Skip to content

ഈ തണലിൽ ഇത്തിരി നേരം – 27

ee-thanalil-ithiri-neram

ഋതിക സ്തബ്ദയായി കുറച്ചുനേരം അവനെത്തന്നെ നോക്കി നിന്നു,.. ഒരു നിമിഷത്തേക്ക് താൻ വല്ല സ്വപ്നവും കാണുകയാണോ എന്ന് പോലും അവൾ ഓർത്തുപോയി,..

സോയ കണ്ണും തിരുമ്മി വാതിൽക്കലേക്ക് വന്നു,..

“അരുൺ? ” അവൾ തെല്ലൊരു സംശയത്തോടെ ചോദിച്ചു,..

“യെസ്,.. ” അവൻ ഋതികയിൽ ഊന്നിയിരുന്ന ദൃഷ്ടി മാറ്റി സോയയ്ക്ക് നേരെ പുഞ്ചിരിച്ചു,…

മനസ്സിൽ ഒരുതരം നിർവികാരത നിറയുന്നത് ഋതിക അറിഞ്ഞു,.. ഒരു കാലത്തെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നവനാണ് ഇന്ന് തന്റെ മുന്നിൽ വന്ന് നിൽക്കുന്നത്,.. തന്നെ ചേർത്ത് പിടിച്ചു ഒറ്റപ്പെടലിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞവൻ,.. അവളുടെ മിഴികൾ നിറഞ്ഞുവന്നു,.. അവളുടെ കൺപീലികളെ നനച്ച മിഴിനീർതുള്ളികൾ ഒരുനിമിഷം അരുണിന്റെ ഹൃദയത്തിലും ലാവയായി വീണു,..

“ജസ്റ്റിൻ പറഞ്ഞിരുന്നു വരുമെന്ന്,.. ഇത്ര രാവിലെ പ്രതീക്ഷിച്ചില്ല !” സോയ പറഞ്ഞു,…

“ഞാനും !” അരുൺ ഋതികയെ നോക്കിയാണ് മറുപടി പറഞ്ഞത്,..

അവൾ തന്റെ മുഖത്തേക്കൊന്നു നോക്കുന്നതുപോലും ഇല്ല എന്നത് അവനിൽ നിരാശ പടർത്തി,.

“കേറി വരൂ !” സോയ അവനെ അകത്തേക്ക് ക്ഷണിച്ചു,…

“എക്സ്ക്യൂസ് മി,.. ഒന്ന് മാറാവോ,.. “അരുൺ ഋതികയോട് ഒരപരിചിതയോടെന്നവണ്ണം ചോദിച്ചു,
.
” ലഗ്ഗേജ് ഉണ്ട് അതാ !” ഋതിക അവനെ കടുപ്പത്തിൽ ഒന്ന് നോക്കി,.. ആ കണ്ണുകളുടെ തീക്ഷ്ണത നേരിടാനാവാതെ അവനൊന്ന് പതറിപ്പോയി,…

പിന്നെ അവൾ ദേഷ്യമുള്ളിലടക്കി ഒരു വശത്തേക്ക് ഒതുങ്ങിനിന്ന് കൊടുത്തു,… അവന്റെ സാമിപ്യം തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നത് അവളറിഞ്ഞു..
എല്ലാം തട്ടിയെറിഞ്ഞ് അവന്റെ നെഞ്ചോട് ചേരാൻ അവളുടെ മനസ്സ് കൊതിച്ചു,…

അവന്റെ ഹൃദയമിടിപ്പും ക്രമാതീതമായി വർദ്ധിച്ചു വന്നു,.. അവളെയൊന്ന് ആലിംഗനം ചെയ്യാനും, മതിവരാതെ അവളുടെ അധരങ്ങളിൽ ചുംബിക്കാൻ അവനും കൊതിച്ചു,.. പക്ഷേ താൻ അശക്തനാണ്,. തനിക്ക് മുന്നിലുള്ള പ്രതിബന്ധങ്ങൾ ഇപ്പോഴും ഏറെയാണ്,.. പലതിനെയും തട്ടിമാറ്റി അവളുടെ അരികിൽ ഓടിയെത്തിയത് തന്നെ വലിയ ഭാഗ്യമാണ്,.

എന്താണിവിടെ സംഭവിക്കുന്നത്,.. അരുണേട്ടൻ എങ്ങനെ ഇവിടെത്തി.. അവളുടെ മനസ്സിലും സംശയങ്ങൾ ഏറെയായിരുന്നു,..

അവൻ അകത്തേക്ക് കയറി,.. ഫ്ലാറ്റ് ചുറ്റുമൊന്ന് വീക്ഷിച്ചു, എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ത്രീ ബെഡ്‌റൂം ഫ്ലാറ്റാണ്,. ഇന്ന് മുതൽ സോയക്കും തന്റെ പ്രിയപ്പെട്ടവൾക്കുമൊപ്പം ഒരന്യനെ പോലെ താനും,…

“യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു? ” സോയ ചോദിച്ചു,..

“അടിപൊളി,.. ” അവൻ ഒറ്റവാക്കിൽ ഉത്തരം നൽകി,..

ഋതുവിനെ കണ്മുന്നിൽ കാണുന്നത് വരെയുള്ള ഓരോ നിമിഷങ്ങളും എങ്ങനെയാണ്, എത്ര വേദനയോടെയാണ് താൻ തള്ളി നീക്കിയതെന്ന് തനിക്ക് മാത്രമേ അറിയൂ,.

“അടിപൊളി,.. അടിപൊളി !” എന്തോ ഒരു പുതിയ വാക്ക് കൂടി പഠിച്ചെടുത്തപോലെ സോയ അത് രണ്ട് വട്ടം പറഞ്ഞു നോക്കി,..

“ആക്ച്വലി മൈ മലയാളം ഈസ്‌ നോട്ട് ഗുഡ്,.. ബട്ട്‌ എനിക്ക് മനസിലാവും !”

അവൾ അഭിമാനത്തോടെ പറഞ്ഞു,..

. “നന്നായി സംസാരിക്കുന്നുണ്ടല്ലോ !”

“യാ,.. ഓൾ ക്രെഡിറ്റ്‌സ് ഗോസ് ടു ഋതിക !” അവൾ വാതിൽക്കൽ നിൽക്കുന്ന ഋതികയെ നോക്കി പറഞ്ഞു,…

ഋതിക വിരസമായി പുഞ്ചിരിച്ചു,..

“ഋതു എന്താ അവിടെത്തന്നെ നിൽക്കുന്നത്,. ഇവിടേക്ക് വാ,.. ” സോയ വിളിച്ചു,.

അപ്പോഴാണ് ഋതികയ്ക്ക് താൻ ഇപ്പോഴും വാതിൽക്കൽ തന്നെയാണ് നിൽക്കുന്നതെന്ന ബോധം അവൾക്ക് വന്നത്

“കമ്മോൺ യാർ,.. ”

ഋതിക വാതിലിന്റെ ബോൾട്ട് ഇട്ട് അവർക്കരികിലേക്ക് നടന്നു,..

ഋതിക അടുത്തേക്ക് വരുംതോറും തന്റെ ഹൃദയമിടിപ്പ് കൂടി വരുന്നത് അവനറിഞ്ഞു,.. വല്ലാതെ വിയർക്കുന്നു,.. മുൻപ് പലപ്പോഴും താനീ അവസ്ഥ അനുഭവിച്ചിട്ടുണ്ട്,.. അവളെ ആദ്യമായി കണ്ടപ്പോഴും, പെണ്ണ് കാണാൻ ചെന്നപ്പോഴും, താലി കെട്ടിയപ്പോഴുമെല്ലാം,.. കല്യാണത്തിന്റെ കാര്യമോർത്തപ്പോൾ അവന് വല്ലാത്തൊരു നഷ്ടബോധം തോന്നി,..

“ഇത് ഋതിക,. എന്റെ ഫ്രണ്ട് ആണ് !” സോയ ഋതികയെ അരുണിന് പരിചയപ്പെടുത്തി,..

തന്റെ ഇമോഷൻസ് താൻ കണ്ട്രോൾ ചെയ്തേ മതിയാവൂ,.. എങ്കിൽ മാത്രമേ തന്റെയീ വരവിന്റെ ഉദ്ദേശലക്ഷ്യങ്ങൾ തനിക്ക് പൂർത്തീകരിക്കാനാവൂ,..

“ഓ നൈസ് ടു മീറ്റ് യൂ ഋതിക!’ അരുൺ പരിചയപ്പെടാനെന്ന വ്യാജേന അവൾക്ക് നേരെ കൈകൾ നീട്ടി,..

അവൾ അവന് നേരെ ഒന്ന് പുഞ്ചിരിക്കാൻ പോലും തയ്യാറായില്ല,..

“ഓ സോറി,.. ” അവൻ നിരാശയോടെ കൈകൾ പിൻവലിച്ചു,..

ഋതികയ്ക്ക് എന്ത് പറ്റി എന്നറിയാതെ സോയയും അവളെ അത്ഭുതത്തിൽ നോക്കി,..

“ഓ ഋതു,.. ഞാനിന്നലെ നിന്റെ അടുത്ത് പറയാൻ വിട്ടു,.. ഇത് അരുൺ,.. ജസ്റ്റിന്റെ ഫ്രണ്ട് ആണ്,.. അരുണിന് ഇവിടെ ഒരു കമ്പനിയിൽ ജോബ് റെഡിയായി, സോ, ഇനി മുതൽ അരുണും ഉണ്ടാവും നമുക്കൊപ്പം ഇവിടെ? ”

ഋതികയ്ക്ക് ഈ ഭൂമി പിളർന്ന് താനിപ്പോൾ താഴേക്ക് പോയിരുന്നെങ്കിൽ എന്നുപോലും തോന്നിപ്പോയി,..

“ഋതു എന്താ ഒന്നും മിണ്ടാത്തത്? ” സോയ തെല്ലൊരാശങ്കയിൽ അവളെ നോക്കി,.. അരുണിനും ടെൻഷനുണ്ടായിരുന്നു അവളെങ്ങനെ പ്രതികരിക്കുമെന്നതിൽ,..

“സോയാ ദീയുടെ ഇഷ്ടം, അഭിപ്രായം പറയാൻ ഞാനാരാ? !” അവളുടെ ശബ്ദമിടറി,..

“അങ്ങനല്ല ഋതു,. നീ എനിക്കൊപ്പം താമസിക്കുമ്പോൾ നിനക്കൊരു ബുദ്ധിമുട്ട് വരാതെ നോക്കാൻ എനിക്കും റെസ്പോൺസിബിലിറ്റി ഇല്ലേ? ”

സോയ തന്നെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി,..

“എനിക്ക് കുഴപ്പമില്ല !” അവൾ പറഞ്ഞു,.. അരുണിന് ശ്വാസം നേരെ വീണു,..

പറ്റില്ലെന്ന് തന്നെ പറയാമായിരുന്നില്ലേ,. എന്ത് കൊണ്ടാ ഋതു നിന്റെ നാവ് നിന്റെ മനസ്സിനെ അനുസരിക്കാതെ പോയത്,.. തനിക്ക് എതിർക്കാനുള്ള യോഗ്യതയില്ലെന്ന് സ്വയം ചിന്തിക്കുന്നതുകൊണ്ടല്ലേ? അല്ലെങ്കിലും എന്ത് യോഗ്യതയാണുള്ളത്, സോയാ ദീ തന്നെ ഒരനുജത്തിയെ പോലെ കാണുന്നു എന്നതോ? അത് മാറ്റി നിർത്തിയാൽ താനിവിടത്തെ വെറും വാടകക്കാരി മാത്രമാണ്,.

” അരുൺ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിരുന്നോ?”

“ആ വരുന്ന വഴിക്ക് കഴിച്ചിരുന്നു.. “അവൻ പറഞ്ഞു,.

“ഇവിടുത്തെ അഡ്രെസ്സ് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ? ”

“ചെറുതായി.. ഇതിത്തിരി ഉള്ളിലേക്കല്ലേ അതാ !”

“ചായ, കോഫീ, ജ്യൂസ്‌ ഓർ എനിതിങ്? ”

അരുൺ ഋതികയെ നോക്കി,.. അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു,..

“ആ കുട്ടിക്ക് ഞാനിവിടെ താമസിക്കുന്നതിൽ,.. ”

“ഹേയ്.. വിരോധം ഉണ്ടെങ്കിൽ പറഞ്ഞേനെ,.. പിന്നെ അരുണിവിടെ ഉള്ളത് ഞങ്ങൾക്കും ഒരാശ്വാസവാ !”

“അതെന്തേ !”

“നമ്മുടെ അപ്പുറത്തെ ഫ്ലാറ്റിൽ കുറച്ചു മല്ലു ബോയ്സ് താമസിക്കുന്നുണ്ട്,.. ഭയങ്കര ശല്ല്യം,.. എന്റെ അടുത്തങ്ങനെ കളിക്കാൻ വരാറില്ല,. ബട്ട്‌ ഋതുവിനോട്‌… ”

അരുണിന്റെ മുഖത്ത് പുഞ്ചിരി മാറി പകരം ഗൗരവം നിറഞ്ഞു,.

“ജോൺ എന്ന ഒരുത്തനുണ്ട്, ഒരു ദിവസം അവനവളുടെ കയ്യിൽ കേറി പിടിച്ചു !”

അരുണിന്റെ രക്തം തിളച്ചു കയറി ദേഷ്യം നിയന്ത്രിക്കാൻ അവൻ പാട് പെട്ടു,….

“ഋതു നല്ലത് പൊട്ടിച്ചു,.. ”

അവന്റെ മനസ്സിൽ തെല്ലൊരാശ്വാസം തോന്നി .

“അതോടെ ഇപ്പോ ആൾക്ക് അവളോട് കട്ട പ്രേമമാണെന്ന് പറഞ്ഞാ നടപ്പ് !” സോയ ചിരിച്ചു, പക്ഷേ അവനെന്തോ ചിരിക്കാൻ കഴിഞ്ഞില്ല, മറ്റൊരുത്തൻ അവളെക്കുറിച്ച് അങ്ങനൊന്നും ചിന്തിക്കുന്നത് പോലും അവന് ആലോചിക്കാൻ കഴിയില്ലായിരുന്നു,..

ഋതിക അവന് നേരെ ചായക്കപ്പ് നീട്ടി,. അരുണും സോയയും അത്ഭുതത്തോടെ അവളെ നോക്കി,…

“ചായ !” അവൾ ഗൗരവത്തോടെയാണ് പറഞ്ഞത്…

ഇപ്പോഴും അവൾ തന്റെ ഇഷ്ടങ്ങളൊന്നും മറന്നിട്ടില്ല,..

“അരുൺ ചായ വാങ്ങിക്ക് !” സോയ അവനെ ഓർമിപ്പിച്ചു,…

“താങ്ക്സ്” അവനാ കപ്പ്‌ വാങ്ങിച്ചപ്പോൾ അവന്റെ വിരലുകൾ അവളുടെ കയ്യിൽ സ്പർശിച്ചു,..

ഋതികയിൽ ഒരു ഉൾക്കിടലമുണ്ടായി,… അരുണിലും… അവൾ പെട്ടന്ന് കൈ വലിച്ചു,.. അവൻ പിടിച്ചിരുന്നത് കൊണ്ട് മാത്രമത് താഴെ പോയില്ല അല്ലായിരുന്നുവെങ്കിൽ അതവന്റെ മടിയിലേക്ക് വീണേനെ…

അവൻ ചായക്കപ്പ് ചുണ്ടോട് ചേർത്തു,.. അരുണിന് അത് ഒരിറക്ക് പോലും കുടിക്കാനായില്ല കാരണം അതിലവളുടെ കണ്ണീരിന്റെ ഉപ്പ് നിറഞ്ഞിരുന്നു,..

“എന്ത് പറ്റി അരുൺ? ”

“എനിക്കെന്തോ ചായ കുടിക്കാൻ തോന്നുന്നില്ല ”

അവൻ ചായക്കപ്പ് ടീപ്പോയിൽ വെച്ച് ഋതികയേ നോക്കി,….

അവളുടെ മുഖത്ത് പരിഹാസം നിറഞ്ഞൊരു ചിരി വിരിഞ്ഞു,..

“എനിക്കൊന്ന് ഫ്രഷ് ആവണം !”

“അതാ അവിടെയാ അരുണിന്റെ റൂം !”

“ഓക്കേ താങ്ക്സ് !” അരുൺ പതിയെ എഴുന്നേറ്റു,….

“ആക്ച്വലി എനിക്കിന്ന് ഡ്യൂട്ടി ഉണ്ട്,.. ഇറങ്ങണം, ഋതുവിന്‌ ഇന്ന് ലീവ് ആണ് എന്താവശ്യമുണ്ടേലും ഋതുവിനോട് ചോദിച്ചാൽ മതി,.. ”

അവൻ തലയാട്ടി,..

“ഋതുവിന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ !”

ഇല്ലെന്ന് തലയാട്ടി,..

“ഓക്കേ, ഞാനെന്നാൽ റെഡി ആവട്ടേട്ടോ ”

സോയ തന്റെ മുറിയിലേക്ക് പോയി,..

അരുണിന്റെയും ഋതുവിന്റെയും കണ്ണുകൾ തമ്മിൽ വീണ്ടുമിടഞ്ഞു,.. കുറച്ചു നേരം കണ്ണെടുക്കാതെ ഇരുവരും നോക്കി നിന്നു, പിന്നെ എന്തോ ഓർത്തപോലെ അരുൺ കണ്ണുകൾ പിൻവലിച്ചു, തന്റെ റൂമിന് നേരെ നടന്നു,..

“ഒന്ന് നിന്നേ !” ഋതിക വിളിച്ചു,..

അരുൺ പിടിച്ചു കെട്ടിയത് പോലെ നിന്നു,.. അവളവന്റെ മുന്നിലേക്ക് ചെന്നു…

“എന്താ നിങ്ങളുടെ ഈ വരവിന്റെ ഉദ്ദേശം? “അവൾ ഗൗരവം വിടാതെ ചോദിച്ചു,..

അരുൺ മറുപടി പറഞ്ഞില്ല,..

“ചോദിച്ചത് കേട്ടില്ലേ, എന്താ ഈ വരവിന്റെ ഉദ്ദേശം? ഇവിടേം എന്നെ ജീവിക്കാൻ സമ്മതിക്കില്ലെന്നാണോ? ”

അരുൺ നഷ്ടബോധത്തോടെ ഒന്ന് പുഞ്ചിരിച്ചു,,

” തീർത്തും ഒഫീഷ്യൽ പർപ്പസ്” അത്രമാത്രം പറഞ്ഞവൻ തനിക്ക് തന്ന മുറിയിലേക്ക് നടന്നു.

ഋതിക നിർവികാരയായി നിന്നു,.. ഹൃദയത്തിൽ എവിടെയൊക്കെയോ ഒരു വേദന അനുഭവപ്പെടുന്നതവളറിഞ്ഞു, എവിടെയോ എപ്പോഴോ താനും ആഗ്രഹിച്ചുരുന്നോ അവൻ തന്നെ കാണാനാണ്, വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കാനാണ് വന്നതെന്ന് പറയുമെന്ന്,..

കണ്ണുനീർത്തുള്ളികൾ ധാരധാരയായി അവളുടെ കവിൾത്തടങ്ങളിലൂടെ ഒഴുകിയിറങ്ങി, എന്തിനാ അരുണേട്ടാ എന്നോട്,..

ഇല്ല തന്നെ കൊണ്ടാവില്ല ഇനിയങ്ങോട്ടേക്കെന്നല്ല, ഒരു നിമിഷം പോലും ഇവിടെ നിൽക്കാൻ,.. ഋതിക മിഴിനീർ തുടച്ചു മുറിയിലേക്ക് നടന്നു,..

ദേഷ്യവും, സങ്കടവുമെല്ലാം അവൾക്ക് ഒരുമിച്ചു വന്നു,..

“മനസമാധാനത്തോടെ മനുഷ്യനെ ജീവിക്കാനും സമ്മതിക്കില്ല,..എനിക്ക് മാത്രമെന്താ ഈശ്വരാ ഇങ്ങനൊരു വിധി !”

അവൾ സ്വയം ശപിച്ചുകൊണ്ട് ബാഗിൽ ഡ്രസ്സ്‌ വാരി നിറച്ചു,.. എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും ദേഷ്യമടങ്ങുന്നില്ലെന്ന് അവൾക്ക് തോന്നി,…

ഋതിക കട്ടിലിൽ ഇരുന്നു കുറച്ചു നേരം കരഞ്ഞു,.. എന്നിട്ടും അവളുടെ മനസ്സ് ശാന്തമായില്ല,.. ജസ്റ്റിൻ ചേട്ടന്റെ ഫ്രണ്ട് ആണ് പോലും,.. എല്ലാവരും കൂടെ വീണ്ടും തന്നെ പറ്റിക്കുകയാണോ,.. സത്യാവസ്ഥ അറിഞ്ഞേ പറ്റൂ,.. അവൾ ഫോണെടുത്ത് നീതിയെ വിളിച്ചു,..

“ആ പറ ഋതു,… ”

“എന്താ നീതി ഇത്? ”

“എന്ത്? ”

“അയാളെന്താ ഇവിടെ? ”

“ആര്? ”

“അരുൺ,… ” അവൾ ദേഷ്യത്തോടെ പറഞ്ഞു,.

“അരുണോ? ഏത് അരുൺ? ” നീതി ഒന്നും മനസിലാവാത്തപോലെ ചോദിച്ചു,..

“നീയിങ്ങനെ ഒന്നുമറിയാത്തപോലെ സംസാരിക്കല്ലേ നീതി, നിനക്ക് എത്ര അരുണിനെ അറിയാം? ”

“എനിക്ക് കുറേ അരുണിനെ അറിയാം, ഇനി നിനക്ക് കൂടി പരിചയമുള്ള അരുൺ ആണെങ്കിൽ,.. ” അവൾ ഒന്ന് നിർത്തി,..

“അരുൺ ചേട്ടായിയോ? ” അവൾ അത്ഭുതത്തോടെ ചോദിച്ചു,

“ആ !”

“അരുൺ ചേട്ടായി എന്താ അവിടെ? ” അവൾ ആകാംഷ അടക്കാനാവാതെ ചോദിച്ചു,..

“എനിക്കറിയില്ല,.. അതറിയാനാ ഞാൻ നിന്നെ വിളിച്ചത്,.. ഇനി ഇവിടെയാണത്രെ താമസിക്കാൻ പോണത്? ”

“നിങ്ങടെ കൂടെയോ? ”

“ആ,.. ജസ്റ്റിൻ ചേട്ടൻ ആണ് ഇവിടെ താമസസൗകര്യം റെഡി ആക്കിയതെന്ന്,., ”

“എന്നോടന്നിട്ട് ഇച്ചായൻ പറഞ്ഞില്ലല്ലോ !”അവൾ പറഞ്ഞു,..

“ആ എനിക്കറിയില്ല,..”

“ഞാനൊന്ന് ചോദിച്ചു നോക്കട്ടെ !”

“വേണ്ട, അയാളിവിടെ എന്തെങ്കിലുമൊക്കെ കാണിക്കട്ടെ.. ഞാനിനി ഇവിടെ നിൽക്കില്ല,.. പോരുവാ നാട്ടിലേക്ക് !”

“എന്റെ പൊന്ന് ഋതു നീ മണ്ടത്തരം കാണിക്കല്ലേ,.. നീ ബോണ്ട്‌ സൈൻ ചെയ്തു കൊടുത്തതാ, റിസൈൻ ചെയ്തു പോന്നാൽ കമ്പനി നിന്നെ ബ്ലാക്ക്ലിസ്റ്റ് ചെയ്യും !”

“ഞാൻ പിന്നെ എന്താ ചെയ്യണ്ടേ, അയാൾക്ക് വെച്ചു വിളമ്പി ഇവിടെ നിൽക്കാനോ? ” ഋതിക തന്റെ രോഷം മറച്ചു വെച്ചില്ല,..

“എന്ന് നിന്നോട് ആരാ പറഞ്ഞത്, നീ അവിടെ ഓഫീസ് ജോലിക്കല്ലേ പോയത്, അടുക്കളപ്പണിക്കല്ലല്ലോ.. നീ നിന്റെ കാര്യം നോക്കിയാൽ മതി,.. എന്തിനാ വെറുതെ അയാളെക്കുറിച്ച് ബോതേർഡ്‌ ആവണത്? ”

“നീതി !”

“നീ അവിടെത്തന്നെ നിൽക്കും ഋതു,.. ബോൾഡ് ആയി,. അരുണിനെന്താ ചെയ്യാൻ കഴിയാ എന്ന് നോക്കണല്ലോ.. അല്ലാതെ പേടിച്ച് ഒളിച്ചോടുവല്ല വേണ്ടത്.. എന്ത് ന്യായം പറഞ്ഞാണെങ്കിലും !” നീതി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി,..

ഋതിക മറുപടി ഇല്ലാതെ നിന്നു..

“ഞാൻ വെക്കുവാ,.. റിസൈൻ ചെയ്തു പോരുന്ന കാര്യവും പറഞ്ഞ് ഇനിയെന്നെ വിളിക്കണ്ട !” നീതി ഫോൺ കട്ട്‌ ചെയ്തു,…

ഋതിക എന്ത് ചെയ്യണമെന്നറിയാതെ നിന്നു,..

അല്ലെങ്കിലും ആരെപ്പേടിച്ചാണ് താൻ ഒളിച്ചോടുന്നത്? ഇല്ല തളരാൻ താൻ പോണില്ല,.. അരുണും താനും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം തന്റെ പാസ്റ്റ് ആണ്,.. താനത് അടച്ചു വെച്ച പുസ്തകമാണ് ഇനിയത് തുറക്കാൻ ആഗ്രഹിക്കുന്നുമില്ല,… പിന്നെ താനെന്തിനാ അയാളെക്കുറിച്ച് ബോതേർഡ്‌ ആവണത്,…

സ്വയം സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും തലയ്ക്കു ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി അവൾക്ക്.. ആരോ കതകിൽ മുട്ടി,..

അവൾ ദേഷ്യമടക്കി പോയി വാതിൽ തുറന്നു,.. നോക്കുമ്പോൾ മുന്നിൽ അരുൺ,..

“എന്താ? ” അവൾ കോപത്തോടെ ചോദിച്ചു,..

“അതേ ഒരു ബാത്ത്ടവൽ തരുവോ? ”

“ഇതൊന്നും എടുക്കാതാണോ ബാഗും പാക്ക് ചെയ്തിങ്ങ് പോന്നത്? ”

അവൾ ഗൗരവത്തോടെ തന്നെ ചോദിച്ചു,..

“അത് പിന്നെ !”

“സോയാ ദീയോട് ചോദിക്ക് !”

“സോയ ഹോസ്പിറ്റലിൽ പോയി,.. ”

ഹോസ്പിറ്റലിൽ പോയോ, അവൾ അക്ഷമയോടെ അവനെ നോക്കി,.. ബീ കൂൾ ഋതു,.. നീ കൂടുതൽ ദേഷ്യപ്പെട്ടാൽ അവൻ വിചാരിക്കും നിനക്കിപ്പോഴും അവനോട് ദേഷ്യമുണ്ടെന്ന്, ഈ ദേഷ്യമുണ്ടാവുന്നത് സ്നേഹത്തിൽ നിന്നാണല്ലോ, അപ്പോൾ അവൻ കരുതും തന്റെ ഉള്ളിൽ ഇപ്പോഴും അവനോട് സ്നേഹമുണ്ടെന്ന്,. സോ ബീ കൂൾ,..

“താനെന്താ ആലോചിക്കുന്നേ? ” അവൻ ചോദിച്ചു,..

“ഒരു മിനിറ്റ്,.. ഞാൻ എടുത്തു തരാം !”

അവൾ അലമാരി തുറന്നു,..

അരുൺ അവളുടെ റൂമും മൊത്തത്തിലൊന്ന് വീക്ഷിച്ചു,.. കട്ടിലിൽ പാക്ക് ചെയ്തു വെച്ചിരിക്കുന്ന ലഗേജ് അപ്പോഴാണവന്റെ കണ്ണിൽ പെട്ടത്,..

“എവിടേക്കെങ്കിലും പോവാണോ? ”

“അല്ല,.. താനെന്തിനാ അതൊക്കെ നോക്കുന്നത്,.. തനിക്ക് വേണ്ടത് ബാത്ത്ടവൽ അല്ലേ, അത് ഞാൻ എടുത്ത് തരും,.. അല്ലാതെ എന്റെ പേഴ്‌സണൽ കാര്യത്തിൽ ഇടപെടുന്നത് എനിക്കിഷ്ടല്ല !”

അരുൺ ഒരുനിമിഷത്തേക്കവളെ അത്ഭുതത്തിൽ നോക്കി നിന്നു,.. അരുണേട്ടാ എന്നും വിളിച്ചു നടന്ന പെണ്ണാണ്,.. അരുൺ എന്ന് പോലും ഒഴിവാക്കി താനെന്ന്,..

“അതേ ഒരു സോപ്പ് കൂടി വേണേ !” അവൻ പറഞ്ഞു,.. അവളവനെയൊന്ന് കടുപ്പിച്ച് നോക്കി,..

പിന്നെ സോപ്പും, ടവ്വലും എടുത്ത് അവന് നേരെ നടന്നു, .

“ഇനി അവനവന് വേണ്ട സാധനം സ്വയം വാങ്ങിക്കോണം, ഇവിടാരും ഷോപ്പ് ഒന്നും നടത്തുന്നില്ല സോപ്പ്, ടവൽ, ബ്രഷ് എന്നും പറഞ്ഞ് ഓർഡർ ഇടാൻ !”

അരുണിന് അവളുടെ പെരുമാറ്റം വിചിത്രമായി തോന്നി, ഇങ്ങനൊരു പ്രതികരണം സ്വപ്നത്തിൽ പോലും അവളിൽ നിന്നും പ്രതീക്ഷിച്ചില്ല,…

“അതേ,… ” അവൻ ഒന്നുകൂടി വിളിച്ചു,..

“ഇനിയെന്താ കുളിപ്പിച്ച് തരണോ? “അവൾ ദേഷ്യത്തോടെ ചോദിച്ചു,..

“വേണ്ടാ,.. താങ്ക്സ് !” അതുംപറഞ്ഞു പുഞ്ചിരിച്ചുകൊണ്ടവൻ റൂമിലേക്ക് പോയി,…

ഋതിക വാതിലടച്ചു,.. താനിതെന്തൊക്കെയാണ് പറഞ്ഞത്,.. അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു നോക്കി,.. അവൻ ചെറുതായാണെങ്കിലും തന്റെ പെരുമാറ്റത്തിൽ ഒന്ന് പതറിയിട്ടുണ്ട്,.. ഇനി ഈ ലെവൽ മതി,.. ഇങ്ങനെ തന്നെ മുന്നോട്ട് പോയാൽ തനിക്ക് പിടിച്ചു നിൽക്കാൻ പറ്റും,…

പക്ഷേ സോയാ ദീ ഇല്ലാതെ താനെങ്ങനെ? അതവളുടെ മനസ്സിൽ ഒരു ചോദ്യമായിത്തന്നെ നില നിന്നു,..

അവൾ ബാഗിൽ വെച്ച ഡ്രെസ്സുകൾ ഓരോന്നായി ഷെൽഫിൽ തിരികെയെടുത്ത് വെച്ചു,….

********

ആകാശം ഇരുണ്ട് കൂടി വന്നു,…

“ദൈവമേ ഇപ്പോൾ മഴ പെയ്യൂല്ലോ,.. ഉണങ്ങാനിട്ട തുണിയൊക്കെ നനയുമല്ലോ !”

അവൾ ടെറസ്സിലേക്ക് വെച്ചു പിടിച്ചു,…

അഴയിൽ നിന്നും തുണിയൊക്കെയെടുത്ത് തിരികെ ഇറങ്ങിയതും ജോൺ അവളുടെ എതിരെ വന്നു,.. ഋതിക ഒന്നും മിണ്ടാതെ പടികളിറങ്ങി,..

“അതേ.. ഒന്ന് നിന്നേ,.. ” ജോൺ അവളെ തടഞ്ഞു നിന്നു.

“വഴി മാറ് എനിക്ക് പോണം !” അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു,…

“ശ്ശേ, ഒന്ന് നിൽക്കന്നേ, ചോദിക്കട്ടെ,.. ”

“ജോൺ പ്ലീസ് !”

“വിടില്ല,. പുതിയ ഏതോ ഒരുത്തൻ വന്നിട്ടുണ്ടല്ലോ ആരാ അത്? ”

“എന്റെ കെട്ടിയോനാ നിനക്ക് നഷ്ടമൊന്നുമില്ലല്ലോ? ” അവൾ വീറോടെ ചോദിച്ചു,..

ജോണിന്റെ മുഖമൊന്നു മങ്ങി,..

“ഇനിയെന്തെങ്കിലും അറിയാനുണ്ടോ? ഇല്ലെങ്കിൽ ഒന്ന് വഴിമാറിത്തന്നാൽ എനിക്കങ്ങ് പോവാമായിരുന്നു,.. ”

ജോൺ ഒന്നും മിണ്ടാതെ ഒരു സൈഡിലേക്ക് ഒതുങ്ങി നിന്നു കൊടുത്തു,.. തനിക്കപ്പോൾ ധൈര്യമൊക്കെ വന്ന് തുടങ്ങിയിട്ടുണ്ട്,.. അവൾ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് നോക്കിയതും സ്റ്റെയറിൽ ചാരി അരുൺ,.. അവനെല്ലാം കേട്ടുകാണുമോ എന്ന സംശയം അവൾക്ക് തോന്നാതിരുന്നില്ല,…

എങ്കിലും അവൾ ഒന്നും മിണ്ടാതെ അവനെ മറികടന്ന് താഴേക്കിറങ്ങി,.. ജോൺ ആ രംഗം തന്നെ നോക്കി നിൽക്കുകയായിരുന്നു,.. താഴെ എത്തിയെന്ന് ഉറപ്പായ നിമിഷം അരുൺ മുകളിലേക്കുള്ള പടികൾ കയറി,.

ജോണും അരുണിനെ മൈൻഡ് ചെയ്യാതെ താഴേക്കിറങ്ങി,…

“ഒന്ന് നിന്നേ,.. ” അരുൺ അവനെ തടഞ്ഞു നിർത്തി,…

“എന്താണാവോ? ”

“താൻ കുറേ കാലമായോ അവളെ പ്രേമിക്കാൻ തുടങ്ങിയിട്ട്?” അരുൺ ചോദിച്ചു,.

“അത് തന്നോട് പറയേണ്ട കാര്യമില്ല !” ജോൺ മുഖം തിരിച്ചു,..

“ഉണ്ടല്ലോ.. അവള് പറഞ്ഞത് കേട്ടില്ലേ ഞാനവളുടെ കെട്ടിയോനാണെന്ന് !”

“അത് കേട്ടു, അതോടൊപ്പം കാണുകയും ചെയ്തു കെട്ടിയോനും കെട്ടിയവളും തമ്മിലുള്ള ആത്മബന്ധം !” ജോൺ പുച്ഛം കലർന്ന ഒരു ചിരിയും സമ്മാനിച്ചു താഴേക്കിറങ്ങിപ്പോയി,..

അവൻ പറഞ്ഞിട്ട് പോയ വാക്കുകൾ അരുണിന്റെ ഹൃദയത്തിൽ നന്നായി കൊണ്ടു,.. റിതുവുമൊന്നിച്ചുള്ള നല്ല നിമിഷങ്ങൾ അവന്റെ ഓർമകളിലേക്ക് കടന്നെത്തി,.. എത്തിപ്പിടിക്കാൻ ആവാത്ത വിധം ഒരകലം തങ്ങൾക്കിടയിൽ ഉണ്ടെന്നവന് തോന്നി,…

ഒന്നാർത്തലച്ചു പെയ്യാനുള്ള കാർമേഘം അവനിലും ബാക്കിയുണ്ടായിരുന്നു,…

****—****

താനെന്തിനാണ് അരുണിനെ കെട്ടിയോനെന്ന് വിശേഷിപ്പിച്ചത്,.. അരുൺ അത് കേട്ടെങ്കിൽ തന്നെക്കുറിച്ച് എന്താവും കരുതിക്കാണുക? ജോണിനോട് സംസാരിക്കുമ്പോൾ അരുൺ ഒരിക്കലും അവിടേക്ക് കയറി വരുമെന്ന് താനൊട്ടും കരുതിയിരുന്നില്ല,..

അവൾ വാരിയെടുത്ത തുണികൾ കട്ടിലിലേക്കിട്ടു, ഓരോന്നായി മടക്കിവെച്ചു,.. അയ്യോ തന്റെ ദുപ്പട്ട എവിടെ,.. ശ്രീ തന്നതാണ്,.. പണ്ടവൾ താനുമായി വാശി പിടിച്ചു നേടിയെടുത്തതാണ്,.. ഒടുവിൽ പോരാൻ നേരം തനിക്ക് തന്നെ തിരികെ തന്നത്,.. നഷ്ടപ്പെടുത്താൻ വയ്യ,..

മഴ എപ്പോൾ വേണമെങ്കിലും പെയ്യാം,.. അതിന് മുൻപേ,. പോയി നോക്കട്ടെ,..

അവൾ തിരിച്ചു നടന്നു,… ഇല്ല നിലത്തൊന്നും വീണിട്ടില്ല,.. അവൾ ടെറസിലേക്കുള്ള പടികൾ കയറി,…

*******

അരുൺ ടെറസിൽ നിന്ന് ചുറ്റുപാടും നോക്കിക്കാണുകയായിരുന്നു,.. ജോൺ പറഞ്ഞ വാക്കുകൾ ചെവിയിൽ ഇപ്പോഴും മുഴങ്ങിക്കേൾക്കുകയാണ്,..

തനിക്കും ഋതുവിനും ഇടയിലുള്ള ആത്മബന്ധത്തിന് വിള്ളൽ വീണതിന്റെ പൂർണ്ണഉത്തരവാദിത്തവും തനിക്ക് മാത്രമാണ്,.. ഇനി നിന്നിലേക്കൊരു തിരിച്ചുവരവ് അതെനിക്കുണ്ടാവുമോ ഋതു,.. നീയതിന് അനുവദിക്കുമോ,.. നിന്റെ പഴയ അരുണേട്ടനായിമാറാൻ ഇനിയെനിക്ക് പറ്റുമോ? അവൻ സ്വയം ചോദിച്ചു,.

അഴയിൽ കിടപ്പുണ്ട്, താൻ എടുക്കാൻ വിട്ടുപോയതാണ്,.. എങ്ങനെ കേറി ചെല്ലും അവിടേക്ക്? അരുണും അടുത്ത് തന്നെ നിൽപ്പുണ്ട്,. അവൾക്ക് മടി തോന്നി,…

ഒരു മഴതുള്ളി അവന്റെ കൈകളിലേക്ക് ഇറ്റു വീണു,…

“അയ്യോ മഴ,… അരുണേട്ടാ !” അവൾ ഉറക്കെ വിളിച്ചു,…

അവൻ ഞെട്ടലിൽ തിരികെ നോക്കി,.. ഋതു താഴെ നിൽക്കുകയാണ്,…

“എന്റെ ദുപ്പട്ട !” അവൾ വിളിച്ചു പറഞ്ഞു,..

അവൻ തന്റെ സമീപത്ത് അഴയിൽ വിരിച്ചിട്ടിരുന്ന ദുപ്പട്ടയിലേക്കും അവളെയും മാറിമാറി നോക്കി,..

“ദേ മഴ വരണൂ,.. ആ ദുപ്പട്ട എടുത്തോണ്ട് വേഗം വാ !”

ഒരു നിമിഷത്തേക്കവന് അവൾ തന്റെ പഴയ ഋതുവാണെന്ന് തോന്നി,.. കാലങ്ങൾക്ക് ശേഷം അവൾ തന്നെ അരുണേട്ടാ എന്ന് വിളിച്ചിരിക്കുന്നു,.. അവസാനമായി കോടതി മുറിയിൽ വെച്ചാണ് അവൾ തന്നെ അരുണേട്ടാ എന്ന് വിളിച്ചത്,.. അന്നവൾ കരയുകയായിരുന്നു,.. പക്ഷേ ആ കണ്ണീരന്ന് കല്ലാക്കി വെച്ചിരുന്ന തന്റെ ഹൃദയത്തെ അൽപ്പം പോലും സ്പർശിച്ചില്ല,…

മഴത്തുള്ളികൾ കൂട്ടമായി വന്നവനെ പൊതിഞ്ഞു,.. ക്ഷമ നശിച്ച ഋതിക വേഗം ഓടിക്കയറി വന്ന് ദുപ്പട്ടയെടുത്തു,…

“മഴ പെയ്യുന്നത് കാണുന്നില്ലേ? ”

അവൾ ചോദിച്ചു,… അവൻ അവളെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു,..

“അരുണേട്ടാ മഴ,.. ” അവളവന്റെ കയ്യിൽ ഒന്ന് തട്ടി തിരികെ ഓടി,..

എന്തോ ഓർത്തപോലെ അരുൺ അവളെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു,… ഋതിക അമ്പരപ്പോടെ അവനെ നോക്കി,.. അരുണിന്റെ നോട്ടത്തിൽ താൻ പതറിപ്പോവുംപോലെ അവൾക്ക് തോന്നി, ..

അവൻ ഇടുപ്പിലൂടെ കയ്യിട്ട് ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചു,.. അവളുടെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു,.. എന്തിനോ വേണ്ടി അവളുടെ അധരങ്ങൾ വിറകൊണ്ടു,..

അടുത്ത നിമിഷം അരുണിന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ പൊതിഞ്ഞു,.. ശരീരത്തിൽ എവിടെയൊക്കെയോ ഒരു സ്പാർക്ക് ഉണ്ടാകുന്നത് അവളറിഞ്ഞു,..

അവന്റെ ചുംബനത്തിന്റെ തീവ്രതയിൽ അവളവന്റെ ടീഷർട്ടിൽ മുറുകെ പിടിച്ചു,…

ഭൂമിയെ പ്രകമ്പനം കൊള്ളിച്ച ഒരിടി വെട്ടി.. അവൾ ഞെട്ടലോടെ അവനെ തള്ളിമാറ്റി,..

അരുണേന്തോ വലിയ തെറ്റ് ചെയ്തെന്നപോലെ തല കുനിച്ചു നിന്നു.. അടുത്ത നിമിഷം അവളുടെ മൃദുലമായ കൈകൾ അത്യധികം ശക്തിയോടെ അവന്റെ കവിളിൽ പതിഞ്ഞിരുന്നു,…

“ഋതു അയാം സോറി !” അവന്റെ നാവുകൾ ചലിച്ചു…

“മിണ്ടരുത്,.. ആ വാക്കുകൾ ഉച്ചരിക്കാനുള്ള അർഹത നിങ്ങൾ എന്നേ നഷ്ടപ്പെടുത്തിയിരിക്കുന്നു !”

അത്രമാത്രം പറഞ്ഞവൾ ഓടിയിറങ്ങിപ്പോയി,.. മഴ ആർത്തലച്ചു പെയ്തുകൊണ്ടിരുന്നു,.. അവൻ ഓടിപ്പോകുന്ന അവളെയും,. നിലത്ത് വീണു കിടന്ന അവളുടെ ദുപ്പട്ടയിലേക്കും മാറിമാറിനോക്കി,..

“അറിയാം ഋതു, നിന്നോട് മാപ്പപേക്ഷിക്കാൻ പോലും എനിക്ക് അർഹതയില്ലെന്ന് !” അവൻ ആ ദുപ്പട്ട കയ്യിലെടുത്തു,…

മഴത്തുള്ളികൾ അവന്റെ കണ്ണുനീരിനെ മറച്ചു,…

***********

ഇത്രയൊക്കെ തന്നെ വേദനിപ്പിച്ചിട്ടും എങ്ങനെയാണവന് ധൈര്യം വന്നത് തന്റെ കൈ പിടിക്കാനും തന്നെ ചുംബിക്കാനും.. ഋതിക പൊട്ടിക്കരഞ്ഞു,. അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി, ഒന്ന് തടുക്കാൻ പോലും ആവാത്തതിന്,..

അരുൺ അടഞ്ഞു കിടക്കുന്ന അവളുടെ റൂമിന്റെ വാതിലിലേക്ക് നോക്കി,.. അവന്റെ മനസ്സിൽ അസാധാരണമായ ഒരു ഭയം കേറി വന്നു,.. അവൻ രണ്ടും കൽപ്പിച്ചു വാതിലിൽ മുട്ടി,…

“ഋതു,… ”

അവൾ കണ്ണുനീർ തുടച്ചു,…

“നിങ്ങൾക്കിനി എന്താ വേണ്ടത്? ”

“ഋതു പ്ലീസ്,.. അയാം സോറി,.. നീയിങ്ങനെ വാതിലടച്ചിരിക്കല്ലേ,.. എനിക്കെന്തോ? ”

“നിങ്ങൾക്കെന്താ അരുൺ? ”

അവൾ ചെന്ന് വാതിൽ തുറന്നു,… അരുൺ അവളുടെ നോട്ടം നേരിടാനാവാതെ തല കുനിച്ചു,…

“ഞാനന്നേരം, ആ സിറ്റുവേഷൻ !” അവൻ വാക്കുകൾക്കായി പരതി,..

“അന്നാ കോടതി വളപ്പിൽ വെച്ച് ഒരു മഴ പെയ്തിരുന്നെങ്കിൽ, എന്നെ ഡിവോഴ്സ് ചെയ്യാനുള്ള തീരുമാനം ഒരു ചുംബനത്തിന്റെ പേരിൽ നിങ്ങൾ മറ്റുമായിരുന്നു അല്ലേ അരുൺ? ”

അരുൺ മറുപടി ഇല്ലാതെ നിന്നു,..

“ഓ,.. ഇതൊരു ഫണ്ണിനു വേണ്ടി ചെയ്തതാവും അല്ലേ, ജസ്റ്റ്‌ ഫോർ എന്റർടൈൻമെന്റ് !”അവളിൽ പുച്ഛം നിറഞ്ഞു,.

“നീയെന്തും പറഞ്ഞോ ഋതു കേൾക്കാൻ ഞാൻ ബാധ്യസ്ഥനാ !”അവൻ ഒരു കുറ്റസമ്മതത്തിനൊരുങ്ങി,.

“എന്താ അരുൺ ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടോ? ”

“അന്നത്തെ ആ സിറ്റുവേഷനിൽ !” അവൻ പറയാൻ തുടങ്ങി, പക്ഷേ അവൾ കൈകളുയർത്തി അവനെ തടഞ്ഞു, .

“വേണ്ടാ,. ഞാനതൊക്കെ അടച്ചുവെച്ച അധ്യായങ്ങളാ തുറക്കാൻ ആഗ്രഹിക്കുന്നുമില്ല,. അതിന്റെ പേരിൽ പുതിയൊരു കള്ളക്കഥ ഉണ്ടാക്കാൻ നിങ്ങൾ കഷ്ടപ്പെടണ്ട !”

“ഋതു !”

“ഞാൻ ഇവിടെ ജോലി ചെയ്തു ജീവിക്കാൻ വന്നതാ,. ഞാൻ രാവിലെ പറഞ്ഞത് പോലെ എന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടാൻ വരണ്ട,. നിങ്ങളുടെ കാര്യത്തിൽ ഞാനും ഇടപെടാൻ വരില്ല,.. ഓക്കേ,.. ”

ഇനി അവളോടൊന്നും പറഞ്ഞാൽ അത് ശരിയാവില്ലെന്ന് അവന് തോന്നി,.

“എങ്കിൽ ഇനി പൊയ്ക്കൂടെ? ”

“മ്മ് !” അവൻ ദുപ്പട്ട അവൾക്ക് നേരെ നീട്ടി ഋതിക അത് വാങ്ങി,…

അരുൺ നിരാശയോടെ തന്റെ റൂമിലേക്ക് നടന്നു,..

അവൾ വാതിൽ കുറ്റിയിട്ട് ഒരു തേങ്ങലോടെ ദുപ്പട്ടയും മാറിലൊതുക്കി നിലത്തേക്കിരുന്നു,…

**********

അരുണിലും ഋതികയിലും തുടങ്ങി, വൈകുന്നേരം ഡൈനിങ്ങ് ടേബിളിലും തളം കെട്ടി നിന്ന നിശബ്ദതയ്ക്ക് വിരാമമിട്ടത് സോയ ആണ്,…

“രാവിലെ തിരക്കിനിടയിൽ ഞാൻ ചോദിക്കാൻ വിട്ടു… അരുണിന് എന്നാ ജോയിൻ ചെയ്യണ്ടേ? ”

“നാളെ !”

“ഏതാ കമ്പനി?”

” Akira pvt Ltd!”

കമ്പനിയുടെ പേര് കേട്ടതും ഋതിക ഒന്ന് ഞെട്ടി,.. കഴിച്ച ഭക്ഷണം ഒന്നായി തൊണ്ടയിൽ കെട്ടി,.. അവളൊന്ന് ചുമച്ചു,…

(തുടരും )

അനുശ്രീ ചന്ദ്രൻ

പൊങ്കാല ഇടുന്ന അരുൺ ഫാൻസ്‌ പ്ലീസ് സ്റ്റെപ് ബാക്ക്, അരുണിനെ ഋതുവിന്റെ അരികിൽ കൊണ്ടോയി എത്തിച്ചിട്ടുണ്ട്,.

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ തണലിൽ ഇത്തിരി നേരം – 27”

Leave a Reply

Don`t copy text!