർഗുമെന്റ്സിനും നിന്നിട്ട് യാതൊരു കാര്യവുമില്ലെന്ന് എനിക്ക് തോന്നി,.

അപ്പോഴാണ് സാർ ബാഗ് ഒക്കെ ആയി സാറിന്റെ റൂമിന് വെളിയിലേക്കിറങ്ങിയത്,. അതെല്ലാവരെയും ഒന്നമ്പരപ്പിച്ചു,…

“സാർ ഇതെങ്ങോട്ടാ പോണത്? ”

“ദയവ് ചെയ്തെന്നെ തടയരുത് അനു,.. ഞാൻ കാരണമാണ് തനിക്ക് ഇങ്ങനൊരു ചീത്തപ്പേര് കേൾക്കേണ്ടി വന്നത്,.. അത് കൊണ്ട് ഇനിയും ഞാനിവിടെ നിന്നാൽ,.. വേണ്ട അത് ശരിയാവില്ല !”

“ഇവരൊക്കെ പറയണത് കേട്ട് പേടിച്ചു സാർ ഇറങ്ങിപ്പോയാൽ അവർ ഊഹിച്ചത് തന്നെയാണ് സത്യമെന്നേ ആളുകൾ കരുതൂ !”

“ശരിയായിരിക്കാം,. പക്ഷേ ഒരു കാര്യമുണ്ട്,. ഒരവിവാഹിതനായ ഞാൻ ഒരിക്കലും നിങ്ങൾക്കൊപ്പം ഇവിടെ താമസിക്കരുതായിരുന്നു,.. ”

“സാറും ഇങ്ങനൊക്കെ തന്നെയാണോ ചിന്തിക്കുന്നത്? ”

“ചിന്തിച്ചില്ലെങ്കിൽ ചിന്തിച്ചേ പറ്റു,.. ഞാൻ കാരണം തന്നെപ്പോലൊരാൾ ചീത്തപ്പേര് കേൾക്കാൻ പാടില്ല,… ”

“സാർ എനിക്കതിൽ പേടിയൊന്നുമില്ല,. ഇതിലും വലുതൊക്കെ ഞാൻ കേട്ടിട്ടുണ്ട് !”

“ശരിയായിരിക്കും അനു ബട്ട്‌,.. ഞാൻ കാരണം തനിക്കൊരു പ്രോബ്ലം ഉണ്ടാകുന്നത് അതെനിക്ക് ഇഷ്ടമല്ല !”

ഞാനെന്തൊക്കെപ്പറഞ്ഞാലും സാറിനെ തടഞ്ഞുനിർത്താൻ എന്നെക്കൊണ്ടാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു,…

“സാർ ഈ രാത്രി എവിടേക്ക് പോകാനാ? ”

“എനിക്കും ഉണ്ടെടോ എന്നെ സ്നേഹിക്കുന്നവർ, വിശ്വസിക്കുന്നവർ ധാരാളം, അതുകൊണ്ട് തെരുവിൽ അലയേണ്ടി വരില്ല,.. ”

“സാർ,… പ്ലീസ്,. ” ഹൃദയം പിടയുകയായിരുന്നു,…

“പോട്ടേ,.. എനി വേ,.. താങ്ക്സ് ഫോർ യുവർ നൈസ് കമ്പനി,”

എനിക്കെന്റെ കണ്ണുനീർ നിയന്ത്രിക്കാനായില്ല,..

“ഇത്രേം കാലം ഒരു വീട്ടിൽ ഇത്ര വലിയൊരു എഴുത്തുകാരിക്കൊപ്പം ജീവിച്ചിട്ടും,. തന്റെ ഒരു ഓട്ടോഗ്രാഫ് പോലും വാങ്ങിക്കാൻ പറ്റിയില്ല,… എനിക്കും തരുമോ തന്റെ ഒരു ഓട്ടോഗ്രാഫ് ? ”

സാർ എനിക്ക് നേരെ ഒരു ബുക്ക്‌ എടുത്തു നീട്ടി,.. ലവ്, റീജെക്ഷൻ ആൻഡ് റിഗ്രെറ്റ്,… എനിക്ക് കണ്ണുനീരടക്കാനായില്ല,.

എന്റെ തീർത്തും അപൂർണമായ കഥയിലെ നായകനായ സാറിനോട് ഞാനിപ്പോൾ എന്ത് പറയാനാണ്? എഴുതാനാണ്?.. സാർ എനിക്ക് കണ്ടെത്തിത്തന്ന അക്ഷരങ്ങൾ ഇപ്പോൾ സാറുമായുള്ള എന്റെ വേർപാടിൽ പിണങ്ങി നിൽക്കുകയാണ്,…

എന്റെ ഈ കണ്ണുനീർ തുള്ളികൾ അല്ലാതെ മറ്റൊന്നും എനിക്ക് തരാനില്ല,….

“അയാം സോറി സാർ,.. എനിക്കൊന്നും എഴുതാൻ പറ്റണില്ല !”

സാറിനത് തിരികെ കൊടുക്കുമ്പോൾ ഒന്ന് പൊട്ടിക്കരയാനുള്ള ഒരു സങ്കടക്കടൽ എന്നിൽ രൂപം കൊള്ളുകയായിരുന്നു,..

“ആ ഇറ്റ്’സ് ഓക്കേ,…, ഡോ പിന്നൊരു കാര്യം കൂടെ,. ഇനി ഇതിന്റെ പേരിൽ ഡിപ്രെഷൻ അടിച്ച് സ്വയം വേദനിച്ച് തന്റെ ഭാവി കളയരുത്ട്ടോ,… ”

“പ്ലീസ് ഗോ,…. സാർ !” കണ്ണുനീരോടെ ഞാൻ സാറിന് നേരെ കൈകൾ കൂപ്പി അകത്തേക്ക് നടന്നു,… എന്റെ പ്രതീക്ഷകളെല്ലാം അകന്ന് പോകുന്നത് നോക്കിനിൽക്കാനുള്ള കരുത്തെനിക്ക് ഉണ്ടായിരുന്നില്ല,..

“മോളെ,.. ” അമ്മയെന്റെ കൈ പിടിച്ചു അലിവോടെ വിളിച്ചു,… എന്റെ അസുഖവിവരം ഇത്രയും കാലം മറച്ചുവെച്ചതിന്റെ എല്ലാവിധ പരിഭവങ്ങളും അമ്മയുടെ ആ വിളിയിൽ ഉണ്ടായിരുന്നു,.. എന്റെ ദുഃഖങ്ങൾ എന്നോട് തന്നെ ഒതുങ്ങിത്തീരട്ടെ എന്ന് ധരിച്ചത് ഒരു തെറ്റായി എനിക്കിതുവരെയും തോന്നിയിട്ടുമില്ല,.. ഞാനായിട്ട് ഇതിലും വലിയ ദുഃഖങ്ങൾ ഇവർക്ക് കൊടുത്തിട്ടുണ്ട്,. പിന്നെ ഇതുകൂടി,….

ഞാനാ കൈകൾ പതിയെ എടുത്ത് മാറ്റി,. റൂമിൽ കയറി കതകടച്ചു,…

“ഇപ്പോൾ അകത്ത് കേറിപ്പോയ സാറിന്റെ ആ മോളില്ലേ? അവൾ 100% പെർഫെക്ട് ആണ്,.. സ്നേഹിക്കാൻ മാത്രമേ ആ കുട്ടിക്കറിയുള്ളു,.. അത് കൊണ്ടാണ് സ്നേഹത്തിന്റെ മുന്നിൽ ഇങ്ങനെ തോറ്റു തരുന്നത്,..!”

ഹാളിൽ നിന്നും സാറിന്റെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു,.. ഞാൻ ജനലരികിലേക്ക് ഓടി,. സാർ ഇരുട്ടിലേക്കിറങ്ങി അകലുന്നതും നോക്കി നിസ്സഹായയായി ഞാൻ ജനലരികിൽ നിന്നു …

********

എത്ര നേരം ഞാൻ കരഞ്ഞുവെന്നറിയില്ല,. കതകിൽ മുട്ടി ബഹളം വെച്ച അമ്മയോട് കുറച്ചു നേരം എനിക്ക് ഒറ്റയ്ക്കിരിക്കണം എന്ന് മാത്രമേ അമ്മയോട് അപേക്ഷിച്ചിരുന്നുള്ളൂ,…

അത്രയും വലിയൊരു പ്രശ്നം വന്നിട്ടും
എന്റെ മോളെ എനിക്ക് വിശ്വാസമാണെന്ന് പറഞ്ഞു വിടാതെ ചേർത്ത് പിടിച്ച എന്റെ അച്ഛൻ പോലും എന്നെ,… ഓർക്കുംതോറും എന്റെ കരച്ചിലിന്റെ ആഴമേറിവന്നു,.

എന്റെ ഫോൺ റിങ് ചെയ്തു,. ഐഷുവാണ്,..

ഹൃദയം തകർന്നിരിക്കുന്ന ഈ അവസ്ഥയിൽ എനിക്കാരോടും സംസാരിക്കാൻ തോന്നിയില്ല… ഫോൺ ഞാൻ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു,…

ഇത്രയൊക്കെ വേദന തിന്നാൻ ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് മാത്രം എനിക്ക് മുൻപിൽ ഉത്തരമില്ലാത്ത ചോദ്യമായി നിന്നു,.. സാറും വല്ലാതെ വേദനിച്ചിട്ടുണ്ട്,.. അച്ഛന്റെയും അമ്മയുടെയും സമാധാനത്തിന് വേണ്ടി ഒടുവിൽ സാറിനെ എനിക്ക് കൈവിട്ട് കളയേണ്ടി വന്നു,..

സാർ ചെയ്ത ആകെയുള്ള തെറ്റ് എനിക്ക് വേണ്ടി നന്മ ചെയ്യാൻ ശ്രമിച്ചു എന്നത് മാത്രമാണ്,.. ഇപ്പോഴുള്ള ഈ ഇറങ്ങിപ്പോക്കും എന്റെ നന്മയെ കരുതി മാത്രമാണ്,…

ഒരുപാട് സന്തോഷിച്ചു ഞാൻ മിലനെ കിട്ടിയപ്പോൾ, സിബിയെ കിട്ടിയപ്പോൾ,. നഷ്ടപ്പെട്ടുപോയ എന്റെ അക്ഷരങ്ങളെ തിരികെ കിട്ടിയപ്പോൾ,… പക്ഷേ എന്റെ ജീവിതത്തിൽ സന്തോഷങ്ങളൊന്നും അധികകാലം നിൽക്കാറില്ലല്ലോ,…

വയ്യ,.. ഇനിയും വയ്യ,… എനിക്കാകെ ഭ്രാന്തുപിടിക്കുന്നുണ്ട്,.. സ്വയം കുത്തിക്കീറാൻ തോന്നുന്നുണ്ട്… ഐ ലോസ്റ്റ്‌ എവെരിതിങ്,.. എന്റെ ഹാപ്പിനെസ്സ്,. എന്റെ അച്ഛൻ, അമ്മ,.. അവരുടെ വിശ്വാസം,. സ്നേഹം, അങ്ങനെ എനിക്ക് പ്രിയപ്പെട്ടതെല്ലാം,… എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു,…

ഞാൻ തലയിണയിൽ നഖങ്ങളമർത്തി,.. രക്തപടർപ്പുകൾ തലയിണയിൽ പടർന്നു തുടങ്ങി,… ആ വേദന, അതെന്നെ വല്ലാതെ ആനന്ദിപ്പിച്ചു,..

എനിക്ക്,.. എനിക്കൊന്ന് കരയണം,… അല്ല ഉറങ്ങണം,.. ആ ഏകാന്തതയിൽ ചിലപ്പോൾ എനിക്ക് അല്പമെങ്കിലും ആശ്വാസം കിട്ടിയേക്കും,.. അല്ലാതെ രാത്രിയുടെ ഈ നിശബ്ദതയിൽ ഉയരുന്ന ചെറു ശബ്ദങ്ങൾ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്,…

ഡോക്ടർ നവീൻ എനിക്കായി എഴുതിത്തന്ന ടാബ്ലറ്റ്സിൽ എന്റെ രക്തം പടർന്ന വിരലുകൾ പരതി നടന്നു,….

ഇനി മിലനില്ല, സിബിയില്ല,.. അനുപമ മേനോനെന്ന എഴുത്തുകാരിയുമില്ല,..

********

അമ്മയുടെ അടക്കിയുള്ള തേങ്ങലാണ് എന്റെ ഉപബോധമനസിനെ ഉണർത്തിയത്,.. ഞാനിതെവിടെയാണ്,.. സ്വർഗ്ഗത്തിലോ നരകത്തിലോ?? കണ്ണു തുറക്കാൻ ഭയം തോന്നി,… വേണ്ട എനിക്ക് കാണണ്ട ഒരു ലോകത്തെയും,….

“അനുപമ,… പ്ലീസ് ഓപ്പൺ യുവർ ഐസ്,…. ”

വളരെയേറെ പരിചയമുള്ള ശബ്ദം ഡോക്ടർ നവീൻ ശുക്ള,…

കണ്ണുകൾ പതിയെ തുറന്നതും സൂര്യന്റെ തീക്ഷ്ണതയേറിയ വെളിച്ചം എന്റെ കണ്ണുകളിലേക്ക് തുളച്ചു കയറി,…

“പ്ലീസ് ആരെങ്കിലും ആ ജനലുകൾ ഒന്നടക്കുമോ? ”

“താൻ ഒന്ന് രണ്ട് ദിവസങ്ങൾ കൊണ്ട് വെളിച്ചത്തെ വീണ്ടും ഭയപ്പെട്ടു തുടങ്ങിയോ? ”

ഒന്ന് രണ്ടു ദിവസമോ? അപ്പോൾ ദിവസങ്ങൾ കടന്ന് പോയത് എന്റെ ഓർമയിൽ പോലുമില്ല,.. ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റത് പോലെ മാത്രം,.. ഞാൻ പതിയെ മിഴികൾ തുറന്നു,.. ഇപ്പോൾ മുറിയിൽ കുത്തിക്കയറുന്ന വെളിച്ചമില്ല,.. ജനലുകൾ കർട്ടൻ ഇട്ടു മറച്ചിരിക്കുന്നു,… നവീൻ ശുക്ള എനിക്ക് മുന്നിൽ മൃദുലമായി പുഞ്ചിരിച്ചു,… അച്ഛനും അമ്മയും എനിക്കരികിൽ തന്നെയുണ്ട് സങ്കടവും സന്തോഷവും എല്ലാം ഇടകലർന്ന ഭാവം,.

“മോളെ,… ”
അച്ഛനും അമ്മയും കരയുമെന്നായി,..

“ഈശ്വരാ നീയെന്റെ പ്രാർത്ഥന കേട്ടു,. ആപത്തൊന്നും വരുത്താതെ നീയെന്റെ കുഞ്ഞിനെത്തിരികേ തന്നല്ലോ !” അമ്മ ദൈവത്തോട് നന്ദിപറഞ്ഞു,…

ഇവരൊക്കെ ഇത്ര ഇമോഷണൽ ആവാൻ മാത്രം എനിക്കെന്താ പറ്റിയത്?

“ആർ യു ഓക്കേ? ” നവീൻ ശാന്തമായി ചോദിച്ചു,.

“മ്മ്,… ”

“ഓളെ എന്തിനാ അങ്കിളേ രക്ഷിച്ചേ? ആത്മഹത്യ ചെയ്യാനാണെങ്കിൽ അങ്ങ് ചെയ്യട്ടെ എന്ന് കരുതിയാൽ പോരായിരുന്നോ? ”

ആത്മഹത്യയോ,. ഇവരെന്തൊക്കെയാ ഈ പറയുന്നത്? ഐഷു,. ഇവളെപ്പോൾ വന്നു?

“എന്താടി പോത്തേ ഇങ്ങനെ കണ്ണും മിഴിച്ച് നോക്കണത്,…. ”

അരിശത്താലും സങ്കടത്താലും അവളുടെ മുഖം ചുവന്നു,.. എല്ലാവരുടെയും ഭാവം അത് തന്നെ,. ഡോക്ടർ നവീൻ ശുക്ലയുടെ മുഖത്തു മാത്രം ഒരു പുഞ്ചിരിയുണ്ട്,…

“ആത്മഹത്യ അല്ല ഐഷ,.. അനുപമയ്‌ക്കൊന്ന് ഉറങ്ങിയാൽ കൊള്ളാമെന്നു തോന്നി,. എല്ലാ സങ്കടങ്ങളിൽ നിന്നും ഒരു മോചനം തേടി, എല്ലാം മറന്നുള്ള ഒരുറക്കം,… അല്ലേ? പക്ഷേ കക്ഷി ബോധമില്ലാതെ ഒരു മണ്ടത്തരം കാണിച്ചു,. അനു ഞാൻ എഴുതിക്കൊടുത്ത സ്ലീപ്പിങ് പിൽസ് ഒരഞ്ചാറെണ്ണം വാരി വായിലിട്ടു,.. അത്രമാത്രം !”

ആ ടൈമിൽ ചെയ്തു കൂട്ടിയത് എന്തൊക്കെയാണെന്ന് എനിക്ക് തന്നെ ഒരോർമ്മയും കിട്ടുന്നില്ല,…

“ആഹാ അനുപമയ്‌ക്ക് ബോധം വന്നോ? ”

മറ്റൊരു അപരിചിതനായ ഡോക്ടർ കൂടി കടന്നു വന്നു,.. ഇവിടിപ്പോൾ എന്തൊക്കെയാണ് നടക്കുന്നതെന്ന് മനസിലാവാതെ ഞാൻ ചുറ്റും നോക്കി,..

ഞാനിപ്പോൾ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ആണ്,.. ഇപ്പോൾ സംഭവങ്ങളുടെ സ്ഥിതിഗതികൾ ഏറെക്കുറെ എനിക്ക് പിടി കിട്ടി,… മെഡിസിൻ ഓവർ ഡോസ് ആയികിടന്ന എന്നെ അച്ഛൻ തന്നെയാവും ഹോസ്പിറ്റലിൽ എത്തിച്ചത്,.. ചെവിയിൽ ഇപ്പോഴും ആംബുലൻസിന്റെ സൈറൺ മുഴങ്ങുന്നുണ്ട്,.

“ഈസ്‌ എവെരിതിങ് ഓൾറൈറ്റ്? ”

“യാ,.. യെസ് ഡോക്ടർ,.. ഷീ ഈസ്‌ പെർഫെക്റ്റ്ലി ഓൾറൈറ്റ്,.. പിന്നെ മനസിന്റെ കൺട്രോൾ പോയപ്പോൾ ചെയ്തു കൂട്ടിയ അവിവേകം,… അത്ര മാത്രമേ ഉള്ളൂ,.. ”

വന്ന ഡോക്ടർ എന്നെ പരിശോധിച്ചു,..

“കുഴപ്പമില്ല,. വേണേൽ ഡിസ്ചാർജ് എഴുതിത്തരാം, എന്തായാലും രണ്ട് ദിവസം നന്നായൊന്ന് റസ്റ്റ്‌ ഒക്കെയെടുത്ത് പോയാൽ മതിയെന്നാണ് എന്റെ അഭിപ്രായം !”

“ഓ അത് മതി, ഇപ്പോഴൊന്നും വിടണ്ട !” നവീനും ഡോക്ടറെ സപ്പോർട്ട് ചെയ്തു,..

“ഞാനെന്നാൽ,… ”

“ഓക്കേ ഡോക്ടർ,… താങ്ക് യു,.. !”

നവീൻ എനിക്ക് നേരെ തിരിഞ്ഞു,.

“രണ്ടാഴ്ചയായി മാഡം മെഡിസിൻസ് ഒന്നുംതന്നെ ഫോളോ ചെയ്തിരുന്നില്ല ശരിയല്ലേ? ”

അതെ,.. മെഡിസിൻസ് ഒന്നും ഞാൻ കുറെയായി കഴിച്ചിരുന്നില്ല, ഞാനപ്പോൾ മിലനും സിബിക്കും ഒപ്പമായിരുന്നു,.. അവരുടെ ലോകത്തെ കാഴ്ച്ചക്കാരിയായിരുന്നപ്പോൾ എനിക്ക് മെഡിസിൻസ് ഒന്നും ആവശ്യമുള്ളതായേ തോന്നിയില്ല,.. പക്ഷേ കഴിക്കാതിരുന്ന ആ ഇടവേളളയിലെ ആ ചെറിയ ദൈർഘ്യം പോലുമെന്റെ മനസ്സിനെ ഇങ്ങനൊരു പ്രതിസന്ധി ഘട്ടത്തിൽ വല്ലാതെ ഉലച്ചുകളഞ്ഞു,…

രണ്ടാമതൊരവസരം കൂടി എനിക്കിപ്പോൾ കിട്ടിയിരിക്കുന്നു,.. പക്ഷേ എന്തിന്? എഴുതില്ലാത്ത ഒരു ലോകത്ത് അപൂർണമായ എഴുത്തായി ഇനിയെനിക്ക് ജീവിക്കാനാവില്ല !

“അനു,… ” പെട്ടന്നായിരുന്നു നവീനിന്റെ ആ വിളി,.. അതെന്റെ കാടുകയറിയ ചിന്തകൾക്ക് വിലങ്ങിട്ടു,…

“എന്താടോ? എങ്ങോട്ടാ തന്റെ പോക്ക്,… ഇപ്പോൾ ഏത് ചുരമാണ് കയറിയത്,? ”

ഞാൻ മറുപടി പറഞ്ഞില്ല,… എന്റെ പ്രശ്നം മനസിലായെന്നപോലെ നവീൻ ബാക്കിയെല്ലാവരോടും പുറത്തു നിൽക്കാൻ അഭ്യർത്ഥിച്ചു,….

“ഞാനൊന്ന് ഇഷാനെ വിളിച്ചു പറഞ്ഞാലോ? പൂർവ്വ കാമുകി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് !”

“എന്തിനാ? അവനു ബ്രേക്കിംഗ് ന്യൂസ്‌ ഇട്ട് ആഘോഷിക്കാനോ? ” എന്റെ നിയന്ത്രണം വിട്ടിരുന്നു,…

“ഓക്കേ,. ഓക്കേ കൂൾ,… ”

നവീന്റെ ചികിത്സാരീതിക്കൊരു പ്രത്യേകതയുണ്ട്,.. ആദ്യം നമ്മളെ വയലന്റ് ആക്കി പിന്നെ നോർമലാക്കുന്ന ഒരു പ്രേത്യേകത ചികിത്സാരീതി…

“പിന്നെ എന്താഡോ തന്റെ പുതിയ പ്രശ്നം? ആ എൻജിനീയറിങ് കോളേജിലെ സാറാണോ? മിലൻ? ”

ഞാൻ ഉത്തരമില്ലാതെ നവീനെ നോക്കി,…

“പ്രേമം തോന്നിയോ അയാളോടും? ”

“ഇതേ നിങ്ങൾക്കെല്ലാവർക്കും ചോദിക്കാനുള്ളൊ? ഒരാണും പെണ്ണും തമ്മിൽ അടുത്തൊന്നിടപഴകിയാൽ, ഒരേ വീട്ടിൽ താമസിച്ചാൽ അപ്പോൾ പ്രേമമാകുമോ? എങ്കിൽ നമ്മൾ തമ്മിൽ എപ്പോഴേ പ്രേമമായിപ്പോയേനെ? ”

നവീൻ ഉറക്കെ ചിരിച്ചു,…

“പിന്നെന്താ തന്റെ പ്രശ്നം അച്ഛനും അമ്മയും തെറ്റിദ്ധരിച്ച് തന്നെ കുറ്റപ്പെടുത്തിയതാണോ? ”

അതിനും മറുപടി കൊടുക്കാതെ ഞാൻ നിശബ്ദത പാലിച്ചു,…

“അപ്പോൾ അതൊരു റീസൺ മാത്രം,.. രണ്ടാമത്തെ റീസൺ എന്താണെന്ന് ഞാൻ പറയട്ടെ? ”

നവീനെ ഞാൻ ആകാംഷയോടെ നോക്കി,.. ഇനി എന്താണാവോ നവീന്റെ പുതിയ കണ്ടുപിടുത്തം?

“തന്റെ മിലൻസാറിന്റെ സ്റ്റോറി കംപ്ലീറ്റ് ആയി തനിക്ക് കേൾക്കാൻ കഴിഞ്ഞില്ലല്ലേ? ”

ദൈവമേ ഇതൊക്കെ നവീൻ എവിടെന്നറിയുന്നു? മിക്കവാറും ഐഷു തന്നെയാവണം പറഞ്ഞിട്ടുണ്ടാവുക,…

“സിബി മിസ്സ്‌ സാരിയുടുത്തോ, ഇല്ലയോ അതറിയാനല്ലേ തന്റെ ഈ ടെൻഷൻ? ”

“ഞാൻ ബോധമില്ലാതെ കിടന്നപ്പോൾ താനെന്നെ ഹിപ്നോടൈസ് എങ്ങാനും ചെയ്‌തോ നവീൻ? ”

പതിവ് കള്ളച്ചിരി,…

“അതൊന്നും ചോദിക്കരുത്,.. ഞാനെല്ലാം അറിഞ്ഞു,… ”

മിക്കവാറും ഹിപ്നോടൈസ് തന്നെ ചെയ്തു കാണും,…

” തനിക്കൊരു സർപ്രൈസ് തരട്ടെ? ”

എന്താണാവോ സർപ്രൈസ്?

“കഥയുടെ ബാക്കിയറിയാൻ തനിക്ക് തന്റെ മിലൻ സാർ വേണോ? അതോ നായിക സിബി മിസ്സ്‌ മതിയോ? അതോ രണ്ടാളും ഒരുമിച്ചു വേണോ? ”

“നവീൻ,…. ”

എന്റെ ഹാർട്ട് പടപടാന്ന് ഇടിക്കാൻ തുടങ്ങി,… എന്താണ് നവീൻ പറയുന്നത്? മിലൻസാറിനേയും സിബി മിസ്സിനെയും ഒരുമിച്ചു തന്റെ മുന്നിൽ നിർത്താമെന്നോ?

“ആൻഡ്,… ദിസ്‌ ഈസ്‌ യുവർ സർപ്രൈസ് ഡിയർ,….. ”

മുന്നിലേക്ക് വന്ന ആളെക്കണ്ട് ഞാനൊന്ന് ഞെട്ടി,….

(തുടരും )

Click Here to read full parts of the novel

4/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിലൻ – Part 15”

Leave a Reply

Don`t copy text!