ഇന്നാണാ ദിവസം. മഹേഷ് കാർത്തികയുടെ സ്വന്തം ആവുന്ന ദിവസം.
മനസ്സിൽ നിറഞ്ഞ പ്രണയത്തോടെയും സന്തോഷത്തോടെയും മഹിയേട്ടന്റെ വധുവായി ഒരുങ്ങുമ്പോൾ ഞാനറിഞ്ഞിരുന്നില്ല ഈ ദിവസം എനിക്ക് സമ്മാനിക്കാൻ കാത്തു വെച്ച ദുരന്തങ്ങളെകുറിച്ച്… തീരാവേദനയെപറ്റി…..
പുലർച്ചെ തന്നെ ഗായു വന്നു നിർദേശങ്ങൾ ഒക്കെ തന്നു പോയിരുന്നു. കുളി ഒക്കെ കഴിഞ്ഞു പൂജാമുറിയിൽ വിളക്ക് വെച്ചു പ്രാത്ഥിക്കാൻ പറഞ്ഞതനുസരിച്ചു ഞാൻ താഴെ എത്തിയപ്പോൾ മഹിയെട്ടനും അവിടെ ഉണ്ടായിരുന്നു. പ്രാർത്ഥിച്ചു തിരിഞ്ഞപ്പോൾ എനിക്കായൊരു പുഞ്ചിരി മഹിയേട്ടന്റെ ചുണ്ടിൽ ഉണ്ടായിരുന്നു.
എനിക്ക് ഏറ്റവും സന്തോഷം തന്ന അതിഥികൾ വന്നെത്തിയിരുന്നു.സുഭദ്രാമ്മയും ഗംഗയും അഭിയേട്ടനും. അവരെ ചിറ്റയുടെ റൂമിലാക്കിയപ്പോഴേക്കും അമ്മായി കല്യാണപെണ്ണ് ഇത് വരെ ഒരുങ്ങാൻ പോയില്ലേ എന്ന് പറഞ്ഞു ബഹളം തുടങ്ങി.
മഹിയേട്ടൻ ഗിരിയേട്ടനും ഭദ്രേട്ടനും അഭിയേട്ടനുമൊക്കെ ഒപ്പം മുകളിലേക്ക് ഒരുങ്ങാനായി പോവുന്നത് ഞാൻ കണ്ടിരുന്നു. അവരുടെ കളിയാക്കലുകൾക്കിടയിലും ഒരു നോട്ടം എന്നെ തേടി വന്നിരുന്നു.
അവൾക്ക് ഉള്ള സൗന്ദര്യം ഒക്കെ മതി ബ്യൂട്ടീഷൻ ഒന്നും വേണ്ടാന്ന് ആദ്യമേ എന്റെ പ്രതിശ്രുതവരൻ പ്രഖ്യാപിച്ചിരുന്നത് കൊണ്ട് ഗായുവും വീണയും അനുവും ദേവുവും ആയിരുന്നു എന്നെ ഒരുക്കിയത്.
സത്യം പറഞ്ഞാൽ വണ്ടർ ലാൻഡിൽ അകപ്പെട്ട ആലീസിന്റെ അവസ്ഥ ആയിരുന്നു എന്റേത്. എല്ലാം ഒരു സ്വപ്നം പോലെ തോന്നി. ഇടയ്ക്കിടെ രേണുആന്റിയും വല്യമ്മായിയും വന്നു നോക്കുന്നുണ്ടായിരുന്നു. അവരുടെ കലാപരിപാടികൾ ഒക്കെ കഴിഞ്ഞു കണ്ണാടിയിൽ നോക്കിനിന്നപ്പോൾ, മഹിയേട്ടന്റെ കല്യാണപെണ്ണാണ് ഞാൻ എന്നോർത്തപ്പോൾ മനസ്സ് തുള്ളിച്ചാടുകയായിരുന്നു.
വാതിൽ തുറന്നതും വേദ് ഓടിവന്നു കെട്ടിപിടിച്ചു. അവന്റെ കണ്ണിൽ ഒരു നീർത്തിളക്കം ഞാൻ കണ്ടിരുന്നു. അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു. ഗായു വഴക്ക് പറഞ്ഞപ്പോൾ ആണ് അവൻ എന്നെ വിട്ടത്.
“വേഗം വന്നോ നിന്റെ കാട്ടാളൻ അവടെ കിടന്നു കയറു പൊട്ടിക്കാൻ
തുടങ്ങിയിട്ടുണ്ട്. ”
പുറത്തിറങ്ങിയതും അക്ഷമനായി നിൽക്കുന്ന മഹിയേട്ടനെ കണ്ടു.എന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു…
എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങ്ങൾ അമ്പലത്തിലേക്ക് ഇറങ്ങി. മഹിയേട്ടൻ ഫ്രണ്ട്‌സ്ന്റെ കൂടെ കാറിൽ കയറി. വേദിന്റെ കൂടെ ഞാനും ഗായുവും ഗംഗയും അനുവും ദേവുവും കയറി. അടുത്ത് തന്നെയായിരുന്നു അമ്പലം. നടക്കാവുന്ന ദൂരമേയുള്ളൂ.
അമ്പലത്തിൽ എത്തിയതും എന്റെ ഉള്ളിലും മേളം തുടങ്ങി. മഹിയേട്ടനെ പ്രണയിച്ചു തുടങ്ങിയ നാൾ മുതൽ മനസ്സിൽ സങ്കൽപ്പിച്ച ദിവസം ആണ്….
ചടങ്ങുകൾ തുടങ്ങി. പൂജിച്ച താലി കൈയിൽ പിടിച്ചു ഒരു നിമിഷം മഹിയേട്ടൻ എന്നെ നോക്കി. കണ്ണുകൾ തമ്മിൽ കൊരുത്തു. ഒരു ചെറു പുഞ്ചിരി ആ ചുണ്ടിൽ തെളിഞ്ഞു. കണ്ണുകളടച്ചു കൈകൾ കൂപ്പി നിൽക്കെ ആലിലതാലി കഴുത്തിൽ വീണതറിഞ്ഞു. അനു എന്റെ മുടി മാറ്റി കൊടുത്തു. മഹിയേട്ടൻ എന്റെ കഴുത്തിൽ താലി മുറുക്കി ഇട്ടു. സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുമ്പോഴും ആ കണ്ണുകൾ എന്നിൽ തന്നെ ആയിരുന്നു.ശ്രീ മാമൻ എന്റെ കൈ പിടിച്ചു മഹിയേട്ടന്റെ കൈകളിൽ ചേർത്തു വെച്ചു.ആ നിമിഷങ്ങളിൽ അച്ഛനമ്മമാരോടൊപ്പം അഞ്ജുവും മനസ്സിൽ ഉണ്ടായിരുന്നു. ഒരു സൈഡിലായി നിൽക്കുന്ന അഭിയേട്ടനിൽ കണ്ണെത്തിയപ്പോൾ എന്നെ കണ്ണടച്ച് കാണിച്ചു അഭിയേട്ടൻ പുഞ്ചിരിച്ചു.
അങ്ങനെ കാർത്തിക മഹേഷിനു സ്വന്തമായി…
ആ കൈയിൽ പിടിച്ചു അഗ്നിയെ വലം വെക്കുമ്പോൾ എന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു ആർക്കും വിട്ടു കൊടുക്കില്ല എന്ന പോലെ…
ദേവിയുടെ തിരുമുൻപിൽ ആ താലിയും സീമന്ത രേഖയിലെ സിന്ദൂരവുമായി നിൽക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.
“എന്ത് പറയുന്നു മിസ്സിസ് കാർത്തിക മഹേഷ് ഇപ്പോൾ? ഞാൻ പറഞ്ഞതല്ലേ നീ തിരിച്ചു എന്നിലേക്ക് തന്നെ എത്തുമെന്ന്… ”
എന്റെ ചെവിയോരം വന്ന ആ വാക്കുകൾക്ക് നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി മാത്രമായിരുന്നു എന്റെ മറുപടി.
ഫോട്ടോഗ്രാഫറുടെ നിർദേശങ്ങൾക്കനുസരിച്ചു പോസ് ചെയ്യുമ്പോൾ മഹിയെട്ടനിലെ കലിപ്പൻ ഇടയ്ക്കിടെ പുറത്ത് വരുന്നുണ്ടായിരുന്നു. എനിക്ക് ചിരി വന്നു. എന്റെ ചിരി കണ്ടപ്പോൾ അങ്ങേര് ചോദിച്ചു
“എന്താടി… “.
ഞാൻ നിലത്തോട്ടു നോക്കി നിന്നു. നവവധുവല്ലേ കുറച്ചു നാണമൊക്കെ ആവാലോ അല്ല പിന്നെ.
അമ്പലത്തോട് ചേർന്നുളള ഓഡിറ്റോറിയത്തിൽ ആയിരുന്നു സദ്യ. ഞാൻ ഇലയിൽ ചിക്കിചികയുന്നത് കണ്ടു മഹിയേട്ടൻ പറഞ്ഞു.
“സ്വന്തം കല്യാണസദ്യ ഒരിക്കലേ കഴിക്കാൻ പറ്റൂ അതിങ്ങനെ വേസ്റ്റ് ആക്കണ്ട… ”
എങ്ങനെയൊക്കെയോ പായസം മാത്രം അകത്താക്കി എണീറ്റു.
ചടങ്ങുകൾ എല്ലാം കഴിഞ്ഞു. മഹിയേട്ടന്റെ ഭാര്യയായി അവിടെ നിന്നിറങ്ങി കാറിൽ കയറി. വേദ് ആയിരുന്നു ഡ്രൈവ് ചെയ്തത്. ഗായുവും അപ്പു മോനും ഫ്രണ്ടിൽ ഇരുന്നു.
ബാക്ക് സീറ്റിൽ ഞങ്ങളും. എന്റെ വലംകൈ മഹിയേട്ടന്റെ കൈകളിൽ ആയിരുന്നു. കണ്ണുകൾ പ്രണയം പങ്കിടുന്നുണ്ടായിരുന്നു അപ്പോഴും.
“ചേട്ടായി ബാക്കി റൊമാൻസ് ഒക്കെ വീട്ടിൽ എത്തിയിട്ട് മതി കേട്ടോ ”
വേദ് പറഞ്ഞത് കേട്ടു ഗായു ചിരിച്ചു. ഞാൻ മെല്ലെ കൈ വലിച്ചെടുക്കാൻ നോക്കിയിട്ടും മഹിയേട്ടൻ വിട്ടില്ല.
“എടാ കള്ളചെറുക്കാ മര്യാദക്ക് മുൻപോട്ട് നോക്കി മിണ്ടാതെ വണ്ടി ഓടിക്കാൻ നോക്ക്. കൂടുതൽ കളിച്ചാലേ നിന്റെ ഫസ്റ്റ് നെറ്റിൽ പാലിൽ ഉറക്കഗുളിക കലക്കി വെക്കും ഞാൻ. അല്ല പിന്നെ സ്വന്തം ഭാര്യയെ പ്രേമത്തോടെ ഒന്ന് നോക്കാൻ സമ്മതിക്കൂലന്നു വെച്ചാൽ.. ”
“ഭായ് ചതിക്കരുത്. ഇനി നിങ്ങളുടെ അടുത്തെത്തുമ്പോൾ ഞാൻ കണ്ണടച്ച് വെച്ചോളാം ”
അങ്ങനെ ചിരിയും കളിയുമായി ഞങ്ങൾ ശ്രീലകത്ത് എത്തി.
മഹിയേട്ടന്റെ താലിയുമായി ആ കൈ പിടിച്ചു ശ്രീലകത്തെ മുറ്റത്തെത്തി നിന്നപ്പോൾ എല്ലാരുടെ കണ്ണുകളിലും നിറഞ്ഞ സ്നേഹവും സന്തോഷവും ഞാൻ കണ്ടു. പക്ഷേ പകയുടെ കനലുകൾ എരിയുന്ന ആ കണ്ണുകളെ മാത്രം ഞാൻ തിരിച്ചറിഞ്ഞില്ല.
വിളക്കുമായി മഹിയേട്ടന്റെ അമ്മയും ലത അമ്മായിയുമൊക്കെ ഉണ്ടായിരുന്നു. കൂടെ ഒരു കൈയിൽ ഊന്നുവടി പിടിച്ചു മറുകൈ രേണു ആന്റിയുടെ ഷോൾഡറിൽ പിടിച്ചു നിൽക്കുന്ന ചിറ്റയെയും കണ്ടു. അമ്മായി കൈയിൽ തന്ന വിളക്കുമായി അകത്തേക്ക് കയറുമ്പോൾ ചാരെയായി മഹിയേട്ടനുമുണ്ടായിരുന്നു.പൂജാമുറിയിൽ വിളക്ക് വെച്ച് മഹിയെട്ടനോടൊപ്പം പ്രാർത്ഥിച്ചു.
പാലും പഴവുമായി മധുരം വെപ്പ് കഴിഞ്ഞപ്പോൾ ചിറ്റ എന്നെ കെട്ടിപിടിച്ചു നെറുകയിൽ ചുണ്ടമർത്തി. പിന്നെ മഹിയേട്ടനെയും.
“എന്റെ കുട്ടികൾ എന്നും സന്തോഷമായിട്ടിരിക്കട്ടെ ”
എന്ന ചിറ്റയുടെ വാക്കുകൾക്ക് പിന്നാലെ അമ്മായിയും എന്റെ നിറുകയിൽ മുകർന്നു.
“അമ്മായി എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നറിയോ ഇങ്ങനെ മഹിയുടെ പെണ്ണായി നിൽക്കുന്നത് കാണാൻ…. ”
മഹിയേട്ടൻ ചിരിച്ചു കൊണ്ട് അമ്മായിയെ ചേർത്ത് പിടിച്ചു.
“അമ്മായി അല്ല ഇനി അമ്മയാണ്.. ”
ആരോ പറഞ്ഞത് കേട്ടു അമ്മായി പറഞ്ഞു.
“അതൊക്കെ മോളുടെ ഇഷ്ടം പോലെ വിളിച്ചോട്ടെ. എന്റെ മഹിയുടെ താലിയുമണിഞ്ഞു ഇവളെ കാണാനായല്ലോ അത് മാത്രം മതി എനിക്ക്. ഇനിയെങ്കിലും എന്റെ കുട്ടികൾ ഒന്ന് സന്തോഷിച്ചോട്ടെ.. ”
മഹിയേട്ടൻ മുകളിലേക്ക് കയറി പോവുന്നത് കണ്ടു.
കുറച്ചു സമയം കൂടി അവിടെ എല്ലാവരുടെയും ഇടയിൽ.
“മോള് റൂമിൽ പോയി ഡ്രസ്സ് ഒക്കെ മാറ്റിയിട്ടു വാ. ഗായൂ നീ കൂടെ ചെല്ല് കൂടെ”
അമ്മായിയുടെ വാക്കുകൾ സത്യത്തിൽ ഒരാശ്വാസം തന്നെ ആയിരുന്നു. ആഭരണങ്ങളും മുല്ലപ്പൂവും സാരിയുമൊക്കെയായി ആകെ ശ്വാസം മുട്ടി തുടങ്ങിയിരുന്നു .
മുകളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ഗായു പറയുന്നത്.
“കാത്തൂ മഹിയേട്ടൻ ഉണ്ട് റൂമിൽ. ചുമ്മാ ഞാനെന്തിനാടി നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നേ. ഞാൻ വരണ്ടാലൊ ല്ലേ ”
ഗായുവിനെ നോക്കി മുഖം കൂർപ്പിച്ചു ഞാൻ സ്റ്റെയർകേസ് കയറി. അവൾ ചിരിച്ചു കൊണ്ട് താഴേക്കിറങ്ങി പോയി.
മുകളിൽ എത്തിയതും എന്റെ ധൈര്യം ഒക്കെ ചോർന്നു പോയി. മഹിയേട്ടന്റെ റൂമിന്റെ വാതിൽ പകുതി ചാരിയിട്ടിരിക്കുന്നത് കണ്ടു എന്റെ റൂമിന്റെ നേരെ നടക്കാൻ തുടങ്ങിയപ്പോഴേക്കും പിറകിൽ ശബ്ദം കേട്ടു. മെല്ലെ തിരിഞ്ഞു നോക്കിയതും ആൾ കൈയും കെട്ടി വാതിലിൽ ചാരി കുസൃതി ചിരിയുമായി നിൽക്കുന്നു.
“മാഡത്തിന് വഴി തെറ്റിയെന്ന് തോന്നുന്നല്ലോ. കെട്ട്യോന്റെ റൂം ഇതാണ് ”
ഒന്നും മിണ്ടാതെ ഞാൻ വാതിൽക്കൽ എത്തിയതും ആൾ അകത്തേക്ക് കയറി പറഞ്ഞു.
“വലതു കാൽ വെച്ചു തന്നെ കയറിക്കോ ”
ആ മുഖത്ത് നോക്കാതെ ഞാൻ അകത്തേക്ക് കയറി. ഇനിയെന്തു ചെയ്യേണ്ടു എന്നറിയാതെ പരുങ്ങി നിന്നപ്പോൾ മഹിയേട്ടൻ വാതിൽ ലോക്ക് ചെയ്തു. ഒരു ഞെട്ടലോടെ മഹിയേട്ടനെ നോക്കിയപ്പോൾ ആൾ ഒരു കണ്ണിറുക്കി എന്റെ അടുത്തെത്തി. എന്നെ ചേർത്തു പിടിച്ചു കണ്ണാടിയുടെ മുൻപിലെത്തി, എന്റെ പിറകിലായി ചേർന്നു നിന്നു. ഒരു കൈ കൊണ്ട് നെറുകയിലെ നെറ്റിച്ചുട്ടി അഴിച്ചു മാറ്റി സീമന്ത രേഖയിലെ സിന്ദൂരത്തിൽ ഒരു മാത്ര തഴുകി. കണ്ണാടിയിൽ കണ്ണുകൾ തമ്മിൽ കൊരുത്തപ്പോൾ ആ നോട്ടം താങ്ങാനാവാതെ ഞാൻ മുഖം താഴ്ത്തി.
എന്തെ മഹിയെട്ടന്റെ മുൻപിൽ മാത്രം ഞാനിങ്ങനെ തളർന്നു പോവുന്നു. മുൻപൊരിക്കലും ഇങ്ങനെ അല്ലായിരുന്നു. അന്നാകണ്ണുകളിൽ ഇങ്ങനെ പ്രണയം പൂത്തുനിൽക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നു അതുകൊണ്ടാവാം. ഒളിച്ചു വെച്ചിരിക്കുകയായിരുന്നല്ലോ…
ആഭരണങ്ങളെല്ലാം അഴിച്ചു മാറ്റി. മഹിയേട്ടന്റെ താലി മാത്രം ബാക്കിയായി
“എന്റെ പെണ്ണിന് അലങ്കാരമായി ഇനി ഇത് മാത്രം മതി ഈ നെഞ്ചോട് ചേർന്നു കിടക്കുന്ന എന്റെ താലി ”
കാതോരം മൊഴിഞ്ഞ വാക്കുകളോടൊപ്പം എന്റെ കഴുത്തിൽ ചുണ്ടമർത്തി മഹിയേട്ടൻ.
മുടിയിലെ വാടിതുടങ്ങിയ പൂക്കളും അഴിച്ചു മാറ്റിയപ്പോൾ മഹിയേട്ടൻ പറഞ്ഞു.
“ഇനിയും ഇങ്ങനെ നിന്നാൽ ശരിയാവൂല മോളെ, ചേട്ടൻ പോയി ഫ്രഷ് ആയിട്ട് വരാം ”
ഒന്ന് നിർതിയിട്ട് തുടർന്നു
“നിന്റെ ഡ്രസ്സ് ഒക്കെ ആ ഷെൽഫിൽ ഉണ്ട്.എടുത്തു വെച്ചോ ഞാൻ പെട്ടെന്ന് വരാം. ”
കട്ടിലിൽ കിടന്ന ഡ്രെസ്സുമെടുത്തു മഹിയേട്ടൻ ബാത്‌റൂമിൽ കയറി.
ഷെൽഫ് തുറന്നപ്പോൾ മഹിയേട്ടന്റെ ഡ്രെസ്സുകൾക്കരികിലായി എന്റെതും മടക്കിവെച്ചിരിക്കുന്നു. ഒരു ലൈറ്റ് ബ്ലൂ കളർ സാരി എടുത്തു കട്ടിലേക്കിട്ടു.
മഹിയേട്ടൻ പെട്ടെന്ന് തന്നെ പുറത്തേക്ക് വന്നു. ആളെ നോക്കാതെ ഡ്രസുമെടുത്ത് ബാത്‌റൂമിലേക്ക് നടക്കുമ്പോൾ ചിരിച്ചു കൊണ്ടു ബാത്ടവൽ എന്റെ തോളിലേക്കിട്ടു.
ബാത്‌റൂമിൽ കയറി ഒന്ന് ദീർഘനിശ്വാസം വിട്ടു. ഫ്രഷ് ആയി ഡോർ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ ആൾ റൂമിൽ ഇല്ലായിരുന്നു. ആശ്വാസത്തോടെ ഓടി പോയി വാതിൽ ലോക്ക് ചെയ്തു. സാരി ശരിയാക്കി മുടിയും കെട്ടി കണ്ണാടിയിൽ നോക്കി.
അപ്പോഴേക്കും ഡോറിൽ മുട്ടു കേട്ടു. ചെന്നു നോക്കിയപ്പോൾ മഹിയേട്ടനാണ് എന്തോ എടുക്കാൻ വന്നതാണ്. ഷെൽഫ് തുറന്നു എന്തോ പേപ്പറും എടുത്തു പോവുന്നതിനിടെ എന്നെ ഒന്ന് നോക്കി. പിന്നെ വീണ്ടും ഷെൽഫ് തുറന്നു ഒരു സിന്ദൂര ചെപ്പെടുത്തു എന്റെ കൈയിൽ തന്നു. പറഞ്ഞു.
“ഒരു പാട് കാലം മുൻപേ വാങ്ങി വെച്ചതാണ്. എന്റെ പെണ്ണായി വരുമ്പോൾ തരാൻ ”
പറഞ്ഞു കൊണ്ട് ഒരു നുള്ള് സിന്ദൂരം എടുത്ത് നെറ്റിയിലിട്ട് തന്ന്, എന്റെ കവിളിൽ ഒന്ന് തട്ടി ആൾ പോയി. എന്റെ സ്വന്തം കാട്ടാളൻ.
കണ്ണാടിയിൽ എത്ര നോക്കി നിന്നിട്ടും കൊതി തീർന്നില്ല എനിക്ക്. താഴേക്ക് ചെന്നപ്പോൾ ഹാളിൽ ഹരിയേട്ടനും വൈശാഖയേട്ടനും ബാലാമമ്മയും ഉണ്ണിയേട്ടനുമെല്ലാം ഉണ്ട്.
കണ്ണുകളാൽ തിരഞ്ഞ ആളെ പൂമുഖത്തു കണ്ടു. കൂടെ ആരൊക്കെയോ ഉണ്ട്. ചിറ്റയുടെ റൂമിലേക്ക് നടന്നു. എന്നെ കണ്ടു എല്ലാരും നോക്കി. അതുവരെ ഇല്ലാതിരുന്ന ഒരു ചമ്മൽ എന്നെ വന്നു പൊതിഞ്ഞു.
സന്ധ്യയ്ക്കു മുൻപായി തന്നെ ബന്ധുക്കളൊക്കെ പോയി തുടങ്ങി. കുടുബക്ഷേത്രത്തിൽ പോവണമെന്ന് അമ്മായി…. അല്ല അമ്മ വന്നു പറഞ്ഞു .റൂമിൽ ചെന്നപ്പോൾ ആളെ കണ്ടില്ല. മെറൂൺ ബോർഡർ ഉള്ള സെറ്റ് സാരി കട്ടിലിൽ കിടക്കുന്നത് കണ്ടു.
റെഡി ആയി താഴെ ചെന്നപ്പോൾ മഹിയേട്ടൻസെയിം കളർ ഷർട്ട് ആണ് ഇട്ടിരിക്കുന്നത്. മുഖത്തൊരു കള്ളചിരി ഞാൻ കണ്ടു. കണ്ടിട്ട് കണ്ണെടുക്കാൻ തോന്നിയില്ല, പക്ഷേ അധികം നോക്കാൻ നിന്നില്ല. എന്റെ ഒളിഞ്ഞു നോട്ടം അങ്ങേര് കൈയോടെ പിടിക്കാറാണ് പതിവ്. അന്നും ഇന്നും. അന്നാണെങ്കിൽ കലിപ്പിച്ചോരു, എന്താടി എന്ന ചോദ്യവും ഉണ്ടാകും.
അപ്പു മോനു സുഖമില്ലാത്തതിനാൽ ഗായു വരുന്നില്ലെന്ന് പറഞ്ഞു. ചിറ്റയുടെ അടുത്ത് അമ്മയെയും ഗായുവിനെയും നിർത്തി ഞങ്ങൾ യാത്രയായി.
അമ്പലത്തിൽ മഹിയെട്ടനോട് ചേർന്ന് നിന്ന് മനസ്സ് തുറന്നു പ്രാർത്ഥിച്ചു. തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടിയിരുന്നു. വന്ന ഉടനെ വേദ് ബൈക്ക് എടുത്ത് പുറത്തേക്ക് പോയി. എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു.
ഹാളിൽ കയറിയപ്പോഴേക്കും ഗായത്രിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു. എല്ലാവരും അങ്ങോട്ട് ഓടിയെത്തുമ്പോൾ….
അവിടെ അവരുടെ റൂമിൽ നിലത്തു ചോരയിൽ കുളിച്ചു കിടക്കുന്ന അപ്പുമോൻ.
( തുടരും )
Click Here to read full parts of the novel
തിരുത്തിയില്ല. തെറ്റുകൾ ക്ഷമിക്കണം. വായിച്ചിട്ട് ആരും പൊങ്കാല ഇടരുത്. 🙏 കഥ തീരും വരെ ക്ഷമിക്കണം.
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission