“സാർ ആപ് നേ യേ ക്യാ കഹാ? മാഡം ആപ്കി? ” അയാൾ വിശ്വസിക്കാനാവാതെ അവനെ നോക്കി,…
“ഹാ യേ സച് ഹേ,.. ഋതിക മേരി വൈഫ് ഹേ,.. ”
അയാളുടെ കണ്ണുകളിൽ ഇപ്പോഴും അത്ഭുതം ബാക്കി നിൽക്കുന്നുണ്ടായിരുന്നു…
“ആപ്കി സവാലോം കി ജവാബ് മിൽ ഗയി,.. ക്യാ മേ അഭി ജാ സക്തി ഹൂ ? ” അവൻ ചോദിച്ചു,..
അയാൾ തലയാട്ടി,..
അരുൺ വണ്ടി സ്റ്റാർട്ട് ചെയ്തു,..
*******
“അച്ചാ ആപ്കി പതി കാ നാം ബതായിയെ,. ”
“ക്യാ? ” അവൾ മനസിലാവാത്തത് പോലെ മെഹന്ദിക്കച്ചവടക്കാരനെ നോക്കി,..
“ആപ്കി ഹസ്ബൻഡ് കാ നാം ബതായിയെ മാഡം ജി,.. ” അയാൾ ഒന്ന് കൂടി ആവർത്തിച്ചു,..
“അരുൺ !”
അവൾ ഞെട്ടലിൽ പിന്തിരിഞ്ഞു നോക്കി,.. തൊട്ടരികിൽ ഒരു ചെറുപുഞ്ചിരിയോടെ അരുൺ,…
“നിങ്ങളെന്താ ഇവിടെ? ” അവൾ അമ്പരപ്പോടെ ചോദിച്ചു,..
“നീയെന്താ ഇവിടെ? ” അവൻ തിരിച്ചു ചോദിച്ചു .
“അതെന്തിനാ നിങ്ങളോട് പറയണേ? ”
“അപ്പോൾ ഞാനും പിന്നെന്തിനാ പറയണേ? ” അവനും വിട്ട് കൊടുക്കാൻ തയ്യാറായില്ല,..
അരുണിന്റെ മറുപടി അവളെ നല്ല ദേഷ്യം പിടിപ്പിച്ചു,..
“300 റുപ്പയ്യേ സാർ !” മെഹന്ദിക്കാരൻ പറഞ്ഞു,..
അപ്പോഴാണ് ഋതിക തന്റെ കൈകളിലേക്ക് നോക്കിയത്, ഇരുകൈകളിലും അരുണിന്റെ പേരെഴുതിയ മെഹന്ദി,..
“ബഹൂത് സുന്ദർ ഹേ ഭൈയ്യ,.. ബഹൂത് അച്ചാ ഡിസൈൻ !” അരുൺ അയാളെ അഭിനന്ദിക്കാൻ മറന്നില്ല,..
പക്ഷേ താനെപ്പോഴാണ് അയാൾക്ക് തന്റെ കൈകളിൽ മെഹന്ദി ഇടുവാനുള്ള അനുവാദം നൽകിയത്, ഋതിക ഓർത്തെടുക്കാൻ ശ്രമിച്ചു,..
അരുൺ അപ്പോഴേക്കും അയാൾക്ക് പൈസ എടുത്ത് കൊടുത്തിരുന്നു…
“പോവാം!” അവൻ അവളെനോക്കി പറഞ്ഞു,..
“എങ്ങോട്ട്? ” ഋതികയുടെ മുഖം ചുവന്നു,..
“ഫ്ലാറ്റിലേക്ക് അല്ലാതെങ്ങോട്ടാ? ”
“നിങ്ങളോടാരാ മെഹന്ദി ഇട്ട പൈസ കൊടുക്കാൻ പറഞ്ഞത് !”അവൾ അമർഷത്തോടെ ചോദിച്ചു,.
“എന്റെ കെട്ടിയോളുടെ കൈകളിൽ മെഹന്ദിയിട്ട പൈസ ഞാനല്ലാതെ പിന്നാരാ കൊടുക്കണ്ടേ? ” അവൻ ചോദിച്ചു,..
“കെട്ടിയോൾ,. അങ്ങനത്തെ വിചാരമൊക്കെ ഉണ്ടോ ചേട്ടന് !” അവളുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞിരുന്നു,..
“നോക്ക് ഋതു നമുക്ക് വീട്ടിൽ പോയി സംസാരിക്കാം, നീയിപ്പോ വാ !” അരുൺ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു,..
“അതെന്താ ഇവിടെ വെച്ചു സംസാരിച്ചാൽ? ”
“എല്ലാവരും ശ്രദ്ധിക്കുന്നെടോ !”
അരുൺ പറഞ്ഞത് ശരിയാണ്,. മെഹന്ദിക്കാരനടക്കം ചുറ്റുമുള്ള എല്ലാവരും തങ്ങളുടെ വഴക്ക് കണ്ടു വായും പൊളിച്ചു നിൽക്കുകയാണ്,… ഭാഷ മനസിലാവാത്തതിന്റെ സകല ഉത്കണ്ഠയും അവരുടെ മുഖത്തുണ്ട്,..
അരുൺ അരികിൽ നിൽക്കുമ്പോഴും, അവനെക്കുറിച്ച് ചിന്തിക്കുമ്പോഴുമെല്ലാം താനിപ്പോൾ പരിസരംപോലും മറന്നുപോകുന്നുണ്ട്,..
അരുൺ അവൾക്ക് നേരെ കൈകൾ നീട്ടി,.. ഋതിക അരുണിനെ കടുപ്പിച്ചൊന്ന് നോക്കി,..
“എണീക്ക് !”
ദൈവമേ എണീക്കാൻ പറ്റുന്നില്ല,.. കാലിനു നല്ല വേദന,.. അരുൺ ആണെങ്കിൽ കൈയും നീട്ടി നിൽക്കുന്നു,. അവന്റെ കൈ പിടിച്ച് എണീക്കാമെന്ന് വെച്ചാലും തന്റെ കയ്യിൽ മെഹന്ദിയല്ലേ,..
അരുൺ അവളുടെ ബുദ്ധിമുട്ട് മനസിലാക്കിയെന്നവണ്ണം അവളുടെ തോളിൽ നിന്നും ബാഗ് ഊരിയെടുത്തു,..
“നിങ്ങളെന്താ ഈ കാണിക്കുന്നേ? ” അവൾ ചോദിച്ചു,…
“എന്ത് കാണിക്കാൻ, ഇതൊക്കെ ഇട്ട് മോളെങ്ങനെ എണീക്കും? ”
ശരിയാണ്, കുത്തിയിരുന്നതിന്റെ ഒരു ഗതികേട്,. കാലിനു മസിലുകേറാൻ കണ്ട ഒരു നേരം,.. എന്തൊരു വിധിയാ ഈശ്വരാ,. ഒരു കോപ്പിലെ മെഹന്ദി , എന്നാലും അയാൾ മെഹന്ദിയിട്ടത് പോലും താൻ അറിഞ്ഞില്ലെന്നു വെച്ചാൽ,.. ഇങ്ങനേം ബോധം പോവോ മനുഷ്യന്,… അവൾ നിസ്സഹായതയോടെ അരുണിനെ നോക്കി,…
അരുൺ പതിയെ അവൾക്കരികിൽ കുനിഞ്ഞു നിന്നു,.. അവന്റെ ശ്വാസം അവളുടെ പിൻകഴുത്തിൽ സ്പർശിക്കുന്നുണ്ടായിരുന്നു,.. അവന്റെ കൈവിരലുകൾ അവളുടെ ഇടുപ്പിൽ പതിഞ്ഞപ്പോൾ അവളിലാകെ ഒരുൾക്കിടിലമുണ്ടായി…
ഋതു പതിയെ മിഴികളടച്ചു,.. അവനവളെ പതിയെ എഴുന്നേൽപ്പിച്ചു നിർത്തി,..
“നടക്കാവോ? ” അരുൺ ചോദിച്ചു,..
“മ്മ് !” അവൾ മൂളി,.. അരുൺ അവളിൽ നിന്നും അടർന്നു മാറി,.. പിന്നെ ചെറിയൊരകാലം പാലിച്ചു ഇരുവരും കാറിനടുത്തേക്ക് നടന്നു,.. ഇടയ്ക്കെപ്പോഴോ അവളൊന്ന് സ്ലിപ് ആയി,.. അരുണിന്റെ കൈകൾ അവളെ താങ്ങി,…
അവളുടെ തീക്ഷ്ണതയേറിയ നോട്ടം നേരിടാനാവാതെ അവൻ കൈകളയച്ചു,.. എങ്കിലും അവൾക്കൊരു സുരക്ഷിത വലയം എന്ന കണക്കെ അവൻ നടന്നു,..
അരുൺ അവൾക്ക് കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു,..
അവൾ അനുസരണയോടെ വണ്ടിയിലേക്ക് കയറി,.. അരുൺ അവളുടെ ബാഗ് പിൻസീറ്റിലേക്ക് വെച്ച് ഡോറടച്ചു,
ഒരു മൂളിപ്പാട്ടൊക്കെ പാടി അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി,.
“ഒന്ന് മിണ്ടാതിരിക്കാവോ? ” അവൾ ചോദിച്ചു
“എന്താ ഋതു നിനക്കിത്ര ദേഷ്യം? ”
“എനിക്കൊന്ന് ദേഷ്യപ്പെടാനും പാടില്ലേ? ”
“ശരി നീയെത്ര വേണമെങ്കിലും ദേഷ്യം കാണിച്ചോളു,.. ആദ്യം ആ സീറ്റ് ബെൽറ്റ് ഒന്ന് ഇട് !”
വല്ലാത്ത പെടലാണല്ലോ ഈശ്വരാ പെട്ടത്,. കയ്യിലെ മൈലാഞ്ചിയും വെച്ച് താനെങ്ങനെ സീറ്റ് ബെൽറ്റ് ഇടും,..
“ഇയാള് വണ്ടിയെടുത്തേ, സീറ്റ് ബെൽറ്റ് ഒന്നും ഇടണ്ട !” അവൾ പറഞ്ഞു,.
“അതെങ്ങനാ ശരിയാവാ, നിന്റെ സേഫ്റ്റിക്ക് വേണ്ടി പറഞ്ഞതാ !”
“എന്റെ സേഫ്റ്റിയുടെ കാര്യത്തിൽ,നിങ്ങളിത്ര ബോതേർഡ് ആവേണ്ട ആവശ്യമൊന്നുമില്ല . എനിക്ക് എന്ത് സംഭവിച്ചാലും നിങ്ങൾക്ക് നഷ്ടമൊന്നുമില്ലല്ലോ ? “,..
“നഷ്ടമുണ്ട്,. എന്റെ കൂടെ നീ യാത്ര ചെയ്യുമ്പോൾ നിന്റെ സേഫ്റ്റി നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ് !” അവൻ പറഞ്ഞു,…
“ഡയലോഗ് സൂപ്പറാ ചേട്ടാ,. പക്ഷേ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കുറച്ചു ബുദ്ധിമുട്ടാ,. നിങ്ങളത് തെളിയിക്കുകയും ചെയ്തതാണല്ലോ !” അവൾ പരിഹാസച്ചിരിയോടെ പറഞ്ഞു,.
അവളുടെ ഓരോ വാക്കുകളും തന്റെ ഹൃദയത്തിൽ തുളച്ചു കയറുന്നുണ്ട്,. തന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്, എങ്കിലും കേൾക്കാൻ താൻ വിധിക്കപ്പെട്ടവനാണ്,.. പറയാനുള്ള അവകാശം അവൾക്കുണ്ട് താനും,..
അരുൺ ഒന്നും മിണ്ടാതെ സൈഡിലേക്ക് ചെരിഞ്ഞ് സീറ്റ് ബെൽറ്റ് ഇടുവാനായി ആഞ്ഞു,..
അവന്റെ സാമീപ്യത്താൽ ഋതികയ്ക്ക് തൊണ്ടയിലെ വെള്ളം വറ്റി,.. അവൾ സീറ്റിനോട് കൂടുതൽ ചേർന്നിരുന്നു ,..അവന്റെ നിശ്വാസങ്ങൾ തന്റെ നെഞ്ചിൽ തട്ടുന്നത് അവളറിഞ്ഞു,..
അവളുടെ ഹൃദയമിടിപ്പിന്റെ താളം അവന് കേൾക്കാമായിരുന്നു,..
എ.സി യുടെ തണുപ്പിലും അവന്റെ ചെന്നിയിൽ വിയർപ്പ്കണങ്ങൾ ഇറ്റുന്നത് അവൾ കണ്ടു,.. അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി ഇടഞ്ഞ നിമിഷം അടക്കിവെക്കാനാവാതെ പോയ ആവേശത്തിന്റെ പുറത്ത് അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളെ പൊതിഞ്ഞു,..
അവന്റെ വസ്ത്രങ്ങളിലും, കഴുത്തിലും തലമുടിയിലുമെല്ലാം അവളുടെ കൈകൾ ഓടി നടന്നു,..
അരുണിന്റെ കണ്ണുകളിൽ ആനന്ദത്തിന്റെയോ നിസ്സഹായതയുടെയോ അശ്രുക്കൾ പൊഴിഞ്ഞിരുന്നു,..
അവന്റെ അധരങ്ങളെ അവൾ സ്വാതന്ത്രമാക്കിയ നേരം മതിയെന്നുള്ള ഒരപേക്ഷയെന്നവണ്ണം അരുൺ അവളെ നോക്കി,..
പക്ഷേ ഋതു കൂടുതൽ ആവേശത്തോടെ അവനെ തന്നിലേക്കടുപ്പിച്ചു,..
നാവിൽ പടർന്ന രക്തത്തിന്റെ ചവർപ്പായിരുന്നു,.. അവളിൽ നിന്നുമടർന്നുമാറാൻ അവനെ പ്രേരിപ്പിച്ചത്,.. അതേ അവളുടെ കീഴ്ചുണ്ട് ചെറുതായി പൊട്ടിയിട്ടുണ്ട്,..
“സോറി ഡോ,.. വേദനിച്ചോ? ”
അവൾ മറുപടി പറഞ്ഞില്ല,.. അനങ്ങാതെ ഇരുന്നു,..
അരുൺ ടിഷ്യൂ എടുത്ത് ആ ചോരപ്പാട് തുടച്ചു നീക്കി,.. രക്തമെടുക്കുന്നുണ്ട്,.. വീണ്ടുമവൻ അവളുടെ ചുണ്ടിൽ നിന്നുതിർന്ന ചോരത്തുള്ളികൾ ഒപ്പിയെടുത്തു,…
“പ്രണയമല്ല അരുൺ,… കാമമാണ് !” അവൾ പറഞ്ഞു,..
അവൻ അത് കേട്ടെങ്കിലും ശ്രദ്ധിക്കാത്തത് പോലെ,.. ടിഷ്യൂ ബോക്സ് എടുത്ത് അവൾക്ക് നേരെ നീട്ടി,..
“കയ്യിലെ മൈലാഞ്ചി തുടച്ചു കളയൂ, ഇപ്പോൾ തന്നെ അത് പടർന്നിട്ടുണ്ട്,. ഇല്ലെങ്കിൽ കയ്യിലാകെ പരക്കും !”
അവൻ തന്റെ മുഖത്തേക്കൊന്ന് നോക്കുന്നുകൂടിയില്ല,…
“ഇതിനർത്ഥം ഞാൻ നിങ്ങളോട് ക്ഷമിച്ചുവെന്നല്ല !”
“അറിയാം ഋതു ”
അവൻ തന്നെ അവളുടെ കൈകളിലെ മൈലാഞ്ചി തുടച്ചു നീക്കി,..
വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മൈലാഞ്ചി നന്നായി ചുവന്നിരിക്കുന്നു,… അരുൺ എന്ന അക്ഷരങ്ങൾക്കാണ് ഏറ്റവും തിളക്കം കൂടുതൽ എന്നവൾ ശ്രദ്ധിച്ചു,..
“പോവാം !”
“മ്മ് !”
അരുൺ പതിയെ വണ്ടി മുന്നോട്ടെടുത്തു,… ഋതു കണ്ണുകളടച്ചു സീറ്റിൽ ചാരിക്കിടന്നു,..ആ നിമിഷം തനിക്ക് തന്റെ വികാരങ്ങളെ ഒട്ടും നിയന്ത്രിക്കാനായില്ല എന്നതായിരുന്നു സത്യം,. അവൾ തന്റെ അധരങ്ങളിൽ തൊട്ടു നോക്കി,.. വേദനയുണ്ട്, എങ്കിലും ഈ വേദനയ്ക്കൊരു പ്രേത്യേക സുഖമുണ്ട്,..
“Main Adhuraa Jee Raha hoon, Har dam yeh keh raha hoon, mujhe teri zaroorat hai,.. mujhe teri zaroorat hai,…”
-Zaroorat(Ek Villian)
F.M ൽ നിന്നും ഒഴുകിയെത്തിയ പാട്ടിനൊപ്പം അവനും മൂളി,…
“mujhe teri zaroorath hai,…”
*****
അരുൺ പോർച്ചിൽ കാർ നിർത്തി,.. ഋതിക എപ്പോഴോ മയങ്ങിപ്പോയിരുന്നു,
“ഋതു,… ”
അവൻ തട്ടിവിളിച്ചു,..
“ഞാൻ കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ അരുണേട്ടാ !” അവൾ മടിയോടെ കണ്ണടച്ച് തന്നെകിടന്നു,…
അരുണിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു,.. അവളെത്തന്നെ നോക്കി അവനും സീറ്റിൽ ചാരിക്കിടന്നു
“നീ ഭയങ്കര ക്യൂട്ടാ ഋതു !”
അവളുടെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ അവൻ ഒതുക്കി വെച്ചു,.. അപ്പോഴാണ് മുടിയിഴകൾക്കിടയിൽ നിന്നും അവളുടെ സീമന്ത രേഖയെ ചുവപ്പിച്ച കുംകുമത്തിന്റെ നുള്ള് അവൻ കാണുന്നത്,.
അരുണിന്റെ മനസും കണ്ണും ഒരേപോലെ നിറഞ്ഞു,..
“എനിക്കറിയാം ഋതു നീയൊരിക്കലും എന്നെ വെറുക്കില്ലെന്ന്,.. ആ ധൈര്യത്തിൽ തന്നെയാണ് ഞാൻ ഇത്രയും വലിയൊരു റിസ്ക് ഏറ്റെടുത്തതും ”
“main phir bhi tum ko chahoongaa,..
iss chahath mein mar jaaoongaa,..
main phir bhi tumko chahoongaa!”
അർജിത് സിംഗിന്റെ മാന്ത്രിക സ്വരം അവന്റെ കാതുകളെ പൊതിഞ്ഞു,….
“i need u rithu,.. i need u once again,… in need u for ever,…….” അവനവളുടെ നെറുകിൽ ചുംബിച്ചു,..
**********
രാവിലെ സെക്യൂരിറ്റി വന്നു ഗ്ലാസിൽ തട്ടിയപ്പോഴാണ് ഋതിക കണ്ണ് തുറക്കുന്നത്,.. അരുൺ തന്റെ കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്,..
അവൾ ഞെട്ടലോടെ തന്റെ കൈ വലിച്ചു,… അപ്പോഴാണ് അരുണും ഉറക്കമുണർന്നത്,…
സീറ്റ് ബെൽറ്റും ഊരി,. ബാഗുമെടുത്ത്, സെക്യൂരിറ്റിയെ ഒന്ന് നോക്കിയ ശേഷം അവൾ തിടുക്കത്തിൽ വണ്ടിയിൽ നിന്നും ഇറങ്ങി നടന്നു,…
അരുണും സെക്യൂരിറ്റിയെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ച്,.. വണ്ടിയും ലോക്ക് ചെയ്തു ചടപ്പോടെ ഫ്ലാറ്റിലേക്ക് നടന്നു,..
ഋതിക കോളിംഗ് ബെൽ അമർത്തി,..
“അരുണെവിടെ? ” വാതിൽ തുറന്നതും സോയ ചോദിച്ചു,..
അവൾ മറുപടിയൊന്നും കൊടുക്കാതെ അകത്തേക്ക് കയറി,..
“ഋതു,… ” സോയ ഒരിക്കൽ കൂടി വിളിച്ചു,..
“എനിക്കറിയില്ല ദീ !”
അവൾ റൂമിൽ കയറി വാതിൽ കുറ്റിയിട്ടു,..
അപ്പോഴാണ് ഉറക്കച്ചടവോടെ കേറി വരുന്ന അരുണിനെ സോയ ശ്രദ്ധിച്ചത്,…
“നിങ്ങളെന്താ ഇത്രേം ലേറ്റ് ആയത്? ” സോയ ഗൗരവത്തോടെ ചോദിച്ചു,…
“അത് പിന്നെ വർക്ക് കഴിഞ്ഞപ്പോൾ,… ”
“ഇത്രയും നേരമോ? ”
“അല്ല സോയാ ആക്ച്വലി വണ്ടിയിൽ ഇരുന്നുറങ്ങിപ്പോയി !”
അവനും ചെന്ന് സോഫയിലേക്ക് വീണു,… സോയ കുറച്ചു നേരം എന്തോ ചിന്തിച്ചു നിന്നു,… പിന്നെ ഒന്നും മിണ്ടാതെ ഡോറും ലോക്ക് ചെയ്തു അടുക്കളയിലേക്ക് പോയി,…
ഋതിക കണ്ണാടിയിലേക്ക് നോക്കി,.. ഈശ്വരാ താനിന്നലെ ബോധമില്ലാതെ എന്തൊക്കെയാണോ കാട്ടിക്കൂട്ടിയത്,..
അവൾ കൈകളിലേക്ക് നോക്കി,.. മൈലാഞ്ചി ഒന്ന് കൂടി ചുവന്നിട്ടുണ്ട്,. അരുൺ എന്ന അക്ഷരങ്ങളിലേക്ക് നോക്കും തോറും അവൾക്ക് ഭയമേറി വന്നു,..
സോയാ ദീ എന്തെങ്കിലും ചോദിച്ചാൽ താനെന്ത് ഉത്തരം കൊടുക്കും,.. അരുണിനൊപ്പം കാറിൽ കിടന്നുറങ്ങിയെന്നോ? ചുണ്ടിന് ഇപ്പോഴും വീക്കമുണ്ട്,..
അവൾ മുടി തുവർത്തി ടവൽ ഹാങ്ങറിൽ വിരിച്ചു,.. ഇല്ല വല്ല്യ കാര്യമായിട്ടറിയില്ല,.. ചോദിച്ചാൽ വല്ല കൊളവി കുത്തിയെന്നോ,. അല്ലെങ്കിൽ എവിടെയെങ്കിലും ചെന്നിടിച്ചതാന്നോ പറയാം,… വേറെന്ത് ചെയ്യാനാ ഫുൾ ടൈം കതകടച്ചിരിക്കാൻ പറ്റില്ലല്ലോ,..
ഋതിക വാതിൽ തുറന്നു പുറത്തിറങ്ങി,. സോയാ ദീ അടുക്കളയിലാണ്,.. അരുൺ സോഫയിൽ കിടന്ന് നല്ല ഉറക്കമാണ്,.. ഇങ്ങേർക്ക് റൂമിലെങ്ങാനും പോയിക്കിടന്നുറങ്ങിക്കൂടെ,..
അപ്പോഴാണ് അവൾ അവന്റെ കോട്ടിലെയും കഴുത്തിലെയും മൈലാഞ്ചിക്കറ ശ്രദ്ധിക്കുന്നത്,.. ഇന്നലത്തെ ആവേശത്തിന്റെ പുറത്ത് ചെയ്തു കൂട്ടിയതാണ്,.. ദൈവമേ സോയാ ദീ എങ്ങാനും കണ്ടു കാണുമോ?
അവൾ അവനെ തട്ടി വിളിച്ചു,… അവൻ അറിയുന്നുപോലുമില്ല,..
“അരുണേട്ടാ ! ഒന്നെണീക്ക്,.. എന്നിട്ട് റൂമിലെങ്ങാനും പോയിക്കിടക്ക്,.. പ്ലീസ് !” അവൾ സോയ കേൾക്കാതെ ശബ്ദം താഴ്ത്തി പറഞ്ഞു,..
“എങ്കിൽ വാ,.. നമുക്കൊരുമിച്ചു കിടക്കാം ഭാര്യേ !” അവനവളെ തന്റെ മേത്തേക്ക് വലിച്ചിട്ടു,. ഋതിക അമ്പരപ്പോടെ അവനെ നോക്കി,. കണ്ണുപോലും തുറന്നിട്ടില്ല,. ഇപ്പോഴും നല്ല ഉറക്കം തന്നെയാണ്,..
അടിപൊളി,.. സോയാ ദീ എങ്ങാനും കണ്ടോണ്ട് വന്നാൽ തീർന്നു,.. അവൾ എഴുന്നേൽക്കാനായി ശ്രമിച്ചതും താലിമാല അവന്റെ ഷർട്ടിൽ കുടുങ്ങി,..
ഇനി എന്ത് ചെയ്യും, കുതറിമാറാൻ പോലും പറ്റാത്ത അവസ്ഥ,… ബലം പിടിച്ചാൽ മാല പൊട്ടാൻ സാധ്യതയുണ്ട്,..
പൊട്ടൻ, ഇപ്പോഴും ഉറക്കത്തിൽ സ്വപ്നവും കണ്ടു കിടക്കുവാ,. എന്ത് ചെയ്യും,.. അവൾ പതിയെ ഷർട്ടിന്റെ ബട്ടൺ അഴിക്കാനായി ഒരു ശ്രമം നടത്തി,..
അവളുടെ നനഞ്ഞ മുടിയുടെ പടർപ്പുകൾ അവന്റെ മുഖത്തേക്ക് ഇറ്റു വീണതും അവനൊന്നു തുമ്മി,…
ഒന്നുകൂടി തുമ്മാനായി പോയതും അവളവന്റെ വാ പൊത്തി,.. അവൻ ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടതും അവൾ കയ്യെടുത്ത് മാറ്റി,..
“നീയെന്താ ഋതു? ”
“പ്ലീസ് ഒച്ചയുണ്ടാക്കല്ലേ,. സോയാ ദീ,… ” അവൾ അടുക്കളയിലേക്ക് നോക്കി ,..
അപ്പോഴാണ് താൻ സോഫയിലാണ് കിടക്കുന്നത് എന്ന ബോധം അവനുണ്ടാവുന്നത്,.. അവൾ തന്റെ മേത്തും,..
“നീയെന്താ ഇവിടെ? ”
“എന്നെ വലിച്ചു മേത്തേക്കിട്ടിട്ട് എന്നോടാണോ ചോദിക്കണേ? ”
“എപ്പോ? ”
“മിണ്ടരുത്,.. ”
“എണീക്ക് ഋതു,.. ”
“പറ്റണ്ടേ,.. ” അവൾ മാലയുടെ കുരുക്കഴിക്കാൻ ആവത് നോക്കി,..
അപ്പോഴാണ് താലിമാല അവന്റെ ശ്രദ്ധയിൽപ്പെടുന്നത്,..
“എടി പതുക്കെ, ഞാൻ റെഡി ആക്കിത്തരാം ,.. ”
അരുൺ ഷർട്ടിന്റെ ബട്ടൺ അഴിച്ചതും താലിമാല സ്വതന്ത്രമായി,.. ഋതിക ആശ്വാസത്തിൽ അവനെ നോക്കി,..
അവന്റെ അധരങ്ങൾ അവളുടെ കവിളിൽ പ്രണയത്തിന്റെ മുദ്ര പതിപ്പിച്ചു,.. അതിന് പകരമായി അവന്റെ കവിളിൽ അവളുടെ കയ്യും പതിഞ്ഞു,.. അവനെ കടുപ്പിച്ചൊന്ന് നോക്കിയ ശേഷം അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു,.
അരുൺ തന്റെ കവിളിൽ കൈ വെച്ച് പ്രണയപൂർവ്വം അവളെത്തന്നെ നോക്കിക്കിടന്നു,…
********
“ഞാൻ ഹെൽപ് ചെയ്യാം സോയാ ദീ !”
“വേണ്ട ഋതു,. നീ ഇന്നലെ ഉറങ്ങിക്കാണില്ലല്ലോ റസ്റ്റ് എടുത്തോ,.. ”
“ഇട്സ് ഓക്കേ,.. അത് കുഴപ്പമില്ല,.. ഇങ്ങ് കൊണ്ടാ !”
“അരുൺ എഴുന്നേറ്റോ? ”
“സോഫയിൽ കിടപ്പുണ്ട്,. ഞാൻ നോക്കിയില്ല !”അവൾ എങ്ങും തൊടാതെ പറഞ്ഞു,..
“ഇതെന്താ ഫോണൊക്കെ വെച്ച്? യൂ ട്യൂബിൽ നോക്കിയാണോ ഉണ്ടാക്കുന്നെ? ”
“പിന്നെ എങ്ങനുണ്ടാക്കാനാ? ”
അവൾക്ക് അരുൺ തന്നെ യൂ ട്യൂബിൽ നോക്കി സാരിയുടുപ്പിച്ച നിമിഷങ്ങൾ ഓർമ വന്നു,..
“എന്താ ഋതു ആലോചിക്കുന്നേ !”
“ഹേയ് ഒന്നൂല്ല ദീ !”
“ഇന്ന് നീ ഓഫീസിൽ പോണുണ്ടോ? ”
“പോണം,. കുറച്ചു ലേറ്റ് ആയിട്ടേ ചെല്ലൂ എന്ന് വിളിച്ചു പറയണം !”
“മ്മ്,.. അരുണിന്റെ കാര്യമോ? ”
“അതെനിക്കറിയില്ല അരുണിന്റെ കാര്യം അരുണിനോട് ചോദിക്കൂ ! അല്ലാതെ എന്നോടല്ല!” അവൾ പറഞ്ഞതും സോയയ്ക്ക് ചിരി പൊട്ടി.
“എന്താ ചിരിക്കുന്നെ? ”
“അല്ല,. അരുൺ എന്ന പേര് കേൾക്കുമ്പോഴേ, നീയിങ്ങനെ ചൂടാവുന്നതെന്താ? എന്താ അവനെ ഇഷ്ടമല്ലേ? ”
” അല്ല, ഇഷ്ടമല്ല,.. ഇനി എന്തെങ്കിലും ചോദിക്കാനുണ്ടോ? ” സോയ ഇല്ലെന്ന് തലയാട്ടി,..
“ഇതെന്താ കയ്യില്,.. മെഹന്ദിയൊക്കെ ഇട്ട്? ”
അവൾ കൈ പിടിച്ചു നോക്കാൻ തുടങ്ങിയതും ഋതു കൈ വലിച്ചു,.. അരുണെന്ന പേര് കണ്ടാൽ പ്രശ്നമാവില്ലേ,..
“നോക്കട്ടെടോ !”
“അതൊരു അബദ്ധം പറ്റീതാ,. ഡിസൈൻ ഒട്ടും കൊള്ളൂല്ലന്നെ !”
“ഒന്ന് നോക്കട്ടെന്നേ,.. എന്നാലല്ലേ ഡിസൈൻ കൊള്ളുവോ ഇല്ലയോ എന്ന് പറയാൻ പറ്റൂ !”
“വേണ്ട സോയാ ദീ !”
“എന്നാ പിന്നെ വേണ്ട !” സോയ പിണക്കം നടിച്ചു,..
“സോയാ ദീ,.. ”
“എന്താ? ”
“ആക്ച്വലി ഈ കർവാ ചൗത് എന്താ സംഭവം? ”
“അപ്പൊ നിന്റെ കയ്യിൽ കർവാ ചൗത്തിന്റെ മെഹന്ദി ആണോ? ”
“ആ, അതല്ലേ ഞാൻ പറഞ്ഞേ അബദ്ധം പറ്റീന്ന്,.. പറയ് എന്താ ശരിക്കും കർവാ ചൗത് !”
“അത് ഞങ്ങൾ നോർത്ത് ഇന്ത്യൻസിന്റെ ഇടയിൽ ഉള്ള ഒരാഘോഷമാണ്,. പ്രധാനമായും സുമംഗലികളായ സ്ത്രീകൾ അവരുടെ ഭർത്താവിന്റെ ദീർഘായുസിനും ഐശ്വര്യത്തിനും വേണ്ടി കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർഥിയിൽ, സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വ്രതമനുഷ്ടിക്കും,.”
“അപ്പോൾ സൂര്യോദയം മുതൽ ചന്ദ്രോദയം വരെ ഒന്നും കഴിക്കാൻ പറ്റില്ലേ? “അവൾ ചോദിച്ചു,..
“സൂര്യോദയത്തിനു മുൻപ് അതായത് ഒരു 4-5 നുള്ളിൽ സർഗി കഴിക്കാം, അതിന് ശേഷം നിർജ്ജല വ്രതമായിരിക്കും,.. അതായത് വെള്ളം പോലും കുടിക്കാൻ പറ്റൂല്ല,. ”
“സർഗിയോ അതെന്താ സംഭവം? ”
“അതാണ് സാസ് ഓർ ബഹു.. ഐ മീൻ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബോണ്ടിങ് കാണിക്കുന്ന ആചാരമാണ്,.. സർഗിയുടെ താലിയിൽ,. അതായത് തളികയിൽ അമ്മായിയമ്മ മരുമകൾക്ക് അന്നേ ദിവസം ധരിക്കുവാനുള്ള വസ്ത്രങ്ങളും, ആഭരണങ്ങളും,. വ്രതത്തിന് മുൻപ് കഴിക്കാനുള്ള ഭക്ഷണവും ഒക്കെ ഒരു ഗിഫ്റ്റ് പോലെ കൊടുക്കും, മരുമകൾ അതൊരു പ്രസാദമായിക്കണ്ട് സ്വീകരിക്കും, അതിൽ നമ്മുടെ എനർജി നിലനിർത്താനുള്ള ഫ്രൂട്സും ഡ്രൈ ഫ്രൂട്സും ഒക്കെ ഉണ്ടാവും കേട്ടോ !”
അമ്മായിയമ്മ എന്ന് കേട്ടതും അവൾക്ക് ശാരദയെ ഓർമ വന്നു,.. തന്നെ കാണുന്നത് പോലും ദുശ്ശകുനമായി വിചാരിക്കുന്ന ആളാണ് സർഗിയുടെ തളികയിൽ ഈ പറഞ്ഞതെല്ലാം ഗിഫ്റ്റ് ആയി തരുന്നത്,..
“എന്താ ഋതു ആലോചിക്കുന്നേ? ”
“ഒന്നൂല്ല, എന്നിട്ട് ബാക്കി പറയ് !”
“എന്താ വ്രതമെടുക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ? ”
ഋതു മറുപടി പറഞ്ഞില്ല,..
“ഇപ്പോൾ നല്ല ഭർത്താവിനെ കിട്ടാൻ വേണ്ടി വിവാഹപ്രായമെത്തിയ പെൺകുട്ടികളും വ്രതമെടുക്കാറുണ്ട്ട്ടോ !വേണേൽ നിനക്കും എടുക്കാം !”
“സോയാ ദീ എടുക്കുന്നുണ്ടോ? ”
“അയ്യോ,.. ഞാനെങ്ങുമില്ല,.. എന്റെ ബെസ്റ്റ് ഹാഫിനെയൊക്കെ ഞാൻ എന്നേ കണ്ടു പിടിച്ചു !”
“സത്യാണോ? ” ഋതികയുടെ മിഴികൾ വിടർന്നു..
“മ്മ്,.. പക്ഷെ ആളാരാണെന്നിപ്പോ ചോദിക്കണ്ട, പറയൂല്ല,.. ”
“പ്ലീസ് സോയാ ദീ !”
“നിന്നോട് കയ്യിലെ മെഹന്ദിയൊന്ന് കാണിക്കാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ജാഡ,.. അതോണ്ട് സോ സോറി മോളെ !”
കയ്യിലെ മെഹന്ദി കാണിക്കാൻ പറ്റുന്നതാണെങ്കിൽ എന്തായാലും കാണിച്ചേനെ,. പക്ഷെ അരുണേട്ടന്റെ പേരായത്കൊണ്ട്,… അവളുടെ മുഖം മങ്ങി,..
“നിനക്ക് ബാക്കി കേൾക്കണ്ടേ,… ”
“മ്മ് പറയ് !”
ഋതു സോയയുടെ വാക്കുകൾക്ക് കാതോർത്തു,..
“മെയിൻ ആയിട്ടും ഡൽഹിയിലും യൂപി യിലും ഒക്കെയാ കർവാ ചൗത് ആഘോഷങ്ങൾ,.. നല്ല രസാട്ടോ,.. അന്നത്തെ ദിവസം സ്ത്രീകൾ ജോലിക്കൊന്നും പോവില്ല,..അടുത്ത വീടുകളിലായി ഒത്തുകൂടി, സൗഹൃദങ്ങൾ പങ്ക് വെച്ചും , മെഹന്ദിയും, ഡാൻസും, പാട്ടും, പൂജയും ഒക്കെയായി അടിപൊളി ആഘോഷമായിരിക്കും,..
കർവാ ചൗത്തിനു ദിവസങ്ങൾക്കു മുൻപേ ആഘോഷങ്ങൾ തുടങ്ങും,. ആ ടൈമിൽ പാതിരാത്രിയിൽ പോലും മാർക്കെറ്റ്സ് എല്ലാം ഓപ്പൺ ആയിരിക്കും,.. ”
ഓ അതാണ് പതിവിന് വിപരീതമായി മാർക്കറ്റ് ഇന്നലെ തുറന്നു കണ്ടത്,. ഋതു മനസ്സിൽ ഓർത്തു, സോയ തുടർന്നു,..
” കുറേ ആഭരണങ്ങളും, ഡ്രെസ്സും, മേക്കപ്പ് സാധനങ്ങളും ഒക്കെ വാങ്ങിക്കും,.. ഒപ്പം ഒരു മൺകുടവും,. മെയിൻ ആയിട്ടും അതിനെയാണ് കർവാ എന്ന് പറയുക,.. അതിൽ ചിത്രപ്പണികൾ ഒക്കെ ചെയ്തു അണിയിച്ചൊരുക്കിവെക്കും,.. പിന്നെ ചന്ദ്രോദയത്തിനു മുൻപ് പൂജ ഉണ്ടായിരിക്കും,.. ഗണപതിയെ ആണ് പൂജിക്കുക,.. അന്ന് പ്രായത്തിൽ മൂത്ത സ്ത്രീ ബാക്കിയുള്ളവർക്ക് കർവാ ചൗത്തിന്റെ കഥ പറഞ്ഞു കൊടുക്കും !”
“എന്ത് കഥ? ”
“ക്വീൻ വീരാവതിയുടെ കഥ !”
“ആരാ വീരാവതി? ”
“വീരാവതി ജനിച്ചത് ഒരു ബ്രാഹ്മണ കുടുംബത്തിൽ ആണ്, ഏഴ് ആങ്ങളമാരുടെ പ്രിയപ്പെട്ട കുഞ്ഞനുജത്തിയായി.. അവർക്ക് വീരാവതിയെന്നാൽ ജീവനായിരുന്നു,.. വിവാഹപ്രായമായ വീരാവതിയെ വിവാഹം ചെയ്തത് ഒരു രാജാവായിരുന്നു,.
അങ്ങനെ വീരാവതിയുടെ ആദ്യ കർവാചൗത് ദിനം വന്നെത്തി,.. അത് വീരാവതി ആഘോഷിച്ചത് തന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പമായിരുന്നു,. അന്ന് വെളുപ്പിന് ആചാരങ്ങളൊക്കെ പാലിച്ചു വീരാവതിയും വ്രതമെടുത്തു,.. പക്ഷെ വൈകുന്നേരം ആയപ്പോഴേക്കും വീരാവതി അവശയായി, എന്നാൽ അനിയത്തിയെ ജീവന് തുല്യം സ്നേഹിക്കുന്ന സഹോദരങ്ങൾക്ക് സഹോദരിയുടെ ഈ അവസ്ഥ കണ്ടു നിൽക്കുവാൻ കഴിഞ്ഞില്ല,.. അവർ വീരാവതിയോട് ഭക്ഷണം കഴിച്ചു വ്രതം മുറിക്കുവാനായി ആവശ്യപ്പെട്ടു,. എന്നാൽ ചന്ദ്രനുദിക്കും വരെ താൻ തന്റെ വ്രതം തുടരുമെന്ന വാദത്തിൽ വീരാവതി ഉറച്ചു നിന്നു, സമയം കഴിയുംതോറും വീരാവതിയുടെ ആരോഗ്യസ്ഥിതി ക്രമേണ വഷളായി വന്നു,. ഇതുകണ്ട് സങ്കടപ്പെട്ട സഹോദരന്മാർ ഒരു ആൽമരത്തിനു പിന്നിൽ തീ കൂട്ടിയിട്ട് കത്തിച്ച് അതിന്റെ പ്രതിബിംബം കാണിച്ചു ചന്ദ്രനുദിച്ചുവെന്ന് പറഞ്ഞു,.. അവരെ വിശ്വസിച്ച വീരാവതി തന്റെ വ്രതം മുറിച്ചു,… ”
“എന്നിട്ടോ? ” ഋതുവിൽ ആകാംഷയോടെ സോയയെ നോക്കി,..
“ആദ്യത്തെ ഉരുള വായിൽ വെച്ചപ്പോൾ അതിൽ നിന്നും മുടി കിട്ടിയെന്നും, രണ്ടാമത്തെ ഉരുള കഴിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും മൂന്നാമത്തെ ഉരുളയിൽ ഭർത്താവിന്റെ വീട്ടിൽ നിന്നും ഭർത്താവിന്റെ മരണമറിയിച്ചുള്ള അറിയിപ്പ് വന്നെന്നും ഒക്കെയാ ഐതീഹ്യം !”
സോയ പറഞ്ഞു നിർത്തിയതും,.. ഋതികയുടെ ഉള്ളിൽ വല്ലാത്തൊരു ഭീതി അനുഭവപ്പെട്ടു,..
“തുടർന്ന് കരഞ്ഞു തളർന്ന വീരാവതിക്ക് മുൻപിൽ ഇന്ദ്രാണി ദേവി പ്രത്യക്ഷപ്പെടുകയും, വ്രതം മുറിച്ചതാണ് ഭർത്താവിന്റെ മരണകാരണമെന്ന് പറയുകയും ചെയ്തു,.. ആദ്യം മുതൽ യഥാവിധി വ്രതമനുഷ്ഠിച്ചാൽ ഭർത്താവിന്റെ ജീവൻ തിരികെ കിട്ടുമെന്നും പറഞ്ഞു,.. അങ്ങനെ വീരാവതി എല്ലാവിധ നിഷ്ഠയോടും കൂടെ വ്രതമനുഷ്ഠിക്കുകയും, ഭർത്താവിന്റെ ജീവൻ തിരികെ കിട്ടിയെന്നുമാണ് കഥ !”
“അപ്പോൾ വ്രതം മുടക്കുന്നത് ഭർത്താവിന്റെ ജീവന് ആപത്താകും എന്നാണോ? ”
“അങ്ങനൊക്കെയാ പറയുന്നേ.. വേറെയും കുറേ മിത്തുകൾ ഉണ്ട്ട്ടോ,.. പറഞ്ഞോണ്ട് നിൽക്കാൻ എനിക്ക് സമയമില്ല !”
“ഇതൊക്കെ ആരാ സോയാ ദീക്ക് പറഞ്ഞു തന്നത്? ”
“അമ്മയും ദാദിയും !”
“അമ്മ വ്രതമെടുക്കാറുണ്ടോ? ”
“പപ്പയെ മാരി ചെയ്തതിൽ പിന്നെ എല്ലായിപ്പോഴും എടുത്തിട്ടുണ്ട്, വല്ല്യ വിശ്വാസവാ ഇതിലൊക്കെ ”
“അപ്പോൾ എങ്ങനെയാ വ്രതം തുറക്കുന്നത്? ”
“പൂർണചന്ദ്രന്റെ പ്രതിബിംബം കണ്ട ശേഷം ഭാര്യമാർ ഭർത്താവിന്റെ മുഖം കാണണം,. എന്നിട്ട് കർവയിലെ ജലം ഭർത്താവിന്റെ കൈകൊണ്ട് പാനം ചെയ്യുമ്പോൾ വ്രതം പൂർണമാകും,… വാട്ട് എ റൊമാന്റിക് മൊമെന്റ് യാർ,… അത് അടിപൊളിയാ ബട്ട് ഈ വ്രതമെടുക്കലാണ് പണി !”
അതും പറഞ്ഞു സോയ തന്റെ റൂമിലേക്ക് പോയി,.. ഋതു ആലോചനാമഗ്നയായി നിന്നു…
***********
“നീയിന്ന് ഓഫീസിൽ വരുന്നില്ലേ? ” അരുൺ ചോദിച്ചു,.
“ഇല്ല,.. ”
“അതെന്താ? ”
“ഒരാഴ്ചത്തെ പണി മൊത്തം ഞാൻ ഒരു ദിവസം കൊണ്ട് ചെയ്തില്ലേ,.. ”
“എന്ന് കരുതി?”
“എനിക്ക് നല്ല സുഖമില്ല,.. അത്കൊണ്ട് ഞാൻ വരുന്നില്ല !”
“എന്താ പറ്റിയെ, പനിയാണോ? ” അരുണവളെ തൊടാനായി ശ്രമിച്ചതും അവളവന്റെ കൈ തട്ടി മാറ്റി,…
“നോക്കട്ടേഡോ !”
“വേണ്ട !”
“ഹോസ്പിറ്റലിൽ പോണോ? ”
“നിങ്ങളൊന്ന് പോയാൽ തന്നെ എന്റെ പകുതി അസുഖവും മാറും,.. ഒന്ന് പോയിത്തരുവോ,.. എനിക്കൊന്ന് ഉറങ്ങണം !”
അരുൺ കൂടുതൽ തർക്കത്തിനൊന്നും നിന്നില്ല,..
“ടേക് കെയർ,.. റസ്റ്റ് എടുക്ക്, എന്തെങ്കിലും വയ്യായ്ക തോന്നുവാണേൽ വിളിക്കണം,.. ”
“എനിക്ക് വാതിലടക്കണം !” അവൾ ഗൗരവത്തിൽ പറഞ്ഞു,..
“എങ്കിൽ.. ശരി,.. പിന്നെ ജോൺ വന്നു വിളിച്ചാലൊന്നും വാതിൽ തുറക്കണ്ട !”
“അതെന്താ തുറന്നാല്? ”
“എന്റെ പൊന്ന് ഋതു.. നീയെന്തെങ്കിലും ചെയ്യ്,.. ഞാൻ പോവാ !”
അവൻ ദേഷ്യത്തോടെ നടന്നകന്നു,.. ഋതുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു,…
*********
തുണി വിരിക്കുവാനായി ടെറസ്സിൽ പോയപ്പോഴും അവളുടെ മനസ്സിൽ കർവാ ചൗതും വീരാവതിയും ഒക്കെയായിരുന്നു,…
“ഋതു ..”
അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി,..
തൊട്ടപ്പുറത്തെ ഫ്ളാറ്റിലെ മഹേശ്വരി മായി ആണ്.. തന്നെയും സോയാ ദീയേയുമെല്ലാം അവർക്ക് വലിയ കാര്യമാണ്,..
“മായി ”
അവർ വിരിക്കാനുള്ള തുണിയുമായി അവൾക്കരികിലേക്ക് വന്നു,…
“ക്യാ ഹുവാ ബേട്ടാ,.. ഇത് നാ പരേശാൻ ക്യൂ ഹോ? ” (എന്ത് പറ്റി മോളെ, എന്താ വല്ലാതിരിക്കുന്നത്? ”
“കുച്ച് നഹി മായി,.. മേ ബിൽകുൽ ടീക് ഹൂ !”
“ജൂട്ട് മത് ബോൽനാ, സച് സച് ബതാവോ തുമാരി പ്രോബ്ലം ക്യാ ഹേ !” (കള്ളം പറയരുത്,.. എന്താ നിന്റെ പ്രോബ്ലം? )
അവൾ തന്റെ പ്രശ്നമെന്തെന്ന് അവരോട് വിവരിച്ചു,..
“അച്ചാ, തും ശാദി ശുദാ ഹോ? ” (നീ വിവാഹിതയാണോ? )
“ഹാ !”
“മുജേ പതാ ഭി നഹി ചലാ !” (ഞാനറിഞ്ഞില്ലല്ലോ )
മായി എന്നല്ല, സോയാ ദീ പോലും ഇതുവരെ അറിഞ്ഞിട്ടില്ല താൻ വിവാഹിതയാണെന്ന്,..
“വോ ബാത് ചോഡോ,.. അഭി തും കർവാ ചൗത് കി വ്രത് മനാനാ ചാഹ്തി ഹോ? ” (അത് വിട്,. ഇപ്പോൾ കർവാ ചൗത്തിന്റെ വ്രതമെടുക്കണം എന്നാണോ പറയുന്നത്? )
അവൾ തലയാട്ടി,..
“തും ചിന്താ മത് കരോ,.. കൽ സുബഹ് മേരി ഗർ ചലേ ആനാ,. തുമാരി സർഗി കി താലി മേ ബനാത്തി ഹൂ,.. ” (നീ ടെൻഷനടിക്കണ്ട, രാവിലെ എന്റെ വീട്ടിലേക്ക് പോരെ, നിന്റെ സർഗിയുടെ തളിക ഞാനുണ്ടാക്കിത്തരാം )
“ക്യാ കഹാ ആപ്നേ? ” (എന്താ പറഞ്ഞെ? )
അവൾ വിശ്വാസം വരാതെ ചോദിച്ചു,..
“മേരി ബീന്ദ്നീ സാ കി ഭി പെഹലി കർവാ ചൗത് ഹേ,.. ഔർ മേ ബനൂങ്കി ഇസ്ബാർ തുമാരി ഡ്യൂപ്ലിക്കേറ്റ് സാസ്,.. ഇസ്മേ ഭി കോയി പ്രോബ്ലം ഹേ തുമാരെലിയേ? ” (എന്റെ മരുമകളുടെയും ആദ്യത്തെ കർവാ ചൗത് ആണ്,. കൂടാതെ ഇത്തവണ നിന്റെയും ഡ്യൂപ്ലിക്കേറ്റ് അമ്മായിയമ്മ ആയിക്കോളാം, നിനക്കതിൽ പ്രോബ്ലം ഒന്നും ഇല്ലല്ലോ? ‘)
“നഹി മായി,.. മേ ബഹൂത് ഖുഷ് ഹൂ !” ഋതിക അവരെ സ്നേഹത്തോടെ ആലിംഗനം ചെയ്തു,.. അവളുടെ മിഴികൾ നിറഞ്ഞിരുന്നു,..
“ഔർ മുജേ ഭി ഏക് ഡിമാൻഡ് ഹേ,.. ”
“ക്യാ ഹേ മായി? !”
“ജൽദി ജാ കർ തുമാരി പതി കോ കോൾ കർ,.. ഓർ കഹോ ഉനേ,.. കൽ ചന്ദ്രോദയ് സേ പെഹ്‌ലെ യഹാം ആ ജാനേ കേലിയെ,… ” (വേഗം നിന്റെ ഭർത്താവിനെ ഫോൺ വിളിച്ചു നാളെ ചന്ദ്രനുദിക്കും മുൻപേ ഇവിടേക്ക് വരാൻ പറയൂ )
ഋതികയുടെ മുഖം മങ്ങി,..
“ക്യാ ഹുവാ? ”
“കുച്ച് നഹി മായി,.. പർ വോ യഹാം ആനേ കി സരൂരതാ ക്യാ ഹേ !”( പക്ഷേ അദ്ദേഹം ഇവിടെ വരുന്നതെന്തിനാണ്? )
“യേ ബഹൂത് ബഡാ സവാൽ ഹേ,.. അഗർ വോ നഹി ആയാ തോ കോൻ ഖുലേഗാ തുമാരി വ്രത്? “( നല്ല ചോദ്യമായി, അവൻ വന്നില്ലെങ്കിൽ ആരാണ് നിന്റെ വ്രതം തുറക്കുക? “)
ഋതിക ഉത്തരമില്ലാതെ നിന്നു.. താൻ വ്രതമെടുക്കുന്ന കാര്യം പോലും അരുണേട്ടനെ അറിയിച്ചിട്ടില്ല,.. പിന്നെങ്ങനെ,..
“സാസ് ചാഹേ ഡ്യൂപ്ലിക്കേറ്റ് മിലുങ്കി,.. പർ ഏക് സച്ചാ പതി നഹി മിലൂങ്കാ,.. വോ സിർഫ് ഏക് ഹീ ഹോതാ ഹേ,.. ”
ശരിയാണ് മായി പറഞ്ഞത്, വേറെ ആരെ വേണമെങ്കിലും ഡ്യൂപ്ലിക്കേറ്റ് ആയിട്ട് കിട്ടിയേക്കും പക്ഷേ എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത് അവരുടെ ജീവിതത്തിൽ സത്യസന്ധനും സ്നേഹവാനുമായ ഒരു ഭർത്താവിനെ മാത്രമായിരിക്കും ,…
“തും ജാകെ ഷോപ്പിംഗ് കർലോ, ഔർ കൽ കേ ലിയേ സാമാൻ ഗരീദോ,.. ശിൽപാ കോ ഭി തുമാരെ സാത് ബേചൂങ്കി !” (നീ പോയി നാളത്തേക്കുള്ള സാധനങ്ങൾ വാങ്ങിക്കൂ, ശില്പയെയും കൂടെകൂട്ടിക്കോളൂ,.. )
“ശില്പ? ”
“അരെ മേരി ബീന്ദ്നീ സായ്,.. ഉസ്‌കോ പതാ ഹേ ക്യാ ക്യാ സാമാൻ ഗരീദ്നാ ഹേ !” (എന്റെ മരുമകൾ, അവൾക്കറിയാം എന്തൊക്കെ വാങ്ങിക്കണമെന്ന് )
“താങ്ക് യൂ സോ മച്ച് മായി !”
“താങ്ക് യൂ മത് ബോൽനാ,.. പർ കൽ തുമാരി പതി കോ സരൂർ മുജേ മിൽവാനാ,.. മേ ചൽതി ഹൂ !”
(താങ്ക് യൂ പറയണ്ട, നാളെ നിന്റെ ഭർത്താവിനെ തീർച്ചയായും പരിചയപ്പെടുത്തിത്തരണം,. ഞാൻ പോകുന്നു )
നാളെ അരുണേട്ടനെ മായിക്ക് പരിചയപ്പെടുത്തികൊടുത്താൽ എല്ലാവരും എല്ലാം അറിയും,.. സാരമില്ല എന്നാണെങ്കിലും ഇതിനൊരു അവസാനം വേണ്ടേ,…
നാളെ എന്ത് സംഭവിച്ചാലും അത് തന്റെ നന്മയ്ക്കു വേണ്ടി ആയിരിക്കും.. അല്ലെങ്കിൽ, അങ്ങനെ വിശ്വസിക്കുവാനാണ് തനിക്കിഷ്ടം,..
ഈ വ്രതമനുഷ്ഠിക്കുന്നതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ വീരാവതിക്ക് അവളുടെ ഭർത്താവിനെ തിരികെ കിട്ടിയത് പോലെ നാളെ തനിക്കും തന്റെ ഭർത്താവിനെ തിരികെ കിട്ടും,… പിന്നെ ഈ ഒളിച്ചുകളിയുടെ ആവശ്യമുണ്ടാവില്ല,. ഋതിക സ്റ്റെപ് ഇറങ്ങി,..
**********
ഇന്നിനി ശിൽപക്കൊപ്പം പൂജയുടെ സാധനങ്ങൾ വാങ്ങാൻ പോണ്ടേ,..
അവൾ ഒരുങ്ങിയിറങ്ങിയതും ഋതികയുടെ ഫോൺ ബെല്ലടിച്ചു,..
ഏതോ അൺനോൺ നമ്പർ ആണ്,.. അവൾ കോൾ അറ്റൻഡ് ചെയ്തു,…
“ഹലോ…. ” മറു വശത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല,..
“ഹലോ,.. ആരാ? ” മറുപടിയൊന്നും കിട്ടാതായപ്പോൾ ഋതിക കോൾ കട്ട് ചെയ്തു,.. വാതിൽ പൂട്ടിയിറങ്ങി,…
ശില്പ ഒരുങ്ങി നിന്നിരുന്നു,.. ഋതികയേ കണ്ടതും അവൾ ഹൃദ്യമായൊരു പുഞ്ചിരി സമ്മാനിച്ചു,..
ഇരുവരും ഒരുമിച്ചു മുന്നോട്ട് നടന്നു,.. ലിഫ്റ്റിൽ കയറിയതും ഋതികയുടെ ഫോൺ വീണ്ടും റിങ് ചെയ്തു,..
“ശ്ശെ ഇതാരാണാവോ? ”
പിറുപിറുത്തുകൊണ്ടവൾ പേഴ്സിൽ നിന്നും ഫോണെടുത്ത് നോക്കി, നേരത്തെ വിളിച്ച അതേ അൺനോൺ നമ്പറാണ്,.. ഋതികയ്ക്ക് നല്ല ദേഷ്യം വന്നു,..
“ഏക് മിനിറ്റ് !” അവൾ ശില്പയോട് അനുവാദം ചോദിച്ച ശേഷം ഫോണെടുത്തു,..
“ഹലോ,.. ”
“ഇത് ഞാനാ ഋതു,… ആൽബി !”
ഋതികയുടെ കയ്യിൽ നിന്നും പേഴ്‌സ് നിലത്തേക്ക് വീണു,…
(തുടരും )
അനുശ്രീ ചന്ദ്രൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
albi ya angu thattiyara