Skip to content

ഈ തണലിൽ ഇത്തിരി നേരം – 22

ee-thanalil-ithiri-neram

എന്തോ അടിച്ചു കെട്ടി വീഴുന്ന ശബ്ദം കേട്ടാണ് അരുൺ തിരിഞ്ഞു നോക്കിയത്,..

ദൈവമേ ഋതുവും ജസ്റ്റിനും അല്ലേ അത്? അരുൺ ബുള്ളറ്റ് അവർക്കരികിലേക്ക് തിരിച്ചു വിട്ടു,…

ജസ്റ്റിൻ പൊടിയൊക്കെ തട്ടി ഒരുവിധം എണീറ്റു,..

“എന്താ പറ്റിയേ? ”

തിടുക്കത്തിൽ ചാടിയിറങ്ങിക്കൊണ്ട് അരുൺ ചോദിച്ചു,..

“ഹേയ് അത് പെട്ടന്ന് ബ്രേക്ക്‌ പിടിച്ചപ്പോൾ ! ”

“ശ്ശേ, എന്തോന്നാടാ ഇത്?നോക്കിയും കണ്ടും വണ്ടി ഓടിക്കണ്ടേ,.. ” അരുൺ അമർഷത്തിലും വേദനയിലും ഋതുവിന്റെ അരികിൽ കുത്തിയിരുന്നു,…

“എന്തെങ്കിലും പറ്റിയോ ഋതു? ” അവൻ ചോദിച്ചു,..

ഇത്രയൊക്കെ കരുതൽ ഉള്ള ആളാണ്, താൻ പൊയ്ക്കോ എന്ന് പറഞ്ഞപ്പോഴേക്കും അങ്ങ് ഇട്ടിട്ട് പോയത്,.. അവൾ മുഖം കറുപ്പിച്ചു..

കൈ മുട്ടിലെ പെയിന്റ് ചെറുതായി പോയിട്ടുണ്ട്,.. അതിന്റെ ചെറിയ വേദനയും ഉണ്ട്, അവൻ അവളുടെ കൈ പിടിച്ചു നോക്കാൻ തുടങ്ങിയതും ഋതു അവന്റെ കൈ തട്ടി മാറ്റി,..

“ശ്ശേ, നോക്കട്ടെടി !”

“വേണ്ട നോക്കേണ്ട,.. ബുള്ളറ്റ്ൽ പറപ്പിച്ച് ഒരു പോക്കായിരുന്നല്ലോ,.. ഇപ്പോ എന്തിനാ വന്നേ? ” അവൾ തന്റെ പരിഭവം മറച്ചു വെച്ചില്ല,.

“ഓഹോ, ഇപ്പോ എനിക്കായോ കുറ്റം? നീയല്ലേ പറഞ്ഞേ ഇവന്റെ കൂടെയേ വരുന്നുള്ളൂ എന്ന്? ”

“ഞാനങ്ങനെ പറഞ്ഞൂന്നു കരുതി,.. ഇട്ടിട്ടങ്ങ് പോവാണോ? ” അവൾ പിണക്കം നടിച്ചു,..

അരുൺ ജസ്റ്റിനെ നോക്കി,.. അവൻ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ നിൽക്കുകയാണ്,..

“വാ എന്തായാലും എണീക്ക് !” അവൻ കൈ നീട്ടി,.. ഋതു ജസ്റ്റിനെ ഒന്ന് നോക്കി,. വിട്ടു കൊടുത്തേക്കാൻ ജസ്റ്റിൻ കണ്ണുകൊണ്ട് പറഞ്ഞു,. ഋതു തെല്ലൊരു മടിയോടെ അവന്റെ കൈയ്യിലേക്ക് വിരൽ ചേർത്തു,..

“എന്തായാലും പെയിന്റ് പോയ സ്ഥിതിക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ കേറാം !” പിടിച്ചെഴുന്നേൽപ്പിക്കുന്നതിനിടയിൽ അരുൺ പറഞ്ഞു,..

“അതൊന്നും വേണ്ട !” ഋതിക ഇടയ്ക്ക് കേറി,..

” മിണ്ടരുത് കുരിപ്പേ നീ, നീ ഒറ്റ ഒരുത്തി കാരണവാ ഇങ്ങനൊക്കെ സംഭവിച്ചത് !”

“ഞാനെന്ത് ചെയ്തു?”

“നീയൊന്നും ചെയ്തില്ലല്ലോ,. മിണ്ടരുത്,.. കാമുകന് ലൈഫ് ഉണ്ടാക്കാൻ പോയേക്കുന്നു !”

“ഞാൻ ആൽബിക്ക് ലൈഫ് ഉണ്ടാക്കാൻ പോയതല്ല, ഒഫീഷ്യൽ കാര്യത്തിന് പോയതാ !”

“ഒഫീഷ്യൽ കാര്യം, ഞാൻ വന്നില്ലെങ്കിൽ കാണാമായിരുന്നു !”

“അരുണേട്ടൻ വന്നില്ലെങ്കിൽ ഞാൻ പോലീസിനെ വിളിച്ചേനെ !”

“പോലീസ്,.. പോലീസ് വന്നേനെ നിന്നേം അവനേം ഒക്കെ പൊക്കിയെടുത്ത് കൊണ്ടോവാൻ !”

“ഡാ, ഇപ്പോൾ അതൊന്നും പ്രശ്നമല്ലല്ലോ, കേസ് ഒന്നും ഇല്ലെന്നാ തോന്നണേ ” ജസ്റ്റിൻ പറഞ്ഞു,…

“ജസ്റ്റിൻ ചേട്ടാ !” ഋതിക അപേക്ഷാഭാവത്തിൽ നോക്കി,..

“ഓക്കേ സോറി സോറി,.. തും ലോഗ് കണ്ടിന്യൂ !” ജസ്റ്റിൻ പറഞ്ഞു,… ഋതുവും അരുണും പരസ്പരം നോക്കി മുഖം കറുപ്പിച്ചു,. സിറ്റുവേഷൻ അത്ര പന്തിയല്ലെന്ന് ജസ്റ്റിനും തോന്നി,..

“അല്ല ഞാനെന്നാൽ പൊക്കോട്ടെ,.. നിങ്ങൾ അടിയും വഴക്കും ഒക്കെ കഴിഞ്ഞു പതിയെ പോരേ !”

“ഡാ നിക്ക് ജസ്റ്റിനെ !”

“ഞാനേ,.. പോവാ നിങ്ങള് പോരേ !”

ജസ്റ്റിൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു,…

“അപ്പോ ശരി !”

ജസ്റ്റിന്റെ ബൈക്ക് അവരെക്കടന്ന് പോയി,.. അരുൺ ഋതുവിനെ നോക്കി,..
“മാഡം,. വരുന്നുണ്ടോ?”

“ഓ,.. ” അവൾ അവനെ നോക്കി,..

“എന്തോന്നാടി ഉണ്ടക്കണ്ണി നോക്കിപ്പേടിപ്പിക്കുന്നേ? ”

അരുണിനോട് തർക്കിക്കാൻ നിന്നാൽ വീട്ടിൽ എത്തൽ ഉണ്ടാവില്ലെന്ന് അവൾക്ക് തോന്നി,.. ഇനിയും ഇവിടെ നിൽക്കാനുള്ള മനക്കട്ടി ഇല്ല,.. ഉള്ളിലെ വിഷമങ്ങൾ എല്ലാം ഒന്ന് കരഞ്ഞുതീർക്കണം, ഭാരങ്ങൾ എല്ലാമൊന്ന് ഇറക്കി വെക്കണം,.. അതിന് വീടാണ് എന്ത്കൊണ്ടും നല്ലത്,…

“പോവാം !” അവൾ പറഞ്ഞു

അടുത്ത നിമിഷം അരുണവളെ ദൃഢമായി ആലിംഗനം ചെയ്തു,.. പ്രതീക്ഷിക്കാതെയുള്ള അവന്റെ ആ സ്നേഹപ്രകടനത്തിൽ അവളൊന്ന് പതറി,.. പിന്നെ പരിസരം പോലും മറന്ന് അവനിലേക്ക് അലിഞ്ഞു ചേർന്നു…

അത്ര നേരം അടക്കിവെച്ച അവളുടെ സങ്കടമെല്ലാം ഒരു കണ്ണീർമഴയായി അവനിൽ പെയ്തിറങ്ങി,..

“എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ അരുണേട്ടാ? “അവളുടെ ശബ്ദമിടറി,

“എന്തിനാ ഋതു,.. ”

“ആൽബി അവനെന്നോട് അങ്ങനൊക്കെ പെരുമാറിയപ്പോൾ ഞാൻ തകർന്നു പോയി അരുണേട്ടാ,..”

“പ്രതീക്ഷകളാ നമുക്കെന്നും നിരാശ സമ്മാനിക്കുന്നത്,.. വിശ്വാസങ്ങൾ കൊണ്ടുണ്ടാകുന്ന മുറിവുണക്കാൻ ബുദ്ധിമുട്ടാ ഋതു,… ”

” അവൻ എന്നെയെന്തെങ്കിലും ചെയ്തിരുന്നെങ്കിലോ അരുണേട്ടാ? അങ്ങനെ ആയിരുന്നെങ്കിൽ അരുണേട്ടനെന്നെ ഇങ്ങനെ ചേർത്തു നിർത്തുമായിരുന്നോ? ”

അവളുടെ ആ ചോദ്യം അവന്റെ ഇടനെഞ്ചിൽ ആഴ്ന്നിറങ്ങി, അവളുടെ നിറകണ്ണുകൾ അവനെ ആകാംക്ഷയിൽ നോക്കി,..

“പറയ് അരുണേട്ടാ !”

“അങ്ങനെ കൈവിട്ട് കളയാൻ വേണ്ടിയല്ല ഋതു ഞാൻ നിന്നെ കൂടെ കൂട്ടിയത് !”

അവനവളുടെ നെറുകിൽ ചുംബിച്ചു,..

” അങ്ങനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അതിന് മുൻപേ ഞാനെന്റെ ജീവൻ അവസാനിപ്പിച്ചേനെ,…” അവൾ തേങ്ങിക്കരഞ്ഞു,..

“അതിന് ഞാൻ അനുവദിക്കുമെന്ന് നിനക്ക് തോന്നണുണ്ടോ ഋതു? ഞാൻ ജീവിച്ചിരിക്കുമ്പോൾ മറ്റൊരു പുരുഷന്റെയും അരുതാത്ത നോട്ടം പോലും നിന്റെ മേൽ വീഴില്ല !”

കാരിരുമ്പിന്റെ ഉറപ്പോടെ അവനത് പറയുമ്പോൾ ഋതിക കൂടുതൽ ദൃഢതയോടെ അവനോട് ചേർന്നു നിന്നു,..

“എനിക്ക് അറിയാമായിരുന്നു അരുണേട്ടൻ വരുമെന്ന് !”

“അത് കൊണ്ടാണോ ലൊക്കേഷൻ അയച്ചു തന്നത്? ”

“അതെന്തോ അപ്പോൾ മനസ്സിൽ തോന്നി അതോണ്ട് അയച്ചതാ !”

“അതെന്തായാലും നന്നായി അത്കൊണ്ട് കാര്യങ്ങൾ എളുപ്പമായി,.. നിനക്ക് ഇത്ര ബുദ്ധിയുണ്ട് എന്ന് ഞാൻ അറിഞ്ഞില്ല !”

“കളിയാക്കണ്ട,. ”

“കളിയാക്കിയതല്ലഡോ സത്യം ! അല്ല മാഡത്തിനു വിശക്കുന്നുണ്ടോ,.. കുറച്ചു അപ്പുറത്ത് ചെന്നാൽ നല്ല തട്ടുകടയുണ്ട്, എന്തെങ്കിലും കഴിച്ചാലോ? ”

“മ്മ് !”

അവൾ തലയാട്ടി,..

*********

ഋതിക കൈയും മുഖവും കഴുകി,.. മുട്ടിലെ മുറിവിന് വേദനയുണ്ട്,…

“ആ കയ്യൊന്ന് കാണിച്ചേ? ”

“എന്തിനാ അരുണേട്ടാ? ”

“തൽക്കാലം ക്ലീൻ ചെയ്തിട്ട് ഈ ബാൻഡ്‌ ഏയ്‌ഡ് ഒട്ടിക്കാം ! ഇവിടെ അടുത്ത് ഹോസ്പിറ്റൽ ഒന്നുമില്ല അതോണ്ടാ !”

അരുൺ അവളുടെ മുറിവ് കഴുകി കയ്യിൽ ഉണ്ടായിരുന്ന കർചീഫ് ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കി,.. അവൾ അവനെ തന്നെ നോക്കിയിരുന്നു,..

“നീറ്റൽ ഉണ്ടോ? ” അവൻ ചോദിച്ചു,.

“ഈ നീറ്റലിന് ഒരു സുഖം ഉണ്ട് അരുണേട്ടാ !”

“നല്ലതാ,. പറഞ്ഞാൽ അനുസരിക്കാത്തതിന്റെ അല്ലേ? ” അവൻ മുറിവിൽ ബാൻഡ് എയ്ഡ് ഒട്ടിച്ചു,.

“അയാം സോറി !”

“സോറി എന്റെ പട്ടിക്കു വേണം !”

“പിന്നെ എന്താ എന്റെ മോന് വേണ്ടത്? ”

“പറഞ്ഞാൽ നീ തരുവോ? ”

“മ്മ് !”

“എങ്കിലേ ഒരുമ്മ കൊണ്ടാ !”

“ഇവിടെ വെച്ചോ? ”

“ആ ഇതാണ് കുഴപ്പം !”

അവൻ പറഞ്ഞു തീർന്നതും അവളുടെ അധരങ്ങൾ അവന്റെ കവിളിൽ പതിഞ്ഞിരുന്നു,.. അരുൺ അത്ഭുതത്തിൽ അവളെ നോക്കി,.. ഋതു ഭാവവ്യത്യാസം ഒന്നും ഇല്ലാതെ തന്നെ നോക്കി ഇരിക്കുകയാണ്,..

“ഇനിയെന്തെങ്കിലും? ”

അവൻ ചുറ്റും നോക്കി, എല്ലാവരുടെയും ശ്രദ്ധ തങ്ങളിൽ ആണ്,..

“തൽക്കാലം ഇത് മതി,.. ബാക്കി വീട്ടിൽ ചെന്നിട്ട് ഞാൻ ചോദിച്ചു വാങ്ങിച്ചോളാം !”

അവൾ ചിരിയൊതുക്കി,..

“നിനക്കെന്താ വേണ്ടേ? ദോശ? ”

“എന്താണേലും മതി!”

“ചേട്ടാ രണ്ട് പ്ലേറ്റ് ദോശ !”

“രണ്ടെണ്ണം വേണ്ടാ ഒരെണ്ണം മതി? ” ഋതു ഇടയ്ക്ക് കേറി,.

“അതെന്താ നീ കഴിക്കുന്നില്ലേ? ”

“എനിക്ക് അരുണേട്ടൻ വാരി തന്നാൽ മതി !”

ദൈവമേ പെട്ടോ,… എല്ലാവരും നോക്കുന്നുണ്ട്,..

” കൊടുക്ക് സാറെ കൊച്ചിന്റെ ഒരാഗ്രഹം അല്ലേ? ”

കടക്കാരൻ പ്ളേറ്റ് കൊടുക്കുന്നതിനിടയിൽ അവനോട് പറഞ്ഞു,.. അവൻ ചമ്മലോടെ പ്ളേറ്റ് വാങ്ങി അവൾക്കരികിൽ ബെഞ്ചിൽ ഇരുന്നു,.. ഒരു കഷ്ണം ദോശ മുറിച്ചെടുത്ത് ചമ്മന്തിയിൽ മുക്കി അവൾക്ക് നേരെ നീട്ടി,..

അത് കഴിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു നനവ് പടർന്നിരുന്നു,.. കുറ്റബോധത്തിന്റെ നനവ്,..

“ഞാൻ ഒത്തിരി വിഷമിപ്പിച്ചൂല്ലേ അരുണേട്ടനെ? ”

“ആ,.. വിഷമിപ്പിച്ചു,. ” അവൻ ഗൗരവത്തിൽ പറഞ്ഞു,..

“എനിക്ക് ഒരവസരം കൂടി തരുവോ അരുണേട്ടാ? ”

“എന്തിന്? ”

“അരുണേട്ടനെ ഹൃദയം തുറന്നു സ്നേഹിക്കാൻ,.. നല്ലൊരു ഭാര്യയാവാൻ,.. ഈ തണലിൽ ഇങ്ങനെ ചേർന്നിരിക്കാൻ !” ഋതു അവന്റെ ചുമലിലേക്ക് തല ചായ്ച്ചു,..

താൻ അവളിൽ നിന്നും എന്നും കേൾക്കാൻ ആഗ്രഹിച്ച വാക്കുകളാണ് ഇത്,.. ആൽബിയോടാണ് താൻ നന്ദി പറയേണ്ടത്, കാര്യം തങ്ങളെ അകറ്റാനാണ് അവൻ ഇതെല്ലാം കാട്ടിക്കൂട്ടിയതെങ്കിലും ഇതൊക്കെ അവളിലേക്ക് തന്നെ കൂടുതൽ അടുപ്പിച്ചിട്ടേ ഉള്ളൂ,..

“എന്റെ ഋതു നീ വെറുതെ സെന്റി അടിക്കാതെ ഈ ദോശ കഴിച്ചേ !”

അവൻ സ്നേഹത്തോടെ ദോശ അവൾക്ക് നേരെ നീട്ടി,

“എനിക്ക് മതി അരുണേട്ടാ !”

“ദേ മര്യാദക്ക് കഴിച്ചോണം, എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്,. ” അരുൺ ഗൗരവം നടിച്ചു,.

അവൾ ഒരു കഷ്ണം ദോശ അവന് നേരെ നീട്ടി,..

“നീ കഴിച്ചിട്ട് ഞാൻ കഴിച്ചോളാം !”

“അതൊന്നും പറ്റില്ല !”

ആദ്യമായാണ് അവൾ തന്നെ ഊട്ടുന്നത്,. അതും സ്നേഹത്തോടെ,..

“കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ലല്ലേ? ” പൈസ വാങ്ങിക്കുമ്പോൾ കടക്കാരൻ ചോദിച്ചു,..

അതിന് അവൻ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു,..

“പോവാം !” അവൻ ചോദിച്ചു,..

അവൾ തലയാട്ടി,… പൂപ്പാടങ്ങളിൽ നിന്നും ഒഴുകിയെത്തിയ നേർത്ത സുഗന്ധം നിറഞ്ഞ കാറ്റേറ്റ് പാറിപ്പറന്ന അവളുടെ മുടിയിഴകൾ അവന്റെ കഴുത്തിൽ ഇക്കിളി കൂട്ടി,.

“ഋതു !”

“മ്മ് !”

“നമുക്കിന്ന് വീട്ടിലേക്ക് പോണോ? ”

“പോണ്ടേ? ”

“വേണ്ടാ,… ”

“അത് ശരിയാവില്ല അരുണേട്ടാ നാളെയല്ലേ അമറിന്റെ പിറന്നാള് !”

“ശ്ശേ,.. അത് ശരിയാണല്ലോ,.. ഞാനാക്കാര്യം വിട്ടുപോയി !”

മഴത്തുള്ളികൾ അവരുടെ മേൽ പ്രണയ വർഷം ചൊരിഞ്ഞു,.. അരുൺ വണ്ടി റോഡിന്റെ സൈഡിൽ ഒതുക്കി,..

“നിർത്തണ്ട അരുണേട്ടാ നമുക്ക് പോവാം !”

“ഈ മഴയത്തോ? ”

“സാരമില്ല !”

“എടി വല്ല പനിയും പിടിക്കും !”

“പിടിച്ചോട്ടെ !”

“ആഹാ, ബെസ്റ്റ് !”

“ഇവിടെങ്ങും ഒരു വെയ്റ്റിംഗ് ഷെഡ് പോലുമില്ല പിന്നെ നിന്നിട്ട് എന്തിനാ? ”

ആ അതും ശരിയാണല്ലോ,.. അവൻ വണ്ടി മുന്നോട്ടേക്ക് എടുത്തു,.

“ഋതു,… ”

“മ്മ് !”

“നിങ്ങളെങ്ങനെയാ ബൈക്കിൽ നിന്ന് വീണത് !”

“അത് ജസ്റ്റിൻ ചേട്ടൻ ബ്രേക്ക്‌ പിടിച്ചപ്പോൾ വണ്ടി പാളി !”

“സഡൻ ബ്രേക്ക്‌ ഇടാൻ കാരണമെന്താ, വല്ല പൂച്ചയും വട്ടം ചാടിയോ? ”

“ഹേയ് ഇല്ലാലോ !”

“നീയെന്തെങ്കിലും പറഞ്ഞാരുന്നോ അവനോട്? ”

“എന്ത്? ”

“അല്ല, ഞെട്ടൽ ഉണ്ടാക്കുന്ന വല്ല കാര്യവും പറഞ്ഞാരുന്നോ? ”

“അതെന്തേ? ”

“അല്ല അങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ അവന് ഇങ്ങനൊരു വീഴ്ച പതിവാ, അതുകൊണ്ട് ചോദിച്ചതാ !”

“ആ പറഞ്ഞാരുന്നു,.. ”

“എന്താ പറഞ്ഞേ? ”

“അത്, ആൽബി എന്നോട് അങ്ങനൊക്കെ പെരുമാറിയത് നന്നായി എന്ന് ”

അരുണും ഞെട്ടലിൽ സഡൻ ബ്രേക്ക്‌ ഇട്ടു,.. വണ്ടി ഒന്ന് പാളി,.. ഋതു ഉറക്കെ കാറി,.. അരുൺ ബാലൻസ് ചെയ്തു പിടിച്ചു,..

“മിണ്ടാതിരിയെടി കുരിപ്പേ,. നാട്ടുകാര് വല്ലോം വിചാരിക്കും ഞാൻ നിന്നെ തട്ടിക്കൊണ്ട് പോവാണെന്ന് !”

“സോറി !”

“അല്ല, നിന്റെ തലയ്ക്കു വല്ല ഓളവും ഉണ്ടോ ഋതു? ”

“എന്തേ? ”

“നീയെന്താ ഇങ്ങനൊക്കെപ്പറഞ്ഞത്? അതൊക്കെ തന്നെ ആയിരുന്നോ നിന്റെ ഇഷ്ടവും, ഞാനപ്പോൾ പെട്രോളും കത്തിച്ച് വന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ആണോ? ”

“അങ്ങനെ ഞാൻ പറഞ്ഞോ? ”

“പിന്നെ എങ്ങനാടി? ”

“ആൽബി അങ്ങനൊക്കെ പെരുമാറിയത് കൊണ്ടല്ലേ അരുണേട്ടാ എനിക്ക് അവന്റെ യഥാർത്ഥ മുഖം തിരിച്ചറിയാൻ കഴിഞ്ഞത്? ആ അവന് വേണ്ടിയാണല്ലോ ഇത്രേം കാലം ഞാനെന്നെത്തന്നെ ശിക്ഷിച്ചത് എന്നോർക്കുമ്പോൾ !” അവളുടെ ശബ്ദമിടറി,..

“നീ നിന്നെത്തന്നെ ശിക്ഷിച്ചതിന് ഏറ്റവും കൂടുതൽ വില കൊടുക്കേണ്ടി വന്നത് ഞാനാ !”

“അതെനിക്ക് അറിയാം അരുണേട്ടാ,.. ഇനിയെനിക്ക് സ്വയം ശിക്ഷ വിധിക്കേണ്ട കാര്യമില്ലല്ലോ !”

“അതിനർത്ഥം എന്റെ കാത്തിരിപ്പ് അവസാനിച്ചു എന്നാണോ? ”

“മ്മ് !” അവൾ അവന്റെ ഇടത് കയ്യിൽ തന്റെ വലതു കൈ കോർത്ത് പിടിച്ചു,..

“ഇപ്പോൾ സിനിമയിൽ ആയിരുന്നെങ്കിൽ ഈ സീനിൽ ഒരു റൊമാന്റിക് സോങ് ഉണ്ടായേനെ അല്ലേ ഋതു,… ”

“അതിനെന്താ അരുണേട്ടൻ പാടിയാൽ പോരേ? ”

“മതിയോ? ”

“മ്മ്മ് !”

“മധുപോലെ പെയ്ത മഴയേ,..
മനസ്സാകെ അഴകായ് നനയെ,..
ഇണയായ ശലഭം പോലെ,.. നീയും ഞാനും,..” അവൻ പാടി,.. ഋതു അവനോട് ചേർന്നിരുന്നു,..

തന്റെ ജീവിതത്തിൽ വളരെയേറെ പ്രിയപ്പെട്ടതാവേണ്ടിയിരുന്ന കുറേ നിമിഷങ്ങളെ ആണ് താൻ കണ്ടില്ലെന്ന് വെച്ചത്,.. അതും ആൽബിക്ക് വേണ്ടി,.. എങ്കിലും അവന് തന്നോട് അങ്ങനൊക്കെ പെരുമാറാൻ കഴിഞ്ഞത് എങ്ങനെയാണ്,.. തന്റെ ശരീരത്തെയാണോ അവൻ സ്നേഹിച്ചത്,. അവനപ്പോൾ ഒരിക്കലും തന്റെ ആത്മാവിനെ സ്നേഹിച്ചിട്ടില്ലേ?

അവളുടെ കണ്ണുനീർ തുള്ളികൾ അരുണിന്റെ ചുമലിലേക്ക് ഇറ്റു വീണു,..

“നീ കരയുവാണോ ഋതു? ”

“അത് മഴ കണ്ണിൽ,.. ”

“നിർത്തണോ? ”

“വേണ്ട !”

അവൾ കരഞ്ഞോട്ടെ എന്ന് തന്നെ അവനും കരുതി, ആൽബി മുറിവേൽപ്പിച്ചത് ഋതുവിന്റെ മനസിനാണ്, അവളുടെ വിശ്വാസങ്ങൾക്കാണ്, കരഞ്ഞു തന്നെ തീർത്തോട്ടെ,..

ഇന്ന് വീടെത്തും മുൻപേ തന്റെ മനസ്സിൽ നിന്നും ആൽബിയെന്ന ചാപ്റ്റർ പൂർണമായും മാഞ്ഞു പോയിട്ടുണ്ടാവണം,. അരുണേട്ടന്റെ മാത്രമായി തനിക്ക് മാറണം അവൾ മനസ്സിൽ ഉറപ്പിച്ചു,..

*********

നനഞ്ഞു കുതിർന്നു കേറി വരുന്ന മകനെയും മരുമകളെയും അത്ഭുതടോടെയാണ് ശാരദയും അശോകനും നോക്കി കണ്ടത്,..

അമറിന്റെ രണ്ടാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അവിടെ ബന്ധുക്കളൊക്കെ എത്തിച്ചേർന്നിരുന്നു,..

“എവിടാരുന്നെടാ രണ്ടാളും ഇത്ര നേരം? ” അശോകൻ ചോദിച്ചു,.

“അത് പിന്നെ ഓഫീസിൽ നിന്ന് !” അവൻ കള്ളമാണ് പറഞ്ഞത്,.. ആരോടും ഒന്നും പറയേണ്ടതില്ലെന്ന് അവൻ അവളോട്‌ നേരത്തെ പറഞ്ഞിരുന്നു, അതുകൊണ്ട് അവൾ ഭാവവ്യത്യാസം ഒന്നും തന്നെ കാണിച്ചില്ല,.

“വൈകുമെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ രണ്ടാൾക്കും? അതെങ്ങനാ ആ ശീലം നിനക്ക് പണ്ടേ ഇല്ലല്ലോ !” ശാരദ മകനെ കുറ്റപ്പെടുത്തി,..

“മോളുടെ ഫോൺ എന്തിയേ, ഞങ്ങളിത് എത്ര നേരം വിളിച്ചു,.. ” സുജ ചോദിച്ചു,.

ഫോൺ അപ്പോഴാണ് ഋതു തന്റെ ഫോണിനെക്കുറിച്ച് ചിന്തിച്ചത്,.. അത് അവിടെ എവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു,..

അവൾ നഷ്ടബോധത്തോടെ അരുണിനെ നോക്കി,..

അവൻ എന്താണെന്ന അർത്ഥത്തിൽ അവളെയും,.. അവളുടെ മുഖഭാവം വെച്ച് ഫോൺ കൊണ്ടുപോയി കളഞ്ഞുകാണുമെന്ന് അവന് ഊഹിക്കാൻ കഴിഞ്ഞു,…

“അതിൽ ചാർജ് തീർന്നു അതാ അമ്മായി !”

” ഓ അല്ല, ഇതെന്താ രണ്ടാളും നനഞ്ഞിരിക്കുന്നത്? ” സുജ ചോദിച്ചു,..

“അത് അമ്മായി ഓഫീസിൽ നിന്ന് വരുന്ന വഴി മഴ പെയ്തു,.. ”

“എന്നിട്ട് നനഞ്ഞിങ്ങ് പോന്നോ രണ്ടാളും? ”

“അത് അവളുടെ ഒരാഗ്രഹം സാധിച്ചു കൊടുത്തതാ !”

“ആ ഇമ്മാതിരി ആഗ്രഹമൊക്കെ സാധിച്ചു കൊടുത്തു,.. നാളെ പനിയും പിടിച്ചു കിടന്നാലുണ്ടല്ലോ രണ്ടാളും ! കുട്ടിക്കളി കുറച്ചു കൂടുന്നുണ്ട് ”

“എന്റമ്മേ, ദേ കരുണേന്റെ ബന്ധുക്കളൊക്കെ വന്നേക്കുന്നു, ഇവരുടെ മുന്നിൽ വെച്ച് വഴക്ക് പറയല്ലേ,.. വേണേൽ ഞങ്ങള് രണ്ടാളും കൂടെ മുറിയിലേക്ക് വരാം, എത്ര വേണമെങ്കിലും വഴക്ക് പറഞ്ഞോ, വേണേൽ രണ്ട് തല്ലും തന്നോ,.. പക്ഷേ ഇവിടെ വെച്ച്,… ”

“പോയി ഡ്രസ്സ്‌ മാറ്റടാ രണ്ട്‌ പേരും, അല്ലെങ്കിൽ ഇവിടെ വെച്ച് തല്ലും ഞാൻ,.. ” അശോകൻ പറഞ്ഞു,…

“വാ ഋതു,.. ഇനി നിന്നാൽ പണിയാകും !”

“വേഗം വരണം,.. എല്ലാവർക്കും ഫുഡ്‌ കഴിക്കാനുള്ളതാ,.. ”

“ഞങ്ങള് കഴിച്ചതാ അമ്മേ, നിങ്ങള് കഴിച്ചോ, നല്ല ക്ഷീണം !”

അരുൺ അവളുടെ കൈ പിടിച്ചു റൂമിലേക്ക് നടന്നു, പോകുന്ന വഴിക്ക് ബന്ധുക്കൾക്കെല്ലാം നൈസ് ആയൊരു പുഞ്ചിരിയും സമ്മാനിക്കാനും അവൻ മറന്നില്ല,..

“എന്ത് പണിയാ അരുണേട്ടാ കാണിച്ചത്, അവരൊക്കെ എന്ത് വിചാരിച്ചു കാണും? ”

“എന്ത് വിചാരിക്കാൻ,.. ”

“ഒന്ന് സംസാരിക്കുക കൂടി ചെയ്യാതെ റൂമിലേക്ക് !”

“ഇവിടൊരാൾ വിശന്നിരിക്കുമ്പോൾ, മുന്നിൽ ബിരിയാണിയും കൊണ്ട് വെച്ചിട്ട് വരൂ, നമുക്ക് ഇന്റർനാഷണൽ കോഫീ എഗ്രിമെന്റിനെക്കുറിച്ച് സംസാരിക്കാം എന്നും പറഞ്ഞു ആരെങ്കിലും വിളിച്ചാൽ നീ പോവോ? ഞാൻ പോവില്ല !”

“അരുണേട്ടൻ ദോശ കഴിച്ചതല്ലേ !”

“എടി പോത്തേ, ഞാൻ ആ വിശപ്പല്ല ഉദ്ദേശിച്ചത് !”

“പിന്നെ കവി എന്താ ഉദ്ദേശിച്ചേ? ” അവളവനെ സംശയത്തോടെ നോക്കി,..

“ഇപ്പോൾ പറഞ്ഞു തരാട്ടോ !” അരുൺ വാതിൽ കുറ്റിയിട്ടു,…

“അരുണേട്ടാ,.. എന്താ ഉദ്ദേശം? ”

“നീ ഉദ്ദേശിച്ചത് തന്നെ? ”

“ഇത്ര പെട്ടന്നോ? ”

“പെട്ടന്നാണോ,.. അഞ്ചാറ് മാസം കാത്തിരുന്നില്ലേ,.. ഇന്നിനി നോ കോംപ്രമൈസ് !”

“അരുണേട്ടാ അത് വേണോ? ”

“ഇപ്പോൾ എന്തോന്നാടി നിന്റെ പ്രശ്നം? ”

“എനിക്ക് പേടിയാ !”

“എന്തിന്? ”

“എനിക്കറിയില്ല,.. എങ്ങനാന്നൊന്നും,.. ”

“അയ്യോ അതോർത്ത് വിഷമിക്കണ്ട.. എല്ലാം ചേട്ടൻ വിശദമായി പഠിപ്പിച്ചു തരാം,.. ”

“വേണോ അരുണേട്ടാ? ”

“ദേ,.. വെറുതെ മൂഡ് കളയല്ലേ,.. വാ ഇങ്ങോട്ട്!” അവൻ ഷർട്ട് ഊരി,,

“അയ്യോ ഷർട്ട് അഴിക്കല്ലേ !”

“എന്തോന്നാടി ഇത്? ”

“ഞാൻ ഫ്രഷ് ആയിട്ട് വരാം !”

“എന്നാ വാ നമുക്ക് ഒരുമിച്ച് ഫ്രഷ് ആവാം !” അവനവളുടെ കൈ പിടിച്ചു,.

“അത്, വേണ്ടാ,.. ”

“ഇപ്പോ എന്താ ഋതു നിന്റെ പ്രശ്നം? ”

“കാര്യായിട്ടും എനിക്ക് പേടിയായിട്ടാ അരുണേട്ടാ !”

“എടി ഞാനതിന് നിന്നെ കൊല്ലാനൊന്നും പോണില്ല !”

“വേദനിപ്പിക്കരുത് !”

“പരിഗണിക്കാം ! ”

“അതേ,.. ” അവൾ വിളിച്ചു

“ഇനി എന്താണാവോ? ”

“ഒന്നൂല്ല !” അവൾ മുഖം താഴ്ത്തി,..

അരുൺ ഒരു ബാത്ത് ടവൽ എടുത്തു,..

“ആദ്യം എന്റെ മോള് തല തുവർത്ത്,.. ”

അവൾ ടവൽ വാങ്ങിയില്ല,. അരുൺ തന്നെ അവളുടെ തല തുവർത്തിക്കൊടുത്തു.

അരുണിന്റെ മനസ്സിൽ പല വികാരങ്ങളും രൂപം കൊണ്ടു, അവൻ അവളുടെ മുടി ഒരു വശത്തേക്ക് ഒതുക്കിയിട്ടു,.. മുടിയിലെ ഈർപ്പം അപ്പോഴും അവളുടെ കഴുത്തിലും പുറത്തുമെല്ലാം നിറഞ്ഞു നിന്നിരുന്നു,.. അവന്റെ ചുടു നിശ്വാസം കഴുത്തിൽ പതിഞ്ഞതും അവളിൽ ഒരു വൈബ്രേഷൻ ഉണ്ടായി,..

അരുൺ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി,..

“നിന്നെയെന്തിനാ ഋതു വിറയ്ക്കുന്നേ? ”

അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് അവന് കേൾക്കാമായിരുന്നു,.

അവൾ മറുപടി പറഞ്ഞില്ല,.. മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു നാണം അവളിൽ നിറഞ്ഞു നിന്നിരുന്നു,..

അവൾക്ക് മുൻപിൽ താനും പതറിപ്പോകുന്നത് അവനറിഞ്ഞു,.. എങ്ങനെ തുടങ്ങും ദൈവമേ,.. സ്റ്റാർട്ടിങ് ട്രബിൾ ആണല്ലോ,..

അരുൺ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നോട് ചേർത്തു പിടിച്ചു,.. പെട്ടന്നാണ് ആരോ വാതിലിൽ മുട്ടിയത്,..

ഋതുവിന് ചിരി പൊട്ടി,..

“ശ്ശേ ആ ഫ്ലോ അങ്ങ് പോയി,.. ആരാണാവോ? ”

“പോയി വാതിൽ തുറക്ക് !”

അരുൺ സ്വയം ശപിച്ചുകൊണ്ട് പോയി വാതിൽ തുറന്നു,.

മാമാ എന്ന് വിളിച്ചു കൊണ്ട് അമറും അമേയയും അവന്റെ അരികിലേക്ക് ഓടി വന്നു,..

“ആഹാ ഇതാരാ ഇത്? ” അരുൺ അവരെ തോളിലേറ്റി,..

“എന്റെ അരുണേ, ഇന്ന് നിങ്ങടെ കൂടെയേ കിടക്കൂ എന്ന വാശിയിലാ രണ്ടാളും !”

അരുൺ അമ്പരപ്പോടെ കരുണയെ നോക്കി, എല്ലാ പ്രതീക്ഷകളും തകരുന്നത് ഒരു നിമിഷം കൊണ്ടാണ് ,.

“എന്താ അരുണേ നീ ഇങ്ങനെ നോക്കുന്നത്? ”

“അല്ല കരുണേ രാത്രി ഇവൻ കരഞ്ഞാലോ !”

“ഹേയ് അവൻ അങ്ങനെ കരയില്ല ! അല്ലേ അപ്പൂസേ? ”

“നാൻ കരയ്യൂല്ല !” അമർ കൊഞ്ചലോടെ പറഞ്ഞു,.

ഋതു ചിരിയടക്കി,..

“ഗുഡ് നൈറ്റ് അമ്മ !” അമേയ പറഞ്ഞു,.

“ഗുഡ് നൈറ്റ് !”

അരുൺ ആദ്യമായി അന്ന് തന്റെ പെങ്ങളെ ശപിച്ചു,..

“കിടക്കാം മാമാ !”

“പിന്നേ,..

“നാൻ നടുക്ക് ”

അമർ കട്ടിലിൽ വലിഞ്ഞു കേറി,..

“എന്നാ മാമനും മക്കളും കൂടെ ഉറങ്ങിക്കോട്ടോ,. ആന്റി കുളിച്ചിട്ട് വരാവേ ! ”

“ഋതു !” അവനവളെ നിരാശയിൽ നോക്കി,..

“ഗുഡ് നൈറ്റ് !” അവൾ അലമാര തുറന്നു ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ കേറി,..

അവൾ കുളിച്ചു ഇറങ്ങിയപ്പോഴും രണ്ടാളും ഉറങ്ങിയിരുന്നില്ല,.. രണ്ടുപേർക്കും ഇടയിൽ കിടന്നവൻ നട്ടം തിരിഞ്ഞു,..

“ആന്റി കിടക്കുന്നില്ലേ? ”

“ആന്റി കിടന്നോളാം !” അവൾ ഷെൽഫിൽ നിന്ന് ബെഡ് ഷീറ്റ് എടുത്ത്,..

“നീയെന്തിനാ നിലത്ത് കിടക്കുന്നെ, ഇവിടെ നാലു പേർക്കും കൂടി കിടക്കാലോ !”

“ആ ആന്റി, വാ വന്നു കട്ടിലിൽ കിടക്ക്,.. മാമൻ കഥയൊക്കെ പറഞ്ഞു തരും !”

“ആഹാ, എന്നാൽ ഒരു കഥ പറഞ്ഞേ മാമാ, ഞാനും കേൾക്കട്ടെ,.. ” അവൾ കളിയായിപറഞ്ഞു,..

“മാമാ ആ ഡൈനോസറിന്റെ കഥ മതീട്ടോ !”

“ഡൈനോസർ അല്ലേ,.. പറയാട്ടോ !”

അവന്റെ അവസ്ഥ കണ്ട് അവൾ ചിരി നിയത്രിക്കാൻ പാട് പെട്ടു,..

*******

പിറ്റേന്നത്തെ പിറന്നാൾ ചടങ്ങിലും സമാനമായ അവസ്ഥ ആയിരുന്നു, അന്ന് അരുൺ രണ്ടാൾക്കും ഉള്ള ലീവ് വിളിച്ചു പറഞ്ഞിരുന്നു,.. പക്ഷേ എന്ത് ചെയ്യാനാ, ഋതുവിനെ ഒന്ന് കാണാൻ കൂടി കിട്ടണില്ല,..

“എന്താ ഏട്ടാ മുഖത്തൊരു ശോകം? ”

“അത് പറഞ്ഞാൽ മനസ്സിലാവാൻ നിനക്ക് പ്രായമായിട്ടില്ല !”

“ഇനി എപ്പോഴാണോ എനിക്ക് പ്രായമായെന്ന് ഇവിടുള്ളവർ ഒന്ന് വിശ്വസിക്കുക !” ശരത് തലയിൽ കൈ വെച്ചു,..

എല്ലാവരും ഒന്ന് ഫ്രീ ആയത് വൈകുന്നേരമാണ്, ശ്വേതയ്ക്കും ഋതുവിനും എക്സാം ആയത് കൊണ്ട് ഋതുവിന്റെ വീട്ടിൽ നിന്ന് ചന്ദ്രശേഖരൻ മാത്രമാണ് വന്നത്,.. വൈകുന്നേരമായപ്പോഴേക്കും എല്ലാവരും മടങ്ങിയിരുന്നു,..

തിരക്കൊഴിഞ്ഞതും അരുൺ ഋതുവിനെ വലിച്ചു മുറിയിലേക്ക് കേറ്റി,..

“അയ്യോ എന്തായിത്?”

“ഇന്നത്തെ ദിവസം ഞാൻ, അതായത് നിന്റെ കെട്ടിയോൻ ഇവിടുണ്ടായിരുന്നു എന്ന വല്ല ബോധവും നിനക്ക് ഉണ്ടോ? ”

“പിന്നില്ലാതെ !”

“എന്നിട്ട് നീയെന്നെ മൈൻഡ് ചെയ്‌തോ? ”

“എനിക്ക് തിരക്കല്ലാരുന്നോ? ”

“എന്നെക്കഴിഞ്ഞുള്ള തിരക്കൊക്കെ മതി !”

“ഓഹോ !”

“ആ !”

“അരുണേട്ടാ,.. ”

“എന്താടി? ”

“അതേ എനിക്ക് അടുക്കളയിൽ !”

“മിണ്ടരുത്,.. ഇവിടെ ഇത്രേം പെണ്ണുങ്ങളില്ലേ, നീ അടുക്കളയിലേക്ക് ചെന്നിട്ടവിടെ മല മറിക്കാനൊന്നും പോണില്ലല്ലോ,. ” അവൻ അമർഷത്തോടെ പറഞ്ഞു,.

“അരുണേട്ടൻ ചൂടാവുമ്പോഴാ അരുണേട്ടനെ കാണാൻ ഏറ്റവും ഭംഗി !”

“ആണോ? ”

“അത് നീ വേറെ ഒരു തരത്തിൽ എന്നെ കാണാത്തതുകൊണ്ട് പറയുവാ !”

“ഏതാണാവോ ആ തരം? ”

അരുൺ ഇടുപ്പിലൂടെ കയ്യിട്ടവളെ ചേർത്ത് പിടിച്ചു,..

“പറഞ്ഞു തരട്ടെ? ”

“ഇപ്പോഴോ? ”

“പിന്നെ എപ്പോഴാ? ”

അരുൺ അവളുടെ കഴുത്തിൽ ചുംബിച്ചു,..

“മൊത്തം വിയർപ്പാട്ടോ അരുണേട്ടാ !”

“എനിക്ക് അതാ ഇഷ്ടം !” അരുൺ അവളുമായി കട്ടിലിലേക്ക് വീണു,.. അവൾ പുഞ്ചിരിയോടെ, അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു,..

“അതേ, സന്ധ്യയ്ക്കേ നമ്മള് റൂമിൽ കേറി കതകടച്ചാൽ അവരൊക്കെ എന്ത് വിചാരിക്കും? ”

“ഒന്നും വിചാരിക്കില്ല !”

അരുണിന്റെ കണ്ണുകൾ മാറിക്കിടന്ന സാരിക്കിടയിൽ കൂടി കണ്ട അവളുടെ ഉടലിലേക്ക് പാഞ്ഞു,..

“എന്താ മോന്റെ ഉദ്ദേശം !”

അരുൺ അവളുടെ ഉടലിലേക്ക് മുഖം ചേർത്തു,. അവന്റെ കുറ്റിത്താടി ഇഴഞ്ഞപ്പോൾ അവൾക്ക് ഇക്കിളിയായി,..

“അയ്യോ എന്താ ഈ കാണിക്കുന്നത്? ”

അരുണിന്റെ അധരങ്ങൾ അവളുടെ ഉടലിൽ അമർന്നു,..

ഇതുവരെ തോന്നാത്ത പല വികാരങ്ങളും തന്നിൽ പൊട്ടിപ്പുറപ്പെടുന്നത് അവളറിഞ്ഞു,. അരുൺ ഒരു കാറ്റ് പോലെ അവളിൽ പടർന്നു കയറി,…

പെട്ടന്നാണ് അവന്റെ ഫോൺ റിങ്ങ് ചെയ്തത്,. ഇത്തവണ അവന് മാത്രമല്ല അവൾക്കും നിരാശതോന്നി,..

“രാജീവ്‌ സാറാ !”

അവളുടെ ഉള്ളിൽ അസാധാരണമായ ഒരു ഭയംഇരച്ചു കേറി വന്നു,..

(തുടരും )

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!