Skip to content

ഈ തണലിൽ ഇത്തിരി നേരം – 17

ee-thanalil-ithiri-neram

“ഹേയ് വാട്ട്‌ ഹാപ്പെൻഡ്? ” ധന്യ അവളെ ചെറുതായൊന്ന് തട്ടി,..

ധന്യയിൽ വളരെപ്പെട്ടെന്നുണ്ടായ ആ ഭാവമാറ്റങ്ങൾ ഉൾകൊള്ളാൻ ഋതികയ്ക്ക് കഴിഞ്ഞില്ല എന്നതായിരുന്നു സത്യം,… അവൾ അമ്പരപ്പിൽ ധന്യയെ നോക്കി,..

“എന്ത് പറ്റി? ” അവൾ ഋതികയെ നോക്കി ചോദിച്ചു,..

“അല്ല ചേച്ചിയെന്താ അങ്ങനെ പറഞ്ഞത്? ”

“എങ്ങനെ? ”

“പ്രാർത്ഥിക്കാമെന്ന് !”

“അതിനെന്താ,. നല്ല കാര്യമല്ലേ?,.. ”

നല്ല കാര്യം തന്നെയാണ്, പക്ഷേ അത് പറഞ്ഞ രീതി, ടോൺ അതൊക്കെയാണ് പ്രശ്നം?

“എന്തേ തനിക്കത് ഇഷ്ടമല്ലേ? അരുണിനെ തനിക്ക് ഇഷ്ടമല്ലേ? ” ധന്യയുടെ മുഖം മുറുകി,…

എന്ത് പറയണം താൻ,.. അരുണേട്ടനെ തനിക്ക് ഇഷ്ടാണോ എന്ന് ചോദിച്ചാൽ,…

“പറ തനിക്കവനെ ഇഷ്ടല്ലേ? ”

“ഇഷ്ടാണ് ചേച്ചി !” ഒരുവിധം അവൾ പറഞ്ഞൊപ്പിച്ചു,..

ധന്യയുടെ മുഖത്തൊരു ചിരി വിരിഞ്ഞു,..

“അത് മതി,. അപ്പോൾ പിന്നെ ശരി ഞാൻ ഇറങ്ങട്ടെ,.. ഇനിയും നിന്ന് തന്നെ ബുദ്ധിമുട്ടിക്കുന്നില്ല !”

ധന്യ അവളെ ഒന്ന് ഹഗ് ചെയ്തു,…

“തന്റെ താലി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്ക് തന്നെയാ,.. സോ അധികം ഓവർ സ്മാർട്നെസ്സ് കാണിക്കണ്ട,.. ഓവർ കോൺഫിഡൻസും,.. അത് ഓർത്താൽ മതി,.. ” ധന്യ അവളുടെ ചെവിയിൽ പറഞ്ഞു,..

ഋതികക്ക് ശബ്ദം നഷ്ടപ്പെട്ടിരുന്നു,..

“ധന്യേച്ചി, വരുന്നില്ലേ? ”

നിയ വാതിൽക്കൽ നിന്ന് ചോദിച്ചു,..

“ആ വരുവാ,.. അപ്പോൾ ഋതു ഞാൻ പറഞ്ഞത് മറക്കണ്ട,.. ടേക്ക് കെയർ !”

ഋതിക തലയാട്ടി,..

എന്തൊക്കെയോ ഒരു അസാധാരണത്വം അവളിൽ ഉള്ളതായി ഋതികയ്ക്ക് തോന്നി,..

“എന്താ കാര്യവാ പറഞ്ഞത്? ” നിയ ധന്യയോട് ചോദിച്ചു,..

“ഓ അതോ,.. അതവരുടെ ഹണിമൂണിന്റെ കാര്യം !”

അതും പറഞ്ഞുകൊണ്ടവൾ നിയയ്‌ക്കൊപ്പം നടന്നു നീങ്ങി,..

ഋതു എന്തോ ഒരു ഭയത്തോടെ തന്റെ താലിയിൽ മുറുകെ പിടിച്ചു,..

**********

അന്ന് വന്നപ്പോൾ അരുണിനോടവൾ ധന്യയെക്കുറിച്ച് കൂടുതലായി ചോദിച്ചു മനസിലാക്കി,…

അവളെക്കുറിച്ച് പറയാൻ അവന് നൂറു നാവായിരുന്നു,.. അതിൽ നിന്നും അവന് അവളോടുള്ള ബന്ധത്തിന് അത്രമേൽ ആഴമുണ്ടെന്ന് അവൾക്ക് ബോധ്യപ്പെട്ടു,..

“താനെന്തിനാ ധന്യയെക്കുറിച്ച് ചോദിച്ചത്,.. ”

“ഹേയ് വെറുതെ,… ” അവൾ കൂടുതൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി,..

“തന്റെ കാലിന് വേദന കുറവുണ്ടോ? ”

“മ്മ് !”

“ഇന്ന് അടങ്ങിയൊതുങ്ങി ഇരുന്നല്ലോല്ലേ? ”

അവൾ തലയാട്ടി,..

“മരുന്നൊക്കെ? ”

“കഴിച്ചു,.. ”

“അപ്പോൾ എന്നെ അനുസരണയൊക്കെയുണ്ട് !”

അവൾ പുഞ്ചിരിച്ചു,…

രണ്ടു ദിവസത്തെ റെസ്റ്റിന് ശേഷം അവൾ മുകളിലത്തെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു,..

കാലചക്രത്തിന്റെ മുന്നോട്ടുള്ള നീക്കം മറ്റുള്ള ആരെപ്പോലെയും ഋതികയിലും മാറ്റങ്ങൾ കൊണ്ട് വന്നിരുന്നു,.. ഓരോ ദിവസം കഴിയുംതോറും അവൾ അരുണിനോട് കൂടുതൽ അടുത്തു,… അതിന് ഒരുപരിധി വരെ കാരണമായത് ധന്യയുടെ വാക്കുകൾ ആയിരുന്നു,.. അരുണിനെ നഷ്ടപ്പെടുമോ എന്നൊരു പേടി അവളിൽ തോന്നിത്തുടങ്ങിയിരുന്നു,..

ആൽബിയിൽ നിന്നാണെങ്കിലും തൽക്കാലത്തേക്ക് വലിയ ശല്ല്യമൊന്നും ഉണ്ടായതുമില്ല,… പിന്നെ ഇടയ്ക്കിടെ കരുണയിൽ നിന്നും ഉണ്ടാവാറുള്ള ചെറിയ ചെറിയ അസ്വാരസ്യങ്ങൾ ഒഴിച്ചാൽ അവളുടെ കുടുംബജീവിതം സന്തോഷകരമായിരുന്നു,.

നീതിയുടെയും ധന്യയുടെയും ചോദ്യത്തിനുള്ള യഥാർത്ഥ ഉത്തരം അപ്പോഴും അവൾക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല, എങ്കിലും അവനോട് തനിക്കൊരു വിധേയത്വം ഉണ്ടെന്നവൾക്ക് തോന്നിത്തുടങ്ങിയിരുന്നു,..

“മോള് വേണെങ്കിൽ അരുണിനെയും കൂട്ടി വീട്ടിലൊക്കെ ഒന്ന് പോയി വന്നോളൂ കേട്ടോ,. !” അശോകൻ പറഞ്ഞു,..

ഒന്നുരണ്ട് ദിവസത്തേക്ക് അനിയത്തിമാർക്കും അമ്മാവനും അമ്മായിക്കും ഒപ്പം ഒരുമിച്ച് വീട്ടിൽ നിൽക്കാൻ കിട്ടുന്ന അവസരമാണ്,..

“അയ്യോ അച്ഛാ,.. എനിക്ക് ഒന്നുരണ്ട് ബിസിനസ്‌ മീറ്റിംഗ് ഉണ്ട്,.. ഒട്ടും ടൈം ഇല്ല !”

ഋതികയുടെ മുഖം മങ്ങി,.. അരുണിന്റെ ഈ ബിസിനസ്‌ തിരക്കായിരുന്നു അവൾക്ക് ഒട്ടും സഹിക്കാൻ പറ്റാതെ പോയ മറ്റൊരു കാര്യം,.. അത് മാറ്റി നിർത്തിയാൽ അവളെസംബന്ധിച്ചിടത്തോളം അരുൺ അവൾക്ക് പെർഫെക്ട് മാച്ച് തന്നെ ആയിരുന്നു,..

“അങ്ങനെ ആണേൽ പിന്നീടൊരു ദിവസം പോവാം,.. അല്ലാതെന്ത് ചെയ്യാനാ? ”

അപ്പോൾ നടക്കുമെന്ന് തോന്നുന്നില്ല, ഡെയിലി വിളിക്കാറുണ്ടെങ്കിലും അവരെയൊക്കെ നേരിൽ കണ്ടിട്ട് കുറച്ചായിരുന്നു,..

“ഹേയ്,. അത് വേണ്ട അച്ഛാ,.. ഋതു കുറച്ചു ദിവസം അവിടെ നിന്നോട്ടെ, ഓഫീസിലേക്ക് പോണ വഴി ഞാൻ ഡ്രോപ്പ് ചെയ്‌തോളാം പോരേ? ”

അരുണേട്ടനില്ലാതെയോ,.. അതൊന്നും പറ്റില്ല,..

“കുഴപ്പമില്ല അരുണേട്ടാ,.. അരുണേട്ടന് ലീവ് കിട്ടുമ്പോൾ നമുക്ക് പോവാം !”

“അതൊന്നും നോക്കിയാൽ പോവാൻ പറ്റൂല്ലേ,.. നിനക്ക് നിന്റെ അനിയത്തിമാരെകാണണം എന്നുണ്ടേൽ മതി !”

മനസില്ലാമനസോടെ അവൾ ബാഗ് പാക്ക് ചെയ്തു,..

“എന്താ തനിക്കൊരു സന്തോഷമില്ലാത്തെ? ” അരുൺ ചോദിച്ചു,..

“ഞാൻ ഹാപ്പി ആണല്ലോ !”

“ആ എന്നാൽ മതി !”

“അരുണേട്ടന് ഇന്ന് ലീവ് ആക്കാൻ പറ്റൂല്ലേ? ”

“ആഗ്രഹമില്ലാഞ്ഞിട്ടല്ലടോ,.. ഈ തിരക്കിനിടയ്ക്ക് ഞാൻ ലീവ് എടുത്താൽ ശരിയാവില്ല !”

“ഫുൾ ടൈം ഓഫീസ്,.. ബാക്കിയുള്ളോരെക്കുറിച്ച് ഒരു ചിന്തയുമില്ല അരുണേട്ടന് !” അവൾ മുഖം കറുപ്പിച്ചു,..

അരുൺ ഒന്ന് ചിരിച്ചു, .

“നിങ്ങളെക്കുറിച്ചൊക്കെ ചിന്തയുള്ളത് കൊണ്ടാ ഡെയിലി ഓഫീസിൽ പോണത്,.. ”

“ഫാമിലിക്കൊപ്പം സ്പെൻഡ്‌ ചെയ്യാൻ കൂടി സമയമില്ലല്ലോ അരുണേട്ടന്,.. ”

“മോളേ, ഇയർ എൻഡിങ് ആണ്,.. ഓഡിറ്റ് നടക്കണ ടൈം ആണ്,.. ഞാൻ ലീവും എടുത്ത് നിങ്ങളേം കെട്ടിപ്പിടിച്ചിരുന്നാലേ എം. ഡി പറയും നീ നാളെതൊട്ട് വീട്ടിൽ തന്നെയിരുന്നോളാൻ !”

പിന്നെ അവളൊന്നും മിണ്ടിയില്ല,.. മുന്നോട്ടേക്കുള്ള യാത്രയിൽ സമയം കടന്നുപോവാതിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു,..

“ഇറങ്ങിക്കോ !” ശ്രീമംഗലത്തെ ഗേറ്റിന് മുൻപിൽ കാർ നിർത്തി അരുൺ പറഞ്ഞു,.

“കേറുന്നില്ലേ? ”

“ഇല്ലടോ,.. കേറിയാൽ ഇപ്പോൾ ഇറങ്ങാൻ പറ്റില്ല, പഞ്ചിങ് ടൈം കഴിയും !”

“ഞാനൊറ്റക്ക് കേറിച്ചെന്നാൽ അരുണേട്ടനോട് വഴക്കിട്ട് വന്നതാണോ എന്നവർ തെറ്റിദ്ധരിച്ചാലോ !”

“അങ്ങനെ ധരിക്കൂല്ല,.. ഞാൻ മാലിനി ആന്റിയെ വിളിച്ചു പറഞ്ഞിരുന്നു !”

അവൾക്ക് ഇറങ്ങാനേ തോന്നിയില്ല,..

“എന്താടോ ഇറങ്ങുന്നില്ലേ? ”

“മ്മ്,.. ബൈ ” ഡോർ തുറന്നു ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു, ..

“സീ യൂ !” അവൾ തലയാട്ടി,..

വണ്ടി കണ്ണിൽ നിന്നും മറയുംവരെ അവൾ അവിടെത്തന്നെ നിന്നു,.. പിന്നെ മിഴികൾ തുടച്ച് അകത്തേക്ക് നടന്നു,….

**********

“എന്റെ പൊന്നു ചേച്ചി,.. ദേ ഞാൻ മടുത്തു കേട്ടോ !”

രാത്രി ശ്രീയുമായി വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുമ്പോഴാണ് ശ്വേത വന്നത്, .

“എന്താടി? ”

“ദേ അരുണേട്ടൻ കുറേ നേരമായി വിളിക്കുന്നു,.. ആ ഫയൽ എവിടെയാ ഈ ഫയൽ എവിടെയാ എന്നൊക്കെ ചോദിച്ചു,.. ”

“ഏത് ഫയൽ? ”

“എനിക്കറിയാവോ !”

“കൊണ്ടാ !”

“ആ ഇത് മോള് കയ്യിൽത്തന്നെ വെച്ചോ,. പോകുന്ന വരെ,.. എനിക്കേ എക്സാം ആണ് പഠിക്കണം !”

ശ്വേത ആ ഫോൺ അവളുടെ കയ്യിൽ കൊടുത്തിട്ട് മുറിയിലേക്ക് പോയി,.. ശ്രേയ ചിരി അടക്കി,.

“ഇവൾക്ക് ഇത് എന്താ പറ്റിയെ? ”

“ആ അറിയില്ല,.. എക്‌സാമിന്റെ സ്ട്രെസ് ആവും,.. ”

അപ്പോഴേക്കും അരുണിന്റെ കോൾ വീണ്ടും എത്തി,.. അവൾ ശ്രീയെ നോക്കി,..

“സംസാരിച്ചോ സംസാരിച്ചോ,. ഞാൻ പോയേക്കാം !”

ശ്രേയയും പുറത്തേക്ക് ഇറങ്ങി,..

“എന്താ അരുണേട്ടാ? ”

“എന്റെ എംപ്ലോയീസ് പി. എഫ് ഫയൽ എവിടെയാ വെച്ചത്? ”

“അത് ഷെൽഫിൽ ഉണ്ടല്ലോ !”

“ഏത് ഷെൽഫിൽ !”

“അവിടെ അതിന് ഫയൽസ് ഒക്കെ വെക്കുന്ന ഒരു ഷെൽഫ് അല്ലേ ഉള്ളൂ,. അതിൽത്തന്നെ നോക്ക് !”

“ഇവിടെങ്ങും കാണുന്നില്ല !”

“അരുണേട്ടൻ തന്നെയല്ലേ വെച്ചത്? ”

“എന്ന് കരുതി !”

“ഇപ്പോൾ എന്താ അരുണേട്ടന്റെ പ്രശ്നം? ”

“എനിക്കെന്റെ ഫയൽ വേണം,… ”

“ഞാൻ ഇവിടെ നിന്ന് എങ്ങനെ എടുത്ത് തരാനാ? ”

“എടുത്ത് തരണ്ട,.. അറ്റ്ലീസ്റ്റ് നിനക്ക് ആ പുറത്തേക്കുള്ള വാതിലൊന്ന് തുറക്കാലോ !”

“അതെന്തിനാ? ”

“ഞാനീ പെരുമഴയത്ത് നനഞ്ഞു കുളിച്ചു ഇവിടെത്തന്നെ നിൽക്കണം എന്നാണോ നീ പറയണത് !”

“എന്താ പറഞ്ഞേ? ”

“ഞാൻ ഈ പെരുമഴയത്ത് നനഞ്ഞുകുളിച്ച് ഇവിടെത്തന്നെ നിക്കണന്നാണോ നീ പറയണേന്ന് !”

“അരുണേട്ടൻ അപ്പോൾ ഇവിടുണ്ടോ? ”

“വന്നു പുറത്തെ വാതിൽ തുറക്ക് പെണ്ണേ !”

അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല !

“ദേ പറ്റിക്കരുത് !”

“എന്റമ്മോ ഇല്ല,.. ഒന്ന് തുറക്ക്,. താഴത്തെ അല്ലാട്ടോ,.. നിന്റെ റൂമിന്റെ !”

ഋതിക ഓടിച്ചെന്ന് വാതിൽ തുറന്നു,.. പുറത്ത് നനഞ്ഞുകുളിച്ചു അരുൺ,..

“എന്തോന്നാ അരുണേട്ടാ ഇത്? ”

“ഏത്? ”

“ഇങ്ങനെ നനഞ്ഞു കുളിച്ചു? ”

“മഴ ആയതോണ്ട്? ”

“അതിന് എന്തിനാ ഈ വഴിക്ക് വന്നത്,. താഴെകൂടെ വന്നാൽ പോരായിരുന്നോ? ”

“അവരെയൊക്കെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി,.. ”

“എവിടെയെങ്കിലും തെന്നി വീണിരുന്നു എങ്കിലോ? ”

“വീണില്ലല്ലോ,.. മാഡം എന്നെയൊന്ന് അകത്തേക്ക് കേറ്റുവോ? ”

ഓ താൻ ആ കാര്യമേ വിട്ടുപോയി,.. അവനെ വിറക്കുന്നുണ്ട്,..

“കേറി വാ !” അവൾ ഗൗരവം വിടാതെ തന്നെ അവനെ അകത്തേക്ക് ക്ഷണിച്ചു,..

അവൾ അവന് ബാത്ത് ടവൽ എടുത്ത് നൽകി,..

“എന്തൊരു ജാഡയായിരുന്നു,.. എനിക്കൊട്ടും ടൈം ഇല്ല,. എന്നിട്ടിപ്പോ മഴയും നനഞ്ഞു വന്നേക്കുന്നു,.. ”

അരുൺ ഒന്ന് തുമ്മി,..

“തല മര്യാദക്ക് തോർത്ത്‌ അരുണേട്ടാ,.. ഇങ്ങ് താ ഞാൻ തുവർത്തിത്തരാം… ”

അവൾ ടവൽ പിടിച്ചു വാങ്ങിച്ചു,..

“നിനക്കതിന് എത്തുവോ? ”

“ഇവിടിരിക്ക് !”

അവളവനെ കട്ടിലിൽ പിടിച്ചിരുത്തി,..

“ആദ്യം ആ ടീഷർട്ട് ഊര് !”

“എന്തിനാ? ” അവൻ കുസൃതിയോടെ ചോദിച്ചു,

“വല്ല പനിയും പിടിക്കും !”

“ഓ അതോണ്ടാണോ,.. ” അവൻ വല്ല്യ താല്പര്യമില്ലാതെ ടീഷർട്ട് ഊരി,..

“അരുണേട്ടൻ പിന്നെ എന്താ വിചാരിച്ചേ? ”

“ഞാൻ പലതും വിചാരിച്ചു,.. നിന്നോട് പറയണന്ന് നിർബന്ധം ഉണ്ടോ? ”

അവൻ ഒന്ന് കൂടി തുമ്മി,.

“ഹേയ് ഒരു നിർബന്ധവും ഇല്ല,.. അടങ്ങിയിരിക്ക് !”

“ഓക്കേ !” അവൻ ഒരു കൊച്ചുകുട്ടിയെ പോലെ കൗതുകത്തിൽ അവനെ നോക്കിയിരുന്നു,..

അവൾ അരുണിന്റെ തല നന്നായിതുവർത്തിക്കൊടുത്തു,..

“ഞാനേ ചുക്കുകാപ്പി ഇട്ടോണ്ട് വരാം,.. അപ്പോഴേക്കും അരുണേട്ടൻ ഡ്രസ്സ്‌ മാറ് !”
അവൾ പോവാനായി തുടങ്ങിയതും അരുൺ അവളുടെ കൈ പിടിച്ചു,..

അവളിൽ ഒരുൾക്കിടിലമുണ്ടായി,..

“എന്താ അരുണേട്ടാ? ”

അവൾ അമ്പരപ്പോടെ ചോദിച്ചു,..

“ഹേയ് ഒന്നൂല്ല പോയിട്ട് വാ !”

അവൾ അവന് ഡ്രസ്സ്‌ എടുത്തു കൊടുത്തു,.

“ആ പിന്നെയേ,… ”

“എന്താടി? ”

“ഫുഡ്‌ കഴിച്ചാരുന്നോ? ”

“ആ കഴിച്ചിട്ടാ വന്നത് !”

“അപ്പോൾ ശരി !” അവൾ പുറത്തേയ്ക്കിറങ്ങി അടുക്കള ലക്ഷ്യമാക്കി നടന്നു,..

സത്യായിട്ടും അരുണേട്ടൻ തന്റെ കയ്യിൽ പിടിച്ചപ്പോൾ താനും എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നതാണ്,.. പക്ഷേ,…

അടുക്കളയിൽ മാലിനി അവസാനവട്ട പണികളിൽ ആയിരുന്നു,…

“ഋതു എന്തേ കിടന്നില്ലേ? ”

“ഇല്ല ആന്റി !”

അവൾ ചുക്കുകാപ്പിക്കുള്ള സാധനങ്ങൾ എടുത്തു,..

“ഇതെന്തിനാ? ”

“അരുണേട്ടൻ വന്നിട്ടുണ്ട്,.. മൊത്തം നനഞ്ഞുകുളിച്ചാ കേറി വന്നത്,.. ചെറിയ തുമ്മലൊക്കെ ഉണ്ട്, അതോണ്ട് !”

“അരുൺ വന്നെന്നോ? എന്നിട്ട് ഞാൻ കണ്ടില്ലല്ലോ !”

“ഇപ്പോ വന്നു കേറിയതേ ഉള്ളൂ, ആന്റി അടുക്കളയിൽ ആയതോണ്ടാ കാണാഞ്ഞത് !”

കള്ളമാണ് പറഞ്ഞത്, അല്ലാതെ തന്നെ കാണാൻ മതില് ചാടിയാണ് വന്നതെന്ന് പറയാൻ പറ്റില്ലല്ലോ,..

“എന്നാ ഞാനിത് കൊണ്ടോയിക്കൊടുക്കട്ടെ !”

“മ്മ് !”

സമാധാനം ആന്റി കൂടുതൽ ഒന്നും ചോദിച്ചില്ലല്ലോ,..

*******

“ഇന്നാ കുടിക്ക് !”

അവൾ അവന് നേരെ ചുക്കുകാപ്പി നീട്ടി,

“താങ്ക്സ്,.. ”

“ആന്റി ചോദിച്ചു അരുണേട്ടൻ വന്നിട്ട് കണ്ടില്ലല്ലോ എന്ന് !”

“എന്നിട്ട് നീയെന്ത് പറഞ്ഞു !”

“ആന്റി അടുക്കളയിൽ ആയതോണ്ടാ കാണാഞ്ഞതെന്ന് !”

“കൊള്ളാലോ കള്ളം പറഞ്ഞു തുടങ്ങിയല്ലോ,.. ”

“നിങ്ങടെ കൂടെയല്ലേ വാസം,.. അതിന്റെയാ !”

“ഓഹോ,.. ഞാനെന്ത് കള്ളമാണ് മാഡത്തിന്റെ അടുത്ത് പറഞ്ഞത്? ”

“അത് !” അവൾക്ക് ഉത്തരമുണ്ടായിരുന്നില്ല,.. കള്ളം പറഞ്ഞു എന്നല്ല, പലതും പറഞ്ഞിട്ടില്ല എന്ന് പറയണമെന്ന് അവൾക്ക് തോന്നി, .

“പറ എന്ത് കള്ളവാ പറഞ്ഞത് !”

“ഒന്ന് പോയേ അരുണേട്ടാ,.. അല്ല മോനെന്തിനാ ഇങ്ങോട്ടേക്ക് വന്നത്? ” അവൾ വിഷയം മാറ്റി,..

“നിന്നെ കാണണം എന്ന് തോന്നി!”

“സീരിയസ്‌ലി? ”

അവളുടെ മിഴികൾ വിടർന്നു,..

“അല്ല, വെറുതെ !”

അവളുടെ മുഖത്തെ തിളക്കം മാഞ്ഞു,..

“എന്ത് പറ്റി? ”

“ഒന്നൂല്ല !”

“ശേ, അങ്ങനെ പറയല്ലേ !”

“പിന്നെ എങ്ങനെ പറയണം !”

“നീ എങ്ങനെ വേണേലും പറഞ്ഞോ !”

അവൾ തലയിണ എടുത്ത് കട്ടിലിന് നടുവിലേക്ക് വെച്ചു,..

“ഇങ്ങനാരുന്നേൽ ഞാൻ വീട്ടിൽ തന്നെ കിടന്നേനെ !”അവൻ പിറുപിറുത്തു,..

” എന്തേലും പറഞ്ഞാരുന്നോ? ”

“ഇല്ലേ !” അവൻ തിരിഞ്ഞുകിടന്നു,..

“ഗുഡ് നൈറ്റ് !”

“ഈ പൊരിഞ്ഞ മഴയത്ത് നിന്നെക്കാണാൻ മതിലുംചാടി വന്ന എന്നോട് തന്നെ ഇങ്ങനെ പെരുമാറണം !”

“ദേ അരുണേട്ടാ, എന്തെങ്കിലും പറയാനുണ്ടേൽ ഉറക്കെ പറഞ്ഞോണം ”

“പറഞ്ഞാൽ മാഡം സാധിച്ചു തരുവോ? ”

“എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ !”

“എങ്കിൽ നടുവിലത്തെ ഈ മതില് പൊളിക്കണം !”

“അത് വേണോ? ”

“എന്നാ വേണ്ടാ !”

“മാറ്റാം പക്ഷേ, എന്നെ ടച്ച് ചെയ്യരുത് !”

“മാറ്റണ്ടാന്നെ !”

“അതെന്താ അരുണേട്ടന് അരുണേട്ടനെ തീരെ വിശ്വാസമില്ലേ? ”

“എനിക്കേ,.. നിന്നെയാ വിശ്വാസമില്ലാത്തത്, ”

“അതെന്താ? ”

“ഒന്നൂല്ല,.. ഗുഡ് നൈറ്റ് !”

അരുൺ കണ്ണുകളടച്ചു കിടന്നു,..

“അതേ,.. ”

“എന്താടി? ”

“പില്ലോ വേണേൽ മാറ്റാട്ടോ !”

“യ്യോ,.. വേണ്ടാ !”

അവൾക്ക് നിരാശ തോന്നി,…

*******

“എന്നാലും അളിയൻ നല്ല ആളാട്ടോ, ”

“അതെന്താ? ”

“ഇന്നലെ ഏത് വഴിക്ക് വന്നു? ”

“അത് പിന്നെ താഴെ !”

“കള്ളം പറയണ്ട ഞങ്ങൾക്കെല്ലാം മനസ്സിലാവുന്നുണ്ട് !”

“എന്ത്? ”

“അളിയന് ചേച്ചിയോട് ഭയങ്കര ലവ് ആണല്ലേ? ”
അരുൺ പുഞ്ചിരിച്ചു,.

“അപ്പോ ഉണ്ടല്ലേ? ”

അരുൺ തലയാട്ടി,…

******

അന്ന് വൈകുന്നേരം തന്നെ ഇരുവരും അരുണിന്റെ വീട്ടിലേക്ക് മടങ്ങി,.

“നിനക്ക് രണ്ടു ദിവസം കൂടി നിക്കാരുന്നു !”

“ഓഡിറ്റിംഗ് അല്ലേ, ഞാൻ കാരണം രണ്ട് ദിവസം കൂടെ ലീവ് ആക്കണ്ട !”

“അതെന്താടി നീ അങ്ങനെ പറഞ്ഞേ? ”

“ഒന്നൂല്ല വെറുതെ !”

അവൻ കൂടുതലൊന്നും ചോദിച്ചില്ല,..

ഇരുവരും ഇത്രപെട്ടെന്ന് മടങ്ങിപ്പോന്നത് അശോകനിലും, ശാരദയിലും കൗതുകമുണർത്തി,..

********

“ഏട്ടത്തിക്ക് ഒരു കോൾ ഉണ്ട്!”

“എനിക്കോ? ”

“ആ,.. ഏതോ ഒരു ഫ്രണ്ടാന്നാ പറഞ്ഞത്, ബാംഗ്ലൂർ പഠിച്ച,.. ”

നിയ അവൾക്ക് ഫോൺ കൊടുത്തു,…

“ഹലോ !”

“ഞാൻ കൃഷ്ണയാ മോളേ !”

“ആ പറയ്,.. എത്ര കാലായെടി വിളിച്ചിട്ട് !”

“നീയല്ലേ നമ്മളെയൊക്കെ അങ്ങ് പാടേ മറന്നത്,.. എന്തിന് കല്ല്യാണം പോലും വിളിച്ചില്ലല്ലോ !”

“എടി അയാം സോറി,.. കല്യാണമൊക്കെ വളരെപ്പെട്ടെന്നായിരുന്നു,.. അടുത്ത റിലേറ്റീവ്സ് മാത്രേ ഉണ്ടായിരുന്നുള്ളൂ,.. ”

“ആ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ,.. നിന്റെ ഹസ്ബൻഡ് എന്താ ചെയ്യണേ? ”

“ഇവിടൊരു മൾട്ടിനാഷണൽ കമ്പനിയിൽ എച്ച് ആർ ആയി വർക്ക്‌ ചെയ്യുവാ !”

“ആ,.. നൈസ് ! മറ്റേ ആളെ കെട്ടിയില്ലല്ലേ !” കൃഷ്ണയുടെ ആ ചോദ്യത്തിന് മുൻപിൽ
ഋതിക നിശബ്ദയായി,..

“ആടി ചിലതൊക്കെ അങ്ങനെയാ നമ്മൾ എത്ര ആഗ്രഹിച്ചാലും കിട്ടണന്നില്ല !പോട്ടെ,.. ഞാനിപ്പോൾ വിളിച്ചത് അതല്ല,.. നമ്മുടെ ഫൈനൽ ഇയർ റിസൾട്ട്‌ വന്നിട്ടുണ്ട്ട്ടോ !”

ഓ റിസൾട്ട്‌ ഒക്കെവന്നോ, താൻ ആ കാര്യങ്ങളെല്ലാം മറന്നിരിക്കുകയായിരുന്നു,..

“എന്തായി? ”

“കഴിച്ചിലായി ! നീ നോക്കി നോക്ക്,.. എന്തായാലും, എന്നിട്ട് വിളിക്ക് !”

“ഓക്കേ ടാ,.. ശരി !”

നോക്കണോ,.. എന്തിന്,..

“എന്ത് പറഞ്ഞു ഫ്രണ്ട്? ”

“എന്ത് പറയാൻ,.. റിസൾട്ട്‌ വന്നു എന്ന് പറഞ്ഞു !” ഫോൺ തിരികെ കൊടുത്തുകൊണ്ട് വല്ല്യ താല്പര്യമില്ലാതെ അവൾ പറഞ്ഞു,..

“എന്നിട്ട് ഏടത്തി നോക്കുന്നില്ലേ? ”

“എന്ത് നോക്കാൻ !”

“ശ്ശേ, രജിസ്റ്റർ നമ്പർ പറഞ്ഞു താ ഞാൻ നോക്കാം !”

അവൾ നിയയ്ക്ക് രജിസ്റ്റർ നമ്പർ പറഞ്ഞു കൊടുത്തു,…

“മോളേ,.. ചിലവുണ്ട്ട്ടോ,.. കോളേജ് ടോപ്പർ ആണ് കോളേജ് ടോപ്പർ,.. 93 % മാർക്സ് !”

കേട്ടത് തന്റെ റിസൾട്ട്‌ തന്നെയാണ് എന്നത് അവൾക്ക് അവിശ്വസനീയമായി തോന്നി,.

“എന്താ പറഞ്ഞേ? ”

“ഏട്ടത്തിയാണ് കോളേജ് ടോപ്പർ എന്ന് !”

“നിനക്ക് രജിസ്റ്റർ നമ്പർ മാറിപ്പോയിക്കാണും !”

“എന്റെ ഏടത്തി സത്യമാണെന്ന്, ഞാൻ അച്ഛനോടും അമ്മയോടും ഒക്കെ പറയട്ടെ !”

ശ്ശേ,.. എന്നാലും,.. ഇതെങ്ങനെ സംഭവിച്ചു?

**********

അരുൺ വന്നപ്പോൾ ലഡ്ഡുവും പായസവുമൊക്കെ റെഡി ആയിരുന്നു,…

“ആഹാ കൊള്ളാലോ,.. ഇന്നെന്താ പ്രേത്യേകത? പായസമൊക്കെ ”

“ഇന്നൊരു പ്രേത്യേകത ഉണ്ട് മോനേ,.. ആദ്യം ഈ ലഡ്ഡു കഴിക്ക്,.. ”

“എടുത്ത് കൊടുക്ക് ഏട്ടത്തി !”

ഋതു,.. ബോക്സിൽ നിന്നൊരു ലഡ്ഡു എടുത്ത് അവന് നേരെ നീട്ടി,..

“എന്താടോ? ”

“അത് ! എനിക്ക്,.. ”

ദൈവമേ ഞാനറിയാതെ ഇവളെങ്ങാനും വല്ല പ്രഗ്നന്റും ആയോ,.. അമ്മാതിരിയൊരു ടൈപ്പ് സ്വീകരണമാണല്ലോ,.. അയൽക്കാരൊക്കെയുണ്ട്,..

“റിസൾട്ടിന്റെ കാര്യം പറ മോളേ !”

ഈശ്വരാ, ഇത് അത് തന്നെ, തനിക്ക് അറിയാതെങ്ങാനും അങ്ങനൊരു കൈയബദ്ധം,.. ഹേയ്,..

“എന്റെ എം.ബി. എ റിസൾട്ട്‌ വന്നു അരുണേട്ടാ,.. ”

ഹോ അതാരുന്നോ, അവന് ശ്വാസം നേരെ വീണു,..

“കോളേജ് ടോപ്പറാ !”നിയ പറഞ്ഞു,.

“ആഹാ,.. കൺഗ്രാറ്റ്സ് !”

അരുൺ അവൾക്ക് നേരെ കൈ നീട്ടി,..

“അയ്യേ,. ഇതെന്തോന്ന് അഭിനന്ദനവാ ഏട്ടാ,.. !”

“പിന്നെ എങ്ങനെ അഭിനന്ദിക്കണം? ”

“ഒന്ന് ഹഗ് ഒക്കെ ചെയ്ത്,.. ഇനി ഞങ്ങളൊക്കെ നിൽക്കുന്നത് കൊണ്ടാണെങ്കിൽ !”

“അങ്ങനൊന്നൂല്ല്യ,.. അല്ലേ ഋതു,.. ”

അരുൺ അവളെ ആലിംഗനം ചെയ്തു,… അവന്റെ നെഞ്ചോട് ചേർന്നപ്പോൾ അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി,..

“സോറി ട്ടോ !” അരുൺ അവളുടെ ചെവിയിൽ പറഞ്ഞു,..

“എന്തിനാ സോറി? ”

“തന്നെ ഹഗ് ചെയ്തതിന് !” അവൻ ശബ്ദം താഴ്ത്തി പറഞ്ഞു,..

ഋതിക ആകെ വല്ലാതായി,..

“അപ്പോൾ ഇനി ഇവിടെ വെറുതെ കുത്തിയിരിക്കണ്ടല്ലോ, ജോലിക്കൊക്കെ പോകാലോ !”

അയൽക്കാരിൽ ഒരു സ്ത്രീ പറഞ്ഞു,..

“ആ അതേ അതേ !” മറ്റുള്ളവരും അത് ശരിവെച്ചു,..

അവൾ ചുറ്റും നോക്കി, എല്ലാവരും ഹാപ്പി ആണ്, പക്ഷേ അരുണിന്റെ മുഖത്ത് മാത്രം അവൾ തെളിച്ചം കണ്ടില്ല,..

“അതിനിപ്പോ ഇവിടെ ഋതു ജോലിക്ക് പോവേണ്ട കാര്യമൊന്നും ഇല്ല,.. ഏട്ടന് തന്നെ ലക്ഷങ്ങൾ സാലറി ഉണ്ട്,.. പിന്നെ അച്ഛനും പെൻഷൻ കിട്ടുന്നില്ലേ? പിന്നെ ഇവള് ജോലിക്ക് പോയിട്ടെന്തിനാ? ”

കരുണ പുശ്ചത്തോടെയാണ് ചോദിച്ചത്,.. അത് ഋതികയുടെ ഹൃദയത്തിൽ വല്ലാതെ കൊണ്ടു,..

കരുണയുടെ ആ ഒരു പരാമർശം എല്ലാവരുടെയും മുഖത്തെ സന്തോഷം ഇല്ലാതാക്കി,..

“എല്ലാ പെൺകുട്ടികളും ജോലിക്ക് പോകുന്നത് വീട്ടിലെ ചിലവ് നടത്താൻ വേണ്ടിയാണെന്ന് ആരാ നിന്നോട് പറഞ്ഞത്? ” അശോകൻ ചോദിച്ചു,.. കരുണ മിണ്ടിയില്ല,..

“ലക്ഷങ്ങൾ മുടക്കി ആ കുട്ടിയെ വീട്ടുകാർ പഠിപ്പിച്ചത്, സ്വന്തം സ്വപ്‌നങ്ങൾ മനസിലൊതുക്കി നമ്മുടെ വീട്ടിലെ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടാനല്ല !”

“അച്ഛാ,.. ഞാൻ അങ്ങനൊന്നും !” കരുണ വിശദീകരിക്കാൻ ശ്രമിച്ചു,..

“അവരുടെ കാര്യം അവർ തീരുമാനിക്കട്ടെ,.. നീ ഇടപെടണ്ട !”

അശോകൻ ദേഷ്യമടക്കി അകത്തേക്ക് പോയി,.. കരുണ തലയും കുനിച്ച് നിൽക്കുകയാണ്,.. അച്ഛൻ എല്ലാർക്കും മുൻപിൽ വെച്ച് ഇങ്ങനെ പറയുമെന്നവൾ കരുതിയതല്ല,.. നാണം കെട്ടു,..

“ഋതുവിന്‌ ഇഷ്ടമാണെങ്കിൽ ജോലിക്ക് പൊയ്ക്കോട്ടേ,.. എനിക്കതിൽ എതിർപ്പൊന്നും ഇല്ല… ”

അതും പറഞ്ഞ് അവനും മുറിയിലേക്ക് പോയി,..

*******

അവൾ റൂമിലേക്ക് ചെന്നപ്പോൾ അരുൺ ഡ്രസ്സ്‌ മാറുകയായിരുന്നു,..

“താങ്ക്സ് അരുണേട്ടാ !”

“എന്തിന്? ”

“ജോലിക്ക് വിടാന്ന് പറഞ്ഞതിന് !”

“മ്മ് !”

അവൻ ഒന്ന് മൂളി,..

“അതേ, അരുണേട്ടൻ മനസ്സിൽ തട്ടിത്തന്നെയാണോ പറഞ്ഞത്? ” അവൾ ചോദിച്ചു,.

“എന്താ സംശയം? ”

“മുഖത്തൊരു സന്തോഷവും കാണാത്തതുകൊണ്ട് ചോദിച്ചതാ !” അവൾ പറഞ്ഞു..

“അത് പെട്ടന്ന് തന്നെ പിരിയേണ്ടി വരുമല്ലോ എന്നാലോചിച്ചപ്പോൾ !”

ആ മറുപടി അവൾക്ക് അപൂർവമായി തോന്നി,..

“അതെന്താ അങ്ങനെ പറഞ്ഞത്? ”

“വേറൊന്നും അല്ല,.. താൻ പുറത്തെവിടെയെങ്കിലും അപ്ലൈ ചെയ്യുവാണെങ്കിൽ,.. അതല്ലേ നല്ലത്,.. പിന്നെ നമുക്ക് ഈ ഡ്രാമ അധികകാലത്തേക്ക് തുടരേണ്ടി വരില്ലല്ലോ !”

“എനിക്ക് മനസിലായില്ല അരുണേട്ടാ !”

“നമുക്ക് ഈ ഐഡിയൽ കപ്പിൾസ് നാടകത്തിന് കർട്ടൻ ഇടാലോ എന്ന് !”

അവൾ ഞെട്ടലിൽ അവനെ നോക്കി,.

(തുടരും )

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.4/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!