Skip to content

ഈ തണലിൽ ഇത്തിരി നേരം – 34

ee-thanalil-ithiri-neram

അതേ, ആൽബി അന്ന് തന്നോട് പറഞ്ഞ കാര്യത്തിന് ഇതിലും വലിയ തെളിവ് തനിക്ക് മുൻപിൽ വേറെയില്ല,.. ഋതികയുടെ ഹൃദയം പിടഞ്ഞു,..

ശാരദ ശബ്ദമടക്കി കരഞ്ഞു.. കരുണ ഒന്നും മിണ്ടാനാവാതെ നിൽക്കുകയാണ്,.. അരുണും അശോകനും വേദന അടക്കിപ്പിടിച്ചു നിന്നു,..
അവൾ പതിയെ ഋതികക്കരികിലേക്ക് നടന്നു,.

ഋതികയുടെ മുൻപിൽ കൈ കൂപ്പി അവൾ നിന്നു,..

“നീയെന്താ മോളേ ഈ കാണിക്കുന്നത്? ” ഋതിക അവളുടെ കൈകളിൽ പിടിച്ചു,..

“മാപ്പ് പറയാൻ പോലും എനിക്ക് അർഹതയില്ലെന്ന് അറിയാം,.. എങ്കിലും,ഏട്ടത്തി എന്നോട് ക്ഷമിക്കണം, എന്റെ കുഞ്ഞിന് വേണ്ടിയെങ്കിലും,.. ”

അവൾ ഋതികയുടെ കാല് പിടിക്കാനായി ആഞ്ഞു,..

“നിയമോളെ,.. ” ഋതു അവളെപ്പിടിച്ചു കസേരയിൽ ഇരുത്തി,.. സോയയും അവർക്കരികിലേക്ക് ചെന്നു,..

ഋതിക ചുറ്റും നോക്കി,.. അരുണടക്കമുള്ള എല്ലാവരും തലയും കുനിച്ചു നിൽക്കുകയാണ്,.

അവൾ ഋതികയെ കെട്ടിപ്പിടിച്ചു കരഞ്ഞു..
“നീയിങ്ങനെ കരയല്ലേ മോളെ,.. ” ഋതിക അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു,..

“ഞാൻ കാരണവാ ഏട്ടൻ ഏട്ടത്തിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചത്,.. എന്റെ ജീവിതം രക്ഷിക്കാൻ വേണ്ടിയാ ഏട്ടൻ !” അവൾ പൊട്ടിക്കരഞ്ഞു,..

ഋതിക അരുണിനെ നോക്കി അവൻ ഒന്നും മിണ്ടാതെ നിൽക്കുകയാണ്,.. ഇതൊന്നും കാണുന്നില്ല എന്ന അർത്ഥത്തിൽ,.

“ഡോ താനിങ്ങനെ കരയല്ലേ, അത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും,.. ” സോയ ഓർമപ്പെടുത്തി,..

“ഏട്ടത്തി അന്ന് വാൺ ചെയ്തപ്പോൾ ഞാനത് കേട്ടില്ല,. വാശിയോടെയും വൈരാഗ്യത്തോടെ പെരുമാറി,.. ഏട്ടത്തിയെ വേദനിപ്പിച്ചു,.. പക്ഷേ അതെന്റെ ജീവിതം തന്നെ തകർത്തു കളഞ്ഞു ഏട്ടത്തി,.. എന്റെ മാത്രമല്ല, ഏട്ടന്റെയും ഏടത്തീടെയും,.. എന്തിന് നമ്മുടെ കുടുംബത്തെത്തന്നെ !” അവൾ പൊട്ടിക്കരഞ്ഞു,.

അന്ന് കരുണേച്ചിയാണ് നിയയെ ന്യായീകരിച്ചത്, തന്നെ ജയിക്കാൻ, ഇന്ന് ആ ജയമാണ് ഒരു കുടുംബത്തെ മൊത്തം തോൽപ്പിച്ചു കളഞ്ഞത്,..

എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കണ്ണുനീർ തുള്ളികൾ ഋതികയുടെ കവിളിലേക്ക് പടർന്നൊഴുകി,..

*****

ആൽബിക്കൊപ്പം രാകേഷും മുന്നോട്ടേക്ക് വന്നു,.. അവരെ കണ്ടതും അരുണിന്റെ മുഖത്ത് ദേഷ്യവും വെറുപ്പും നിറഞ്ഞു,..

“അരുൺ എവിടെയെങ്കിലും പോയിട്ട് വരുവാണോ? ” രാകേഷ് ചോദിച്ചു,..

“അതെന്തിനാ ഞാൻ നിന്നോട് പറയുന്നേ,.. വണ്ടി മാറ്റ് എനിക്ക് പോണം,.. ” അരുൺ തിരികെ കാറിൽ കേറാനായി തുനിഞ്ഞതും, രാകേഷ് അവനെ പിടിച്ചു നിർത്തി,..

“ശ്ശേ,.. ഇങ്ങനെ തിരക്ക് കൂട്ടാതെ,. ”

“വിട് രാകേഷേ,.. ” അരുണിന്റെ നോട്ടത്തിന് തീക്ഷ്ണതയേറി,..

എന്നാൽ രാകേഷ് അവന്റെ മേലുള്ള പിടി ഒന്ന് കൂടി മുറുക്കി,.

“നിന്നോട് വിടാനല്ലേ പറഞ്ഞത് !” അരുൺ കുതറിയതും രാകേഷ് മുന്നിൽ നിർത്തിയിട്ട കാറിന് മീതേക്ക് തെറിച്ചു വീണു,.

“ദേ ആൽബി ഇന്നലെ നിന്റെ ഒരു കയ്യേ, ഒടിഞ്ഞോളു,. ഇനിയും ഇവനെപ്പോലുള്ള ഊച്ചാളികളെയും വിളിച്ചോണ്ട് ഇമ്മാതിരി പരിപാടിക്കിറങ്ങിയാൽ രണ്ടെണ്ണത്തിന്റെയും മുട്ട് കാല് തല്ലിയൊടിച്ച് വിടും ഞാൻ,..”

ആൽബിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു,.

“ഞങ്ങളങ്ങ് പേടിച്ചു പോയി,.. അല്ലേടാ രാകേഷേ ? ” ആൽബി കളിയായി ചോദിച്ചു,.

“പിന്നെ അരുണേ ഞങ്ങളാരും തിരിച്ചു ചെല്ലാന്ന് ആർക്കും വാക്കൊന്നും കൊടുത്തിട്ടല്ല വന്നേക്കണത്,.. കാരണം ഞങ്ങളെ കാത്തിരിക്കാൻ അന്തപുരത്തിൽ ആരുമില്ല,.. പക്ഷേ നിനക്കങ്ങനെയല്ലല്ലോ അരുണേ,.. ഇവന്റെ പെണ്ണ് നിന്നെയും കാത്തു കണ്ണിൽ എണ്ണയൊഴിച്ച് ഇരിക്കുന്നുണ്ടല്ലോ,.. ” രാകേഷ് പറഞ്ഞു,.

“ഇവന്റെ പെണ്ണോ? എപ്പോഴാണ് ഋതു ഇവന്റെ പെണ്ണായത്,. സ്വന്തം കൂട്ടുകാരനെ വഞ്ചിച്ച് കാമുകൻ ചമഞ്ഞ് അവൾക്ക് മുൻപിൽ പോയി നിന്നപ്പോഴോ, അതോ? ”

“എന്റെ പെണ്ണാ ഋതു, ഈ ആൽബിയുടെ പെണ്ണ്, മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന് നിങ്ങളുടെ ആ ശ്രീകൃഷ്ണൻ പോലും പറഞ്ഞിട്ടുണ്ട്, എന്ന് മുതൽ ഋതു എന്നെ അവൾ സ്നേഹിച്ചു തുടങ്ങിയോ അന്ന് തൊട്ട് ഋതു ആൽബിയുടേതാണ് !” ആൽബി ഉറപ്പോടെ പറഞ്ഞൂ,..

അരുണിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു,.

“എന്നാൽ ആൽബിയുടെ ഋതുവിന് ഇന്നലത്തോടെ ചേട്ടന്റെ സ്വഭാവം മനസ്സിലായിട്ടുണ്ട്,. ഇനിയും അവൾ നിന്നെ സ്നേഹിക്കുമെന്നാണോ പറയുന്നേ? ”

“എന്നെ സ്നേഹിച്ചില്ലെങ്കിലും നിന്നെയവൾ ഒരിക്കലും സ്നേഹിക്കാൻ പോണില്ല !”

“അതെന്താടാ നിനക്കിത്ര ഉറപ്പ്? ”

“നീയും അവളെ ചതിച്ചു തന്നെയല്ലേടാ കല്ല്യാണം കഴിച്ചത്?” ആൽബിയുടെ ചോദ്യത്തിന് മുൻപിൽ പതറി അരുൺ നിന്നു,.

“എല്ലാം അറിഞ്ഞുകഴിയുമ്പോൾ എന്നെ തള്ളിപ്പറഞ്ഞത്പോലെ തന്നെ നിന്നെയും തള്ളിപ്പറയും,.. ”

“ഡാ ക്ഷോഭിക്കേണ്ട അരുൺ അത് തന്നെയാ സംഭവിക്കാൻ പോണത്,.. നിനക്കൊരിക്കലും അവളെ കിട്ടാൻ പോണില്ല,.. ആൽബി ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കില്ല,.. ”

അരുൺ അവന്റെ കോളറിൽ പിടിച്ചു,..

“നീ ചത്താൽ എനിക്കവളെ കിട്ടുമല്ലോല്ലേ? ”
അരുൺ അവന്റെ കഴുത്തിൽ പിടി മുറുക്കി,.. അടുത്ത നിമിഷം അരുണിന്റെ പിടികളയഞ്ഞു,..

ഒരാശ്രയമെന്ന കണക്കേ ആൽബിയുടെ ഷർട്ടിന്റെ കൈയിൽ അവൻ മുറുക്കെ പിടിച്ചു,.. ശരീരം കുത്തിക്കീറുന്ന ഒരു വേദന അവന്റെ തലച്ചോറിലേക്ക് പ്രവഹിച്ചു, അരുൺ പതിയെ മുറിവിൽ തൊട്ട് നോക്കി,.. ചോര,.

അവൻ പതിയെ തിരിഞ്ഞു നോക്കി,..

മുന്നിൽ നിൽക്കുന്ന ആളെക്കണ്ട അവനൊന്നു ഞെട്ടി,..

“ധ്യാൻ,.. ”

************

“ഓ അപ്പോൾ എല്ലാവരും കുറ്റസമ്മതം നടത്തിയല്ലോ അല്ലേ,.. ഈയുള്ളവന് ഇനി എന്ത് ശിക്ഷയാണാവോ വിധിക്കാൻ പോണത്? ” പരിഹാസത്തോടെ ധ്യാൻ ചോദിച്ചു,..

ഋതികയ്ക്ക് തന്റെ രക്തം തിളച്ചു കയറി വന്നു,. തന്റെ ഭർത്താവിന്റെ ജീവനെടുക്കാൻ നോക്കിയവനാണ് നാല് കാലിൽ ഇപ്പോൾ മുന്നിൽ വന്നു നിൽക്കുന്നത്,. നിയയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു,.

“ഡാ !” ഋതികയുടെ ശബ്ദം അവിടെയാകെ പ്രതിധ്വനിച്ചു,..

അന്ന് അരുണേട്ടൻ അനുഭവിച്ച വേദന ഇന്ന് തന്നെയും കാർന്നു തിന്നുന്നുണ്ട്,.. എങ്ങനെയാണിവന്, ഇത്രയും വലിയൊരു ക്രൂരത ചെയ്യാൻ കഴിഞ്ഞത്,..

“എന്തിന് വേണ്ടീട്ടാടാ നീയെന്റെ ഭർത്താവിനെ കൊല്ലാൻ നോക്കി, ആ കുറ്റം ഈ നിൽക്കുന്ന ആൽബിയുടെ തലയിൽ കെട്ടിവെച്ചത്? എന്തിന് വേണ്ടിയാ നീ എന്റെ അനിയത്തിയുടെ ജീവിതം നശിപ്പിച്ചത്? ”

ഋതിക അവന്റെ ഷർട്ടിൽ പിടി മുറുക്കി,..

“ഹോ,. അപ്പോൾ മുഴുവൻ പറഞ്ഞു കഴിഞ്ഞില്ലാരുന്നോ,. എനിക്ക് ടൈമിംഗ് തെറ്റി ഋതു .. സോറി എടത്തിയമ്മേ,… ലെറ്റ്‌സ് കണ്ടിന്യൂ ” അവൻ പറഞ്ഞു,..

*****

ധ്യാൻ അവനെയൊന്ന് തള്ളി,. അരുൺ ബാലൻസ് തെറ്റി നിലത്തേക്ക് വീണു,. അരുണിന്റെ രക്തം റോഡിലേക്ക് പരന്നൊഴുകി,. ആൽബിക്ക് അപ്പോഴാണ് സ്വബോധം തിരികെ കിട്ടിയത്,..

“ധ്യാൻ നീയെന്താ ഈ കാണിച്ചത്?” ആൽബിയെ ആകെ വിയർത്തു,.

” അരുൺ” ആൽബി അവനരികിൽ പടിഞ്ഞിരുന്നു,.

ആൽബി തന്റെ പാതികീറിയ ഷർട്ട് ഊരി അവന്റെ മുറിവിൽ വട്ടം കെട്ടി,..

“എന്താ രാകേഷേ നോക്കി നിൽക്കുന്നേ, പിടിക്ക് നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടോവാം !” ആൽബി പറഞ്ഞു,.. രാകേഷ് ഇതൊന്നും ശ്രദ്ധിക്കുന്നത് പോലുമില്ല,..

“ഇത്ര പേടിക്കാനൊന്നുമില്ല,. നീ ചാവാനൊന്നും പോണില്ല,. നീ ചത്താൽ എന്റെ പെങ്ങൾക്കും പിന്നെ, നിന്റെ പെങ്ങൾക്കും പിന്നെ ആരാടാ ഉള്ളത്? ” ധ്യാൻ ക്രൂരമായ ഒരു ചിരിയോടെ ചോദിച്ചു,..

അരുൺ അമ്പരപ്പോടെ അവനെ നോക്കി,.. ധ്യാനിന്റെ കണ്ണുകളിലെ നിഗൂഢതയുടെ അർത്ഥം മനസിലാക്കാൻ കഴിയാതെ ഓരോ നിമിഷം കഴിയുംതോറും അവൻ തളർന്നുകൊണ്ടിരുന്നു,.

******

“ആക്ച്വലി എന്റെ ഈ പുന്നാര അളിയനെ ഇങ്ങനെ കുത്തി വേദനിപ്പിക്കണമെന്ന് എനിക്ക് ഒരു ഉദ്ദേശവും ഇല്ലായിരുന്നു കേട്ടോ, ശരിക്കും കൊല്ലണെന്ന് കരുതിയത് നിന്നെത്തന്നെയാ ഏടത്തിയമ്മേ ! ” ധ്യാൻ പറഞ്ഞു,.

ഋതിക ഞെട്ടലിൽ അവനെ നോക്കി,..

“ഡാ ” അരുൺ അവനും ഋതികയ്ക്കും ഇടയിലായി നിന്നു,..

“ദേ അളിയൻ തോക്കിനിടയിൽ കേറി വെടിപൊട്ടിക്കല്ലേ, ഞാനൊന്ന് പറഞ്ഞു കൊടുത്തോട്ടെ, എന്നെയൊന്നു പറയാനനുവദിക്കൂ പ്ലീസ്, . ” അവൻ പറഞ്ഞു,..

“മാറി നിൽക്കരുണേട്ടാ, അവൻ ബാക്കി കൂടി പറയട്ടെ !” ഋതികയുടെ ശബ്ദം ഉറച്ചതായിരുന്നു,.

അരുൺ ആൽബിയെ നോക്കി, അവൻ ധൈര്യം കൈവിടാതിരിക്കാൻ അവന് നിർദേശം കൊടുത്തു,. അരുൺ അവൾക്കരികിലേക്ക് മാറി നിന്നു,.

“അപ്പോൾ സീ മിസ്സിസ് ഋതിക അരുൺ, കുറെ കാലങ്ങൾക്ക് മുൻപുള്ള കഹാനിയാണ്,. അതായത് നീയൊക്കെ കുഞ്ഞായിരിക്കുമ്പോഴേ ഉള്ളത്,.. എന്റെ ചേച്ചിക്ക്, അതായത് ധന്യയ്ക്ക്,. നിനക്കറിയാലോലെ, അവൾക്ക് തന്റെ കളിക്കൂട്ടുകാരനോട്, അതായത് നിന്റെ ഈ അരുണേട്ടനോട് ചെറിയ ഇഷ്ടം തോന്നി, പിന്നെ അതങ്ങ് കേറി അസ്ഥിക്ക് പിടിച്ചു,.. പറയാനിങ്ങനെ റെഡി ആയി നിന്നപ്പോഴാ വില്ലത്തിയായി നിന്റെ എൻട്രി,… ”

ഋതിക മനസിലാവാതെ അവനെ നോക്കി,.

“എന്റെ അളിയന് നിന്നോട് മുടിഞ്ഞ പ്രേമം, അവൾ ഉപദേശിച്ചു കുറേ മനസ്സ് മാറ്റാൻ നോക്കി പക്ഷേ എവിടന്ന് മാറാൻ അപ്പോഴേക്കും അളിയൻ നിന്റെ നമ്പർ ഒക്കെ സങ്കടിപ്പിച്ചു ചാറ്റാനും ചീറ്റാനും ഒക്കെ തുടങ്ങി,. ലാസ്റ്റ് ആ പ്രേമം അങ്ങ് മൂത്തു,. ഒടുവിൽ നിങ്ങൾ കണ്ടു മുട്ടാനും തീരുമാനിച്ചു,.. അവൾക്ക് സഹിക്കോ, അങ്ങനെ ആ ദിവസം നിന്റെ മരണമണി മുഴക്കാൻ ഞങ്ങൾ തീരുമാനിച്ചു,.. യാ വീ ഡിസൈഡഡ് ടു കിൽ യൂ !”

ഋതിക അരുണിന്റെ കൈകളിൽ മുറുക്കെ പിടിച്ചു,..

“അളിയൻ നിന്നെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി, അങ്ങനെ അതിഭീകരമായ പ്ലാനിങ്ങിന്റെ ഭാഗമായി, സഹായത്തിന്, ഡെക്കറേഷനെന്നും പറഞ്ഞു ഞങ്ങളും കൂടി,..നിനക്കുള്ള മരണക്കെണി ഒരുക്കാൻ,.. പക്ഷേ ദേ ഈ നിൽക്കുന്ന നിന്റെ കാമുകൻ അവിടെ ഞങ്ങളുടെ എല്ലാ പ്ലാനിങ്ങും തകർത്തു കളഞ്ഞു,. ”

അവൻ ആൽബിയെ നോക്കിപ്പറഞ്ഞു,..

*********

“അളിയാ എങ്ങനുണ്ട്, ഋതുവിന് ഇതൊക്കെ ഇഷ്ടാവോ? ” അരുൺ ചോദിച്ചു,..

“പിന്നേ ? ഇതും ഇഷ്ടപ്പെടും അവളുടെ മിസ്റ്റർ A യെയും ഇഷ്ടപ്പെടും,..” ആൽബി പറഞ്ഞു,.

“എന്നാലും എനിക്കെന്തോ ടെൻഷനാവുന്നെടാ,. ” അവൻ നെഞ്ചിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു,..

“എന്റെ അരുണേ,. നീയിങ്ങനെ ടെൻഷൻ ആവാതെ അവളെങ്ങാനും കണ്ടോണ്ട് വന്നാൽ എനിക്കെങ്ങും വേണ്ടാ ഈ പേടിത്തൊണ്ടനെ എന്നും പറഞ്ഞ് അപ്പോൾ തന്നെ ഇട്ടിട്ടു പോവും !” ആൽബി അവനെ കളിയാക്കിപ്പറഞ്ഞു,..

അരുണിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു,..

“ഡാ അവരെത്താനായീന്ന് ,ആ ജസ്റ്റിനെവിടെപ്പോയിക്കിടക്കുവാ, അവനാ ക്യാൻഡിൽസ് വാങ്ങിക്കൊണ്ട് വരാന്ന് പറഞ്ഞത്,.. ”

” ക്യാൻഡിൽസ് ഞാൻ പോയി വാങ്ങിക്കാം !”

“വേണ്ടാ ആൽബി ഞാൻ പോയി വാങ്ങിക്കാം, നീ ഇവിടെ നിൽക്ക്,. ”

“ആ എന്നിട്ട് വേണം അവളെന്നെ കണ്ട് മിസ്റ്റർ A ഞാൻ ആണെന്ന് തെറ്റിദ്ധരിക്കാൻ,. ”

“അങ്ങനൊന്നും ധരിക്കൂല്ല, ചിലപ്പോൾ കടയിൽ പോയി വരുമ്പോഴേക്കും ധൈര്യം കിട്ടിയാലോ,.. ”

“അതെന്താ ഞങ്ങളറിയാതെ വല്ല കുപ്പിപൊട്ടിക്കാനോ, സിഗരറ്റ് വലിക്കാനോ പ്ലാനുണ്ടോ? ”

“പൊയ്ക്കോ അവിടന്ന്, അച്ഛനറിഞ്ഞാൽ കൊന്നു കളയും, പിന്നെ അവൾക്കും ഇതൊന്നും ഇഷ്ടമല്ല,.. ” അരുൺ ചമ്മലോടെ പറഞ്ഞു,.

“അപ്പോൾ അതാണ് മെയിൻ റീസൺ !”

“ഞാനേ വേഗം വരാം !”

“എങ്കിൽ ഞാനീ സൈഡിൽ എങ്ങാനും മാറി നിന്നോളാം !”

“ആടാ !” അരുൺ പുറകിലെ വാതിൽ വഴി പുറത്തേക്കോടി,. ആൽബി ഒരു ഡോറിന് മറവിലേക്ക് നീങ്ങി നിന്നു,..

“നോക്ക് അവൾ കടന്ന് വരുന്ന നിമിഷം ഞാൻ സിഗ്നൽ തരും അന്നേരം നീയീ കയറു വിട്ടോണം,.. ” ധന്യ തൂക്കിയിട്ടിരിക്കുന്ന ഭീമാകാരമായ ചില്ല് വിളക്കിൽ ദൃഷ്ടിയൂന്നി ധ്യാനിന് നിർദേശം കൊടുത്തു,..

ഋതിക നീതിക്കൊപ്പം പടികളിറങ്ങി,..

“കൊള്ളാലെ? ” അവൾ നീതിയോട് ചോദിച്ചു,.

“മ്മ് !”

ഈ തെണ്ടി മെഴുകുതിരി ഉണ്ടാക്കാനാണോ പോയത്? ഇപ്പൊ വരാന്ന് പറഞ്ഞതാ, ഇനിയീ പെങ്കൊച്ച് അവന് തീരെ ടൈം മാനേജ്മെന്റ് ഇല്ലെന്നും പറഞ്ഞു റിജെക്ട് ചെയ്യാഞ്ഞാൽ മതിയായിരുന്നു,.. ഇപ്പോഴത്തെ പെൺകുട്ടികളുടെ കാര്യമല്ലേ,..

അപ്പോഴാണവൻ തൂങ്ങിയാടുന്ന ചില്ല് വിളക്കിലേക്ക് നോക്കുന്നത്,.. ദൈവമേ,.. ഇത് പണിയാവൂല്ലോ, രാകേഷ് എന്ത് കാണിച്ചാ ഇത് സെറ്റ് ചെയ്തത്? അരുണിത് എവിടെപ്പോയി കിടക്കുവാ ! അവൻ ടെൻഷനോടെ അരുൺ പോയ വാതിൽക്കലേക്ക് നോക്കി,..

ഋതു നടന്ന് വന്ന് അതിന്റെ ചുവട്ടിൽ തന്നെ നിന്നു,.

“ഈശോയേ,..” അവൻ അറിയാതെ വിളിച്ചുപോയി,..

ആൽബി വന്ന് അവളെ വലിച്ചു മാറ്റിയതും ചില്ല് വിളക്ക് പൊട്ടിത്താഴേക്ക് വീണതും ഒരുമിച്ചായിരുന്നു,..

ഋതിക അവന്റെ നെഞ്ചിൽ മുഖം അമർത്തി നിന്നു,. നീതി അവൾക്കരികിലേക്ക് ഓടി വന്നു,.

“ഋതു നിനക്കൊന്നും പറ്റീല്ലല്ലോ !” നീതി പേടിയോടെ ചോദിച്ചു,..

“ആർ യൂ ഓക്കേ? ” അവൻ ചോദിച്ചു,..

ഋതിക അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു,.. അവൾ നന്നായി പേടിച്ചിട്ടുണ്ടാവുമെന്ന് അവന് തോന്നി,..

“താങ്ക്സ് ആൽബി.. താങ്ക് യൂ സോ മച്ച് !”അവൾ പറഞ്ഞു,.

അപ്പോഴാണ് മേലത്തെ നിലയിൽ ആൽബി തങ്ങളെ വീക്ഷിച്ചു നിൽക്കുന്ന ധന്യയേയും, ധ്യാനിനെയും ശ്രദ്ധിക്കുന്നത്,.. ചില്ല് വിളക്ക് കെട്ടിത്തൂക്കിയ കയറിന്റെ ഒരറ്റം ധ്യാനിന്റെ കൈയിലാണ് ,. അവരുടെ മുഖത്ത് മിന്നിമറഞ്ഞ പല ഭാവങ്ങളും ഇതിന് പിന്നിൽ അവരാണെന്നുള്ള അവന്റെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു,..

“ഋതിക!” അവൻ അവളെ അടർത്തി മാറ്റാൻ ശ്രമിച്ചു,..

“ഐ ലവ് യൂ ആൽബി,… ”

ആൽബി ഞെട്ടലിൽ നിന്നു,.. തൊട്ടരികെ അരുൺ ഉണ്ടെന്ന് പോലുമറിയാതെ,.

ഞാനല്ല നിന്റെ മിസ്റ്റർ A എന്ന് തുറന്നു പറയണമെന്ന് അവനുണ്ടായിരുന്നു,. എന്നാൽ ധന്യയുടെ കണ്ണിൽ അവൻ കണ്ട പക അതിന് അവനെ അധൈര്യനാക്കി,..

**********

“പിന്നെ സംഭവിച്ചതൊക്കെ ഞങ്ങൾ പോലും വിചാരിക്കാത്തതായിരുന്നു, അളിയൻ സ്വന്തം കൂട്ടുകാരനെയങ്ങ് തെറ്റിദ്ധരിച്ചു, നീ ചത്തില്ലെങ്കിലും ഞങ്ങൾക്കതോടെ നേട്ടങ്ങളേ ഉണ്ടായുള്ളൂ ! അതോടെ ഞങ്ങൾ തീരുമാനിച്ചു നിന്നെ കൊല്ലണ്ട ജീവിക്കാനങ്ങ് വിട്ടേക്കാമെന്ന് ! അരുണിന്റെ കൂടെയല്ല ആൽബിയുടെ കൂടെ,.. ”

ഋതികയുടെ മിഴികൾ നിറഞ്ഞൊഴുകി,.

“നിന്റെ ജീവൻ വെച്ച് വില പറഞ്ഞപ്പോൾ ആൽബിച്ചായൻ അതങ്ങ് സമ്മതിച്ചു അല്ലേ ഇച്ചായാ? ഫ്രണ്ട്ഷിപ്പിനേക്കാൾ വലുത് ഒരു മനുഷ്യജീവനാണെന്ന് ഇച്ചായനങ്ങ് വിധിയെഴുതി,..പിന്നീട് ഇടയ്ക്കെപ്പോഴോ ഈ പാവത്തിന് നിന്നോട് ആത്മാർത്ഥ പ്രണയവും പ്രണയവും തോന്നിത്തുടങ്ങി കേട്ടോ, അതോടെ എല്ലാം ഞങ്ങളുടെ ട്രാക്കിലേക്ക് മാറി,..”

ശരിയാണ് ആദ്യമൊക്കെ ആൽബി തന്നോട് ഒരുപാട് അകലം കാട്ടിയിട്ടുണ്ട്,.. മിസ്റ്റർ A ആൽബി തന്നെ അല്ലേ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,. പക്ഷേ അന്നെല്ലാം ആൽബിയോട് ചേർന്ന് നിൽക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകം സ്വന്തം ജീവൻ പോലും പണയം വെച്ച് ആൽബി തന്നെ രക്ഷിക്കാൻ തയ്യാറായി എന്നതായിരുന്നു,…

പിന്നീട് എപ്പോഴോ ആൽബി തന്നെ കൂടുതൽ കെയർ ചെയ്യാൻ തുടങ്ങി,.പൊസ്സസ്സീവ് ആകാൻ തുടങ്ങി, തന്റെ കൂട്ടുകാരിൽ പലരും കളിയാക്കിപ്പോലും ചോദിച്ചിട്ടുണ്ട്,. ഇങ്ങനെ പൊതിഞ്ഞുകൊണ്ട് നടക്കാൻ നീയെന്താ വല്ല സ്വർണ്ണക്കട്ടയും ആണോ എന്നൊക്കെ,…

പക്ഷേ അന്ന് ആൽബി ധ്യാനും രാകേഷുമാണ് അരുണേട്ടനെ ആക്രമിച്ചതിന് പിന്നിലെന്ന് പറഞ്ഞപ്പോഴും ഇതിന്റെ പിന്നിൽ ഇത്തരത്തിലൊരു ഫ്ലാഷ് ബാക്ക് കൂടിയുണ്ടാവുമെന്ന് താനറിഞ്ഞില്ല, ആൽബി പറഞ്ഞതുമില്ല,.

അവൾ കണ്ണീരോടെ അവനെ നോക്കി,..

ആൽബിയും കരയാതിരിക്കാൻ പാട് പെട്ടു,. അരുണിന്റെ കണ്ണുകളിലും കുറ്റബോധമായിരുന്നു,. സുഹൃത്തിനെ മനസിലാക്കാൻ കഴിയാതെ പോയതിന്റെ കുറ്റബോധം,

പൂർണ്ണമനസ്സോടെ വിട്ടുകൊടുക്കുമായിരുന്നു താൻ, പക്ഷേ താൻ നോക്കിയപ്പോഴൊന്നും അവന്റെ കണ്ണുകളിൽ അവളോടുള്ള സ്നേഹം കണ്ടിരുന്നില്ല, പകരം ഒരു നിർവികാരത,.. തന്നെക്കാൾ തീവ്രമായി ആർക്കും അവളെ സ്നേഹിക്കാൻ കഴിയില്ലെന്ന ഓവർ കോൺഫിഡൻസ്, അതാണ് ഋതുവിനെ സ്വന്തമാക്കുന്നതിലേക്ക് തന്നെ നയിച്ച രണ്ടു പ്രധാനഘടകങ്ങൾ,.. തന്നെ ചതിച്ചത് പോലെ ഋതുവിനെയും അവൻ ചതിക്കുമോ എന്ന പേടി ആയിരുന്നു തനിക്ക്,..

പക്ഷേ ഒരാപത്ത് വന്നപ്പോൾ തനിക്കവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും കഴിഞ്ഞില്ല,.. ആൽബിക്ക് മുൻപിൽ താൻ വല്ലാതെ ചെറുതായിപ്പോകുന്നെന്ന് അരുണിന് തോന്നി,.. സ്വാർത്ഥനായിപ്പോയി താൻ,..

ധ്യാൻ തുടർന്നു,..

“വീട്ടുകാർ പോലും ആലോചിച്ചതാ ഈ അളിയനും എന്റെ ചേച്ചിയും തമ്മിലുള്ള വിവാഹം പക്ഷേ എന്നാ ചെയ്യാനാ, ധന്യയെ ഫ്രണ്ടിന്റെ സ്ഥാനത്തേ കണ്ടിട്ടുള്ളൂത്രേ, അതിനപ്പുറത്തേക്ക് കാണാൻ തന്നെക്കൊണ്ട് പറ്റില്ലെന്ന്,. പക്ഷേ അവള് പിന്നേം കാത്തിരുന്നു കേട്ടോ, സമാധാനത്തോടെ,.. പക്ഷേ അപ്പോഴേക്കും ഇവൻ നിന്നെ വന്ന് പെണ്ണ് കണ്ടു !” അവൻ രോഷത്തോടെ പറഞ്ഞു,.

“നീയിവനെകെട്ടില്ലന്ന് തന്നെയാ കരുതിയത് പക്ഷെ, അതിന് വേണ്ടി നിന്റെ കാമുകനെ ഇളക്കിവിട്ടതും ഞങ്ങളാ, പക്ഷേ,.. അത് നിങ്ങൾ തമ്മിലുള്ള വിവാഹത്തിൽ എത്തി നിൽക്കുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ! അങ്ങനങ്ങ് വിട്ടുകൊടുക്കാൻ ഞങ്ങളും തയ്യാറല്ലായിരുന്നു, ആൽബിയിലെ നിരാശാ കാമുകനെ വെച്ച് കളിച്ചു, പക്ഷേ ബൂമറാങ് പോലെ ഞങ്ങളുടെ ഓരോ നീക്കവും ഞങ്ങൾക്കിട്ട് തന്നെ വന്നടിച്ചു,. എന്തിന് പത്തു പൈസയുടെ ഗതിയില്ലാത്ത ഇവനെ എന്റെ പെങ്ങളും ചേട്ടനും കൂടി കോടീശ്വരനാക്കി,.. ചേട്ടനെന്ന് ഉദ്ദേശിച്ചത് ആരെയാണ് എന്ന് മനസ്സിലായോ നിനക്ക്,.. രാകേഷിനെ,.. ഞങ്ങടെ അമ്മാവന്റെ മോനാ ”

രാകേഷിനെ താനൊരിക്കലും സംശയിച്ചിരുന്നില്ല,. അതാണവൻ മുതലെടുത്തതും ആൽബി മനസ്സിലോർത്തു,.

“രാകേഷേട്ടന്റെ ബുദ്ധിയിൽ തെളിഞ്ഞ അവസാനനീക്കവും പാളി, അപ്പോൾ ഞാനെന്റെ വജ്രായുധം മിനുക്കിയെടുക്കുകയായിരുന്നു,… അതായിരുന്നു ഇവൾ,.. നിയ,… ” അവൻ പറഞ്ഞു,..

ഋതികയുടെ മിഴികൾ നിറഞ്ഞൊഴുകി,..

“അതിൽ നിന്റെ കെട്ടിയവനും, അവന്റെ ഫാമിലിയും മൊത്തം ഫ്ലാറ്റ്,.. അങ്ങനെ സ്വന്തം അനിയത്തി അച്ഛനില്ലാത്ത ഒരു കുഞ്ഞിനെ പ്രസവിക്കാതിരിക്കാനായി,. ഇവരുടെയെല്ലാം കണ്ണീരിൽ മയങ്ങി നിന്റെ കെട്ടിയോൻ നിന്നെ ഉപേക്ഷിച്ച് എന്റെ പെങ്ങളെ കെട്ടിക്കോളാമെന്ന് സമ്മതിച്ചു,… ”

ഋതികയുടെ കർണപടത്തിൽ വെള്ളിടിപോലെ അവന്റെ വാചകങ്ങൾ ആഞ്ഞടിച്ചു,…

അത്രനേരവും അരുണിന്റെ വിരലുകളെ മുറുകെപ്പിടിച്ച തന്റെ കൈ അവൾ സ്വതന്ത്രമാക്കി…

( തുടരും )

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.6/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!