“അരുണേട്ടനെന്തിനാ ഇങ്ങനൊക്കെ പറയണേ? ” അവളുടെ മിഴികൾ നിറഞ്ഞു,.
“സംഭവിക്കാൻ പോണ കാര്യമായതോണ്ട് പറഞ്ഞൂന്നേ ഉള്ളൂ,. ” അവൻ എങ്ങും തൊടാതെ പറഞ്ഞു,..
“എന്ത് സംഭവിക്കുമെന്നാ? ”
“എന്തും !”
“അരുണേട്ടൻ തന്നെയല്ലേ എനിക്ക് ടൈം തരാന്ന് പറഞ്ഞത് !”
“ഇത് നീയെപ്പോഴും ഇങ്ങനെ ആവർത്തിച്ചു പറയണന്നില്ല,. ശരിയാ ടൈം തരാന്ന് പറഞ്ഞു, അത് നീ എന്നെങ്കിലും മാറുമെന്ന പ്രതീക്ഷ ഉള്ളത് കൊണ്ടാ !”
അവളുടെ കണ്ണു നിറഞ്ഞൊഴുകി,.
“എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കാമെന്ന് പറഞ്ഞു, അതിനർത്ഥം കാലാകാലം എന്നെ പൊട്ടനാക്കി മനസ്സിൽ അവനെ പ്രതിഷ്ഠിച്ചു നിൽക്കാമെന്നല്ല, നിന്റെ ഭാഗത്ത് നിന്നും സ്വയം മാറാൻ എന്തെങ്കിലും ഇനിഷിയേറ്റീവ് ഒക്കെ വേണം, എല്ലാം കൂടി എന്റെ തലയിലേക്ക് കെട്ടിവെച്ചു തരുവല്ല,. അരുണേട്ടൻ അത് പറഞ്ഞില്ലേ , ഇത് പറഞ്ഞില്ലേ, എന്തോന്നാ ഇത്? മനുഷ്യന്റെ ക്ഷമയ്‌ക്കൊരു പരിധിയില്ലേ? എന്നെ നീ കാണുന്നില്ലേ? അതെങ്ങനാ മനസ്സ് മുഴുവൻ അവനാണല്ലോ, ഞാൻ നിന്നോട് പറഞ്ഞത് വെച്ചു നോക്കുമ്പോൾ അവൻ നിന്റെ മനസ്സിൽ ഉള്ള അത്രയും കാലം ഞാൻ നിന്നോട് അടുക്കുകയുമില്ല !”
അവൾ മിണ്ടിയില്ല,.
പിന്നീട് അരുണോ അവളോ ഒന്നും സംസാരിച്ചില്ല,.
താൻ അരുണിനെക്കുറിച്ച് കൂടെ ചിന്തിച്ചേ പറ്റൂ, അവന്റെ വികാരങ്ങളെ മാനിച്ചേ പറ്റൂ, എന്നിരുന്നാലും അവനോട് അടുക്കാൻ തനിക്കെന്തോ ഒരു തടസം പോലെ, അവൻ അരികിൽ വരുമ്പോൾ ആൽബിയെ ഓർമ വരുന്നു, വല്ലാത്തൊരു കുറ്റബോധം കടന്ന് വരുന്നു,..
ശ്രീമംഗലം തറവാടിന്റെ ഗേറ്റ് കടന്ന് അരുണിന്റെ കാർ ഉള്ളിലേക്ക് കയറി,. അരുണിന്റെ മുഖത്തെ ഗൗരവത്തിന് ഒരയവും ഇല്ല,. ഇതേ സ്ഥിതിയാണ് തുടരുന്നതെങ്കിൽ എല്ലാർക്കും സംശയമാകും,.
“ഇറങ്ങ് !”
“അരുണേട്ടാ പ്ലീസ്,…!”
“തന്നോട് ഞാൻ ഇറങ്ങാനല്ലേ പറഞ്ഞത് !”
അവൾ മുഖം തുടച്ച് ഇറങ്ങി..
കാറിന്റെ ശബ്ദം കേട്ടതും ശ്രേയ ഓടിയിറങ്ങി വന്നു,..
“ചേച്ചി !” ശ്രേയ സന്തോഷത്താൽ അവളെ ആലിംഗനം ചെയ്തു,.. മനസ്സ് കലുഷിതമായിരുന്നു, എങ്കിലും എല്ലാവർക്കും മുൻപിൽ ചിരിക്കാൻ അവൾ പഠിച്ചു കഴിഞ്ഞിരുന്നു,.
പിന്നാലെ ശ്രീദേവിയും മാലിനിയും അവരെ സ്വീകരിക്കാനെത്തി,.. ഋതിക ഓടിച്ചെന്ന് അമ്മയുടെ മാറോടണഞ്ഞു ,.
“കേറി വാ മോനേ !” അവളെ തഴുകിക്കൊണ്ട് ശ്രീദേവി ക്ഷണിച്ചു,.. അരുൺ പുഞ്ചിരിക്കാൻ ശ്രമിച്ചു,..
“അളിയന്റെ മുഖത്തെന്താ ഒരു ഗൗരവം? ”
ശ്രേയ കുസൃതിയോടെ ചോദിച്ചു,…
അവൾ ആശങ്കയോടെ അവനെ നോക്കി,.
“അതെന്താ എനിക്ക് ഗൗരവം പാടില്ലേ? ”
അവൻ ശ്രീയുടെ തലക്കിട്ട് ഒന്ന് കൊട്ടി,
“കൊള്ളൂല്ല അളിയാ, സ്മൈലിങ് ഫേസ് ആണ് നല്ലത്,.. ”
“എന്നാ പിന്നെ ചിരിക്കാല്ലേ? ”
അവൻ പുഞ്ചിരിയോടെ ചോദിച്ചു,. ഋതികയ്ക്ക്, പാതി സമാധാനമായി,.
“പിന്നല്ലാതെ !”
“അല്ല ശ്രീ അവരെ പുറത്ത് നിർത്തി സംസാരിക്കാനാണോ, കേറി വാ അരുൺ !”
മാലിനി പറഞ്ഞു,..
“കേറി വാ അളിയാ !” ശ്രീ അവന്റെ കൈ പിടിച്ചു കേറ്റി,.
“അല്ല ബാക്കിയുള്ളോരൊക്കെ എവിടെ? ”
“ചന്ദ്രേട്ടൻ ടൗണിൽ പോയി, അഭിയും ലയയും ഏടത്തീടെ കുറച്ചു പേപ്പേഴ്സ് റെഡി ആക്കാൻ, ” മാലിനി പറഞ്ഞു,.
അമ്മ പോകുന്ന കാര്യമോർത്തതും അവളുടെ ചങ്ക് പിടഞ്ഞു,. അവൾ അമ്മയെ നോക്കി, ശ്രീദേവിയുടെ മുഖത്തും ദുഃഖം തളം കെട്ടി,. നിസഹായത അവരിൽ പ്രകടമായിരുന്നു,. ”
“പിന്നെ ശ്വേത,. കോളേജിൽ !”
“അല്ല മാഡം നിനക്കിന്നു സ്കൂൾ ഇല്ലേ? ”
അരുൺ ശ്രീയെ നോക്കി ചോദിച്ചു,.
“അതളിയാ, രാവിലെ എണീറ്റപ്പോൾ ഭയങ്കര തലവേദന ! പനിക്കാനുള്ള എന്തൊക്കെയോ !”
അരുൺ അവളുടെ നെറുകിൽ കൈ വെച്ചു,..
“ഇപ്പോ കുഴപ്പമൊന്നും ഇല്ലല്ലോ !”
“അത് മോനേ, അതൊക്കെ അവളുടെ ഓരോ അടവല്ലേ, നിങ്ങൾ വരുന്നതിന്റെ, ശ്വേതയും മനസില്ലാമനസോടെയാ കോളേജിൽ പോയത് !” ശ്രീദേവി പറഞ്ഞു,.
“അല്ലളിയാ, ഇപ്പോ കുറഞ്ഞതാ,. കാര്യായിട്ടും ഭയങ്കര തലവേദന ആയിരുന്നു !”
“സമ്മതിച്ചു,. വാ എന്തായാലും ”
ഋതികയ്ക്ക് അൽപ്പം ആശ്വാസം തോന്നി, ഭാഗ്യം തന്നോട് മാത്രേ അവന് ദേഷ്യമുള്ളൂ,.
“നീ ഇപ്പോഴേ കത്തി വെച്ചവനെ കൊല്ലാതെ, ഒന്നിരിക്കാൻ എങ്കിലും സമയം കൊടുക്ക് !” മാലിനി ചായയുമായി വന്നു,.
“അതൊന്നും കൊടുക്കാൻ പറ്റൂല്ല, ഞങ്ങൾക്ക് ഒരുപാട് ഭാവി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനുള്ളതാ !”
അവൾ അവന് കൊണ്ട് വെച്ച പലഹാരങ്ങളിൽ നിന്നും കുറച്ചു വാരിയെടുത്തു,.
“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ശ്രീ, വിരുന്നുകാർക്ക് കൊണ്ട് വെച്ച പലഹാരങ്ങൾ എടുക്കരുതെന്ന് !”
“എന്നാലും എന്നെ വിരുന്നുകാരൻ ആക്കീത് മോശമായിപ്പോയി ആന്റി!” അവൻ തന്റെ പരിഭവം അറിയിച്ചു,.
“അയ്യോ മോനെ ഞാൻ അങ്ങനൊന്നും !” മാലിനി തിരുത്താൻ ശ്രമിച്ചു,..
“വളരെ മോശമായിപ്പോയി അമ്മേ,. ”
“നിന്നെ ഇന്ന് ഞാൻ !” മാലിനി തല്ലാനായി കയ്യോങ്ങി,..
ശ്രീ അരുണിന്റെ അരികിൽ അഭയം തേടി,.
“ദേ അമ്മേ, അളിയന്റെ മുന്നിൽ വെച്ചെന്നെ അപമാനിക്കരുത് !”
“എന്റെ ദൈവമേ, ഇതിന്റെ ഒരു നാക്ക് !” മാലിനി തലയിൽ കൈ വെച്ചു,. ശ്രേയ അമ്മയെ കണ്ണിറുക്കിക്കാണിച്ചു,.
ഇതെല്ലാം കണ്ടു ഋതികയുടെ മനസ്സിന് ആശ്വാസം തോന്നി, ഒരു കണക്കിന് ശ്രീ ഉണ്ടായത് നന്നായി, അല്ലെങ്കിൽ തങ്ങളിലെ ചേർച്ചക്കുറവ് പെട്ടന്ന് എല്ലാവർക്കും മനസിലായേനെ,..
” ഋതു ഇങ്ങ് പോരേ? ”
മാലിനി അവളെ അകത്തേക്ക് ക്ഷണിച്ചു,. ഋതിക അവനെയൊന്നു നോക്കി,..
അവൻ അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു ശ്രീയോട് വിശേഷങ്ങൾ ചോദിച്ചു തുടങ്ങി,. തെല്ലൊരു നിരാശ തോന്നിയെങ്കിലും കാര്യമാക്കാതെ അവൾ ഉള്ളിലേക്ക് നടന്നു,.
*******
“എങ്ങനുണ്ട് അരുണിന്റെ വീട്? നിനക്കവിടെ സുഖം തന്നെയല്ലേ? ”
“സുഖാണ് അമ്മായി, !”
“അമ്മായിയമ്മപ്പോരും നാത്തൂൻ പോരുമൊന്നും ഇല്ലാലോ? ”
“ഹേയ് അവരൊക്കെ പാവമാണ്, എന്നെ വല്ല്യ കാര്യവാ !”
“കരുണ മോളുണ്ടോ അവിടെ? ” ശ്രീദേവി ചോദിച്ചു,..
“ഇല്ലമ്മേ, ജിത്തുഏട്ടൻ വന്നിട്ടുണ്ടല്ലോ, അതോണ്ട് അവിടെയാ !”
“ഞാനെന്നാൽ അടുക്കളയിലേക്ക് ചെല്ലട്ടെ,. നിങ്ങൾ അമ്മയും മോളും സംസാരിച്ചിരിക്ക് !”
മാലിനി മുറിക്ക് പുറത്തേയ്ക്കിറങ്ങി,.
“അരുണും ആയി പ്രശ്നമൊന്നും ഇല്ലാലോ മോളേ? ”
ഋതിക ഒന്ന് പരുങ്ങി,..
“ഹേയ്, എന്ത് പ്രശ്നം? ”
“മോളവനോട് അകൽച്ചയൊന്നും കാണിക്കുന്നില്ലല്ലോ !” ശ്രീദേവിയുടെ ചോദ്യത്തിൽ ഉത്കണ്ഠ നിറഞ്ഞിരുന്നു,.
“എന്ത് അകൽച്ചയാ അമ്മേ, അരുണേട്ടൻ ഒത്തിരി പാവമാണ്, ഞാനെന്ന് വെച്ചാൽ ജീവനാ, അങ്ങനുള്ള ഒരാളോട് എങ്ങനാ അമ്മേ അകൽച്ച കാണിക്കുവാ !”
ശ്രീദേവി പുഞ്ചിരിച്ചു,.
“അങ്ങനെ ചിന്തിച്ചാൽ നല്ലത്, അല്ലാതെ അമ്മയെ സന്തോഷിപ്പിക്കാൻ എന്റെ മോള് കള്ളം പറയണ്ട, ”
“കള്ളമല്ല അമ്മേ,. !”
“പുറമേ, എത്രയൊക്കെ ചിരിച്ചു സന്തോഷിച്ചു നടന്നാലും എന്റെ മോളുടെ ഉള്ളം ഉരുകുകയാണെന്ന് അമ്മയ്ക്ക് അറിയാം,.
കഴിഞ്ഞതെല്ലാം മറക്കണം മോളേ,. ഇനി നിനക്കെല്ലാം അരുണാ,. കഴിഞ്ഞ കാലത്തിന്റെ പല ഓർമകളും നിന്റെ മനസ്സിൽ കടന്നു വരാം, പക്ഷേ അതൊന്നും നിങ്ങളുടെ ജീവിതത്തെ ബാധിക്കരുത് !”
ഋതികയുടെ മിഴികൾ നിറഞ്ഞു,..
“ഒരിക്കലും മോളവനോട് വഴക്കുണ്ടാക്കരുത്, പിണങ്ങരുത്, കാരണം അവനാണ് മോൾക്കിനി എല്ലാം, അമ്മ പോയിക്കഴിഞ്ഞാലും ഇവരെല്ലാം നിനക്ക് സ്വന്തമായിത്തന്നെ ഉണ്ടാവും, എങ്കിലും ആരെയും ബുദ്ധിമുട്ടിക്കരുത് മോളേ,.. മാലിനി ഒരു പാവമായത്കൊണ്ടല്ലേ, അല്ലെങ്കിൽ ഈ വീട്ടിൽ ഇന്ന് നമുക്ക് സ്ഥാനമുണ്ടാകുമായിരുന്നോ? ”
“എനിക്കറിയാം അമ്മേ,..”
അവൾ അമ്മയുടെ ചുമലിലേക്ക് ചാഞ്ഞു,…
“നമ്മൾ പെണ്ണുങ്ങൾക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹം എന്താന്നറിയോ മോൾക്ക്? ”
അവൾ അമ്മയെ നോക്കി,..
“സഹനശക്തി,. ഒരു കുഞ്ഞിനെ പ്രസവിക്കാൻ നേരം ഒരമ്മ സഹിക്കുന്ന വേദനയ്ക്ക് കൈയും കണക്കുമുണ്ടോ? ”
ശ്രീദേവിയുടെ മിഴികൾ നിറഞ്ഞു,..
“അതേപോലെ, മോളെല്ലാം സഹിക്കണം, മറക്കണം,. നിങ്ങളിനിയും അകന്ന് നിൽക്കരുത് മോളേ, നിങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞു വന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിധി വരെ പരിഹാരമാകും, എല്ലാം മറക്കാൻ മോൾക്ക് പറ്റും,. പിന്നെ അരുണും കുഞ്ഞുമാകും മോളുടെ ലോകം,.. അവിടെ സന്തോഷം ഉണ്ടാകും,. ഒരുപാട്,… ”
അവൾ അമ്മയുടെ മടിയിൽ കിടന്നു,..
കുഞ്ഞിനെക്കുറിച്ചൊന്നും താനിത് വരെ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല, അമ്മ എന്തൊക്കെ പറഞ്ഞാലും, തനിക്കതത്ര ഈസി ആവുമെന്ന് തോന്നുന്നില്ല, ശ്രീദേവി അവളുടെ മുടിയിഴയിൽ തലോടി,..
കാലങ്ങൾക്ക് ശേഷമാണ് അമ്മയുടെ മടിയിൽ ഇങ്ങനെ കിടക്കുന്നത്,..
“അമ്മ പറഞ്ഞത് മനസിലാവുന്നില്ലേ? ”
“മ്മ് !”
“ഉടനേ വേണെന്നല്ല, എങ്കിലും ഒരുപാടങ്ങ് വൈകരുത് മോളേ, ആരിലും ഒരു നീരസവും ഉണ്ടാക്കരുത്,.. ”
അവൾ അമ്മയുടെ കൈകളിൽ ചുംബിച്ചു,..
********
അരുൺ ശ്രീയോട് കത്തിയടിച്ചിരിക്കുന്നതിന്റെ ഇടയിലാണ് ചന്ദ്രശേഖരൻ കേറി വന്നത്,.
“ആ മോനെപ്പോ എത്തി? ”
“കുറച്ചു നേരായീ അങ്കിൾ !”
“ഇവള് കത്തിവെച്ച് കൊല്ലാനാക്കിക്കാണും ല്ലേ? ” ശ്രേയ മുഖം വീർപ്പിച്ചു,.
“ഹേയ്, അങ്ങനൊന്നൂല്ല !”
“മോൻ അകത്തേക്ക് കേറീല്ലേ? ”
അവൻ ശ്രീയെ നോക്കി,..
ശ്രേയ മണ്ടത്തരം പറ്റിയ പോലെ അച്ഛനെയും അരുണിനെയും മാറിമാറി നോക്കി,. വന്നു കേറിയപ്പോൾ മുതൽ നോൺ സ്റ്റോപ്പ് സംസാരമാണ്, അതിനിടയിൽ താൻ അകത്തേക്ക് ക്ഷണിക്കാൻ മറന്നിരിക്കുന്നു,.
“അളിയൻ വാ ഞാൻ മുറി കാണിച്ചു തരാം !”
ചന്ദ്രശേഖരനുമായി സംസാരിക്കാൻ പോലും അവസരം കൊടുക്കാതെ അവൾ അരുണിനെ വിളിച്ചു പടി കയറി,..
“ഇതാണ് ഋതു ചേച്ചീടെ റൂം !”
മുറിയുടെ വാതിൽക്കലെത്തി അവൾ പറഞ്ഞു,.
“കേറി വാ !”
അരുൺ മുറിക്കകത്തേക്ക് പ്രവേശിച്ചു,..
താൻ വന്നിട്ട് ഒരിക്കൽ പോലും ഋതികയുടെ മുറി കണ്ടിട്ടില്ല,.
ശ്രീയും, ശ്വേതയും, ഋതികയും ഒരുമിച്ചുള്ള ഒരു വലിയ ഫോട്ടോ ആണവനെ ആദ്യം സ്വാഗതം ചെയ്തത്,. അവൻ ചുറ്റും നോക്കി, അവരുടെ കുട്ടിക്കാലത്തെ വിവിധ പോസിലുള്ള ഫോട്ടോസ്, ഫാമിലി ഫോട്ടോസ് എല്ലാം ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു,..
“എങ്ങനുണ്ട്? ”
“നൈസ്, കൊള്ളാം !”
മൂന്ന് പേരും കിടക്കാറുണ്ടായിരുന്നത് കൊണ്ട് സാമാന്യം വലിയ കട്ടിലായിരുന്നു,. ഷെൽഫിൽ കുറേ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു,.
“ആരാ ഇവിടെ ബുക്സ് ഒക്കെ വായിക്കാറുള്ളത്? ”
“അത് കുഞ്ഞേച്ചി !”
“ഋതു വായിക്കാറില്ലേ? ”
“അതിനൊക്കെ എവിടാ സമയം,. ഫുൾ ടൈം ഫോണിൽ ആയിരുന്നില്ലേ !”
ആൽബിയെക്കുറിച്ചാവും ശ്രീ പറഞ്ഞു വരുന്നത്, അപ്പോൾ തന്റെ ഭാര്യ ഇതെല്ലാം അലങ്കാരത്തിന് വേണ്ടി സൂക്ഷിച്ചതാണ്,. വായിക്കാൻ വേണ്ടിയല്ല,.
“ഇതെങ്ങനുണ്ട്? ”
താനും ഋതികയും തമ്മിലുള്ള ഫോട്ടോ ആണ്,. അത് മനോഹരമായി ലവ് ഷേപ്പിൽ ഫ്രെയിം ചെയ്തിരിക്കുന്നു,. അത് കണ്ടപ്പോൾ അവന് സന്തോഷത്തേക്കാളേറെ നിരാശയാണ് തോന്നിയത്,..
പ്രണയം ഫോട്ടോയിൽ മാത്രമേ ഉള്ളൂ, അവളിൽ ഇല്ല,.
“എന്താ പറ്റിയേ? ” ശ്രേയ ആശങ്കയോടെ ചോദിച്ചു,..
“ഹേയ് ഒന്നൂല്ല !” അവൻ ചിരിക്കാൻ ശ്രമിച്ചു,..
“ഫോട്ടോ നന്നായിട്ടുണ്ട് ! ഇതൊക്കെ തന്റെ കരവിരുത് ആണോ?”
“ഏറെക്കുറെ,.. ”
അവൾ നാണത്തോടെ മുഖം കുനിച്ചു,…
“എനിവേ,.. നൈസ് !”
“ഞാൻ ഒരു കാര്യം ചോയ്ച്ചാൽ സത്യം പറയുവോ? ” ശ്രേയ ചോദിച്ചു,.
“ചോയ്ക്ക് !”
“ഋതു ചേച്ചിയും ആയി പിണക്കത്തിലാണോ? ”
അവൻ ഞെട്ടലിൽ ശ്രേയയെ നോക്കി,..
“എന്ത് പിണക്കം? ”
“കള്ളം പറയണ്ട,.. എനിക്ക് മനസിലാവും,..”
“കള്ളമൊന്നുമല്ല മോളേ, ഞങ്ങൾ ഹാപ്പിലി മാരീഡ് കപ്പിൾസ് ആണ്”
അവൾ വിരസമായി പുഞ്ചിരിച്ചു, ഒന്നും അവൾക്കത്ര വിശ്വാസം വന്നിട്ടില്ലെന്ന് അരുണിന് തോന്നി, .
” ആൽബി ചേട്ടൻ ചേച്ചീടെ ലൈഫിൽ വന്നിട്ടേ ഇല്ലാരുന്നെങ്കിൽ അരുണേട്ടന് ഏറ്റവും നല്ല ഭാര്യയാവുമായിരുന്നു ഋതു ചേച്ചി,. ”
ആൽബിയുടെ പേര് കേട്ടതും അരുണിന്റെ മുഖത്ത് നിരാശ വിരിഞ്ഞു,.
“കക്ഷി ഭയങ്കര സെൻസിറ്റീവ് ആണ്, പെട്ടന്ന് ദേഷ്യവും സങ്കടവും ഒക്കെ വരും,. പക്ഷേ അങ്ങനൊന്നും പുറത്ത് കാണിക്കില്ലാട്ടോ,. എനിക്കും കുഞ്ഞേച്ചിക്കും അത് പെട്ടന്ന് മനസിലാവും, ഐ തിങ്ക് ആ കാര്യത്തിൽ കുഞ്ഞേച്ചിയാണ് ബെസ്റ്റ്,. ഋതുചേച്ചീടെ മനസാക്ഷി സൂക്ഷിപ്പ്കാരി,.. അവര് തമ്മിലാ സീക്രട്ട്സ് ഒക്കെ ഡിസ്‌കസ് ചെയ്യാറ്, ഞാൻ ചോദിക്കുമ്പോൾ പറയും, നിനക്ക് പ്രായമായില്ലന്ന്,.. പക്ഷേ ഞാൻ കണ്ട് പിടിക്കും കേട്ടോ,… ”
ശ്രേയ ആവേശത്തിൽ പറഞ്ഞു,.
“ആൽബി ചേട്ടന്റെ കാര്യവും അങ്ങനാ കണ്ടു പിടിച്ചത് !”
അരുൺ പുഞ്ചിരിക്കാൻ ശ്രമിച്ചു,. ശ്രേയ അബദ്ധം പറ്റിയ പോലെ അവനെ നോക്കി,. ചേച്ചിയുടെ ഭർത്താവിനോടാണ് ചേച്ചിയുടെ പൂർവ്വകാല കാമുകന്റെ കഥ താൻ പറയുന്നത്,. ചീ, എന്തൊരു മണ്ടിയാണ് താൻ,.
“അയാം സോറി !”
“എന്തിന്? ”
“അല്ല ഞാൻ പറഞ്ഞത് വിഷമമായോ? ”
“ഇല്ല, നീ പറഞ്ഞോ മുത്തേ,.. ഞാൻ കേൾക്കാൻ റെഡിയാ,.. എന്താണ് ഋതുവിന്റെയും ആൽബിയുടെയും ലവ് സ്റ്റോറി !”
അവൾക്ക് സമാധാനമായി,. അവൻ കട്ടിലിൽ ഇരുന്നു,..
“അത് അത്ര വല്ല്യ കഥയൊന്നുമല്ല,. ഞാൻ കണ്ടുപിടിച്ചത് അപ്പച്ചീടെ പഴയ ഫോണീന്നാ, നോക്കിയ ഇല്ലേ, കട്ടപ്പെട്ടി,. ഭയങ്കര ചാറ്റിങ്ങും വിളിയുമൊക്കെ ആയിരുന്നു,. എന്നെ കൂടെ കൂട്ടൂല, അവര് രണ്ടു പേരും കൂടെയാ,.. അന്നെന്നോട് പറയും അമ്മ വരുന്നുണ്ടോ, അപ്പച്ചി വരുന്നുണ്ടോ, എന്നൊക്കെ നോക്കാൻ,.. അങ്ങനെ എനിക്കന്ന് സെക്യൂരിറ്റി പണി ആയിരുന്നു,.. ”
“എന്നിട്ട്? ”
“ഒടുവിൽ ഞാൻ കണ്ടു പിടിച്ചു, രണ്ടെണ്ണത്തിന്റെയും കള്ളത്തരം, ആ ചേട്ടൻ അയച്ച മെസ്സേജ് മുപ്പത്തി എന്തോ തിരക്കിൽ ഡിലീറ്റ് ചെയ്യാൻ മറന്നു പോയി,. ഞാൻ തെളിവോടെ പിടിച്ച സ്ഥിതിക്ക് എന്റടുത്ത് കള്ളം പറയാൻ പറ്റൂല്ലല്ലോ, സോ ഫൈനലി സമ്മതിച്ചു,.. ”
“എങ്ങനാ അവർ തമ്മിൽ പരിചയം? സ്കൂൾ ഫ്രണ്ട്സ് ആരുന്നോ? ”
“ഹേയ് എവിടന്ന്, ഞങ്ങൾ മൂന്നാളും ചെറുപ്പം തൊട്ടേ, ഗേൾസ് സ്കൂളിലാ പഠിച്ചത്, സെന്റ് മേരീസിൽ,. ആ ചേട്ടൻ മറ്റേ ബോയ്സ് സ്കൂളിൽ,. പണ്ട് ബസ് സ്റ്റോപ്പിൽ ഒക്കെ വന്നു വായി നോക്കി നിക്കാറുണ്ടാരുന്നു, ഇവര് പ്രേമമായിരുന്ന സമയത്ത്,..”
“ചോദിച്ചില്ലേ, എങ്ങനാ അവർ പരിചയപ്പെട്ടതെന്ന് !”
“ഞാനൊരു സത്യം പറയട്ടെ, എനിക്ക് ആ ആൽബി ചേട്ടനെ പണ്ട് തൊട്ടേ കണ്ണെടുത്താൽ കണ്ടൂടായിരുന്നു !”
“അതെന്തേ? ”
“ഒന്നാമത് ചേച്ചിക്ക് ഞങ്ങളോടെല്ലാം ഒരു ഗ്യാപ് വന്നത്, ആ ചേട്ടനുമായി റിലേഷൻ തുടങ്ങിയ ശേഷവാ, ഫുൾ ടൈം ഫോൺ,. പിന്നെ ആ ചേട്ടൻ ഭയങ്കര പൊസ്സസ്സീവ് ആയിരുന്നു,. ചേച്ചിയോ ആൽബിചേട്ടൻ എന്ത് പറയുന്നോ അത് മാത്രേ ചെയ്യൂ,. എനിക്ക് ദേഷ്യം വരും,. ചേച്ചി ബാംഗ്ലൂർ പഠിക്കാൻ പോയപ്പോൾ മൂപ്പർക്ക് ഒട്ടും ഇഷ്ടല്ലാരുന്നു, അതോണ്ട് ഞാൻ പോവുന്നില്ലെന്നും പറഞ്ഞ് ഇവിടെകിടന്ന് കയറു പൊട്ടിച്ചു,. ലാസ്റ്റ് അഭിയേട്ടൻ വഴക്ക് പറഞ്ഞാ വിട്ടത് !”
“ഓ !”
“ഓവർ കെയറിങ്ങ് ആയിരുന്നു,. സ്വന്തമായിട്ട് ചേച്ചിക്ക് ഒരഭിപ്രായം കൂടി ഉണ്ടായിരുന്നില്ല !”
“പിന്നെ അവൾ എന്ത് കൊണ്ടാ ഞാനുമായുള്ള കല്യാണത്തിന് സമ്മതിച്ചത്? ”
“അളിയൻ വന്നു പെണ്ണ് കണ്ടു പോയില്ലേ, അപ്പോ തൊട്ട് പക്കാ മൂഡ്ഔട്ട് ആരുന്നു കക്ഷി,. ആൽബി ചേട്ടനെ വിളിയോട് വിളി,. മൂപ്പരന്ന് ഫോൺ എടുത്തില്ല, പിന്നെ രാത്രി കുടിച്ചു കേറി വന്ന് ഭയങ്കര ബഹളം ഉണ്ടാക്കി, അന്നാണല്ലോ അപ്പച്ചിക്ക് വയ്യാണ്ടായത്,.. അന്ന് നീയെന്റെ കൂടെ ഇപ്പോ ഇറങ്ങിവരണെന്നൊക്കെ പറഞ്ഞു,. ഞാൻ പോലും വിചാരിച്ചു ഇപ്പോ പോവുമെന്ന്,. ബട്ട് പിന്നൊരു മാസ്സ് ഡയലോഗ് ആരുന്നു, എന്റെ വീട്ടുകാരെ വിഷമിപ്പിച്ചിട്ട് ഞാൻ വരില്ലെന്ന്,.. ഹോ ഫുൾ രോമാഞ്ചിഫിക്കേഷൻ ആയിരുന്നു,. ”
അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു,.
“ചേച്ചിക്ക് അപ്പച്ചി എന്ന് പറഞ്ഞാൽ ജീവനാ, ആൽബി ചേട്ടനേക്കാൾ വലുത്,. ! അതോണ്ടാവും. പിന്നെ അപ്പച്ചി സുഖമില്ലാതെ കിടന്നിട്ടും ആൽബി ചേട്ടൻ കാണാനൊന്നും വന്നില്ലല്ലോ, പിന്നെ ഞങ്ങളാരും അധികം മൈൻഡ് ഒന്നും ചെയ്തില്ല,.. ഒറ്റപ്പെടുത്തി !”
അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദമിടറി,
“അതോണ്ടൊക്കെയാവും അപ്പച്ചിയുടെ ആഗ്രഹം തന്നെ നടക്കട്ടെ എന്ന് കരുതിയത്,.. “,
“മ്മ് !”
“പക്ഷേ അഭിയേട്ടൻ പറഞ്ഞൂട്ടോ, ആൽബി ചേട്ടനെ കെട്ടിക്കോളാൻ, ”
അരുണിന്റെ മുഖത്ത് ആകാംഷ വിരിഞ്ഞു,.
“പിന്നെന്താ കെട്ടാഞ്ഞത്? ”
“അത് പിന്നെ ഇങ്ങനെ കൂടെ പറഞ്ഞു, പിന്നെയാരും തിരിഞ്ഞു നോക്കൂല്ലന്ന്, അതോണ്ടൊക്കെയാവും !’
അരുൺ തന്റെ കുറ്റിത്താടിയിൽ തടവി,..
“ബട്ട് അളിയൻ ഡോണ്ട് വറി, ചേച്ചിയെ വളച്ചു കുപ്പിയിൽ ആക്കി തരണകാര്യം ഞാനേറ്റു, പക്ഷേ സ്ട്രോങ്ങ് ആയി നിൽക്കണം, ഇല്ലെങ്കിൽ മൂപ്പത്തി, ഏതെങ്കിലും ലൂപ്പ് ഹോളിൽ പിടിച്ചു തലേൽ കേറും !”
“അതെനിക്കറിയാം !” കാത്തിരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ ഒറ്റ വാക്കാണല്ലോ ഇപ്പോഴത്തെ അവളുടെ ആയുധം അവൻ മനസ്സിലോർത്തു,.
“ഹേ, അതെങ്ങനെ? ”
“മൂന്നാല് ദിവസമായില്ലേ അവൾക്കൊപ്പം !”
“ഹാ, അപ്പോ കുറച്ചു വെയിറ്റ് ഇട്ട് നിന്നോണം !”
“ഏറ്റു !”
“എങ്കിൽ മിഷൻ സ്റ്റാർട്ട്‌സ് റൈറ്റ് നൗ !”
അവൾ ഹൈ ഫൈവിനായി കൈ നീട്ടി,.
“ഹൈ ഫൈവ് !”
“എന്താ ഇവിടെ? ”
ശ്രേയയും അരുണും ഞെട്ടലിൽ അവിടേക്ക് നോക്കി,. ഋതിക,..
“അത് പിന്നെ, ” അവൾ അരുണിനെ നോക്കി,..
“എന്നോടും കൂടെ പറയന്നെ !”
ഓ ഭാഗ്യം കേട്ടിട്ടില്ല, പതിയെ തടി തപ്പാം,.
“എന്ത് ഞങ്ങൾ അളിയനും അളിയനും ഉള്ള സീക്രെട്ട്സ് ആണ് !”
“ഞാൻ അറിയാൻ പാടില്ലേ? ”
“ചേച്ചി ഒരു മാതിരി ഷമ്മിയുടെ കളി കളിക്കല്ലേ,.. ”
അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി,.. ഒന്നും മനസിലാവാതെ ഋതിക അരുണിനെ നോക്കി,.
“ഞാൻ ബാഗ് എടുത്തിട്ട് വരാം,. ” അതും പറഞ്ഞവനും പുറത്തേക്ക് പോയി,..
എന്തോ പണി വരുന്നുണ്ടെന്ന് ഋതികയ്ക്ക് തോന്നി,.
***********
വൈകുന്നേരത്തേക്ക് അഭിയും, ലയയും, ശ്വേതയും എത്തിച്ചേർന്നു,.. പേപ്പർ വർക്ക് ഒക്കെ റെഡി ആയിരുന്നു, മുപ്പത്തിയൊന്നിന് വൈകിട്ട് അഞ്ചരയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു..
സ്ത്രീജനങ്ങൾ അടുക്കള ജോലികളിൽ മുഴങ്ങിയപ്പോൾ,. മൂന്ന് പുരുഷന്മാരും അവരുടെ ലോകത്തേക്കും ഒതുങ്ങി,..
“അളിയൻ വീശാറുണ്ടോ? ”
അഭിറാം അന്വേഷിച്ചു,.
“ഹേയ് !” അരുൺ പറഞ്ഞു,.
“ഋതൂനെ പേടിച്ചിട്ടാണോ? ”
“ഇല്ല അഭിയേട്ടാ, ഞാൻ കഴിക്കാറില്ല അതാ !”
“എന്നാ അരുണിനും കൂടെ ഉള്ളത് ഇങ്ങൊഴിച്ചേക്ക് !”
“അത് വേണോ അമ്മാവാ, ഇപ്പൊത്തന്നെ രണ്ട് മൂന്നെണ്ണം ആയീട്ടോ,. ലാസ്റ്റ് അമ്മായി ഇറക്കിവിടുവേ !”
“അവളിറക്കിവിടുവാണേൽ ഇറക്കി വിടട്ടെടാ,. വല്ലപ്പോഴും അല്ലേ ഉള്ളൂ !”
ചന്ദ്രശേഖരൻ അഭിയുടെ കയ്യിൽ നിന്നും കുപ്പി വാങ്ങി ഗ്ലാസ്സിലേക്കൊഴിച്ചു,..
അരുൺ ഇതെല്ലാം ആസ്വദിച്ചു ഒരു വശത്ത് ഒതുങ്ങിയിരുന്നു,.
“ഓഹോ,. അപ്പോ ഇവിടെ ഇതാലെ പരിപാടി? ഞാൻ പറഞ്ഞു കൊടുക്കും,.. ”
വാതിൽക്കൽ ഋതുവിനെ കണ്ട അമ്മാവനും അഭിയും ഒന്ന് പതുങ്ങി, അരുണിൽ യാതൊരു ഭാവവ്യത്യാസവുമില്ല,.
” അമ്മായി,.. ”
ഋതിക ഉറക്കെ വിളിച്ചു,.
“എടി കുട്ടിത്തേവാങ്കെ ചതിക്കല്ലേ ! എന്റെ കെട്ട്യോളെന്നെ കൊല്ലും ”
“ആഹാ അങ്ങനാണോ, എങ്കി ലയേച്ചിയെത്തന്നെ വിളിക്കാം,.. ലയേച്ചി !”
അഭി ചാടി എഴുന്നേറ്റ് അവളുടെ വാ പൊത്തി,..
“എടി മിണ്ടാതിരിക്കടി !” ഋതിക അവന്റെ കൈയിൽ കടിച്ചു,.
“ഔ,.. ”
അരുണിന് ഇതെല്ലാം കണ്ടു ചിരി വന്നു,. അവൾക്ക് നല്ല മാറ്റമുണ്ട്,. അവൾക്ക് മാത്രമല്ല എല്ലാവർക്കും,..
“എന്താ ഇവിടെ ബഹളം? ”
അപ്പോഴേക്കും ലയയും മാലിനിയും അങ്ങോട്ടേക്ക് വന്നു,..
“ആഹാ ഇതാണല്ലേ അമ്മാവനും മരുമക്കളും കൂടെ ഇവിടെ പരിപാടി? ” മാലിനി ചോദിച്ചു,..
“അയ്യോ, ഞാൻ കുടിച്ചില്ലേ,.. എന്റെ കൈകൾ ശുദ്ധമാണ് !”
അരുൺ വിളിച്ചു പറഞ്ഞു,.
ബാക്കി രണ്ടാളും കുറ്റസമ്മതം നടത്തി,..
“വല്ലപ്പോഴും അല്ലേ ഉള്ളൂ? ”
“അതേ, ഈ വല്ലപ്പോഴും അടിച്ചു കിറുങ്ങി ഓഫ് ആയി കിടക്കുമ്പോൾ ഛർദില് കോരാൻ ഞാൻ മാത്രേ ഉള്ളൂ !”
“ഇന്ന് ഞാൻ ഓഫ് ആവൂല്ലടി, ഇന്നെനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസവാ,.. കുറേ കാലം കൂടി എല്ലാരുമൊന്നു ചിരിച്ചു കണ്ടു,.. എന്റെ ഋതുമോൾക്ക് നല്ലൊരു ജീവിതം കിട്ടി,.. ഇനിയെനിക്ക് ചത്താലും വേണ്ടില്ല !”
ഋതുവിനെ ചേർത്ത്പിടിച്ചു ചന്ദ്രശേഖരൻ പറഞ്ഞു,.
“ആഹാ, അപ്പോൾ ഞങ്ങളെ തവിട് കൊടുത്ത് വാങ്ങീതാണോ,.? ”
ശ്രേയ ചോദിച്ചു,..
“ഓ, ഉണ്ടാരുന്നോ ഇവിടെ.. ”
“പിന്നില്ലാതെ,.. ”
അയാൾ മക്കളെയെല്ലാം ചേർത്ത് പിടിച്ചു,.
“എവിടെ, ലയമോൾ എവിടെ? ”
“ഞാനിവിടെ ഉണ്ട് അങ്കിൾ,..”
“മോളെന്താ മാറി നിൽക്കണെ, ഇങ്ങോട്ട് വാ !”
“അപ്പോൾ ഞാനും അളിയനും ഔട്ട് അല്ലേ? ”
“നിങ്ങൾ ഔട്ടാണെന്ന് ആരാ പറഞ്ഞേ,. പക്ഷേ, ഈ പെണ്മക്കളെ കിട്ടണതുണ്ടല്ലോ, അതൊരു ഭാഗ്യം തന്നെയാ,..”
അയാൾ പറഞ്ഞു,..
“അമ്മാവൻ പണ്ടേ ഫെമിനിസ്റ്റാ,.. ” അഭി മുഖം കറുപ്പിച്ചു,.
“ഫെമിനിസ്റ്റ് അല്ലടാ, ഹ്യൂമനിസ്റ്റാ,.. ദേ ഇവരെയൊക്കെ പിടിച്ചു നിങ്ങളെപ്പോലെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുമ്പോൾ കിട്ടുന്നൊരു മനസമാധാനം ഉണ്ടല്ലോ അത് വേറെയാ,.. ”
അയാൾ ഋതികയുടെ കൈ പിടിച്ചു അരുണിനോട് ചേർത്ത് വെച്ചു,.. അവളിൽ ഒരു വിറയൽ ഉണ്ടായി,.. ഇരുവരുടെയും കണ്ണുകൾ പരസ്പരമിടഞ്ഞു, ആ ഞെട്ടലിൽ അവൾ മിഴികൾ പിൻവലിച്ചു,.
“അത് മനസിലാവാണെങ്കിൽ നീയൊക്കെ ഒരു പെൺകുഞ്ഞിന്റെ അച്ഛനാവണം !”
ചന്ദ്രശേഖരൻ പറഞ്ഞു,.
“ലയേ കേട്ടില്ലേ? ” അഭി ഭാര്യയെ നോക്കി,.
“അത് നിങ്ങളോടാ പറയാനുള്ളത് കുട്ടി ആണാണോ പെണ്ണാണോ എന്ന കാര്യത്തിന്റെ ഫുൾ ഉത്തരവാദിത്തവും നിങ്ങൾക്കാണ് !”
ലയ ചിരിച്ചുകൊണ്ട് പറഞ്ഞു,..
“അല്ല കഴിക്കാനായില്ലേ ആർക്കും? ഭക്ഷണമെടുത്ത് വെച്ചിട്ട് എത്ര നേരായീന്നാ !”
“നിങ്ങള് വിളമ്പിക്കോ, ഞങ്ങൾ ദാ വരുന്നു,.. ഇതൊന്ന് ജസ്റ്റ് തീർക്കട്ടെ ”
അയാൾ കുപ്പി എടുക്കാൻ പോയതും ശ്രേയ അത് തട്ടിപ്പറിച്ചു,..
“ഋതു ചേച്ചീടെയേ കല്ല്യാണം കഴിഞ്ഞിട്ടുള്ളൂ, ഞങ്ങൾ ബാക്കിയുണ്ട്, മരിക്കുമ്പോൾ ഫുൾ സമാധാനത്തോടെ മരിക്കണ്ടേ, പകുതി മതിയോ? ”
അവൾ കുപ്പി തുറന്ന് ബാക്കി മുറ്റത്തേക്കൊഴിച്ചു,..
ഇതുവരെ കണ്ടപോലൊന്നുമല്ല കക്ഷി, വേറെ ലെവൽ ആണ് ഇത്രയും സീരിയസ് ആയൊരു കാര്യം കോമഡി ആക്കി പറയാനും ഒരു കഴിവൊക്കെ വേണം,.. അരുൺ മനസ്സിലോർത്തു,.. പിന്നെ ഋതികയെ നോക്കി, അവളുടെ കൈകൾ ഇപ്പോഴും തന്റെ കൈകൾക്കുള്ളിലാണ്,.. എന്നും ഇങ്ങനെ ചേർത്ത് പിടിക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹവും, പക്ഷേ,..
അവൻ പതിയെ കൈ അയച്ചു..
ഭക്ഷണശേഷം എല്ലാവരും ഒത്തിരി നേരം വർത്തമാനം പറഞ്ഞിരുന്നു,.
“ഈ വീട്ടിലെ ഏറ്റവും ഭീകരി ശ്രീ ആണല്ലേ? ”
അരുൺ ചോദിച്ചു..
“പിന്നില്ലാതെ,. ഞാൻ വേറെ ലെവലാ !” ശ്രേയ തല ഉയർത്തിപിടിച്ചു,..
“അതേ അതേ !” ശ്വേത തലയാട്ടി,..
“നിനക്കെന്താടി കുഞ്ഞേച്ചി ഒരു പുച്ഛം? ”
“ഹേയ് പുച്ഛം ഒന്നുമല്ല, ഇവളുടെ ഓരോരോ ആഗ്രഹങ്ങൾ കേൾക്കണം !”
“ആഹാ, എന്താച്ചാൽ പറ നടത്താൻ പറ്റുന്നതാണേൽ നടത്തിക്കൊടുക്കാലോ !” ലയ പറഞ്ഞു,.
“ഇനി പറ്റുമെന്ന് തോന്നുന്നില്ല !”
ശ്രീ വായും പൊളിച്ചിരിക്കുകയാണ്, ശ്വേത എന്തിനെക്കുറിച്ചാണ് പറയാൻ പോകുന്നതെന്ന് മനസിലാവാതെ,..
“സാരല്ല്യ, എന്തായാലും കേൾക്കട്ടെ !” അരുൺ പറഞ്ഞു.
“അരുണേട്ടാ ഈ ശ്രീ ഉണ്ടല്ലോ !”
“എന്താണ്? ” ശ്രേയ ശ്വേതയെ നോക്കി ചോദിച്ചു,..
“അന്ന് ചേച്ചീന്റെ കല്യാണത്തിന്റെ തലേന്ന് !”
“കല്യാണത്തലേന്ന്?” അരുൺ ആകാംഷയിൽ അവരെ നോക്കി,..
പെട്ടെന്നെന്തോ ഓർമ വന്നപോലെ ശ്രേയ ശ്വേതയുടെ വാ പൊത്തി,..
“പറഞ്ഞാൽ കൊല്ലും കുഞ്ഞേച്ചി !” അരുൺ എന്താണെന്ന അർത്ഥത്തിൽ ഋതികയെ നോക്കി,. അവൾ കൈ മലർത്തി,..
“ദോ അളിയോ, ഇത് ഫൗൾ ആണേ, ” ശ്വേത അവളുടെ പിടി വിടീക്കാൻ ശ്രമിച്ചു,..
” ശ്വേത പറയട്ടെന്നെ !”
“വേണ്ട, ഞാൻ സമ്മതിക്കൂല്ല !”
“എന്താടി വല്ല ചെക്കനേം വായി നോക്കിയോ? ”
മാലിനി ചോദിച്ചു,..
“അതൊന്നുമല്ല അമ്മേ,.. ”
“എങ്കിൽ അടങ്ങിയിരിക്ക് അവൾ പറയട്ടെ,..”
ശ്രേയ മുഖം പൊത്തിയിരുന്നു,..
“എന്നാൽ ഞാൻ പറയുന്നില്ല !”
“ഹേ, അതെന്ത് പരിപാടിയാ മര്യാദക്ക് പറഞ്ഞോട്ടോ !” ലയ പറഞ്ഞു,..
“ശ്രീ പറയുവാ,. ” അവൾ ശ്രേയയെ നോക്കി,. അവളുടെ മുഖമൊക്കെ ചുവന്നിട്ടുണ്ട്,.
“എന്ത്? ”
“ഇവരുടെ ഫസ്റ്റ് നൈറ്റിന്റെ അന്ന് ഇവൾക്ക് ഇവരുടെ നടുക്ക് കിടക്കണംന്ന് !”
മാലിനി തലയിൽ കൈ കൊടുത്തിരുന്നു,. അരുണിന് ശബ്ദം നഷ്ടപ്പെട്ടിരുന്നു,. ഋതികയും ആകെ വല്ലാതായി,.
“അയ്യയ്യേ,. അതൊക്കെ മോശമല്ലേ ശ്രീക്കുട്ടി? ”
അഭിറാം കളിയാക്കി,.
ശ്രേയ കരയുമെന്നായിരുന്നു,..
“അലോ,. അളിയൻ എന്താ സൈലന്റ് ആയെ,.. എന്തായാലും അന്ന് നടക്കാത്ത ആഗ്രഹം ഇന്ന് നടത്തിത്തരാം,.. ഇന്ന് ഞങ്ങളുടെ നടുക്ക് കിടന്നോ !”
അരുണിൽ നിന്നും അത്തരത്തിൽ ഒരു പ്രതികരണം ആരും പ്രതീക്ഷിച്ചില്ല,.
“നിങ്ങളങ്ങ് കിടന്നാൽ മതി,.. ഇനിയും അവസരം ഉണ്ടല്ലോ !” അവൾ ശ്വേതയെ നോക്കി പറഞ്ഞു,..
“ആഹാ, നടക്കൂല്ല മോളേ,. നിന്നെ ഞാനാ പരിസരത്തേക്ക് അടുപ്പിച്ചെങ്കിൽ അല്ലേ !”
“വേണ്ട, നീ അടുപ്പിക്കണ്ടടി കുഞ്ഞേച്ചി,.. എനിക്കും അവസരം വരൂല്ലോ, അപ്പോ ബാക്കി പറഞ്ഞു തരാം !”
ശ്രേയ മുഖം വീർപ്പിച്ചു തന്റെ മുറിയിലേക്ക് പോയി,.. എല്ലാവരും ഭൂലോക ചിരിയാണ്,..
“എന്നാ ഇനി എല്ലാരും പോയി കിടന്നോളു,.. ”
മാലിനിയുടെ ഓർഡർ വന്നു,.
ഋതിക നന്ദിപൂർവം അരുണിനെ നോക്കി,. കുറേക്കാലം കൂടിയാണ് എല്ലാവരും ഒന്ന് ചിരിച്ചു കാണുന്നത്, തന്റെ കുടുംബത്തിൽ താനായി ഇല്ലാതാക്കിയ സന്തോഷം തിരിച്ചു വന്നിരിക്കുന്നു,.അതിന്റെ കാരണക്കാരൻ അരുണേട്ടനാണ്,. അരുണേട്ടൻ മാത്രം,..
**********
ഋതിക മുറിയിലേക്ക് ചെന്നപ്പോൾ അരുൺ കട്ടിലിൽ ചാരി, ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു,.
അവൾ ഡോർ ലോക്ക് ചെയ്തു,. അവൻ ഒന്ന് തലയുയർത്തി നോക്കി വീണ്ടും പഴയ ഇരിപ്പ് തുടർന്നു, അവൾ ജഗ് ടീപ്പോയിൽ വെച്ചു,.
“താങ്ക്സ് അരുണേട്ടാ !”
“എന്തിന്? ”
“എന്റെ ഫാമിലിയെ ഇത്രയേറെ കെയർ ചെയ്യുന്നതിന്, ദേഷ്യമൊന്നും കാണിക്കാത്തതിന് !”
“ദേഷ്യമുണ്ടെങ്കിലല്ലേ കാണിക്കേണ്ടതുള്ളൂ,. പിന്നെ നീ വല്ല്യ ഫോർമൽ ആയി എന്റെ ഫാമിലി നിന്റെ ഫാമിലി എന്നൊന്നും പറയണന്നില്ല,.. ഈ വീട്ടിൽ എനിക്ക് അന്യയായി നീ മാത്രമേ ഉള്ളൂ !”
അവളുടെ ഹൃദയത്തിൽ അവന്റെ വാക്കുകൾ തുളച്ചു കയറി,…
അപ്പോൾ കതകിൽ ഒരു മുട്ട് കേട്ടു,..
ഋതികയും അരുണും പരസ്പരം നോക്കി,.
(തുടരും )
അനുശ്രീ ചന്ദ്രൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission