Skip to content

ഈ തണലിൽ ഇത്തിരി നേരം – 24

ee-thanalil-ithiri-neram

താഴെ അടക്കിപ്പിടിച്ചുള്ള സംസാരവും കൂട്ടക്കരച്ചിലും കേട്ടാണ് ഋതു മുറിയുടെ പുറത്തേക്ക് ഇറങ്ങിച്ചെന്നത്,.. പെട്ടന്ന് തന്നെ ഒരു കാർ സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്ക് പോകുന്ന ശബ്ദം കേട്ടു,…എന്താണ് സംഭവിച്ചതെന്നറിയാതെ അവൾ പടികളിറങ്ങി താഴേക്ക് ചെന്നു,… താൻ മാത്രമേ അപ്പോൾ ആ വീട്ടിലുള്ളൂ എന്ന് വിശ്വസിക്കാൻ അവൾക്ക് പ്രയാസം തോന്നി,..

എല്ലാവരും എവിടെപ്പോയതായിരിക്കും തന്നോടൊന്ന് പറയുക പോലും ചെയ്യാതെ എന്നോർത്ത് നിന്നപ്പോഴാണ് വീട്ടിലെ ലാൻഡ് ഫോൺ ബെല്ലടിച്ചത്,.. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം അവൾ റിസീവർ കാതോരം ചേർത്തു,..

“ഹലോ !”

കേട്ട വാർത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയാതെ അവൾ പകച്ചിരുന്നു,. മിഴിനീർ തുള്ളികൾ അവളുടെ കവിൾത്തടങ്ങളിലൂടെ പുതിയ ചാലുകൾ തേടി,.. അനങ്ങാൻ വയ്യ,.. റിസീവർ അവളുടെ കയ്യിൽ നിന്നും താഴെ വീണു,..

അരുണേട്ടന്,.. തന്റെ അരുണേട്ടന്,.. എന്താ അവര് പറഞ്ഞത് തന്റെ അരുണേട്ടനെന്തോ അപകടം പറ്റിയെന്നോ? ഇല്ല താനിത് വിശ്വസിക്കില്ല,.. ഒന്നും വരില്ലെന്റെ അരുണേട്ടന്,.. എന്റെ അടുത്ത് കാത്തിരിക്കാൻ പറഞ്ഞിട്ട് പോയതല്ലേ,.. കാത്തിരിക്കാം,.. ഞാൻ കാത്തിരിക്കുകയായിരുന്നല്ലോ,.. ഋതിക സോഫയിലേക്ക് തളർന്നിരുന്നു,.. ഒന്ന് പൊട്ടിക്കരയാൻ പോലുമാവാതെ അവൾ ഒറ്റയിരുപ്പിരുന്നു,..

അല്ല ഇനി വന്നില്ലെങ്കിലോ,.. ഞാൻ കൂട്ടിക്കൊണ്ട് വന്നാലേ വരുള്ളൂവെങ്കിലോ,.. ഞാൻ തന്നെ പോയി കൂട്ടിയിട്ട് വരാം,.. ഒരു ഭ്രാന്തിയെ പോലെ അവൾ വീട് വിട്ടിറങ്ങി,.. മഴത്തുള്ളികൾ അവൾക്ക് മീതെ ആർത്തലച്ചു പെയ്തുകൊണ്ടിരുന്നു,…

വഴിയേ പോകുന്ന വണ്ടികൾക്കെല്ലാം ഒരാശ്രയമെന്നവണ്ണം അവൾ കൈനീട്ടിക്കൊണ്ടിരുന്നു,…

*****—–*****

ഹോസ്പിറ്റൽ ഇടനാഴികളിലൂടെ നനഞ്ഞുകുളിച്ച് സ്വബോധമില്ലാതെ ഓടുന്ന അവൾ എല്ലാവർക്കും ഒരത്ഭുത കാഴ്ച്ച തന്നെ ആയിരുന്നു,..

ഐ സി യൂ വിന് മുൻപിൽ തടിച്ചു കൂടിയവർക്കിടയിൽ അവൾ തന്റെ ബന്ധുക്കളെ തിരഞ്ഞു,.. ശാരദയെ കണ്ടതും അവൾ അമ്മയ്ക്ക് അരികിലേക്ക് ഓടിച്ചെന്നു…

“എന്താമ്മേ, എന്താ എന്റെ അരുണേട്ടന് പറ്റിയത്? ” ഹൃദയം തകർന്നവൾ ചോദിച്ചു,…

ശാരദ അനങ്ങാതെ കല്ലുപോലിരുന്നു,.. അവളെ കണ്ടില്ലെന്നത് പോലെ..

പലരുടെയും മുഖത്ത് തന്നോടുള്ള വെറുപ്പും ദേഷ്യവുമാണ് പ്രകടമാവുന്നതെന്നത് അവളുടെ തോന്നലുകൾക്കും അപ്പുറമുള്ള യാഥാർഥ്യമായിരുന്നു,..

“എന്താ, എന്താ ആരുമൊന്നും മിണ്ടാത്തത്? എന്റെ അരുണേട്ടന് എന്താ പറ്റിയതെന്നാ ഞാൻ ചോദിച്ചത്? ” അവളുടെ ചോദ്യത്തിന്റെ പ്രതിധ്വനി ആ ഹോസ്പിറ്റലിൽ ആകെ അലയടിച്ചു,…

“നിന്റെ അരുണേട്ടനോ? “നഷ്ടപ്പെട്ട ധൈര്യം വീണ്ടെടുത്ത ആർജവത്തോടെ കരുണ ചോദിച്ചു,…

“പറ കരുണേച്ചി എന്താ എന്റെ അരുണേട്ടന് പറ്റീത്? ”

“നിർത്തടി നിന്റെ അഭിനയം,.. എന്റെ ഏട്ടനെ കൊല്ലാക്കൊല ചെയ്തിട്ടിപ്പോൾ അവളുടെ ഒടുക്കത്തെ ഒരു പെർഫോമൻസ് എന്റെ അരുണേട്ടൻ പോലും !”

ഋതിക തളർച്ചയോടെ അവളെ നോക്കി,..

“ഞാൻ കൊല്ലാക്കൊല ചെയ്തെന്നോ? എന്തൊക്കെയാ ചേച്ചി ഈ പറയണേ ”

“നീയും നിന്റെ കാമുകനും ചേർന്നെന്റെ ഏട്ടനെ,.. അവനാ എന്റെ ഏട്ടനെ,.. നിന്റെ ആൽബി !”
കരുണ ഒരു തേങ്ങലോടെ പറഞ്ഞു,..

“ചേച്ചി എന്താ പറഞ്ഞേ? ” അവൾ കരുണയുടെ കൈ പിടിച്ചു,.. കരുണ വെറുപ്പോടെ അവളുടെ കൈകൾ തട്ടി മാറ്റി,..

“എനിക്ക് ഉറപ്പാ നിനക്കും അതിൽ പങ്കുണ്ടെന്ന് !”

ഋതിക വീണ് പോവാതെ ഭിത്തിയിൽ അള്ളിപ്പിടിച്ചു,.. ആൽബി,.. അവനാണ് അരുണേട്ടനെ അപകടപ്പെടുത്തിയതെന്നോ? തനിക്കും അതിൽ പങ്കുണ്ടെന്നോ,.. ഇല്ല അരുണേട്ടന് അറിയാതെ പോലും ഒരപകടം സംഭവിക്കുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലുമാവില്ല,.. ആ താനെങ്ങനെ തന്റെ പാതി ജീവനെ ഇല്ലാതാക്കാൻ കൂട്ട് നിൽക്കും,..

“ഞാനല്ല….എനിക്കങ്ങനൊന്നും ചിന്തിക്കാൻ പോലും പറ്റില്ല,.. അരുണേട്ടനില്ലാതെ എനിക്ക് പറ്റില്ല !”

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്തേക്കിരുന്നു,..

“ആരെക്കാണിക്കാനാ നിന്റെയീ പൂങ്കണ്ണീർ,.. ഞങ്ങളാരും പൊട്ടന്മാരാണെന്ന് നീ കരുതരുത്,.. ” കരുണ വാശിയോടെ പറഞ്ഞു,.. ബാക്കിയെല്ലാവരും നിശബ്ദരായി ഈ രംഗങ്ങൾ നോക്കി നിൽക്കുന്നു…

“ഞാനല്ല ചേച്ചി,… ” അവൾ ഉരുവിട്ടുകൊണ്ടിരുന്നു,..

“ശരത്തേ,.. ” ഒരാശ്രയമെന്നപോലെ അശോകൻ വിളിച്ചു,…

ഒരു മൂലയിലായി ഒതുങ്ങി നിന്ന ശരത്ത് അവൾക്കരികിലേക്ക് ചെന്നു,..

“വാ ഏട്ടത്തി എണീക്ക്,.. ഇവിടെ നിൽക്കണ്ട, വീട്ടിലേക്ക് പോവാം !”

“ഇല്ല ശരത്തേ ഞാനെങ്ങോട്ടേക്കും വരില്ല,.. എന്റെ അരുണേട്ടനില്ലാതെ ഞാൻ എങ്ങോട്ടേക്കും വരില്ല !”

ശരത്ത് നിസഹായനായി അശോകനെ നോക്കി,..

അയാൾ ദുഃഖത്തോടെ മുഖം തിരിച്ചു…

“ഏട്ടത്തി പ്ലീസ്,.. ഇവിടൊരു സീൻ ഉണ്ടാക്കല്ലേ !”

“സീനുണ്ടാക്കുന്നതാണോ ശരത്തെ,.. എന്റെ അരുണേട്ടന് എന്താ പറ്റിയതെന്ന് എനിക്കറിയണം,. അതെന്റെ അവകാശമാണ് !”

“അവകാശം പോലും,.. ” കരുണ പുശ്ചത്തോടെ അവളെ നോക്കി,…

“ഏടത്തി ഇവിടുത്തെ അവസ്ഥ ഒന്ന് മനസ്സിലാക്ക്, ഇവിടെ കിടന്നിങ്ങനെ വഴക്കുണ്ടാക്കല്ലേ !”

“ഞാനാണോ വഴക്കുണ്ടാക്കിയത്? ഞാൻ സ്വപ്നത്തിൽ പോലും കാണാത്ത കാര്യത്തിനാ എല്ലാവരും കൂടിയെന്നെ കുറ്റപ്പെടുത്തുന്നത് !”

“അവൾ അറിഞ്ഞിട്ടില്ല പോലും.. ” കരുണ വയലന്റ് ആകുമെന്ന് തോന്നിയ നിമിഷം നിയ കരുണയെ പിടിച്ചു വെച്ചു,..

“പ്ലീസ് കരുണേച്ചി മതി !”

“ഇവളെ ഇവിടന്ന് പറഞ്ഞു വിടുന്നുണ്ടോ? ”

“എന്റെ അരുണേട്ടനെ കാണാതെ ഞാൻ എങ്ങോട്ടും പോവില്ല !” ഋതിക രണ്ടും കൽപ്പിച്ച് അവിടെത്തന്നെ ഇരുന്നു,..

“എന്തിനാ നീയിങ്ങനെ വാശി പിടിക്കുന്നത്?”
ശാരദ ചോദിച്ചു,… .

“ഒന്ന് പറയമ്മേ,.. ഞാൻ അല്ലെന്ന്,.. അമ്മയ്ക്ക് തോന്നുന്നുണ്ടോ ഋതു അങ്ങനെ ചെയ്യുമെന്ന്,.. ഞാൻ എന്റെ അരുണേട്ടനെ ചതിക്കുമെന്ന്? ” കണ്ണീരിനിടയിലും അവൾ പ്രതീക്ഷയോടെ ശാരദയെ നോക്കി..

“എന്ത് തെറ്റാ അവൻ നിന്നോട് ചെയ്തത്,.. സ്നേഹിച്ചിട്ടല്ലേ ഉള്ളൂ അവൻ?”

“അതെനിക്ക് അറിയാം അമ്മേ?!”

“എന്നിട്ടാണോ നീയ് !?”

ആരൊക്കെ തന്നെ കുറ്റപ്പെടുത്തിയാലും അമ്മയും അച്ഛനും കൂടെയുണ്ടാകുമെന്നാണ് കരുതിയത്, . ഇതിപ്പോൾ,…

“ഞാൻ പറഞ്ഞല്ലോ ഞാനല്ലെന്ന് !”

” എല്ലാവരും എതിർത്തിട്ടും നിന്നെ കല്യാണം കഴിക്കാനുള്ള അവന്റെ തീരുമാനത്തെ സപ്പോർട്ട് ചെയ്തത് ഞാനാ,.. എല്ലാം അറിഞ്ഞുവെച്ചുകൊണ്ട് ഞാനാ എന്റെ കുഞ്ഞിനെ !” ശാരദ പൊട്ടിക്കരഞ്ഞു,..

“ചേച്ചി !” സുജ അവരെ ആശ്വസിപ്പിച്ചു,…

അവളുടെ മനസ്സിൽ അമ്മയ്ക്ക് അറ്റാക്ക് വന്ന നിമിഷങ്ങൾ കടന്നു വന്നു,.. അന്നും ഇതേപോലുള്ള കുറ്റപ്പെടുത്തലുകൾ തന്റെ പ്രിയപ്പെട്ടവരിൽ നിന്നും തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്,.. അന്ന് തന്നെ വിശ്വസിച്ചതും ചേർത്ത് പിടിച്ചതും അരുണേട്ടനും ഏട്ടന്റെ അമ്മയുമാണ്,.. ഇന്ന് ആ അമ്മയും തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു,..

തനിക്കിനി ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ല,.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ അരുണേട്ടനെന്നെ അറിയാം എന്ന് പറഞ്ഞവൾ തന്റെ മനസ്സിന് ധൈര്യം കൊടുത്തു,..

“ഇനിയും എന്തിനാടി ഇവിടെ നിൽക്കുന്നത്,.. ബാക്കിയുള്ള ജീവൻ കൂടിയെടുക്കാനോ? കരുണ നിർത്താനുള്ള ഭാവമൊന്നും ഉണ്ടായിരുന്നില്ല,..

“കരുണേച്ചി മൈൻഡ് യുവർ വേർഡ്‌സ് !”

ഋതിക പൊട്ടിത്തെറിക്കുമെന്ന് ആരും കരുതിയതല്ല,…

“ഓഹോ,.. നിനക്ക് ദേഷ്യം വരുന്നുണ്ടല്ലേ,.. കണ്ടോ അമ്മേ,.. ഇവളുടെ നല്ല സ്വഭാവമെല്ലാം അഭിനയമാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടില്ലേ എല്ലാവർക്കും? ”

കരുണ അവരെ നോക്കി ചോദിച്ചു,.. അപ്പോഴാണ് ധന്യ ഓടിക്കിതച്ചെത്തുന്നത്,..

“എന്താ,.. അരുണിനെന്താ പറ്റിയെ? ” അവൾ ഉത്കണ്ഠയോടെ ചോദിച്ചു,..

“ദേ ആ ഇരിക്കുന്നവളോട് ചോദിക്ക് എന്താ പറ്റിയതെന്ന്,.. എന്തിനാ എന്റെ ഏട്ടനെ ഈ അവസ്ഥയിലാക്കിയതെന്ന്,.. ഇവൾക്ക് കാമുകനൊപ്പം ജീവിക്കണമെന്നായിരുന്നെങ്കിൽ അങ്ങ് ഇറങ്ങിപ്പോയാൽ പോരായിരുന്നോ,.. വെറുതെ എന്റെ ഏട്ടനെ !” അവൾ വിതുമ്പിക്കരഞ്ഞു,.. ധന്യ അവളെ ആശ്വസിപ്പിച്ചു,..

ഋതിക തന്റെ താലിയിൽ മുറുകെപ്പിടിച്ച് ഇരിക്കുകയാണ്,..

ധന്യയ്ക്ക് അവളിൽ അലിവ് തോന്നി, അരുണിന്റെ വീട്ടുകാരിൽ നിന്നും എതിർപ്പുണ്ടാകുമെന്ന കാര്യം അവഗണിച്ചും ധന്യ അവളെ പിടിച്ചെഴുന്നേല്പിച്ചു,..

“ധന്യേച്ചി ഞാനെന്റെ അരുണേട്ടനെ ഒന്നും ചെയ്തിട്ടില്ല !” അവൾ ആവർത്തിച്ചു പറഞ്ഞു,.. ധന്യ അവളെ ആശ്വസിപ്പിക്കാൻ ആവത് ശ്രമിച്ചു,.. പക്ഷേ മാനസികനില തെറ്റിയവളെപ്പോലെ അവൾ എന്തൊക്കെയോ ഉരുവിട്ടുകൊണ്ടിരുന്നു,..

“ഒന്ന് പോയിതരാവോ ഇവിടന്ന്? ” ശാരദ അവൾക്ക് നേരെ കൈ കൂപ്പി,..

“ഞാൻ പോണല്ലേ,.. പോവാം,.. പൊയ്ക്കോളാം !” അവൾ ധന്യയുടെ പിടി വിടുവിച്ച് എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ അവരെ ഒന്ന് കൂടി നോക്കി അവൾ തിരിഞ്ഞു നടന്നു,….

“എന്താ ആന്റി ഇത്, ഋതു ഒന്നും അറിഞ്ഞിട്ടില്ലെങ്കിലോ,.. ഈ സമയത്ത് നമ്മുടെ സ്വാന്തനമല്ലേ അവൾക്ക് വേണ്ടത്? ”

“അവൾ എല്ലാം അറിഞ്ഞതാണെങ്കിലോ, ഇതൊക്കെ നമ്മളെ ബോധ്യപ്പെടുത്താനുള്ള അഭിനയമാണെങ്കിലോ? ” കരുണയുടെ ആ ചോദ്യത്തിന് മുൻപിൽ ധന്യ ഉത്തരമില്ലാതെ നിന്നു,..

തിരക്കിട്ട് ഓടിക്കയറിവന്ന ജസ്റ്റിൻ ഒറ്റയ്ക്ക് നടന്നു വരുന്ന ഋതുവിനെ കണ്ട് ഒരു നിമിഷം സ്തബ്തനായി നിന്നു,..

“ഋതു !” അവൾ ആ വിളി കേട്ടത് പോലുമില്ല,..

ജസ്റ്റിൻ അവളെ പിടിച്ചു നിർത്തി,..

“ഋതു,.. എന്താ എന്താ അരുണിന് പറ്റിയത്? ”

അവനെക്കണ്ടതും അവൾ വിതുമ്പിക്കരഞ്ഞു,..

“എന്താ ഋതു? അവന് എങ്ങനുണ്ട്? നീയിതെങ്ങോട്ടാ ഒറ്റയ്ക്കീ പോണത്? ”

“ഞാൻ ഞാനാത്രേ എന്റെ അരുണേട്ടനെ ഈ അവസ്ഥയിൽ ആക്കിയത്,.. അതുകൊണ്ട് എന്നോട് പൊക്കോളാൻ പറഞ്ഞു !”

അവൻ ഒന്നും മനസിലാവാതെ അവളെ നോക്കി,..

“നീയിതെന്തൊക്കെയാ മോളേ ഈ പറയണേ? ”

“ഞാനാണോ ജസ്റ്റിൻ ചേട്ടാ.. ഞാനാണെന്ന് ജസ്റ്റിൻ ചേട്ടനും തോന്നുന്നുണ്ടോ? ” അവൾ അവനെ നോക്കി,… അവൾ മാനസികമായി ഏറെ തകർന്നിട്ടുണ്ടെന്ന് ജസ്റ്റിന് തോന്നി,..

“നീയിങ്ങ് വാ !” അവൻ ഋതുവിന്റെ കൈ പിടിച്ചു ഐ സി യൂ വിന് മുൻപിലേക്ക് നടന്നു,..

“എന്താ ഇത്,.. ഋതുവിനോട് ആരാ പോവാൻ പറഞ്ഞത്? ”

“ഓ നീയാണോ ഇവളുടെ പുതിയ രക്ഷാകർത്താവ്? ” കരുണ പുശ്ചത്തോടെ ചോദിച്ചു,..

“ആ അതേ,.. ആരാ ഋതുവിനോട് പൊയ്ക്കോളാൻ പറഞ്ഞത്,.. അകത്ത് കിടക്കുന്നത് അവളുടെ ഭർത്താവാ !”

“ആ ബോധം ഇവൾക്കുണ്ടായിരുന്നെങ്കിൽ ഇന്നവന് ഇങ്ങനെ ഐ സി യൂ വിൽ കിടക്കേണ്ടി വരുമായിരുന്നില്ല !” ശാരദ പറഞ്ഞു,..

“നിങ്ങളൊക്കെ തെറ്റിദ്ധരിച്ചേക്കുവാ ആന്റി,.. ഋതുവും അരുണും,.. അവരെത്രമാത്രം ക്ലോസ് ആണെന്ന് എനിക്ക് നന്നായി അറിയാം,.. അങ്കിളും അങ്ങനെത്തന്നെയാണോ കരുതിയേക്കുന്നത്? ” അവൻ അശോകനെ നോക്കി,…

“ആൽബി അവനാ അരുണിനെ !”

അത്രമാത്രം പറഞ്ഞ് അശോകൻ കടന്നു പോയി,.. അപ്പോൾ ആൽബി ഇന്നലത്തേതിന്റെ പ്രതികാരം തീർത്തതാണ്,.. ജസ്റ്റിന്റെ രക്തം തിളച്ചുകയറി,…

“ഇവളുടെ പൂർവ്വകാമുകനാണ് ആൽബി എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം,.. ആ സ്ഥിതിക്ക് ഇവളൊന്നും അറിഞ്ഞിട്ടില്ലെന്ന് വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല ഞങ്ങൾ,.. ” കരുണ പറഞ്ഞു,..

ഇവരെല്ലാം ഋതുവിനെ നന്നായി തെറ്റിദ്ധരിച്ചിട്ടുണ്ട്,.. അരുണിന് മാത്രമേ ആ തെറ്റിദ്ധാരണ മാറ്റാനാവൂ,.. ഋതിക ഇപ്പോഴും അനക്കമില്ലാതെ നിൽക്കുകയാണ്,.. ഈ അവസ്ഥയിൽ അവളെ ഇവിടെ നിർത്തുന്നത് ശരിയാവില്ല,.. അവൻ ധന്യയെ നോക്കി,.. അവളും തന്റെ നിസഹായത അറിയിച്ചു,..

“നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ അരുണിന് മാത്രേ ആവുള്ളൂ എന്നറിയാം എങ്കിലും ഒന്ന് മാത്രം പറയാം,.. ഈ പറഞ്ഞതൊന്നും തിരിച്ചെടുക്കാനാവില്ല.. മാത്രമല്ല അതിനെയോർത്ത് നിങ്ങളൊക്കെ ദുഃഖിക്കുകയും ചെയ്യും,.. വാ ഋതു !”

“നമുക്ക് അരുണേട്ടനേം കൂടെ കൊണ്ടോവാം ജസ്റ്റിൻ ചേട്ടാ !” ഒരു കൊച്ചുകുട്ടിയെപ്പോലെ അവളവന്റെ കയ്യിൽ തൂങ്ങി,.. ജസ്റ്റിന്റെ ചങ്ക് പിടഞ്ഞു പോയി,..

“അരുണേട്ടന് ഭേതമാവട്ടെ,.. അപ്പോൾ കൊണ്ടോവാം,.. നമുക്കിപ്പോൾ വീട്ടിൽ പോവാം,.. ”

“ഞാൻ വരൂല്ല !” അവൾ വാശി പിടിച്ചു,..

“പ്ലീസ്,.. അരുണേട്ടന് ഭേതമാവുമ്പോൾ അരുണേട്ടൻ തന്നെ ഋതുവിന്റെ അടുത്തേക്ക് വരും,..”

“ഉറപ്പാണോ? ”

“മ്മ്,.. ഉറപ്പ് !”

“പക്ഷേ ഇവരൊന്നും വിടൂല്ല !”

“അങ്ങനൊന്നും ഉണ്ടാവില്ല മോളെ നീ വാ !” ജസ്റ്റിൻ അവളെ ചേർത്തുപിടിച്ചു നടന്നു,.. ഋതുവിനിപ്പോൾ ഒരാശ്വാസമാണ് വേണ്ടത്,.. അത് ഇവിടെ നിന്നൊരിക്കലും കിട്ടില്ല എന്നവന് ഉറപ്പായിരുന്നു,..

*********

അവർ പോർച്ചിലേക്ക് ഇറങ്ങിയതും ഒരു പോലീസ് ജീപ്പ് വന്നു നിന്നു,…

“ഋതിക അല്ലേ? ”

എസ്. ഐ ചോദിച്ചു,.. അവൾ പ്രതികരിച്ചില്ല,..

“ഋതിക അരുൺ? ”

അതെയെന്ന് ജസ്റ്റിൻ തലയാട്ടി…

“എന്താ സാർ? ”

“അത് സ്റ്റേഷൻ വരെയൊന്ന് വരേണ്ടി വരും !”

“എന്തിനാ സാർ? ”

“ഒരു കംപ്ലയിന്റ് കിട്ടിയിട്ടുണ്ട്,.. അരുൺ അശോകിന് കുത്തേറ്റ കേസിൽ ഈ കുട്ടിക്കും പങ്കുണ്ടെന്ന് !”

അവൻ ഞെട്ടലോടെ എസ്. ഐയെ നോക്കി,..

“ഋതിക അവന്റെ ഭാര്യയാണ് സാർ !”

“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല,.. അരുണിന്റെ ഫാമിലി ആണ് പരാതി തന്നത്,.. ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്തല്ലേ പറ്റൂ,.. പ്രീതി “അയാൾ വിളിച്ചതും ഒരു വനിതാ പോലീസ് മുന്നോട്ട് വന്നു,..

“ഈ കുട്ടിയെ വിളിച്ചു വണ്ടിയിൽ കേറ്റിക്കോ !”

അവർ അവളുടെ കൈ പിടിച്ചു,.. ഋതിക കാര്യമെന്തെന്ന് മനസിലാവാതെ അവരെ നോക്കി …

“സാർ ഇവിടെ വെച്ച് അറസ്റ്റ് ചെയ്യരുത്,.. ഞാൻ എന്റെ വണ്ടിയിൽ കൊണ്ട് വരാം പ്ലീസ് !”

“അതൊന്നും നടക്കില്ല !”

“പ്ലീസ് സാർ !”

“നിങ്ങള് പോയി ഏതെങ്കിലും അഡ്വക്കേറ്റുമായി സ്റ്റേഷനിലേക്ക് വരൂ,.. അതല്ലാതെ,.. പ്രീതി,.. ”

“വാ !” കോൺസ്റ്റബിൾ അവളുടെ കൈ പിടിച്ചു വണ്ടിയിലേക്ക് കേറ്റുന്നത് നോക്കി നിൽക്കാനേ ജസ്റ്റിന് കഴിഞ്ഞോളു,..

അവൻ നിരാശയിൽ തല കുനിച്ചു,.. ഋതു അവളൊന്ന് പ്രതികരിക്കുന്നത് പോലുമില്ല,.. എന്താ ഇപ്പോൾ ചെയ്യുവാ,.. അവൻ തല പുകച്ചു,…

********

“ദാ അവിടെ പോയി ഇരുന്നോളു !”

ഒരു ബെഞ്ച് ചൂണ്ടിക്കാണിച്ച് കോൺസ്റ്റബിൾ പറഞ്ഞു,.. അവൾ അനുസരണയോടെ ആ ബെഞ്ചിൽ ഇരുന്നു,…

“എന്താ പ്രീതി കേസ്? ” കോൺസ്റ്റബിൾ ലീലാമ്മ പ്രീതിയോട് ശബ്ദം താഴ്ത്തി ചോദിച്ചു,..

“അത് ഭർത്താവിനെ കുത്തിക്കൊല്ലാൻ കാമുകന് കൂട്ട് നിന്ന കേസ് !”

“ഓ ഇവളാരുന്നോ അത്?.. ” അവരവളെ ചൂഴ്ന്നു നോക്കി,..

“ആ !”

“എന്നിട്ട് എന്തെങ്കിലും കൂസലുണ്ടോ എന്ന് നോക്കിക്കേ, ഇരിക്കണ കണ്ടില്ലേ? ”

അവർ രണ്ടു പേരും കൂടി അടക്കം പറഞ്ഞു,..

“അതേ പ്രീതി,.. ഈ കുട്ടിയെ അകത്തേക്ക് കൊണ്ട് വരാൻ എസ് ഐ സാർ പറഞ്ഞു !”

“മ്മ് !”

“വാടി ഇങ്ങോട്ട് !” പ്രീതി അവളെ പിടിച്ചെഴുന്നേല്പിച്ചു,..

**—-**

“ഇരിക്കൂ !”

ഋതിക അനങ്ങാതെ നിന്നതേ ഉള്ളൂ,..

“ഇരിക്ക് !” പ്രീതി അവളെ ഒന്ന് തട്ടി,..

ഋതിക അവരെയും എസ് ഐ യെയും മാറി മാറി നോക്കിയിട്ട് കസേരയിൽ ഇരുന്നു,..

“ഋതിക അരുൺ അല്ലേ? ”

അവൾ തലയാട്ടി,…

“അരുണും ആയുള്ള മാര്യേജ് കഴിഞ്ഞിട്ട് എത്ര കാലമായി? ”

“ആറു മാസം !”

“കുട്ടിക്ക് ഈ നിൽക്കുന്ന ആളെ അറിയാവോ? ”

ആൽബിയെ കണ്ടതും അവളുടെ സർവ്വ നിയന്ത്രണവും വിട്ടിരുന്നു,… അവൾ ചാടിയെഴുന്നേറ്റ് അവന്റെ കോളറിൽ പിടി മുറുക്കി,..

“എന്തിനാ,.. എന്തിനാടാ എന്റെ അരുണേട്ടനെ നീ? ” അവൾ അവനെ തല്ലുകയും, പിച്ചുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു,.. അവളെ ഒന്ന് തടയാൻ പോലുമാവാതെ തലയും കുനിച്ച് ആൽബി നിന്നു,..

“പ്രീതി ആ കുട്ടിയെ പിടിച്ചു മാറ്റൂ !”

ഒരുപാട് പണിപ്പെട്ടാണ് പ്രീതി അവളെ ആൽബിയിൽ നിന്നും അടർത്തി മാറ്റിയത്,..

“പ്ലീസ്,.. കുട്ടി അവിടെ ഇരിക്ക്,… ”

“എന്റെ അരുണേട്ടനെ ഇവനാ സാറെ !” അവൾ പൊട്ടിക്കരഞ്ഞു,..

അയാൾ ആൽബിയെ നോക്കി അവൻ തലയും കുനിച്ച് ഒരേ നിൽപ്പ് നിൽക്കുകയാണ്..

“പ്ലീസ് ഋതിക ഇവിടെ ഇരിക്ക് !”

തന്റെ ദേഷ്യം നിയന്ത്രിക്കാൻ ഋതിക പാട് പെട്ടു,..

“ഇയാളെ തനിക്ക് എങ്ങനെയാ അറിയാവുന്നത്? ” അയാൾ ശാന്തമായി ചോദിച്ചു,..

“മാര്യേജിന് മുൻപ് എനിക്ക് ഇയാളുമായി അഫെയർ ഉണ്ടായിരുന്നു !” ഋതിക പറഞ്ഞത് കേട്ട ആൽബിയുടെ ഹൃദയം പിടഞ്ഞു,.

“മാര്യേജിന് ശേഷം? ”

ഇല്ലെന്ന് അവൾ തലയാട്ടി…

“ഇയാൾ സമ്മതിച്ചു,.. ഇയാളാണ് അരുണിനെ കുത്തിയതെന്ന്,.. പക്ഷേ അരുണിന്റെ വീട്ടുകാർ പറയുന്നത് കുട്ടിക്കും ഇതിൽ ബന്ധമുണ്ടെന്നാണ് !”

“എനിക്കൊന്നും അറിയില്ല സാർ ! അരുണേട്ടന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല സാർ !” അവൾ പൊട്ടിക്കരഞ്ഞു,…

ആൽബിയും കുറ്റബോധത്താൽ ഉരുകുകയായിരുന്നു,.. ഋതികയുടെ മുഖത്തേക്കൊന്ന് തലയുയർത്തി നോക്കാൻ പോലും തനിക്ക് ധൈര്യം നഷ്ടപ്പെടുന്നതവനറിഞ്ഞു,.. അപ്പോഴാണ് എസ് ഐ യുടെ ഫോൺ ബെല്ലടിച്ചത്,..

“ഹലോ,.. ആ,.. ആണോ,.. ആ ഇപ്പോൾ തന്നെ വരാം,.. ഓക്കേ !” അയാൾ കട്ട് ചെയ്തു,…

“ഇവരെ അപ്പുറത്തേക്ക് ഇരുത്തിക്കോളൂ,.. ഞാനിപ്പോൾ വരാം !” അയാൾ എഴുന്നേറ്റു,…

ആൽബിയെ ഒന്ന് കനത്തിൽ നോക്കി അയാൾ പുറത്തേക്കിറങ്ങി,..
*********

ഇന്ന് താൻ അരുണേട്ടന്റെ മാത്രമായി മാറേണ്ട ദിവസമായിരുന്നു.. അരുണേട്ടന്റെ ആറു മാസം നീണ്ട കാത്തിരുപ്പ് ഇന്ന് അവസാനിക്കേണ്ട ദിവസമായിരുന്നു…

എന്ത് തെറ്റ് ചെയ്തിട്ടാ ഈശ്വരാ ഞങ്ങളെ നീ വീണ്ടും വീണ്ടും ശിക്ഷിക്കുന്നത്,.. അവളുടെ മനസിലേക്ക് അരുണുമൊത്തുള്ള നല്ല നിമിഷങ്ങൾ കടന്നു വന്നു,…

ഒരുപാട് കാലം മുൻപേ തന്നെ അരുണിനോട് തനിക്ക് ഇഷ്ടം തോന്നിയതാണ്,. പക്ഷേ തനിക്കൊരിക്കലുമത് പറയാൻ കഴിഞ്ഞില്ല,. എന്നാൽ പറയാൻ ധൈര്യം വന്നപ്പോഴാകട്ടെ, അവൻ ചോദിച്ചപ്പോഴാകട്ടെ താനത് പറഞ്ഞുമില്ല,..

താൻ മരിച്ചുപോയാലെന്ന് അവൻ എടുത്ത് പറഞ്ഞ നിമിഷം അവൾക്ക് ഓർമ വന്നു,..

“ഇല്ലാരുണേട്ടാ,.. അരുണേട്ടനൊന്നും സംഭവിക്കില്ല !” അവൾ തേങ്ങിക്കരഞ്ഞു,..

“എന്താടി ഉറങ്ങാനും സമ്മതിക്കില്ലേ? ”

കോൺസ്റ്റബിൾ ലീലാമ്മ അവളെ ശാസിച്ചു,.. കൊണ്ട് വെച്ച ഭക്ഷണം പോലും അവൾ കഴിച്ചിട്ടില്ല,..

“നീയെന്താ ഭക്ഷണം കഴിക്കാഞ്ഞത്? ”

“എനിക്ക് വേണ്ടാ !'”

“ആരെകാണിക്കാനാടി ഉപവാസമിരിക്കുന്നത്,.. ഐ. സി യൂവിലുള്ള നിന്റെ കെട്ടിയോന്റെ കാര്യം കണക്കാണെന്നാ കേട്ടത്,.. ആ നിനക്കെന്താ കുഴപ്പം അവനല്ലേൽ നിനക്ക് ഇവനുണ്ടല്ലോ !”

അവൾ പൊട്ടിക്കരഞ്ഞു,.. ആൽബി നിസഹായനായി എല്ലാം കേട്ടു നിന്നു,..

“ജനമൈത്രിയാട്ടോ !” കോൺസ്റ്റബിൾ തങ്കച്ചൻ ഓർമിപ്പിച്ചു,..

“കെട്ടിയോൻ ഉണ്ടായിട്ടും കാമുകന്റെ പുറകെ പോയ ഇവളോടൊക്കെ, ഇങ്ങനൊന്നും പെരുമാറിയാൽ പോരാ,.. ഇവന്റെ കൂടെത്തന്നെ ജീവിച്ചാൽ പോരായിരുന്നോ,.. എന്തിനാ വേറെ കല്യാണം കഴിച്ച് ആ പയ്യന്റെ ജീവിതം കൂടെ കളഞ്ഞത്? ”

ഋതു ശബ്ദമടക്കിക്കരഞ്ഞു,..

“എന്തിനാ കരയണേ,.. ഇനി കാമുകനൊപ്പം ഒരേ സെല്ലിൽ കിടക്കാൻ പറ്റാത്തത് കൊണ്ടാണോ? ”

ഇതിലുപരി അപമാനം തനിക്കിനി സഹിക്കാൻ വയ്യ,.. അവൾക്ക് ആൽബിയെ കൊല്ലാനുള്ള ദേഷ്യം തോന്നി,…

ആൽബിയും എല്ലാം കേട്ട് സഹിച്ചിരിക്കുകയായിരുന്നു,.. ഋതുവിനെ ഇത്രയും തകർന്ന് താൻ കണ്ടിട്ടില്ല,.. അതിന് കാരണം താനാണ്. താൻ മാത്രം,.. ഇവൾ അരുണിനെ ഇത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ഇന്നാണ് മനസിലായത്,… കുറച്ചു നേരം മുൻപ് വരെയും വിചാരിച്ചത് താൻ മാത്രമാണ് ഋതുവിന്റെ മനസിലെന്നാണ്,.. ഇന്നലെയും അവളുടെ കണ്ണുകളിൽ തന്നോടുള്ള സ്നേഹം താൻ കണ്ടതാണ്,.. എന്നാൽ ഇന്നാ കണ്ണുകളിൽ തന്നോട് വെറുപ്പ് മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ,.ഒപ്പം അരുണിനോടുള്ള അടങ്ങാത്ത പ്രണയവും,..

*********

എസ്. ഐ കേറി വന്നതും കോൺസ്റ്റബിൾസിനൊപ്പം ഋതുവും ആൽബിയും എഴുന്നേറ്റു…

“എന്തായി സാറെ? ”

“അവന് ബോധം വന്നു !”

ഋതിക തന്റെ താലിയിൽ മുറുകെ പിടിച്ചു ദൈവത്തിന് നന്ദി പറഞ്ഞു,… അവൾക്ക് ചിരിക്കണോ കരയണോ എന്ന് പോലുമറിയാത്ത മനസികാവസ്ഥയായിരുന്നു,.. അവനെ ഒരു നോക്ക് കാണുവാനായി അവളുടെ ഉള്ള് തുടിച്ചു,..

“അയാൾക്ക് ആരുടെ പേരിലും ഒരു പരാതിയും ഇല്ലത്രെ… ”

ആൽബി ഞെട്ടലോടെ ഋതുവിനെ നോക്കി,.. അവൾ എന്തൊക്കെയോ ആലോചിച്ചു നിൽക്കുകയാണ്,..

“പരാതി ഇല്ലെന്നോ,. അതെങ്ങനാ ശരിയാവാ സാറെ? ” ലീലാമ്മ ചോദിച്ചു,.

“കുത്തിയ ആളെ അയാൾ കണ്ടില്ലത്രേ,.. അവരെ വിട്ടയച്ചേക്ക് !”

അതും പറഞ്ഞയാൾ തന്റെ മുറിയിലേക്ക് നടന്നു ആൽബി കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു,.. അരുൺ എന്തുകൊണ്ടാണ് പരാതിയില്ലെന്ന് പറഞ്ഞതെന്ന ചോദ്യം അപ്പോഴും അവനിൽ ബാക്കിയായിരുന്നു,..

“എനിക്ക് പരാതിയുണ്ട് സാർ !” ഋതിക പറഞ്ഞു,.. എസ്. ഐ ഒന്ന് നിന്നു,..

ആൽബി അമ്പരപ്പോടെ അവളെ നോക്കി,..

“അയാൾക്ക് പരാതി ഇല്ലെന്ന് പറഞ്ഞ സ്ഥിതിക്ക്,.. ”

“ഇത് ആ പരാതി അല്ല സാർ !”

“പിന്നെ,.. ”

“ഈ നിൽക്കുന്ന ആൽബി എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു.. ”

ആൽബി വീണുപോവാതെ സെല്ലിന്റെ ഇഴകളിൽ പിടിച്ചു,..

“ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചതിന്റെ പ്രതികാരമാണോ? ” എസ് ഐ ചോദിച്ചു,..

“അല്ല സാർ !” അവൾ ഉണ്ടായ സംഭവങ്ങൾ വിശദീകരിച്ചു,…

“ഇത്രയൊക്കെ സംഭവിച്ചിട്ടും ഇപ്പോഴാണോ പരാതി പറയുന്നത്? ”

“ഇപ്പോഴാണ് സാർ ധൈര്യം വന്നത്,.. ”

എസ്. ഐ ആൽബിയെ ഒന്ന് രൂക്ഷമായി നോക്കി,.. അവൻ തല കുനിച്ചു,… ഋതു ഈ സാഹചര്യത്തിൽ ഇത് പറയുമെന്ന് അവനൊട്ടും കരുതിയിരുന്നില്ല,..

ഋതിക പരാതിയിൽ സൈൻ ചെയ്തു,…

“ഇത്രയൊക്കെ നീ ചെയ്തിട്ടും അതെല്ലാം ഞാൻ ക്ഷമിച്ചത്, അതിനെല്ലാം ഒരു പരിധി വരെ ഞാനും കാരണമാണെന്ന് വിശ്വസിച്ചത് കൊണ്ടാ,.. പക്ഷേ ഇത് ഇതെനിക്ക് സഹിക്കാനും ക്ഷമിക്കാനും ആവില്ല ആൽബി,.. നീ അനുഭവിക്കും ”

അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ അഗ്നി എരിഞ്ഞുകത്തി,.. ആ നോട്ടം നേരിടാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല,..

“നീ അനുഭവിക്കും ആൽബി !” അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി,…

ഒന്നും വേണ്ടിയിരുന്നില്ല,.. അവളെ സ്വന്തമാക്കാൻ കഴിയുമെന്ന് കരുതിയാണ് രാകേഷിന്റെ വാക്കും കേട്ട് ഇത്രയൊക്കെ ചെയ്തത്,.. അവൾ ഒരുപാട് മാറിയിരിക്കുന്നു,.. തനിക്ക് മനസിലാക്കാവുന്നതിലും അധികം,.. ഒന്നും വേണ്ടിയിരുന്നില്ല,…

മുറ്റത്ത് ജസ്റ്റിനും നീതിയും കാത്തു നിൽക്കുന്നുണ്ടായിരുന്നു,…

നീതിയെക്കണ്ടതും അവൾ ഒരു പൊട്ടിക്കരച്ചിലോടെ അവളോട് ചേർന്നു,…

“പോട്ടെടാ,.. സാരമില്ല,.. ” നീതി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു,…

“എന്റെ അരുണേട്ടന് എങ്ങനുണ്ട് നീതി,.. നിങ്ങള് പോയോ? കണ്ടാരുന്നോ? ” അവൾ പ്രതീക്ഷയോടെ ചോദിച്ചു,.

“അരുണിന് കുഴപ്പമൊന്നുമില്ല,.. റൂമിലേക്ക് മാറ്റിയിട്ടില്ലെന്ന് മാത്രം,.. ഇപ്പോഴും ഒബ്സർവേഷനിൽ ആണ് ! ജസ്റ്റിൻ പറഞ്ഞു,..

“എനിക്ക് എനിക്കരുണേട്ടനെ കാണണം ജസ്റ്റിൻ ചേട്ടാ,.. നമുക്ക് ഇപ്പോൾ തന്നെ പോവാം,.. ” അവളവന്റെ കൈ പിടിച്ചു,.. ജസ്റ്റിൻ നിസഹായനായി നീതിയെ നോക്കി,…

“എന്താ ജസ്റ്റിൻ ചേട്ടാ,.. വാ വണ്ടിയെടുക്ക് !”

“നമുക്ക് ഇന്ന് പോണ്ട ഋതു,.. നാളെ പോയി കാണാം !”

“അതെന്താ നീതി? ”

“അത് ഇന്ന് ശരിയാവില്ല,.. ഹോസ്പിറ്റലിൽ വിസിറ്റേഴ്‌സിനെ അനുവദിക്കുന്നില്ല !”

“ഞാൻ അരുണേട്ടന്റെ ഭാര്യയാ നീതി,.. എനിക്ക് കണ്ടേ പറ്റൂ !”

“നീ വെറുതെ വാശി പിടിക്കണ്ട ഋതു,.. ”

അവർ തന്നിൽ നിന്നും എന്തൊക്കെയോ മറച്ചു വെയ്ക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി,..

“എന്താ ജസ്റ്റിൻ ചേട്ടാ കാരണം? എന്നോടെന്തിനാ നിങ്ങളത് മറച്ചു വെക്കണേ? ”

“അത്,.. അവൻ നിന്നെ കാണണ്ടന്നു പറഞ്ഞു ഋതു !”

അവൾ ഞെട്ടലിൽ അവരെ നോക്കി,.

(തുടരും )

അനുശ്രീ ചന്ദ്രൻ

ആരും എന്നെ പൊങ്കാല ഇടരുത്,… അരുണേട്ടന് ഇതെന്താ പറ്റിയതെന്ന് എനിക്കും അറിഞ്ഞൂടാ,.

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!