“നോക്ക് ഋതിക ഇനി അഥവാ ഞാൻ തന്നെ വേണ്ടെന്ന് പറഞ്ഞാലും തന്റെ വീട്ടുകാർ തന്നെ എന്നെക്കാളും യോഗ്യനായ ഒരാളെക്കൊണ്ട് മാത്രമേ കെട്ടിക്കൂ, അല്ലാതെ ജോലിയും കൂലിയും ഇല്ലാത്ത തന്റെ കാമുകന് പിടിച്ചു കൊടുക്കില്ല,. ”
അവളുടെ കണ്ണുകൾ നീർമുത്തുകൾ ജന്മമെടുത്തു,.
“താൻ ശരിക്ക് ആലോചിക്ക്,.. എന്നിട്ടൊരു തീരുമാനമെടുക്ക്,. തന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്ക്, തന്റെ അനിയത്തിമാരുടെ ഭാവിയെക്കുറിച്ച് ചിന്തിക്ക്,. എന്നിട്ടും താൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഞാൻ ഇഷ്ടമല്ലെന്ന് പറഞ്ഞോളാം.. അത് പോരെ? ”
അവൾ മിണ്ടിയില്ല,..
“പറയടോ? ”
കണ്ണുനീർ മുത്തുകൾ അവളുടെ കവിളിലേക്ക് പടർന്നൊഴുകി,.
അവനെ അത് അസ്വസ്ഥനാക്കി, അവളുടെ തീരുമാനത്തിന് മാറ്റമുണ്ടാവുകയാണെങ്കിൽ മാറട്ടെ എന്ന് കരുതിപ്പറഞ്ഞതാണ്, പക്ഷേ അവളിങ്ങനെ കരയുമെന്നൊന്നും വിചാരിച്ചില്ല,..
“ഋതിക,.. താൻ കരയാൻ വേണ്ടി ഞാൻ പറഞ്ഞതല്ല… ബി പ്രാക്ടിക്കൽ,.. ഒരൊറ്റ ലൈഫ് മാത്രേ ഉള്ളടോ,.. നമ്മളെടുക്കുന്ന പ്രധാനപ്പെട്ട ഒരു ഡിസിഷൻ തെറ്റിപ്പോയാൽ പിന്നെ, ജീവിതകാലം മൊത്തം അതോർത്തു കരയേണ്ടിവരും,,”
അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല,.. അരുൺ എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കണം എന്നറിയാതെ പാടു പെട്ടു,..
“അയ്യോ, താനിങ്ങനെ കരയല്ലേ,.. ആരെങ്കിലും കണ്ടോണ്ട് വന്നാൽ എനിക്ക് ചീത്തപേരാകും, പിന്നെനിക്ക് ഈ ജന്മം ആരും പെണ്ണ്തരില്ലാട്ടോ,. ”
കണ്ണീരിനിടയിലും, അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു, അവന് പാതിസമാധാനമായി,..
“പ്ലീസ് കണ്ണ് തുടക്ക്, ”
അവൾ മിഴിനീർ തുടച്ചു,..
“ദാ ഒരു മിനിറ്റ്,.. ” അവൻ പോക്കറ്റിൽ നിന്നും കർചീഫ് എടുത്തു കൊടുത്തു,.. അവൾ അതിനാൽ കണ്ണീർ തുള്ളികൾ ഒപ്പിയെടുത്തു,. അവൻ അവളെത്തന്നെ നോക്കി നിന്നു,..
പെട്ടന്നൊരു കാറ്റുവീശി,.. അവൾ പെട്ടന്ന് ഇരുകണ്ണുകളും അടച്ചു,..
“എന്താ എന്ത് പറ്റി? “അവൻ ആകാംഷയോടെ ചോദിച്ചു,..
“എന്റെ കണ്ണിലെന്തോപോയി !”
കർച്ചീഫിൽ നിന്നും ആവോ? ഹേയ്,.
അവൾ കണ്ണുതിരുമാൻ തുടങ്ങിയതും,.. അവനവളുടെ കൈ പിടിച്ചു,..
“ഹേയ്,.. കണ്ണുതിരുമ്മല്ലേ, അത് കൂടുതൽ പണിയാകും !”
അവൾ പെട്ടന്ന് അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി,. അപ്രതീക്ഷിതമായ അവളുടെ നീക്കത്തിൽ അവൻ വല്ലാതെ പതറിപ്പോയി, ഹൃദയമിടിപ്പിന്റെ ആഴം കൂടിക്കൂടി വന്നു,.
“ഋതിക!”
“എന്റെ കണ്ണ് വല്ലാതെ വേദനിക്കുന്നു,.. ”
അവന്റെ നെഞ്ചിലേക്കവളുടെ ചുടുമിഴിനീർ തുള്ളികൾ പടർന്നൊഴുകി,.
അവന്റെ തൊണ്ടയിലെ വെള്ളം വറ്റി,. ആദ്യമായാണ് ഒരു പെണ്ണ് തന്നോടിത്ര ചേർന്നു നിൽക്കുന്നത്,..
“ഋതിക” അവൻ പതിയെ അവളുടെ മുഖമുയർത്തി,..
അവൾ കണ്ണുകൾ ഇറുക്കിയടച്ചിരിക്കുകയായിരുന്നു,. അവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു,.
“താനൊന്ന് കണ്ണുതുറക്ക് !”
അവൾ തുറക്കാനായി ശ്രമിച്ചു,..
“പറ്റണില്ല,.. ” അവൾ വേദനയാൽ പുളഞ്ഞു,..
“എടോ,. പതിയെ,.. ” അവൻ പതിയെ ഊതി.. അവന്റെ ചുടുനിശ്വാസം അവളുടെ കൺപോളകളിൽ പതിച്ചു,.. പതിയെ അവൾ മിഴികൾ തുറന്നു,.. അവൻ അവൾക്ക് നേരെ കൂടുതൽ കൂടുതൽ മുഖമടുപ്പിച്ചു,. കൺപോള തുറന്നുപിടിച്ച് ഒരിക്കൽ കൂടി ശക്തിയായി ഒന്ന് ഊതി,..
“എന്തോന്നാ ഇവിടെ? ” ശബ്ദം കേട്ടതും ഇരുവരും പെട്ടന്ന് അടർന്നുമാറി,.. നിയയും കരുണയും,.
“അത് പിന്നെ ഋതികയുടെ കണ്ണിൽ പൊടി പോയപ്പോൾ,.. ” അവന്റെ വാക്കുകൾ ഇടറി,.
“എന്തോന്ന്? ”
“എടി സത്യായിട്ടും !”
അവർ ഇരുവരെയും മാറിമാറി നോക്കി,. ഋതിക ഒരിക്കൽ കൂടി കണ്ണുനീർതുടച്ച് അവരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു,.. കരട് പോയിരിക്കുന്നു, അവൾക്ക് നല്ല ആശ്വാസം തോന്നി,
“വിശ്വസിച്ച്,.. ”
അരുൺ ആകെ ചടച്ചിട്ടുണ്ടെന്ന് അവർക്ക് തോന്നി,.
“അല്ല മാഷേ, വീട്ടിലൊന്നും പോണ്ടേ? പൊടിയൂതികൊടുക്കാൻ ഇനിയും സമയം ധാരാളം ഉണ്ടല്ലോ !”
ഋതികയുടെ മുഖം മങ്ങി,. അരുണിന് അതിന്റെ കാരണം വ്യക്തമായി മനസിലായി,.
“എന്നാൽ നമുക്ക് ഇറങ്ങാലെ,.. ” അവൻ പെട്ടന്ന് വിഷയം മാറ്റാൻ ഒരു ശ്രമം നടത്തി,..
“യാത്ര പറയുന്നില്ലേ, ഫിയാൻസിയുടെ അടുത്ത്? ” നിയ കുസൃതിയോടെ ഇരുവരെയും നോക്കി,.. അവരുടെ കളിയാക്കലുകൾ അവളെ നന്നായി വേദനിപ്പിക്കുന്നുണ്ടെന്ന് അവന് തോന്നി,.
“ഇറങ്ങട്ടെ, ഋതിക? ”
അവൻ അനുവാദത്തിനായി കാത്തു,.
അവൾ തലയാട്ടി,. തന്റെ മേലാണ് അവളുടെ സർവപ്രതീക്ഷയുമെന്ന് ആ നോട്ടം കണ്ടപ്പോഴേ അവന് മനസിലായി,..
“അയ്യേ ഇങ്ങനാണോ? ഞങ്ങള് വന്നപ്പോഴേക്കും ഏട്ടന്റെ റൊമാൻസ് ഒക്കെ പറന്നു പോയോ,.. ഒന്ന് ഹഗ് ഒക്കെ ചെയ്തു,… ”
കരുണ നിയയുടെ കാലിൽ അമർത്തി ചവിട്ടി,.. നിയ മണ്ടത്തരം മനസിലായപോലെ വാക്കുകൾ പകുതി വിഴുങ്ങി,…
“അറ്റ്ലീസ്റ്റ് ഒരു ഷേക്ക്‌ഹാൻഡ് എങ്കിലും കൊടുത്തൂടെ? ”
അരുൺ എന്ത് ചെയ്യണമെന്നറിയാതെ നിന്നു,.. ഋതിക രണ്ടും കല്പ്പിച്ചു അവന് കൈ നീട്ടി,…
“സീ യൂ !” അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു,..
കാണാമെന്നു പറയുമ്പോഴും കാണാതിരിക്കട്ടെ എന്നാവും അവൾ ഉള്ളിൽ പറഞ്ഞിരിക്കുക എന്നവന് തോന്നി,.
“ബൈ നാത്തൂനേ,. ഇനി എൻഗേജ്മെന്റിനു കാണാട്ടോ !” നിയ അവളെ ഹഗ് ചെയ്തു,…
“ഞങ്ങളിറങ്ങട്ടെ,.. ” കരുണയ്ക്ക് മറുപടി ആയി അവൾ തലയാട്ടി,…
തിരികെ നടക്കുമ്പോൾ അരുണിന് വല്ലാത്തൊരു നഷ്ടബോധം തോന്നി,.
മുറ്റത്ത് നിന്നും അരുണിന്റെ കാർ ഗേറ്റ് കടന്നു പോകുന്നത് വരെയും അവൾ അവിടെത്തന്നെ നോക്കി നിന്നു,.. മനസ്സിന് ഭാരമേറി വരികയാണ്,.. വലിയൊരുത്തരവാദിത്തമാണ് താൻ അരുണിനെ ഏൽപ്പിച്ചിരിക്കുന്നത്,.. അതവൻ ഭംഗിയായി ചെയ്താലും പിന്നെ താനെന്താണ് ചെയ്യുക, എങ്ങനെ ആൽബിയുടെ കാര്യം വീട്ടിലവതരിപ്പിക്കും,. അങ്ങനെ ഓരോന്നാലോചിച്ചു നിൽക്കുമ്പോഴാണ് ശ്വേതവന്നത്,..
“എന്തായി ചേച്ചി? ”
“എനിക്കറിയില്ല എന്താവുമെന്ന് !” തലയിൽ കൈവെച്ചവൾ അവിടെത്തന്നെയിരുന്നു,. ശ്വേത അവളുടെ ചുമലിൽ കൈ വെച്ചു,
“പറഞ്ഞോ എല്ലാം? ”
“മ്മ്,. ” അവൾ തലയാട്ടി,..
“എന്നിട്ട് എന്താ പറഞ്ഞേ? ”
“എന്റെ ഫോൺ എവിടെ? ” അവളുടെ ചോദ്യം കേട്ടതായിപ്പോലും ഭവിക്കാതെ ഋതിക തന്റെ ഫോൺ തിരഞ്ഞു,..
“ചേച്ചീടെ ഫോൺ റൂമിലാ, എന്തിനാ? ”
അവൾ പെട്ടന്ന് ശ്വേതയുടെ കയ്യിലിരുന്ന ഫോൺ വാങ്ങിച്ചു,.
അവൾ തിടുക്കത്തിൽ അവന്റെ നമ്പർ ഡയൽ ചെയ്തു,… ശ്വേത ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കിയിരുന്നു,..
“ശ്ശേ, രാവിലെ തൊട്ടേ സ്വിച്ച് ഓഫാ !”
ആൽബിയെ ആകും അവൾ വിളിച്ചിരിക്കുക എന്ന് ശ്വേതയ്ക്ക് അൽപ്പം ദൂരെ മാറി ശ്രേയയും നിൽപ്പുണ്ടായിരുന്നു, ചേച്ചിയെ അഭിമുഖീകരിക്കാനുള്ള വിഷമത്തോടെ,…
***********
ആൽബി വലിച്ചെറിഞ്ഞ മദ്യക്കുപ്പി പാറക്കല്ലിൽ തട്ടി പല കഷ്ണങ്ങളായി ചിതറിത്തെറിച്ചു വെള്ളത്തിലേക്ക് വീണു,..
“അവളെന്റെയാ, എന്റെ മാത്രം,.. വേറൊരുത്തനും അവളുടെ കഴുത്തിൽ താലികെട്ടാൻ പോണില്ല !” അവന്റെ കണ്ണുകളിൽ പകയുടെ തീപ്പൊരി പാറി,..
“നീ നടക്കുന്ന വല്ല കാര്യവും പറയ് ആൽബി,.. ഇതുവരെ നിന്റെ പെണ്ണ് നിന്നെയൊന്നു വിളിച്ചത്കൂടിയില്ല,.. അവള് അനിയത്തിമാരോടൊത്ത് നിന്നെ തേക്കാനുള്ള ഐഡിയ ആലോചിക്കുകയാവും !”
രാകേഷ് അത് പറഞ്ഞതും ആൽബി അവന്റെ കോളറിൽ പിടി മുറുക്കി,..
“എന്താടാ നീ പറഞ്ഞത്? ”
അവൻ ആൽബിയുടെ കൈയെടുത്ത് മാറ്റി,..
“നീ എന്നോട് ചൂടാവാൻ നിക്കണ്ട,.. സംഭവിക്കാൻ പോണ കാര്യം തന്നെയാ പറഞ്ഞത്,.. അല്ലേൽ നോക്കിക്കോ അവള് നിന്നെ വിളിക്കും, എന്നിട്ട് പറയും,..
ആൽബി, വീട്ടിലൊക്കെ അറിഞ്ഞു ഭയങ്കര പ്രശ്നവാടാ,. നമുക്കിത് ഇവിടെ വെച്ച് നിർത്താം എന്നൊക്കെ !”
അടുത്ത നിമിഷം രാകേഷിന്റെ കരണം പുകഞ്ഞു,… ആരും അത് പ്രതീക്ഷിച്ചിരുന്നില്ല,. രാകേഷ് തന്റെ കവിളിൽ കൈകളമർത്തി, വേദനയിൽ അവൻ ചെറുതായൊന്ന് പുളഞ്ഞു,.
“മിണ്ടരുത് ഇനിയൊരക്ഷരം,… ”
ആൽബി തിരിഞ്ഞ് ഹരീഷ് ഒഴിച്ച് വെച്ച മദ്യം അൽപ്പം പോലും വെള്ളം ചേർക്കാതെ ഒറ്റയടിക്ക് കുടിച്ചിറക്കി…
എല്ലാവരും ഷോക്കിൽ ആയിരുന്നു, കാരണം ആൽബി ഇത്ര വയലന്റ് ആയി പെരുമാറുന്നത് ഇതാദ്യമായായിരുന്നു,..
“എനിക്കിപ്പോ അവളെ കാണണം,… ” അവൻ കുപ്പിയോടെ ഒരു കവിൾ കുടിച്ചിറക്കിയ ശേഷം പറഞ്ഞു,..
“നീ നല്ല ഫിറ്റാ ആൽബി,.. ഇന്ന് വേണ്ട, നാളെ പോയി കാണാം !” ഹരീഷ് അവന്റെ കയ്യിൽ നിന്നും കുപ്പി പിടിച്ചു വാങ്ങി,…
” കീ !” അവൻ ഹരീഷിന് നേരെ കൈ നീട്ടി, .
“എടാ ഞാൻ പറയണതൊന്ന് കേൾക്ക് !”
“നിന്നോട് ഞാൻ ബൈക്കിന്റെ കീയാ ചോദിച്ചത്, ഉപദേശമല്ല !”
എത്രയൊക്കെ പറഞ്ഞാലും അവൻ കേൾക്കാൻ പോണില്ലെന്ന് ഹരീഷിന് തോന്നി, അവൻ മറ്റുള്ള സുഹൃത്തുക്കളെ നോക്കി,. രാകേഷ് ഒരു സിഗരറ്റ് പുകച്ചുകൊണ്ട് ദൂരെ മാറി നിൽക്കുന്നു,.. മറ്റുള്ളവർ ഇതൊന്നും തങ്ങളെ ബാധിക്കുന്നേഇല്ലെന്ന അർത്ഥത്തിൽ മദ്യസേവ തുടരുകയാണ്,..
“നീയൊറ്റക്ക് പോണ്ട,.. ഞാനും വരാം !”
********
“ചേച്ചിയെന്താ താഴേക്ക് വരാത്തെ? ” ശ്വേത വന്നു ലൈറ്റ് ഇട്ടപ്പോൾ ഋതിക കിടക്കുകയായിരുന്നു,…
“എന്താ തലവേദനയാണോ? ” ശ്വേത ആകാംക്ഷയിൽ ചേച്ചിയെ നോക്കി, അവൾ ഒത്തിരി കരഞ്ഞിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിലേ ശ്വേതക്ക് മനസിലായി,..
“ചേച്ചി ടെൻഷൻ ആവാതെ, ആ ചേട്ടനെന്തായാലും ചേച്ചിയെ ഹെൽപ്പ് ചെയ്യും !”
“ആൽബിയെ ഞാൻ രാവിലെതൊട്ട് വിളിക്കുവാ,.. സ്വിച്ച് ഓഫ് എന്നാ പറയുന്നത് !” ഋതികയുടെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു,…
അപ്പോൾ ചേച്ചിയുടെ ടെൻഷൻ കല്യാണത്തെക്കുറിച്ച് ഓർത്തല്ല, ആൽബിച്ചേട്ടൻ ഫോണെടുക്കാത്തത് കൊണ്ടാണ്,..
” എന്തെങ്കിലും തിരക്കിലാവും,.. ചേച്ചി വന്നു ഭക്ഷണം കഴിക്ക്,… ”
“എനിക്ക് വേണ്ട ശ്വേത,.. ആൽബിയോട് സംസാരിക്കാതെ എനിക്ക് മനസമാധാനം കിട്ടില്ല !”
ഗേറ്റിനടുത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ടു,.. ഋതിക കട്ടിലിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു,..
“അത് ആൽബിയുടെ ബൈക്കിന്റെ ശബ്ദമാ ശ്വേത.. ” ശ്വേതയുടെ മിഴികളിൽ സന്തോഷത്തിനു പകരം ഭയമാണ് നിറഞ്ഞത്,..
“വേണ്ട ചേച്ചി താഴേക്കിപ്പോ പോണ്ട !”
അപ്പോഴേക്കും ശ്രേയ ഓടി വന്നു,….
“ചേച്ചി ആ ആൽബിചേട്ടൻ വന്നിട്ട് താഴെ അച്ഛനോട് വഴക്കുണ്ടാക്കുവാ !”
ഋതിക ഞെട്ടലിൽ ശ്വേതയെ നോക്കി
**********
“ഋതു എവിടെ? അവളെ മര്യാദക്ക് ഇറക്കിവിടാനാ നിങ്ങളോട് പറഞ്ഞത് !”അവന്റെ ശബ്ദമവിടെയാകെ പ്രതിധ്വനിച്ചു…
“ഈ വീടിന്റെ മുറ്റത്ത് കേറിവന്ന് അവളെ ഇറക്കിവിടാൻ പറയാൻ നീയാരാടാ,.. ” ചന്ദ്രശേഖരനും കോപാകുലനായിരുന്നു,..
ആൽബി ഒന്ന് ചിരിച്ചു,..
“ഹഹ,.. ഞാനോ? ഞാൻ അവളുടെ കാമുകൻ,.. 10 വർഷത്തെ അതിഭീകരപ്രണയം,… ”
“അനാവശ്യം പറയരുത് !” ശ്രീദേവിയുടെ ഉച്ചയുയർന്നു,..
“ആഹാ പ്രണയം എന്നല്ലേ ഞാൻ പറഞ്ഞത്? അത് അനാവശ്യമായോ? ദേ സംശയമാണെങ്കിൽ നിങ്ങളുടെ മോളോട് ചോദിക്ക്,.. ആ ദേ വന്നല്ലോ .. ചോദിക്ക് ഇവളോട് ചോദിക്ക് പറഞ്ഞു തരും ഞാനാരാണെന്ന് !”
അവൻ ഋതികയ്ക്കരികിലേക്ക് നീങ്ങാൻ തുടങ്ങിയതും ശ്രീദേവി ഇടയിൽ കേറി… ഋതികയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു,.
“മാറി നിന്നോണം നീ,. എന്റെ കുഞ്ഞിന്റെ അടുത്തേക്ക് പോലും വരരുത് !”
അതവനെ ചൂട് പിടിപ്പിച്ചു,. ഋതിക കരയുമെന്നായി,..
“ദേ തള്ളേ,.. ഞാനല്ല ദോ ഇവളാ വന്നത്, നിങ്ങള് പണിത കൂട് തകർത്ത് എന്റെ അരികിലേക്ക്,. അല്ലേ മോളു?”
ആൽബിയുടെ ഇത്തരത്തിൽ ഒരു രൂപമവൾ കാണുന്നത് ആദ്യമായായിരുന്നു,..
“പറഞ്ഞുകൊടുക്ക് നിന്റെ തള്ളയ്ക്ക്, ചേട്ടന്റെ കൂടെ എവിടെയൊക്കെ നീ വന്നിട്ടുണ്ടെന്ന് !”
ഋതിക ഞെട്ടലിൽ അവനെ നോക്കി, താൻ ജീവനായിക്കരുതിയ പ്രണയം ഒടുവിൽ വിശ്വാസവഞ്ചന നടത്തുകയാണ്,. തന്റെ അമ്മയോട് ബഹുമാനമില്ലാതെ സംസാരിക്കുകയാണ്,.
ശ്രീദേവി നിന്നുരുകുകയായിരുന്നു,. ചന്ദ്രശേഖരന്റേയും മാലിനിയുടെയും തല അപമാനഭാരത്താൽ താഴ്ന്നിരുന്നു,.
“ഡാ, വേണ്ട നമുക്ക് തിരിച്ചു പോവാം,.. ” ഹരീഷ് അവനെ പിടിച്ചു മാറ്റാൻ നോക്കി,..
“നീയൊന്ന് വിടടാ,… ഞാൻ പറയട്ടെ, എന്നാണേലും ഇവരിതെല്ലാം അറിയാനുള്ളതല്ലേ? ”
ശ്രീദേവിയുടെ മിഴികളിൽ നിന്നും കണ്ണുനീർതുള്ളികൾ ഇറ്റു വീണു,..
അതവളെ ആഴത്തിൽ പൊള്ളിച്ചു, എന്ത് പറയും താനമ്മയോട്, അവന്റെ ആരോപണങ്ങളെല്ലാം നിഷേധിക്കണോ? ആൽബിയും താനും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് പറയണോ, ഇല്ല, തനിക്കതിന് കഴിയുമെന്ന് തോന്നുന്നില്ല,..
“അമ്മേ ഞാൻ !” അവൾക്ക് നേരെ അവരുടെ കൈകൾ ഉയർന്നു, അടുത്ത നിമിഷമവൾ നിശബ്ദയായി… ഒന്നും മിണ്ടാതെ ശ്രീദേവി വീടിനുള്ളിലേക്ക് തിരികെ നടന്നു,.
അവൾ ഭീതിയോടെ ആൽബിയെ നോക്കി,.. അവന്റെ കാലുകൾ നിലത്തുറക്കുന്നുണ്ടായിരുന്നില്ല,. അവൻ അടുത്തേക്ക് വന്നതും മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി,..
“നീ കുടിച്ചിട്ടുണ്ടോ ആൽബി? ” ഒടുവിൽ ധൈര്യം സംഭരിച്ചവൾ ചോദിച്ചു,.. ആൽബി ഒന്ന് പുഞ്ചിരിച്ചു,. അവൻ പറഞ്ഞതെല്ലാം ശരി വെയ്ക്കാൻ ഋതികയുടെ പേര് വിളിച്ചു അധികാരത്തോടെയുള്ള അവളുടെ ആ ചോദ്യം മാത്രം മതിയായിരുന്നു ചന്ദ്രശേഖരന്, തന്റെയും പ്രതീക്ഷകൾ അവൾ തകർത്തിരിക്കുന്നു,. ശ്വേതയ്ക്കും ശ്രീയ്ക്കും ഇതൊക്കെ അറിയാമായിരുന്നോ? അയാൾ മക്കളെ നോക്കി, കുറ്റബോധത്തോടെ അവർ തല താഴ്ത്തി,.
“പറയ് കുടിച്ചിട്ടുണ്ടോന്ന്? ” അവളുടെ ശബ്ദത്തിന് ഉറപ്പേറി,..
“ലേശം, ശകലം,… ” അവൻ ഒന്നാടി,…
“പ്ലീസ് നീയിപ്പോ പോ ആൽബി,.. ” നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ച് അവൾ അവന് നേരെ കൈകൾ കൂപ്പി,..
“ഞാനങ്ങനെ പോവാൻ വന്നതല്ല, അഥവാ പോവാണെങ്കിൽ, നീയും എനിക്കൊപ്പം ഉണ്ടാകും !”
ഒരു കൂറ്റൻ തിരമാല കണക്കെ അവന്റെ വാക്കുകൾ ശ്രീമംഗലമാകെ ആഞ്ഞടിച്ചു,. എല്ലാം അവസാനിച്ചെന്ന് ഋതികയ്ക്ക് തോന്നി,.. ആൽബി ശാന്തനായില്ലെങ്കിൽ തന്റെ കുടുംബം തകരും,.
“ആൽബി പ്ലീസ് നീയിപ്പോ പോ, നമുക്ക് പിന്നീട് സംസാരിക്കാം !” അവൾ അപേക്ഷിക്കുകയായിരുന്നു, എന്നാൽ അതൊന്നും അവനിൽ ഒരു നേരിയ ചലനം പോലും സൃഷ്ടിച്ചില്ല,..
ശ്വേതയും ശ്രേയയും എന്ത് ചെയ്യണമെന്നറിയാതെ പരസ്പരം നോക്കി,..
“ഓ, ഇപ്പോ അങ്ങനെയായോ,.. അറിഞ്ഞെടി, നിനക്ക് വേറെ ആലോചന വന്നെന്നൊക്കെ.. തേക്കാനുള്ള സിമെന്റും മണലും കൂട്ടാൻ ആവുമല്ലേ നിനക്ക് സമയം വേണ്ടത്? “ആൽബി പൊട്ടിത്തെറിച്ചു, ഇതുവരെ താൻ മനസ്സിൽ പോലും ആലോചിക്കാത്ത കാര്യങ്ങളാണവൻ വിളിച്ചു പറയുന്നത്,..
“ആൽബി പ്ലീസ് !”
“വല്ല്യ വല്ല്യ കമ്പനിയിലെ മാനേജറെ ഒക്കെ കിട്ടിയപ്പോൾ, ഈ കൂലിപ്പണിക്കാരൻ കൊള്ളാത്തവനായി അല്ലേ? ”
“അങ്ങനല്ല ആൽബി !” അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി,..
“പിന്നെ എങ്ങനെയാ?”
അവൾ കരഞ്ഞതേയുള്ളു,..
“ഈ നിമിഷം ഇറങ്ങിവന്നോണം എനിക്കൊപ്പം !”
അവൾ അമ്പരപ്പോടെ അവനെ നോക്കി,..
“വല്യേച്ചി പോവോ, കുഞ്ഞേച്ചി? ” ശ്രേയ ശ്വേതയോടായി ചോദിച്ചു,..
അത് കേട്ട ശ്രീദേവിയിൽ ഒരു ഞെട്ടലുണ്ടായി,. താൻ അഭിമാനമെന്ന് പറഞ്ഞു വളർത്തിയ മകൾ ഒരു കുടുംബത്തെ മൊത്തം അപമാനിച്ചു കാമുകനൊപ്പം ഇറങ്ങിപ്പോകാൻ തുടങ്ങുന്നു,. എത്രമാത്രം സ്വപ്‌നങ്ങൾ താൻ കണ്ടുകൂട്ടിയതാണ് അവളെക്കുറിച്ച്, എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിയാൻ പോകുന്നു,.
“നീയൊന്ന് മിണ്ടാതിരിക്ക് ശ്രീ,… ” അപ്പച്ചിയുടെ അവസ്ഥ കണ്ട ശ്വേത അവളെ ശാസിച്ചു,..
അയൽക്കാരൊക്കെ ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്നിരുന്നു,.. എല്ലാവരുടെയും നോട്ടം അവളിലായിരുന്നു,.. ചന്ദ്രശേഖരൻ അതേ നിൽപ്പ് തുടരുകയാണ്
എന്ത് തീരുമാനമെടുക്കണമെന്ന് ഋതികയ്ക്ക് യാതൊരു രൂപവും കിട്ടിയില്ല,. മുന്നിൽ അവൻ വെച്ചു നീട്ടുന്നത് തങ്ങൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങളിലേക്കുള്ള താക്കോലാണ്,. എന്നാൽ താൻ കടന്ന് പോകാൻ ഒരുങ്ങുന്നത് അച്ഛനില്ലാഞ്ഞിട്ടും തന്നെയും ഏട്ടനേയും വളർത്തി വലുതാക്കിയ അമ്മയുടെയും അമ്മാവന്റെയും ഹൃദയത്തിൽ ചവിട്ടിയും ..
ആൽബി അവളുടെ കൈ പിടിച്ചു,. അവൾ അവനൊപ്പം രണ്ടടി മുന്നോട്ട് വെച്ചു,.. ശ്രീദേവിയുടെ കരച്ചിൽ അവളുടെ കർണപടത്തിൽ മുഴങ്ങിക്കേട്ടു,.. പിടിച്ചുകെട്ടിയത് പോലെ അവൾ നിന്നു,..
“ഞാൻ വരില്ല ആൽബി !”
അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു,. അവൻ വിശ്വാസമാവാതെ അവളെ നോക്കി,.. അതിനകം അവൾ തന്റെ കൈ വിടീച്ചിരുന്നു,.. നന്ദികേട് ചെയ്യാൻ തന്നെക്കൊണ്ട് വയ്യ,…
“എന്റെ വീട്ടുകാരെ വിഷമിപ്പിച്ചിട്ട് ഞാനൊരിക്കലും നിനക്കൊപ്പം വരില്ല !”
അവന്റെ മുഖത്തെ ഞെട്ടൽ പതിയെ വാശിയിലേക്ക് വഴിമാറി,…
“നിന്നെ കൊണ്ടോവാൻ എനിക്കറിയാം !”
“ഞാൻ വരില്ലെന്ന് പറഞ്ഞാൽ വരില്ല !” കാരിരുമ്പിന്റെ കാഠിന്യത്തോടെ അവളത് പറയുമ്പോൾ ആൽബിക്ക് തന്റെ സർവ്വപ്രതീക്ഷകളും തകർന്നടിയുകയായിരുന്നു,..
അവൻ അവളെ കടന്ന് പിടിക്കാൻ ഒരുങ്ങിയതും നാട്ടുകാർ ഇടപെട്ടിരുന്നു,.
“പെൺകുട്ടിയുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ചു കൊണ്ടോവാൻ നിങ്ങളെ അനുവദിക്കില്ല !”
ഓരോ നിമിഷവും ഋതിക ഹൃദയം തകർന്ന് കരയുകയായിരുന്നു,. കണ്ണുനീർ നിയന്ത്രിച്ചു നിർത്താൻ അവൾ പാടുപെട്ടു,. ഇങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്യണമെന്ന് താനൊരിക്കലും കരുതിയതല്ല,. എല്ലാം എല്ലാവരെയും സമാധാനമായി പറഞ്ഞു മനസ്സിലാക്കണമെന്ന് കരുതിയതാണ് ഒരു നിമിഷം കൊണ്ടാണെല്ലാം തകിടം മറഞ്ഞത്,..
അയാം സോറി ആൽബി,.. എന്റെ അമ്മയുടെ കണ്ണീരിനു മുൻപിൽ ഞാൻ നിസ്സഹായയായി പോവുകയാണ്, നിന്നെ തള്ളിപ്പറയേണ്ടി വന്നിരിക്കുകയാണ്,. അവരുടെ സ്നേഹത്തിന് മുൻപിൽ നിന്നോടുള്ള പ്രണയം ചെറുതായി തോന്നിയത്കൊണ്ടല്ല മറിച്ച് ഞാൻ തന്നെ ചെറുതായി പോയത് കൊണ്ടാണ്,.
അവൾ മനസ്സിൽ അവനോടൊരു നൂറു വട്ടം ക്ഷമ പറഞ്ഞു,..
പക്ഷേ ആൽബി, നിനക്കെങ്ങനെ കഴിഞ്ഞു ഇങ്ങനൊക്കെ പെരുമാറാൻ?
താൻ സ്നേഹിച്ച ആൽബിക്കൊരിക്കലും ഇങ്ങനൊരു മുഖം ഉണ്ടായിട്ടില്ല,… വിശ്വാസങ്ങൾ വഞ്ചന നടത്തുകയാണ് ആദ്യം തന്നെക്കുറിച്ചുള്ള അമ്മയുടെ വിശ്വാസം താൻ തകർത്തപോലെ, ഒടുവിൽ ആൽബിയും തന്റെ വിശ്വാസങ്ങളെയെല്ലാം തകർത്തിരിക്കുന്നു,.
നാട്ടുകാരെല്ലാം കൂടി അവനെ പറഞ്ഞു വിട്ടിരുന്നു,. കൂടെ ഭീക്ഷണിയും, ഇനിയും പ്രശ്നമുണ്ടാക്കാനാണ് ഉദ്ദേശമെങ്കിൽ തല്ലും വാങ്ങിയേ പോവുള്ളു എന്ന്,..
അമ്മ, അമ്മയെവിടെ? അവൾ ചുറ്റും നോക്കി, ശ്രീദേവി സിറ്റ്ഔട്ടിലെ സോഫയിൽ ഇരിക്കുകയായിരുന്നു,
ഈ സംഭവവികാസങ്ങളെല്ലാം അവരെ നന്നേ തളർത്തിയിരുന്നു,..
ഋതിക തിടുക്കത്തിൽ അകത്തേക്കോടി,..
“അമ്മേ,.. ” അവൾ ശ്രീദേവിയുടെ കാൽക്കീഴിൽ പടിഞ്ഞിരുന്നു,…
“എന്നോട് ക്ഷമിക്കമ്മേ,.. അയാം റിയലി സോറി !”
“അമ്മയോ? ആരുടെയമ്മ? ”
അവൾ വിശ്വാസമാവാതെ ശ്രീദേവിയെ നോക്കി,..
“തൊടരുത് നീയെന്നെ, എന്ത് യോഗ്യതയുണ്ട് നിനക്കെന്നെ അമ്മേ എന്ന് വിളിക്കാൻ? ”
“അയാം സോറി മാ !” അവൾ പൊട്ടിക്കരഞ്ഞു,.
“അച്ഛനില്ലെന്ന കുറവ് ഞാനിവരെ അറിയിച്ചിട്ടുണ്ടോ? എല്ലാ വിധ സ്വാതന്ത്ര്യങ്ങളും കൊടുത്തു തന്നെയല്ലേ ഇവരെ വളർത്തിയത്? ”
അവർ മാലിനിയെ നോക്കി ചോദിച്ചു, മാലിനി അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു,..
“ആ കഷ്ടപ്പാട് അറിയിക്കാത്തതിന്റെ ആണല്ലോ ഞാനിപ്പോ അനുഭവിക്കണത്,.. ”
നാട്ടുകാർ അടക്കം പറഞ്ഞു തുടങ്ങിയിരുന്നു, ഒന്നും കേൾക്കാൻ ശക്തിയില്ലാതെ തല കുനിച്ച് തിരികെ നടന്നു,. പിന്നെ ഒന്നും മിണ്ടാതെ അവളെയൊന്നു നോക്കുക കൂടി ചെയ്യാതെ തന്റെ ചാരുകസേരയിൽ ഇരിപ്പുറപ്പിച്ചു,..
“പെണ്മക്കള് വലുതായി വരുമ്പോൾ അമ്മമാർക്ക് ആധിയാ,. സ്കൂളിൽ പോയിവരാൻ അവരൽപ്പം വൈകിയാൽ പേടിയാ തിരികെ വീട്ടിലെത്തും വരെ വല്ലാത്തൊരു പേടിയാ, ആ ഭയം ഒരിക്കലും അവസാനിക്കാറില്ല, അവരുടെ സുരക്ഷിതത്വത്തെക്കുറിച്ച്, അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച്, പിന്നെ അവളെപ്പിടിച്ച് സുരക്ഷിതമായ ഒരു കയ്യിൽ ഏൽപ്പിക്കാതെ ഒരു സമാധാനവും ഉണ്ടാവില്ല, എന്നാലും തീരുവോ ടെൻഷൻ? അപ്പോൾ അവർ ഇതുപോലെ ഓരോരുത്തരുമായി കടന്ന് വന്നാൽ എന്താ മാലിനി അവസ്ഥ,… ”
അവരുടെ വാക്കുകൾ ഇടറി,..
“നല്ല വല്ല ചെക്കനും ആണേൽ കുഴപ്പമില്ലായിരുന്നു,. ഇതോ മൂക്കറ്റം കുടിച്ച് അസഭ്യവും പറഞ്ഞു നടക്കുന്നൊരുത്തൻ,… ജാതിയും മതവുമെല്ലാം പോട്ടേ എന്ന് വെയ്ക്കാം, ഈ കുടുംബത്തിന് ചേരുവോ അവൻ? ”
“അമ്മേ അയാം സോറി,… ”
“മിണ്ടരുത് .. നിന്റെ ശബ്ദം ഈ വീടിന്റെ വെളിയിലേക്ക് കേട്ട് പോവരുത്.. ”
ഋതിക നിശബ്ദം കരഞ്ഞു,. ശരിയാണ് ആൽബിയുടെ കാര്യത്തിൽ തനിക്ക് തെറ്റു പറ്റിയിരിക്കുന്നു, പക്ഷേ ഇങ്ങനൊന്നുമായിരുന്നില്ല അവൻ , താനെന്നാൽ ജീവനായിരുന്നു,.
ശ്രീദേവി പതിയെ എഴുന്നേറ്റു,…
ശരീരമാകെ പടർന്നു കയറിയ ഒരു വേദനയിൽ അവർക്ക് തന്റെ ഹൃദയം പിളരുന്നത് പോലെ തോന്നി, കണ്ണുകളിൽ ഇരുട്ട് കേറുന്നു, അടുത്ത നിമിഷമവർ നിലത്തേക്ക് വീണു,.. എന്താ സംഭവിച്ചതെന്ന് ആർക്കും ഒരു രൂപവും കിട്ടിയില്ല,..
“ഏടത്തി,.. ” എന്നൊരലർച്ച മുഴങ്ങിക്കേട്ടു,…
തന്റെ അമ്മ വീണുപോയിരിക്കുന്നു..
“അമ്മേ !” അവൾ ഉറക്കെ വിളിച്ചു,..
“അപ്പച്ചി ” എന്ന് വിളിച്ചുകൊണ്ട് ശ്വേതയും ശ്രേയയും ഓടിയെത്തി,…
“വണ്ടിയിറക്ക് ചന്ദ്രേട്ടാ,.. ” മാലിനി ഉറക്കെ വിളിച്ചു പറഞ്ഞു,…
(തുടരും )
അനുശ്രീ ചന്ദ്രൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission