ഋതു വിവാഹത്തിന് സമ്മതിച്ചു എന്നത് ആർക്കും വിശ്വസിക്കാനാവാത്ത ഒരു സത്യമായിത്തന്നെ നില കൊണ്ടു,.
എന്നിരുന്നാലും അരുണിന്റെ വീട്ടുകാരുടെ പ്രതികരണം എന്താവുമെന്ന് ഓർത്തവർക്ക് ഭയമുണ്ടായിരുന്നു,.. ഋതുവിന്റെ കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്,.
“ഒരിക്കൽ ഒരാളെ പ്രേമിച്ചു എന്നത് അത്ര വലിയ കുറവായൊന്നും ഞങ്ങൾ കാണുന്നില്ല,. അരുണിന്റെ ഇഷ്ടം അതാണ് ഞങ്ങൾക്ക് വലുത്,… ” എല്ലാവരുടെയും മനസ്സ് നിറഞ്ഞു,.
“ജാതകപൊരുത്തം നോക്കണ്ടേ? ” ശ്രീദേവി ആരാഞ്ഞു,..
“എന്ത് ജാതകപ്പൊരുത്തം പത്തിൽ പത്തു പൊരുത്തമുള്ളവർ തന്നെ തല്ലിപ്പിരിയുന്നു,. മനപ്പൊരുത്തമാണ് ഒരു ബന്ധത്തിന്റെ ദൃഢത നിശ്ചയിക്കുന്നത്, അതില്ലെങ്കിൽ അടിച്ചുപിരിയുക തന്നെ ചെയ്യും !” അശോകൻ മറുപടി പറഞ്ഞു,.
“അപ്പോ എൻഗേജ്മെന്റ്? ” അഭിറാം ചോദിച്ചു,.
“അതൊന്നും വേണ്ടല്ലോ, ഏവർക്കും തരപ്പെടുമെങ്കിൽ ഈ വരുന്ന 26 ന് നല്ലൊരു മുഹൂർത്തമുണ്ട്, അന്ന് കല്ല്യാണം നടത്താം, ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ വെച്ച് ലളിതമായ രീതിയിൽ ഒരു താലികെട്ട്, അത് പോരെ? ” അശോകൻ ബാക്കിയുള്ളവരുടെ പ്രതികരണത്തിനായി കാത്തു,.
“അത് ശരിയാ പിന്നെ തരപ്പെടുമെങ്കിൽ വരുംദിവസങ്ങളിൽ ഒരു റിസെപ്ഷനും വെക്കാം,.. ” ചന്ദ്രശേഖരനും പിന്തുണച്ചു,..
പിന്നീടുള്ള തീരുമാനങ്ങളെല്ലാം പെട്ടന്നായിരുന്നു, വിവാഹത്തിന് ഇനി രണ്ടാഴ്ച്ച കൂടി തികച്ചില്ല,..
അരുൺ വിവാഹഒരുക്കങ്ങൾക്ക് വേണ്ടി അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം ഒരു മാസത്തെ ലീവ് എടുത്തു,.
********
“ചേച്ചി !”ശ്രേയയാണ്..
മാസം ഒന്ന് കഴിഞ്ഞു അവൾ തന്നോട് അടുത്ത് വന്നെന്തെങ്കിലും സംസാരിച്ചിട്ട്,. ഋതികയുടെ കണ്ണ് നിറഞ്ഞു,.
തനിക്കും തെറ്റു പറ്റിപ്പോയി, താൻ അന്നവളോടത്ര കടുപ്പിച്ചു സംസാരിക്കരുതായിരുന്നു,…
“ചേച്ചി ഹാപ്പി അല്ലേ? ” അവളുടെ മുഖത്ത് ഉത്കണ്ഠ നിറഞ്ഞിരുന്നു,.
“എന്താ സംശയം?” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,
“എന്തോ എന്റെ മനസ്സ് പറയുന്നു, ചേച്ചിയുടെ മുഖത്ത് കാണുന്ന ഈ സന്തോഷമെല്ലാം അഭിനയമാണെന്ന് !”
ഋതിക അവളെ ചേർത്ത് പിടിച്ചു,..
“എന്റെ മുഖത്തെ സന്തോഷം അഭിനയമല്ല മോളെ, സംതൃപ്തിയാണ്,.. നമ്മുടെ പ്രിയപെട്ടവരുടെ സന്തോഷങ്ങളിൽ സന്തോഷം കണ്ടെത്താനാവുന്നതിന്റെ സംതൃപ്തി,… ”
“എന്റെ പൊന്നു ചേച്ചി, അവൾക്ക് മനസിലാവുന്ന ഭാഷയിൽ വല്ലോം പറഞ്ഞു കൊടുക്ക്‌ട്ടോ,.. ”
“അതന്നെ !” ശ്രേയയും ശ്വേതയെ ശരി വെച്ചു,..
“സാരല്ല്യ, നിനക്ക് കുറച്ചു കൂടെ വലുതാവുമ്പോൾ എല്ലാം മനസിലാവൂട്ടോ !”
ശ്വേതയുടെ ഫോൺ റിങ് ചെയ്തു,..
“ചേച്ചി ദേ അരുണേട്ടനാ !”
അരുണെന്ന പേര് കേട്ടതും ഋതികയുടെ അടിവയറ്റിൽ ഒരു ആളൽ ഉണ്ടായി,..
“നീ സംസാരിച്ചാൽ മതി,.. ”
“കഷ്ടമുണ്ട്ട്ടോ ഇത്, ചേച്ചിക്ക് ഫോൺ ഇല്ലേ, രണ്ടെണ്ണത്തിന്റേം ഇടയിൽ ദൂദ് നിന്ന് ഞാൻ മടുത്തു,… ”
“രണ്ടു പേർക്കും വയ്യെങ്കിൽ കൊണ്ടാ ഞാൻ സംസാരിക്കാം !” ശ്രേയ ഫോൺ പിടിച്ചു വാങ്ങിച്ചു ..
“ഹലോ,… ”
“ആ ശ്വേത !”
“ശ്വേത അല്ല അളിയാ ശ്രേയയാ !” ഋതിക തലയിൽ കൈ വെച്ചു,. ശ്വേത ചിരിയടക്കി,.
“ഓ ശ്രീ,.. ”
“എന്താ വല്യേച്ചിക്ക് കൊടുക്കണോ? അവൾ കുസൃതിയോടെ ഋതികയെ നോക്കി,
“ഹേയ് എനിക്ക് വേണ്ട !” ഋതിക അവൾക്ക് മുൻപിൽ കൈ കൂപ്പി,..
“ഹേയ് വേണന്നില്ല, ഒരു കാര്യം പറയാനായിരുന്നു,..”
“എന്താ അരുണേട്ടാ,.. ”
“മാര്യേജ്നുള്ള ഡ്രെസ്സും ഓർണമെന്റ്സും എടുക്കാൻ പോണ്ടേ?,.. ”
“ആ, ഞങ്ങളും അതിന്റെ പ്ലാനിങ്ങിൽ ആയിരുന്നു,.. ”
“എങ്കിൽ നിങ്ങൾ ഒരുങ്ങി നിന്നോ,. ഞാൻ വന്നു പിക്ക് ചെയ്‌തോളാം,..”
“ആണോ? ” ശ്രേയയുടെ മുഖത്തെ ആവേശം കണ്ട് കാര്യമെന്തെന്ന് ശ്വേത ആംഗ്യഭാഷയിൽ ചോദിച്ചു,..
ശ്രേയ അത് മൈൻഡ് ചെയ്തത് കൂടിയില്ല,..
“ഓക്കേ, എന്നാ ഞങ്ങൾ റെഡി ആവട്ടെ? സീ യൂ ബൈ,.. “അവൾ കോൾ കട്ട് ചെയ്തു,.
“എന്തോന്നാടി? ”
“വേഗം റെഡിയാവ്, അരുണേട്ടൻ ഇപ്പോ എത്തും !”
ഋതികയുടെ നല്ല ജീവൻ പോയി,..
“എന്തിന്?”
“ആഹാ ഇത് നല്ല ചോദ്യായി മോൾക്ക് കല്യാണഡ്രസ്സ് എടുക്കണ്ടേ? ”
“അതിന് അരുൺ എന്തിനാ ഇങ്ങോട്ടേക്ക് വരണത്, അവർക്ക് പോയി എടുത്താൽ പോരെ, സാധരണ അങ്ങനല്ലേ,.. ” അവനെ കാണേണ്ടി വരുമല്ലോ എന്നോർത്ത് അവൾ പറഞ്ഞു,..
“അവര് കമ്മ്യൂണിസ്റ്റ് കുടുംബമാന്നേ !”
“എന്ന് നിന്നോടാരാ ശ്രീ പറഞ്ഞത്? ”
” ജാതകം നോക്കേണ്ട എന്ന് പറഞ്ഞപ്പോഴേ ചേട്ടൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരിക്കുമെന്ന് ഗസ് ചെയ്യണ്ടായോ,.. യൂണിക് ആണ് മോളെ, റെയർ പീസ്, ഭാവി ഭാര്യയുടെ ഇഷ്ടങ്ങൾക്ക് ഇപ്പോഴേ പ്രിഫെറൻസ് കൊടുക്കുന്നില്ലേ?”
“അങ്ങേര് നിനക്ക് വല്ല കൈക്കൂലിയും തന്നിട്ടുണ്ടോ? ഇങ്ങനെ കിടന്ന് തള്ളി മറിക്കാൻ? രണ്ടെണ്ണവും ഒന്നിറങ്ങിപ്പോവാമോ? എനിക്ക് ഡ്രെസ്സ് മാറണം,.. ”
“ആ കണ്ടോ കണ്ടോ, ഈ ജാടയിടലൊക്കെ വെറുതെയാ, നമ്മളെ കാണിക്കാൻ, ഉള്ളിന്റെ ഉള്ളിൽ ചെറിയ ക്രഷ് ഒക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്, ശരിയല്ലേ? ”
ഋതികയുടെ മുഖം മങ്ങി,.. അതിന്റെ കാരണം മനസിലാക്കിയ ശ്വേത ശ്രേയയുടെ കൈ പിടിച്ചു,..
“നീ വരുന്നുണ്ടേൽ പോയി ഒരുങ്ങ്,. അല്ലേൽ നിന്നെ കൂട്ടാതെ ഞങ്ങളങ്ങ് പോകും,.. ”
“ആഹാ ഇപ്പോ അങ്ങനായോ,.. എന്നോടാ അരുണേട്ടൻ പറഞ്ഞത്, ഇപ്പോ ഞാൻ ഔട്ട് ”
“നീ പോയി ഒരുങ്ങ് ശ്രീ !” ഋതിക ക്ഷമയോടെ പറഞ്ഞു,.
“ആ അങ്ങനെ പറ, !”
ശ്രേയ റൂമിലേക്ക് നടന്നു, ഋതികയുടെ മിഴികൾ നിറഞ്ഞു കണ്ട ശ്വേത അവളെ നിസ്സഹായതയോടെ നോക്കി,..
******–******
അവർ ഒരുങ്ങിയിറങ്ങിവന്നപ്പോൾ അരുൺ ഡ്രോയിങ് റൂമിൽ ഇരുന്നു ശ്രീദേവിയോട് സംസാരിക്കുകയായിരുന്നു,.
ഋതികയെ കണ്ടതും അവന്റെ മനസ്സ് നിറഞ്ഞു,. തന്റെ ഷർട്ടിന്റെ അതേ കടുംനീല നിറത്തിലുള്ള കുർത്തിയും, ബ്ലൂ ജെഗ്ഗിനും , ആയിരുന്നു അവളുടെ വേഷം… കയ്യിൽ ചെറിയൊരു ഹാൻഡ് ബാഗ്,.
“ആഹാ, രണ്ടാളും ഇത് പറഞ്ഞോണ്ട് ഇട്ടതല്ലേ,..” ശ്രേയ ഇരുവരെയും സംശയത്തോടെ വീക്ഷിച്ചു,..
“ഹേയ് അല്ലല്ലോ !”
“സത്യം പറ, പിന്നെ നിങ്ങളെങ്ങനാ യൂണിഫോം ആയത്? ” അരുൺ ഋതികയെ നോക്കി, അവളാകെ ഐസായി നിൽക്കുകയാണ്,..
“കോ ഇൻസിഡൻസ് അല്ലാതെ വേറൊന്നുമല്ല !” അവൻ പറഞ്ഞു,..
“ഞാനിത് മാറ്റിയിട്ട് വരാം !” ഋതിക അകത്തേക്ക് പോവാൻ തുനിഞ്ഞതും മാലിനി തടഞ്ഞു,..
“എന്തിന്, സമയം പോവും,.. അധികം വൈകാൻ നിക്കണ്ടാട്ടൊ !”
“അമ്മയെന്തിനാ പേടിക്കണേ, അളിയനല്ലേ കൂടെയുള്ളത്,.. ”
“അളിയാന്നൊ? ഇങ്ങനാണോ പ്രായത്തിനു മൂത്തോരെ വിളിക്കേണ്ടത് ? ”
“എന്താ കുഴപ്പം, എനിക്കും ഒരളിയനൊക്കെ വേണ്ടേ, അരുണേട്ടനാണേൽ ഇപ്പോ തന്നെ രണ്ടളിയന്മാരുണ്ട് !”
“രണ്ടളിയന്മാരോ? ”
“ആ ജിതിനേട്ടനും, പിന്നെ നമ്മുടെ അഭിയേട്ടനും !”
ഋതികയെ ആകെ ചുവന്നിരുന്നു,. അവൾക്ക് ഈ സംഭാഷണങ്ങൾ തുടർന്നു പോകുന്നതിൽ നന്നേ അസ്വസ്ഥത ഉണ്ടെന്ന് അരുണിന് തോന്നി,..
“നീയെന്നെ അളിയാന്ന് വിളിച്ചോ, പ്രശ്നം തീർന്നില്ലേ? ”
ശ്രേയയുടെ മുഖം വിടർന്നു,..
“എന്നാ നമുക്ക് ഇറങ്ങാലെ? ”
“മ്മ് !” ശ്രേയ ശ്വേതയുടെ കൈ പിടിച്ചു മുന്നിൽ നടന്നു,..
“ഞങ്ങൾ ഇറങ്ങട്ടെ ആന്റി? ” അവൻ അനുവാദം ചോദിച്ചു,..
ശ്രീദേവി തലയാട്ടി,..
“പോയിട്ട് വരാം അമ്മേ,… ” ശ്രീദേവിയുടെ മനസ്സ് നിറഞ്ഞിരുന്നു,..
ഋതിക അരുണിന് പിന്നാലെ നടന്നു,..
“എന്റെ മോൾടെ മനസ്സ് മാറിയാൽ മതിയാരുന്നു മാലിനി , എല്ലാം മറന്നവൾ അരുണിനെ സ്നേഹിച്ചാൽ മതിയാരുന്നു,.. ”
“എല്ലാം ശരിയാകും ഏടത്തി,. അവൾ കല്യാണത്തിന് സമ്മതിച്ചത് തന്നെ വല്ല്യ കാര്യമല്ലേ? പതിയെ പതിയെ അവൾ മാറിക്കോളും ”
ശ്രീദേവി അവരെക്കണ്ണെടുക്കാതെ നോക്കി നിന്നു,..
************
ശ്വേതയും ശ്രേയയും ബാക്ക് സീറ്റിൽ കയറിയിരുന്നു, ഋതികയും ബാക്ക് സീറ്റിൽ കേറാൻ തുടങ്ങിയതും അരുൺ ഇടപെട്ടു,..
“എന്നെ ഡ്രൈവർ ആക്കാനാണോ ഉദ്ദേശം? ”
“ആ ചേച്ചി ഫ്രണ്ടിൽ കേറിയാൽ മതി !” ശ്രേയ വാശിപിടിച്ചു,.. മറ്റുവഴിയില്ലാതെ ഋതിക ഫ്രണ്ടിൽ കയറി,..
അരുൺ മിററിലൂടെ ശ്രേയക്ക് നന്ദി പറഞ്ഞു, ഇതൊക്കെയെന്ത് എന്ന അർത്ഥത്തിൽ ശ്രേയ അവനെ കണ്ണിറുക്കിക്കാണിച്ചു,…
ഋതിക നല്ല സ്ട്രെസ്സിലാണെന്ന് ശ്വേതയ്ക്ക് തോന്നി, കാരണം അവളൊന്നും മിണ്ടിയിട്ടില്ല,.. പുറത്തേക്ക് നോക്കിയിരിക്കുകയാണ്, അരുണിനും അത് മനസ്സിലായിരുന്നു,…
ആദ്യം വിവാഹവസ്ത്രങ്ങളെടുക്കാനായിരുന്നു തീരുമാനം,. അത് കൊണ്ട് തന്നെ നേരെ വിട്ടത് വെഡിങ് സെന്ററിലേക്കായിരുന്നു,.. ശ്വേത ഋതികയ്ക്കൊപ്പം നടക്കാൻ ശ്രമിച്ചതും ശ്രേയ മുന്നിലേക്ക് വലിച്ചു,..
“ചേച്ചി എന്തിനാ എപ്പോഴും ഋതുചേച്ചിക്ക് ബോഡി ഗാർഡ് ആയി നടക്കണത്? ”
“എടി അത് ചേച്ചിക്ക് !”
“ആകെ കുറച്ചു സമയം മാത്രേ അവർക്ക് ഒരുമിച്ചു കിട്ടുന്നുള്ളു, അപ്പോഴേക്കും സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ നിക്കല്ലേ,.. ”
ശ്വേത ശ്രേയയ്ക്കൊപ്പം പോയത് ഋതികയെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്,… അരുണിന്റെ ഫോൺ പെട്ടെന്ന് റിങ് ചെയ്തു,..
“ഋതിക ഒരു മിനിറ്റ് !” ശ്വേതയും ശ്രേയയും കണ്ണിൽ നിന്നും മറഞ്ഞിരിക്കുന്നു, തൽക്കാലം അരുണിനൊപ്പം നിൽക്കുകയല്ലാതെ വേറെ വഴിയില്ല,..
“ആ നിങ്ങളെവിടെയാ,.. മൂന്നാമത്തെ ഫ്ലോറിലോ? ആ ഞങ്ങൾ അങ്ങോട്ടേക്ക് വരാം !”
അരുൺ ലിഫ്റ്റിനായി കാത്തു നിന്നു,… അപ്പോഴേക്കും ഒരു കൂട്ടം ആളുകൾ അവിടേക്കെത്തിയിരുന്നു, ഒരുവിധം അവർ ഉള്ളിൽ കേറിപ്പറ്റി,.. തിക്കിലും തിരക്കിലും അവൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്ന് അവന് മനസിലായി, അരുൺ ഒരുവിധം അവൾക്ക് സുരക്ഷാകവചം തീർത്തു നിന്നു,..
എങ്ങനെയും ഒന്ന് പുറത്തിറങ്ങണം എന്നേ ഉണ്ടായിരുന്നുള്ളു ഋതികയ്ക്ക്, അരുണിന്റെ സാമിപ്യം അവളെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു, പ്രേത്യേകിച്ചു അവന്റെ നോട്ടം, ആ കണ്ണുകൾ, അതൊന്നും അവൾക്ക് നേരിടാൻ പറ്റുന്നുണ്ടായിരുന്നില്ല,. .
ലിഫ്റ്റിന് പുറത്തിറങ്ങിയപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്,…
മൂന്നാമത്തെ ഫ്ലോറിൽ എല്ലാവരും അവരെ കാത്തു നിൽപ്പുണ്ടായിരുന്നു,..
“ഞങ്ങള് ഫസ്റ്റ് !” അവരെക്കണ്ടതും ശ്രേയ ആവേശത്തിൽ പറഞ്ഞു,..
എല്ലാവരും ചിരിച്ചു,…
“ഇതെന്താ ഏട്ടനും ഏട്ടത്തിയും യൂണിഫോം ആണോ? ”
“അറിയാതെ പറ്റിപ്പോയതാ, അവിടന്ന് ഒരു വാരൽ കഴിഞ്ഞിട്ടേയുള്ളു, ഇനി ഇവിടുന്നാണോ? ” അരുൺ കരുണയെനോക്കി ചോദിച്ചു,..
“അതാണ് മനപ്പൊരുത്തം എന്ന് പറയുന്നത്, കണ്ടോ ഞങ്ങള് സെയിം കളർ അല്ലേ? ”
അശോകൻ ഭാര്യയെച്ചേർത്തു പിടിച്ചു,..
“നിങ്ങളൊന്നു വിട്ടേ, രണ്ടു കൊച്ചുമക്കളുടെ അപ്പൂപ്പനായി, എന്നിട്ട് പിള്ളേരൊക്കെ നോക്കി നിക്കുമ്പോഴാണോ കുട്ടിക്കളി? ” ശാരദ അശോകന്റെ കയ്യെടുത്ത് മാറ്റി,..
“എടി, പ്രണയത്തിനു പ്രായമില്ല, ”
“അയ്യോ നിങ്ങള് പ്രണയിച്ചോളു, ഞങ്ങളീ വഴിക്കേ ഇല്ല, എന്താ പോരെ? വാ ഏടത്തി !”
നിയ ഋതികയെ കൂട്ടി സാരി സെക്ഷനിലേക്ക് നടന്നു,..
“പട്ടുസാരി നോക്കാലെ ഹെവി വർക്ക് ഒക്കെ ഉള്ളത്? ”
“ഹേയ് അതൊന്നും വേണ്ട, അവളെക്കൊണ്ട് അതൊന്നും താങ്ങാൻ പറ്റൂല്ലാട്ടോ !”
എല്ലാവരും അരുണിനെ നോക്കി,. പറഞ്ഞത് മണ്ടത്തരമായോ എന്ന് അവന് തോന്നി, പ്രേത്യേകിച്ചു ഋതികയുടെ നോട്ടം,. അടിപൊളി, വിഷയം മാറ്റാം,..
“സെറ്റ് സാരി പോരെ? സിമ്പിൾ ആയിട്ട് !”
അരുൺ എത്ര കൃത്യമായാണ് മനസ്സ് വായിക്കുന്നത്, താനും ആഗ്രഹിച്ചത് അത് തന്നെയാണ്,..
“ഏട്ടന്റെ ഇഷ്ടം ! എന്തേ? ” നിയ ഋതികയെ നോക്കി,..
അവൾ തലയാട്ടി,. അങ്ങനെ അരുണിന്റെ ഇഷ്ടത്തിനനുസരിച്ച് സെറ്റിൽ ഗോൾഡൻ കസവു വരുന്ന സെറ്റ് സാരി തിരഞ്ഞെടുത്തു,.. അതിന് ചേരുന്ന ഗോൾഡൻ ബ്ലൗസും,..
അരുണിന് വെള്ള ഫുൾ സ്ലീവ് ഷർട്ടും ഗോൾഡൻ കരയുള്ള മുണ്ടും,…
“ഇനി റിസപ്ഷന് !”
“അത് നമുക്ക് സെലക്ട് ചെയ്യാം,. ഇവരെടുത്താൽ ചിലപ്പോൾ അതും വല്ലാതങ്ങ് സിമ്പിൾ ആക്കിക്കളയും,. ” കരുണയുടെ അഭിപ്രായമായിരുന്നു അത്,. നാലു യുവസ്ത്രീകളും റിസപ്ഷൻ ഡ്രസ്സ് എടുക്കാൻ പോയപ്പോൾ, ഇരു വീട്ടിലേക്കുമുള്ള വിവാഹ വസ്ത്രങ്ങൾ എടുക്കുന്ന തിരക്കിലായിരുന്നു നമ്മുടെ കപ്പിൾസ് ടീം,..
അവർ പോയപ്പോൾ തന്നെ പകുതി ആശ്വാസം തോന്നിയത് കൊണ്ടാവും, അരുണിനോട് അഭിപ്രായം ചോദിച്ചിട്ടാണ് അവൾ ഓരോ വസ്ത്രവും തിരഞ്ഞെടുത്തത്,..
അശോകന്റെയും ശാരദയുടെയും മനസ്സ് നിറഞ്ഞു,.
“നല്ല ചേർച്ചയാലെ അശോകേട്ടാ രണ്ടാളും !”
“മ്മ്,.. എന്നും ഇങ്ങനെ സന്തോഷത്തോടെ കഴിഞ്ഞാൽ മതിയാരുന്നു !”
അരുണിന്റെ മനസ്സിലും പ്രതീക്ഷകളുടെ പുതുനാമ്പ് തെളിയിക്കുന്നതായിരുന്നു, അവളുടെ അടുപ്പത്തോടെയുള്ള ഈ പെരുമാറ്റം,…
***********
അടുത്തത് ജ്വല്ലറിയിലേക്കാണ് പോയത്,..
“പേരെഴുതിയ ആലില താലി പോരെ? ” കരുണ ചോദിച്ചതും എല്ലാവരും അരുണിനെയും ഋതികയെയും നോക്കി,..
അവർ അതിന് മുൻപേ തന്നെ സെലക്ട് ചെയ്തു തുടങ്ങിയിരുന്നു,..
“കണ്ടോ, ഞാൻ പറഞ്ഞതല്ലേ, അവർക്ക് ഒരുമിച്ച് കുറച്ചു സമയം കൊടുക്കാൻ, ചേഞ്ച് കണ്ടോ,.. ” ശ്രേയ അവരെ നോക്കി ശ്വേതയോട് പറഞ്ഞു,.
“ഇത് പോരേടോ? ” അരുൺ അധികം കനവും നീളവുമില്ലാത്ത ഒരു സിമ്പിൾ ചെയിൻ എടുത്ത് അവൾക്ക് നേരെ നീട്ടി !”
ഋതികയുടെ മിഴികൾ വിടർന്നു,.. അവൾ തലയാട്ടി,..
“എടാ കുറച്ചു കനമുള്ളതൊന്നും നിനക്ക് കിട്ടിയില്ലേ? നാട്ടുകാർ വിചാരിക്കും നീയിത്ര പിശുക്കനാണോന്ന് !”
ഇരുവരുടെയും മുഖം മങ്ങി,..
“അച്ഛാ, ദേ വാണ്ട് സിമ്പിൾ,.. നമുക്ക് ആ കാര്യത്തിൽ നോ വോയിസ് !”
“ഓ ഞാനത് വിട്ടു, നിങ്ങൾ സെലക്ട് ചെയ്യ് മക്കളേ,.”
അശോകൻ സോഫയിൽ പോയിരുന്നു,.. രണ്ടു പേരും കൈ ചൂണ്ടിയ താലിയും ഒന്ന് തന്നെ,..
അരുൺ ആ താലി മാലയിൽ കോർത്തു അവൾക്ക് നേരെ നീട്ടിപിടിച്ചു,..
ഋതികയിൽ ഒരു ഞെട്ടൽ ഉണ്ടായി,.. താലിയാണ് തനിക്ക് നേരെ അവൻ നീട്ടിപ്പിടിച്ചിരിക്കുന്നത്,.
“ഇത് ഓക്കേ അല്ലേ? ”
ഋതിക തലയാട്ടി,..
അരുൺ അവളെ ഫാമിലിക്ക് നേരെ തിരിച്ചു നിർത്തി,.. താലിമാല അവളുടെ കഴുത്തോട് ചേർത്തു വെച്ചു,..
താലിയുടെ തണുപ്പ് നെഞ്ചിൽ പതിഞ്ഞതും അവളിൽ ഒരുൾക്കിടിലമുണ്ടായി,..
“എടാ കല്യാണം അടുത്ത ആഴ്ചയാ, നീയിന്നു തന്നെ ഇവളെകെട്ടിക്കൊണ്ട് പോരുവോ? ”
എല്ലാവരിലും ഒരു ചിരി പടർന്നു, അരുൺ ചമ്മൽ മറയ്ക്കാൻ ശ്രമിച്ചുകൊണ്ട്, താലിമാല തിരിച്ചെടുത്തു,..
“ഇത് പാക്ക് ചെയ്‌തോളൂ,.. ”
ഋതികയെ ആ തമാശ വല്ലാതെ തളർത്തിയിരുന്നു,…
“ഇനി വല്ലതും കഴിക്കണ്ടേ, സമയം മൂന്ന് മണി കഴിഞ്ഞൂട്ടോ,.. ” അരുൺ എല്ലാവരെയും ഓർമിപ്പിച്ചു,.
“മൂന്നുമണിയൊക്കെയായോ? ” ശ്രേയ ശ്വേതയെ നോക്കി,..
“ഏട്ടാ നമുക്ക് മാളിൽ പോയി കഴിക്കാം, അതല്ലേ നല്ലത്? ഞങ്ങൾക്ക് ചില അല്ലറചില്ലറ ഷോപ്പിങ് കൂടെ ബാക്കിയുണ്ട്,.. ”
നിയയുടെ സജ്ജെഷൻ എല്ലാവർക്കും ഇഷ്ടപ്പെട്ടു,…
എല്ലാവരും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം ഓർഡർ ചെയ്തു,..
“തനിക്കെന്താ വേണ്ടേ? ”
അരുൺ ഋതികയെ നോക്കി,..
“എനിക്കൊന്നും വേണന്നില്ല തീരെ വിശപ്പില്ല !”
“അതൊന്നും പറഞ്ഞാൽ പറ്റില്ല എന്തെങ്കിലും കഴിച്ചേ പറ്റൂ,… ”
“സാരല്ല്യ അരുണേട്ടാ ഞങ്ങൾ ഷെയർ ചെയ്‌തോളാം, അല്ലേലും ഞാനിത് ഫുൾ കഴിക്കൂല്ലാ !” ശ്വേതയാണ് ഋതികയുടെ രക്ഷക്കെത്തിയത്,..
മനസില്ലാമനസോടെ അവൻ സമ്മതിച്ചു, വെറുതെ പ്ലേറ്റിൽ കയ്യിട്ടിളക്കുന്നതല്ലാതെ അവളൊന്നും കഴിച്ചിരുന്നില്ല,..
“ഇങ്ങനെ കഴിക്കുവാണേൽ എന്തെങ്കിലും വയറ്റിലേക്ക് ചെല്ലുവോ? കല്യാണത്തിന് നല്ല ആരോഗ്യമൊക്കെ വേണ്ടതാണെ !”
ശാരദ സൂചിപ്പിച്ചു,.
“അതെന്തിനാ അമ്മേ? ” നിയ തന്റെ സംശയം മറച്ചുവെച്ചില്ല,.
“അതൊക്കെ ആവശ്യമുണ്ട്,. നിനക്ക് പ്രായമായിട്ടില്ല !”
അത് കൂടികേട്ടതും ഋതിക മതിയാക്കി എഴുന്നേറ്റു,.. എല്ലാവരുടെയും മുഖത്തെ ചിരി മാഞ്ഞു,.
“മോളെന്താ മതിയാക്കിയേ? ”
“എനിക്ക് മതി, ഞാൻ വാഷ് ചെയ്തിട്ട് വരാം !”
അവൾ വാഷ് റൂമിലേക്ക് നടന്നു,.. അരുണും മതിയാക്കി,..
“ആ ബെസ്റ്റ്,.. ചക്കിക്കൊത്ത ചങ്കരൻ ! അമ്മയൊന്നു സൂക്ഷിച്ചോട്ടോ, ഏട്ടൻ ഇപ്പോഴേ ഏടത്തിയുടെ കൈപ്പിടിയിൽ ആയി !” കരുണ സൂചിപ്പിച്ചു,..
“സാരല്ല്യ, അത് നല്ല കാര്യവല്ലേ, ഭർത്താവിന്റെ സ്നേഹം കിട്ടാൻ ഭാഗ്യം വേണം !”
കരുണയുടെ മുഖം തെല്ലൊന്ന് മങ്ങി,.. ആ സമയം ശ്രേയ ശ്വേതയെ തോണ്ടി,..
“എന്താടി? ”
“അല്ല കുഞ്ഞേച്ചി, കല്യാണമാവുമ്പോഴേക്കും നല്ല ആരോഗ്യമൊക്കെ വേണന്ന് പറഞ്ഞത് എന്തിനാ? ”
പെണ്ണിത് ഇതുവരെ വിട്ടില്ലേ?
“പറ പ്ലീസ് !”
“അത് കല്യാണത്തിന് മേക്കപ്പ്, സാരി, മാല ഇതിനൊക്കെ വല്ല്യ വെയിറ്റ് ആയിരിക്കൂല്ലേ, അതൊക്കെ താങ്ങാൻ ആരോഗ്യം വേണ്ടേ? ”
ആ ഉത്തരത്തിൽ അവൾ തൃപ്തയല്ലെന്ന് ശ്വേതയ്ക്ക് തോന്നി,..
“മിണ്ടാതിരുന്ന് കഴിച്ചിട്ട് എണീറ്റ് പോടി !”
“ഓ,.. ” ശ്രേയ മുഖം വീർപ്പിച്ചു,..
*******
ബാത്‌റൂമിൽ കയറി ഋതിക പൊട്ടിക്കരഞ്ഞു,. എത്ര കഷ്ടപ്പെട്ടാണ് താൻ ഇത്ര നേരവും പിടിച്ചു നിന്നത്,. ഇനിയും പറ്റുമെന്ന് തോന്നുന്നില്ല അരുണിനെയും വീട്ടുകാരെയും പൊട്ടൻകളിപ്പിക്കാൻ,..
എല്ലാം മറക്കാൻ കഴിയുമെന്നാണ് കരുതിയത് പക്ഷേ, താൻ തോറ്റു പോവുകയാണ്,..
അവൾ തിരികെയിറങ്ങി വരുമ്പോൾ പുറത്ത് അരുൺ കാത്തു നിൽപ്പുണ്ടായിരുന്നു, താൻ കരഞ്ഞെന്ന് അവന് മനസ്സിലാകുമോ?
“ആർ യൂ ഓൾറൈറ്റ്? ” അവൻ ആകാംഷയോടെ ചോദിച്ചു,..
“മ്മ് !” അവൾ തലയാട്ടി,.
അവന്റെ നോട്ടത്തിൽ താൻ വല്ലാതെ പതറുന്നു.
അവനെക്കടന്ന് പോവാൻ തുനിഞ്ഞതും അരുൺ അവളെ കൈപിടിച്ചു നിർത്തി,..
“പറ, തനിക്കെന്തേലും പ്രശ്നമുണ്ടോ? ”
“ഇല്ലരുൺ,. ”
“താൻ പൂർണമനസ്സോടെയാണോ ഈ വിവാഹത്തിന് സമ്മതിച്ചത്? ”
ആ ചോദ്യം അവളുടെ മനസാക്ഷിയെ കുത്തിനോവിച്ചു,. അല്ലെന്ന് പറഞ്ഞാൽ, അരുൺ തന്നെ ഉപേക്ഷിച്ചാൽ, തന്റെ അമ്മയുടെ മുഖത്ത് വിരിഞ്ഞ സന്തോഷം എല്ലാം ഇല്ലാതാവില്ലേ,..എന്നാൽ അരുണിനെ ചതിക്കാൻ മനസ്സനുവദിക്കുന്നുമില്ല, തകർന്നു പോയപ്പോൾ താങ്ങി നിർത്തിയവനാണ് , എന്ത് ചെയ്യും താൻ,…
“ഋതിക!” അവൻ വിളിച്ചു,..
“ആളുകളൊക്കെ ശ്രദ്ധിക്കുന്നു അരുൺ,.. എന്റെ കൈ വിട് !”
അവന്റെ കൈ എടുത്തുമാറ്റി തിരികെ നടക്കുമ്പോൾ മനസ്സ്കൊണ്ടൊരായിരം വട്ടം അവനോടവൾ ക്ഷമ ചോദിച്ചു,…
*******
“ഏട്ടാ നമുക്കൊരു സെൽഫി എടുത്താലോ, ഒരു ഫാമിലി സെൽഫി !” നിയയാണ് ആഗ്രഹം മുന്നോട്ട് വെച്ചത്,..
അരുണും കുടുംബവും പോസ് ചെയ്തപ്പോഴും ഋതികയും അനിയത്തിമാരും ദൂരെ മാറി നിന്നു,..
“അല്ല നിങ്ങളെന്താ മക്കളേ ദൂരെ മാറി നിക്കുന്നേ? ”
“അത് ഫാമിലി സെൽഫി അല്ലേ അങ്കിൾ? ”
“ആ ബെസ്റ്റ്,. ഇങ്ങോട്ട് കേറി വാ, നമ്മളൊക്കെയിപ്പോ ഒരു ഫാമിലിയാണെന്ന് മറന്നു പോയോ? ”
തട്ടിയും മുട്ടിയും ഒടുവിൽ ഋതിക അരുണിന്റെ അരികിൽ തന്നെയെത്തി,.. അരുൺ അവളെ ചേർത്തു പിടിച്ചു,.. അവളുടെ ശരീരമൊട്ടാകെ ഒരു വൈബ്രേഷൻ ഉണ്ടായി,..
“smile please !”
ഋതികയ്ക്കെന്തോ ചിരിക്കാനായില്ല,.
“നാത്തൂനേ, ഏട്ടനെ പിന്നെ നോക്കാം,.. ദോ ഇങ്ങോട്ട് നോക്കിയൊന്ന് ചിരിക്കെന്നേ !”
ഋതിക തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നെന്ന് അരുണിന് അപ്പോഴാണ് മനസിലായത്,.
“ഒന്ന് ചിരിക്കെടോ !”
“ഈ പറഞ്ഞത് ഏട്ടനും ബാധകമാണെ !”
എല്ലാവരും ഒരുമിച്ച് ചിരിച്ചപ്പോഴും ഋതിക മാത്രം മങ്ങിയ ഒരു പുഞ്ചിരി നൽകാൻ ശ്രമിച്ചു,…
“ആ ഇനി എല്ലാരും ഒന്ന് മാറി നിന്നേ, നമ്മുടെ കപ്പിൾസ്ന്റെ ഫോട്ടോ എടുക്കട്ടെ,. ”
“ആ വാ ശാരദേ,.. ”
“അയ്യോ അച്ഛന്റേം അമ്മേടേം അല്ല,.. നമ്മുടെ പുതിയ കപ്പിൾസ്ന്റെ !”
അരുണും ഋതികയും പരസ്പരം നോക്കി,..
“വാ നിക്കന്നെ !”
നിയ ഋതികയുടെ കൈ പിടിച്ചു അവനോട് ചേർത്ത് നിർത്തി,..
“അങ്കിളിന്റേം ആന്റീടേം പിക്സ് ഞാനെടുത്ത് തരാം, ഫോൺ താടി കുഞ്ഞേച്ചി !”
ശ്രേയ ശ്വേതയുടെ പക്കൽ നിന്നും ഫോൺ വാങ്ങി,..
അരുണിനൊപ്പം നിയ പറയുന്ന രീതിയിലെല്ലാം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഋതിക ഉരുകുകയായിരുന്നു,..
“മ്മ്,.. മതി മതി, വീട്ടിൽ പോണ്ടേ? ”
“പ്ലീസ് ഏട്ടാ, നിങ്ങൾ സെൽഫി ഒന്നും എടുത്തില്ലല്ലോ ഒരു സെൽഫി കൂടിയെടുക്ക് !”
നിയയുടെ ഈ ഫോട്ടോപ്രാന്ത് തനിക്ക് നല്ല പണിയാണ് തന്നത്, ക്ഷമയുടെ നെല്ലിപ്പലകവരെ താൻ കണ്ടിരിക്കുന്നു,..
“കുറച്ചുകൂടെ ക്ലോസ് !”
“നമ്മളുള്ളത് കൊണ്ടാ നിയേ, അല്ലെങ്കിൽ കാണാമായിരുന്നു റൊമാൻസിന്റെ അങ്ങേയറ്റം !”
കരുണയുടെ കൗണ്ടർ അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു,. ഋതികയുടെ മുഖം മാറുന്നത് അവന് നന്നായി മനസിലായി,…
“മതി മതി, ഒരുപാടായി, ഞാൻ ഇവരെ കൊണ്ട് വിടട്ടെ,… ”
തിരിച്ചുള്ള യാത്രയിൽ എല്ലാവരും ക്ഷീണിതരായിരുന്നു,.. ശ്രേയ ശ്വേതയുടെ തോളിൽ ചാരിയിരുന്നു മയങ്ങിയിരുന്നു,.
ഋതിക ഒന്നും മിണ്ടാതെ സീറ്റിൽ ചാരിക്കിടന്ന് വഴിയോരക്കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു,.. അവളുടെ മനസ്സിലെന്താണെന്ന് അവന് യാതൊരു രൂപവും കിട്ടിയില്ല,..
“ഡി എഴുന്നേൽക്ക് വീടെത്തി,.. ” ശ്വേത അവളെ തട്ടിവിളിച്ചു,…
അവർ ഇറങ്ങിവന്നപ്പോഴേക്കും സാധനങ്ങളെല്ലാം ഇറക്കിയിരുന്നു,…
“കേറുന്നില്ലേ അരുൺ? ”
അഭിറാം ചോദിച്ചു,..
“ഇല്ലപോട്ടെ .. വീട്ടിലേക്ക് കുറച്ചു ദൂരം യാത്രയില്ലേ,.. ”
“ശരിന്നാ,.. സൺഡേ കാണാം !”
ഓ ഞായറാഴ്ചയാണ് തന്റെ കല്ല്യാണം, വെറും നാലു ദിവസങ്ങൾ കൂടെ,…
ഋതികയുടെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി,..
(തുടരും )
അനുശ്രീ ചന്ദ്രൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super
സ്റ്റോറി നന്നായിട്ടു പോകുന്നു… next part വേഗം ഇടൂ