Skip to content

ഈ തണലിൽ ഇത്തിരി നേരം – 35

ee-thanalil-ithiri-neram

8 വർഷങ്ങൾക്ക് ശേഷം

“മോളേ,.. എണീക്ക് വീടെത്തി… ” ചന്ദ്രശേഖരൻ അവളെ തട്ടിവിളിച്ചു,..

ഉറക്കം വിടാത്ത ആലസ്യത്തോടെ ഋതിക മിഴികൾ തുറന്നു,..

ഹോ എന്തൊരു ഉറക്കമാണ് താനുറങ്ങിയത്,.. റെയിൽവേ സ്റ്റേഷനിൽ നിന്നുമിറങ്ങി കാറിൽ കയറിയത് മാത്രേ ഓർമയുള്ളൂ,…

“അല്ല മാഡം ഇതിൽത്തന്നെ ഇരിക്കാനാണോ ഉദ്ദേശം? “ആൽബി ചോദിച്ചു…

അവൾ വിരസമായൊന്ന് പുഞ്ചിരിച്ച്, ഡോർ തുറന്നിറങ്ങി,..

“ഇത്രേം കാലമായിട്ടും ഇവളുടെ ഉറക്കത്തിന് മാത്രം ഒരു മാറ്റോം ഇല്ലല്ലേ അങ്കിളേ? ” ഡിക്കി തുറന്ന് ലഗേജ് എടുക്കുമ്പോൾ ആൽബി തമാശയായി ചോദിച്ചു,..

“അതേ അതേ,.. ചെറുപ്പം തൊട്ടേ അങ്ങനെ തന്നാ, കട്ടില് , പായ, പുതപ്പ്, പാഠപുസ്തകം ഇതിലേത് കണ്ടാലും എന്റെ ഋതുക്കുട്ടിക്ക് ഉറക്കം വരും അല്ലേ മോളേ? ” തമാശയായാണ് അയാളത് പറഞ്ഞതെങ്കിലും അവളോടുള്ള സ്നേഹമെല്ലാം ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു,,..

ഋതികയുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു, എല്ലാം മധുരമുള്ള ഓർമകളായി മാറിയിരിക്കുന്നു ,.. നൊസ്റ്റു,… ഇപ്പോൾ ഉറക്കം നഷ്ടപ്പെട്ടിട്ട് കാലമെത്ര കഴിഞ്ഞിരിക്കുന്നു,. ഇന്ന് പിന്നെ എന്ത്പറ്റിയോ എന്തോ ! ട്രെയിനിങ്ങിന്റെ ക്ഷീണം കൊണ്ടാവും,..

“അതൊക്കെ ഇപ്പോഴും ഉണ്ടോ ഋതു? ” ആൽബി ചോദിച്ചു,..

“ഹേയ് ഇവൾക്കുണ്ടാവില്ല ഇവള് ക്ലാസ്സെടുക്കാൻ തുടങ്ങുമ്പോൾ പിള്ളേർക്കുണ്ടാവും,… ” ചന്ദ്രശേഖരൻ ചിരിച്ചുകൊണ്ടത് പറഞ്ഞപ്പോൾ ആൽബിയും ഒപ്പം ചിരിച്ചു,..

ഋതുവിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു,..

“ഇന്നത്തെ കോട്ട കഴിഞ്ഞോ? ” അവൾ രണ്ട് പേരോടുമായി ചോദിച്ചു,..

“കഴിഞ്ഞോ അങ്കിളേ? ” ആൽബി ചന്ദ്രശേഖരനെ നോക്കി,..

“ആ ഇന്നത്തേക്ക് ഇത് മതി, പോരെ? !”

“ആ മതി മതി,.. !”

മൂന്ന് പേരും ചേർന്ന് ലഗ്ഗേജ് തിണ്ണയിലേക്കെടുത്തു വെച്ചു,…

*****

“ഒരു കഥ പറഞ്ഞ് താ അച്ഛേ,… ” ആദ്വികയും, അഹാനും അരുണിന്റെ നെഞ്ചോട് ചേർന്ന് കിടന്നു,…

“എന്ത് കഥയാ, എന്റെ മക്കൾക്ക് കേൾക്കണ്ടേ? ”

“രാജകുമാരിയുടെയും രാജകുമാരന്റേം ! “അഹാൻ പറഞ്ഞു,.

“രാജകുമാരന്റേം, രാജകുമാരിയുടെയും പുതിയ കഥയൊന്നും അച്ഛക്കറിയില്ലാട്ടോ !”

“ഇന്നലെ പറഞ്ഞത് മതി,.. “ആദ്വിക പറഞ്ഞു,..

“ആ അത് മതി അച്ഛേ,.. ഇന്നലെ പറഞ്ഞ കഥയുടെ ബാക്കി പറഞ്ഞാ മതി… ” അഹാനും കെഞ്ചി,…

“ഓക്കേ,.. പറയാം,.. എവിടെയാ നിർത്തിയെ? ”

“ലാസ്റ്റ് രാജകുമാരനോട്‌ യാത്ര പറയുന്ന രാജകുമാരി !”

“ആ,.. എന്നിട്ട് ആ രാജകുമാരി ഒരുപാടൊരുപാട്, ദൂരേക്ക് പോയി,.. ” അവൻ പറഞ്ഞു,..

“പിന്നെ ഒരിക്കലും രാജകുമാരന്റെ അടുക്കലേക്ക് തിരിച്ചു വന്നില്ലേ? ” അവരുടെ കുഞ്ഞിക്കണ്ണുകളിൽ ആകാംഷയും അതിലേറെ ആശങ്കയും നിഴലിച്ചിരുന്നു,

“ഇല്ല,… ” അവൻ നഷ്ടബോധത്തോടെ പറഞ്ഞു നിർത്തി,..

“കഷ്ടായിപ്പോയല്ലേ? ” അഹാൻ ചോദിച്ചു,.

“അതേ !”ആദ്വികയും ശരി വെച്ചു…

“എന്ത് കഷ്ടായിപ്പോയെന്നാ അച്ഛാച്ചന്റെ ചക്കരക്കുട്ട്യോൾ പറയണത്? ” അശോകൻ റൂമിലേക്ക് കേറി വന്നു,..

“മുത്തശ്ശാ !” എന്നും വിളിച്ചുകൊണ്ട് രണ്ടാളും കട്ടിലിൽ നിന്നിറങ്ങി അശോകനരികിലേക്ക് ഓടിച്ചെന്നു,…

“ചോക്ലേറ്റ് വാങ്ങിച്ചോ അച്ഛാച്ചാ ? “അഹാൻ ചോദിച്ചു,.

“ചോക്ലേറ്റൊക്കെ വാങ്ങിച്ചല്ലോ !” അയാൾ പറഞ്ഞു,.

“എവിടെ? ”

അയാൾ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് എടുത്ത് അവരെ കാണിച്ചു…

“താ അച്ചാച്ചാ !”രണ്ടാളും കൈ നീട്ടി,.

“തരാലോ അതിന് മുൻപ് രണ്ടാളും കെട്ടിപ്പിടിച്ച് അച്ഛാച്ചനൊരുമ്മ തന്നേ,… ” അയാൾ പറഞ്ഞു,..

രണ്ടുപേരും അശോകന്റെ ഇരുകവിളിലും ചുംബിച്ചു,..

“പിന്നെ ഇതൊന്നും അധികം കഴിച്ച് പല്ല് കേടാക്കരുത് കേട്ടോ !” രണ്ടു പേർക്കുമായി അത് വീതിച്ചു കൊടുക്കുമ്പോൾ അശോകൻ പറഞ്ഞു,..

“ഇല്ലാട്ടോ !” രണ്ട് പേരും നിഷ്കളങ്കതയോടെ കവർ പൊട്ടിച്ചു,..

“നിക്ക് നിക്ക്, ആദ്യം അച്ഛമ്മയുടെ അടുത്ത് പോയി രണ്ടാളും ചോറ് വാങ്ങി കഴിക്ക് എന്നിട്ട് തിന്നാ മതി ചോക്ലേറ്റ് !” അശോകൻ പറഞ്ഞു…

“അച്ഛച്ചാ !” അഹാൻ നിരാശയോടെ വിളിച്ചു,..

“ആദ്യം ചോറ്, എന്നിട്ട് ചോക്ലേറ്റ്,.. ഇല്ലേൽ ചോക്ലേറ്റ് വാങ്ങിത്തരുന്ന പരുപാടി ഇന്നത്തോടെ നിർത്തും !”

“വേണ്ട ഞങ്ങൾ ചോറ് കഴിച്ചോളാം !” ആദ്വിക പറഞ്ഞു,..

“ഗുഡ് ഗേൾ,.. ” അശോകൻ അവളുടെ കവിളിൽ തട്ടി അഭിനന്ദിച്ചു,..

“ഞാനും ചോറ് കഴിച്ചോളാം, ഞാനും ഗുഡ് ബോയ്യാ !”

“അപ്പുക്കുട്ടനും ഗുഡ് ബോയ് ആട്ടോ !” അശോകൻ അവനും സ്നേഹചുംബനം നൽകി,..

“താങ്ക് യൂ അച്ചാച്ചാ !” അശോകന്റെ കവിളിൽ ഒരു ചുംബനം കൂടി നൽകി അവർ പുറത്തേക്കോടി,…

അയാൾ അരുണിനെ നോക്കി,… അവൻ ഇതൊക്കെ വീക്ഷിച്ചുകൊണ്ട് നിൽക്കുകയാണ്,..

“നീയെന്താ താഴേക്ക് വരാഞ്ഞത്, കരുണേടെ ബന്ധുക്കളൊക്കെ നിന്നെ ചോദിച്ചു !”അയാൾ പറഞ്ഞു,..

“ആ എനിക്ക് താല്പര്യം തോന്നിയില്ല,… ” അവൻ എങ്ങും തൊടാതെ പറഞ്ഞത് അയാളെ വേദനിപ്പിച്ചു,..

“അവരൊക്കെ എന്ത് വിചാരിക്കും മോനെ? “അയാൾ ചോദിച്ചു,..

“എന്ത് വിചാരിക്കാൻ,.. എല്ലാവരുടെയും ഇഷ്ടം നോക്കി ജീവിച്ചിട്ടാണല്ലോ എന്റെ ലൈഫ് ഇങ്ങനെ എങ്ങുമെത്താതെ പോയത്? ” അവൻ പൊട്ടിത്തെറിച്ചു,…

“അരുൺ,… ” അയാൾ അല്പം ഉറക്കെ വിളിച്ചു,.. .

വാതിൽക്കൽ നിയയെ കണ്ട അരുൺ തെല്ലൊന്ന് പതറി നിന്നു,… അവളുടെ മിഴികൾ നിറഞ്ഞിരുന്നു,..

“ഞാൻ എട്ടനേം, അച്ഛനേം ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാ !” അത്ര മാത്രം പറഞ്ഞവൾ തിരികെ നടന്നു,..

അവൻ അച്ഛനെ നോക്കി,.. അശോകൻ നിർവികാരതയോടെ നിൽക്കുകയാണ്, താൻ അൽപ്പം കൂടി സംയമനം പാലിക്കേണ്ടിയിരുന്നു എന്ന് അരുണിന് തോന്നി,..

********
കരുണയുടെ അമ്മായിയമ്മ സാവിത്രിയുമായി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയായിരുന്നു ശാരദ,..

“മുത്തശ്ശി,… ” അഹാനും ആദ്വികയും പടിയിറങ്ങി വന്നു , ശാരദയും ഇടത്തും, വലത്തുമായി നിന്നു,..

“അച്ചാച്ചൻ ചോറെടുത്ത് തരാൻ പറഞ്ഞു !” തീർത്തും നിഷ്കളങ്കതയോടെ അഹാൻ പറഞ്ഞു,..

“അതിനെന്താ തരാല്ലോ,… ഇതൊക്കെ ആരാന്ന് മനസിലായോടാ കള്ളച്ചെക്കാ നിനക്ക്? ” അവനെ താലോലിച്ചുകൊണ്ട് ശാരദ ചോദിച്ചു,..

അവൻ ഇല്ലെന്ന് തലയാട്ടി,.. ആദ്വികയും അവരെ അപരിചിതത്വത്തോടെ നോക്കി,..

“ഒന്നോ, രണ്ടോ വട്ടമല്ലേ കണ്ടിട്ടുള്ളൂ,.. അതും ചെറുപ്പത്തിൽ ഓർമ കാണാൻ വഴിയില്ല രണ്ടാൾക്കും !” സാവിത്രി പറഞ്ഞു,…

“ഇതാണ് ജിത്തു മാമന്റെ അമ്മ.. ഇപ്പോ മനസ്സിലായോ? ”
രണ്ടാളും തലയാട്ടി,..

“പേരെന്താ? ” അഹാൻ എടുത്തു ചോദിച്ചു,..

“എടാ മിടുക്കാ നീ കൊള്ളാലോ,.. എന്റെ പേര് സാവിത്രി,… എന്താണാവോ ചേട്ടന്റെ പേര് !”

“ഞാൻ ചേട്ടനൊന്നും അല്ല,.. ” അവൻ മുഖം കറുപ്പിച്ചു,..

“എന്താ മോന്റെ പേര്? ” അവർ തിരുത്തി,.

“അഹാൻ അരുൺ !” അവൻ പറയുന്നില്ലെന്ന് കണ്ട് ആദ്വിക പറഞ്ഞു,…

“ആഹാ,.. അഹാൻ കുട്ടൻ ആളിത്തിരി കുറുമ്പനാലെ? എനിക്ക് ആദ്വിക കുട്ടിയെയാ ഇഷ്ടം ” സാവിത്രി അവളെ ചേർത്ത് പിടിച്ചു,…

“എനിക്കും സാവിത്രി മുത്തശ്ശിയെ ഒട്ടും ഇഷ്ടായില്ല !” അഹാൻ തന്റെ മനസ്സിൽ തോന്നിയത് തുറന്നു പറഞ്ഞു,..

സാവിത്രിക്കൊപ്പം ശാരദയും ആകെ വല്ലാതായി,..

“അച്ചുച്ചേട്ടനും, അമ്മുചേച്ചിയും ഒക്കെ വന്നിട്ട് രണ്ടാളുമെന്താ താഴേക്കിറങ്ങി വരാഞ്ഞത്? ” ശാരദ വിഷയം മാറ്റാനായി ചോദിച്ചു,..

“അത് പിന്നെ ഞങ്ങള് അച്ഛന്റെ അടുത്ത് കഥ കേട്ട് കിടക്കുവായിരുന്നു,.. ” ആദ്വിക പറഞ്ഞു,..

“കൊള്ളാലോ എന്ത് കഥയാ അച്ഛൻ പറഞ്ഞു തന്നത്? ”

“രാജകുമാരന്റേം രാജകുമാരീടേം കഥ !”അഹാൻ പറഞ്ഞു,..

അപ്പോഴാണ് കണ്ണും തുടച്ച് നിയ സ്റ്റെപ് ഇറങ്ങി വന്നത്,.
ശാരദ ഉത്കണ്ഠയോടെ എഴുന്നേറ്റു,.

“എന്താ എന്ത് പറ്റി മോളെ? ”

“ഒന്നൂല്ല അമ്മേ,. കണ്ണിലെന്തോ പോയതാ, മൊത്തം പൊടിയാന്നെ !” അവൾ കണ്ണുതുടച്ച് പറഞ്ഞു,. അരുൺ എന്തെങ്കിലും വഴക്ക് പറഞ്ഞ് കാണുമെന്ന് ശാരദയ്ക്ക് തോന്നി,..

“മക്കള് വായോ ആന്റി ചോറെടുത്ത് തരാം !” നിയ അവരെ വിളിച്ചു,..

ഇരുവരും അച്ഛമ്മയെ നോക്കി,..

“ചെല്ല് !” ശാരദയുടെ നിർദേശമനുസരിച്ച് നിയയ്‌ക്കൊപ്പം അവർ ഡൈനിങ്ങ് ഹാളിലേക്ക് പോയി,..

“വല്ലാത്ത കഷ്ടമാണല്ലേ നിയ മോളുടെ കാര്യം? “സാവിത്രി ചോദിച്ചു,..

“ആ സാവിത്രിയേടത്തി,.. ശാപം കിട്ടിയ കുടുംബമായിപ്പോയി ഞങ്ങടെ,.. ” ശാരദയുടെ കണ്ണുകളിൽ ദുഃഖം ഘനീഭവിച്ചു,..

“വേറൊരു കല്യാണം നോക്കാൻ പാടില്ലാരുന്നോ? ”

“അവള് സമ്മതിക്കണ്ടേ സാവിത്രിയേച്ചി,.. കുഞ്ഞിന്റെ മരണവാ അവളെ ഇത്രേം തളർത്തിയത്,. കുഞ്ഞിന്റെ ജീവനല്ലെങ്കിൽ അമ്മയുടെ ജീവനെന്നാ ഡോക്ടർമാർ പറഞ്ഞത്,.. ഒടുവിൽ,.. ” അവരുടെ ശബ്ദമിടറി,..

“എട്ടൊമ്പത് വർഷമായില്ലേ ശാരദേ, അവൻ വേറെ കല്യാണവും കഴിച്ചു,. ഇനിയെങ്കിലും ആ കൊച്ചിനോട് എല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങാൻ പറ !”

“അങ്ങനെ മറക്കാൻ പറ്റുവോ, എട്ടൊമ്പത് മാസം അവളോട് ചേർന്ന് വളർന്നതല്ലേ ആ കുഞ്ഞ്,.. പിന്നെ പേടിയാ സാവിത്രിയേച്ചി അവൾക്ക്,. അരുണും, അശോകേട്ടനും അല്ലാതെ മറ്റേത് ആണ് കണ്മുന്നിൽ വന്നു നിന്നാലും അവൾക്കെന്തോ,. എനിക്കറിയില്ല എങ്ങനെയാ പറയാന്ന്,.. എന്റെ കുഞ്ഞിനെ അവൻ അത്രയ്ക്ക് ഉപദ്രവിച്ചിട്ടുണ്ട് !” ശാരദ നിറമിഴികൾ തുടച്ചു,…

“ശാരദയിങ്ങനെ കരയല്ലേ,. അവളുടെ ഭൂതകാലമെല്ലാം അറിഞ്ഞ് അവളെ മനസ്സ് തുറന്നു സ്നേഹിക്കുന്ന ഒരാള് വരും,.. ” സാവിത്രി അവരെ ആശ്വസിപ്പിച്ചു,..

“അന്നെങ്കിലും ഇവളുടെ മനസ്സൊന്ന് മാറിയാൽ മതിയാരുന്നു,… ” ശാരദ മിഴികൾ തുടച്ചു,..

“അരുണിന്റെ കാര്യം എങ്ങനാ?”

“എന്ത് പറയാനാ,.. അവൻ രാവിലെ ഓഫീസിൽ പോകും,. പാതിരാത്രി കേറി വരും,. ഞങ്ങളോട് മര്യാദക്കൊന്ന് മിണ്ടിയിട്ട് പോലും കാലങ്ങളായി,.. ഒരുമാതിരി ശത്രുക്കളോടെന്നപോലെയാ പെരുമാറ്റം !” ശാരദയുടെ വാക്കുകളിൽ വിഷമം തളംകെട്ടിയിരുന്നു,.

“പിന്നെ പിള്ളേരിവിടെ ഉള്ളപ്പോഴാ അവനൊന്ന് ചിരിച്ചു കാണുന്നത് പോലും,.. അല്ലെങ്കിൽ മുറിയടച്ച് ഒറ്റ ഇരുപ്പാ !”

“ആ കൊച്ചിപ്പോ എന്താ ചെയ്യണേ? ”

“അവള്, ഒരു കോളേജിൽ ടീച്ചറായിട്ട് ജോലി നോക്കാ,.. മൂന്ന് നാലു വർഷമായി ജോലിക്ക് കേറീട്ട്,. ”

“ഓ ഇവിടെ കുട്ടികളെ നിർത്തുന്നതിൽ പുള്ളിക്കാരിക്ക് വിരോധമൊന്നുമില്ലേ? ”

“അവള് വരില്ലെന്നേ ഉള്ളൂ, മക്കളെ വിടും, ശനിയും ഞായറും,.. അരുൺ പോയി കൂട്ടീട്ട് വരും,. ഇപ്പോൾ പിന്നെ ഒരാഴ്ച്ച ചെന്നൈയിൽ എന്തോ ട്രെയിനിങ് ഉണ്ടായിരുന്നു, അതിന് പോയപ്പോഴാ പിള്ളേരെ ഇവിടെ ആക്കീത് !”

” അതേ കടുംപിടുത്തം തന്നെയാണല്ലേ ഇപ്പോഴും? ”

“മ്മ്,.. അവളേം തെറ്റ് പറയാൻ പറ്റില്ലല്ലോ ഞങ്ങള് അതേപോലാണല്ലോ ആ കുട്ടിയോട് പെരുമാറിയത്,.. ” ശാരദയുടെ വാക്കുകളിൽ കുറ്റബോധം നിഴലിച്ചു,.

“തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ,. അന്നേരത്തെ സാഹചര്യം കൊണ്ടല്ലേ?എന്നാലും ഇത്രേം വർഷമായില്ലേ,. കുട്ടികൾക്ക് വേണ്ടിയെങ്കിലും അവൾക്കൊന്ന് ക്ഷമിച്ചൂടെ? ”

“ഓരോരുത്തർക്കും ഓരോരോ മനസ്സല്ലേ സാവിത്രിയേച്ചി,… ” ശാരദ നിർവികാരയായി പറഞ്ഞു,..

“എന്ത് മനസ്സ്,.. ഇത് ശരിക്കും അഹങ്കാരവാ, പെൺകുട്ടികളായാൽ ഇത്രേം സാമർഥ്യം പാടില്ല, അരുണായത് കൊണ്ടാ ഇത്രേം ഒക്കെ താഴ്ന്നു കൊടുക്കുന്നത്,.. വേറെ വല്ല ആമ്പിള്ളേരും ആണെങ്കിൽ എന്നേ ഉപേക്ഷിച്ചു വേറെ പെണ്ണ് കെട്ടിയേനെ,.. ഞാൻ പറയണത് ശരിക്കും അരുണിനോട് ഒരു ഡിവോഴ്സ് പെറ്റീഷൻ അങ്ങ് ഫയൽ ചെയ്യാനാ,. പുകഞ്ഞ കൊള്ളി പുറത്ത് അത്രേം കരുതിയാൽ പോരെ? ” സാവിത്രി രോഷത്തോടെ പറഞ്ഞു,…

“അതേ ആന്റി അവളും കരുതീട്ടുള്ളൂ !” സാവിത്രിയും, ശാരദയും ഞെട്ടലോടെ തിരിഞ്ഞു നോക്കി,.. തൊട്ട് പുറകിൽ അരുൺ,…

“പുകഞ്ഞ കൊള്ളി പുറത്ത്, പിന്നെന്തൊക്കെയാ ഞാൻ ചെയ്യേണ്ടത്? ഡിവോഴ്സും കൂടെ കുട്ടികളുടെ സംരക്ഷണ ചുമതല കൂടി എനിക്ക് വിട്ടുതരണമെന്ന് അഭ്യർത്ഥിച്ച് ഒരു ഹർജിയും അങ്ങ് ഫയൽ ചെയ്തേക്കാം, പിന്നെ ഇരട്ടക്കുട്ടികൾ ആയതോണ്ട് ഒരു ഔദാര്യമെന്ന് കണ്ട് ഒരാളെ അവൾക്ക് വിട്ട് കൊടുത്തേക്കാം,.. എന്നിട്ട് പോടീ പുല്ലേ എന്നും പറഞ്ഞ്, വേറൊരു കല്യാണമൊക്കെ കഴിച്ച് ഹാപ്പി ആയി ജീവിക്കാം,.. എന്താ ആന്റി എനിക്ക് പറ്റിയ പെണ്ണിനെയെങ്ങാനും കണ്ടു വെച്ചിട്ടുണ്ടോ? എപ്പോഴാ കെട്ടണ്ടേ? “അവൻ പരിഹാസത്തോടെയും അമർഷത്തോടെയും ചോദിച്ചു,..

സാവിത്രിയെ ആകെ വിയർത്തിരുന്നു,..

“പറാന്നെ ”

“അരുണേ !” ശാരദ നിസ്സഹായതയോടെ അവനെ നോക്കി,..

“ദയവ് ചെയ്തു ഇങ്ങനത്തെ ഉപദേശവുമായി എന്റെ അടുത്തേക്ക് വരല്ല്, ഇവിടെ ഉള്ളോരുടെ ഉപദേശമൊക്കെ കേട്ട് ഉള്ള ജീവിതം കൂടി കോഞ്ഞാട്ടയായിരിക്കുവാ,.. ഇനിയും ഉപദേശങ്ങൾ വല്ലതുമുണ്ടെങ്കിൽ, ആന്റിയുടെ മരുമോളില്ലേ? എന്റെ പെങ്ങൾ,.. അവൾക്ക് കൊടുത്തോള്ളൂട്ടോ,. ഞാൻ എനിക്കിഷ്ടമുള്ളപോലെ ജീവിച്ചോളാം,.. ”

സാവിത്രിക്ക് ഉത്തരം മുട്ടിപ്പോയി,..

“പിന്നല്ല,.. മനുഷ്യന്റെ ക്ഷമയ്ക്കും ഒരു പരിധിയൊക്കെയില്ലേ, എവിടെത്തിരിഞ്ഞാലും ഉപദേശികൾ,. ” അവൻ പിറുപിറുത്തുകൊണ്ട് ഡൈനിങ്ങ് ഹാളിലേക്ക് നടന്നു,..

സാവിത്രി അശോകനെയും, ശാരദയെയും നോക്കി,.. അവർ നിസഹായരായി മുഖം കുനിച്ചു നിൽക്കുകയാണ്,..

******

“ഞാനെന്നാൽ ഇറങ്ങുവാണെ !” ആൽബി പറഞ്ഞു,.

“നിക്ക് ആൽബി ഭക്ഷണം കഴിച്ചിട്ട് പോവാം !” ഋതിക പറഞ്ഞു,..

“വേണ്ടാന്നേ,.. നമ്മൾ പോരാൻനേരത്ത് കഴിച്ചതൊന്നും ഇതുവരെ ദഹിച്ചിട്ടില്ല,.. പിന്നെ ജീന കാത്തിരിക്കും ” അവൻ ചമ്മലോടെ പറഞ്ഞു,..

“അപ്പോൾ അതാണ് കാര്യം,.. വെറുതെ രണ്ട് മൂന്ന് മണിക്കൂർ മുൻപ് കഴിച്ച മസാലദോശയെയും കോഫിയെയും പഴി ചാരുന്നതെന്തിനാ മോനെ? ” അവൾ ചോദിച്ചു,..

“അത് പിന്നെ !”

“ഉരുളണ്ട മോനെ,.. ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി മസാല ദോശ പാർസൽ വാങ്ങിയതേ എനിക്ക് കാര്യം മനസിലായി കേട്ടോ,.. ”

അവൻ അവളെ അത്ഭുതത്തിൽ നോക്കി,.

“നോക്കണ്ടാ ഉണ്ണി ഉറക്കത്തിലും നല്ല ബോധവാ !” അവൾ പറഞ്ഞു,.

“ഞാനെന്നാൽ ഇറങ്ങുവാ? നാളെ മൈസൂർക്ക് ഒരോട്ടമുണ്ട്, രാവിലെ പോകണം !” ചടപ്പോടെ അവൾ പറഞ്ഞു,.

“ആയിക്കോട്ടെ,.. ”

അവൻ ചിരിച്ചുകൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു,..

“നിക്ക് മോനെ ഒരു മിനിറ്റ്,.. ” ചന്ദ്രശേഖരൻ പോക്കെറ്റിൽ നിന്നും കുറച്ചു പൈസ എടുത്തു അവന് നേരെ നീട്ടി,..

“അയ്യോ, എന്താ അങ്കിളേ ഇത്,. നിങ്ങളെന്നെ ഇപ്പോഴും അന്യനായിട്ടാണോ കാണണത്,.. ഇതൊന്നും വേണ്ട !”അവൻ നിരസിച്ചു,.

“വാങ്ങിക്ക് ആൽബി,. സൗഹൃദം വേറെ ജോലി വേറെ,. ഞാൻ സാലറി വാങ്ങിയിട്ടല്ലേ പഠിപ്പിക്കാൻ പോണത്,. സോ ഇതും അതേപോലെ തന്നെയാ,.. വാങ്ങിക്ക് !” അവൾ പറഞ്ഞു,.

“ശ്ശെ !”

“എന്ത് ശ്ശെ,.. വാങ്ങിക്ക് ആൽബി !”ഋതിക നിർബന്ധിച്ചു,..

അവൻ മനസില്ലാമനസോടെ പണം വാങ്ങി അതിൽ നിന്നും തിരികെ 500 രൂപ ചന്ദ്രശേഖരന് നീട്ടി,..

“അല്ല മോനെ,. അഞ്ഞൂറ് രൂപ ഡിസ്‌കൗണ്ട് തരാൻ നീ അംബാനിയുടെ ഡ്രൈവർ ഒന്നും അല്ലല്ലോ,. ആണോ? !” അവൾ ചോദിച്ചു,..

“നീയത് കയ്യിൽ വെച്ചോ,. ഒന്നാമത് ജീനമോളുടെ ഡെലിവറിയും അടുത്ത് വരുവല്ലേ,. പണത്തിനൊക്കെ ആവശ്യം വരും,.. “ചന്ദ്രശേഖരൻ പറഞ്ഞു,..

“എന്നാ ഇറങ്ങട്ടെ അങ്കിളേ,.. ”

“ഓ ആയിക്കോട്ടെ,.. ”

“ഗുഡ് നൈറ്റ് ഋതു !”

“ഗുഡ് നൈറ്റ് !” അവന്റെ കാർ ഗേറ്റ് കടന്ന് പോകുന്നതും നോക്കി അവൾ നിന്നു,..

അവർ പടികൾ കേറിയതും മാലിനി വാതിൽ തുറന്നു,..

“നീ ഉറങ്ങീലാരുന്നോ? “ചന്ദ്രശേഖരൻ ചോദിച്ചു,.

“ഇല്ല,.. ഇപ്പോഴോ? ”

“പിന്നെ എന്നാ എടുക്കുവായിരുന്നു? ”

“ട്രെയിനിങ് ഒക്കെ എങ്ങനുണ്ടായിരുന്നു ഋതു? ” ചന്ദ്രശേഖരന്റെ ചോദ്യത്തെ അവഗണിച്ചവർ ഋതുവിന്റെ അരികിലേക്ക് ചെന്നു,..

“അടിപൊളി ആയിരുന്നു ആന്റി,.. പിന്നെ നിങ്ങളെയൊക്കെ കാണാത്തതിന്റെ മിസ്സിങ്ങും !”അവൾ പറഞ്ഞു

“ഞങ്ങളെ കാണാത്തതിന്റെയോ, അതോ പിള്ളേരെ കാണാത്തതിന്റെയോ? ”

അവളിൽ ചെറിയൊരു നോവ് പടർന്നു,..

“രണ്ടാളേം,.. അതല്ലേ ട്രെയിനിങ് കഴിഞ്ഞതേ കിട്ടിയ ട്രെയിനിൽ കേറി ഞാനിങ്ങ് പോന്നത്, അവരവിടെ കിടന്നോ? ”

“അവരിവിടെ ഇല്ല !”

“ഇല്ലേ? ”

” അരുൺ വിളിച്ചിരുന്നു,. പിള്ളേരെ നാളെ കൊണ്ടാക്കാമെന്ന് പറഞ്ഞു,. നീ നാളെയേ വരുള്ളൂ എന്ന് കരുതി ഞാനതങ്ങ് സമ്മതിച്ചു !” മാലിനി പറഞ്ഞു,.
ഋതുവിന്റെ മുഖം മങ്ങി,.

“സാരല്ല്യ ആന്റി,.. ” അവൾ ബാഗെടുത്ത് സ്റ്റെയർ കേസ് കയറി,..

“കഴിക്കുന്നില്ലേ? “മാലിനി ചോദിച്ചു,.

“വേണ്ട,.. വിശപ്പില്ല !” അവൾ മുറിയിലേക്ക് പോയി,..

“നീയെന്താ മാലു പുറത്തേക്കിറങ്ങി വരാഞ്ഞത്? ”

“നിങ്ങൾക്ക് ആ ആൽബിയെ അല്ലാതെ വേറെ ആരേം കിട്ടിയില്ലേ മനുഷ്യാ ഓട്ടം വിളിക്കാൻ? “അവർ തന്റെ നീരസം മറച്ചുവെച്ചില്ല

“ആൽബിക്കെന്താ കുഴപ്പം? ”

“നിങ്ങൾ പഴയതെല്ലാം മറന്നോ? ”

“അവനിപ്പോൾ പഴേപോലൊന്നുമല്ല !”

“നാട്ടുകാരെന്തൊക്കെയാ പറയണേന്നറിയുവോ? ”

“എന്ത്? ”

“ഋതു കെട്ടിയോനോട് പിണങ്ങി വീട്ടിൽ വന്നു നിന്നിട്ട് പഴയ കാമുകനുമായി ബന്ധം തുടരുവാണെന്ന്, നമ്മളും അതിന് ഒത്താശ ചെയ്തു കൊടുക്കുവാന്ന്, അതാ അരുൺ വിളിച്ചോണ്ട് പോവാൻ വരാത്തതത്രേ !” അവർ ഗൗരവത്തോടെ പറഞ്ഞു,.

ചന്ദ്രശേഖരന് ചിരി പൊട്ടി,..

“നിങ്ങളെന്താ ചിരിക്കണേ? ”

“എങ്ങനെ ചിരിക്കാതിരിക്കുമെന്ന് പറ, നാട്ടുകാരങ്ങനെ പലതും പറയും,.. അവരുടെയെല്ലാം വായടപ്പിക്കാൻ നമ്മളെക്കൊണ്ട് പറ്റുവോ,. പിന്നെ ഋതുവും ആൽബിയും തമ്മിൽ സൗഹൃദത്തിൽ കൂടുതൽ ഒന്നുംതന്നെ ഇല്ലാന്ന്, അരുണിനും അറിയാം, ജീനയ്ക്കും അറിയാം, നമുക്കുമറിയാം,.. ഇതിൽ കൂടുതൽ ആരെയാ ഇത് ബോധിപ്പിക്കണ്ടേ? കാള പെറ്റു എന്ന് കേക്കുമ്പോഴേക്കും കയറെടുക്കുകയും, കുരു പൊട്ടുകയും ചെയുന്ന നാട്ടുകാരെയോ,.. വെറുതെ ഓരോന്നാലോചിച്ച് തല പുകയ്‌ക്കാൻ നിനക്ക് വട്ടുണ്ടോ? ”

“എന്നാലും !”

“ഒരെന്നാലുമില്ല, നീ ചോറെടുത്ത് വെക്ക്, ഞാനൊന്ന് മേല് കഴുകീട്ടു വരാം !”

ചന്ദ്രശേഖരൻ റൂമിലേക്ക് പോയി,.

******

ഋതിക ഒരു നിമിഷം ശങ്കിച്ചു നിന്നു, വിളിക്കണോ, കുട്ട്യോളെ കാണാതെ മനസ്സിന് യാതൊരു സമാധാനവും ഇല്ല,. ഞാൻ അരുണിനെ അല്ലല്ലോ വിളിക്കണത്, എന്റെ മക്കളെ അല്ലേ? അവൾ രണ്ടും കൽപ്പിച്ച് അരുണിന്റെ നമ്പർ ഡയൽ ചെയ്തു,.. ബെല്ലടിക്കുന്നതിനോടൊപ്പം ചങ്കിടിപ്പും കൂടി വരുന്നത് അവളറിഞ്ഞു,..

******

ഋതികയുടെ ഫോട്ടോ സ്‌ക്രീനിൽ തെളിഞ്ഞതും അരുണിന്റെ ഉള്ളിൽ ഒരു വൈബ്രേഷൻ ഉണ്ടായി,..

“ദേ അമ്മ വിളിക്കണ്,.. ” അവൻ കുട്ടികളെനോക്കി പറഞ്ഞു,..

അമ്മയെന്ന് കേട്ടതും അഹാനും ആദ്വികയും ഓടിയെത്തി ഫോണിന് വേണ്ടി അടിപിടികൂടി,.

“ദേ വഴക്കുണ്ടാക്കല്ലേ.. ” അരുൺ രണ്ടാളെയും സമാധാനിപ്പിച്ചു നിർത്താൻ പാട് പെട്ടു,.. അപ്പോഴേക്കും കോൾ കട്ട്‌ ആയി,..

ശ്ശെ എന്ത് പറ്റി,.. ദുഷ്ടൻ ഇനി മനപ്പൂർവം എടുക്കാത്തതാണോ,.. ഹേയ് അങ്ങനൊന്നും ചെയ്യൂല്ല,.. അവൾ സ്വയം സമാധാനിപ്പിച്ചു,..

“നീ കാരണവാ കട്ട്‌ ആയേ !”അഹാൻ പറഞ്ഞു,..

“അല്ല നീ കാരണവാ !” ആദ്വികയും വിട്ട് കൊടുത്തില്ല,..

രണ്ടാളും അടിയാവും എന്ന് തോന്നിയത് കൊണ്ട് അരുൺ ഇടപെട്ടു,..

“നിങ്ങളിങ്ങനെ വഴക്ക് കൂടല്ലേ,. രണ്ടാൾക്കും ഒരുമിച്ച് വിളിക്കണം അത്രയല്ലേ ഉള്ളൂ, വീഡിയോ കോൾ ചെയ്യാം പോരെ?”

“ഹാ മതി, മതി,. ” രണ്ടാളും സമ്മതിച്ചു,.. നമ്പർ ഡയൽ ചെയ്തു അവരുടെ കയ്യിൽ കൊടുത്തിട്ട് അരുൺ കട്ടിലിൽ പോയി ഇരുന്നു,..

“ഹലോ അമ്മാ,… അമ്മ എവിടെയാ ” അഹാൻ ചോദിച്ചു?

മക്കളെ കണ്ടതും അവളുടെ മിഴികൾ നിറഞ്ഞു,..

“അമ്മ വീട്ടിലാടാ, ആദി എവിടെ? ”

“ഞാനിവിടെ ഉണ്ടമ്മാ !” ആദ്‌വികയും ഇടയിൽ കേറി,..

രണ്ടാളും ഒരാഴ്ച്ചത്തെ മുഴുവൻ വിശേഷങ്ങളും ആവേശത്തോടെ അവർ പങ്ക് വെയ്ക്കുന്നതും നോക്കി അവൻ ഇരുന്നു,.. ഋതിക അവർക്ക് എത്രമാത്രം പ്രിയപ്പെട്ടവളാണെന്ന് അവന് ഒരിക്കൽ കൂടി ബോധ്യപ്പെടുകയായിരുന്നു,.

“അമ്മ ഞാൻ ദേ അച്ഛന് കൊടുക്കാട്ടോ !”ആദ്വിക ആവേശത്തോടെ പറഞ്ഞു,.

“അതൊന്നും വേണ്ട !” ഋതിക താല്പര്യമില്ലാതെ പറഞ്ഞു,. അരുണിന്റെ മുഖം മങ്ങി,..

“അതെന്താമ്മേ? ” അഹാൻ ചോദിച്ചു,..

“എനിക്ക് നല്ല തലവേദന,.. ഞാൻ പിന്നെ വിളിക്കാം !” അവൾ കോൾ കട്ട്‌ ചെയ്തു,..

“അമ്മ കട്ട്‌ ചെയ്തു !” അവർ അരുണിനെനോക്കി നിരാശയോടെ പറഞ്ഞു,. ഇതിൽ പിന്നെ മൂന്നു പേർക്കും അത്ഭുതപ്പെടാൻ മാത്രം ഒന്നുമില്ലായിരുന്നു,.

ഇത്രേം കാലത്തിനിടയിൽ രണ്ടാളുടെയും ബർത്ത്ഡേ ദിവസം ഒന്നിച്ച് കൂടുന്നതൊഴിച്ചാൽ ബാക്കിയുള്ള സാഹചര്യങ്ങളിലെല്ലാം അവൾ അരുണുമായുള്ള സംസർഗങ്ങളിൽ നിന്നും മാക്സിമം ഒഴിഞ്ഞു നിന്നിരുന്നു,..

“സോറി അച്ഛാ!” ആദ്വിക പറഞ്ഞു,.

“എന്തിന്? ”

“ഞങ്ങള് കാരണം,.. അച്ഛൻ പിന്നേം !”ഇരുവരും മുഖം കുനിച്ചു,..

അരുൺ അവരെ ചേർത്ത് പിടിച്ചു,.

“അയ്യേ,.. എന്തോന്നാ ഇത്,.. കരയുവാണോ? ”

“അമ്മയ്ക്ക് വേണ്ടെങ്കിലും അച്ഛനെ ഞങ്ങൾക്ക് വേണം,.. ”

“അച്ഛനും,അമ്മേം എന്റെ മക്കളുടെ കൂടെ എന്നും ഉണ്ടാവും കേട്ടോ !”അവൻ രണ്ടാളെയും ചുംബിച്ചു,..

“പിന്നെ എന്തോണ്ടാ അച്ഛാ,. അമ്മ ഇങ്ങോട്ടേക്ക് വരാത്തെ? അച്ഛനോടെന്താ മിണ്ടാത്തെ? ” അഹാൻ ചോദിച്ചു,..

അരുൺ നിസ്സഹായതയോടെ അവരെ നോക്കി,. അവന്റെ മനസ്സ് എട്ട് വർഷം പുറകിലേക്ക് സഞ്ചരിച്ചു,…

********
“ഋതു,.. ” അരുൺ വിളിച്ചു,.

“എന്താ അരുണേട്ടാ ഇവൻ പറഞ്ഞതിനർത്ഥം? അരുണേട്ടൻ എന്നെ ഉപേക്ഷിച്ചു ധന്യയെ കല്യാണം കഴിച്ചോളാന്ന് പറഞ്ഞെന്നോ? ” അവൾ അവിശ്വസനീയതയോടെ അവനെ നോക്കി,..

അരുണിന് അവളുടെ നേരെ നോക്കാൻ പോലും ധൈര്യം കിട്ടിയില്ല,..

“ഇതിനർത്ഥം ഇവൻ പറഞ്ഞതെല്ലാം ശരിയാണെന്നല്ലേ? അല്ലേന്ന്? ” ഋതികയുടെ ശബ്ദത്തിന് കനമേറി വന്നു,..

“ഞാൻ പറഞ്ഞൂന്നുള്ളത് നേരാ ഋതു പക്ഷേ,. ” ഋതിക അവന്റെ കോളറിലെ പിടി അയച്ചു,.

“ഓ അങ്ങനാണല്ലേ? ”

“ഋതു ഞാൻ,… ”

“ഇതിലും ബേധം എന്നെയങ്ങ് കൊന്നൂടാരുന്നോ? അതായിരുന്നു നല്ലത്,.. അതാവുമ്പോൾ ആർക്കും ഒരു വേദനയായോ ശല്യമായോ ഞാനുണ്ടാവില്ലായിരുന്നല്ലോ !”

“ഋതു പ്ലീസ്,…”

“വേണ്ടരുണേട്ടാ, ഇനിയും ന്യായീകരിച്ച് ന്യായീകരിച്ച് ഉള്ള വില കൂടി കളയണ്ട,.. അരുണേട്ടൻ അവളെ കെട്ടിയോ, ഇല്ലയോ എന്നൊന്നും എനിക്കറിയൂല്ല,. അറിയുകയും വേണ്ട, പക്ഷേ, എന്റെ കഴുത്തിൽ കിടക്കുന്ന,.. എന്റെ മാത്രം അവകാശമായ ഈ താലി പറിച്ചാ അവളെ കെട്ടാമെന്ന് പറഞ്ഞത്,.ഇത് ഞാൻ സഹിക്കൂല്ല, ഞാനെന്നല്ല ഒരു പെണ്ണും അത് സഹിക്കൂല്ല,.. ”

“മോളേ, അരുണിന്റെ ഭാഗത്ത് തെറ്റൊന്നുമില്ല,. ഞാനാ,. ഞാനാ നിർബന്ധിച്ചത് ഇവനെ,.. മോള് വേണേൽ എന്നെ വെറുത്തോ !” ശാരദ അവളെ അനുനയിപ്പിക്കാൻ നോക്കി,..

“എത്ര സിമ്പിൾ ആയിട്ടാ എല്ലാരും പറയുന്നേ? മറന്നോ, വെറുത്തോ, പൊറുത്തോ എന്നൊക്കെ,.. ഈ പറഞ്ഞ സാഹചര്യം അച്ഛനാണ് വന്നിരുന്നതെങ്കിൽ അമ്മേടെ താലി അമ്മ ഊരിക്കൊടുക്കുമായിരുന്നോ? കരുണേച്ചി ഊരിക്കൊടുക്കുമായിരുന്നോ? ഇല്ലല്ലോ,.. പിന്നെ ഞാൻ മാത്രം വിട്ടുകൊടുക്കണമെന്ന് നിങ്ങൾ വാശി പിടിച്ചേന്റെ അർത്ഥമെന്താ? ”

അവളുടെ ചോദ്യങ്ങൾക്ക് കാട്ടൂളി കണക്കെ എല്ലാവരിലും തറച്ചു കയറി,..

“ഞാൻ മദർ തെരേസയോന്നുമല്ല, എന്നെ വേദനിപ്പിച്ചവരോടും, വഞ്ചിച്ചവരോടുമെല്ലാം, ക്ഷമിക്കാനും, പൊറുക്കാനും , എന്റെ മനസ്സിന് അത്രയും വലിപ്പവും ഇല്ല,.. ”

കുറ്റബോധത്താൽ എല്ലാവരും നീറിപ്പുകഞ്ഞു,.

“ഇത്രേം കാലം നിങ്ങളൊക്കെ തെളിച്ച വഴിയിലൂടെ ഋതിക നടന്നു,.. എല്ലാവരുടെയും സന്തോഷങ്ങൾക്ക് വേണ്ടി ഞാനെന്റെ സന്തോഷങ്ങളും ഇഷ്ടങ്ങളുമെല്ലാം സാക്രിഫൈസ് ചെയ്തു,.. ഇനിയില്ല,. ഇനിയെങ്കിലും എനിക്ക്,. എനിക്ക് വേണ്ടി ജീവിക്കണം,. എന്റെ ഇഷ്ടത്തിന് ജീവിക്കണം, അതിന് ആരുടേയും സഹതാപം എനിക്കാവശ്യമില്ല !”

കൊടുങ്കാറ്റ് കണക്കെ അവളുടെ കോപം അവിടെയാകെ ആഞ്ഞടിച്ചപ്പോൾ അതിൽ ഇല്ലാതായത് തന്റെയടക്കം പലരുടേയും സന്തോഷങ്ങളായിരുന്നു,.. അവൻ ഓർത്തു,..

“അച്ഛൻ കരയുവാണോ? ” ആദ്‌വിക ചോദിച്ചു,..

“ഹേയ് ഇല്ലല്ലോ,… ”

“വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ അമ്മയെ? ” അഹാൻറെ ചോദ്യത്തിന് മുൻപിൽ അവൻ നിശ്ശബ്ദനായിരുന്നു,…

********

തന്റെ തീരുമാനം ഒരു തെറ്റായിരുന്നില്ല,. തന്റെ മനസാക്ഷിക്ക് മുൻപിൽ അത് നൂറു ശതമാനവും ശരിയായിരുന്നു,.. അവൾ മിഴിനീർ തുടച്ചു,… ഇതാണ് കാലാകാലങ്ങളായി താൻ തന്നെത്തന്നെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്,.

*******

“ഇനി എന്നാ അച്ഛമ്മേടെ കുട്ടികൾ ഇങ്ങടേക്ക്? ആദ്വികയ്ക്ക് മുടി കെട്ടിക്കൊടുക്കുന്നതിനിടയിൽ ശാരദ ചോദിച്ചു,..

“ഇനി സാറ്റർഡേ,… ” അഹാൻ പറഞ്ഞു,…

“അത്രേം ദിവസം അച്ഛമ്മ എന്റെ ചക്കരക്കുടങ്ങളെക്കാണാതെ കാത്തിരിക്കണം അല്ലേ? ”

“ഇനി ഒരാഴ്ച്ച അല്ലേ ഉള്ളൂ അച്ചമ്മേ? ”

“ആ ഒരാഴ്ച്ച അച്ഛമ്മയ്ക്ക് ഒരു യുഗം പോലെയാ മോനെ !”

“യുഗവോ, എന്ന് വെച്ചാൽ എന്താ അച്ചമ്മേ? ” ആദ്വിക നിഷ്കളങ്കതയോടെ ചോദിച്ചു,..

“എന്ന് വെച്ചാൽ കുറേ കുറേ കാലം പോലെ തോന്നിക്കും എന്ന് !” അവർ പറഞ്ഞു,..

“ആണോ? ”

“മ്മ്മ് !”

“വീ വിൽ മിസ്സ്‌ യൂ അച്ചമ്മേ !”

രണ്ട് പേരെയും അവർ കെട്ടിപ്പിടിച്ചു ചുംബനങ്ങളാൽ മൂടി,…

അരുൺ അക്ഷമനായി ബൈക്കിന്റെ ഹോൺ അടിച്ചുകൊണ്ടിരുന്നു,.. അതിനർത്ഥം മനസിലായിട്ടെന്നപ്പോലെ അശോകൻ ഭാര്യയെ നോക്കി,..

“എന്നാൽ പൊയ്ക്കോ, ഇനി വൈകിയാൽ അച്ഛന് ദേഷ്യം വരും !”

“പോയിട്ട് വരാട്ടോ,.. അച്ഛച്ചാ,.. നിയാന്റി !”

ഇരുവരും അവർക്ക് നേരെ കൈ വീശി ബൈക്കിൽ സീറ്റ്‌ പിടിക്കാനായി ഓടി,..

“ഞാൻ ഫ്രണ്ടില് !” അഹാൻ ചാടി ഫ്രണ്ടിൽ കേറി,..

“അച്ഛാ ഇത് ശരിയാവൂല്ലട്ടോ,. കഴിഞ്ഞ പ്രാവശ്യവും ഇവനാ ഫ്രണ്ടിൽ ഇരുന്നത് !” ആദ്‌വികയും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു,..

“രണ്ടാളും വഴക്കുണ്ടാക്കല്ലേ, അച്ഛൻ ഫ്രണ്ടിൽ തന്നെ ഇരുത്താലോ !” അവൻ ആദ്വികയെയും പൊക്കിയെടുത്ത് ഫ്രണ്ടിൽ തന്നെ ഇരുത്തി,… ”

“ടാറ്റാ!” അവർ ഒരിക്കൽക്കൂടി അവർക്ക് നേരെ കൈ വീശി,..

അരുണിന്റെ ബൈക്ക് കുട്ടികളുമായി ഗേറ്റ് കടന്ന് പോവുന്നതും നോക്കി നഷ്ടബോധത്തോടെ അവർ നിന്നു,..

****

പുറത്ത് ഗേറ്റിനടുത്ത് ബൈക്കിന്റെ ഹോണടി കേട്ടതും ഋതിക പുറത്തേക്കിറങ്ങി ചെന്നു,..

കുട്ടികൾ അരുണിനോട് യാത്ര പറയുന്ന നിമിഷമായിരുന്നു അത്,..

ഉള്ളിലെവിടെയോ ഒരു വിങ്ങൽ അരുണിലും ഉണ്ടായി,…

അവളെ കണ്ടതും രണ്ടുപേരും അവൾക്കരികിലേക്ക് ഓടി,..

അരുണിന്റെ കണ്ണുകളിൽ നഷ്ടബോധം നിറഞ്ഞു നിന്നു,..

അന്നെന്തോ 8 വർഷങ്ങൾക്ക് ശേഷം ആദ്യമായി അവൾ മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു,

(തുടരും )

അനുശ്രീ ചന്ദ്രൻ

ഇന്ന് തീർക്കണമെന്ന് കരുതിയതാണ് പക്ഷേ,.. തീർന്നില്ല,.ഒത്തിരി പാർട്ട്‌ ഒന്നും ഉണ്ടാവില്ല, പക്ഷേ രണ്ടു മൂന്ന് പാർട്ട്‌ കൂടി എന്നെ സഹിക്കേണ്ടി വരും,.
മനപ്പൂർവം വലിച്ചു നീട്ടുന്നതല്ലാട്ടോ, ഒരു മയത്തിലൊക്കെ പൊങ്കാല ഇടണം കേട്ടോ,…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.8/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ തണലിൽ ഇത്തിരി നേരം – 35”

Leave a Reply

Don`t copy text!