Skip to content

ഈ തണലിൽ ഇത്തിരി നേരം – 25

ee-thanalil-ithiri-neram

“ജസ്റ്റിൻ ചേട്ടൻ എന്താ പറഞ്ഞേ? ” അവൾ വിശ്വാസമാവാതെ അവനെ നോക്കി,..

അവൻ മറുപടി ഇല്ലാതെ നിന്നു,..

“അപ്പോൾ അരുണേട്ടനും വിചാരിക്കുന്നുണ്ടോ എനിക്കിതിൽ പങ്കുണ്ടെന്ന്? ”

നീതി അവളുടെ ചുമലിൽ കൈ വെച്ചു..

“അങ്ങനൊന്നും ആവില്ല ഋതു,.. ചിലപ്പോൾ കരുണേച്ചിയും ആന്റിയും ഒക്കെ ഉള്ളതോണ്ടാവും !” നീതി പറഞ്ഞു,.

“അവരുണ്ടെങ്കിൽ എന്താ നീതി,.. അരുണേട്ടന് പറഞ്ഞൂടെ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന് !”

നീതി നിസ്സഹായതയോടെ ജസ്റ്റിനെ നോക്കി,…

“ഇല്ല,.. അരുണേട്ടനും എന്നെ വിശ്വാസമില്ല,.. അങ്ങനെ തന്നല്ലേ !” ഋതികയുടെ മുഖം മുറുകി,..

“ഋതു പ്ലീസ്,.. നമുക്ക് വീട്ടിലേക്ക് പോവാം,.. ”

“ഞാനില്ല നീതി,.. അങ്ങനെ സംശയമുണ്ടായിരുന്നെങ്കിൽ എന്തിനാ പരാതിയില്ലെന്ന് പറഞ്ഞത്,..”

“നോക്ക് ഋതു,.. നമുക്ക് നാളെ അവനെക്കണ്ടു സംസാരിക്കാം,.. ഇപ്പോൾ ഞങ്ങളുടെ കൂടെ വാ !” ജസ്റ്റിൻ അവളെ നിർബന്ധിച്ചു,..

അവൾ ഇല്ലെന്ന് തലയാട്ടി,…

“ഇച്ചാ !” നീതി ജസ്റ്റിനെ വിളിച്ചു,.. തളർന്നു പോകാതിരിക്കാൻ അവൻ അനുജത്തിക്ക് ധൈര്യം പകർന്നു നൽകി,…

“നോക്ക് ഋതു,.. ഇന്നൊരു ദിവസത്തേക്ക് മാത്രം നീയൊന്ന് ക്ഷമിക്ക്,.. നാളത്തേക്ക് നമുക്ക് തീരുമാനമുണ്ടാക്കാം,.. ഇപ്പോൾ നീ ഞങ്ങളുടെ കൂടെ വാ !”

മറ്റു വഴിയില്ലാതെ ഋതിക അവർക്കൊപ്പം കാറിൽ കയറി,..

ഋതു സീറ്റിൽ ചാരി പുറത്തേക്ക് നോക്കിയിരുന്നു,… ആകാശം കാർമേഘം മൂടിക്കിടന്നിരുന്നു,.. അവളുടെ ദുഃഖത്തിൽ പങ്കുചേർന്നെന്നപോലെ,…

എന്നോട് വെറുപ്പാണല്ലേ അരുണേട്ടാ,.. എനിക്കറിയാം വെറുപ്പാണെന്ന്,..
എന്നും ഞാൻ വേദനിപ്പിച്ചിട്ടേയുള്ളൂ,… പക്ഷേ അതിന് ഇത്രയും വലിയൊരു ശിക്ഷ എന്തിനാ എനിക്ക് തന്നത്? അവളുടെ മിഴികൾ നിറഞ്ഞൊഴുകി…

*******

“വാ ഇറങ്ങ് !”

വീടെത്തിയതും ജസ്റ്റിൻ അവൾക്കായി ഡോർ തുറന്നു കൊടുത്തു,..

നീതിയുടെ വീടാണ്,.. അവൾക്കൊരു നിമിഷം ഇറങ്ങാൻ തന്നെ ഭയം തോന്നിപ്പോയി,.. നീതിയുടെ മമ്മി തന്നെ എങ്ങനെ സ്വീകരിക്കും,.. ആന്റിക്കും അരുണേട്ടൻ പ്രിയപ്പെട്ടവനല്ലേ,.. അപ്പോൾ അരുണേട്ടന്റെ ഈ അവസ്ഥയ്ക്ക് കാരണം താനാണെന്നറിയുമ്പോൾ,…

“എന്താ ഋതു ഇങ്ങനെ ഇരിക്കുന്നെ? ഇറങ്ങി വാ !” നീതിയും അവളെ വിളിച്ചു,.. അവളുടെ നോട്ടം വാതിൽക്കൽ നിൽക്കുന്ന മേരിയിലേക്ക് നീണ്ടു,..

അവർ സ്റ്റെപ്പുകൾ ഇറങ്ങി കാറിന്റെ സമീപത്തേക്ക് വന്നു,.. അവളുടെ കൈ പിടിച്ചു,..

“മോളിങ്ങനെ തളർന്ന് പോവരുത്,.. ദൈവം സഹായിച്ച് നമുക്കവന്റെ ജീവൻ തിരികെ കിട്ടിയില്ലേ,.. എല്ലാം കർത്താവിലർപ്പിച്ചു പ്രാർത്ഥിക്കുക,.. അവൻ കൂടെ നിൽക്കും !”

മേരിയവളെ ചേർത്ത് പിടിച്ച് അകത്തേക്ക് കൊണ്ടുപോയി,..

“നീ കൂടി ചെല്ല് നീതി,.. ”

“ഇച്ചായൻ വരുന്നില്ലേ? ”

“വരാം ഒന്ന് രണ്ട് കോൾസ് ചെയ്യാനുണ്ട് !”

അവൾ അവനെ അനുസരിച്ചു ഋതുവിനും മമ്മിക്കും പിന്നാലെ അകത്തേക്ക് നടന്നു,…

**********

നീതി അവൾക്ക് ഇടാനുള്ള വസ്ത്രങ്ങൾ എടുത്ത് നൽകി,…

“ചെല്ല് പോയി ഫ്രഷ് ആയി വാ !”

ഋതിക അനങ്ങിയില്ല,.

“ചെല്ലെടാ പ്ലീസ് !”

അവൾ നീതിയെ ഒന്ന് നോക്കി,…

“എല്ലാം ശരിയാകും അരുണേട്ടന് നിന്നെ മനസിലാവും വാ !”

അവൾ അവളുടെ കൈ പിടിച്ചു ബാത്റൂമിന്റെ വാതിൽക്കൽ വരെ നടത്തി,..

“വേഗം കുളിച്ചിട്ട് വാ !” പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ ഒന്ന് നിർത്തി,..

“ഒരു മിനിറ്റ് !” നീതി ഉള്ളിലേക്ക് കയറി,..

എന്നിട്ട് ബാത്രൂം മൊത്തത്തിൽ ഒന്ന് ആകെയൊന്ന് വീക്ഷിച്ചു, ഇല്ല ബ്ലേഡ് ഒന്നുമില്ല, സോ കുഴപ്പമൊന്നുമില്ല, അവൾ ഉറപ്പ് വരുത്തി,…

“ഇനി കേറിക്കോ !” നീതി പുഞ്ചിരിയോടെ പറഞ്ഞു,..

“ഞാൻ ആത്മഹത്യ ചെയ്യുമെന്ന് പേടിച്ചിട്ടാണോ? ”

ആ ചോദ്യത്തിൽ നീതിയെന്ന് പതറിയെങ്കിലും അല്ലെന്ന് തലയാട്ടി,..

“നിനക്ക് പേടിയുണ്ടല്ലേ? ” ഋതു വീണ്ടും ചോദിച്ചു,..

“ഉണ്ട്,.. നല്ല പേടിയുണ്ട്,.. നീയാകെ തകർന്നു നിൽക്കുവാണെന്ന് എനിക്കറിയാം ഋതു, ഈ അവസരത്തിൽ,… ”

“ഞാനൊന്നും ചെയ്യില്ല നീതി,.. എന്റെ അരുണേട്ടന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നീയീ പറഞ്ഞ കാര്യത്തിന് യാതൊരു സംശയവും ഉണ്ടാകുമായിരുന്നില്ല,.. പക്ഷേ എന്റെ അരുണേട്ടൻ അപകടനില തരണം ചെയ്ത സ്ഥിതിക്ക് ഋതു മണ്ടത്തരമൊന്നും കാണിക്കില്ല,.. നീ ധൈര്യമായി പൊക്കോ !”

നീതി അവളെ കെട്ടിപ്പിടിച്ചു,.. ഋതുവിന്റെ ചുടുകണ്ണീർ അവളുടെ ചുമലിലേക്ക് ഇറ്റ് വീണു,..

“പൊയ്ക്കോ ” അവളിൽ നിന്നും അടർന്ന് മാറി ഋതു പറഞ്ഞു..

നീതി അവളുടെ മിഴികൾ തുടച്ചു,..

“നീ ധൈര്യം കൈ വിടരുത് ഋതു,.. എന്ത് വന്നാലും നേരിടാൻ തയ്യാറാവണം !”

അവൾ തലയാട്ടി,..

“ടേക്ക് കെയർ !”

അവളുടെ കവിളിലൊന്ന് തട്ടി നീതി പുറത്തേക്കിറങ്ങി,..

ഋതിക ബാത്റൂമിന്റെ വാതിലടച്ചു,… അത്രയും നേരം അടക്കിവെച്ച സങ്കടമെല്ലാം ഒരു കണ്ണീർപുഴയായി പുറത്തേക്കൊഴുകി,…

“എന്തിനാ അരുണേട്ടാ എന്നോട് !”

അവൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു,..

*******

“ഋതു എവിടെ? ” കുളി കഴിഞ്ഞെത്തിയ നീതിയോട് മേരി ചോദിച്ചു,..

“കുളിക്കുവാ മമ്മി !”

“നീ എപ്പോഴും കൂടെയുണ്ടാകണം ആകെ തകർന്നു നിൽക്കുന്ന കൊച്ചാ അവൾ,… ”

“അവൾ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞു മമ്മി !”

“അതല്ല മോളെ,.. ഈ ഒറ്റപ്പെടലിന്റെ വേദന അത് വളരെ വലുതാ,.. എത്രയൊക്കെ മനക്കട്ടി ഉണ്ടെന്ന് പുറമേ കാണിച്ചാലും മനുഷ്യന്റെ മനസ്സ് വളരെ ലോലമാണ്,.. ഒരു ചെറിയ മുറിവേറ്റാൽ മതി നീറിപ്പുകയാൻ !”

“ഞാനുണ്ടാകും മമ്മി,.. ഇച്ചായൻ വന്നില്ലേ? ”

“അവൻ ആരോടൊക്കെയോ ഫോണിൽ സംസാരിച്ച് പുറത്ത് നിൽപ്പുണ്ട് !”

“ആ !”

“നീ അവനേം ഋതുവിനേം വിളിച്ചിട്ട് വാ,.. ആരും ഒന്നും കഴിച്ചിട്ടില്ലല്ലോ,.. ആ കൊച്ചും കഴിച്ചു കാണില്ല !”

“ആ ഞാൻ വരാം മമ്മി !”

അവൾ ഋതുവിനെ വിളിക്കാൻ പോയപ്പോഴാണ് ജസ്റ്റിൻ അകത്തേക്ക് കേറി വന്നത്,..

“ഋതു എവിടെ? ”

“കുളിക്കുവാ ഇച്ചായാ !”

“ആ,.. നിന്റെ ഒരു കണ്ണെപ്പോഴും അവളുടെ മേലെ വേണം അറിയാല്ലോ കാര്യങ്ങളുടെ കിടപ്പ് !”

“അറിയാം ഇച്ചായാ ! ഇച്ചായൻ ആരെയാ വിളിച്ചത് !”

“ഋതുവിന്റെ അമ്മാവനെ അവരെവിടെയോ കല്യാണത്തിന് പോയതാന്ന്, പുറപ്പെട്ടിട്ടുണ്ട് നാളെ വെളുപ്പിനേ എത്തുള്ളു എന്ന് !”

അവൾ തലയാട്ടി,..

“എന്നാലും അരുൺ ചേട്ടായി എന്തിനാ ഇച്ചായാ അങ്ങനെ പറഞ്ഞത്? ”

“എങ്ങനെ?”

” ഋതുവിനെ കാണണ്ടന്നു !”

“എനിക്കൊന്നും മനസിലാവണില്ല നീതി അവനെങ്ങനെയാ ഇത്രയും മാറിപ്പോയതെന്ന്,.. ”

“എന്തോ പ്രശ്നമുണ്ട് ഇച്ചായാ,.. ”

“എനിക്കും അത് തന്നെയാ തോന്നണേ,. അല്ലാതെ അവനൊരിക്കലും അവളെ വിഷമിപ്പിക്കാൻ കഴിയില്ല !”

“ഇനി ഋതു പറഞ്ഞപോലെ അരുൺ ചേട്ടായീം അവളെ തെറ്റിദ്ധരിച്ചതാണെങ്കിലോ? ”

“ഇല്ല നീതി.. നിനക്കറിഞ്ഞൂടെ അവനെ,.. ഞാനടക്കം വേണ്ടെന്ന് പറഞ്ഞിട്ടും ഋതുവിനെ കല്ല്യാണം കഴിക്കണമെന്ന് അവൻ അത്ര വാശി പിടിച്ചിട്ടുണ്ടെങ്കിൽ, അതവനവളെ അത്രയ്ക്കും ഇഷ്ടമായിട്ടാ, പിന്നെ ആൽബിയുടെ അടുത്ത് നിന്നു രക്ഷിച്ചുകൊണ്ട് വരുമ്പോൾ ഞാനും ഉണ്ടായിരുന്നതല്ലേ അവരുടെ കൂടെ,.. തെറ്റിദ്ധരിക്കാനാണേൽ അവന് അപ്പോഴേ അത് തോന്നേണ്ടതാ,.. ഇത് മറ്റെന്തോ ഇഷ്യൂ ആണ്.. എനിക്കുറപ്പാ !”

“മ്മ്മ്,.. എങ്കിലും ആൽബിക്ക് എങ്ങനെ കഴിഞ്ഞു അരുൺ ചേട്ടായീനോട് !”

“അവൻ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന് നിനക്കറിയാല്ലോ,.. അവൻ ഒറ്റയൊരുത്തനാ ഇത് ഇവിടെവരെയൊക്കെ എത്തിച്ചത്.. എന്തിന് അരുണിന് ഋതുവിനെ സ്കൂളിൽ പഠിക്കുമ്പോഴേ ഇഷ്ടമായിരുന്നുവെന്ന് ആദ്യമറിഞ്ഞത് ആൽബിയാ,.. എന്നിട്ടാ ആ തെണ്ടി,… ” ജസ്റ്റിന് തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല,…

ഋതികയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല,.. അരുണേട്ടന് സ്കൂളിൽ പഠിക്കുമ്പോഴേ തന്നെ ഇഷ്ടമായിരുന്നുവെന്നോ?

ഋതിക അവർ കാണാതെ തൂണിന് മറവിലേക്ക് നീങ്ങി നിന്നു,..

“ആ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ഇച്ചായാ,.. അരുൺ ചേട്ടായിക്ക് ഇഷ്ടപ്പെട്ട പെണ്ണിനെ തന്നെ കല്യാണം കഴിക്കാൻ പറ്റിയല്ലോ എന്നോർത്ത് ഒത്തിരി സന്തോഷിച്ചതാ,.. ഇങ്ങനൊക്കെ വരുമെന്ന് ആരെങ്കിലും കരുതിയോ,… ”

“നിങ്ങളിവിടെ വർത്തമാനം പറഞ്ഞു നിൽക്കുവാണോ,.. ആ കൊച്ചിനെ വിളിച്ചിട്ട് വാ,.. എന്തെങ്കിലും കഴിക്കാം !”

“ആ മമ്മി !”

നീതി തന്നെ വിളിക്കാൻ റൂമിലേക്ക് വരും എന്നുറപ്പായ നിമിഷം ഋതിക മിഴികൾ തുടച്ചു ഡൈനിങ്ങ് ഹാളിലേക്ക് വന്നു,..

“ആ ദേ ഋതു വന്നല്ലോ !” നീതി പറഞ്ഞു,…

അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,…

മേരി വിളമ്പിക്കൊടുത്ത ഭക്ഷണം ഒരിറക്ക് പോലും കഴിക്കാനവൾക്ക് ആയില്ല,.. മനസ്സിൽ തങ്ങി നിൽക്കുന്നത് ജസ്റ്റിൻ ചേട്ടന്റെയും നീതിയുടെയും വാക്കുകളാണ്,.. പിന്നെ അരുണേട്ടന്റെ വാക്കുകളും,..

“എന്താ ഋതു? ”

“എനിക്ക് വേണ്ട നീതി,.. കഴിക്കാൻ പറ്റണില്ല !”

അവൾ പാത്രമെടുത്ത് എഴുന്നേറ്റു,..

“അയ്യോ പ്ലേറ്റ് ഒന്നും എടുക്കണ്ട,.. അവിടെ വെച്ചാൽ മതി !”മേരി പറഞ്ഞു,.

“കുഴപ്പമില്ല ആന്റി ! എനിക്കിതൊക്കെ ശീലവാ !”

അവൾ പാത്രം കഴുകി ഷെൽഫിൽ വെച്ചു, മനസ്സിന് ഭാരം ഏറി വരികയാണ്,… എന്താ അവർ പറഞ്ഞതിന്റെ അർത്ഥം,.. താനിത്രയും കാലം ചതിക്കപ്പെടുകയായിരുന്നെന്നോ? എല്ലാവരും കൂടെ തന്നെ,…

“നീയെന്താ ഋതു ഒന്നും കഴിക്കാഞ്ഞത്? ” റൂമിലേക്ക് നടന്ന അവളോട് നീതി ചോദിച്ചു,..

“വിശപ്പില്ല,.. എനിക്കൊന്ന് കിടക്കണം !”

നീതി ജസ്റ്റിനെ നോക്കി,. അവൻ വിട്ടേക്കാൻ കണ്ണുകൾ കൊണ്ട് പറഞ്ഞു,..

“ഞാനെന്നാൽ !” ഋതു അനുവാദത്തിനായി കാത്തു,.. ജസ്റ്റിൻ തലയാട്ടി,..

ഋതിക തിടുക്കത്തിൽ റൂമിലേക്ക് നടന്നു,..

“നമ്മൾ പറഞ്ഞത് വല്ലതും അവൾ കേട്ടു കാണുമോ ഇച്ചായാ? “നീതി ശബ്ദം താഴ്ത്തി ചോദിച്ചു,..

“ഹേയ്,.. കേട്ടു കാണാൻ വഴിയില്ല,.. നീ കഴിച്ചിട്ട് വേഗം ചെല്ല് !”

നീതിയും മതിയാക്കി എഴുന്നേറ്റു,..

. ********

ഋതിക കണ്ണുകളടച്ചു കിടന്നു,… മനസ്സിലേക്ക് ആ വാക്കുകൾ വീണ്ടും തികട്ടി വരികയാണ്,.. ചോദിക്കണോ നീതിയോട് സത്യമെന്താണെന്ന്? പക്ഷേ എന്തോ ധൈര്യം കിട്ടുന്നില്ല..

അപ്പോൾ അരുണേട്ടനും, ആൽബിയും തമ്മിൽ തെറ്റാനുണ്ടായ, അരുണേട്ടൻ പറഞ്ഞ ആ ചെറിയ കാരണം താൻ തന്നെ ആയിരുന്നു,… അതല്ലേ അവർ പറഞ്ഞതിനർത്ഥം?

ഒരിക്കലെങ്കിലും എന്നോടൊന്ന് മനസ്സ് തുറക്കമായിരുന്നില്ലേ അരുണേട്ടാ? പല വട്ടം ഞാൻ ചോദിച്ചതല്ലേ,.. ഞാനിപ്പോ ആരെയാ വിശ്വസിക്കേണ്ട? ആരെയാ സ്നേഹിക്കണ്ടേ, ആരെയാ വെറുക്കണ്ടേ? അവൾ കണ്ണുനീർ തുടച്ചു,…

********

“നീ ഉറങ്ങീലെ ഋതു? “റൂമിലേക്ക് കടന്നു വന്ന നീതി ചോദിച്ചു,..

“അത് പിന്നെ ഉറക്കം വന്നില്ല !”

“അതെന്താ ഇന്ന് കെട്ടിയോനെ കെട്ടിപ്പിടിച്ചു കിടക്കാത്തതു കൊണ്ടാണോ? ” ഋതുവിന്റെ ഹൃദയമൊന്ന് പിടഞ്ഞു,..

ശരിയാണ്, അതൊരു യാഥാർത്യമാണ്… അരുണേട്ടൻ അടുത്തില്ലാഞ്ഞിട്ട് വല്ലാത്തൊരു വേദനയാണ്,.. അന്ന് മുംബൈയിൽ ബിസിനസ്‌ മീറ്റിംഗിന് പോയ രണ്ടുമൂന്നു ദിവസം അരുണേട്ടനെ കാണാതിരുന്നതൊഴിച്ചാൽ അരുണേട്ടനെ താൻ പിന്നെ പിരിഞ്ഞിരുന്നിട്ടില്ല,. ഇതിപ്പോൾ,.. അവളുടെ മിഴികൾ നിറഞ്ഞൊഴുകി,..

“അയാം സോറി ഡി !” അങ്ങനെ പറഞ്ഞത് മണ്ടത്തരമായെന്ന് നീതിക്ക് തോന്നി,..

“സാരല്ല്യ !”

“ഋതു,… ”

“എന്താ നീതി? ”

“നിനക്കെന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ? ”

“ഉണ്ട് നീതി !”

“എന്നാൽ ചോദിക്ക് !”

“ആക്ച്വലി ജസ്റ്റിൻ ചേട്ടനും, അരുണേട്ടനും ആൽബിയും തമ്മിൽ എന്തായിരുന്നു പ്രശ്നം? ”

“അത് ഞാനെങ്ങനെ അറിയാനാ? ” നീതിയെ ആകെ വിയർത്തു,..

“ആൽബി എങ്ങനെയാ അരുണേട്ടനെ ചതിച്ചത്? ” അവൾ ഞെട്ടലിൽ ഋതികയെ നോക്കി,..

“ഋതു നീയിത്? ”

“കള്ളം പറയണ്ട നീതി, നീയും ജസ്റ്റിൻ ചേട്ടനും തമ്മിൽ സംസാരിച്ചത് ഞാൻ കേട്ടതാ,.. ”

അവൾ എന്ത് ചെയ്യണമെന്നറിയാതെ നിന്നു,..

“പ്ലീസ് നീതി എനിക്ക് സത്യമറിയണം,.. അരുണേട്ടനെന്നെ സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് ഇഷ്ടമായിരുന്നോ? ”

ഋതു അവളുടെ കൈ പിടിച്ചു,…

“പറയ് നീതി ഇനിയും എന്തിനാ എന്നോടെല്ലാം മറയ്ക്കണത് !”

“സത്യാ !”

ഋതികയുടെ ഉള്ളിലൊരു വെള്ളിടി വെട്ടി,..

“പിന്നെന്താ എന്നോടത് തുറന്നു പറയാഞ്ഞത്? ”

“അപ്പോഴേക്കും നീ ആൽബിയുമായി !”

അവളുടെ നെഞ്ച് പിടഞ്ഞു,…

“എങ്ങനാ ആൽബി അരുണേട്ടനെ ചതിച്ചത്? ” അവളുടെ ശബ്ദത്തിനു കനം കൂടി വരുന്നത് നീതി അറിഞ്ഞു,..

“അത്,.. ”

“പറ നീതി,… ആൽബി എങ്ങനാ അരുണേട്ടനെ ചതിച്ചതെന്ന്? ”

“ഞാൻ പറഞ്ഞാൽ മതിയോ? ”

വാതിൽക്കൽ നിന്ന് ജസ്റ്റിൻ ചോദിച്ചു,…

“അരുണിന് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഋതു,.. ഒരു തരം ഭ്രാന്ത്‌ പോലെ,.. നീയന്നു 8ത്ൽ ആണ്, ഞങ്ങൾ പ്ലസ് ടുവിലും,.. ഞാനും, അവനും,ആൽബിയും,.. ഞങ്ങൾ തിക്ക് ഫ്രണ്ട്സ് ആയിരുന്നു,..

ആ വർഷത്തെ സബ് ഡിസ്ട്രിക്ട് വർക്ക്‌ എക്സ്പീരിയൻസ്ൽ വെച്ചാ നിന്നെ അവൻ ആദ്യമായി കണ്ടത്,.. അന്ന് മുഴുവൻ അവൻ നിന്റെ പുറകെ നടന്നു,.. ഞാനും ഒപ്പം ആൽബിയും ഉണ്ടായിരുന്നു കൂടെ,…

പക്ഷേ നീയാരെന്നോ എന്തെന്നോ ഒന്നും അറിയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,.. ആകെ പരിചയം നീ ഇട്ട യൂണിഫോം മാത്രം,.. അതാണ് നീതിയും നീയും ഒരേ സ്കൂളിലാണ് പഠിക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലാക്കിത്തന്ന ഘടകം,..

അങ്ങനെ ഞങ്ങൾ നീതിയുടെ സഹായം തേടി,.. ഞങ്ങൾ പറഞ്ഞ ഡീറ്റെയിൽസ് ഒക്കെ വെച്ചവൾ നീയാരാണെന്ന് അന്വേഷിച്ചു,. ഒരേ ക്ലാസ്സിൽ, ഒരേ ബെഞ്ചിൽ, തൊട്ടപ്പുറത്ത് ഇരിക്കുന്നവളാണ് ഞങ്ങൾ പറഞ്ഞ പെൺകുട്ടിയെന്നറിയാതെ,..

അത് താൻ ഓർക്കുന്നുണ്ട്,.. ഇച്ചായൻ പറഞ്ഞതാണെന്നും പറഞ്ഞ് അവൾ സ്കൂൾ മുഴുവൻ ഏതോ പെണ്ണിനെ അന്വേഷിച്ചു നടന്നത്,. അന്ന് അവൾക്കൊപ്പം പോയത് പോലും താനാണ്,.. കുറച്ചു കാലങ്ങൾക്ക് ശേഷം അവളാ അന്വേഷണം നിർത്തി,. പെൺകുട്ടിയെ കിട്ടി എന്ന് മാത്രം പറഞ്ഞു,.. ആരാണാ പെൺകുട്ടി എന്ന് മാത്രം പറഞ്ഞില്ല,
താനത് ചോദിച്ചുമില്ല

” അങ്ങനെ നീതിയുടെ കയ്യിൽ നിന്ന് നിന്റെ നമ്പർ വാങ്ങി ഞാനാണ് അരുണിന് കൊടുത്തത്,..

പിന്നെ നിങ്ങൾ തമ്മിൽ ചാറ്റിങ്ങും കോളിങ്ങും ഒക്കെയായി,.. പക്ഷേ അവനൊരിക്കലും നിന്റെ മുന്നിൽ വരാനോ, നിന്നോടുള്ള പ്രണയം തുറന്നു പറയാനോ ഉള്ള ധൈര്യമുണ്ടായിരുന്നില്ല,.. ”

ഋതിക ഞെട്ടലിൽ ജസ്റ്റിനെ നോക്കി,..

“എന്താ പറഞ്ഞേ? ”

“സത്യമാണ് ഋതു,.. നിനക്ക് മെസ്സേജ് ചെയ്ത ആ അൺനോൺ നമ്പർ, നിന്റെ മിസ്റ്റർ A അത് അരുണായിരുന്നു !”

ഋതികയ്ക്ക് തന്റെ ശരീരത്തിന് ഭാരം കുറയുന്നപോലെ തോന്നി തന്റെ വിശ്വാസങ്ങൾ തന്നെ ചതിക്കുകയായിരുന്നോ,.. ആ അൺനോൺ നമ്പർ, മിസ്റ്റർ A അത് അരുണേട്ടനാണെങ്കിൽ പിന്നെ ആൽബി,…

അവളുടെ ഓർമകളിൽ ആ പഴയ കാലം തെളിഞ്ഞു,..

അച്ഛൻ മരിച്ച ശേഷമാണ് തന്നെയും, ഏട്ടനേയും കൂട്ടി അമ്മ നാട്ടിലേക്ക് പോന്നത്,.. ജീവന് തുല്യം സ്നേഹിച്ച അച്ഛന്റെ വേർപാട് തന്നെ മാനസികമായി ഏറെ തളർത്തിയിരുന്നു,.. അതുവരെ ജീവിച്ച സാഹചര്യത്തിൽ നിന്നും പുതിയ ഒന്നിലേക്കുള്ള പറിച്ചുനടൽ അന്ന് താനെന്ന കൗമാരക്കാരിയെ സാരമായി ബാധിച്ചിരുന്നു,.. അത് തന്നിൽ ഒറ്റപ്പെടലിന്റെ ആഴങ്ങളിലേക്ക് കൈ പിടിച്ചു നടത്തി,..

ഏട്ടനെ അന്ന് ബാംഗ്ലൂർ ഉള്ള ബോഡിങ് സ്കൂളിൽ ചേർത്തു, തന്നെ ഇവിടെ അമ്മയ്‌ക്കൊപ്പം തന്നെ നിർത്തി,.. ശ്വേതയും ശ്രീയും ഒക്കെ കൂടെയുണ്ടായിട്ടും ഒരു കൂട്ട് കണ്ടെത്താനാവാതെ താൻ വിഷമിച്ചിരുന്ന ദിവസങ്ങളായിരുന്നു അത്,..

8ത്ൽ, സെന്റ് മേരീസിൽ ജോയിൻ ചെയ്തു, അവിടെ നിന്നും കിട്ടിയ ഫ്രണ്ട് ആയിരുന്നു നീതി,.. എന്തിനും കൂടെ കട്ടയ്ക്ക് നിൽക്കുന്നവൾ, അവളെ മാറ്റി നിർത്തിയാൽ തന്റെ ക്ലാസ്സിലുള്ള മറ്റു പെൺകുട്ടികളോട് താൻ മിണ്ടിയത് തന്നെ വിരളം,..

ഏതോ അൺ നോൺ നമ്പറിൽ നിന്നും വന്ന ഒരു മെസ്സേജ് ആണ് ആൽബിയെ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്,.. മിസ്റ്റർ A എന്ന് സേവ് ചെയ്ത നമ്പർ ആണ് പിന്നെ ആൽബി എന്നാക്കി മാറ്റിയത്,..

ആദ്യമൊക്കെ അവോയ്ഡ് ചെയ്തെങ്കിലും പിന്നീട് ആ നമ്പറിൽ നിന്ന് വന്ന ഗുഡ് മോർണിംഗും ഗുഡ് നൈറ്റും എല്ലാം പിന്നീട് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു,..

ആദ്യം മെസ്സേജിങ്ങിൽ തുടങ്ങിയ സൗഹൃദം പതിയെ ഫോൺ വിളികളിലേക്കും വഴിമാറി,..

തന്റെ ദുഃഖങ്ങളും സന്തോഷങ്ങളും, തന്റെ ലൈഫിൽ ഓരോ ദിവസവും നടക്കാറുള്ള ചെറിയ കാര്യങ്ങൾ പോലും പങ്കു വെക്കാനുള്ള ഒരാളായി മിസ്റ്റർ A മാറി, തന്നെ കേൾക്കാനും അറിയാനും ആരെങ്കിലും ഒക്കെ ഉണ്ടെന്ന് തോന്നിയത് പോലും അവനുമായി പരിചയപ്പെട്ട ശേഷമായിരുന്നു, പതിയെ അവൻ തന്നെ മൊത്തത്തിൽ മാറ്റിയെടുത്തു,.. സഹോദരങ്ങൾക്കിടയിലും, ബന്ധങ്ങൾക്കിടയിലും സൗഹൃദം കണ്ടെത്താനാവുമെന്ന് അവൻ തന്നെ പഠിപ്പിച്ചു തന്നു,..

പിന്നീട് ആ ബന്ധം സൗഹൃദത്തിനപ്പുറം മറ്റൊന്നായി വളർന്നു താൻ അതിനെ പ്രണയമെന്ന് വിളിച്ചു,.. അവനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു,..

“പക്ഷേ നീയവനെ കാണണം എന്ന് വാശി പിടിച്ചു,.. ഒടുവിൽ നിന്റെ വാശിക്ക് വഴങ്ങിയാണ് ഞങ്ങളുടെ സെന്റ് ഓഫ് ഡേയുടെ അന്ന് നിന്നെ കാണാൻ വരാമെന്ന് സമ്മതിച്ചത്,..

അങ്ങനെ സെൻറ് മേരീസ് ചർച്ചിനടുത്തുള്ള പൊളിഞ്ഞ കെട്ടിടത്തിലേക്ക് നിന്നോട് വരാൻ പറഞ്ഞു,.. അന്ന് നിന്റെ ബർത്ത്ഡേ കൂടി ആയിരുന്നു ഋതു,..

അതേ അന്ന് തന്റെ ബർത്ത്ഡേ ആയിരുന്നു, മിസ്റ്റർ A യുടെ നിർദേശമനുസരിച്ച് താൻ നീതിക്കൊപ്പം സെന്റ് മേരീസ്‌ ചർച്ചിന്റെ പുറകിലുള്ള ആ പഴയ കെട്ടിടത്തിൽ എത്തിച്ചേർന്നു,..

ഒരു വർഷത്തിന് ശേഷം തന്റെ പ്രിയപ്പെട്ടവനെ കാണുന്നതിന്റെ എല്ലാ എക്സൈറ്റ്മെന്റും ടെൻഷനും പേടിയും എല്ലാം തനിക്ക് അന്നുണ്ടായിരുന്നു,..

“നീതി എനിക്കെന്തോ പേടിയാവുന്നു !”

“നീ പേടിക്കണ്ട എന്റെ ഇച്ചായന്റെ ഫ്രണ്ട് തന്നെയാ ആൽബി ചേട്ടനും,.. പിന്നെ നിനക്ക് അടുത്തറിയാവുന്നതല്ലേ? ”

“പക്ഷേ മിസ്റ്റർ A ആൽബി തന്നെയാണെന്ന് എങ്ങനാ ഉറപ്പിക്കുക? ”

“ഞാൻ കണ്ടിട്ടുള്ളതല്ലേ മോളേ ബസ് സ്റ്റോപ്പിൽ ഒക്കെ വന്നിരുന്നു ആൽബിച്ചേട്ടൻ നിന്നെ വായി നോക്കുന്നത് !”

“അപ്പോൾ ഉറപ്പാണല്ലോല്ലേ !”

“പിന്നില്ലാതെ,.. ഞാനല്ലേ നമ്പർ കൊടുത്തത് !”

“എന്താടി സംസാരിക്കുവാ? ”

“അതൊന്നും എനിക്കറിയില്ല നിന്റെ ബോയ്ഫ്രണ്ട് അല്ലേ എന്റെ ബോയ്ഫ്രണ്ട് അല്ലല്ലോ !”

“നീതി !”

“ആ, നീ വാ !” നീതി തന്റെ കൈ പിടിച്ചു പടികൾ കയറി ഒരു വിറയലോടെ താൻ അവൾക്കൊപ്പം നടന്നു,..

ഓരോ ഇടങ്ങളിലും ഓരോ ഹിന്റ് അവൻ തനിക്കായി വെച്ചിരുന്നു,.. അടിയിൽ വിത്ത്‌ ലവ് യുവർ മിസ്റ്റർ A എന്നെഴുതി,.. ട്രെഷർ ഹണ്ട് പോലെ,..

ഒടുവിൽ താൻ പ്രതീക്ഷിച്ചപോലെ തന്റെ മുന്നിലേക്ക് അവനെത്തി,.. ആൽബി,…

പക്ഷേ മിസ്റ്റർ A അരുണേട്ടനാണെങ്കിൽ അതെങ്ങനെ സംഭവിച്ചു,.. ആൽബി എങ്ങനെ തന്റെ മുന്നിലെത്തി?

“സെന്റ് ഓഫ് കൂടി ആയത് കൊണ്ടും, മൂന്ന് പേർക്കും കൂടെ ഒരുമിച്ചിറങ്ങാൻ കഴിയാഞ്ഞത് കൊണ്ട് ആൽബിയും അരുണും കൂടിയാണ് സ്കൂളിൽ നിന്നും ആദ്യമിറങ്ങിയത്,..

ഞാൻ എത്തിയപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു, അരുണിന് പകരം നീ ആൽബിയോട് ഇഷ്ടം തുറന്നു പറഞ്ഞു,.. എന്താ സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല, ഞാൻ നോക്കുമ്പോൾ ഒരു ഭിത്തിക്കപ്പുറം ഇരുന്നു കരയുന്ന അരുണിനെയാണ് കാണുന്നത്, ചോദിച്ചപ്പോൾ ആൽബി അവനെന്നെ ചതിച്ചെടാ എന്ന് മാത്രം പറഞ്ഞു, അവിടെ എന്താ സംഭവിച്ചതെന്ന് ഇപ്പോഴും എനിക്കറിയില്ല,…

ഋതിക വീഴാതിരിക്കാൻ നീതിയുടെ കൈകളിൽ മുറുകെ പിടിച്ചു,..

“ഇത് സത്യാ ഋതു,.. ഞാനും വിചാരിച്ചിരുന്നത് നീ സ്നേഹിച്ചതും നിന്നെ സ്നേഹിച്ചതും ഒക്കെ ആൽബിയാണെന്ന് തന്നെയാ,.. ആൽബിയുടെ കൂടെ പലപ്പോഴും അരുൺ ചേട്ടായീനെ ഞാൻ കണ്ടിട്ടുണ്ടെങ്കിലും, അരുൺ ചേട്ടായിക്ക് അങ്ങനൊരിഷ്ടം നിന്നോടുണ്ടെന്ന് എനിക്കൊരിക്കലും തോന്നിയില്ല,.. അതാ ഞാൻ, ആൽബിയാണ് നിന്റെ മിസ്റ്റർ A എന്ന് നിന്നോട് ഉറപ്പിച്ചു പറഞ്ഞതും,. ഞാൻ കാരണവാ ഋതു നിനക്ക് ഇത്രയും വലിയ മിസ്റ്റേക്ക് പറ്റിയതും,..

ഋതികയുടെ മിഴികൾ നിറഞ്ഞൊഴുകി , താൻ പൂർണമായും വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല,..

“ഇല്ല ഞാനിത് വിശ്വസിക്കില്ല,.. നിങ്ങള് വെറുതെ പറയുവാ !”

“ഇല്ല ഋതു,.. എല്ലാം സത്യമാണ്, അതിൽ പിന്നെ ആൽബിയും അരുണും തമ്മിൽ മിണ്ടിയിട്ടില്ല,.. എന്താ സംഭവിച്ചതെന്ന് ഇരുവരും ഞങ്ങളോട് തുറന്നു പറഞ്ഞിട്ടുമില്ല !”

ഋതിക പൊട്ടിക്കരഞ്ഞു,..

“സത്യം അറിഞ്ഞപ്പോഴും ഏറ്റവും കൂടുതൽ വേദനിച്ചതും ഞാനാ പക്ഷേ തുറന്നു പറയാനുള്ള ഒരവസരം നീയെനിക്ക് തന്നില്ല,.. എന്നിൽ നിന്നും നീ ഒരുപാട് അകന്ന് പോയിരുന്നു അപ്പോഴേക്കും !”

നീതിയുമായുള്ള സൗഹൃദത്തിന് ആൽബിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു അങ്ങനെയാണ് താൻ നീതിയിൽ നിന്നും അകലുന്നത്,.. പിന്നെ അവന്റെ മാത്രം ലോകത്തേക്ക് താൻ അലിഞ്ഞുചേരുകയായിരുന്നു,..

“നിനക്ക് തരാൻ എന്റെ കയ്യിൽ തെളിവൊന്നും ഇല്ല, ഋതു,… പക്ഷേ ഇതാണ് സത്യം,.. ഇതാണ് യാഥാർഥ്യവും,. നീ ഒരുകാലത്ത് സ്നേഹിച്ചതും നിന്നെ സ്നേഹിച്ചതുമായ നിന്റെ മിസ്റ്റർ A അത് ആൽബിയല്ല മറിച്ച് അരുണാണ് !”

കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഋതിക തളർന്നിരുന്നു,.. ഇത്രയും കാലം കണ്ടതും അറിഞ്ഞതുമൊന്നും സത്യമല്ലെന്നാണ് ജസ്റ്റിൻ ചേട്ടനും നീതിയും ആവർത്തിച്ചു പറയുന്നത് തന്റെ നിഴലായി കൂടെ നടന്ന അവൾക്ക് പോലും തെറ്റ് പറ്റിയത്രേ,.. താൻ സ്നേഹിച്ചത് അരുണേട്ടനെ ആയിരുന്നത്രേ, കാത്തിരുന്നതും അരുണേട്ടനെയാണത്രെ,…

അവൾക്ക് തന്റെ സമനില തെറ്റുന്നതായി തോന്നി,..

“എനിക്ക്,.. എനിക്കൊന്ന് ഒറ്റയ്ക്കിരിക്കണം നീതി !” അവൾ പറഞ്ഞു..

“വേണ്ട,.. എനിക്ക് നിന്നെ പേടിയാ ഋതു,… ”

“ഞാൻ പറഞ്ഞല്ലോ, ആത്മഹത്യ ചെയ്യില്ലെന്ന്,.. എനിക്ക് സത്യമറിഞ്ഞേ പറ്റൂ,.. അത് ഞാൻ ചോദിക്കും ആരോടാണെങ്കിലും,..”

അവളുടെ ശബ്ദം ഉറച്ചതായിരുന്നു,.

(തുടരും )

ഇങ്ങനൊരു ഫ്ലാഷ് ബാക്ക് ക്‌ളീഷേ ആയിത്തോന്നാം,. പക്ഷേ വളരെ പേഴ്‌സണൽ ആയി അറിയാവുന്ന ഒരാളുടെ അനുഭവത്തിൽ നിന്നാണ് ഈ കഥയും കഥാപാത്രങ്ങളും ഡെവലപ്പ് ചെയ്തത്,.. അതുകൊണ്ടാണ് ക്‌ളീഷേ ആകുമെന്ന് തോന്നിയിട്ടും മറ്റാഞ്ഞത്,. എക്‌സാട്ലി ഇതേപോലെ ആയിരുന്നോ എന്ന് ചോദിച്ചാൽ അല്ല, കഥയ്ക്ക് അനുസൃതമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്,.. ബാക്കി സ്റ്റോറി തീർത്തും സാങ്കൽപ്പികം ആണുട്ടോ,.

ഋതുവിനെയും അരുണേട്ടനെയും ആൽബിയെയും ഒക്കെ നിങ്ങളിൽ ഒരാളായി കണ്ട് കൂടെ നിർത്തിയതിന് ഒരായിരം നന്ദി,.

സ്നേഹത്തോടെ അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ തണലിൽ ഇത്തിരി നേരം – 25”

Leave a Reply

Don`t copy text!