Skip to content

ഈ തണലിൽ ഇത്തിരി നേരം – 16

ee-thanalil-ithiri-neram

“എന്റമ്മേ,.. ആരാ ഇത്? ഇപ്പോഴാണോടി ചിലവും ചോദിച്ചു വരണത്? ” അരുണിന്റെ മുഖത്തെ സന്തോഷം അവൾ എത്രമാത്രം അവന് പ്രിയപ്പെട്ടതാണെന്ന സൂചനയാണ് ഋതികയ്ക്ക് നൽകിയത്,..

നിറഞ്ഞ പുഞ്ചിരിയോടെ ആ പെൺകുട്ടി അവനരികിലേക്ക് ചെന്നു,..

ജീൻസും ടോപ്പും വേഷം,.. കളർ ചെയ്ത മുടി കഴുത്തൊപ്പം മുറിച്ചിട്ടിരിക്കുന്നു,..ചുണ്ടുകളിൽ ചുവന്ന ചായം,.. ഋതിക മൊത്തത്തിൽ അവളെയൊന്ന് വീക്ഷിച്ചു,..

“എന്ത് ചെയ്യാനാ, ബിസി ആയിപ്പോയില്ലേ മോനേ,.. ഇപ്പോഴാ ലീവ് കിട്ടിയത് !”

അരുൺ അവളെ ആലിംഗനം ചെയ്തത് ഋതികയ്ക്കൊട്ടും പിടിച്ചില്ല,..

“നിനക്കൊന്ന് വിളിച്ചിട്ട് വരായിരുന്നു !”

“അങ്ങനെ വിളിച്ചിട്ട് വന്നാൽ നിന്റെ മുഖത്തെ ഈ ഞെട്ടൽ കാണാൻ എനിക്ക് പറ്റില്ലല്ലോ, സോ വെൽ പ്ലാൻഡ് വിസിറ്റ് !” അവൾ അവന് നേരെ കണ്ണിറുക്കി,..

“എന്നിട്ട് എന്തൊക്കെയാ വിശേഷം,.. പറയ്,.. നിന്റെ വർക്ക്‌ ഒക്കെ എങ്ങനെ പോണു,… ”

അരുൺ അവളുടെ ചുമലിൽ കയ്യിട്ട് കൊണ്ട് സോഫയ്ക്ക് അരികിലേക്ക് നടന്നു,..

തന്നിൽ അസൂയയുടെ കിരണങ്ങൾ ഉയർന്നു വരുന്നത് ഋതിക അറിഞ്ഞു,.. എല്ലാവരും അവരുടെ പുനസംഗമം ആസ്വദിച്ചു നിൽക്കുകയാണ്,. താൻ മാത്രം അവൾ ആരാണെന്നോ എന്താണെന്നോ അറിയാതെ പൊട്ടൻ ആട്ടം കാണുന്നത് പോലെ നിൽക്കുന്നു,..

“നിയ,.. ” ഋതിക വിളിച്ചു,..

“എന്താ ഏട്ടത്തി? ” അവൾ ഋതികയെ നോക്കി,

“ആരാ അത്?” ഋതിക ശബ്ദം താഴ്ത്തി ചോദിച്ചു,..

“അയ്യോ, ഏട്ടത്തിക്ക് മനസിലായില്ലേ,.. ഇതാ ധന്യേച്ചി,.. ഏട്ടന്റെ ബെസ്റ്റീ,. അന്നത്തെ ലെഹങ്ക,… ഫസ്റ്റ് നൈറ്റിന് ഇട്ട,.. ” നിയ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു,..

ഓ അപ്പോൾ ഇതാണ് ധന്യ,. അരുണേട്ടനും ആയി വിവാഹം ഉറപ്പിച്ചിരുന്നു എന്ന് കരുണേച്ചി പറഞ്ഞ പെൺകുട്ടി,.. അവൾ ഓർത്തെടുത്തു,..

“അല്ല നിന്റെ കെട്ടിയവൾ എന്താടാ ദൂരെ മാറി നിൽക്കുന്നത്?”ധന്യ അവളെ നോക്കിക്കൊണ്ട് ചോദിച്ചു,.

അപ്പോഴാണ് ഋതിക ഇവിടെ തങ്ങൾക്കൊപ്പം ഉണ്ടെന്നും, താനവളെ പരിചയപ്പെടുത്താൻ വിട്ടുപോയെന്നുമുള്ള ബോധം അരുണിന് വരുന്നത്,..

“ഒന്ന് പരിചയപ്പെടുത്തിത്താടാ !”

” ഓ,.. സോറി സോറി,.. ഞാൻ ആ കാര്യമങ്ങ് വിട്ടു പോയി !”

“എന്ത് നീ കല്ല്യാണം കഴിച്ചെന്ന കാര്യമോ? ” ധന്യ തമാശയായിട്ടാണ് ചോദിച്ചതെങ്കിലും, ഋതികയ്ക്കതൊട്ടും രസിച്ചില്ല,..

അവളെക്കണ്ടപ്പോൾ അരുണേട്ടൻ തന്നെപ്പോലും മറന്നിരിക്കുന്നു ,..

“ശേ, ഋതു ഇങ്ങ് വാ !” അരുൺ അവളെ കൈകാട്ടി വിളിച്ചു,..

ഋതിക അമർഷമടക്കി അവന്റെ അരികിലേക്ക് ചെന്നു,.. അതാണല്ലോ മര്യാദ,.. വരുന്ന അതിഥിയെ നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും പുഞ്ചിരിയോടെ തന്നെ സ്വീകരിക്കേണ്ടി വരുന്ന ആഥിത്യ മര്യാദ,..

“അപ്പോൾ ധന്യേ,.. ഇതാണെന്റെ ബെസ്റ്റ് ഹാഫ്,.. എന്റെ എല്ലാമെല്ലാമായ ഭാര്യ,.. ഋതിക,. ഋതിക അരുൺ !”

അരുൺ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു,..

ഋതിക അവൾക്ക് നേരെ ഹൃദ്യമായി പുഞ്ചിരിച്ചു,..ധന്യയുടെ മുഖത്ത് ചെറിയെന്തോ ഒരു നഷ്ടബോധം ഉള്ളത്പോലെ അവൾക്ക് തോന്നി,.. അത്കൊണ്ടാണോ എന്തോ അരുണിനോട് കുറച്ചുകൂടി ചേർന്ന് നിൽക്കാൻ ധന്യയുടെ മുഖത്ത് നിഴലിച്ച വേദന കാരണമായി,..

“അപ്പോൾ ഭാര്യേ,.. ഇവളെന്റെ ബെസ്റ്റ് ഫ്രണ്ട് ധന്യ,.. എൽ കെ ജി തൊട്ട് ഡിഗ്രി വരെ ഒരുമിച്ച് പഠിച്ചു,.. പിന്നെ ഇവൾക്ക് ഫാഷൻ ഡിസൈനിങ് പ്രാന്ത് കേറീപ്പോൾ നേരെ നോർത്ത് ഇന്ത്യയിലേക്ക് വിട്ടു !ഇപ്പോൾ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു മുൻനിര,.. ” അരുൺ ധന്യയെക്കുറിച്ച് വർണിച്ചു തുടങ്ങിയതും അവൾ ഇടയ്ക്ക് കേറി,..

“എന്റെ പൊന്നു മോനെ മതി മതി,.. നീ ഇങ്ങനെ തള്ളിയാൽ ഈ കൊച്ചു പേടിച്ചു പോവും,… അങ്ങനൊന്നും ഇല്ലടോ,.. ചെറുതായിട്ടൊക്കെ,..
തനിക്ക് ഞാൻ ഒരെണ്ണം ഡിസൈൻ ചെയ്തു കൊടുത്തയച്ചിരുന്നല്ലോ,.. വെഡിങ് ഗിഫ്റ്റ് കിട്ടീലേ? ” അവൾ ഋതുവിനെ നോക്കി,…

“മ്മ് !” അവൾ തലയാട്ടി,..

“എങ്ങനുണ്ടാരുന്നു ഇഷ്ടപ്പെട്ടോ? ”

സ്കൂളിലും കോളേജിലും ഒക്കെ ടീച്ചർ വിളിച്ചെണീപ്പിച്ച് ചോദ്യം ചോദിക്കുമ്പോൾ ആൻസർ അറിയാതെ നിൽക്കുന്നപോലെ ബ്ലിങ്കസ്യാ എന്നൊരു നിൽപ്പ് അവൾ ഇവിടെയും നിന്നു,..

കരുണ അവളെ കടുപ്പിച്ചൊന്ന് നോക്കി, ആ നോട്ടത്തിന്റെ അർത്ഥം തനിക്കത് ഇഷ്ടപ്പെട്ടു എന്ന് പറയണമെന്നുള്ള കല്പനയാണ്,…

“നന്നായിരുന്നു,.. നല്ല ഡിസൈൻ ആയിരുന്നു !” ഋതിക പറഞ്ഞു,..

“താങ്ക്സ്,.. ” ധന്യയും പുഞ്ചിരിച്ചു,..

“അല്ല മാഷേ നീയെന്തെങ്കിലും കഴിച്ചോ? ” അരുൺ ചോദിച്ചു,..

“എയർപോർട്ടിൽ നിന്ന് ഇറങ്ങീപ്പോ ഒരു റെസ്റ്റോറന്റ്ൽ കേറി ചൂട് പൊറോട്ടയും ബീഫും കഴിച്ചു,.. ബാക്കി ഇവിടെ വന്നിട്ടാകാമെന്ന് കരുതി,.. ”

“നീയപ്പോൾ വീട്ടിലേക്ക് പോയില്ലേ? ”

“എവിടന്ന്,.. ആദ്യം നിന്നെ കാണണമെന്ന് തോന്നി സോ ഒരു ടാക്സി വിളിച്ചു ഇങ്ങ് പോന്നു,.. ഇവിടെ വന്നപ്പോഴോ ഭാര്യയെയും കൂട്ടി നീ വിരുന്നു പോയിരിക്കുവാണെന്നറിഞ്ഞത് !”

“നീയൊന്ന് വിളിച്ചിരുന്നേൽ, ഇന്നത്തെ പോക്ക് ഞങ്ങൾ ക്യാൻസൽ ചെയ്തേനെ, അതെങ്ങനാ മാടത്തിന് സർപ്രൈസ് ആണല്ലോ ഇഷ്ടം !” അരുൺ ധന്യയുടെ ചെവിയിൽ ഒന്ന് കിഴുക്കി,..

“ഈ ചെക്കൻ !” അവൾ ചെറുതായൊന്ന് ഒന്ന് ചിണുങ്ങി,..

കൂടുതൽ നേരം അതൊന്നും കണ്ടു നിൽക്കാനുള്ള മനക്കട്ടി ഋതികയ്ക്കും ഉണ്ടായിരുന്നില്ല,.. വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ജസ്റ്റിൻ ചേട്ടന്റെ വീട്ടിലേക്കുള്ള ട്രിപ്പ്‌ ക്യാൻസൽ ചെയ്തേനെ എന്ന്,.. അപ്പോൾ ജസ്റ്റിൻ ചേട്ടനേക്കാൾ വലുതാണ് അരുണേട്ടന് ഈ ധന്യ,..

“താനെന്താ ആലോചിക്കുന്നേ? ” ധന്യ അവളെയൊന്ന് തട്ടി,..

“അതേ,.. എനിക്കെന്തോ വല്ലായ്ക പോലെ,.. ഞാൻ റൂമിലേക്ക് പൊയ്ക്കോട്ടേ? !” ഋതിക ചോദിച്ചു,…

“മ്മ്മ് കല്യാണം കഴിഞ്ഞ് രണ്ടാഴ്ച തികഞ്ഞില്ല,.. അതിന് മുൻപേ നീ പണി പറ്റിച്ചോടാ? ”

ധന്യയുടെ ചോദ്യം കേട്ടതും അരുണും ഋതികയും അമ്പരപ്പിൽ പരസ്പരം നോക്കി,..

“ആണോ? ഋതുവിന്‌ വിശേഷം വല്ലതും ഉണ്ടോ? ”

വിശേഷമോ? കല്ല്യാണം കഴിഞ്ഞു രണ്ടാമത്തെ ദിവസം തന്റെ അടുത്ത് പ്രെഗ്നൻസി ടെസ്റ്റ്‌ കിറ്റ് ഉണ്ടോന്ന് ചോദിച്ചു വന്ന ലയേച്ചിയും ധന്യയും തമ്മിൽ വല്ല്യ വ്യത്യാസമൊന്നും ഉള്ളതായി അവൾക്ക് തോന്നിയില്ല,..

“ആണോ ഏടത്തി? ” നിയ കൗതുകത്തോടെ ചോദിച്ചു,.. എങ്ങനെയും ഇവിടുന്നൊന്ന് ഒഴിവാകാൻ പറഞ്ഞതാണ്,.. അതിപ്പോൾ തനിക്ക് നേരെതന്നെ ബൂമറാങ് ആയി തിരിച്ചടിച്ചിരിക്കുന്നു,..

“ഹേയ് അതൊന്നുമല്ല !” അവൾ പെട്ടന്ന് പറഞ്ഞു,..

“അത് ഇന്നാ കപ്പയും മീൻ കറിയും ഒക്കെ കഴിച്ചതിന്റെയാ,.. അല്ലാതെ !”

അരുണും ഇടയ്ക്ക്കയറിപ്പറഞ്ഞു,.. നിയയുടെ മുഖത്തെ തെളിച്ചം ചെറുതായൊന്ന് മങ്ങി,.. ഋതികയേ ആകെ വിയർത്തു കുളിച്ചിരുന്നു,..

“കപ്പയും മീനും? ” ധന്യയുടെ കണ്ണുകൾ വിടർന്നു,..

“ആടി ജസ്റ്റിന്റെ വീട്ടീന്ന് !”

“ശോ,.. ഞാൻ ശരിക്കും മിസ്സ്‌ ചെയ്തു,.. ”

“സാരമില്ല,.. നമുക്ക് നാളെ റെഡി ആക്കാം !”

“ഓക്കേ,.. അപ്പോൾ നോ പ്രോബ്ലം ! പിന്നെ ഋതു,.. ഞാൻ പറഞ്ഞ കാര്യം ഒന്ന് ചെക്ക് ചെയ്യാൻ മറക്കണ്ട !” ധന്യ അവളെ കളിയാക്കിപ്പറഞ്ഞു,.

ഋതികയ്ക്ക് ക്ഷമ നശിക്കുന്നുണ്ടെന്ന് അരുണിനും തോന്നി,..

“ഞാനെന്നാൽ? ” അവൾ അനുവാദത്തിനായി അവരെ നോക്കി,.

“ഓക്കേ ഋതു,.. ഗുഡ് നൈറ്റ് !” ധന്യ പറഞ്ഞു,..

“ഗുഡ് നൈറ്റ് !” അവൾ അരുണിനെ ഒന്ന് നോക്കിയ ശേഷം പടി കയറി,..

ഋതികയ്ക്ക് കാര്യമായെന്തോ പറ്റിയിട്ടുണ്ട്,.. ഇനി ധന്യ വന്നത് ഇവൾക്കൊട്ടും പിടിച്ചില്ലേ?,..

“എന്താടാ കിളിപോയ നിൽപ്പ് നിൽക്കുന്നത്? ധന്യ അവനെയൊന്ന് തട്ടി,..

“എന്നാൽ നീ എന്തെങ്കിലും കഴിക്ക് !”

“എന്തെങ്കിലും ഒന്നുമല്ല,.. ഇന്ന് ഞാൻ വന്നത് കാരണം ഇവിടെ മൊത്തം സ്പെഷ്യലാ !” ധന്യ ആവേശത്തിൽ പറഞ്ഞു,..

“ഓഹോ,.. ഇതൊക്കെ എപ്പോ? ”

“നിനക്കല്ലേ എന്നെക്കുറിച്ച് ചിന്ത ഇല്ലാത്തതുള്ളൂ,.. ഇവിടെ ആന്റിക്കും അങ്കിളിനും ഒക്കെ എന്നെക്കുറിച്ച് നല്ല ചിന്തയാ,.. പാചകവും അങ്കിളിന്റെ വകയാ ! ”

“ആഹാ,.. അതാണപ്പോൾ അച്ഛനേം അമ്മേനേം ഇങ്ങോട്ടേക്കൊന്നും കാണാത്തത്,.. ”

“യാ !”

“എന്തായാലും ഞാൻ ഡ്രസ്സ്‌ ഒന്ന് മാറീട്ടു വരാം,.. ”

” അപ്പോഴേക്കും ഞാനും ഫ്രഷ് ആയിട്ട് വരാം, എന്നിട്ട് ഒരുമിച്ച് കഴിക്കാം ”

“അയ്യോ,.. ഇനി പോവൂല്ലടി !”

“അതൊന്നും പറഞ്ഞാൽ പറ്റില്ല,… എന്തെങ്കിലും കഴിക്കണം !”

“ഞാൻ കൂടെയിരിക്കാം അത് പോരേ? ”

“മ്മ്മ്,.. എങ്കിൽ വേഗം വാ !”

“ഓ,.. ” അവൻ പടികൾ കയറി,..

“5 മിനിറ്റ് ,.. ” അവൾ വിളിച്ചു പറഞ്ഞു,..

“ഓക്കേ ഡി !”

“വന്നില്ലേൽ ഞാനങ്ങ് വരും !”

“വരാവേ !”

*******

അരുൺ ചെന്ന് റൂമിൽ കയറിയതും ഋതിക ഡോർ ലോക്ക് ചെയ്തു,…

“എന്തോന്നാ ഇത്, മനുഷ്യനെ പേടിപ്പിച്ചു കൊല്ലൂല്ലോ? ” അരുൺ ഞെട്ടലിൽ ചോദിച്ചു,..

അവൾ ഒന്നും മിണ്ടിയില്ല,… പകരം കടുപ്പത്തിൽ ഒന്ന് നോക്കി,..

“എന്താണ്,.. ഇന്ന് കണ്ണ് ബുൾസൈ പോലെ ഉണ്ടല്ലോ? ”

“നിങ്ങൾക്ക് അങ്ങനെ പലതും തോന്നും,.. ”

“കുറച്ചു മുൻപ് വരെ നിനക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ,.. ഇപ്പോ ഇതെന്ത് പറ്റി? ധന്യ അങ്ങനെ ചോദിച്ചത് കൊണ്ടാണോ? ”

“എന്തിനാ എല്ലാവരും പറഞ്ഞു പറഞ്ഞു ഈ കാര്യത്തിൽ തന്നെ എത്തിച്ചേരുന്നേ? ” അവളുടെ ശബ്ദമുയർന്നതും അവനവളുടെ അധരങ്ങളിൽ വിരലമർത്തി,…

“ഏത് കാര്യം? ” അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു,..

“ഒന്നൂല്ല” അവളവനെ തട്ടിമാറ്റി,..

അരുൺ അവളുടെ കൈ പിടിച്ചു,..

“അങ്ങനങ്ങ് പോവല്ലേ,.. ”

“അരുണേട്ടാ,.. ദേ എന്റെ കൈ വിട് !”

അരുൺ അവളെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു,..

“ഞാനും കൂടെ ഒന്ന് അറിയട്ടെടോ ! എന്ത് കാര്യവാ? ”

അവളവന്റെ മിഴികളിലേക്ക് നോക്കി,.. അവന്റെ നോട്ടത്തിന് കടുപ്പമേറും തോറും തന്റെ മനസ്സിന്റെ നിയന്ത്രണങ്ങൾ നഷ്ടപ്പെടുന്നത് അവളറിഞ്ഞു,..

“അരുണേട്ടാ !”

“ഐ വാണ്ണ കിസ്സ് യൂ !”

അവൾ പ്രതികരിച്ചില്ല,.. പകരം കണ്ണുകൾ അടച്ചു,.. അവന്റെ ചുംബനം ഏറ്റുവാങ്ങാൻ തയ്യാറെടുക്കുംപോലെ,..

അരുൺ അവളുടെ അധരങ്ങൾക്ക് നേരെ മുഖമടുപ്പിച്ചു,.. അവന്റെ നിശ്വാസം അവളുടെ നെറുകിൽ തട്ടി,.. അവളുടെ ശ്വാസഗതി വേഗത്തിലായി,.. ഋതിക അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു,..

അടുത്ത നിമിഷം വാതിൽക്കൽ ഒരു മുട്ട് കേട്ടു,.. അരുൺ തെറ്റൊന്തൊ ചെയ്തപോലെ അവളിൽ നിന്നും അടർന്ന് മാറി,..

” സോറി ” അവൻ പെട്ടന്ന് തന്റെ വിയർപ്പ് തുടച്ചു,…

ഋതികയ്ക്ക് ആദ്യമായ് നഷ്ടബോധം തോന്നി,.. ഏതോ ഒരു നിമിഷത്തേക്ക് സ്വയമറിയാതെ താനും ആഗ്രഹിച്ചുപോയതാണ് അവന്റെ ആ ചുംബനം,..

“അരുൺ,… ” ധന്യയുടെ ശബ്ദം,.. അവൾ അക്ഷമയോടെ കതകിൽ മുട്ടുകയാണ്,.. അവൾ പറഞ്ഞ അഞ്ചു മിനിറ്റ്,.. താൻ അതിനെക്കുറിച്ച് മറന്നു പോയിരിക്കുന്നു,..

അവൻ വാതിൽ തുറക്കാൻ പോയ ഋതികയെ തടഞ്ഞു,..

“ദാ,.. വരുന്നു,. ഒരു മിനിറ്റ് !”

“എത്ര നേരമായെടാ എനിക്ക് വിശക്കുന്നു !”

“വരുന്നെടി,.. ”

അരുൺ അലമാരി തുറന്നു ടീഷർട്ട് എടുത്തിട്ട്,.. തിടുക്കത്തിൽ കതക് തുറന്നു,..

“എന്തോന്നാരുന്നു അകത്ത്? ഒരു ടീഷർട്ട് മാറ്റാനാണോ ഇത്രേം നേരം? ”

അവൾ ചോദിച്ചു,..

“നീ ഇത്ര പെട്ടന്ന് ഫ്രഷ് ആയോ? ”

“ആ നിനക്കാ, പറഞ്ഞ ടൈമിന് വിലയില്ലാത്തത് !” അവൾ മുഖം വീർപ്പിച്ചു,..

“സോറി ഡി,.. ”

“അല്ല നിന്റെ കെട്ട്യോള് കിടന്നോ? ”

“ഹേയ് ഇല്ല,.. ഋതു !” അരുൺ അകത്തേക്ക് നോക്കി,..

ഋതിക തന്റെ ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി, വാതിൽക്കലേക്ക് ചെന്നു,..

“വയ്യായ്ക മാറിയോ? ” അവൾ ചോദിച്ചു,.

“ആ കുഴപ്പമില്ല,.. “ഋതിക ഉത്തരം പറഞ്ഞു,.

“നന്നായി റസ്റ്റ്‌ എടുത്തോളൂട്ടോ !”

“മ്മ് !” അവൾ തലയാട്ടി,..

“പിന്നെ ഒരു റിക്വസ്റ്റ് കൂടി,..”

അവൾ എന്താണെന്ന അർത്ഥത്തിൽ ധന്യയെ നോക്കി,..

“ഇന്നത്തെ ദിവസം,.. ഇവനെ എനിക്കൊന്ന് വിട്ടു തരണം,.. ” അവൾ മനസിലാവാതെ ധന്യയെ നോക്കി,..

“ഒരുപാട് കഥകൾ പറയാനുള്ളതാ ! പ്ലീസ് ജസ്റ്റ്‌ വൺ നൈറ്റ്,.. ” ധന്യ അപേക്ഷയെന്നവണ്ണം ഋതുവിനെ നോക്കി,..

അവളുടെ മുഖത്തൊരു മങ്ങലുണ്ടായത് അരുണിന്റെ ശ്രദ്ധയിൽ പെട്ടു,..

“പറ്റില്ലേ? ” ധന്യ ചോദിച്ചു,..

ഋതിക അരുണിനെ ഒന്ന് നോക്കി,.. അവനും തന്റെ അനുവാദത്തിനായി കാത്തു നിൽക്കുകയാണെന്ന് അവൾക്ക് തോന്നി,.. താനായിട്ട് പിടിച്ചു വെച്ചിട്ടെന്തിനാ പൊയ്ക്കോട്ടേ,..

“അതിനിപ്പോ എന്താ? ” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,..

“താങ്ക് യൂ സോ മച്ച് ഋതു,.. ” അവൾ സന്തോഷത്താൽ ഋതികയെ കെട്ടിപ്പിടിച്ചു,..

“എന്നാ കിടന്നോട്ടോ,… വൺസ് എഗൈൻ ഗുഡ് നൈറ്റ് !”

ധന്യ അവന്റെ കൈപിടിച്ച് നടന്നു,.. തിരിഞ്ഞു നോക്കണോ,.. അരുൺ ഒന്ന് തിരിഞ്ഞു നോക്കി, അവളുടെ മുഖത്ത് നിർവികാരത തളം കെട്ടി നിൽക്കുന്നു,..

“എന്തോന്നാടാ? ”

“ഹേയ് ഒന്നൂല്ല !”

അരുൺ കണ്ണിൽ നിന്നും മറയും വരെ അവൾ അവിടെത്തന്നെ നിന്നു,.. എത്ര അധികാരത്തോടെയാണവൾ തന്റെ ഭർത്താവിന്റെ കൈ പിടിച്ചു പോയത്,.. ചോദിച്ചപ്പോൾ തനിക്ക് എതിർക്കാമായിരുന്നതാണ്,.. പക്ഷേ,… അവർ നല്ല ഫ്രണ്ട്സ് ആണ്, അതിനപ്പുറം ഒരു ബന്ധം അരുണേട്ടന് അവളോട് തോന്നിയിരുന്നെങ്കിൽ വീട്ടുകാർ ആലോചിച്ചപ്പോൾ അവളെത്തന്നെ കല്ല്യാണം കഴിക്കുമായിരുന്നു,.. എങ്കിലും അവളോടിത്ര അടുപ്പം കാണിക്കുമ്പോൾ,..

അരുണേട്ടന്റെ കാര്യത്തിൽ താൻ പൊസ്സസ്സീവ് ആയി തുടങ്ങിയിരിക്കുന്നു,.. അതിനർത്ഥം നീതി പറഞ്ഞത് തന്നെയാവോ? തനിക്ക് അരുണേട്ടനോട്,.. ഹേയ്,.. അവൾ വാതിൽ കുറ്റിയിട്ടു,..

**********

“ഋതു ഭയങ്കര പാവമാല്ലേ? ” ധന്യ ചോദിച്ചു,..

“മ്മ് !” അവൻ മൂളി,…

“ഒട്ടും പൊസ്സസ്സീവ് അല്ല ”

“അതെന്താ നീ അങ്ങനെ പറഞ്ഞേ? ”

“വേറൊന്നും കൊണ്ടല്ല, സാധാരണ പെങ്കുട്ട്യോളൊന്നും, വേറൊരു പെണ്ണ് ചെന്ന് ചോദിക്കുമ്പോഴേ ഭർത്താവിനെ അവരുടെ കൂടെ പറഞ്ഞു വിടാറില്ല, ഐ തിങ്ക് ഷീ ഈസ്‌ ഡിഫറെൻറ്, ഓപ്പൺ മൈൻഡഡ്‌ !”

ഓപ്പൺ മൈൻഡഡ്‌ ആണ് പോലും, അതിനവൾ തന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ അല്ലേ പൊസ്സസ്സീവ്നെസ്സിന്റെ ആവശ്യമുള്ളൂ..

ചില മാറ്റങ്ങൾ ഇല്ലാതില്ല,. പക്ഷേ ഒന്നുമങ്ങ് ഉറപ്പിക്കാൻ ആയിട്ടുമില്ല,..

“നീയെന്താ ആലോചിക്കുന്നേ? ”

“ഹേയ് ഒന്നൂല്ല !” അവൻ പറഞ്ഞു,..

“നിനക്ക് വിഷമമുണ്ടോ? ”

“എന്തിന്? ”

“നിങ്ങളുടെ സ്വർഗത്തിൽ ഞാനിന്ന് കട്ടുറുമ്പായി വന്നതിൽ !”

“ഒന്ന് പോടി, അവിടന്ന്,.. ഒരു വല്ല്യ കട്ടുറുമ്പ് വന്നേക്കുന്നു !” അരുൺ അവളെ ചേർത്ത് പിടിച്ചു,..

ചെറുപ്പം തൊട്ടേ തന്റെ കൈ പിടിച്ചു നടന്ന കളികൂട്ടുകാരി, തന്റെ വൃകൃതിത്തരങ്ങളുടെ എല്ലാം ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നവൾ,.. തന്റെ കൂടെപ്പിറക്കാതെ പോയ കൂടപ്പിറപ്പ്, അങ്ങനെ വിശ്വസിക്കാനാണ് തനിക്കിഷ്ടം,.. കട്ടുറുമ്പായോ പോലും,.. പക്ഷേ ചെറിയൊരു വേദന തോന്നാതിരുന്നില്ല തങ്ങൾക്ക് നഷ്ടപ്പെട്ട് പോയ ആ അമൂല്യ നിമിഷത്തെക്കുറിച്ചോർത്ത്,..

******

എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല,.. സമയം ഒന്നര,.. ഇപ്പോഴും താഴെ നിന്ന് സംസാരം കേൾക്കാം,..

തനിക്ക് ഒരു പ്രോബ്ളവും ഇല്ലെന്ന് പറഞ്ഞാണ് അരുണേട്ടനെ അവൾക്കൊപ്പം വിട്ടത്,.. പക്ഷേ ഇപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു,…

താഴെ ജസ്റ്റ്‌ ഒന്ന് പോയി നോക്കിയാലോ? തനിക്ക് വല്ല സംശയരോഗവും ആണെന്ന് കരുതിയാലോ,.. ആ കരുതുവാണേൽ കരുതട്ടെ,.. പക്ഷേ എന്തും പറഞ്ഞു പോവും,… അവളുടെ നോട്ടം ടീപ്പോയിൽ ഇരിക്കുന്ന ജഗ്ഗിലേക്ക് നീണ്ടു,..

അതിലെ വെള്ളം മൊത്തം വാഷ് ബേസനിൽ കമിഴ്ത്തി അവൾ വാതിൽ തുറന്നിറങ്ങി,..

രണ്ടാളും നല്ല വർത്തമാനമാണ്,.. ഇടയ്ക്കിടെ ഫോണിലും നോക്കുന്നുണ്ട്,.. അവൾ സാവധാനം സ്റ്റെപ്പുകൾ ഓരോന്നായി ഇറങ്ങി,..

അരുണേട്ടനോട് ചേർന്നാണവൾ ഇരിക്കുന്നത്, അതും വളരെഅധികം ചേർന്ന്,..

എന്തോ നിലത്ത് വീണ് പൊട്ടിചിതറുന്ന ശബ്ദം കേട്ടാണ് അരുണും ധന്യയും സ്റ്റെയർ കേസിലേക്ക് നോക്കിയത്,…

“ഋതു,.. ” എന്നവൻ ഒന്നേ വിളിച്ചുള്ളൂ,..

ഋതിക അപ്പോഴേക്കും ഉരുണ്ട് നിലത്തെത്തിയിരുന്നു,..

“അയ്യോ എന്റെ കാല് !” ഋതിക അറിയാതെ കരഞ്ഞുപോയി,..

അരുൺ ഓടി അവൾക്കരികിലേക്ക് ചെന്നു,. അവൾ വേദനകൊണ്ട് പുളയുകയാണ്,.പിന്നാലെ ധന്യയും എത്തി,..

“അയ്യോ എന്ത് പറ്റി? ” ധന്യ ആശങ്കയോടെ ചോദിച്ചു,..

“വാ എണീക്ക്,. ” അരുൺ അവളെ പിടിച്ചെഴുന്നേൽപ്പിക്കാൻ ഒരു ശ്രമം നടത്തി,..

“പറ്റണില്ല അരുണേട്ടാ !” അവളുടെ മിഴികൾ നിറഞ്ഞൊഴുകി,..

“എന്താ ഇവിടൊരു ശബ്ദം കേട്ടെ? ” ബഹളം കേട്ട് എല്ലാവരും എണീറ്റിരുന്നു,..

“അയ്യോ ഋതു മോൾക്ക് എന്താ പറ്റിയെ? ”

ആശങ്കയോടെ ശാരദ ഓടിച്ചെന്നു,..

“സ്റ്റെപ്പ് ഇറങ്ങിയപ്പോൾ സ്ലിപ് ആയതാ അമ്മേ,.. ” അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു,..

അരുൺ അവളെ എണീപ്പിക്കാൻ ഉള്ള ശ്രമം നടത്തുകയാണ്,..

“ഞാൻ ഹെൽപ്പ് ചെയ്യാം അരുൺ !” ധന്യ സഹായിക്കാൻ സന്നദ്ധയായി മുന്നോട്ടേക്ക് വന്നു,..

“എനിക്ക് വേദനിക്കുന്നു അരുണേട്ടാ !”

“ധന്യേ മാറിക്കോ,.. ഞാൻ തന്നെ എഴുന്നേൽപ്പിച്ചോളാം !”

അരുൺ അവളെ പൊക്കിയെടുത്തു,..

“അരുൺ ഒന്ന് പതുക്കെ,.. ” അശോകൻ നിർദേശം കൊടുത്തു,..

അരുൺ അവളെ സെറ്റിയിൽ ഇരുത്തി,..

“കാലിനാണോ വേദന? ”

“മ്മ്,.. മുട്ടിനും കാലിന്റെ കുഴയ്ക്കും !”

“എന്നാൽ ഹോസ്പിറ്റലിൽ കൊണ്ടോവാം അരുൺ,.. ഞാൻ വണ്ടിയിറക്കാം !”

“അതാ മോനേ നല്ലത്,.. ” ശാരദയും ശരി വെച്ചു,..

“ഞാൻ കൂടെ വരാം ഏട്ടാ !” നിയയും പറഞ്ഞു,..

“കരുണേ, കുട്ട്യോളേം കൊണ്ട് ഇങ്ങോടേക്ക് വരണ്ട,.. ഇവിടൊക്കെ കുപ്പിച്ചില്ലാ !”

ശാരദ നിർദേശം നൽകി,..

*********

“ഹേയ് എല്ലിന് പൊട്ടലൊന്നും ഇല്ല,.. കാലൊന്ന് ഇടറിയിട്ടുണ്ട്,.. പിന്നെ മുട്ടിന്റെ വേദന അത് മുട്ട് കുത്തി വീണതിന്റെയാ !”

എക്സ്റേ നോക്കി ഡോക്ടർ വിശദീകരിച്ചു,..

“വേദനയ്ക്കുള്ള ഇൻജെക്ഷൻ എടുത്തിട്ടുണ്ട്,.. പിന്നെ ഈ ഓയിന്മെന്റ് പുരട്ടിക്കൊടുത്തൽ മതി,.. പിന്നെ നന്നായി റസ്റ്റ്‌ എടുക്കണം !”

അവൾ തലയാട്ടി,.. ഏത് നേരത്താണോ തനിക്ക് താഴേക്കിറങ്ങാൻ തോന്നിയത്,.. അതുകൊണ്ടാണല്ലോ ഇപ്പോ അനുഭവിക്കുന്നത്,…

*********

“ഡോക്ടർ എന്താടാ പറഞ്ഞേ? ”

ഋതികയെ കൊണ്ട് വന്നതും ശാരദ ചോദിച്ചു,..

“കുഴപ്പൊന്നും ഇല്ല, റസ്റ്റ്‌ എടുക്കാൻ പറഞ്ഞു !”

“എങ്കിൽ മോളിനി സ്റ്റെപ് കയറി രണ്ടു ദിവസത്തേക്ക് മേലേക്ക് പോണ്ടാ, ഇവിടെ നിയയുടെ കൂടെ കിടക്കാലോ !”

ശാരദയുടെ ആ തീരുമാനം അരുണിനെയും ഋതികയെയും ഒരേപോലെ നിരാശപ്പെടുത്തി,..

“അത് കുഴപ്പമില്ല അമ്മേ, എനിക്ക് വേദന കുറവുണ്ട് !”

“ഡോക്ടർ റസ്റ്റ്‌ എടുക്കാൻ പറഞ്ഞ സ്ഥിതിക്ക്,.. ”

“വേണ്ട നിയയ്ക്കത് ബുദ്ധിമുട്ടാകും !”

“എന്തോന്നാ ഏട്ടത്തി, എനിക്കെന്ത് ബുദ്ധിമുട്ടാ !”

പണി പാളുകയാണ്,.. രണ്ട് മണിക്കൂർ അരുണിനെ കാണാതിരുന്നപ്പോൾ താഴേക്കിറങ്ങി പണിവാങ്ങിക്കൂട്ടിയ താനാണ് രണ്ടു ദിവസം അരുണേട്ടനില്ലാതെ,..

“നീ താഴെകിടന്നാൽ മതി !” അരുണിന്റെ തീരുമാനം അവളെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു, .

“എഴുന്നേൽക്ക്,.. റൂമിൽ കൊണ്ടുപോയി ആക്കാം !” ഋതിക അനങ്ങിയില്ല,..

“എന്റെ പൊന്നേട്ടാ, ഏടത്തി എന്റെ റൂമിലേക്ക് വരാനൊന്നും പോണില്ല,.. ഒരുകാര്യം ചെയ്യ്,.. നിങ്ങള് രണ്ടാളും കൂടെ എന്റെ റൂമിൽ കിടന്നോ,. ഞാൻ നിങ്ങളുടെ റൂമിൽ കിടന്നോളാം,.. അത് പോരേ? ”

ഋതികയ്ക്ക് നിയയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി,..

“ആ അതാ നല്ലത് അശോകനും ശരി വെച്ചു,.. ”

മറ്റുവഴിയില്ലാതെ അരുണും സമ്മതിച്ചു,..

“മാഡം നടക്കുവോ, അതോ ഞാൻ? ” അവൻ അവളെ നോക്കിയതും അവൾ ഒരു ചിരിയോടെ അവന് നേരെ ഇരു കൈകളും നീട്ടി,.. നിയ ചിരിയൊതുക്കി,..

*****

“അപ്പോൾ ഗുഡ് നൈറ്റ് ഏടത്തി !” തനിക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്തു നിയ പുറത്തേക്ക് നടന്നു,..

“സോറി ഡോ,.. ഋതുവിന്‌ വയ്യാത്തോണ്ടാ ഞാൻ,.. ”

“ഇട്സ് ഓക്കേ, ഐ ക്യാൻ അണ്ടർസ്റ്റാൻഡ്,.. നീ കിടന്നോ !”

“ഗുഡ് നൈറ്റ് !”

” ഗുഡ് നൈറ്റ് !”

അവൻ വാതിലടച്ചു,..

“എന്റെ ഋതു നീയിത് എവിടെ നോക്കിയാ നടക്കണത്? ”

“സോറി !”

“എന്തിന്? ”

“ഞാൻ കാരണം അരുണേട്ടന് ഫ്രണ്ടും ഒത്തുള്ള നല്ലൊരു നൈറ്റ് മിസ്സ്‌ ആയില്ലേ? ”

“അങ്ങനെ ഞാൻ പറഞ്ഞോ !”

“പറഞ്ഞില്ലേലും എനിക്കറിയാം !”

“നിനക്കേ,.. തലയ്ക്കു നല്ല വട്ടാ,.. സ്വന്തം ആരോഗ്യത്തെക്കുറിച്ച് നിനക്ക് എന്തെങ്കിലും ചിന്തയുണ്ടോ? ”

അവൾ മിണ്ടിയില്ല,..

“പൊക്കിക്കൊണ്ട് പോവാൻ ഞാനിവിടെ ഉണ്ടല്ലോ, നിനക്ക് എന്തും ആവാല്ലോ,.. നിനക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞാൻ !”

അവൻ ഒന്ന് നിർത്തി,..

“പറ്റിയിരുന്നെങ്കിൽ എന്താ അരുണേട്ടാ? ”

“അത് !” അവന്റെ ശബ്ദമിടറി,..

“പറയ് !”

അടുത്ത നിമിഷം അവനവളെ ആലിംഗനം ചെയ്തു,..

“നിന്നെ നഷ്ടപ്പെടാൻ എനിക്ക് വയ്യ ഋതു !” അവൻ അവളെ ചേർത്ത് പിടിച്ചു.. ഇത്തവണ അവളവനിൽ നിന്നും അടർന്നു മാറിയില്ല, കൂടുതൽ ചേർന്നിരുന്നു,. ചിരിക്കണോ കരയണോ എന്നറിയാത്തൊരു വികാരം അവളിൽ രൂപം കൊണ്ടു,..

********

“ദേ, ഇവിടെ അടങ്ങി ഇരുന്നോണം,.. അലഞ്ഞു തിരിഞ്ഞു നടക്കരുത് !”

അവൾ തലയാട്ടി,..

“മെഡിസിൻസ് കറക്റ്റ് സമയത്ത് കഴിക്കണം !”

“മ്മ് !”

“മൂളിയാൽ പോരാ കഴിക്കണം !”

“കഴിക്കാന്നെ !”

അരുണിന്റെ മുഖത്തെ ഗൗരവം ഒന്നയഞ്ഞു,..

“ധന്യ എന്നാ പോണേ? ”

“അറിയില്ല, . പിന്നെയേ അവൾക്ക് നിന്നെക്കാളും നാലഞ്ചുവയസ്സ് മൂപ്പുണ്ട് !”,

“എങ്കിൽ ചേച്ചി എന്ന് വിളിക്കാം !”

“ഹലോ,.. എനിക്ക് ഇവിടേക്ക് കേറാവോ? ” പറഞ്ഞു തീർന്നില്ല, ധന്യ വന്നു,..

“ഓ അതിന് ചോദിക്കാൻ നിക്കണതൊക്കെ എന്തിനാ നിനക്കിങ്ങ് കേറി വന്നൂടെ? ”

“എങ്ങനുണ്ട് ഋതുവിന്‌? ”

“കുഴപ്പമില്ല,.. വേദന കുറവുണ്ട് !”

“നീയെന്താ രാവിലെ കുളിച്ചൊരുങ്ങി, എങ്ങോട്ടെങ്കിലും പോവാണോ? ”

“പിന്നില്ലാതെ, എനിക്കെന്റെ വീട്ടിൽ പോണ്ടേ? ”

“അപ്പോൾ നിന്റെ കപ്പയും മീൻ കറിയും? ”

“അത് ഇനി വരുമ്പോൾ മതി,.. ”

“നിന്റെ ഇഷ്ടം !”

“നീ പോണ വഴിക്ക് എന്നെയൊന്ന് ഡ്രോപ്പ് ചെയ്യണം !”

“ഓ,.. ആയിക്കോട്ടെ,.. ”

എന്ത്കൊണ്ടാണാവോ പോവാൻ തീരുമാനമെടുത്തത്? ഇന്നലെ അരുണേട്ടനെ ഒറ്റയ്ക്ക് കിട്ടാത്തതോണ്ടാവോ,..

ഓ ഋതു, ഡോണ്ട് ബീ പൊസ്സസ്സീവ്,..

“രണ്ടു ദിവസം നിന്നിട്ട് പോവാം ചേച്ചി !” ഋതു പറഞ്ഞത് കേട്ട് അരുൺ വായും പൊളിച്ചു നിന്നു,.. ഇന്നലെ ധന്യ വന്നതിന്റെ പേരിൽ ഈ കാണായ പൂരം മൊത്തം കാട്ടിക്കൂട്ടിയവളാണ് ഇപ്പോൾ രണ്ടു ദിവസം കൂടി നിൽക്കാൻ പറയുന്നത്,.. എന്ത് പറ്റിയോ എന്തോ?

“ഇല്ലടോ,.. കുറേ സ്ഥലങ്ങളിൽ പോവാനുണ്ട്,.. ഒന്നാമത് ലീവ് കുറവാ !”

“ഓ,.. ”

“രണ്ടാൾക്കും ഞാൻ ഒരു ഹണിമൂൺ ട്രിപ്പ്‌ ഓഫർ ചെയ്യട്ടെ,.. നോർത്ത് ഇന്ത്യ മൊത്തം !” ധന്യ പറഞ്ഞു,.

ആദ്യമായി ഋതുവിന് ധന്യയോടൊരു സ്നേഹവും നന്ദിയുമൊക്കെ തോന്നി, തന്റെ കെട്ടിയോൻ പോലും ചോദിച്ചിട്ടില്ല തനിക്ക് ഹണിമൂണിന് പോണോന്ന്

“ഇപ്പോ വേണ്ട,.. ആദ്യം ഇവളുടെ ഹെൽത്ത്‌ ഒക്കെയൊന്ന് ശരിയാവട്ടെ,.. മാത്രമല്ല,. ഓഫീസിലും ഹെവി വർക്ക്‌ ആണ്.. ”

“എന്റെ അരുണേ,.. നീയെന്ത് ബോറനാടാ, അവന്റെ ഒരു ഓഫീസ്,.. ഇങ്ങനുണ്ടോ ഒരു ഓഫീസ് പ്രാന്ത് കല്ല്യാണം കഴിഞ്ഞ് കെട്ടിയോളേം കൂട്ടി അടിച്ചുപൊളിക്കാനുള്ളതിന് അവൻ ലീവും ക്യാൻസൽ ചെയ്തു ഓഫീസിൽ പോയേക്കുന്നു !”

ആ ചോദിക്കട്ടെ,.. എന്ത് പറയുമെന്ന് നോക്കണല്ലോ,..

“എടി ഒഴിവാക്കാൻ പറ്റാത്ത കുറച്ചു പ്രൊജക്റ്റ്‌സ് വന്നു അതാ,.. ”

“നീയിങ്ങനെ നിന്റെ ജോലിയെയും പ്രണയിച്ചു നടക്കുവാണെങ്കിൽ ഈ കൊച്ച് ജീവനും കൊണ്ട് രക്ഷപെടും കേട്ടോ !”

“ആ കാര്യത്തിൽ എനിക്കൊട്ടും പേടിയില്ല,.. ”

“അതെന്തേ? ”

“ഞങ്ങൾക്ക് ഇടയിലുള്ള ബോണ്ടിങ് കുറച്ചു സ്ട്രോങ്ങാ,.. അല്ലേ ഭാര്യേ? ”

അവൾ തലയാട്ടി,.. എന്തൊക്കെയാണെങ്കിലും അവന് തന്നിൽ വിശ്വാസമുണ്ട് എന്ന കാര്യമോർത്തവൾക്ക് അഭിമാനം തോന്നി,..

“എന്നാ പിന്നെ ഇറങ്ങാം !”

“നീ നടന്നോ, ഞാനീ കൊച്ചിനൊരു ടിപ്പ് കൊടുത്തിട്ട് വേഗം വരാം !”

ഓ ആയിക്കോട്ടെ, അവൻ ബാഗ് എടുത്തു ഋതികയെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു,..

ധന്യ അവൾക്കരികിൽ ഇരുന്നു,..

“താൻ ഭയങ്കര ലക്കി ആട്ടോ,.. അവനെ ഭർത്താവായിട്ടൊക്കെകിട്ടാൻ ഭാഗ്യം ചെയ്യണം !”

ശരിയാണ് ധന്യ പറഞ്ഞത്, അരുണേട്ടൻ തന്റെ ഭാഗ്യമാണ്,.. അവൾ പുഞ്ചിരിച്ചു,..

“ആ ഭാഗ്യം തനിക്കൊപ്പം എന്നും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചേക്കാം !”

ധന്യയിലെ ആ ഭാവമാറ്റം ഋതികയുടെ മുഖത്തെ പുഞ്ചിരി ഇല്ലാതാക്കി,…

(തുടരും )

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!