അമ്പലത്തിൽ മഹിയെട്ടനോട് ചേർന്ന് നിന്ന് മനസ്സ് തുറന്നു പ്രാർത്ഥിച്ചു. തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടിയിരുന്നു. വന്ന ഉടനെ വേദ് ബൈക്ക് എടുത്ത് പുറത്തേക്ക് പോയി. എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു.
ഹാളിൽ കയറിയപ്പോഴേക്കും ഗായത്രിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു. എല്ലാവരും അങ്ങോട്ട് ഓടിയെത്തുമ്പോൾ….
അവിടെ അവരുടെ റൂമിൽ നിലത്തു ചോരയിൽ കുളിച്ചു കിടക്കുന്ന അപ്പുമോൻ.
കുഞ്ഞിന് ബോധം ഇല്ലായിരുന്നു. നെറ്റിയിലാണ് മുറിവ്. ഹരിയേട്ടൻ അപ്പുവിനെ വാരിയെടുത്ത് പുറത്തേക്കോടിയപ്പോഴേക്കും മഹിയേട്ടൻ വണ്ടി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു.
എന്നോട് വരണ്ടായെന്ന് പറഞ്ഞിട്ട് , കരഞ്ഞു കൊണ്ടു കാറിൽ കയറുന്ന ഗായുവിനൊപ്പം ലത അമ്മായിയും പോയി.
കരഞ്ഞു തളർന്നു ഹാളിലെ സോഫയിൽ ഇരിക്കുന്ന അമ്മായിയ്ക്കൊപ്പം അനുവിനെയും ദേവുവിനെയും ഇരുത്തി ഞാൻ ചിറ്റയുടെ റൂമിലേക്ക് നടന്നപ്പോൾ കണ്ടത് ഊന്നുവടി കുത്തി ചുമരിൽ പിടിച്ചു ആയാസപ്പെട്ട് നടന്നു വരുന്ന ചിറ്റയെയാണ്. ഓടിച്ചെന്ന് ചിറ്റയെ പിടിച്ചു ഞാൻ.
“എന്തെ കുട്ടി പറ്റിയത്. ബഹളം ഒക്കെ കേട്ടല്ലോ.വിളിച്ചിട്ട് ആരും കേൾക്കണതുമില്ല. അതാ ഞാൻ… ”
ഒന്നുമില്ല ചിറ്റേ, അപ്പു മോൻ ഒന്ന് വീണു.നെറ്റി ചെറുതായി മുറിഞ്ഞു. ഹോസ്പിറ്റലിൽ കൊണ്ടു പോയിട്ടുണ്ട്. പേടിക്കാനൊന്നുമില്ല. ”
ചിറ്റ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു
“എന്റീശ്വരാ എന്റെ കുട്ടിയ്‌ക്കൊന്നും വരുത്തല്ലേ… ”
ചിറ്റയുടെ ചേർത്ത് പിടിച്ചു റൂമിലെത്തിച്ചു കട്ടിലിൽ ഇരുത്തിയതും അനു എന്റെ ഫോണുമായി ഓടിക്കിതച്ചു വന്നു.
“കാത്തുവേച്ചി മഹിയേട്ടന്റെ കാൾ ആണ് ”
“നിനക്ക് എടുത്ത് നോക്കായിരുന്നില്ലേ”
പറഞ്ഞുകൊണ്ട് ഞാൻ ഫോൺ വാങ്ങി കാൾ അറ്റൻഡ് ചെയ്തു
“മഹിയേട്ടാ.. അപ്പു മോൻ? ”
“മോനു ഇപ്പോൾ കുഴപ്പമൊന്നുമില്ല കാത്തു. ബോധം വന്നു. നെറ്റിയിൽ ഉള്ള മുറിവ് അധികം ആഴത്തിൽ ഉള്ളതല്ല പക്ഷേ കുറച്ചധികം രക്തം പോയിട്ടുണ്ട്. ഡ്രിപ് ഇട്ടിട്ടുണ്ട്. ട്വന്റി ഫോർ ഹവേഴ്സ് ഒബ്‌സർവേഷൻ വേണമെന്ന് പറഞ്ഞു ഡോക്ടർ. നീ അമ്മയോട് മോനു കുഴപ്പമൊന്നും ഇല്ലന്ന് പറഞ്ഞേക്ക്. ”
“ഞാൻ പറയാം മഹിയേട്ടാ.. ഗായു ”
“ഗായു മോന്റെ അടുത്തുണ്ട്. അവൻ ചെറുതായി പേടിച്ചിട്ടുണ്ട്. ഇപ്പോൾ മയക്കത്തിലാണ്.. ”
ഒരു നിമിഷം മഹിയേട്ടൻ ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ പറഞ്ഞു.
“കാത്തു ഞാൻ വേദ് നെ വിളിച്ചു പറഞ്ഞിട്ടുണ്ട് അവൻ അങ്ങോട്ട് ഇപ്പോൾ വരും. നീ അനുവിനെയും കൂട്ടി പോയി എല്ലാ ഡോറുകളും ലോക്ക് അല്ലേ എന്ന് നോക്കിക്കേ ”
ഒരു ഞെട്ടലോടെ ഞാൻ വിളിച്ചു
“മഹിയേട്ടാ…. ”
“പറയുന്നത് കേൾക്കു കാത്തൂ. പേടിക്കണ്ട. ഞാൻ വരും ഇവിടെ ഒന്ന് റെഡി ആയാൽ ”
കൂടുതൽ ഒന്നും പറയാതെ മഹിയേട്ടൻ കാൾ കട്ട് ചെയ്തു. ഫോൺ മേശയുടെ മുകളിൽ വെച്ച് ഞാൻ ചിറ്റയെ കിടക്കാൻ സഹായിച്ചു.
ഹാളിൽ എത്തുമ്പോഴേക്കും അനു അമ്മായിയോട് കാര്യങ്ങൾ പറഞ്ഞിരുന്നു.കാര്യം ഒന്നും പറയാതെ അനുവിനെ കൂടെ വിളിച്ചു ഞാൻ മുകളിൽ എത്തി. ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുകയായിരുന്നു. അതടച്ചു ലോക്ക് ചെയ്തിട്ട് അനുവിന് സംശയം തോന്നാത്ത വിധത്തിൽ എല്ലായിടത്തും നോക്കി.
തിരിച്ചു താഴേക്കിറങ്ങാൻ തുടങ്ങുമ്പോൾ അനു പറഞ്ഞു അവൾ ഒന്ന് ഫ്രഷ് ആയിട്ട് വരാമെന്ന്. താഴെ എത്തിയപ്പോൾ അമ്മായിയുടെ അടുത്ത് ബാലമ്മാമ്മയും ഉണ്ടായിരുന്നു.
“മഹി എന്ത് പറഞ്ഞു മോളെ മുറിവ് ഡ്രസ്സ് ചെയ്തിട്ട് ഇപ്പോൾ തന്നെ വരില്ലേ അവർ ”
“ഇല്ല,ബാലമ്മാമ്മേ. കുഴപ്പമൊന്നും ഇല്ല. പക്ഷേ ഒബ്സെർവഷനിൽ ആണ്. ബാലമ്മാമ്മ എപ്പോൾ വന്നു ”
“ഞാൻ ഇപ്പോൾ വന്നതേയുള്ളു. എന്റെ കൂടെ ശ്രീയും ഉണ്ണിയും ഉണ്ടായിരുന്നു. അവർ അമ്പലത്തിലെ ഒരാവശ്യത്തിന് വേണ്ടി വാര്യരെ കാണാൻ പോയിരിക്കുകയാണ്. എനിക്ക് വയ്യാത്തത് കൊണ്ടു ഞാൻ ഇങ്ങു പോന്നു ”
“അമ്മ പോയി കിടന്നോളു. എല്ലാരും വരാൻ ലേറ്റ് ആവും. ഞാൻ കാത്തിരുന്നോളാം ”
തളർന്നിരിക്കുന്ന അമ്മായിയെ നോക്കി ഞാൻ പറഞ്ഞു. ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും ബാലന്മാമ്മ കൂടെ നിർബന്ധിച്ചപ്പോൾ അമ്മ റൂമിലേക്ക് പോയി. ദേവു മുകളിലേക്ക് കയറിപോയപ്പോൾ ടീവിയിൽ ന്യൂസിൽ കണ്ണും നട്ടിരിക്കുന്ന ബാലന്മാമ്മയോടു പറഞ്ഞു ഞാൻ ചിറ്റയുടെ അടുത്തേക്ക് പോയി.
എന്തോ ആലോചനയിൽ ആയിരുന്ന ചിറ്റ എന്നെ കണ്ടു, വാടിയ മുഖത്തോടെ ചോദിച്ചു.
“മോൾക്ക് സങ്കടം ആയോ. ഇത്രയും കാലം കാത്തിരുന്നിട്ട് ഇന്നത്തെ ദിവസം ഇങ്ങനെയൊക്കെ ആയി പോയതിൽ…? ”
“ഇല്ല ചിറ്റേ, ഇത്രയും കാലം കാത്തിരുന്നില്ലേ. ഇപ്പോൾ മഹിയേട്ടന്റെ ഭാര്യ ആയില്ലേ.. ഞാൻ.. ഇതൊന്നും ഞാൻ പ്രതീക്ഷിച്ചതല്ല ”
“ഞാനും… ”
പിറകിൽ നിന്നാ ശബ്ദം കേട്ടാണ് ഞാൻ നോക്കിയത്. ബാലന്മാമ്മ വാതിൽക്കൽ നിൽക്കുന്നു.
“കാത്തുമോളുടെ കാത്തിരിപ്പ് ഇന്നത്തോടെ തീരുകയല്ലേ നന്ദിനി. പിന്നെ എന്തിനാ നീയിങ്ങനെ വിഷമിക്കുന്നത്? ”
വല്ലാത്തൊരു മുഖഭാവം ആയിരുന്നു ബാലന്മാമ്മയ്ക് അപ്പോൾ. അടുത്ത നിമിഷം അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു.
പേടിയോടെ അറിയാതെ തന്നെ ഞാൻ എഴുന്നേറ്റു പോയി.ബാലമ്മാമ്മയെ ഇങ്ങനെ ഞാൻ കണ്ടിട്ടില്ല.
“എന്തിനാ ബാലേട്ടാ വാതിൽ അടച്ചത്.ഞാൻ ഉറങ്ങാൻ പോവാണ്. ബാലേട്ടൻ പോയി കിടന്നോളു ”
ചിറ്റയുടെ ശബ്ദം മുറുകിയിരുന്നു.
ബാലന്മാമ്മ ചിറ്റയുടെ അടുത്തെത്തി മുടിയിൽ തഴുകികൊണ്ടു പറഞ്ഞു.
“അങ്ങനെ എനിക്ക് പോവാൻ പറ്റോ നന്ദിനി. നിന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് എനിക്ക്. എല്ലാം കേട്ടിട്ടു കഴിയുമ്പോൾ നിന്റെ മുഖം എനിക്ക് കാണണം.നിനക്ക് പ്രിയപ്പെട്ടവരുടെ അടുത്തേക്ക് നിന്നെയും കൂടെ യാത്രയാക്കിയിട്ട് ഞാൻ പൊയ്ക്കൊള്ളാം. ഓ മറന്നു, നീ ഒറ്റയ്ക്കല്ല നന്ദിനി, ഇവളും ഉണ്ടാകും കൂടെ, നിന്റെ ഈ പൊന്നോമന പുത്രി.നിന്റെ അഞ്ജുകുട്ടിയും നന്ദേട്ടനും അവിടെ കാത്തിരിക്കുന്നുണ്ടാവും.. ”
“എന്തൊക്കെയാ നിങ്ങൾ പറയുന്നത്? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ”
“എല്ലാം മനസ്സിലാവും ബാലേട്ടന്റെ നന്ദിനിക്കുട്ടിക്ക്. ഞാനൊന്ന് പറഞ്ഞു തീർത്തോട്ടെ ”
ബാലമ്മാമ്മയുടെ ഭാവം കണ്ടപ്പോൾ മഹിയേട്ടൻ പറഞ്ഞതൊക്കെ മനസ്സിലേക്ക് ഓടിയെത്തി. പേടിയോടെ കഴുത്തിൽ കിടക്കുന്ന താലിയിൽ മുറുകെ പിടിച്ചു ഞാൻ ചുറ്റും നോക്കി. ഒരു വഴിയും കാണുന്നില്ല.അയാളുടെ ശ്രെദ്ധയിൽ പെടാതെ വാതിലിനടുത്തേക്ക് എനിക്ക് എത്താനാവില്ലെന്ന് നിസ്സഹായതയോടെ ഞാൻ തിരിച്ചറിഞ്ഞു. പെട്ടെന്നാണ് മേശമേൽ കിടന്നിരുന്ന എന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നത് ശ്രെദ്ധയിൽ പെട്ടത്. മേശയിൽ ചാരിനിന്നിരുന്ന എന്റെ കൈ മൊബൈലിലേക്ക് നീണ്ടത് ചിറ്റയെ തന്നെ നോക്കി നിന്ന ബാലന്മാമ ശ്രെദ്ധിച്ചില്ല. മഹിയേട്ടന്റെ കാൾ കണ്ടു എന്റെ ഹൃദയം പിടഞ്ഞു. കാൾ എടുത്തതും ബാലന്മാമ്മ എന്റെ നേരെ തിരിഞ്ഞു. മൊബൈൽ മേശയിലേക്ക് തിരിച്ചു വെച്ച് ഞാൻ അനങ്ങാതെ നിന്നു.
“കാത്തു പേടിച്ചോ. എന്തിനാ മോള് വിഷമിക്കുന്നത്. നിന്റെ മഹിയേട്ടന്റെ താലിയുമിട്ട് തന്നെ അഞ്ജുവിനടുത്തേക്ക് പോകാം നിനക്ക് ”
അയാൾ എന്റെ കവിളിൽ തലോടിയപ്പോൾ മുഖം തിരിച്ചു ഞാൻ.
“മോൾക്ക് ഒന്നും മനസ്സിലാകുന്നില്ല അല്ലേ. എല്ലാം ഞാൻ പറഞ്ഞു തരാം. നിന്റെ നന്ദിനി ചിറ്റയില്ലെ. അവളാണ് എന്നെകൊണ്ടു ഇതെല്ലാം ചെയ്യിച്ചത്. ഞാൻ അവളെ ആത്മാർത്ഥമായി സ്നേഹിച്ചു. ഭ്രാന്തമായി തന്നെ. പക്ഷേ അവളെന്നെ തള്ളി പറഞ്ഞു അവൾക്കെന്നെ വേണ്ടാ, ആ നന്ദനെ മതിയെന്ന് പറഞ്ഞു. എല്ലാവരും അവളുടെ കൂടെ നിന്നു…. ”
“ഞാൻ ഒരിക്കലും നിങ്ങളെ സ്നേഹിച്ചിട്ടില്ല. ഞാൻ പ്രണയിച്ചത് എന്റെ നന്ദേട്ടനെ മാത്രമായിരുന്നു.. ”
ചിറ്റയുടെ വാക്കുകൾക്ക് മൂർച്ചയുണ്ടായിരുന്നു. അത് അയാളെ ക്രുദ്ധനാക്കി. ചിറ്റയുടെ കവിളിൽ കുത്തി പിടിച്ചു ഒരു പൊട്ടിച്ചിരിയോടെ ചോദിച്ചു.
“എന്നിട്ട് എവിടെയെടി നിന്റെ നന്ദേട്ടൻ. സന്തോഷത്തോടെ ജീവിക്കാനായോ നിനക്ക് അവന്റെ കൂടെ. അവനെ യാത്രയാക്കി ഞാൻ. അവൻ പോയപ്പോൾ പിന്നെയും ഞാൻ നിന്റെ പിറകെ വന്നു. അപ്പോൾ നീ പറഞ്ഞു നിനക്ക് അവനെ മറക്കാൻ ആവില്ലെന്ന്. ഇനിയുള്ള ജീവിതം നിന്റെ മകൾക്ക് വേണ്ടിയാണെന്ന്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ദാ ഇവളും വന്നു. പിന്നെ നിന്റെ സന്തോഷങ്ങൾ ഓരോന്നായി തല്ലികെടുത്താനായിരുന്നു എന്റെ ശ്രെമം.ആർക്കും ഒരു സംശയവും തോന്നാതെ നിന്നെ ഈ കട്ടിലിൽ തളർത്തികിടത്തിയതും ഞാനാണ്. അപ്പോഴേക്കും ഞാനറിഞ്ഞു ഉണ്ണിയ്ക്ക് ഇവളെ ഇഷ്ടമാണെന്ന്. എന്തു വില കൊടുത്തു ഇവളെ അവന് നേടികൊടുക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു ”
അയാൾ എന്റെ നേരെ തിരിഞ്ഞപ്പോൾ ആ കണ്ണുകളിൽ അടിഞ്ഞു കിടക്കുന്ന വെറുപ്പും ആളിക്കത്തുന്ന പകയുടെ ആഴവും ഞാൻ വ്യക്തമായി തന്നെ കണ്ടു. കേട്ടതൊന്നും വിശ്വസിക്കാനാവാതെ പകച്ചു നിൽക്കുമ്പോൾ അയാൾ തുടർന്നു.
“പക്ഷെ ഇവൾക്ക് ഞാൻ ഏറ്റവും വെറുക്കുന്ന, നിന്റെ ഏട്ടന്റെ മകനെ മതിയായിരുന്നു. മഹേഷ് നാരായണൻ. എല്ലാം തികഞ്ഞവൻ. ഒരിക്കലും ഇവളെ അവന് കൊടുക്കില്ലെന്ന് ഞാൻ അന്നേ തീരുമാനിച്ചതാണ് ”
പല്ലുഞെരിച്ചു ചിറ്റയെ നോക്കി അയാൾ പറഞ്ഞു.
“നിന്റെ പെണ്മമക്കളുടെ ഭാവി സുരക്ഷിതമായെന്ന് നീ പറഞ്ഞത് കേട്ടു ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു നന്ദിനി. ഒരു പാട് കളികൾ ഞാൻ കളിച്ചു നോക്കിയെങ്കിലും ഒന്നും ശരിയായില്ല. അതിനിടയിൽ അബദ്ധവശാൽ , ഉറങ്ങികിടന്ന നിന്റെ നെറ്റിയിൽ ചുംബിക്കുന്ന എന്നെ അഞ്ജു കണ്ടു. അവൾ എന്നെ നിരീക്ഷിക്കാൻ തുടങ്ങിയതോടെ അവളെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു.അതിനു മഹിയെന്ന കിട്ടാക്കനിയും സ്വപ്നം കണ്ടു നടക്കുന്ന ആ വട്ട് പെണ്ണിനെ ഞാൻ പാട്ടിലാക്കി. അവൾ വഴിയാണ് ഞാൻ അഞ്ജുവിനെ ആമ്പൽകുളത്തിനടുത്ത് എത്തിച്ചത് ”
അയാളുടെ വാക്കുകൾ കേട്ട ചിറ്റ ഒരു നിലവിളിയോടെ കട്ടിലിൽ നിന്നെഴുന്നേൽക്കാൻ ശ്രെമിച്ചു.
“എടാ എന്റെ മോളെ നീ.. നീ… ”
ചിറ്റയെ കട്ടിലിലേക്ക് തള്ളി വീഴ്ത്തി അയാൾ പറഞ്ഞു.
“അതെടി, ഈ കൈകൾ കൊണ്ടു ഞാൻ ആണ് അവളെ കൊന്നത്. നിന്റെ വയറ്റിൽ പിറന്നതാണ് അവൾ ചെയ്ത തെറ്റ്. പിന്നെ ഇവൾ.. നിന്റെ ദത്തുപുത്രിയായതും എന്റെ ഉണ്ണിയെ തഴഞ്ഞു മഹിയെ ഇവൾ സ്നേഹിച്ചതും എന്റെ മനസ്സിന്റെ കണക്കുപുസ്തകത്തിൽ മാപ്പർഹിക്കാത്ത തെറ്റ് തന്നെയായിരുന്നു. എല്ലാത്തിനും ഞാൻ കാവ്യയെ വിദഗ്ദമായി ഉപയോഗിച്ചു. അഞ്ജുവിന്റെ കാര്യത്തിൽ അവൾക്ക് വല്യ സംശയം ഒന്നുമില്ലായിരുന്നു. ഉണ്ണിക്ക് കാത്തുവിനെ കിട്ടിയാൽ, അവൾക്ക് മഹിയെ സ്വന്തമാക്കാനാവുമെന്ന് ഞാനവളെ പറഞ്ഞു വിശ്വസിപ്പിച്ചു. ”
എന്നെ നോക്കി അയാൾ പറഞ്ഞു.
“ഉണ്ണിയേയും മഹിയെയും തമ്മിൽ തെറ്റിച്ചതും ഞാൻ തന്നെയായിരുന്നു കാത്തൂ. മഹിയുടെ മനസ്സിൽ ഞാൻ കനലുകൾ ഇട്ട് കൊടുത്തു കൊണ്ടേയിരുന്നു. മഹിയുടെ മനസ്സ് അറിഞ്ഞിട്ടും, നീ ഉണ്ണിയുമായി അടുത്ത് ഇടപഴകുന്നതായി മഹിയെ തെറ്റിദ്ധരിപ്പിച്ചതും ഞാനാണ്. ഒടുവിൽ അവൻ പെട്ടിത്തെറിച്ചു. പക്ഷേ നീ അമേരിക്കയിലേക്ക് പോയപ്പോഴാണ് എനിക്ക് സത്യത്തിൽ സമാധാനം ആയത്. കാരണം മഹി ഒരിക്കലും നിന്നെ അവിശ്വസിച്ചിട്ടില്ലായിരുന്നു. നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്നേ അവൻ നിന്നെ സ്വന്തമാക്കിയേനെ… ”
അവിശ്വസനീയതയോടെ തളർന്നു നിൽക്കുന്ന ചിറ്റയുടെ നേരെ അയാൾ തിരിഞ്ഞപ്പോൾ ഒരു രക്ഷക്കായി എന്റെ കണ്ണുകൾ ചുറ്റും തിരയുകയായിരുന്നു. അയാളുടെ കണ്ണിൽ ഭ്രാന്തിന്റെ ചുവപ്പ് കൂടി വരുന്നത് ഞാൻ കണ്ടു.
“തകർന്നുപോയ മക്കളുടെ ജീവിതമോർത്തു ഉരുകി ജീവിക്കുന്ന നീ ഒരു സ്വാന്തനത്തിനായി പോലും എന്നെ നോക്കിയില്ല. പക്ഷേ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു ഇവൾ തിരിച്ചെത്തി. ഒരു മിഥ്യാലോകത്താണെന്നുള്ള ബോധം കാവ്യയിൽ വന്ന് തുടങ്ങിയിരുന്നു. ഇതിനിടയിൽ ഉണ്ണിയേയും നിലീനയെയും തമ്മിൽ അകറ്റാൻ പല വഴികളും നോക്കിയിരുന്നു ഞാൻ. പക്ഷേ നടന്നില്ല.കാവ്യ നിലീനയെ കണ്ടു സംസാരിച്ചതോടെ കാവ്യയെ ഇല്ലാതാക്കിയേ മതിയാവൂ എന്ന നിലയിലായി കാര്യങ്ങൾ. കാത്തുവും മഹിയും വീണ്ടും അടുക്കുന്നത് കണ്ടപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ കാത്തൂവിനെ അവസാനിപ്പിക്കാൻ ഞാൻ നോക്കി. അവിടെയും ഞാൻ തോറ്റു പോയി. ഒരവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു.ഗായത്രിയെ ലക്ഷ്യം വെച്ചായിരുന്നു അവരുടെ റൂമിൽ എത്തിയിരുന്നതെങ്കിലും എനിക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. ആ ചെറുക്കൻ കട്ടിലിൽ നിന്ന് താഴേക്ക് വീഴുന്നത് ഞാൻ നോക്കി നിന്നു. തല കട്ടിലിന്റെ സൈഡിൽ ഇടിച്ചു താഴേക്ക് അവൻ വീണപ്പോൾ എന്റെ ഭാഗ്യം തെളിഞ്ഞെന്ന് എനിക്ക് മനസ്സിലായി…. ”
സ്വാത്വിക ഭാവമണിഞ്ഞു നടന്നിരുന്ന അയാൾ മനുഷ്യത്വത്തിന്റെ ഒരു കണികയും ഇല്ലാത്ത ചെകുത്താനാണെന്ന് എനിക്ക് മനസ്സിലായി.
വാതിൽ ആരോ ചവിട്ടുന്നതും കാത്തൂ എന്നുള്ള മഹിയേട്ടന്റെ വിളികളും അപ്പോഴാണ് എന്റെ ചെവിയിൽ എത്തിയത്.മെല്ലെ എഴുന്നേൽക്കാൻ ശ്രെമിക്കുന്ന ചിറ്റയെ നോക്കിയതും ചിറ്റ കണ്ണുകൾ കൊണ്ടു വാതിൽക്കലേക്ക് കാണിച്ചു.
അടുത്ത നിമിഷം വാതിൽക്കലേക്കു കുതിക്കാൻ തുടങ്ങിയ എന്നെ അയാൾ സാരിയിൽ പിടിച്ചു വലിച്ചു വീഴ്ത്തി. മേശയിൽ പിടിച്ചു ഞാൻ എഴുന്നേറ്റതും അയാൾ ചിറ്റയെ ആഞ്ഞു തള്ളി കൈയിൽ കത്തിയുമായി എന്റെ നേരെ തിരിഞ്ഞു.
വല്ലാത്ത ഒരു ശബ്ദത്തോടെ വാതിൽപാളികൾ തെറിച്ചു വീണതും അയാളുടെ ശ്രെദ്ധ തെറ്റി. മഹിയേട്ടൻ ബാലമ്മാമ്മയ്ക്കു നേരെ ഓടി വന്നു. പക്ഷേ അയാളുടെ കൈയിലെ കത്തി മഹിയേട്ടൻ കണ്ടിട്ടില്ലായിരുന്നു. അയാൾ അത് മഹിയേട്ടന് നേർക്ക് വീശിയതും മറ്റൊന്നും എനിക്ക് ചെയ്യാനില്ലായിരുന്നു. ഒരു കുതിപ്പിന് ആ മുറിവ് ഞാൻ എന്റെ നെഞ്ചിൽ ഏറ്റു വാങ്ങി. ഒഴുകിയിറങ്ങുന്ന ദ്രാവകത്തിന്റെ ചൂടിൽ കണ്ണടയുന്നതിന് മുൻപേ ഞാൻ കണ്ടു ഒരലർച്ചയോടെ താഴേക്ക് വീഴുന്ന ബാലമ്മാമ്മയെയും അയാൾക്ക് പിറകിൽ കണ്ണിൽ ആളുന്ന തീയുമായി ചോരയിറ്റുന്ന ഊന്നുവടിയുമായി നിൽക്കുന്ന ചിറ്റയെ…
………………………………………………………..
ഓപ്പറേഷൻ തിയേറ്ററിന് മുൻപിൽ തകർന്ന മനസ്സുമായി നിൽക്കുകയായിരുന്നു മഹേഷ്.
കഴിഞ്ഞു പോയ മണിക്കൂറുകൾ എല്ലാം അവ്യക്തമായ ചിത്രങ്ങളായേ മനസ്സിൽ ഉള്ളൂ.
വൈശാഖേട്ടൻ പറഞ്ഞത് കേട്ടു കാത്തൂവിനെയും വാരി എടുത്തു കൊണ്ടോടുകയായിരുന്നു. വണ്ടിയോടിച്ച വേദ്നോട് സ്പീഡ് പോരെന്നു പറഞ്ഞു അലറുകയായിരുന്നു മഹി. അവന്റെ മടിയിൽ ചോര വാർന്നൊഴുകി കിടക്കുന്ന കാത്തുവിന്റെ മുഖത്ത് ചുംബനങ്ങൾ കൊണ്ടു മൂടുമ്പോൾ അവനും കരയുകയായിരുന്നു
ഹോസ്പിറ്റലിൽ വെച്ചു കാത്തുവിനെ വിളിച്ചപ്പോൾ കാൾ എടുത്തിട്ട് ഒന്നും പറയാതെയായപ്പോൾ തന്നെ സംശയിച്ചു. പിന്നെയാണ് അയാളുടെ സംസാരം കേട്ടു തുടങ്ങിയത്. അടുത്തേക്ക് വരുന്ന വേദിന്റെ കൈയിൽ നിന്ന് ബൈക്കിന്റെ ചാവി തട്ടിപ്പറിച്ചു ഓടുകയായിരുന്നു. പിറകെ ഓടിവന്ന വൈശാഖേട്ടനോടും വേദ്നോടും കാത്തൂ അപകടത്തിലാണെന്ന് മാത്രം പറഞ്ഞു കൊണ്ടു തിരിഞ്ഞു നോക്കാതെ ഓടുകയായിരുന്നു.എങ്ങിനെയാണ് ശ്രീലകത്ത് എത്തിയതെന്നറിയില്ല..
തിയേറ്ററിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു മഹി പിടഞ്ഞെണീറ്റു ഓടി.
“ഡോക്ടർ…. കാർത്തിക… ”
“സീ മിസ്റ്റർ മഹേഷ് പേഷ്യന്റിന്റെ കണ്ടിഷൻ കുറച്ചു മോശം ആണ്. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാനാവില്ല…
മഹേഷിന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
(തുടരും)
Click Here to read full parts of the novel
അങ്ങനെ റിയൽ സൈക്കോയുടെ വരവും പോക്കും ഒക്കെ കഴിഞ്ഞു. ഇടയ്ക്കിടെ ഓരോ കമെന്റുകളിലും ബാലമ്മാമ്മയുടെ പേര് കാണുമ്പോൾ, അയാളിൽ നിന്ന് ശ്രെദ്ധ തിരിച്ചു വിടാൻ ഞാൻ പെട്ട പാട് എന്റെ പൊന്നോ 🙏😜😜😜
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission