Skip to content

ഈ തണലിൽ ഇത്തിരി നേരം – 23

ee-thanalil-ithiri-neram

“നീയെന്തിനാ ഋതു പേടിക്കണേ? “അരുൺ ചോദിച്ചു,..

“അത് പിന്നെ,.. രാജീവ്‌ സാറ്,. ” അവളുടെ മുഖത്ത് ഭയം നിറഞ്ഞു,..

ഫോൺ വീണ്ടും റിംഗ് ചെയ്തു,..

“ഒരു മിനിറ്റ് ഞാൻ സംസാരിച്ചിട്ട് വരാം !”

അരുൺ ഫോണും ആയി പുറത്തേക്ക് പോയി, .. ഋതികയുടെ ഹൃദയം പെരുമ്പറ കൊട്ടി,.. ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ?

***********

“ഹലോ സാർ !”

“എന്താ അരുൺ ഇത് തനിക്കും തന്റെ ഭാര്യയ്ക്കും എന്ത് തോന്നിവാസവും കാണിക്കാമെന്നാണോ? ” അയാൾ പൊട്ടിത്തെറിച്ചു..

“സാർ ഞങ്ങളുടെ അവസ്ഥ !”

“എന്ത് അവസ്ഥയാ അരുൺ,.. 12 കോടിയുടെ ഡീൽ ആയിരുന്നു 12 ക്രോർസ്,.. ഡീൽ പോയതും പോരാ, അവരുടെ പാർട്ണർസ്നെയും മർദ്ധിച്ചു ഹോസ്പിറ്റലിൽ ആക്കിയേക്കുന്നു,. എന്തൊരു തോന്നിവാസമാണിത്? ” അയാൾ തന്റെ രോഷം മറച്ചു വെച്ചില്ല,..

“സാർ ഉദ്ദേശിക്കുന്ന പോലൊന്നുമല്ല കാര്യങ്ങൾ !” അവൻ ഒരു വിശദീകരണത്തിന് ശ്രമിച്ചു,..

“പിന്നെ എങ്ങനെയാ അരുൺ? നിങ്ങൾ കാണിച്ചുകൂട്ടിയ തെമ്മാടിത്തരത്തിന് എന്ത് എക്സ്പ്ലനേഷൻ ആണ് നിങ്ങൾക്ക് തരാനുള്ളത്? ”

“അവർ ഋതുവിനോട് !” അവന്റെ വാക്കുകൾ മുറിഞ്ഞു, ശബ്ദമിടറി,..

“എന്ത് കാണിച്ചെന്നാ? ”

“ഇറ്റ് വാസ് എ റേപ്പ് അറ്റംപ്റ്റ് സാർ, ട്രാപ് ആയിരുന്നു,… ഞാനാ ടൈമിൽ അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ അവളെ,.. ” അവന് കൂടുതൽ പറയാനായില്ല,..

മറുതലയ്ക്കൽ ഒരു നിശബ്ദത വ്യാപിച്ചു,..

“എന്റെ ഭാര്യയെ അഭ്യൂസ് ചെയ്യാൻ ശ്രമിച്ചവരോട് ഇതിലും നല്ല രീതിയിൽ പെരുമാറാൻ എനിക്കറിയില്ല സാർ ” അരുൺ തന്റെ എല്ലാ അമർഷവും ഉൾകൊള്ളിച്ചു പറഞ്ഞു,..

“എനിക്കറിയില്ല എന്താ സംഭവിച്ചതെന്ന്,. കമ്പനിക്ക് നിങ്ങൾ മൂലമുണ്ടായ നഷ്ടം സൽപ്പേര് അതിന്റെ വില ആര് തരും? ”

“ഒരു പെണ്ണിന്റെ മാനത്തേക്കാൾ, എംപ്ലോയിയുടെ ജീവന്റെ വിലയേക്കാൾ വലുതാണോ സാറിന് ഈ ബിസിനസ്‌ ഡീലും, 12 കോടിയും? ”

“മിസ്റ്റർ അരുൺ, ഞാൻ എന്ത് ചെയ്യാനാണ്, കമ്പനി അപ്പോയിന്റ് ചെയ്ത ഒരു എംപ്ലോയീ മാത്രമാണ് ഞാനും !” അയാൾ തന്റെ നിസ്സഹായവസ്ഥ തുറന്നു പറഞ്ഞു..

“സാറിന്റെ സഹപ്രവർത്തകയ്ക്കാണ് ഇങ്ങനൊരു അവസ്ഥ വന്നത്? അതും ഒഫീഷ്യൽ ഡ്യൂട്ടിക്ക് ഇടയിൽ, സ്ത്രീകൾക്ക് അവരുടെ വർക്ക്‌ സ്പേസിൽ യാതൊരു സുരക്ഷിതത്വവും ഇല്ലേ സാർ? ”

അയാൾ മൗനം പാലിച്ചതേ ഉള്ളൂ,..

“പറ സാർ,.. ഒന്നും പറയാനില്ലേ? ”

“ഐ ക്യാൻ അണ്ടർസ്റ്റാൻഡ് യുവർ ഇമോഷൻസ് !”

“ഇവിടിപ്പോൾ ഋതുവിന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും ഞാൻ ഇങ്ങനൊക്കെത്തന്നെയേ ചെയ്യുമായിരുന്നുള്ളൂ ”

“ഇവിടെ നിയമവും പോലീസും ഒക്കെ ഇല്ലേടോ? തനിക്ക് പോലീസിൽ കംപ്ലയിന്റ് ചെയ്താൽ പോരായിരുന്നോ? ”

“ഏത് കാലത്ത് നടപടിയാവാനാ സാർ? പോലീസ് സ്റ്റേഷനും, കോടതിയും കേറിയിറങ്ങി ചെരിപ്പ് തേയും എന്നല്ലാതെ,. പിന്നെ ഒരു ചൊല്ല് കൂടി ഇല്ലേ സാർ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണെന്ന് , അതേ ഇവിടെയും ഞാൻ ചെയ്തുള്ളൂ !” അവൻ പറഞ്ഞു,..

“എനിക്ക് നിങ്ങളുടെ രോഷം മനസ്സിലാവും അരുൺ,. പക്ഷേ അയാം ഹെൽപ് ലെസ്സ്, കമ്പനിയുടെ ഷെയർഹോൾഡേഴ്സ് ചോദിക്കുമ്പോൾ ഞാൻ എന്ത് പറയും? ”

“ഞാൻ തന്നു തീർക്കും സാർ ആ 12 കോടി !”

“12 കോടി എന്ന് പറയുന്നത് അത്ര ചെറിയ എമൗണ്ട് അല്ല,.. അരുൺ ഇത്രകാലം വർക്ക്‌ ചെയ്ത സാലറി മൊത്തമെടുത്താലും 12 കോടിയുടെ ഏഴയലത്ത് എത്തില്ലെന്ന് ഞാൻ പറഞ്ഞു തരേണ്ടതുണ്ടോ? ”

“എങ്ങനെ ആണെങ്കിലും ഞാനാ എമൗണ്ട് തന്ന് തീർക്കും, ബാക്കിയുള്ളത്, എന്റെയും ഋതുവിന്റെയും ഇനിയുള്ള സാലറിയിൽ നിന്നും കട്ട്‌ ചെയ്‌തോളൂ !”

അയാൾ ഒന്ന് ചിരിച്ചു, പിന്നേ പറഞ്ഞു..

“അരുൺ മനസിലാക്കേണ്ട കാര്യം, ഒന്നാമത്തേത് തന്റെ ഒരു ഗവണ്മെന്റ് ജോബ് അല്ല, കാലാകാലം വരെ ഉണ്ടാവാൻ,. ഈ നിമിഷം എന്റെ മുന്നിൽ അടിച്ചു വെച്ചിട്ടുള്ള തന്റെ ടെർമിനേഷൻ ലെറ്ററിൽ ഒന്ന് സൈൻ ചെയ്യേണ്ട താമസം മാത്രമേ ഉള്ളൂ എ എസ് എൽ പ്രൈവറ്റ് ലിമിറ്റഡ്ൽ നിന്നും അരുൺ പുറത്താവാൻ,.. പിന്നേ തന്റെ ഭാര്യയുടെ കാര്യം,.. ഇന്ന് രാവിലെ തന്നെ മിസ്സിസ് ഋതിക അരുൺ എനിക്ക് റെസിഗ്നേഷൻ ലെറ്റർ മെയിൽ ചെയ്തിരുന്നു,.. അരുൺ അറിഞ്ഞില്ലായിരുന്നോ? ”

അവൻ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്, ഋതു റിസൈൻ ചെയ്തെന്നോ? തന്നോടൊന്ന് അഭിപ്രായം ചോദിക്കുക കൂടി ചെയ്യാതെ,അവൾ,…

“ഒരു വർഷത്തെ ബോണ്ട്‌ ആണ് ഋതിക കമ്പനിയുമായി സൈൻ ചെയ്തിട്ടുള്ളത്,.. സോ ഈ റെസിഗ്നേഷൻ ഋതികയുടെ പ്രൊഫഷണൽ ലൈഫിനെ ഏതെല്ലാം തരത്തിൽ ബാധിക്കുമെന്ന് ഒരു എച്ച് ആർ മാനേജർ ആയ അരുണിന് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ?”

“സാർ പ്ലീസ് !”

“ഞാൻ പറഞ്ഞല്ലോ അരുൺ ഈ കാര്യത്തിൽ ഹെൽപ്പ്ലെസ്സ് ആണെന്ന്, നല്ല കാലിബർ ഉള്ള കുട്ടിയാണ്, കമ്പനി ബ്ലാക്ക് ലിസ്റ്റ് ചെയ്താൽ പിന്നെ പറയണ്ടല്ലോ ”

എന്തൊരു വിഡ്ഢിത്തരമാണവൾ കാട്ടിക്കൂട്ടിയത്,.. സ്വന്തം ഭാവിയെക്കുറിച്ചൊന്ന് ചിന്തിക്കുക കൂടി ചെയ്യാതെ,..

“സാർ, പ്ലീസ്,.. എന്തെങ്കിലും ഒരു ഹെൽപ് ! ഋതുവിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യരുത് സാർ !”

“ഞാനെന്ത് ചെയ്യാനാ അരുൺ ഒന്നില്ലെങ്കിൽ ആ കുട്ടി റെസിഗ്നേഷൻ പിൻവലിക്കണം, അല്ലെങ്കിൽ, കമ്പനിക്ക് നഷ്ടപരിഹാരം കിട്ടണം ”

ഋതുവിനെക്കൊണ്ട് നിർബന്ധിച്ചു റെസിഗ്നേഷൻ ലെറ്റർ പിൻവലിപ്പിക്കുന്നതിൽ അർത്ഥമില്ല,.. അവളോട് സംസാരിക്കണം,. 12 കോടി താൻ എവിടെ നിന്നെടുത്ത് കൊടുക്കാനാണ്,. നിയയ്ക്കും കല്യാണപ്രായമാവുന്നു,.. താൻ തന്നെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയോ?

“ഇനി അത് രണ്ടുമല്ലെങ്കിൽ ഇത് അരുണിനുള്ള ഓപ്ഷൻ ആണ്, ഭാര്യയുടെ ഫ്യൂച്ചർ രക്ഷിക്കാൻ ” രാജീവ്‌ സാറിന്റെ വാക്കുകൾ അവനിൽ പ്രതീക്ഷയുടെ പുതുനാമ്പ് നൽകുന്നതായിരുന്നു,.

“എന്താ സാർ? ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം !”

“ഇന്ന് 8 മണിക്ക് ഒരു ബിസിനസ്‌ മീറ്റിംഗ് ഉണ്ട്, ഹോട്ടൽ ഗ്രീൻ പാലസിൽ വെച്ച്, 25 കോടിയുടെ ഡീൽ ആണ്,. അരുൺ ആയിരിക്കണം അത് അറ്റൻഡ് ചെയ്യുന്നത്, മാത്രമല്ല അത് നമ്മുടെ കമ്പനിക്ക് കിട്ടുകയും വേണം,.. പറ്റുമോ? ദിസ്‌ ഈസ്‌ ദി ലാസ്റ്റ് & ഫൈനൽ ചാൻസ് !”

“പറ്റും സാർ !” അങ്ങനെ പറയാനാണ് തോന്നിയത്,.. തന്നെക്കൊണ്ട് കഴിഞ്ഞേക്കും,. റിസൈൻ ചെയ്യാതിരിക്കാൻ ഋതുവിനെ കംപെൽ ചെയ്യാൻ വയ്യ,.. അവൻ ക്ലോക്കിലേക്ക് നോക്കി,. സമയം ആറു മണി കഴിഞ്ഞു,.. ഇവിടെ നിന്നും ഒരു മണിക്കൂർ ദൂരമുണ്ട് ഹോട്ടൽ ഗ്രീൻ പാലസിലേക്ക്,.

“എങ്കിൽ വൈകണ്ട ഉടനെ ഇറങ്ങിക്കോളൂ !”

“ശരി സാർ !” അരുൺ ഫോൺ കട്ട്‌ ചെയ്തു അകത്തേക്ക് ചെന്നപ്പോൾ ഋതു ടെൻഷനടിച്ചു കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്നു,..

അവനെ കണ്ടതും അവൾ എഴുന്നേറ്റ് അടുത്തേക്ക് ചെന്നു,..

“എന്താ അരുണേട്ടാ രാജീവ്‌ സാർ പറഞ്ഞത്? ” അവൾ ആകാംഷയോടെ ചോദിച്ചു,..

“ഒരു ബിസിനസ്‌ മീറ്റിംഗ് ഉണ്ട്, ഗ്രീൻ പാലസിൽ വെച്ച്,.. പോണം !”

അവൻ അത്രമാത്രം പറഞ്ഞ് അവളെ മറികടന്ന് അലമാരി തുറന്നു ഡ്രസ്സ്‌ എടുത്തു,..

“ഇപ്പോഴോ? ”

“എട്ട് മണിക്ക്,.. ഇപ്പോ തന്നെ ഇറങ്ങണം !”
അവളുടെ മുഖം മങ്ങി,..

“അരുണേട്ടാ,. എനിക്ക് !”

“റിസൈൻ ചെയ്ത കാര്യമാണെങ്കിൽ രാജീവ്‌ സാർ പറഞ്ഞു !” അവൻ അവളുടെ മുഖത്തേക്ക് പോലും നോക്കാതെയാണത് പറഞ്ഞത്,.

അരുണേട്ടന് ദേഷ്യം കാണും, അവൾ മനസ്സിലോർത്തു,. താൻ രാവിലെ തന്നെ പറയണന്ന് കരുതിയതാണ് പക്ഷേ അരുണേട്ടനെ മര്യാദയ്‌ക്കൊന്ന് കാണാൻ പോലും സമയം കിട്ടിയില്ല,..

“ഞാൻ പറയാനിരുന്നതാ !”അവൾ വിക്കിവിക്കിപറഞ്ഞു

“എന്നിട്ടെന്താ പറയാഞ്ഞത് !”

“അത് അരുണേട്ടനും തിരക്കിലായിരുന്നല്ലോ, പറ്റിയ ഒരവസരം കിട്ടിയില്ല !

“സാരല്ല്യ ഞാൻ അറിഞ്ഞല്ലോ,.. ”

“അയാം സോറി അരുണേട്ടാ !”

“എന്തിന്? ”

“അല്ല ഞാൻ പറഞ്ഞില്ലല്ലോ അതിന് .”

“അതല്ലേ പറഞ്ഞത് സാരമില്ലെന്ന് ! നിനക്ക് പറ്റുമെങ്കിൽ ഞാൻ ഫ്രഷ് ആയി വരുമ്പോഴേക്കും ഇതൊന്ന് തേച്ചു വെക്ക് !’

അവൻ ഡ്രസ്സ്‌ അവൾക്ക് നേരെ നീട്ടി,. സാരമില്ലെന്ന് പറഞ്ഞെങ്കിലും താൻ അരുണേട്ടനോട് പറയാതെ റിസൈൻ ചെയ്തത് ആളിൽ വിഷമമുണ്ടാക്കിയിട്ടുണ്ടെന്ന് അവൾക്ക് ഉറപ്പായി,.

” ഇനി എനിക്ക് ജോലിക്ക് പോണ്ട അരുണേട്ടാ,.. ഇവിടിരുന്നാൽ മതി,.. ”

“ഞാൻ നിർബന്ധിച്ചോ ജോലിക്ക് പോണന്ന്, ഇല്ലല്ലോ,.. നിന്നോട് വർത്തമാനം പറഞ്ഞു നിൽക്കാൻ എനിക്കൊട്ടും ടൈം ഇല്ല ഋതിക!” അതും പറഞ്ഞവൻ ബാത്റൂമിലേക്ക് കേറി,..

അവൾ വേദനയോടെ അത് നോക്കി നിന്നു,.. അരുണേട്ടന് ദേഷ്യം വരുമ്പോൾ മാത്രമാണ് തന്നെ ഋതികയെന്ന് വിളിക്കാറുള്ളത്,.. ആ ദേഷ്യം മാറ്റിയെടുക്കാൻ തന്നെക്കൊണ്ടാവും,…

എത്രയൊക്കെ അടക്കി വെയ്ക്കാൻ ശ്രമിച്ചിട്ടും ദേഷ്യം പുറത്തേക്ക് വരികയാണ്, ശരിയാണ് രാവിലെയൊന്നും പറയാനുള്ള ഒരു സാഹചര്യം കിട്ടിയില്ല, പക്ഷേ രാജീവ്‌ സാർ വിളിക്കുന്നതിന്റെ തൊട്ടുമുൻപെങ്കിലും അവൾക്കത് പറയാമായിരുന്നില്ലേ? ഇത്രയൊക്കെ ആയിട്ടും അവളെന്നോട് വീണ്ടും അകലം പാലിക്കുന്നത് എന്തിനാണ്? അവന് നിരാശ തോന്നി..

ഓ താനാണല്ലോ പക്വതയുള്ളവൻ,. താനാണല്ലോ അവളിലെ പക്വതയില്ലായ്മയെ മനസിലാക്കേണ്ടത്,.. അവന് സ്വയം പുച്ഛം തോന്നി,..

” ഇതിൽ നിന്ന് ഞാൻ എന്താ മനസിലാക്കേണ്ടത് ഋതു? ഇന്നേവരെ ഒന്നിനും ഞാൻ നിർബന്ധിച്ചിട്ടുണ്ടോ? ഇതിലും ഞാൻ നിന്റെ ഇഷ്ടങ്ങൾക്ക് എതിര് നിൽക്കുമെന്ന് കരുതിയിട്ടാണോ എന്നോട് നീയൊന്നും പറയാതിരുന്നത്? അങ്ങനാണേൽ നിനക്ക് വേണ്ടി ഞാൻ ഇത്രേം റിസ്ക് എടുക്കുമായിരുന്നോ? ഇനി എന്നാ നീയെന്നെയൊന്ന് മനസിലാക്കാനും അറിയാനും ശ്രമിക്കുക? ”

അവൻ മൗനമായി തന്നോട് തന്നെ ചോദിച്ചു,..

അരുണേട്ടനോട് ചോദിച്ചിട്ട് ചെയ്താൽ മതിയാരുന്നു,. ഇതിപ്പോ തനിക്ക് അരുണേട്ടനിൽ വിശ്വാസമില്ലാത്തോണ്ട് ചെയ്തതാണെന്ന് കരുതില്ലേ,.. അന്നേരത്തെ ഫ്രസ്ട്രേഷനിൽ അങ്ങനെ ചെയ്യാനാണ് തോന്നിയത് വേറൊന്നും താൻ ചിന്തിച്ചില്ല,, ഇനിയിപ്പോൾ അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല,.. തന്റെ കടമകൾ ഇനിയെങ്കിലും നന്നായി നിറവേറ്റാൻ തന്നെക്കൊണ്ടാവണം,..

അവൻ കുളിച്ചിറങ്ങി വന്നപ്പോൾ ഋതു റൂമിൽ ഉണ്ടായിരുന്നില്ല, അവനിടാനുള്ള ഡ്രസ്സ്‌ അവൾ അയൺ ചെയ്തു വെച്ചിരുന്നു,.. കൊണ്ടോവാനുള്ള സാധനങ്ങളെല്ലാം ബെഡിൽ അവൾ എടുത്ത് വെച്ചിരുന്നു,… അരുൺ അത് നോക്കി ഒരു നിമിഷം നിന്നു,..

അപ്പോഴാണ് ഒരു വാട്ടർബോട്ടിലിൽ വെള്ളവുമായി അവൾ കേറി വന്നത്,..

“ദാ എല്ലാം റെഡി ആട്ടോ !”

അവൾ അവനെ നോക്കി,.. അവൻ തന്നെത്തന്നെ നോക്കി നിൽക്കുകയാണ്,..

“ദേ ആറരയാവുന്നു,.. ഏഴ് മണിക്കെങ്കിലും ഇറങ്ങണം,.. പിന്നെയേ ഒരു പത്ത് പത്തരയൊക്കെ ആവുമ്പോഴേക്കും എത്തൂല്ലേ? ”

“അറിയില്ല നോക്കാം !”അതേ ഗൗരവം,..

“അതേ,.. ഈ ഗൗരവമൊക്കെ കളഞ്ഞു വേഗം ഡ്രസ്സ്‌ മാറിക്കേ,.. എത്ര വൈകിയാലും അരുണേട്ടൻ വരണവരെ ഞാൻ കാത്തിരുന്നോളാം !”

“അതെന്തിനാ? ഞാൻ ചിലപ്പോൾ വല്ലാതെ വൈകും ”

“സാരല്ല്യ,.. ഞാൻ വെയിറ്റ് ചെയ്‌തോളാം !”

“ഋതു നീ !”

“ഓ സമാധാനം ഋതിക മാറിയല്ലോ,.. ”

അവൾ ഡ്രസ്സ്‌ എടുത്ത് അവന്റെ അരികിലേക്ക് ചെന്നു !

“ദേ ഡ്രസ്സ്‌ മാറിക്കേ, ഇങ്ങടെ സിക്സ്പാക്ക് ബോഡി കണ്ടെന്റെ കണ്ട്രോൾ പോണുണ്ട്ട്ടോ,.. കുറച്ചു നേരം ഞാൻ ഇങ്ങനെ തന്നെ നോക്കി നിന്നാൽ ചിലപ്പോൾ ബിസിനസ്‌ മീറ്റിങ്ങിനു ഞാൻ വിട്ടില്ലെന്ന് വരും !”

അരുണിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു,…

“അപ്പോൾ ബിസിനസ്‌ മീറ്റിങ്ങിനു പോണ്ട എന്നാണോ ഋതു നീ പറയണേ? ”

“പോണ്ടാ എന്നാണ് എന്റെ ആഗ്രഹം,.. ”

“ഓഹോ,.. എങ്കിൽ നിനക്കൊപ്പം ഇനി എനിക്കും കൂടെ വീട്ടിലിരിക്കാം !”

“അയ്യോ അത് വേണ്ട,.. വേഗം ഡ്രസ്സ്‌ മാറ് !”

“അതെന്താ?”

“രാവിലെ മുതൽ വൈകുന്നേരം വരെ കാത്തിരുന്നു കാണുന്നതിനും ഒരു സുഖമുണ്ട് !”

“അപ്പോൾ നിനക്ക് പകല് ബോറടിക്കൂല്ലേ ഋതു? ”

“ബോറടിക്കുവോ എന്ന് ചോദിച്ചാൽ ബോറടിക്കും,.. പിന്നെ അരുണേട്ടൻ വിചാരിച്ചാൽ ബോറടി മാറ്റാനൊക്കെ പറ്റും !”

“എങ്ങനെ? ”

“എത്രേം പെട്ടന്ന് എനിക്കൊരു ജൂനിയർ അരുണിനെയിങ്ങ് തന്നാൽ മതി,. അപ്പോൾ സീനിയർ അരുണിനെ അത്രയ്ക്കങ്ങ് മിസ്സ്‌ ചെയ്യൂല്ല,..”

“എന്നാൽ ഇപ്പോ ആയാലോ? ” അവനവളെ തന്നിലേക്കടുപ്പിച്ചുകൊണ്ട് ചോദിച്ചു,..

“എനിക്ക് കുഴപ്പമൊന്നുമില്ല,.. പക്ഷേ അരുണേട്ടന്റെ ക്ലൈന്റ് അയാളുടെ വഴിക്ക് പോവും പിന്നെ ജൂനിയർ അരുണിന്റെ ഫ്യൂച്ചർ ഡാർക്ക് ആക്കണോ? ”

“ഓ അങ്ങനെയും ഒരു കാര്യം ഉണ്ടല്ലോല്ലേ? ”

“ആ,.. അതാണ് പറഞ്ഞത് തിരിച്ചു വരും വരെ വെയിറ്റ് ചെയ്‌തോളാം എന്ന് !”

“എങ്കിൽ അത്രേം നേരം ഓർത്തിരിക്കാൻ ഞാൻ തനിക്കൊരു സമ്മാനം തരട്ടെ !”

“എന്താണാവോ? ”

“കണ്ണടയ്ക്ക് !”

“മ്മ് !” അവൾ പതിയെ മിഴികൾ അടച്ചു,..

അരുണവളുടെ കവിളിൽ ചുംബിച്ചു,… ഒരു നിമിഷത്തേക്ക് അവളുടെ ഹൃദയത്തിൽ അതൊരു പൊള്ളലുണ്ടാക്കി,.. സുഖമുള്ളൊരു നീറ്റൽ അവൾക്ക് അനുഭവിക്കാൻ കഴിഞ്ഞു,..

“ഇതേയുള്ളൂ? ”

“ഇത് പോരേ? ”

“പോരാ !”

“പിന്നെ !”

അവളവന്റെ കാലുകളിൽ കയറി നിന്നു,..

“എന്താ ഉദ്ദേശം? ”

എത്തിവലിഞ്ഞ് അവന്റെ അധരങ്ങളിൽ ചുംബിച്ചു,.. അതിൽ അരുൺ തെല്ലൊന്ന് പതറിപ്പോയി,…

“എന്തൊരു ഹൈറ്റാ ഇത് ഒരു ഉമ്മ തരണേൽ പോലും സ്റ്റൂളിന്റെ പൊക്കത്ത് കേറണം !”

അരുൺ ഒരു പുഞ്ചിരിയോടെ അവളെ എടുത്തുയർത്തി,..

“ഇനി ഉമ്മ വെക്കണേൽ എന്നോട് പറഞ്ഞാൽ മതീട്ടോ !” അരുണിന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ പൊതിഞ്ഞു,…

ആ ചുംബനത്തിന്റെ തീവ്രത അവന്റെ നഗ്നമായ ചുമലിൽ അവളുടെ നഖംകൊണ്ട് പോറലേൽപ്പിച്ചു,..

“ഋതു,.. ഇനി മതീടോ,.. ബാക്കി ഞാൻ വന്നിട്ട് !” ഒരുവിധം അവൻ പറഞ്ഞൊപ്പിച്ചു,..

അവൾ വിട്ടു പോരാൻ മടിക്കും പോലെ ദാഹം തീരാത്തവളെ പോലെ വീണ്ടും അവനെ ചുംബനങ്ങളാൽ മൂടി,…

********

“ഞാനും വരട്ടെ അരുണേട്ടാ? ”

“എന്തിനാ? ”

“എനിക്കെന്തോ അരുണേട്ടനോടിങ്ങനെ,.. ചേർന്നു നിൽക്കാൻ തോന്നുന്നു !”

“ചേർന്നു നിൽക്കാരുന്നല്ലോ, റെസിഗ്നേഷൻ ലെറ്റർ കൊടുക്കുംമുൻപേ എന്നോടൊന്ന് ചോദിച്ചിരുന്നേൽ !”

അവൾ മറുപടി പറഞ്ഞില്ല,.. പകരം അവന്റെ ഷർട്ടിന്റെ ബട്ടൺ ഒന്നൊന്നായി ഇട്ടു,..

“അല്ല മോളേ, ഇത് ഇന്നെങ്ങാനും ഇട്ടു തീരുവോ? ”

“അതല്ലേ ഞാൻ പറഞ്ഞേ,.. നിങ്ങടെ ഈ സിക്സ് പാക്ക് ബോഡി കണ്ടാൽ എന്റെ കണ്ട്രോൾ പോകുമെന്ന്.. ചുമ്മാ ഇങ്ങനെ നോക്കിയിരിക്കാൻ തോന്നും !”

“അതേ മാഡം എന്നെ വഴി തെറ്റിക്കുവോ? ഞാൻ എങ്ങനൊക്കെയോ കണ്ട്രോൾ ചെയ്തു നിൽക്കുവാ,.. എന്റെ ആഞ്ജനേയ സ്വാമി കാത്തോളണേ !”

അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു,..

“ദേ ഇട്ടു കഴിഞ്ഞു,.. വേഗം പോയിട്ട് വാ !”

അവൻ മടിയോടെ അവളെ നോക്കി,..

“അയ്യേ,.. ഇതെന്താ ഒരുമാതിരി സ്കൂൾ കുട്ടികളെപ്പോലെ,… ”

“ഋതു ഐ ലവ് യൂ !”

അവൾ ഒന്ന് നിശബ്ദയായി,… അവൻ അവളുടെ മറുപടിക്കായി കാത്തു,..

“എന്താഡോ ഒന്നും പറയാത്തെ? ”

“ഓൾ ദി വെരി ബെസ്റ്റ് !”

അവൻ നിരാശയോടെ അവളെ നോക്കി,..

“ഇതാണോ ഐ ലവ് യൂ എന്ന് പറയുമ്പോഴുള്ള മറുപടി? എപ്പോഴാണോ മാഡത്തിന്റെ വായിൽ നിന്നും ഒരു ഐ ലവ് യൂ ടൂ അരുണേട്ടാ കേൾക്കാൻ കഴിയുവാ? ”

“ആലോചിക്കേണ്ടി വരും !”

“അപ്പോൾ ഈ ജന്മം എനിക്കത് കേൾക്കാൻ വിധിയില്ല !”

“എന്ന് ഞാൻ പറഞ്ഞില്ല !”

“പിന്നെ? ”

അവൾ തന്റെ ഇരു കൈകളും അവന് നേരെ നീട്ടി,.. അവൻ അവളെ അത്ഭുതത്തോടെ നോക്കി,..

“എന്താ നോക്കി നിൽക്കുന്നേ, എടുക്ക് !”

“ഡി, ഡ്രസ്സ്‌ ചുളിയും !”

“ആ കാരണം കൊണ്ട് അരുണേട്ടന് ഡീൽ കിട്ടാതെ ഇരിക്കില്ല !”

അരുൺ അവളെ പൊക്കിയെടുത്തു,..

ഋതിക ഒരിക്കൽ കൂടി അവന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചു,..

“ആ പറഞ്ഞതിനുള്ള മറുപടി ഇതിലുണ്ട് !”

അരുൺ ഒന്ന് ചിരിച്ചു,…

“അപ്പോ ശരി !”

“വേഗം വന്നേക്കണം,… അയാം വെയ്റ്റിംഗ് !”

അവളെ ഒന്ന്കൂടി ഹഗ് ചെയ്ത് നെറുകിൽ ഒരു ചുംബനവും നൽകി അവൻ മനസില്ലാമനസോടെ അവൻ പുറത്തേക്കിറങ്ങി,..

അന്നെന്തോ ആ യാത്ര പറച്ചിൽ അവളുടെ കണ്ണുകളെ ഈറനണിയിച്ചു,. അവന്റെ അവസ്ഥയും സമാനമായിരുന്നു,..

ഇന്ന് ഈ ഡീൽ താൻ പിടിക്കേണ്ടത് കമ്പനിക്ക് വേണ്ടി മാത്രമല്ല, തന്റെ ഋതുവിന്‌ വേണ്ടിയാണ് അവളുടെ നല്ല ഭാവിക്ക് വേണ്ടിയാണ്,… തന്നെക്കൊണ്ട് അതിന് കഴിയും,..

“അല്ല ഏട്ടൻ ഇതെങ്ങോട്ടാ? ” ശരത്ത് ചോദിച്ചു

“ഒരു ബിസിനസ് മീറ്റിംഗ് ഉണ്ടെടാ? ”

“ഇന്നോ? ”

“ആ ഒഴിവാക്കാൻ പറ്റൂല്ല !”

“എന്നാ ഞാനും കൂടി വരട്ടെ? ഒരു ഡ്രൈവർ ആയിട്ട്,.. ഡീലിന്റെ 50% കമ്മീഷൻ തന്നാൽ മതി,.. എനിക്ക് ഭയങ്കര ഐശ്വര്യവാ ! ”

“അയ്യോ വേണ്ടേ,.. ഞാനൊറ്റയ്ക്ക് പൊക്കോളാം !”

“അല്ല കമ്മീഷൻ ഒന്നും വേണ്ടന്നെ !”

“എന്തിനാ നിനക്ക് ബോറടിക്കും,.. ഞാൻ പോയിട്ട് വരാം, നീയിവിടെ പിള്ളേരേം കളിപ്പിച്ചു ഇരിക്ക്ട്ടോ !”

“ഓ വേണ്ടെങ്കിൽ വേണ്ട,.. !” ശരത്ത് പരിഭവത്തോടെ നിന്നു, .

“ഓ ഇതിനെ ഏട്ടത്തി എങ്ങനെ സഹിക്കുന്നോ എന്തോ? ”

“നീയെന്തേലും പറഞ്ഞാരുന്നോ? ”

“ഹേയ് !”

“മര്യാദക്ക് പറഞ്ഞോ !”

“അത്,.. വർക്കിൽ ഇത്രേം ആത്മാർത്ഥത ഉള്ള ഏട്ടനെ കിട്ടിയ ഏട്ടത്തി എത്ര ഭാഗ്യവതിയാണെന്നു പറഞ്ഞതാ !”

അവൻ ആക്കിയതാണെന്ന സംശയം അരുണിൽ തോന്നാതെ ഇരുന്നില്ല എങ്കിലും അവൻ പുഞ്ചിരിയോടെ പടികളിറങ്ങി,..

അരുണിന്റെ കാർ ഗേറ്റ് കടന്നു പോകും വരെ അവൾ ബാൽക്കണിയിൽ തന്നെ നിന്നു,..

“ഐ ടൂ ലവ് യൂ അരുണേട്ടാ,.. ഇന്ന് മുതൽ ഋതു പൂർണമായും അരുണേട്ടന്റെ മാത്രമായിരിക്കും,.. ആൽബിയോ അവന്റെ ഓർമകളോ ഒന്നും മുന്നോട്ടേക്കുള്ള നമ്മുടെ ജീവിതത്തെ അഫക്റ്റ് ചെയ്യില്ല !” അവൾ മിഴികൾ തുടച്ച് അകത്തേക്ക് നടന്നു,..

*******
കുളി കഴിഞ്ഞു വന്ന ഋതു ധന്യ സമ്മാനിച്ച ലാച്ച എടുത്തണിഞ്ഞു,… ഒരിക്കൽ മുടങ്ങിപ്പോയ തങ്ങളുടെ ഫസ്റ്റ് നൈറ്റ് ഇന്ന് വീണ്ടും ആഘോഷിക്കാൻ പോവുകയാണ്,…

സീമന്തരേഖയിലെ ചുവപ്പിന് ഇന്ന് മറ്റെന്നത്തെക്കാളും ഇന്ന് തിളക്കം കൂടുതലാണെന്ന് അവൾക്ക് തോന്നി,..

ചുവന്ന റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച പുതിയ ബെഡ് ഷീറ്റിലേക്ക് നോക്കിയപ്പോൾ അവൾക്ക് ചെറിയൊരു പേടിയും നാണവും തോന്നാതിരുന്നില്ല,….

“എന്തിനാ ഋതു നീയിങ്ങനെ പേടിക്കുന്നേ,.. നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാത്രിയാ ഇന്ന്,.. നീ പൂർണ്ണമായും നിന്റെ ഭർത്താവിന് സ്വന്തമാക്കുന്ന രാത്രി,… ”

അവൾ കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു,.. ഇന്ന് തന്റെ സൗന്ദര്യം ഇരട്ടിച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി,.. ഒരു കാലത്ത് കണ്ണാടി പോലും നോക്കാൻ മടിച്ച താനാണ് ഇന്ന് ഈ ആഭരണങ്ങളൊക്കെ അണിഞ്ഞു മേക്കപ്പും ഇട്ട് ഇരിക്കുന്നത്,.. എത്രയൊക്കെ ഒരുങ്ങിയിട്ടും അവൾക്ക് തൃപ്തിയാവാത്ത പോലെ തോന്നി,..

സമയം പത്തു മണി ആവുന്നു,.. അരുണേട്ടന്റെ മീറ്റിംഗ് കഴിഞ്ഞിട്ടുണ്ടാകുമോ,.. ഡീൽ അരുണേട്ടന് കിട്ടിക്കാണുമോ? സംശയങ്ങളും ചോദ്യങ്ങളും ഏറെയായിരുന്നു,. ഒന്ന് വിളിച്ചു നോക്കാനാണെങ്കിൽ ഫോണും ഇല്ല കയ്യിൽ,.. കാണാതിരുന്നിട്ടാണെങ്കിൽ ചങ്ക് പിളരുന്നു,.. മുൻപെങ്ങും തനിക്കിത്പോലെ അനുഭവപ്പെട്ടിട്ടില്ലെന്ന് അവൾക്ക് തോന്നി,..

അപ്പോഴാണ് ശരത്ത് വാതിലിൽ മുട്ടിയത്,..

“ഏട്ടത്തി …”

“ദാ വരണൂ ഡാ … ”

ശ്ശേ, ഈ കോലത്തിൽ എങ്ങനെ പോകും ശരത്തിന്റെ അടുത്തേക്ക്,.. അവനെന്തു വിചാരിക്കും, പക്ഷേ പോവാതെ രക്ഷയില്ലല്ലോ,.. അവൾ ദുപ്പട്ടയെടുത്ത് പുതച്ച് രണ്ടും കല്പ്പിച്ചു വാതിൽ തുറന്നു,…

ഋതുവിന്റെ ചിന്ത പോലെ തന്നെ അത്ഭുതത്തോടെയാണ് ശരത്ത് അവളെ നോക്കിയത്,….

“എന്താ നീ ഇങ്ങനെ നോക്കണത്? ”

“അത് ഒന്നൂല്ല ഏട്ടത്തി,..”അവൻ കണ്ണെടുക്കാതെ പറഞ്ഞു,..

“അല്ല ഏട്ടത്തി യൂ ട്യൂബിൽ എങ്ങാനും വല്ല ബ്യൂട്ടിഷൻ ചാനെലും തുടങ്ങിയിട്ടുണ്ടോ? ”

“നീയെന്താ അങ്ങനെ ചോയിച്ചേ? ”

“അല്ല മേക്കപ്പ് ഒക്കെ ഇട്ടിരിക്കുന്നത് കൊണ്ട്, വല്ല വെഡിങ് മേക്കപ്പ് ട്യൂട്ടോറിയൽ വീഡിയോയും ചെയ്തിരിക്കുവാന്നാ ഞാൻ വിചാരിച്ചത് !”

അവൾക്ക് നല്ല ചടപ്പ് തോന്നി,. മേക്കപ്പ് ഓവർ ആയോ,.. ശ്ശേ,.. ഇവൻ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് അരുണേട്ടൻ എന്ത് പറയുമോ എന്തോ? എന്ത് പറയണമെന്ന് അറിയാതെ അവളെ ആകെ വിയർത്തു,..

“ഇന്നാ ഏട്ടനാ,.. ഏട്ടത്തിക്ക് തരാൻ പറഞ്ഞു !”

അവൻ അവൾക്ക് തന്റെ ഫോൺ നീട്ടി,.. ശരത്ത് നിൽക്കുമ്പോൾ താനെങ്ങനെയാണ് സംസാരിക്കുക,..

അവൻ പുറത്തേക്ക് പോയി സംസാരിച്ചോളാൻ ഋതുവിന് അനുവാദം നൽകി,.. ഋതു നേരെ ബാൽക്കണിയിലേക്ക് വെച്ചു പിടിച്ചു,..

ശരത്ത് മുറിയൊക്കെ നോക്കിക്കണ്ടു,..

“ഇവരുടെ ഫസ്റ്റ് നൈറ്റ്‌ ഇതുവരെ കഴിഞ്ഞില്ലായിരുന്നോ? ആ എന്തേലും ആവട്ടെ ” അവൻ വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി,..

***—***

“അരുണേട്ടാ !” കിതച്ചുകൊണ്ട് അവൾ വിളിച്ചു,…

“നീയെന്താ ഓടുവായിരുന്നോ? കിതയ്ക്കുന്നെ? ”

“അത് പിന്നെ ശരത്ത്, ഫോൺ കൊണ്ട് വന്ന് തന്നപ്പോൾ,.. അല്ല ബിസിനസ്‌ ഡീൽ എന്തായി? ”

“അത് ഓക്കേ ആണ്,.. നമുക്ക് തന്നെ കിട്ടി !”അവൻ അഭിമാനത്തോടെ പറഞ്ഞു,..

“വൗ,.. ഗ്രേറ്റ്‌,.. കൺഗ്രാറ്റ്സ് അരുണേട്ടാ !” അവൾക്ക് തന്റെ സന്തോഷം അടക്കിവെക്കാൻ കഴിഞ്ഞില്ല,…

“കുറച്ചൊന്ന് വിയർത്തു,.. എങ്കിലും ഫൈനലി കൂടെയിങ്ങ് പോന്നു !”

“അതെനിക്കറിഞ്ഞൂടെ,.. അരുണേട്ടൻ വേറെ ലെവൽ അല്ലേ? ”

“ഓഹോ,.. ഈ സോപ്പിങ്ങിന് പിന്നിലെ ഉദ്ധേശമെന്താ? ”

“അത് മോൻ വരുമ്പോൾ പറഞ്ഞു തരാട്ടോ,.. കുറച്ചു സീക്രട്ടാ !”

“അത്രയ്ക്ക് സീക്രെട് ആണോ? ”

“യപ്പ്,.. ആട്ടെ,.. ഇപ്പോ എവിടെയാ? ”

“ഞാൻ ഡ്രൈവിങ്ങിൽ ആണ്,.. ഒരു അര മണിക്കൂറിനുള്ളിൽ എത്തും !” അവനത് പറഞ്ഞപ്പോൾ അവളുടെ ഹൃദയം പെരുമ്പറ കൊട്ടി,…

“എന്താടോ ഒന്നും മിണ്ടാത്തെ? ”

“ഐ മിസ്സ്‌ യൂ !”

“ഒരു മൂന്ന് മണിക്കൂർ കാണാതായപ്പോഴേക്കും ഇത്രേം മിസ്സിങ്ങോ? ”

“അത് അരുണേട്ടന് പറഞ്ഞാൽ മനസിലാവൂല്ല,.. ”

“ഓഹോ,.. മോൾക്കെന്താ എന്നോട് ലബ്ബാ? ”

“സൊല്ലമാട്ടേൻ !”

“ആ നീ പറയണ്ട,.. ഒരിക്കലും പറയണ്ട,.. ലാസ്റ്റ് ഞാൻ തട്ടിപ്പോയിട്ട് എന്നെ കെട്ടിപ്പിടിച്ചു നെഞ്ചത്തടിച്ച് കരഞ്ഞ്,.. അരുണേട്ടാ ഐ ലവ് യൂ എന്ന് പറഞ്ഞാൽ ആര് കേക്കാനാടി? ”

അവനത് പറഞ്ഞതും അവളുടെ ചങ്ക് തകർന്നു പോയി,.. എന്തൊക്കെയാ ഈ വിളിച്ചു പറയണത്,..

“എന്താ ഇപ്പോപ്പറഞ്ഞേ? ” അവൾ ദേഷ്യത്തിൽ ചോദിച്ചു,..

“എന്താ ഇപ്പോ പറഞ്ഞേന്ന്? ”

“അത് ഞാൻ തട്ടിപ്പോയിട്ട് നീ ഐ ലവ് യൂ പറഞ്ഞാൽ ആര് കേൾക്കാനാന്ന് !” അവൻ വിക്കിവിക്കിപ്പറഞ്ഞു,..

“കൊല്ലും അരുണേട്ടാ ഞാൻ !” അവളുടെ വാക്കുകളിൽ ദേഷ്യവും സങ്കടവുമെല്ലാം ഇടകലർന്നിരുന്നു,..

“അപ്പോൾ മരണമുറപ്പായി !”അവൻ തമാശയായി പറഞ്ഞു,..

“എന്തിനാ ഇങ്ങനൊക്കെ പറയുന്നേ,.. അരുണേട്ടൻ ഇല്ലാതെ എനിക്കൊരു നിമിഷം പോലും ജീവിക്കാനാവില്ല !” അവളുടെ ശബ്ദമിടറി,..

അരുണിന്റെ മനസ്സിൽ അത് കുളിരേകി,..

“അത്രയ്ക്ക് ഇഷ്ടാ എന്നെ? ”

“കുച്ച് കുച്ച് ഹോതാ ഹേ രാഹുൽ, തും നഹീ സംജോഗേ !”

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,..

“സത്യം പറഞ്ഞോ ആരാടി രാഹുൽ, എന്റെ പുതിയ ശത്രുവാണോ? ”

“എന്റെ കെട്ടിയോൻ !”

“ഞാനറിയാതെ നീ പിന്നേം കെട്ടിയോ? ”

“ആ കെട്ടി,.. ഒന്നിങ്ങ് വേഗം വാരാവോ മനുഷ്യാ,.. അല്ലേൽ ഏതെങ്കിലും രാഹുലിന്റെ കൂടെ പോകും ഞാൻ !” അവൾ അമർഷത്തോടെ പറഞ്ഞു,..

ഈ കാത്തിരിപ്പ് അവൾക്ക് മറ്റെന്തിനേക്കാളും അസഹനീയമായിരുന്നു,..

“ഓഹോ അങ്ങനാണോ, എന്നാൽ വേഗം വിട്ടോ ഞാൻ കുറച്ചു ലേറ്റ് ആയേ വരൂ !”

“അരുണേട്ടാ !” അവൾ പരിഭവത്തോടെ വിളിച്ചു,…

അവളെ ഇട്ട് വട്ടു കളിപ്പിക്കുന്നതിനൊരു പ്രേത്യേക സുഖമുണ്ടെന്ന് അവന് തോന്നി,..

വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞതും ആരോ റോഡിന് കുറുകെ വണ്ടി നിർത്തിയിട്ടിരിക്കുന്നത് അവൻ കണ്ടു,..

“അതേ,.. ഋതു നീ രാഹുലിന്റെ കൂടെയൊന്നും പോവാൻ നിൽക്കണ്ട ഞാൻ ഇപ്പൊത്തന്നെ എത്തും,.. ശരത്തിനെ വെറുതെ വെയിറ്റ് ചെയ്യിക്കണ്ട ഞാൻ വെക്കുവാ !”

“വേഗം വാട്ടോ !” അവൾ ഒരിക്കൽ കൂടി അവനെ ഓർമിപ്പിച്ചു,..

“മ്മ് !” അവൻ കോൾ കട്ട് ചെയ്തു,..

അവൾ ഫോൺ ശരത്തിന് തിരികെ കൊടുത്തു,…

“ഏട്ടനെന്താ പറഞ്ഞേ? ”

“വന്നോണ്ടിരിക്കുവാന്ന് !”

“ഓ ആയിക്കോട്ടെ,.. ” ശരത്ത് അവളെ അർത്ഥം വെച്ചൊന്ന് നോക്കി തിരിഞ്ഞു നടന്നു,..

ശ്ശേ, അവനെന്താ വിചാരിച്ചിട്ടുണ്ടാവുക, ഋതികയ്ക്ക് ചെറിയൊരു ചമ്മൽ തോന്നി,..

“അപ്പോ ഹാപ്പി ഫസ്റ്റ് നൈറ്റ് !” അവൻ വിളിച്ചു പറഞ്ഞു,..

ദൈവമേ ഇവനെങ്ങനെയാ അറിഞ്ഞത് ഇന്നാണ് തങ്ങളുടെ ഫസ്റ്റ് നൈറ്റ് എന്ന്,.. നെഞ്ചിൽ കൈ വെച്ചുകൊണ്ട് ഋതു വാതിൽ കുറ്റിയിട്ടു,..

*********

അരുൺ കുറച്ചു നേരം ഹോണടിച്ചെങ്കിലും ആരും മുന്നോട്ടേക്ക് വരാനോ വണ്ടി മാറ്റാനോ തയ്യാറായില്ല,.. അരുൺ ക്ഷമ കെട്ടു പുറത്തേക്കിറങ്ങി,..

“നടുറോഡിലാണോ കൊണ്ടോയി വണ്ടി പാർക്ക് ചെയ്യണത് !” അരുൺ ഡ്രൈവിംഗ് സീറ്റിന് അടുത്ത് ചെന്ന് രോഷത്തോടെ ചോദിച്ചു,..

“പിന്നെ എവിടെയാ പാർക്ക് ചെയ്യേണ്ടത്,.. ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു !”

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്ന രൂപം കണ്ട അരുൺ ഒന്ന് ഞെട്ടി,..

“ആൽബി,.. ” അവന്റെ നാവുകൾ ചലിച്ചു,…

(തുടരും)

അനുശ്രീ ചന്ദ്രൻ

തിരുത്തിയിട്ടില്ല,.. മിസ്റ്റേക്ക്സ് ഉണ്ടെങ്കിൽ ക്ഷമിക്കണേ,…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!